കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-അക്രഡിറ്റേഷനും ഗുണനിലവാര മാനേജ്‌മെന്റും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
07:19, 13 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ) (' 1. ഗുണനിലവാര മാനേജ്‌മെന്റ്‌ കമ്പോളശക്തികൾ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1. ഗുണനിലവാര മാനേജ്‌മെന്റ്‌ കമ്പോളശക്തികൾ വിദ്യാഭ്യാസത്തിലേക്ക്‌ ഇറക്കുമതി ചെയ്‌ത പുതിയ പ്രയോഗമാണ്‌. വൈവിധ്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരം അളക്കാൻ അറുപതുകളിൽ അമേരിക്കയിൽ ഉപയോഗിക്കപ്പെട്ട മാർഗമാണ്‌ അക്രഡിറ്റേഷൻ. കാർനിഗി ഫൗണ്ടേഷനാണ്‌ ഏറ്റവും പ്രശസ്‌തമായ അക്രഡിറ്റേഷൻ സമ്പ്രദായം ആവിഷ്‌കരിച്ചത്‌.

2. ഇന്ത്യയിലും അടുത്തകാലത്തായി അക്രഡിറ്റേഷൻ സമ്പ്രദായം നടപ്പിലായി വരുന്നു. യു.ജി.സി സ്ഥാപിച്ച നാഷണൽ അക്രഡിറ്റേഷൻ ആന്റ്‌ അസസ്‌മെന്റ്‌ കൗൺസിൽ (NAAC) കേരളത്തിലടക്കം നിരവധി കോളേജുകൾക്ക്‌ അക്രഡിറ്റേഷൻ നൽകിക്കഴിഞ്ഞു. കേരളത്തിലെ എം.ജി.സർവകലാശാലയിലാണ്‌ ഇന്ത്യയിൽത്തന്നെ ഏറ്റവും അക്രഡിറ്റഡ്‌ കോളേജുകളുള്ളത്‌.

3. അക്രഡിറ്റേഷൻ സമ്പ്രദായം അതിശക്തമായി വിമർശിക്കപ്പെടുന്നു. അക്രഡിറ്റേഷന്റെ നിബന്ധനകൾ തൃപ്‌തികരമായി നടപ്പിലാക്കാനുള്ള സാഹചര്യങ്ങൾ ഇന്ത്യയിലെ ഭൂരിഭാഗം കോളേജുകൾക്കും ഇല്ല. യു.ജി.സിയുടെ ഫണ്ടിംഗ്‌ പരിമിതപ്പെടുത്താനുള്ള തന്ത്രമായാണ്‌ അക്രഡിറ്റേഷൻ ഉപയോഗപ്പെടുത്തുന്നത്‌. കുറഞ്ഞ അക്രഡിറ്റേഷൻ പദവിയുള്ള കോളേജുകളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം വരേണ്യ സ്ഥാപനങ്ങൾക്ക്‌ പണം വാരിക്കോരിക്കൊടുക്കുകയാണ്‌ ഇപ്പോൾ ചെയ്യുന്നത്‌. അക്രഡിറ്റേഷൻ ഇല്ലാത്ത കോളേജുകൾക്ക്‌ ഫണ്ടിങ്‌ ഉണ്ടാവുകയില്ലെന്ന യു.ജി.സിയുടെ പ്രസ്‌താവന ഇതു സൂചിപ്പിക്കുന്നു.

4. അക്രഡിറ്റേഷനും ഫണ്ടിങ്ങും തമ്മിലുള്ള ഇപ്പോഴത്തെ ബന്ധം ഒഴിവാക്കണം. അതിനു പകരം സാമൂഹ്യപ്രസക്തമായ കോഴ്‌സുകൾക്ക്‌ നിശ്ചിത നിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനമായി അക്രഡിറ്റേഷനെ ഉപയോഗിക്കാം. ഭൗതിക സൗകര്യങ്ങളും സാഹചര്യങ്ങളുടെയും പരിമിതികൾ മൂലം പൂർണശേഷിയിലെത്താത്ത സ്ഥാപനങ്ങളെ സഹായിക്കുന്നതിനും അക്രഡിറ്റേഷൻ ഉപയോഗിക്കാം. പിന്നോക്ക പ്രദേശങ്ങളിലും സാഹചര്യങ്ങളിലുമുള്ള വിദ്യാലയങ്ങൾക്കാണ്‌ പ്രഥമ പരിഗണന നൽകേണ്ടത്‌.

5. ഏറ്റവും പ്രധാനമായി ഹ്രസ്വകാല സാങ്കേതിക കോഴ്‌സുകളുടെ നിലവാരം ഉറപ്പുവരുത്തുന്നതിന്‌ അക്രഡിറ്റേഷൻ ഉപയോഗിക്കാം.

6. പക്ഷെ., സംസ്ഥാന/ പ്രാദേശിക തലങ്ങളിലുള്ള അക്രഡിറ്റേഷൻ ഏജൻസികൾക്കാണ്‌ ഇതിനെക്കുറിച്ച്‌ വസ്‌തുനിഷ്‌ഠമായി നിഗമനങ്ങളിലെത്താൻ കഴിയുക. കേന്ദ്രതലത്തിൽ പൊതു മാർഗ നിർദേശങ്ങളാകാം.

7. അതുകൊണ്ട്‌ NAAC ന്റെ ഇന്നത്തെ പ്രവർത്തനം പുനഃക്രമീകരിക്കണം. വരേണ്യ വിദ്യാലയങ്ങളെ ശക്തിപ്പെടുത്തുകയും മറ്റുള്ളവയെ തകർക്കുകയും ചെയ്യുന്ന സംവിധാനമായി NAAC മാറരുത്‌. സംസ്ഥാനങ്ങൾക്ക്‌ അവരുടെ സാഹചര്യങ്ങളും ആവശ്യങ്ങളുമനുസരിച്ച്‌ വിദ്യാഭ്യാസനിലവാരം ഉറപ്പുവരുത്താനുള്ള സംവിധാനമുണ്ടാകണം. ദൗർബല്യങ്ങളെ കണ്ടെത്തി തിരുത്തുന്നതിനായിരിക്കണം ഊന്നൽ. അത്തരം ഒരു അക്രഡിറ്റേഷൻ നയത്തിനു മാത്രമേ സാമൂഹ്യനീതിയും തുല്യതയും ഉറപ്പുവരുത്താനാകൂ.