കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയൊന്നാം വാർഷികം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വാർഷികത്തിന്റെ പോസ്റ്റർ

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്‌ അമ്പത്തിയൊന്നാം സംസ്ഥാന വാർഷിക സമ്മേളനം 2014 മെയ്‌ 9, 10, 11 തീയ്യതികളിൽ കാസർകോഡ് ജില്ലയിലെ ഉദിനൂർ ഗവ ഹയർസെക്കന്ററി സ്‌കൂളിൽ നടക്കും.

ഉത്ഘാടനം

വാർഷിക സ്ഥലത്തേക്കുള്ള വഴി

മെയ് 9ന്‌ രാവിലെ 10 മണിക്ക്‌ ആരംഭിക്കുന്ന സമ്മേളനം അന്ധവിശ്വാസത്തിനെതിരായ പോരാട്ടത്തിൽ രക്തസാക്ഷിത്വം വരിച്ച ഡോ. നരേന്ദ്ര ധാബോൽക്കറിന്റെ പുത്രനും മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി അംഗവുമായ ഡോ.ഹമീദ്‌ ധാബോൽക്കർ ഉദ്‌ഘാടനം ചെയ്യും. പരിഷത്‌ സംസ്ഥാന പ്രസിഡന്റ്‌ ഡോ.എൻ.കെ ശശിധരൻ പിള്ള അധ്യക്ഷത വഹിക്കും. ഭാരത ജ്ഞാൻ വിജ്ഞാൻ സമിതി ജനറൽ സെക്രട്ടറി ആശ മിശ്ര ആശംസ നേരും.

പരിപാടികൾ

പതിനാല്‌ ജില്ലകളിൽനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. കേരളത്തിൽ അടുത്തകാലത്തായി വ്യാപകമായിട്ടുള്ള അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ശക്തമായ നിയമങ്ങൾ കൊണ്ടുവരുന്നതിനായുള്ള ജനകീയ മെമ്മോറാണ്ടം ഡോ.കെ.എൻ ഗണേഷ്‌ അവതരിപ്പിക്കും.

മെയ്‌ 10 ന്‌ വൈകുന്നേരം ആറിന്‌ സുസ്ഥിര ഊർജ്ജ വികസനത്തിനായുള്ള ലോക സംഘടനയുടെ ഡയറക്ടർ ജനറൽ ജി.മധുസൂദനൻ പിള്ള ഐഎഎസ്‌ ഈ വർഷത്തെ പി.ടി ഭാസ്‌കര പണിക്കർ സ്‌മാരക പ്രഭാഷണം നടത്തും. കേരളത്തിന്‌ ഒരു സമഗ്ര ഊർജ്ജ പരിപാടി എന്നതാണ്‌ വിഷയം. ചടങ്ങിൽ പരിഷത്‌ പ്രസിദ്ധീകരിക്കുന്ന ഇ-മാഗസിന്റെ പ്രകാശനം നിർവഹിക്കും.

മൂന്നാം ദിവസം രാവിലെ 10.30ന്‌ വാക്‌സിനേഷൻ- വിവാദങ്ങളും വസ്‌തുതകളും എന്ന വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ കമ്യൂണിറ്റി മെഡിസിൻ വിഭാഗം തലവൻ ഡോ. കെ.വിജയകുമാർ ക്ലാസെടുക്കും.

കേരള വികസന പരിപ്രേഷ്യം രേഖ, സംഘടനാ രേഖ, പ്രവർത്തന റിപ്പോർട്ട്‌, വരവ്‌ ചെലവ്‌ കണക്ക്‌, ഭാവി പ്രവർത്തന രേഖ എന്നിവയുടെ അവതരണവും ചർച്ചയുമാണ്‌ സമ്മേളന നടപടി ക്രമങ്ങൾ. വേണം മറ്റൊരു കേരളം കാമ്പേയിനിന്റെ ഭാഗമായി നടത്തിയ കേരള വികസന കോൺഗ്രസിൽ രൂപപ്പെടുത്തിയ സുസ്ഥിരതയിലും സാമൂഹ്യ നീതിയിലുമൂന്നിയ വികസന സമീപനങ്ങൾ സമ്മേളനം ചർച്ച ചെയ്യും. അന്ധ വിശ്വാസങ്ങൾക്കെതിരെ ശാസ്‌ത്ര ബോധത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വിപുലമായ പ്രവർത്തന പരിപാടികൾക്ക്‌ സമ്മേളനം രൂപം നൽകും.

സമ്മേളനത്തിന്റെ വിവിധ സെഷനുകൾക്ക് പ്രൊഫ. സി.പി നാരായണൻ എംപി, ഡോ. സി.ടി.എസ്‌ നായർ, അഖിലേന്ത്യാ ജനകീയ ശാസ്‌ത്ര പ്രസ്ഥാനം ജനറൽ സെക്രട്ടറി ടി.ഗംഗാധരൻ, ഡോ.കെ.പി അരവിന്ദൻ, ഡോ.എം.പി പരമേശ്വരൻ, ഡോ.ആർ.വി.ജി മേനോൻ, പ്രൊ.പി.കെ രവീന്ദ്രൻ, ഡോ.കാവുമ്പായി ബാലകൃഷ്‌ണൻ, പ്രൊ. എം.കെ പ്രസാദ്‌, പ്രൊ.ടി.പി കുഞ്ഞിക്കണ്ണൻ, ഡോ.കെ.രാജേഷ്‌, പ്രൊ.കെ.പാപ്പൂട്ടി എന്നിവർ നേതൃത്വം നൽകും.