മേപ്പയ്യൂർ (യൂണിറ്റ്)
പ്രസിഡൻ്റ് | എ.കെ ബാലൻ |
---|---|
സെക്രട്ടറി | എം.സദാനന്ദൻ |
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേപ്പയ്യൂർ യൂണിറ്റ് ചരിത്രം
ആമുഖം
ശാസ്ത്രവും യുക്തിയും ചരിത്ര ബോധവുമാണ് സമൂഹത്തെ ഒന്നിപ്പിച്ച് നിർത്തുന്ന ഘടകങ്ങൾ.1917 ൽ നടന്ന ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവം ലോകത്താകെയുള്ള മർദ്ദിതരുടേയും അധ:സ്ഥിതരുടേയും ആശാകിരണമായിരുന്നു.എന്നാൽ ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ആ പ്രതീക്ഷ അസ്തമിച്ചു.
ആഗോള സമ്പദ് വ്യവസ്ഥയും രാഷ്ട്രീയവും സാംസ്കാരികവും അതിവേഗത്തിൽ കോർപ്പറേറ്റ് മൂലധനം സർവ്വമേഖലകളേയും അതിൻ്റെ വരുതിയിലാക്കിക്കഴിഞ്ഞു.ഫൈനാൻസ് മൂലധനശക്തികളുടെ അടങ്ങാത്ത ആർത്തി വർധമാനമായ പ്രകൃതി ചൂഷണത്തിനും അത് മൂലം ഭൂമിയുടെ നിലനിൽപ്പ് തന്നെയും അവതാളത്തിലാക്കുന്നു.സാമൂഹ്യ വിപ്ലവത്തിൻ്റെ ഫലമായി മാത്രമേ ചൂഷിതരുടേയും മർദ്ദിതരുടേയും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു.എന്നിരുന്നാലും സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന നിസ്വരുടെ പ്രയാസങ്ങൾ അൽപമെങ്കിലും ലഘൂകരിക്കുന്നതിലൂടെ അവരെ അവകാശബോധമുള്ളവരാക്കാനും നാടിൻ്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും മൂലധന ശക്തികൾക്കെതിരെ അവരെ ഒന്നടങ്കം സജ്ജരാക്കുക എന്ന കടമയിൽ പുരോഗമന ശക്തികൾക്കാകെ ഒരു ചാലക ശക്തിയായ് വർത്തിക്കാൻ ശാസ്ത്രസാഹിത്യ പരിഷത്ത് പരിശ്രമിക്കുന്നു.ഈ ലക്ഷ്യം കൈവരിക്കണമെങ്കിൽ ചരിത്രത്തെ മനസിലാക്കുകയും വർത്തമാനത്തെ അപഗ്രഥിക്കുകയും ഭാവി കരുപ്പിടിപ്പിക്കുകയും വേണം.
1962 ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോഴിക്കോട് വെച്ച് രൂപീകരിച്ച ശേഷം ഏറ്റെടുത്തിട്ടുള്ള എല്ലാ പരിപാടികളും കേരളീയ സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നതിനു സഹായകമായിട്ടുണ്ട് എന്നത് തർക്കമില്ലാത്ത കാര്യമാണ്.കേരളത്തെ സമ്പൂർണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റിയത് പരിഷത്ത് തുടങ്ങിവെച്ച പ്രവർത്തനം സർക്കാർ തലത്തിൽ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയതിൻ്റെ ഫലമായാണ്.പഠിതാക്കൾ മുഴുവൻ സാക്ഷരർ ആകില്ല എങ്കിലും അവരുടെ സംഘബോധവും ലോകവീക്ഷണവും ജനാധിപത്യത്തിന് ഉത്തേജകമായിട്ടുണ്ട്.നാം ആവിഷ്കരിച്ച വിഭവ ഭൂപട നിർമാണം പഞ്ചായത്ത് തല വികസന ആസൂത്രണത്തിലൂടെ ജനകീയാസൂത്രണ പ്രസ്ഥാനമായ് വളർന്ന് വിദ്യാഭ്യാസ മേഖല,പരിസ്ഥിതി മേഖല,ആരോഗ്യ മേഖല,ഊർജ്ജ മേഖല,ഉപഭോക്തൃ സംരക്ഷണം,ജെൻഡർ,ചെറുകിട തൊളിൽ പരിശീലനങ്ങൾ മനുഷ്യ ജീവിതത്തിൻ്റെ എല്ലാമേഖലകളിലും പുരോഗമനപരമായ കാഴ്ചപാട് മുന്നോട്ട് വെക്കാനും അതിനുവേണ്ടി പ്രവർത്തിക്കാനും പരിഷത്തിനു കഴിഞ്ഞു.
പരിഷത്ത് രൂപീകരിച്ച ആദ്യ വർഷങ്ങളിൽ ജനങ്ങളെ ശാസ്ത്ര ബോധവും യുക്തിചിന്തയും പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിംപോസിയങ്ങൾ സെമിനാറുകൾ എന്നിവ സംഘടിപ്പിക്കുക എന്ന രീതിയിലാണ് അവലംബിച്ചത്.പിന്നീട് ശാസ്ത്ര കേരളം,യൂറീക്ക,ശാസ്ത്ര ഗതി എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു.
യൂണിറ്റ് ആരംഭം
1980 മുതലാണ് പരിഷത്ത് മേപ്പയ്യൂർ കേന്ദ്രമായ് യൂണിറ്റ് രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.ഇതിൻ്റെ ആരംഭ ദിശയിൽ മേപ്പയ്യൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ളവർ സമീപപ്രദേശങ്ങളിലുള്ളവർ അംഗങ്ങളായി ഉണ്ടായിരുന്നു.അരിക്കുളം പ്രദേശത്തുകാരനായിരുന്ന ശ്രീ. സി പത്മനാഭൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത്.പ്രധാനമായും മേപ്പയൂർ ടൌൺ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ആദ്യ കാലത്ത് സംഘടിപ്പിച്ചിരുന്നത്.പിൽകാലത്ത് നരക്കോട്, നിടുംപൊയിൽ എന്നീ പ്രദേശങ്ങളിൽ ഇതിലെ പ്രവർത്തകരുടെ മുൻകൈയിൽ യൂണിറ്റുകൾ രൂപീകരിച്ചു.ഈ യൂണിറ്റുകൾ ആദ്യ ഘട്ടങ്ങളിൽ നല്ല പ്രവർത്തനങ്ങൾ നടത്തിയെങ്കിലും നിടുംപൊയിൽ യൂണിറ്റ് ഇപ്പോൾ നിലവിലില്ല.നരക്കോട് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.മേപ്പയ്യൂർ യൂണിറ്റിൽ നിലവിൽ 72 അംഗങ്ങളാണുള്ളത്.
പ്രവർത്തന മേഖല
ദേശീയസമര പാരമ്പര്യത്തിൻ്റേയും പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടുകളുമുള്ള ഒരു ജനസമൂഹമാണ് ഈ യൂണിറ്റ് പരിധിയിലുള്ളത്, സ്വന്തമായ കലാസാംസ്കാരിക തനിമയും ഈ പ്രദേശത്തിൻ്റെ പ്രത്യേകതയാണ്.ഭൂരിപക്ഷവും ഹിന്ദുവിഭാഗത്തിൽപ്പെട്ടവരും മുസ്ലീംവിഭാഗക്കാരും ഇവിടെ അതിവസിക്കുന്നു.പട്ടികജാതി വിഭാഗക്കാരും ഏറെയുണ്ട്.മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ കീഴ്പയ്യൂർ,ജനകീയ മുക്ക്,മേപ്പയ്യൂർ,എടത്തിൽ മുക്ക്,മഠത്തുംഭാഗം,ചങ്ങരംവെള്ളി,കായലാട്,മേപ്പയ്യൂർ ടൌൺ,മഞ്ഞക്കുളം,പാവട്ട്കണ്ടി മുക്ക്, വിളയാട്ടൂർ,നരിക്കുനി എന്നീ പന്ത്രണ്ട് വാർഡുകളാണ് യൂണിറ്റിൻ്റെ പ്രവർത്തനമേഖല.ഗ്രാമ പഞ്ചായത്തിൻ്റെ ഔദ്യോഗിക രേഖ പ്രകാരം ഈ പ്രദേശത്തിൻ്റെ ഭൂവിസ്തൃതി 1637 ഹെക്ടറും ജനസംഖ്യ 19729 മാണ്.
കോഴിക്കോട് ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി അറബിക്കടലിൽ നിന്നും പത്ത് കിലോമീറ്റർ കിഴക്ക് മാറി ഈ പ്രദേശം സ്ഥിതി ചെയ്യുന്നു.ഇതിലെ 25% പ്രദേശങ്ങളും ഉയർന്ന പ്രദേശങ്ങളാണ്. കുടിവെള്ള പ്രശ്നവും മണ്ണൊലിപ്പിൻ്റെ പ്രശ്നവും ഈ ഉയർന്ന പ്രദേശങ്ങളിലുണ്ട്.മലബാറിൻ്റെ "നെല്ലറ" എന്നറിയപ്പെടുന്ന കരുവോട് കണ്ടംചിറയുടെ ഒരു ഭാഗം യൂണിറ്റ് പ്രദേശത്തിൽ ഉൾപ്പെടുന്നു.ഈ മേഖല ഇപ്പോഴും പൂർണമായും കൃഷിയോഗ്യമാക്കപ്പെട്ടിട്ടില്ല.ചരിഞ്ഞ പ്രദേശങ്ങളും പാടശേഖരങ്ങൾ ഉൾപ്പെടുന്ന സമതലവും കൂടിച്ചേർന്നതാണീ പ്രദേശം.
മേപ്പയ്യൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ,ഗവൺമെൻ്റ് എൽ.പി സ്കൂൾ വിളയാട്ടൂർ ഉൾപ്പടെ 15 വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നു.മേപ്പയ്യൂർ കുടുംബാരോഗ്യ കേന്ദ്രം,രണ്ട് സ്വകാര്യ ആശുപത്രികൾ,മൂന്ന് സ്വകാര്യ ക്ലിനിക്കുകൾ എന്നിവയും പ്രവർത്തിക്കുന്നു.
യൂണിറ്റിൻ്റെ പരിധിയിൽ 19 അംഗൻവാടികളും പ്രവർത്തിച്ചുവരുന്നു.ഈ അടുത്തകാലം വരെ ആളുകളുടെ പ്രധാന ഉപജീവനമാർഗം കൃഷിയും കന്നുകാലിവളർത്തലുമായിരുന്നു.കഴിഞ്ഞ രണ്ട് ദശകത്തിനിടയ്ക്ക് നിർമാണമേഖലയിലേക്ക് ധാരാളം യുവാക്കൾ തൊഴിൽ ചെയ്ത് കടന്നുവന്നിട്ടുണ്ട്.ഗൾഫ് മേഖലയിലേക്ക് ധാരാളം ആളുകൾ ഇവിടെ നിന്നും തൊഴിൽ തേടി പോയിട്ടുണ്ട്.ഇപ്പോൾ ഈ കാര്യത്തിൽ കാര്യമായ കുറവുവന്നിട്ടുണ്ട്.ഉയർന്ന വിദ്യഭ്യാസം ലഭിച്ച യുവതലമുറകൾ വളരെ ചെറിയ ശതമാനം സർക്കാർ-സ്വകാര്യ മേഖലകളിലും തൊഴിൽ നേടിയിട്ടുണ്ട്.
രൂപീകരണം
1980 ൽ യൂണിറ്റ് രൂപീപരിക്കപ്പെടുന്നതിന് നിദാനമായി പ്രവർത്തിച്ച ഘടകം മേപ്പയ്യൂരിലെ "പ്രതിഭ കോളേജ്" ആണ്.അഭ്യസ്ത വിദ്യരായ ചെറുപ്പക്കാർ പ്രതിഭ കോളേജിലെ അദ്ധ്യാപകരായിരുന്നു.ഉയർന്ന വിദ്യഭ്യാസവും പുരോഗമന ചിന്തയുമുണ്ടായിരുന്ന ഈ അദ്ധ്യാപകരുടെ മുൻ കൈകളിലാണ് പരിഷത്ത് മേപ്പയ്യൂരിൽ പ്രവർത്തനമാരംഭിച്ചത്.ഇതേ വർഷം തന്നെ പരിഷത്ത് സംസ്ഥാന സമിതി നടത്തിയ ശാസ്ത്രകലാജാതയുമായി ബന്ധപ്പെട്ട പ്രവർത്തനം ഏറ്റെടുത്തുകൊണ്ടാണ് യൂണിറ്റ് സജീവമായത്.ഇതേകാലത്തുതന്നെ നടന്ന മുണ്ടേരി വനം കൊള്ളയ്ക്കെതിരെ പരിഷത്ത് നടത്തിയ മാർച്ചിലും യൂണിറ്റിൻ്റെ പങ്കാളിത്തം ഉണ്ടായിരുന്നു.
പ്രധമ യൂണിറ്റ് സെക്രട്ടറിയായി ശ്രീ. കെ.എം ചന്ദ്രൻ മാസ്റ്ററും പ്രസിഡൻ്റായി ശ്രീ. സി. പത്മനാഭൻ മാസ്റ്ററും പ്രവർത്തിച്ചു.പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ടി.ദാമോധരൻ,തട്ടാറത്ത് വിജയൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ,കെ.പി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ ആദ്യകാല പ്രവർത്തകരിൽ ഉൾപ്പെടുന്നു.
കെ.പി കായലാട് മേപ്പയ്യൂർ യൂണിറ്റ് രൂപീകരണത്തിനു മുമ്പേ പരിഷത്ത് സഹയാത്രികനായിരുന്നു.അദ്ദേഹത്തിൻ്റെ വീട്ടിൽ വെച്ച് പലപ്പോഴായി പരിഷത്ത് ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്.ഇം.എം കുഞ്ഞിരാമൻ കൊഴുക്കല്ലൂർ, ടി രാഘവൻ നരക്കോട് എന്നിവർ പരിഷത്ത് സഹയാത്രികരായിരുന്നു.
1980 ൽ ശാസ്ത്രകലാജാഥയ്ക്ക് മേപ്പയ്യൂരിൽ നൽകിയ സ്വീകരണം ഗാംഭീര്യം കൊണ്ട് ജില്ലാ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു.ജാതയ്ക്ക് വോണ്ടിയുള്ള ചിലവിലേക്ക് നടന്ന പുസ്തകവില്പനയുടെ ക്വാട്ട നിശ്ചയിച്ച സമയത്തേക്കാൾ നേരത്തേ തന്നെ വിറ്റ് തീരുകയും പിന്നീട് വീണ്ടും പുസ്തകങ്ങൾ വരുത്തി വിൽപന നടത്തിയതും ഒരു അനുഭവമായിരുന്നു.ഇതിൻ്റെ സംഘാടക ചെയർമാനായി പ്രവർത്തിച്ചത് സഃ കെ.കെ രാഘവനും കൺവീനർ സി.പത്ഭനാഭൻ മാസ്റ്ററുമായിരുന്നു.
പരിഷത്ത് പരിപാടികളുടെ അന്നത്തെ പ്രചരണ രീതികൾ വളരെ ശ്രദ്ധിക്കപ്പെട്ടു.പച്ച ഓലമടലും,ചേമ്പിലകളും,വാഴ ഇലകളും പോസ്റ്ററുകളായി ഉപയോഗിച്ചു.പരമ്പരാഗത വാദ്യോപകരണങ്ങളായ ചെണ്ട,തുടി എന്നിവ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.ഇത്തരം വാദ്യങ്ങൾ അന്യംനിന്ന് കൊണ്ടിരിക്കുന്ന ആ കാലത്ത് ഇവയുടെ ശബ്ദം കേൾക്കുമ്പോൾ ആളുകൾ പരിഷത്ത് പരിപാടി ഉണ്ടല്ലോ എന്നരീതിയിൽ പ്രതികരിച്ചിരുന്നു.
1980-85 കാലഘട്ടത്തിൽ മേപ്പയ്യൂർ യൂണിറ്റിൻ്റെ പ്രവർത്തനം ഏറെ സജീവമായിരുന്നു.പരിഷത്തിൻ്റെ ദൈനംദിന സംഘടനാപ്രവർത്തനത്തോടൊപ്പം പരിഷത്തിലേക്ക് എല്ലാ വിഭാഗം ജനങ്ങളേയും അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ യൂണിറ്റ് സജീവ ചർച്ച നടത്തി.ചർച്ചയുടെ ഫലമായി പലഘട്ടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം നിലച്ചുപോയവരെ SSLC എഴുതിക്കുക എന്ന ലക്ഷ്യത്തോടെ SSLC നൈറ്റ് ക്ലാസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ചു.പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരും സമീപപ്രദേശങ്ങളിലുള്ളവരും അടക്കം 50 പഠിതാക്കൾ ഈ ക്ലാസിൽ പങ്കെടുത്തു.
1982 ജനുവരി മാസത്തിൽ ആരംഭിച്ച ക്ലാസുകളിലെ പങ്കാളിത്തം നാട്ടിലെ പണംപയറ്റും വിവാഹവും മുറുകിയപ്പോൾ കുറഞ്ഞുവന്നു.1983 മാർച്ചിലെ പരീക്ഷയ്ക്കിരുന്ന പതിനൊന്നു പഠിതാക്കളും വിജയം വരിച്ചു.പി.നാരായണൻ(കൊഴുക്കല്ലൂർ),കുഞ്ഞിച്ചോയി ചെറുവത്ത്,നാരായണൻ ചെറിയ പുത്തഞ്ചേരി,എൻ കേളപ്പൻ മാസ്റ്റർ(ജനകീയമുക്ക്),റാസാഖ്(കുരുടിമുക്ക്),ടി.ശ്രീധരൻ നരക്കോട്,വി.കെ കണാരൻ മഞ്ഞക്കുളം,ഉണ്ണി(ഇരിങ്ങത്ത്) എന്നിവർ പഠിതാക്കളിൽ ഉൾപ്പെടുന്നു.ഇതിൽ രണ്ടുപേർ അദ്ധ്യാപകരായും രണ്ടുപേർ സർക്കാർ സർവ്വീസിലും ജോലി നേടി.
നൈറ്റ് ക്ലാസുകളിലെ അദ്ധ്യാപകർ ഏറെയും പരിഷത്ത് പ്രവർത്തകർ തന്നെയായിരുന്നു.സി.പത്മനാഭൻ മാസ്റ്റർ,കെ.എം ചന്ദ്രൻ മാസ്റ്റർ,പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ,എം.എം കരുണാകരൻ മാസ്റ്റർ,താട്ടാറത്ത് വിജയൻ മാസ്റ്റർ,കെ.പി രാമചന്ദ്രൻ മാസ്റ്റർ ഇവരെ കൂടാതെ വട്ടക്കണ്ടി ബാലൻമാസ്റ്റർ,മൊയ്തീൻ മാസ്റ്റർ എന്നിവരും ക്ലാസ് നടത്തിപ്പിന് സഹായിച്ചു.
ഒരുവർഷത്തിലധികം നീണ്ടു നിന്ന നൈറ്റ് ക്ലാസ് ഏറെ ത്യാഗ പൂർവമായ പ്രവർത്തനമായിരുന്നു.അരിക്കുളത്തുകാരനായ പത്മനാഭൻ മാസ്റ്റർ കാൽനടയായി സഞ്ചരിച്ചാണ് വീട്ടിൽ എത്തിയിരുന്നത്.വഴിയെ ചാവട്ട് വെച്ച് അമ്മാവനായ വി.കെ കേളപ്പൻ മാസ്റ്റർ(മുൻ പഞ്ചായത്ത് പ്രസിഡൻ്റ്) കണ്ടാൽ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുന്നകാര്യം പത്മനാഭൻ മാസ്റ്റർ മരന്നിട്ടില്ല.സ്വന്തം വാഹനങ്ങൾ വളരെയധികം പരിമിതമായിരുന്ന അക്കാലത്ത് എം.എസ് നമ്പൂതിരിയുടെ വീട്ടിൽ രാത്രി സമയത്ത് ട്യൂഷൻ കഴിഞ്ഞ് അവിടുത്തെ സൈക്കിൾ പത്മനാഭൻ മാസ്റ്റർക്ക് കൊടുത്ത് വിട്ട് പിറ്റേന്ന് രാവിലെ തിരിച്ചെത്തിച്ച് കൊടുക്കാറുള്ളതും പത്മനാഭൻ മാസ്റ്റർ ഓർമിക്കുന്നു.തികച്ചും സൌജന്യാടിസ്ഥാനത്തിൽ നടത്തിയ ക്ലാസിൻ്റെ സെൻ്റ് ഓഫ് പഠിതാക്കൾ ചേർന്ന് ആഘോഷപൂർവ്വം നടത്തി.
1980-85 കാലയളവിൽ തന്നെയാണ് ഗ്രാമശാസ്ത്രജാഥകൾ പരിഷത്ത് സംഘടച്ചിപ്പിച്ചത്.1983 രണ്ടു ജില്ലകൾ കേന്ദ്രീകരിച്ച് ഒരു ജാഥ എന്ന രീതിയിൽ വയനാട്-കോഴിക്കോട് മേഖലാ ജാഥ നടന്നു.ഈ ജാഥയിൽ മേപ്പയ്യൂരിൽ നിന്ന് സി.പത്മനാഭൻ മാസ്റ്ററും മേപ്പയ്യൂരിലെ എം.രാജൻ മാസ്റ്റർ കൽപ്പത്തൂർ യൂണിറ്റിൻ്റെ പ്രതിനിഥിയായും പങ്കെടുത്തു.ജാഥ കാൽനടജാഥയായാണ് സംഘിടിപ്പിക്കപ്പെട്ടത്.മുഴുവൻ നടക്കുകയല്ല, ഒരു കേന്ദ്രത്തിൽ നിന്നും കുറേ നടക്കുകയും (ജനവാസകേന്ദ്രങ്ങളിലൂടെ) പിന്നീട് ലൈൻ ബസിൽ സഞ്ചരിക്കുകയും വീണ്ടും ജനവാസകേന്ദ്രങ്ങളിലൂടെ നടക്കുകയും എന്ന രീതിയാണ് അവലംബിച്ചത്.ജാഥ ഒരു കേന്ദ്രത്തിൽ എത്തിയാൽ അവിടെയുള്ള സംഘാടകരും ജാഥാംഗങ്ങളും കൂടി പരിസരവാദികളെ നേരിട്ട്പോയി ക്ഷണിച്ചു.ഒന്നിച്ചു വിളിച്ചുകൂട്ടി പരിപാടികൾ അവതരിപ്പിക്കുക എന്ന രീതിയിലാണ് ഇതു നടത്തിയത്.
മുദ്രാഗീതങ്ങൾ
ജാഥകൾക്ക് വേണ്ടി മുദ്രാ ഗീതങ്ങൾ പല അവസരങ്ങളിലും രചിച്ചുതന്നിത്തുള്ളത് മേപ്പയ്യൂരിലെ പരിഷത്ത് സഹയാത്രികനായിരുന്ന കെ.പി കായലാടാണ്.അത്തരം മുദ്രാഗീതങ്ങൾ കായലാട് വാമൊഴിയായ് പറഞ്ഞ് കൊടുക്കുന്നത് സി.പത്മനാഭൻ മാസ്റ്റർ എഴുതിയെടുക്കാറായിരുന്നു പതിവ്.പത്മനാഭൻ മാസ്റ്ററുടെ ഓർമയിലിപ്പോഴും തങ്ങി നിൽക്കുന്ന ഒരു മുദ്രാഗീതം ഇങ്ങനെ,
അരുമനാട് നമ്മളെ
വളർത്ത നാട് കേരളം
അനുദിനം മെലിഞ്ഞ്
പോയതിനെന്തുകാരണം
മലകളുണ്ട് പുഴകളുണ്ട്
കായലുണ്ട് കാണുവാൻ
തെങ്ങിനങ്ങൾ ഉണ്ട്
നോക്കു ഭംഗിയാസ്വദിക്കുവാൻ
അങ്ങുനോക്കൂ തലയിൽ
മൊട്ട മാത്രമുള്ള മലകളെ
കൊണ്ടു പോയതാർ നമുക്ക്-
നീർതരും വനങ്ങളെ
മലിനമാണ് നമ്മളിന്നു
വീർപ്പിടുന്ന വായുവും
മരണകാരിയാണു നാം
കുഴിച്ചിടുന്നതധികവും
കാശു കയ്യിലില്ലയെങ്കിൽ
എന്തു വിദ്യനേടുവാൻ
കാശ് കാർക്ക് മാർക്ക് കള്ള
ഡിഗ്രിഫിറ്റ് ചെയ്യുവാൻ
ഉണരുവിൻ ഉയർത്തുവിൻ
ഉറങ്ങുവോരയൊക്കയും
സഹകരിച്ചു ഒരുക്കുവിൻ
കുതിക്കുവിൻ തകർക്കുവിൻ
പ്രബുദ്ധരാം ജനങ്ങളെ
പുതിയപാത പുതിയഗാഥ
ശാസ്ത്രജാഥ ലോകരേ..
രാകേഷ് ശർമ ബഹിരാകാശത്ത് എത്തിയ വാർത്തയും വയനാട്ടിലെ ആദിവാസിയായ തോലൻ പട്ടിണികൊണ്ട് മരിച്ച വാർത്തയും ഒരേ ദിവസമാണ് പത്രത്തിൽ വന്നത്.വയനാട് കോഴിക്കോട് ജില്ലാ ജാഥ വയനാട്ടിൽ എത്തിയദിവസമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്.ആ സംഭവങ്ങളെ അധികരിച്ച് സി.പത്മനാഭൻ മാസ്റ്റർ ഇങ്ങനെ പാടി,
ശൂന്യാകശത്തെത്തി രാകേഷ്
എല്ലാവർക്കും ഗമയായ്
തോലൻ ചത്തു പട്ടിണികൊണ്ട്
അയ്യോ നമ്മുടെ ഗമ പോയി
അന്ന് ഊർജ്ജമേഖലയിലെ ഇടപെടലുകളും പരിഷത്ത് മേപ്പയ്യൂർ യൂണിറ്റ് നല്ല രീതിയിൽ നടത്തി.ദക്ഷത കൂടിയ പുകയില്ലാത്ത അടുപ്പ് പ്രചാരണം യൂണിറ്റിൽ ശക്തമാക്കുന്നതിനായ് മേപ്പയ്യൂരിലും അരിക്കുളത്തും യൂണിറ്റ് നേതൃത്വത്തിൽ അടുപ്പ് ക്യാമ്പുകൾ സംഘടിപ്പിച്ചു.ഇതിൽ പരിശീലനം കൊടുക്കുന്നതിലേക്ക് സി.പത്മനാഭൻ മാസ്റ്റർ,എം രാജൻ മാസ്റ്റർ എന്നിവർ കണ്ണൂരിലെ മയ്യിൽ പ്രദേശത്തു നടന്ന ക്യാമ്പിൽ പങ്കെടുത്തു.
ആദ്യ ഘട്ടമായി പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ,തട്ടാറത്ത് വിജയൻ,കാരയാട് ബാലകൃഷ്ണൻ എന്നിവരുടെ വീടുകളിൽ അടുപ്പ് സ്ഥാപിച്ചു.അന്ന് റെഡ്മെയ്ഡ് മോൾഡ് ഉണ്ടായിരുന്നില്ല.വാഴത്തട വെട്ടി മോൾഡാക്കി ഉപയോഗിച്ചാണ് അടുപ്പ് നിർമിച്ചത്.
"വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്" എന്ന ക്ലാസ് യൂണിറ്റ് നേതൃത്വത്തിൽ മേപ്പയ്യൂർ,ജനകീയമുക്ക്,നരക്കോട് എന്നീ കേന്ദ്രങ്ങളിൽ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു.അന്ന് ഒരു പരിപാടിക്ക് വേണ്ടി മുൻകൂട്ടി പ്രചാരണം നടത്തുക എന്ന രീതി ഉപയോഗിച്ചിരുന്നില്ല.പരിപാടി തുടങ്ങുന്നതിന് മുന്നോടിയായി പ്രവർത്തകർ നേരിട്ടു ക്ഷണിച്ചുകൊണ്ടു വരുന്ന തന്ത്രമാണ് ഉപയോഗിച്ചിരുന്നത്.അരിക്കുളത്ത് നടന്ന ഒരു പരിപാടി മരണകാരണം മുടങ്ങിയപ്പോൾ പ്രഭാഷകനായ കെ.ടി രാധാകൃഷ്ണൻ മാസ്റ്ററെ മേപ്പയ്യൂരിലേക്ക് എത്തിച്ച് ആളുകളെ നേരിട്ട് ക്ഷണിച്ച് കൂട്ടി നടത്തിയപ്പോൾ പരിപാടിക്ക് നല്ല ജനപങ്കാളിത്തം ഉണ്ടായി.പങ്കെടുത്ത എല്ലാവരും ആദ്യാവസാനം വരെ പ്രഭാഷണം ആസ്വദിക്കുകയുണ്ടായി.വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ് എന്ന വിഷയത്തിൽ നടത്തിയ ക്ലാസിൻ്റെ പ്രചാരണങ്ങളിൽ ഉപയോഗിച്ചിരുന്ന ഒരു മുദ്രാ ഗീതം ഇങ്ങനെ,
ചക്കരവെള്ളം കുപ്പിയിലാക്കി
ചോരചെങ്കളർ കലക്കി
പുറമെ നൈലോൺ ബുർക്കയിറക്കി
രോഗിക്കായതു കുറിച്ച് നൽകാൻ
വാടക ഡോക്ടറെ വശത്തിലാക്കി
കോടികൾ കോടികൾ നേടും കുത്തക
നാടുമുടിച്ചു കൊടുക്കുന്നു.
സാംബവരുടെ ഉന്നമനം
യൂണിറ്റിലെ പരിഷത്ത് പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ അംഗീകാരവും വിശ്വാസതയും ലഭിച്ചപ്പോൾ പ്രവർത്തകരിൽ വലിയ ആവേശമുണ്ടായി ഇനിയും ഏറെ കാര്യങ്ങൾ ഏറ്റെടുത്ത് നടത്തന്നതിനുള്ള ചർച്ചകളും പ്രവർത്തനങ്ങളും ആവിഷ്കരിച്ചു.അങ്ങനെയാണ് സാംബവരെ കുറിച്ചുള്ള ചർച്ച ഉയർന്ന് വന്നത്.അന്നത്തെ മേപ്പയ്യൂരിലെ ടൌണിലെ സാംബവരുടെ സ്ഥിതി വളരെ ദയനീയമായിരുന്നു.അവർ പലതരത്തിലും ചൂഷണം ചെയ്യപ്പെട്ടിരുന്നു.അക്ഷരഭ്യാസമില്ല,ജോലിക്ക് പോകാൻ തയ്യാറാവില്ല.ഭക്ഷണത്തിനായി ഹോട്ടലിൻ്റെ പിൻവശങ്ങളും കല്ല്യാണവീടുകളും ആശ്രയിച്ചിരുന്നു.ശുചിത്വ ബോധം കുറവായിരുന്നു.
സാംബവരെ സമൂഹത്തിൻ്റെ ഒപ്പം എത്തിക്കുന്നതിനായി അവർക്കുവേണ്ടി സാക്ഷരതാക്ലാസ് മേപ്പയ്യൂർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.പതിനാറ് പഠിതാക്കളെ ഒരു കേന്ദ്രത്തിലിരുത്തി ആറ് മാസം കൊണ്ട് എല്ലാവരേയും എഴുത്തും വായനയും പരിശീലിപ്പിച്ചു.രവി,ബാലൻ,അശോകൻ,അച്ചുതൻ എന്നിവർ പഠിതാക്കളിൽ ഉണ്ടായിരുന്നു.പഠിതാക്കളായ ഇവരിൽ പലരും നന്നായി പാടാനും ചിത്രം വരക്കാനും കഴിവുള്ളവരായിരുന്നു എന്നത് ക്ലാസിൽ തിരിച്ചറിയാൻ സാധിച്ചു.
ശുചിത്വ ബോധം കുറവായിരുന്ന ഇവരോട് ക്ലാസിൽ വരുമ്പോൾ കുളിച്ചു വരണമെന്ന് പത്മനാഭൻ മാസ്റ്റർ സൌഹൃദപൂർവ്വം ആവശ്യപ്പെട്ടു.ഇവർ മങ്ങാട്ടുമ്മൽ ക്ഷേത്രത്തിലെ വിളക്കിൽ നിന്നും എണ്ണയെടുത്ത് കുളിക്കാൻ ഉപയോഗിച്ചു.മങ്ങാട്ടുമ്മൽ കുഞ്ഞിശങ്കരൻ നമ്പ്യാർ ഇതിൽ പരാതിപ്പെട്ടപ്പോൾ മാസ്റ്റർ ഇടപെട്ട് അവരെ ബോധ്യപ്പെടുത്തി പ്രശ്നം പരിഹരിച്ചു.
ക്ലാസ് പത്തുദിവസം കഴിഞ്ഞപ്പോൾ തന്നെ എല്ലാവരും കുളിച്ച് ക്ലാസിൽ വരാൻ തുടങ്ങി.മാത്രമല്ല പിന്നീട് ഹോട്ടലുകളിലേയും കല്ല്യാണപരിപാടികളിലേയും പിന്നാംപുറങ്ങളിൽ ഇവർ ഭക്ഷണം ശേഖരിക്കാൻ പോയതുമില്ല.ഗണിത ബോധം ഇല്ലാത്തതിനാൽ ഇവരെ പല ആളുകളും പണിക്ക് വിളിച്ച് ചൂഷണം ചെയ്തിരുന്നു.ആറ് മാസത്തെ ക്ലാസിൻ്റെ ഫലമായി മലയാളം എഴുതാനും വായിക്കാനും പഠിക്കുകയും ഗണിത ബോധവും ശുചിത്വ ബോധവും വളർത്താനും സാധിച്ചു.ശേഷം ജോലിക്ക് പോയിതുടങ്ങുകയും അവകാശബോധമുണ്ടാവുകയും സമൂഹവുമായി ഇടപഴകാനും തുടങ്ങി.
ഇതിനുവേണ്ടി പ്രവർത്തിച്ച സി.പത്മനാഭൻ മാസ്റ്ററും മറ്റ് അദ്ധ്യാപകരുടേയും മനോഭാവത്തിൽ വലിയ മാറ്റമുണ്ടായി.അവരുടെ വീടുകളിലും പരിപാടികളിലും പോകുന്നതിന് അദ്ധ്യാപകരായി പ്രവർത്തിച്ച പരിഷത്ത് പ്രവർത്തകർക്ക് സാധ്യമായിട്ടുണ്ട്.തിരിച്ച് അവരേയും പരിപാടികളിൽ പങ്കെടുക്കുന്ന അവസ്ഥയുണ്ടായി, എസ്.എസ്.എൽ,സി നൈറ്റ് ക്ലാസിലെ പഠിതാവും വിജയിയുമായിരുന്ന ചെറുവത്ത് കുഞ്ഞിച്ചോയി പിന്നീട് സജീവ പരിഷത്ത് പ്രവർത്തകനായിമാറി ഇക്കാലയളവിൽ യൂണിറ്റ് സെക്രട്ടറിയായ് കുഞ്ഞിച്ചോയി പ്രവർത്തിച്ചു.
സാംബവർക്ക് വേണ്ടി നടത്തിയ സാക്ഷരതാ ക്ലാസിൽ പഠിച്ച പതിനാറ് പഠിതാക്കളെക്കൊണ്ടും അന്ന് പരിഷത്തിലെ മുൻനിര പ്രവർത്തകരായിരുന്ന പി.കെ പൊതുവാൾ,കെ.കെ കൃഷ്ണകുമാർ,കെ.ടി രാധാകൃഷ്ണൻ,കൊടക്കാട് ശ്രീധരൻ മാസ്റ്റർ,ടി.പി സുകുമാരൻ,എം.പി പരമേശ്വരൻ തുടങ്ങി പതിനാറ് വ്യക്തിത്വങ്ങൾക്ക് അവരുടെ അഡ്രസ്സ് പറഞ്ഞ് കൊടുത്തു പോസ്റ്റ് കാർഡ് അയപ്പിച്ചു.ഇതിന് അത്തരം മുൻ നിര പ്രവർത്തകർ മറുപടിയെഴുതി അയച്ച് കൊടുത്തിട്ടുള്ള പല പഠിതാക്കളും ഒരു അമൂല്യ നിധി പോലെ ഇന്നും സൂക്ഷിക്കുന്നുണ്ട്.
ആരാണ് പരിഷത്ത് പ്രവർത്തകർ?
പരിഷത്ത് ഉയർത്തിയ ആരാണ് പരിഷത്ത് പ്രവർത്തകർ എന്ന സന്ദേശത്തിലെ അനൌപചാരിക ശൈലി,സാഹോദര്യം,സ്നേഹം,ഐക്യം,നിസ്വാർത്ഥത,ത്യാഗ സന്നദ്ധത എന്നിവ പരിഷത്ത് പ്രവർത്തകരുടെ മുഖമുദ്രയാണ്.അതുകൊണ്ട് തന്നെ എല്ലാ പഠിതാക്കൾക്കും മറുപടി ലഭിക്കുകയും ചെയ്തു.പരിഷത്തിൻ്റെ ഈ അനുകരണീയ മാതൃക എക്കാലത്തും നിലനിർത്തേണ്ടതായ സന്ദേശമാണ്.
ഇതിലെ പഠിതാക്കളായിരുന്നവരുടെ കലാപരിപാടികൾ കീഴരിയൂർ,ജനകീയമുക്ക് എന്നീ കേന്ദ്രങ്ങളിൽ പരിഷത്ത് ജാഥയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു.ഇതേ കാലയളവിലാണ് പ്രി പ്രൈമറി (അങ്കണവാടി) പ്രവർത്തകർക്കായി ഒരു ക്യാമ്പ് മേപ്പയ്യൂരിൽ സംഘടിപ്പിച്ചത്.നാല്പത് അദ്ധ്യാപികമാർ പങ്കെടുത്ത പ്രശസ്ത ക്യാമ്പ് ഏറെ ശ്രദ്ധേയമായിരുന്നു.ഇതേ കാലയളവിൽ ആരോഗ്യരംഗത്തുള്ള ഇടപെടൽ പരിഷത്ത് ഏറ്റെടുത്തതിൻ്റെ പ്രവർത്തനങ്ങൾ യൂണിറ്റിലും നന്നായി നടത്തിയിരുന്നു.കുഞ്ഞിച്ചോയി ഭാരവാഹിയായിരുന്ന കാലത്ത് ഒരു പ്രചാരണ ജാഥ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് യൂണിറ്റിൽ നടത്തി.അന്ന് ഉപയോഗിച്ച മുദ്രാ ഗീതം ഇങ്ങനെ,
കുട്ടികൾ നാടിൻ സമ്പത്ത്
അവരെ കുപ്പിപ്പാലിൽ വളർത്തരുതേ
കോംപ്ലാൻ,ഫാക്സ്,ലാക്ടോജൻ
കുഞ്ഞുങ്ങൾക്ക് കൊടുക്കരുതേ
ജലദോഷത്തിന് ടെട്രാസൈക്ലിൻ
എലിയെ കൊല്ലാൻ പീരങ്കി
പനി പിടിച്ചാൽ ക്ലോറോഫിനോൾ
കൊതുക് വേട്ടയ്ക്ക് കൈത്തോക്കും
സിഗരറ്റിൻ്റെ പരസ്യം കണ്ടോ?
സിനിമാ നടിയുടെ ചിത്രങ്ങൾ
ടോണിക്കിൻ്റെ പരസ്യം കണ്ടോ?
ഗുസ്തിക്കാരുടെ ചിത്രങ്ങൾ
തരാതരത്തിനു ചിത്രം കാട്ടി
പണം പിടുങ്ങും കുത്തകകൾ
പ്രവർത്തനങ്ങൾ
1984 ൽ നടന്ന സംസ്ഥാന സമ്മേളനത്തിലെ ചിലവിലേക്കായി പുസ്തകവിൽപനയിലൂടെ ശേഖരിച്ച കമ്മീഷൺ വിഹിതമായി മാത്രം 1868രൂപ മേപ്പയ്യൂർ യൂണിറ്റ് നൽകിയിരുന്നു.1985 ൽ മേപ്പയ്യൂർ ടൌണിലുള്ള മാലിന്യ പ്രശ്നം പരിഹരിക്കുന്നതിലേക്ക് യൂണിറ്റ് ഇടപെടലുകൾ നടത്തി.അന്നത്തെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള ഒരു ചായ കടയുടെ പിൻവശം കുമിഞ്ഞ് കൂടിയിരുന്ന ഒരു "ചായപ്പൊടി മതിലിൽ" അടക്കം ധാരാളം മാലിന്യങ്ങൾ നീക്കം ചെയ്ത് ടൌൺ ശുചീകരണം പ്രവർത്തനം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തി.
ഇക്കാലയളവുമുതൽ എം.രാജൻ മാസ്റ്റർ കൽപത്തൂർ യൂണിറ്റിൻ്റെ ചുമതലയിൽ നിന്നും മാറി മേപ്പയ്യൂർ യൂണിറ്റ്മായി ബന്ധപ്പെട്ട് പ്രവർത്തിച്ചു.പ്രൊ.സി.പി അബൂബക്കർ ഈ കാലയളവിൽ മേപ്പയ്യൂർ യൂണിറ്റ്മായി സഹകരിച്ചു പ്രവർത്തിച്ചു.
പതിനായിരം ശാസ്ത്ര ക്ലാസുകൾ മേപ്പയ്യൂർ യൂണിറ്റിൻ്റെ മുൻ കൈയിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തി.ഇക്കാലത്ത് നടന്ന ശാസ്ത്ര കലാജാഥാ സ്വീകരണ പരിപാടി മേപ്പയ്യൂരിൽ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഇതിൻ്റെ സംഘാടകസമിതി ഭാരവാഹിയായി മേപ്പയ്യൂർ ബാലൻ പ്രവർത്തിച്ചു.1985 ഏപ്രിൽ 17 ന് ഭോപ്പാൽ ദുരന്തത്തിൽ പ്രതിഷേധിച്ചു കൊണ്ട് എവിരിഡെ ബാറ്ററി ബഹിഷ്കരണാഹ്വാനം മേപ്പയ്യൂരിൽ നല്ല രീതിയിൽ നടന്നു.
മേപ്പയ്യൂർ യൂണിറ്റ് രൂപീകരണം മുതൽ അത് കൊയിലാണ്ടി മേഖലയ്ക്ക് കീഴിലാണ് പ്രവർത്തിച്ചത്.1986 ൽ പേരാമ്പ്ര മേഖലാ കമ്മറ്റി രൂപീകരിച്ചപ്പോൾ മേപ്പയ്യൂർ യൂണിറ്റ് അതിന് കീഴിലായി.
ഇക്കാലത്ത് പരിഷത്ത് ബാലവേദി പ്രവർത്തനം മേപ്പയ്യൂരിൽ സജീവമായിരുന്നു.മേപ്പയ്യൂർ എൽ.പി സ്കൂളിൽ വെച്ച് ബാല വേദി പ്രവർത്തകരുടെ ഒരു വിപുലമായ സംഗമം നടന്നു.ഡോ.കെ.പി അരവിന്ദൻ,കെ.ടി രാധാകൃഷ്ണൻ,കൊടക്കാട് ശ്രീധരൻ മാസ്റ്റർ എന്നിവർ ഈ ക്യാമ്പിൽ മുഴുവൻ സമയവും പങ്കെടുത്തു.നീലിമ,അഖില പ്രിയദർശിനി,ശോണിമ,അനുജ ശ്രീ എന്നിവർ ബാലവേദി പ്രവർത്തകർ ആയിരുന്നു.
1986 ൽ ഏപ്രിൽ 1 മുതൽ ഏപ്രിൽ 7 വരെ "ഹാലിയുടെ ധൂമകേതുവിന് സ്വാഗതം" എന്ന പരിപാടിയുമായി ബന്ധപ്പെട്ട് ശാസ്ത്രമാസം ക്ലാസുകളും നക്ഷത്ര നിരീക്ഷണവും യൂണിറ്റിൻ്റെ നേതൃത്വത്തിൽ 12 കേന്ദ്രങ്ങളിൽ നടത്തിയിരുന്നു.നമ്മുടെ യൂണിറ്റിലെ ഇം.എം കുഞ്ഞിരാമൻ കൊഴുക്കല്ലൂർ ഇതിൻ്റെ മേഖലാ കൺവീനറായി പ്രവർത്തിച്ചു.സി.പത്മനാഭൻ മാസ്റ്റർ,ഇ.കെ ചന്ദ്രൻ മാസ്റ്റർ എന്നിവർ ക്ലാസുകൾ എടുത്തു.
1987 ൽ സംസ്ഥാന വ്യാപകമായി നടന്ന ആരോഗ്യസർവ്വെ മേപ്പയ്യൂരിലെ 50 വീടുകളിൽ നടത്തി.ജൂലൈ 10 മുതൽ രണ്ടാഴ്ച എടുത്താണ് ഈ സർവ്വെ പൂർത്തീകരിച്ചത്.ഒരു വീട്ടിൽ 3ഉം 4ഉം മണിക്കൂറുകൾ ചിലവഴിച്ചാണ് ഇത് പൂർത്തീകരിച്ചത്.സംസ്ഥാനത്ത് ആകെ 10000 വീടുകളിലായി ഇതു നടന്നു.സർവ്വെ പ്രവർത്തനങ്ങളുമായി എം.രാജൻ,എം.കെ കേളപ്പൻ,പി.കെ സുരേന്ദ്രൻ,കെ.സത്യൻ,കെ.ടി നാരായണൻ,എൻ.എം ഗോപാലൻ എന്നിവർ സഹകരിച്ചു.
ഒരു പ്രത്യേക പാഠാവലി ഇല്ലാതെ മേപ്പയ്യൂരിൽ നടത്തിയ സാക്ഷരതാ ക്ലാസിൻ്റെ അനുഭവ പാഠവുമായി സി.പത്മനാഭൻ മാസ്റ്റർ എറണാകുളം ജില്ലാ സാക്ഷരതാ പ്രൊജക്റ്റിൻ്റെ ഭാഗമായി.ഇടുക്കി-എറണാകുളം അതിർത്തിയിലെ പൊങ്ങിൻ ചുവട് കോളനിയിൽ മാസ്റ്റർ പ്രവർത്തിച്ചു.1990 ഫിബ്രുവരി 4 ന് എറണാകുളം സമ്പൂർണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചു.
മേപ്പയ്യൂർ യൂണിറ്റിൻ്റെ സംഘാടകനായിരുന്ന സി പത്മനാഭൻ മാസ്റ്റർ ഈ യജ്ഞത്തിൽ പങ്കാളിയായത് നമുക്കും അഭിമാനിക്കാം.ഇതിൻ്റെ ചുവടുപിടിച്ച് കൊണ്ട് കേരള സംമ്പൂർണ സാക്ഷരതാ പരിപാടി 1990 ഫെബ്രുവരിയിൽ ആരംഭിച്ചു.1991 ഏപ്രിൽ 19 ന് കേരളം സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്തു.
കേരളത്തിൻ്റെ സമ്പൂർണ സാക്ഷരതാ യജ്ഞത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ നടന്ന പ്രവർത്തനങ്ങളിൽ മുൻ നിരക്കാരനാവാൻ മേപ്പയ്യൂരിലെ പരിഷത്ത് പ്രവർത്തകർക്ക് സാധ്യമായി.നമ്മുടെ പഞ്ചായത്തിലെ സംഘാടകസമിതിയുടെ ഭാരവാഹിയായി എം കെ കേളപ്പൻ പ്രവർത്തിച്ചിരുന്നു.എൻ.ഹമീദ് സംഘാടക സമിതി അംഗമായിരുന്നു.ഔദ്യോഗിക ആവശ്യാർത്ഥം സ്ഥലത്തില്ലായിരുന്ന പരിഷത്ത് പ്രവർത്തകരായിരുന്ന കെ.സത്യൻ,പി.കെ സുരേന്ദ്രൻ,ആർ.വി അബ്ദുള്ള എന്നിവർ ഒഴിവു സമയങ്ങളിൽ ഇതുമായി പൂർണമായി സഹായിച്ചിരുന്നു.പരിഷത്തിലെ എം.രാജൻ മാസ്റ്റർ കൂരാച്ചുണ്ടിലെ അസിസ്റ്റൻ്റ് പ്രൊജക്റ്റ് ഓഫീസറായി പ്രവർത്തിച്ചു.മേപ്പയ്യൂരിലെ APO ആയി പ്രവർത്തിച്ചത് പരിഷത്ത് പ്രവർത്തകനായിരുന്ന പേരാമ്പ്രയിലെ കെ.കെ കുഞ്ഞിക്കണ്ണൻ മാസ്റ്ററാണ്.ജില്ലാ തലത്തിൽ നടത്തിയ സാക്ഷരതാ കലാജാഥാംഗമായി ശ്രീ.സദാനന്ദൻ മാരാത്ത് പ്രവർത്തിച്ചു.
വനം കൊള്ളയ്ക്കെതിരെ കോടഞ്ചേരിയിലേക്ക് നടന്ന മാർച്ചിൽ മേപ്പയ്യൂർ യൂണിറ്റിൻ്റെ സാന്നിദ്ധ്യം സജീവമായിരുന്നു.എം.ഹമീദ് ഇക്കാലയളവിൽ യൂണിറ്റ് ഭാരവാഹിയായിരുന്നു.അന്നത്തെ മാർച്ചിൽ 16 പേർ മേപ്പയ്യൂരിൽ നിന്നും പങ്കെടുത്തു.ഇക്കാലയളവിൽ പി.കെ സുരേന്ദ്രൻ,എം.കെ കേളപ്പൻ,ആർ.വി അബ്ദുള്ള,കെ.ടി നാരായണൻ,എൻ.കെ വിനോദൻ,ടി.ശ്രീധരൻ,കെ സത്യൻ മാസ്റ്റർ,കൊപ്പാരത്ത് വിനോദ് കുമാർ എന്നിവർ പ്രവർത്തകരായിരുന്നു.എം.രാജൻ മാസ്റ്റർ ഇക്കാലയളവിലും സജീവസാന്നിദ്ധ്യമായിരുന്നു.
ഇക്കാലത്ത് മനുഷ്യശരീരം എന്ന പുസ്തകം 60 കോപ്പി യൂണിറ്റിൽ വിൽപന നടത്താൻ കഴിഞ്ഞു.1993 ലെ അഖിലേന്ത്യ സമതാ ജാഥയുടെ 40 ലഘുലേഖകൾ യൂണിറ്റിൽ പ്രചരിപ്പിച്ചു.1993 ഒക്ടോബർ 2 മുതൽ സംസ്ഥാന സമിതി നടത്തിയ സ്വാശ്രയ ജാഥയുടെ പ്രചാരണാർത്ഥം മേപ്പയ്യൂർ ടൌണിൽ പൊതുയോഗം നടത്തുകയും 50 ലഘുലേകകൾ പ്രചരിപ്പിക്കുകയും ചെയ്തു.ഇതിൻ്റെ മുന്നോടിയായി ഒരു പഞ്ചായത്ത് തല കാൽനട ജാഥ യൂണിറ്റ് സംഘടിപ്പിച്ചിരുന്നു.20 അംഗങ്ങളുണ്ടായിരുന്ന ഈ ജാഥ നരിക്കുനിയിൽ നിന്ന് ആരംഭിച്ച് ജനകീയമുക്ക്,കൂനംവെള്ളിക്കാവ്,മേപ്പയ്യൂർ ടൌൺ,കായലാട്,മാമ്പൊയിൽ,നിടുംപൊയിൽ കേന്ദ്രങ്ങളിൽ പ്രചരണം നടത്തി നരക്കോട് സെൻ്ററിൽ സമാപിച്ചു.ഈ ജാഥയിൽ എം.രാജൻ,എം.കെ കേളപ്പൻ,എൻ.എം ഗോപാലൻ,കെ സത്യൻ,എൻ ഹമീദ്,കെ.ടി നാരായണൻ എന്നിവർ അംഗങ്ങളായിരുന്നു.
1996 ആഗസ്റ്റ് 17(ചിങ്ങം 1) കേരളപ്പിറവി ദിനത്തിൽ പരിഷത്ത് രണ്ടു പതിറ്റാണ്ടായി നടത്തിയ വികസന മേഖലയെ സംബന്ധിച്ച പഠനവും പ്രചാരണവും ഫലപ്രാപ്തിയിലെത്തി.കേരളത്തിലെ അന്നത്തെ എൽ.ഡി.എഫ് ഗവൺമെൻ്റ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരവും ഫണ്ടും ലഭ്യമാകുന്ന പ്രസ്തുതപരിപാടിയുടെ മേപ്പയ്യൂർ പഞ്ചായത്തിലെ പ്രവർത്തനങ്ങളുടെ മുൻ നിരയിൽ തന്നെ പ്രവർത്തിക്കാൻ പരിഷത്ത് അംഗങ്ങൾക്ക് കഴിഞ്ഞു.വികസനരേഖ രൂപപ്പെടുത്തൽ മുതൽ അഞ്ചുവർഷത്തോളം പദ്ധതി ആസൂത്രണ നിർവഹണ പ്രവർത്തനങ്ങളിലൂടെ സജീവ പങ്കാളിത്തം പരിഷത്ത് അംഗങ്ങൾ നിർവഹിച്ചു.അധികാരം പഞ്ചായത്തുകൾക്ക് ലഭിച്ചെങ്കിലും അത് അംഗീകരിക്കാൻ തയ്യാറാവാതിരുന്ന ഉദ്യോഗസ്ഥരെ പോലും ബോധ്യപ്പെടുന്നതിൽ കൂട്ടായ പരിശ്രമം കൊണ്ട് സാധിച്ചു.
ജനകീയാസൂത്രണ പ്രസ്ഥാനത്തിലെ സംസ്ഥാനതല റിസോഴ്സ് പേഴ്സൺ ആയി എം.കെ കേളപ്പൻ ജില്ലാ തല റിസോഴ്സ് പേഴ്സൺമാരായി എം.രാജൻ,കെ സത്യൻ,പി കെ സുരേന്ദ്രൻ,എൻ ഹമീദ്,സി.പി അബൂബക്കർ എന്നിവർ പ്രവർത്തിച്ചു.എല്ലാവരും പരിഷത്ത് പ്രവർത്തകരായിരുന്നു.പഞ്ചായത്ത് തല ആസൂത്രണസമിതിയുടെ കൺവീനറായി ആരംഭത്തിൽ സി.പി അബൂബക്കറും തുടർന്ന് എം.കെ കേളപ്പനും പ്രവർത്തിച്ചു.
വിവിധ കർമസമിതികളുടെ കൺവീനർമാരായി പ്രവർത്തിച്ചതും പരിഷത്ത് പ്രവർത്തകർ തന്നെയായിരുന്നു.അന്ന് 13 വാർഡുകളായിരുന്ന മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ ഉണ്ടായിരുന്നു.വി കെ കേളപ്പൻ മാസ്റ്റർ പ്രസിഡൻ്റ് , കെ പാച്ചർ വൈസ് പ്രസിഡൻ്റ് ,പി.പ്രസന്ന എ.എം ദാമോദരൻ,കെ.കെ അംബിക,സതിദേവരാജൻ,മേപ്പയ്യൂർ കുഞ്ഞിക്കൃഷ്ണൻ,എം ദിവാകരൻ മാസ്റ്റർ,ആർ വി സൈനബ,എം.പി ഭാസ്കരൻ മാസ്റ്റർ,കെ പി രാമചന്ദ്രൻ മാസ്റ്റർ,കീപ്പോട്ട് മൊയ്തീൻ എന്നിവർ ഭരണസമിതി അംഗങ്ങളായിരുന്നു.ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി സന്നദ്ധ പ്രവർത്തനത്തിൽ ജനങ്ങളെ ആകെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു നടത്തിയ കായലാട്-നടേരി തോട് നവീകരണം പ്രൊജക്ട് സംസ്ഥാനടിസ്ഥാനത്തിൽ തന്നെ ശ്രദ്ധ നേടി.
ആറ് കി.മീ ദൈർഘ്യത്തിൽ ഒറ്റ ദിവസം 5400 ആളുകളെ സംഘടിപ്പിച്ച് ആറ് റീച്ചുകളായി തിരിച്ചാണ് ഇത് സാധ്യമാക്കിയത്.അത് പ്രത്യേക സംഘാടക സമിതികളും ആറ് ഭക്ഷണപ്പുരകളും ഇതിനായി പ്രവർത്തിച്ചു.സ്ത്രീകളും തെരെഞ്ഞെടുക്കപ്പെട്ട സ്കൂൾ വിദ്യാത്ഥികളും ഇതിൽ പങ്കാളികളായി.പൊതു സംഘാടക സമിതിയുടെ ചെയർമാനായി പ്രസിഡൻ്റ് വി.കെ കേളപ്പൻ മാസ്റ്ററും കൺവീനറായി പി പി രാധാകൃഷ്ണനും പ്രവർത്തിച്ചു.ഈ പ്രൊജക്ട് ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിൽ പരിഷത്തിൻ്റെ ആലോചനയും ഇടപെടലുകളും നന്നായി സഹായിച്ചിട്ടുണ്ട്.
അന്ന് യാതൊരുവിധ സൌകര്യവുമില്ലാതിരുന്ന പുലപ്രക്കുന്ന് സാംബവകോളനിയിലെ പാർപ്പിട പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 8 വീടുകളുടെ നിർമാണം നിർവഹിച്ചത് സന്നദ്ധാഅടിസ്ഥാനത്തിലാണ്.മുപ്പത്തി അയ്യായിരം രൂപകൊണ്ട് ഒരു വീട് ഈ ഉയർന്ന പ്രദേശത്ത് നിർമിക്കുകയെന്നത് പ്രാവർത്തകമായതുകൊണ്ടാണ് സന്നദ്ധ പ്രവർത്തനത്തിലൂടെ 8 വീടുകൾ പൂർത്തീകരിച്ച് നൽകിയത്.ഇവിടുത്തെ കുടിവെള്ള പദ്ധതി ബ്ലോക്ക് പഞ്ചായത്തിൻ്റെ സഹായത്തോടുകൂടി നടപ്പിലാക്കിയതിലും പരിഷത്തിൻ്റെ ഇടപെടലുകൾ ഉണ്ടായിരുന്നു.
1996 മുതൽ 2001 വരെയുള്ള കാലഘട്ടങ്ങളിൽ ജനകീയാസൂത്രണ പ്രവർത്തനങ്ങൾ പരിഷത്ത് യൂണിറ്റിൻ്റെ ദൈനംദിന പ്രവർത്തനങ്ങളായി മാറി.ഇക്കാലത്ത് പരിഷത്ത് മേഖലാ കമ്മിറ്റികളെ ബ്ലോക്കടിസ്ഥാനത്തിൽ പുനർനിർണയിക്കപ്പെട്ടു.പരിഷത്ത് മേപ്പയ്യൂർ യൂണിറ്റ് മേലടി മേപ്പയ്യൂർ കമ്മറ്റിയിലേക്ക് മാറ്റി.പേരാമ്പ്ര മേഖലാ കമ്മറ്റിയുടെ ഭാരവാഹിയായി എം.രാജൻ മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്.വിവധ ഘട്ടങ്ങളിലായി RV അബ്ദുള്ള,പി കെ സുരേന്ദ്രൻ ,എം കെ കേളപ്പൻ എന്നിവർ പേരാമ്പ്ര മേഖലാ കമ്മിറ്റിയിൽ പ്രവർത്തിച്ചിരുന്നു.
സോഷ്യൽ ഫോറസ്ടി സർവ്വെ മേപ്പയ്യൂർ യൂണിറ്റ് കൃത്യമായി ഏറ്റെടുത്തു നിർവഹിച്ചു.ആരോഗ്യ ശിബിരത്തിൻ്റെ ഭാഗമായി പഞ്ചായത്തിൽ കാൽ നട പ്രചാരണ ജാഥ സംഘടിപ്പിക്കുകയും ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ഔഷധവിവര ചെപ്പ് എന്ന പ്രസിദ്ധീകരണം എത്തിച്ചുകൊടുക്കുകയും ചെയ്തു.എം.രാജൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ഈ പരിപാടി നിർവഹിക്കപ്പെട്ടത്.
2009 ഗലീലിയോ നാടകം പേരാമ്പ്രയിൽ നടന്ന സ്വീകരണപരിപാടിയുടെ പ്രചാരണാർത്ഥം യൂണിറ്റിൽ പുസ്തക വില്പന നടത്തി.പേരാമ്പ്ര സ്വീകരണ പരിപാടിയിൽ യൂണിറ്റിൻ്റെ നല്ല പ്രാതിനിധ്യം ഉണ്ടായിരുന്നു.2014 ൽ ഭൂമി പൊതുസ്വത്താണ് ,ഭൂമിയുടെ ഘടന മാറ്റരുത് എന്ന മുദ്രാവാക്യമുയർത്തികൊണ്ട് സംസ്ഥാനടിസ്ഥാനത്തിൽ നടന്ന ക്യാമ്പയിൻ്റെ ഭാഗമായി മേലടി മേഖലാ കമ്മറ്റി നടത്തിയ വാഹന പ്രചാരണ ജാഥയ്ക്ക് മേപ്പയ്യൂരിൽ ഗംഭീര സ്വീകരണം നൽകിയ ജാഥയ്ക്ക് കീഴരിയൂർ,തുറയൂർ,പയ്യോളി,തിക്കോടി,ചിങ്ങപുരം എന്നീ കേന്ദ്രങ്ങളിലും സ്വീകരണം ലഭിച്ചു.ഇതിലെ ഭൂരിപക്ഷ അംഗങ്ങളും മേപ്പയ്യൂരിലെ പരിഷത്ത് പ്രവർത്തകരായിരുന്നു.
2014 ഏപ്രിലിൽ 26,27 തിയ്യതികളിൽ പേരാമ്പ്ര വെച്ച് നടന്ന ജില്ലാസമ്മേളനത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ യൂണിറ്റിൽ പുസ്തകപ്രചാരണം നല്ല രീതിയിൽ നടന്നു.സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്നവർ യൂണിറ്റിൻ്റേയും മേഖലയുടേയും പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടുക എന്ന തിരുമാനത്തിൻ്റെ ഭാഗമായി കൊടക്കാട് ശ്രീധരൻ മാസ്റ്റർ ഈക്കാലയളവിൽ മേഖലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചത്.മേപ്പയ്യൂർ യൂണിറ്റിനെ സജീവമാക്കുന്നതിൽ ശ്രീധരൻ മാസ്റ്ററുടെ സഹായം നല്ല രീതിയിൽ ലഭിച്ചു.
മേലടി മേഖല രൂപീകരിച്ചപ്പോൾ എം.രാജൻ മാസ്റ്റർ ഭാരവാഹിയായി.പിന്നീട് പി.കെ സുരേന്ദ്രൻ ഇ.എം രാജീവൻ,എം .കെ കേളപ്പൻ ,ഇ.എം രാമദാസൻ,പി.എം ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരും മേഖലാ ഭാരവാഹികളായി പ്രവർത്തിച്ചിട്ടുണ്ട്.ഈ കാലയളവിൽ മേഖലാ സമ്മേളനം മേപ്പയ്യൂർ എൽ.പി സ്കൂളിൽ വെച്ചും ജില്ലാ സമ്മേളനം മേപ്പയ്യൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ വെച്ചും നല്ല രീതിയിൽ നടത്തിയിട്ടുണ്ട്.ജില്ലാ സമ്മേളനത്തിൻ്റെ സംഘാടകസമിതി ചെയർമാനായി കെ.കുഞ്ഞിരാമൻ പ്രവർത്തിച്ചു.
2020 ജനുവരി 11 "ആരാണ് ഇന്ത്യക്കാർ" എന്ന നാടകം അവതരിപ്പിച്ചുകൊണ്ട് നടത്തിയ കലാ ജാഥയ്ക് മേപ്പയ്യൂരിൽ ഗംഭീര സ്വീകരണം നൽകി.പൌരത്വ ബില്ലുമായി കേന്ദ്ര ഗവൺമെൻ്റ് മുന്നോട്ട് വന്നപ്പോൾ അതിൻ്റെ അപകടങ്ങളെ സംബന്ധിച്ചു ജനങ്ങളെ ബോധവാൻമാരാക്കുന്ന തികച്ചും കാലിക പ്രശക്തമായ സന്ദേശമുൾക്കൊണ്ടു തുടങ്ങിയ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടു.മേപ്പയ്യൂർ ടൌണിൽ കാലത്ത് നടന്ന പരിപാടിയായിട്ടും നല്ല രീതിയിൽ ഉള്ള പങ്കാളിത്തം ഉണ്ടാക്കുന്നതിന് സംഘാടക സമിതിക്ക് കഴിഞ്ഞു.പതിനാലായിരം രൂപയുടെ പുസ്തകങ്ങൾ യൂണിറ്റിൻ്റെ നേതൃതത്തിൽ പ്രചരിപ്പിച്ചു.ജാഥയുടെ സന്ദേശമുൾക്കൊള്ളുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചിരുന്നു.ജാഥാ സ്വീകരണത്തിൽ മാത്രം 68 ലഘുലേഖകൾ പ്രചരിപ്പിച്ചു.സ്വീകരണ പരിപാടിക്കുവേണ്ടി സംഘാടകസമിതി രൂപീകരിച്ചാണ് പ്രവർത്തിച്ചത്. എം.കെ കേളപ്പൻ കൺവീനറായും പി.പി രാധാകൃഷ്ണൻ ചെയർമാനായും പ്രവർത്തിച്ചു.
ഭാരവാഹികൾ
യൂണിറ്റ് സെക്രട്ടിമാർ
1980 മുതലുള്ള യൂണിറ്റ് സെക്രട്ടിമാർ
കെ.എം ചന്ദ്രൻ മാസ്റ്റർ
സി.പത്മനാഭൻ മാസ്റ്റർ
മാരാമ്പത്ത് ബാലകൃഷ്ണൻ
പ്രതിഭ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
എം എം കരുണാകരൻ മാസ്റ്റർ
തട്ടാറത്ത് വിജയൻ മാസ്റ്റർ
ചെറുവത്ത് കുഞ്ഞിച്ചോയി
ടി ശ്രീധരൻ
സി.പി അബൂബക്കർ
എം രാജൻ മാസ്റ്റർ
വിനോദ് വടക്കയിൽ
പി.കെ സുരേന്ദ്രൻ
എം.കെ കേളപ്പൻ
കെ സത്യൻ
എൻ ഹമീദ്
ഇ.എം രാമദാസൻ
വി.എം ബാലകൃഷ്ണൻ
വി.എം നാരായണൻ
സദാനന്ദൻ മാരാത്ത്
മേഖലാ ഭാരവാഹികളായി പ്രവർത്തിച്ചവർ
പേരാമ്പ്ര മേഖലാ ഭാരവാഹികളായി പ്രവർത്തിച്ച മേപ്പയ്യൂരിലെ പ്രവർത്തകർ
സി പത്മനാഭൻ മാസ്റ്റർ
എം രാജൻ മാസ്റ്റർ
മേഖലാ കമ്മറ്റിയിൽ പ്രവർത്തിച്ചവർ
പേരാമ്പ്ര മേഖലാ കമ്മറ്റിയിൽ പ്രവർത്തിച്ച മേപ്പയ്യൂരിലെ പ്രവർത്തകർ
ഇ.എം കുഞ്ഞിരാമൻ മാസ്റ്റർ
എം.കെ കേളപ്പൻ
പി.കെ സുരേന്ദ്രൻ
ആർ വി അബ്ദുളള
പി.എം ബാലകൃഷ്ണൻ
മേലടി മേഖലാഭാരവാഹികൾ
എം രാജൻ
എം.കെ കേളപ്പൻ
ഇ.എം രാജീവൻ
ഇ.എം രാമദാസൻ
പി.എം ബാലകൃഷ്ണൻ
പരിഷത്ത് പ്രവർത്തകരായിരുന്നവർ
ടി രാഘവൻ
ടി ദാമോദരൻ
കെ ടി നാരായണൻ
കെ പി രാമചന്ദ്രൻ
സി എം മാധവൻ
പി കെ ശങ്കരൻ
പി വി ശ്രീധരൻ
മരുതിയാട്ട് ചന്ദ്രൻ
ചോലയിൽ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
പട്ടോറക്കൽ അബ്ദുള്ള
എൻ.എം ഗോപാലൻ
ആർ.വി അബ്ദുറഹിമാൻ
ഷിംജിത്ത് കൂവല
കൂവല ശ്രീധരൻ
ഇ ബാബു
വിനോദ് കൊപ്പാരത്ത്
എൻ സുധാകരൻ
സർഗ സദാനന്ദൻ
എൻ കെ വിനോദൻ
ഓർമകളിൽ
1980 മുതൽ 2021 സപ്തംബർ 10 വരെയുള്ള മേപ്പയ്യൂർ യൂണിറ്റിൻ്റെ ചരിത്രം സമർപ്പിക്കുമ്പോൾ നമ്മളോട് ഒപ്പം പ്രവർത്തിക്കുകയും സഹകരിക്കുകയും നമ്മെ വിട്ടുപിരിഞ്ഞ നമ്മുടെ യൂണിറ്റിൻ്റെ ആരംഭകാലം തൊട്ട് നമുക്ക് മാർഗദർശിയായും സഹായിയായും പ്രവർത്തിച്ച പരിഷത്തിൻ്റെ കേന്ദ്ര നിർവാഹസമിതി വരെ പ്രവർത്തിച്ച കൊടക്കാട് ശ്രീധരൻ മാസ്റ്റർ,മേപ്പയ്യൂരിലെ കലാസാംസ്കാരിക മേഖലകളിലെ സൂര്യതേജസായിരുന്ന കെ.പി കായലാട്,മേപ്പയ്യൂരിലെ ജനങ്ങളുടെ ആശാകേന്ദ്രമായിരുന്ന കെ.കെ രാഘവൻ,മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും ജനകീയനുമായിരുന്ന വി.കെ കേളപ്പൻ മാസ്റ്റർ,പരിഷത്തിൻ്റെ മികച്ച സംഘാടകരായിരുന്ന ചെറുവത്ത് കുഞ്ഞിച്ചോയി,കുഞ്ഞിക്കണ്ണൻ മാസ്റ്റർ പരിഷത്ത് പ്രവർത്തകനായിരുന്ന പട്ടോറക്കൽ അബ്ദുള്ള എന്നീ മഹദ് വ്യക്തിത്വങ്ങളുടെ ഓർമയ്ക്ക് മുമ്പിൽ സ്മരണാജ്ഞലികൾ അർപ്പിക്കുന്നു.
ചരിത്ര നിർമാണത്തിൻ്റെ കരട് രൂപം തയ്യാറാക്കിയവർ
എം.കെ കേളപ്പൻ(കൺവീനർ)
എം.രാജൻ
ആർ.വി അബ്ദുള്ള
സദാനന്ദൻ മാരാത്ത്
എ.കെ ബാലൻ