"ഡിജിറ്റൽ ക്ലാസുകൾ ഒരു പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.) (ഡിജിറ്റൽ ക്സാസുകൾ ഒരു പഠനം എന്ന താൾ ഡിജിറ്റൽ ക്ലാസുകൾ ഒരു പഠനം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി)
(വ്യത്യാസം ഇല്ല)

12:21, 10 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി സ്കൂളുകൾ പ്രവർത്തിക്കാൻ കഴിയാതെവന്ന സാഹചര്യത്തിലാണ് കുട്ടികളെ പഠന വഴിയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് വിക്ടേഴ്സ് ചാനൽ വഴി ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചത്. അവസരോചിതമായ ഒരു ഇടപെടലായിരുന്നു അത്. പഠന വഴിയിൽ നിലനിർത്താൻ തുടങ്ങിയ ക്ലാസുകൾ അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലാണ് ഡിജിറ്റൽ ക്ലാസുകളെ കുറിച്ച് പഠിക്കാൻ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തീരുമാനിക്കുന്നത്. ഡിജിറ്റൽ ക്ലാസുകളുടെ പ്രത്യക്ഷഗുണഭോക്താക്കളായ കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ് വിശകലനത്തിന് വിധേയമാക്കിയത്. 2020 ആഗസ്റ്റ് മാസം 10 മുതൽ 20 വരെയായിരുന്നു വിവരശേഖരണം. ഡിജിറ്റൽ ക്ലാസുകളെ സാധാരണ ക്ലാസുകൾക്ക് ബദലായി പരിഷത്ത് കാണുന്നില്ല. സാഹചര്യം അനുകൂലമാകുമ്പോൾ സാധാരണ ക്ലാസുകളിലേക്ക് മടങ്ങാനാകണം. ഡിജിറ്റൽ ക്ലാസുകൾ നീളുന്ന സാഹചര്യത്തിൽ അതിന്റെ പ്രാപ്യത പ്രയോജനക്ഷമത എന്നിവ പരിശോധിച്ച്, മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ കോഡീകരിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ കുട്ടിയുടെ പക്ഷത്ത് നിന്ന് കാണുന്നതിനും ക്രിയാത്മക നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനും അതിനു സഹായകമായ ചർച്ചകളുയർത്തുന്നതിനും ഈ പഠന റിപ്പോർട്ട് ഉപകാരപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതോടൊപ്പം കുട്ടികളുടെ പഠനം തടസ്സം കൂടാതെ നടക്കണമെന്നുള്ള ചിന്തയുടെ ഭാഗമായി കേരളത്തിലും അതിനുള്ള ആലോചനകൾ നടന്നു. നിലവിൽ പ്രവർത്തിച്ചു വരുന്ന വിക്ടേഴ്സ് ചാനൽ വഴി ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ക്ലാസുകൾ നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

2020ജൂൺ 1 മുതൽ തന്നെ ക്ലാസുകൾ ആരംഭിച്ചു. ജൂൺ 8 വരെ പരീക്ഷണതലത്തിലായിരുന്നു പ്രക്ഷേപണം. ജൂൺ 8 മുതൽ ഔപചാരികമായി ക്ലാസുകൾ തുടങ്ങി. പ്രാഥമിക കണക്കെടുപ്പിൽ ആറ് ശതമാനം കുട്ടികൾക്ക് ഉപകരണലഭ്യതയില്ലാത്ത പ്രശ്നമുണ്ടെന്ന് കണ്ടെത്തി. എല്ലാ കുട്ടികൾക്കും ക്ലാസുകൾ കാണുന്നതിന് ഉപകരണങ്ങൾ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന സർക്കാരിന്റെ അഭ്യർഥന കേരളസമൂഹം മുഖവിലക്കെടുത്തു. കേരളത്തിലുടനീളം വിദ്യാർഥി - യുവജന സംഘടനകൾ, സന്നദ്ധസംഘടനങ്ങൾ, സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിൽ നിന്നുമുള്ളവർ സഹായഹസ്തവുമായെത്തി. കോടികൾ വിലമതിക്കുന്ന പതിനായിരത്തിലധികം സാങ്കേതികവിദ്യാ ഉപകരണങ്ങൾ, ടെലിവിഷനായും ലാപ്ടോപ്പ് ആയും സ്മാർട്ട് ഫോണായും കുട്ടികളിലേക്ക് എത്തിക്കാൻ കേരളീയസമൂഹത്തിന് കഴിഞ്ഞു. സ്കൂൾ അടച്ചുപൂട്ടൽ കുട്ടികളിലും അധ്യാപകരിലും രക്ഷിതാക്കളിലും അമിത സമ്മർദമുയർത്തുന്നുണ്ടെന്ന നിരീക്ഷണങ്ങൾ വിദഗ്ധരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. വിദ്യാലയാന്തരീക്ഷം നഷ്ടപ്പെടുന്നത് കുട്ടികളുടെ വൈകാരികാവസ്ഥകളെ ബാധിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു.

ഡിജിറ്റൽ ക്ലാസുകൾ 2 മാസം പിന്നിട്ട ഘട്ടത്തിൽ ക്ലാസിന്റെ പ്രയോജനക്ഷമത, പ്രാപ്യത, സ്വീകാര്യത, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയെക്കുറിച്ച് ഗൗരവമായ ഒരു അന്വേഷണം അനിവാര്യമാണ് എന്ന അഭിപ്രായം പലരിൽനിന്നും ഉയർന്നുവരികയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിൽ നടന്നുവരുന്ന ഡിജിറ്റൽ ക്ലാസുകളെ കുറിച്ച് ഒരു അവസ്ഥാപനം നടത്തുന്നതിന് തീരുമാനിച്ചത്. വിദ്യാഭ്യാസ മേഖലയുടെ പ്രത്യക്ഷ ഗുണഭോക്താക്കളായ കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ പ്രതികരണങ്ങളാണ് പഠനത്തിന് ആധാരമായി സ്വീകരിച്ചിട്ടുള്ളത്.

പഠനറിപ്പോർട്ട് പൂർണരൂപം

"https://wiki.kssp.in/index.php?title=ഡിജിറ്റൽ_ക്ലാസുകൾ_ഒരു_പഠനം&oldid=8979" എന്ന താളിൽനിന്ന് ശേഖരിച്ചത്