അന്നം വിഷമാകുമ്പോൾ!
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
പ്രിയരേ, ഷവർമ്മ പ്രശ്നത്തോടെയാണത് നമ്മുടെ കണ്ണിൽ പെട്ടത്.നമ്മുടെ പ്രിയപ്പെട്ട ഹോട്ടലുകളിൽ നമുകായ് പാചകം ചെയ്യുന്ന നമുക്കിഷ്ടപ്പെട്ട ഭക്ഷണപദാർത്ഥങ്ങൾ എത്ര മാത്രം ശുദ്ധമാണ്, - മനുഷ്യർക്ക് കഴിക്കാൻ പറ്റുന്നതാണ്? വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിൽ ഭക്ഷണം വിളമ്പുന്ന പരിചാരകരുടെ പുഞ്ചിരി പോലെ തെളിമയാർന്നതാണാ ഭക്ഷണമെന്നുമൊക്കെ നമ്മൾ വിചാരിക്കുകയും വാങ്ങിക്കഴിക്കുകയും പ്രിയമുള്ളവർക്കായി വാങ്ങിക്കൊണ്ടു പോവുകയും ചെയ്തു. എന്നാൽ ഷവർമ്മ എന്ന ഭക്ഷണം കഴിച്ച് ഒരു കുടുമ്പം ആശുപത്രിയിലാവുകയും ഒരു കുട്ടി മരിക്കുകയും ചെയ്തതോടെ നമ്മളുടെ കരുതൽ തെറ്റാണെന്നു തെളിഞ്ഞൂ.എന്നാൽ നാട്ടിലെങ്ങുമുള്ള ഫുഡ് ഇനസ്പെക്ടർമാർ കർമ്മനിരതരായി രംഗത്തിറങ്ങുകയും ( നേരത്തേ അവർ കർമ്മ നിരതരല്ല എന്നിതിന് അർത്ഥമില്ല കെട്ടോ) നാടായ നാട്ടിലെ മുഴുവൻ ഹോട്ടലുകളും പരിശോധനാവിധേയമാക്കുകയും ചെയ്തു.ഇതോടെ നമ്മൾ ഞെട്ടിപ്പോയി.”വീടു വിട്ടാലൊരു വീട്” എന്നും മറ്റുമുള്ള ഹോട്ടലുകാരുടെ പരസ്യവാചകങ്ങൾ കേവലം അലങ്കാരം മാത്രമായിരുന്നെന്ന് നാമറിഞ്ഞു.അടുക്കളയിലേക്ക് കക്കൂസ് മാലിന്യം ഒഴുകിയെത്തുന്ന ( അടുക്കളയും കക്കൂസും ഒന്നാകുന്ന ) ഹോട്ടലുകൾ, എലികളും അതിനെ പിടിക്കാൻ പൂച്ചകളും അതിനെ പിടിക്കാൻ പട്ടികളും സ്വൈര്യവിഹാരം നടത്തുകയും ഭക്ഷണം സ്വാദുനോക്കുന്ന അടുക്കളകളും ഒക്കെ ഇവർ കണ്ടെത്തുകയും അത് ചാനലുകാർ ചൂടോടെ നമ്മുടെ മുൻപിൽ എത്തിക്കുകയും ചെയ്തു.( ചാനലുകാരും മാധ്യമക്കാരും അവരുടെ തൊഴിലിൽ എത്രമാത്രം ശരി ചെയ്യുന്നവരാണെന്നും നമുക്കറിയാം.).പക്ഷെ രണ്ടേ രണ്ടു ദിവസം, നമ്മുടെ ഹോട്ടലുകളൊക്കെ നന്നായി,വൃത്തിയും വെടുപ്പുമായി ഭക്ഷണം പാകം ചെയ്യാൻ തുടങ്ങി.റെയ്ഡ് നിന്നു,ചാനലുകാർ മറ്റു പണി നൊക്കിപ്പോയി.പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടു.പക്ഷെ സാധാരണ ജനമായ നമുക്കറിയാം ഒരിക്കലും ഇതിനൊന്നും ഒരു മാറ്റവും വന്നിട്ടില്ലെന്ന്.ഇപ്പോഴും പഴയ മാലിന്യക്കൂമ്പാരത്തിൽ തന്നെയായിരിക്കും ഭക്ഷണപാചകം.
അന്നം വിഷമായി മാറുന്നതെങ്ങനെയെന്ന് കണ്ടുവോ?
തീർന്നില്ല നമ്മുടെ പ്രശ്നങ്ങൾ !ഹോട്ടലുകൾ വൃത്തിയാക്കി വച്ചാൽ മാത്രം പ്രശ്നം തീരുമോ? ഇല്ലേയില്ല, പ്രശ്നങ്ങളിനിയും ബാക്കിയാണ്.കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിലൊരു ഭാരവണ്ടി മറിഞ്ഞു.രക്ഷാപ്രവർത്തനത്തിനെത്തിയ നാട്ടുകാർ കണ്ടത് ലോറിയിലെ ചരക്ക് വെറും കപ്പലണ്ടി തൊണ്ട് മാത്രം.ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ അയാൾ പറഞ്ഞത് തൊട്ടപ്പറത്തുള്ള മല്ലിപ്പൊടി കമ്പനിയിലേക്കുള്ള ലോഡാണിത് എന്നാണ്. ചുരുക്കി പറഞ്ഞാൽ ആ അപകടത്തോടെ നാട്ടുകാർ ഒരു സത്യം മനസ്സിലാക്കി - മല്ലിപ്പൊടി എന്ന പേരിൽ അവർ കഴിച്ചുകൊണ്ടിരുന്നത് കപ്പലണ്ടിതോടിന്റെ പൊടിയാണ് എന്ന്. പക്ഷേ അതൊരിക്കലും മനുഷ്യശരീരത്തിന് ഹാനികരമല്ല. എന്നാൽ ഉൽപ്പാദകർ ലാഭം വർദ്ധിപ്പിക്കുന്നതിനായി ഭക്ഷ്യവസ്തുക്കളിൽ ചേർക്കുന്ന അന്യപദാർത്ഥങ്ങൾ പലതും മനുഷ്യന് മാരകവിഷമാണ്.അരി ചുവപ്പിക്കാൻ അതിൽ റെഡ് ഓക്സൈഡും പാമോയിലും മിക്സ് ചെയ്ത് പിടിപ്പിക്കും.എന്നാൽ പാമോയിലിനു വില കൂടിയപ്പോൾ അതിനു പകരം മറ്റുവിഷകരമായ ഓയിലുകൾ ഉപയോഗിക്കുന്നു.മുളകുപൊടിയിൽ കളറു കിട്ടാൻ ചേർക്കുന്ന സുഡാൻ റെഡ് മറ്റൊരു വിഷവസ്തുവാണ്.മറ്റുസംഥാനങ്ങളിൽ - നമ്മുടെ നാട്ടിലും - വില്ക്കാനുള്ള പച്ചക്കറികൾ പ്രത്യേകമായിട്ടും അവർക്കാവശ്യമുള്ളത് പ്രത്യേകസ്ഥലത്തായും കൃഷി ചെയ്യുന്നു എന്നുള്ളത് ഒരു പഴയകാര്യമാണ്. വലിപ്പം വൈക്കാൻ,തുടുതുടുപ്പു തോന്നാൻ,ഒരേ സമയം പഴുക്കാൻ,ഒക്കെയായി നിരവധി രാസപദാർത്ഥങ്ങളുണ്ടത്രെ.ഇതു മുഴുവൻ മനുഷ്യൻ മരിച്ചു പോകാവുന്നത്ര വിഷവുമാണത്രെ ! കേരളം പോലെയൊരു ഉപഭോഗ സംസ്ഥാനത്ത് - ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള വസ്തുക്കൾ പുറമേ നിന്ന് ഇറക്കുമതി ചെയ്തുപയോഗിക്കുന്ന സംസ്ഥാനത്ത് ഇത്തരം വിഷപ്രയോഗങ്ങൾ മാരകമായി ഭവിക്കുന്നു.
അന്നം വിഷമായി മാറുന്നതെങ്ങനെയെന്ന് കണ്ടുവോ ?
തീർന്നില്ല ഇനിയുമുണ്ട് അന്നം വിഷമായി മാറുന്ന അവസ്ഥ.അദ്ധ്വാനശീലനായ ഒരു മനുഷ്യന് ഒരു ദിവസം 2300 കലോറി ഊർജമാണാവശ്യമെന്ന് യു എന്റെ ആരോഗ്യവിഭാഗം കണ്ടെത്തിയിട്ടുണ്ട്.അതിൽ കൂടുതൽ ഭക്ഷണം കഴിക്കുകയോ കഴിക്കുന്ന ഭക്ഷണത്തിലെ ഊർജം ചെലവാക്കാതിരുന്നാലോ ( അദ്ധ്വാനിച്ചു തീർക്കുകയോ) വന്നാൽ ആ ഊർജം കൊഴുപ്പായി മാറി നമ്മുടെ ശരീരത്തിൽ സംഭരിക്കപ്പെടും.ഇത് കൊളസ്ട്രോൾ, ഹൃദയാഘാതം,പക്ഷാഘാതം,പ്രമേഹം പോലുള്ള ദീർഘസ്ഥായിയായ അസുഖങ്ങൾക്ക് കാരണമാകും.ജീവിതശൈലീ രോഗങ്ങൾ എന്നാണവയെ പൊതുവേ പറയുക.( അതുണ്ടാക്കുന്ന സാമൂഹ്യ പ്രത്യാഘാതങ്ങൾ പരിഷത്തിന്റെ പല പുസ്തകങ്ങളിലും വിവരിച്ചിട്ടുള്ളതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല.)
അന്നം വിഷമായി മാറുന്നതെങ്ങിനെയെന്ന് കണ്ടുവോ ?
കേരള ശാസ്ത്ര സാഹിത്യപരിഷത്ത് അങ്കമാലി മേഖലയുടെ കീഴിലുള്ള കാലടി യൂണിറ്റ് 2012 ആഗസ്റ്റ് മാസം 19 ന് ഉച്ചക്ക് 2 മണിമുതൽ കാലടി ലക്ഷ്മിഭവൻ ഓഡിറ്റോറിയത്തിൽ വച്ച് “അന്നം വിഷമാകുമ്പോൾ” എന്ന വിഷയത്തിലൊരു ആരോഗ്യ സെമിനാർ നടത്തുന്നു.കാലടി പഞ്ചായത്തു പ്രസിഡണ്ടും സ്വാഗത സംഘം ചെയർമാനുമായ ശ്രീ.കെ.ബി.സാബുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സെമിനാർ അങ്കമാലി എം എൽ എ ശ്രീ ജോസ് തെറ്റയിൽ ഉൽഘാടനം ചെയ്യും. തുടർന്ന് നാഗാർജുന ആയുർവേദ കേന്ദ്രം,കാലടിയിലെ ചീഫ് ഫിസിഷ്യൻ ഡോ.കൃഷ്ണൻ നമ്പൂതിരി “ ആഹാരവും ജീവിത ശൈലീരോഗങ്ങളും - ആയുർവേദവീക്ഷണത്തിൽ” എന്ന വിഷയത്തിൽ സംസാരിക്കും.പിന്നീട് ഫെഡരൽ ബാങ്ക് ചീഫ് മാനേജർ.(റിട്ട.) ഉം ഒരു ഹൈ ടെക് കർഷകനുമായ ശ്രീ.വർഗീസ് കോയിക്കര “ഭക്ഷ്യസ്വാശ്രയത്തിലേക്ക് ഒരു ചുവട്” എന്ന വിഷയവും കൈകാര്യം ചെയ്യും.പിന്നീട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി അംഗവും ജില്ലാതല ആരോഗ്യ വിഷയസമിതി കൺവീനറുമായ ശ്രീ. കെ.ഡി.കാർത്തികേയൻ : പകർച്ചവ്യാധികളും പരിസരമലിനീകരണവും എന്ന വിഷയവും അവതരിപ്പിച്ച് സംസാരിക്കും.
എല്ലാവർക്കും സ്വാഗതം എം എസ് മോഹനൻ സെക്രട്ടറി കെ എസ് എസ് പി കാലടി യൂണിറ്റ് കൺവീനർ സ്വാഗതസംഘം.