കൂടുതൽ ചരിത്രം:പാലക്കാട് ജില്ല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
11:39, 18 സെപ്റ്റംബർ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Devadas (സംവാദം | സംഭാവനകൾ)

ജില്ലയിലൂടെ

തരിശ്ശായ പാറപ്രദേശം എന്ന അർത്ഥമുള്ള “പാലെ” എന്ന പദവും വനപ്രദേശമെന്ന അർത്ഥമുള്ള കാട് എന്ന പദവും കൂടിച്ചേർന്ന് പാലക്കാട് എന്ന സ്ഥലനാമമുണ്ടായി എന്നൊരു പ്രബലമായ നിഗമനം കേൾക്കുന്നുണ്ട്. പുരാതനകാലത്ത് ഇവിടം കേന്ദ്രീകരിച്ച് ജൈനമതസംസ്കാരം നിലനിന്നിരുന്നുവെന്നതിന്റെ സൂചനയായി പാലക്കാട് ഒരു ജൈനക്ഷേത്രം ഇന്നുമുണ്ട്. “പാലി”ഭാഷയും പാരമ്പര്യവും കാത്തു സൂക്ഷിച്ചിരുന്ന ജൈനമതക്കാരായിരുന്നു ഇവിടെ അധിവസിച്ചിരുന്നവർ എന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേർ ലഭിച്ചതെന്നു മറ്റൊരു കൂട്ടർ വാദിക്കുന്നുണ്ട്. എന്നാൽ ഇതൊന്നുമല്ല, പാലമരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേരു ലഭിച്ചതെന്നു മറ്റൊരു നിഗമനവും നിലനിൽക്കുന്നുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്. വടക്കുഭാഗത്ത് മലപ്പുറം ജില്ല, തമിഴ്നാട് എന്നിവിടങ്ങൾ വരേയും, കിഴക്കുഭാഗത്ത് തമിഴ്നാട് വരേയും, തെക്കുഭാഗത്ത് തൃശ്ശൂർ ജില്ല വരേയും, പടിഞ്ഞാറുഭാഗത്ത് തൃശ്ശൂർ, മലപ്പുറം ജില്ലകൾ വരേയും അതിരുകൾ വ്യാപിച്ചുകിടക്കുന്ന പാലക്കാട് ജില്ലയ്ക്ക് 4480 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, മണ്ണാർക്കാട്, അട്ടപ്പാടി, പാലക്കാട്, കുഴൽമന്ദം, ചിറ്റൂർ, കൊല്ലങ്കോട്, നെന്മാറ, ആലത്തൂർ, മലമ്പുഴ എന്നിങ്ങനെ 13 ബ്ളോക്കുപഞ്ചായത്തുകളാണ് പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നത്. മേൽപ്പറഞ്ഞ 13 ബ്ളോക്കുകളിലായി 91 ഗ്രാമപഞ്ചായത്തുകളും 162 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. പാലക്കാട്, ഒറ്റപ്പാലം, ഷൊർണ്ണൂർ, ചിറ്റൂർ-തത്തമംഗലം എന്നിങ്ങനെ 4 മുനിസിപ്പാലിറ്റികൾ പാലക്കാട് ജില്ലയിലുണ്ട്. ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിങ്ങനെ നാലു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യാപിച്ചുകിടക്കുന്നു. പാലക്കാട് ജില്ലാപഞ്ചായത്തിൽ ആകെ 29 ഡിവിഷനുകളുണ്ട്. കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്ത് കിഴക്കരികിലായി തമിഴ്നാടിനോട് ചേർന്നു കിടക്കുന്ന ജില്ലയാണ് പാലക്കാട്. ജില്ലയിലെ പ്രധാനകൃഷി നെല്ലാണ്. ഉയർന്ന മലമ്പ്രദേശങ്ങൾ, കുന്നുകൾ, ചെരിവുകൾ, സമതലങ്ങൾ എന്നിങ്ങനെ തരം തിരിക്കാവുന്ന ഭൂപ്രകൃതിയാണ് പാലക്കാടിനുളളത്. കടൽത്തീരബന്ധമില്ലാത്ത ജില്ലയാണ് പാലക്കാട്. പൊതുവെ ജില്ലയെ ഇടനാട്, മലനാട് എന്നിങ്ങനെ രണ്ടു ഭൂവിഭാഗങ്ങളായി വിഭജിക്കാവുന്നതാണ്. സമുദ്രനിരപ്പിൽ നിന്നും 20 മുതൽ 2386 മീറ്റർ വരെ ഉയരമുളള പ്രദേശങ്ങൾ ജില്ലയിൽ കാണപ്പെടുന്നു. പശ്ചിമഘട്ടവും, പാലക്കാട് ചുരവും ജില്ലയുടെ പ്രത്യേകതകളാണ്. ജില്ലയിലെ വലിയൊരുഭാഗം ക്രിസ്റ്റലൈൻ പാറകളാണ്. ഇടനാട്ടിൽ ലാറ്ററൈറ്റ് മണ്ണ് കൂടുതലായി കാണപ്പെടുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. 1956 വരെ പാലക്കാട് അടക്കമുളള മലബാർ ജില്ല മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം 1957 ജൂൺ 1-ന് മലബാർ ജില്ലയെ കണ്ണൂർ, കോഴിക്കോട്, പാലക്കാട് എന്നിങ്ങനെ മൂന്നായി വിഭജിച്ചു. മലബാർ ജില്ലയിലെ പാലക്കാട്, വളളുവനാട്, പൊന്നാനി, പെരിന്തൽമണ്ണ എന്നീ താലൂക്കുകൾക്കൊപ്പം കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്ന ചിറ്റൂർ താലൂക്കും ചേർത്തുകൊണ്ടാണ് പാലക്കാട് ജില്ല രൂപീകരിച്ചത്. 1969 ജൂൺ 16-ന് മലപ്പുറം ജില്ലയുടെ രൂപീകരണത്തെ തുടർന്ന് പെരിന്തൽമണ്ണ, പൊന്നാനി താലൂക്കുകൾ മലപ്പുറം ജില്ലയിലായി. സാമൂഹ്യ-സാംസ്കാരിക ചരിത്രം തരിശ്ശായ പാറപ്രദേശം എന്ന അർത്ഥമുള്ള “പാലെ” എന്ന പദവും വനപ്രദേശമെന്ന അർത്ഥമുള്ള കാട് എന്ന പദവും കൂടിച്ചേർന്ന് പാലക്കാട് എന്ന സ്ഥലനാമമുണ്ടായി എന്നൊരു പ്രബലമായ നിഗമനം കേൾക്കുന്നുണ്ട്. പുരാതനകാലത്ത് ഇവിടം കേന്ദ്രീകരിച്ച് ജൈനമതസംസ്കാരം നിലനിന്നിരുന്നുവെന്നതിന്റെ സൂചനയായി പാലക്കാട് ഒരു ജൈനക്ഷേത്രം ഇന്നുമുണ്ട്. “പാലി”ഭാഷയും പാരമ്പര്യവും കാത്തു സൂക്ഷിച്ചിരുന്ന ജൈനമതക്കാരായിരുന്നു ഇവിടെ അധിവസിച്ചിരുന്നവർ എന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേർ ലഭിച്ചതെന്നു മറ്റൊരു കൂട്ടർ വാദിക്കുന്നുണ്ട്. എന്നാൽ ഇതൊന്നുമല്ല, പാലമരങ്ങൾ നിറഞ്ഞ പ്രദേശമായിരുന്നതിനാലാണ് ഈ പ്രദേശത്തിന് പാലക്കാട് എന്ന പേരു ലഭിച്ചതെന്നു മറ്റൊരു നിഗമനവും നിലനിൽക്കുന്നുണ്ട്. ടിപ്പുസുൽത്താന്റെയും ഹൈദരാലിയുടെയും പടയോട്ടം നടന്ന സ്ഥലമാണ് പാലക്കാട്. ടിപ്പു സുൽത്താൻ നിർമ്മിച്ച പുരാതനകോട്ട ഇന്നും ഇവിടെ സ്ഥിതി ചെയ്യുന്നു. ആധുനിക മലയാളഭാഷയുടെ പിതാവെന്നറിയപ്പെടുന്ന എഴുത്തച്ഛൻ അവസാനകാലം വരെ താമസിച്ചിരുന്നത് ചിറ്റൂരിലെ ശോകനാശിനി തീരത്തായിരുന്നു. കൂടാതെ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ ജീവിതമണ്ഡലവും പാലക്കാടായിരുന്നു. സാമൂഹികതിന്മകളെ ആക്ഷേപഹാസ്യത്തിലൂടെ എതിർത്ത കുഞ്ചൻ നമ്പ്യാരുടെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം സ്ഥിതി ചെയ്യുന്നതും പാലക്കാട് ജില്ലയിലാണ്. പാലക്കാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ശ്രദ്ധേയമായ കാൽവെയ്പായിരുന്നു റേറ്റ് സ്കൂളിന്റെ സ്ഥാപനം. 1866-ൽ പാലക്കാട് റേറ്റ് സ്കൂൾ നിലവിൽ വന്നു. പിന്നീട് ഇത് ഗവ.വിക്ടോറിയ കോളേജായി വികസിച്ചു. 1858-ൽ മലബാർ ബേഡൽ മിഷന്റെ ആഭിമുഖ്യത്തിലും ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ സ്ഥാപിതമായി. 1858-ൽ പാലക്കാട് ജനിച്ച പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃതത്തിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്തിയായിരുന്നു. സംസ്കൃത വിദ്യാഭ്യാസം പുനരുജ്ജീവിപ്പിക്കുന്നതിനായി 1888-ൽ സരസ്വതോദ്യോതിനി എന്ന സംസ്കൃത പാഠശാല ഇവിടെ പ്രവർത്തനമാരംഭിച്ചു. 1921-ൽ കോളേജ് ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയമാണ് പട്ടാമ്പിയിലെ ഇന്നത്തെ ഗവ:സംസ്കൃതകോളേജ്. വിജ്ഞാനചിന്താമണി പ്രസ് സ്ഥാപിതമായതും ഇവിടെയായിരുന്നു. വി.ടി.ഭട്ടതിരിപ്പാട് രൂപംനൽകിയ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനമായ യോഗക്ഷേമസഭയുടെ നേതൃത്വത്തിൽ ഇവിടെ നടന്ന സേവനങ്ങൾ എടുത്തുപറയേണ്ടതുണ്ട്. കോയമ്പത്തൂർ-പാലക്കാട്, തിരൂരങ്ങാടി-ഫറോക്ക്, കോയമ്പത്തൂർ-മണ്ണാർക്കാട്, അങ്ങാടിപ്പുറം-ഫറോക്ക്, പാലക്കാട്-ലക്കിടി, ഒറ്റപ്പാലം-തൃത്താല-താനൂർ, പാലക്കാട്-ഡിണ്ടികൽ, പാലക്കാട്-കൊല്ലങ്കോട് എന്നീ റോഡുകൾ ടിപ്പുസുൽത്താൻ നിർമിച്ച പ്രധാന ഗതാഗതപാതകളാണ്. 1960-ൽ നിർമിക്കപ്പെട്ട ഒലവക്കോട്-പളളിപ്പുറം റെയിൽവെ ലൈനാണ് ജില്ലയിൽ ആദ്യത്തേത്. 1888-ൽ ഒലവക്കോട്-പാലക്കാട്, 1926-ൽ ഷൊർണ്ണൂർ-നിലമ്പൂർ റോഡ്, 1932-ൽ പാലക്കാട്-പൊളളാച്ചി എന്നീ റെയിൽ ലൈനുകൾ നിർമിക്കപ്പെട്ടു. കല്പാത്തി, ചിറ്റൂർകാവ്, നെല്ലിക്കുളങ്ങര, മണപുളിക്കാവ്, കാച്ചാംകുറിച്ചി, പല്ലാവൂർ ശിവക്ഷേത്രം, പല്ലശ്ശനക്കാവ്, സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, മഞ്ഞക്കുളം മുസ്ളീം പള്ളി എന്നിവയാണ് ജില്ലയിലെ പ്രധാന ആരാധനാലയങ്ങൾ. മലമ്പുഴ ഡാമും, അവിടുത്തെ പാർക്കും അനേകം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത മലമ്പുഴയക്ഷി എന്ന ശിൽപം വളരെ പ്രസിദ്ധമാണ്. പാലക്കാട് കോട്ട, ധോണി വെള്ളച്ചാട്ടം, സിരുവാണി നെല്ലിയം, സൈലന്റ് വാലി എന്നിവയും പ്രമുഖ ടൂറിസ്റ്റ് സ്പോട്ടുകളാണ്. ലോകപ്രശസ്തിയാർജിച്ച പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം ഈ ജില്ലയിൽ പ്രവർത്തിക്കുന്നു.