ആസ്ട്രോ കേരള

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ശാസ്ത്ര-ജ്യോതിശാസ്ത്ര പ്രചാരണ സംഘടനയാണ് ആസ്ട്രോ കേരള എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അമേച്വർ ആസ്ട്രോണമേഴ്സ് ഓർഗനൈസേഷൻ,കേരള.2009 അന്താരാഷ്‌ട്ര ജ്യോതിശാസ്ത്ര വർഷാചരണവുമായി ബന്ധപ്പെട്ടു നടന്ന പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിലാണ് സംസ്ഥാനത്തൊട്ടാകെ ഉള്ള അമേച്വർ ജ്യോതിശാസ്ത്രഞ്ജർ,ശാസ്ത്ര-ജ്യോതിശാസ്ത്ര പ്രചാരകർ,അധ്യാപകർ, വിദ്യാർത്ഥികൾ, ശാസ്ത്ര എഴുത്തുകാർ തുടങ്ങിയവരുടെ കൂട്ടായ്മയായ ആസ്ട്രോ രൂപം കൊണ്ടത്‌.നിലവിൽ പത്തിലേറെ ജില്ലകളിൽ ജില്ലാ ഘടകങ്ങളും മുന്നൂറിൽ ഏറെ അംഗങ്ങളും ആസ്ട്രോയ്ക്കുണ്ട്.സംഘടനയുടെ ആസ്ഥാനം തിരുവനന്തപുരം പി എം ജിയിൽ ഉള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയം ആണ്

പ്രവർത്തനങ്ങൾ

ആസ്ട്രോ അതിൻറെ ജില്ലാ ഘടകങ്ങൾ വഴി സംസ്ഥാനത്തൊട്ടാകെ വൈവിധ്യമാർന്ന ശാസ്ത്ര-ജ്യോതിശാസ്ത്ര പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. 2010 ജനുവരിയിൽ കേരളത്തിൽ നടന്ന വലയ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടു നിരവധി പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടാണ് ആസ്ട്രോ അതിൻറെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.തുടർന്ന് ശാസ്ത്ര ജ്യോതിശാസ്ത്ര പ്രാധാന്യമുള്ള നിരവധി അവസരങ്ങളിൽ ഒട്ടനവധി പരിപാടികൾ ഏറ്റെടുത്തു നടത്തി.തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റേറിയത്തിൽ എല്ലാ മാസത്തെയും ആദ്യത്തെ വ്യാഴാഴ്ച വൈകുന്നേരങ്ങളിൽ പ്രതിമാസ ശാസ്ത്ര ക്ലാസുകളും പ്രഭാഷണങ്ങളും നടത്തി വരുന്നുണ്ട്.ആസ്ട്രോ കോഴിക്കോട് ജില്ലാ ചാപ്റ്റർ പ്രതിവാര ജ്യോതിശാസ്ത്ര കോഴ്സ്‌ നടത്തി വരുന്നു.വയനാട് ഘടകം സ്കൂൾ വിദ്യാർത്ഥികൾക്കായി ആസ്ട്രോണമി ടാലൻറ് സേർച്ച്‌ എന്ന പരിപാടി നടപ്പിലാക്കിയിട്ടുണ്ട്.ക്ലാസുകൾ,വാന നിരീക്ഷണ സെഷനുകൾ,മത്സരങ്ങൾ, ശിൽപ്പശാലകൾ തുടങ്ങിയവ കൂടാതെ ഒറ്റയ്ക്കും മറ്റു സംഘടനകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവരുമായി ചേർന്നും നിരവധി ശാസ്ത്ര-ജ്യോതിശാസ്ത്ര പരിശീലന പരിപാടികൾക്കും പ്രോജക്ടുകൾക്കും ആസ്ട്രോ അക്കാദമിക-സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.

2012 ജൂൺ ആറിനു ദൃശ്യമായ ശുക്ര സംതരണവുമായി ബന്ധപ്പെട്ടു ഒരു പൊതുജനശാസ്ത്രപ്രചാരണ ശിബിരത്തിന് ആസ്ട്രോ നേതൃത്വം നൽകി.ആസ്ട്രോയുടെ ശുക്ര സംതരണം സംസ്ഥാന ശിൽപ്പശാല കോഴിക്കോട് റീജിയണൽ സയൻസ് സെൻററിൽ വച്ചു നടന്നു.തുടർന്ന് ഇതിൻറെ ഭാഗമായി കേരളത്തിൽ ഉടനീളം ക്ലാസ്സുകൾ - ശിൽപ്പശാലകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആസ്ട്രോ ജില്ലാ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ ശുക്ര സംതരണം ദർശിക്കുവാനും മറ്റും സൌകര്യങ്ങൾ ഏർപ്പാടാക്കി.ആയിരക്കണക്കിന് സൌരക്കണ്ണടകൾ വിതരണം ചെയ്തു.കേരളത്തിൽ അങ്ങോളമിങ്ങോളം വിവിധ കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലുമായി നിരവധി പേർ ശുക്ര സംതരണം ദർശിച്ചു.

ജൂലായിൽ ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ആസ്ട്രോയുടെ ആഭിമുഖ്യത്തിൽ ഒരു ശാസ്ത്ര-ജ്യോതിശാസ്ത്ര മാസിക ആരംഭിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

അന്താരാഷ്‌ട്ര ബഹിരാകാശ വാരം 2012

അന്താരാഷ്ട്ര ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ച് ആസ്ട്രോ കേരള സംസ്ഥാനത്തൊട്ടാകെ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച. സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ നാലിന് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ഹാളിൽ ഡോ. എം. പി. പരമേശ്വരൻ ആണ് നിർവഹിച്ചത്.കോളേജ്‌ - സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്‌ പരിപാടികൾ, അധ്യാപക പരിശീലനം, വിവിധ സംഘടനകളും സ്ഥാപനങ്ങളുമായും ചേർന്നുള്ള മറ്റു പരിപാടികൾ എന്നിവ ജില്ലാ ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ നടന്നു.

ആസ്ട്രോ ക്ലബ്ബുകൾ

സ്കൂൾ കോളേജ്‌ വിദ്യാർത്ഥികളിൽ ജ്യോതിശാസ്ത്രാവബോധം സൃഷ്ടിക്കുകയും കൂടുതൽ കുട്ടികളെ ഈ രംഗത്തേക്ക് കൊണ്ട് വരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആസ്ട്രോ ക്ലബ്ബുകൾ വിഭാവനം ചെയ്തു പ്രവർത്തിക്കുന്നുണ്ട്. യൂണിവേഴ്സിറ്റി കോളേജ്‌,ഗവ വിമൻസ്‌ കോളേജ്‌, എം ജി കോളേജ്‌ തുടങ്ങി തിരുവനന്തപുരം ജില്ലയിലെ അഞ്ചോളം കോളേജുകളിൽ ആസ്ട്രോ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്.മലപ്പുറം കോട്ടക്കൽ യു പി സ്കൂളിലാണ് സ്കൂൾ തലത്തിൽ ആദ്യം ആരംഭിച്ച ആസ്ട്രോ ക്ലബ്ബ്‌ പ്രവർത്തിക്കുന്നത്.കൊല്ലം ജില്ലയിലെ ആസ്ട്രോ ക്ലബ്ബുകളുടെ ഔദ്യോഗിക ഉദ്ഘാടനം 2012 ഒക്ടോബറിൽ കൊല്ലം എസ് എൻ വനിതാ കോളേജിൽ വച്ച് നടന്നു. ജില്ലയിലെ പത്തോളം കോളേജുകളിൽ ആസ്ട്രോ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്.ആലപ്പുഴ,കോഴിക്കോട് വയനാട് ജില്ലകളിൽ വിവിധ വിദ്യാലയങ്ങളിൽ ആസ്ട്രോ ക്ലബ്ബുകൾ സജീവമായി പ്രവർത്തിച്ചു വരുന്നു.

പുറത്തേക്കുള്ള കണ്ണികൾ

ആസ്ട്രോ വെബ്സൈറ്റ്

ആസ്ട്രോ ക്ലബ്ബ്‌ കോട്ടക്കൽ ബ്ലോഗ്‌

"https://wiki.kssp.in/index.php?title=ആസ്ട്രോ_കേരള&oldid=1740" എന്ന താളിൽനിന്ന് ശേഖരിച്ചത്