കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-ലിംഗപദവിയും വിദ്യാഭ്യാസവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
07:15, 13 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ) (' 1. സ്‌ത്രീ വിദ്യാഭ്യാസത്തിൽ മുൻപന്തിയിൽ നിൽക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

1. സ്‌ത്രീ വിദ്യാഭ്യാസത്തിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ്‌ കേരളം. സ്‌ത്രീ സാക്ഷരതയിൽ മുൻപന്തിയിലാണെന്നു മാത്രമല്ല, സ്‌കൂൾ തലത്തിലും ഉന്നതവിദ്യാഭ്യാസത്തിലും പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക്‌ ആൺകുട്ടികളുടേതിനേക്കാൾ വളരെ കുറവാണ്‌. പ്രൊഫഷണൽ കോളേജുകളിൽ പെൺകുട്ടികളുടെ പ്രവേശനം കുറവാണെങ്കിലും അടുത്തകാലത്ത്‌ വർധിച്ചു വരികയാണ്‌. കമ്പ്യൂട്ടർ അടക്കമുള്ള ടെക്‌നിക്കൽ കോഴ്‌സുകളിലും പെൺകുട്ടികൾ ധാരാളമായി ചേരുന്നുണ്ട്‌. ഈ വിധത്തിൽ വിദ്യാഭ്യാസ രംഗത്ത്‌ ഔപചാരികമായ തുല്യത കൈവരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനമാണ്‌ കേരളം.

2. ഈ ഔപചാരികമായ തുല്യത ഗുണപരമായ തുല്യതയായി കണക്കാക്കാൻ കഴിയില്ല. ലിംഗഭേദങ്ങൾ പലവിധത്തിൽ വിദ്യാഭ്യാസരംഗത്തെ സ്വാധീനിക്കുന്നു. അവയിലൊന്ന്‌ വിദ്യാലയങ്ങളിൽ പെൺകുട്ടികളും ആൺകുട്ടികളും തമ്മിലുള്ള വേർതിരിവാണ്‌. നിരവധി സ്‌കൂളുകളും കോളേജുകളും വിമൻസ്‌കോളേജുകൾ അല്ലെങ്കിൽ മെൻസ്‌ കോളേജുകളാണ്‌. അവയിലെ ബോധനരീതിയിൽ ഉള്ള മാറ്റങ്ങളും സാസ്‌കാരിക വേർതിരിവുകളും ലിംഗഭേദങ്ങൾ ശക്തിപ്പെടുത്തുന്നു. മിക്‌സഡ്‌ വിദ്യാലയങ്ങളിലും പെൺകുട്ടികളെയും ആൺകുട്ടികളെയും വേർതിരിക്കുകയും അവർ തമ്മിലുള്ള സ്വാഭാവികമായ ഇടപഴകലിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നത്‌ സ്ഥിരമായ പ്രവണതയാണ്‌. മുതിർന്നവരിൽ നിലനിൽക്കുന്ന ലിംഗഭേദങ്ങൾ കുട്ടികളുടെ മനസ്സുകളിൽ വ്യാപിപ്പിക്കുകയും അവരുടെ കാഴ്‌ചപ്പാടുകളെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്‌. ഇത്‌ പുരുഷ മേധാവിത്വ പ്രവണതകളെ വിദ്യാലയങ്ങളിൽ ശക്തിപ്പെടുത്തുന്നു.

3. പാഠപുസ്‌തകങ്ങളും ബോധനരീതികളും ലിംഗഭേദങ്ങളെ ശക്തിപ്പെടുത്തുന്നു. പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി ചില മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും പൊതുവിൽ പാഠപുസ്‌തകങ്ങളും ബോധനരീതികളും സാമൂഹ്യവും ഗാർഹികവുമായ സ്‌ത്രീയുടെയും പുരുഷന്റേയും വാർപുമാതൃകകളെ കുട്ടികളിൽ ഉറപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. അധ്യാപകരുടെ സാമൂഹ്യ ഉപബോധവും രക്ഷിതാക്കളുടെ ആശങ്കകളും ഉൽക്കണ്‌ഠകളും ബോധനരീതികളിലും വിദ്യാലയങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളിലും പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ട്‌ പാഠപുസ്‌തകങ്ങളിൽ മാറ്റം വന്നാൽ പോലും വിദ്യാലയങ്ങളിലെ പ്രയോഗത്തിൽ മാറ്റം വരുന്നില്ല. മദർ പി.ടി.എ കൾ ലിംഗഭേദങ്ങൾ ഇല്ലാതാക്കുന്നതിൽ വിദ്യാലയങ്ങളുടെ പങ്കിനെക്കുറിച്ച്‌ ധാരണകളില്ലാത്തവരായതുകൊണ്ട്‌ അവർക്കും സൃഷ്‌ടിപരമായി ഇടപെടാൻ കഴിയുന്നില്ല.

4. പ്രൈമറിസ്‌കൂളുകളിൽ അനുവദിക്കുന്ന സ്വാതന്ത്ര്യം പോലും സെക്കണ്ടറി സ്‌കൂളുകളിൽ ഇല്ലാതാവുകയാണ്‌. സെക്കണ്ടറിതലത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശാസ്‌ത്രീയമായ ശരീര വിദ്യാഭ്യാസം നൽകുന്നില്ല. പെരുമാറ്റച്ചട്ടങ്ങളിലും ക്ലാസ്‌റൂം പ്രവർത്തനങ്ങളിലും ക്യാമ്പസ്‌ സംസ്‌കാരത്തിലും പ്രത്യക്ഷപ്പെടുന്ന ലിംഗപരമായ വിവേചനം ഔപചാരിക ലൈംഗിക വിദ്യാഭ്യാസത്തെ അപ്രസക്തമാക്കുന്നു. ലൈംഗികതയെ സംബന്ധിച്ച മിത്തുകളും സാസ്‌കാരികമായ വിലക്കുകളുമാണ്‌ കുട്ടികളെ സ്വാധീനിക്കുന്നത്‌. അവയെ മറികടക്കാൻ കുട്ടികൾ ഉപയോഗിക്കുന്ന തന്ത്രങ്ങൾ പുരുഷമേധാവിത്വ സംസ്‌കാരത്തിലേക്കും ലൈംഗികമായ രഹസ്യജീവിതത്തിലേക്കുമാണ്‌ നയിക്കുന്നത്‌. ഇത്‌ തുല്യതയിലും സഹവർത്തിത്വത്തിലുമധിഷ്‌ഠിതമായ സ്‌ത്രീപുരുഷ ബന്ധങ്ങളിലേക്കു നയിക്കുന്നതിനു പകരം, ലിംഗഭേദങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക മാത്രമാണ്‌ ചെയ്യുന്നത്‌. സാമൂഹ്യമായ പുരുഷാധിപത്യ പ്രവണത പുതിയ തലമുറയും ഉൾക്കൊള്ളുന്നു.

5. ഉന്നതവിദ്യാഭ്യാസത്തിൽ ലിംഗഭേദങ്ങൾ വേറൊരു വിധത്തിലും പ്രത്യക്ഷപ്പെടുന്നു. പല കോഴ്‌സുകളിലും സ്‌പെഷ്യലൈസേഷനിൽ ലിംഗപരമായ വേർതിരിവുകൾ കാണാം. മെഡിസിനിൽ ഗൈനക്കോളജി, പീഡിയാട്രിക്‌സ്‌, എഞ്ചിനീയറിങ്ങിൽ സിവിൽ എഞ്ചിനീയറിങ്ങ്‌ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. കമ്പ്യൂട്ടർ സയൻസിൽ ലിംഗപരമായ തുല്യത കാണുന്നുണ്ടെങ്കിലും ഹാർഡ്‌വേറിൽ സ്‌പെഷ്യലൈസ്‌ ചെയ്യുന്ന സ്‌ത്രീകൾ കുറവാണ്‌. ടീച്ചർ ട്രെയിനിംഗ്‌, നഴ്‌സിങ്ങ്‌ മുതലായവ സ്‌ത്രീ കേന്ദ്രീകൃതമാണ്‌. ഹോംസയൻസ്‌, ഫാഷൻ ടെക്‌നോളജി, ബ്യൂട്ടീഷൻ മുതലായവ ഏതാണ്ട്‌ പൂർണമായി സ്‌ത്രീകൾക്കു വേണ്ടിയുള്ളതുമാണ്‌. ഇത്തരത്തിലുള്ള ഭിന്നതകൾ സമൂഹത്തിൽ നിലവിലുള്ള ലിംഗഭേദങ്ങളെ ശക്തിപ്പെടുത്തുന്നു. വ്യക്തമായ തൊഴിൽ ബദ്ധതയില്ലാതെ പദവി ചിഹ്നമായി മാത്രം പെൺകുട്ടികളെ പഠിപ്പിക്കുന്ന രീതിയും ഉന്നത വിദ്യാഭ്യാസത്തിൽ വ്യാപകമാണ്‌.

6. മേൽപറഞ്ഞ വിധത്തിലുള്ള ഭിന്നതകൾ അവസാനിപ്പിക്കണമെങ്കിൽ വിദ്യാഭ്യാസ രംഗത്ത്‌ ലിംഗപദവി പരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്‌. അതിൽ പ്രധാനപ്പെട്ട ഘടകങ്ങൾ താഴെ പറയുന്നവയാണ്‌.

a) ലിംഗസമത്വം ഉറപ്പുവരുത്തുന്ന പാഠപുസ്‌തകങ്ങൾ.

b) ലിംഗപദവിയെ സംബന്ധിച്ച്‌ പ്രീ സർവീസ്‌ ട്രെയിനിംഗിലും ഇൻസർവീസ്‌ ട്രെയിനിംഗിലും അധ്യാപകർക്കു ലഭിക്കുന്ന പരിശീലനം പ്രായോഗികമായി ഉപയോഗിക്കുന്നു എന്നുറപ്പുവരുത്തുന്ന മോണിറ്ററിംഗ്‌ സംവിധാനം.

c) ലിംഗ സമത്വം ഉറപ്പുവരുത്തുന്ന വിദ്യാലയാന്തരീക്ഷം. ഉദാഹരണത്തിന്‌ കുട്ടികളെ ഇടകലർത്തി ഇരുത്തുക. കുട്ടികൾ ഒന്നിച്ചു കളിക്കുന്ന കളികൾ ആവിഷ്‌കരിക്കുക, ഗ്രൂപ്പു തിരിക്കുമ്പോൾ കൂട്ടായ പഠന പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുക. കൂട്ടായ പാഠ്യേതര പ്രവർത്തനങ്ങളും കലാപരിപാടികളും നടത്തുക. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ബെൽ അസംബ്ലിയിൽ പ്രത്യേക വരി മുതലായവ ഒഴിവാക്കുക. കലാമത്സരങ്ങൾ ഒരുമിച്ചു നടത്തുക. നൃത്തം, നാടകം മുതലായവ ഒരുമിച്ചു നടത്തുക-ഇത്തരത്തിൽ നിരവധി പ്രവർത്തനങ്ങൾ ആലോചിക്കാം.

d) ഇത്തരം പ്രവർത്തനങ്ങൾ സെക്കണ്ടറി-ഉന്നത വിദ്യാഭ്യാസ തലങ്ങളിലും ആവർത്തിക്കാം. ലൈംഗികതയെ കുറിച്ചുള്ള കൂട്ടായ ചർച്ചകൾ, ഗൈഡൻസ്‌ പ്രവർത്തനങ്ങൾ മുതലായവയും ഉപയോഗിക്കാം.

e) വ്യത്യസ്‌ത ഐച്ഛിക വിഷയങ്ങളും കോഴ്‌സുകളിലും തുല്യത ഉറപ്പുവരുത്തുന്ന വിധത്തിൽ കോഴ്‌സിന്റെ ഘടന പുനഃക്രമീകരിക്കുന്നതും പരിശോധിക്കണം. ഉദാ: ഹോംസയൻസ്‌, ഫാഷൻ ടെക്‌നോളജി, ബ്യൂട്ടീഷൻ മുതലായ കോഴ്‌സുകൾ ഒഴിവാക്കി അതിന്റെ സാങ്കേതിക മേഖല ലിംഗവിവേചനമില്ലാത്ത വിധം പുനഃക്രമീകരിക്കാം. അതുപോലെത്തന്നെ മറ്റു പ്രൊഫഷണൽ, ആർട്ട്‌സ്‌ ആൻഡ്‌ സയൻസ്‌ കോഴ്‌സുകളും പുനഃക്രമീകരിക്കണം.

f) വിദ്യാലയങ്ങളിലെ പെരുമാറ്റച്ചട്ടങ്ങളിൽ ലിംഗ വിവേചനപരമായ ചട്ടങ്ങൾ പൂർണമായി ഒഴിവാക്കണം. പെൺകുട്ടികൾക്ക്‌ ആൺകുട്ടികളോടൊപ്പം ആവിഷ്‌കാര സ്വാതന്ത്ര്യം നൽകുക, ഉടുപ്പിലും നടപ്പിലും തുല്യത കൈവരുത്തുക. പ്രവർത്തനങ്ങളിൽ തുല്യത ഉറപ്പുവരുത്തുക, സർഗാത്മക കഴിവുകളിൽ ഒരേ പോലെ പ്രോത്സാഹനം നൽകുക മുതലായവയുമാകാം. കൂട്ടായ്‌മ ബോധത്തിലൂടെ പരസ്‌പര സഹവർത്തിത്വവും സുരക്ഷയും ഉറപ്പുവരുത്തുകയും ചെയ്യാം.