ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ
ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ.jpg
ലഘുലേഖ കവർ
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഏപ്രിൽ 1999

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ

കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗം പ്രശ്നകലുഷിതമാണ്. കുറെ വർഷങ്ങളായി ഈ പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ സങ്കീർണമായി തീർന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യ സമ്പാദനത്തിനുശേഷം, പ്രത്യേകിച്ചും കേരളപ്പിറവിക്കു ശേഷം വളരെവേഗത്തിലുള്ള വളർച്ചയാണ് കേരളത്തിൻറ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൃശ്യമായത്. ഈ വളർച്ച ആസൂത്രിതമായിരുന്നില്ല. പ്രാദേശിക സമ്മർദ ഗ്രൂപ്പുകളുടെയും മതജാതി സംഘടനകളുടെയും സ്ഥാപിത താൽപര്യങ്ങളുടെയും താൽക്കാലിക നേട്ടങ്ങൾ ലാക്കാക്കിക്കൊണ്ടായിരുന്നു ഈ വളർച്ച. അതുകൊണ്ടുതന്നെ പ്രാദേശികവും സാമൂഹികവുമായ അസമത്വങ്ങൾ ഈ വളർച്ചയുടെ കൂടപ്പിറപ്പായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന് അവസരം കിട്ടുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വർദ്ധിച്ചു. അവ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കും വ്യാപിച്ചു. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിൻറ നേട്ടം കൊയ്യുന്ന ഒരു വരേണ്യ വർഗം രൂപമെടുക്കുകയും അവർ രംഗം കൈയടക്കുകയും ചെയ്തു. സാമൂഹികരംഗത്തെ അസന്തുലിതാവസ്ഥ കുറയ്ക്കാൻ പോലും ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയ്ക്കു കഴിഞ്ഞില്ലെന്നു സാരം. കേരളത്തിൽ ഇന്ന് ഏഴ് സർവകലാശാലകളുണ്ട്. കേരള സർവകലാശാല, കോഴിക്കോട് സർവകലാശാല, മഹാത്മാഗാന്ധി സർവകലാശാല, കണ്ണൂർ സർവകലാശാല എന്നീ അഫിലിയേറ്റിങ്ങ് സർവകലാശാലകൾക്കു പുറമെ കൊച്ചിയിലെ ശാസ്ത്രസാങ്കേതിക സർവകലാശാല, കാലടിയിലെ സംസ്കൃത സർവകലാശാല, കാർഷിക സർവകലാശാല എന്നിവയാണവ. ഇവക്കു പുറമെ ശ്രീചിത്തിരതിരുനാൾ ഇൻസ്മിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻറ് ടെക്നോളജി എന്ന ദേശീയ സ്ഥാപനവും ഉണ്ട്. ആർട്ട്സ് ആന്റ് സയൻസ് കോളേജുകളുടെ എണ്ണത്തിലും അവയിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിലും കഴിഞ്ഞ നാലു ദശകങ്ങളിലുണ്ടായ വർധന ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം കൈവരിച്ച സംഖ്യാപരമായ വളർച്ചയുടെ ഒരു സൂചകമാണ് (പട്ടിക 1).

പട്ടിക 1 1956-57 മുതൽ 1996-97 വരെ കോളേജുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിലുണ്ടായ വർധന.

വർഷം കോളേജുകളുടെ എണ്ണം വിദ്യാർത്ഥികളുടെ എണ്ണം
1956-57 28 22254
1982-83 174 282000
1996-97 206 354000


ആകെ വിദ്യാർത്ഥികളുടെ 60 ശതമാനത്തോളം പ്രീഡിഗ്രിക്കാരാണ്. പ്രീഡിഗ്രിക്ക് ചേരുന്നവരുടെ പകുതിയോളം പ്രൈവറ്റ് രജിസ്ട്രേഷൻകാരും. കോളേജ് തലത്തിലുള്ള മൊത്തം വിദ്യാർഥികൾ പ്രീഡിഗ്രി, ബിരുദബിരുദാനന്തര തലങ്ങളിലും പ്രൊഫഷണൽ തലത്തിലും എത് വീതമെന്ന് അറിയുന്നത് നന്നായിരിക്കും (പട്ടിക-2)

പട്ടിക 2. വ്യത്യസ്ത കോഴ്സുകളിലുള്ള മൊത്തം കുട്ടികൾ (1995-96)

കോഴ്സ് മൊത്തം കുട്ടികൾ കോഴ്സ് മൊത്തം കുട്ടികൾ
പ്രീഡിഗ്രി 207850 ബിടെക് 13110
ബി.എ 58453 എം.എ 6301
ബി.എസ്.സി 58695 എം.എസ്.സി 3738
ബി.കോം 16865 എം.കോം 1221
ബി.എഡ് 3688 പി.എച്ച്.ഡി/ഡി.എസ്.സി 1526
എം.ബി.ബി.എസ് 3367


കോഴ്സ് മൊത്തം കുട്ടികൾ കോഴ്സ് മൊത്തം കുട്ടികൾ പ്രീഡിഗ്രി 207850 ബിടെക് 13110 ബി.എ 58453 എം.എ 6301 ബി.എസ്.സി 58695 എം.എസ്.സി 3738 ബി.കോം 16865 എം.കോം 1221 ബി.എഡ് 3688 പി.എച്ച്.ഡി/ എം.ബി.ബി.എസ് 3367 ഡി.എസ്.സി 1526

പ്രീഡിഗ്രി വിദ്യാഭ്യാസം

ബിരുദബിരുദാനന്തര പഠനങ്ങളിലും ഗവേഷണരംഗത്തും ശ്രദ്ധ കേന്ദ്രീകരിക്കാൻ സർവകലാശാലകൾക്ക് കഴിയുന്നില്ല. പ്രീഡിഗ്രി കുട്ടികളുടെ എണ്ണക്കൂടുതലും അതുമായി ബന്ധപ്പെട്ട പരീക്ഷാപ്രശ്നങ്ങളും ശ്രദ്ധിക്കാൻ തന്നെ സർവകലാശാലകൾക്ക് സമയം തികയുന്നില്ല. ദേശീയ പാറ്റേൺ അനുസരിച്ച് പ്രീഡിഗ്രി സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ അതീവ സങ്കീർണമായ പ്രശ്നങ്ങളിലൊന്ന്. 10+2+3 പാറ്റേണിലെ +2 സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കേണ്ടതിന്റെ അനിവാര്യത അംഗീകരിക്കപ്പെട്ടു കഴിഞ്ഞതാണ്. ഇതിനെ തുടർന്നാണ് 1990-91 ൽ 31 സർക്കാർ സ്കൂളുകളിൽ ഹയർ സെക്കണ്ടറി കോഴ്സ് ആരംഭിച്ചത്. 1986-ൽ പ്രീഡിഗ്രി കോളേജിൽ നിന്ന് മാറ്റി ഒരു പ്രത്യേക ബോർഡാക്കി കോളേജ് മതിൽക്കകത്തുതന്നെ നിർത്താനുള്ള ശ്രമം രൂക്ഷമായ എതിർപ്പിനെ തുടർന്ന് പിൻവലിക്കേണ്ടി വന്നിരുന്നു. ഹയർ സെക്കണ്ടറി ഘട്ടം ഘട്ടമായി വ്യാപിപ്പിക്കാനും ക്രമേണ പ്രീഡിഗ്രി കോളേജിൽ നിന്ന് മാറ്റാനുമാണ് പിന്നീട് തീരുമാനമായത്. 1997-98 ൽ ഈ പ്രക്രിയക്ക് തുടക്കമായി 26 സർക്കാർ കോളേജുകളിൽ പ്രീഡിഗ്രി ബാച്ചുകൾ നിർത്തലാക്കുകയും 103 സർക്കാർ സ്കൂളുകളിൽ ഹയർ സെക്കണ്ടറി കോഴ്സുകൾ തുടങ്ങുകയും ചെയ്തു. 1998ൽ 145 കോളേജുകളിൽ നിന്നായി 307 പ്രീഡിഗ്രി ബാച്ചുകൾ നിർത്തലാക്കി. രണ്ടു വർഷംകൊണ്ട് കോളേജിൽ നിന്ന് 30000 പ്രീഡിഗ്രീ സീറ്റ് നിർത്തലാക്കി. തുടർന്നുള്ള 3 വർഷംകൊണ്ട് കോളേജിൽ നിന്ന് പ്രീഡിഗ്രി പൂർണമായും വേർപെടുത്തണമെന്ന് തീരുമാനിക്കപ്പെട്ടു. പക്ഷേ സ്വകാര്യ കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്താൻ തുടങ്ങിയപ്പോഴേ പ്രശ്നങ്ങളുടെ മലവെള്ളപാച്ചിലായി. തങ്ങളുടെ കോളേജുകളിൽ നിന്ന് നിർത്തലാക്കുന്ന പ്രീഡിഗ്രി ബാച്ചുകൾക്കു പകരം തുടങ്ങുന്ന ഹയർ സെക്കണ്ടറി ബാച്ചുകൾ തങ്ങൾക്കുതന്നെ, തങ്ങളുടെ സമുദായത്തിനു തന്നെ വേണം എന്ന മുറവിളിയുമായി മത, സാമുദായിക കോളേജ് മുതലാളിമാർ രംഗത്തെത്തി. പുതിയ മേച്ചിൽപുറം കണ്ടെത്തിയ വിദ്യാഭ്യാസ കച്ചവടക്കാരും രംഗത്തെത്തി. ഹയർ സെക്കണ്ടറി കോഴ്സുകൾക്കു വേണ്ടിയുള്ള പരക്കം പാച്ചിലായി. ഇവരുടെ സമ്മർദ്ദങ്ങൾക്ക് വിധേയമായി സ്വകാര്യ മേഖലയിൽ ധാരാളം ഹയർ സെക്കണ്ടറി ബാച്ചുകൾ അനുവദിക്കപ്പെട്ടു. ലക്ഷങ്ങൾ കൈക്കൂലി വാങ്ങി അധ്യാപക നിയമനങ്ങൾ നടന്നു. ആവശ്യമുള്ള പല പ്രദേശങ്ങളിലും ഹയർ സെക്കണ്ടറി കോഴ്സുകൾ അനുവദിക്കപ്പെട്ടില്ല. പ്രീഡിഗ്രി ബാച്ചുകൾ നിർത്തലാക്കിയ പ്രദേശങ്ങളിൽ ഹയർ സെക്കണ്ടറി ബാച്ചുകൾ അനുവദിക്കപ്പെടാതിരുന്നതുകൊണ്ട് വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ബുദ്ധിമുട്ടുകളനുഭവിക്കേണ്ടി വന്നു. പ്രീഡിഗ്രി സ്ഥാപനങ്ങൾ, അവയിലേക്കെത്തുന്ന കുട്ടികൾ എന്നിവ പഠിച്ച് കുട്ടികൾക്ക് സൗകര്യപ്രദമായ സ്ഥാപനങ്ങളിൽ ഹയർ സെക്കണ്ടറി ബാച്ചുകൾ ആരംഭിക്കുക എന്ന ശാസ്ത്രീയ രീതി അവലംബിക്കാൻ ഭരണാധികാരികൾക്കു കഴിഞ്ഞില്ല. അശാസ്ത്രീയമായി അനുവദിച്ച ബാച്ചുകൾപോലും സമയത്തിന് തീരുമാനിക്കാതിരുന്നതിനാൽ കുട്ടികളും രക്ഷിതാക്കളും ഏറെ മാനസിക സംഘർഷം അനുഭവിക്കേണ്ടി വന്നു. ഇത് പ്രീഡിഗ്രി വേർപെടുത്തുക എന്ന ആശയത്തോടു തന്നെ ജനങ്ങളിൽ എതിർപ്പുണ്ടാക്കാൻ ഇടയാക്കി. ഭരണാധികാരികളുടെ ഭാഗത്തു നിന്നുണ്ടായ അലംഭാവത്തിന്റെ തെളിവാണ് അധ്യാപക നിയമനത്തിന് ചട്ടങ്ങൾ ഉണ്ടാക്കാതിരുന്നത്. ഇതുമൂലം അധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് പരാതികളും കേസുകളും കോടതി ഇടപെടലുകളും എല്ലാമായി നിയമനം നടത്താൻ കഴിഞ്ഞില്ല. ഹയർ സെക്കണ്ടറി ക്ലാസുകളിൽ പഠിപ്പിക്കാൻ ആളില്ലാത്ത അവസ്ഥ - സർവത്ര അസന്തുഷ്ടി. പ്രീഡിഗ്രി നിർത്തലാക്കൽ സർക്കാരിനുണ്ടാക്കുന്ന അധിക സാമ്പത്തിക ഭാരമാണ് മറ്റൊരു ഘടകം. പ്രീഡിഗ്രി മുഴുവനായും നിർത്തലാക്കിക്കഴിഞ്ഞാൽ കോളേജുകളിൽ അധികമായി വരുന്ന അധ്യാപകർക്ക് ശമ്പളം നൽകാൻ ഒരു വർഷം അമ്പതു കോടിയിൽ കൂടുതൽ രൂപ വേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു. കോളേജുകളിൽ അധികമായി വരുന്ന അധ്യാപകരെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ (വർക്കിംങ്ങ് അറേഞ്ച്മെൻറിലെങ്കിലും) നിയമിക്കുകയാണെങ്കിൽ ഈ അധിക സാമ്പത്തിക ഭാരം കുറക്കാൻ കഴിയും. പക്ഷേ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനാധികാരികളായ മാനേജർമാർ സഹകരിക്കാൻ തയ്യാറല്ല. സ്റ്റേറ്റിന്റെ അധിക ബാധ്യത ഞങ്ങൾക്ക് അറിയേണ്ടതില്ല. ഞങ്ങളുടെ സ്ഥാപനത്തിൽ ഞങ്ങൾ പുതിയ അധ്യാപകരെ നിയമിക്കും എന്ന പിടിവാശിയിലാണവർ. മാനേജർമാർ നിയമിക്കുന്നവർക്ക് ശമ്പളം കൊടുക്കേണ്ടത് സർക്കാരാണെങ്കിലും സർക്കാർ നിസ്സഹായരാണ്. മാനേജ് മെന്റുകളുടെ നിയമനാധികാരം, ന്യൂനപക്ഷാവകാശം തുടങ്ങിയ നിരവധി നിയമപ്രശ്നങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുകയും ചെയ്യുന്നു. സ്കൂളുകളിൽ തന്നെയുള്ള യോഗ്യതയുള്ള അധ്യാപകരെ ഹയർ സെക്കണ്ടറിയിൽ നിയമിക്കുകയും അങ്ങനെയുണ്ടാകുന്ന ഒഴിവിലേക്ക് ഒരു പ്രൊട്ടക്ടഡ് അധ്യാപകനെ മാറ്റുകയും ചെയ്താൽ പ്രൊട്ടക്റ്റഡ് അധ്യാപകർക്ക് വേണ്ടി മുടക്കുന്ന അധിക ബാധ്യത ഒഴിവാക്കാവുന്നതേയുള്ളൂ. ഇതും സാധ്യമാകുന്ന മട്ടില്ല. തങ്ങളുടെ വിദ്യാലയത്തിലെ പോസ്റ്റുകൾ സ്വന്തം പിതൃസ്വത്തെന്നപോലെയാണ് മാനേജ്മെൻറുകൾ കാണുന്നത്. മറ്റൊരു സ്ഥാപനത്തിലെ പ്രൊട്ടക്റ്റഡ് അധ്യാപകനെ സ്വന്തം സ്ഥാപനത്തിൽ വയ്ക്കുന്നത് കാലാകാലങ്ങളായി തങ്ങൾ അനുഭവിച്ചുപോന്ന നിയമനാധികാരങ്ങൾ (അതുമായി ബന്ധപ്പെട്ട സാമ്പത്തികം, സ്വജനപക്ഷപാതപരം എന്നീ ഘടകങ്ങൾ മൂലം) നഷ്ടപ്പെടുന്നതിന് തുല്യമാണെന്നും അതനുവദിക്കുന്ന പ്രശ്നമില്ലെന്നുമാണ് മാനേജുമെൻറുകളുടെ ചിന്താഗതി. എന്തിന് സ്വന്തം സ്ഥാപനത്തിലെയോ സ്വന്തം മാനേജ്മെൻറിലുള്ള മറ്റൊരു സ്ഥാപനത്തിലെയോ (കോർപറേറ്റ് മാനേജുമെൻറുകൾ) തന്നെ പൊട്ടക്ടഡ് അധ്യാപകനെ ഇത്തരത്തിൽ അഡ്ജസ്റ്റ് ചെയ്യാൻ പോലും മാനേജർമാർ തയ്യാറല്ല. പ്രൊട്ടക്റ്റഡ് അധ്യാപകന് ശമ്പളം കൊടുക്കേണ്ടത് സർക്കാരിൻറെ ബാധ്യതയാണ്. പുതിയ തസ്തികയിൽ നിയമനം നടത്തേണ്ടത് ഞങ്ങളുടെ അവകാശമാണ്. ഞങ്ങൾ നിയമിക്കുന്നവർക്ക് ശമ്പളം നൽകേണ്ടത് സർക്കാരിൻറ ബാധ്യതയാണ്. ഇതിൽ വിട്ടുവീഴ്ച വരുത്താൻ ഞങ്ങൾ തയ്യാറല്ലെന്ന നിലപാടിലാണ് മാനേജർമാർ. കേരള വിദ്യാഭ്യാസ നിയമം (KER) വ്യാഖ്യാനിക്കപ്പെടുന്നതെല്ലാം നിയമനങ്ങളിൽ മാനേജർമാർക്കുള്ള പരമാധികാരം ഊന്നിപ്പറഞ്ഞുകൊണ്ടാണ്. നിയമനങ്ങളിൽ സ്റ്റേറ്റിൻറ മാർഗ നിർദേശങ്ങൾ പാലിക്കാനെങ്കിലും മാനേജർമാരെ ബാധ്യസ്ഥരാക്കുമാറ് നിയമം പരിഷ്ക്കരിക്കാനും സർക്കാർ തയ്യാറായിട്ടില്ല. വലിയൊരു വിഭാഗം മാനേജുമെൻറുകൾ ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുന്നവരാകയാൽ ഇത്തരം നിയമപരിഷ്കാരങ്ങൾ വരുത്താനിടയുള്ള നിയമക്കുരുക്കുകളെയും രാഷ്ട്രീയ പ്രത്യാഘാതങ്ങളെയും ഭരണകൂടം ഭയക്കുന്നു എന്നതാണ് സത്യം. മിനിമം യോഗ്യതയുള്ള ആരെയും നിയമിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്നാണ് മാനേജർമാരുടെ വാദം. ഒരു പൊതുയോഗ്യതാ പരീക്ഷ നടത്തി തയ്യാറാക്കുന്ന ലിസ്റ്റിൽനിന്ന് നിയമനം നടത്തണമെന്ന നിർദേശത്തോടും അനുഭാവപൂർണമായല്ല മാനേജുമെൻറുകൾ പ്രതിക രിച്ചിട്ടുള്ളത്. ഏതായാലും അധ്യാപക നിയമനങ്ങൾ ആകെ പ്രശ്നത്തിലാണ്. ഇതുമായി ബന്ധപ്പെട്ട അസന്തുഷ്ടി ഈ മേഖലയിൽ നിലനിൽക്കുന്നു. പ്രശ്നങ്ങളുടെ ഊരാക്കുടുക്കിൽപെട്ട് ഈ വർഷം പുതിയ ഹയർസെക്കണ്ടറി ബാച്ചുകൾ തുടങ്ങേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിരിക്കുന്നു. പൊതുവിദ്യാഭ്യാസത്തിലെ സാമൂഹ്യ ഇടപെടലിനെയും അധ്യാപക നിയമനത്തിലെ യോഗ്യതാ നിർണയത്തവരെയും സ്വകാര്യ വിദ്യാലയ മാനേജർമാർ എത്ര ശക്തിയായാണ് എതിർക്കുന്നതെന്നു നോക്കൂ.

ഇതുതന്നെയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണ ശ്രമങ്ങൾക്കുള്ള പ്രധാന പ്രതിബന്ധവും. എന്തൊക്കെയായാലും കോളേജിൽ നിന്ന് പ്രീഡിഗ്രി മാറ്റുന്ന പ്രക്രിയ സമയബന്ധിതമായി പൂർത്തിയാക്കിയേ പറ്റു. പോസ്റ്റ് ഗ്രാജേറ്റ് ബിരുദം നേടിയതിനുശേഷം നീണ്ടകാലം ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാതിരുന്ന നിരവധിപേർ ഹയർ സെക്കണ്ടറി അധ്യാപകരായി നിയമിക്കപ്പെട്ടിട്ടുണ്ട്; അതുപോലെ തന്നെ പുതുതായി അധ്യാപകവൃത്തിയിലേക്കു വന്നവരും. ഇവർക്ക് ഫലപ്രദമായ് ഒരു ഓറിയന്റേഷൻ നൽകാത്തതിന്റെ പോരായ്മകൾ എല്ലാ ഭാഗത്തു നിന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അധികമായ സാമ്പത്തിക ബാധ്യതയില്ലാതെ സർക്കാരിന് ഇത് ചെയ്യാവുന്നതേയുള്ളൂ. കോളേജുകളിൽ നിന്ന് പ്രീഡിഗ്രി വേർപെടുത്തിയതിന്റെ ഫലമായി അധികമായ അധ്യാപകരെയും അധിക സ്ഥലസൗകര്യവും ഉപയോഗപ്പെടുത്താൻ തീരുമാനിച്ചാൽ മതി. എന്തുകൊണ്ടോ ഈ വഴിക്കൊന്നും ഭരണകൂടം ചിന്തിച്ചു കാണുന്നില്ല. കോളേജ് വിദ്യാഭ്യാസവകുപ്പും ഹയർസെക്കണ്ടറി വകുപ്പും വെള്ളം കേറാത്ത അറകളായാണ് പ്രവർത്തിക്കുന്നതെന്നതാണ് ഇത്തരത്തിൽ ചിന്തിക്കാൻ പോലും കഴിയാത്തതിന് കാരണം. +2 തലത്തിലുള്ള ഒരു കോഴ്സിനെക്കുറിച്ചു കൂടി പറയാതെ വയ്യ. സർക്കാർ മേഖലയിൽ 231 ഉം സ്വകാര്യ മേഖലയിൽ 91ഉം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകളിലായി 45 തൊഴിൽ വിഷയങ്ങളിൽ 814 ബാച്ചുകൾ ഇന്ന് പ്രവർത്തിക്കുന്നു. 20350 കുട്ടികളെ ഈ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കുന്നു. ആർക്കോ വേണ്ടി തുടങ്ങി, തുടങ്ങിയതുകൊണ്ട് തുടർന്നു നടത്തുന്നു എന്ന നിലയിലാണ്, സ്ഥിരമായ അധ്യാപകരില്ല. ആവശ്യത്തിന് ഉപകരണങ്ങളും ലാബറട്ടറി വർക്ക്ഷോപ്പ് സൗകര്യങ്ങളുമില്ല, ചിട്ടയായ പാഠപുസ്തകങ്ങളും പഠനസാമഗ്രികളുമില്ല. ഇതാണ് ഈ കോഴ്സുകളുടെ അവസ്ഥ. തൊഴിലധിഷ്ഠിത പരിശീലനം കഴിഞ്ഞാൽ തൊഴിൽ കിട്ടുകയില്ല. എന്ന് തോന്നിയതുകൊണ്ട് പ്രീഡിഗ്രിക്ക് സമാനമായ ഒരു കോഴ്സായി ഇതിനെ മാറ്റാൻ ശ്രമങ്ങൾ നടന്നു. ഇതിന്റെ ഫലമായി വൊക്കേഷണൽ വിഷയങ്ങൾക്കു പുറമെ പ്രീഡിഗ്രി വിഷയങ്ങളും പഠിക്കേണ്ട അധിക ഭാരമുണ്ടായി. ഒരു ടെർമിനൽ കോഴ്സായി വിഭാവനം ചെയ്തു വൊക്കേഷണൽ കോഴ്സ് മറ്റൊരു പ്രീഡിഗ്രിയായി. പ്രീഡിഗ്രി വേർപെടുത്തി ഹയർ സെക്കണ്ടറി കോഴ്സുകൾ ആരംഭിക്കുമ്പോഴും വൊക്കേഷണൽ ഹയർ സെക്കണ്ടറി പടിക്കു പുറത്തുതന്നെ. ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടില്ല. ഹയർ സെക്കണ്ടറിക്ക് രണ്ടു ധാരകൾ; ഒന്ന് അക്കാദമികവും മറ്റേത് തൊഴിലധിഷ്ഠിതവും എന്ന രീതിയിൽ കണ്ട് വൊക്കേഷണൽ കോഴ്സുകളെയും മുഖ്യധാരയുടെ ഭാഗമാക്കണം.

ബിരുദ വിദ്യാഭ്യാസം

കോളേജ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശിലയാണ് ബിരുദതല വിദ്യാഭ്യാസം. ഈ തലത്തിലെ വിദ്യാഭ്യാസ നിലവാരമാണ് ഒരു പ്രദേശത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ അവസ്ഥയുടെ സൂചകം. കേരളത്തിലെ, നാല് അഫിലിയേറ്റിങ്ങ് സർവകലാശാലകളിലെയും അവസ്ഥ അതിദയനീയമാണ്. അറുപതുകളിൽ പ്രീഡിഗ്രി കോഴ്സ് മാത്രമായി തുടങ്ങിയ ജൂനിയർ കോളേജുകൾ (എല്ലാം തന്നെ സ്വകാര്യ മേഖലയിൽ) ഡിഗ്രി കോളേജുകളായി ഉയർത്തിയപ്പോഴാണ് ബിരുദ വിദ്യാഭ്യാസ രംഗത്ത് സംഖ്യാപരമായ ഒരു കുതിച്ചു ചാട്ടമുണ്ടായത്. പക്ഷേ ഇത് ഗുണപരതയുടെ തകർച്ചക്ക് തുടക്കമിടലുമായിരുന്നു. ഒരു കോളേജിൽ എന്തിനാണ് ഒരു പ്രത്യേക കോഴ്സ് ആരംഭിക്കേണ്ടത്, ആ പ്രദേശത്തിന്റെ വികസനാവശ്യങ്ങളുമായോ സാംസ്കാരിക സവിശേഷതകളുമായോ ആ കോഴ്സിന് എന്തെങ്കിലും ബന്ധമുണ്ടോ, ആ കോഴ്സിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ-ലൈബ്രറി, ലാബറട്ടറി എന്നിവ - കോളേജിലുണ്ടോ എന്നിവയൊന്നും പരിഗണിക്കാതെയാണ് ബിരുദകോഴ്സുകൾ ആരംഭിച്ചത്. 30-40 പേർക്ക് ഇരിക്കാവുന്ന ഒരു ക്ലാസ് മുറി തട്ടിക്കൂട്ടി ഉണ്ടാക്കുക, സ്വന്തം പ്രദേശത്തെ കോളേജ് ഡിഗ്രി കോളേജ് ആക്കി ഉയർത്തുക എന്ന പ്രാദേശിക സമ്മർദം ഉയർത്തിക്കൊണ്ടു വരിക, ഒരു ക്ലാസ് മുറികൊണ്ടു തുടങ്ങാവുന്ന ആർട്ട്സ് കോമേഴ്സ് ബിരുദ കോഴ്സ് തുടങ്ങിയെടുക്കുക ഇതായിരുന്നു രീതി. പിന്നീട് പതുക്കെ പതുക്കെ കെട്ടിടങ്ങളും സ്ഥലസൗകര്യങ്ങളും ലഭ്യമാക്കിയി ട്ടുണ്ടെങ്കിലും ലൈബ്രറി സൗകര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. കുട്ടികൾ നോട്ടു പഠിച്ചാൽ പോരെ, വേണമെങ്കിൽ "ടെക്സ്റ്റ് ബുക്കും " വായിച്ചോട്ടെ. അതിനപ്പുറമെന്തിന് ലൈബ്രറി എന്നു ചിന്തിക്കുന്ന കോളേജ് അധികാരികളാണധികവും. എൺപതുകളിൽ സർക്കാർ മേഖലയിൽ പുതിയ കോളേജുകൾ തുടങ്ങിയപ്പോഴും പ്രവർത്തന രീതി ഇതുതന്നെയായിരുന്നു. ഏതെങ്കിലും ഒരെഴുത്തുകാരന്റെ പുസ്തകത്തെ "ടെക്സ്റ്റ് ബുക്ക്" ആയി അംഗീകരിക്കുകയും ബന്ധപ്പെട്ട വിഷയത്തിന്റെ വ്യാപ്തി ആ പുസ്തകത്തിന്റെ അതിരുകൾക്കകത്ത് നിയന്ത്രിച്ചിടുകയും ചെയ്യുകയാണ് അധ്യാപകർ ചെയ്തത്. ഇതിന്റെ ഫലമായി "നാലാം ക്ലാസുകാരൻ കുട്ടി" യുടെ പഠനരീതി തന്നെയാണ് ബിരുദപഠനക്കാരനും അവലംബിച്ചത്. പരീക്ഷാരീതികൾ ഈ പെരുമാറ്റ രീതിയെ ദൃഢീകരിക്കുകയും ചെയ്തു. പാഠ്യപദ്ധതികളിൽ കാലാകാലങ്ങളിൽ അതിനു ചുമതലപ്പെട്ട സർവകലാശാലാ പഠനബോർഡുകൾ മാറ്റം വരുത്താറുണ്ട് . പക്ഷേ ഈ മാറ്റങ്ങളൊന്നും തന്നെ പഠന വിഷയങ്ങളുടെ ഉള്ളടക്കത്തെ ബാധിക്കാറില്ല. അങ്ങുമിങ്ങും ചില മിനുക്കുപണികളിലായി ഇവയെല്ലാം ഒതുങ്ങും. കാതലായ മാറ്റങ്ങൾ നിർദേശിച്ചിട്ടുള്ള അവസരങ്ങളിലും പഴയ "ടെക്സ്റ്റ് ബുക്കി" ൻറ പരിധിയിൽ നിന്ന് പുറത്തുകടക്കാൻ അധ്യാപകർ തയ്യാറായിട്ടില്ല. പരീക്ഷ പഴയ രീതിയിൽ തന്നെ നടക്കുമെന്നർത്ഥം. പരീക്ഷാ സഹായികളുടെ വ്യാപനത്തോടുകൂടി പുസ്തകങ്ങളുടെ സ്ഥാനം പൂർണമായും ഇവർ കൈയടക്കി. മുൻ വർഷങ്ങളിലെ ചോദ്യക്കട ലാസുകൾ പാഠ്യപദ്ധതിയാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തി. പാഠ്യപദ്ധതി എന്തെന്ന് അറിയാതെ, നിർദേശിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങൾ ഒന്നും തന്നെ കാണാതെ ഒരു ദിവസം പോലും ക്ലാസിൽ വരാതെ പരീക്ഷയെഴുതി പാസ്സാകാൻ കഴിയും കുട്ടികൾക്ക് എന്ന അവസ്ഥ സംജാതമായി. പുസ്തകങ്ങളൊന്നും വായിക്കാതിരുന്നതുകൊണ്ടാണ് പരീക്ഷ പാസ്സായത് എന്ന് "മേനി പറയാൻ" വരെ ആളുകൾ തയ്യാറായി. കഴിഞ്ഞ 40-50 വർഷക്കാലം പ്രാദേശികവും അന്തർദേശീയവുമായുണ്ടായ ഒരു മാറ്റവും അധ്യാപന രീതിയിലും പാനകമത്തിലും പാഠ്യവിഷയങ്ങളിലും പ്രതിഫലിക്കപ്പെടാത്ത ഒരു ബിരുദ തല വിദ്യാഭ്യാസം ക്ലാസ് മുറികളിൽനിന്നും പുസ്തകങ്ങളിൽ നിന്നുപോലും അന്യവൽക്കരിക്കപ്പെട്ടു കൊണ്ട് രൂപമെടുത്തിരിക്കുന്നു. ഈ അവസ്ഥയിൽ "ലൈബ്രറി എന്തിന്" എന്ന ചോദ്യം പ്രസക്തമാകുന്നു. സമാന്തരധാരയും (പ്രൈവറ്റ് രജിസ്ട്രേഷൻ) റഗുലർധാരയും സമാനസ്വഭാവം പുലർത്തുന്ന അവസ്ഥ ഉണ്ടായിരിക്കുന്നു. റഗുലർധാരയിൽ എന്തെങ്കിലും അധിക അക്കാദമിക സൗകര്യങ്ങളോ സംവിധാനങ്ങളോ ഉണ്ടെങ്കിൽ തന്നെ അത് ആവശ്യമില്ലെന്ന അവസ്ഥ. അതുകൊണ്ടാണ് ഡിഗ്രി ക്ലാസ് തുടങ്ങാൻ രണ്ടു ക്ലാസ് മുറികൾ മാത്രം പോരേ എന്ന സ്വാഭാവിക സംശയം മാനേജർമാർക്കുണ്ടാകുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ബിരുദപഠനത്തിനുള്ള മുഖ്യവിഷ യങ്ങളും ഉപവിഷയങ്ങളും വിഷയചേരുവകളും ഒരു മാറ്റവുമില്ലാതെ നിലനിന്നു വരികയാണ്. ബിരുദതലത്തിൽ ഇന്നും ഭാഷാപഠനത്തിനാണ് പ്രധാന സ്ഥാനം. പ്രാദേശിക ആവശ്യങ്ങൾക്ക് ഉതകാത്തതും തൊഴിൽ മേഖലകളിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ടതുമായ ബിരുദങ്ങളെയും ബിരുദധാരികളെയും തൊഴിൽ ദായകർ തിരസ് കരിക്കുകയാണ്. ബിരുദധാരികളായ തൊഴിലന്വേഷകരുടെ എണ്ണം അതി ഭീമമായി പെരുകികൊണ്ടിരിക്കുന്നു. ഇതോടൊപ്പം സാങ്കേതിക രംഗത്ത്, പ്രത്യേകിച്ചും വിവര സാങ്കേതിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളോടും കമ്പോളവൽക്കരണത്തിൻറ ഭാഗമായി രൂപമെടുത്ത് പുത്തൻ തൊഴിൽ മേഖലകളുടെ (ട്രാവൽ, ടൂറിസം, ഹോട്ടൽ മാനേജ്മെൻറ്, കാറ്ററിംഗ് എന്നിങ്ങനെ) ആവശ്യകതകളോടും പ്രതികരിക്കാൻ തണുത്തുറഞ്ഞുപോയ ബിരുദവിദ്യാഭ്യാസത്തിനു കഴിയാതെപോയ അവസ്ഥയും വന്നു ചേർന്നു. ഈ സാഹചര്യത്തിലാണ് തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകൾക്കുവേണ്ടിയുള്ള മുറവിളി ഉയർന്നു തുടങ്ങിയത്. യു.ജി.സി. പോലുള്ള ഏജൻസികളും തൊഴിലധിഷ്ഠിതമായി ചിന്തിക്കാൻ തുടങ്ങിയപ്പോൾ ഈ ഡിമാൻറിന് ശക്തി വർധിച്ചു. തൊഴിൽ കമ്പോളത്തിലെ സാധ്യതകളോട് പ്രതികരിക്കാൻ കുറെക്കൂടി ശേഷി ഉണ്ടാകുമെന്നു കരുതിയ ശാസ്ത്ര ബിരുദങ്ങളുടെ കാര്യമാണ് കൂടുതൽ പരിതാപകരമായത്. പാഠ്യപദ്ധതിയിലും വിഷയ ഉള്ളടക്കത്തിലും മിക്ക വിഷയങ്ങളും മുന്നോട്ടല്ല, പിന്നോട്ടാണ് പോയത്. പുതിയ മേഖലകളെയും ആശയങ്ങളെയും പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ടാകാം. പക്ഷേ അവ ക്ലാസ് മുറികളിൽ (പ്രൈവറ്റ് രജിസ്ട്രേഷൻ ശാസ്ത്രവിഷയങ്ങൾക്ക് അനുവദിച്ചിട്ടില്ല) ചർച്ചചെയ്യപ്പെടുകയോ പരീക്ഷണ ശാലകളിൽ പരീക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. പഴയ നോട്ടുപുസ്തകങ്ങളിലേക്ക് വിഷയത്തിന്റെ ഉള്ളടക്കം ഒതുങ്ങുന്നു. മുൻ വർഷത്തെ ചോദ്യ പേപ്പറുകളാണ് ഫലത്തിൽ പാഠ്യപദ്ധതിയെന്ന രൂപത്തിൽ പ്രായോഗികമാകുന്നത്. ലൈബ്രറികൾ ആവശ്യമില്ലാതായതോടെ പുതിയ പുസ്തകങ്ങളും അവയിലൂടെ എത്തുന്ന വിവരങ്ങളും അപ്രാപ്യവും അനാവശ്യമാകുന്നു. ലാബറട്ടറികളിൽ ഇന്നും പ്രയോഗിച്ചുവരുന്ന വിശ്ലേഷണരീതികളും പരിശോധന പഠന സമ്പ്രദാ യങ്ങളും ഒരുപക്ഷേ നമ്മുടെ ശാസ്ത്ര ബിരുദ പഠന ലാബോറട്ടറികളിൽ മാത്രമേ ഇന്നു പ്രയോഗത്തിലുണ്ടാകൂ. പഴയ പരീക്ഷണങ്ങൾ തന്നെ. പലതും ഉപകരണങ്ങൾ ലഭ്യമല്ലാത്തതുകൊണ്ടും (പഴതിന്റെ കേടുപാടു തീർക്കാനോ പുതിയതു വാങ്ങിക്കാനോ കഴിയാത്തതുകൊണ്ട്) രാസവസ്തുക്കൾക്ക് വിലകൂടിയതുകൊണ്ടും പരീക്ഷയ്ക്ക് ചോദിക്കില്ല. എന്നുറപ്പുള്ളതുകൊണ്ടും വേണ്ടെന്നുവച്ചിരിക്കുകയുമാണ്. വ്യവസായ വാണിജ്യ സംരംഭങ്ങൾക്കൊന്നുംതന്നെ നമ്മുടെ ശാസ്ത്രബിരുദധാരികളെ വേണ്ട എന്നതാണ് അവസ്ഥ. ബിരുദപഠനത്തിന്റെ ഒന്നാം വർഷത്തിൽ പ്രവേശനം നേടുന്നവരിൽ 30 ശതമാനത്തിലേറെ മൂന്നാം വർഷമാ കുമ്പോഴേക്ക് കൊഴിഞ്ഞു പോകുന്നു. പരിമിതം എങ്കിലും ഉള്ള പഠന സൗകര്യങ്ങൾ പോലും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല എന്ന അവസ്ഥയും സംജാതമാകുന്നു. ശാസ്ത്ര ബിരുദങ്ങളുടെയും ബിരുദധാരികളുടെയും ഈ ദയനീയ അവസ്ഥയും തൊഴിലധിഷ്ഠിത ബിരുദങ്ങൾക്കു വേണ്ടിയുള്ള മുറവിളിയും ചേർന്ന് ഒരു പുതിയ സമവാക്യം ഉടലെടുത്തിരിക്കുകയാണ്. നിലവിലുള പരമ്പരാഗത കോഴ്സുകൾ ഒന്നും വേണ്ട തൊഴിലധിഷ്ഠിത കോഴ്സുകൾ മാത്രം മതി എന്നതാണീ സമവാക്യം. ഇത് ആത്മഹത്യാപരമാണ്. നിലവിലുള്ള അടിസ്ഥാന ശാസ്ത്ര മാനവിക ബിരുദ കോഴ്സുകൾ തുടർന്നേ പറ്റു. ഇതുവഴി നിലവിലുള്ള വിജ്ഞാനം പൂർണമായി ഉൾക്കൊണ്ടുകൊണ്ട് സജ്ജമാക്കുന്ന അടിത്തറയിൽ വേണം പുതിയ ശാസ്ത്രതമാനവിക വിജ്ഞാനങ്ങൾ വളർന്നു വികസിക്കാൻ. ശാസ്ത്ര മാനവിക വിഷയങ്ങളിലെ മൗലിക പാനങ്ങളിൽ നിന്നുമാണ് അതതു മേഖലകളിലെ വൈജ്ഞാനിക വളർച്ച സാധ്യമാകുന്നത്. അതു വേണ്ടെന്നു വെക്കുക എന്നു വച്ചാൽ വൈജ്ഞാനിക മണ്ഡലത്തിലെ വളർച്ച തല്ലിക്കെടുത്തുക എന്നാണർഥം. ഒരു തൊഴിലധിഷ്ഠിത ബിരുദധാരിയിൽ നിന്ന് ഒരു ശാസ്ത്രജ്ഞനേയോ വൈജ്ഞാനികനെയോ ആരും പ്രതീക്ഷിക്കുന്നില്ല; ഒരു നല്ല തൊഴിലാളി യെയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പറഞ്ഞതിനർഥം തൊഴിലധിഷ്ഠിത കോഴ്സകൾ വേണ്ടെന്നല്ല. ഇന്നത്തെ ബിരുദ പഠനം അതേപോലെ തുടരണമെന്നും അല്ല. ശാസ്ത്ര വിഷയങ്ങളിലെയും മാനവിക വിഷയങ്ങളിലെയും ബിരുദ കോഴ്സുകൾ കാലാനുസൃതമായ പുനഃസംഘടനക്കു വിധേയമാക്കണം.

  1. ഭാഷാ പഠനത്തിനുള്ള പ്രാധാന്യം കുറക്കണം.
  2. മുഖ്യ ഉപവിഷയങ്ങളുടെ ചേരുവകൾ ശാസ്ത്രീയമായി പരിഷ്കരിക്കണം. പരമ്പരാഗത വിഷയങ്ങൾക്കൊപ്പം നൂതന വിജ്ഞാന ശാഖകൾ കൂടി ഉൾപ്പെടുത്തണം.
  3. ബിരുദ പഠനത്തിന്റെ അനിവാര്യ ഘടകമാകുന്ന (എല്ലാവരും പഠിക്കേണ്ട) ചില കോർ വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.
  4. ഓപ്ഷണൽ വിഷയങ്ങളുടെ നീണ്ട പട്ടികയിൽ നിന്ന് താൽപര്യമുള്ളവ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കണം. ഇതിൽ തൊഴിലധിഷ്ഠിത ഓപ്ഷണൽ വിഷയങ്ങളും ഉൾപ്പെടണം.
  5. അധിക ഓപ്ഷണൽ വിഷയങ്ങൾ (അധിക കോഴ്സകൾ) പഠിക്കാൻ ആവശ്യമുള്ളവർക്ക് സൗകര്യമുണ്ടാകണം.
  6. ബിരുദാനന്തര പഠനത്തിൽ താൽപര്യമുള്ളവർക്ക് ഓപ്ഷണൽ വിഷയങ്ങളിൽ അധിക കോഴ്സുകൾ എടുക്കാൻ സൗകര്യമുണ്ടാകണം - അഞ്ചു വർഷത്തെ സംയോജിത ബിരുദാനന്തര കോഴ്സ് പരിഗണിക്കണം.

എന്നിങ്ങനെ പല വശങ്ങളും ഈ പുനഃസംഘടനയുടെ ഭാഗമായുള്ള ചർച്ചാ വിഷയമാക്കണം. ബിരുദ കോഴ്സുകളുടെ പുനഃസംഘടന ഇന്നത്തെ സജീവ ചർച്ചാ വിഷയമാണ്. പക്ഷേ ഈ ദിശയിലൊന്നുമല്ല ചർച്ചകൾ നീങ്ങുന്നത്. ചർച്ചകളുടെ മുഴുവൻ അടിസ്ഥാനം വ്യത്യസ്ത താൽപര്യങ്ങളുടെ താൽക്കാലിക നേട്ടം മാത്രമാണ്. നിലവിലുള്ള ബിരുദ കോഴ്സിനുതന്നെ ഒരു തൊഴിലധിഷ്ഠിത മുഖം മൂടി നൽകുന്ന മിനുക്കു പണിയാണ് ഏറെയും പ്രയോഗിച്ചു വരുന്നത്. നിലവിലുള്ള ഡിഗ്രി സിലബസിൽ ഒന്നോ രണ്ടോ വൊക്കേഷണൽ പേപ്പർ ചേർത്ത് ബിരുദം വൊക്കേഷണൽ ബിരുദമാണെന്നു വരുത്തിത്തീർക്കുക. ഇത് തൊഴിൽ അറിയാത്ത തൊഴിൽ ബിരുദധാരി കളെയാണ് സൃഷ്ടിക്കുക. ഇവർ എളുപ്പം തിരിച്ചറിയപ്പെടും. ഒടുവിൽ കേരളത്തിൽ നിന്നുള്ള മുഴുവൻ വൊക്കേഷണൽ ബിരുദധാരികളും തിരസ്കരിക്കപ്പെടുന്ന ദുർഗതിക്ക് ഈ മിനുക്കു പണി ഇടവരുത്തും. കോളേജുകളിൽ പ്രീഡിഗ്രി നിർത്തലാക്കുമ്പോൾ അധികം വരുന്ന അധ്യാപകരെ കോളേജുകളിൽ തന്നെ നിലനിർത്താൻ വേണ്ടി പുതിയ ഡിഗ്രി കോഴ്സുകൾ തുടങ്ങണമെന്നാണ് മറ്റൊരു വാദം. അധ്യാപകരുടെ തൊഴിൽ നിലനിർത്താൻ വേണ്ടി മാത്രം ഇപ്പോഴേ ആവശ്യക്കാരില്ലാതായി തീർന്ന ബിരുദ കോഴ്സുകൾ വീണ്ടും തുടങ്ങണമെന്ന് ആവശ്യപ്പെടുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ വിഡ്ഢിത്തമാണ്. എല്ലാ സർവകലാ ശാലകളിലും പുതിയ ഡിഗ്രി കോഴ്സുകൾക്കുള്ള അപേക്ഷകളുടെ പ്രളയമാണ്. കോളേജ് മാനേജ്മെൻറുകളും പുതിയ കോഴ്സുകൾക്ക് പിറകെയുണ്ട്. അവർക്ക് താൽപര്യം ഈ കോഴ്സുകൾക്ക് ഒരു തൊഴിലധിഷ്ഠിത മുഖംമൂടി കൂടി കിട്ടുന്നതിലാണ്. ഇന്നത്തെ സാമൂഹിക അവസ്ഥയിൽ തൊഴില ധിഷ്ഠിത കോഴ്സുകൾക്ക് പതിനായിരങ്ങൾ "സംഭാവന" ലഭിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല - അൽപം അധ്യാപക നിയമനവും തരപ്പെടും. ആത്യന്തിക വിശകലനങ്ങളിൽ വിദ്യാഭ്യാസ കച്ചവടക്കാർക്ക് പണം കൊയ്യാൻ ഒരവസരം കൂടിയാകും; സർക്കാരിന് അധിക സാമ്പത്തിക ഭാരവും. ബിരുദ കോഴ്സുകൾക്കുള്ള മിക്ക അപേക്ഷകളും അനുവദിക്കാനുള്ള തയ്യാറിലാണ് സർവകലാശാലാ ഭരണസമിതികൾ. ഒരു ഒത്തുതീർപ്പെന്ന നിലയിൽ കുറെ കോഴ്സുകളെങ്കിലും സർക്കാരും അനുവദിക്കും; ജാതി മത സമ്മർദ്ദ ഗ്രൂപ്പുകാർക്ക് പങ്കുവച്ചുകൊണ്ട് - ഇത് കേരള സമൂഹത്തോടു ചെയ്യുന്ന ഉത്തരവാദിത്വമില്ലായ്മയാണ്. നിലവിലുള്ള ബിരുദ കോഴ്സുകളുടെ ഘടന, എൻ റോൾ മെൻറ്, അവയുടെ സാമൂഹിക സ്വീകാര്യത, കാലാനുസൃതമായി അവയിൽ വരുത്താവുന്ന പരിഷ്കാരങ്ങൾ എന്നിവ വിശദമായ ഒരു പഠനത്തിനു വിധേയമാക്കേണ്ടതുണ്ട്. ഈ പഠനം പൂർത്തി യാകുന്നതു വരെ പഴയ കോഴ്സുകൾ തന്നെ വീണ്ടും അനുവദിക്കുന്നതും ഒരു മുട്ടുശാന്തി എന്ന നിലയിൽ സങ്കര കോഴ്സുകൾ തുടങ്ങുന്നതും നിർത്തി വെച്ചേ പറ്റൂ.

ബിരുദാനന്തര പഠനവും ഗവേഷണവും

ബിരുദ പഠനത്തിന്റെ യാന്ത്രികമായ തുടർച്ച എന്ന രീതിയിലാണ് ബിരുദാനന്തര പഠനത്തെ കാണുന്നത്, സർവകലാശാല ഡിപ്പാർട്ട് മെൻറുകളിലും (90) സർക്കാർ (20) സ്വകാര്യ (120) കോളേജുകളിലുമായി 11160 പേർ 1996-97 ൽ ബിരുദാനന്തര പഠനത്തിന് ചേർന്നിരുന്നു. ഇവരിൽ 2940 പേർ ആൺകുട്ടികളും 8206പേർ പെൺകുട്ടികളുമാണ്. ബിരുദ പഠനത്തിന് ആവശ്യമായ ലൈബ്രറി സൗകര്യങ്ങൾ പോലുമില്ലാത്ത സ്ഥാപനങ്ങളിലാണ് പോസ്റ്റ് ഗ്രാജുവേറ്റ് പഠനം അധികവും നടക്കുന്നത്. മിക്കവാറും ക്ലാസ് നോട്ടുകളിലും ഏതാനും 'പാഠപുസ്തകങ്ങ' ളിലുമൊതുങ്ങുന്നു പഠനം. പഠനവിഷയത്തിന്റെ വ്യാപ്തിയെക്കുറിച്ചും അതിന്റെ സാമൂഹിക പ്രസക്തിയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും ഒരേകദേശ ധാരണ നൽകാൻ പോലും ബിരുദാനന്തരപഠനം അവസരമൊരുക്കുന്നില്ല. സ്വയം പഠനത്തിനുള്ള കൂടുതൽ സാധ്യതകൾ താരതമ്യേന മെച്ചപ്പെട്ട ലൈബ്രറി സൗകര്യങ്ങളുള്ള സർ വകലാശാല ഡിപ്പാർട്ടുമെൻറുകളിൽ ലഭ്യമാണ്. എന്നാൽ സർവകലാശാല ഡിപ്പാർട്ടുമെൻറുകളിലെ മാർ ബിരുദം കോളേജുകളിലെ മാർ ബിരുദത്തേക്കാൾ ഗുണപരമായി ഏറെ മെച്ചമാണെന്ന് പറയാൻ വയ്യ. ബിരുദാനന്തര തലത്തിലെ പരാജയനിരക്ക് അതിഭീമമാണ്. ഈ മേഖലയിൽ സമൂഹം സഹിക്കുന്ന ദുർവ്യയം ഏറെയാണെന്നതിന് ഈ പരാജയനിരക്ക് തന്നെയാണ് സാക്ഷ്യം. ഉന്നത വിദ്യാഭ്യാസ രംഗത്തെ അതിപ്രധാന ഘടകമാണ് ഗവേഷണം. കേരളത്തിലെ വിദ്യാഭ്യാസ വ്യവസ്ഥയിൽ ഗവേഷണം മിക്കവാറും പി.എച്ച്.ഡി. പ്രോഗ്രാം മാത്രമാണ്. കേരളത്തിലെ സർവ്വകലാശാലകൾ ധാരാളം ഗവേഷണ ബിരുദങ്ങൾ വർഷം തോറും നൽകുന്നുണ്ട്. എന്നാൽ ഈ ഗവേഷണ ബിരുദങ്ങളുടെയും അതുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങളുടെയും ഗുണനിലവാരം ഇന്നും ഒരു ചർച്ചാവിഷയമാണ്. സാമൂഹിക പ്രസക്തി തീരെയില്ലാത്തതും ആവർത്തന സ്വഭാവമുള്ളതും മൗലികതയില്ലാത്തതുമാണ് മിക്ക ഗവേഷണങ്ങളും എന്നാണ് പൊതുവിലുള്ള പരാതി. കോളേജുകളിൽ ഗവേഷണ പ്രവർത്തനം തീരെയില്ലെന്നു പറയുന്നതാവും ശരി. സർവകലാശാല വകുപ്പുകളേക്കാൾ മെച്ചപ്പെട്ട ഗവേഷണ സൗകര്യങ്ങൾ ലഭ്യമാക്കുന്നതും ഗവേഷണ രംഗത്ത് കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെയ്ക്കുന്നതുമായ സ്വയംഭരണ ഗവേഷണ സ്ഥാപനങ്ങൾ കേരളത്തിലുണ്ട് എന്നത് കാണാതിരുന്നുകൂടാ. ഏതായാലും കേരളത്തിലെ ഗവേഷണ സ്ഥാപനങ്ങളും ഗവേഷണ പ്രവർത്തനങ്ങളും വിശദമായ പഠനത്തിന് വിധേയമാക്കണം. ഗവേഷണ സ്ഥാപനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കി കൊടുക്കുന്നതോടൊപ്പം കേരളത്തിൻറെ സമഗ്ര പുരോഗതിക്ക് സഹായകമായ ഗവേഷണപഠനങ്ങൾ ഏറ്റെടുത്തു നടത്താൻ ഗവേഷണ സ്ഥാപനങ്ങളെയും ഗവേഷകരേയും നിർദേശിക്കുകയും ചെയ്യേണ്ടതുണ്ട്.

പ്രൊഫഷണൽ വിദ്യാഭ്യാസം

കേരളത്തിലെ പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്തും കഴിഞ്ഞ ദശകങ്ങളിൽ സംഖ്യാപരമായ വർധനവുണ്ടായിട്ടുണ്ട്. 1962-ൽ ആറ് എഞ്ചിനീയറിംഗ് കോളേജുകളും 780 സീറ്റുകളുമുണ്ടായിരുന്നത് 1997-ൽ 16 എഞ്ചിനീയറിംഗ് കോളേജുകളും 4500 സീറ്റുകളും ആയി വർധിച്ചു. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് 1951-ൽ ആണ് സ്ഥാപിതമായത്. ഇന്ന് ആറുമെഡിക്കൽ കോളേജുകളും നാല് ദന്തൽ കോളേജുകളുമുണ്ട് സംസ്ഥാനത്ത്. എം.ബി.ബി.എസ്. 700, ബി.ഡി.എസ്. 80, ബി.ഫാം 28. ബി.എസ്.സി. നഴ്സിങ്ങ് 150 സീറ്റുകളും 227 ബിരുദാനന്തര സീറ്റുകളുമുണ്ട്. ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകൾ ഇതിനുപുറമെയാണ്. സംസ്ഥാനത്ത് 5 ആയുർവേദ കോളേജുകളിലായി 170 കുട്ടികൾ ബി.എ.എം.എസ്. നും 5 ഹോമിയോ കോളേജുകളിലായി നാനൂറോളം കുട്ടികൾ ബി.എച്ച്.എം.എസി.നും പഠിക്കുന്നുണ്ട്. തിരുവനന്തപുരം ആയുർവേദ കോളേജിൽ 42പേർക്ക് ആയുർവേദം എം.ഡിക്ക് പഠിക്കാനുള്ള സൗകര്യമുണ്ട്. കേരള കാർഷിക സർവ്വകലാശാലക്ക് എട്ടു ഘടക കോളേജുകളുണ്ട്. കൃഷി, മൃഗപരിപാലനം, ഡയറി സയൻസ്, ഫിഷറീസ് എന്നിവയിൽ ബിരുദകോഴ്സുകളും ബിരുദാനന്തര കോഴ്സുകളും കാർഷിക സർവകലാശാല നടത്തി വരുന്നുണ്ട്. കൂടുതൽ തൊഴിൽ സാധ്യതകളും സാമൂഹിക പ്രസക്തിയും ഉള്ളവയാണ്. കാർഷിക മൃഗപരിപാലന കോഴ്സുകളെങ്കിലും എഞ്ചിനീയറിംഗ് മെഡിസിൻ കോഴ്സുകളുടെ മുമ്പിൽ ഇവ ശോഭയറ്റു പോകുന്നതായാണ് കണ്ടുവരുന്നത്. പ്രൊഫഷണൽ വിദ്യാഭ്യാസം എന്നാൽ മെഡിസിനും എഞ്ചിനീയറിങ്ങും എന്ന ഒരു സരള സമീകരണം തന്നെ ഇവിടെ ഉരുത്തിരിഞ്ഞു വന്നിരിക്കുകയാണ്. സാങ്കേതിക വിദ്യാഭ്യാസത്താൽ നിലയും വിലയുമുള്ള ഒരു ജോലി കിട്ടുമെന്നതുകൊണ്ടും അതിന് വർധിച്ച ഡിമാൻറുണ്ട്. കേരളത്തിന് വെളിയിൽ എന്തിന് ഇന്ത്യക്കു വെളിയിലും തൊഴിൽ സാധ്യതകളുണ്ട് എന്നുള്ളതുകൊണ്ട് പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള ഡിമാൻറ് വർഷം തോറും വർധിച്ചു വരികയാണ്. ഒരു സമൂഹത്തിനാവശ്യമായ എഞ്ചിനീയർമാരുടെയും ഡോക്ടർമാ രുടെയും എണ്ണം വിശദമായ മനുഷ്യവിഭവാസൂത്രണം വഴി തിട്ടപ്പെടുത്തി അവരെ പരിശീലിപ്പിക്കുന്നതിനും ആവശ്യമായ എഞ്ചിനീയറിങ്ങ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുക എന്നതാണ് ശാസ്ത്രീയമായ രീതിയിൽ ചെയ്യേണ്ടത്. എന്നാൽ അന്യസംസ്ഥാനങ്ങളിലെയും അന്യരാജ്യങ്ങളിലെയും ജോലിസാധ്യതകൾ കൂടി പരിഗണിച്ചു കൊണ്ടാണ് ഈ കോഴ്സുകൾക്കുള്ള ഡിമാന്റ് ഇവിടെ വർധിക്കുന്നത്. എഞ്ചിനീയറിങ്ങിനുള്ള അപേക്ഷകരിൽ ആറിലൊന്നിനു മാത്രമേ ഇവിടെ പ്രവേശനം നൽകാൻ കഴിയുന്നുള്ളു. അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ താരതമ്യേന വളരെ കൂടുതൽ എഞ്ചിനീയറിങ്ങ് മെഡിക്കൽ കോളേജുകളുള്ളതുകൊണ്ടു ധാരാളം പേർ കനത്ത 'സംഭാവന' നൽകി അവിടങ്ങളിൽ പ്രവേശനം നേടുന്നുമുണ്ട്. ഇത് കൂടുതൽ എഞ്ചിനീയറിങ്ങ് മെഡിക്കൽ സീറ്റുകൾക്കുവേണ്ടിയുള്ള മുറവിളി ഇവിടെ അതിശക്തമാക്കി യിട്ടുണ്ട്. ഏതുതരത്തിൽ വാദിച്ചാലും കർണാടകയുടെയും തമിഴ്നാടിന്റെയും മാതൃക ആർക്കും അഭികാമ്യമല്ല. അവർ പ്രൊഫഷണൽ വിദ്യാഭ്യാസത്തെ കച്ച വടവത് ക രിക്കുകയാണ് . ആവശ്യത്തിന്റെ സൗകര്യ ങ്ങ ളോ സജ്ജീകരണങ്ങളോ ഉള്ളവയല്ല ഭൂരിപക്ഷം സ്ഥാപനങ്ങളും. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭാഗ്യാന്വേഷികളെ ഞെക്കിപ്പിഴിഞ്ഞ് പണമുണ്ടാക്കുകമാത്രമാണ് അവരുടെ ലക്ഷ്യം. പ്രൊഫഷണൽ ബിരുദാന്വേഷികളുടെ അയൽ സംസ്ഥാനങ്ങളിലേക്കുള്ള ഈ ഒഴുക്ക് തടയാൻ ഇവിടെയും 'ആവശ്യമുള്ളത' എഞ്ചിനീയറിങ്ങ് മെഡിക്കൽ കോളേജുകൾ സ്ഥാപിക്കണം എന്ന് ശക്തമായി വാദിക്കുന്ന ഒരു പ്രബല വിഭാഗം സംസ്ഥാനത്തുണ്ട്. ഈ അവസരമുപയോഗിച്ച് പ്രൊഫഷണൽ സ്ഥാപനങ്ങൾ തുടങ്ങാൻ തയ്യാറായി വന്നിട്ടുള്ള 'വിദ്യാഭ്യാസ സംരംഭകരും കുറവല്ല. സ്ഥാപനങ്ങളിലെ സൗകര്യങ്ങളോ പാനത്തിന്റെ ഗുണനിലവാരമോ ആർക്കും പ്രശ്നമല്ലാതായിരിക്കുന്നു. ഡിഗ്രി ഉത്പാദന കേന്ദ്രങ്ങൾ എന്ന നിലയിലേ ഈ സ് ഥാപനങ്ങൾ വീക്ഷിക്കപ്പെടുന്നുള്ളൂ. 50 കുട്ടികളെ വീതം പ്രവേശിപ്പിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടെ തുടങ്ങിയ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾ അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായ മാറ്റമൊന്നും വരുത്താതെ 200 കുട്ടികളെ വീതം പ്രവേശിപ്പിക്കുന്നതിന് മറ്റെന്തു ന്യായമാണുള്ളത്. ഏതാനും ചില സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജുകൾ ഒഴികെ പ്രൊഫഷണൽ സ്ഥാപനങ്ങളെല്ലാം തന്നെ ഇവിടെ പൊതുമേഖലയിലാണ്. കൂടുതൽ സ്ഥാപനങ്ങൾക്കു വേണ്ടി മുതൽ മുടക്കാൻ സർക്കാരിന് കഴിയില്ല എന്ന് എല്ലാവർക്കും അറിയാം. കൂടുതൽ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള സമ്മർദ്ദമാണെങ്കിൽ വർധിച്ചു വരികയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് "സ്വാശയസ്ഥാപനങ്ങൾ" എന്ന ആശയവുമായി വിദ്യാഭ്യാസ സംരംഭകർ രംഗത്തെത്തിയത്. പുതിയ പ്രൊഫഷണൽ സ് ഥാപനങ്ങൾ തുടങ്ങാനുള്ളവ വേണ്ടും വണ്ണം നടത്തിക്കൊണ്ടു പോകാനും സർക്കാരിന് സാമ്പത്തിക ശേഷിയില്ല. സ്വന്തം കുട്ടികൾക്ക് ഒരു പ്രൊഫഷണൽ ഡിഗ്രി സമ്പാദിക്കാൻ വേണ്ടി അന്യസംസ്ഥാനങ്ങളിൽ ലക്ഷങ്ങളുമായി പോകുന്നവരെ ഇവിടെത്തന്നെ തടുത്തു നിർത്താം. അവരിൽ നിന്നു കിട്ടുന്ന സംഭാവനകളും (വിദേശ ഇന്ത്യാക്കാരിൽ നിന്ന് ഡോളർ സംഭാവന) പലിശ രഹിത നിക്ഷേപങ്ങളും ഉപയോഗിച്ച് സ്ഥാപനങ്ങൾ പണിതുയർത്തുക. നടത്തിപ്പുചെലവിന് ആവശ്യമായ തുക കുട്ടികളിൽ നിന്ന് ഫീസായി ഈടാക്കുക എന്നീ നിർദേശങ്ങളോടെയാണ് സ്വാശ്രയ കോളേജ് സങ്കൽപം രൂപപ്പെട്ടത്. സ്വയംഭരണ പൊതുമേഖലാസ്ഥാപനങ്ങളായ ഐ.എച്ച്.ആർ.ഡി., ലാൽബഹദൂർശാസ്ത്രത്തി ഇൻസ്റ്റിറ്റ്യൂട്ട് സർവകലാശാലകൾ എന്നിവ സ്വാശ്രയകോഴ്സകൾ ആരംഭിച്ചു. പ്രവേശന പരീക്ഷകളിൽ മികവുകാട്ടി പ്രൊഫഷണൽ പ്രവേശനം നേടാൻ കഴിയാത്തവർ പണത്തിന്റെ പിൻബലത്തോടെ മാത്രം പ്രൊഫഷണൽ ബിരുദധാരികളാകുന്നത് പണം കൊടുത്ത് ബിരുദം വാങ്ങുന്നതിന് തുല്യമാണ്. ഇതിനെതിരെ അതിശക്തമായ പ്രക്ഷോഭസമരങ്ങളാണ് വിദ്യാർഥികളുടെയും മറ്റു വിദ്യാഭ്യാസ പ്രവർത്തകരുടെയും ഭാഗത്തു നിന്നുണ്ടായത്. കോടതികളുടെ ഇടപെടലിന്റെ ഭാഗമായി പ്രവേശനങ്ങളിൽ ചില നിയന്ത്രണങ്ങളുണ്ടായി. പകുതി സീറ്റുകൾ മെറിറ്റിലും (സംവരണമടക്കം പാലിച്ചുകൊണ്ട്) ബാക്കി പകുതി പണം കൊടുത്തും (പണം കൊടുക്കാൻ കഴിവുള്ളവരുടെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ) പ്രവേശനം നൽകുന്ന വ്യവസ്ഥവരെ എത്തി. ഇപ്പോഴും പെയ്മെൻറ് സീറ്റിൽ പ്രവേശനം നേടുന്നവരുടെ യോഗ്യത പരീക്ഷയിലെ മികവല്ല, പണം കൊടുക്കാനുള്ള കഴിവാണ് എന്ന സാമൂഹ്യനീതിക്കു നിരക്കാത്ത വശം നിലനിൽക്കുന്നു. അതുകൊണ്ട് സ്വാശ്രയകോളേജുകൾ അധാർമികം തന്നെയാണ്. പൊതുമേഖലയിലോ, സഹകരണ മേഖലയിലോ മാത്രം തുടങ്ങുകയുള്ളു എന്നു തീരുമാനിച്ചത് കൊണ്ട് ഇവ അധാർമികളല്ലാതാകുന്നില്ല. നാളെ സമ്മർദതന്ത്രങ്ങളുപയോഗിച്ച് സ്വകാര്യമേഖലയിലും ഇത്തരം സ്ഥാപനം ഉണ്ടാകും എന്നുതന്നെ ഭയപ്പെടേണ്ടിയിരിക്കുന്നു. സ്വാശ്രയകോളേജുകൾ പൊതു സഹകരണ മേഖലകളിൽ ആകാം എന്ന സർക്കാർ തീരുമാനം സാമൂഹികമായ ഒരനീതി തുടരാൻ അനുവദിക്കലാണ് എന്നതുകൊണ്ടുതന്നെ പിൻവലിക്കപ്പെടണം. പുതിയ സ്ഥാപനങ്ങൾ അനിവാര്യമാണ് എന്ന തീരുമാനത്തി ലെത്തുന്ന പക്ഷം സർക്കാർ അവ സ്ഥാപിക്കുകയും പ്രവേശനം പൂർണമായും മെറിറ്റ് (സംവരണമടക്കം) അടിസ്ഥാനത്തിൽ നൽകുകയും ചെയ്യണം. വളരെകുറഞ്ഞ വരുമാനക്കാർക്കു മാത്രം ഫീസ് ആനുകൂല്യം നൽകി മറ്റുള്ളവരിൽ നിന്ന് നടത്തിപ്പുചെലവിനാവശ്യമായ തുക ഫീസായി ഈടാക്കാൻ തീരുമാനിക്കണം. (കുട്ടികളിൽ നിന്ന് പണം പിരിച്ച് കെട്ടിടം പണിയുന്ന അവസ്ഥ ഒരിക്കലും ഉണ്ടാകരുത്.) കുറഞ്ഞ വരുമാനക്കാർക്ക് സർക്കാർ മുൻകൈ എടുത്ത് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കണം. നിലവിലുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളിലും ഉയർന്ന വരുമാനക്കാരിൽ നിന്ന് നടത്തിപ്പുചെലവിന്റെ നല്ലൊരു ഭാഗമെങ്കിലും ഈടാക്കുന്നതരത്തിൽ ഫീസ് ഘടന പരിഷ്കരിക്കണം. മിടുക്കൻമാർക്ക് സ്കോളർഷിപ്പും ദരിദ്രർക്ക് സൗജന്യങ്ങളും ലോൺ ആവശ്യമുള്ളവർക്ക് ലോൺ സൗകര്യങ്ങളും എന്നരീതിയിൽ സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ ഒരു വ്യവസ്ഥയാണ് വേണ്ടത് . പിൻ വാതിൽ പ്രവേശനത്തിന് സൗകര്യം നൽകുന്ന സ്വാശ്രയസ്ഥാപനങ്ങളല്ല.

പ്രവേശനപരീക്ഷ

പ്രൊഫഷണൽ ബിരുദങ്ങളോടുള്ള അമിത അഭിനിവേശം ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായിട്ടുള്ള ഒരപചയം കൂടി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. എൻട്രൻസ് പരീക്ഷകളുമായി ബന്ധപ്പെട്ടുള്ള വരേണ്യപക്ഷപാതിത്വമാണിത്. ഉന്നത വിദ്യാഭ്യാസത്തെ അതിപ്രധാനമായ ചടങ്ങ് വർഷം തോറും പ്രാഫഷണൽ സ്ഥാപനങ്ങളിൽ പ്രവേശനത്തിന് യോഗ്യതയുള്ളവരെ തെരഞ്ഞെടുക്കലായി മാറിയിട്ടുണ്ട്. പ്രീഡിഗ്രി പരീക്ഷയിലെ ബന്ധപ്പെട്ട വിഷയങ്ങളിലെ മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തെരഞ്ഞെടുപ്പു നടത്തിയിരുന്നത്. വ്യാപകമായ ക്രമക്കേടുകളും തട്ടിപ്പുകളും പുറത്തായതിനെ തുടർന്ന് ഒരു പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ വേണം പ്രവേശനം എന്ന് കോടതിയാണ് നിർദേശിച്ചത്. എന്തുതരത്തിലുള്ള പരീക്ഷ എങ്ങനെ നടത്തണം എന്നൊന്നും കോടതി നിർദേശിച്ച്; നിർദേശിക്കുകയുമില്ല. പക്ഷേ ഏതാനും 'മൾട്ടിപ്പിൾ ചോയ്സ്' ചോദ്യങ്ങളെ മാത്രം അടിസ്ഥാനമാക്കി യോഗ്യത നിർണയിക്കുന്ന രീതിയാണ് ഇവിടെ നിലനിന്നുവരുന്നത്. ഈ രീതിയുടെ അശാസ്ത്രീയതകളും വൈകല്യങ്ങളും സമൂഹം മനസ്സിലാക്കി വരുന്നതേയുള്ളൂ. 90 മിനുട്ടുകൊണ്ട് 120 ചോദ്യങ്ങൾക്ക് ഉത്തരമെഴുതുന്ന തരത്തിലുള്ള മൂന്നു പേപ്പറുകളാണ് ഈ പരീക്ഷയിലുള്ളത്. ചോദ്യം വായിച്ച് ഉത്തരമെഴുതണമെന്ന് പ്രതീക്ഷിക്ക പ്പെടുന്നില്ല. കാരണം അതിന് സമയമില്ല. തന്റെ പരിചയ സീമയിലുള്ള ഒരു ചോദ്യം കണ്ടമാത്രയിൽ അതിനുത്തരമെഴുതാനുള്ള 'കഴിവ്' ഉള്ള കുട്ടികൾക്ക് മാത്രമേ മുൻനിരയിലെത്താൻ കഴിയൂ. സാധ്യതയുള്ള മുഴുവൻ ചോദ്യങ്ങളും കുട്ടിയുടെ പരിചയവലയത്തിലെത്തിക്കുന്ന ഒരു പരിശീലനരീതിയുടെ അനിവാര്യത ഇത്തരത്തിലാണ് രൂപമെടുത്തത്. ബന്ധപ്പെട്ട വിഷയത്തിൽ വിജ്ഞാനമുണ്ടായതു കൊണ്ടോ, ചോദ്യങ്ങൾ ക്കെല്ലാം ഉത്തരമറിഞ്ഞതുകൊണ്ടോ മെച്ചമില്ല. ചോദ്യം കണ്ടപാടെ, വായിച്ചു നോക്കാതെ തന്നെ ഉത്തരമെഴുതാനുള്ള മികവും പാടവവും ഉണ്ടാകണം. അതുണ്ടാക്കാൻ കഴിവുള്ള 'കോച്ചിങ്ങ് സെൻററു'കൾ നാടുനീളെയുണ്ട്. വർഷം മുഴുവൻ നീണ്ടു നിൽക്കുന്ന കോച്ചിങ്ങ്, വെക്കേഷൻ കാലത്തെ കോച്ചിങ്ങ്, പരീക്ഷക്കു തൊട്ടു മുൻപത്തെ കോച്ചിങ്ങ് എന്നിങ്ങനെ ഹ്രസ്വകാല, ദീർഘകാല കോഴ്സുകൾ ഇവർ നടത്തുന്നു. പ്രീഡിഗ്രി ഹയർ സെക്കണ്ടറി പരീക്ഷകൾ കഴിഞ്ഞ് കോച്ചിങ്ങിനുള്ള സമയം - ഒന്നുരണ്ടുമാസം - കഴിഞ്ഞ പ്രവേശന പരീക്ഷ നടത്താറുള്ളൂ. പ്രവേശന പരീക്ഷകളുമായി ബന്ധപ്പെട്ടു പഠനം നടത്തിയവരെല്ലാം തന്നെ തിരിച്ചറിഞ്ഞ ഒരു സത്യമുണ്ട്. നഗരങ്ങളിലെ അതും മഹാ നഗരങ്ങളിലെ കോച്ചിങ്ങ് സെന്ററുകളിൽ പരിശീലനം നേടിയവരാണ് തെരഞ്ഞെടുക്കപ്പെടുന്നതിൽ മഹാഭൂരിപക്ഷവുമെന്ന് വൻനഗരങ്ങളിൽ പോയി താമസിച്ച് വലിയ തുക ഫീസ് നൽകാൻ കഴിയുന്ന കുട്ടികൾക്ക് പ്രവേശനം കിട്ടാൻ സാധ്യതയുള്ളൂ എന്നർഥം. പ്രവേശനം നേടിയ കുട്ടികളുടെ സാമ്പത്തിക സാമൂഹിക പശ്ചാത്തലം പഠനവിധേയമാക്കിയവർ ഈ നിഗമനം ശരിവയ്ക്കുന്നു. പ്രവേശനം കിട്ടുന്നവരുടെ മഹാഭൂരിപക്ഷവും (75ശതമാനത്തിലേറെ) ഉയർന്ന വരുമാനവിഭാഗത്തിൽ നിന്നാണ്. പരീക്ഷാ രീതി ശാസ് ത്രീയമായി പരിഷ് കരിക്കാതെ ഈ വരേണ്യപക്ഷപാതിത്വം മാറ്റാൻ കഴിയില്ല. മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പാടില്ലെന്നല്ല. അതു മാത്രമേ ആകാവൂ എന്ന പിടിവാശിയാണ് അസംബന്ധമാകുന്നത്. ചോദ്യം വായിച്ച് ഉത്തരമെഴുതാനുള്ള സമയം കൊടുക്കുന്നതിലെന്താണ് തെറ്റ്. അങ്ങനെയല്ലേ ഉത്തരമെഴുതേണ്ടതും. ഇന്നത്തെ പരീക്ഷാ സമയമായ ഒന്നരമണിക്കൂർ രണ്ടരയോ, മൂന്നോ ആക്കാവുന്നതാണ്. ഐ.ഐ.ടി. പോലുള്ള പ്രശസ്ത സ്ഥാപനങ്ങളുടെ പ്രവേശന പരീക്ഷകളിൽ ഏതാനും വാചകങ്ങളിൽ ഉത്തരമെഴുതാനുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നുണ്ട്. ഒരു വിഷയത്തിലെ അറിവ് പരിശോധിക്കാൻ ഇത്തരം ചോദ്യങ്ങളാണ് കൂടുതൽ നല്ലത് എന്ന അഭിപ്രായമുണ്ട്. യോഗ്യതാ പരീക്ഷ (പ്രീഡിഗ്രി/ഹയർസെക്കണ്ടറി)യിലെ മാർക്കും പ്രവേശന മാനദണ്ഡങ്ങളിലൊന്നായി പരിഗണിക്കപ്പെടണം, ക്ലാസിൽ പോകേണ്ടതില്ല, ആ സമയം കൂടി കോച്ചിങ്ങ് സെൻററിൽ പോകാം. എന്ന രീതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഒരേ വിഷയങ്ങൾ ഒരേ രീതിയിൽ പരീക്ഷയെഴുതി വ്യത്യസ്ഥ പ്രൊഫഷനുകൾക്കുള്ള അഭിരുചിയും ആഭിമുഖ്യവും തിട്ടപ്പെടുത്തുന്നതിലെ അശാസ്ത്രീയതയാണ് അതിശയകരം. മെഡിസിനും, നഴ്സിങ്ങിനും, കൃഷിക്കും, മൃഗപരിപാലനത്തിനും ആയുർ വേദത്തിനും ഹോമിയോക്കും എല്ലാം ചേർന്ന് ഒരൊറ്റ പരീക്ഷ - ഈ പരീക്ഷയിലൂടെ തിട്ടപ്പെടുത്തുന്ന മികവ് എന്തെന്ന് മനസ്സിലാകുന്നില്ല. ഇക്കഴിഞ്ഞ പ്രവേശന പരീക്ഷയിൽ മിടുക്കൻമാർക്ക് കണക്കിന് കിട്ടിയ ഏറ്റവും കൂടിയ മാർക്ക് 62 ശതമാനമാണെന്നറിയുന്നു. എഞ്ചിനീയറിങ്ങിന് പ്രവേശനം നേടിയവരിൽ കണക്കിന് 10 ശതമാനത്തിൽ താഴെ മാർക്കു വാങ്ങിയവർ ധാരാളമുണ്ടായിരിക്കും എന്നു സംശയിക്ക പ്പെടുന്നു. ഇത്തരം കാര്യങ്ങൾ സുതാര്യമാക്കിക്കൂടെ? കമ്പ്യൂട്ടറിന് തെറ്റുപറ്റില്ലായിരിക്കാം. പക്ഷേ കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നത് മനുഷ്യരാ ണല്ലോ. ഒന്നോ രണ്ടോ പേർ മാത്രമേ പരീക്ഷാ നടത്തിപ്പിന്റെ ഉള്ളറ രഹസ്യങ്ങളറിയുന്നവരായുള്ളു എന്നത് ആശാസ്യമല്ല. പ്രത്യേകിച്ചും കഴിഞ്ഞ വർഷത്തെ പ്രവേശന ലിസ്റ്റ് പലയാവർത്തി മാറ്റി തിരുത്തേണ്ടി വന്നതു പോലുള്ള സാഹചര്യത്തിൽ. റാങ്കിനോടൊപ്പം മാർക്കും പ്രസിദ്ധപ്പെടുത്തണം. ഒരേ മാർക്കുകാർ ധാരാളമുണ്ടാകുമല്ലോ. ഇവരെ റാങ്കുചെയ്യുന്ന രീതിയും സുതാര്യമാക്കേണ്ടതല്ലേ. പ്രീഡിഗ്രി പരീക്ഷ മലയാളത്തിൽ എഴുതാൻ ഈ നാട്ടിൽ അനുവാദമുണ്ട്. പ്രവേശന പരീക്ഷയിൽ മാത്രം എന്തേ മലയാളത്തിന് അയിത്തം. ചോദ്യങ്ങൾ മലയാളത്തിലും ആകട്ടെ. താത്പര്യമുള്ള കുറെ പേരെങ്കിലും മലയാളത്തിൽ ഉത്തരമെഴുതട്ടെ. പ്രവേശന പരീക്ഷയുടെ ഉള്ളടക്കം, നടത്തിപ്പുരീതി, സുതാര്യതക്കുറവ്, വരേണ്യപക്ഷപാതിത്വം എന്നിവ വ്യാപകമായി ചർച്ചചെയ്യപ്പെടണം. ഈ ചർച്ചകളുടെ ഫലമായി കുറ്റമറ്റതായ ഒരു പരീക്ഷാരീതി ഉരുത്തിരിഞ്ഞുവരുമെന്നു പ്രത്യാശിക്കാം. - പ്രവേശന പരീക്ഷയും തെരഞ്ഞെടുപ്പും കഴിഞ്ഞാൽ പൂരം കഴിഞ്ഞ് പ്രതീതിയാണ്; ഇനി അടുത്ത വർഷത്തേക്കുള്ള തയ്യാറെടുപ്പ് എന്ന മട്ടിൽ. പ്രവേശനപരീക്ഷയിൽ തിരസ്കരിക്കപ്പെട്ടവർ (പ്രൊഫഷണൽ മോഹമില്ലാത്ത പരീക്ഷയെഴുതാത്തവരെയും അക്കൂട്ടത്തിൽ കൂട്ടുന്നു എന്നതാണ് ഖേദകരം.) രണ്ടാം തരക്കാർ - ആണ് ശാസ്ത്രമാനവിക വിഷയങ്ങളുടെ ബിരുദ കോഴ്സുകളിലും ബിരുദാനന്തര കോഴ്സുകളിലും പിന്നീട് ഗവേഷണ രംഗത്തും എല്ലാം വരുന്നത് ഇവരാണ്. സമൂഹത്തിന്റെ ശാസ്ത്രത് സാംസ്കാരിക വളർച്ച ഉറപ്പാക്കേണ്ടവർ. സമൂഹത്തെ മുന്നോട്ടു നയിക്കേണ്ടവർ. ഇവർ എന്തുചെയ്യുന്നുവെന്നോ ഇവർക്കാവശ്യമുള്ള സൗകര്യങ്ങളുണ്ടെന്നോ പരിശോധിക്കാൻ നമുക്കിന്ന് താത്പര്യമില്ല. വിദഗ്ധ തൊഴിലാളികളെ മാത്രം മതി, വിജ്ഞാനം വേണ്ട എന്ന കാഴ്ചപ്പാടിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കേണ്ടിയിരിക്കുന്നു; നാളേക്കുവേണ്ടി.

ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ

പ്രസാധനം, വിതരണം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കൊച്ചി-24

ലിപിവിന്യാസം-മാക്സ്വെൽ ഗ്രാഫിക്സ്, എറണാകുളം.

അച്ചടി-കേരള ടൈംസ്, എറണാകുളം

വില-4 രൂപ

KSSP 0914 IE Dy 1/8 APR 99 15K 0400 LL 9/99