ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം നിർമിക്കുന്നതിന് കെ.ജി.എസ്. ഗ്രൂപ്പ് എന്ന സ്വകാര്യസ്ഥാപനത്തിന് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നു. പദ്ധതിപ്രദേശമാകെ ഒരു വ്യവസായ മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാഥമികഘട്ടത്തിൽ 350 ഏക്കർ സ്ഥലമാണ് കമ്പിനി സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇതിനായി കണ്ടെത്തിയിട്ടുള്ള പ്രദേശം പൂർണമായും നെൽവയലുകളും അവയ്ക്ക് ചുറ്റുമുള്ള ചെങ്കൽ കുന്നുകളുമാണ്. മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ ആറന്മുള ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് കഴിഞ്ഞ കുറേ വർഷങ്ങളായി നെൽകൃഷി നടക്കുന്നില്ല. എഴുപത് ഏക്കർ നെൽപാടം പൂർണമായി നികത്തിക്കഴിഞ്ഞു. പാടത്തിന് ചുറ്റുമുള്ള ചെങ്കൽ കുന്നുകൾ ഇടിച്ചാണ് പാടം നികത്തിയിരിക്കുന്നത്. ഇതുമൂലം പമ്പയാറിന്റെ പ്രധാന കൈവഴിയായ കോഴിത്തോട് അടഞ്ഞ് പോയിരിക്കുന്നു. ആറന്മുള, മല്ലപ്പുഴശ്ശേരി, മെഴുവേലി, ഇലന്തൂർ എന്നീ പഞ്ചായത്തുകളിലായി ഒഴുകുന്ന നിരവധി നീർച്ചാലുകളേയും ഇത് ബാധിക്കും. പദ്ധതി പ്രദേശം ചുറ്റുമുള്ള പ്രദേശത്തേക്കാൾ താഴ്ന്നതും വർഷം മുഴുവനും വെള്ളം കെട്ടി നിൽക്കുന്നതുമാണ്. തണ്ണീർത്തടത്തിന്റെ നിർവചനപരിധിയിൽ വരുന്നതാണിത്. ഈ പ്രദേശത്തിന്റെ സ്വാഭാവിക ജല സംഭരണിയാണിത്. ഇത് നികന്ന് പോകുന്നത് പ്രദേശത്തിന്റെ ഭൂഗർഭ ജലസംഭരണ ശേഷിയേയും ബാധിക്കും. അങ്ങനെ നോക്കിയാൽ പ്രദേശത്തിന്റെ സൂക്ഷ്മതല പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് നിർദ്ദിഷ്ട പദ്ധതിയെന്നതിൽ സംശയമില്ല. അതേസമയം കേരളത്തിന്റെ വ്യോമഗതാഗത മേഖലയിൽ ആറന്മുള വിമാനത്താവളം പ്രസക്തമാണോ എന്നത് പരിശോധിക്കണം. ഇവിടെനിന്ന് 120 കി.മീ. തെക്കാണ് തിരുവനന്തപുരം വിമാനത്താവളം. ഏതാണ്ട് ഇത്രയുംതന്നെ വടക്കുമാറി നെടുമ്പാശ്ശേരി വിമാനത്താവളവും സ്ഥിതിചെയ്യുന്നുണ്ട്. ഇതിനിടയിൽ മറ്റൊരു അന്താരാഷ്ട്ര വിമാനത്താവളം പ്രസക്തമല്ല. ആ നിലയ്ക്ക് കേരളത്തിന്റെ പൊതുവികസന മേഖലയിൽ ആറന്മുള വിമാനത്താവളം അനിവാര്യമല്ലെന്ന് വരുന്നു. പദ്ധതിയിൽ സാമ്പത്തിക അഴിമതിയ്ക്കുള്ള സാധ്യതയും തെളിഞ്ഞ് കാണുന്നു. ആദ്യം ഒരു പ്രവാസി മലയാളിയാണ് വിമാനത്താവളത്തിന്റെ പേരിൽ ഭൂമി വാങ്ങിക്കൂട്ടിയത്. പിന്നീടത് കൂടിയ വിലയ്ക്ക് കെ.ജി.എസ്. ഗ്രൂപ്പിന് കൈമാറി. ഇതൊരു റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നു എന്നാണിത് സൂചിപ്പിക്കുന്നത്. ഭൂമി കൈമാറ്റവും തുടർന്ന് നിർദേശിക്കുന്ന നിർമാണ പ്രവർത്തനങ്ങളും കേരള ലാൻഡ് റിഫോംസ് ആക്ടിനും നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിനും എതിരുമാണ്. അങ്ങനെ ഏത് നിലയ്ക്ക് നോക്കിയാലും ഈ പദ്ധതി അനാവശ്യമാണെന്ന് മാത്രമല്ല; പാരിസ്ഥിതിക ദോഷം സൃഷ്ടിക്കുന്നതും ഭൂമിയുടെ ഘടനയെ അപകടകരമായി ബാധിക്കുന്നതും ഭാവിയിൽ കുടിവെള്ളക്ഷാമത്തിന് കാരണമായേക്കാവുന്നതുമായ ഒന്നാണ്. ഈ നിലയ്ക്ക് പ്രസ്തുത വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്ന് 2012 മെയ് 11,12,13 തിയതികളിൽ തിരുവനന്തപുരത്ത് വച്ചു നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 49-ാം വാർഷിക സമ്മേളനം കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.