കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-കേരളത്തിന്റെ വിദ്യാഭ്യാസ പരിപ്രേക്ഷ്യം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
07:27, 13 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ


ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.


1. കമ്മീഷന്റെ പ്രധാന താല്‌പര്യം നിലവിലുള്ള ജാതി, മതം, വർഗം, ലിംഗപദവി മുതലായവയുടെ അടിസ്ഥാനത്തിലുള്ള മുൻവിധികളെയും വിവേചനങ്ങളെയും മറികടക്കുന്ന ജനകീയ വിദ്യാഭ്യാസത്തിലേക്ക്‌ നീങ്ങുകയാണ്‌.

2. കൊളോണിയൽ കാലഘട്ടത്തിൽ രൂപം കൊണ്ടതും ഇന്നും തുടരുന്നതുമായ വിദ്യാഭ്യസം, പൊതുവിൽ ഒരു ചെറു ന്യൂനപക്ഷത്തിന്റെ വളർച്ചയിൽ മാത്രം ഊന്നുന്നതും വിവേചനപരവുമാണ്‌. അത്‌ സമൂഹത്തിലെ വരേണ്യവർഗ്ഗത്തിൽ മാത്രം കേന്ദ്രീകരിച്ചു. പ്രാദേശിക സംസ്‌ക്കാരത്തിൽ നിന്ന്‌ അന്യവൽക്ക രിക്കപ്പെട്ടു. ദേശഭരണാധികാരികൾക്കും, സാമാന്യ ജനങ്ങൾക്കും നടുവിൽ ഇടനിലക്കാരുടെ വർഗ്ഗം സൃഷ്‌ടിക്കുകയായിരുന്നു അതിന്റെ പ്രധാന ലക്ഷ്യം. നമ്മുടെ നാട്ടിൽ നിന്ന്‌ അന്യമായ സാസ്‌ക്കാരികവും ജ്ഞാനപരവുമായ പാരമ്പര്യത്തി ലായിരുന്നു ഈ വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം രൂപം കൊണ്ടത്‌. അതിന്റെ ഭരണസംവിധാനവും ഉദ്യോഗസ്ഥ മേധാവിത്വപരവും ജനാധിപത്യ വിരുദ്ധവുമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം ചില മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമം നടന്നു. എങ്കിലും വളരെ ഉപരിപ്ലവങ്ങളായ മാറ്റങ്ങൾ മാത്രമേ ഉണ്ടായിരു ന്നുള്ളൂ. ഇന്ത്യയിൽ മൊത്തത്തിൽ കൊളോണിയൽ വിദ്യാഭ്യാസ സമ്പ്രദായമാണ്‌ തുടരുന്നത്‌. കേരളവും ഇതിന്‌ അപവാദമല്ല.

3. ജനകീയ വിദ്യാഭ്യസത്തിന്റെ മുന്നുപാധികൾ സാർവത്രികതയും സാംസ്‌ക്കാരികമായ വേരോട്ടവു മാണ്‌. സാർവത്രികത എന്നാൽ വിദ്യാഭ്യാസ ലഭ്യതമാത്രമല്ല. വിജ്ഞാനത്തിന്റെ ഉള്ളടക്കവും ബോധന രൂപങ്ങളും പ്രധാനമാണ്‌. ഉദാഹരണത്തിന്‌, ഇപ്പോൾ നടക്കുന്ന വിവര വിനിമയ വിപ്ലവം വിജ്ഞാനസമ്പാദനപ്രക്രിയ `തുറന്നിടാനുള്ള' സാധ്യതയുള്ളതും സാർവത്രിക വിദ്യാഭ്യാ സത്തിന്‌ സൗകര്യമേകുന്നതുമാണ്‌. പക്ഷെ, ആവശ്യമുള്ള സൗകര്യം ലഭ്യമല്ലെങ്കിൽ, അത്‌ ഏതാനും ചിലരുടെ കൈകളിൽ മാത്രം ഒതുങ്ങു കയും നിലവിലുള്ള ഭിന്നതകളെ വർദ്ധിപ്പിക്കുകയും ചെയ്യും. ബൗദ്ധികവും സാംസ്‌ക്കാരികവുമായ കൊളോണിയലി സത്തിനുവരെ വിവരവിനിമയവിപ്ലവം ഉപയോഗിക്കപ്പെടും.

4. ജനകീയ വിദ്യാഭ്യാസത്തിന്റെ വളർച്ച പഠനപ്രക്രിയയും സാസ്‌ക്കാരിക അനുഭവങ്ങളും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിലെ ഇംഗ്ലീഷ്‌ വിദ്യാഭ്യാസം അന്യമായ സാംസ്‌ക്കാരിക അനു ഭവത്തെ ആശ്രയിച്ചിരിക്കുന്നു. അതിനു ജനജീവിത വുമായി ബന്ധമുണ്ടായിരുന്നില്ല. ഇന്നും ഇംഗ്ലീഷ്‌ വിദ്യാഭ്യാസത്തിനു ധാരാളം ആവശ്യക്കാരുണ്ട്‌. കേരളത്തിൽ അവരുടെ എണ്ണം വർദ്ധിച്ചുവരിക യാണ്‌. പക്ഷേ, പ്രശ്‌നം മാധ്യമത്തിന്റെ മാത്രമല്ല, ആ മാധ്യമത്തിലൂടെ എന്തു സന്നിവേശിപ്പിക്കപ്പെടുന്നു എന്നു കൂടിയാണ്‌. നമ്മുടെ സമൂഹത്തിന്റെ സാസ്‌ക്കാരികവും ബൗദ്ധിക വുമായ പാരമ്പര്യത്തെ ആധാരമാക്കി, അതേസമയം പുറം ലോകത്തുണ്ടാ കുന്ന മാറ്റങ്ങളുമായുള്ള ബന്ധം നിലനിർത്തിക്കൊ ണ്ടുള്ള പഠനപ്രക്രിയ രൂപപ്പെടുത്തുകയാണ്‌ വേണ്ടത്‌.

5. വിദ്യാഭ്യാസത്തെ ജീവിത പ്രവർത്തനങ്ങളുമായി, പ്രത്യേകിച്ച്‌ ഉത്‌പാദന പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുന്നതും പ്രധാനമാണ്‌. കാരണം ഉത്‌പാദന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്‌ സംസ്‌കാരം, ശീലങ്ങൾ, സ്വഭാവം മുതലായവ. ഉത്‌പാദന പ്രക്രിയയുമായി ബന്ധപ്പെടാത്ത വിദ്യാഭ്യാസം മാനസികവും കായികവുമായ പ്രക്രിയകളെ വേർതിരിക്കുന്നു. അതിൽ കായിക പ്രക്രിയകൾ ഹീനമായി കണക്കാക്കപ്പെടുന്നു. കേരളത്തിൽ ഈ പ്രവണത മധ്യവർഗ തൊഴിലുക ളോടുള്ള അഭിനിവേ ശത്തിലും കായിക തൊഴിലുക ളോടുള്ള അവജ്ഞ യിലും പ്രകടമാണ്‌. കായികവും മാനസികവുമായ പ്രക്രിയകളെ തമ്മിൽ ഉദ്‌ഗ്രഥിപ്പി ക്കുന്നത്‌ സാമൂഹികമായി പ്രതികരിക്കാൻ കഴിയുന്ന വിദ്യാഭ്യാസത്തിന്‌ അത്യാവശ്യമാണ്‌. അതിനാൽ കായികാധ്വാനം ഔപചാരിക വിദ്യഭ്യാസത്തിന്റെ ഭാഗമാക്കണം.

6. ഇത്തരത്തിലുള്ള ഉദ്‌ഗ്രഥനം സാധിക്കുന്നതിന്‌ ബോധന രൂപങ്ങളിൽ വിപ്ലവം ആവശ്യമാണ്‌. അടുത്ത കാലത്തുണ്ടായ വൈജ്ഞാനിക വികാസം വിജ്ഞാനത്തെ, ശാസ്‌ത്രം, മാനവിക വിഷയങ്ങൾ, കലകൾ മുതലായവയിലായി ശിഥിലീകരിക്കുന്ന തിനാണ്‌ സഹായിച്ചത്‌. ഉയർന്ന വൈജ്ഞാനിക തലങ്ങളിൽ ഇത്തരം വിശേഷവത്‌കരണം ആവശ്യമായിരിക്കാം. പക്ഷേ, സമൂഹയാഥാർഥ്യ ങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട്‌ കുട്ടികൾക്ക്‌ സമഗ്രവും ഉദ്‌ഗ്രഥിതവുമായ ബോധനം നൽകണം. ഉയർന്ന തലങ്ങളിലും വ്യത്യസ്‌ത വിജ്ഞാനശാഖകളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ചർച്ചകൾക്ക്‌ പ്രാമുഖ്യം നൽകണം. ഇതിന്‌ ബോധന രൂപങ്ങളിൽ മാറ്റം വരണം. അധ്യാപകരും വിദ്യാർത്ഥികളും സർഗാത്മകമായി ഇടപെടുന്ന മേഖലകളായി ക്ലാസ്‌ മുറികൾ മാറണം. ബോധന ത്തിൽ നിന്ന്‌ പഠനത്തിലേക്കുള്ള മാറ്റമാണിത്‌.

7. ഇത്‌ അക്കാദമിക്‌ സമുദായത്തിന്‌ ലഭ്യമായ ജനാധിപത്യ രൂപങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനാധിപത്യവൽക്കരണം എന്നാൽ, ഭരണ സമിതി യിലെ പ്രാതിനിധ്യം മാത്രമല്ല അധ്യാപകരുടെയും വിദ്യർത്ഥികളുടെയും സർഗാത്മകമായ പ്രവർത്തന ങ്ങൾക്കുള്ള സ്വാതന്ത്ര്യം കൂടിയായിരിക്കണം. അതു അധ്യാപകർക്കും വിദ്യാർഥികൾക്കും ഇടയിലും അവരൊന്നിച്ചും പ്രയോഗിക്കപ്പെടണം.

8. വിദ്യാഭ്യാസം വ്യക്തിയുടെ സാമൂഹ്യവൽക്കരണ പ്രക്രിയ കൂടിയാണ്‌. സമൂഹവും പ്രകൃതിയുമായുള്ള മനുഷ്യരുടെ ബന്ധം നിർണയിക്കുകയും അവയു മായി സർഗാത്മക പ്രതിപ്രവർത്തനങ്ങളിൽ ഏർപ്പെ ടാൻ സഹായിക്കുകയും ചെയ്യുന്നത്‌ വിദ്യാഭ്യാസ മാണ്‌. ഇതിനാവശ്യമായ ധാർമികമൂല്യങ്ങളും ഭാവുകത്വരൂപങ്ങളും പ്രദാനം ചെയ്യുന്നതിന്‌ വിദ്യാഭ്യാസത്തിന്‌ കഴിയണം. സമത്വം, നീതി, മതനിരപേക്ഷത, പരിസ്ഥിതി ബോധം മുതലായവ ഇതിന്റെ ഭാഗമാണ്‌.

9. സാമൂഹ്യ നീതിയും ധൈഷണികതയും ജനകീയ വിദ്യാഭ്യാസത്തിന്റെ രണ്ട്‌ സ്വഭാവവിശേഷങ്ങളാണ്‌. സമൂഹനീതി ഉറപ്പുവരുത്താവുന്നത്‌ അയൽപക്ക സ്‌കൂളുകളിലാണ്‌, അവിടെ വർഗം, ജാതി, സാമ്പത്തിക പദവി മുതലായ വ്യത്യാസങ്ങളില്ലാ തെയാണ്‌ വിദ്യാർത്ഥികൾ പ്രവേശനം നേടുന്നത്‌. അവിടെ വിദ്യാർത്ഥികളുടെ തലത്തിൽ പഠനം നടത്തുകയും താല്‌പര്യമുള്ള മേഖലകൾ തെരഞ്ഞെടുക്കാനുള്ള സൗകര്യം നേടുകയും ചെയ്യുന്നു. ആവശ്യമായ യോഗ്യതയുള്ളവരും കുട്ടികളെ മനസ്സിലാക്കാൻ കഴിയുന്നവരുമായ അധ്യാപകർ അവരെ ഓരോ ഘട്ടത്തിൽ സഹായിക്കു കയും പ്രോത്സാഹിപ്പിക്കു കയും ചെയ്യുന്നു. ഈ വിധത്തിൽ എല്ലാ വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി തലം പൂർത്തിയാക്കുന്ന സാധ്യതകൾ വളർത്തിക്കൊണ്ട്‌ വരുന്നു.

10. ധൈഷണികത എന്നാൽ മത്സരപരീക്ഷകൾ പാസാകുന്നതിൽ പ്രദർശിപ്പിക്കുന്ന മിടുക്കല്ല, കുട്ടികളെല്ലാം ഒരുപോലെയുള്ളവരല്ല. അവരുടെ താല്‌പര്യങ്ങളിലും കഴിവുകളിലും വൈവിധ്യമുണ്ട്‌. വിദ്യാഭ്യാസത്തിലെ ധൈഷണികത ഓരോ വിദ്യാർത്ഥിയുടെയും ഏറ്റവും മികച്ച കഴിവുകൾ പുറത്തുകൊണ്ടുവരാനും ചലനാത്മകമായ സാമൂഹ്യക്രമത്തെ അർഥപൂർണമായി പഠിക്കാൻ തയ്യാറാക്കു ന്നതിനുമുള്ള പ്രവർത്തനമാണ്‌. ഇത്‌ ഔപചാരിക വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷവും നിലനിർ ത്താൻ വിദ്യാർത്ഥികൾക്കു കഴിയണം.

11. ഇത്തരത്തിലുള്ള ജനകീയ വിദ്യാഭ്യാസത്തിന്റെ സൃഷ്‌ടി സാമ്പത്തികവും സാംസ്‌കാരികവും ഭൗതിക വുമായ കഴിവുകൾ സാക്ഷാത്‌കരിക്കുവാൻ കഴിവുള്ള ഒരു മാനവിക സമൂഹം സൃഷ്‌ടിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ പ്രധാന ഘടകമാണ്‌.

12. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഭാവി പരി പ്രേക്ഷ്യം നിലവിലുള്ള വസ്‌തുനിഷ്‌ഠവും ആത്മനി ഷ്‌ഠവുമായ സാഹചര്യങ്ങളിലാണ്‌ രൂപപ്പെടുത്തേ ണ്ടത്‌. വസ്‌തുനിഷ്‌ഠസാഹചര്യങ്ങളിൽ രണ്ടു പ്രവണതകൾ പ്രധാനമാണ്‌. `ആഗോളവൽക്ക രണ'ത്തിന്റെ പേരിൽ നടപ്പിലാക്കപ്പെടുന്ന നവലി ബറൽ പരിഷ്‌ക്കാരങ്ങൾ വിദ്യാഭ്യാസത്തെ ഗുണഭോ ക്താക്കൾ പണം മുടക്കി സമ്പാദിക്കുന്ന ചരക്കാക്കി മാറ്റുന്നു. വിദ്യാഭ്യാസം സാമൂഹ്യ ക്ഷേമത്തിന്റെയും സുരക്ഷയുടെയും ഘടകമാണെന്ന ധാരണയിൽ മാറ്റം വരുത്തുകയും ഭരണകൂടം വിദ്യാഭ്യാസത്തിന്റെ നടത്തിപ്പിൽ നിന്ന്‌ പിന്മാറുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഉണ്ടാകുന്ന ഇടത്തിലേക്ക്‌ കമ്പോള ശക്തികൾ കടന്നു വരുന്നു. നിലവിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പോലും കച്ചവടാധിഷ്‌ഠിതമായ വിദ്യാഭ്യാസം പ്രചരിക്കുന്നു. വിവര സാങ്കേതിക വിദ്യയുടെ പ്രചാരത്തിന്റെ ഭാഗമായി വിജ്ഞാനം വിവരമായി മാറുകയും അതിന്‌ ഒരു വില ചുമത്തപ്പെടുകയും ചെയ്യുന്നു.

13. വർഗീയ ശക്തികളുടെ സ്വാധീനമാണ്‌ മറ്റൊരു സാഹചര്യം. കേരളത്തിൽ ഇത്‌ രണ്ട്‌ വിധത്തിൽ പ്രവർത്തിക്കുന്നു. ഒന്ന്‌,ജാതി, മത ശക്തികൾക്ക്‌ വിദ്യാഭ്യാസ രംഗത്തുള്ള നിർണായക സ്വാധീന മാണ്‌. ജാതി മത ശക്തികൾ വിദ്യാഭ്യാസ സ്ഥാപന ങ്ങളെ ജനസംഖ്യാടിസ്ഥാനത്തിൽ വീതം വെയ്‌ക്കു ന്നതിന്നതിന്‌ സമ്മർദ്ദം ചെലുത്തുന്നതിലേക്ക്‌ വരെ ഇതെത്തുന്നു. മറ്റൊന്ന്‌, ഭൂരിപക്ഷ വർഗ്ഗീയതയുടെ സ്വാധീനത്തിൽ വളർന്നുവരുന്ന വിദ്യാഭ്യാസ രൂപങ്ങളും വിദ്യാഭ്യാസത്തെ മാറ്റി മറിക്കാനുള്ള ശ്രമങ്ങളും. കേന്ദ്രത്തിൽ ഐ.സി.എച്ച്‌.ആർ, ഐ.സി.എസ്‌.എസ്‌.ആർ, സി.എസ്‌.ഐ.ആർ മുതലായ സമിതികളിൽ നടക്കുന്ന ഇടപെടലുകൾ വിജ്ഞാന സമ്പാദനത്തെ മാറ്റിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌. കേരളത്തിലങ്ങോള മിങ്ങോളം വ്യാപിക്കുന്ന സരസ്വതീ വിദ്യാലയങ്ങളും അഖിലഭാരതീയ വിദ്യാനികേതന്റെ സ്‌കൂളുകളും ഭൂരിപക്ഷ വർഗീയതയുടേതായ ബദൽ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമാണ്‌. ഇതേ ജനുസിൽ പെടുത്താവുന്ന ചില വിദ്യാലയങ്ങൾ ന്യൂനപക്ഷവിഭാഗങ്ങളും നടത്തുന്നുണ്ട്‌.

14. പൊതു വിദ്യാഭ്യാസത്തിനു നേരിടുന്ന വെല്ലുവിളികളും വിദ്യാഭ്യാസത്തിന്റെ, പ്രത്യേകിച്ച്‌ ഉന്നതവിദ്യാഭ്യാസത്തിന്റെ, നിലവാരത്തെ സംബ ന്ധിച്ച പ്രശ്‌നങ്ങളുമാണ്‌ ആന്തരിക സാഹചര്യ ങ്ങളിൽ പ്രധാനം. നാട്ടിൽ പെരുകിവരുന്ന സി.ബി. എസ്‌.ഇയുടെ കീഴിലും അല്ലാതെയുമുള്ള വരേണ്യ വർഗ വിദ്യാലയങ്ങളും, ഗവണ്മെണ്ടും, സ്വകാര്യ ഏജൻസികളും പൊതുവിദ്യാഭ്യാസത്തോടു കാണി ക്കുന്ന അലംഭാവ പൂർണമായ മനോഭാവവും ചേർന്ന്‌ പൊതുവിദ്യാഭ്യാസത്തെ രണ്ടാംകിട വിദ്യാഭ്യാസ മാക്കി മാറ്റിയിരിക്കുന്നു. ഗവണ്മെണ്ട്‌ അടുത്ത കാലത്ത്‌ നടപ്പിലാക്കിയ പുതിയ പാഠ്യപദ്ധതിയുടെ പ്രധാന ലക്ഷ്യം പൊതുവിദ്യാഭ്യാസത്തിന്റെ വികാസമാണെങ്കിലും അതിന്റെ അന്തിമഫലങ്ങൾ പ്രകടമായിക്കഴിഞ്ഞിട്ടില്ല. സ്‌കൂൾ വിദ്യാഭ്യാസ ത്തിൽ വിദ്യാർത്ഥികൾ നേടുന്ന നിലവാരം പോലും നിലനിർത്താനോ വികസിപ്പിക്കാനോ ഉന്നത വിദ്യാഭ്യാസത്തിനു കഴിയുന്നില്ല. ഏതാനും വിദ്യാർത്ഥികൾക്ക്‌ പ്രൊഫഷണൽ ബിരുദങ്ങൾ നേടിക്കൊടുക്കുന്നതിനപ്പുറമുള്ള പ്രസക്തി ഗവണ്മെ ണ്ടും സമൂഹത്തിലെ വരേണ്യവർഗവും ഉന്നത വിദ്യാഭ്യാസത്തിൽ കാണുന്നില്ല. സാധാരണക്കാർക്ക്‌ ഉന്നതവിദ്യാഭ്യാസം ഒരു തൊഴിലിനുള്ള ചവിട്ടുപടി യാണ്‌. `ആഗോളവൽക്കരണ`ത്തിന്റെ ഭാഗമായി സാമ്പ്രദായിക തൊഴിൽ സാധ്യതകൾ കുറയുന്നതും തൊഴിലിന്റെ വൈവിധ്യവൽക്കരണവും ബിരുദപഠ നത്തിന്റെ ആകർഷണീയത കുറയ്‌ക്കുന്നു. ബിരുദാ നന്തര പഠനത്തെയും ഗവേഷണത്തെയും ഉന്നത വിദ്യാഭ്യാസത്തിന്റെ മൂല്യശോഷണം ബാധിക്കുന്നു.

15. മേൽ സൂചിപ്പിച്ച ഘടകങ്ങളെല്ലാം ചേർന്ന്‌ കേരളത്തി ലെ വിദ്യാഭ്യാസ സംവിധാനത്തെ വിവിധ ദിശകളി ലേയ്‌ക്കു പിടിച്ചുവലിക്കുകയാണ്‌. ഒരു വശത്ത്‌ കേരളത്തിലെ വരേണ്യവർഗം അവരുടെ വ്യക്തി നിഷ്‌ഠ താല്‌പര്യങ്ങൾക്കനുസൃതമായി വരേണ്യ വിദ്യാലയങ്ങളുടെ ശൃംഖലയെ വാർക്കാൻ ശ്രമിക്കുന്നു. മറുവശത്ത്‌ ജാതിമത ശക്തികൾ അവരുടെ സ്വാധീനം വളർത്താനും വരേണ്യവർഗ താല്‌പര്യങ്ങളെ സംരക്ഷിക്കാനും താല്‌പര്യമെടു ക്കുന്നു. സാധാരണ ക്കാർ പോലും സ്വന്തം കിടപ്പാടം പണയംവെച്ച്‌ കുട്ടികളെ ഇത്തരം വിദ്യാലയങ്ങളിലും പ്രൊഫഷണൽ സ്ഥാപനങ്ങളിലും പഠിപ്പിക്കാൻ വെമ്പുകയാണ്‌. സമൂഹത്തിലെ താഴെക്കിടയിൽ പെട്ടവർ പുതിയ സാഹചര്യങ്ങളിലെ തൊഴിലുകൾ ലഭിക്കാ തെയും സേവന മേഖലയുൾപ്പെടെയുള്ള സാമ്പ്രദായിക തൊഴിലുകൾക്ക്‌ സാധ്യതകളില്ലാ തെയും പുറംതള്ളപ്പെടുന്നു. വിദ്യാഭ്യാസം വരേണ്യ വർഗവും പുറംതള്ളപ്പെട്ടവരും തമ്മിലുള്ള സംഘർ ഷത്തിന്റെ വേദിയാകുന്നു. അതിൽ ആഗോളവൽക്ക രണവും ജാതിമത ശക്തികളും ഒരുപോലെ വരേണ്യ ശക്തികളെ പിന്തുണയ്‌ക്കുകയാണ്‌.

16. മതവർഗീയതയുടെയും ആഗോളവൽക്കരണത്തിന്റെയും സ്വാധീനത്തിലുള്ള വിദ്യാഭ്യാസ പരിപ്രേക്ഷ്യത്തിന്‌ ഉത്തമോദാഹരണമാണ്‌ എൻ.സി.ഇ.ആർ.ടി ഈയിടെ പുറത്തുകൊണ്ടുവന്ന സ്‌കൂൾ വിദ്യാഭ്യാസത്തിനുള്ള ദേശീയകരിക്കുലം ചട്ടക്കൂട്‌. പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതും ഉദ്‌ഗ്രഥിതവും പ്രക്രിയാധിഷ്‌ഠിതവുമായ സമീപനത്തെ ആധാരമാക്കിയുള്ള ശ്രദ്ധേയമായ നിരവധി നിർദേശങ്ങൾ അതിലുണ്ട്‌. എങ്കിലും, ആഗോളവൽക്കരണം നിർദേശിക്കുന്ന കമ്പോളവൽക്കരണത്തിന്റെയും ഹിന്ദുമത വർഗീയ സമീപനത്തിന്റെയും പൊതുചട്ടക്കൂടിനുള്ളിലാണ്‌ ഈ നിർദേശങ്ങൾ ഉന്നയിക്കപ്പെടുന്നത്‌ എന്നതിനാൽ പല സൃഷ്‌ടിപരമായ നിർദേശങ്ങളുടെയും ഗൗരവം നഷ്‌ടപ്പെടുന്നു. ഔപചാരിക മതവിദ്യാഭ്യാസം, സംസ്‌കൃത പഠനത്തിനുള്ള അമിതപ്രാധാന്യം, വൈദിക ഗണിതം മുതലായി ഇനിയും ശാസ്‌ത്രീയമായി തെളിയിക്കപ്പെടേണ്ട ശാഖകളിലുള്ള ഊന്നൽ, ആത്മീയമാനം മുതലായ ആശയങ്ങളുടെ ഉപയോഗം തുടങ്ങി മതാധിഷ്‌ഠിത ബോധനത്തെ സഹായിക്കുന്ന ഒട്ടനവധി ഘടകങ്ങൾ ഈ ചട്ടക്കൂടിൽ കാണാം. അതേസമയം ആഗോളവൽക്കരണ താൽപര്യങ്ങൾക്ക്‌ അനുസൃതമായി ചരിത്രമുൾപ്പെടെയുള്ള സാമൂഹ്യശാസ്‌ത്ര ശാഖകളുടെ നേരെയുള്ള അവഗണന, ആഗോളവൽക്കരണത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ മുദ്രാവാക്യങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമം എന്നിവയും കാണാം. സെക്കുലറിസം, സാമൂഹ്യനീതി, സഹവർത്തിത്വം മുതലായി മുമ്പുള്ള വിദ്യാഭ്യാസ നയങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ആശയങ്ങൾ ഏതാണ്ട്‌ പൂർണമായി ഒഴിവാക്കപ്പെട്ട നിലയിലാണ്‌ പുതിയ ചട്ടക്കൂട്‌ അവതരിപ്പിക്കപ്പെടുന്നത്‌.

17. ഈ സാഹചര്യങ്ങളിലാണ്‌ മുൻ ഖണ്‌ഡികകളിൽ സൂചിപ്പിച്ച ജനകീയ വിദ്യാഭ്യാസത്തിന്‌ കേരള സമൂഹത്തിന്റെ ഭാവി പരിപ്രേക്ഷ്യവുമായി ബന്ധ പ്പെടുത്തിയുള്ള വിശദീകരണം ആവശ്യമാകുന്നത്‌. ഭാവിയിൽ ആഗോള കമ്പോളത്തിനനുസൃതമായ തൊഴിൽ ശക്തിയെ സൃഷ്‌ടിക്കാനുള്ള ശ്രമവും വർഗീയ ശക്തികളുടെ ആവശ്യങ്ങൾക്കനുസരിച്ച്‌ ആ തൊഴിൽ ശക്തി സ്വാംശീകരിക്കുന്ന വിജ്ഞാനവും മൂല്യങ്ങളും ഭിന്നിപ്പിക്കാനുള്ള ശ്രമവും ശക്തിപ്പെടു ത്തുമെന്നതിൽ സംശയമില്ല. ഈ രണ്ടു ശക്തികളും ഇന്ന്‌ വിദ്യാഭ്യാസരംഗത്തെക്കുറിച്ച്‌ ഒരേ സ്വരത്തിലാ ണ്‌ സംസാരിക്കുന്നതും. കേരളത്തിനകത്തു സൃഷ്‌ടിക്കപ്പെടുന്ന വിദഗ്‌ധ തൊഴിലാളികളുടെ കേരളത്തിനകത്തും പുറംനാടുകളിലുമുള്ള വിന്യാസം, സ്വന്തം നിലനിൽപിനുവേണ്ടി ഏതു മേഖലയിലും ജോലി ചെയ്യാൻ തയ്യാറാകുന്ന അവിദഗ്‌ധതൊഴിലാളികളുടെ സഞ്ചയം, ആഗോള വൽക്കൃതമായ മൂല്യങ്ങളുടെ ഉപഭോഗ സംസ്‌ക്കാര മുൾപ്പെടെയുള്ള ജീവിത രീതികളുടെയും വളർച്ച, സമൂഹജീവിതത്തിന്റയും രാഷ്‌ട്രീയത്തിന്റെയും വർഗീയ വൽക്കരണം-ഇതാണ്‌ നമ്മെ കാത്തിരി ക്കുന്നത്‌, ഇന്നു തന്നെ വ്യാപിച്ചുകൊണ്ടിരി ക്കുന്നതും.

18. ജീവിത ഗുണനിലവാരത്തിൽ മുന്നിലും സാമ്പത്തിക വികാസത്തിൽ ഏറെ പിന്നിലുമായ സംസ്ഥാനമാണ്‌ കേരളം. ഗുണനിലവാരത്തിലുള്ള വികാസം ജനങ്ങളുടെ ജീവിത ഭദ്രതയും സുരക്ഷയും ഉറപ്പുവരുത്തുന്നതിലേക്കു നയിച്ചിട്ടില്ല. അത്‌ ഉറപ്പു വരുത്താതെ സാമൂഹ്യ നീതിയിലും സമത്വത്തി ലുമധിഷ്‌ഠിതമായ സമൂഹത്തിന്റെ വികാസം സാധ്യവുമല്ല. ജനങ്ങളുടെ അധ്വാന ശേഷികളുടെ, പ്രാപ്‌തികളുടെ വികാസം സമൂഹ വികാസത്തിന്റെ അടിസ്ഥാന ഘടകമാണ്‌. അധ്വാന ശേഷികളുടെ വികാസമാണ്‌ വിദ്യാഭ്യാസത്തിലൂടെ കൈവരിക്കു ന്നത്‌, അതിനോടൊപ്പം സാമൂഹ്യ നീതിയ്‌ക്കും സമത്വത്തിനുമാധാരമായ മൂല്യ സംഹിതകളുടെ വളർച്ചയും.

19. മുൻഖണ്‌ഡികകളിൽ സൂചിപ്പിച്ച ഉല്‌പാദനവും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധത്തെ ഈയർത്ഥ ത്തിൽ വിശദീകരിക്കേണ്ടതുണ്ട്‌. ഏതൊരു സമൂഹ ത്തിലും വിദ്യാഭ്യാസത്തിന്റെ ധർമ്മം സാമൂഹ്യമായി പ്രസക്തമായ അധ്വാനശേഷിയുടെയും, വ്യക്തിഗത മായ പ്രാപ്‌തികളുടെയും വികാസമാണ്‌. കൊളോ ണിയൽ വിദ്യാഭ്യാസം ഇതിനെ അവഗണിക്കുകയും സേവനമേഖലയെ കേന്ദ്രീകരിച്ച്‌ ഒരു വിദ്യാഭ്യാസ പദ്ധതി ആവിഷ്‌ക്കരിക്കുകയും ചെയ്‌തു. സ്വാതന്ത്ര്യാനന്തരയുഗത്തിലും ഇതിൽ നിന്ന്‌ വ്യത്യസ്‌തമല്ലാത്ത പദ്ധതിയാണ്‌ തുടർന്നത്‌. ഇതിന്റെ ഫലമായി സാർവത്രിക വിദ്യാഭ്യാസം നടപ്പിലാക്കപ്പെട്ട കേരളം പോലുള്ള സംസ്ഥാന ത്തിലും അധ്വാനശേഷിയുടെ വികാസം ഉണ്ടായില്ല.

20. ഇന്ന്‌ 50ലക്ഷത്തിൽപരം പേർ നമ്മുടെ സ്‌കൂളുകളിൽ പഠിക്കുന്നുണ്ട്‌. ഹയർ സെക്കണ്ടറിയും ഉന്നത വിദ്യാഭ്യാസവും ചേർന്നാൽ അവരുടെ സംഖ്യ 55ലക്ഷത്തിലധികമാകും. ഇവർ കൂടാതെ 5വയസ്സിൽ താഴെ 20ലക്ഷത്തിൽ പരം കുട്ടികൾ വേറെയുമുണ്ട്‌. ഇവരാണ്‌ ഭാവി കേരളം സൃഷ്‌ടക്കേണ്ട മനുഷ്യ ശക്തി. ഇവരിലോരോരുത്തരുടെയും വ്യക്തഗതമായ പ്രാപ്‌തികൾ അവരുടെ അഭിരുചികളും മനോഭാവ വുമനുസരിച്ച്‌ വികസിപ്പിക്കേണ്ടതുണ്ട്‌. സാമൂഹ്യ വികാസത്തിന്റെ എല്ലാ മേഖലകളിലും- കൃഷി, വ്യവസായം, സേവനമേഖല, സംസ്‌കാരം, പശ്ചാത്തല സൗകര്യവികസനം തുടങ്ങിയവ- ഇന്നത്തെ അധ്വാനശേഷിയെ വൈജ്ഞാനിക തലത്തിലും പ്രായോഗിക തലത്തിലും, മാനസി കമായും കായികമായും വൻതോതിൽ വളർത്തേ ണ്ടതുണ്ട്‌. ഉല്‌പാദന ശക്തികളുടെ വളർച്ചയുടെയും സമൂഹവികാസത്തിന്റെയും കാഴ്‌ചപ്പാടിൽ, ഈ മുഴുവൻ ജനവിഭാഗവും നാളത്തെ സമൂഹത്തിലെ ഭൗതിക ജീവിതത്തെ ഉല്‌പാദിപ്പിക്കുന്ന ശക്തിക ളായി മാറേണ്ടതുണ്ട്‌. അതിനുവേണ്ടി നിലവിലുള്ള അറിവും വൈദഗ്‌ദ്യവും സ്വായത്തമാക്കേണ്ടതുണ്ട്‌. അത്‌ അവരുടെ അവകാശമാണ്‌. അത്‌ നൽകേണ്ടത്‌ നാളത്തെ സമൂഹത്തെക്കുറിച്ച്‌ ചിന്തിക്കേണ്ട ഏവരുടെയും കടമയാണ്‌.

21. ജനാധിപത്യപരമായ വിദ്യാഭ്യാസ ക്രമത്തിനു മാത്രമാണ്‌ സാമൂഹ്യ അധ്വാനശേഷിയുടെയും വ്യക്തിഗതമായ പ്രാപ്‌തികളുടെയും സമഗ്രമായ വികാസം ഉറപ്പുവരുത്താൻ കഴിയുക. ആഗോളവ ൽക്കരണം ധൈഷണികതയുടെയും വരുമാനത്തി ന്റെയും അടിസ്ഥാനത്തിൽ കുട്ടികളെ വേർതിരിക്കു മ്പോൾ വർഗീയത മതത്തിന്റെയും സമുദാ യത്തിന്റെയും അടിസ്ഥാനത്തിൽ അവരെ വേർതിരി ക്കുന്നു. സാമൂഹ്യ നീതിയുടെയും സമത്വത്തിന്റെയും സങ്കൽപങ്ങളെ അക്കാദമിക്‌ നിലവാരത്തെ സംബന്ധിച്ച ലക്ഷ്യങ്ങളുമായി ബന്ധപ്പെടുത്താൻ സാധിക്കുന്നത്‌ ജനാധിപത്യ വിദ്യാഭ്യാസ ക്രമത്തിൽ മാത്രമാണ്‌. സമൂഹ്യമായും സാമ്പത്തികമായും പുറംതള്ളപ്പെട്ടവർക്ക്‌ നീതിയും വിദ്യാഭ്യാസപരമായ അവകാശങ്ങളും ഉറപ്പുവരുത്താനും ജനാധിപത്യ വിദ്യാഭ്യാസക്രമത്തിൽ മാത്രമാണ്‌ കഴിയുക.

22. ജനാധിപത്യ വിദ്യാഭ്യാസ ക്രമത്തിൽ കേന്ദ്രബിന്ദു വിദ്യാർത്ഥികളാണ്‌, കാരണം അവരാണ്‌ ഭാവിയിലെ സമൂഹ ജീവിതം സൃഷ്‌ടിക്കുന്നത്‌. അവർ ജീവി ക്കുന്ന പ്രദേശത്ത്‌, അവരുടെ തീരുമാനമനു സരിച്ചുള്ള വിദ്യാഭ്യാസം ലഭിക്കുമെന്ന്‌ ഉറപ്പുവരു ത്താൻ അയൽപക്ക സമൂഹത്തിനും ജനപ്രതിനധിക ളെന്ന നിലയിൽ പ്രാദേശിക തലം മുതൽ കേന്ദ്രം വരെയുള്ള ഭരണ സംവിധാനത്തിനും ബാധ്യതയു ണ്ട്‌. ഈ തീരുമാനം സമൂഹത്തിൽ ഉന്നത ശ്രേണിയിലുള്ള വിദ്യാർത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും മാത്രമാകരുത്‌. ജനാധിപത്യ വിദ്യാഭ്യാസ ക്രമം കേന്ദ്രീകരിക്കുന്നത്‌ നിലവിലുള്ള സാമ്പത്തിക സാമൂഹ്യ വ്യവസ്ഥയുടെ ഫലമായി പുറന്തള്ളപ്പെടുന്നവരുടെ അവകാശങ്ങൾ വളർത്തു ന്നതിലാണ്‌. അവർക്ക്‌ ഉന്നത ശ്രേണിയിൽ പെട്ട ഏതൊരു വിദ്യാർത്ഥിക്കും കിട്ടുന്ന സൗകര്യങ്ങൾ ലഭിക്കുമെന്ന്‌ ഉറപ്പുവരുത്തുന്നതിനോടൊപ്പം അവരുടെ ആന്തരീകമായ പ്രാപ്‌തികളുടെ സമഗ്ര മായ വികാസം സാമൂഹ്യ അധ്വാനശേഷിയെ പതിന്മ ടങ്ങുവർദ്ധിപ്പിക്കാൻ സഹായി ക്കുമെന്നുറപ്പുവരു ത്തുകയാണ്‌. ഇതു സാധിക്കണമെങ്കിൽ ഇന്ന്‌ പ്രചാരത്തിലുള്ള ആഗോളവൽക്കരണ വർഗീയ ശക്തികളുടെ വിദ്യാഭ്യാസ കാഴ്‌ചപ്പാടിന്‌ ബദൽ രൂപങ്ങൾ ഉയർന്നുവരണം.

23. ജനാധിപത്യ വിദ്യാഭ്യാസ ക്രമത്തിന്‌ താഴെ സൂചിപ്പിക്കുന്ന ഘടകങ്ങൾ ഉണ്ടായിരിക്കും. പൊതു വിദ്യാഭ്യാസക്രമത്തിൽ നിശ്ചിത പ്രായപരിധിയിൽ പെട്ട എല്ലാ കുട്ടികൾക്കും പ്രവേശനം ലഭിക്കുമെന്നും അവർക്ക്‌ എല്ലാവർക്കും 12-ാം ക്ലാസ്സുവരെ വിദ്യാഭ്യാസം ലഭിക്കുമെന്നും ഉറപ്പു വരുത്തും, സ്വന്തം ജീവിത മേഖലയിൽ പെട്ട സ്‌കൂളുകളിൽ അവർക്ക്‌ പ്രവേശനം ലഭിക്കുമെന്നും സ്വന്തം തീരുമാനമനുസരിച്ചുള്ള ഏതൊരു വൈജ്ഞാനിക മേഖലയിലും പഠനം നടത്താൻ അവർക്ക്‌ തുല്യമായ അവകാശമുണ്ടാകുമെന്നും നിഷ്‌കർഷിക്കും; തുല്യമായ പഠനാവകാശത്തിന്‌ സാമൂഹ്യവും സാമ്പത്തികവുമായ പരാധീനതകൾ പ്രതിബന്ധ മാവുകയില്ലെന്ന്‌ ഉറപ്പുവരുത്തും; വിദ്യാഭ്യാസത്തെ തദ്ദേശീയമായ സാമൂഹ്യവും സാംസ്‌കാരികവുമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുകയും അതുവഴി പ്രാദേശികമായ എല്ലാ വൈജ്ഞാനിക മേഖലകളിലും നൈപുണ്യവും സാമൂഹ്യ പ്രശ്‌നങ്ങ ളെക്കുറിച്ചുള്ള തിരിച്ചറിവും തുടർ പഠനത്തിനുള്ള അഭിരുചിയും മനോഭാവവും സൃഷ്‌ടിക്കും; ആഗോളതലത്തിൽ ഇന്ന്‌ ലഭ്യമായ എല്ലാ വൈജ്ഞാ നിക വൈദഗ്‌ദ്ധ്യ മേഖലകളും വിദ്യാർത്ഥികൾക്ക്‌ സ്വായത്തമാക്കാൻ അവസരം സൃഷ്‌ടിക്കും, ഈ വിജ്ഞാനത്തെയും വൈദഗ്‌ധ്യ ത്തെയും ഭാവിയിലെ സമൂഹത്തിന്റെ സൃഷ്‌ടിക്കു വേണ്ടി വിവേചന ബുദ്ധിയോടെ ഉപയോഗിക്കു ന്നതിനും, സാമൂഹ്യ നീതിക്കും, സമത്വത്തിനും സ്വാശ്രയത്തിനും വേണ്ടിയുള്ള ശക്തമായ തീരുമാനമെടുക്കുന്നതിനും സഹായിക്കുന്ന മൂല്യസംഹിതയും ജനാധിപത്യ പരമായ യുക്തിപരതയും അവരിൽ സൃഷ്‌ടിക്കും, മേൽപറഞ്ഞ ലക്ഷ്യങ്ങളെ സാധ്യമാക്കാനായി കുട്ടികളുടെ വൈജ്ഞാനികവും വൈദഗ്‌ദ്ധ്യപര വുമായ വളർച്ചയിലൂന്നുന്ന, സാമൂഹ്യനീതിയിലും, സമത്വത്തിലും, സ്വാശ്രയത്തിലുമധിഷ്‌ഠിതമായ സമൂഹത്തിന്റെ സൃഷ്‌ടിയ്‌ക്കുവേണ്ടി പ്രതിബദ്ധത യുള്ള പാഠ്യപദ്ധതി രൂപപ്പെടുത്തും.

24. ജനാധിപത്യ വിദ്യാഭ്യാസക്രമത്തിന്‌ സ്വാഭാവിക മായും അതിന്റേതായ മുൻഗണനാക്രമമുണ്ടാ യിരിക്കും. മുൻഗണനാക്രമത്തിലെ ആദ്യഘടകം പൊതുവിദ്യാഭ്യാസത്തിന്റെയും പൊതുവിദ്യാലയ ങ്ങളുടെയും പുനഃസൃഷ്‌ടിയാണ്‌. കാരണം, സമൂഹത്തിൽ പുറംതള്ളപ്പെടുന്നവരുടെ, കർഷക രുടെയും, കർഷകത്തൊഴിലാളികളുടെയും, വ്യവസായ തൊഴിലാളികളുടെയും, അസംഘടിത തൊഴിലാളികളുടെയും ആദിവാസികളുടെയും ദളിതരുടെയും മക്കൾ പഠിക്കുന്നത്‌ പൊതുവിദ്യാലയ ങ്ങളിലാണ്‌. അവർക്ക്‌ വിദ്യാഭ്യാസപരമായ തുല്യാവകാശങ്ങൾ ഉറപ്പുവരുത്തുന്നത്‌ ആദ്യത്തെ ലക്ഷ്യമാണ്‌. അവരുടെ അധ്വാനശേഷിയുടെയും പ്രാപ്‌തികളുടെയും വികാസം ഭാവി കേരള സമൂഹത്തിന്റെ അടിത്തറയാണ്‌. രണ്ടാമത്തെ ലക്ഷ്യം സ്‌ത്രീ വിദ്യാഭ്യാസത്തിന്റെ പുനഃക്രമീകരണമാണ്‌. ഇന്നത്തെ വിദ്യാഭ്യാസ ക്രമത്തിൽ നേട്ടങ്ങളുടെ പട്ടികയിൽ മുന്നിൽ നിൽക്കുന്നത്‌ സ്‌ത്രീകളാണ്‌. എങ്കിലും സാമൂഹ്യ അധ്വാനത്തിലും പ്രാപ്‌തികളുടെ വിനിയോഗത്തിലും അവരുടെ സംഭാവന ഇന്നും വളരെ പുറകിലാണ്‌. ആഗോളവൽക്കരണ- വർഗീയശക്തികൾ ചേർന്ന്‌ അവരുടെ സാമൂഹ്യമായ പങ്കിന്‌ പുതിയ നിർവചനങ്ങൾ നൽകാനും ശ്രമിക്കുന്നു. ഈ സാഹചര്യങ്ങളിൽ സ്‌ത്രീശക്തി യുടെ പുതിയ നിർവചനങ്ങൾ തേടുന്ന വിദ്യാഭ്യാസ ക്രമം ആവശ്യമാണ്‌. മൂന്നാമത്തെ ലക്ഷ്യം, കേരളത്തിലെ ജീവിത ഗുണനിലവാരവും സാമ്പത്തി കവികാസവും തമ്മിൽ ഇന്നു നിലനിൽക്കുന്ന അസന്തുലിതാവസ്ഥയെ ഇല്ലാതാക്കാനും സ്വാശ്ര യത്വത്തിലും സാമൂഹ്യനീതിയിലും അധിഷ്‌ഠിതമായ വികസനക്രമം ഉറപ്പുവരുത്തുന്നതിനും സഹായക രമായ മനുഷ്യശക്തിയുടെ സൃഷ്‌ടിയാണ്‌. വികേന്ദ്രീ കൃത ആസൂത്രണത്തിന്റെ പശ്ചാത്തലത്തിൽ ഈ മനുഷ്യശക്തിയുടെ വളർച്ചയുടെ സാധ്യതകൾ ഏറെയാണ്‌. നാലാമതായി, ഇന്ത്യയിലും അന്താ രാഷ്‌ട്രതലത്തിലും മറ്റേതു പ്രദേശവുമായി കിടപിടിക്കുന്ന പുതിയ വിജ്ഞാനത്തിന്റെയും പ്രായോഗിക രൂപങ്ങളുടെയും സൃഷ്‌ടിയാണ്‌. ഇതിന്‌ ഉന്നതവിദ്യാഭ്യാസരംഗത്ത്‌ സമൂലമായ പരിവർ ത്തനം ആവശ്യമുണ്ട്‌. ഈ ലക്ഷ്യങ്ങളെല്ലാം ഇന്ന്‌ സമൂഹത്തിൽ ഏറ്റവും താഴെതട്ടിൽ നിൽക്കുന്ന ജനങ്ങളുടെ പോലും സാമൂഹ്യാധ്വാന ശേഷിയും പ്രാപ്‌തികളും വളരുന്നതിന്‌ സഹായകരമായ ആശയ സംഹിതയുടെ അടിസ്ഥാനത്തിലാണ്‌ നിറവേറ്റപ്പെടു ന്നത്‌. അത്തരം ആശയസംഹിത അസമത്വത്തെയും വിഭാഗിയതയെയും അടിസ്ഥാന പ്രമാണങ്ങളായി കാണുന്ന ആശയസംഹിത കൾക്കെതിരായിരിക്കും.

25 മേൽസൂചിപ്പിച്ച ലക്ഷ്യങ്ങൾക്കനുരൂപമായി നിലവിലുള്ള വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽ ക്കരണം, ഭരണവികേന്ദ്രീകരണം, ജനാധിപത്യപരമായ കരിക്കുലം പരിപ്രേക്ഷ്യത്തിന്റെ രൂപീകരണം, വിദ്യാഭ്യാസരംഗത്തെ സമൂഹപങ്കാളിത്തം, അക്കാദ മിക സമൂഹത്തിന്റെ പുനരാവിഷ്‌ക്കാരം, െൈഫനാൻ സിങ്ങിന്റെ പുനഃസംവിധാനം എന്നിവയും ആവശ്യമാണ്‌. സ്വകാര്യമേഖലയുടെയും പൊതുമേഖലയുടെയും പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ചകളും ജനാധിപത്യ വിദ്യാഭ്യാസക്രമത്തിന്റെ ലക്ഷ്യങ്ങൾക്കും മാനദണ്‌ഡങ്ങൾക്കു മനുസൃതമായി നിർണയിക്കേ ണ്ടിവരും.

26. ആഗോളവൽക്കരണത്തിന്റെയും വർഗീയതയുടെയും അധിനിവേശം സിവിൽസമൂഹത്തിൽ നിരവധി സംഘർഷതലങ്ങൾ സൃഷ്‌ടിക്കുകയാണ്‌. അതി ലൊന്നാണ്‌ ആഗോളവൽക്കരണവും വർഗീയതയും തങ്ങൾക്ക്‌ വിധേയരായ പ്രജകളെ സൃഷ്‌ടിക്കുന്നതിനുവേണ്ടി വിദ്യാഭ്യാസത്തെ ഉപയോഗിക്കുന്നു. ജനാധിപത്യശക്തികൾ സമൂഹ വികാസത്തിനും സ്വാതന്ത്ര്യത്തിനും ജനങ്ങളുടെ വൈജ്ഞാനികവും പ്രായോഗികവുമായ ശേഷികളുടെ വികാസത്തിനുവേണ്ടി വിദ്യാഭ്യാസരംഗത്ത്‌ ഇടപെടുന്നു. ശാസ്‌ത്രബോധത്തിനും യുക്തിപരതയ്‌ക്കും സാമൂഹ്യ നീതിക്കും സമത്വത്തിലധിഷ്‌ഠിതമായ സമൂഹത്തിനും വേണ്ടി നിലകൊള്ളുന്നവർ ജനാധിപത്യ വിദ്യാഭ്യാസക്രമത്തിനുവേണ്ടി വാദിക്കുകയും അതു സാക്ഷാത്‌ക്കരിക്കുന്നതിനുള്ള പ്രവർത്ത നങ്ങളിൽ ഏർപെടുകയും ചെയ്യുന്നു. ഈ സമരം ബഹുമുഖവും സങ്കീർണമായ നിരവധി തലങ്ങളുൾക്കൊള്ളുന്നതുമാണ്‌. അതുകൊണ്ടുതന്നെ കൂടുതൽ കൂടുതൽ ജനങ്ങളിലേക്കിറങ്ങി ച്ചെല്ലുന്നതും അവരുടെ ആശയങ്ങൾ സ്വാംശീകരിച്ച്‌ പുതിയ പുതിയ രീതികൾ ആവിഷ്‌ക്ക രിക്കുന്നതും ഇന്നത്തെ ആവശ്യമാണ്‌. അത്തരം ഒരു ചർച്ചക്ക്‌ തിരികൊളുത്തുന്നതിനാണ്‌ കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ ആധാരമാക്കി ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഒരു പുതിയ വിദ്യാഭ്യാസപദ്ധതിക്കു വേണ്ട നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നത്‌. ഭാവിയിലെ സമരത്തിൽ ജനകീയ വിദ്യാഭ്യാസത്തിനുള്ള മുന്നേത്തിന്‌ ഇവ സഹായകമായേക്കാം.