"അന്ധവിശ്വാസങ്ങളും അനാചാരങ്ങളും (തടയുന്നതിനും നിർമാർജ്ജനം ചെയ്യുന്നതിനുമുള്ള) ബിൽ - 2014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(പോസ്റ്റർ അപ്ഡേറ്റ്)
 
വരി 4: വരി 4:
{{Infobox book
{{Infobox book
| name          = അന്ധവിശ്വാസങ്ങളും അനാചാരങ്ങളും (തടയുന്നതിനും നിർമാർജ്ജനം ചെയ്യുന്നതിനുമുള്ള) ബിൽ - 2014
| name          = അന്ധവിശ്വാസങ്ങളും അനാചാരങ്ങളും (തടയുന്നതിനും നിർമാർജ്ജനം ചെയ്യുന്നതിനുമുള്ള) ബിൽ - 2014
| image          =  [[പ്രമാണം:അന്ധവിശ്വാസ നിരോധന നിയമം.png|200px|alt=Cover]]
| image          =  [[പ്രമാണം:Kssp poster.png|200px|alt=Cover]]
| image_caption  =   
| image_caption  =   
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

08:27, 12 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

Superstitions and Evil practices (Prevention and Eradication) Bill - 2014 കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയത്‌



അന്ധവിശ്വാസങ്ങളും അനാചാരങ്ങളും (തടയുന്നതിനും നിർമാർജ്ജനം ചെയ്യുന്നതിനുമുള്ള) ബിൽ - 2014
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം ശാസ്ത്രബോധം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജനുവരി, 2014


ആമുഖം

പ്രിയപ്പെട്ടവരേ,


ജീവിതഗുണമേന്മയിലും വിദ്യാഭ്യാസവ്യാപനത്തിന്റെ കാര്യത്തിലും മറ്റും കേരളം വളരെ ഉയർന്നുനിൽക്കുന്നു എന്നത് അഭി മാനാർഹമാണ്. എന്നാൽ പഴയതും പുതിയതുമായ അന്ധവിശ്വാസങ്ങളുടെ പേരിൽ ചൂഷണത്തിനും തട്ടിപ്പിനും ഇരയാവുന്നവരുടെ എണ്ണം കേരളത്തിൽ ഭീതിജനകമാംവിധം പെരുകിവരുന്നു എന്നതും വസ്തുതയാണ്. ഉചിതമായ ചികിത്സ നടത്തുന്നതിനുപകരം മന്ത്രവാദികളുടെ കൊടിയ പീഡനത്തിന് വിധേയമാക്കിയതുമൂലം കഴിഞ്ഞ മൂന്നുമാസങ്ങൾക്കിടയിൽ മൂന്ന് യുവതികൾ കരുനാഗപ്പള്ളിയിലും പത്തനംതിട്ടയിലും വളാഞ്ചേരിയിലും കൊല്ലപ്പെട്ടത് കേരളസമൂഹം എവിടെയെത്തിനിൽക്കുന്നു എന്ന് സംശയരഹിതമായി നമ്മെ ബോധ്യപ്പെടുത്തുന്നു.വിദ്യാസമ്പന്നരായവരെ കുരുക്കുന്നതിന് പ്രത്യേകം രൂപകല്പന ചെയ്ത അന്ധവിശ്വാസങ്ങളും മാധ്യമങ്ങൾ വഴി വ്യാപകമായി തടസ്സങ്ങളൊന്നുമില്ലാതെ പ്രചരിപ്പിക്കപ്പെടുന്നു. ഈ സാഹചര്യത്തിൽ അന്ധവിശ്വാസചൂഷണത്തിനെതിരായ പ്രചാരണപ്രവർത്തനങ്ങൾ ബഹുജനസംഘടനകളുടെ നേതൃത്വത്തിൽ വ്യാപകമായി നടക്കേണ്ടതുണ്ട്. ശാസ്ത്രസാഹിത്യപരിഷത്ത് ഇപ്രകാരമുള്ള ഒരു ക്യാമ്പെയിൻ നടത്തിവരികയാണ്. 2014 നവംബർ 7 (സി.വി.രാമൻദിനം) മുതൽ 2015 ഫെബ്രുവരി 28 (ദേശീയ ശാസ്ത്രദിനം) വരെ നടക്കുന്ന ശാസ്‌ത്രോത്സവങ്ങളാണ് അതിൽ പ്രധാന ഇനം. താങ്കളുടെ പ്രദേശത്ത് നടക്കുന്ന ശാസ്‌ത്രോത്സവ പരിപാടികളിൽ താങ്കളുടെ പങ്കാളിത്തവും സഹകരണവും അഭ്യർത്ഥിക്കുന്നു. ഇതോടൊപ്പം അന്ധവിശ്വാസചൂഷണങ്ങൾക്കെതിരായ നിയമനിർമാണം നടത്തുന്നതിനുള്ള പ്രവർത്തനങ്ങളും പ്രധാനമാണ്. മഹാരാഷ്ട്രയിൽ ഒരു വർഷമായി ഇത്തരമൊരു നിയമം നിലവിലുണ്ട്. കർണാടക സർക്കാർ നിയമം തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. കേരളത്തിലും സമാനമായൊരു നിയമം നിർമിക്കുന്നതിനാവശ്യമായ നടപടി ഉണ്ടാകണ മെന്നാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രിക്കും എല്ലാ എംഎൽഎ മാർക്കും പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച ഒപ്പുകൾ സഹിത മുള്ള നിവേദനം പരിഷത്ത് നൽകുകയുണ്ടായി. നിയമം സർ ക്കാരിന്റെ പരിഗണനയിലാണെന്ന് നിയമസഭയിലെ ചോദ്യാത്തര വേളയിൽ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി നൽകിയിട്ടുണ്ട്. നിയമവിദഗ്ധരുടെയും സാമൂഹികപ്രവർത്തകരുടെയും മറ്റും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉൾക്കൊണ്ട് ഒരു കരട് നിയമം പരിഷത്ത് തയ്യാറാക്കുകയും അത് സർക്കാരിന് സമർപ്പി ക്കുകയും ചെയ്തിട്ടുണ്ട്. ഒപ്പം നിയമത്തിന്റെ ആവശ്യകത സംബന്ധിച്ചും ഉള്ളടക്കം സംബന്ധിച്ചും വ്യാപകമായ ചർച്ചകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലാകമാനമുള്ള ഉത്തര വാദിത്തപ്പെട്ട പൊതുപ്രവർത്തകർ ഈ ചർച്ചയിൽ ഇടപെടുകയും നിയമത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്യുമ്പോഴാണ് ഇതൊരു ജനകീയ പ്രക്രിയ യായി വികസിക്കുക. താങ്കൾ ഈ ജനകീയ ബില്ല് ഗൗരവമായി പരിശോധിക്കുകയും ഇത് സംബന്ധിച്ചുള്ള ചർച്ചകളിലും പ്രവർത്ത നങ്ങളിലും പങ്കാളിയാവുകയും ചെയ്യണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്



അന്ധവിശ്വാസങ്ങളും അനാചാരങ്ങളും (തടയുന്നതിനും നിർമാർജ്ജനം ചെയ്യുന്നതിനുമുള്ള) ബിൽ - 2014 Superstitions and Evil practices (Prevention and Eradication) Bill - 2014

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും (തടയുന്നതിനും നിർമാർജ്ജനം ചെയ്യുന്നതിനുമുള്ള) ബിൽ - 2014 Superstitions and Evil practices (Prevention and Eradication) Bill - 2014 കേരളസംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആൾദൈവവിശ്വാസവും പ്രചരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും അതിനനുസൃതമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതും തടഞ്ഞ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്രബോധമുള്ള ഒരു സമൂഹമായി കേരളത്തെ മാറ്റുന്നതിനുള്ള ബിൽ

പീഠിക

നവോത്ഥാനപ്രവർത്തനങ്ങളിലൂടെ ജാതിമതവിവേചനവും സാമൂഹികപിന്നോക്കാവസ്ഥയും വലിയൊരളവ് വരെ ഇല്ലാതാക്കിയ സംസ്ഥാനമാണ് കേരളം. ഇന്ന് നമ്മൾ സാമ്പത്തികമായ ഉണർവ്വിലാണെങ്കിലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ആൾദൈവവിശ്വാസവും അതിന്റെയെല്ലാം പേരിലുള്ള ചൂഷണവും കൂടിക്കൂടി വരികയാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരാണ് ഇതിന്റെ പ്രധാന ഇരകൾ. ഇത്തരക്കാരെ മാനസികമായി ദുർബലരാക്കാനും ചൂഷണത്തിന് വിധേയരാക്കാനും ബോധപൂർവമായ ശ്രമങ്ങളും നടക്കുന്നു. വ്യാപകമായ സ്ത്രീചൂഷണത്തിനും ശിശുപീഡനത്തിനും ഈ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉപയോഗിക്കപ്പെടുന്നുമുണ്ട്. ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർട്ടൈസ്‌മെന്റ്) ആക്ട് 1954 നിലവിലുണ്ടായിട്ടും മാന്ത്രികഏലസ്സുകൾ, ധനാകർഷണ യന്ത്രം, ദിവ്യശക്തിപ്രാർത്ഥന, കുട്ടിച്ചാത്തൻ അനുഗ്രഹം, വാസ്തു, മന്ത്രവാദം, രോഗശാന്തിചികിത്സ, ഭാഗ്യനക്ഷത്രക്കല്ലുകൾ, ജ്യോത്സ്യം, വലംപിരിശംഖ് തുടങ്ങി അനേകം തട്ടിപ്പുകളുടെ പരസ്യങ്ങൾ ബഹുജനമാധ്യമങ്ങളിൽ നിർലോഭമായി വന്നു കൊണ്ടുമിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിച്ച് നേട്ടമുണ്ടാക്കാൻ കഴിയുന്ന ഒരു സാമൂഹിക സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ചും ചാരിറ്റബിൾ സൊസൈറ്റികൾ രൂപീകരിച്ചും നികുതികൾ പോലും നൽകാതെയും സമ്പന്നരായി മാറുകയാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ. മനുഷ്യന്റെ യുക്തിപരതക്കും ശാസ്ത്രബോധത്തിനും നിരക്കാത്ത ഇത്തരം പ്രവൃത്തികൾ സാമൂഹികപുരോഗതിയെ പിന്നോട്ടടിച്ചു കൊണ്ടിരിക്കുകയാണ്. വർധിച്ചുവരുന്ന അസമത്വവും ജീവിതസുരക്ഷിതത്വമില്ലായ്മയും അന്ധവിശ്വാസങ്ങൾ പെരുകുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കാമെങ്കിലും, അസമത്വം ഇല്ലാതാകുന്നതുവരെയും ജീവിതസുരക്ഷ ഉറപ്പാക്കുന്നതുവരെയും ഈ ചൂഷണം തുടരുന്നതിനുള്ള അനുവാദം നൽകാൻ ഒരു രാഷ്ട്രത്തിനും കഴിയില്ല. പൗരന്റെ മതവിശ്വാസത്തിനും ദൈവവിശ്വാസത്തിനും പൂർണസ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് ശാസ്ത്രബോധത്തിലും യുക്തിബോധത്തിലും അടിസ്ഥാനമായ ഒരു സാമൂഹിക ഉന്നതിയാണ് നമ്മുടെ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. ശാസ്ബോധവും അന്വേഷണത്വരയും വളർത്തേണ്ടത് ഓരോ പൗരന്റെയും കടമയായി ഭരണഘടന അംഗീകരിച്ചിട്ടുമുണ്ട്. ഭരണഘടന അനുശാസിക്കുന്ന സാമൂഹിക നിർമിതി സാധ്യമാകണമെങ്കിൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും നിയന്ത്രിക്കാനും ഉന്മൂലനം ചെയ്യാനും കഴിയുന്നവിധത്തിൽ നിയമനിർമാണം ഉണ്ടാകേണ്ടതുണ്ട്. അത്തരത്തിൽ ഒരു സാമൂഹിക നിർമിതിസാധ്യമാകുന്നവിധം കേരള സംസ്ഥാനത്ത് ഒരു നിയമം കൊണ്ടുവരികയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

I ചുരുക്കപ്പേരും പ്രാരംഭവും

1. ഈ ബിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും (തടയുന്നതിനും നിർമാർജ്ജനം ചെയ്യുന്നതിനുമുള്ള) ബിൽ - 2014 എന്നറിയപ്പെടുന്നതായിരിക്കും.

2. കേരളസംസ്ഥാനത്തിൽ ഒട്ടാകെ ഈ നിയമം ബാധകമായിരിക്കും.

3. ഗസറ്റിൽ പരസ്യം ചെയ്യുന്ന തിയ്യതി മുതൽ നിയമം പ്രാബല്യത്തിൽ വരുന്നതാണ്.

II നിർവചനങ്ങൾ

ഈ ആക്ടിൽ സന്ദർഭം മറ്റുവിധത്തിൽ ആവശ്യപ്പെടാത്ത പക്ഷം :-

1. കോഡ് (സംഹിത)എന്നാൽ 1973ലെ ക്രിമിനൽ നടപടി നിയമസംഹിത എന്ന് അർത്ഥമാക്കുന്നു.

2. അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ എന്നാൽ ഇതോടൊപ്പം പ്രത്യേകമായി ചേർന്നിട്ടുള്ള പട്ടികയിൽ ഉൾപ്പെട്ട പ്രവർത്തനങ്ങളും അതിന്റെ പ്രചാരവും നടത്തിപ്പും പ്രേരണയും എന്ന് അർത്ഥമാക്കുന്നു.

3. പ്രചരിപ്പിക്കുക എന്നാൽ എല്ലാവിധ മാധ്യമങ്ങൾ ഉപയോഗിച്ചും ഏജന്റുമാരുടെ സേവനം ഉപയോഗപ്പെടുത്തിയും നേരിട്ടുള്ള പ്രഭാഷണം വഴിയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അമാനുഷികകഴിവുകളും പ്രചരിപ്പിക്കുക എന്ന് അർത്ഥമാക്കുന്നതാണ്.

4. ചട്ടങ്ങൾ എന്നത് ഈ ബില്ലിന്റെ ചട്ടങ്ങൾ എന്ന് അർത്ഥമാക്കുന്നതാണ്.

5. പട്ടിക എന്നത് ഈ നിയമത്തിന്റെ ഭാഗമായ പട്ടിക എന്ന് അർത്ഥമാക്കുന്നതാണ്.

6. വിജിലൻസ് ഓഫീസർ എന്നത് ഈ നിയമത്തിനാൽ നിയോഗിക്കപ്പെടുന്നതായ ഉദ്യോഗസ്ഥൻ എന്ന് അർത്ഥമാക്കുന്നതാണ്.

7. കുറ്റകൃത്യങ്ങൾ എന്നത് ഈ നിയമത്തിൻകീഴിലോ, ഇന്ത്യൻ ശിക്ഷാനിയമത്തിൻകീഴിലോ, കേരളത്തിൽ നിലനിൽക്കുന്ന മറ്റു നിയമങ്ങളുടെ കീഴിലോ കുറ്റകൃത്യമായി വ്യവസ്ഥപ്പെടുത്തിയ കൃത്യം എന്ന് അർത്ഥമാക്കുന്നതാണ്.

8. സർക്കാർ എന്നത് കേരള സംസ്ഥാന സർക്കാർ എന്ന് അർത്ഥമാക്കുന്നതാണ്.


III. നിയന്ത്രണവും നിരോധനവും 1. ഒരാൾ സ്വന്തം നിലയിലോ മറ്റു വ്യക്തികളുടെ പ്രേരണ, സമ്മർദ്ദം, നിർബന്ധം ഇവ മൂലം അവർ മുഖാന്തിരമോ, അനാചാര-അന്ധവിശ്വാസ-നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുകയോ, പങ്കാളിയാവുകയോ, സഹായിക്കുകയോ, ഗുണ ഭോക്താവാകുകയോ, പ്രചാരകനാവുകയോ ചെയ്യാൻ പാടുള്ളതല്ല.

2. അനാചാര-അന്ധവിശ്വാസ-നിയമവിരുദ്ധ പ്രവൃത്തികൾക്ക് പ്രേരണയോ പ്രോത്സാഹനമോ നൽകുകയോ, പരസ്യമോ പ്രചാരണമോ ബോധനമോ നടത്തുകയോ ചെയ്യാൻ പാടുള്ളതല്ല.

3. അനാചാര-അന്ധവിശ്വാസ-നിയമവിരുദ്ധ പ്രവർത്തനങ്ങൾ വഴി സാമൂഹികമായോ, രാഷ്ട്രീയമായോ, മതപരമായോ നേട്ടങ്ങളും സാമ്പത്തികമായി ലാഭവും സ്വയം ഉണ്ടാക്കുകയും മറ്റൊരാളിന് മറിച്ച് കഷ്ടനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രവൃത്തികളിൽ ഏർപ്പെടാനോ പങ്കാളിയാകാനോ സഹായിക്കാനോ പാടുള്ളതല്ല.

4. അനാചാര-അന്ധവിശ്വാസ-നിയമവിരുദ്ധ പ്രവൃത്തികൾക്ക് പ്രേരകമോ പ്രോത്സാഹജനകമോ ആയ വിധം പരസ്യമോ പ്രചാരണമോ നൽകുന്നതിനായി മുദ്രണ-ദൃശ്യ-ശ്രവണ- ഇലക്‌ട്രോണിക് മാധ്യമങ്ങളോ അവയുടെ ഉപാധികളോ വിനി യോഗിക്കുവാൻ പാടുള്ളതല്ല.

5. ഈ നിയമം വ്യവസ്ഥപ്പെടുത്തുന്നതിനുപുറമേ ഇന്ത്യൻ ക്രിമിനൽ നടപടി നിയമസംഹിതയാൽ പരിഗണനീയമോ ഇന്ത്യൻ ശിക്ഷാനിയമത്താലോ നിലവിലുള്ള മറ്റു നിയമങ്ങളാലോ കുറ്റകരമായ പ്രവൃത്തി എന്ന് വ്യവസ്ഥപ്പെടുത്തിയിട്ടുള്ളതോ ആയ കൃത്യങ്ങൾ ചെയ്യാനോ സഹായിക്കാനോ പങ്കാളിയാകാനോ പ്രചരിപ്പിക്കാനോ പാടുള്ളതല്ല.

6. മേൽ വ്യവസ്ഥകളിൽ പരാമർശിക്കുന്ന കൃത്യത്തിന്റെ ഫലമായി ശാരീരികമോ മാനസികമോ വൈകാരികമോ സാമ്പ ത്തികമോ സാമൂഹികമോ ആയ ചൂഷണമോ ധ്വംസനമോ പാടുള്ളതല്ല.

7. സർക്കാർ ശമ്പളം പറ്റുന്നവരോ ജനപ്രതിനിധികളോ പട്ടികയിൽ പെടുത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ പ്രചാരകരോ വിശ്വാസികളോ ആകാൻ പാടുള്ളതല്ല.

IV. . വിജിലൻസ് ഓഫീസർ

1. കേരള സർക്കാറിന്റെ വിശേഷാൽ വിജ്ഞാപനംവഴി ഒരു ജില്ലയിൽ 5ൽ കുറയാതെ പോലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർ റാങ്കിൽ താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനെ വിജിലൻസ് ഓഫീസറായി നിയമിക്കേണ്ടതാണ്. ഇവർക്ക് 3 മാസത്തിൽ കുറയാത്ത പ്രത്യേക പരിശീലനം നൽകേണ്ടതാണ്. ആവശ്യമെന്നുകണ്ടാൽ തുടർപരിശീലനവും നൽകേണ്ടതാണ്.

2. വിജിലൻസ് ഓഫീസർ താഴെ പറയുന്ന കർത്തവ്യങ്ങൾ നിർവഹിച്ചിരിക്കണം : (a) നിയമത്തിൽ പറഞ്ഞിട്ടുള്ള കുറ്റകൃത്യങ്ങൾ കണ്ടെത്തി നിയമപരമായ നടപടികൾ കൈ ക്കൊള്ളൽ. കുറ്റകൃത്യങ്ങളുടെ വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളൽ. ജനങ്ങളുടെ ഇടയിൽ ക്ലാസുകളിലൂടെയും മറ്റുമുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ.

(b) കുറ്റം നടന്നു എന്ന് കണ്ടെത്തിയാൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് വേണ്ട നടപടികൾ കൈക്കൊള്ളൽ. ഫോണിലൂടെയോ ഇന്റർനെറ്റിലൂടെയോ എഴുതി നൽകപ്പെട്ട പരാതിയിലൂടെയോ (ഇരയാക്കപ്പെട്ടവരുടെ പരാതി മാത്രമാകണമെന്നില്ല) എത്രയും പെട്ടെന്ന് നടപടി എടുക്കുന്നതിനും തുടർനടപടി എടുക്കുന്നതിനും എല്ലാവിധ സഹായങ്ങളും നൽകുക.

(c) തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ കൈക്കൊള്ളൽ. കഴിയാവുന്നത്ര തെളിവുകൾ സംഭവം നടന്ന ഉടനെത്തന്നെ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളൽ.

(d) സബ്‌സെക്ഷൻ 1 പ്രകാരം നിയമിതനായിട്ടുള്ള വിജിലൻസ് ഓഫീസറുടെ കടമ നിർവഹിക്കുന്നതിന് ഏതെങ്കിലും വിധേനയുള്ള തടസ്സങ്ങൾ സൃഷ്ടിച്ചാൽ അത്തരക്കാരെ 3 മാസം മുതൽ 3 വർഷം വരെ തടവും 3000 മുതൽ 3 ലക്ഷം രൂപ വരെ പിഴയും നൽകുന്ന വിധത്തിൽ ശിക്ഷിക്കുന്നതായിരിക്കും.

(e)വിജിലൻസ് ഓഫീസർ ഇന്ത്യൻ പീനൽകോഡ് ഐപിസി സെക്ഷൻ 21 പ്രകാരം നിർവചിച്ചിട്ടുള്ള പബ്ലിക്ക് സെർവ്വന്റ് ആയിരിക്കും.

(f) വിജിലൻസ് ഓഫീസർക്ക് സ്ഥലപരിശോധന നടത്തുന്നതിനും കുറ്റകൃത്യങ്ങൾ സംബന്ധിച്ച രേഖകളും മറ്റു തെളിവുകളും ശേഖരിക്കുന്നതിനും ആവശ്യമായ എല്ലാ സഹായങ്ങളും സന്നാഹങ്ങളും ലോക്കൽ പോലീസ് സ്റ്റേഷനിൽനിന്ന് നൽകേണ്ടതാണ്. ഇതിനാവശ്യമായ ഉത്തരവുകൾ ഗവണ്മെന്റ് ഇറക്കേണ്ടതാണ്.

(g) വിജിലൻസ് ഓഫീസർക്ക് സ്ഥലപരിശോധന നടത്തുന്നതിനും രേഖകളും മറ്റു വസ്തുക്കളും പിടിച്ചെടുക്കുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും കേസ് റെജിസ്ടർ ചെയ്യുന്നതിനുമാവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും അധികാരം ഉണ്ടായിരിക്കുന്നതാണ്.

(h) പരിശോധന, കണ്ടുകെട്ടൽ തുടങ്ങിയ കാര്യങ്ങളിൽ ഇന്ത്യൻ ക്രിമിനൽ പ്രൊസീജിയർ കോഡിലെ സെക്ഷൻ 94 പ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും ഈ ബില്ലിനും ബാധകമാണ്.

(i) കണ്ടെടുത്ത രേഖകളും കണ്ടെടുത്ത മറ്റ് വസ്തുക്കളും മജിസ്‌ട്രേറ്റിനെ ബോധ്യപ്പെടുത്തി കസ്റ്റഡിയിൽ സൂക്ഷിക്കാൻ ആവശ്യമായ ഉത്തരവുകൾ വാങ്ങേണ്ടതാണ്.

(j) കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനും വിചാരണ നടത്തുന്നതിനും കോഡിൽ (സി.ആർ.പി.സി) പറഞ്ഞിട്ടുള്ള നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്.

(k) ഈ നിയമപ്രകാരം വിജിലൻസ് ഓഫീസർ പോലീസ് ഓഫീസർ ആകയാൽ കേരളാപോലീസ് ആക്ട്പ്രകാരം വിജിലൻസ് ഓഫീസർ ഉത്തമവിശ്വാസത്തിലെടുക്കുന്ന നടപടികൾക്ക് എല്ലാവിധ സംരക്ഷണവും ഉണ്ടായിരിക്കും.

V. കുറ്റവിചാരണയും ശിക്ഷയും 1. ഈ നിയമം പ്രതിപാദിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്തവരെ വാറന്റില്ലാതെ അറസ്റ്റുചെയ്യാനും ജാമ്യമില്ലാതെ കസ്റ്റഡിയിൽ സൂക്ഷിക്കാനും കഴിയുന്നതായിരിക്കും.

2. ഈ നിയമം പ്രതിപാദിക്കുന്ന കുറ്റാരോപണവിഷയങ്ങൾ 1-ാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറയാത്ത ന്യായാധിപന്മാർക്ക് അതത് അധികാരപരിധിപ്രകാരം പരിഗണി ക്കാവുന്നതും തീർപ്പാക്കാവുന്നതുമാണ്.

3. ഈ നിയമം പ്രതിപാദിക്കുന്ന ഏതൊരു കുറ്റകൃത്യവും ആയതിന്റെ ലഘു-ഗുരുത്വമനുസരിച്ച് 6 മാസം മുതൽ 7 വർഷം വരെ തടവോ, 5000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ വിധിക്കാവുന്ന കുറ്റകൃത്യങ്ങളായിരിക്കും.

4. ഇരകളുടെ നഷ്ടപരിഹാരാർത്ഥം പ്രതികളിൽനിന്നോ അവരുടെ സ്വത്തുവകകളിൽനിന്നോ നഷ്ടപരിഹാരം ഈടാക്കിനൽകാൻ കോടതിക്ക് ഉത്തരവിടാവുന്നതാണ്.

5. ഇരകളുടെ സംരക്ഷണത്തിനായി വരുന്ന ചെലവുകൾ പ്രതിയുടെ വരുമാനത്തിൽനിന്നോ സ്വത്തുവകകളിൽ നിന്നോ വസൂലാക്കിയെടുക്കാൻ വിധിക്കാവുന്നതാണ്.

6. കുറ്റവിചാരണ സംബന്ധമായ ഏതൊരു നടപടിയും റിവിഷൻ, റിവ്യു, അപ്പീൽ എന്നിവ ക്രിമിനൽ നടപടിക്രമ നിയമസംഹിത വ്യവസ്ഥപ്പെടുത്തും വിധം ആയിരിക്കുന്നതാണ്.

7. കുറ്റാന്വേഷണ-വിചാരണയിൽ ക്രിമിനൽ നടപടിക്രമനിയമം വകുപ്പ് 94 പ്രകാരമുള്ള നടപടികൾ പാലിച്ചിരിക്കേണ്ടതാണ്.

8. പ്രതികൾ കുറ്റക്കാരായി കണ്ട് ശിക്ഷിക്കപ്പെടുന്നപക്ഷം തത്സംബന്ധമായ വിവരങ്ങൾ മുദ്രണ-ദൃശ്യ-ശ്രവണമാധ്യമങ്ങൾ വഴി സമൂഹശ്രദ്ധയിൽ കൊണ്ടുവരേണ്ടതാണ്.

9. സർക്കാർ-അർധസർക്കാർ ഉദ്യോഗസ്ഥർ ഈ നിയമം പ്രതിപാദിക്കുന്ന കുറ്റകൃത്യം ചെയ്തതായി തെളിഞ്ഞാൽ പരമാവധി ശിക്ഷ ഉറപ്പാക്കേണ്ടതും അവരെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യേണ്ടതുമാണ്.

10. ജനപ്രതിനിധികൾ ഈ നിയമം പ്രതിപാദിക്കുന്ന കുറ്റകൃത്യം ചെയ്തതായി തെളിഞ്ഞാൽ പരമാവധി ശിക്ഷ ഉറപ്പാക്കേണ്ടതും അവരെ തൽസ്ഥാനത്തുനിന്നും നീക്കം ചെയ്യേണ്ടതുമാണ്.


VI. ബോധവൽകരണം

1. പ്രാഥമികതലംമുതൽ വിദ്യാഭ്യാസപാഠ്യപദ്ധതിയിൽ ഈ നിയമം സംബന്ധമായ ബോധനശകലങ്ങൾ ഉറപ്പാക്കണം.

2. സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള മുദ്രണ-ദൃശ്യ-ശ്രവണമാധ്യമങ്ങൾവഴി ഈ നിയമസംബന്ധമായ ബോധവൽകരണം ഉറപ്പാക്കണം.

3. പ്രസ്തുത ഉപാധികൾവഴി നിയമത്തിന് വിരുദ്ധമോ നിഷിദ്ധമോ ആയ പ്രചാരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.

4. ജനങ്ങളിൽ യുക്തിചിന്തയും ശാസ്ത്രബോധവും ഉൽപതിഷ്ണുത്വവും ഉറപ്പാക്കാൻ ഉതകുന്ന എല്ലാവിധ പ്രവർത്തനവും സംഘാടനവും പ്രോത്സാഹിപ്പിക്കണം.

5. ഇരകളുടെ പുനരധിവാസം, പരിരക്ഷ, ബോധവൽകരണം മുതലായവയ്ക്ക് ആവശ്യമായ വിഭവലഭ്യതയ്ക്കായി സർക്കാർ നിശ്ചിതതുക വകയിരുത്തി ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ച് പരിപാലിക്കണം.

VII.. ഒഴിവുകഴിവുകൾ

സദുദ്ദേശപരമായി ഈ നിയമത്തിനുകീഴിൽ സ്വീകരിക്കപ്പെടുന്ന ഏതൊരു നടപടിയ്ക്കും നിയമപിൻബലവും പരിരക്ഷയും ഉണ്ടായിരിക്കുന്നതാണ്.

VIII. . ചട്ടങ്ങളുണ്ടാക്കാനുള്ള അധികാരം

ഈ നിയമത്തിന്റെ നടത്തിപ്പിന് ആവശ്യമായ ചട്ടങ്ങൾ ഉണ്ടാക്കാനും പട്ടിക രൂപപ്പെടുത്താനും പരിഷ്‌കരിക്കാനും വിജ്ഞാപനത്തിനുമുള്ള അധികാരം സർക്കാറിൽ നിക്ഷിപ്മായിരിക്കുന്നതാണ്.

IX.. പട്ടിക

1. പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരിൽ നടത്തുന്ന എല്ലാവിധ ശാരീരിക, മാനസിക പീഡനങ്ങൾ, ലൈംഗികവേഴ്ച, മനുഷ്യരുടെയും മൃഗങ്ങളുടെയും മലമൂത്ര വിസർജ്യങ്ങൾ ഭക്ഷിപ്പിക്കൽ തുടങ്ങിയ എല്ലാവിധ നീചപ്രവർത്തനങ്ങളും.

2. ഒരാൾ, തന്നിൽ ദൈവീകമായ സിദ്ധി കുടികൊള്ളുന്നു എന്നും അന്തരിച്ച പുണ്യാത്മാക്കളുടെ പുനർജന്മമാണ് എന്നും അവകാശപ്പെട്ടുകൊണ്ടും അതിനെ തന്ത്രപൂർവം പ്രചരിപ്പിച്ചുകൊണ്ടും മറ്റുള്ളവരെക്കൊണ്ട് തന്റെ അഭീഷ്ടത്തിനനുസരിച്ച് പ്രവർത്തിപ്പിക്കാനും അതിനു വിസമ്മതിച്ചാൽ ഭീഷണിപ്പെടുത്താനും ശ്രമിക്കുക.

3. പ്രേതം, പിശാച്, ഒടിയൻ എന്നുതുടങ്ങി വിവിധ നാട്ടുഭാഷകളിൽ അറിയപ്പെടുന്ന അനേകതരം അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതും ഇവയെ ഒഴിവാക്കുന്നതിനുവേണ്ടി എന്നവകാശപ്പെട്ടുകൊണ്ട് നടത്തുന്ന മന്ത്രവാദം, ചരടുകെട്ടൽ, ജപിച്ചുനൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ.

4. ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി വിവിധ പ്രാദേശികപേരുകളിൽ അറിയപ്പെടുന്ന മന്ത്രവാദങ്ങൾ, ചരടുകെട്ടൽ, ജപിച്ചുനൽകൽ, മഷിനോട്ടം, ഇലനോട്ടം, ഊതിക്കൽ തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങൾ.

5. ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി വിവിധ പ്രാദേശികപേരുകളിൽ അറിയപ്പെടുന്ന യന്ത്രങ്ങൾ, ഏലസ്സുകൾ, വലംപിരിശംഖുകൾ, വെള്ളിമൂങ്ങ തുടങ്ങി എല്ലാ വസ്തുക്കളുടെയും വിൽപന.

6. മറ്റുള്ളവരിൽ പിശാച്, പ്രേതം, ചെകുത്താൻ തുടങ്ങി വിവിധ പേരുകളിൽ അറിയപ്പെടുന്ന ബാധകളുണ്ടെന്ന് ആരോപിക്കൽ. അതിന്റെ ഭാഗമായി സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തൽ, വീട്ടു തടങ്കൽ മറ്റു തരത്തിലുള്ള തടങ്കൽ, കെട്ടിയിടൽ, തളയ്ക്കൽ, വിവസ്ത്രരാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ.

7. ആധുനിക ചികിത്സാരീതി സ്വീകരിക്കാൻ പോകുന്നവരെ തടഞ്ഞ് മന്ത്രതന്ത്രങ്ങളിലൂടെയോ തന്റെ പ്രത്യേക സിദ്ധിയിലൂടെയോ പ്രാർത്ഥനയിലൂടെയോ രോഗം മാറ്റാം എന്ന് പ്രചരിപ്പിക്കലും അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടലും.

8. തന്റെ അമാനുഷികസിദ്ധിയിലൂടെ രോഗം മാറുമെന്നും ശത്രുക്കളെ ഇല്ലായ്മ ചെയ്യാമെന്നും ശത്രുദോഷം ഇല്ലായ്മ ചെയ്യും എന്നുമുള്ള പ്രചരണവും പ്രവർത്തനങ്ങളും.

9. മറ്റുള്ളവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും തന്റെ സ്വന്തം സിദ്ധി കൊണ്ട് സഫലമാക്കുന്നതിന് സാധിക്കും എന്ന് പ്രചരിപ്പിക്കലും അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടലും.

10. തന്റെ സിദ്ധി കൊണ്ട് ഒരാളുടെ വിവാഹം നടക്കുന്നതിനും ഇഷ്ടസന്താനം പിറക്കുന്നതിനും ബിസിനസ്സിൽ ലാഭം ഉണ്ടാകുന്നതിനും ധനസമ്പാദനം നടത്തുന്നതിനും സാധിക്കുമെന്ന് പ്രചരിപ്പിക്കലും അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടലും. കൂടാതെ അനുചരന്മാരാകാൻ മറ്റുള്ളവരെ പ്രേരിപ്പിക്കലും.

11. മേൽപറഞ്ഞ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പ്രചാരണവും വിവിധ മാധ്യമങ്ങളിലൂടെയുള്ള പരസ്യപ്രചാരണങ്ങളും.


പിഡിഎഫ് ലഭിക്കാൻ

Superstitions and Evil practices (Prevention and Eradication) Bill - 2014