താന്ന്യം യൂണിറ്റിന്റെ ചരിത്രം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് താന്ന്യം യൂണിറ്റ് 1989 മെയ് മാസത്തിൽ ആണ്  രൂപീകരിക്കുന്നത്. കിഴക്കുംമുറി തിരുവാണിക്കാവ് ക്ഷേത്ര ആൽത്തറയിൽ ആണ്  രൂപീകരണ യോഗം ചേർന്നത്. തൃപ്രയാർ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശമായിരുന്നു അന്ന് ഈ പ്രദേശമെല്ലാം. പിന്നീട് തൃപ്രയാർ മേഖല വിഭജിച്ചാണ് അന്തിക്കാട് മേഖല രൂപീകരിക്കപ്പെടുന്നത്.  യൂണിറ്റ് രൂപീകരണ യോഗത്തിൽ മേഖലാ കമ്മിറ്റി അംഗം  പ്രകാശൻ ആണ് അദ്ധ്യക്ഷത വഹിച്ചത്. 8  പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. ശ്രീ. കിരൺ കെ. ആർ., കലാനി വീട്, കിഴക്കുംമുറി എന്നവരെ പ്രസിഡന്റ് ആയും . അഡ്വ. ശ്രീ. ടി.വി. രാജൂ, തണ്ടാശ്ശേരി വീട്, കിഴക്കുംമുറി എന്നവരെ സെക്രട്ടറി ആയും യോഗം തെരഞ്ഞെടുത്തു. ആദ്യ ഘട്ടത്തിൽ ബാലവേദി പ്രവർത്തനം ആണ് മുഖ്യമായും നടത്തിയത്. നാല് ബാലവേദി യൂണിറ്റുകൾ താന്ന്യം ഗ്രാമപഞ്ചായത്തിൽ രൂപീകരിച്ചിരുന്നു. 1989-90 കാലയളവിൽ നടന്ന സമ്പൂർണ സാക്ഷരതാ യജ്ഞത്തിൽ യൂണിറ്റ് പ്രവർത്തകർ എല്ലാം സജീവമായി പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി അഡ്വ. ടി.വി. രാജു ആയിരിന്നു പഞ്ചായത്ത്തല കോർഡിനേറ്റർ. മറ്റൊരു അംഗം സുശീല ടീച്ചർ താന്ന്യം, ചാഴൂർ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശത്തിന്റെ എ.പി.ഒ ആയിരുന്നു. ധർമ്മപാലൻ മാസ്റ്റർ, സിദ്ധാർത്ഥൻ മാസ്റ്റർ തുടങ്ങി ഒട്ടേറെ പേർ പരിഷത്ത് അംഗങ്ങളായി വരികയും സാക്ഷരതാ പ്രവർത്തനത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. തൃശൂർ ജില്ലയിൽ സാക്ഷരതാ പ്രവർത്തനം മികച്ച രീതിയിൽ നടന്ന ഒരു പഞ്ചായത്ത് ആയിരുന്നു താന്ന്യം. സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം താന്ന്യത്തിനായിരുന്നു.  മുൻ വർഷത്തിൽ തൃശൂർ കേരളവർമ്മ കോളേജിൽ വെച്ച്  അഖിലേന്ത്യാ ബാലോത്സവം നടന്നിരുന്നു. ബാലോത്സവ ശേഷം നല്ലൊരു തുക മിച്ചം വരികയും ഉണ്ടായി. പ്രസ്തുത തുക ഉപയോഗപ്പെടുത്തി  ആണ്‌ കേരളവർമ്മ കോളേജ് റോഡിന് അടുത്തുള്ള പരിസരകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം തീറ് വാങ്ങുന്നത്.  സമ്പൂർണ സാക്ഷരതാ പ്രഖ്യാപന ശേഷം ജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനം പരിഷത്ത് പ്രവർത്തകർക്ക് ഉണ്ടായി.  പരിഷത്ത് പുസ്തകങ്ങളുടെ പ്രചാരണം ഏറ്റവും വിപുലമായി നടന്നത് ഈ കാലയളവിൽ ആണ്. പുസ്തക വില്പനയിൽ നിന്നും ലഭിച്ച കമ്മീഷൻ തുകകൊണ്ടാണ് പരിസരകേന്ദ്രം നിർമ്മാണം നടത്തിയത്. ഇത്തരം ഒരനുഭവം കേരള ചരിത്രത്തിൽ മറ്റെവിടെയും കാണാനാകില്ല.  പ്രാഥമിക ശാസ്ത്രം സമഗ്രതയിൽ അവതരിപ്പിക്കുന്ന ശാസ്ത്രകൗതുകം എന്ന വലിയ പുസ്തകം നമ്മുടെ പഞ്ചായത്തിൽ 35 എണ്ണം പ്രചരിപ്പിച്ചു. താന്ന്യം ഗ്രാമപഞ്ചായത്തിൽ 1992-1996 കാലയളവിൽ  പരിഷത്ത് പ്രവർത്തനം ഏറ്റവും ഉന്നതിയിലുണ്ടായ കാലമായിരുന്നു. അന്ന് മൂന്ന്‌ പുതിയ യൂണിറ്റുകൾ രൂപീകരിക്കപ്പെടുകയും ധർമ്മപാലൻ മാസ്റ്റർ, സുശീല ടീച്ചർ, രവീന്ദ്രൻ കല്ലിക്കട തുടങ്ങി സമാദരണീയരായ പൊതുപ്രവർത്തകർ യൂണിറ്റ് നേതൃത്വം വഹിക്കുകയും ചെയ്യപ്പെട്ടു. ജനകീയാടിത്തറ വികസിച്ചതോടെ വിപുലമായ പ്രവർത്തനങ്ങൾ നാം ഏറ്റെടുത്തു. 2001 ൽ  യുറീക്ക വിജ്ഞാനപരീക്ഷയെ പൊതുജന പങ്കാളിത്തതോടെയുള്ള  വിജ്ഞാനോത്സവം ആക്കി മാറ്റിയെടുത്തു.  ഓരോ ക്ലാസിലേയും ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾ മാത്രം പങ്കെടുത്തിരുന്ന ഒരു മത്സര പരീക്ഷ, മുഴുവൻ വിദ്യാർത്ഥികളെയും വിദ്യാഭ്യാസ പ്രവർത്തകരെയും ഉൾക്കൊള്ളുന്ന ഒരു പഠനോത്സവമായി വിജ്ഞാനോത്സവം മാറി. സി.വി. സിദ്ധാർത്ഥൻ മാസ്റ്റർ, സുശീല ടീച്ചർ, ധർമ്മപാലൻ മാസ്റ്റർ, രാധാമണി ടീച്ചർ, രവീന്ദ്രൻ കല്ലിക്കട, ഇന്ദുലേഖ ടീച്ചർ തുടങ്ങി ഒട്ടേറെ പേർ വിജ്ഞാനോത്സവത്തിന് നേതൃത്വം നൽകുകയും ജില്ലയിലെ മികവുറ്റ പ്രവർത്തനത്തിന് ഭാഗഭാക്കാവുകയും ചെയ്തു. 1996 ൽ ആരംഭിച്ച ജനകീയാസൂത്രണ പദ്ധതിയിൽ  പരിശീലനം, ഗ്രാമസഭാ സംഘാടനം, പദ്ധതി രൂപീകരണം, നിർവ്വഹണം എന്നീ മുഴുവൻ മേഖലകളിലും  അന്ന് മുതൽ ഇന്നുവരെ പരിഷത്ത് പ്രവർത്തകർ സജീവമാണ്. താന്ന്യം യൂണിറ്റിൽ നിന്നും രാധാമണി ടീച്ചർ, സുശീല ടീച്ചർ, അഡ്വ. ടി.വി. രാജൂ എന്നിവർ ജില്ലാ കമ്മിറ്റി അംഗങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്. ശ്രീ. ധർമ്മപാലൻ മാസ്റ്റർ, സുശീല ടീച്ചർ, രവീന്ദ്രൻ കല്ലിക്കട, അഡ്വ. ടി.വി. രാജൂ, എ.കെ. രാജൻ എന്നിവർ അന്തിക്കാട് മേഖല പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകളും നിർവ്വഹിച്ചിട്ടുണ്ട്. പരിഷത്ത് താന്ന്യം യൂണിറ്റ് പ്രവർത്തന ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന വ്യക്തിത്വങ്ങളാണ് ധർമ്മപാലൻ മാസ്റ്ററും രവീന്ദ്രൻ കല്ലിക്കടയും. സമ്പൂർണ സാക്ഷരതാ കാമ്പയിൻ, വിജ്ഞാനോത്സവം, ജനകീയാസൂത്രണം എന്നിവയിലെ അക്കാദമിക പ്രവർത്തനങ്ങളുടെ നെടുംതൂൺ ധർമ്മപാലൻ മാസ്റ്റർ ആയിരുന്നു. സ്വന്തം ശാരീരിക അസുഖങ്ങളും അവയുണ്ടാക്കിയ അസ്വസ്ഥതകളും കാര്യമാക്കാതെ ഏല്പിക്കുന്ന മുഴുവൻ ജോലികളും കൃത്യതയോടെ പൂർത്തിയാക്കാൻ മാഷ് ശ്രമിച്ചിരുന്നു. യൂണിറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിന്ന് വരുന്ന വഴിയാണ് കുഴഞ്ഞുവീണ് മാഷ് നമ്മെ വിട്ടുപിരിഞ്ഞത്.  ശ്രീ. രവീന്ദ്രൻ കല്ലിക്കട ജനകീയാസൂത്രണം, വിജ്ഞാനോത്സവം, പരിഷത്ത് സോപ്പ്, ഡിറ്റർജൻ്റ് എന്നിവയുടെ നിർമ്മാണം പരിശീലനം എന്നിവയിൽ നിറസാന്നിദ്ധ്യമായിരുന്നു. രണ്ടു പേരുടെയും ദീപ്തമായ ഓർമ്മകൾക്ക് മുമ്പിൽ ഹൃദയവേദനയോടെ നമിക്കുന്നു. താന്ന്യം പഞ്ചായത്തിലെ ആരോഗ്യ-പാരിസ്ഥിതിക പ്രശ്നങ്ങളിൽ അധികം ഇടപെടലുകൾ പരിഷത്ത് നടത്തിയിട്ടില്ലെങ്കിലും, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിന് അതിർത്തിയിലുടെ ഒഴുകുന്ന തോട്ടിലെ മാലിന്യം സംബന്ധിച്ച്  2016-2017 കാലയളവിൽ പഠനം നടത്തുകയും ഏതേത് ഇടങ്ങളിൽ നിന്നാണ് മാലിന്യം തോട്ടിലേക്ക് എത്തിച്ചേരുന്നതെന്ന് റിപ്പോർട്ട് തയ്യാറാക്കി തദ്ദേശസ്വയംഭരണങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.  പെരിങ്ങോട്ടുകര നാലുംകൂടിയ സെൻ്ററിൽ പൊതുജനസഭ വിളിച്ച് ചേർത്ത് മാലിന്യം മൂലം സംഭവിക്കാവുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ  അവതരിപ്പിക്കുകയും മാലിന്യം തോട്ടിലേക്ക് ഒഴുക്കുന്നതിനെതിരെ പൊതുബോധം സൃഷ്ടിക്കുന്നതിന്നും അന്ന് നമുക്കായി.

പൊതുജന വിദ്യാഭ്യാസ രംഗത്തും ശാസ്ത്ര പ്രചാരണത്തിലും തിയ്യറ്റർ സങ്കേതങ്ങൾ ഇത്രമാത്രം ഉപയോഗപ്പെടുത്തിയ മറ്റൊരു സംഘടനയും ഇന്ത്യയിൽ ഉണ്ടായിട്ടില്ല. തെരുവുകളിലും വീട്ടുമുറ്റങ്ങളിലും കോളനികളിലും എന്നുവേണ്ട സാധാരണ ജനങ്ങൾ ഒത്തുചേരുന്ന മുഴുവൻ ഇടങ്ങളിലും  കവിതയിലൂടെ, സംഗീത ശില്പങ്ങളിലൂടെ, നാടകങ്ങളിലൂടെ കേരളത്തിന്റെ പൊതുമണ്ഡലത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടായി പരിഷത്ത് നിറസാന്നിദ്ധ്യമാണ്. ശാസ്ത്രം ജനനന്മക്ക് എന്ന മുദ്രാവാക്യം ഉയർത്തി പിടിക്കുന്ന നമുക്ക്   സാധാരണ ജനങ്ങളുടെ ജീവൽപ്രശ്നങ്ങളിൽ ഇടപെടാനാകണം. ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനം എന്ന നിലയിൽ താന്ന്യം ഗ്രാമപഞ്ചായത്തിൽ വലിയ സ്വാധീനം ഉള്ള നമുക്ക് ഇനി പറയുന്ന കാര്യങ്ങളിൽ ശാസ്ത്രീയമായ പരിഹാര നടപടികൾ പ്രാവർത്തികമാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് ഉചിതമെന്ന് കരുതുന്നു. 1. ജനകീയാസൂത്രണം 25 വർഷത്തിലെത്തി നിൽക്കുന്നു. അധികാരവും സമ്പത്തും വലിയ അളവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമായി പക്ഷേ നമ്മുടെ പുഴയോര പ്രദേശങ്ങളിൽ ഓരുജലം കയറി കുടിവെള്ളം മലിനമാകുന്നതും വേനൽക്കാലത്ത് കുടിവെള്ളത്തിനായി ജനം കഷ്ടപ്പെടുന്നതും ഓരോ വർഷവും ആവർത്തിക്കപ്പെടുകയാണ് 2. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ സംഭരിച്ച് സംസ്കരിക്കാൻ സ്ഥിരം സംവിധാനം ഏർപ്പെടുത്താൻ നമുക്ക് ആയിട്ടില്ല. 3. ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ  ശാസ്ത്രീയവും വികേന്ദ്രീകൃതവുമായ സംസ്ക്കരണം എല്ലാ വീടുകളിലും മറ്റു സ്ഥാപനങ്ങളിലും ഏർപ്പെടുത്താൻ കഴിഞ്ഞിട്ടില്ല

നമ്മുടെ പഞ്ചായത്തിലെ ഓരോ ചെറിയ ഇടങ്ങളിലും ഉണ്ടാകുന്ന അശാസ്ത്രീയമായ ഭൂവിനിയോഗത്തിലും പാരിസ്ഥിതിക നാശത്തിനും എതിരെ ശബ്ദമുയർത്താനും ബദൽ നിർദ്ദേശങ്ങൾ അവതരിപ്പിക്കാനും ജനങ്ങളുടെ ജീവിതഗുണത വർദ്ധിപ്പിക്കുന്ന പ്രവർത്തങ്ങൾക്കും പരിഷത്ത് പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി ഈ രേഖ സമർപ്പിക്കുന്നു.

പരിഷത്താഭിവാദങ്ങൾ.