ദ്വീപ് വികസന പദ്ധതിയും കായൽ പരിസ്ഥിതിയും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:18, 2 നവംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Psdeepesh (സംവാദം | സംഭാവനകൾ)

കുറിപ്പ്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1995 ജനുവരിയിൽ പ്രസിദ്ധീകരിച്ച ഈ ലഘുലേഖയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ 1995 നു മുൻപ് ലഭിച്ച വിവരങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയിട്ടുള്ളതാണ്‌ അതിനു ശേഷം വന്നിട്ടുള്ള മാറ്റങ്ങൾ ഇതിൽ ലഭ്യമാവുകയില്ല.

വേമ്പനാട്ട് കായൽ- ഒരു വിശാല സമ്പദ് വ്യൂഹം

ആമുഖം

കേരളത്തനിമയായ പ്രകൃതിരമണീയതയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഏതൊരാളുടേയും മനസ്സിലേക്കാദ്യം കടന്നു വരിക കേരളത്തിന്റെ മാത്രം സമ്പത്തായ മനോഹരങ്ങളായ കായല്പ്പരപ്പുകളും സ്ന്നിഗ്ദ്ധമായൊഴുകുന്ന നദികളുമായിരിക്കും. 44 നദികളും അത്ര തന്നെ കായലുകളും കൊണ്ട് ധന്യമായ ഈ ഭൂപ്രദേശത്തിന്‌ തുല്യമായ ചാരുതയിൽ മറ്റൊരു ഭൂപ്രദേശം വിരളമാണ്‌. കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളിൽ മിക്കവയും കായലുകളുമായി ചേർന്ന് കടലിൽ പതിക്കുകയാണ്‌ ചെയ്യുന്നത്. കടലിനേയും നദികളേയും കൂട്ടിയിണക്കിക്കൊണ്ട് കേരളത്തിന്റെ തീരപ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഈ പല രീതികളിൽ കേരളത്തിന്റെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മാത്രമല്ല രാസ-ഭൗതിക-ജീവശാസ്ത്ര സവിശേഷതകളാൽ അനുഗ്രഹീതമായ ഈ ജലാശയങ്ങളോളം ജീവസംവഹനശേഷിയുള്ള ജലപരിസ്ഥിതിവ്യൂഹങ്ങൾ വിരളവുമാണ്‌

ഇന്ത്യയുടെ തീരക്കടൽ പ്രദേശങ്ങൾ മൊത്തം പരിശോധിക്കുമ്പോൾ മത്സ്യസമ്പത്തിന്റെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ നില്ക്കുന്നത് തെക്കുപടിഞ്ഞാറൻ തീരക്കടൽ ഭാഗമാണെന്ന് കാണാൻ കഴിയും. ഈ ഭാഗങ്ങളിലെ വർദ്ധിച്ച ഉല്പാദനക്ഷമതക്ക് കാരണം കേരളത്തിലെ വിശാലമായ കായല്പ്പരപ്പുകളും അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമാണ്‌. കേരളത്തിലെ കായലുകളുടെ ഈ പ്രത്യേകത തൊട്ടുകിടക്കുന്ന കർണ്ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ തീരക്കടലിലെ മത്സ്യ ഉദ്പാദനം വർദ്ധിപ്പിക്കുന്നതിന്‌ കൂടി സഹായിക്കുന്നുണ്ടെന്നാണ്‌ പഠനങ്ങൾ തെളിയിക്കുന്നത്.

പ്രകൃതിയുടെ വരദാനമായ ഈ ജലാശയങ്ങളുടെ ഇന്നത്തെ സ്ഥിതി പരിശോധിക്കുമ്പോഴാണ്‌ കഴിഞ്ഞ അര നൂറ്റാണ്ട് കൊണ്ട്, അവ ആഴത്തിലും പരപ്പിലും എത്രമാത്ര ചുരുങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന യാദാർത്ഥ്യം നമുക്കു ബോധ്യമാവുക.1958ൽ അമ്പതിനായിരത്തിലധികം ഹെക്ടർ വിസ്തൃതിയുണ്ടായിരുന്ന നമ്മുടെ മുപ്പതോളം വരുന്ന കായൽ പ്രദേശത്തിന്റെ ഇന്നത്തെ സ്ഥിതിയെപ്പറ്റി വ്യക്തമായ കണക്കുകൾ ലഭ്യമല്ലെങ്കിലും പലയിടങ്ങളിൽ നിന്നായി ലഭിക്കുന്ന കണക്കുകൾ വച്ച് നോക്കുമ്പോൾ ഏകദേശം 35000 ഹെക്ടറിൽ കുറവേയുള്ളുവെന്ന് കാണാൻ കഴിയും

സംസ്ഥാനത്തെ മൊത്തം ജലപ്രദേശത്തിന്റെ വിസ്തൃതി മൂന്നു ദശകങ്ങൾക്ക് മുമ്പുണ്ടായിരുന്ന 2,42,000 ഹെക്ടറിൽ നിന്നും ചുരുങ്ങി കഴിഞ്ഞതായാണ്‌ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ഒരനുബന്ധ സ്ഥാപനമായ കേരള ജല കൃഷി വികസന എജൻസി(ADAK)യുടെ സർവേ സൂചിപ്പിക്കുന്നത്

കേരളമുൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സാംസ്കാരിക ഘടനയിൽ ഗണ്യമായ സ്വാധീനമുള്ള ഈ അമൂല്യങ്ങളായ കായൽ പരപ്പുകളുടെ ഭൂരിഭാഗവും ഇന്ന് നഗരവല്ക്കരണം നെല്ക്കൃഷി, മൽസ്യകൃഷി,തുർമുഖവികസനം തുടങ്ങി നാനാവിധമായ വികസന പ്രവർത്തനങ്ങളുടെ പേരിൽ നികത്തപ്പെട്ടിരിക്കുന്നു എന്നതാണ്‌ സത്യം.കേരളത്തിന്‌ പ്രകൃതി കനിഞ്ഞു നല്കിയ ഈ ജലാശയങ്ങൾ മൽസ്യസമ്പത്തിന്റെ വളർച്ചയിലും പാരിസ്ഥിതിക സംതുലനം പാലിക്കുന്നതിലുമെല്ലാം എന്തൊക്കെ സംഭാവനകളാൺ നല്കിവരുന്നതെന്നറിഞ്ഞാലേ അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാകൂ.

കായൽ നിർവ്വഹിക്കുന്ന പാരിസ്ഥിതിക ധർമ്മങ്ങൾ

ഏതൊരു ആവാസവ്യവസ്ഥയെപ്പോലെയും കായലും നിരവധി പാരിസ്ഥിതിക ധർമ്മങ്ങൾ നിർവ്വഹിക്കുന്നതാണ്‌.അവയിൽ താഴെപ്പറയുന്നവ പ്രധാന്യമർഹിക്കുന്നു :-

  1. ഒഴുകിയെത്തുന്ന ജലത്തിന്റെ സംഭരണിയും സ്വാഭാവിക അരിപ്പയുമായി കായൽ പ്രവർത്തിക്കുന്നു.
  2. സമീപപ്രദേശങ്ങളിലെ വെള്ളപ്പോക്ക നിയന്ത്രണം സാധ്യമാക്കുന്നു.
  3. ഭൗമജലത്തിന്റെ സമ്പത്ത് നിലനിർത്തുന്നു.
  4. കണ്ടൽ കാടുകളെ നിലനിർത്തുന്നു.
  5. വിവിധയിനം സമുദ്ര-ശുദ്ധജല മത്സ്യങ്ങളുടെ പ്രകൃതിദത്തമായ കളിത്തൊട്ടിലും നഴ്സറിയുമായി പ്രവർത്തിക്കുന്നു.
  6. ദേശാടനപക്ഷികളുടേയും ജന്തുക്കളുടേയും സങ്കേതങ്ങളൊരുക്കുന്നു.
  7. ഉൾനാടൻ ജലാശയങ്ങളിലേക്ക് അധുകരിച്ച തോതിൽ ഓരുജലം കയറുന്നത് തടയുന്നു