കാങ്കോൽ (യൂണിറ്റ്)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം

1962ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത് രൂപീകരിച്ചപ്പോൾ മുതൽ സംഘടനയുടെ ആശയങ്ങളോടും പ്രവർത്തനങ്ങളോടും ആഭിമുഖ്യമുള്ള നിരവധി പേർ കാങ്കോലിൽ ഉണ്ടായിരുന്നു. എന്നാൽ കാങ്കോൽ കേന്ദ്രീകരിച്ച് യൂണിറ്റ് ഉണ്ടായിരുന്നില്ല. പിന്നീട് കുണ്ടയം കൊവ്വൽ, വടശ്ശേരി യൂണിറ്റുകൾ രൂപീകരിച്ചതോടെ ഇന്ന് കാങ്കോൽ യൂണിറ്റ് പരിധിയിൽ ഉൾപ്പെടുന്ന നിരവധി പേർ ഈ രണ്ട് യൂണിറ്റുകളിൽ അംഗത്വമെടുത്ത് പ്രവർത്തനം ആരംഭിച്ചു.

  1995ൽ ആണ് കാങ്കോൽ യൂണിറ്റ് രൂപീകരിക്കപ്പെടുന്നത്. പി.വി.രതീശൻ പ്രസിഡണ്ടും രാജേഷ് കുമാർ കാങ്കോൽ സെക്രട്ടറിയുമായാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്. അന്നു മേഖലാ കമ്മറ്റി അംഗമായിരുന്ന ഇപ്പോഴത്തെ കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തംഗം കെ.പങ്കജാക്ഷനാണ് യൂണിറ്റ് രൂപീകരിക്കാൻ മുൻകൈയെടുത്ത് പ്രേരണാ ശക്തിയായി നിന്നത്. ജില്ലാ-മേഖലാ തലങ്ങളിൽ പ്രവർത്തിച്ചിരുന്ന പരേതനായ എൻ.പി.ഭാസ്കൻ മാസ്റ്റർ (പുത്തൂർ), കെ.ഗോവിന്ദൻ (മാത്തിൽ) പി.പി.സുധാകരൻ (കുണ്ടയംകൊവ്വൽ), സുരേശൻ മാസ്റ്റർ(വെള്ളൂർ) തുടങ്ങിയവർ യൂണിറ്റ് രൂപീകരണത്തിനും വളർച്ചയ്ക്കും ഒപ്പം നിന്ന് വഴികാട്ടിയവരാണ്.

ആദ്യകാല പ്രവർത്തകർ

കാങ്കോലിലെ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കൈ-മെയ് മറന്ന് പിന്തുണ നൽകിയിരുന്ന കെ.വി.കുഞ്ഞപ്പൻ മാസ്റ്ററെ പോലുള്ളവരുടെ പിന്തുണ യൂണിറ്റിൻറെ വളർച്ചയിൽ എടുത്തു പറയേണ്ടതാണ്. യൂണിറ്റ് സമ്മേളനവും കൺവെൻഷനുകളും നടന്നിരുന്നത് കുഞ്ഞപ്പൻ മാസ്റ്ററുടെ വീട്ടുമുറ്റത്തായിരുന്നു. പങ്കെടുക്കുന്നവർക്ക് ചായയടക്കം നൽകി അദ്ദേഹം ഇരുകൈയും നീട്ടിയാണ് നമ്മുടെ പ്രവർത്തനങ്ങളെ ഏറ്റെടുത്തത്.

വായനശാലയിലും മറ്റും യോഗം ചേരുന്നതിനു പകരം പരമാവധി വീട്ടുമുറ്റങ്ങളിൽ കൂടിച്ചേരുന്ന ശൈലിയാണ് അന്ന് സ്വീകരിച്ചിരുന്നത്. വി.വി.പത്മനാഭൻ, എം.വി.കൃഷ്ണൻ, യു.വി.സുഭാഷ് മാസ്റ്റർ, കെ.വി.ശ്രീനിവാസൻ, അനന്തനാരായണൻ, സി.പി.വിനോദൻ, പി.വി.രാജേഷ്, പി.വി.വിജയൻ തുടങ്ങിയവർ സ്ഥാപക അംഗങ്ങളിൽ ഉൾപ്പെടും.

പ്രവർത്തനങ്ങൾ

ആദ്യം ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് മേഖലാ സമ്മേളനമാണ്. യൂണിറ്റ് പ്രതിനിധികൾ ആദ്യായി പങ്കെടുത്ത 1996ലെ  വെള്ളൂർ സമ്മേളത്തിൽ വെച്ചാണ് അടുത്ത സമ്മേളനം കാങ്കോൽ യൂണിറ്റ് ഏറ്റെടുക്കുന്നത്. 1997ലെ മേഖലാ സമ്മേളനം രണ്ടു ദിവസങ്ങളിലായി കാങ്കോൽ എ.എൽ.പി.സ്കൂളിൽ വച്ച് നടത്തി.

  യൂണിറ്റ് ഏറ്റെടുത്ത ആദ്യ കലാജാഥ എടുത്തു പറയേണ്ടതുണ്ട്. ആഗോള വത്കരണ-ഉദാരവൽകരണ നയങ്ങൾക്കെതിരെ ജനങ്ങളെ പടയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ജനജാഗ്രതാ കലാജാഥയായിരുന്നു അത്. വടശ്ശേരിയിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ജാഥ കാൽനടയായാണു പര്യടനം നടത്തിയിരുന്നത്. രണ്ടാം ദിവസത്തെ സമാപന കേന്ദ്രമായിരുന്ന കാങ്കേലിൽ. വായനശാല പരിസരത്താണു സ്വീകരണം നൽകിയത്.

സമാപന കേന്ദ്രമെന്ന നിലക്ക് ജാഥാംഗങ്ങൾക്ക് താമസവും രാത്രിയിലും രാവിലെയും ഭക്ഷണവും ഒരുക്കുക എന്നതായിരുന്നു യൂണിറ്റിൻറെ മുന്നിലെ പ്രധാന വെല്ലുവിളി. മേഖലയിലെ പ്രധാന പ്രവർത്തകനായിരുന്ന പി.പി.സുധാകരൻ ഇടപെട്ട്  പുരുഷ അംഗങ്ങൾക്ക് കുണ്ടയംകൊവ്വൽ സ്കൂളിലും വനിതാ അംഗങ്ങൾക്ക് സമീപത്തെ വീടുകളിലുമായി താമസം ഒരുക്കി. പ്രഭാത ഭക്ഷണവും ഇദ്ദേഹം ഏറ്റെടുത്തു.

   ഇതോടെ കാങ്കോൽ യൂണിറ്റ് 45 പേർക്ക് രാത്രി ഭക്ഷണം ഒരുക്കിയാൽ മതിയെന്നായി. ഒരു വിഭാഗത്തെ മാത്രം സമീപിക്കുന്ന പതിവ് രീതി വിട്ട്, രാഷ്ട്രീയ കാരണങ്ങളാൽ നമ്മോട് സഹകരിക്കില്ലെന്ന് നാം വിലയിരുത്തുന്നവരെ സമീപിച്ചു നോക്കാം എന്ന ആലോചനയാണു യൂണിറ്റിൽ നടന്നത്. സമീപിച്ചപ്പോഴുള്ള പ്രതികരണം ആവേശം പകരുന്നതായിരുന്നു. 45 പൊതിച്ചോറിനായി 20 വീടുകളിൽ ബന്ധപ്പെട്ടപ്പോൾ വിഭവസമൃദ്ധമായ എൺപതിലേറെ പൊതി ചോറാണു ലഭിച്ചത്. പൊതിച്ചോറു തന്ന കുടുംബങ്ങളിൽ പലരും പിന്നീട് പരിഷതിൻറെ ഉറ്റ ബന്ധുക്കളും അംഗങ്ങളും ഒക്കെയായി മാറിയെന്നത് ഒരു അനുഭവ പാഠം കൂടിയാണ്. സഹകരിക്കില്ലെന്ന് കരുതി നാം സമീപിക്കാതെ മാറ്റി നിർത്തുന്ന പലരും നമ്മെ മനസിൽ കൊണ്ടു നടക്കുന്നവരാണ് എന്ന പാഠം.

  യൂണിറ്റിനെ നാട്ടുകാർക്കിടയിൽ ശ്രദ്ധേയമാക്കിയ മറ്റൊരു പ്രവർത്തനമായിരുന്ന മണിചെയിൻ തട്ടിപ്പിനെതിരായ കാമ്പയിൻ. ഗ്രീൻഗ്ലോറി എന്ന പേരിൽ ഒരു മണിച്ചെയിൻ സംഘം കാങ്കോലിൽ അടക്കം സംസ്ഥാനത്ത് ഉടനീളം പലരെയും വലയിൽ കുരുക്കിയ ഘട്ടത്തിലായിരുന്നു ഈ കാമ്പയിൻ. കാങ്കോൽ ടൗണിൽ നടന്ന പരിപാടിയിൽ ടി.കെ.ദേവരാജൻ ആണു ക്ലാസെടുത്തത്. ഈ ക്ലാസോടുകൂടി കാങ്കോലിൽ ഗ്രീൻഗ്ലോറിയുടെ ചുക്കാൻ പിടിച്ചിരുന്ന ചിലരെങ്കിലും അന്നത്തെ പരിഷത് ഭാരവാഹികളോടു കണ്ടാൽ മിണ്ടാതായി എന്ന വേദന ഉള്ളിൽ ഉണ്ടെങ്കിലും കാങ്കോലിൽ മാത്രമല്ല, സംസ്ഥാനത്തു മൊത്തം മണിച്ചെയിൻ ശൃഖലയുടെ വേരറുക്കുന്നതിനുള്ള തുടക്കമായി അതെന്നത് യൂണിറ്റ് പ്രവർത്തകർക്ക് ആവേശം പകർന്നതാണ്.

  ഇതിൻറെ ആവേശത്തിൽ മേഖലാ പ്രവർത്തന ക്യാമ്പ്, കാങ്കോൽ ടൗണിൽ ഊർജ ക്ലാസ്, അടുപ്പ് പ്രചാരണം, കളരിക്കൽ കളിയാട്ട വേളയിൽ ചുടാറാപ്പെട്ടി വിൽപന സ്റ്റാൾ, സോപ്പ് പ്രചാരണം, പാനോത്ത് സോപ്പ് നിർമാണ പരിശീലനം, കാങ്കോൽ ടൗണിൽ ഡോ. എസ്.എസ്.സന്തോഷ് കുമാറിനെ പങ്കെടുപ്പിച്ച് വിദ്യാഭ്യാസ കച്ചവടവൽകരണത്തിനെതിരായ ക്ലാസ്, ഈശ്വരീയ വിശ്വവിദ്യാലയം പോലുള്ള ആധ്യാത്മിക സംഘങ്ങൾ യൂണിറ്റ് പ്രദേശത്തു വേരുറപ്പിക്കാൻ ശ്രമിച്ചപ്പോൾ നടത്തിയ പോസ്റ്റർ പ്രചാരണവും കാമ്പയിനും, കാങ്കോൽ ശിവക്ഷേത്രത്തിൽ നവീകരണത്തിൻറെ പേരിൽ കാവിലെ മരം മുറിക്കുന്നതിനെതിരെ നടത്തിയ കാമ്പയിൻ തുടങ്ങിയവ യൂണിറ്റിൻറെ തുടക്ക കാലത്തെ പ്രധാന പ്രവർത്തനങ്ങളാണ്.

  മാസത്തിൽ ഒന്നോ രണ്ടോ തവണ കൂടിച്ചേരുന്ന ബാലവേദിയും കാങ്കോൽ യൂണിറ്റിൽ തുടക്കത്തിൽ ഉണ്ടായിരുന്നു. സി.വി.തമ്പാൻ മാസ്റ്റർ (കാനായി), പ്രജീഷ് മാസ്റ്റർ (കാനായി), പി.വി.വിജയൻ മാസ്റ്റർ (കോറോം) തുടങ്ങിയവർ ബാലവേദി പ്രവർത്തനങ്ങൾക്ക് യൂണിറ്റിനു താങ്ങായി നിന്നവരാണ്.

ഏറെക്കാലം യൂണിറ്റ് മാസിക ഏജൻസി ഉണ്ടായിരുന്നു. കാങ്കോൽ, കുണ്ടയം കൊവ്വൽ, കാളീശ്വരം, വടശേരി സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഈ മാസികകൾ വിതരണം ചെയ്തിരുന്നത്.

കാങ്കോൽ ടൗണിൽ ഉണ്ടായിരുന്ന സ്ഥിരം ഗ്രാമപത്രം ആശയ പ്രചാരണത്തിൻറെ പ്രധാന ഘടകമായിരുന്നു. എല്ലാ ആഴ്ചയിലും ഗ്രാമപത്രത്തിൽ പതിക്കാനുള്ള പോസ്റ്റർ തയാറാക്കിയ യു.വി.സുഭാഷ് മാസ്റ്ററുടെ സേവനം എടുത്തു പറയേണ്ടതുണ്ട്. ഗ്രാമപത്രം മാത്രമല്ല, മറ്റു പോസ്റ്ററുകളും തയാറാക്കിയിരുന്നത് സുഭാഷ് മാസ്റ്റർ തന്നെയാണ്.

  ജനകീയാസൂത്രണം അടക്കമുള്ള പ്രവർത്തനങ്ങളിലും യൂണിറ്റ് പ്രവർത്തകർ സജീവമായിരുന്നു.

എന്നാൽ പിന്നീട് അംഗത്വം, സമ്മേളനം പോലുള്ള പതിവു പ്രവർത്തനങ്ങൾ നടത്തുന്ന അവസ്ഥയിലേക്ക് യൂണിറ്റ് പ്രവർത്തനം മന്ദീഭവിച്ചു എന്നതാണ് വസ്തുത. ഈ ഘട്ടത്തിലും മേഖലാ സമ്മേളനങ്ങളും മറ്റും ഏറ്റെടുത്തു നടത്താൻ സാധിച്ചിരുന്നു.

സമീപകാലത്തായി വീണ്ടും സജീവത കൈവരിക്കാൻ യൂണിറ്റിനു സാധിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ കാങ്കോൽ ടൗണിൽ നടന്ന പുസ്തക കാമ്പയിൻ ഇതിൽ എടുത്തു പറയേണ്ട പ്രവർത്തനമാണ്.

"https://wiki.kssp.in/index.php?title=കാങ്കോൽ_(യൂണിറ്റ്)&oldid=10529" എന്ന താളിൽനിന്ന് ശേഖരിച്ചത്