അജ്ഞാതം


"അമ്പതാം വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
61,579 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:44, 26 ഫെബ്രുവരി 2014
വരി 103: വരി 103:


==ജനറൽ സെക്രട്ടറിയുടെ ആമുഖം==
==ജനറൽ സെക്രട്ടറിയുടെ ആമുഖം==
കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ അൻപതാം വാർഷികത്തിൽ പങ്കെടുക്കാനെത്തിയ മുഴുവൻ പ്രതിനിധികളെയും കേന്ദ്ര നിർവാഹക സമിതിക്കു വേണ്ടി അഭിവാദ്യം ചെയ്യുന്നു. പരിഷത്ത്‌ അര നൂറ്റാണ്ട്‌ പിന്നിടുന്ന ഘട്ടത്തിൽ നടക്കുന്ന വാർഷിക സമ്മേളനം സംഘടന ജന്മം കൊണ്ട നഗരത്തിൽ വെച്ചാണെന്നത്‌ നമുക്കേവർക്കും ഏറെ ആഹ്ലാദം പകരുന്നു.
സാമൂഹ്യ ജീവിതത്തിന്റെ ഒട്ടു മിക്ക മേഖലകളിലും, ജീവിക്കുന്ന പരിസ്ഥിതിയിലും വളരെ വലിയ മാറ്റങ്ങൾക്കാണ്‌ ഇക്കാലത്ത്‌ നാം സാക്ഷിയായത്‌. ഇവയെല്ലാം പരിഗണിച്ചും വിലയിരുത്തിയുമാണ്‌ ഓരോ വർഷവും നമ്മുടെ ആശയതലങ്ങളും പ്രവർത്തന പരിപാടികളും രൂപപ്പെട്ടത്‌. പരിഷത്തിനെ കാലിക പ്രസക്തിയുള്ള സംഘടനയാക്കി നിലനിർത്തുന്നത്‌ ഈ പ്രക്രിയ ആണ്‌. എങ്കിലും അൻപത്‌ വർഷം എന്നത്‌ വളർച്ചയിലെ ഒരു ഘട്ടമായി കരുതാമെങ്കിൽ ഇക്കാലയളവിൽ നമുക്ക്‌ ചുറ്റും വന്ന മാറ്റങ്ങളെ മൊത്തത്തിൽ അവലോകനം ചെയ്യുന്നത്‌ നമ്മുടെ സംഘടനയുടെ പ്രസക്തി കൂടുതൽ ബോധ്യപ്പെടാൻ സഹായിക്കും.
പരിഷത്ത്‌ രൂപം കൊണ്ട കാലഘട്ടത്തിന്റെ സവിശേഷതകൾ നമുക്കറിയാം. ബഹിരാകാശ യുഗത്തിന്റെ ആരംഭം സമൂഹത്തിൽ വളർന്നു വന്നിരുന്ന ശാസ്‌ത്രാഭിമുഖ്യത്തെ പുതിയ തലത്തിലേക്കുയർത്തി. സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിൽ പ്രകടമായ സർവ്വതോന്മുഖമായ പുരോഗതി ശാസ്‌ത്ര വിജ്ഞാനവും സാങ്കേതിക വിദ്യയും പ്രോത്സാഹിപ്പിച്ച്‌ ആസൂത്രണത്തിലൂടെ രാജ്യത്തെ സ്വാശ്രയ പാതയിലേക്ക്‌ നയിക്കാൻ രാഷ്‌ട്ര നേതൃത്വത്തിന്‌ പ്രേരണയായി. അനാചാരങ്ങളെ ത്യജിച്ചും യുക്തിബോധം വളർത്തിയും വിദ്യ അഭ്യസിക്കുന്നതിന്‌ പ്രേരിപ്പിച്ചും പ്രവർത്തിച്ച നവോത്ഥാന പ്രസ്ഥാനങ്ങൾ കേരളത്തിൽ ദേശീയ പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും ശക്തിപ്പെടുന്നതിന്‌ നിമിത്തമായി. അന്ന്‌ ഇവിടെ അലയടിച്ച ദേശീയ ബോധവും ഭാഷാ സ്‌നേഹവും പുരോഗമനാഭിമുഖ്യവും പുതു കേരള പ്പിറവിക്കും ആദ്യമായി ഒരു കമ്മ്യൂണിസ്റ്റ്‌ സർക്കാർ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്നതിനും ഇടയാക്കി. സാമൂഹ്യബോധം ഊട്ടിയുറപ്പിക്കുന്ന വൈവിദ്ധ്യമാർന്ന സാംസ്‌കാരിക പ്രവർത്തനങ്ങൾ സജീവമായി. പരിഷത്ത്‌ രൂപം കൊണ്ടത്‌ ഇവയെല്ലാം സൃഷ്‌ടിച്ച പൊതുബോധത്തിൽ നിന്നാണ്‌.
എന്നാൽ ഇന്ന്‌ സംഘടന പ്രവർത്തിക്കുന്നത്‌ തികച്ചും വ്യത്യസ്‌തമായ സാമൂഹ്യ അന്തരീക്ഷത്തിലാണ്‌. ശാസ്‌ത്ര സാങ്കേതിക വിദ്യകളിൽ വിസ്‌മയാവഹമായ പുരോഗതിയാണ്‌ കഴിഞ്ഞ അൻപത്‌ വർഷങ്ങളിൽ ഉണ്ടായത്‌. ബഹിരാകാശ യാത്രകളും വിക്ഷേപണവും അത്ഭുതങ്ങൾ വിതറിയ അറുപതുകളിൽ അവയുടെ പ്രയോജന സാധ്യതകൾ കണക്കാക്കപ്പെട്ടിരുന്നില്ല. പത്ത്‌ വർഷം പിന്നിട്ടപ്പോൾ തന്നെ നിത്യ വിസ്‌മയമായി കണക്കാക്കിയിരുന്ന ചന്ദ്രനിൽ കാലുകുത്തി കൊണ്ട്‌ മാനവരാശിയുടെ ചരിത്രത്തിൽ ഒരു വലിയ കാൽവെപ്പ്‌ സൃഷ്‌ടിക്കപ്പെട്ടു. നാം വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ഇന്ന്‌ ഭൂമിയിലെ വാർത്താ വിനിമയ സംവിധാനത്തിന്റെ കേന്ദ്ര ബിന്ദുവായി പ്രവർത്തിക്കുന്നു. ബഹിരാകാശ നിലയങ്ങളും വാഹനങ്ങളും അനന്തതയിൽ നിന്നുള്ള പുത്തൻ വിവരങ്ങൾ നിരന്തരം എത്തിച്ച്‌ പ്രപഞ്ച വിജ്ഞാനത്തിന്റെ പുതിയ പടവുകൾ താണ്ടാൻ സഹായിക്കുന്നു. സൗരയൂഥത്തിനും ഗാലക്‌സികൾക്കുമപ്പുറത്തേക്ക്‌ കടന്ന്‌ തമോഗർത്തങ്ങളും പ്രപഞ്ചോൽപ്പത്തിയും ഡാർക്ക്‌ മാറ്ററുമെല്ലാം പരിഗണനാ വിഷയമായിരിക്കുന്നു. പ്രപഞ്ചത്തിന്റെ പ്രായം 1370 കോടി വർഷമാണെന്ന്‌ വിവിധ രീതിയിൽ കണക്ക്‌ കൂട്ടി കണ്ടെത്തിയിരിക്കുന്നു. അന്ന്‌ നിലവിലുണ്ടായിരുന്ന ബോറിന്റെ ആറ്റോമിക്‌ മാതൃക പരിചിതമായ ഭൗതിക രാസ പ്രവർത്തനങ്ങളെയെല്ലാം തൃപ്‌തികരമായി വിശദീകരിക്കാൻ പോന്നതായിരുന്നു. എന്നാൽ അതുകൊണ്ടും തൃപ്‌തിയാകാതെ നാല്‌ അടിസ്ഥാന ബലങ്ങൾ ഉൾപ്പെടെയുള്ള പദാർത്ഥ സ്വഭാവങ്ങളെയാകെ വിശദീകരിക്കാനുള്ള ശ്രമം ക്വാർക്കുകളുടെ കണ്ടെത്തലിലേക്കും അവയിൽ പലതിന്റെയും സ്ഥിരീകരണത്തിലേക്കും നയിച്ചു. ഗുരുത്വാകർഷണം വിശദീകരിക്കുന്നതിൽ മുഖ്യ പങ്ക്‌ നിറവേറ്റുന്ന ഹിഗ്‌സ്‌ ബോസോണിനെ കണ്ടെത്തിയത്‌ പോയ വർഷത്തിലാണ്‌. ക്വാണ്ടം സിദ്ധാന്തവും പൊതു ആപേക്ഷികത സിദ്ധാന്തവും പരസ്‌പരം ബന്ധിപ്പിച്ച്‌ പ്രകൃതി പ്രതിഭാസങ്ങളെയാകെ ഏറ്റവും ലളിതവും സുന്ദരവുമായി വിശദീകരിക്കാൻ പോന്ന പ്രപഞ്ച നിർമ്മിതിയിലെ അടിസ്ഥാന ചരടുകളെ കണ്ടെത്താനുള്ള ശ്രമമാണ്‌ സ്‌ട്രിംഗ്‌ തിയറിയിലൂടെ മുന്നേറുന്നത്‌.
ജീവന്റെ അടിസ്ഥാന ഘടകങ്ങളെ കുറിച്ചുള്ള ധാരണകളും ഏറെ പുരോഗമിച്ചിരിക്കുന്നു. ആധുനിക ജനിതക ഗവേഷണത്തിന്റെ അടിത്തറയെന്ന്‌ വിശേഷിപ്പിക്കാവുന്ന പോളി മറൈൻ ചെയിൻ റിയാക്ഷൻ വികസിപ്പിച്ചത്‌ 1984 ൽ ആണ്‌. തന്മാത്രാ ജീവശാസ്‌ത്രത്തിലുണ്ടായ പുരോഗതിയും ഡി.എൻ.എ. സംബന്ധിച്ച കൂടുതൽ അറിവുകളും പരിണാമ സിദ്ധാന്തത്തെ, ഭൂമിയിൽ ജീവജാലങ്ങൾ ആവിർഭവിച്ചതു സംബന്ധിച്ച കേവലമായ വിശദീകരണം എന്നതിൽ നിന്ന്‌ ആധികാരികമായ തെളിവുകളോടെ ശക്തമായി വിശദീകരിക്കാൻ കഴിയുന്ന ഒരു ശാസ്‌ത്ര സിദ്ധാന്തമായി മാറ്റിയിരിക്കുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന്‌ കണ്ടെത്തിയ മനുഷ്യ പൂർവ്വികരുടെ ഫോസിൽ അസ്ഥികൂടങ്ങൾ മനുഷ്യ പരിണാമം സംബന്ധിച്ച കൂടുതൽ വ്യക്തതകൾ നേടിത്തന്നു. വ്യത്യസ്‌ത വർണ്ണങ്ങളിൽ വ്യത്യസ്‌ത വിഭാഗങ്ങളിലായി വ്യത്യസ്‌ത ഭൂപ്രദേശത്ത്‌ താമസിക്കുന്ന മനുഷ്യരെല്ലാം തന്നെ ആഫ്രിക്കൻ ഭൂഖണ്‌ഡത്തിൽ ജീവിച്ച ഒരൊറ്റ പൂർവ്വികരിൽ നിന്ന്‌ പരിണമിച്ചുണ്ടായതാണെന്ന കണ്ടെത്തലിന്‌ സാമൂഹ്യമായ പ്രാധാന്യവും ഏറെയാണ്‌. സഹസ്രാബ്‌ദത്തിന്റെ തുടക്കം ശാസ്‌ത്രലോകം ആഘോഷിച്ചത്‌ വിവിധ രാജ്യങ്ങളിലെ ശാസ്‌ത്ര സമൂഹത്തെ ഏകോപിപ്പിച്ച്‌ നടത്തിയ ഗവേഷണ പദ്ധതിയായ ഹ്യൂമൻ ജീനോം പ്രോജക്‌റ്റിലൂടെ മനുഷ്യ ജീനിന്റെ വിശദാംശങ്ങൾ വെളിവാക്കിക്കൊണ്ടാണ്‌. ജനിതക ജന്യമായ രോഗങ്ങൾ സംബന്ധിച്ച കൂടുതൽ അറിവിനും പരിണാമ ജീവശാസ്‌ത്രത്തിന്‌ പുതിയ കുതിപ്പുകൾ നൽകാനും ഇത്‌ സഹായകമാക്കിക്കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രയോഗ സാധ്യതകൾക്കൊപ്പം അത്‌ കണ്ടെത്താൻ സ്വീകരിച്ച കൂട്ടായ്‌മകളുടെ മാർഗ്ഗവും മാനവരാശിക്കാകെ പ്രതീക്ഷ ജനിപ്പിക്കുന്ന സംഗതിയാണ്‌. ആഴക്കടലിൽ വളരെ സമ്പന്നമായ ഒരു പാരിസ്ഥിതിക വ്യൂഹത്തെ 1977 ൽ കണ്ടെത്താനായത്‌ ജീവൻ നിലനിൽക്കാൻ വേണ്ട സാഹചര്യം സംബന്ധിച്ച്‌ അതുവരെയുണ്ടായിരുന്ന ധാരണയെ മാറ്റിമറിക്കുന്നതായിരുന്നു. ജീവന്റെ ഉത്‌പത്തിയെക്കുറിച്ചുള്ള പുതിയ അന്വേഷണങ്ങൾക്കും ഭൗമേതര ജീവന്റെ സാധ്യതകൾ ആരായുന്നതിലും വലിയ സ്വാധീനമാണ്‌ അത്‌ ചെലുത്തിയത്‌. ചന്ദ്രോപരിതലത്തിലെ ജലത്തിന്റെ സാന്നിദ്ധ്യം 2009 ൽ കണ്ടെത്തിയതും ശാസ്‌ത്ര ലോകത്തിന്റെ മുൻധാരണകൾക്ക്‌ വിരുദ്ധമായാണ്‌. ഭാരതത്തിന്റെ ചാന്ദ്രയാൻ ആണ്‌ ഈ നിരീക്ഷണത്തിന്‌ സഹായിച്ചത്‌ എന്നത്‌ നമുക്കേവർക്കും അഭിമാനകരവുമാണ്‌. വ്യത്യസ്‌ത ജീവികളിലെ ഡി.എൻ.എ. സംയോജിപ്പിച്ച്‌ എഴുപതുകളുടെ തുടക്കത്തിൽ നടന്ന പരീക്ഷണം ശാസ്‌ത്ര ലോകത്ത്‌ വലിയ കോളിളക്കങ്ങൾ സൃഷ്‌ടിച്ചു. ശാസ്‌ത്ര ഗവേഷണങ്ങൾക്ക്‌ അതിർ വരമ്പുകൾ നിശ്ചയിക്കാൻ പ്രേരിപ്പിക്കുന്നതിന്‌ ആ പരീക്ഷണം കാരണമായി.
ശാസ്‌ത്ര വിജ്ഞാനത്തോടൊപ്പം അവയെ അടിസ്ഥാനമാക്കിയ സാങ്കേതിക വിദ്യയും അതിവേഗം മുന്നേറുകയാണ്‌. ടെസ്റ്റ്‌ ട്യൂബ്‌ ശിശുക്കളെയും ക്ലോണിംഗിലൂടെ ഉയർന്ന ജീവികളെയും സൃഷ്‌ടിച്ച്‌ ജീവശാസ്‌ത്രത്തിലെ സാങ്കേതിക പരീക്ഷണങ്ങൾ മനുഷ്യ രാശിയെ വിസ്‌മയപ്പെടുത്തി. ജനിതക സാങ്കേതിക വിദ്യയിലൂടെ ഉയർന്നുവന്ന പുതിയ വിത്തിനങ്ങളും സസ്യങ്ങളും പ്രതീക്ഷയോടൊപ്പം വിമർശനവും വിളിച്ചു വരുത്തി. ആരോഗ്യ രംഗത്ത്‌ രോഗ നിർണയത്തിന്‌ സ്‌കാനിംഗ്‌ ഉൾപ്പെടെ ഒട്ടേറെ പുതിയ രീതികൾ വികസിപ്പിച്ചു. ഹൃദയം ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങൾ മാറ്റി വെച്ച്‌ ജീവൻ നീട്ടിയെടുക്കാനുള്ള മനുഷ്യന്റെ ചിരകാല യജ്ഞത്തിന്‌ പുതിയ ചവിട്ടുപടികൾ തീർത്തു. ഇൻഫർമേഷൻ ടെക്‌നോളജിയുടെ വികാസം മനുഷ്യ ജീവിതത്തെ അക്ഷരാർത്ഥത്തിൽ മാറ്റി മറിച്ചിരിക്കുന്നു. ഏത്‌ പദാർത്ഥത്തെയും അതി സൂക്ഷ്‌മതലത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന നാനോ ടെക്‌നോളജി നിത്യോപയോഗ സാധനങ്ങളുടെ നിർമ്മാണത്തിലും മെഡിക്കൽ രംഗത്തും അത്ഭുതങ്ങൾ സൃഷ്‌ടിക്കാൻ പോന്ന നാളത്തെ സാങ്കേതിക വിദ്യയായാണ്‌ വിശേഷിപ്പിക്കപ്പെടുന്നത്‌. ഡി.എൻ.എ. ഉപയോഗിച്ച്‌ ദീർഘകാലം നിലനിൽക്കുന്നതും കൂടുതൽ ചെറുതുമായ ഡാറ്റാ സ്റ്റോറേജ്‌ സംവിധാനം രൂപപ്പെടുത്താമെന്നത്‌ ഈ വർഷത്തെ കണ്ടെത്തലാണ്‌. സൂര്യ പ്രകാശത്തെ പൂർണമായിത്തന്നെ വൈദ്യുതിയാക്കാൻ സഹായകമായ ബ്ലാക്ക്‌ സിലിക്കന്റെ കണ്ടുപിടുത്തം, ഊർജ്ജ പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇന്നത്തെ ലോകത്തിന്‌ പുതിയ സാധ്യതകൾ സൃഷ്‌ടിക്കുമെന്നുറപ്പാണ്‌.
പോയ വർഷത്തിലെ ശാസ്‌ത്രനേട്ടത്തിൽ മുഖ്യം ദൈവകണമെന്ന്‌ വിളിപ്പേർ കിട്ടിയ ഹിഗ്ഗ്‌സ്‌ ബോസോണിന്റെ കണ്ടെത്തൽ തന്നെ. ഗുരുത്വ ബലത്തെ കണസിദ്ധാന്തം കൊണ്ട്‌ വിശദീകരിക്കാൻ സഹായിക്കുന്ന ഇതിന്‌ അല്‌പം കൃസൃതിയോടെ നൽകിയ ആ വിളിപ്പേര്‌ മൂലം പുതിയ കണ്ടെത്തൽ ലോകം ആഘോഷിക്കുക തന്നെ ചെയ്‌തു. എന്നാൽ അവയിൽ നല്ലൊരു ഭാഗവും തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിലുമായിരുന്നു എന്നത്‌ എടുത്തു പറയണം. സൗരയൂഥത്തിൽ നിന്ന്‌ 44 പ്രകാശ വർഷം മാത്രം അകലെ ഭൂമിക്ക്‌ സമാനമായ ഒരു ഗ്രഹത്തെ ഈ വർഷം കണ്ടെത്തി. താപനിലയും ഭ്രമണവും പരിഗണിക്കുമ്പോൾ അതിൽ ജീവൻ നിലനിൽക്കാൻ സാധ്യത ഏറെയാണെന്നാണ്‌ ശാസ്‌ത്രമതം. ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയൻസിലെ ശാസ്‌ത്രജ്ഞർ സൗരകളങ്കമെന്ന പ്രതിഭാസത്തെ കൂടുതൽ ഫലപ്രദമായി വിശദീകരിക്കാൻ സഹായിക്കുന്ന ഒരു സൗര പ്രവർത്തന മാതൃക വികസിപ്പിച്ചത്‌ ശാസ്‌ത്ര ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റി.
ശാസ്‌ത്രത്തിന്റെ ഈ മഹത്തായ നേട്ടങ്ങൾ മനുഷ്യന്റെ കഴിവിലുള്ള അഭിമാനം വർദ്ധിപ്പിക്കുന്നു. ശാസ്‌ത്രത്തിന്റെ രീതിയിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നു. എന്നാൽ ഈ നേട്ടങ്ങളുടെയെല്ലാം ഗുണഫലങ്ങൾ മാനവരാശിക്കാകെ പ്രയോജനപ്പെടുത്താൻ കഴിയുന്നുണ്ടോ എന്നതാണ്‌ പ്രസക്തമായ ചോദ്യം. ഇന്നത്തെ ശാസ്‌ത്ര ഗവേഷണങ്ങൾ ഏറെയും നടക്കുന്നത്‌ കോർപ്പറേറ്റ്‌ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ്‌. ശാസ്‌ത്ര വിജ്ഞാനത്തേക്കാൾ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലാണ്‌ അവർക്ക്‌ താല്‌പര്യം. വിപണിയും ലാഭ സാധ്യകളുമാണ്‌ ഗവേഷണങ്ങളുടെ പ്രചോദനമായി മാറുന്നത്‌. സമൂഹ നന്മയെ ലക്ഷ്യമാക്കിയുള്ള ശാസ്‌ത്ര ഗവേഷണ പ്രവർത്തനങ്ങൾ അവഗണിക്കപ്പെടുന്നു. അതിനാൽ ജീവൻ രക്ഷാ മരുന്നുകൾ പോലും വികസിപ്പിക്കുന്നതിലും ഉത്‌പാദിപ്പിക്കുന്നതിലും വീഴ്‌ചയുണ്ടാകുന്ന സ്ഥിതിയാണിന്ന്‌.
അറിവിന്റെ വ്യാപനമാണ്‌ ശാസ്‌ത്ര പുരോഗതിയുടെ അടിസ്ഥാനം. എന്നാൽ ശാസ്‌ത്ര സാങ്കേതിക വിജ്ഞാനങ്ങൾ ഇന്ന്‌ അങ്ങേയറ്റം കേന്ദ്രീകരിക്കപ്പെടുകയാണ്‌. പേറ്റന്റ്‌ വ്യവസ്ഥകൾ കൂടുതൽ ദൃഢമാക്കിയും വ്യാപിപ്പിച്ചും അറിവിനെ സ്വകാര്യമാക്കാനും ലാഭം കൂട്ടാനുമുള്ള മാർഗ്ഗമായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ വളരെ മുമ്പേ തുടങ്ങിയിരുന്നു. എന്നാൽ WTO വ്യവസ്ഥകളിലൂടെ അടിച്ചേൽപ്പിക്കപ്പെട്ട പേറ്റന്റ്‌ വ്യവസ്ഥയിലൂടെ മൂലധന ശക്തികളുടെ ഈ ശ്രമം വിജയം കണ്ടെത്തിയിരിക്കുന്നു. ലോകമാകെ ചുരുങ്ങിയ വിലക്ക്‌ മരുന്ന്‌ എത്തിക്കാൻ ഇന്ത്യൻ കമ്പനികളെ സഹായിച്ച 1970 ലെ ഇന്ത്യൻ പേറ്റന്റ്‌ നിയമം പുതിയ നിബന്ധനകൾ പ്രകാരം തിരുത്തിയെഴുതിയത്‌ ലോകത്തെവിടെയുമുള്ള പാവപ്പെട്ട രോഗികൾക്ക്‌ വലിയ തിരിച്ചടിയായി. എന്നാൽ ഇന്ത്യയിലെ ജനകീയ ആരോഗ്യ പ്രസ്ഥാനങ്ങളുടെയും ഇടതുപക്ഷ പാർട്ടികളുടെയും സമ്മർദ്ദഫലമായി പാർലമെന്റ്‌ പാസ്സാക്കിയ ഭേദഗതികളുടെ പിൻബലത്തിൽ ക്യാൻസർ രോഗികൾക്ക്‌ ആശ്വാസമാകുന്ന ഒരു സുപ്രധാന വിധി അടുത്ത ദിവസം സുപ്രീം കോടതിയിൽ നിന്ന്‌ വന്നിരിക്കുന്നു. രക്താർബുദത്തിനെതിരെയുള്ള മരുന്നുകൽ ചുരുങ്ങിയ വിലക്ക്‌ ഇന്ത്യൻ ഔഷധ കമ്പനികൾ ഉത്‌പാദിപ്പിച്ച്‌ വിതരണം ചെയ്യുന്നത്‌ തടയണമെന്ന നൊവാർട്ടീസ്‌ എന്ന ഔഷധ ഭീമന്റെ ഹർജിയാണ്‌ സുപ്രീം കോടതി തള്ളിയത്‌.
വ്യാവസായിക ഉത്‌പന്നങ്ങളെന്ന പോലെ കാർഷിക ഉത്‌പന്നങ്ങളും സേവനങ്ങളും നിക്ഷേപവുമെല്ലാം യഥേഷ്‌ടം ലോകത്ത്‌ കൈമാറാൻ ഉതകും വിധം ആഗോളവൽക്കരണ പാതയിലേക്ക്‌ ലോകം മാറിയതാണ്‌ സാമ്പത്തിക രംഗത്തെ പ്രധാന മാറ്റം. ഇതിന്റെ ഭാഗമായി രൂപം കൊണ്ട ലോക വ്യാപാര സംഘടന ലോകത്തെ ജനാധിപത്യ ഭരണകൂടങ്ങളുടെ മേൽ ആധിപത്യം പുലർത്തുന്ന സൂപ്പർ ശക്തിയായി പ്രവർത്തിക്കുന്നു. ധന മൂലധനത്തിന്റെ അതിരു വിട്ട വളർച്ചയും സാമ്പത്തിക പ്രക്രിയകളിൽ അത്‌ വഹിക്കുന്ന ആധിപത്യവും പുതിയ സാഹചര്യത്തിന്റെ സൃഷ്‌ടിയാണ്‌. ഐ.ടി. രംഗത്തുണ്ടായ വൻ പുരോഗതി ഉപയോഗപ്പെടുത്തി ഒരു രാജ്യത്തിൽ നിന്ന്‌ മറ്റൊരു രാജ്യത്തിലേക്ക്‌, ഒരു മേഖലയിൽ നിന്ന്‌ മറ്റൊരു മേഖലയിലേക്ക്‌ സമയ നഷ്‌ടമില്ലാതെ അനായാസം അതിന്‌ ഒഴുകാമെന്നത്‌ ഊഹക്കച്ചവടവും അതിന്റെ കൂടപ്പിറപ്പായ സാമ്പത്തികാസ്ഥിരതയും വർദ്ധിക്കുന്നു. ഇതുവഴി ലോക രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്നു. നാലു വർഷം മുമ്പ്‌ അമേരിക്കൻ സമ്പദ്‌ഘടനയെ പിടിച്ചുലച്ചുകൊണ്ട്‌ ആരംഭിച്ച സാമ്പത്തിക കുഴപ്പം യൂറോപ്പിൽ ഇപ്പോഴും തുടരുകയാണ്‌. സമ്പത്തിന്റെയും വരുമാനത്തിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രീകരണം ഈ രണ്ടു പതിറ്റാണ്ടിൽ ഏറ്റവും ശക്തമായതിന്റെയും പിന്നിൽ പ്രവർത്തിച്ച പ്രധാന ഘടകവും ധനമൂലധനം തന്നെയാണ്‌.
ലോകത്ത്‌ രജിസ്റ്റർ ചെയ്യപ്പെട്ട പേറ്റന്റുകളിൽ സിംഹഭാഗവും വികസിത രാജ്യങ്ങളിൽ നിന്നാണ്‌. ലോക വരുമാനത്തിന്റെ പകുതിയോളം എട്ടിലൊന്നു ജനങ്ങൾ പാർക്കുന്ന ഈ രാജ്യങ്ങൾക്ക്‌ തന്നെ. ലോകജനതയിൽ മുകൾത്തട്ടിലുള്ള പത്തു ശതമാനമാണ്‌ സമ്പത്തിന്റെ എൺപത്തിഅഞ്ച്‌ ശതമാനവും കൈക്കലാക്കിയിട്ടുള്ളത്‌. ഏറ്റവും മേലേത്തട്ടിലുള്ള ഒരു ശതമാനം സമ്പത്തിന്റെ പകുതിയും കൈവശം വെക്കുന്ന തീർത്തും നീതിപൂർവ്വകമല്ലാത്ത ഈ പ്രവണത ശക്തിപ്പെടുകയാണ്‌. ആഗോളവൽക്കരണ കാലത്ത്‌ നടപ്പിലാക്കുന്ന നവലിബറൽ നയങ്ങളിലൂടെ ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്‌നങ്ങൾ ഒന്നും പരിഹരിക്കപ്പെടുന്നില്ല. നിരക്ഷരതയും കൊടിയ ദാരിദ്ര്യവും അനുഭവിക്കുന്നവരാണ്‌ ലോക ജനസംഖ്യയിൽ ആറിലൊന്നു പേരും. ശുദ്ധജലം, ശുചിത്വ സൗകര്യങ്ങൾ, പാർപ്പിടം, വൈദ്യുതി തുടങ്ങിയവയും വിദ്യാഭ്യാസ ആരോഗ്യ സേവനങ്ങളും നിഷേധിക്കപ്പെട്ടവരാണ്‌ ജനങ്ങളിൽ വലിയൊരു വിഭാഗം. എന്നാൽ ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്‌ മുൻഗണന നൽകപ്പെടുന്നേയില്ല.
ഇതോടൊപ്പം ഭൂമിയിലെ ജീവന്റെ നിലനിൽപ്പ്‌തന്നെ അപകടത്തിലാക്കുന്ന പ്രശ്‌നങ്ങൾ ഉയർന്നു വരുന്നു. വികസിത രാജ്യങ്ങളുടെ യുദ്ധ സന്നാഹങ്ങൾ മൂന്നാം ലോക യുദ്ധത്തിലേക്കും സർവ്വ നാശത്തിലേക്കും നയിക്കുമെന്ന ഭീതിയായിരുന്നു ഉണ്ടായിരുന്നത്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയും ഏക ധ്രുവലോകത്തിന്റെ സൃഷ്‌ടിയും യുദ്ധ ഭീതിയിൽ നിന്ന്‌ ലോകം മോചിതമായി എന്ന തോന്നൽ സൃഷ്‌ടിച്ചു. എന്നാൽ പരിസ്ഥിതി പ്രശ്‌നങ്ങൾ സർവ്വനാശത്തിന്റെ പാതയിലേക്ക്‌ നയിക്കുന്നുവെന്ന ഭീതിയാണ്‌ ഇന്നുയരുന്നത്‌. പരിഷത്ത്‌ ജന്മം കൊണ്ട 1962 ൽ തന്നെയാണ്‌ കീടനാശിനികൾ ജൈവ ശൃംഖല തകർത്ത്‌ നാശത്തിലേക്ക്‌ വഴിവെക്കുമെന്ന്‌ റേച്ചൽ കഴ്‌സൺ നിശ്ശബ്‌ദ വസന്തത്തിലൂടെ മുന്നറിയിപ്പ്‌ നൽകിയത്‌. പിന്നെയുമൊരു വ്യാഴവട്ടത്തിനുള്ളിൽ മനുഷ്യ നിർമ്മിത രാസ വസ്‌തുവായ ക്ലോറോഫ്‌ളൂറോ കാർബൺ അപകടകരമായ സൃര്യ വികിരണങ്ങളെ തടഞ്ഞു നിർത്തുന്ന ഓസോൺ പാളികളുടെ ക്ഷയത്തിന്‌ കാരണമാകുമെന്ന ഗവേഷണ വിവരം പുറത്തു വന്നു. പിന്നെയുമൊരു ദശാബ്‌ദം പിന്നിട്ടപ്പോൾ തന്നെ അന്റാർട്ടിക്കയുടെ മീതെ ഓസോൺ ദ്വാരം കണ്ടെത്തി. CO2 ഉൾപ്പെടെയുള്ള ഹരിത ഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ കൂടുതലായി എത്തുന്നത്‌ മൂലമുള്ള ആഗോള താപനവും അതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും ആണ്‌ ഇന്ന്‌ ലോകത്തെ ഗൗരവമായ ചർച്ചകളിലൊന്ന്‌. ഫോസിൽ ഇന്ധനങ്ങളുടെ തീവ്രമായ ഉപയോഗവും വികസനത്തിന്റെ പേരിൽ നടക്കുന്ന വൻതോതിലുള്ള വന നശീകരണവും അന്തരീക്ഷത്തിലെ കാർബൺ സാന്നിദ്ധ്യം ഭീതിദമാം വിധം വർദ്ധിപ്പിച്ചിരിക്കുന്നു. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ കാർബൺ ഉത്സർജ്ജനം കുറക്കാനുള്ള അന്താരാഷ്‌ട്ര ചർച്ചകൾ ഏറെ നടക്കുന്നുണ്ടെങ്കിലും ജീവിത ശൈലിയിൽ മാറ്റം വരുത്താൻ ഞങ്ങൾ തയ്യാറല്ല എന്ന വികസിത രാജ്യങ്ങളുടെ ധാർഷ്‌ഠ്യത്തിനു മുമ്പിൽ അവയെല്ലാം തീരുമാനമാകാതെ പിരിയുകയാണ്‌. യുദ്ധത്തിന്റെ അതിഭീകരത സാക്ഷ്യപ്പെടുത്തിയതെങ്കിലും ആണവ സാങ്കേതിക വിദ്യ നാളത്തെ സുരക്ഷിതവും പരിസ്ഥിതി സൗഹൃദപരവുമായ ഊർജ്ജ സ്രോതസ്സായി ലോകം വിഭാവനം ചെയ്‌തിരുന്നു. എന്നാൽ ഈ അൻപത്‌ വർഷത്തെ അനുഭവങ്ങൾ അതിനെ തകിടം മറിച്ചിരിക്കുന്നു. ത്രീമൈൽ ഐലന്റ്‌, ചെർണോബിൽ, ഏറ്റവുമൊടുവിൽ ഫുക്കുഷിമ തുടങ്ങിയ വൻ ദുരന്തങ്ങളും അവയുടെ പ്രവചനാതീതമായിരുന്ന ദുരന്ത കാരണങ്ങളും ആണവ ഊർജ്ജം ഉപയോഗപ്പെടുത്തുന്നതിൽ നിന്ന്‌ വിവിധ രാജ്യങ്ങളെ പിന്തിരിപ്പിക്കുകയാണ്‌. ആണവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ ഇനിയും മാർഗ്ഗങ്ങൾ കണ്ടെത്താത്തത്‌ ഈ നീക്കത്തെ ശക്തിപ്പെടുത്തുന്നു. ഉപയോഗിച്ചും വലിച്ചെറിഞ്ഞും മുന്നേറുന്ന ഉപഭോഗ സംസ്‌കാരം ഭൂമിയെ മാലിന്യ കൂമ്പാരമാക്കിയിരിക്കുന്നു. മണ്ണും വായുവും ജലവും നിരന്തരം മലിനപ്പെടുന്നു. ഭൂമിയിലെ ശുദ്ധജല ലഭ്യതയിൽ ഓരോ വർഷവും സാരമായ കുറവ്‌ സംഭവിക്കുകയും ഉപഭോഗം വർദ്ധിക്കുകയും ചെയ്യുന്നത്‌ നാളത്തെ യുദ്ധം ജലത്തിന്‌ വേണ്ടിയാകുമെന്ന നിരീക്ഷണം ശക്തമാക്കുന്നു. ജലദൗർലഭ്യത്തെ കുടിവെള്ളം ഒരു കച്ചവടച്ചരക്കാക്കി മാറ്റുന്നതിനുള്ള അവസരമായാണ്‌ മൂലധന ശക്തികൾ കാണുന്നത്‌. ശുദ്ധജല ദൗർലഭ്യവും അന്തരീക്ഷ മലിനീകരണവും അപകടകരമായ രാസ പദാർത്ഥങ്ങൾ ഭക്ഷണത്തിലൂടെയും അല്ലാതെയും മനുഷ്യ ശരീരത്തിലേക്ക്‌ എത്തുന്നതും മൂലമുള്ള രോഗങ്ങൾ നിരന്തരം വർദ്ധിക്കുന്നു. പുതിയ രോഗങ്ങൾ പലതും പ്രത്യക്ഷമാകുന്നു. അവയിൽ പലതും ജനിതക വൈകല്യങ്ങൾ സൃഷ്‌ടിക്കപ്പെട്ടതു മൂലമാണ്‌. ആന്റി ബയോട്ടിക്കുകൾ ഫലപ്രദമല്ലാത്ത ബാക്‌ടീരിയകൾ രൂപപ്പെടുന്നതും അവ സൃഷ്‌ടിക്കുന്ന രോഗങ്ങളും മാനവരാശിയെ പലയിടങ്ങളിലും ഭീതിയിലാഴ്‌ത്തുന്നു. 1983 ൽ കണ്ടെത്തിയ HIV ബാധ മൂലമുണ്ടാകുന്ന എയ്‌ഡ്‌സ്‌ മനുഷ്യനെ ഇന്നും നടുക്കത്തിൽ നിലനിർത്തുന്ന രോഗമാണ്‌.
രാജ്യങ്ങൾ തമ്മിലും രാജ്യത്തിനുള്ളിലെ ജനങ്ങൾ തമ്മിലും ഉള്ള അന്തരം പോലെ അല്ലെങ്കിലും കുടുംബത്തിലും അസമത്വം നിലനിൽക്കുന്നു. സ്‌ത്രീ - പുരുഷ അസമത്വം എല്ലാ രാജ്യങ്ങളിലും മുൻസ്ഥിതിയിൽ നിന്നും വലിയ വ്യത്യാസമില്ലാതെ തുടരുകയാണ്‌. വിദ്യാഭ്യാസത്തിലും തൊഴിൽ ലഭ്യതയിലും അധികാരം കയ്യാളുന്നതിലുമെല്ലാം ഈ അന്തരം പ്രകടമാണ്‌.
ലോകത്തിന്റെ ഇന്നത്തെ അവസ്ഥയ്‌ക്ക്‌ കാരണം പരിധിയില്ലാത്ത ഉപഭോഗമാണ്‌ വികസനം എന്ന തെറ്റായ ധാരണയും അതിനെ തുടർന്നുള്ള നടപടികളുമാണ്‌. ഇതിനായി പ്രകൃതി വിഭവങ്ങളെയാകെ തങ്ങളുടെ നിയന്ത്രണത്തിലാക്കാൻ ഒരു ന്യൂനപക്ഷം വെമ്പുന്നു. ബഹുഭൂരിപക്ഷം വികസനത്തിന്റെ പുറമ്പോക്കിലേക്ക്‌ ഒന്നിനു പിറകെ ഒന്നായ്‌ തട്ടിയെറിയപ്പെടുന്നു. ശാസ്‌ത്രവും സാങ്കേതിക വിദ്യയും അധികാരവും ഇതിനായി വിനിയോഗിക്കപ്പെടുന്നു.
വളർച്ചയിലും ഉപഭോഗത്തിലും ഊന്നിയ ഒരു വികസന രീതി തന്നെയാണ്‌ നമ്മുടെ രാജ്യത്തും തീവ്രമായി നടപ്പിലാക്കപ്പെടുന്നത്‌. സ്വാശ്രയത്വത്തിലും പൊതുമേഖലയെ ഊന്നിയുമുള്ള സാമ്പത്തിക നയങ്ങൾ ആയിരുന്നു സ്വാതന്ത്ര്യത്തിന്റെ ആദ്യ കാൽനൂറ്റാണ്ടിൽ രാജ്യം സ്വീകരിച്ചത്‌. എന്നാൽ ഭൂമിയടക്കമുള്ള ഉത്‌പാദനോപാധികളുടെയും സമ്പത്തിന്റെയും നീതിപൂർവ്വകമായ വിതരണം സാധ്യമാകാഞ്ഞത്‌ ധനിക - ദരിദ്ര അന്തരം വർദ്ധിക്കാനും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹൃതമാവാതിരിക്കാനും ഇടയാക്കി. ശാസ്‌ത്രവും സാങ്കേതിക വിദ്യ പുരോഗമിപ്പിക്കുന്നതിൽ താൽപര്യമുണ്ടായിരുന്നെങ്കിലും അതിന്റെ പ്രയോജനം സാമാന്യ ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ അന്ന്‌ ശ്രമിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണല്ലോ നാം ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം ഉയർത്തുന്നത്‌. എന്നാൽ കഴിഞ്ഞ രണ്ട്‌ ദശാബ്‌ദക്കാലത്ത്‌ രാഷ്‌ട്രം സ്വീകരിച്ച സാമ്പത്തിക നയങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കിയിരിക്കുന്നു. അറുപത്‌ ശതമാനത്തിലേറെ ജനങ്ങൾ ആശ്രയിക്കുന്ന കാർഷിക - ചെറുകിട ഉത്‌പാദന മേഖലകൾ തകർച്ചയുടെ പാതയിലാണ്‌. സേവന മേഖലയുടെയും വൻകിട വ്യവസായങ്ങളുടെയും വളർച്ചയാണ്‌ മികച്ച വികസന മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. കഴിഞ്ഞ ദശകത്തിൽ രാജ്യം കൈവരിച്ച ഉയർന്ന വളർച്ചാ നിരക്കിന്റെ പൊരുൾ അതാണ്‌. അതി ഭീകരമായ സാമ്പത്തിക അന്തരമാണ്‌ അതിന്റെ ഫലമായി രാജ്യത്ത്‌ സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്‌. ലോകത്തെ അതിസമ്പന്നരായ നൂറുപേരിൽ പത്തു പേർ ഇന്ത്യക്കാരാണ്‌. അതേ സമയം UNEP 2011 ൽ പ്രസിദ്ധീകരിച്ച ഹ്യൂമൺ ഡവലപ്പ്‌മെന്റ്‌ റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 42 ശതമാനം ആണ്‌. 29 ശതമാനം പേർ അതി ദരിദ്രരാണ്‌. പകുതി പേർക്കും കക്കൂസ്‌ സൗകര്യമില്ല. അത്ര തന്നെ പേർക്ക്‌ ആധൂനിക ഊർജ്ജ സ്രോതസ്സുകൾ അപ്രാപ്യമാണ്‌. ഇതിന്റെയെല്ലാം പ്രതിഫലനമായി മാനവിക വികസന സൂചികയിൽ 134 - ാം മത്‌ സ്ഥാനമാണ്‌ ഇന്ത്യക്കുള്ളത്‌. സ്‌ത്രീ - പുരുഷ തുല്യതയിലും നമ്മൾ ഏറെ പിന്നിലാണ്‌. മാതൃ മരണ നിരക്ക്‌ ലോക ശരാശരിയേക്കാൾ വളരെ കൂടുതലാണിവിടെ (ആയിരത്തിന്‌ 176 ഉം 230 ഉം). സെക്കന്ററി വിദ്യാഭ്യാസം ലഭിക്കുന്ന വനിതകളുടെ എണ്ണം പുരുഷന്മാരുടെ പകുതി മാത്രമാണ്‌. 32 ശതമാനം സ്‌ത്രീകൾ മാത്രമാണ്‌ വരുമാനമുള്ള തൊഴിൽ ചെയ്യുന്നത്‌.
സർവ്വ മേഖലയിലും കോർപ്പറേറ്റുകളും ഇടനിലക്കാരും വഹിക്കുന്ന ആധിപത്യം പ്രാകൃത മൂലധന സഞ്ചയത്തിന്റെ താവളമായി രാജ്യത്തെ മാറ്റിയിരിക്കുന്നു. ഓഹരി കമ്പോളത്തിലും പൊതുമേഖലാ ഷെയറുകൾ വിൽക്കുന്നതിലും തുടങ്ങിയ ഭീമൻ അഴിമതികൾ സർവ്വ മേഖലകളിലും അഴിഞ്ഞാടുകയാണ്‌. ഈ വർഷം കൽക്കരിപ്പാടം വിറ്റതിലെയും പ്രതിരോധ ഇടപാടുകളിലെയും അഴിമതി കഥകളാണ്‌ രാജ്യത്തെ പിടിച്ചു കുലുക്കിയത്‌. എന്നാൽ ഈ അഴിമതികളൊന്നും രാഷ്‌ട്രത്തിന്‌ നേതൃത്വം നൽകുന്നവർക്ക്‌ യാതൊരു അസ്വസ്ഥതയും സൃഷ്‌ടിക്കുന്നില്ല. കോർപ്പറേറ്റുകൾക്കു വേണ്ടി തെരഞ്ഞെടുക്കാൻ നിർബന്ധിക്കപ്പെടുന്ന കരാറുകാരുടെ ഭരണമാണ്‌ ഇന്ന്‌ ഇന്ത്യൻ ജനാധിപത്യം. രാഷ്‌ട്രത്തിന്റെയും സമൂഹത്തിന്റെയും യഥാർത്ഥ പ്രശ്‌നങ്ങൾ തിരിച്ചറിയാൻ കഴിയാത്തവണ്ണം ജാതി - മത - പ്രാദേശിക - സ്വത്വ വേർതിരിവുകളെ ശക്തമാക്കിയും പ്രോത്സാഹിപ്പിച്ചും ആണ്‌ ഈ നില മാറ്റമില്ലാതെ, മറു ചോദ്യങ്ങളില്ലാതെ മുന്നോട്ടു പോകുന്നത്‌. വർഗ്ഗീയ സംഘർഷങ്ങളുടെയും അതിന്റെ ഭാഗമായുള്ള അതിക്രമങ്ങളുടെയും വാർത്തകൾ നമ്മുടെ രാജ്യത്ത്‌ സാധാരണമായിരിക്കുന്നു. ലോകത്തെ ഞെട്ടിച്ച വംശഹത്യകളിലൂടെ വർഗീയത അതിന്റെ കരാള രൂപം വ്യക്തമാക്കിയിരിക്കുന്നു. മതത്തിനും രാഷ്‌ട്രീയത്തിനും കോർപ്പറേറ്റുകളുമായുമുള്ള അവിശുദ്ധ ബന്ധങ്ങളുടെ സന്തതി തന്നെയാണ്‌ രാജ്യത്ത്‌ വളരുന്ന വർഗീയതയും ഭീകര പ്രവർത്തനങ്ങളും.
മാനവരാശി ഇതുവരെ നേടിയ നേട്ടങ്ങളുടെയെല്ലാം അടിത്തറയായി പ്രവർത്തിച്ചത്‌ ശാസ്‌ത്രവും ശാസ്‌ത്രത്തിന്റെ രീതിയുമാണ്‌. പ്രശ്‌നങ്ങളുടെ കാരണങ്ങൾ ശാസ്‌ത്രീയമായി വിലയിരുത്തി കാരണങ്ങൾ കണ്ടെത്തുകയും പരിഹാര മാർഗ്ഗങ്ങൾ തേടുകയുമാണ്‌ വേണ്ടത്‌. ഇത്‌ ജനങ്ങളുടെ ആവശ്യമാണ്‌. എന്നാൽ ശാസ്‌ത്രം തന്നെ ഇന്ന്‌ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ശാസ്‌ത്രം എന്നാൽ സാങ്കേതിക വിദ്യ മാത്രമാണെന്നും സാങ്കേതിക വിദ്യയെന്നാൽ പണം കൊടുത്താൽ ലഭ്യമാകുന്ന ഉത്‌പന്നങ്ങളുമാണെന്ന ചിന്തയാണ്‌ ഇന്ന്‌ സമൂഹത്തിലുള്ളത്‌. ശാസ്‌ത്രീയ വിജ്ഞാനങ്ങളോ ശാസ്‌ത്രത്തിന്റെ സമീപനമോ ജനങ്ങളിലേക്ക്‌ പകരാൻ വിദ്യാഭ്യാസമോ മാധ്യമ പ്രവർത്തനമോ ഉപകരിക്കപ്പെടുന്നില്ല. അതിനാൽ നിത്യജീവിതത്തിൽ ശാസ്‌ത്രവും സാങ്കേതിക വിദ്യയും അത്യധികം സ്വാധീനം ചെലുത്തുമ്പോഴും ലോക ജനതയിൽ ബഹുഭൂരിപക്ഷത്തിന്റെയും വികാരങ്ങളെയും അതുവഴി നിലപാടുകളെയും മുഖ്യമായും സ്വാധീനിക്കുന്നത്‌ ഇന്നും മതവിശ്വാസമാണ്‌. മതബോധത്തിലൂടെ ആർജ്ജിച്ച വിശ്വാസ പ്രമാണങ്ങളിൽ ഊന്നിനിന്നു കൊണ്ട്‌ മാത്രം ശാസ്‌ത്ര ധാരണകളെ സ്വീകരിക്കാനാണ്‌ അവർക്ക്‌ താൽപര്യവും. ഇതിന്റെ ഫലമായി രണ്ടു തരം പ്രവണതകൾ സമൂഹത്തിൽ പ്രകടമാണ്‌. ശാസ്‌ത്രത്തെയും വിശ്വാസ പ്രമാണങ്ങളെയും ഒരേ സമയം സ്വീകരിക്കാൻ പ്രേരിപ്പിക്കുകയാണ്‌ ഒന്ന്‌. മറ്റേതാകട്ടെ അന്ധവിശ്വാസങ്ങളെ ശാസ്‌ത്ര വസ്‌തുതകളുമായി കൂട്ടിക്കുഴച്ച്‌ വിശ്വാസ്യത കൈവരിക്കാനുള്ള ശ്രമമാണ്‌. കപട ശാസ്‌ത്രങ്ങളുടെ സൃഷ്‌ടിയും പ്രചാരവും ഇതിന്റെ ഫലമാണ്‌. ഈ രണ്ട്‌ പ്രവണതകളും ഇന്ന്‌ യഥേഷ്‌ടം പ്രോത്സാഹിപ്പിക്കപ്പെടുന്നു. മാധ്യമങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെ തന്നെയും. ജാതി - മത ശക്തികൾ ഇവ രണ്ടിന്റെയും നടത്തിപ്പുകൾ കൈയടക്കുന്നു. ഇതുവഴി കാര്യങ്ങൾ അവർക്ക്‌ എളുപ്പമാക്കാൻ കഴിയുന്നു.
ഇവയെല്ലാം സൂചിപ്പിക്കുന്നത്‌ ശാസ്‌ത്രം ജന നന്മയ്‌ക്ക്‌ എന്ന സന്ദേശവുമായി പ്രവർത്തന പഥത്തിൽ നീങ്ങിയ നമ്മുടെ സംഘടനയുടെ പ്രവർത്തനം അര നൂറ്റാണ്ടിനു ശേഷവും കൂടുതൽ പ്രസക്തമാണ്‌ എന്നാണ്‌. ശാസ്‌ത്രം സാമൂഹ്യ വിപ്ലവത്തിന്‌ എന്ന മുദ്രാവാക്യം കൂടുതൽ ശക്തമായി ഉയർത്തേണ്ട കാലഘട്ടമാണിന്ന്‌. എന്നാൽ പഴയ അർത്ഥതലങ്ങളിൽ അതിനെ വ്യാഖ്യാനിച്ചാൽ പോര. പഴയ പ്രവർത്തന രീതികൾ മതിയാവില്ല താനും. സാമൂഹ്യ വിപ്ലവം എന്നാൽ സമൂഹത്തിൽ വരുന്ന സമൂലമായ പരിവർത്തനം തന്നെയാണ്‌. സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണം മാത്രമല്ല ലക്ഷ്യമാക്കേണ്ടത്‌. സ്‌ത്രീ - പുരുഷ തുല്യത ഉൾപ്പെടെ സമസ്‌ത മേഖലകളിലും നീതി ഉറപ്പിക്കലാണ്‌. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം മനസ്സിലാക്കി വിവേകപൂർണ്ണമായ വികസന രീതി അവലംബിക്കലാണ്‌. അധികാര വികേന്ദ്രീകരണത്തിലും ജനപങ്കാളിത്തത്തിലും ഊന്നിയ ജനാധിപത്യ പരീക്ഷണങ്ങൾ ശക്തിപ്പെടുത്തലാണ്‌. പ്രയോഗിച്ചും അനുഭവങ്ങളിൽ നിന്ന്‌ പാഠങ്ങൾ ഉൾക്കൊണ്ടും നവീകരിച്ചും മുന്നേറേണ്ട പ്രക്രിയയാണത്‌. രാഷ്‌ട്രീയ തലത്തിലുള്ള ഇടപെടലുകളോടൊപ്പം സാംസ്‌കാരിക തലത്തിലും സാമൂഹ്യ മുൻകൈകളോടെയും നടത്തുന്ന പ്രവർത്തനങ്ങളിലൂടെ മാത്രം സാക്ഷാത്‌ക്കരിക്കാൻ കഴിയുന്ന ഒന്നാണത്‌. ഇവയിലെല്ലാം ശാസ്‌ത്ര വിജ്ഞാനവും ശാസ്‌ത്രത്തിന്റെ രീതിയും എത്രമാത്രം ഉൾച്ചേർക്കാനാവുമെന്നതാണ്‌ നമ്മുടെ പരിശ്രമങ്ങളുടെ കാതൽ.
ഈ വിധം വികസിച്ചു വന്ന ഒരു സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്‌ നാം കേരള സമൂഹത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്നത്‌. ലോകത്തും രാജ്യത്തും നേരിടുന്ന പ്രശ്‌നങ്ങൾ സമാനതകളോടെ കേരളം അനുഭവിക്കുന്നുണ്ട്‌. എന്നാൽ അതോടൊപ്പം കേരള വികസനത്തിന്റെ സവിശേഷതകളും ഈ പ്രശ്‌നങ്ങളെ സ്വാധീനിക്കുന്നുണ്ട്‌. കേരളം നേടിയ സാമൂഹ്യ നേട്ടങ്ങൾ ഇല്ലാതാക്കാൻ പോന്നവയാണ്‌ ഈ പ്രശ്‌നങ്ങൾ എന്ന തിരിച്ചറിവാണ്‌ വേണം മറ്റൊരു കേരളം മുദ്രാവാക്യം ഉയർത്താൻ നമ്മെ പ്രേരിപ്പിച്ചത്‌.
പാരിസ്ഥിതികവും സാമൂഹ്യവുമായ പ്രശ്‌നങ്ങൾ അനുഭവിക്കുമ്പോഴും നവലിബറൽ നയങ്ങളുടെ പാതയിൽ അതിശക്തമായി മുന്നോട്ട്‌ പോവുകയാണ്‌ കേരള സർക്കാർ. എമർജിംഗ്‌ കേരളയും നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്നതും കുടിവെള്ള വിതരണം സ്വകാര്യവൽക്കരിക്കുന്നതും പൊതു വിദ്യാഭ്യാസത്തെ തകർക്കാൻ കരുക്കൾ നീക്കുന്നതുമെല്ലാം ഈ നയങ്ങളുടെ തുടർച്ചയാണ്‌. ഇവയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിൽ നമ്മളും പങ്കാളികളാകാൻ നിർബന്ധിതരാണ്‌.
അനുകൂലമായ ഒട്ടേറെ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി മുന്നോട്ട്‌ പോകുവാൻ കഴിയും വിധം അൻപത്തി ഒന്നാം വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കൂടിയാണ്‌ ഇവിടെ ഒത്തു ചേർന്നിരിക്കുന്നത്‌. നമുക്ക്‌ ആത്മവിശ്വാസം പകരുന്ന ഒട്ടേറെ സംഭവങ്ങൾ ലോകത്ത്‌ അരങ്ങേറുന്നുണ്ട്‌. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ഇടതുപക്ഷ മുന്നേറ്റം വികേന്ദ്രീകൃതവും ജനപക്ഷവുമായ വികസന പരിപാടികളിലൂടെ സാമ്രാജ്യത്വ അധിനിവേശത്തിന്‌ ബദലാവുകയാണ്‌. ലോകത്ത്‌ പരിസ്ഥിതി പ്രസ്ഥാനങ്ങളും സ്‌ത്രീ വിമോചന പ്രസ്ഥാനങ്ങളും പ്രബലമാവുന്നുണ്ട്‌. പ്രാന്തവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങളുടെ ചെറുത്ത്‌നിൽപ്പുകൾ അതിശക്തമായി ഉയർന്നു വരികയും ചെയ്യുന്നു. ഇവയിൽ നിന്നെല്ലാം ഊർജ്ജം കൈക്കൊണ്ട്‌ വരും വർഷത്തിൽ കേരളീയ ജീവിതത്തിൽ ശാസ്‌ത്രത്തിന്റെ രീതിയും ജനപക്ഷ നിലപാടുകളും ഉയർത്തിപ്പിടിച്ചു കൊണ്ട്‌ സജീവമായ ഇടപെടലുകൾ നടത്തുവാൻ കഴിഞ്ഞകാല പ്രവർത്തനാവലോകനം നമ്മെ സഹായിക്കും. അതിനായി എല്ലാവരോടും അഭ്യർത്ഥിച്ചു കൊണ്ട്‌ ഈ റിപ്പോർട്ട്‌ ചർച്ചയ്‌ക്കായി സമർപ്പിക്കുന്നു.
==സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ==
==സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ==


1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4584" എന്ന താളിൽനിന്ന് ശേഖരിച്ചത്