ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിൽ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷനെ (യൂ ജി സി ) ഇല്ലാതാക്കി ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ കമ്മീഷന് (Higher Education Commission of India) രൂപം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.


യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷനെ (യൂ ജി സി ) ഇല്ലാതാക്കി ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ കമ്മീഷന് (Higher Education Commission of India) രൂപം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഉന്നത വിദ്യാഭ്യാസമേഖലയിൽ ഇടപെടലുകൾ നടത്തേണ്ടത് അക്കാദമിക സമൂഹമാണെന്ന ലോകമെമ്പാടും അംഗീകരിച്ച തത്വത്തെ കീഴ്മേൽ മറിക്കാനും അപകടകരമായ കേന്ദ്രീകരണത്തിനും ഉദ്യോഗസ്ഥവത്കരണത്തിനും ലക്ഷ്യമിടുന്നതുമാണ് പുതിയ നിയമം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വെറും തൊഴിൽ വൈദഗ്ധ്യ പരിശീലന കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന കോർപ്പറേറ്റ് യുക്തിയുടെ സംസ്ഥാപനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് . ഉന്നത വിദ്യാഭ്യാസം സമ്പൂർണമായി കച്ചവടവത്കരിക്കപ്പെടുന്നതിനും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാകുന്നതിനും നിലനിക്കുന്ന സാമൂഹിക നീതി പോലും നിഷേധിക്കപ്പെടുന്നതിനും ഇതിടയാക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാവിയെ തന്നെ മാറ്റി മറിക്കുന്ന ഈ തീരുമാനത്തോട് പ്രസ്തുത മേഖലയിലുള്ളവർക്ക് പ്രതികരിക്കാൻ വെറും പത്ത് ദിവസമാണ് സർക്കാർ നൽകിയിരിക്കുന്നത് , അതും രാജ്യമൊട്ടാകെ പുതിയ അക്കാദമിക വർഷത്തിന്റെ തിരക്കുകളിൽ പെട്ടിരിക്കുന്ന കാലത്ത്. ഇത്ര ധൃതിപ്പെട്ടും അതാര്യമായും നടപ്പാക്കേണ്ട ഒന്നല്ല വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾ. യു ജി സി യുടെ പ്രവർത്തനങ്ങൾ പരിഷ്കരിക്കപ്പെടേണ്ടതുണ്ടെന്ന കാര്യ്ത്തിൽ സംശയമില്ല . യുജിസിയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളെയും പ്രഖ്യാപിത ലക്ഷ്യങ്ങളെയും വിശകലന വിധേയമാക്കാനോ അതിനനുസൃതമായി അക്കാദമിക വിദഗ്ദർ ചൂണ്ടി കാണിക്കുന്ന പരിഷ്കാരങ്ങൾക്ക് തയ്യാറാവാനോ അല്ല മറിച്ച് യുജിസിയെ തന്നെ ഇല്ലാതാക്കി ഗുണപരമായ മാറ്റങ്ങൾക്ക്‌ വിപരീത ദിശയിൽ സഞ്ചരിക്കുകയാണ് പ്രഖ്യാപിത ബില്ലിലെ പരിഷ്‌കാരങ്ങൾ . ആയതിനാൽ ഈ കരട് ബില്ല് പിൻവലിച്ച് കൂടുതൽ സംവാദങ്ങൾക്കും ചർച്ചകൾക്കും ഇടം നൽകുവാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെടുന്നു.


യു ജി സി യുടെ ചരിത്രം

1945 ലാണ് ബനാറസ് , ദൽഹി , അലിഗഡ് സർവകലാശാലകളുടെ മേൽനോട്ടം ലക്ഷ്യമിട്ട് യു ജി സി ആരംഭിക്കുന്നത് . 1947 ൽ അതിന്റെ ഉത്തരവാദിത്തം മുഴുവൻ സർവ്വകലാശാലകളിലേക്കും വ്യാപിപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തതിനാവശ്യമായ ഉദ്യോഗസ്ഥ വൃന്ദത്തെ സൃഷ്ടിക്കാൻ തയ്യാറാക്കപ്പെട്ട കൊളോണിയൽ ഉന്നതവിദ്യാഭ്യാസ വ്യവസ്ഥയിൽ നിന്നും വ്യക്തമായ വിടുതൽ ഉദ്ദേശിച്ചായിരുന്നു നെഹ്രുവിയൻ ഭരണകൂടം യു ജി സി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ പരിഷ്കരിച്ചത്. ഡോ. എസ് രാധാകൃഷ്ണൻ ചെയർമാനായി 1948 ൽ സ്ഥാപിക്കപ്പെട്ട സർവകലാശാലാ വിദ്യാഭ്യാസ കമ്മീഷന്റെ ഇംഗ്ലണ്ടിലെ 'യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിറ്റി'യുടെ മാതൃകയിൽ യു ജി സി യെ പുനഃസംഘടിപ്പിക്കാൻ നിർദേശം നൽകി. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് 1953 ഡിസംബർ 28 ന് യു ജി സി ക്ക് രൂപം നൽകിയതും 1956 ൽ യു ജി സി ആക്ട് പാസാക്കിയതും. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവശ്യമായ ഗ്രാന്റുകൾ നൽകുക , പുതിയ സ്ഥാപനങ്ങളും കോഴ്‌സുകളും ആരംഭിക്കാനാവശ്യമായ സഹായങ്ങളും അവയ്ക്കാവശ്യമായ ചട്ടങ്ങളും നിയമങ്ങളും തയാറാക്കുക , സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുക തുടങ്ങിയവയായിരുന്നു യു ജി സി യുടെ ചുമതലകൾ. എല്ലാ പരിമിതികൾക്കകത്തും പുതിയ രാജ്യത്തിനാവശ്യമായ 'ജൈവ ബുദ്ധിജീവികളെ' സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നിൽ. എന്നാൽ എന്നാൽ എൺപതുകളോടെ വിദ്യാഭ്യാസമെന്നത്‌ എറ്റവും വിനിമയ മൂല്യമുള്ള ചരക്കാണെന്ന് കേന്ദ്ര സർക്കറുകൾ തന്നെ അംഗീകരിക്കുന്ന സ്ഥിതി ഉണ്ടായി. രാജ്യമെമ്പാടും സ്വകാര്യ - സ്വാശ്രയ സ്ഥാപനങ്ങൾ മുളച്ചു പൊന്തി. ഈ സങ്കൽപ്പത്തിനനുസരിച്ച്‌ യു ജി സിയെ മാറ്റാനുള്ള ശ്രമങ്ങൾ നടന്നു. നഗ്നമായ നവലിബറൽ പരിഷ്കാരങ്ങൾക്ക്‌ യു ജി സിയുടെ ഘടന മാറേണ്ടതുണ്ടെന്ന തിരിച്ചറിവിൽ യു ജി സിയെ തന്നെ ഇല്ലാതാക്കാനുള്ള ആലൊചനകൾ തുടങ്ങി . വാജ്‌പേയ് സർക്കാരിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട കുമാരമംഗലം ബിർള - മുകേഷ് അംബാനി കമ്മീഷൻ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിന്നും സർക്കാർ പിന്മാറണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചു. സാമൂഹിക നീതിയല്ല നിപുണന പരിശീലനമാണ് ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് കമ്മീഷൻ പ്രാഖ്യാപിച്ചു . വ്യാപകമായ എതിർപ്പിനെ തുടർന്ന് മരവിപ്പിക്കപ്പെട്ട ഈ നിലപാടുകൾ രണ്ടാം യു പി എ സർക്കാരിന്റെ കാലത്ത് വീണ്ടും സജീവമായി. സർക്കാർ സാം പിത്രോഡ അധ്യക്ഷനായി ഒരു വിജ്ഞാന കമ്മീഷനെ നിയമിക്കുകയും കമ്മീഷൻ രാജ്യത്തെ എല്ലാ റെഗുലേറ്ററി അതോറിറ്റികളും ഇല്ലാതാക്കി 'ഇൻഡിപെൻഡന്റ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഹയർ എഡ്യുക്കേഷൻ ' എന്നൊരു ഏകതാന സംവിധാനത്തെ സ്ഥാപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് നിയമിക്കപ്പെട്ട യശ്പാൽ കമ്മിറ്റിയും യു ജി സിയെ ഇല്ലാതാക്കാനുള്ള നിർദ്ദേശമാണ് മുന്നോട്ട് വെച്ചത്. 2011 ൽ രണ്ടാം യു പി എ സർക്കാർ 'ഹയർ എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ബിൽ ' എന്ന പേരിൽ ഒരു ബില്ല്

അവതരിപ്പിക്കുകയും ചെയ്തു. പ്രസ്തുത ബില്ല് യു ജി സി , എ ഐ സി ടി ഇ , എൻ സി ടി ഇ എന്നിവ പിരിച്ച് വിട്ട് ' നാഷണൽ കമ്മീഷൻ ഫോർ ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ' എന്ന ഒറ്റ സ്ഥാപനം വിഭാവനം ചെയ്യുകയും ചെയ്തു. 2014 ൽ മോഡി സർക്കാർ ഈ ബില്ല് പിൻവലിച്ചു. ഈ പശ്ചാത്തലത്തിലാണ് പുതിയ ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ കമ്മീഷൻ ബില്ല് രംഗത്ത് വരുന്നത്.


ബില്ലിന്റെ ഘടന

കരട് ബില്ലിന്റെ വിഭാഗം 3.3 പ്രകാരം, 'കമ്മീഷനിൽ കേന്ദ്ര ഗവണ്മെന്റ് നിയമിക്കുന്ന ഒരു അധ്യക്ഷനും , ഉപാധ്യക്ഷനും , പന്ത്രണ്ട് അംഗങ്ങളും ആണ് ഉണ്ടാകുക' . കാബിനറ്റ് സെക്രട്ടറി അധ്യക്ഷനും , ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഉപാധ്യക്ഷനുമായി മൂന്നംഗങ്ങൾ കൂടി ഉൾപ്പെടുന്ന സെർച്ച് കം സെലക്ഷൻ കമ്മിറ്റി സമർപ്പിക്കുന്ന പാനലിൽ നിന്ന് കേന്ദ്ര സർക്കാരാണ് കമ്മീഷന്റെ അധ്യക്ഷനെയും ഉപാധ്യക്ഷനെയും തെരഞ്ഞെടുക്കുക. യു ജി സി നിയമത്തിൽ വ്യക്തമായി പറയുന്ന ഒരു കാര്യം യു ജി സി അധ്യക്ഷനായി നിയമിക്കപ്പെടുന്ന ആൾ കേന്ദ്ര - സംസ്ഥാന തലത്തിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരിക്കരുത് എന്നതാണ് , ഈ വ്യവസ്ഥയെ ഒഴിവാക്കികൊണ്ടാണ് പുതിയ കരട് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. പന്ത്രണ്ടംഗങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി , ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി , നൈപുണി വികസന വകുപ്പ് സെക്രട്ടറി , എ ഐ സി ടി ഇ അധ്യക്ഷൻ , എൻ സി ടി ഇ അധ്യക്ഷൻ , അക്രഡിറ്റേഷൻ ബോഡിയുടെ രണ്ട് അധ്യക്ഷന്മാർ , രണ്ടു വൈസ് ചാൻസലർമാർ , രണ്ടു യൂണിവേഴ്‌സിറ്റി പ്രൊഫസർമാർ , വ്യാവസായിക മേഖലയിൽ നിന്നുള്ള ഒരാൾ എന്നിവരാണ് ഉണ്ടാകുക. വൈസ് ചാൻസലർമാർ പലപ്പോഴും രാഷ്ട്രീയ നിയമനമാണെന്നത് അവഗണിച്ച് അവരെക്കൂടി പരിഗണിച്ചാൽ പോലും അക്കാദമിക മേഖലയിലെ വെറും നാല് പേരാണ് ഈ കമ്മീഷനിൽ ഉണ്ടാകുക. പൂർണമായും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒന്നാകും കമ്മീഷൻ. വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാറുകൾക്കുള്ള അവകാശങ്ങൾ ഇതോടെ ഇല്ലാതാകും . പൂർണഒരു തരത്തിലുള്ള എതിർ ശബ്ദങ്ങൾക്കും സാധ്യതയില്ലാത്ത ഒരു കേന്ദ്രസർക്കാർ സംവിധാനം മാത്രമായി ഈ കമ്മീഷൻ മാറും. അക്കാദമിക മേഖലയിലെ കാര്യങ്ങൾ തീരുമാനിക്കുന്നത് രാഷ്ട്രീയ ഇടപെടലുകൾക്കുപരിയായി അക്കാദമിക മേഖലയിലുള്ളവരാകണം എന്നത് ലോകമെമ്പാടും അംഗീകരിച്ച തത്വമാണ്. അതിന്റെ നഗ്നമായ ലംഘനവും സമ്പൂർണമായ കേന്ദ്രീകരണവുമാണ് കമ്മീഷനിലൂടെ നടക്കാൻ പോകുന്നത്. കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കൃത്യമായി നടപ്പാക്കാനും അല്ലാത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങൾക്കെതിരെ നിയമ നടപടികൾ മുതൽ അടച്ചുപൂട്ടൽ വരെ നടപ്പാക്കാനും കമ്മീഷന് കഴിയും. കമ്മീഷൻ ഒരു ഉദ്യോഗസ്ഥ ഭൂരിപക്ഷ സംവിധാനമായതിനാൽ കേന്ദ്ര സർക്കാരിന് സൂക്ഷ്മമായ നിയന്ത്രണം പോലും സാധ്യമാകും. (യു ജി സിയിൽ ഒരിക്കൽ നിയമിക്കപ്പെട്ട അംഗങ്ങളെ മാറ്റാൻ സർക്കാരിന് കഴിയില്ലായിരുന്നു.) ഇതൊന്നും കൂടാതെ കമ്മീഷനെ നിയന്ത്രിക്കാൻ വകുപ്പ് 24.1 പ്രകാരം കമ്മീഷന്റെ ഘടനക്കകത്ത്‌ മാനവ വിഭവശേഷി വകുപ്പ് മന്ത്രി അധ്യക്ഷനും സംസ്ഥാന ഉന്നത വിദ്യാഭ്യാസ കമ്മീഷൻ അധ്യക്ഷന്മാരോ ഉപാധ്യക്ഷന്മാരോ അംഗങ്ങളുമായി ഒരു ഉപദേശക സമിതിയും ഉണ്ടായിരിക്കും. സമിതി വർഷത്തിൽ രണ്ടുതവണയെങ്കിലും യോഗം ചേർന്ന് കമ്മീഷനെ നിയന്ത്രിക്കും.


ഏകതാനമായ സിലബസ്സിലേക്ക്‌

കരട് ബില്ലിന്റെ വിഭാഗം 15 .3 പ്രകാരം,ഉന്നത വിദ്യാഭ്യാസ കമ്മീഷന് 'പഠന ഫലങ്ങളെ (learning outcomes)' നിശ്ചയിക്കാനുള്ള അവകാശമുണ്ട്. ഇന്ത്യയിലെ വൈവിധ്യ പൂർണമായ സാമൂഹിക - സാംസ്കാരിക ഭൂമികയിൽ ഏകതാനമായ സിലബസ്സും കരിക്കുലവും അടിച്ചേൽപ്പിക്കാനുള്ള ആദ്യ പടിയായി ഇത് മാറും. ഇതാകട്ടെ കഴിഞ്ഞ കാൽനൂറ്റാണ്ടായി കോർപ്പറേറ്റുകൾ മുന്നോട്ട് വെക്കുന്ന , ' കലാലയങ്ങളെ തൊഴിൽ പരിശീലന കേന്ദ്രങ്ങളാ'ക്കുകയെന്ന ലക്ഷ്യത്തിനു സഹായകമാവുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊഴിൽ അഭ്യസിപ്പിക്കുന്നതിൽ ഒരു തെറ്റുമില്ല. പക്ഷെ ഇവിടെ സംഭവിക്കുന്നത് ഏതു തൊഴിലിലും പരിശീലനം നേടാൻ ശേഷിയുള്ള ഉദ്യോഗാർത്ഥിയെ സൃഷ്ടിക്കുകയല്ല മറിച്ച് കോർപ്പറേറ്റുകൾക്ക് ആവശ്യമായ പ്രത്യേക ചെറുകിട തൊഴിലുകളിൽ മാത്രം പരിശീലനം സിദ്ധിക്കുന്ന തൊഴിലാളികളുടെ ഉല്പാദനമാണ്. കോർപ്പറേറ്റ് മേഖലയിലെ തൊഴിലുകൾ അതിവേഗം രൂപം മാറുന്നവയാണ് , അതിനനുസരിച്ച് പുതിയ കോഴ്സുകളും പുതിയ തൊഴിലാളികളും രംഗത്തെത്തുകയും പഴയ വിദഗ്ദ തൊഴിലാളികൾ അവിദഗ്ദ തൊഴിൽ രഹിതരായി മാറുകയും ചെയ്യും.

നവലിബറൽ മൂലധന വ്യവസ്ഥ ഭയപ്പെടുന്നത് വിമർശനാത്മക ബോധനത്തെയെയും ചിന്തയെയുമാണ്. ആധുനികതാ വിരുദ്ധരായ ഒരു ഭരണകൂടം ഏതു തരം പഠന വ്യവസ്ഥയാകും അഖിലേന്ത്യാ തലത്തിൽ നടപ്പാക്കുകയെന്നു നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ. പരിണാമ സിദ്ധാന്തം തെറ്റാണെന്നോ , മഹാഭാരത കാലത്ത് ഇന്റർനെറ്റ് ഉണ്ടായിരുന്നെന്നോ , പ്രാചീന ഭാരതത്തിൽ പ്ലാസ്റ്റിക് സർജറി നടന്നിരുന്നെന്നോ ഇന്ത്യയൊട്ടാകെ ഒരു സിലബസിൽ പഠിപ്പിക്കുന്നതിനെ അത് ഭയക്കുന്നില്ലെന്നു മാത്രമല്ല സ്വാഗതവും ചെയ്യും , എന്നാൽ പരിമിതമായെങ്കിലും ഏതെങ്കിലും നിലക്ക് വ്യവസ്ഥാ വിമർശനം സാധ്യമാക്കുന്ന എല്ലാ ചിന്തകളെയും അത് പടിക്ക് പുറത്താക്കും. അതിനുള്ള അന്തരീക്ഷമൊരുക്കുകയാണ് കമ്മീഷൻ ചെയ്യുക. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനു മുൻപ് കമ്മീഷന്റെ അനുമതിയും സമ്മിതിയും വാങ്ങണമെന്നാണ് മറ്റൊരു വ്യവസ്ഥ. തങ്ങൾക്ക് താല്പര്യമില്ലാത്ത ഒരു പഠനവും ഇന്ത്യയിലെ ഒരു സ്ഥാപനത്തിലും നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഇതിലൂടെ കേന്ദ്ര സർക്കാരിന് സാധ്യമാകും.ഓരോ വർഷവും സർവ്വകലാശാലകളുടെ അക്കാദമിക പ്രകടനം കമ്മീഷൻ വിലയിരുത്തും. (15.3 സി). ഈ പ്രകടനത്തെ വിലയിരുത്തി കമ്മീഷൻ നിശ്ചയിക്കുന്ന ഗ്രെഡിംഗിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കപ്പെടുക.സ്വയംഭരണം പ്രോത്സാഹിപ്പിക്കുമെന്നു പറയുമ്പോൾ തന്നെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കമ്മീഷൻ എടുക്കുന്ന നിലപാടുകളെ ചോദ്യം ചെയ്യാനോ , അപ്പീലിന് പോകാനോ ഉള്ള അവകാശം സ്ഥാപനങ്ങൾക്കുണ്ടാകില്ല.

ഫണ്ടിംഗ്‌ ഇനി കേന്ദ്ര സർക്കാർ വഴി

അക്കാദമിക മേഖലയിൽ സമ്പൂർണ്ണ കേന്ദ്രീകരണം ലക്ഷ്യമിടുന്ന ബില്ല് പക്ഷെ ഫണ്ടിംഗിന്റെ കാര്യത്തിൽ ഉന്നത വിദ്യാഭ്യാസ കമ്മീഷനെ പൂർണമായും ഒഴിവാക്കിയിരിക്കുന്നു. കമ്മീഷൻ ഒരു റെഗുലേറ്ററി സംവിധാനമായി നിലനിൽക്കുകയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ഫണ്ടിംഗ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് നിർവഹിക്കുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 'പ്രകടനം 'വിലയിരുത്തി കമ്മീഷൻ നടത്തുന്ന ഗ്രെഡിംഗ് അനുസരിച്ചാവും സ്ഥാപനങ്ങൾക്കുള്ള ഫണ്ടിംഗ് ലഭ്യമാക്കുക. മഹാനഗരങ്ങളിലെ വരേണ്യ വിദ്യാഭ്യാസ സ്ഥാപങ്ങളുടെ അതേ അളവുകോൽ തന്നെ രാജ്യമെമ്പാടും നടപ്പിലാക്കുന്നതോടെ പിന്നോക്കം നിൽക്കുന്ന സ്ഥാപനങ്ങൾ ഫണ്ടിംഗ് കിട്ടാതെ കൂടുതൽ പിന്നോക്കം പോവുകയും നിലനിൽപ്പിനായി സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കേണ്ടി വരികയും ചെയ്യും. പതിയെ പതിയെ 'ലാഭാരമല്ലാത്ത' അടിസ്ഥാന ശാസ്ത്ര - മാനവിക വിഷയങ്ങൾ ക്യാംപസുകളിൽ നിന്നും അപ്രത്യക്ഷമാവുകയും മൂലധനത്തിനു താല്പര്യമുള്ള നൈപുണി വികസന വിഷയങ്ങൾ മാത്രം അവശേഷിക്കുകയും ചെയ്യും. ഈ കോഴ്‌സുകൾ പഠിക്കാനുള്ള ഉയർന്ന ഫീസിനായി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പയെ ആശ്രയിക്കേണ്ടി വരികയും ചെയ്യും . ഒപ്പം കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്ക് ഒപ്പം നിൽക്കാത്ത ഏതൊരു സ്ഥാപനവും ഫണ്ടിംഗിന് പുറത്താകുകയും ചെയ്യും. യു ജി സി നിയമത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാങ്ങുന്ന ഫീസുകൾ , സംഭാവന എന്നിവയെ സംബന്ധിച്ച് കർശനമായ നിയമങ്ങൾ ഉണ്ടണ്ടായിരുന്നെങ്കിൽ പുതിയ കമ്മീഷൻ ഫീസ് വ്യവസ്ഥയെ സംബന്ധിച്ച ഉപദേശങ്ങൾ (advise) നൽകുക മാത്രമാണ് ചെയ്യുക (വകുപ്പ് 15.4 ).

കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ബിർള - അംബാനി കമ്മീഷൻ മുതൽ നോളഡ്ജ് കമ്മീഷൻ വരെ നവലിബറൽ ചായ്‌വുള്ള സകല സംവിധാനങ്ങളും ആവശ്യപ്പെടുന്ന ഒന്നാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും സർക്കാർ പിൻവാങ്ങി സ്വകാര്യ മൂലധനത്തെ ഈ ചുമതല ഏൽപ്പിക്കണമെന്നത്. നവലിബറൽ കാലത്തെ 'നോളഡ്ജ് എക്കണോമി 'ക്ക് ആവശ്യമായ വിദഗ്ധ തൊഴിലിന്റെ പരിശീലന കേന്ദ്രങ്ങളായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറുകയെന്ന ലക്ഷ്യത്തിനു പലപ്പോഴും തടസ്സമായിരുന്നു നെഹ്രൂവിയൻ കാലത്ത് സൃഷ്ടിക്കപ്പെട്ട യു ജി സി യുടെ ഘടന. ഉന്നത വിദ്യാഭ്യാസ രംഗത്തെ 'ഇൻസ്‌പെക്ഷൻ രാജ് 'അവസാനിപ്പിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്ന് കരട് ബില്ലിൽ പറയുന്നു. 'യൂണിവേഴ്‌സിറ്റി' എന്ന പേര് ദുരുപയോഗം ചെയ്‌താൽ നടപടിയെടുക്കാനുള്ള യു ജി സി നിയമത്തിലെ വകുപ്പും കരട് ബില്ലിൽ നീക്കം ചെയ്തിരിക്കുന്നു. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങൾ പരിശോധിക്കാൻ (inspect) ഉള്ള യു ജി സിയുടെ അവകാശം പുതിയ കമ്മീഷനില്ല താനും. ചുരുക്കി പറഞ്ഞാൽ സർക്കാർ ഫണ്ട് ലഭിക്കുന്ന സ്ഥാപനങ്ങളെ പൂർണമായും മെരുക്കി വിമർശനാത്മക ബോധനത്തിനുള്ള സാധ്യത അവസാനിപ്പിക്കുകയും സ്വകാര്യ മൂലധന സ്ഥാപങ്ങളെ പൂർണമായും സ്വാതന്ത്രരാക്കുകയും ചെയ്യുന്ന നയമാണ് ബില്ലിലൂടെ നടപ്പാക്കുക.


സമ്പൂർണ്ണ കേന്ദ്രീകരണം

വകുപ്പ് 16.1 പ്രകാരം ഉന്നത വിദ്യാഭ്യാസ കമ്മീഷൻ നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷം ആരംഭിക്കുന്ന ഒരു സ്ഥാപനത്തിനും കമ്മീഷന്റെ അംഗീകാരമില്ലാതെ ഡിഗ്രികൾ നൽകാൻ കഴിയില്ല . അതിനു മുൻപേ നിലനിൽക്കുന്ന സ്ഥാപനങ്ങൾക്കാകട്ടെ വെറും മൂന്നു വർഷത്തേക്കാണ് അംഗീകാരമുണ്ടാവുക, അതിനു ശേഷം കമ്മീഷനെ സമീപിച്ച് അംഗീകാരം പുതുക്കേണ്ടതാണ്. ഗുരുതരമായ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ ഇത് സൃഷ്ടിക്കുക. നിയമങ്ങൾ അംഗീകരിക്കാത്ത സ്ഥാപനങ്ങൾക്ക് വകുപ്പ് 23 പ്രകാരം നിശ്ചയിച്ചിരിക്കുന്ന ശിക്ഷാവിധികൾ ഉപയോഗിച്ച് കേന്ദ്രഭരണ സംവിധാനങ്ങൾക്കും , ഭരണ കക്ഷിക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വരച്ച വരയിൽ നിർത്താനാകും.

ഒരൊറ്റ നിയമത്തിലൂടെ സംഘപരിവാർ പ്രത്യയശാസ്ത്ര നിലപാടുകളെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിക്കാനും ഒപ്പം കോർപ്പറേറ്റ് - സ്വാശ്രയ സ്ഥാപങ്ങളെ സ്വാതന്ത്രരാക്കാനും കഴിയുന്നു എന്നതാണ് പ്രത്യേകത. 


കഴിഞ്ഞ കാൽനൂറ്റാണ്ടായി ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പ്രതിവിപ്ലവത്തിന്റെ ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്കാണ് നാം എത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാല് വർഷമായി ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന സംഘപരിവാർ ഇടപെടലുകളുടെയും അതിനെതിരായ വിദ്യാർത്ഥി ചെറുത്ത് നിൽപ്പുകളുടെയും പശ്ചാത്തലത്തിലാണ് ഈ കരട് ബില്ലിനെയും വീക്ഷിക്കേണ്ടത്. ഇന്ത്യൻ കലാലയങ്ങളിൽ ഇനി രോഹിത് വെമുലമാരും , അഭിമന്യുമാരും പഠിക്കേണ്ടതില്ലെന്നും ഉന്നത വിദ്യാഭ്യാസം തല്പര കക്ഷികൾ പണം കൊടുത്ത് വാങ്ങേണ്ട ചരക്കാണെന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നു . സർക്കാർ ഫണ്ട് വാങ്ങുന്ന സ്ഥാപനങ്ങൾ സർക്കാരിന്റെ പ്രത്യയശാസ്ത്ര നിലപാടുകൾ പ്രചരിപ്പിക്കേണ്ട സ്ഥാപനങ്ങളാണെന്നും യുക്തി ചിന്തക്കും ശാസ്ത്ര ബോധത്തിനും സർവോപരി വിമർശനാത്മക ബോധനത്തിനും കലാലയങ്ങളിൽ സ്ഥാനമില്ലെന്നും അവർ പ്രഖ്യാപിക്കുകയാണ്. ഇനി മേൽ കേന്ദ്ര സർക്കാറുകളുടെ സമ്പൂർണ്ണ നിയന്ത്രണവും കേന്ദ്രീകരണവുമാകും ഉന്നത വിദ്യഭ്യാസ മേഖലയിൽ ഉണ്ടാകുക . എല്ലാ നയങ്ങളോടും സമരസപ്പെടാൻ നാം ശീലിച്ച് തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ അറുപത് വർഷമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ നാം നേടിയ സകല മുന്നേറ്റങ്ങളെയും തകർക്കുന്ന ബില്ലുമായാണ് കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുള്ള സകല മനുഷ്യരും ഒന്നിച്ച് നിന്നെതിർക്കേണ്ട ബില്ലാണിത്. വിമർശനാത്മക ചിന്തക്ക് ഇടമില്ലാതെ ഒരു സമൂഹത്തിനും നിലനിൽക്കാൻ കഴിയില്ല.