ചാലിയാർ മലിനീകരണം: ഗ്രാസിം വ്യവസായത്തെ പ്രോസിക്യൂട്ട് ചെയ്യുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:17, 3 മാർച്ച് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

ചാലിയാർ മലിനീകരണം: ഗ്രാസിം വ്യവസായത്തെ പ്രോസിക്യൂട്ട് ചെയ്യുക‎
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ജനുവരി, 1999

ആമുഖം

കോഴിക്കോട്‌ പട്ടണത്തിന്‌ 21 കിലോ മീറ്റർ കിഴക്കോട്ടു മാറി ചാലിയാറിന്റെ തീരത്ത്‌ സ്ഥിതിചെയ്യുന്ന വൻവ്യവസായ ശാലയാണ്‌ മാവൂർ ഗ്വാളിയോർ റയോൺസ്‌ - ഗ്രാസിം ഇൻഡസ്‌ട്രീസ്‌. 1957-ൽ സ്ഥാപിതമായി. നിലമ്പൂർ കാടുകളിൽനിന്ന്‌ വർഷംപ്രതി 1.6 ലക്ഷം ടൺ മുള സംഭരിക്കാനും ദിനംപ്രതി 100 ടൺ പൾപ്പ്‌ ഉൽപാദിപ്പിക്കാനുമുള്ള ലൈസൻസോടെയാണ്‌ ഫാക്‌ടറി പ്രവർത്തനമാരംഭിച്ചത്‌. 1963-ൽ ഉൽപാദനം ആരംഭിച്ചു. അന്നു തുടങ്ങിയതാണ്‌ ഫാക്‌ടറി സൃഷ്‌ടിക്കുന്ന മലിനീകരണ പ്രശ്‌നങ്ങൾ. പ്രശ്‌നങ്ങൾക്കു പരിഹാരമായില്ല എന്നു മാത്രമല്ല ഇക്കാലങ്ങളിലായി പൾപ്പുൽപാദനം രണ്ടിരട്ടിയായി വർധിപ്പിച്ചു. മുളയാണ്‌ ആദ്യം അസംസ്‌കൃത വസ്‌തുവായി ഉപയോഗിച്ചത്‌. മുള ദുർലഭമായപ്പോൾ എന്തു മരവും ഉപയോഗിക്കാവുന്ന വിധത്തിൽ പരിഷ്‌കാരം വരുത്തി. 1968 മുതൽ പൾപ്പു ഡിവിഷനുപുറമെ ഫൈബർ ഡിവിഷനും പ്രവർത്തനമാരംഭിച്ചു. അതോടെ കൂനിൽമേൽ കുരു എന്നതുപോലെ മലിനീകരണപ്രശ്‌നങ്ങൾ ഇരട്ടിയായി വർധിച്ചു. അതിന്നും തുടരുന്നു എന്നതാണ്‌ യാഥാർഥ്യം.

മലിനീകരണത്തിന്റെ ഉറവിടങ്ങൾ

മാവൂർ ഗ്വാളിയോർ റയോൺസ്‌ ഫാക്‌ടറിയിൽ പൾപ്പുണ്ടാക്കുന്ന രീതിക്ക്‌ ക്രാഫ്‌റ്റ്‌ അഥവാ സൾഫേറ്റ്‌ പ്രോസസ്‌ എന്നു പറഞ്ഞുവരുന്നു. ഈ പൾപ്പിൽനിന്ന്‌ റയോണും കടലാസും നിർമിച്ചുവരുന്നു. നിർമാണത്തിലെ വിവിധ പ്രക്രിയകൾ താഴെ കൊടുത്തിരിക്കുന്നു. ഇതിൽ ഏതേത്‌ ഘട്ടങ്ങളിലാണ്‌ മാലിന്യങ്ങൾ ഉണ്ടാകുന്നതെന്ന്‌ ബ്രാക്കറ്റിൽ അക്കമിട്ടു കാണിച്ചിരിക്കുന്നു.

പൾപ്പ്‌ ഡിവിഷൻ

മരത്തടി തൊലികളഞ്ഞ്‌ ചെറിയ നുറുക്കുകളാക്കുന്നു. ഈ നുറുക്കുകൾ ഡൈജസ്റ്ററിൽ നിറച്ച്‌ സൾഫ്യൂരിക്കമ്ലം ഒഴിച്ച്‌ കൂടിയ താപത്തിനും മർദത്തിനും വിധേയമാക്കി വേവിക്കും. വേവിച്ചതിനുശേഷം അതിൽനിന്നു ദ്രാവകം (1) നീക്കും. വേവിച്ച മരത്തെ വെള്ളമൊഴിച്ച്‌ കഴുകും (2) . പിന്നീട്‌ സോഡിയം സൾഫൈഡും കോസ്റ്റിക്‌ സോഡയും ചേർത്ത്‌ നീരാവിയുടെ മർദത്തിൽ ഏതാണ്ട്‌ 3-4 മണിക്കൂർ വീണ്ടും വേവിക്കുന്നു. ഇതിന്റെ ഫലമായി തവിട്ടുനിറമുള്ള ഒരുതരം കുഴമ്പാവും. കുഴമ്പ്‌ വെള്ളം ചേർത്ത്‌ നേർപ്പിക്കുകയും അതിൽനിന്ന്‌ വേവാത്ത മുരടും മറ്റും മാറ്റുകയും ചെയ്യും. കുഴമ്പിൽനിന്ന്‌ പിന്നീട്‌ ദ്രാവകം ചോർത്തിക്കളയും. ബാക്കിയുള്ളതിനെ സ്ലറി എന്നു വിളിക്കുന്നു. ഈ സ്ലറി കഴുകും (3). ബ്ലീച്ചു ചെയ്‌ത്‌ വെളുപ്പിക്കലാണ്‌ അടുത്തപടി. ക്ലോറിൻ ഉപയോഗിച്ച്‌ പടിപടിയായിട്ടാണ്‌ ബ്ലീച്ചിങ്‌ നടത്തുക. ബ്ലീച്ചിങ്ങിനുശേഷം വീണ്ടും കഴുകും (4). എന്നിട്ട്‌ കോസ്റ്റിക്‌ സോഡ ചേർത്ത്‌ 60-70 -ഡിഗ്രി സിയിൽ ചൂടാക്കും. പിന്നെയും കഴുകും(5). ഇനിയും ബ്ലീച്ചിങ്ങുണ്ട്‌. കാൽസ്യം സോഡിയം ഹൈപ്പോക്ലോറൈറ്റ്‌ ആണുപയോഗിക്കുക. വീണ്ടും കഴുകും (6). അടുത്ത പടി ക്ലോറിൻ ഡയോക്‌സൈഡുപയോഗിച്ച്‌ പിന്നെയും ബ്ലീച്ചുചെയ്യലാണ്‌. അതിനുശേഷവും കഴുകും (7). ഇങ്ങനെ ശുദ്ധീകരിച്ച പൾപ്പ്‌ ഉണക്കി ഷീറ്റുകളാക്കി ശേഖരിക്കുകയോ തുടർന്ന്‌ റയോൺ അല്ലെങ്കിൽ കടലാസ്‌ നിർമാണത്തിനായി ഉപയോഗിക്കുകയോ ചെയ്യും. മരക്കഷണത്തിൽനിന്ന്‌ പൾപ്പുണ്ടാക്കൽവരെ നടക്കുന്നതു പൾപ്പ്‌ ഡിവിഷനിലാണ്‌.

ഫൈബർ ഡിവിഷൻ

1960 കാലത്താണ്‌ ഫൈബർ ഡിവിഷൻ സ്ഥാപിതമായത്‌. പൾപ്പിലെ ആൽഫാ സെല്ലുലോസിനെ സോഡിയം ഹൈഡ്രോക്‌സൈഡും വെള്ളവും ചേർത്ത്‌ ആൽക്കലി സെല്ലുലോസാക്കി മാറ്റുന്നു. ആൽക്കലി സെല്ലുലോസ്‌ മാറ്റി ബാക്കിയാവുന്ന ദ്രാവകത്തെ (8) പുറന്തള്ളുന്നു. സെല്ലുലോസ്‌ പിഴിഞ്ഞ്‌ ഷീറ്റുകളാക്കപ്പെടുന്നു. ഈ ഷീറ്റുകളെ സാന്തേറ്റിങ്‌ പാത്രത്തിലേക്കു പകർത്തും. ആ പാത്രത്തിൽനിന്ന്‌ വായു നിർമാർജനം ചെയ്‌തശേഷം കാർബൺ ഡൈ സൾഫൈഡു നിറയ്‌ക്കും. അതിൻഫലമായുണ്ടാവുന്ന രാസപ്രക്രിയയിൽ സെല്ലുലോസ്‌ സാന്തേറ്റ്‌ ഉണ്ടാകുന്നു. ചില ദിവസങ്ങൾക്കുശേഷം ഈ സെല്ലുലോസ്‌ സാന്തേറ്റ്‌ അരിച്ചെടുത്ത്‌ വായു കലർത്തി നേർപ്പിച്ച സൾഫ്യൂരിക്കമ്ലവും സിങ്ക്‌ സൾഫേറ്റും ചേർന്ന ആസിഡ്‌ ബാത്തിലൂടെ സ്‌പിന്നറുകൾവഴി നേരിയ നൂലാക്കും. ഈ റെയോൺ നൂല്‌ കഴുകി ബ്ലീച്ചുചെയ്‌ത്‌ (9) സോപ്പുവെള്ളം കൊണ്ടു കഴുകി വൃത്തിയാക്കും (10). പ്രതിദിനം 50 ടൺ നൂലാണുണ്ടാക്കുന്നത്‌. ഫാക്‌ടറിക്കാവശ്യമായ സൾഫ്യൂരിക്കമ്ലവും (50 ടൺ പ്രതിദിനം) കാർബൺ ഡൈസൾഫൈഡും (15 ടൺ) സോഡിയം സൾഫൈഡും (25 ടൺ) അവിടെത്തന്നെ നിർമിച്ചുവരുന്നു. ഫൈബർ ഡിവിഷനിൽ തണുപ്പിക്കാൻ മാത്രം 80 ലക്ഷം ലിറ്റർ വെള്ളമാണു നിത്യേന വേണ്ടിവരിക.

ഇനി വായുമലിനീകരണത്തിന്റെ ഉറവിടം പരിശോധിക്കാം. സൾഫ്യൂരിക്കമ്ലം നിർമിക്കുമ്പോൾ ഗന്ധകം ഉരുക്കണം. അതിനു നീരാവിയുണ്ടാക്കണം. ഉരുക്കിയ ഗന്ധകം വായുവിൽ കത്തിക്കണം. അങ്ങനെയുണ്ടാവുന്ന സൾഫർ ഡയോക്‌സൈഡ്‌ വാതകത്തിൽനിന്ന്‌ അമ്ലമുണ്ടാക്കി ശേഖരിക്കുന്നു. ആഗിരണം ചെയ്യപ്പെടാത്ത സൾഫർഡയോക്‌സൈഡ്‌ അന്തരീക്ഷത്തിലേക്ക്‌ വിടുന്നു. (11) കത്തിജ്വലിക്കുന്ന കനലിൽ ഉരുക്കിയ ഗന്ധകം ഒഴിച്ചാൽ കാർബൺഡൈസൾഫൈഡും ഹൈഡ്രജൻ സൾഫൈഡും ഉണ്ടാകും. ഹൈഡ്രജൻ സൾഫൈഡ്‌ കത്തിച്ചുകളഞ്ഞ്‌ കാർബൺ ഡൈ സൾഫൈഡിനെ മാത്രമായി ശേഖരിക്കും. ഈ കത്തലിൽ ഉണ്ടാവുന്ന വാതകങ്ങളും പുറത്തേക്ക്‌ പോകുന്നു. (12) വെള്ളം തിളപ്പിച്ച്‌ നീരാവിയുണ്ടാക്കാൻ കൽക്കരിയും ഫർണസ്‌ ഓയിലും കത്തിക്കും. കത്തുന്ന പുക (13) ചിമ്മിനിവഴി പുറന്തള്ളപ്പെടുന്നു.

മലിനീകരണം - പ്രശ്‌നങ്ങൾ

ഗ്രാസീം ഇൻഡസ്‌ട്രീസിന്‌ ചുറ്റുമുള്ള മാവൂർ, വാഴക്കാട്‌ എന്നീ ഗ്രാമങ്ങളും ചാലിയാറിന്റെ തീരത്ത്‌ ഇരുകരയിലുമുള്ള പെരുവയൽ, വാഴയൂർ, ഒളവണ്ണ എന്നീ ഗ്രാമങ്ങളുമാണ്‌ മലിനീകരണ വിപത്തിന്‌ ഏറ്റവും കൂടുതലായി അടിപ്പെട്ടിരിക്കുന്നത്‌. 1970 മുതൽ ഈ പ്രദേശത്തുള്ള ജനങ്ങൾ നിരന്തരമായി പ്രക്ഷോഭത്തിന്റെ പാതയിലാണ്‌. 1974-ൽ സമരത്തിന്റെ മൂർധന്യത്തിലെത്തിയപ്പോൾ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ശ്രീ.കെ.കരുണാകരന്റെ സാന്നിധ്യത്തിൽ രാമനിലയത്തിൽവെച്ചുണ്ടാക്കിയ കരാർ പ്രകാരം ശുദ്ധീകരിച്ച നിർഗമങ്ങൾ, 6.4 കി.മീറ്റർ താഴെയുള്ള ചുങ്കപ്പള്ളിയിൽ നിക്ഷേപിക്കണമെന്ന്‌ വ്യവസ്ഥപ്പെട്ടിരുന്നു. ഈ കരാർ പാലിക്കുന്നതിന്‌ ആത്മാർഥമായ ഒരു ശ്രമവും മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ജനങ്ങൾ നിരന്തരമായിത്തന്നെ സമരരംഗത്ത്‌ ഉറച്ചുനിന്നു. ചാലിയാറിൽ മലിനീകരണമില്ലെന്നും അഥവാ ഉണ്ടെങ്കിൽ അത്‌ പരിഹരിക്കാൻ സാങ്കേതികമായി മാർഗമില്ലെന്നും മലിനീകരണമെന്നത്‌ വ്യവസായവത്‌ക്കരണത്തിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത അനന്തരഫലമാണെന്നും, 3000 -ത്തിൽപരം പേർക്ക്‌ തൊഴിൽ നൽകുന്നതിന്‌ ചാലിയാർ പുഴ തങ്ങൾക്ക്‌ വിട്ടുതരണമെന്നുമാണ്‌ ഗ്രാസിം മാനേജ്‌മെന്റ്‌ ഇക്കാലത്ത്‌ പറഞ്ഞുകൊണ്ടിരുന്നത്‌.

ഈ സന്ദർഭത്തിലാണ്‌ 1977-78 കാലത്ത്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ചാലിയാർ തീരങ്ങളിൽ പഠനമാരംഭിച്ചത്‌. പരിഷത്ത്‌ പഠനത്തിൽ അവിടെ മലിനീകരണത്തിന്റെ തോത്‌ വളരെ കൂടുതലാണെന്ന്‌ ബോധ്യപ്പെട്ടു. മാത്രവുമല്ല വാഴക്കാട്ടും ചാലിയാറിന്റെ തീരത്തും അക്കാലത്ത്‌ നടത്തിയ സാമൂഹ്യസാമ്പത്തിക ആരോഗ്യ സർവെയിൽ അവിടെ വൻതോതിൽ ആരോഗ്യപ്രശ്‌നങ്ങളുള്ളതായും കണ്ടു.

ജനകീയ സമരത്തിന്‌ ശാസ്‌ത്രീയ അടിത്തറ പാകാൻ പരിഷത്ത്‌ പഠനങ്ങൾ ഏറെ സഹായിച്ചു. 1979 -ൽ പ്രാദേശിക ജനവിഭാഗങ്ങൾ ആയിരക്കണക്കിനായി സംഘടിച്ച്‌ കമ്പനിക്ക്‌ പമ്പുചെയ്യുന്ന വെള്ളത്തിലേക്ക്‌ നിർഗമങ്ങൾ കടക്കാതിരിക്കാൻവേണ്ടി ചാലിയാറിൽ കെട്ടിയിരുന്ന ബണ്ട്‌ പൊളിച്ചുകൊണ്ട്‌ സമരത്തിന്‌ ഒരു പുതിയ മാനം നൽകി. ചാലിയാർ വാസികൾ അന്നു നടത്തിയ സമരം പരിസരവും വായുവും വെള്ളവും സംരക്ഷിക്കുന്നതിനുവേണ്ടി നാട്ടുകാരുടെ ഐതിഹാസികമായ ചെറുത്തുനിൽപിന്റെ തുടക്കമായിരുന്നു. ജനകീയ സമരത്തെ തുടർന്ന്‌ അന്നത്തെ തൊഴിൽ വകുപ്പുമന്ത്രിയായിരുന്ന ശ്രീ.എം.കെ.രാഘവന്റെ സാന്നിധ്യത്തിൽ വീണ്ടും ഒത്തുതീർപ്പു വ്യവസ്ഥകളുണ്ടായി. നിർഗമം ശുദ്ധീകരിച്ച്‌ ചുങ്കപ്പള്ളിയിൽ കൊണ്ടുപോയി ഒഴുക്കാമെന്നും ശുദ്ധീകരണ സംവിധാനങ്ങൾ ഉണ്ടാകുന്നതുവരെ കമ്പനി ലേ ഓഫ്‌ ചെയ്യുക എന്നുമായിരുന്നു 1979 മാർച്ച്‌ 25-ന്‌ നടന്ന ആ ചർച്ചയുടെ തീരുമാനം. ചുങ്കപ്പള്ളിയിലേക്കുള്ള പൈപ്പുലൈൻ ഇടുന്ന ജോലി വേഗത്തിൽ തീർന്നെങ്കിലും ശുദ്ധീകരണത്തിനു വേണ്ടത്ര സംവിധാനം ഇല്ലാതെയാണ്‌ ഫാക്‌ടറി തുറന്നുപ്രവർത്തിച്ചത്‌. കായലം ചുങ്കപ്പള്ളി പ്രദേശം മുഴുവൻ അതോടെ മലിനീകരണ ഭീഷണിയിലമർന്നു. പൈപ്പുലൈൻ ലീക്ക്‌ ചെയ്‌ത്‌ സമീപത്തെ കുളത്തിലും കിണറിലും കൃഷിപ്രദേശത്തുമൊക്കെ രാസമാലിന്യം കടന്നെത്തി. നേരത്തെ വാഴക്കാട്ടെ ജനങ്ങളാണ്‌ സമരത്തിന്റെ മുമ്പന്തിയിലെങ്കിൽ ഇതോടെ കായലം, ചുങ്കപ്പള്ളി പ്രദേശത്തെ ജനങ്ങൾ സമരത്തിന്റെ മുമ്പന്തിയിലെത്തി. നിർഗമം ശുദ്ധീകരിക്കുന്നതുവരെ പൈപ്പ്‌ലൈൻ നന്നാക്കാൻ ജനങ്ങളനുവദിച്ചില്ല. അങ്ങനെ ജനകീയ പ്രക്ഷോഭം രൂക്ഷമായപ്പോൾ 1982-ൽ മാനേജ്‌മെന്റ്‌ പോലീസ്‌ സഹായം ആവശ്യപ്പെടുകയുണ്ടായി. സഹായം നിഷേധിച്ചുകൊണ്ട്‌ ജസ്റ്റിസ്‌ കെ.കെ.നരേന്ദ്രൻ നൽകിയ വിധി പ്രത്യേകം പ്രസ്‌താവ്യമാണ്‌... `മലിനീകരണ നിയന്ത്രണം സംബന്ധിച്ച്‌ സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡ്‌ നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ച്‌ ശുദ്ധീകരണം നടക്കുന്നുണ്ട്‌ എന്നവർക്ക്‌ ബോധ്യമാകുന്നതുവരെ പോലീസ്‌ സംരക്ഷണം നൽകുന്ന പ്രശ്‌നമുദിക്കുന്നില്ല.'

1979-ൽ ചാലിയാറിലെ മലിനീകരണം സംബന്ധിച്ച്‌ കേരളാ ലെജിസ്ലേറ്റീവ്‌ അസംബ്ലിയുടെ പെറ്റീഷൻസ്‌ കമ്മിറ്റി അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ടിലെ ഒരു വാചകം ഉദ്ധരിക്കട്ടെ: `The committe is quite dissastisfied with the admant and arrogant attitude taken by the management in not implimenting the instructions issued by the board - Estimates Committee, Kerala Legislative Assembly 1977-79

1980 -ൽ വാട്ടർ അപ്പലറ്റ്‌ അതോറിറ്റി ചാലിയാർ മലിനീകരണം സംബന്ധിച്ച്‌ പറഞ്ഞതിങ്ങനെയാണ്‌: `But it is to be remembered that they are playing with human life in vast area covered by the Chaliar river basin. The entire locality was being affected due to the careless discharge of the polluted effluents from the factory. Such an attitude on the part of the factory is not one which could be tolerated' (Water Appelate Authority May 17, 1980)

1982-ൽ തദ്ദേശവാസികൾ നൽകിയ പെറ്റീഷൻസിന്റെ അടിസ്ഥാനത്തിൽ രാജ്യസഭാ സബ്‌കമ്മിറ്റി സ്ഥലം സന്ദർശിച്ച്‌ മലിനീകരണം സംബന്ധിച്ച തെളിവെടുക്കുകയുണ്ടായി. 1986-ൽ രാജ്യസഭയിൽവെച്ച റിപ്പോർട്ടിൽ ചാലിയാറിലെ മലിനീകരണത്തിന്റെ തീവ്രത എത്ര രൂക്ഷമാണെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. 10 നിർദേശങ്ങൾ അവർ കേരളാ ഗവൺമെന്റിന്റെയും കമ്പനിയുടെയും മുമ്പാകെ വെക്കുകയുണ്ടായി. ഇവയൊന്നുപോലും ഇതുവരെയും നടപ്പാക്കിയിട്ടില്ല.

1985-ൽ ചില തൊഴിൽ പ്രശ്‌നങ്ങളുടെ പേരു പറഞ്ഞ്‌ മാനേജ്‌മെന്റ്‌ കമ്പനി അടച്ചുപൂട്ടി. ഇന്റർനാഷണൽ മാർക്കറ്റിൽ പൾപ്പിന്റെ വിലയിടിയുകയും ഇറക്കുമതി ചെയ്‌ത പൾപ്പ്‌ നാട്ടിലുണ്ടാക്കുന്നതിനേക്കാൾ ലാഭത്തിൽ വാങ്ങാനുള്ള സൗകര്യവുമുണ്ടായപ്പോഴാണ്‌ അന്ന്‌ യഥാർഥത്തിൽ കമ്പനി പൂട്ടിയത്‌. ഈയവസരം തൊഴിലാളികളെ ശരിക്കും ഒരു പാഠം പഠിപ്പിക്കാൻതന്നെ കമ്പനി തീരുമാനിച്ചു എന്നുവേണം കരുതാൻ. രണ്ടര വർഷത്തോളം കമ്പനി പൂട്ടിയിട്ടപ്പോൾ തൊഴിലാളികളും അവരോട്‌ ബന്ധപ്പെട്ട്‌ ജീവിക്കുന്ന മറ്റുള്ളവരും നിരവധി യാതനകൾ അനുഭവിക്കുകയുണ്ടായി. ഒടുവിൽ കമ്പനി ഏതുവിധേനയും തുറക്കണം എന്ന മനോഭാവം സർക്കാരിൽ വളർത്താൻ കമ്പനിമേലധികാരികൾക്കു സാധിച്ചു. ഒടുവിൽ 1988ൽ ഫാക്‌ടറി തുറക്കാൻ തീരുമാനമായപ്പോൾ അക്ഷരാർഥത്തിലുള്ള ഒരു കീഴടങ്ങലായിരുന്നു അത്‌. ടണ്ണിന്‌ കേവലം 250 രൂപ വെച്ച്‌ 2 ലക്ഷം ടൺ മുളയും മറ്റു തടിവിഭവങ്ങളും വർഷംപ്രതി നൽകിക്കൊള്ളാമെന്ന്‌ സർക്കാർ സമ്മതിച്ചു. മലിനീകരണ നിവാരണം സംബന്ധിച്ച്‌ ഒരു വ്യവസ്ഥയും അന്നുണ്ടാക്കിയില്ല. തൊഴിലാളികളുടെ കഷ്‌ടതയും ദൈന്യതയും ഓർത്ത്‌ ആർക്കും മറിച്ചൊന്നും പറയാനായില്ല.

അതേസമയം സംസ്ഥാന പൊലൂഷൻ കൺട്രോൾ ബോർഡ്‌ കമ്പനിയിലെ നിർഗമശുദ്ധീകരണത്തിനുള്ള സംവിധാനത്തിന്റെ അപര്യാപ്‌തത കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു. 50% മുതൽ 55% വരെ നിർഗമങ്ങൾ കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളെ ഉള്ളുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടതാണ്‌. യാതൊരു ശുദ്ധീകരണവുമില്ലാതെ പുഴയിലേക്ക്‌ നേരിട്ട്‌ അനധികൃതമായി നിർഗമങ്ങൾ ഒഴുക്കുന്നതായി നാട്ടുകാർ നിരവധി പരാതികൾ ഉയർത്തുകയുണ്ടായിട്ടുണ്ട്‌.

തുടർന്നിങ്ങോട്ട്‌ മലിനീകരണം ഏറ്റവും രൂക്ഷമായിക്കൊണ്ടിരുന്നു. കേരളത്തിലെ പ്രകൃതിവിഭവങ്ങളുടെ മേലും സംഘടിത ജനകീയ ശക്തിമേലും തങ്ങൾ പൂർണമായി ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു എന്ന മട്ടിലാണ്‌ കമ്പനി പ്രവർത്തിച്ചു തുടങ്ങിയത്‌. മൂന്നു വർഷത്തോളം ധിക്കാരപരമായി കമ്പനി പൂട്ടിയിട്ടപ്പോൾ തൊഴിലാളികൾക്കും നാട്ടുകാർക്കും ഉണ്ടായിട്ടുള്ള പരാധീനതകൾ ഉയർത്തിക്കാട്ടി, ഇനിയും കമ്പനി പൂട്ടിക്കളയും എന്ന്‌ ഭീഷണിപ്പെടുത്തി അവരെ വരുതിയിൽ നിർത്താൻ കമ്പനി ശ്രമിക്കുന്നു. കമ്പനി തുറക്കുന്നതിനുവേണ്ടി തങ്ങൾ മുന്നോട്ടുവച്ച ഡിമാന്റുകളെല്ലാം അംഗീകരിക്കേണ്ട സ്ഥിതിയിലായ സർക്കാരിനെ ഇനിയും വരുതിയിൽ നിർത്താൻ സാധിക്കുമെന്ന്‌ അവർ കരുതുന്നു. മലിനീകരണ നിവാരണ സംവിധാനങ്ങളെല്ലാം നാമമാത്രമായി നടപ്പാക്കുകയും കൂടുതലൊന്നും ഇനി ചെയ്യില്ല, അതിന്‌ സാങ്കേതിക വിദ്യയില്ല. സാമ്പത്തികമായി സാധ്യമല്ല എന്നിങ്ങനെയുള്ള ധിക്കാരപരമായ നിലപാട്‌ അവരെടുക്കുകയും ചെയ്‌തു. ഇവിടെ യാതൊരുതരത്തിലുമുള്ള മലിനീകരണമില്ല എന്ന്‌ ആവർത്തിച്ചു പറയുകയും തൊഴിലാളിസംഘടനകളെക്കൊണ്ടുകൂടി അങ്ങനെ പറയിപ്പിക്കുന്ന ഘട്ടത്തിലെത്തിക്കുകയും ചെയ്‌തു. അതേയവസരം മലിനീകരണം സംബന്ധിച്ച നിരവധി പഠനങ്ങൾ ചാലിയാറിലും തീരത്തും ഈ കാലത്ത്‌ നടക്കുകയുണ്ടായി.

മലിനീകരണം - പഠനവിവരങ്ങൾ

ചാലിയാറിലേക്ക്‌ ഒഴുകുന്ന നിർഗമങ്ങളുടെ ഗുണനിലവാരം ഒരിക്കലും ജലമലിനീകരണ നിയന്ത്രണബോർഡ്‌ നിർദേശിച്ചപോലെ ആയിരുന്നിട്ടില്ല. ബോർഡു നിബന്ധനയും നിർഗമത്തിന്റെ യഥാർഥ ഗുണനിലവാരങ്ങളും (1978) താഴെ കൊടുത്ത പട്ടികയിൽനിന്നു മനസ്സിലാക്കാം.

നിർഗമ സ്വഭാവഘടകങ്ങൾ ബോർഡുനിബന്ധനയിലെ മൂല്യം ഫാക്‌ടറി നിർഗമത്തിന്റെ യഥാർഥ മൂല്യം
1. പി.എച്ച്‌. 6.8 7.7-9.56
2. ഡി.ഒ. (കുറഞ്ഞത്‌) 3.5 പി പി എം 00 പി പി എം.
3. ബി.ഒ.ഡി (പരമാവധി) 30 പി പി എം 390-950 പി പി എം
4. സി.ഒ.ഡി 250 പി പി എം 1200-1800 പി പി എം

നിറത്തെ സംബന്ധിച്ചോ പ്ലവാവസ്ഥയിലുള്ള ഖരപദാർഥങ്ങളെ സംബന്ധിച്ചോ രാസയൗഗികങ്ങളെ സംബന്ധിച്ചോ തുത്തനാകം, കാരീയം, രസം എന്നീ ഘനലോഹാംശങ്ങളെ സംബന്ധിച്ചോ യാതൊരു നിബന്ധനകളും ബോർഡ്‌ നൽകിയിരുന്നില്ല എന്നത്‌ വിചിത്രമെന്നേ പറയേണ്ടതുള്ളൂ. കാരണം ഇവയുടെ തോതുകളും വെള്ളത്തിന്റെ പരിശുദ്ധിയുടെ ഘടകങ്ങളാണ്‌.

കോഴിക്കോട്‌ സർവകലാശാല രസതന്ത്രവിഭാഗത്തിലെ ഡോ.ശൗരിയാരും ഡോ.മാധവൻകുട്ടിയും ചേർന്ന്‌ 1979-81 കാലത്ത്‌ നടത്തിയ പഠനങ്ങളുടെ വിവരങ്ങൾ താഴെ ക്രോഡീകരിച്ചിരിക്കുന്നു.

സ്വഭാവഘടകങ്ങൾ അനുവദനീയ മൂല്യം നിർഗമം പതിച്ച ചാലിയാർ ജലത്തിലെ മൂല്യം.
1. ബിഒഡി 30 പിപിഎം 100-1000 പിപിഎം
2. സിഒഡി 250 പി പി എം 1270 പി പി എം.
3. പി.എച്ച്‌ 6.5-7.0 6-9
4. നിറം നിർദേശമില്ല കറുപ്പ്‌
5. കാരീയം (ലെഡ്‌) 0.05 പിപിഎം 2.613 പിപിഎം.
6. രസം (മെർക്കുറി) 0.002 പിപിഎം 2.81 പിപിഎം.
7. തുത്തനാകം (സിങ്ക്‌) 0.005 പിപിഎം. 0.69 പിപിഎം.
8. ക്രോമിയം 0.05 പിപിഎം. 0.148 പിപിഎം.
9. നിക്കൽ 0.0001 പിപിഎം. 0.20 പിപിഎം.
10. ഇരുമ്പ്‌ (അയൺ) 3.00 പിപിഎം. 6.50 പിപിഎം.

നിർഗമങ്ങൾ പുഴയിലേക്ക്‌ ഒഴുക്കുമ്പോൾ ഉണ്ടായിരിക്കേണ്ട ഗുണനിലവാരമൂല്യങ്ങൾ നിർദേശിക്കപ്പെടുന്നത്‌ നിർഗമം പുഴയിലെ വെള്ളത്തിൽ കലരുമ്പോൾ അതിനെ ഉപയോഗയോഗ്യമല്ലാതാക്കില്ല എന്ന അടിസ്ഥാനത്തിൻമേലാണ്‌. എന്നാൽ ചാലിയാറിലേക്ക്‌ ഒഴുക്കുന്ന നിർഗമങ്ങൾ നിർദിഷ്‌ട ഗുണനിലവാരങ്ങൾ പാലിച്ചിരുന്നില്ല എന്നാണ്‌ ഈ കണക്കുകൾ കാണിക്കുന്നത്‌.

ചാലിയാറിൽ നിർഗമ ജലം വന്നുപതിക്കുന്നതിന്‌ കീഴെയുള്ള ജലത്തിലെ രസത്തിന്റെ അളവ്‌ കോഴിക്കോട്‌ സർവകലാശാലയിലെ കെമിസ്‌ട്രി പ്രൊഫസർ ഡോ.സവരിയാരുടെ നേതൃത്വത്തിൽ ഒരു പഠനം നടന്നിട്ടുണ്ട്‌. ഇതു കാണിക്കുന്നത്‌ വാഴക്കാട്ട്‌ പ്രദേശത്ത്‌ രസത്തിന്റെ അളവ്‌ 2.87mg/I ഉം ചുങ്കപ്പള്ളിയിൽ 2.78mg/I ഉം ആണെന്നാണ്‌ (അനുവദനീയം 0.001mg/I). ഇതുപോലെ തന്നെ കാരീയത്തിന്റെ അളവ്‌ ചുങ്കപ്പള്ളിയിൽ 2.613 mg/I ആണ്‌. (അനുവദനീയം 0.1mg/I). 1994 ൽ കേരള സയൻസ്‌ കോൺഗ്രസിൽ ഡോ.എം.മുരളീധരൻ നായർ അവതരിപ്പിച്ച `ബേപ്പൂർ സെഡിമെന്റിലെ രസം' എന്ന പ്രബന്ധത്തിൽ അവിടെ രസമുള്ളതായി തെളിയിച്ചിട്ടുണ്ട്‌. (Procedings of the Sixth Kerala Science Congress. Jan. 94, PP60-61, 02=06) ഗോവയിലെ നേഷനൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓഷ്യനോഗ്രാഫിയുടെ നേതൃത്വത്തിൽ നടന്ന മറ്റൊരു പഠനവും ചാലിയാറിന്റെ അഴിമുഖത്ത്‌ മെർക്കുറിയുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്‌.

ചാലിയാറിൽ പലപ്പോഴായി മത്സ്യങ്ങൾ ചത്തുപൊങ്ങുന്നത്‌ തദ്ദേശവാസികൾക്ക്‌ ഒരു നിത്യസംഭവമാണെങ്കിൽ പുഴയിലെ ജൈവസൂക്ഷ്‌മാണുക്കളുടെ അളവ്‌ ഗണ്യമായ തോതിൽ കുറയുന്നതായി പഠനങ്ങൾ കാണിക്കുന്നു. കൊച്ചിയിലെ നേഷണൽ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഓഷ്യനോഗ്രാഫിയിലെ ശാസ്‌ത്രജ്ഞനായ ഡോ.ശങ്കരനാരായണനും സംഘവും ചാലിയാറിലേയും മലിനീകരണഭീഷണിയില്ലാത്ത തൊട്ടടുത്ത കോരപ്പുഴയിലേയും ജൈവ സൂക്ഷ്‌മാണു ജീവികളെ സംബന്ധിച്ച ഒരു താരതമ്യപഠനം നടത്തിയിട്ടുണ്ട്‌ ((Procedings of the Sixth Kerala Science Congress. Jan. 94, P64-67, 02-08). കോരപ്പുഴയിൽ കാലവർഷത്തിനു മുമ്പ്‌ ജൈവസൂക്ഷ്‌മാണു സാന്ദ്രത 1105 മുതൽ 17967 വരെയെന്ന്‌ കണ്ടപ്പോൾ ചാലിയാറിലത്‌ 63 മുതൽ 1600 വരെ മാത്രമാണ്‌. അതുപോലെ തന്നെ വർഷകാലത്ത്‌ കോരപ്പുഴയിൽ 7998 മുതൽ 459697 വരെ ജൈവ സാന്ദ്രതയുള്ളപ്പോൾ ചാലിയാറിൽ കേവലം 916 മുതൽ 1813 വരെയാണ്‌. വർഷകാലത്തിനുശേഷം ഇത്‌ യഥാക്രമം 6783 മുതൽ 173884 വരെയും 164 മുതൽ 2150 വരെയുമാണ്‌. ജൈവവ്യവസ്ഥയെ പിടിച്ചു നിർത്താനുള്ള ചാലിയാറിന്റെ ശേഷി വിവരണാതീതമായി കുറയുന്നതാണീ കണക്കുകൾ കാണിക്കുന്നത്‌.

സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ കണക്കുകൾ പരിശോധിച്ചാൽ അവിടെയുള്ള മലിനീകരണത്തിന്റെ തോത്‌ സംബന്ധിച്ച്‌ ഒരേകദേശ ചിത്രം കിട്ടും. മാരകമായ പല മലിനീകാരകങ്ങളും സർക്കാർ നിശ്ചയിച്ച നിലവാരത്തിലേക്കു താഴ്‌ത്തിക്കൊണ്ടുവരാൻ കമ്പനിക്ക്‌ കഴിഞ്ഞിട്ടില്ല. കണക്കു നോക്കൂ

നിർഗ്ഗമം സ്വീകരിച്ച മലിനീകാരകങ്ങൾ
തിയതി സ്ഥലം BOD (std 30mg/l) COD (std 350mg/l) Sulphide (std 2mg/l) Color
01-07-1995 ചുങ്കപ്പള്ളി 200 425 41.2 400
28-07-1995 " 96 368 2.2 2500
11-09-1995 " 448 13.2 25
27-09-1995 " 40 232 13.6 700
18-06-1996 " 74 816
03-07-1997 " 88 840
10-07-1997 " 18.6 340
04-08-1997 മണ്ണന്തലക്കടവ് 41 256
07-08-1997 " 63 304

ഇനി വായു മലിനീകരണത്തിന്റെ കണക്കു നോക്കാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള രണ്ട്‌ നഗരങ്ങളാണ്‌ ഡൽഹിയും ലക്‌നോവും. എന്നാൽ അതിലും കൂടുതലാണ്‌ വാഴക്കാട്‌ വായു മലിനീകരണം മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ അളവ്‌ എന്ന്‌ താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ നിന്ന്‌ വ്യക്തമാണ്‌.

വായുമലിനീകരണംമൂലം ശ്വാസതടസ്സമനുഭവപ്പെടുന്നവർ

പുരുഷൻമാർ സ്‌ത്രീകൾ
ഡൽഹി 7% 4.9%
ലക്‌നോ 6.7% 5.7%
മാവൂർ 14% 8.7%

അതെ. ജലമലിനീകരണംപോലെ രൂക്ഷമാണ്‌ മാവൂരിലേയും വാഴക്കാട്ടെയും വായുമലിനീകരണം. SO2, H2S , CS2 തുടങ്ങിയ രാസവാതകങ്ങൾ അന്തരീക്ഷത്തിലേക്ക്‌ നിർബാധം വമിക്കുന്നുണ്ട്‌. അന്തരീക്ഷത്തിലെ വായു മലിനീകരണത്തോത്‌ അളക്കാനുള്ള ഒരു സംവിധാനവും ഏർപ്പെടുത്തിയിട്ടില്ല. ജനങ്ങളുടെ ദുരിതവും രോഗാതുരതയുമാണ്‌ മലിനീകരണത്തിന്റെ അളവുകോലായി എടുക്കാവുന്നത്‌.

കമ്പനിയിലെ പ്രധാനപ്പെട്ട മൂന്ന്‌ പുകക്കുഴലിൽനിന്നുള്ള ബഹിർഗമനത്തിലെ മലിനീകാരകങ്ങളുടെ ചില കണക്കുകൾ PCB പരിശോധിച്ചിട്ടുണ്ട്‌. അവയുടെ കണക്കുകൾ ഇങ്ങനെയാണ്‌:

Grasim Industriels ltd- Stack emission monitoring exceding parameters

Sampling date Chimncy No Parameters Standard
source Results
24-2-97 2 Lime kiln(Pulp drn) s.pm 230.000 mg/nm3 150.00mg/nm3
23.4.97 5.spinning machine CS2-51.034mg/nm3
(SFD) H2S-468.970mg/nm3
30.9.97 5 spinning machine CS2-408.200mg/Nm3
(SFD) H2S- 100-000mg/nm2
22-10-97 1 boiler (Pulp dvn) H2s- 395.833mg/nm3

ആരോഗ്യപഠനങ്ങൾ

1976-ൽ ആരോഗ്യവകുപ്പു നടത്തിയിട്ടുള്ള ഒരു സർവേയിൽ ശ്വാസകോശരോഗം, വിളർച്ച, വരട്ടുചൊറി എന്നീ രോഗങ്ങൾ അവിടെ വ്യാപകമായി ബാധിച്ചിട്ടുണ്ടെന്ന്‌ കണ്ടിരുന്നു. പ്രസ്‌തുത പഞ്ചായത്തിൽ അഞ്ചാംവാർഡിലെ മുന്നൂറോളം കുട്ടികളെ പരിശോധനയ്‌ക്ക്‌ വിധേയരാക്കിയതിൽ ഭൂരിപക്ഷത്തിനും ശ്വാസകോശ രോഗമുണ്ടെന്നും കണ്ടിട്ടുണ്ട്‌. ആ വാർഡിലെ 422 വീടുകളിലെ 2,343 പേരെപ്പറ്റി നടത്തിയ പഠനത്തിലും 856 പേർക്ക്‌ ശ്വാസകോശരോഗം ബാധിച്ചിരുന്നെന്നും 515 പേർ ഇപ്പോഴും രോഗികളാണെന്നും റിപ്പോർട്ട്‌ ചെയ്‌തിരുന്നു. 1978 ഒക്‌ടോബർ 25-ാം തിയ്യതി മലപ്പുറം ഡി.എം.ഒവിന്റെ നേതൃത്വത്തിൽ ഒരു വൈദ്യപരിശോധനാക്യാമ്പ്‌ നടത്തിയെങ്കിലും ഈ പരിശോധനയുടെ ഔദ്യോഗിക റിപ്പോർട്ട്‌ ഇതുവരെയും വെളിച്ചം കണ്ടിട്ടില്ല.

വാഴക്കാടിലെ ആരോഗ്യ സർവെ

ഈ പശ്ചാത്തലത്തിലാണ്‌ ശാസ്‌ത്രീയമായ ഒരു സർവെ നടത്താൻ ഈ പഠനസംഘം തയ്യാറായത്‌. ഒരു സാമ്പിൾ സർവെ മാത്രമാണ്‌ നടന്നത്‌. വാഴക്കാട്‌ പഞ്ചായത്തിൽപെട്ടതും ചാലിയാറിന്റെ തെക്കൻ തീരത്തുള്ളതുമായ 5, 8 എന്നീ വാർഡുകളിൽനിന്നും മലിനീകരണം നേരിട്ട്‌ ഏറ്റിട്ടില്ലാത്ത 4-ാം വാർഡിൽനിന്നും തികച്ചും ക്രമരഹിതമായ (random) 165 വീടുകളാണ്‌ സർവേയിൽ പെടുത്തിയത്‌. ഈ വീടുകളിലെ പുരുഷൻമാർ, സ്‌ത്രീകൾ, കുട്ടികൾ എന്നിവരുടെ വയസ്സ്‌, തൊഴിൽ, ആരോഗ്യം, ഭക്ഷണം എന്നീ വിവരങ്ങൾക്കുപുറമേ അവരവർക്കുണ്ടെന്ന്‌ പറഞ്ഞ രോഗവിവരങ്ങളും രേഖപ്പെടുത്തി. ആളുകളെ നേരിൽ കണ്ട്‌ അവരുടെ ആരോഗ്യനില A, B, C, D എന്നീ നാലു തരമാക്കി തിരിച്ചു. കുട്ടികളടക്കം 776 പേരെപ്പറ്റിയാണ്‌ വിവരങ്ങൾ ശേഖരിച്ചത്‌. അത്‌ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.

ആരോഗ്യനില
വയസ്സ്‌ ഗ്രൂപ്പ്‌ വയസ്സ്‌ റെയ്‌ഞ്ച്‌ A B C D
1 1-5 6 60 18 -
2 5-19 34 187 90 4
3 20-39 29 127 50 4
4 40-50 8 64 32 2
5 50+ 5 30 25 1
ആകെ 82 468 215 11

ആകെ 776

*A-പൂർണാരോഗ്യം. B-ഇന്ത്യൻ ഗ്രാമപ്രദേശത്തെ സാമാന്യ ആരോഗ്യം. C-ആരോഗ്യം കുറവ്‌. D- തീരെ ആരോഗ്യമില്ലാത്ത അവസ്ഥ

അതിനുശേഷം പ്രഥമദൃഷ്‌ട്യാ രോഗമുള്ളവരെന്ന്‌ സർവെയിൽ തോന്നിയവരിൽ 186 പേരെ പ്രാഥമിക വൈദ്യപരിശോധനയ്‌ക്ക്‌ തെരഞ്ഞെടുത്തു. 1979-ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കോഴിക്കോട്‌ ശാഖയുടേയും മെഡിക്കൽ കോളേജ്‌ നാഷനൽ സർവീസ്‌ സ്‌കീം യുണിറ്റിന്റേയും ആഭിമുഖ്യത്തിൽ നടത്തിയ വൈദ്യപരിശോധനയ്‌ക്ക്‌ 102 പേരെ വിധേയരാക്കി. ഈ പ്രാഥമിക വൈദ്യപരിശോധനയിൽ 51 പേർ വിശദമായ പരിശോധനയ്‌ക്കു വിധേയരാകേണ്ടതാണെന്ന നിഗമനത്തിലാണെത്തിയത്‌. അതായത്‌ ആകെ പരിശോധിച്ചവരിൽ 50% പേർ രോഗികളായിരുന്നു.

ഈ സർവെയിൽനിന്ന്‌ അന്തരീക്ഷ മലിനീകരണം നിമിത്തം വാഴക്കാട്ടുകാരിലുണ്ടായിട്ടുള്ള രോഗങ്ങൾ ഇന്നിന്നതൊക്കെയാണെന്ന്‌ പറയാനുള്ള തെളിവുകൾ ഒന്നും കിട്ടിയിട്ടില്ലെങ്കിലും തിക്കച്ചും ക്രമരഹിതമായി തെരഞ്ഞെടുത്ത കുറെയാളുകളിൽ നടത്തിയ പ്രാഥമിക വൈദ്യപരിശോധന, അവരിൽ അമ്പതു ശതമാനം പേർ രോഗികളാണെന്ന്‌ കണ്ടിരിക്കുന്നു എന്നത്‌ പരിഗണനയർഹിക്കുന്ന ഒരു വസ്‌തുതയാണ്‌. അന്തരീക്ഷ മലിനീകരണം മൂലമുണ്ടാവുന്ന രോഗങ്ങളെപ്പറ്റിയുള്ള ഇന്നത്തെ അറിവുവെച്ചുകൊണ്ട്‌ നോക്കുമ്പോൾ ഈ നിഗമനം ഒരു മുന്നറിയിപ്പായി ഒരു ചൂണ്ടുപലകയായെങ്കിലും എടുത്തേണ്ടിയിരുന്നതാണ്‌

പഞ്ചായത്ത്‌ പഠനം

വാഴക്കാട്‌ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 1994 നവമ്പർ 22 മുതൽ 30 വരെ കൂടിയ തിയ്യതികളിൽ ഒരു ക്യാൻസർ സർവേ നടത്തി. അതിന്റെ സംക്ഷിപ്‌തം ചുവടെ കൊടുക്കുന്നു. (പട്ടിക 1 നോക്കുക)

പട്ടിക 1
വാർഡ് നമ്പർ ഇപ്പോൾ കാൻസർ രോഗികൾ 1990ന്
ശേഷം
ഇപ്പോൾ ക്ഷയ രോഗികൾ ഹൃദ്രോ
ഗികൾ
അൾ
സർ
കിഡ്നി രോഗികൾ ആസ്തമ രോഗികൾ തുടർച്ച
യായ
ത്വക് രോഗികൾ അപ
സ്മാരം
മന്ദ
ബുദ്ധി
കുഷ്ഠം മന്ത് കാഴ്ച
ക്കുറവ്
മനോ
രോഗി
ആകെ
1 4 9 7 4 9 2 11 8 6 4 3 2 1 62 8 140
2 5 12 14 5 7 4 10 4 4 10 8 1 - 54 18 156
3 4 10 10 4 5 3 5 7 5 6 2 1 - 13 9 84
4 8 15 13 8 10 5 6 6 3 11 5 1 1 49 14 155
5 10 21 12 4 12 8 14 10 4 9 4 2 - 28 12 150
6 5 9 16 2 8 4 9 9 7 8 12 3 - 41 15 148
7 9 20 19 8 9 6 26 118 5 12 10 2 - 78 25 347
8 6 19 24 3 11 5 12 72 6 16 9 1 - 24 40 248
9 8 23 13 5 16 3 10 10 16 11 6 3 - 32 19 175
10 9 28 21 6 12 4 18 42 12 18 9 3 2 57 36 271
11 11 33 27 9 18 6 13 58 14 24 7 2 - 76 28 326
ആകെ 79 199 176 58 117 50 134 344 82 129 75 21 4 514 224 2206

മെഡിക്കൽ കോളേജ്‌ വിദ്യാർഥികളും പരിഷത്തും നടത്തിയ പഠനം

1995-96 ൽ കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ വിദ്യാർഥികളും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തും ചേർന്ന്‌ വിശദമായ മറ്റൊരു പഠനം നടത്തുകയുണ്ടായി. ജലമലിനീകരണത്തിന്‌ വിധേയമായ ചാലിയാറിന്റെ ഇരുകരയിലുമുള്ള ഒളവണ്ണ, പെരുവയൽ എന്നീ ഗ്രാമങ്ങളിൽനിന്ന്‌ 10 കുടുംബങ്ങൾ വീതമുള്ള 10 ക്ലസ്റ്ററുകളും അതുപോലെ തന്നെ വായുമലിനീകരണ പ്രദേശമായ വാഴക്കാട്ടുനിന്നും മലിനീകരണ ഭീഷണിയില്ലാത്തതും എന്നാൽ സമാനമായ സാമൂഹ്യ സാഹചര്യമുള്ള തൊട്ടടുത്ത കുന്ദമംഗലം പഞ്ചായത്തിൽനിന്നും ഇങ്ങനെ 10 ക്ലസ്റ്ററുകൾ വീതം പഠനവിധേയമാക്കി. ഈ പഠനത്തിൽ നിന്നും ലഭിച്ച ചില വിവരങ്ങൾ ചുവടെ കൊടുക്കുന്നു.


ജലമലിനീകരണ പ്രദേശം (പെരുവയൽ, ഒളവണ്ണ) വായുമലിനീകരണ പ്രദേശം (വാഴക്കാട്‌) മലിനീകരണവിമുക്ത പ്രദേശം (ചാത്തമംഗലം)
രോഗാതുരത 217.3 134.4 122.3
ചികിൽസാചിലവ്‌ Rs.146 Rs.109 Rs.88
ക്യാൻസർ -മരണനിരക്ക്‌ 7.1/6000 5.6/5000 9.3/9000

RCC നടത്തിയ കാൻസർ പഠനം

വാഴക്കാട്‌ ഗ്രാമപഞ്ചായത്ത്‌ അവിടെ കാൻസർ നിരക്ക്‌ വളരെ കൂടുതലാണെന്നും 213 കാൻസർ മരണങ്ങൾ കഴിഞ്ഞ 5 കൊല്ലങ്ങളായി ഉണ്ടായെന്നും ഇപ്പോൾ 95 കാൻസർരോഗികളുണ്ടെന്നും പത്രപ്രസ്ഥാവന നൽകിയതിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിന്റെ ആരോഗ്യകുടുംബക്ഷേമ വകുപ്പ്‌ ഇതു സംബന്ധിച്ചു പഠനം നടത്തി വിവരം നൽകാൻ തിരുവനന്തപുരത്തെ റീജനൽ കാൻസർ സെന്ററിനോട്‌ അപേക്ഷിക്കുകയുണ്ടായി (Lr No. 49710/ j2195) ഇതനുസരിച്ച്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌, മലപ്പുറം (DMOH), അമലാ കാൻസർ ഇൻസ്‌റ്റിറ്റിയൂട്ട്‌ എന്നിവിടങ്ങളിലെ ഡോക്‌ടർമാരുടെ സഹകരണത്തോടെ 30-10-95-ന്‌ വാഴക്കാട്‌ പഞ്ചായത്തിലെ മരണരജിസ്റ്റർ നോക്കി അതിൽ മരണകാരണം രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ ഒരു പഠനം നടത്തുകയുണ്ടായി. അതിന്റെ വിവരം ചുവടെ പട്ടികയിൽ കൊടുത്തിരിക്കുന്നു. മലിനീകരണത്തിന്‌ വിധേയമായ വാഴക്കാട്‌ ഗ്രാമവും 15 കി.മീറ്റർ അകലെയുള്ള അരീക്കോട്‌ ഗ്രാമപഞ്ചായത്തും പഠനത്തിന്‌ തെരഞ്ഞെടുത്തത്‌.

ആകെ ജനസംഖ്യ വാഴക്കാട്‌ 40,000 അരീക്കോട്‌ 23,000
പു. സ്‌ത്രീ ആകെ. പു. സ്‌ത്രീ ആകെ.
ആകെ മരണം 175 110 285 152 105 257
1 ലക്ഷത്തിന്‌ മരണനിരക്ക - - 2.5 - - 3.9
കാൻസർ മരണം 51 8 59 23 15 38
കാൻസർ അല്ലാത്ത മരണത്തിന്റഎത്ര ശതമാനത്തിലാണ് കാൻസർ മരണം 29% 7% 21% 15% 14% 15%

പൊതുവെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കാൻസർബാധ നിരക്ക്‌ 6 മുതൽ 8 % വരെയായിരിക്കുമ്പോൾ മാവൂരിനുപുറമെ ഏറ്റവും അടുത്ത്‌ 21% 15 കി.മീറ്റർ അകെല 15% വും എന്നത്‌ വളരെ ഉയർന്ന ഒരു നിരക്കാണ്‌.

റീജനൽ കാൻസർ സെന്ററിലേയും അമലാ കാൻസർ സെന്ററിലേയും ഡോക്‌ടർമാർ സംയുക്തമായി 30.10.95-ന്‌ വാഴക്കാട്‌ നടത്തിയ ക്യാൻസർ ഡിറ്റക്ഷ്യൻ ക്യാമ്പിൽ 725 പേർ പങ്കെടുത്തു. അതിൽ 24 ക്യാൻസർ രോഗികളെ കണ്ടെത്തി. ഇതിൽ 6 എണ്ണം പുതിയ കാൻസർ രോഗികളായിരുന്നു.

ഗ്രാസിമിനു ചുറ്റുമുള്ള 6 പഞ്ചായത്തുകളിലായി 2 ലക്ഷത്തോളം പേർ ഇന്ന്‌ ദുരിതത്തിലമർന്നിരിക്കുകയാണ്‌. ശുദ്ധവായുവും ശുദ്ധജലവും അവർക്ക്‌ നിഷേധിക്കപ്പെട്ടിരിക്കുന്നു. രാസപദാർഥങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു ഫാക്‌ടറിക്ക്‌ ചുറ്റും രാസമലിനീകരണം സ്വാഭാവികം മാത്രമാണെന്നാണ്‌ അധികൃത ഭാഷ്യം (Down to Earth - 15, Oct 97). ഞങ്ങൾ പുണ്യത്തിന്‌ (charity) വേണ്ടിയല്ല കമ്പനി നടത്തുന്നത്‌ ലാഭത്തിനുവേണ്ടിയാണെന്ന്‌ മാനേജ്‌മെന്റ്‌ വാദിക്കുന്നു (Hindu 20, Oct.97). സാമ്പത്തിക പരിഗണന വെച്ചുകൊണ്ടുതന്നെ ഇനിയൊന്നും ചെയ്യാനില്ല എന്നാണ്‌ ഈയിടെ നിയമ സഭാ സബ്‌കമ്മിറ്റിയുടെ അന്വേഷണവേളയിൽ മാനേജ്‌മെന്റ്‌ തുറന്നടിച്ചുതന്നെ പറഞ്ഞത്‌. പോയ വർഷങ്ങളിലായി 33 കോടിയും 40 കോടിയും ലാഭമെന്ന്‌ സമ്മതിക്കുമ്പോൾ തന്നെയാണ്‌ ഈ ധിക്കാരം.

നിർഗമ ശുചീകരണത്തിന്റെ അപര്യാപ്‌തതകൾ

40000 m3 നിർഗമമാണ്‌ പ്രതിദിനം ചാലിയാറിലേക്ക്‌ ഒഴുക്കുന്നത്‌. ഫാക്‌ടറിയിൽനിന്ന്‌ നിർഗമശുദ്ധീകരണത്തിന്‌ ചില ഏർപ്പാടുകൾ ഉണ്ട്‌. പക്ഷേ, ആകെ നിർഗമത്തിന്റെ ഏതാണ്ട്‌ 35 ശതമാനം മാത്രം കൈകാര്യം ചെയ്യാനുള്ള സംവിധാനമേ ഉള്ളൂ എന്നതാണ്‌ സത്യം. അതുതന്നെയും വേണ്ട വിധത്തിലല്ല.

ഇപ്പോൾ ഫാക്‌ടറിയിൽ നടത്തിവരുന്ന ശുദ്ധീകരണത്തിന്റെ അപര്യാപ്‌തത നിർഗമജലത്തിന്‌ നിർദേശിക്കപ്പെട്ടിട്ടുള്ള ഗുണനിലവാരങ്ങൾ ഒരിക്കലും ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നിതിൽനിന്ന്‌ തെളിയുന്നുണ്ടല്ലോ. പി.എച്ച്‌., ബി.ഒ.ഡി, സി.ഒ.ഡി. എന്നീ മൂല്യങ്ങൾ എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു. മനുഷ്യോപയോഗ്യമായ പുഴവെള്ളത്തിന്റെ പി.എച്ച്‌. 6.5-7 ആയിരിക്കണമെന്നാണ്‌ നിബന്ധന. എന്നാൽ ഫാക്‌ടറി നിർഗമജലത്തിന്റേത്‌ 6-9 ആണ്‌. നിബന്ധിത ബിഒഡി 30 ആയിരിക്കെ നിർഗമ ജലത്തിന്റേത്‌ 100 - 1000 വരെയാണ്‌. സി.ഒ.ഡി. നിബന്ധന 250 ആണെങ്കിൽ നിർഗമത്തിന്റേത്‌ 1270 ആണ്‌. കൂടാതെ നിർഗമജലത്തിൽ അമിതമായ തോതിൽ ഖരപദാർഥങ്ങളും, സൾഫേറ്റ്‌, ക്ലോറൈഡ്‌ തുടങ്ങിയ യൗഗികങ്ങളും കാരീയം, രസം, തുത്തനാകം, ക്രോമിയം, നിക്കൽ, ഇരുമ്പ്‌ എന്നീ ഘനലോഹങ്ങളും അടങ്ങിയിരിക്കുന്നു. ഇന്നുള്ള ശുദ്ധീകരണ സമ്പ്രദായത്തിൽ ബ്ലാക്‌ ലിക്കറിന്റെ അവശിഷ്‌ടവും മറ്റുമടങ്ങുന്ന നിർഗമം വായുരഹിത ട്രീറ്റ്‌മെന്റിനു വിധേയമാക്കുന്നത്‌ തുറന്ന കുളത്തിലാകയാൽ ശരിയായ രാസപ്രക്രിയ നടക്കുന്നത്‌ കുളത്തിന്റെ അടിയിൽ മാത്രമാണ്‌. എന്നുതന്നെയല്ല, ഈ പ്രവർത്തനത്തിൽ ഉളവാകുന്ന കാർബൺഡയോക്‌ഡൈഡ്‌, ഹൈഡ്രജൻ സൾഫൈഡ്‌, മീഥേൻ എന്നീ വാതകങ്ങൾ നേരിട്ട്‌ അന്തരീക്ഷത്തിലേക്ക്‌ പ്രവേശിക്കുന്നു. അത്‌ സ്ഥിരമായൊരു വായു മലിനീകരണ സ്രോതസ്സായിത്തീരുന്നു. ഈ കുളത്തിന്റെ അടിയിലൂറുന്ന പദാർഥം പുറത്തെടുത്ത്‌ പുഴവക്കിൽ കുന്നുകൂട്ടിയിടുകയാണ്‌. അത്‌ അവിടെനിന്ന്‌ പുഴയിലിടിഞ്ഞ്‌ അതിലെ രാസവിഷങ്ങളെ വെള്ളത്തിൽ ചേർക്കുന്നു.

വായു ശുദ്ധീകരണത്തിന്റെ സ്ഥിതിയും മെച്ചമല്ല. ഈ കുളത്തിലെ ജലപ്പരപ്പിൽ പ്രവർത്തിക്കുന്ന പങ്കകൾ നിർഗമ ജലത്തിലേക്ക്‌ വേണ്ടത്ര വായു വേണ്ടിടത്ത്‌ എത്തിക്കുന്നില്ല. എന്നുതന്നെയല്ല മേൽപരപ്പിൽ ഉണ്ടാവുന്ന പത മറ്റു പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുന്നു. പങ്കകൾ ഘടിപ്പിച്ച ഈ കുളത്തിലേക്ക്‌ ഫാക്‌ടറി വക കോളനിയിൽനിന്നുള്ള കക്കൂസ്‌ മാലിന്യങ്ങൾ എത്തിക്കുന്നുണ്ട്‌. കുളത്തിൽ പ്രവർത്തിക്കുന്ന ബാക്‌ടീരിയങ്ങൾക്ക്‌ സഹായമാവും എന്ന അടിസ്ഥാനത്തിലാണ്‌ ഇങ്ങനെ ചെയ്യുന്നത്‌. എന്നാൽ ഈ സീവേജ്‌ കുഴൽവഴി പ്രവേശിപ്പിക്കുന്നത്‌ കുളത്തിന്റെ ഏറ്റവും പടിഞ്ഞാറേ അറ്റത്താണ്‌. പങ്കകൾ പ്രവർത്തിക്കുന്നതും നിർഗമ ജലം ബാക്‌ടീരിയങ്ങൾക്കു വിധേയമാക്കുന്നതും കുളത്തിന്റെ കിഴക്കേ പകുതിയിലാണ്‌. ആകയാൽ കക്കൂസ്‌ മാലിന്യം നിർബാധം കുളത്തിന്റെ പടിഞ്ഞാറേ അരികിലൂടെ നേരിട്ട്‌ പുറത്തേക്ക്‌ ഒഴുകി ചാലിയാറിൽ ചേരുന്നു. വിസരണം വഴിയായി കുറഞ്ഞൊരു ശതമാനം കുളത്തിന്റെ മറ്റു പ്രദേശങ്ങളിലേക്ക്‌ വ്യാപിക്കാനുള്ള സാധ്യതതന്നെ കുളത്തിൽ വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന സ്ഥിതിവിശേഷം ഇല്ലാതാക്കുന്നു. കക്കൂസ്‌ മാലിന്യം പുഴയിലേക്ക്‌ ഒഴുക്കുന്നത്‌ അനുവദനീയമല്ല.

ഫാക്‌ടറിയിൽ ഇന്നുള്ള ശുദ്ധീകരണസംവിധാനത്തിന്റെ അപര്യാപ്‌തയെ കോടതികൾപോലും എടുത്തു പറഞ്ഞിട്ടുണ്ടുതാനും. 1980 മെയ്‌ മാസം 17-ാം തിയ്യതി വാട്ടർ അപ്പെലറ്റ്‌ അതോറിറ്റി ചെയർമാൻ, ഗ്വാളിയോർ റയോൺസ്‌ ഫാക്‌ടറിക്കെതിരെ നൽകിയ ഒരു വിധിയിൽ പ്രസക്തമായ ചില പ്രസ്‌താവങ്ങളുണ്ട്‌. 1975 സപ്‌തംബറിൽ ഫാക്‌ടറി ബോർഡിനെ അറിയിച്ചിരുന്നത്‌ ബിഒഡി 30 ആക്കാൻ വേണ്ട സംവിധാനത്തിനുവേണ്ടി പലപല വിദഗ്‌ധ കമ്പനിക്കാരേയും സമീപിച്ചിട്ടുണ്ട്‌ എന്നാണ്‌. അതിനുശേഷവും പലപ്പോഴും നിർദിഷ്‌ട ഗുണനിലവാരം എത്തിക്കാനുള്ള തീവ്രശ്രമങ്ങൾ നടത്തുന്നു എന്നു ബോധ്യപ്പെടുത്തിയിട്ടുമുണ്ട്‌. പക്ഷേ, ഇന്നേവരെ അത്തരത്തിൽ ഒന്നും നടപ്പാക്കിയിട്ടില്ല. പ്രതിമാസം ഫാക്‌ടറി സമർപ്പിച്ചിരുന്ന നിർഗമ വിശ്ലേഷണ റിപ്പോർട്ടുകളിൽനിന്ന്‌ ഇതു തെളിയുകയും ചെയ്യുന്നു. പുഴയിലേക്ക്‌ അതിശക്തമായ വിഷപദാർഥങ്ങൾ ഒഴുക്കി ചാലിയാർ തീരങ്ങളിലെ മനുഷ്യരുടെ ജീവൻകൊണ്ട്‌ കളിക്കുകയാണ്‌ ഫാക്‌ടറി എന്നുപോലും വിധിന്യായത്തിൽ പറഞ്ഞിരിക്കുന്നു. 1982 മാർച്ച്‌ 30-ാം തിയ്യതി പ്രസ്‌തുത ഫാക്‌ടറി ഫയൽ ചെയ്‌തിരുന്ന ഒരു കേസിൽ വിധിപറയവെ ഹൈക്കോടതി ജഡ്‌ജി ഇങ്ങനെ പറയുകയുണ്ടായി:

``ഒരു കാലത്ത്‌ സുഖവാസകേന്ദ്രമായിരുന്ന ചാലിയാർതീരം ഇന്ന്‌ ഭൂമുഖത്തുള്ളൊരു നരകമായിത്തീർന്നിരിക്കുന്നു. ചുരുങ്ങിയത്‌ ഒരു ദശകമായി അവിടുത്തെ ജനങ്ങൾ യാതനകൾ അനുഭവിച്ചുവരികയാണ്‌. അന്യായക്കാരനായ ഈ കമ്പനിക്ക്‌ ഈ സ്ഥിതിവിശേഷത്തിൽ കാര്യമായ പങ്കുണ്ട്‌. സംസ്ഥാന ഗവൺമെന്റും കേരള സംസ്ഥാന ജലമലിനീകരണനിയന്ത്രണബോർഡും വേണ്ടസമയത്ത്‌ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇത്‌ പണ്ടുപണ്ടേ തടയാമായിരുന്നു. റയോൺസ്‌ വ്യവസായത്തിലെ ലാഭം വമ്പിച്ചതുതന്നെയാണ്‌. ആകയാൽ മലിനീകരണം ഇല്ലാതാക്കാൻ വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്താൻ കമ്പനിക്കു കഴിവില്ല എന്നു വിശ്വസിക്കുകവയ്യ. ഈ കേസിൽനിന്ന്‌ മനസ്സിലാവുന്നത്‌ കമ്പനിയിലെ നിർഗമശുദ്ധീകരണം ഒട്ടും തൃപ്‌തികരമല്ല എന്നുതന്നെയാണ്‌. ഫാക്‌ടറിയിലെ ഉൽപാദനം വർധിപ്പിക്കയാൽ ആദ്യമേ ഉണ്ടായിരുന്ന ശുദ്ധീകരണസംവിധാനം അപര്യാപ്‌തമായി എന്നു കരുതണം. ഒരു കാര്യം ഓർക്കേണ്ടത്‌ നിർഗമങ്ങളിലെ ഒരു മലിനീകരണ വസ്‌തു രസം ആണെന്നതാണ്‌. ഈ അവസ്ഥയിൽ അന്യായക്കാരന്റെ ഫാക്‌ടറിയിൽനിന്ന്‌ പുറന്തള്ളപ്പെടുന്ന നിർഗമങ്ങൾ ജീവിതത്തിന്‌ ഏകുന്ന ഭീഷണി എത്ര വലുതാണെന്ന്‌ ഞാൻ പറയേണ്ടതില്ല. ജീവിതം, പ്രത്യേകിച്ച്‌ മനുഷ്യജീവിതം ഈ നാട്ടിൽ ഇത്ര വിലകുറഞ്ഞതാവാൻ പാടില്ല.

ചാലിയാർ മലിനീകരണവും നിയമനടപടികളും

മലിനീകരണം രൂക്ഷമായതിനാൽ ജനരോഷം സംഘടിതമായി പ്രകടിപ്പിക്കുകയാൽ 1968-ൽ ആദ്യമായി സർക്കാർ ഇടപെട്ടു. ഒരു വിദഗ്‌ധകമ്മിറ്റി രൂപീകരിക്കപ്പെടുകയുണ്ടായി. ഈ കമ്മിറ്റി നാഗപ്പൂരിലെ കേന്ദ്ര പൊതുജനാരോഗ്യ എൻജിനീയറിങ്‌ ഗവേഷണസ്ഥാപനത്തിന്റെ സഹായം തേടി. ഈ സ്ഥാപനം നടത്തിയ പഠനങ്ങളുടെ ഫലമായി 1972ൽ ഒരു റിപ്പോർട്ടുണ്ടായി. അതേത്തുടർന്ന്‌ 1973-ൽ നിർഗമശുദ്ധീകരണത്തിന്‌ സംവിധാനം സജ്ജമാക്കാമെന്ന്‌ കമ്പനി സമ്മതിച്ചു. പക്ഷേ, നടപടി ഒന്നുമുണ്ടായില്ല. പൊതുജനങ്ങൾ വീണ്ടും ശബ്‌ദമുയർത്തി. ഉടനെയൊരു റെവ്യൂ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. 1974 ആയപ്പോഴേക്കും വാട്ടർ ആക്‌റ്റ്‌ വന്നു. കേരളത്തിൽ ഒരു ജലമലിനീകരണ നിയന്ത്രണ ബോർഡും. അക്കൊല്ലം തൃശൂരിൽവെച്ച്‌ അന്നത്തെ വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന കൂടിയാലോചനയുടെ ഫലമായി ഒരു കരാറുണ്ടായി (രാമനിലയം കരാർ). കരാർ പ്രകാരം ശുദ്ധിചെയ്‌ത നിർഗമങ്ങൾ ഫാക്‌ടറിയിൽനിന്ന്‌ 7 കിലോമീറ്റർ പടിഞ്ഞാറ്‌ ചുങ്കപ്പള്ളി എന്ന സ്ഥലത്ത്‌ പുഴയിലൊഴുക്കാമെന്ന്‌ കമ്പനി സമ്മതിച്ചു. ഈ കരാറുണ്ടാക്കിയപ്പോൾ ആരും ആലോചിക്കാത്ത ഒരു സംഗതിയുണ്ട്‌: ശുദ്ധിചെയ്‌താണ്‌ നിർഗമങ്ങൾ പുഴയിലൊഴുക്കുന്നതെങ്കിൽ എന്തിന്‌ ചുങ്കപ്പള്ളിയിലൊഴുക്കണം? കൽപുള്ളിക്കടവിൽ ഒഴുക്കുന്നതിനോടായിരുന്നില്ല വാഴക്കാട്ടുകാരുടെ പ്രതിഷേധം. ഒഴുക്കുന്ന നിർഗമം ശുദ്ധീകരിക്കാത്തതിനോടായിരുന്നു എതിർപ്പ്‌. എങ്കിലും രാമനിലയം കരാറുകൊണ്ട്‌ പ്രധാന പ്രക്ഷോഭക്കാരായ വാഴക്കാട്ടുകാർ അടങ്ങി.

വാട്ടർ ആക്‌ടുപ്രകാരം ബോർഡിന്‌ മാവൂർഫാക്‌ടറിയെ നിലയ്‌ക്കുനിർത്താനും ശുദ്ധീകരിക്കാതെ നിർഗമങ്ങൾ പുഴയിലൊഴുക്കുന്നത്‌ പരിപൂർണമായി തടയാനും സാധിക്കുമായിരുന്നു എന്നതാണ്‌ വസ്‌തുത. വാട്ടർ ആക്‌ടിലെ ചില വകുപ്പുകൾ നോക്കൂ:

1. സെക്‌ഷൻ 20 ബോർഡിലെ ഉദ്യോഗസ്ഥൻമാർക്ക്‌ ജലാശയങ്ങളുടെ ഗതി തടയുന്നവരോടും ജലാശയങ്ങളെ മലിനപ്പെടുത്തുന്നവരോടും തൽസംബന്ധമായ വിവരങ്ങൾ ആവശ്യപ്പെടാനുള്ള അധികാരം നൽകുന്നു.

2. സെക്‌ഷൻ 21 മലിനീകരണം ഉണ്ടാക്കുന്ന നിർഗമങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാനും ശേഖരിക്കാനുള്ള ഉപാധികൾ നിശ്ചയിക്കാനും ബോർഡിന്‌ അധികാരം നൽകുന്നു.

3. സെക്‌ഷൻ 26 അനുശാസിക്കുന്നത്‌ നിലവിലുള്ള എല്ലാ വ്യാവസായിക സ്ഥാപനങ്ങളും നിർഗമങ്ങൾ ജലാശയങ്ങളിലൊഴുക്കണമെങ്കിൽ അതിനുള്ള അനുവാദം ബോർഡിനോട്‌ വാങ്ങിയിരിക്കണം എന്നാണ്‌.

4. സെക്‌ഷൻ 32-ൽ ബോർഡിന്റെ സമ്മതം കൂടാതെ നിലവിലുള്ളതോ അല്ലാത്തതോ ആയ ചാലുകളിലൂടെ നിർഗമങ്ങൾ പുറത്തേക്കൊഴുക്കുന്നത്‌ തടഞ്ഞിരിക്കുന്നു. അങ്ങനെ ചെയ്‌താൽ കുറഞ്ഞത്‌ ഒരു വർഷവും കൂടിയത്‌ ഏഴു വർഷവും ജയിൽവാസവും പിഴയും ശിക്ഷിക്കാവുന്നതാണ്‌.

5. സെക്‌ഷൻ 44 പ്രകാരം 26-ാം സെക്‌ഷൻ ലംഘിക്കുന്നവർക്ക്‌ 6 മാസം മുതൽ 6 വർഷം വരെ തടവും പിഴയും നൽകാൻ അധികാരമുണ്ട്‌.

നിശ്ചിത നിലവാരത്തിലേക്ക്‌ ശുദ്ധിചെയ്യാതെയും അനധികൃതമാർഗങ്ങളിലൂടെ നിയമവിരുദ്ധമായും നിർഗമങ്ങൾ പുഴയിലേക്കൊഴുക്കുന്നത്‌ തടയാൻ നിരവധി നിയമനടപടികൾ സ്വീകരിക്കുകയുണ്ടായിട്ടുണ്ട്‌. 1982-ൽ ബഹുമാനപ്പെട്ട കോഴിക്കോട്‌ സെഷൻസ്‌ കോടതി അന്യായമായി നിയമവിരുദ്ധമായി അനധികൃതമാർഗങ്ങളിലൂടെ നിർഗമങ്ങൾ ചാലിയാറിലേക്കൊഴുക്കുന്നത്‌ തടഞ്ഞതാണ്‌ (judgement dated 3-4-82, Crl R.P of 1982) ഈ വിധിയെ പിന്നീട്‌ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി അംഗീകരിച്ചിട്ടുമുണ്ട്‌. കോടതിയുടെ പ്രസ്‌തുത നിരോധനം നിലനിൽക്കെത്തന്നെയാണ്‌ തുടർന്നും ഇങ്ങനെ അനധികൃതമാർഗങ്ങളിലൂടെ ഒട്ടും തന്നെ ശുദ്ധീകരിക്കാതെ നേരിട്ട്‌ ഒഴുക്കു്‌ന്നതായി ജനങ്ങൾ പരാതിപ്പെട്ടപ്പോൾ പൊല്യൂഷൻ കൺട്രോൾ ബോർഡ്‌ അന്വേഷണം നടത്തുകയും ജനങ്ങളുടെ പരാതി ശരിയാണെന്ന്‌ ബോധ്യപ്പെടുകയും ഇങ്ങനെ ഒഴുക്കുന്നതിനെതിരെ കമ്പനിക്ക്‌ നോട്ടീസ്‌ നൽകുകയും ചെയ്‌തിട്ടുണ്ട്‌. വീണ്ടും തുടർന്നപ്പോൾ ഇതിനെതിരെ കുന്ദമംഗലം സെഷൻസ്‌ കോടതിയിൽ കേസ്‌ ഫയൽ ചെയ്‌തു. അനധികൃതമായ മാർഗങ്ങളിലൂടെ ശുദ്ധീകരിക്കാതെ ഒഴുക്കുകമാത്രമല്ല, അധികൃത മാർഗങ്ങളിലൂടെ ഒഴുക്കുന്ന നിർഗമങ്ങളും ബോർഡ്‌ നിർദേശിച്ച നിലവാരത്തിലേക്ക്‌ ശുദ്ധീകരിക്കാതെയാണ്‌ ഒഴുക്കുന്നതെന്ന്‌ ബോർഡ്‌ കോടതിയിൽ സത്യവാങ്‌ മൂലം നൽകിയിട്ടുണ്ട്‌. ഇങ്ങനെ ഒഴുക്കുന്നത്‌ നിർത്തണം എന്ന ഒരു ഇടക്കാല ഓർഡർ കോടതി കമ്പനിക്ക്‌ നൽകിയെങ്കിലും അതു പാലിക്കപ്പെട്ടില്ല. അതിനെതിരെയും PCB കേസ്‌ ഫയൽ ചെയ്‌തിട്ടുണ്ട്‌. നിർഭാഗ്യവശാൽ കേവലം സാങ്കേതിക കാരണത്താൽ സെഷൻസ്‌ കോടതി ആ വധി തള്ളിക്കളയുകയാണുണ്ടായത്‌. കൂടാതെ വീണ്ടും ശുദ്ധീകരിക്കാതെ ഒഴുക്കുന്നതിനെതിരെയും കേസുണ്ട്‌. കേസുകൾ ഇങ്ങനെ അനന്തമായി തുടർന്നുപോകുന്നതല്ലാതെ ഇവയ്‌ക്ക്‌ കൃത്യമായ തീരുമാനങ്ങളുണ്ടാകാതെ പോകുന്നു. ഇതിൽ കൂടുതലൊന്നും ചെയ്യാനില്ല എന്ന്‌ പൊല്യൂഷൻ കൺട്രോൾബോർഡ്‌ നിസ്സഹായമായി കൈമലർത്തുന്നതാണ്‌ നാമിന്ന്‌ കാണുന്നത്‌. നിയമത്തിന്റെ നൂലാമാലകൾ ഉയർത്തി കേസിനെ മറികടക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ്‌ കമ്പനി.

മലിനീകരണനിവാരണം

ജലമലിനീകരണം

പരിഷത്ത്‌ 1980-ൽ നിർദേശിച്ച സംവിധാനം ആക്‌റ്റിവേറ്റഡ്‌ സ്ലഡ്‌ജ്‌ പദ്ധതിയാണ്‌. ഏറ്റവും ചുരുങ്ങിയ പണച്ചിലവേ ഇതു നടപ്പിലാക്കാൻ വരികയുള്ളൂ. ഉള്ള സംവിധാനങ്ങളെത്തന്നെ പരിഷ്‌കരിച്ച്‌ ഉപയോഗിക്കുകയും ചെയ്യാം. രണ്ടുതരം നിർഗമങ്ങളാണല്ലോ ഉള്ളത്‌. അതിൽ ബ്ലാക്‌ ലിക്കറിന്റെ അവശിഷ്‌ടവും കൂടിയ ബി.ഒ.ഡി ഉള്ളതുമായ നിർഗമം ഒരു അടഞ്ഞ ഡൈജസ്റ്ററിൽ നിക്ഷേപിച്ച്‌ അവായവ ബാക്‌ടീരിയങ്ങളെക്കൊണ്ട്‌ പ്രവർത്തിപ്പിക്കുക.

ഈ പ്രവർത്തനത്തിനുവേണ്ട പോഷകങ്ങൾ പതിവുപോലെ ചേർത്ത്‌ പി.എച്ച്‌ 7 ആക്കി നിലനിർത്തുക. ഇതിൻ ഫലമായുണ്ടാവുന്ന വാതകങ്ങൾ പ്രധാനമായും കാർബൺ ഡയോക്‌സൈഡ്‌, ഹൈഡ്രജൻ സൾഫൈഡ്‌, മീഥേൻ എന്നിവയായിരിക്കും. ഈ വാതകങ്ങൾ ശേഖരിച്ച്‌ കാർബൺ ഡൈ ഓക്‌സൈഡ്‌ രാസപ്രവർത്തനം വഴിമാറ്റിയും ഹൈഡ്രജൻ സൾഫൈഡിനെ ഫെറിക്‌ ഓക്‌സൈഡുകൊണ്ട്‌ സ്‌ക്രബ്‌ ചെയ്‌തും മീഥേൻ ശുദ്ധീകരിച്ചു ശേഖരിക്കാം. ഏതാണ്ട്‌ 40,000 ക്യു.മീ. മീഥേൻ പ്രതിദിനം ഇങ്ങനെ ഉൽപാദിപ്പിക്കാം. അത്‌ 1800 ഓളം വീട്ടുകാർക്ക്‌ പാചകവാതകമായി ഉപയോഗിക്കുകയും ചെയ്യാം. അവായവ ഡൈജസ്റ്ററിലെ ഊറൽ പുറത്തെടുത്ത്‌ ഉണക്കി കത്തിച്ചു ചാരമാക്കുകയോ ഫാക്‌ടറിയിൽത്തന്നെ ഉപയോഗിക്കാൻവേണ്ട ആക്‌റ്റിവേറ്റഡ്‌ കാർബണാക്കി മാറ്റുകയോ ചെയ്യാം. ദ്രാവകം കമ്പയിന്റ്‌ എഫ്‌ളുവെന്റ്‌ ട്രീറ്റ്‌മെന്റിലേക്ക്‌ ഒഴുക്കണം.

കമ്പയിന്റ്‌ എഫ്‌ളുവെന്റ്‌ ആക്‌റ്റിവേറ്റഡ്‌ സ്ലഡ്‌ജ്‌ വഴി ശുദ്ധീകരിക്കണം. ഇതിനായി ഇന്നുള്ള വായവലഗൂണിനെ പരിഷ്‌കരിച്ച്‌ പാകമാക്കണം. ഈ സംവിധാനത്തിൽ മലിനീകൃത നിർഗമത്തിലേക്ക്‌ വായു പമ്പുചെയ്യുകയാണ്‌ വേണ്ടത്‌. ഒന്നിലധികം തവണ നിർഗമം ചാക്രികമായി പായിച്ച്‌ നിറംമാറ്റി ശുദ്ധിയാക്കുന്നു. ഊറൽ പുറത്തെടുത്ത്‌ ഉണക്കി ഓട്‌ - ഇഷ്‌ടിക വ്യവസായത്തിൽ ഉപയോഗപ്പെടുത്താം. തെളിദ്രാവകം ആക്‌റ്റിവേറ്റഡ്‌ കാർബൺ ഫിൽട്ടറിൽ അരിച്ച്‌ പുനരുപയോഗത്തിന്‌ വിധേയമാക്കുകയോ പുഴയിലേക്ക്‌ ഒഴുക്കുകയോ ചെയ്യാം.

ഈ ശുദ്ധീകരണ പ്രക്രിയ പൂർണമായും ചെയ്യുന്നു എന്നുറപ്പുവരുത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗം ശുചീകരണത്തിനുശേഷം അതുതന്നെ കമ്പനി പുനരുപയോഗപ്പെടുത്തുക എന്നതാണ്‌. ഇത്തരത്തിലുള്ള പുനരുപയോഗമാണ്‌ മിക്ക വകസിത രാജ്യങ്ങളിലേയും ആധുനിക വ്യവസായങ്ങളുടെ മുഖമുദ്ര. നാമും അത്‌ പരിശീലിക്കണം.

ഇതുകൂടാതെ, ഡൽഹിയിലെ എഞ്ചിനീയേഴ്‌സ്‌ ഇന്ത്യ എന്ന കമ്പനി ഗ്രാസിമിലെ മലിനീകരണനിവാരണ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ഒരു സമ്പൂർണ സാങ്കേതിക പദ്ധതി രണ്ടുവർഷം മുമ്പെ സമർപ്പിച്ചിട്ടുണ്ട്‌. അത്‌ സംബന്ധിച്ച ഒരു തീരുമാനവും എടുക്കാതെ ജനങ്ങളെ വഞ്ചിക്കുകയാണ്‌ മാനേജ്‌മെന്റ്‌ ചെയ്യുന്നത്‌.

ഇപ്പോൾ, കേരള സർക്കാർ നിയോഗിച്ച്‌ സെൻഗുപ്‌ത കമ്മീഷൻ മലിനീകരണ നിവാരണത്തിനുള്ള പ്രധാനപ്പെട്ട ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്‌. അതും നടപ്പാക്കാനുള്ള ശ്രമമൊന്നും കാണുന്നില്ല.

വായു മലിനീകരണം

ഡബിൾ കോൺടാക്‌റ്റ്‌ - ഡബിൾ അബ്‌സോർപ്‌ഷൻ പ്രോസസ്സുപയോഗിച്ച്‌ സൾഫ്യൂരിക്കമ്ലം ഉണ്ടാക്കിയാൽ അന്തരീക്ഷത്തിലേക്ക്‌ സൾഫർ ഡയോക്‌സൈഡ്‌ മലിനീകരണനിലവാരത്തിൽ പോകുന്നതു തടയാം. ഇതുമൂലം ഗന്ധകത്തിന്റെ ചെലവുതന്നെ കാര്യമായി കുറയ്‌ക്കാനും കഴിയും. ഈ പ്രോസസുപയോഗിക്കാൻ വേണ്ടത്ര സൾഫ്യൂരിക്കമ്ലം നിർമാണം ഫാക്‌ടറിക്കാവശ്യമില്ല എന്നാണെങ്കിൽ വേണ്ടത്ര ആസിഡ്‌ പുറത്തുനിന്നു വാങ്ങട്ടെ. താൽക്കാലികമായി ചെയ്യാവുന്ന ഒരു സൂത്രം പുകക്കുഴലിലൂടെ പുറത്തുവിടുംമുമ്പേ സൾഫർഡൈഓക്‌സൈഡിനെ ഒരു സ്‌ക്രബ്ബിങ്‌ ടവറിൽ മാംഗനീസ്‌ ഡയോക്‌സൈഡ്‌ സസ്‌പെൻഷനിലൂടെ കടത്തിവിടുകയാണ്‌. 99 ശതമാനം സൾഫർഡയോക്‌സൈഡും ഇല്ലാതാക്കാം. തൽഫലമായുണ്ടാവുന്ന മാങ്കനീസ്‌ സൾഫേറ്റ്‌ വിൽക്കുകയും ചെയ്യാം.

ചിമ്മിനിപ്പുക പുറത്തേക്കു വിടുംമുമ്പേ സോഡിയം ഹൈഡ്രോക്‌സൈഡ്‌ ലായനിയിലൂടെ കടത്തിവിട്ടാൽ 99 ശതമാനം ഹൈഡ്രജൻ സൾഫൈഡും നിർമാർജനം ചെയ്യാവുന്നതാണ്‌.

കാർബൺ ഡൈ സൾഫൈഡ്‌ നിർമാണത്തിൽ കുറേക്കൂടി പരിഷ്‌ക്കാരങ്ങൾ വരുത്തി കഴിയുന്നത്ര വാതകം പിടിച്ചെടുക്കണം. സാന്തേറ്റിങ്‌ സമയത്തും സെല്ലുലോസ്‌ റീജെനറേഷൻ സമയത്തും ഉണ്ടാവുന്ന കാർബൺ ഡൈ സൾഫൈഡ്‌ മുഴുവനും നിർമാർജനം ചെയ്യാൻ വേണ്ടത്ര കണ്ടെൻസറുകൾ സ്ഥാപിക്കണം.

മറ്റു വാതകങ്ങളും കാർബൺ ധൂളിയും ഇല്ലായ്‌മ ചെയ്യാൻ എല്ലാ ചിമ്മിനികളിലും ഇലക്‌ട്രോസ്റ്റാറ്റിക്‌ പ്രെസിപ്പിറ്റേറ്റർ ഘടിപ്പിക്കുകയും അവ നല്ല നിലയിൽ പരിരക്ഷിക്കുകയും ചെയ്യണം. ക്ലോറിൻ മുതലായതിന്റെ ഉപയോഗം ക്ലിപ്‌തപ്പെടുത്തുകയും ഫാക്‌ടറിയിലെ ലീക്കുകൾ ഇല്ലാതാക്കുകയും ചെയ്യണം.

ഈ മലിനീകരണ നിവാരണമാർഗങ്ങൾ നടപ്പാക്കി ഫാക്‌ടറിയും ചുറ്റുപാടും അന്തരീക്ഷ മലിനീകരണത്തിൽനിന്ന്‌ രക്ഷിച്ചാൽ ഗ്രാമത്തിലെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും, കാർഷികാഭിവൃദ്ധിയുണ്ടാകും,. നദീജല ഉപയോഗം വർധിക്കും, പുതിയ വ്യവസായശാലകൾ ചാലിയാർ തീരത്തേക്ക്‌ ആകർഷിക്കപ്പെടും, മത്സ്യബന്ധനം, കക്കവാരൽ മണൽവാരൽ, മുതലായ തൊഴിലുകൾ പുനരാരംഭിക്കും. അങ്ങനെ എത്രയെത്ര മെച്ചങ്ങൾ!

കരാറുകൾ, കരാറുകൾ - കേരളത്തെ കൊള്ള ചെയ്യുന്ന കരാറുകൾ

1958 മെയ്‌ 3-ാം തിയ്യതിയാണ്‌ ഗ്രാസിം ഇൻഡസ്‌ട്രീസും കേരള സർക്കാരും തമ്മിൽ ആദ്യത്തെ കരാർ ഉണ്ടാക്കിയത്‌. അതിൻപ്രകാരം ഫാക്‌ടറി പ്രവർത്തനം തുടങ്ങി 20 വർഷത്തേക്ക്‌ പ്രതിദിനം 100 ടൺ വീതം പൾപ്പ്‌ ഉൽപാദിപ്പിക്കാനാവശ്യമായ 1,60000 ടൺ മുളയാണ്‌ വർഷംപ്രതി നൽകാൻ വാഗ്‌ദാനം ചെയ്യപ്പെട്ടത്‌. നിലമ്പൂർ താഴ്‌വരയിലെ കോൺട്രാക്‌ട്‌ ഏരിയായിൽ നിന്ന്‌ ഇത്രയും മരം മുറിച്ചെടുക്കാനാവശ്യമായ സൗകര്യം ചീഫ്‌ ഫോറസ്റ്റ്‌ കൺസർവേറ്റർ ചെയ്‌തുകൊടുക്കണം. മരംമുറിച്ചു നീക്കിക്കഴിയുന്നിടത്തോളം കാലം ആ സ്ഥലം കമ്പനിക്ക്‌ കൈവശം വെക്കാം. അതിന്‌ 5000 രൂപ കെട്ടിവയ്‌ക്കണം. കോൺട്രാക്‌റ്റ്‌ ഏരിയയിൽ അത്രയും മുള കിട്ടാനില്ലങ്കിൽ മറ്റു സ്ഥലങ്ങളിൽനിന്നുകൂടി മുള മുറിക്കാൻ അനുമതി നൽകണം. കോൺട്രാക്‌റ്റ്‌ ഏരിയ മറ്റാർക്കും പതിച്ചുനൽകാൻ സർക്കാരിന്‌ അധികാരമുണ്ടായിരിക്കില്ല. നിലമ്പൂർ ഫോറസ്റ്റ്‌ ഡിവിഷന്റെ ആവശ്യത്തിനുപോലും 1000 ടണ്ണിലേറെ വെട്ടിയെടുക്കാനാവില്ല. നിലമ്പൂരിലെ മറ്റ്‌ ആവശ്യക്കാർക്ക്‌ ഗ്വാളിയോർ റയോൺസ്‌ നിശ്ചയിക്കുന്ന വിലയ്‌ക്കാണ്‌ മുള നൽകുക. മുറിച്ചെടുക്കുന്ന മുളയ്‌ക്ക്‌ ടൺ ഒന്നിന്‌ 1 രൂപ നിരക്കിൽ മാത്രമെ കമ്പനി നൽകുകയുള്ളൂ. കമ്പനി ശമ്പളം നൽകുന്ന സർക്കാർ ഉദ്യോഗസ്ഥനാണ്‌ കൊണ്ടുപോകുന്ന മുളയുടെ കണക്കു സൂക്ഷിക്കുക. കോൺട്രാക്‌ട്‌ ഏരിയയിലേയും അഡീഷനൽ കോൺട്രാക്‌ട്‌ ഏരിയയിലേയും ഭൂമി, റോഡ്‌, പുഴ എന്നിവ കമ്പനിയുടെ സൗകര്യമനുസരിച്ച്‌ ഉപയോഗിക്കാം. പാലങ്ങൾ, കനാലുകൾ, ജലമാർഗങ്ങൾ എന്നിവ വികസിപ്പിക്കാം. 20 വർഷത്തിനുശേഷം മുളയുടെ വിലയൊഴികെ ബാക്കി കാര്യങ്ങൾ മറ്റൊരു 20 വർഷത്തേക്കുകൂടി പുതുക്കാൻ കമ്പനിക്ക്‌ അധികാരമുണ്ട്‌. ഇതാണ്‌ ആദ്യ കരാറിലെ മുഖ്യവ്യവസ്ഥകൾ.

1962 ആഗസ്റ്റ 6-ന്‌ അതായത്‌ കമ്പനി ഉൽപാദനം ആരംഭിക്കുന്നതിനുമുമ്പുതന്നെ , കോൺട്രാക്‌റ്റ്‌ ഏരിയയും അഡിഷനൽ കോൺട്രാക്‌റ്റ്‌ ഏരിയയും വികസിപ്പിച്ചു പുനർനിർവചനം ചെയ്‌തുകൊണ്ടും മുളയ്‌ക്കുള്ള അനുമതി 1,60000 ടണ്ണിൽനിന്ന്‌ 2 ലക്ഷം ടണ്ണായി വർധിപ്പിച്ചെടുക്കാൻ കമ്പനിക്കു കഴിഞ്ഞു. പ്രതിദിനം 100 ടൺ പൾപ്പ്‌ എന്നത്‌ 200 ടണ്ണായി വർധിപ്പിക്കുകയും ചെയ്‌തു. ഈ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനു 1974 ജൂലൈ 10-ന്‌ ഒരനുബന്ധകരാർ ഉണ്ടാക്കി. ഇതിൻപ്രകാരം കമ്പനിയുടെ മൊത്തം ആവശ്യം 3,60000 ടൺ ആണെന്നും അതിൽ 200000 ടൺ ലഭ്യമാക്കാൻ സർക്കാർ സൗകര്യം ചെയ്‌തുകൊടുക്കുമെന്നും ഏറ്റു. മുളയുടേയും മറ്റും വില നാമമാത്രമായി മാത്രം വർധിപ്പിക്കുകയുമാണുണ്ടായത്‌. സംസ്ഥാന ഗവൺമെന്റിന്റെ അധീനതയിൽ ടണ്ണിന്‌ 22.50 രൂപവെച്ച്‌ യൂക്കാലിപ്‌റ്റസ്‌ സമ്പാദിക്കാനും സാധിച്ചു. മറ്റു പാഴ്‌മരങ്ങൾക്ക്‌ ടണ്ണിന്‌ 15 രൂപയാണ്‌ വില നിശ്ചയിച്ചത്‌.

1988-ൽ ഉണ്ടാക്കിയ കരാർപ്രകാരം 2 ലക്ഷം ടൺ അസംസ്‌കൃത വസ്‌തു കമ്പനിക്ക്‌ നൽകുക എന്നത്‌ സർക്കാരിന്റെ ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. 1,60000 ടൺ യൂക്കാലിപ്‌റ്റസും 40000 ടൺ മുളയും. മുൻകരാറുകളിലൊന്നും. ഇതൊരു ബാധ്യതയായി ഏറ്റെടുത്തിരുന്നില്ല. ഇത്‌ നൽകാൻ അസി. വൈൽഡ്‌ ലൈഫ്‌ വാർഡനെ ചുമതലപ്പെടുത്തിയുമിരിക്കുന്നു. ഇത്രയും നൽകാൻ സർക്കാരിന്‌ സ്വാഭാവികമായി സാധിക്കുമോ എന്ന പരിശോധന നടന്നിട്ടില്ല. മറ്റിടങ്ങളിൽനിന്ന്‌ വേണ്ടത്ര ലഭിക്കുന്നില്ലെങ്കിൽ വന്യമൃഗ സങ്കേതങ്ങളെക്കൂടി ആക്രമിക്കാൻ ഈ വ്യവസ്ഥയുടെ ഉള്ളിൽ ഒളിഞ്ഞിരിപ്പുണ്ട്‌.ഇത്രയും നൽകാൻ സർക്കാരിന് കഴിയാതെ വന്നാലോ? അപ്പോൾ ബിർലയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതുമാണ്.ടണ്ണിന് 250 ക വെച്ച്.

കേരളത്തിന്റെ മൊത്തം ഉൽപാദനക്ഷമത പ്രതിവർഷം 55000 ടൺ മുളയും 200000 ടൺ യൂക്കാലിപ്‌റ്റസും, 150000 ടൺ ഈറ്റയുമാണെന്നാണ്‌ കണക്കാക്കപ്പെട്ടിട്ടുള്ളത്‌. അങ്ങനെ ആകെ 405000 ടൺ മാത്രം. ഈറ്റയിൽ 30000 ടൺ ബാംബുകോർപ്പറേഷന്റെ ആവശ്യത്തിനായി മാറ്റിവെച്ചതാണ്‌. കഴിച്ച്‌ ബാക്കി 375000 ടൺ. അതേയവസരം ഇവിടുത്തെ പ്രധാന മൂന്ന്‌ പൾപ്പ്‌ വ്യവസായശാലകളുടെയും മൊത്തം ആവശ്യം 7,61250 ടൺ മാത്രമാണ്‌ (പട്ടിക നോക്കാം).

സ്ഥാപനം യൂക്കാലിപ്‌റ്റസ്‌ മുള/ഈറ്റ ആകെ
ഗ്വാളിയോർ റയോൺസ്‌ 2,70,000 90,000 3,60,000
എച്ച്‌.പി.സി. 1,68,000 1,20,000 2,88,000
പുനലൂർ പേപ്പർമിൽ 28,372 84,938 1,13,250
ആകെ 466372 294938 761250

അപ്പോൾ ഗവൺമെന്റ്‌ വാഗ്‌ദാനം പാലിക്കാൻ ഇവിടെ ലഭ്യമായ മുഴുവൻ ഉൽപാദനവും ഉപയോഗിച്ചാൽ പിന്നെയും 2,89000 ടൺ അസംസ്‌കൃത വസ്‌തു വേറെ കണ്ടെത്തണമെന്നർഥം. കേരളത്തിൽ ലഭ്യമായ മുഴുവൻ ഈറ്റയും മുളയും യൂക്കാലിപ്‌റ്റസും നൽകിയാൽ അതിന്‌ കിട്ടുന്ന വിലയിലും കൂടുതൽ കൊടുക്കാൻ കഴിയാത്ത അസംസ്‌കൃതവസ്‌തുവിനുള്ള നഷ്‌ടപരിഹാരമായി നൽകണം. ഇതിലും വിചിത്രമായ ഒരു കരാർ ഉണ്ടാകാനില്ല.

88-ലെ കരാറിൻപ്രകാരം അസംസ്‌കൃത വസ്‌തുക്കളുടെ വിലയിലും ചില പ്രത്യേകതകളുണ്ട്‌. ആദ്യത്തെ 1 ലക്ഷം ടണ്ണിന്‌ മുമ്പ്‌ നിശ്ചയിച്ച പ്രകാരം 250 രൂപ വീതമാണ്‌ വില നൽകേണ്ടത്‌. അതിനു മുകളിൽ ഉള്ളതിന്റെ വില ഇങ്ങനെയാണ്‌ 93 ഒക്‌ടോബർ മുതൽ 95 ഒക്‌ടോബർ വരെ ടണ്ണിന്‌ 350 രൂപ. 95 ഒക്‌ടോബർ മുതൽ 96 ഒക്‌ടോബർ വരെ 386 രൂപ, 96 ഒക്‌ടോബർ മുതൽ 97 ഒക്‌ടോബർ വരെ 396 രൂപ, 98 ഒക്‌ടോബർ വരെ 406 രൂപ, 99 ഒക്‌ടോബർ വരെ 426 രൂപ. ഒരു ലക്ഷം ടണ്ണിനുമുകളിൽ സപ്ലൈ വരാൻ സാധാരണഗതിയിൽ സാധ്യതയില്ല. അല്ലെങ്കിൽ വളരെ കുറച്ചേ ഉണ്ടാവുകയുള്ളൂ.ആകയാൽ പ്രായോഗികമായി വില 250 രൂപ തന്നെ നിൽക്കുന്നതാണ്.കൂടുതൽ നൽകുന്നു എന്ന തോന്നൽ ഉണ്ടാകുകയും ചെയ്യുന്നു.

അസംസ്‌കൃത വസ്‌തു ഏറ്റവും കുറഞ്ഞ നിരക്കിൽ നൽകുന്ന സംസ്ഥാനമാണ്‌ കേരളം. മുളയും യൂക്കാലിപ്‌റ്റസും 1987-ൽ 250 രൂപ നിരക്കിൽ ഇവിടെ നൽകുമ്പോൾ 1985 ലെ കണക്കനുസരിച്ച്‌ മഹാരാഷ്‌ട്രയിൽനിന്ന്‌ മുള ശേഖരിച്ചിവിടെയെത്തിക്കാൻ 1499 രൂപയും ആസാമിൽനിന്നെത്തിക്കാൻ 1554 രൂപയും ചെലവുവരുന്നു. മഹാരാഷ്‌ട്രയിൽ മുള വില തന്നെ അന്ന്‌ 1099 രൂപയും ആസാമിൽ 1170 രൂപയുമായിരുന്നു. ആസ്‌ട്രേലിയായിൽനിന്ന്‌ മരക്കഷണങ്ങളായി ഇറക്കുമതി ചെയ്യുമ്പോൾ ചെലവ്‌ 1348 രൂപയും വില മാത്രമായ 957 രൂപയുമാണ്‌.

കമ്പനിയുടെ കണക്കുകളനുസരിച്ചുതന്നെ, അസംസ്‌കൃത വസ്‌തുവിന്റെ വില ടണ്ണിന്‌ 1000 രൂപയാണെങ്കിൽത്തന്നെ പുറത്തുനിന്നു വാങ്ങുന്ന ഒരു ടൺ പൾപ്പിനേക്കാൾ 2360 രൂപയുടെ നേട്ടമാണുണ്ടാവുക.

കേരളത്തിലെ മുളംകാടുകളുടെ ഇന്നത്തെ അവസ്ഥ

മലബാർ വനമേഖലയിലെ നിലമ്പൂർ, കോഴിക്കോട്‌, വയനാട്‌ ഫോറസ്റ്റ്‌ ഡിവിഷനുകളിലെ നൈസർഗിക മുളംകാടുകൾ അശാസ്‌ത്രീയമായ വിളവെടുപ്പുമൂലം ഇന്ന്‌ നാശോന്മുഖമായിരിക്കുകയാണ്‌. 1989 -ൽ ശാസ്‌ത്രസാഹിത്യപരിഷത്തിന്റെ ഒരു പഠനസംഘം അവിടങ്ങളിൽ നടത്തി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ചില നിഗമനങ്ങളിൽ എത്തിയിട്ടുണ്ട്‌. (കേരളത്തിലെ മുളംകാടുകൾ - ഒരു ശാസ്‌ത്രീയ സമീപനത്തിന്റെ ആവശ്യകത)

1. വയനാട്ടിലെ നൈസർഗിക മുളംകാടുകൾ ഒട്ടാകെ നശിച്ചുപോകാൻ ഇടനൽകുന്ന രീതിയിൽ അശാസ്‌ത്രീയ വിളവെടുപ്പുസമ്പ്രദായം ഈ പ്രദേശങ്ങളിൽ അവലംമ്പിച്ചിട്ടുണ്ട്‌. ഓരോ മുളങ്കൂട്ടത്തിൽനിന്ന്‌ 90% വരെ മുറിച്ചെടുക്കുക (പകുതവരയെ മുറിക്കാൻ പാടുള്ളൂ), ഇളം നാമ്പുകൾപോലും മുറിച്ചെടുക്കുക, ഭൂകാണ്ഡമായി മാറ്റിനിർത്തുന്ന കുറ്റികൾക്ക്‌ ആവശ്യമായ നീളമില്ലാതിരിക്കുക, പലപ്പോഴും ക്ലിയർഫങ്ങിങ്‌ നടത്തുക എന്നിവയാണവ. ഇതുമൂലം ഒട്ടേറെ മുളംകാടുകൾ വയനാട്ടിൽ നശിച്ചുപോയിരിക്കുന്നു.

2. മുളയുടെ പ്രതിവർഷ ഉൽപാദനവും ആവശ്യവും (തൻമൂലം വിളവെടുപ്പും) തമ്മിലുള്ള വിടവ്‌ കൂടിക്കൂടി വരുന്നു. ലഭ്യമാകുന്ന മുളയുടെ സിംഹഭാഗവും പൾപ്പുനിർമാണാവശ്യത്തിനുവേണ്ടിയാണിന്ന്‌ ഉപയോഗിക്കുന്നത്‌. പ്രദേശികാവശ്യങ്ങൾക്ക്‌ വേണ്ടത്ര മുള ലഭിക്കുന്നില്ല.

3. ആദിവാസികളുടെ ജീവനോപാധികളിൽ ഏറിയ കൂറും മുളയും അത്തരം വനോൽപന്നങ്ങളുമാണ്‌. ആദിവാസി കുടിലുകൾ, കാലിത്തൊഴുത്ത്‌, വേലിക്കെട്ടുകൾ, വന്യമൃഗങ്ങളിൽനിന്ന്‌ രക്ഷനേടാനുള്ള മച്ചാൺ, കാട്ടരുവികൾക്കു കുറുകെ പാലം എന്നിവയും കുട്ട, പായ, പനമ്പ്‌ എന്നീ കൈത്തൊഴിലുൽപന്നങ്ങൾക്കും വേണ്ട മുള അവർക്കു കിട്ടുന്നില്ല. മുള മുറിച്ചെടുക്കാൻ പാസ്‌ നൽകും. ഒരു പാസിന്‌ 5 മുളയാണ്‌ ഒരു വർഷം നൽകുക. അതിന്‌ 107 രൂപ ട്രഷറിയിൽ അടയ്‌ക്കണം. ആ ചെല്ലാനുമായി വനം വകുപ്പിൽ ചെന്നാലാണ്‌ പാസ്‌ നൽകുക. ഈ റേഷൻ തീർത്തും അപര്യാപ്‌തമാകയാൽ ആദിവാസികൾ ആ തൊഴിൽമേഖലപോലും വിട്ടൊഴിയുകയാണ്‌ (5 മുളയ്‌ക്ക്‌ ഉദ്ദേശം 100 കിലോഗ്രാം ഭാരം വരും. അപ്പോൾ കിലോഗ്രാമിന്‌ 1 രൂപ 7 പൈസയാണ്‌ ആദിവാസി നൽകേണ്ട വില. ഗ്രാസിം ഇൻഡസ്‌ട്രീസ്‌ 25 പൈസ നൽകിയാൽ മതി.)

ഗ്വാളിയോർ റയോൺസിന്റെ കപടമുഖം

തീർത്തും മനുഷ്യത്വ രഹിതമായ ഒരു നിലപാടാണ്‌ കമ്പനി കഴിഞ്ഞ 30- ലേറെ വർഷമായി സ്വീകരിച്ചുപോന്നത്‌. ചാലിയാറിന്റെ ഇരുകരകളിലുമുള്ള ജനജീവിതം തീർത്തും ദുസ്സഹമായിട്ടും അവിടം നിരവധി രോഗങ്ങളാൽ വാസയോഗ്യമല്ലാതായിട്ടും തങ്ങളുടെ ലാഭത്തിൽ കുറവു വരുമെന്നതിനാൽ, കേവലം ലാഭംമാത്രം ലക്ഷ്യമാക്കിയുള്ള തങ്ങളുടെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നു. മലിനീകരണത്തിനെതിരെ ജനകീയ സമരമുയരുമ്പോഴൊക്കെ കമ്പനി മുന്നോട്ടുവയ്‌ക്കുന്നത്‌ രണ്ടു വാദങ്ങളാണ്‌: 1. കമ്പനിയിൽനിന്നുള്ള നിർഗമങ്ങളുടെ നിലവാരം അനുവദനീയമായ നിരക്കിലാണ്‌. ഇത്‌ തെറ്റാണെന്ന്‌ തെളിയുമ്പോൾ പറയുന്നത്‌ ശുദ്ധീകരണം നടത്തുന്നതിന്‌ സാങ്കേതികവിദ്യ ലഭ്യമല്ല, സാമ്പത്തികമായി അത്‌ സാധ്യമല്ല എന്ന്‌. എന്നാൽ 1978-ൽത്തന്നെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പഠനസംഘം ജലവും വായുവും ശുദ്ധി ചെയ്യാനുള്ള സംവിധാനങ്ങൾ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്‌. ഇതിൽ ചില കാര്യങ്ങളൊക്കെ ചെയ്‌തു എന്നു വരുത്തിത്തീർക്കുക മാത്രമേ കമ്പനി ചെയ്‌തുള്ളൂ. പിന്നീട്‌ മലിനീകരണം വീണ്ടും വളരെ രൂക്ഷമായപ്പോൾ 1995ൽ എഞ്ചിനിയേഴ്‌സ്‌ ഇന്ത്യ എന്ന സ്ഥാപനം അവിടെ സമ്പൂർണ ശുദ്ധീകരണത്തിനുള്ള രൂപരേഖ സമർപ്പിച്ചിട്ടുണ്ട്‌. ഇത്‌ നടപ്പാക്കാൻ സാമ്പത്തികം അനുവദിക്കുന്നില്ല എന്ന നിലപാടാണെടുക്കുന്നത്‌. 6 മുതൽ 9 കോടിവരെ മുതൽമുടക്കു വരുന്ന ഒരു പദ്ധതിയാണത്രെ അത്‌. കേവലം 10 കോടി മുതൽമുടക്കിൽ ആരംഭിച്ച്‌ അവിടെനിന്നുള്ള ലാഭംകൊണ്ട്‌ വളർന്നുവികസിച്ച്‌ ഇന്ന്‌ 1000 കോടിയിലേറെ ആസ്‌തിയും വർഷംപ്രതി 40 കോടിയോളം അറ്റാദായവുമുണ്ടാക്കുന്ന ഒരു കമ്പനിയാണ്‌ ചുറ്റുവട്ടത്തുമുള്ള ആറേഴ്‌ ലക്ഷം ജനങ്ങളുടെ ആരോഗ്യവും ജീവിതമാർഗവും സംരക്ഷിക്കുന്നതിനുവേണ്ടി ഒന്നും ചെലവഴിക്കാനില്ല എന്നു വാദിക്കുന്നത്‌. മുതലാളിത്തത്തിന്റെ ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായ മുഖമാണ്‌ നാമിവിടെ കാണുന്നത്‌. കേരളജനതയോടും മനുഷ്യമനസ്സാക്ഷിയോടും ഉള്ള ഒരു വെല്ലുവിളി മാത്രമാണിത്‌. ഈ വെല്ലുവിളി ഉയർത്തുന്നതിന്‌ കമ്പനിക്ക്‌ ധൈര്യം പകരുന്നത്‌ ഒരേയൊരു ഘടകമാണ്‌: ഞങ്ങൾ 3000 പേർക്ക്‌ തൊഴിൽ നൽകുന്നു. ഞങ്ങളുടെ ഇഷ്‌ടത്തിനെതിരെ ആരെങ്കിലും നിന്നാൽ കമ്പനി പൂട്ടിയിട്ട്‌ ഇവരെ പട്ടിണിയിലാഴ്‌ത്തിക്കളയും എന്ന ഭീഷണി. 1985-ൽ ചൂടുവെള്ളം കണ്ട്‌ പേടിച്ചുപോയ പൂച്ച (സർക്കാർ) ഇന്ന്‌ ബാലിശമായ വെല്ലുവിളിയുടെ മുമ്പിൽ അന്തിച്ചുനിൽക്കുന്നതാണ്‌ നാം കാണുന്നത്‌. കമ്പനി പൂട്ടുമെന്ന ഭീഷണി ഉയർത്തി നാട്ടുകാരേയും തൊഴിലാളികളേയും ഭിന്നിപ്പിക്കുവാനുള്ള മറ്റൊരു ഹീനതന്ത്രവും മാനേജ്‌മെന്റ്‌ പ്രകടിപ്പിക്കുകയാണ്‌.

മാവൂരേയും പരിസരത്തേയും മലിനീകരണത്തേയും അതിന്റെ മനുഷ്യത്വ പരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അവിടുത്തെ തൊഴിലാളികളും വേണ്ടത്ര ബോധവാൻമാരാണോ എന്ന സംശയിക്കേണ്ടിയിരിക്കുന്നു. ഇത്രയേറെ വർഷങ്ങളായിട്ടും ഇത്രയേറെ മലിനീകരണ ഭീഷണി ഉയർന്നിട്ടും മലിനീകരണത്തിനെതിരെ ശക്തമായ ഒരു പോരാട്ടവും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. മലിനീകരണ വിരുദ്ധ സമരത്തിൽ ജനങ്ങളോടൊപ്പം നിൽക്കാനുള്ള ധാർമിക ചുമതല തൊഴിലാളികൾക്കുമുണ്ട്‌. കാരണം എല്ലാ മലിനീകരണവിരുദ്ധ സമരവും ലാഭക്കൊതിയ്‌ക്കെതിരായ സമരം കൂടിയാണ്‌. സമൂഹത്തിലെ ഏറ്റവും ദുർബലരായ ജനവിഭാഗം അവരുടെ നിലനിൽപിനായി നടത്തുന്ന സമരത്തിന്റെ ഭാഗമാണ്‌ പരിസ്ഥിതി സംരക്ഷണത്തിനുള്ള സമരവും എന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. കാരണം, പരിസ്ഥിതിയാണ്‌ അതുമാത്രമാണ്‌ സമൂഹത്തിലെ ദരിദ്രവിഭാഗത്തിന്റെ ജീവനോപാധി. അതിന്‌ വരുന്ന നാശം ഏറ്റവും ആദ്യം അവരെയാണ്‌ ബാധിക്കുക.

മലിനീകരണത്തിനെതിരെ സമരം ചെയ്‌താൽ കമ്പനി പൂട്ടുമെന്നാണല്ലോ മാനേജുമെന്റിന്റെ ഭീഷണി. അങ്ങനെ പൂട്ടിയാൽ തങ്ങളുടെ വേതനം നഷ്‌ടപ്പെടുകയില്ല എന്ന യാഥാർഥ്യം തൊഴിലാളികൾ അറിയേണ്ടതുണ്ട്‌.

ഇൻഡസ്‌ട്രിയൽ ഡിസ്‌പൂട്ട്‌ ഏക്‌റ്റ്‌ ചാപ്‌റ്റർ 5 ബിയിൽ സെക്‌ ഷൻ 25 M ഇങ്ങനെയാണ്‌: Prohibitions of lay offs: No workers shall be laid off except with prior permission, unless such lay off is due to power shortage, or major natural calamites പ്രകൃതി ദുരന്തമോ ഊർജമില്ലായ്‌മയോ കൊണ്ടല്ലാതെ മറ്റൊരു കാരണവശാലും തൊഴിലാളികളെ ഓഫ്‌ ചെയ്‌തുകൂട. മലിനീകരണ വിരുദ്ധസമരത്തിൽ ജനങ്ങളോടൊപ്പം കൈകോർത്ത്‌ പോരാടാൻ തൊഴിലാളികൾക്ക്‌ ഈ വ്യവസ്ഥ പരിരക്ഷ നൽകുന്നുണ്ട്‌.

സൗജന്യവും സബ്‌സിഡിയും വാരിക്കോരി; എന്നിട്ടും

ദിവസംപ്രതി 145 ടൺ പൾപ്പാണ്‌ ഇപ്പോൾ കമ്പനിയിൽനിന്നും ഉൽപാദിപ്പിക്കുന്നതെന്നും അതിന്‌ 2-3 ലക്ഷം ടൺ അസംസ്‌കൃത പദാർഥം വർഷംപ്രതി ആവശ്യമാണെന്നും കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. 1988 ലെ കരാർ പ്രകാരം വർഷംപ്രതി 2 ലക്ഷം ടൺ അസംസ്‌കൃതവസ്‌തു - 160000 ടൺ യൂക്കാലിപ്‌റ്റസും 40000 ടൺ മുളയും നൽകിക്കൊള്ളാമെന്ന്‌ സർക്കാർ ഏറ്റിട്ടുണ്ട്‌. എല്ലാ നികുതിയും ഉൾപ്പെടെ ടണ്ണിന്‌ 250 രൂപയാണ്‌ വില. ഇത്രയും അസംസ്‌കൃത പദാർഥം ഒരു കമ്പനിക്ക്‌ നൽകാൻ കേരളത്തിന്റെ പ്രകൃതിക്ക്‌ ആകുമോ എന്ന യാതൊരു പഠനവും നടത്താതെയാണ്‌ ഇത്രവലിയ ഒരു ബാധ്യത സർക്കാർ ഏറ്റെടുത്തത്‌. ഗ്വാളിയോർ റയോൺസ്‌ അതിന്റെ ഇപ്പോഴത്തെ മുഴുവൻ കപ്പാസിറ്റിയിലും പ്രവർത്തിക്കുകയാണെങ്കിൽ ആകെ വേണ്ടിവരുന്നത്‌ വർഷംപ്രതി 360000 ടൺ അസംസ്‌കൃതവസ്‌തുക്കളാണ്‌. കേരളത്തിൽത്തന്നെ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ പേപ്പർ കോർപ്പറേഷനും പുനലൂർ പേപ്പർമില്ലിനും ഇതുപോലെ അസംസ്‌കൃത പദാർഥം ആവശ്യമുണ്ട്‌. യഥാക്രമം 288000 ടണ്ണും 1,13250 ടണ്ണും ആണ്‌ അവരുടെ ആവശ്യങ്ങൾ. അപ്പോൾ ആകെ വേണ്ടിവരുന്നത്‌ 761250 ടൺ. ഇതിൽ 4,66,3123 ടൺ യൂക്കാലിപ്‌റ്റസും 295000 ടൺ മുളയുമാണ്‌. യാതൊരു കാരണവശാലും ഇത്‌ നൽകാൻ കേരളത്തിനാവില്ല. കേരളത്തിൽ പരിമിതമായി അവശേഷിച്ചിട്ടുള്ളവനം തീർത്തും ഇല്ലാതായിപ്പോകാൻ ഏറെ വർഷംവേണ്ടിവരില്ല. മറ്റൊട്ടനവധി ചെറുകിട വ്യവസായങ്ങൾക്കും പരമ്പരാഗത തൊഴിലുകൾക്കുമുള്ള അസംസ്‌കൃത പദാർഥം കൂടിയാണ്‌ മുള. ഇത്തരം മേഖലകളിലെ ചെറുകിട തൊഴിലവസരങ്ങളെല്ലാം നശിപ്പിച്ചാണ്‌ മുളയും മറ്റും വ്യവസായങ്ങൾക്ക്‌ നൽകുന്നത്‌.

ഇത്രയും വിലയേറിയ പ്രകൃതിവിഭവം ഗ്രാസിമിന്‌ നൽകുന്നത്‌ നാമമാത്രമായ വിലക്കാണ്‌. 1988ലെ വില കേവലം 250 രൂപയും 1999 ആയപ്പോഴേക്കും കുറേശെയായി വർധിച്ച്‌ 426 രൂപയുമായിരിക്കയാണ്‌. അതായത്‌ കഴിഞ്ഞ പത്തു വർഷത്തിലെ ശരാശരി വില 338 രൂപ. അതേയവസരം ഒരു ടൺ മുളയ്‌ക്ക്‌ മാർക്കറ്റ്‌ വില 3000 രൂപയെങ്കിലും വരും. ഒരു ടൺ അസംസ്‌കൃതപദാർഥം കമ്പനിക്ക്‌ നൽകുമ്പോൾ 2662 രൂപയാണ്‌ കേരളത്തിന്‌ നഷ്‌ടം. രണ്ടുലക്ഷം ടൺ വീതം വർഷംപ്രതി നൽകുകയാണെങ്കിൽ ഓരോ വർഷത്തിലുമുണ്ടാകുന്ന നഷ്‌ടം 2 ലക്ഷം x2660 = 53കോടി. 88-ലെ കരാറിനുശേഷമുള്ള 9 വർഷക്കാലംകൊണ്ട്‌ കമ്പനി മൂലം കേരളത്തിനുണ്ടായിട്ടുള്ള ആകെ നഷ്‌ടം 53 കോടി x 9 = 477 കോടിയാണ്‌. ഫാക്‌ടറിയുടെ ഇന്നത്തെ ആസ്‌തിയുടെ പകുതിയോളം കേരളം പ്രകൃതി വിഭവങ്ങൾവഴി കമ്പനിക്ക്‌ നൽകിയ സബ്‌സിഡിയാണ്‌.

മറ്റൊരു കണക്കു കൂടി ഇവിടെ പ്രസക്തമാണ്‌. ഒരു ഹെക്‌ടർ യൂക്കാലിപ്‌റ്റസ്‌ വളർത്തിയെടുക്കാൻ വരുന്ന ആകെ ചെലവ്‌ 19008 രൂപയാണെന്ന്‌ കണക്കാക്കിയിരിക്കുന്നു. ഉദ്ദേശം 20 ടൺ തടിയാണ്‌ ഒരു ഹെക്‌ടറിൽനിന്നു ലഭിക്കുക. അപ്പോൾ ഒരു ടണ്ണിന്‌ 950 രൂപയാണ്‌ യഥാർഥ ഉൽപാദനച്ചെലവ്‌. ഇതാണ്‌ 250 രൂപയ്‌ക്ക്‌ നൽകുന്നത്‌. ഓരോ ടൺ യൂക്കാലിയും നൽകുമ്പോൾ കേരളം സഹിക്കുന്ന നഷ്‌ടം 700 രൂപ. വർഷംപ്രതി 90000 ടൺ യൂക്കാലി കമ്പനി ഉപയോഗിക്കുകയാണെങ്കിൽ ആ ഇനത്തിൽ മാത്രം വർഷംപ്രതി 6.3 കോടിയാണ്‌ നമുക്ക്‌ നഷ്‌ടം. ഇത്രയും വലിയ സബ്‌സിഡി കമ്പനിക്ക്‌ നൽകുമ്പോൾ കമ്പനി തിരിച്ചുനൽകുന്ന മെച്ചം 2500 ഓളം തൊഴിലവസരം മാത്രമാണ്‌.

ഒരു കാര്യം ഇവിടെ പ്രത്യേകം കാണേണ്ടത്‌, ഇത്രയും വൻതോതിൽ പ്രകൃതിവിഭവങ്ങൾ വിഴുങ്ങുന്ന ഇത്തരമൊരു ഫാക്‌ടറിക്ക്‌ ഏറെക്കാലം നിലനിൽക്കാനാവശ്യമായ പ്രകൃതിവിഭവം കേരളത്തിനില്ല. "50 കളിലേയും "60 കളിലേയും സ്ഥിതിയല്ല ഇന്ന്‌. നമ്മുടെ പ്രകൃതിവിഭവങ്ങൾ നാൾക്കുനാൾ ക്ഷയിച്ചുവരികയാണ്‌. കേരളത്തിന്‌ ഏറെ നാൾ താങ്ങാൻ കഴിയുന്ന ഒന്നല്ല ഗ്രാസിം ഇൻഡസ്‌ട്രീസ്‌. ചെറുകിട പരമ്പരാഗത മേഖലകളിൽ പതിനായിരക്കണക്കിന്‌ തൊഴിലവസരങ്ങൾ നിക്ഷേധിച്ചാണ്‌ അത്തരം ആവശ്യങ്ങൾക്ക്‌ നൽകുന്നതിലും പത്തിലൊന്നു വിലയ്‌ക്ക്‌ ഇന്ന്‌ ഗ്രാസിമിന്‌ നാം മുളയും ഈറ്റയും ഒക്കെ നൽകുന്നത്‌. സാമൂഹ്യമായും സാമ്പത്തികമായും പാരിസ്ഥിതികമായും ഇതിന്‌ നിലനിൽക്കാനാവില്ല.

മുളയുടെയും യുക്കാലിപ്‌റ്റസിന്റേയും കാര്യത്തിൽ മാത്രമല്ല നാം കമ്പനിക്ക്‌ സബ്‌സിഡി നൽകുന്നത്‌. ചാലിയാറിൽനിന്ന്‌ 680 ലക്ഷം ലിറ്റർ വെള്ളമാണ്‌ ദിനംപ്രതി എടുത്തുപയോഗിക്കുന്നത്‌. കോഴിക്കോട്‌ നഗരത്തിൽ ദിനംപ്രതി പമ്പുചെയ്‌തു വിതരണം ചെയ്യുന്നതിലും കൂടുതലാണിത്‌. എന്നാൽ വേണ്ട രീതിയിൽ അളന്നു തിട്ടപ്പെടുത്തുകയോ ന്യായമായ വില ഇതിനു വാങ്ങുകയോ ചെയ്യുന്നില്ല. വാട്ടർ അതോറിറ്റി കുടിവെള്ളത്തിനു വാങ്ങുന്ന വില 1000 ലിറ്ററിന്‌ 5 രൂപയാണ്‌. ഈ നിരക്ക്‌ വെച്ചുനോക്കിയാൽ വർഷംപ്രതി 12.5 കോടി വരും ഗ്രാസിം ഉപയോഗിക്കുന്ന വെള്ളത്തിന്റെ വില. പോയ വർഷങ്ങളിലുപയോഗിച്ച ഈ വെള്ളത്തിന്റെത്രയും വില പോലും വേണ്ട അവിടെ മലിനീകരണ നിവാരണപ്രവർത്തനങ്ങൾ നടപ്പാക്കാൻ. പക്ഷേ, അത്‌ ചെയ്യുന്നില്ലല്ലോ?

സബ്‌സിഡിയുടെ കണക്ക്‌ തീർന്നില്ല. വൈദ്യുതിയും സബ്‌സിഡിയിലാണ്‌ നൽകിവരുന്നത്‌. ഒരു യൂനിറ്റ്‌ വൈദ്യുതി ഉൽപാദിപ്പിക്കാൻ 2 രൂപയിലേറെയാണ്‌ ഇന്നത്തെ ചെലവ്‌. അത്‌ ഉദ്ദേശ്യം 140 പൈസ വെച്ചാണ്‌ കമ്പനിക്ക്‌ നൽകുന്നത്‌. ഈ ഇനത്തിൽ നാം വഹിച്ച നഷ്‌ടം എത്ര ഭീമമാണെന്ന്‌ കണക്കാക്കാവുന്നതാണ്‌.

ഇനിയെന്ത്‌? എങ്ങോട്ട്‌?

ഇത്രയേറെ സൗജന്യവും സൗകര്യവും ഒക്കെ ചെയ്‌തുകൊടുത്തിട്ടും ചാലിയാറിനേയും തീരവാസികളേയും രക്ഷിക്കാനുള്ള തങ്ങളുടെ ധാർമിക ചുമതലയിൽനിന്ന്‌ ഒഴിഞ്ഞുമാറാനുള്ള തന്ത്രങ്ങളാണ്‌ ഇന്നും കമ്പനി പുലർത്തുന്നത്‌. മലിനീകരണമെന്നത്‌ ഒരു ശാസ്‌ത്ര-സാങ്കേതിക പ്രശ്‌നമാണ്‌. അതിന്‌ സാങ്കേതികമായിത്തന്നെ പരിഹാരം കാണണം. ഇന്ന്‌ ഗ്രാസിം മാനേജ്‌മെന്റ്‌ കൈക്കൊള്ളുന്ന എല്ലാ ഹീനതന്ത്രങ്ങളുടെയും പൊരുൾ ചാലിയാർ തീരവാസികൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഇന്നവർ കണക്കിന്റെ ഭാഷയിലല്ല സംസാരിക്കുന്നത്‌; കഴിഞ്ഞ 30 വർഷങ്ങളിലുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്‌. വാഴക്കാട്ടുനിന്ന്‌ കഴിയുന്നന്നേടത്തോളം ജനങ്ങൾ ഒഴിച്ചുപോയിക്കഴിഞ്ഞു. ശേഷിച്ചവർ അതിനും ആവാത്തവരാണ്‌. അവരിന്ന്‌ സംഘടിച്ചിരിക്കുന്നു. കമ്പനി പൂട്ടുക എന്ന്‌ ഏക മുദ്രാവാക്യവുമായി അവർ സമരരംഗത്തിറങ്ങിക്കഴിഞ്ഞു. അത്തരമൊരു പതനത്തിലേക്ക്‌ അവരെ എത്തിച്ചതിന്റെ ഉത്തരവാദിത്വം ആർക്കാണ്‌? മലിനീകരണം ഒഴിവാക്കാൻ ഫാക്‌ടറി അടയ്‌ക്കുകയല്ല വേണ്ടത്‌ എന്നത്‌ എല്ലാവർക്കും അറിയാം. എന്നാൽ ഫാക്‌ടറി തുറന്നു പ്രവർത്തിച്ചുകൊണ്ട്‌ അവിടുത്തെ മലിനീകരണം ഒഴിവാക്കാനുള്ള എന്ത്‌ പ്രായോഗിക നിർദേശമാണുള്ളത്‌? കേരള നിയമസഭാ സബ്‌കമ്മിറ്റിയുടെ മുമ്പാകെ, ഞങ്ങൾ പുണ്യത്തിന്‌ (Charity) വേണ്ടിയല്ല കമ്പനി നടത്തുന്നത്‌, ലാഭത്തിനുവേണ്ടിയാണ്‌ എന്നും സാമ്പത്തികമായി ഇനി ഞങ്ങൾക്കൊന്നും ചെയ്യാനില്ല എന്നും തുറന്നടിച്ച്‌ പറയാനുള്ള ധാർഷ്‌ട്യം മാനേജ്‌മെന്റ്‌ കാണിച്ചു. കഴിഞ്ഞ 30 വർഷങ്ങളിലായും പ്രകടിപ്പിച്ചുകൊണ്ടിരുന്ന ധാർഷ്‌ട്യത്തിന്റെ ഒരാവർത്തനം മാത്രമായിരുന്നു അത്‌. ഈ ധാർഷ്‌ട്യത്തെ മറികടക്കാൻ കേരള ജനതയ്‌ക്ക്‌ സാധിക്കണം.

ദീർഘകാല അനുഭവത്തിന്റെ വെളിച്ചത്തിൽ ജനങ്ങൾക്ക്‌ ഇന്ന്‌ എല്ലാം അറിയാം. ഒരു പഠനവും ഒരു വിദഗ്‌ധ ഉപദേശവും അവർക്കിന്നാവശ്യമില്ല. കമ്പനിയിൽ ജോലി ചെയ്യുന്ന 2500 ഓളം വരുന്ന തൊഴിലാളികളുടെ പ്രശ്‌നമാണ്‌ ഇന്നത്തെ യഥാർഥ പ്രശ്‌നം. കഴിഞ്ഞ 10 കൊല്ലത്തിനുള്ളിൽ മാത്രം 500 കോടിയിൽപ്പരം രൂപയ്‌ക്കുള്ള സബ്‌സിഡിയും സൗജന്യവും ഗ്രാസിം ഇൻഡസ്‌ട്രീസിന്‌ കേരള സമൂഹം നൽകിക്കഴിഞ്ഞു. (അതിന്‌ മുമ്പത്തെ 20 വർഷത്തേത്‌ ഇതിലും കൂടുതലായിരിക്കും). കേവലം 10 കോടിയിൽ താഴെ മുതൽമുടക്കിൽ തുടങ്ങിയ കമ്പനിയുടെ ആസ്‌തി ഇന്ന്‌ 1000 കോടിയിൽ കൂടുതലാണത്രെ. ഒരു ജനതയെ മുഴുവൻ വിഷത്തിൽ മുക്കി ഉണ്ടാക്കിയതാണാ ആസ്‌തി. ഇന്ന്‌ മാവൂരും പരിസരത്തും ഉള്ള ജനതയനുഭവിക്കുന്ന ദുരിതത്തിന്‌ പരിഹാരം കാണാൻ കമ്പനിക്ക്‌ ധാർമികമായും നിയമപരമായും ചമതലയുണ്ട്‌. മലിനീകരണം നിയന്ത്രിക്കാൻ കഴിയില്ല എന്ന്‌ വാക്കുകളിലും പ്രവർത്തിയിലും കമ്പനി തെളിയിച്ച സാഹചര്യത്തിൽ അവിടുത്തെ തൊഴിലാളികൾക്ക്‌ അർഹമായ കോമ്പൻസേഷൻ നൽകുക എന്നതും കമ്പനിയുടെ ചുമതല തന്നെയാണ്‌. ഇത്‌ രണ്ടും നൽകി കേരളത്തിന്റെ പ്രകൃതിയേയും കോഴിക്കോട്ടെ ജനങ്ങളേയും രക്ഷിക്കാനുള്ള സൗമനസ്യം കമ്പനി കാണിക്കണം. അതവർ ചെയ്യുന്നില്ലെങ്കിൽ അവരെക്കൊണ്ടത്‌ ചെയ്യിക്കാൻ കേരള സർക്കാരിനും കേരള ജനതയ്‌ക്കും സാധിക്കണം.

കമ്പനി ഉൽപാദിപ്പിക്കുന്ന പൾപ്പും റയോണും നമുക്ക്‌ വേണ്ടെന്നുവെക്കാവുന്നതാണ്‌. പക്ഷേ, അതുൽപാദിപ്പിക്കുന്ന തീരാരോഗങ്ങളും ദുരിതവും നമുക്ക്‌ കണ്ടില്ലെന്നു നടിക്കാനാകുകയില്ല. കമ്പനി ഉപയോഗിച്ചുതീർക്കുന്ന മുള ഉപയോഗിച്ച്‌ ആദിവാസി മേഖലയിൽ ആയിരക്കണക്കിന്‌ പരമ്പരാഗത തൊഴിലവസരം നൽകാൻ സാധിക്കും. ആയിരത്തിൽപരം ആധുനിക നിത്യോപയോഗ ഉപകരണങ്ങൾ മുളയും ഈറ്റയുമുപയോഗിച്ച്‌ ഉണ്ടാക്കാൻ സാധിക്കും. അരച്ച്‌ പൾപ്പുണ്ടാക്കുന്നത്‌ മുളയുടെ ഏറ്റവും പ്രാകൃതവും പരമാവധി ദക്ഷതകുറഞ്ഞ ഉപയോഗവുമാണ്‌. പരിഷ്‌കൃത ലോകം അതംഗീകരിക്കുന്നേയില്ല.

കമ്പനിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച്‌ ഒരു ഇൻഡസ്‌ട്രിയൽ കോംപ്ലക്‌സ്‌ ആരംഭിച്ചാൽ ആയിരക്കണക്കിന്‌ പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കപ്പെടും. ഡൽഹിക്കടുത്തു സ്ഥാപിച്ചിട്ടുള്ള നോയിഡ ഇൻഡസ്‌ട്രിയൽ കോംപ്ലക്‌സ്‌ മാതൃകാപരമായ ഒന്നാണ്‌. അവിടെ 10,000 ൽ പരം പേർക്ക്‌ തൊഴിൽ നൽകുന്നു. 2000-ലേറെ ചെറുവ്യവസായശാലകളുടെ ഒരു കോംപ്ലക്‌സ്‌ സ്ഥാപിച്ചിരിക്കുകയാണ്‌. ഇലക്‌ട്രോണിക്‌ ഗാസ്‌ ജറ്റുകൽ, കമ്പ്യൂട്ടർ ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, പഠനോപകരണങ്ങൾ, ഭക്ഷ്യസാമഗ്രികൾ തുടങ്ങി നൂറുകണക്കിന്‌ അവശ്യസാധനങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്‌.

മത്സ്യം പിടിച്ചും കക്കവാരിയും ഉപജീവനം കഴിഞ്ഞുകൊണ്ടിരുന്ന നൂറു കണക്കിന്‌ തദ്ദേശവാസികൾക്ക്‌ നഷ്‌ടപ്പെട്ട തൊഴിലവസരങ്ങൾ പുനസ്ഥാപിക്കുക. ശുദ്ധമായ ചാലിയാർ തീരത്ത്‌ മലിനീകരണം നടത്താത്ത നിരവധി മറ്റു ചെറു വ്യവസായങ്ങൾ ഉയർന്നുവരാനുള്ള അന്തരീക്ഷം സൃഷ്‌ടിക്കപ്പെടും. . ഇന്നത്തെ രീതിയിൽ മലിനീകരണം നടത്തിക്കൊണ്ട്‌ തുടർന്നു പ്രവർത്തിക്കാൻ കമ്പനിക്ക്‌ അവകാശമില്ല.

ഈ സാഹചര്യത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ഉടൻ ചെയ്യണമെന്ന ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

1. മാവൂർ മലിനീകരണ ദുരന്തത്തിനുത്തരവാദിയായ ഗ്രാസിം മാനേജുമെന്റിനെ മനുഷ്യാവകാശ ധ്വംസനത്തിന്‌ പ്രോസിക്യൂട്ട്‌ ചെയ്യുക.

2. സൗജന്യവും സബ്‌സിഡികളും അവസാനിപ്പിച്ച്‌ കേരളത്തിന്റെ വിലപ്പെട്ട പ്രകൃതിവിഭവങ്ങൾ മാർക്കറ്റ്‌ വിലയ്‌ക്കുമാത്രം ഗ്രാസിമിന്‌ നൽകുക.

3. ഗ്രാസിമിലെ സമ്പൂർണ മലിനീകരണ നിവാരണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതുവരെ ഉൽപാദനപ്രവർത്തനങ്ങൾ നിർത്തിവെക്കുക.

4. ഇപ്പോൾ പ്രവർത്തനരഹിതമായിരിക്കുന്ന മോണിട്ടറിംഗ്‌ കമ്മിറ്റി, നാട്ടുകാരുടെയും വിദഗ്‌ധരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സന്നദ്ധസംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സർക്കാർ പുനസംഘടിപ്പിക്കുകയും അത്‌ കാലാകാലങ്ങളിൽ പ്രവർത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കുകയും ചെയ്യുക.

5. മലിനീകരണ നിയന്ത്രണ ബോർഡ്‌ കുന്ദമംഗലം കോടതിയിൽ കമ്പനിക്കെതിരെ നൽകിയ CMP 2311, 2312 എന്നീ കേസുകളിലെ കോടതിയുടെ ഇടക്കാല ഉത്തരവ്‌ ധിക്കരിച്ച കമ്പനിക്കെതിരെ കോടതി അലക്ഷ്യത്തിന്‌ കേസ്‌ ഫയൽ ചെയ്യണം.

6. നാട്ടുകാരേയും തൊഴിലാളികളേയും ഭിന്നിപ്പിച്ച്‌ പരസ്‌പരം തമ്മിലടിപ്പിച്ച്‌ തൻകാര്യം നേടുന്ന ഗ്രാസിം മാനേജുമെന്റിനെ ഹീനതന്ത്രങ്ങൾ തിരിച്ചറിഞ്ഞ്‌ ഇതിനെതിരെ മുഴുവൻ വിഭാഗം ജനങ്ങളും സംഘടിക്കുക.

7. ഫാക്‌ടറിയുടെ പ്രവർത്തനഫലമായി ചാലിയാർ പരിസരങ്ങളിലും ആദിവാസി മേഖലകളിലും പരമ്പരാഗത തൊഴിൽ നഷ്‌ടപ്പെട്ടവരുടെയും മലിനീകരണം മൂലം രോഗികളായവരുടെയും ബാധ്യത കമ്പനി ഏറ്റെടുക്കണം. ന്യായമായ നഷ്‌ടപരിഹാരം നൽകണം.