പരിഷത്ത് സംഘടനയുടെ ചരിത്രം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
20:48, 2 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ)

എന്തല്ല പരിഷത്ത്

  1. പരിഷത്ത് ഒരു രാഷ്ട്രീയ പാർടിയല്ല, എന്നാൽ പരിഷദ് പ്രവർത്തനങ്ങളിൽ പലതും എല്ലാ രാഷ്ട്രീയപാർട്ടികൾക്കും ഏറിയതോ കുറഞ്ഞതോ ആയ തോതിൽ ഉപകരിക്കുന്നതായിരിക്കും. പക്ഷേ, രാഷ്ട്രീയപാർട്ടികൾക്ക് ഉപകരിക്കുമാറാകുക എന്നതല്ല പരിഷത്തിന്റെ ലക്ഷ്യം.
  2. പരിഷത്ത് ഒരു കേവല ക്ഷേമപ്രവർത്തന സംഘടനയല്ല. ആരോഗ്യ പരിപാലനം, മെഡിക്കൽ ക്യാമ്പുകൾ, ചെലവ് കുറഞ്ഞ വീടുകളുടെ നിർമാണം, അടുപ്പ് സ്ഥാപിക്കൽ, ചെറുകിട വ്യവസായങ്ങൾ തുടങ്ങിയ പല തുറകളിലും പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  3. പരിഷത്ത് കേവല സാംസ്‌കാരിക സംഘടനയല്ല. കലാപരിപാടികൾ, പൊതുയോഗങ്ങൾ, മത്സരങ്ങൾ, ജാഥകൾ തുടങ്ങിയ പല സാംസ്‌കാരിക പ്രവർത്തനങ്ങളിലും ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  4. പരിഷത്ത് ഒരു കേവല വിദ്യാഭ്യാസ സംഘടനയല്ല. കുട്ടികൾക്കും അധ്യാപകർക്കും നാട്ടുകാർക്കും ക്ലാസ്സുകൾ നടത്തുക, വിജ്ഞാനപരീക്ഷകളും മറ്റ് മത്സരങ്ങളും നടത്തുക, സയൻസ് ക്ലബ്, സയൻസ് കോർണർ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ഔപചാരികവും അനൗപചാരികവുമായ ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  5. പരിഷത്ത് ഒരു കേവല ഗവേഷക സംഘടനയല്ല. കുട്ടനാടിന്റെ പ്രശ്‌നങ്ങൾ, നാടിന് ചേർന്ന സാങ്കേതിക വിദ്യ, ബയോഗ്യാസ്, കേരളത്തിന്റെ സമ്പത്ത്, പരിസര മലിനീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ പല തുറകളിലും ഗവേഷണ, വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  6. പരിഷത്ത് ഒരു കേവല വിജ്ഞാന വ്യാപന സംഘടനയല്ല. ശാസ്ത്രസാങ്കേതിക രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങളും ശാസ്ത്രസത്യങ്ങളും ജനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപകരിക്കുന്ന വിവരങ്ങളും ജനങ്ങൾക്കിടയിൽ വ്യാപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിഷത്തിന്റെ ലക്ഷ്യം അത് മാത്രമല്ല.
  7. പരിഷത്ത് ഒരു പ്രസിദ്ധീകരണശാലയല്ല. ഒട്ടേറെ ശാസ്ത്രപുസ്തകങ്ങളും മാസികകളും അത് പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും അവയുടെ പ്രചാരണത്തിൽ അതിയായ താല്പര്യമുണ്ടെങ്കിലും പരിഷത്തിന്റെ പ്രവർത്തനം അത് മാത്രമല്ല.
  8. പരിഷത്ത് ഒരു കേവല യുക്തിവാദി സംഘടനയല്ല. ശാസ്ത്രീയമായ ജീവിതവീക്ഷണം വളർത്തുവാനായി പരിഷത്ത് പരിശ്രമിക്കുന്നു. എന്നാൽ കാരണത്തെ വിട്ട് കാര്യത്തിൽ ഒതുങ്ങി നില്ക്കുക എന്നത് പരിഷത്തിന്റെ രീതിയല്ല.

(82ലെ പ്രവർത്തക പരിശീലന രേഖയിൽനിന്ന്)

ആർക്കൊക്കെ നല്ല പരിഷത്ത് പ്രവർത്തകരാകാം 
കത്തുകൾക്ക് മറുപടി അയക്കാത്തവർ, കണക്ക് സൂക്ഷിക്കാത്തവർ, ഏറ്റ പണി നടത്താത്തവർ, ഏൽപിച്ച പണിയിൽ നിന്ന് ഒഴിയുന്നവർ, തന്റെ പ്രവർത്തനവും മറ്റുള്ളവരുടെ പ്രവർത്തനവും തമ്മിലുള്ള ബന്ധം കാണാത്തവർ, സർഗ്ഗാത്മക വിമർശനത്തിന് പകരം പരാതിയിലും പരദൂഷണത്തിലും ഒതുങ്ങി നില്ക്കുന്നവർ, പരിഷത്തിന്റെ ലക്ഷ്യത്തെ സ്വാംശീകരിക്കാത്തവർ, മനുഷ്യനിലും അവന്റെ കഴിവിലും വിശ്വാസമില്ലാത്തവർ - ഇവർക്കാർക്കും നല്ല പരിഷദ് പ്രവർത്തകരാകുവാൻ പറ്റുന്നതല്ല.


മുഖവുര

കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ പുതിയ പ്രവർത്തകർക്കു ഈ പ്രസ്ഥാനം പിന്നിട്ട പാതകളെക്കുറിച്ച് ഏകദേശരൂപം ലഭിക്കുന്നതിനും പഴയ പ്രവർത്തകർക്കു അവയെ അനുസ്മരിക്കുന്നതിനും വേണ്ടി തയ്യാറാക്കപ്പെട്ടതാണ് ഈ ലഘുഗ്രന്ഥം. കാലഗണനാക്രമത്തിൽ സംഭവഗതിയെ സംക്ഷിപ്തമായി വിവരിക്കുകയാണ് ഇതു ചെയ്യുന്നത്. പരിഷത്ത് ഓരോ കാലത്ത് ആവിഷ്‌കരിച്ച പുതിയ പരിപാടിക്കും സ്വീകരിച്ച സമീപനത്തിനും പ്രേരിപ്പിച്ചത് എന്ത് എന്ന വിശകലനം ഇതു നൽകുന്നില്ല. ഇതുപോലുള്ള ഒരു ലഘുപുസ്തകത്തിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്നതല്ലല്ലോ അത്തരം വിവരങ്ങൾ. പരിഷത്തിന്റെ സംഘടനാ വിദ്യാഭ്യാസത്തിനുള്ള ഒരു പ്രവേശികയായിട്ടാണ് ഇത് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഇത് ഏതെങ്കിലും ഒരു വ്യക്തിയുടെ കൃതിയല്ല. 1992-ൽ സംഘടനാ വിദ്യാഭ്യാസ പ്രവർത്തനത്തിന്റെ ഭാഗമായി ജില്ലകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരുടെ ഏതാനും ബാച്ചുകൾ നാലഞ്ചു ദിവസം വീതം ഐ.ആർ.ടി.സിയിൽ കൂടിയിരുന്ന് പഴയ രേഖകളും കൃതികളും കൂട്ടായി വായിക്കുകയും ചർച്ച ചെയ്യുകയുമുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ അവയിലെ ആദ്യ ബാച്ചുകൾ തയ്യാറാക്കുകയും പിന്നീടുള്ളവർ പരിശോധിച്ച് മെച്ചപ്പെടുത്തുകയും ചെയ്തതാണ് ഈ കൃതി. ആ അർഥത്തിൽ ഇതൊരു കൂട്ടായ യത്‌നത്തിന്റെ ഫലമാണ്. 92-ൽ തയ്യാറാക്കിയ പുസ്തകത്തിൽ അടുത്ത ഒരു ദശകത്തിലെ സംഭവങ്ങൾ കൂടി കൂട്ടിച്ചേർത്തുകൊണ്ടാണ് ഈ പുതിയ പതിപ്പ് പുറത്തിറക്കുന്നത്. ചുറ്റുപാടുകളോട് പ്രതികരിച്ചുകൊണ്ടും അവയുടെ സ്വാധീനം മൂലം പരിവർത്തന വിധേയമായും ആണ് പരിഷത്തിന്റെ വളർച്ച. ഓരോ പതിറ്റാണ്ടിലും അതിന്റെ രൂപഭാവങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ട്. ഇന്നത്തെ പരിഷത് സംഘടനയെ മനസ്സിലാക്കാനും നാളേക്കു പറ്റുന്ന രീതിയിൽ അതിനു രൂപഭേദം വരുത്തുന്നതിനും കഴിഞ്ഞകാല പ്രവർത്തകർ അതിനെ ഓരോ ഘട്ടത്തിലും എങ്ങനെ രൂപപ്പെടുത്തി എന്ന അറിവ് സഹായകമായിരിക്കും. അതിന്റെ ഒരംശമാണ് ഇനിയുള്ള പേജുകളിലുള്ളത്. പരിഷത്ത് വിവിധ മണ്ഡലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളും അവയ്ക്കു ആധാരമായ സമീപനവും വിവരിക്കുന്ന മറ്റൊരു ഗ്രന്ഥവും ഇതിനു പൂരകമെന്ന നിലയിൽ തയ്യാറാക്കാൻ ശ്രമിച്ചിരുന്നു. അതിൽ ഏർപ്പെട്ടവർ അവരുടെ പണി മുഴുമിപ്പിക്കാത്തതുമൂലം അത് പുറത്തുകൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം അവർക്കു ഒരു പ്രചോദനമായിത്തീരും എന്നു ആശിക്കുന്നു. ഈ ലഘുവിവരണം പരിഷത്ത് പ്രവർത്തകരുടെ സംഘടനാ വിദ്യാഭ്യാസത്തിനു ഉപകരിക്കുമെന്ന പ്രതീക്ഷയോടെ അവർക്കു സമർപ്പിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌

ആമുഖം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടിട്ട് നാലു പതിറ്റാണ്ട് തികയുകയാണ്. ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം നാല്പത് വർഷം എന്നത് തീരെ ചെറിയ കാലയളവല്ല. ഈ കാലഘട്ടത്തിനുള്ളിൽ ശാസ്ത്രസാഹിത്യ രചയിതാക്കളുടെ ഒരു സംഘടന എന്ന നിലയിൽനിന്ന് ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ എണ്ണപ്പെട്ട ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമായി അതു വളർന്നിരിക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം താരതമ്യേന ഒരു പുതിയ സാമൂഹ്യ പ്രതിഭാസമാണ് ജനകീയ ശാസ്ത്ര പ്രസ്ഥാനം. ഭാരതീയ ഭാഷകളിൽ ശാസ്ത്രത്തെ പ്രചരിപ്പിക്കുന്ന ചെറു ചെറു ഗ്രൂപ്പുകൾ മുമ്പും ഉണ്ടായിരുന്നു. ചിലത് സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ രൂപം കൊണ്ടിട്ടുള്ളവയാണ്. ഐൻസ്റ്റയ്‌ന്റെ സഹപ്രവർത്തകനും പല കാര്യങ്ങളിലും സമശീർഷനുമായിരുന്ന സത്യേന്ദ്രനാഥ് ബോസ് ആരംഭിച്ച ബംഗീയവിജ്ഞാൻ പരിഷത്തും പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ജെ. ബി. എസ്. ഹാൽ ഡെയ്‌ന്റെ ഉത്സാഹത്തിൽ ആരംഭിച്ച ഒറീസയിലെ വിജ്ഞാൻ പ്രചാരസഭയും ആസാമിലെ ആസാം സയൻസ് സൊസൈറ്റിയുമൊക്കെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിനേക്കാൾ പഴക്കമുള്ള സംഘടനകളാണ്. 1950കളിലും 60കളിലും ഒട്ടേറെ പുതിയ സംഘടനകൾ രൂപം കൊണ്ടു. ശാസ്ത്രത്തേയും സാങ്കേതിക വിദ്യയേയും സാമൂഹ്യ വികസനത്തിനു വേണ്ടി ഉപയോഗിക്കുന്ന കാര്യത്തിൽ താല്പര്യമുള്ളവയായിരുന്നു ഈ സംഘടനകൾ; പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളിൽ. പ്രൊഫഷണൽ ശാസ്ത്ര സംഘടനകൾ തങ്ങളുടെ ഗവേഷണ താൽപര്യങ്ങളിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ ഒട്ടേറെ ശാസ്ത്രജ്ഞർ വ്യക്തിപരമായി തങ്ങളുടെ ശാസ്ത്രീയ പ്രവർത്തനങ്ങളിൽ തൃപ്തിവരാതെ, ശാസ്ത്രാധിഷ്ഠിത സാമൂഹ്യ പ്രവർത്തനമേഖലകളിലേക്ക് ആകർഷിക്കപ്പെടുകയുണ്ടായി. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യകളുടേയും പ്രയോഗഫലമായി സാധ്യമായിരുന്ന അഭിവൃദ്ധിയും യാഥാർഥ്യവും തമ്മിൽ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ വളർന്നുവന്ന വിടവ് സാമൂഹ്യ പ്രതിബദ്ധതയുള്ള ബുദ്ധിജീവികളെ അസംതൃപ്തരാക്കി എന്നതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ഏതെങ്കിലും ഒരു ചെറു പ്രദേശത്തോ ഏതെങ്കിലും ഒരു പ്രത്യേക പ്രശ്‌നത്ത ചുറ്റിപ്പറ്റിയോ ഒതുങ്ങിനിന്നു അവരിൽ മിക്കവരുടെയും പ്രവർത്തനങ്ങൾ. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പോലെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമായി അവയൊന്നും വളരുകയുണ്ടായില്ല. അതിനുള്ള സാധ്യതയും അവക്കുണ്ടായിരുന്നില്ല. കേരള ശാസ്ത്രസാഹിത്യ പരിഷത്താകട്ടെ ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യത്തിൻ കീഴിൽ അണിനിരന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമായി വളർന്നു. മൂന്നു ശാസ്ത്രധാരകൾ ചേർന്നാണ് ഇന്നത്തെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടതെന്ന് അതിന്റെ ഉറവിടം തേടുന്നവർക്ക് കാണാം. അവയിൽ കാലഗണനയിൽ ആദ്യത്തേതായിരുന്നു കേരള ശാസ്ത്രസാഹിത്യ സമിതി. 1957-ൽ ഒറ്റപ്പാലത്തു നടന്ന ഭദ്രകലാ സമ്മേളനത്തിൽ വെച്ചാണ് അത് രൂപീകരിക്കപ്പെട്ടത്. ശാസ്ത്രത്തെ നാട്ടുഭാഷയിൽ പകർന്നു കൊടുക്കുകയായിരുന്നു അതിന്റെ മുഖ്യലക്ഷ്യം. അതോടൊപ്പം അവർക്ക് ഒരു പുതിയ ലോകവീക്ഷണം ഉണ്ടാക്കാനുള്ള അവസരം സൃഷ്ടിക്കലും അതിന്റെ ലക്ഷ്യമായിരുന്നു. ശാസ്ത്രലേഖകരും ശാസ്ത്രാഭിമുഖ്യം ഉള്ള സാമൂഹ്യ പ്രവർത്തകരിൽ ചിലരും ചേർന്ന് രൂപം നൽകിയ ശാസ്ത്രസാഹിത്യ സമിതി ഏറെക്കാലം നിലനിന്നില്ല. പെൻഗ്വിൻ ശാസ്ത്രപുസ്തക പരമ്പരയുടെ മാതൃകയിൽ ആധുനിക ശാസ്ത്രം (1958) എന്ന പുസ്തകം പ്രസിദ്ധീകരിച്ചതും ഡാർവിന്റെ വിഖ്യാതകൃതിയായ Origin of species (ജീവജാതികളുടെ ഉൽപത്തി) മലയാളത്തിലേക്ക് തർജ്ജുമ ചെയ്യാൻ ശ്രമിച്ചതുമായിരുന്നു സമിതിയുടെ മുഖ്യ പ്രവർത്തനങ്ങൾ. 1962-ൽ കോഴിക്കോട്ടുവെച്ച് മറ്റൊരു സംഘം ശാസ്ത്രലേഖകർ രൂപീകരിച്ച സംഘടനയാണ് ഇന്നത്തെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തായ്ത്തടി. അക്കൊല്ലം സെപ്തംബറിൽ കോഴിക്കോട്ട് അഞ്ചു ദിവസത്തെ ശാസ്ത്ര- ശാസ്ത്രപുസ്തക- പ്രദർശനവും ഒരു ദിവസത്തെ സെമിനാറും സംഘടിപ്പിച്ചുകൊണ്ടാണ് അവർ പരിഷദ് സംഘടനക്ക് ആരംഭം കുറിച്ചത്. ഏതാണ്ട് 30 പേരാണ് അതിൽ അംഗങ്ങളായിരുന്നത്. കേരളത്തിലെ പ്രശസ്ത ശാസ്ത്രസാഹിത്യകാരൻമാരുടെ സഹകരണം നേടാൻ അവർക്കു കഴിഞ്ഞു. കോഴിക്കോട്ടും കേരളത്തിലെ മറ്റു ചില നഗരങ്ങളിലും പലപ്പോഴായി സംഘടിപ്പിച്ച ചില സിമ്പോസിയങ്ങളും സെമിനാറുകളും ആയിരുന്നു ആദ്യത്തെ ഏതാനും വർഷങ്ങളിൽ പരിഷത്തിന്റെ മുഖ്യ പ്രവർത്തനം. ശാസ്ത്രപ്രവർത്തനം മുഖ്യമായി എഴുത്തിൽ കേന്ദ്രീകരിച്ചവരായിരുന്നു ഇതിന്റെ സംഘാടകരിൽ മിക്കവരും. മൂന്നാമത്തെ ധാര കേരളത്തിനു പുറത്തുനിന്നായിരുന്നു. ശാസ്ത്രസാഹിത്യം മലയാളത്തിൽ സൃഷ്ടിക്കുന്നതിന്റെ സാധ്യതകൾ 1965 മുതൽ ബോംബെയിലെ ചില മലയാളി ശാസ്ത്രജ്ഞന്മാർ സജീവമായി ചർച്ച ചെയ്യാൻ തുടങ്ങി. മോസ്‌കോയിൽ ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ ഡോ: എം. പി. പരമേശ്വരൻ അടക്കമുള്ള ചില യുവ ശാസ്ത്രജ്ഞരാണ് ഇതിനു നേതൃത്വം വഹിച്ചത്. ശാസ്ത്രജ്ഞന്മാരുടെ സാമൂഹ്യ പ്രതിബദ്ധത, ജനങ്ങളിൽ ശാസ്ത്രീയബോധം പ്രചരിപ്പിക്കാൻ തങ്ങൾക്കു ചെയ്യാവുന്ന കാര്യങ്ങൾ എന്നിവയെക്കുറിച്ച് മോസ്‌കോയിലെ ഇന്ത്യൻ വിദ്യാർഥികൾ നടത്തിയ സംവാദങ്ങൾ ആണ് ഇതിനു പ്രേരകമായി ഭവിച്ചത്. വിവിധ ഇന്ത്യൻ ഭാഷകളിൽ ശാസ്ത്രസാഹിത്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ വരെ അവർ ആവിഷ്‌കരിച്ചിരുന്നു. ബോംബെ ശാസ്ത്രജ്ഞന്മാരും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകരും തമ്മിലുള്ള ബന്ധം 1966 ജനുവരിയിൽ ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ എന്ന സംഘടന രൂപീകരിക്കുന്നതിന് ഇടയാക്കി. തമിഴ്, കന്നട, തെലുങ്ക്, മറാഠി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലും ബോംബെ കേന്ദ്രമായി ഇതുപോലുള്ള സംഘടനകൾ രൂപീകരിച്ചിരുന്നു. ഇന്ത്യൻ ഭാഷകളിലെ ശാസ്ത്രസംഘടനകളുടെ ഫെഡറേഷൻ (Federation of Indian Languages Science Associations - F I L S A) വഴി അവയുടെ പ്രവർത്തനം ഏകോപിപ്പിക്കാനുള്ള ശ്രമവും നടന്നു. വിവിധ വിഷയങ്ങളെക്കുറിച്ച് മലയാളത്തിൽ മാസംതോറും അവർ ചർച്ച സംഘടിപ്പിച്ചിരുന്നു. ബോംബെയിൽ നിന്നു പ്രസിദ്ധീകരിക്കാനായി നാലു ശാസ്ത്രപുസ്തകങ്ങൾ അവർ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യുകയും ചെയ്തു. മൂന്നു കാലത്തു രൂപംകൊണ്ടു എന്നതു മാത്രമല്ല ഈ ഉറവകളുടെ പ്രത്യേകത. ആദ്യത്തേതിനായിരുന്നു ജനസാമാന്യവുമായി കൂടുതൽ ബന്ധം ഉണ്ടായിരുന്നത്. ജനങ്ങളും ശാസ്ത്രവും തമ്മിൽ ഉണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ച് തികഞ്ഞ ബോധം ഉള്ളത് അവർക്കായിരുന്നു. ശാസ്ത്ര വിഷയങ്ങളെക്കുറിച്ച് മലയാളത്തിൽ രചന നടത്താനുള്ള കഴിവ് രണ്ടാമത്തെ കൂട്ടർക്കായിരുന്നു. കാരണം അവർക്ക് ശാസ്ത്രവിഷയങ്ങളിൽ നല്ല അവഗാഹവും മലയാളത്തിൽ വ്യുൽപത്തിയും ഉണ്ടായിരുന്നു. എന്നാൽ ഇത് എന്തിനു ചെയ്യുന്നു എന്നതു സംബന്ധിച്ച് വ്യക്തമായ ധാരണ അവർക്കുണ്ടായിരുന്നില്ല. ബോംബെ ശാസ്ത്രജ്ഞന്മാർക്ക് ശാസ്ത്രത്തേയും അത് എന്തിന് തദ്ദേശ ഭാഷകളിലാക്കുന്നു എന്നതിനെയും കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. പക്ഷേ, അവർക്ക് ജനങ്ങളുമായി നേരിട്ടുള്ള ബന്ധം കുറവായിരുന്നു.

ദേശീയ ബോധം ഉണരുന്നു

ശാസ്ത്രവസ്തുതകൾ നാട്ടുഭാഷയിൽ ലഭ്യമാക്കുന്നതിനു ഒറ്റപ്പാലത്തും കോഴിക്കോട്ടും ബോംബെയിലും അങ്കുരിച്ച ആഗ്രഹം വ്യക്തിഗതമോ യാദൃച്ഛികമോ ആയിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം വളർത്തിയ ദേശീയ പ്രബുദ്ധതയായിരുന്നു ആ ചെറു സംഘങ്ങൾക്ക് ഈ പ്രവർത്തനത്തിനു പ്രചോദനം നൽകിയത്. ദേശീയ പ്രബുദ്ധത മൂലം ആർജിത വിജ്ഞാനമാകെ ജനങ്ങളുടെ ഭാഷയിലാക്കാൻ പണ്ഡിതൻമാർ മുന്നോട്ടു വരുന്നത് കേരളത്തിലെ മാത്രം അനുഭവമല്ല. ഇംഗ്ലണ്ടിൽ ദേശീയ ബോധം വളരാൻ തുടങ്ങിയപ്പോഴാണ് ഐസക് ന്യൂട്ടൻ 'ഓപ്റ്റിക്‌സ്' എന്ന തന്റെ ശാസ്ത്രഗ്രന്ഥം ഇംഗ്ലീഷിൽ രചിച്ചത്. അതിനുമുമ്പ് അദ്ദേഹവും മറ്റു ശാസ്ത്രജ്ഞരും ശാസ്ത്രകൃതികൾ ലാറ്റിനിൽ ആണ് എഴുതിയിരുന്നത്. ജർമൻ ദാർശനികനായിരുന്ന ഇമ്മാനുവൽ കാന്റ് ആണ് ആദ്യമായി ജർമൻ ഭാഷയിൽ ശാസ്ത്രഗ്രന്ഥം രചിച്ചത്. അതും ഏതാണ്ട് ഇതേ കാലത്ത് ദേശീയ ബോധത്താൽ പ്രേരിപ്പിക്കപ്പെട്ടതായിരുന്നു. ബംഗാളിലാണ് ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രസംഘടന രൂപം കൊണ്ടത്. 1947 ഒക്‌ടോബർ 18-ന് കൽക്കത്തയിലെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് സയൻസിൽ ഡോ: സത്യേന്ദ്രനാഥ് ബോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ബംഗീയ വിജ്ഞാൻ പരിഷത്തിനു രൂപം നൽകി. ജനങ്ങളിൽ ശാസ്ത്രീയ വീക്ഷണം ഉണ്ടാക്കുക, ശാസ്ത്രവിഷയങ്ങളിൽ സ്‌കൂൾ കോളേജ് പാഠപുസ്തകങ്ങൾ നിർമിക്കുക, ശാസ്ത്ര ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുക എന്നിവയായിരുന്നു ലക്ഷ്യം. കേരളത്തിൽ ദേശാഭിമാനവും ഭാഷാഭിമാനവും ജനങ്ങൾക്കിടയിൽ വ്യാപകമായത് സ്വാതന്ത്ര്യ സമരത്തിനിടക്കായിരുന്നു. ഭാഷാ സംസ്ഥാന രൂപീപകരണം കോൺഗ്രസ് ഒരു ലക്ഷ്യമായി പ്രഖ്യാപിച്ച ശേഷം അന്നത്തെ ഭരണപരമായ അതിരുകൾ ഉല്ലംഘിച്ചുകൊണ്ട് രാഷ്ട്രീയ പാർടികളും ട്രേഡ് യൂണിയൻ മുതലായ ബഹുജന സംഘടനകളും രൂപം കൊണ്ട് തുടങ്ങിയതിനിടക്കാണ് മലയാളികളുടെ സാംസ്‌കാരിക സംഘടനയായി സമസ്ത കേരള സാഹിത്യ പരിഷത്ത് 1927-ൽ രൂപീകരിക്കപ്പെട്ടത്. എന്നാൽ അതിന്റെ പരിഗണനയിൽ ശാസ്ത്രം കാര്യമായി വന്നില്ല. മറ്റു പല ഇന്ത്യൻ ഭാഷകൾക്കും മുന്നിലായിരുന്നു ശാസ്ത്രസാഹിത്യ രചനയിൽ ആദ്യം മുതൽക്കേ മലയാളം. ഇതിനു പ്രധാന കാരണം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർധമായപ്പോഴേക്ക് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ധാരാളം സ്‌കൂളുകൾ ആരംഭിച്ചതാണ്. അവയിൽ ഭൂരിഭാഗവും നാട്ടുഭാഷാ സ്‌കൂളുകളായിരുന്നു. അതിനെ തുടർന്നു തിരുവിതാംകൂറിലും (1867) പിന്നീട് കൊച്ചിയിലും പാഠപുസ്തകങ്ങൾ രചിക്കാനും സാങ്കേതിക പദങ്ങളും പ്രയോഗങ്ങളും ചിട്ടപ്പെടുത്താനുമായി പാഠപുസ്തക കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടു. ജനങ്ങൾ കൂടുതലായി സാക്ഷരത കൈവരിച്ചതു മുതൽ ധാരാളം ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങി. അവയിൽ ചിലത് വിജ്ഞാന സാഹിത്യം മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വളർച്ചക്ക് ഇത് അനുകൂലമായ സാഹചര്യം ഒരുക്കി. സ്വാതന്ത്ര്യലബ്ധിയോടെ ഐക്യകേരളത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തിനു ആക്കം കൂടി. മലയാളം ബോധനമാധ്യമവും ഭരണഭാഷയും ആകണമെന്ന ആവശ്യം ഉയർന്നു. ഇക്കാര്യങ്ങളിൽ മലയാളത്തിന്റെ അപര്യാപ്തത കാര്യജ്ഞാനമുള്ളവർക്ക് ബോധ്യമായിരുന്നു. മലയാളത്തിൽ ശാസ്ത്ര-സാങ്കേതിക സാഹിത്യം വളർത്താനുള്ള നടപടികളെക്കുറിച്ച് സമസ്ത കേരള സാഹിത്യ പരിഷത്തിൽ ചർച്ച നടന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സ്ഥാപകരിൽ ഒരാളും ആദ്യകാല ഭാരവാഹിയുമായിരുന്ന എൻ. വി. കൃഷ്ണവാര്യർ മലയാളത്തിൽ ശാസ്ത്രസാഹിത്യ വികസനത്തിന് ഒരു പഞ്ചവത്സര പദ്ധതി വേണമെന്നു വാദിച്ചു. 1951-ൽ ആരംഭിച്ച പഞ്ചവൽസര പദ്ധതിയാണ് ഈ ആവശ്യത്തിന് പ്രചോദകമായിരുന്നതെന്നു വ്യക്തം. രണ്ടാം പദ്ധതിയിൽ ആധുനിക വ്യവസായ വികസനത്തിനും ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രയോഗത്തിനും നൽകിയ ഊന്നലും 1985-ലെ ശാസ്ത്രനയപ്രഖ്യാപനവും ശാസ്ത്രം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഉത്തേജനം നൽകി. ഇങ്ങനെ നോക്കുമ്പോൾ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണത്തിലൂടെ സമൂഹത്തിന്റെ വസ്തുനിഷ്ഠവും അടിയന്തിരവും ആയ ഒരാവശ്യം നിറവേറ്റപ്പെടുകയായിരുന്നു എന്നു കാണാം. പരിഷത്തിനെ കേരളീയരുടെ മുമ്പിൽ അവതരിപ്പിച്ചുകൊണ്ട് 1962-ൽ പരിഷദ് സെക്രട്ടറി ഇങ്ങനെ എഴുതി. ശാസ്ത്രത്തിന്റേതായ ഒരു യുഗത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യന്റെ വികാസത്തിൽ ഇത്രയധികം സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിലെ സാമാന്യ നിയമങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും രൂപം ഏതാനും വിദഗ്ധരുടെ കുടുംബസ്വത്തായിരിക്കേണ്ടതല്ല. ഇത് സാധാരണക്കാരന് മനസ്സിലാവുന്ന ഭാഷയിൽ അവന് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ട ചുമതല ആ വിദഗ്ധർ തന്നെയോ, മറ്റാരെങ്കിലുമോ ഏറ്റെടുത്തേ തീരൂ. ഇംഗ്ലീഷുകാരുടെ ഭരണകാലത്ത് നാട്ടുഭാഷകളോട് കാണിച്ചിരുന്ന ചിറ്റമ്മനയം മൂലം ശാസ്ത്രസാഹിത്യത്തിന് കാര്യമായ വളർച്ച ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ ഉണ്ടായിട്ടില്ല. എന്തും ഇംഗ്ലീഷിൽ പറയുക, അതും കട്ടിയായി പറയുക, അതായിരുന്നു പരിഷ്‌കാരം. സാങ്കേതിക പദങ്ങളുടെ പ്രശ്‌നം പ്രാദേശിക ഭാഷയിൽ എഴുതാൻ തുനിയുന്ന ചുരുക്കം അഭിമാനികൾക്ക് വലിയൊരു കീറാമുട്ടിയായിരുന്നു. ഋഷിപ്രോക്തമായ ശാസ്ത്രമാണെന്നും അതിൽ തെറ്റുകളുണ്ടാവാൻ വയ്യെന്നും യാഥാസ്ഥിതികരായ നമ്മുടെ നാടൻ 'ശാസ്ത്രജ്ഞന്മാർ' വാശിപിടിച്ചു. അന്ധവിശ്വാസങ്ങൾ വളർത്തുന്നതിനു മാത്രം കൂടുതൽ ഉപകരിക്കുന്ന സംസ്‌കൃതത്തിലും പ്രാദേശിക ഭാഷകളിലുമുള്ള ശാസ്ത്രഗ്രന്ഥങ്ങളോട് സാധാരണക്കാർക്കുണ്ടായിരുന്ന ആരാധനാ മനോഭാവം മൂലം ഇന്നാട്ടിലെ ജനങ്ങൾ ശാസ്ത്രബോധത്തെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ എത്രയോ പിറകിലായി. സാധാരണക്കാരന്റെ ഹൃദയവുമായി സംവേദനം നടത്താൻ പ്രാദേശികഭാഷകൾക്കേ കഴിയൂ. പുത്തൻ വിജ്ഞാനത്തിന്റെ സന്ദേശം എളുപ്പം മനസ്സിലാക്കാവുന്ന ശൈലിയിൽ ജനഹൃദയങ്ങിലേക്കെത്തിക്കുകയെന്ന മഹത്തായ കർത്തവ്യമാണ് ശാസ്ത്ര സാഹിത്യകാരൻമാർക്ക് മലയാളത്തിലായാലും മറ്റേതു ഭാഷയിലായാലും ഇന്ന് നിർവഹിക്കാനുള്ളത്.

നാടുവാഴിത്ത സംസ്‌കാരത്തിനെതിരായ പോരാട്ടം

മറ്റൊരു കേരളീയ പാരമ്പര്യത്തിന്റെ കൂടി പതാകവാഹകരായിരുന്നു മുൻപു പറഞ്ഞ മൂന്നു ശാസ്ത്രസംഘങ്ങളിലേയും അംഗങ്ങൾ. അന്ധവിശ്വാസങ്ങൾക്കും നാടുവാഴിത്ത സംസ്‌കാരത്തിനും എതിരായ പോരാട്ടത്തിൽ കേരളത്തിലെ സാമൂഹ്യ പരിഷ്‌കർത്താക്കളും പ്രവർത്തകരും ആധുനിക ശാസ്ത്രത്തെ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതലേ കേരളത്തിൽ നിരവധി സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനങ്ങൾ ഉടലെടുക്കാൻ ആരംഭിച്ചിരുന്നു. അതാതു സമുദായത്തിലെ കാലഹരണപ്പെട്ട ആചാര്യമര്യാദകൾ പരിഷ്‌ക്കരിക്കുന്നതിന് അവരെല്ലാം ശ്രമിച്ചു. അതോടൊപ്പം 'കീഴ്'ജാതികളിൽപെട്ടവർ മറ്റൊന്നിനുകൂടി യത്‌നിച്ചു. പരമ്പരാഗത സമൂഹത്തിൽ തങ്ങൾക്കുള്ള സാമൂഹ്യവും രാഷ്ട്രീയവുമായ 'കീഴാള'സ്ഥാനം നീക്കാനുള്ള പ്രക്ഷോഭത്തിൽ അവർ ഏർപ്പെട്ടു. ഇത് പരമ്പരാഗത സമൂഹത്തിൽ ആധിപത്യം വഹിച്ചവരുമായി ഒരു ഏറ്റുമുട്ടലിന് ഇടയാക്കി. ഈ പ്രവർത്തനം അവരെ ബൂർഷ്വാ ഉൽപതിഷ്ണുതത്തിന്റെ ഉയർന്ന തലങ്ങളിലേക്കു നയിച്ചു. ശ്രീനാരായണന്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന വചനത്തെ ജാതിവേണ്ട, മതംവേണ്ട, ദൈവം വേണ്ട മനുഷ്യന് എന്നാക്കി മാറ്റി കെ. അയ്യപ്പനേയും ഇ. മാധവനേയും പോലുള്ള ഉൽപതിഷ്ണുക്കളായ ചില അനുയായികൾ. ഇത്തരം പ്രസ്ഥാനങ്ങൾ ആധുനിക ശാസ്ത്രത്തെ പ്രധാനപ്പെട്ട ഒരായുധമായി ഉപയോഗിച്ചു. കെ. അയ്യപ്പന്റെ ശാസ്ത്രദശകം അദ്ദേഹത്തെപ്പോലുള്ള സാമൂഹ്യ പ്രവർത്തകർ ശാസ്ത്രത്തെ എത്ര ആവേശത്തോടെയാണ് ഉൾക്കൊണ്ടത് എന്നതിനു പ്രത്യക്ഷോദാഹരണമാണ്. 1962 ഏപ്രിൽ 8-ന് സി. കെ. ഡി. പണിക്കർ, കെ. ജി. അടിയോടി, കോന്നിയൂർ നരേന്ദ്രനാഥ്, ഡോ. കെ. കെ. നായർ, കെ. കെ. പി. മേനോൻ എന്നിവർ ചേർന്ന് കേരളത്തിലെ ശാസ്ത്രസാഹിത്യകാരൻമാരുടെ ഒരു യോഗം കോഴിക്കോട്ട് ഹോട്ടൽ ഇംപീരിയലിൽ വിളിച്ചു കൂട്ടി. കേരളത്തിലെ ശാസ്ത്ര സാഹിത്യകാരൻമാർ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെയും അവർക്ക് സംഘടനയുണ്ടാകേണ്ടതിന്റെ ആവശ്യകതയേയും കുറിച്ച് ആ യോഗത്തിന്റെ ക്ഷണക്കത്തിൽ വിവരിച്ചിരുന്നു. പതിനഞ്ചിൽ പരം പേർ ആ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിൽ വെച്ച് 'കേരള ശാസ്ത്രസാഹിത്യ പരിഷത്ത്' എന്ന സംഘടനക്ക് രൂപം നൽകി. കോന്നിയൂർ നരേന്ദ്രനാഥാണ് പേര് നിർദേശിച്ചത്. ഡോ. കെ. ഭാസ്‌കരൻ നായർ (അധ്യക്ഷൻ) ഡോ. കെ. കെ. നായർ (ഉപാധ്യക്ഷൻ), ഡോ. കെ. ജി. അടിയോടി (കാര്യദർശി), എൻ. വി. കൃഷ്ണവാര്യർ (ഖജാൻജി), ഡോ. എസ്. പരമേശ്വരൻ, ഡോ. എസ്. ശാന്തകുമാർ, ഡോ. കെ. ജോർജ്ജ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ഡോ. കെ. ജി. അടിയോടി രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. സംഘടിതമായ പ്രവർത്തനം കൊണ്ടു മാത്രം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ് ശാസ്ത്രസാഹിത്യകാരന്മാരുടേത് ഏറിയകൂറും. ശുദ്ധസാഹിത്യകാരൻമാർക്ക് സംഘടനകൾ വേണ്ടെന്നു വാദിക്കുന്നവർ പോലും ശാസ്ത്രസാഹിത്യകാരൻമാർക്ക് ഒരു വേദി കൂടിയേ പറ്റൂ എന്നു സമ്മതിക്കും. സാങ്കേതിക പദങ്ങളെക്കുറിച്ചു വേണ്ട ചർച്ച നടത്തി സ്വീകാര്യമായ ഒരു തീരുമാനത്തിലെത്തുക, ശാസ്ത്രപുസ്തകങ്ങളുടെ പ്രസിദ്ധീകരണം സുഗമമാക്കുക, മലയാളത്തിൽ വിവിധ ശാസ്ത്രശാഖകളുടെ വളർച്ചക്കുവേണ്ടി നിഷ്‌കൃഷ്ടമായ ഒരു പദ്ധതിയുണ്ടാക്കി അതനുസരിച്ച് ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കാനും അവ ചുരുങ്ങിയ വിലക്ക് വിൽക്കാനും ഏർപാടുകൾ ഉണ്ടാക്കുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സസ്യങ്ങൾക്കും ജന്തുക്കൾക്കും മറ്റും നിലവിലുള്ള പ്രാദേശിക പേരുകൾ മുഴുവൻ സംഭരിച്ച് അവയിൽ യുക്തമെന്നു തോന്നുന്നവയെ സ്വീകരിക്കുക. വാസനയുള്ളവരെ കണ്ടുപിടിച്ച് എഴുതാൻ പ്രോത്സാഹിപ്പിക്കുക, ശാസ്ത്രസാഹിത്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുടെ ഒരു 'ണവീ ശ െണവീ' തയ്യാറാക്കി പ്രസിദ്ധീകരണാലയങ്ങൾക്കും മറ്റും അയച്ചുകൊടുക്കുക, ചർച്ചകൾ, സമ്മേളനങ്ങൾ, ശാസ്ത്രചലച്ചിത്ര പ്രദർശനങ്ങൾ, പ്രദർശനങ്ങൾ, ക്യാമ്പുകൾ എന്നിവ സംഘടിപ്പിച്ച് പൊതുജനങ്ങളെ ശാസ്ത്രതൽപരരാക്കുക, മലയാളത്തിൽ പോപ്പുലർ സയൻസ് ഗവേഷണ വിഭാഗങ്ങളിൽ ജേർണലുകൾ തുടങ്ങുക, ശാസ്ത്രസാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ട എഴുത്തുകാർ തമ്മിൽ യോജിപ്പും പരസ്പര ധാരണയും വളർത്തുക - ഇതൊക്കെയാണ് ശാസ്ത്രസാഹിത്യ പരിഷത്ത് നിർവഹിക്കണമെന്നു വെച്ചിട്ടുള്ള കാര്യങ്ങൾ. (1968ലെ സുവനീർ പേജ് - 2) നമ്മുടെ സംഘടന ഏറെ വളരുകയും സമകാലീന സാമൂഹ്യ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്നു. ഇന്ന്, പിന്തിരിഞ്ഞു നോക്കുമ്പോൾ അക്കാലത്തെ ലക്ഷ്യങ്ങൾ വളരെ പരിമിതങ്ങളായി തോന്നാം. എന്നാൽ മാതൃഭാഷയിൽ ശാസ്ത്രകാര്യങ്ങൾ എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് അന്ന് വളരെ വിപ്ലവകരമായ കാര്യമായിരുന്നു. മാതൃഭാഷയിൽ ശാസ്ത്രകാര്യങ്ങൾ എഴുതാൻ കഴിയില്ലെന്നും അതിന്റെ ആവശ്യമില്ലെന്നുമുള്ള ചിന്താധാര ശാസ്ത്രകാരന്മാരുടെ ഇടയിൽ അന്ന് ശക്തമായി നിലനിന്നിരുന്നു. മാത്രമല്ല, മാതൃഭാഷയിൽ ശാസ്ത്രലേഖനങ്ങളോ പുസ്തകങ്ങളോ എഴുതിയാൽ സ്വീകരിക്കാനോ പ്രസിദ്ധീകരിക്കാനോ അന്നത്തെ പത്രമാസികകളും പ്രസിദ്ധീകരണ സ്ഥാപനങ്ങളും തയ്യാറായിരുന്നുമില്ല. വളരെ ചെറിയൊരു ശാസ്ത്രപുസ്തകത്തിന്റെ ആയിരം കോപ്പി അച്ചടിച്ചാൽ വിറ്റഴിക്കുന്നതിന് ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും വേണ്ടിവരുമെന്ന അവസ്ഥയായിരുന്നു അന്ന് ഉണ്ടായിരുന്നത്. ഈ പശ്ചാത്തലത്തിൽ വേണം അന്നത്തെ ലക്ഷ്യപ്രഖ്യാപനത്തെ കാണാൻ. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് 1962 സെപ്തംബർ 10ന് നടന്നു. ഉദ്ഘാടനത്തിന് ശാസ്ത്രജ്ഞൻ എന്ന നിലയിലും ശാസ്ത്രസാഹിത്യകാരൻ എന്ന നിലയിലും ഒരുപോലെ ശോഭിച്ച ജെ. ബി. എസ്. ഹാൽഡേൻ വരാമെന്നേറ്റിരുന്നുവെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞില്ല. സെന്റ് ജോസഫ്‌സ് കോളേജ് പ്രിൻസിപ്പാൾ റവ. ഫാദർ തിയോഡോഷ്യസ് ആണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രൊഫ. സി. കെ. ഡി. പണിക്കർ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അഞ്ചു ദിവസം നീണ്ടുനിന്ന ശാസ്ത്രപ്രദർശനവും ശാസ്ത്രപുസ്തക പ്രദർശനവും ഉണ്ടായിരുന്നു. ഒരു സുവനീറും പ്രസിദ്ധീകരിക്കുകയുണ്ടായി. സിംപോസിയങ്ങൾ, ശാസ്ത്ര ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവയായിരുന്നു പരിഷത്തിന്റെ ആദ്യകാല പ്രവർത്തനങ്ങൾ. പരിഷത്തിന്റെ വാർഷിക വരിസംഖ്യ 10 രൂപയും പ്രവേശന ഫീസ് 2 രൂപയും ആയിരുന്നു, അന്ന്. 1963 ഏപ്രിൽ 21ന് 'ശാസ്ത്രവും യുദ്ധവും' എന്ന വിഷയത്തെപ്പറ്റിയും സെപ്തംബർ 21-ന് വെള്ളത്തെപ്പറ്റിയും കോഴിക്കോട് വച്ച് സിംപോസിയങ്ങൾ നടത്തി. ഈ സെമിനാറുകളിലെല്ലാം തന്നെ പ്രസ്തുത വിഷയങ്ങളുടെ സാമൂഹ്യ പ്രസക്തിയെക്കാൾ ശാസ്ത്രവസ്തുതകൾക്കാണ് ഊന്നൽ നൽകിയിരുന്നത്. ഇന്തോ-ചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ 'ശാസ്ത്രവും യുദ്ധവും' എന്ന സിംപോസിയത്തിൽ അവതരിപ്പിച്ച വിഷയങ്ങൾ (രസതന്ത്രം യുദ്ധത്തിൽ, ജീവശാസ്ത്രം യുദ്ധത്തിൽ, മനഃശാസ്ത്രവും യുദ്ധവും, യുദ്ധോപകരണങ്ങൾ) ശ്രദ്ധേയമാണ്. യുനസ്‌കോവിന്റെ ജലവിജ്ഞാനീയ ദശകത്തിന്റെ ഭാഗമായിട്ടാണ് വെളളത്തെക്കുറിച്ചുള്ള സെമിനാർ നടന്നത്. വെള്ളവും സസ്യശാസ്ത്രവും വെള്ളവും പുരോഗതിയും വെള്ളവും സാഹിത്യവും എന്നീ വിഷയങ്ങളാണ് അവിടെ അവതരിപ്പിക്കപ്പെട്ടത്. ശാസ്ത്രത്തെ സാധാരണക്കാരിൽ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ സെമിനാറുകളെല്ലാം നടത്തിയത്. ഈ പ്രവർത്തനങ്ങൾ കോഴിക്കോട്ടെങ്കിലും ശാസ്ത്ര രംഗത്ത് ഒരുണർവു സൃഷ്ടിക്കാൻ സഹായകമായി. സാഹിത്യകാരൻമാരെപ്പോലെ ശാസ്ത്രസാഹിത്യകാരൻമാരും സമൂഹത്തിൽ അറിയപ്പെടുവാൻ ഇതു സഹായിച്ചു. 1963 നവംബർ 24-ാം തീയതി പരിഷത്തിന്റെ ജനറൽ ബോഡി യോഗം കോഴിക്കോട്ട് വെച്ചു നടന്നു. കാര്യദർശിയുടെ റിപ്പോർട്ടും കണക്കും പാസ്സാക്കി. പുതിയ വർഷത്തെ ഭാരവാഹികളായി ഡോ. കെ. ഭാസ്‌കരൻ നായർ (അധ്യക്ഷൻ) ഡോ. കെ. കെ. നായർ (ഉപാധ്യക്ഷൻ) കെ. ജി അടിയോടി (കാര്യദർശി), എൻ. വി. കൃഷ്ണവാര്യർ (ഖജാൻജി) ഡോ. എസ് പരമേശ്വരൻ, ഡോ. എസ്. ശാന്തകുമാർ, ഡോ. കെ. ജോർജ്ജ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. 1962-63 ലെ മൊത്തം വരവ് 3327 രൂപയും ചെലവ് 3030 രൂപയും നീക്കിയിരുപ്പ് 297 രൂപയുമായിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ് ഇൻഫർമേഷൻ സർവീസിന്റെ സഹകരണത്തോടെ 1963 ഡിസംബർ 28, 29, 30 തിയ്യതികളിൽ കോഴിക്കോട് ടൗൺ ഹാളിൽ പരിഷത്ത് നടത്തിയ ശാസ്ത്ര ചലച്ചിത്രോൽസവം ഉദ്ഘാടനം ചെയ്തത് കെ. പി. കേശവമേനോനാണ്. നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം, ബഹിരാകാശ ശാസ്ത്രം, റോക്കറ്റുകൾ വഴിയുള്ള ഗവേഷണം, ഭൂമിയുടെ ആകൃതി, ഒഴിഞ്ഞുകിടക്കുന്ന ഭൂമി, സമുദ്രത്തിന്റെ വെല്ലുവിളി, കോസ്മിക രശ്മികൾ, കത്തിജ്വലിക്കുന്ന ആകാശം മുതലായ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചു. മലയാളത്തിൽ ശാസ്ത്രസാഹിത്യ രചന ചെയ്യാൻ കഴിവുള്ളവരുടെ പേരും മേൽവിലാസവും അവർക്ക് കൈകാര്യം ചെയ്യാൻ കഴിവുള്ള ശാസ്ത്ര ശാഖകളും ഉൾപ്പെടുത്തി ഒരു ലഘുലേഖ (Who is Who) തയ്യാറാക്കി എല്ലാ പ്രസിദ്ധീകരണ ശാലക്കാർക്കും ആനുകാലികങ്ങൾക്കും അയച്ചുകൊടുത്തു. 1963-65ലെ പ്രധാന പരിഷത്ത് പ്രവർത്തനങ്ങൾ സിംപോസിയങ്ങൾ ആയിരുന്നു. ഐ. സി. ചാക്കോ, മെൻഡൽ, ജെ. ബി. എസ്. ഹാൽഡേൻ എന്നിവരെപ്പറ്റി കോഴിക്കോട് വെച്ച് സിംപോസിയങ്ങൾ നടത്തി. ഈ പ്രവർത്തനം ഗവേഷണ വിദ്യാർഥികളേയും ശാസ്ത്രസാഹിത്യ പരിഷത്തിലേക്കാകർഷിച്ചു. ഏറ്റവും സങ്കീർണമായ കാര്യങ്ങൾ പോലും സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ലളിതമായ ഭാഷയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് ഈ സിംപോസിയങ്ങൾ തെളിയിച്ചു. ഇതേ കാലയളവിൽ തിരുവനന്തപുരത്ത് മണ്ണ്, പ്രകൃതിസംരക്ഷണം, ഭക്ഷണം എന്നീ വിഷയങ്ങളെ ആധാരമാക്കി സിംപോസിയങ്ങൾ നടന്നു. 1965 ഡിസംബറിൽ, മോസ്‌കോവിൽ നിന്ന് മടങ്ങിയെത്തിയ ഡോ. എം. പി. പരമേശ്വരൻ, പി. ടി. ഭാസ്‌കരപണിക്കർ, എം. എൻ. സുബ്രഹ്മണ്യൻ എന്നിവരുമായി ചർച്ച നടത്തുകയും ബോംബെയിൽ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു ശാഖ രൂപീകരിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്തു. മാത്രമല്ല, മലയാളത്തിൽ ശാസ്ത്രവിഷയങ്ങൾക്കു മാത്രമായി ഒരു ആനുകാലികത്തിന്റെ പ്രസിദ്ധീകരണം ആരംഭിക്കണമെന്നും അതിനു വേണ്ട സഹായങ്ങൾ ബോംബെയിൽ നിന്ന് നൽകണമെന്നും കൂടി അന്ന് തീരുമാനമെടുക്കുകയുണ്ടായി. നൂറു ശാസ്ത്രഗതിക്കുള്ള വാർഷിക വരിസംഖ്യയും ആദ്യ ലക്കത്തിലേക്കുള്ള മൂന്നു ലേഖനങ്ങളും ഏതാനും മാസങ്ങൾക്കുള്ളിൽ ബോംബെയിൽ നിന്ന് അയച്ചുകൊടുക്കുകയും ഉണ്ടായി. 1966-ൽ തന്നെ മലയാളത്തിനു പുറമേ, അതത് ഭാഷകൾ അറിയുന്ന ശാസ്ത്രജ്ഞരെ സംഘടിപ്പിച്ചുകൊണ്ട് തമിഴ്, തെലുങ്ക്, കന്നട, മറാഠി, ഗുജറാത്തി, ഹിന്ദി എന്നീ ഭാഷകളിലും ശാസ്ത്രപ്രചാരണത്തിനുള്ള സംഘടനകൾക്കു രൂപം നൽകുകയുണ്ടായി. അതിനു മുൻകൈ എടുത്തതും ഡോ. എം. പി. പരമേശ്വരനായിരുന്നു. 1966 ജനുവരിയിൽ ആണ് ശാസ്ത്രസാഹിത്യ പരിഷത്ത് (മലയാളം) ബോംബെ രൂപീകരിക്കപ്പെട്ടത്. ഡോ. എം. പി. പരമേശ്വരൻ, ടി. ശേഷയ്യാങ്കാർ, ഡോ. പി. വി. എസ്. നമ്പൂതിരിപ്പാട്, വി. സി. നായർ, ഡോ. എ. ഡി. ദാമോദരൻ, എ. പി. ജയരാമൻ, പി. ടി. ഗോപാലകൃഷ്ണൻ, എം. പി. എസ്. രമണി, കെ. കെ. കൃഷ്ണൻകുട്ടി മുതലായവരായിരുന്നു അതിൽ പ്രധാനികൾ. വിവിധ ശാസ്ത്രസാങ്കേതിക മേഖലകളിൽ വിദഗ്ധരായ നൂറോളം പേരുണ്ടായിരുന്നു ബോംബെ പരിഷത്തിൽ. പ്രതിമാസ ചർച്ചായോഗങ്ങളിൽ ഒന്നോരണ്ടോ വിഷയങ്ങളെപ്പറ്റി വിദഗ്ധന്മാർ പ്രബന്ധമവതരിപ്പിക്കുകയും ബോംബെയിലെ ദാദർ ബുക് സെന്റർ(സോമയ്യ പബ്ലിക്കേഷൻസ്) കുട്ടികൾക്കു വേണ്ടി വിവിധ ഇന്ത്യൻ ഭാഷകളിൽ 'നാളത്തെ പൗരന്മാർ' എന്ന ശാസ്ത്രപരമ്പര പ്രസിദ്ധീകരിക്കുവാൻ തുടങ്ങി. അവർക്കുവേണ്ടി നാല് പുസ്തകങ്ങൾ ബോംബെ പരിഷത്ത് അംഗങ്ങൾ മലയാളത്തിലേക്ക് തർജ്ജുമ ചെയ്യ്തു കൊടുക്കുകയും അവർ പ്രസിദ്ധീകരിക്കുകയും ചെയ്തു. 1966 മാർച്ചിൽ കോഴിക്കോട്ട് വെച്ച് പരിഷത്തിന്റെ വാർഷിക ജനറൽ ബോഡിയോഗം ചേർന്നു. റിപ്പോർട്ടും വരവു ചെലവു കണക്കുകളും പാസാക്കിയ ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. എസ്. ശാന്തകുമാർ (അധ്യക്ഷൻ), എൻ. വി. കൃഷ്ണവാര്യർ (ഉപാധ്യക്ഷൻ) പി. ടി. ഭാസ്‌കരപണിക്കർ (കാര്യദർശിയും ഖജാൻജിയും) കെ. ജി. അടിയോടി, എം. എൻ. സുബ്രഹ്മണ്യൻ, എം. പി. പരമേശ്വരൻ, കോന്നിയൂർ നരേന്ദ്രനാഥ്, കെ. കെ. പി. മേനോൻ (സഹകാര്യദർശികൾ) ഡോ. എസ്. പരമേശ്വരൻ, എം. സി. നമ്പൂതിരിപ്പാട്, ഡോ. കെ. ജോർജ്, സി. കെ. ഡി. പണിക്കർ, ഡോ. എം. കണ്ണൻ കുട്ടി (നിർവാഹകസമിതി അംഗങ്ങൾ) എന്നിവരായിരുന്നു പുതിയ ഭാരവാഹികൾ. ശാസ്ത്രഗതി എന്ന പേരിൽ ശാസ്ത്രലേഖനങ്ങൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ത്രൈമാസികം പ്രസിദ്ധീകരിക്കാൻ ഔപചാരികമായി തീരുമാനിച്ചു. 1966 മെയ്ൽ ഒലവക്കോടു വെച്ചു നടന്ന പരിഷത്ത് മൂന്നാം വാർഷികത്തിലെ തീരുമാനങ്ങൾ സംഘടനാചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ശാസ്ത്രഗതി പ്രസിദ്ധീകരിക്കാനുള്ള വിശദാംശങ്ങൾ തയ്യാറാക്കുകയും എൻ. വി. കൃഷ്ണവാര്യർ, പി. ടി. ഭാസ്‌കരപണിക്കർ, എം. സി. നമ്പൂതിരിപ്പാട് എന്നിവരടങ്ങിയ പത്രാധിപസമിതി രൂപീകരിക്കുകയും ചെയ്തു. ആരംഭകാലത്ത് ശാസ്ത്രസാഹിത്യകാരന്മാർക്ക് മാത്രമായിരുന്നു പരിഷത്തിൽ അംഗത്വം നൽകിയിരുന്നത്. ശാസ്ത്രത്തിൽ താൽപര്യമുള്ളവർക്ക് അസോസിയേറ്റ് അംഗത്വം മാത്രമേ നൽകിയിരുന്നുള്ളു. ഒലവക്കോട് വാർഷികത്തിൽ ശാസ്ത്രത്തിൽ താൽപര്യമുള്ള എല്ലാവർക്കും പരിഷത്തിൽ അംഗത്വം നൽകാമെന്ന ധാരണയായി. 1966-ൽ പരിഷത്ത് കോഴിക്കോട് വെച്ച് പരിണാമത്തെക്കുറിച്ച് ഒരു സിംപോസിയം നടത്തി. ഷൊർണൂർ വെച്ച് ലോഹങ്ങളെക്കുറിച്ച് സിംപോസിയം നടത്തുകയും ആ യോഗത്തിൽ വെച്ച് പരിഷത്തിന്റെ ഷൊർണൂർ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു. 1967 മെയ് 13-ാം തിയ്യതി തൃശ്ശൂരിൽ നടന്ന പരിഷത്തിന്റെ നാലാം വാർഷികം നിർണായകമായ പല തീരുമാനങ്ങളുമെടുത്തു. സമ്മേളനത്തിൽ പി.ടി. ഭാസ്‌കരപണിക്കർ അവതരിപ്പിച്ച ഭരണഘടന ഭേദഗതികളോടെ അംഗീകരിച്ചു. 1962-ൽ രൂപംകൊണ്ട പരിഷത്തിന് അഞ്ചു വർഷത്തിനു ശേഷമാണ് ഭരണഘടനയുണ്ടാവുന്നത് എന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. പരിഷത്തിന് കൃത്യമായ ഒരു സംഘടനാ രൂപമുണ്ടാവുന്നത് ഈ സമ്മേളനത്തോടുകൂടിയാണ്.

ശാസ്ത്രഗതിയും പി.ടി.ബിയും
ശാസ്ത്രഗതി ആരംഭിക്കുന്നതിന് കുറച്ചു മുമ്പുണ്ടായ ഒരു സംഭവം എടുത്തുപറയാവുന്നതാണ്. മാതൃഭൂമി പത്രത്തിന്റെ ഭാരവാഹികളോട് പരിഷത്ത് കാര്യദർശി പി. ടി. ഭാസ്‌കരപണിക്കർ ഒരു അഭ്യർഥന നടത്തി. അവർ ഒരു ശാസ്ത്രമാസിക പ്രസിദ്ധീകരിക്കണം. ലേഖനങ്ങൾ ശേഖരിക്കുക, എഡിറ്റു ചെയ്യുക എന്നീ ചുമതലകൾ പരിഷത്ത് നിർവഹിക്കും. അച്ചടിക്കുകയും വിതരണം ചെയ്യുകയും മാത്രം മാതൃഭൂമി കമ്പനി ചെയ്താൽ മതി. ലേഖകൻമാർക്കോ, എഡിറ്റർമാർക്കോ യാതൊരു പ്രതിഫലവും നൽകേണ്ടതില്ല. പക്ഷേ, ഒരു ശാസ്ത്രമാസിക വിറ്റഴിയുമോ എന്ന കാര്യത്തിൽ മാതൃഭൂമി കമ്പനിക്ക് അന്ന് സംശയമുണ്ടായിരുന്നു. പരിഷത്തിന്റെ അഭ്യർഥന അവർ നിരസിച്ചു. പിന്നീട് പി. ടി. ബി. ഇതേ നിർദേശവുമായി മലയാള മനോരമ ഭാരവാഹികളെയും സമീപിച്ചു. അവരും ഈ അഭ്യർഥന തള്ളിക്കളഞ്ഞു. ഈ സാഹചര്യത്തിലാണ് സ്വന്തമായി ശാസ്ത്രഗതി ഇറക്കുവാൻ പരിഷത്ത് രണ്ടും കൽപിച്ച് തീരുമാനിച്ചത്.
ശാസ്ത്രഗതി തുടങ്ങിയതിനെക്കുറിച്ച് പി. ടി. ഭാസ്‌കരപണിക്കർ ഇങ്ങനെ എഴുതുന്നു.
ശാസ്ത്രഗതി അച്ചടിച്ചത് തൃശ്ശൂർ മംഗളോദയം പ്രസ്സിലാണ്. ദേശമംഗലം എ. കെ. ടി. കെ. എം. വാസുദേവൻ നമ്പൂതിരിപ്പാടാണ് മംഗളോദയത്തിന്റെ ഉടമസ്ഥൻ. ഞാനവിടെപോയി അദ്ദേഹവുമായി ഇതിനെപ്പറ്റി സംസാരിച്ചു. പ്രസ്സിൽ നിന്നൊരാളെ വരുത്തി ഒരു എസ്റ്റിമേറ്റുണ്ടാക്കി. ആയിരം കോപ്പിക്ക് നാനൂറ്റി ഇരുപത്തേഴ് ഉറുപ്പികയായിരുന്നു അന്നത്തെ മതിപ്പ്. (120 പേജ്, ക്രൗൺ 1/8)
ഒറ്റക്കാശില്ല പരിഷത്തിന്. ഇത്രയും പണം എവിടെ നിന്നുണ്ടാക്കും? പരസ്യത്തെ ആശ്രയിക്കുക തന്നെ. എനിക്ക് പരിചയമുള്ളവരിൽ നിന്നുതന്നെ അതു വാങ്ങണം. വ്യക്തിപരമായി തന്നെ എഫ്. എ. സി. ടിയിലെ എം. കെ. കെ. നായർ, കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ പി. കെ. വാര്യർ എന്നിവർക്കെഴുതി. അവർ പരസ്യം തരാമെന്നേറ്റു. അതു വലിയ രക്ഷയായി. മാസിക അച്ചടിച്ച് 'വൗച്ചർ കോപ്പി' അയച്ചാൽ ചെക്കു കിട്ടും. അച്ചടിചെലവെങ്കിലും കൊടുക്കാൻ കഴിയും എന്ന വിശ്വാസമായി. പരസ്യം കിട്ടിയ വിവരം മംഗളോദയം നമ്പൂതിരിപ്പാടിനോടു പറഞ്ഞു. അതിനിപ്പോൾ ഞാൻ പണിക്കരോട് പണം ചോദിച്ചുവോ? അടിച്ചുതരാം എന്നല്ലേ പറഞ്ഞത്. അതു നടക്കും. 
വിശാലഹൃദയനായിരുന്നു വാസുദേവൻ നമ്പൂതിരിപ്പാട്. അദ്ദേഹത്തിന്റെ വായിൽ കാൻസർ ബാധിച്ച് പിന്നീട് കുറെ വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ ചെന്നുകണ്ടു. കുറെനേരം പഴയ കാര്യങ്ങളൊക്കെ സംസാരിച്ചു. ഇപ്പോഴും ശാസ്ത്രഗതി നടക്കുന്നില്ലേ? അത്ര മതി. ഇതായിരുന്നു ആ മഹാനുഭാവന്റെ പ്രതികരണം.
1966 ഒക്‌ടോബറിൽ ശാസ്ത്രഗതിയുടെ ഒന്നാം ലക്കം അടിച്ചു പൂർത്തിയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പറ്റി, വെള്ളത്തിനുവേണ്ടി, ശാസ്ത്ര വിദ്യാഭ്യാസം മാതൃഭാഷയിലൂടെ, ഇലക്‌ട്രോണിക് കമ്പ്യൂട്ടർ, പൂവ് മുതലായ 12 ലേഖനങ്ങളാണ് ഒന്നാം ലക്കത്തിലുണ്ടായിരുന്നത് (പേജ് 120. ഒറ്റപ്രതി വില ഒന്നര ഉറുപ്പിക വാർഷിക വരിസംഖ്യ 6 ഉറുപ്പിക.) 1966 നവംബർ 28-ാം തിയ്യതി ശാസ്ത്രഗതിയുടെ ഔപചാരികമായ പ്രകാശനം കോഴിക്കോട് ടൗൺഹാളിൽ വലിയൊരു സദസ്സിനു മുമ്പാകെ കെ. പി. കേശവമേനോൻ നിർവഹിച്ചു. യോഗസ്ഥലത്തുവെച്ചു തന്നെ ധാരാളം കോപ്പികൾ വിറ്റഴിഞ്ഞു. പലരും വരിക്കാരായി ചേരുകയും ചെയ്തു.
അക്കാലമാകുമ്പോഴേക്കും പരിഷത്തിനുണ്ടായ ആശയപരമായ വളർച്ച ശാസ്ത്രഗതി പ്രഥമ ലക്കത്തിന്റെ മുഖപ്രസംഗത്തിൽ പ്രതിഫലിച്ചു കാണാം.
സാധാരണക്കാരനും ശാസ്ത്രകാരനും ശാസ്ത്രമെന്നാൽ ഒന്നല്ല അർഥം; ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിൽ പ്രത്യേകിച്ച്. കാരണം ശാസ്ത്ര പാരമ്പര്യം വളരെ നാളായി നാമാവശേഷമായി തീർന്നിരിക്കയാണിവിടെ. ഇന്നത്തെ അപഗ്രഥനാത്മകമായ ശാസ്ത്രീയ ചിന്താരീതി നാട്ടിലെ സാമൂഹ്യ ജീവിതത്തിന്റെ ഉള്ളിലേക്കിറങ്ങി ചെന്നിട്ടുമില്ല. ഈ പരിതഃസ്ഥിതിയിൽ  സ്വാഭാവികമായി,  ശാസ്ത്രകാരന്റെ ലോകത്തിൽ നിന്നും വളരെ അകന്നാണ് സാധാരണക്കാരൻ ജീവിക്കുന്നത്.
ശാസ്ത്രത്തെ സാമാന്യ ജനങ്ങളുടെ ഇടയിലേക്കെത്തിക്കുകയും അങ്ങനെ അവരെയും ശാസ്ത്രകാരന്മാരെയും തിരിച്ചുനിർത്തുന്ന അതിർവരമ്പുകൾ തട്ടിമാറ്റുകയുമാണ് ഞങ്ങളുടെ ഉദ്ദേശ്യം. ജനങ്ങൾ ശാസ്ത്രം പഠിച്ചാൽ മാത്രം പോര. അതിനൊത്തു ജീവിക്കുകയും വേണം.
ശാസ്ത്രീയ ചിന്തയെ ബുദ്ധിപൂർവം സ്വീകരിക്കുക, മനുഷ്യ ജീവിതത്തിൽ അതിനുള്ള സ്ഥാനം ശരിയായി മനസ്സിലാക്കുക. ശാസ്ത്രീയ രീതിയിൽ അടിപതറാത്ത യുക്ത്യധിഷ്ഠിതമായ വിശ്വാസമുണ്ടാകുക; എല്ലാറ്റിനുമുപരിയായി, സമുദായത്തിൽ വിശാലമായ ഒരു ശാസ്ത്രീയ മനോഭാവം വളർന്നു കാണുവാൻ ആത്മാർഥമായി ആഗ്രഹിക്കുക, ഇത്രയുമായാൽ ശാസ്ത്രീയ വിപ്ലവം വിജയിച്ചു. അതിനുള്ള കളമൊരുക്കാൻ ശാസ്ത്രഗതിക്കു തെല്ലെങ്കിലും കഴിഞ്ഞാൽ ഞങ്ങൾ കൃതാർഥരായി.
(ആദ്യലക്കം ശാസ്ത്രഗതിയുടെ എഡിറ്റോറിയൽ)

മലയാളത്തിലെ ശാസ്ത്രസാങ്കേതിക പദങ്ങൾ - നാലാം വാർഷികത്തിലെ ചർച്ച

പരിഷത്തിന്റെ നാലം വാർഷികത്തോടനുബന്ധിച്ച് സാങ്കേതിക പദപ്രശ്‌നത്തെക്കുറിച്ച് നടന്ന ചർച്ചാ യോഗത്തിൽ പ്രൊഫ. സി. കെ. മൂസത് ആധ്യക്ഷം വഹിച്ചു. ഡോ. എം. പി. പരമേശ്വരൻ 'സാങ്കേതിക പദപ്രശ്‌നം മലയാളത്തിൽ' എന്ന വിഷയം അവതരിപ്പിച്ചു. ആ പ്രബന്ധത്തിലെ പ്രധാന നിർദേശങ്ങൾ താഴെ പറയുന്നവയായിരുന്നു.

  1. രാസപദാർഥങ്ങളുടെ പേരുകൾ, ശാസ്ത്രീയ ഉപകരണങ്ങളുടെ പേരുകൾ, അളവുമാനങ്ങൾ മുതലായവയുടെ അന്തർദേശീയ പദങ്ങൾ ഇംഗ്ലീഷിലെ രൂപത്തിൽ അതേപടി മലയാളത്തിൽ സ്വീകരിക്കാം. ഉദാ: കാർബൺ, ഹൈഡ്രജൻ, പൊട്ടാസിയം, വോൾട്, കിലോഗ്രാം തുടങ്ങിയവ.
  2. മലയാള ഭാഷയിൽ പ്രചാരം നേടിക്കഴിഞ്ഞ ബൾബ്, സ്വിച്ച്, മോട്ടോർ, ജനറേറ്റർ തുടങ്ങിയ പദങ്ങൾ അതേപടി സ്വീകരിക്കാം.
  3. സസ്യശാസ്ത്രം, ജന്തുശാസ്ത്രം മുതലായവയിലെ ദ്വിപദനാമ പദ്ധതി അതേപടി സ്വീകരിക്കേണ്ടതാണ്.
  4. പദങ്ങൾ തർജ്ജമ ചെയ്യുമ്പോൾ ധാത്വർഥത്തേക്കാൾ ഇന്ന് അവക്കുള്ള സാങ്കേതികാർഥത്തിനാണ് പ്രാധാന്യം നൽകേണ്ടത്.
  5. മനുഷ്യ ശരീരശാസ്ത്രം, വൈദ്യശാസ്ത്രം ഇവയിൽ ആയുർവേദത്തിലെ സാങ്കേതിക പദങ്ങൾ പരീക്ഷണാർഥം ഉപയോഗിച്ചു നോക്കേണ്ടതാണ്.
  6. തർജ്ജുമ ഹ്രസ്വമാക്കണം.
  7. ഇംഗ്ലീഷിലെ ക്രിയാപദങ്ങളെ മലയാളത്തിൽ മെരുക്കിയെടുക്കണം. ടു ഫിറ്റ് (to fit) എന്ന ക്രിയക്ക് 'ഫിറ്റുക' എന്നും ഷാൽ ഫിറ്റ് എന്നതിന് ഫിറ്റാം എന്നും ഡവലപ് എന്നതിന് ഡവലപ്പുക എന്നും മറ്റും പ്രയോഗിക്കാം.

ഡോ. കെ. എൻ. പിഷാരടി, പി. ടി. ഭാസ്‌കരപണിക്കർ, എ. അച്യുതൻ, എം. എൻ. സുബ്രഹ്മണ്യൻ, കുറുമാപ്പിള്ളി കേശവൻ നമ്പൂതിരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തിരുന്നു. ആദ്യത്തെ ആറ് നിർദേശങ്ങളും ചർച്ചയിൽ പങ്കെടുത്തവരെല്ലാം സ്വാഗതം ചെയ്തു. ഏഴാം നിർദേശത്തെ ചിലർ രൂക്ഷമായി എതിർക്കുകയുണ്ടായി. എൻ. വി. കൃഷ്ണവാര്യർ തന്റെ പ്രസംഗത്തിൽ ഇങ്ങനെ പ്രസ്താവിച്ചു. 'വിജ്ഞാനം ജനസാൽക്കരിക്കുക എന്ന പ്രശ്‌നം വന്നപ്പോൾ ആ ഫയലിൽ ഇവിടുത്തെ ഔദ്യോഗിക വൃത്തങ്ങൾ ഇട്ട ക്വെറി (query) ആണ് സാങ്കേതിക പദങ്ങൾ എവിടെ എന്ന പ്രശ്‌നം. മലയാളത്തിൽ സാങ്കേതിക പദാവലി ഇതാ എന്ന് അവർക്ക് കാണിച്ചുകൊടുത്ത് ആ ഫയൽ വീണ്ടും മേൽപോട്ട് അയക്കുകയാണ് നമ്മുടെ ഇന്നത്തെ അടിയന്തിരമായ കർത്തവ്യം.' ഉച്ചക്കുശേഷം നടന്ന ജനറൽ ബോഡി യോഗത്തിൽ ഏതാനും ശാസ്ത്രപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, മലയാളത്തിലെ ഏറ്റവും നല്ല ശാസ്ത്രപുസ്തകങ്ങൾക്ക് (ഓരോ ശാസ്ത്രശാഖയിലും) സമ്മാനങ്ങൾ നൽകുക, എല്ലാ ജില്ലാ തലസ്ഥാനങ്ങളിലും കഴിയുമെങ്കിൽ താലൂക്ക് തലസ്ഥാനങ്ങളിലും സിംപോസിയങ്ങളും ശാസ്ത്ര പ്രദർശനങ്ങളും സംഘടിപ്പിക്കുക, സാങ്കേതിക പദാവലി തയ്യാറാക്കുക തുടങ്ങിയ ക്രിയാത്മകമായ ഒട്ടേറെ തീരുമാനങ്ങൾ എടുക്കുകയുണ്ടായി. മലയാളത്തിൽ സാങ്കേതിക പദാവലി തയ്യാറാക്കുന്നതിനായി എ. മുതൽ കെ. വരെയുള്ള അക്ഷരങ്ങളുടെ ചുമതല ബോംബെ ശാസ്ത്ര സാഹിത്യ പരിഷത്തിനെയും എൽ മുതൽ സെഡു വരെയുള്ള അക്ഷരങ്ങളുടെ ചുമതല കേരളത്തിലെ പ്രവർത്തകരേയും ഏൽപിക്കുകയുണ്ടായി. എ. മുതൽ കെ. വരെയുള്ള അക്ഷരത്തിൽ തുടങ്ങുന്ന സാങ്കേതിക പദങ്ങൾക്കു പറ്റിയ മലയാള പദങ്ങൾ ബോംബെ ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കുകയും അത് പൊതുജനാഭിപ്രായത്തിനായി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. തൃശ്ശൂർ യൂണിറ്റ് എൽ മുതൽ സെഡ് വരെയുള്ള കുറെ പദങ്ങൾ തയ്യാറാക്കി എക്‌സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു. പിൽകാലത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ വിജ്ഞാനശബ്ദാവലി, എൻജിനീയറിങ് ശബ്ദാവലി എന്നിവയുടെ നിർമാണത്തിന് ഈ പദങ്ങളായിരുന്നു മുഖ്യ ആധാരം. മാതൃഭാഷയിൽ ശാസ്ത്ര പ്രചാരണത്തിനുവേണ്ടി ലഭിക്കാവുന്ന വേദികൾ മുഴുവൻ പ്രയോജനപ്പെടുത്താൻ അക്കാലത്ത് പ്രവർത്തകർ ശ്രമിച്ചിരുന്നു. നാലാം വാർഷികത്തിൽ അംഗീകരിച്ച പ്രമേയത്തിൽ ഇക്കാര്യം പ്രതിഫലിച്ചുകാണാം. കേരള സർവകലാശാല സെനറ്റ്, കേരള സർക്കാരിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി, കേരള സാഹിത്യ അക്കാദമി, ഗ്രന്ഥശാലാ സംഘം, റേഡിയോ ഉപദേശക സമിതി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, കേന്ദ്രഗവണ്മെന്റിന്റെ സാങ്കേതിക പദാവലി തയ്യാറാക്കാനുള്ള കമ്മിറ്റി ഇതിലെല്ലാം ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഓരോ പ്രതിനിധിയെ ഉൾപ്പെടുത്തണമെന്ന പ്രമേയം വാർഷികത്തിൽ അംഗീകരിച്ചു. ഈ സമ്മേളനത്തിൽ വെച്ച് പുതിയ ഭാരവാഹികളായി ഡോ. ശാന്തകുമാർ (പ്രസിഡണ്ട്), പി. ടി. ഭാസ്‌കരപണിക്കർ (വൈസ് പ്രസിഡണ്ട്) എ. അച്യുതൻ (സെക്രട്ടറിയും ട്രഷററും), എം. എൻ. സുബ്രഹ്മണ്യൻ, ടി. ആർ. ശങ്കുണ്ണി (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു. തൃശൂർ വാർഷികത്തിൽ അംഗീകരിച്ച ഭരണഘടന അനുസരിച്ച് 1967 ജൂലൈ 14-ാം തിയ്യതി സൊസൈറ്റീസ് ആക്ട് പ്രകാരം പരിഷത്ത് റജിസ്റ്റർ ചെയ്തു. തുടർന്ന് എല്ലാ ജില്ലകളിലും ജില്ലാ കമ്മറ്റികൾ ഉണ്ടാക്കുവാനുള്ള വ്യാപകമായ ശ്രമങ്ങൾ നടന്നു. തൽഫലമായി കോഴിക്കോട്, തൃശൂർ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ജില്ലാ സമിതികൾ ഉണ്ടായി. ഏതാനും യൂണിറ്റുകളും രൂപീകരിക്കപ്പെട്ടു. സംസ്ഥാനത്തിനു പുറത്ത് ബാംഗ്ലൂരിലും കൽക്കത്തയിലും കൂടി യൂണിറ്റുകൾ ഇക്കാലത്ത് രൂപീകരിക്കുവാൻ കഴിഞ്ഞു എന്നത് ഒരു നേട്ടമാണ്. ബാംഗ്ലൂരിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് കേന്ദ്രമാക്കിയാണ് പരിഷത്തിന്റെ യൂണിറ്റുണ്ടാക്കിയത്. ഡോ. കെ. ഐ. വാസു, ബി. ബവംഡർ, ടി. എം. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ബാംഗ്ലൂർ യൂണിറ്റ് പ്രവർത്തിച്ചു തുടങ്ങിയത്. കൽക്കത്ത കേന്ദ്രമാക്കി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു യൂണിറ്റ് 1968-ൽ പ്രവർത്തിച്ചു തുടങ്ങി. കെ. എം. ഗോപി, ഡോ. എൻ. ഡി. നായർ, ഡോ. ആർ. പി. വർമ്മ, ഡോ. എ. എൻ. പി. ഉമ്മർകുട്ടി എന്നിവരാണ് ആ യൂണിറ്റിനു നേതൃത്വം നൽകിയത്. നേരത്തെ സൂചിപ്പിച്ച പോലെ 1966-ൽ രൂപീകരിച്ച ബോംബെ ശാസ്ത്രസാഹിത്യ പരിഷത്ത് പിന്നീടുണ്ടായ ഗുജറാത്തി വൈജ്ഞാനിക് സാഹിത്യമണ്ഡൽ, വിജ്ഞാന തമിഴ് വളർച്ചിക്കഴകം, ശാസ്ത്രസാഹിത്യ പരിഷത്ത് (തെലുങ്ക്), കന്നട വിജ്ഞാനപരിഷത്ത്, ഹിന്ദി വിജ്ഞാൻ പരിഷത്ത് എന്നീ സംഘടനകളുടെ രൂപീകരണത്തിൽ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. 1967-ൽ ശാസ്ത്രഗതിയുടെ പ്രസിദ്ധീകരണം കോഴിക്കോട്ടേയ്ക്കു മാറ്റി. അക്കാലത്ത് പരിഷത്തിൽ അംഗമായി ചേരുന്ന എല്ലാവർക്കും ശാസ്ത്രഗതി മാസിക സൗജന്യമായി നൽകി വന്നിരുന്നു. മലയാളം പഠന മാധ്യമവും ഭരണ ഭാഷയുമാക്കാനുള്ള ഊർജിത ശ്രമങ്ങൾ നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. കേന്ദ്ര സർക്കാർ ഹിന്ദി ഒഴിച്ചുള്ള ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഉദാസീനമായിരുന്നു. ഇംഗ്ലീഷ് ഭാഷക്കായിരുന്നു അന്നു പ്രാമാണ്യം. 1967-ൽ ഇതിനൊരു മാറ്റമുണ്ടായി. ഹിന്ദിക്കാരനല്ലാത്ത അന്നത്തെ വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുണസെൻ ഓരോ ഭാഷയുടേയും വികസനത്തിനായി ഓരോ കോടി രൂപ സംസ്ഥാനങ്ങൾക്കു നൽകി. കേരളത്തിൽ ഇതുപയോഗിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടു. അതിൽ ശാസ്ത്രം കൈകാര്യം ചെയ്യുന്നതിന് നിയമിക്കപ്പെട്ടവരിൽ മിക്കവരും, എൻ. വി. കൃഷ്ണവാര്യർ, ഡോ. എം. പി. പരമേശ്വരൻ, എ. എൻ. പി. ഉമ്മർകുട്ടി, സി. പി. നാരായണൻ, സി. കെ. മൂസത് - ഇവരെല്ലാം പരിഷത്തുകാരായിരുന്നു. തിരുവനന്തപുരത്ത് ഒരു സംഘം പരിഷദ് പ്രവർത്തകർ കേന്ദ്രീകരിക്കാനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവർത്തിക്കാനും അതിടയാക്കി. പരിഷത്തും ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഒട്ടനവധി സെമിനാറുകളും സിംപോസിയങ്ങളും നടത്തി. ഇംഗ്ലീഷിലുള്ള ശാസ്ത്ര ഗ്രന്ഥങ്ങൾ മലയാളത്തിലാക്കാൻ ഒട്ടേറെ വർക്ക് ഷോപ്പുകൾ സംഘടിപ്പിച്ചു. 1967 സെപ്തംബർ 14, 15 തിയ്യതികളിൽ തിരുവനന്തപുരത്തുവെച്ച് പരിഷത്തിന്റെ 5-ാം വാർഷികം നടത്തി. വരുന്ന നാലഞ്ചു കൊല്ലത്തിനകം ബിരുദാനന്തര പഠനംകൂടി പ്രാദേശിക ഭാഷയിലാക്കാൻ പദ്ധതികളുണ്ടാക്കി. സർക്കാരും സർവകലാശാലകളും തദ്വിഷയത്തിൽ പ്രവർത്തിക്കുന്ന മറ്റു സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു. ഇതിനു പുറമേ ശാസ്ത്ര പദങ്ങൾ മലയാളത്തിൽ ചേർത്തിട്ടുള്ള നിഘണ്ടുവും ശാസ്ത്രവിജ്ഞാനകോശവും പ്രസിദ്ധീകരിക്കുകയും ശാസ്ത്ര മാനവിക വിഷയങ്ങളിൽ പാഠ്യ പുസ്തകങ്ങളും റഫറൻസ് പുസ്തകങ്ങളും മലയാളത്തിൽ എഴുതിയുണ്ടാക്കാൻ ശാസ്ത്രകാരന്മാരേയും ശാസ്ത്ര സാഹിത്യകാരന്മാരേയും പ്രേരിപ്പിക്കുകയും ചെയ്യാൻ പ്രസ്തുത സമ്മേളനം തീരുമാനിച്ചു. പി. ടി. ഭാസ്‌കരപ്പണിക്കരെ പ്രസിഡണ്ടായും ഡോ. എ. അച്യുതനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. 1965-ൽ NCERT സ്‌കൂൾ സിലബസ് പരിഷ്‌കരിക്കുകയുണ്ടായി. എന്നാൽ പുതിയ സിലബസ്സനുസരിച്ച് പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് മതിയായ പരിശീലനം നൽകിയിരുന്നില്ല. ഇത് അവരെ സംബന്ധിച്ചിടത്തോളം ഒട്ടേറെ ബുദ്ധിമുട്ടിനും ആശയക്കുഴപ്പത്തിനും ഇടയാക്കി. ഇത് പരിഹരിക്കുന്നതിന് പരിഷദ് പ്രവർത്തകരായ കോളേജ് അധ്യാപകർ പല സ്ഥലത്തും സ്‌കൂൾ അധ്യാപകർക്ക് പരിശീലനം കൊടുത്തു. സ്‌കൂൾ അധ്യാപകരുമായുള്ള ബന്ധം വർധിപ്പിക്കാനും സ്‌കൂൾ സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഫലപ്രദമാക്കുന്നതിനും സ്‌കൂൾ അധ്യാപകരെ പരിഷദ് പ്രവർത്തകരാക്കി മാറ്റുന്നതിനും ഈ പ്രവർത്തനം ഏറെ സഹായിച്ചു. ശാസ്ത്രസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുയെന്ന ലക്ഷ്യത്തോടെ ഭാഷയിലുണ്ടാവുന്ന ഏറ്റവും നല്ല ശാസ്ത്രകൃതിക്ക് അവാർഡ് നൽകാൻ 1969-ൽ സംഘടന തീരുമാനിച്ചു. ഏറ്റവും നല്ല ബാലസാഹിത്യ കൃതി, ഏറ്റവും നല്ല സാമാന്യ ശാസ്ത്രഗ്രന്ഥം എന്നിങ്ങനെ രണ്ട് അവർഡുകളാണ് കൊടുക്കാൻ തീരുമാനിച്ചത്. അവാർഡുതുക 250 രൂപയായിരുന്നു. 1972-ൽ തിരുവല്ല സമ്മേളനത്തിൽ വെച്ച് ആദ്യത്തെ അവാർഡ് പ്രഖ്യാപിച്ചു. കെ. വേണു രചിച്ച 'പ്രപഞ്ചവും മനുഷ്യനും' എന്ന പുസ്തകത്തിനും കുമാരപുരം ദേവദാസ് രചിച്ച 'പൂമ്പാറ്റകൾ' എന്ന ബാല ശാസ്ത്രസാഹിത്യ ഗ്രന്ഥത്തിനും മാത്രമാണ് അവർഡുകൾ നൽകിയത്. ഇതേ കാലഘട്ടത്തിൽ തന്നെ ബോധപൂർവമല്ലെങ്കിൽ പോലും ഒരു പ്രത്യേക പ്രവർത്തനശൈലി സംഘടനയിൽ രൂപപ്പെട്ടുവരാൻ തുടങ്ങി. അതിനെയാണ് പിൽക്കാലത്ത് നമ്മൾ 'പാരിഷത്തികത'യെന്നു വിളിക്കാൻ തുടങ്ങിയത്. ഇത്തരമൊരു ശൈലിയുടെ ഉറവിടം നമ്മുടെ സമൂഹത്തോടുള്ള പ്രതിബദ്ധതയായിരുന്നു. സംഘടനയിലേക്കു വന്നവർ കൊണ്ടും കൊടുത്തും ഒരു പുതിയ ശൈലി സ്വീകരിക്കാൻ തുടങ്ങി. ദശവാർഷിക സുവനീറിൽ 'ശാസ്ത്രസാഹിത്യ പരിഷത്ത് എന്നെ പുതിയൊരാളാക്കി തീർത്തിരിക്കുന്നുവെന്ന്' പി. ടി. ഭാസ്‌കരപണിക്കർ എഴുതാനുണ്ടായ കാരണം ഇതാണ്. അനൗപചാരികത, ലാളിത്യം, സൗഹൃദം, കൂട്ടായ പ്രവർത്തനം, വളച്ചുകെട്ടില്ലായ്മ മുതലായവ അതിന്റെ വിവിധ മുഖങ്ങളാണ്.

ശാസ്ത്രകേരളം

1969 ജൂൺ ഒന്നിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രണ്ടാമത്തെ ആനുകാലിക പ്രസിദ്ധീകരണമായ 'ശാസ്ത്രകേരളം' മാസിക പുറത്തിറങ്ങി. പി. ടി. ഭാസ്‌കരപണിക്കരായിരുന്നു പത്രാധിപർ. ആർ. ഗോപാലകൃഷ്ണൻ നായർ പബ്ലിക്കേഷൻ മാനേജരും. യൂണിവേഴ്‌സിറ്റി സ്റ്റുഡൻസ് സെന്ററിൽ ചേർന്ന യോഗത്തിൽ വെച്ച് വിദ്യാഭ്യാസ മന്ത്രി സി. എച്ച്. മുഹമ്മദ് കോയയാണ് പ്രകാശന കർമം നിർവഹിച്ചത്. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. എ. അയ്യപ്പൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡയറക്ടർ എ. കെ. നാരായണൻ നമ്പ്യാർ ആശംസാ പ്രസംഗം നടത്തി. ഒറ്റപ്രതി വില: 50 പൈസ, വാർഷിക വരിസംഖ്യ 6 രൂപ; പേജ് 48. ശാസ്ത്രകേരളത്തിന്റെ ഒന്നാം ലക്കത്തിൽ 'വിദ്യാർഥികളോട്' എന്ന ശീർഷകത്തിലുള്ള മുഖപ്രസംഗം ഇപ്രകാരമായിരുന്നു. ശാസ്ത്രകേരളം ഇതാ നിങ്ങളുടെ കൈകളിലേക്ക് തരുന്നു. ഇതിനെ പോഷിപ്പിക്കേണ്ടത് നിങ്ങളാണ്; നിങ്ങളുടെ അധ്യാപകരും. വളരെക്കാലത്തെ ഒരാഗ്രഹം സഫലീകരിച്ചതിൽ ഞങ്ങളെല്ലാം സന്തോഷിക്കുന്നു. സയൻസിന്റെ വളർച്ചയിൽ താൽപര്യമുള്ളവരെല്ലാം ശാസ്ത്രകേരളത്തിനെ സഹായിക്കണമെന്ന് ഞങ്ങളഭ്യർഥിക്കുന്നു.

ഇന്ന് ശാസ്ത്രകേരളത്തിന്റെ മുഖമുദ്രയായി നിൽക്കുന്ന മോണോഗ്രാം വരച്ചത് എം. എ. യു. മേനോൻ ആണ്. ജീവശാസ്ത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു കണ്ണ്, ഗണിത-ഭൗതിക ശാസ്ത്രങ്ങളെ പ്രകീർത്തിക്കുന്ന ഡിവൈഡറുകൾ, നടുവിൽ വിജ്ഞാനത്തിന്റെ പ്രതീകമായ വിളക്ക്, അതിന്റെ നാളമാകട്ടെ സയൻസ് എന്നതിന്റെ സൂചനയായ 'S' ന്റെ ആകൃതിയിലും ഇതാണ് ശാസ്ത്രകേരളത്തിന്റെ എംബ്ലം.

1969 ജൂൺ 15ന് കോഴിക്കോട് ടൗൺഹാളിൽ വെച്ച് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആറാം വാർഷിക സമ്മേളനം നടന്നു. 1861 മുതൽ 1969 വരെ മലയാളത്തിൽ പ്രസിദ്ധീകരിച്ച, കിട്ടാവുന്നിടത്തോളം ശാസ്ത്രഗ്രന്ഥങ്ങൾ അന്നു നടത്തിയ പുസ്തക പ്രദർശനത്തിൽ സമാഹരിച്ചിരുന്നു. കാലിക പ്രശ്‌നങ്ങൾക്ക് ശാസ്ത്രത്തിലൂടെ പരിഹാരം എന്ന ചർച്ചാ യോഗവും, കരിക്കുലം പ്ലാനിങ്ങ് എന്ന സിംപോസിയവും നടന്നു. അടുത്ത വർഷത്തേക്കുള്ള പ്രസിഡന്റായി പി. ടി. ഭാസ്‌കരപണിക്കരേയും സെക്രട്ടറിയായി എ. അച്യുതനേയും തെരഞ്ഞെടുത്തു. വാർഷിക സമ്മേളനത്തിൽ സ്വീകരിച്ച ഭരണഘടനാ ഭേദഗതിയനുസരിച്ച് പരിഷത്തിൽ ഒരു കൊല്ലമെങ്കിലും പ്രവർത്തിച്ച ഒരാൾക്ക് നൂറു രൂപ ഒന്നിച്ചോ നാല് തവണകളായോ അടച്ച് ആജീവനാംഗമാകാമെന്ന് വ്യവസ്ഥ ഉണ്ടാക്കി. ഭാരതീയ വിജ്ഞാൻ പത്രികാ സമിതിയിൽ അംഗമായി ചേർന്ന ശാസ്ത്രഗതിക്ക് 1969-70-ൽ കൗൺസിൽ ഓഫ് സയ്ന്റിഫിക് ആന്റ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ആയിരം രൂപ പ്രതിവർഷ ഗ്രാന്റായി നൽകി. ഇതേ വർഷം കോഴിക്കോട് സർവകലാശാലയുടെ വയോജനവിദ്യാഭ്യാസ ഫാക്കൽറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ കൃഷി സമ്പ്രദായങ്ങളെയും ഉപകരണങ്ങളെയും പറ്റിയുള്ള ഏകദിന ക്യാമ്പുകളിൽ പരിഷത്ത് സഹകരിച്ചു. ഡോ. എ. അച്യുതനായിരുന്നു ക്ലാസുകളുടെ സംഘാടകൻ. 1969 ഡിസംബർ 26-28 തിയ്യതികളിൽ ഷൊർണൂരിൽ വെച്ച് പരിഷത്തിന്റെ ഏഴാം വാർഷികം നടന്നു. ആഘോഷത്തിന്റെ ഭാഗമായി മൂന്നു ദിവസം നീണ്ടുനിന്ന ശാസ്ത്രസാങ്കേതിക വ്യാവസായിക പ്രദർശനം, വ്യവസായ സെമിനാർ, സാങ്കേതിക വിദ്യാഭ്യാസ സെമിനാർ എന്നിവയും സംഘടിപ്പിച്ചിരുന്നു. പ്രൊഫ. എ. അച്യുതനെ പ്രസിഡന്റായും വി. കെ. ദാമോദരനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

യുറീക്ക

ശാസ്ത്രഗതി, ശാസ്ത്രകേരളം എന്നിവക്കു പുറമെ അപ്പർ പ്രൈമറി വിദ്യാർഥികളുടെ നിലവാരത്തിൽ 'യുറീക്ക' എന്നൊരു ശാസ്ത്രമാസിക കൂടി തുടങ്ങുവാൻ ഷൊർണൂർ വാർഷിക സമ്മേളനത്തിൽവെച്ച് തീരുമാനമെടുത്തു. 1970 ജൂൺ ഒന്നാം തിയ്യതി യുറീക്കയുടെ പ്രഥമ ലക്കം പുറത്തിറങ്ങി. ഡോ. കെ. എൻ. പിഷാരടി ചീഫ് എഡിറ്ററും ടി. ആർ. ശങ്കുണ്ണി മാനേജിങ്ങ് എഡിറ്ററും ആയിരുന്നു. ഡമ്മി 1/8 വലുപ്പത്തിൽ 32 പേജുകളോടെ പ്രസിദ്ധീകരിച്ച യുറീക്കയുടെ ഒറ്റപ്രതി വില 30 പൈസയും വാർഷിക വരിസംഖ്യ 3 രൂപയും ആയിരുന്നു. യുറീക്കയുടെ ആദ്യലക്കത്തിൽ ടി. ആർ. ശങ്കുണ്ണി എഴുതിയ മുഖപ്രസംഗം ഇപ്രകാരമായിരുന്നു. യുറീക്കയെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഉടമസ്ഥതയിൽ തൃശ്ശൂർ ഘടകം പുറത്തിറക്കുന്ന മാസികയാണ് 'യുറീക്ക'. കുട്ടികളുടെ ശാസ്ത്രമാസിക. സംസ്ഥാനത്തെ 2469 സ്‌കൂളുകളിൽ പഠനം നടത്തുന്ന 10,99,700-ഓളം വരുന്ന വിദ്യാർഥികൾക്കിടയിൽ ഒരു സായൻസിക മനോഭാവം വളർത്തുക എന്നതാണ് യുറീക്കയുടെ ലക്ഷ്യം. മിഡിൽ സ്‌കൂൾ കരിക്കുലത്തിൽപ്പെടുന്ന ശാസ്ത്രവിഷയങ്ങൾക്ക് ഉള്ളടക്കത്തിൽ മുൻതൂക്കം കൊടുത്തുകൊണ്ടാണ് ഞങ്ങൾ ഈ അടിസ്ഥാന ലക്ഷ്യത്തിലെത്തിച്ചേരുന്നത്. ശാസ്ത്രവിദ്യാർഥികളുടെ ഈ കൺമണികളെ അനുഗ്രഹിക്കുക.

യുറീക്ക വളരെ അർഥവത്തായ ഒരു എംബ്ലമാണ് സ്വീകരിച്ചിട്ടുള്ളത്. ആദ്യകാലത്തെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിൽ പ്രമുഖമായ ചക്രം- അഥവാ വ്യവസായ പുരോഗതിയുടെ പ്രതീകം ആയ പല്ലുള്ള ചക്രം, അതിന്റെ നടുവിൽ വിജ്ഞാനത്തെ സൂചിപ്പിക്കുന്ന ഒരു ദീപം. അതിന്റെ നാളമാകട്ടെ സയൻസിന്റെ ആദ്യത്തെ അക്ഷരമായ 'S' ന്റെ ആകൃതിയിൽ. ഇതാണ് യുറീക്കയുടെ എംബ്ലം.

1970 ജൂൺ ഒന്നിന് യുറീക്കയുടെ പ്രഥമലക്കം, ശാസ്ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പ്, പരിഷത്തിന്റെ ആദ്യ പുസ്തകമായ സയൻസ് - 1986 എന്നിവയുടെ പ്രകാശനം കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, കോട്ടയം, ഷൊർണൂർ, മലപ്പുറം, ബാംഗ്ലൂർ എന്നിങ്ങനെ 8 കേന്ദ്രങ്ങളിൽ വെച്ചു നടത്താൻ കഴിഞ്ഞത് പരിഷത്തിന്റെ വളർച്ചയെ കാണിക്കുന്നു. കോഴിക്കോട്ട് ഇവയുടെ പ്രകാശനം നടത്തിയത് നാലപ്പാട്ട് ബാലാമണിയമ്മയും എറണാകുളത്ത് കെ. എ. ദാമോദരമേനോനും ആയിരുന്നു. 1970 ജൂലൈ വരെ 26 പേർ ആജീവനാംഗങ്ങളായി ചേർന്നിരുന്നു. ഒരു കേന്ദ്ര റഫറൻസ് ലൈബ്രറി ഉണ്ടാക്കുവാനുള്ള തീരുമാനവും ഇക്കാലത്താണുണ്ടായത്. സ്‌കൂളിനകത്തും പുറത്തുമുള്ള സയൻസ് ക്ലബ്ബുകളെ പരിഷത്തിന്റെ അഫിലിയേറ്റഡ് ഘടകങ്ങളായി അംഗീകരിക്കുവാനുള്ള തീരുമാനവും ഇക്കാലത്തെടുക്കുകയുണ്ടായി. ആദ്യത്തെ അംഗ സംഘടന കോഴിക്കോട് റെയിൽവേ കോളനി സയൻസ് സൊസൈറ്റിയും രണ്ടാമത്തേത് അമ്പലപ്പുഴ ഫെയറും (Fair) ആയിരുന്നു. 1970 ഡിസംബർ 19, 20 തിയ്യതികളിൽ എറണാകുളത്തുവെച്ച് പരിഷത്തിന്റെ എട്ടാം വാർഷികം നടന്നു. ഡിസംബർ 19നു രാവിലെ 9.30ന് വർഗീസ് കളത്തിൽ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഈ സമ്മേളനത്തിലാണ് ശാസ്ത്രഗതി ഒരു ദ്വൈമാസികയാക്കുവാൻ തീരുമാനിച്ചത്. ഒറ്റപ്രതി വില 1 രൂപ. വാർഷിക വരിസംഖ്യ 6 രൂപ തന്നെ. രണ്ടാം ചൊവ്വാഴ്ചകളിൽ പരിഷത്ത് ദിനം മുടങ്ങാതെ നടത്തുന്നതിന് യൂണിറ്റുകളോട് ഈ സമ്മേളനം ആഹ്വാനം ചെയ്തു. പ്രസിഡന്റായി ഡോ. കെ. മാധവൻ കുട്ടിയേയും സെക്രട്ടറിയായി വി. കെ. ദാമോദരനേയും തെരഞ്ഞെടുത്തു. വാർഷികത്തിന്റെ ഭാഗമായി കേരളത്തിലെ വ്യവസായങ്ങളെപ്പറ്റിയും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 'മലയാളം എഴുപതുകളിൽ' എന്ന വിഷയത്തെക്കുറിച്ചും സെമിനാറുകൾ നടത്തി. വൈകുന്നേരം പരിഷത്തംഗങ്ങൾ മഹാരാജാസ് കോളേജിൽ നിന്നു ജാഥയായി മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് രാജേന്ദ്രമൈതാനത്തിലേക്ക് നീങ്ങി. എ. അച്യുതന്റെ അധ്യക്ഷതയിൽ പൊതുയോഗം ആരംഭിച്ചു. ലളിതമായ ഭാഷയിൽ നമ്മുടെ നിത്യജീവിതവും രസതന്ത്രവും എങ്ങനെ കെട്ടുപിണഞ്ഞു കിടക്കുന്നുവെന്നും രസതന്ത്രത്തിന്റെ ചരിത്രത്തിലെ പ്രധാന മുഹൂർത്തങ്ങൾ ഏവയെന്നും പ്രൊഫ. പി. വി. അപ്പു സുദീർഘമായി പ്രസംഗിച്ചു. ആ പ്രസംഗമായിരുന്നു എറണാകുളം വാർഷികത്തിലെ ഏറ്റവും ശ്രദ്ധേയമായ ഇനം. കോട്ടയത്ത് പരിഷത്തിന്റെ ആഭിമുഖ്യത്തിൽ മലയാള ലിപി പരിഷ്‌കാരത്തെപ്പറ്റി ഒരു ചർച്ചായോഗം നടത്തി. 1971-ൽ ശാസ്ത്രഗതി മലയാള ലിപി പരിഷ്‌കരണത്തെക്കുറിച്ച് മുഖപ്രസംഗമെഴുതുകയും മാതൃക പ്രസിദ്ധീകരിക്കുകയും ചെയ്തു. തുടർന്ന് മലയാള ഭാഷയിലുണ്ടായ ലിപി പരിഷ്‌ക്കരണത്തെ ഇത് നിർണായകമായി സ്വാധീനിച്ചിട്ടുണ്ട്.

എംബ്ലം

1971 ആഗസ്റ്റ് 29-ാം തിയ്യതി തിരുവല്ലയിൽ വെച്ച് ചേർന്ന പരിഷത്ത് നിർവാഹക സമിതിയുടേയും പ്രസിദ്ധീകരണ സമിതിയുടേയും സംയുക്ത യോഗം മുമ്പു നടത്തിയിരുന്ന എംബ്ലം ഡിസൈൻ മത്സരത്തിൽ ലഭിച്ചിരുന്ന എൻട്രികൾ പരിശോധിക്കുകയും കോഴിക്കോട് റീജിയണൽ എഞ്ചിനിയറിങ് കോളേജിലെ അധ്യാപകനായ ടി. എസ്. ബാലഗോപാൽ സമർപ്പിച്ച മാതൃക അംഗീകരിക്കുകയും ചെയ്തു. 1971 സെപ്തംബർ - ഒക്‌ടോബർ ലക്കം ശാസ്ത്രഗതിയിൽ ഈ എംബ്ലം ആദ്യമായി പ്രസിദ്ധീകരിക്കുകയുണ്ടായി. ഭൂമിയിൽ കാലുറപ്പിച്ചുനിന്ന് അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ് എംബ്ലത്തിലുള്ളത്. സൃഷ്ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട് അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. സ്‌കൂൾ കുട്ടികളെ ഉദ്ദേശിച്ച് പരിഷത്തിൽ ജൂനിയർ അംഗത്വം അനുവദിക്കുവാൻ തുടങ്ങി. വാർഷിക അംഗത്വഫീസ് മൂന്നു രൂപയാണ്. യുറീക്ക സൗജന്യമായി ലഭിക്കും. ഇവർക്ക് ശാസ്ത്രകേരളമോ ശാസ്ത്രഗതിയോ ലഭിക്കണമെങ്കിൽ രണ്ടു രൂപ കൂടുതൽ നൽകിയാൽ മതിയാവും. പരിഷത്ത് പ്രവർത്തകർ മുൻകൈയെടുത്ത് ശാസ്ത്രപുസ്തക പ്രസിദ്ധീകരണത്തിനായി സ്റ്റെപ്‌സ് (Scientific Technical and Educational Publishing Co-operative Society) എന്ന ഒരു സഹകരണ സംഘം രൂപീകരിച്ചു. 1971 ഒക്‌ടോബർ 2-ാം തിയ്യതി അതിന്റെ പ്രഥമയോഗം ചേർന്ന് ഒരു സ്വതന്ത്ര സഹകരണ സംഘമായി പ്രവർത്തിക്കാൻ തുടങ്ങി. ശാസ്ത്രം, സാങ്കേതിക വിജ്ഞാനം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ താൽപര്യമുള്ള ബുദ്ധിജീവികളുടെ സംഘമാണ് സ്റ്റെപ്‌സ്. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ പുസ്തകങ്ങൾ, ജേർണലുകൾ, മോണോഗ്രാഫുകൾ, പ്രബന്ധങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുന്ന കേരളത്തിലെ, ഒരു പക്ഷേ, ഇന്ത്യയിലെത്തന്നെ ആദ്യത്തെ സംഘമായിരുന്നു ഇത്. സയൻസിലും ശാസ്ത്ര സാങ്കേതിക വിജ്ഞാനത്തിലും നാട്ടുകാർക്ക് താൽപര്യവും അറിവും ഉണ്ടാക്കിക്കൊടുക്കാനും മലയാളത്തിലെ ശാസ്ത്ര സാഹിത്യത്തിന്റെ ഗുണം മെച്ചപ്പെടുത്താനും ശ്രമിക്കുകയെന്നതാണ് സ്റ്റെപ്‌സിന്റെ മുഖ്യലക്ഷ്യം. സയൻസ് ലൈബ്രറികൾ, സയൻസ് മ്യൂസിയങ്ങൾ എന്നിവ സ്ഥാപിക്കുക, മൗലിക പ്രതിഭയും അസാമാന്യമായ കഴിവും പ്രകടിപ്പിക്കുന്നവർക്ക് പ്രോത്സാഹനം നൽകുക എന്നിവയും സ്റ്റെപ്‌സിന്റെ ലക്ഷ്യങ്ങളിൽപ്പെട്ടതായിരുന്നു. ക്രമേണ സംഘടനയുടെ പ്രസിദ്ധീകരണാവശ്യം നിർവഹിക്കാൻ സ്റ്റെപ്‌സിനു കഴിയാതെ വന്നപ്പോൾ 1976 മുതൽ നേരിട്ട് പുസ്തക പ്രസിദ്ധീകരണം ആരംഭിക്കുകയാണുണ്ടായത്. 1971 നവംബർ 12, 13, 14 തിയ്യതികളിൽ കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ വെച്ച് ഒന്നാമത്തെ ശാസ്ത്രസാഹിത്യ ശിൽപശാല നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ മേഖലകളിൽ വൈദഗ്ധ്യമുള്ള 30 പ്രതിനിധികളും 15 അധ്യാപകരും ഈ ശിൽപശാലയിൽ പങ്കെടുത്തിരുന്നു. ശാസ്ത്രസാഹിത്യ രചനയിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന സാങ്കേതികവും ഭാഷാപരവുമായ പ്രശ്‌നങ്ങളാണ് ഇവിടെ ചർച്ച ചെയ്യപ്പെട്ടത്. 1971 നവംബർ - ഡിസംബർ ലക്കം മുതൽ ശാസ്ത്രഗതിയിൽ എം. എൻ. സുബ്രഹ്മണ്യൻ തയ്യാറാക്കിയ ശാസ്ത്രഗ്രന്ഥ സൂചിക ഖണ്ഡശ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പിന്നീട് ഇത് ഒരുമിച്ചുചേർത്ത് പുസ്തകമാക്കുകയും ചെയ്തു. 1972 ജനുവരി 6, 7, 8 തിയ്യതികളിൽ തിരുവല്ല മാർത്തോമാ കോളേജിൽ വെച്ച് പരിഷത്തിന്റെ ഒമ്പതാം വാർഷികം നടന്നു. കോഴിക്കോട്, ഷൊർണൂർ, തിരുനന്തപുരം എന്നിവിടങ്ങളിൽ നിന്നു പുറപ്പെട്ട് വഴിനീളെ യോഗങ്ങളിൽ ശാസ്ത്രപ്രഭാഷണങ്ങൾ നടത്തിക്കൊണ്ട് തിരുവല്ലയിൽ എത്തിച്ചേർന്ന മൂന്നു പ്രചരണ (കാർ) ജാഥകളായിരുന്നു തിരുവല്ല സമ്മേളനത്തിന്റെ പ്രത്യേകത. സ്‌കൂളുകൾ, കോളേജുകൾ, വായനശാലകൾ, സ്‌പോർട്‌സ് ക്ലബ്ബുകൾ, നാൽക്കവലകൾ എന്നിവിടങ്ങളിലെല്ലാം ജാഥാംഗങ്ങൾ ശാസ്ത്ര പ്രചാരണ പ്രഭാഷണങ്ങൾ നടത്തി. തിരുവല്ലയിൽ എത്തിച്ചേർന്ന ജാഥകൾക്ക് മുൻസിപ്പൽ ചെയർമാന്റെ അധ്യക്ഷതയിൽ പൊതുജന സ്വീകരണം നൽകി. തിരുവല്ലക്കു തിരിച്ചൊരു ജാഥ, കേരള നാട്ടിൻ ഉശിരൻ ജാഥ, പുതുവിജ്ഞാന പൂവിളികൊണ്ടീ നാടിനെ മോചിപ്പിക്കും ജാഥ എന്നീ ശാസ്ത്രഗാനങ്ങളും ആലപിച്ചുകൊണ്ടാണ് ജാഥ മുന്നോട്ടു നീങ്ങിയത്. പുറമേ 'ശാസ്ത്രവും രാജ്യരക്ഷയും', 'കേരളത്തിന്റെ പുരോഗതിയിൽ ശാസ്ത്രത്തിന്റെ പങ്ക്', 'ശാസ്ത്രവും ബഹുജന മാധ്യമങ്ങളും' എന്നീ സിംപോസിയങ്ങൾ നടന്നു. വാർഷികത്തിൽ ചർച്ച ചെയ്ത വിഷയം ശാസ്ത്രവും സമൂഹവും എന്നതായിരുന്നു. ഡോ. കെ. മാധവൻകുട്ടിയെ പ്രസിഡന്റായും ഡോ. എം. പി. പരമേശ്വരനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു. ഭാരതീയ വിജ്ഞാൻ പത്രികാ സമിതിയുടെ ആഹ്വാനമനുസരിച്ച് 1972 ജനുവരി 15 മുതൽ 22 വരെ തിരുവനന്തപുരത്ത് ശാസ്ത്രകേരളത്തിന്റെ ആഭിമുഖ്യത്തിലും തൃശൂരിൽ യുറീക്കയുടെ ആഭിമുഖ്യത്തിലും കോഴിക്കോട് ശാസ്ത്രഗതിയുടെ ആഭിമുഖ്യത്തിലും ശാസ്ത്രവാരം ആഘോഷിച്ചു. എറണാകുളം ജില്ലാ യൂണിറ്റ് തയ്യാറാക്കിയ 'സയൻസ് - 69' എന്ന പുസ്തകത്തിന്റെ പ്രകാശനം ഇതോടൊന്നിച്ചാണ് നടന്നത്. 1972 സെപ്തംബർ 30, ഒക്‌ടോബർ 1, 2 തിയ്യതികളിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ വെച്ച് നടന്ന ദക്ഷിണേന്ത്യൻ ശാസ്ത്രസാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ കേരളത്തിൽ നിന്ന് ഒരു ഡസനിലധികം പരിഷദ് അംഗങ്ങൾ ഡെലിഗേറ്റുകളായി പങ്കെടുത്തു. പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ ഏവരുടേയും പ്രശംസക്ക് പാത്രമായി. പരിഷദ് പ്രവർത്തകർ മുൻകൈയെടുത്ത് ബയോളജി അക്കാദമി, കേരളാ അക്കാദമി ഓഫ് ടെക്‌നിക്കൽ സയൻസ്, ഫിസിക്‌സ് അക്കാദമി എന്നിവ രൂപീകരിച്ചു. ആദ്യത്തെ രണ്ടെണ്ണം ഉയർന്ന നിലവാരമുള്ള ജേർണലുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. 1973 ജനുവരി 12, 13, 14 തീയതികളിൽ കോഴിക്കോട് ടൗൺഹാളിൽ വെച്ച് പരിഷത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു. 10 വർഷം കൊണ്ട് സംഘടനക്കുണ്ടായ വളർച്ചയോട് തികച്ചും നീതി പുലർത്തുന്ന വിധത്തിലാണ് ദശവാർഷികാഘോഷങ്ങൾ സംഘടിപ്പിക്കപ്പെട്ടത്. പ്രൊഫ. പി. ആർ. പിഷാരടിയാണ് വാർഷികം ഉദ്ഘാടനം ചെയ്തത്. 'പരിസര ദൂഷണം കേരളത്തിൽ', 'കേരളത്തിലെ പ്രകൃതി വിഭവങ്ങൾ', 'ശാസ്ത്രാഭ്യസനവും ഗവേഷണവും - സർവകലാശാലകളുടെ പങ്ക്', 'ഹൈസ്‌കൂൾ പുസ്തകങ്ങൾ' എന്നീ വിഷയങ്ങളെപ്പറ്റി സിംപോസിയങ്ങൾ നടന്നു. വിപുലമായ ഒരു ശാസ്ത്ര പ്രദർശനവും ഉണ്ടായിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് മികച്ച ഒരു സുവനീർ പ്രസിദ്ധീകരിച്ചു. കോളേജുകൾക്ക് ശാസ്ത്രനാടക മത്സരം നടത്തി. ഗലീലിയോ എന്ന നാടകം ഒന്നാം സമ്മാനം നേടി. ഈ ശാസ്ത്രനാടകം വാർഷികത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. 1973 ജനുവരി 12നു ചേർന്ന യോഗത്തിൽവെച്ച് 'മലയാള ശാസ്ത്രസാഹിത്യം - പരിചയകോശം' പ്രകാശിപ്പിച്ചു. പ്രസിഡണ്ടായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി ആർ. ഗോപാലകൃഷ്ണനേയും തെരഞ്ഞെടുത്തു.

ശാസ്ത്രപ്രചാരണ വാരം

ദശവാർഷികത്തിന്റെ മുന്നോടിയായി ഒരു ശാസ്ത്രപ്രചാരണ വാരം (1973 ജനുവരി 1 മുതൽ 7 വരെ) സംഘടിപ്പിക്കുവാനും ഈ വാരത്തിൽ ആയിരം ശാസ്ത്രപ്രചാരണ യോഗങ്ങൾ നടത്തുവാനും തീരുമാനിച്ചു. അതിനു വേണ്ട ഒരു സിലബസ് തയ്യാറാക്കി. പ്രപഞ്ചത്തിന്റെ വികാസം, മനുഷ്യ സമൂഹത്തിന്റെ വികാസം, ശാസ്ത്രത്തിന്റെ വികാസം എന്നിങ്ങനെ മൂന്നു പാഠങ്ങൾ ആയിരുന്നു സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നത്. പരിപാടി വമ്പിച്ച വിജയമായിരുന്നു. തിരുവനന്തപുരം 165, കൊല്ലം 148, ആലപ്പുഴ 78, കോട്ടയം 72, എറണാകുളം 108, തൃശ്ശൂർ 200, പാലക്കാട് 42, മലപ്പുറം 69, കോഴിക്കോട് 171, കണ്ണൂർ 155 എന്നിങ്ങനെ ആകെ 1208 യോഗങ്ങൾ നടത്തി. ശാസ്ത്രകേരളം ക്വിസ് മത്സരവും അതിനു നൽകുന്ന ട്രോഫിയും ഏർപ്പെടുത്തിയത് ആ വർഷത്തിലാണ്. പത്താം വാർഷികത്തിൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹൈസ്‌കൂളിന് ട്രോഫി സമ്മാനിച്ചു. എന്താണ് ശാസ്ത്രകേരളം ട്രോഫി? ശാസ്ത്രകേരളം മാസികയാണ് ട്രോഫി ഏർപ്പെടുത്തിയിരുന്നത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള ഒരു ക്വിസ് മത്സരം നടത്തി. അതിൽ ഒന്നാം സ്ഥാനത്തിനർഹമാകുന്ന സ്‌കൂളിന് റോളിങ് ട്രോഫി നൽകുന്നു. രണ്ടാം സ്ഥാനം നേടുന്ന സ്‌കൂളിന് ഒരു റോളിങ് ഷീൽഡ് നൽകുന്നു. വിജയികൾക്ക് വേറെയും സമ്മാനങ്ങൾ നൽകിയിരുന്നു. ജില്ലാടിസ്ഥാനത്തിൽ നടത്തുന്ന മത്സരത്തിൽ നിന്നാണ് സംസ്ഥാനാടിസ്ഥാനത്തിലുള്ള മത്സരത്തിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ഓരോ സ്‌കൂളിൽനിന്നും പരമാവധി കുട്ടികളടങ്ങുന്ന ഒരു ടീമാണ് ജില്ലാതല മത്സരത്തിൽ പങ്കെടുത്തിരുന്നത്. തിരുവനന്തപുരത്തെ പ്രസിദ്ധനായ ശിൽപി വിശ്വം ഡിസൈൻ ചെയ്തു നിർമിച്ചതാണ് ശാസ്ത്രകേരളം ട്രോഫി. 1973 ജനുവരി 26, 27, 28 തിയ്യതികളിൽ കൊല്ലത്തു നടത്തിയ ശാസ്ത്രസാഹിത്യകാരന്മാരുടെ വർക്‌ഷോപ്പിൽ വെച്ച് 8 പുസ്തകങ്ങൾ വിവർത്തനം ചെയ്തു. അവ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. കോഴിക്കോട് ഒരു സയൻസ് സെന്റർ സ്ഥാപിക്കുവാനുള്ള തീരുമാനം എടുത്തത് പത്താം വാർഷിക സമ്മേളനത്തിൽ വെച്ചാണ്. 1973 മെയിൽ പരിഷദ് ബുള്ളറ്റിൻ ഒന്നാം ലക്കം ഇറങ്ങി. പരിഷത്തിന്റെ പ്രവർത്തന പരിപാടികൾ അംഗങ്ങളെ അറിയിക്കുകയും അംഗങ്ങളും കേന്ദ്രനിർവാഹക സമിതിയും യൂണിറ്റുകളും അംഗങ്ങളും തമ്മിലുള്ള ബന്ധം ദൃഢതരമാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് ബുള്ളറ്റിൻ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ 'സർവകലാശാലയിലെ അധ്യയന മാധ്യമം മലയാളത്തിലായിരിക്കണം' എന്നാവശ്യപ്പെട്ടുകൊണ്ട് പരിഷത്തിന്റെ നേതൃത്വത്തിൽ ഒരു വമ്പിച്ച പ്രകടനം നടത്തുകയുണ്ടായി. അന്നു കൂടിയ അക്കാദമിക് കൗൺസിൽ യോഗം പ്രീഡിഗ്രിക്ക് മലയാളത്തിൽ ഉത്തരമെഴുതാം എന്ന പ്രമേയം അംഗീകരിച്ചു.

ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്

1973 ഡിസംബർ 8, 9 തിയ്യതികളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽവെച്ച് പരിഷത്തിന്റെ പതിനൊന്നാം വാർഷികം നടന്നു. 'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' എന്ന മുദ്രാവാക്യം അംഗീകരിച്ചത് ഈ വർഷത്തിലാണ്. വാർഷികത്തിന്റെ ഭാഗമായി ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന വിഷയം കൈകാര്യം ചെയ്തുകൊണ്ടുള്ള ഒരു അഖിലേന്ത്യാ ശാസ്ത്രസമ്മേളനം നടത്തിയിരുന്നു. ആ സമ്മേളനത്തിൽ ഡോ. ശാരദാ സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന പ്രബന്ധം കെ. ആർ. ഭട്ടാചാര്യ (പ്രസിഡന്റ് CSIRWA, CFTRI സെന്റർ) അവതരിപ്പിച്ചു. പി. എസ്. അപ്പറാവു (ഡയറക്ടർ, തെലുഗു അക്കാദമി), എം. എൻ. ഗോഗ്‌ഡെ (മറാഠി), പി. ദേവറാവു (കന്നട), കെ. വീരഭദ്രറാവു (തെലുങ്ക്), എൻ. വി. കൃഷ്ണവാര്യർ, ഈ. രാ. ഗണേശൻ (തമിഴ്), എം. പി. നാരായണപിള്ള (ചീഫ് സിവിൽ എഞ്ചിനീയർ FACT) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അതിനോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സുവനീറിലെ ഏതാനും വരികൾ.

ശാസ്ത്രസാഹിത്യ പരിഷത്ത് പതിനൊന്നാമതൊരു കാലടികൂടി മുന്നോട്ടു വെച്ചിരിക്കുന്നു. പരിഷത്തിന്റെ പേശികൾ ദൃഢതയാർന്നിരിക്കുന്നു. കഴിഞ്ഞ കാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒരോർമക്കുറിപ്പായി, വരും കാല പ്രവർത്തനത്തിനുള്ള ഒരു രൂപരേഖയായി. ഞങ്ങളീ സുവനീർ കാഴ്ചവെക്കുന്നു. ദുഷിച്ച സാമൂഹ്യ നീതികളുടെ മാറാലക്കെട്ടുകൾക്കുള്ളിൽ സ്ഥാപിത താൽപര്യങ്ങളുടെ കന്മതിൽ കെട്ടുകൾക്കുള്ളിൽ  ബന്ധനസ്ഥനായ  ശാസ്ത്രത്തെ സാധാരണക്കാരന്റേതാക്കുക; ഇതാണ്, ആയിരുന്നു, എന്നും പരിഷത്തിന്റെ ലക്ഷ്യം, കരുത്ത്, കൂടുതൽ കരുത്ത്, ഒരു കൊടുങ്കാറ്റുപോലെ മുന്നോട്ട്.

'ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന്' അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യമായ ചില ധാരണകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് എല്ലാ പരിഷത്ത് പ്രവർത്തനങ്ങളുടേയും മാറ്റുരക്കല്ലായി വർത്തിക്കുന്നത് ഈ മുദ്രാവാക്യമാണ്. എങ്ങനെയാണ് പരിഷത്ത് ഈ മുദ്രാവാക്യത്തിൽ എത്തിയത്? എന്നാണതിൽ എത്തിയത്? എന്തർഥമാണ് സാമൂഹ്യ വിപ്ലവത്തിന് നാം നൽകിയത്? അതിൽ ശാസ്ത്രം എന്തു പങ്കുവഹിക്കും എന്നാണ് നാം കരുതിയത്? ശാസ്ത്രത്തിന്റെ സാമൂഹ്യ പ്രസക്തിയെക്കുറിച്ച് ആദ്യകാലത്തു തന്നെ സംഘടന മനസ്സിലാക്കിയിരുന്നു. 1968-ൽ ചേർന്ന അഞ്ചാം വാർഷിക സമ്മേളനത്തിൽ ശാസ്ത്ര പ്രചാരണം സംഘടനയുടെ മുഖ്യ കടമയായി അംഗീകരിച്ചു. 1969-ൽ ചേർന്ന ആറാം സമ്മേളനം ഒരു പടികൂടി മുന്നോട്ടു പോയി. ശാസ്ത്രം ജനമധ്യത്തിലേക്ക് എന്ന മുദ്രാവാക്യം അംഗീകരിച്ചു. അതിന്റെ പ്രതീകാത്മകമായ പ്രസ്ഫുരണമായിരുന്നു ഏഴാം സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും രാജേന്ദ്ര മൈതാനിയിലേക്കു നീങ്ങിയ ശാസ്ത്രജാഥയും 'രസതന്ത്രം നിത്യജീവിതത്തിൽ' എന്ന വിഷയത്തെപ്പറ്റി രണ്ടു മണിക്കൂർ നീണ്ടുനിന്ന പ്രൊഫ. പി. വി. അപ്പുവിന്റെ പ്രസംഗവും. പരിഷത്തിന് ആശയവ്യക്തത വരുത്തുന്ന കാര്യത്തിൽ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒട്ടനവധി ശാസ്ത്രകാരന്മാരുടേയും സാമൂഹ്യ ശാസ്ത്രജ്ഞരുടേയും കാഴ്ചപ്പാടുകൾ സഹായിച്ചിട്ടുണ്ട്. എന്താണ് ശാസ്ത്രബോധം, എന്താണ് ശാസ്ത്രവും സമൂഹവും തമ്മിലുള്ള ബന്ധം എന്നീ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താൻ ജെ. ഡി. ബർണാലിന്റെ 'ശാസ്ത്രം ചരിത്രത്തിൽ' (Science in history) എന്ന ഗ്രന്ഥവും ഏംഗൽസിന്റെ 'വാനരനിൽ നിന്ന് നരനിലേക്കുള്ള പരിവർത്തനത്തിൽ അധ്വാനത്തിന്റെ പങ്ക്' എന്ന ലഘുലേഖയും പരിഷത്തിനെ സഹായിച്ചിട്ടുണ്ട്. ഗോർഡൻ ചൈൽഡിന്റെ 'സമൂഹവും അറിവും' എന്ന പുസ്തകവും പരിഷത്തിന് ആശയവ്യക്തത കൈവരിക്കാൻ സഹായിച്ച ഒന്നാണ്.

ശാസ്ത്രത്തിന്റെ സാമൂഹ്യ ബന്ധങ്ങളെക്കുറിച്ച് പഠിക്കുന്നതിന് 1930-കളിൽ തന്നെ ലണ്ടൻ കേന്ദ്രമാക്കി ശാസ്ത്രകാരന്മാരുടെ ഒരു ഗ്രൂപ്പ് പ്രവർത്തിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ലോക സമ്പദ്ഘടനയിലുണ്ടായ വ്യതിയാനങ്ങൾ, മുതലാളിത്ത നാടുകളിലെ സാമ്പത്തിക തകർച്ച, (1929 - '33) ജർമനിയിലെ നാസികളുടെ വളർച്ച ഇതൊക്കെ ഈ ഗ്രൂപ്പിന്റെ ചർച്ചാ വിഷയങ്ങളായിരുന്നു. ഇതേ സമയം തന്നെ സോഷ്യലിസ്റ്റ് നാടുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ക്രമ പ്രവൃദ്ധമായ പുരോഗതിയും അവർ മനസ്സിലാക്കിയിരുന്നു. ശാസ്ത്രസാങ്കേതിക വിദ്യയുടെ അനന്തസാധ്യതകൾ മനുഷ്യപുരോഗതിക്കുവേണ്ടി ഉപയോഗിക്കാൻ കഴിയുമെന്ന് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലൂടെ അവർ മനസ്സിലാക്കി. സോഷ്യലിസത്തോടുള്ള തങ്ങളുടെ പക്ഷപാതിത്തം അവർ തുറന്നുപറഞ്ഞു. 1939-ൽ പ്രസിദ്ധീകരിച്ച ബർണാലിന്റെ 'ശാസ്ത്രത്തിന്റെ സാമൂഹ്യധർമം' എന്ന കൃതി ഇതിനൊരു നാഴികക്കല്ലായി തീർന്നു.

മുദ്രാവാക്യം
വിവിധ രംഗങ്ങളിലെ പ്രവർത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹ അവസ്ഥയെ താഴെ പറയും പ്രകാരം സംഗ്രഹിക്കാൻ സംഘടന ശ്രമിച്ചതായി കാണാം.
1.തുടരന്നുകൊണ്ടിരിക്കുന്ന, രൂക്ഷമായിക്കൊണ്ടിരിക്കുന്ന ദാരിദ്ര്യം.
2.പ്രകടമായ ധനിക-ദരിദ്രവൽക്കരണം-സാമ്പത്തിക ധ്രുവീകരണം.
3.ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ നിരന്തരമായ വികാസമുണ്ടായിട്ടും ഉത്പാദനശക്തികളെ വികസിപ്പിക്കുന്നതിൽ നേരിട്ടിട്ടുള്ള പരാജയം.
4.വിജ്ഞാനത്തിന്റെയും സാങ്കേതിക വിദ്യയുടേയും കാര്യത്തിലുള്ള അതിരുകടന്ന വിദേശ ആശ്രയം.
സമൂഹത്തെ ഭാഷയുടെ, മതത്തിന്റെ, തൊഴിലിന്റെയൊക്കെ അടിസ്ഥാനത്തിൽ വിഭജിക്കാറുണ്ട്. അതുപോലെ ദാരിദ്ര്യരേഖക്കു മുകളിലുള്ളവർ - താഴെയുള്ളവർ എന്നും വിഭജിക്കാറുണ്ട്. ഇന്നലെവരെ ദാരിദ്ര്യരേഖക്കു മുകളിലായിരുന്ന പലരും ഇന്ന് താഴെയാകുന്നുണ്ട്. നമ്മുടെ സമൂഹം തുടർച്ചയായി ദരിദ്രവൽക്കരണ പ്രക്രിയക്കു വിധേയമായിക്കൊണ്ടിരിക്കുന്നു. ഇതേസമയം ഈ ബഹുഭൂരിപക്ഷത്തിന്റെ ചെലവിൽ ഒരു ചെറു ന്യൂനപക്ഷം തുടർച്ചയായി ധനികവൽക്കരിക്കപ്പെടുന്നു. അവരുടെ നിയന്ത്രണത്തിലാണ് ഉത്പാദന പ്രക്രിയകൾ. ഭരണസംവിധാനവും അവരുടെ കൈകളിൽ തന്നെ. സ്ഥിതിഗതികൾ ഇങ്ങനെയായിരിക്കെ ശാസ്ത്രവും അവരെയാണ് സേവിക്കുക, അവർക്കാണ് ഉപകരിക്കുക - സാമൂഹ്യ വിപ്ലവമെന്നാൽ ഈ അവസ്ഥ, ഇതിനു കളമൊരുക്കുന്ന വ്യവസ്ഥ മാറ്റലാണ്. ദരിദ്രവൽക്കരണ ധനികവൽക്കരണ പ്രക്രിയയെ കീഴ്‌മേൽ മറിക്കലാണ്.
ഈ സാഹചര്യത്തിൽ രൂപം കൊള്ളുന്ന ജനോന്മുഖ പ്രസ്ഥാനങ്ങൾ 'മനുഷ്യസ്‌നേഹപരം', 'ദേശീയം', 'വിപ്ലവാത്മകം' എന്നിങ്ങനെ പരസ്പരം കൂടി ചേർന്നു കിടക്കുന്ന മൂന്നു പ്രവണതകൾ പ്രകടിപ്പിച്ചെന്നു വരാം. ജനങ്ങളുടെ അടുത്തേക്കു  ചെന്ന്  അവരുടെ ഭൗതികാവശ്യങ്ങളെന്തെന്നറിയുക, വലിയൊരു വിഭാഗം ജനങ്ങളുടെ കഴിവിനിണങ്ങും വിധം പ്രസ്തുത ആവശ്യം നിറവേറ്റാൻ കഴിയത്തക്കവണ്ണം  ശാസ്ത്രസാങ്കേതിക  വിജ്ഞാനം പ്രയോജനപ്പെടുത്തുക, സമുചിതമായ സാങ്കേതിക വിദ്യകൾ ആവിഷ്‌കരിച്ച് ജനങ്ങളുടെ പുരോഗതിക്കുവേണ്ടി ഉപയോഗിക്കുക, ടെക്‌നോളജിയെ രാഷ്ട്രീയ സമരത്തിനുള്ള ഒരായുധമാക്കി മാറ്റുക; എന്നതൊക്കെ ഈ മുദ്രാവാക്യത്തിന്റെ പ്രചോദന ഘടകങ്ങളാണ്.
സാമൂഹ്യ വിപ്ലവം സൃഷ്ടിക്കുന്നതിന് ജനങ്ങളെ പ്രാപ്തരാക്കുന്നതിൽ ശാസ്ത്രത്തിന്റെ പങ്ക് നിർണായകമാണെന്ന് പരിഷത്ത് കരുതുന്നു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും കാണുന്ന താളപ്പിഴകൾക്കും ബഹുഭൂരിപക്ഷത്തിന്റെ പുരോഗതിക്കു വിലങ്ങുകൾ തീർക്കുന്ന മാമൂലുകൾക്കും വിധി വിശ്വാസങ്ങൾക്കുമെതിരെയുള്ള സമരത്തിൽ അവർക്കായുധമാകുവാനും അനുദിനം ദരിദ്രവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഭൂരിപക്ഷത്തിന്റെ ഭാഗത്തുനിന്നുകൊണ്ട് സാമൂഹ്യപുരോഗതി കൈവരിക്കുക എന്നതാണ് ഈ മുദ്രാവാക്യം കൊണ്ട് പരിഷത്ത് ഉദ്ദേശിക്കുന്നത്.

11-ാം വാർഷികം പുതിയ പ്രസിഡന്റായി ഡോ. സി. കെ. രാമചന്ദ്രനേയും സെക്രട്ടറിയായി വി. എം. എൻ. നമ്പൂതിരിപ്പാടിനേയും തെരഞ്ഞെടുത്തു. സ്‌കൂളുകളിൽ 1000 സയൻസ് ക്ലബ്ബുകൾ സംഘടിപ്പിക്കുന്നതിന് സ്‌കൂൾ ലെയ്‌സൺ കമ്മറ്റികൾ ഉണ്ടാക്കി. ശാസ്ത്രഗതി മാസികയാക്കി പ്രസിദ്ധീകരിക്കുന്നതിനുള്ള തീരുമാനവും അന്നാണെടുത്തത്. അതനുസരിച്ച് 74 ജൂൺ ലക്കം മുതൽ ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങി. യു. പി. സ്‌കൂളുകളിൽ 5, 6, 7 ക്ലാസുകളിലെ വിദ്യാർഥികൾക്കായുള്ള യുറീക്ക വിജ്ഞാന പരീക്ഷ ഒരു പൈലറ്റ് പ്രൊജക്ടായി ഈ വർഷം തൃശ്ശൂർ ജില്ലയിൽ നടത്തി. പരിഷത്തിന്റെ 12-ാം വാർഷികം 1974 ഡിസംബർ 14, 15, തിയ്യതികളിൽ എറണാകുളത്ത് ഭാരതീയ വിദ്യാഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷിച്ചു. പ്രൊഫ. ഏ. ജി. ജി. മേനോനെ പ്രസിഡന്റായും സി. ജി. ശാന്തകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1969-ലും 1970-ലുമായി പ്രസിദ്ധീകരിച്ചിരുന്ന ശാസ്ത്രകേരളവും യുറീക്കയും കുട്ടികളുടെ മനസ്സിൽ ശാസ്ത്രത്തെക്കുറിച്ചും ശാസ്ത്രരീതിയെക്കുറിച്ചും ഒരു പുത്തനുണർവ് ഉണ്ടാക്കി. ഇത് സ്‌കൂൾ തലത്തിൽ ഇടപെടുന്നതിന് പരിഷത്തിന് വഴിയൊരുക്കി. സ്‌കൂൾ വിദ്യാഭ്യാസനിലവാരം ഉയർത്തിക്കൊണ്ടുവരിക എന്ന ഉദ്ദേശ്യം പരിഷത്തിനുണ്ടായിരുന്നു. അധ്യാപകരുടെ സഹായത്തോടെ വിദ്യാലയങ്ങളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇടപെടാൻ പരിഷത്ത് തീരുമാനിച്ചു. സ്‌കൂൾ സയൻസ് ക്ലബ്ബുകൾ സജീവമാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും 1974-ൽ പരിഷത്തിന് ഇതുവഴി സാധിച്ചു. സയൻസ് ക്ലബ്ബുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും ശാസ്ത്ര പ്രദർശനങ്ങൾ നടത്തുന്നതിനും ജില്ലാടിസ്ഥാനത്തിൽ രൂപികരിക്കപ്പെട്ട സ്‌കൂൾ ലെയ്‌സൺ കമ്മിറ്റികളുടെ പ്രവർത്തനഫലമായി പരിഷത്തിന് കഴിഞ്ഞു. രണ്ടു വർഷങ്ങൾക്കകം 1500 സയൻസ് ക്ലബ്ബുകളുണ്ടായി. ഇവയെല്ലാം പരിഷത്തിൽ അഫിലിയേറ്റ് ചെയ്തിരുന്നു. ഗവൺമെന്റ് നൽകിയ സയൻസ് കിറ്റും മറ്റുപകരണങ്ങളും സ്‌കൂളുകൾ പ്രയോജനപ്പെടുത്തുന്നതിനും ഈ പ്രവർത്തനം സഹായിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ അധ്യാപകരുമായി സഹകരിച്ച് ശാസ്ത്രപ്രദർശനങ്ങൾ ഒരുക്കുവാനും പരിഷത്തിനു കഴിഞ്ഞു. പിന്നീട് 1976 മുതൽ ഇത് വിദ്യാഭ്യാസ വകുപ്പ് നേരിട്ടുതന്നെയാണ് നടത്തിവരുന്നത്. സ്‌കൂൾ തലങ്ങളിൽ നൽകിവരുന്ന ശാസ്ത്രവിജ്ഞാനം വളരെ പരിമിതമായിരുന്നു. ശാസ്ത്രവിഷയങ്ങളിൽ കൂടുതൽ താൽപര്യം കുട്ടികളിൽ വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് പരിഷത്തിനു ബോധ്യമായി. അതിന് നിലവിലുള്ളതിൽ നിന്നും വ്യത്യസ്തമായ സമീപനം ആവശ്യവുമാണ്. എങ്കിലേ കുട്ടികളിൽ ശാസ്ത്രാഭിരുചി വർധിക്കുകയുള്ളൂ എന്നും ശാസ്ത്രീയമായി കാര്യങ്ങളെ സമീപിക്കാൻ കഴിയൂ എന്നും മനസ്സിലായി. ശാസ്ത്രവിജ്ഞാന സമ്പാദന പ്രക്രിയയിൽ ആരോഗ്യകരമായ മത്സരം വളർത്തുന്നതിന് ഒരു പരീക്ഷാ സമ്പ്രദായം രൂപപ്പെടുത്തുന്നതിന് തീരുമാനിച്ചു. അതിന്റെ മുന്നോടിയായി 1974-ൽ ഒരു പൈലറ്റ് പ്രൊജക്റ്റ് എന്ന നിലക്ക് യു. പി. സ്‌കൂൾ വിദ്യാർഥികൾക്കായി തൃശ്ശൂർ ജില്ലയിൽ യുറീക്കാ വിജ്ഞാന പരീക്ഷ നടത്തി. സംസ്ഥാനവ്യാപകമായി വിജ്ഞാനപരീക്ഷ നടത്തുവാൻ ആവേശം നൽകുന്നതായിരുന്നു തൃശൂർ ജില്ലയിൽ നടത്തിയ പൈലറ്റ് പ്രൊജക്ടിന്റെ അനുഭവം. 1975 മുതൽ യുറിക്കാ വിജ്ഞാന പരീക്ഷ സംസ്ഥാന വ്യാപകമാക്കുകയും ചെയ്തു. ഇതിന്റെ ഫലമായി യുറീക്കയുടെ പ്രചാരം വർധിക്കുകയും അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർക്കിടയിൽ ഉണ്ടായിരുന്ന സ്വാധീനം കൂടുകയും ചെയ്തു. സ്‌കൂൾ തലങ്ങളിൽ നിന്നും ലഭിച്ച അനുഭവം കോളേജ് തലത്തിൽ പരീക്ഷിക്കുവാൻ പ്രേരിപ്പിച്ചു. 1974-ൽ ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. 1966-ൽ ത്രൈമാസികയായി ആരംഭിച്ച ശാസ്ത്രഗതി 1970-ൽ ദ്വൈമാസികയാക്കുകയാണ് ചെയ്തിരുന്നത്. ശാസ്ത്രഗതി മാസികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയതോടെ കോളേജുകളിൽ ശാസ്ത്രഗതി സയൻസ് ഫോറങ്ങൾ രൂപീകരിക്കാൻ ശ്രമിച്ചു. അതോടൊപ്പം വിജ്ഞാന പരീക്ഷ കോളേജ് തലങ്ങളിൽ പരീക്ഷിച്ചു നോക്കാനും തീരുമാനിച്ചു. 1975 ഡിസംബറിൽ ആദ്യത്തെ ശാസ്ത്രഗതി വിജ്ഞാന പരീക്ഷ നടത്തി. ചോദ്യങ്ങൾ സയൻസ് ഫോറങ്ങൾ വഴി നൽകുകയും അവക്കുള്ള ഉത്തരങ്ങൾ ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. ഈ പുത്തൻ വിജ്ഞാന പരീക്ഷാ സമ്പ്രദായം വിജ്ഞാന ശേഖരണത്തിനുള്ള ശക്തമായ പ്രചോദനമായി വിദ്യാർഥികൾക്ക് അനുഭവപ്പെട്ടു. ഈ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടുന്ന കോളേജിന് ജേക്കബ് മണപ്പാട് റോളിങ് ട്രോഫി സമ്മാനമായി നൽകി. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥിയായിരുന്ന ജേക്കബ് മണപ്പാടിന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ് പ്രസ്തുത ട്രോഫി. 1976-ലെ 13-ാം വാർഷിക സ്മരണികയിൽ ശാസ്ത്രഗതി വിജ്ഞാനപരീക്ഷയെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്. ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിജ്ഞാന പരീക്ഷ അതിന്റെ ഉള്ളടക്കം കൊണ്ടും ശൈലികൊണ്ടും പുതുമ നിറഞ്ഞതായിരുന്നു. ഏതു പുസ്തകം നോക്കിയും ആരോടു ചോദിച്ചറിഞ്ഞും ഒരു മാസം കൊണ്ട് ഉത്തരം എഴുതാവുന്ന പരീക്ഷ വിദ്യാർഥികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. പക്ഷേ അതത്ര എളുപ്പത്തിൽ സൊല്ലയൊഴിയാവുന്ന ഒന്നായിരുന്നു എന്നു ധരിക്കരുത്. വിജ്ഞാന പരീക്ഷക്ക് ഉത്തരമെഴുതുന്നതു തന്നെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ശാസ്ത്രാന്വേഷണ പ്രോജക്റ്റാവുന്ന നിലയിലാണ് ഇതിന്റെ ചോദ്യങ്ങൾ തയ്യാറാക്കിയിരുന്നത്. പരിഷത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒരംഗീകാരമെന്ന നിലക്ക് കോഴിക്കോട് കോർപ്പറേഷൻ 32 സെന്റ് സ്ഥലം 1974 ഫെബ്രുവരി 2ന് പരിഷത്തിനു അനുവദിച്ചു. പരിഷത്തിന്റെ മൂന്നു മേഖലാ സമ്മേളനങ്ങൾ ആയിരുന്നു 1974 വർഷത്തെ ഒരു പുതുമ. മാർച്ച് 17ന് കോഴിക്കോട് ഉത്തരമേഖലാ കൺവെൻഷനും ഏപ്രിൽ 13ന് എറണാകുളത്ത് മധ്യമേഖലാ കൺവെൻഷനും സംപ്തംബർ 29ന് തിരുവനന്തപുരത്തുവെച്ച് ദക്ഷിണമേഖലാ കൺവെൻഷനും നടന്നു. സ്റ്റുഡന്റ്‌സ് സെന്ററിൽ ചേർന്ന ദക്ഷിണമേഖലാ യോഗം മൂർത്തമായ ചില പ്രവർത്തന പരിപാടികൾ പ്ലാൻ ചെയ്തു. 1974 ഡിസംബർ 14, 15 തീയതികളിൽ എറണാകുളത്ത് ചേർന്ന 12-ാം വാർഷിക സമ്മേളനം ഭാവി പ്രവർത്തനങ്ങൽക്ക് ഒരു രൂപരേഖയുണ്ടാക്കി. ഈ സമ്മേളനത്തിന്റെ ഭാഗമായി കാർഷിക സമ്മേളനവും വൈദ്യശാസ്ത്ര സമ്മേളനവും പൊതുസമ്മേളനവും ഉണ്ടായിരുന്നു. ഭരണഭാഷ മാതൃഭാഷയാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം അംഗീകരിക്കുകയും അതിനായി ചില പ്രചാരണ പ്രക്ഷോഭ പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. കേരള പിറവി ദിനമായ നവംബർ ഒന്നിന് (1975) തിരുവനന്തപുരത്ത് എത്തുന്ന വിധം കണ്ണൂരിൽ നിന്നും പുറപ്പെടുന്ന റിലെ ജാഥ ഒരു ലക്ഷം പേരുടെ ഒപ്പു ശേഖരിച്ച് സർക്കാരിന് സമർപിക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ ആദ്യത്തെ ഭരണ ഭാഷാ കൺവെൻഷൻ നടന്നു. ഈ ഘട്ടത്തിലാണ് സർക്കാരിന്റെ എല്ലാ വകുപ്പുകളിലും എല്ലാ തലങ്ങളിലും മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കുലർ (നമ്പർ 145/75 പ. വ, ജൂലൈ 1975) പുറപ്പെടുവിച്ചത്. 1975 സെപ്തംബർ 14ന് ഷൊർണൂർ വെച്ചു നടത്തിയ നിർവാഹകസമിതി സർക്കാരിന്റെ ഈദൃശ നടപടിയെ അഭിനന്ദിക്കുകയും എത്രയും വേഗം അത് നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ടുള്ള ഒരു പ്രമേയം അംഗീകരിച്ചു. സർക്കാരിന്റെ ഉത്തരവ് ഏട്ടിലെ പശുവിനെപ്പോലെയാവുകയാണ് ഉണ്ടായത്. വാർഷിക പൊതുയോഗം സമാഗതമായിരിക്കയാൽ, ഭരണഭാഷ മാതൃഭാഷയാക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ മുൻ സമ്മേളനമംഗീകരിച്ചിരുന്ന പ്രചാരണ - പ്രക്ഷോഭ പരിപാടികൾ തത്ക്കാലം നിർത്തിവെക്കുകയും ചെയ്തു. സംഘടനയുടെ ചരിത്രത്തിൽ സുപ്രധാനമായൊരു വഴിത്തിരിവായിരുന്നു 1975 മെയ് 9, 10, 11 തീയതികളിൽ പീച്ചിയിൽ വെച്ചു നടന്ന പ്രഥമ പ്രവർത്തക ക്യാമ്പ്. ഇത് പരിഷത്തിന്റെ ദർശനത്തെക്കുറിച്ച് ആഴത്തിലുള്ള ചർച്ചക്ക് തുടക്കം കുറിച്ചു. നമ്മുടെ പ്രവർത്തനങ്ങൾക്ക് സാമൂഹികവും ഔദ്യോഗികവുമായിട്ടുള്ള കെട്ടുപാടുകൾ നിലനിൽക്കുന്നുണ്ടെന്നു വിലയിരുത്തുകയും ബഹുജന സമ്പർക്ക പരിപാടികളിൽ ശൈലീമാറ്റം അനിവാര്യമാണെന്നു തീരുമാനിക്കുകയും ചെയ്തു. അതിന് സാമൂഹ്യ സാമ്പത്തിക ജീവിതത്തെക്കുറിച്ചുള്ള സുസൂക്ഷ്മമായ പഠനം അനിവാര്യമാണെന്ന് പരിഷത്ത് സംഘടനക്ക് ബോധ്യമായി. തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹുജന വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസരംഗത്തെ പ്രവർത്തനത്തിനും ഊന്നൽ നൽകണം എന്നു തീരുമാനിച്ചു. സംഘടനയുടെ പ്രവർത്തന വൈപുല്യത്തിനും ശൈലീമാറ്റത്തിനും തുടക്കമിട്ടത് പീച്ചി ക്യാമ്പായിരുന്നു.

പീച്ചി ക്യാമ്പ്
20-ാം വാർഷിക സുവനീറിൽ പീച്ചി ക്യാമ്പിനെക്കുറിച്ച് വിലയിരുത്തിയിരിക്കുന്നത് ഇങ്ങനെയാണ്. പരിഷത്ത് ഏറ്റെടുക്കുമ്പോൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഒന്നോ രണ്ടോ നേതാക്കളെക്കൊണ്ടു മാത്രം ആസൂത്രണം ചെയ്യാനോ കൊണ്ടു നടക്കാനോ പറ്റാത്തതായിരുന്നു. ഫലപ്രദമായ ഒരു കൂട്ടുനേതൃത്വം അത്യാവശ്യമായി വന്നു. പരസ്പരം മനസ്സിലാക്കുന്ന, ഒരേ കാഴ്ചപ്പാടോടു കൂടിയ ഒരു കൂട്ടുനേതൃത്വം രൂപീകരിക്കാനായിരുന്നു 1975-ൽ പീച്ചിയിൽ വെച്ചു നടന്ന ക്യാമ്പ്. ഔദ്യോഗിക ഭാരവാഹികളെന്നതിനേക്കാൾ ഏറെ പരിഷത്തിന്റെ നല്ല പ്രവർത്തകരായ 80 ഓളം പേരെ സംഘടിപ്പിച്ച ഒരു സഹജീവിതമായിരുന്നു അത്. പരിഷത്ത് പ്രവർത്തകർ ഇന്നും സന്തോഷത്തോടെ അയവിറക്കുന്ന ഒരു അനുഭവം! ഉള്ളുതുറന്ന ചർച്ച, എല്ലാം മറന്ന ചർച്ച, ഇരവുപകലുകൾ വേർതിരിയാത്ത ചർച്ച. ശരിക്കും ഒരു പരിഷത്ത് കുടുംബം ഉടലെടുക്കുകയായിരുന്നു.  പരിഷത്തിന്റെ  പിൽക്കാല പ്രവർത്തനങ്ങൾക്കെല്ലാം നട്ടെല്ലായി വർത്തിച്ച ആ പരസ്പര സൗഹൃദവും വിശ്വാസവും ബഹുമാനവും വളർത്തിയെടുത്തത് അന്നായിരുന്നു.

കുട്ടികൾക്കായുള്ള ശാസ്ത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നും അതിന് പരിഷത്ത് നേരിട്ട് പ്രസിദ്ധീകരണ രംഗത്തിറങ്ങണമെന്നും തീരുമാനിച്ചു. 1976 ജനുവരി ശാസ്ത്രമാസമായി ആചരിക്കാനും അതിന്റെ ഭാഗമായി 'പ്രകൃതി സമൂഹം ശാസ്ത്രം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി 3000 ക്ലാസുകൾ സംഘടിപ്പിക്കണമെന്നും തീരുമാനം എടുത്തത് പീച്ചി ക്യാമ്പിനെ ഏറെ ശ്രദ്ധേയമാക്കുന്നു. മാത്രവുമല്ല പഞ്ചായത്തുകൾ തോറും ഗ്രാമ ശാസ്ത്രസമിതികൾ രൂപീകരിക്കാനുള്ള പ്രവർത്തനമാരംഭിക്കാൻ ലക്ഷ്യമിട്ടതും ഈ ക്യാമ്പിന്റെ പ്രാധാന്യം വിളിച്ചോതുന്നു. ശാസ്ത്രപ്രസ്ഥാനം ഇങ്ങനെ ജനകീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നതിൽ അഭിപ്രായവ്യത്യാസമുള്ളവരും ഈ ക്യാമ്പിലുണ്ടായിരുന്നു. ചില പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിനു പരിഷത്തിന്റെ ജനകീയവൽക്കരണം കാരണമായിട്ടുണ്ട്. 1973 ജനുവരി ഒന്നു മുതൽ ഏഴു വരെ നടത്തിയ ശാസ്ത്രവാര ക്ലാസ്സിന്റെ അനുഭവമാണ് 1976 ജനുവരിയിൽ 3000 ക്ലാസ്സുകൾ നടത്തി ശാസ്ത്രമാസമായി ആചരിക്കാൻ പരിഷത്തിന് ആത്മവിശ്വാസം നൽകിയത്. ഈ ക്ലാസുകൾ പരിഷത്തിന്റെ പ്രത്യയശാസ്ത്രപരമായ വളർച്ചയിൽ ഒരു നാഴികക്കല്ലായിരുന്നു എന്നു തന്നെ പറയാം. ശാസ്ത്രത്തിന്റെ വളർച്ചയേയും ചരിത്രത്തിന്റെ ദർശനത്തേയും കുറിച്ചുള്ള കാഴ്ചപ്പാടിനു കുറെക്കൂടി വ്യക്തത വരുത്താൻ ഈ ക്ലാസുകൾ സഹായകമായി. ശാസ്ത്രത്തിന്റെ പ്രചരണത്തിന് ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ലാസ്സെന്ന പുത്തൻശൈലി വളരെയേറെ ഫലപ്രദമാണെന്നു അനുഭവം നമ്മെ പഠിപ്പിച്ചു. ഒരു ശാസ്ത്ര സംഘടന എന്ന നിലയിൽ നിന്ന് ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമെന്ന നിലയിലേക്കുള്ള പരിഷത്തിന്റെ വളർച്ചക്ക് ഈ ക്ലാസ്സുകൾ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. പരിഷത്തിനു കൂടുതൽ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിന് ഈ ക്ലാസുകൾ ഒരു ഉപാധിയായിട്ടുമുണ്ട്. പരിഷത്ത് ഇന്നത്തെ പരിഷത്തായതും, സജീവ പ്രവർത്തകരിൽ നല്ലൊരു ശതമാനം പരിഷത്തിൽ വന്നതും ഈ ക്ലാസുകളിലൂടെയാണ്.

പ്രകൃതി, സമൂഹം, ശാസ്ത്രം
1976-ലെ വാർഷിക സ്മരണികയിൽ ഈ ക്ലാസുകളെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്: പരിഷത്തിന്റെ ഇക്കൊല്ലത്തെ ഏറ്റവും തീവ്രമായ ബഹുജന സമ്പർക്ക പരിപാടി ജനുവരിയിലെ ശാസ്ത്രമാസമായിരുന്നു. ഇത്രയും വലിയൊരു പ്രൊജക്റ്റ് ഇതിനുമുമ്പ് ഏറ്റെടുത്തിട്ടില്ല എന്നുതന്നെ പറയാം. രണ്ടുനിലയിൽ ഇതൊരു 'ടെസ്റ്റായി' കലാശിച്ചു. ജനങ്ങൾക്ക് ഇത്തരം ക്ലാസുകൾ ആവശ്യമുണ്ടോ എന്നു പരിശോധിക്കൽ. രണ്ടാമതായി പരിഷത്ത് സംഘടനയുടെ കെട്ടുറപ്പും ശൈലിയും വിലയിരുത്തൽ. രണ്ടു പരീക്ഷയിലും നാം വിജയിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ഈ ക്ലാസുകൾ ആവശ്യമുണ്ട്; ആവശ്യമുള്ളതു കൊടുക്കാൻ പരിഷത്തിനു കഴിഞ്ഞിട്ടുമുണ്ട്. ശാസ്ത്രക്ലാസുകളുടെ ആവശ്യം മനസ്സിലാക്കാൻ കഴിഞ്ഞ സംഘടനകളും ഗ്രന്ഥശാലാ പ്രസ്ഥാനവും വിദ്യാഭ്യാസ വകുപ്പും പത്രങ്ങളും ഇക്കാര്യത്തിൽ പരിഷത്ത് പ്രവർത്തകരെ നന്നായി സഹായിച്ചു. ഇതുകൊണ്ടൊക്കെ ഫലമുണ്ടായി. അവസാനം കണക്കു നോക്കിയപ്പോൾ 3000 ക്ലാസുകൾ അല്ല, 12000 ക്ലാസുകൾ ആണ് നടന്നിരിക്കുന്നത്.

പീച്ചി ക്യാമ്പിലെ മറ്റൊരു തീരുമാനമായിരുന്നു 300 പഞ്ചായത്തുകളിലെങ്കിലും ഗ്രാമശാസ്ത്ര സമിതികൾ രൂപീകരിക്കണമെന്നത്. ശാസ്ത്രത്തെ സാധാരണക്കാരിലേക്ക് ഇറക്കിക്കൊണ്ടുവരണമെന്ന പരിഷത്തിന്റെ ലക്ഷ്യം സാർഥകമാക്കുകയാണ് ഇതുവഴി ചെയ്തത്. നാടിന്റെ ഭൗതിക സാഹചര്യം, ആവശ്യങ്ങൾ എന്നിവ മനസ്സിലാക്കുക; വികസനത്തിന്റെ പ്രശ്‌നങ്ങളെ ജനജീവിതവുമായി ബന്ധപ്പെടുത്തുക എന്നിവയാണ് ഇതുവഴി നാം ഉദ്ദേശിച്ചത്. അതിനായി ക്ഷേമപ്രവർത്തനങ്ങൾ, ബഹുജന വിദ്യാഭ്യാസം, ഗ്രാമീണ സർവെ എന്നിവ ആവശ്യമാണ്. ഇതിന് ഗ്രാമവാസികളുടെ ശാസ്ത്രീയവും സാങ്കേതികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി പഠിക്കുകയും അവക്ക് ശാസ്ത്രീയമായ പോംവഴി നിർദേശിക്കുകയും വേണം. ഗ്രാമീണരുടെ തികച്ചും സ്വതന്ത്രമായ സമിതി എന്നായിരുന്നു ഗ്രാമശാസ്ത്ര സമിതിയെക്കുറിച്ചുള്ള പരിഷത്തിന്റെ സങ്കൽപം. മറ്റൊരർഥത്തിൽ നാട്ടുകാരുടെ ഒരു സയൻസ് ക്ലബ്ബ്. ക്രമേണ ഗ്രാമതല വികസന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന അനൗദ്യോഗിക ഗ്രാമവികസന സമിതികൾ ആയി മാറണം എന്നതായിരുന്നു നമ്മുടെ കാഴ്ചപ്പാട്. അതിന് ഗ്രാമത്തിലെ എല്ലാ മേഖലകളിലും പെട്ടവരുടെ ഒരു നേതൃമണ്ഡലം ഈ സമിതികൾക്ക് ഉണ്ടാവണം. 1976 ജനുവരിയിൽ നടന്ന ശാസ്ത്രക്ലാസുകളുടെ ഭാഗമായി സമിതികളുടെ പ്രവർത്തനത്തിന് ഗതിവേഗം കൂടി. ക്ലാസുകൾ, ചർച്ചകൾ, ശാസ്ത്രസായാഹ്നങ്ങൾ, ഫിലിം പ്രദർശനം എന്നിവയും സമിതികളുടെ രൂപീകരണത്തിനായി നടത്തി. ഒരു ലഘുലേഖയും തയ്യാറാക്കി. സമിതികളുടെ പ്രവർത്തനത്തിന് ഔദ്യോഗികവും അനൗദ്യോഗികവും ആയ എല്ലാ കേന്ദ്രങ്ങളുടെയും സഹായം ആവശ്യമാണ്. പഞ്ചായത്ത്, ഗ്രന്ഥശാലകൾ, മഹിളാ സംഘടനകൾ, തൊഴിലാളികളുടെ സംഘടനകൾ, മറ്റു ബഹുജന സംഘടനകൾ എന്നിവയുടെ സഹായം കൂടാതെ ഗ്രാമശാസ്ത്രസമിതികൾക്ക് അതിന്റെ ലക്ഷ്യം കൈവരിക്കാനാവുകയില്ല. ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനത്തിന് എല്ലാ സഹായവും നൽകണമെന്ന് ഒരു സർക്കുലറിലൂടെ (സർക്കുലർ നമ്പർ 111/76 ഉ. 13 1076) പഞ്ചായത്തുകളോട് ആവശ്യപ്പെട്ടു. 180 ഓളം ഗ്രാമശാസ്ത്രസമിതികൾ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചതായി കണക്കുകൾ കാണിക്കുന്നു. (തിരുവനന്തപുരം 40, കൊല്ലം 19, ആലപ്പുഴ 9, കോട്ടയം 8, എറണാകുളം 9, തൃശൂർ 9, മലപ്പുറം 30, കോഴിക്കോട് 8, കണ്ണൂർ 20, പാലക്കാട് 17). ഗ്രാമശാസ്ത്രസമിതികളുടെ രൂപീകരണത്തിന് അന്ന് നിലവിലുണ്ടായിരുന്ന സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികൾ സ്വാധീനിച്ചു എന്നു പറയാതെ വയ്യ. അനുദിനം വർധിച്ചുകൊണ്ടിരുന്ന ദരിദ്രവൽക്കരണ പ്രക്രിയയെ ഫലപ്രദമായി നേരിടാൻ ഗ്രാമീണ ജനതയിൽ കാര്യകാരണ ബന്ധത്തെക്കുറിച്ച് അവബോധം ഉണ്ടാവുകയും സംഘടിത ശക്തി പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സാധ്യതയും ബോധ്യപ്പെടുകയും ചെയ്ത കാലമായിരുന്നു അത്. രൂപീകരിക്കപ്പെട്ട സമിതികളിൽ ചിലത് തനതായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. കൂവേരി (കണ്ണൂർ), അന്തിക്കാട് (തൃശൂർ), ചാത്തമംഗലം (കോഴിക്കോട്), കാട്ടുകുളം (പാലക്കാട്) എന്നിവയാണ് അവയിൽ ചിലത്. സമിതികളിലേക്ക് ജനങ്ങളെ ആകർഷിക്കുന്നതിനായി മെഡിക്കൽ ക്യാമ്പുകൾ, കർഷകർക്കുവേണ്ടിയുള്ള ക്ലാസുകൾ, സാക്ഷരതാ പ്രവർത്തനം എന്നിവ നടത്തി. ഗ്രന്ഥശാലകളുടെ സഹായത്തോടെയോ അല്ലാതെയോ 10 പേരെയെങ്കിലും സാക്ഷരരാക്കണം എന്ന് ലക്ഷ്യമിടുകയും ചെയ്തു. സമിതികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ ഒരു ബുള്ളറ്റിൻ തുടങ്ങുകയും ചെയ്തു. ഗ്രാമശാസ്ത്രസമിതി പരിഷത്തിന്റെ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്നതായിരിക്കണമെന്നും സമിതിയുടെ ഭാരവാഹികൾ യൂണിറ്റംഗങ്ങളായിരിക്കണമെന്നും നിഷ്‌കർഷിച്ചു. ഒരു സംസ്ഥാന കൺവീനർ, ഒരു ജോയിന്റ് കൺവീനർ, 3 മേഖലാ കൺവീനർമാർ, ജില്ലാ യൂണിറ്റ് കൺവീനർമാർ എന്നീ ഘടനയിലായിരുന്നു സമിതികളുടെ സംഘടനാതലം. 1977 ജനുവരി 26നു ഗ്രാമശാസ്ത്രസമിതി ബുള്ളറ്റിന്റെ പ്രകാശനം ശ്രീ. പാമ്പൻ മാധവൻ കണ്ണൂരിൽ നടത്തി. ഇതിന്റെ ആദ്യലക്കത്തിൽ പത്രാധിപകർ കെ. വി. രഘുനാഥൻ, ഗ്രാമശാസ്ത്രസമിതികളുടെ കരുത്തുറ്റ സംഘാടകനും സംയോജകനും ആകാൻ ബുള്ളറ്റിനു കഴിയണം എന്നാണ് എഴുതിയിരുന്നത്. 1978 മുതൽ ഗ്രാമശാസ്ത്ര സമിതി ബുള്ളറ്റിന്റെ പേര് ഗ്രാമശാസ്ത്രം എന്നാക്കി മാറ്റി. 20-ാം വാർഷിക സുവനീറിൽ ഒരു ഗ്രാമശാസ്ത്രസമിതിയുടെ പ്രവർത്തനം ഇങ്ങനെയാണ് സൂചിപ്പിക്കുന്നത്. കണ്ണൂർ ജില്ലയിലെ ശിവപുരം യൂണിറ്റിന്റെ പരിധിയിൽപെട്ട ഗ്രാമശാസ്ത്രസമിതികളെ ഉൾപ്പെടുത്തിക്കൊണ്ട് 1977 ഫെബ്രുവരി 27ന് കാഞ്ഞിലേരിയിൽ വെച്ച് വിവിധ മത്സരങ്ങൾ നടത്തി. ഞാറുനടൽ, ഓലമെടയൽ, മരച്ചീനി ചെത്തൽ, തെങ്ങുകയറ്റം, തേങ്ങപൊതിക്കൽ എന്നിങ്ങനെ നിരവധി ഇനങ്ങളിലുള്ള മത്സരങ്ങൾ ഏർപ്പെടുത്തിയിരുന്നു. പിൽക്കാലത്ത് പല ഗ്രാമശാസ്ത്രസമിതികളും യൂണിറ്റുകളും ഇത്തരം മത്സരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 1978 ആയപ്പോഴേക്കും 600 ഗ്രാമശാസ്ത്രസമിതികൾ രൂപം കൊണ്ടിരുന്നു. പരിഷത്തിന്റെ പ്രവർത്തനം വ്യാപിച്ച സ്ഥലങ്ങളിൽ മാത്രം സമിതികളുടെ പ്രവർത്തനം ഒതുങ്ങിനിന്നു. പുത്തനായ പദ്ധതി നടപ്പാക്കുന്നതിൽ വന്ന പാകപ്പിഴകളും പരിചയക്കുറവും മൂലം ഈ രംഗത്തെ പ്രവർത്തനം വേണ്ടത്ര മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. (1983 ഓടെ ഗ്രാമശാസ്ത്രസമിതികളുടെ പ്രവർത്തനം നിർത്തിവയ്‌ക്കേണ്ടതായും വന്നു.) ഗ്രാമശാസ്ത്രസമിതികളുടെ രീതിയിൽ ഫാക്ടറി ശാസ്ത്രസമിതികൾ രൂപികരിക്കാനുള്ള ആശയം പൊന്തിവന്നു. എന്നാൽ ഗ്രാമശാസ്ത്രസമിതി രൂപീകരിക്കുന്നതിൽ കാണിച്ച ആശയ വ്യക്തതയോടെ ഫാക്ടറി ശാസ്ത്രസമിതികൾ രൂപീകരിക്കാൻ കഴിഞ്ഞില്ല. ചിട്ടപ്പെടുത്തിയ വിദ്യാഭ്യാസമോ പരിശീലനമോ ലഭിക്കാതെ പണിയിലൂടെ മാത്രം പഠിച്ചുവന്ന ടെക്‌നീഷ്യന്മാർക്കും കൈത്തൊഴിൽകാർക്കും അവർ ചെയ്യുന്ന ജോലിയുടെ സൈദ്ധാന്തികവശം വ്യക്തമാക്കി കൊടുക്കാൻ കഴിയുന്ന ക്ലാസുകൾ നടത്തുക എന്ന ഒരു പദ്ധതിക്ക് ഇതിനകം രൂപം കൊടുത്തു. ടഠഅഞഠ ടരവീീഹ ളീൃ ഠലരവിശരശമി െമിറ അൃശേമെി െ എന്നാണ് ഇതിന് നൽകിയ പേർ. ആദ്യമായി വയർമാൻമാർക്കുള്ള ക്ലാസാണ് തയ്യാറാക്കിയത്. 1976-ൽ നടത്തിയ ഈ പ്രവർത്തനങ്ങൾക്ക് ഏറെ പ്രചാരം ലഭിക്കുകയും ചെയ്തു. പിന്നീട് പ്രസ്സ് ജോലിക്കാർക്കായി സംഘടിപ്പിച്ച ക്ലാസിന് വേണ്ടത്ര വേരോട്ടം കിട്ടിയില്ല. തൊഴിലെടുക്കുന്നവരെ സാങ്കേതിക ജ്ഞാനമുള്ളവരാക്കി മാറ്റുകയെന്നതായിരുന്നു ലക്ഷ്യമെങ്കിലും തൊഴിലില്ലാത്തവർക്ക് പരിശീലനം നൽകി സർട്ടിഫിക്കറ്റ് കൊടുക്കുന്ന ഒരു പ്രവർത്തനമായി സ്റ്റാർട്ട് മാറി. പ്രത്യേകിച്ചും വയർമാൻ കോഴ്‌സുകൾ. അതുകൊണ്ട് ആ ശ്രമം നിർത്തിവയ്‌ക്കേണ്ടതായി വന്നു. 1976 മാർച്ച് 6, 7, തിയ്യതികളിൽ കണ്ണൂരിൽ വെച്ച് 13-ാം വാർഷിക സമ്മേളനം നടന്നു. പ്രസിഡന്റായി ഡോ. കെ. കെ. രാഹുലനേയും ജനറൽ സെക്രട്ടറിയായി സി. ജി. ശാന്തകുമാറിനേയും തെരഞ്ഞെടുത്തു. വാർഷികത്തിന്റെ ഭാഗമായി വ്യവസായ സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം എന്നീ അനുബന്ധ പരിപാടികളും നടത്തി. ആദ്യമായി ശാസ്ത്ര പാർലമെന്റ് നടത്തിയതും ശാസ്ത്ര കലാപരിപാടികൾ അവതരിപ്പിച്ചതും ഈ സമ്മേളനത്തിന്റെ പ്രത്യേകതയായി എടുത്തു പറയാം. ജനങ്ങളുമായി സംവദിക്കുന്നതിനുതകുന്ന ഒരു പുതിയ മാധ്യമമായിരുന്നു ശാസ്ത്ര പാർലമെന്റ്; അതുപോലെത്തന്നെ കലാപരിപാടികളും. ഫ്യൂച്ചറോളജി എന്ന പുസ്തകം 1976 മാർച്ചിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രസിദ്ധീകരണ രംഗത്തേക്ക് പരിഷത്ത് പ്രവേശിച്ചത്. ശാസ്ത്രകേരളം പ്രവർത്തകരായിരുന്നു അതിനു മുൻകൈ എടുത്തത്. 1976-ൽത്തന്നെ കേരളത്തിന്റെ സമ്പത്ത് എന്ന വിഷയത്തെ അടിസ്ഥാനമാക്കി വ്യാപകമായ ബഹുജന ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു. രണ്ടാമത്തെ ബഹുജന വിദ്യാഭ്യാസ സംരംഭവും വലിയ വിജയമായിരുന്നു. ഈ ക്ലാസുകൾക്കുവേണ്ടി കേരളത്തിന്റെ വിഭവശേഷിയെക്കുറിച്ചു കിട്ടാവുന്നിടത്തോളം വിവരങ്ങൾ സമാഹരിച്ചുകൊണ്ട് ശാസ്ത്രീയമായ പ്ലാനിങ് എങ്ങനെ നടത്താം എന്നതിലേക്ക് വിരൽ ചൂണ്ടുന്ന 'കേരളത്തിന്റെ സമ്പത്ത്' എന്ന പുസ്തകം തയ്യാറാക്കിയത് വലിയൊരു നേട്ടമായിരുന്നു. പ്ലാനിങ്‌ബോർഡിലും സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിലും ഉള്ള പരിഷത്ത് പ്രവർത്തകർ ഇക്കാര്യത്തിൽ ഏറെ സഹകരിച്ചിട്ടുണ്ട്. 1976 മെയ് 21, 22 തിയ്യതികളിൽ ഇടുക്കിയിലെ വാഴത്തോപ്പിൽ വെച്ച് രണ്ടാമത്തെ പ്രവർത്തക ക്യാമ്പ് നടന്നു. കേരളത്തിന്റെ വിഭവശേഷിയെക്കുറിച്ച് കിട്ടാവുന്നത്ര വിവരങ്ങൾ ശേഖരിച്ച് പ്ലാനിങ് എങ്ങനെ നടത്താം എന്നതിലേക്ക് ശ്രദ്ധയൂന്നിയതായിരുന്നു ഈ ക്യാമ്പിന്റെ സവിശേഷത. പരിഷത്തിന് അതിന്റേതായ ഒരു വിദ്യാഭ്യാസ നയത്തിന് രൂപം കൊടുക്കണം എന്ന ആശയം പൊന്തിവന്നതും ഈ ക്യാമ്പിൽ വെച്ചായിരുന്നു. ഈ ആശയം സഫലമായത് ആറു കൊല്ലത്തിനു ശേഷം മഞ്ചേരി സമ്മേളനത്തിൽ വെച്ച് പ്രസിദ്ധീകരിച്ച വിദ്യാഭ്യാസ രേഖയോടെയായിരുന്നു. ശാസ്ത്രപുസ്തകങ്ങളടങ്ങുന്ന സമ്മാനപ്പെട്ടി പ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രസിദ്ധീകരണ രംഗത്തെ രണ്ടാമത്തെ ചുവടുവയ്പ് നടത്തിയത്. 1977 ജനുവരി ഒന്നിന് 11 ജില്ലാ ആസ്ഥാനങ്ങളിലും 11 ശാസ്ത്രപുസ്തകങ്ങളടങ്ങിയ സമ്മാനപ്പെട്ടി പ്രകാശനം ചെയ്തു. ആദ്യപതിപ്പ് 8000 കോപ്പി. മുഴുവനും തന്നെ പ്രീപബ്ലിക്കേഷൻ ആയി വിറ്റുതീർന്നു. 1977 സെപ്തംബറിൽ ഇതിന്റെ 2-ാം പതിപ്പും പ്രസിദ്ധീകരിച്ചു. അതുപോലെ 1977 ജനുവരിയിൽ ആദ്യമായി പരിഷത്ത് ഡയറി പ്രസിദ്ധീകരിച്ചു. 1977 ഫെബ്രുവരി 11, 12, 13 തിയ്യതികളിൽ കൊല്ലത്തുവെച്ച് 14-ാം വാർഷികം നടന്നു. അന്നത്തെ രാഷ്ട്രപതി ഫക്രുദീൻ അലി അഹമ്മദിന്റെ നിര്യാണം മൂലം ആഘോഷപരിപാടികൾ വേണ്ടെന്നുവെക്കുകയും ബിസിനസ് സമ്മേളനം മാത്രം നടത്തുകയും ചെയ്തു. കേരളത്തിന്റെ ധാതുസമ്പത്ത്, വനങ്ങൾ, സമുദ്രവും മത്സ്യസമ്പത്തും, ഊർജം കേരളത്തിൽ എന്നീ വിഷയങ്ങളിൽ സെമിനാർ നടന്നു. കർണാടകത്തിൽ നിന്നുള്ള സൗഹാർദ്ദ പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. ഫെബ്രുവരി 13ന് മനുഷ്യനും ചുറ്റുപാടും എന്ന വിഷയത്തെക്കുറിച്ച് സെമിനാറും പുസ്തക പ്രസിദ്ധീകരണവും നടന്നു. കെ. കെ. രാഹുലനെ പ്രസിഡന്റായും വി. കെ. ശശിധരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. യുറീക്ക, ശാസ്ത്രകേരളം എന്നീ മാസികകളുടെ ആഭിമുഖ്യത്തിൽ 1977 മെയ് 12, 13 തിയ്യതികളിൽ കാലടി ബ്രഹ്‌മാനന്ദോദയം സംസ്‌കൃതം യു. പി. സ്‌കൂളിൽ വെച്ച് ബാലശാസ്ത്ര ശിൽപശാല നടത്തി. അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. എച്ച്. മുഹമ്മദ്‌കോയ ശിൽപശാല ഉദ്ഘാടനം ചെയ്തു. ജ്ഞാനപീഠം അവാർഡു നേടിയ ശിവരാമകാരന്ത് ആയിരുന്നു ശിൽപശാലയുടെ ഡയറക്ടർ. 1977 മെയ് 13, 14, 15 തീയതികളിൽ മൂന്നാമത്തെ പ്രവർത്തക ക്യാമ്പും കാലടിയിൽ വെച്ചുതന്നെ നടന്നു. ഗ്രാമശാസ്ത്രസമിതി, പ്രസിദ്ധീകരണ സമിതി, സ്റ്റാർട്, അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനം, ബഹുജന വിദ്യാഭ്യാസ പ്രവർത്തനം എന്നിങ്ങനെയുള്ള പ്രവർത്തനമേഖലകളെക്കുറിച്ച് ക്യാമ്പിൽ വിശദമായ ചർച്ച നടന്നു. കൂവേരി മുതൽ പൂവച്ചൽ വരെയുള്ള ശാസ്ത്രസാംസ്‌കാരിക ജാഥക്ക് രൂപം നൽകിയത് കാലടി ക്യാമ്പിൽ വെച്ചാണ്. ഒക്‌ടോബർ 2-ന് ഗാന്ധിജയന്തി ദിനത്തിൽ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കൂവേരി ഗ്രാമത്തിൽ നിന്ന് ആരംഭിച്ച് റഷ്യൻ വിപ്ലവദിനമായ നവംബർ ഏഴിന് കേരളത്തിന്റെ തെക്കേ അറ്റത്തുള്ള പൂവച്ചൽ ഗ്രാമത്തിൽ ശാസ്ത്ര സാംസ്‌കാരിക ജാഥ സമാപിച്ചു. 1977 ഒക്‌ടോബർ 2ന് കൂവേരിയിൽ വച്ച് പരിഷത്ത് പ്രസിഡന്റ് ഡോ. കെ. കെ. രാഹുലൻ ജാഥ ഉദ്ഘാടനം ചെയ്തു. സി. ജി. ശാന്തകുമാർ ആയിരുന്നു ജാഥാ ക്യാപ്റ്റൻ. 866 സ്വീകരണ യോഗങ്ങളിൽ പങ്കെടുത്ത് പതിനായിരത്തിലേറെ കിലോമീറ്റർ സഞ്ചരിച്ച് നാലര ലക്ഷം ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ട് ജാഥ പൂവച്ചലിൽ എത്തി. ജാഥയിൽ ആകെ 26000 രൂപ വിലക്കുള്ള പുസ്തകങ്ങൾ വിറ്റു. ഭരണവും പഠനവും മലയാളത്തിൽ, ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്, അധ്വാനശേഷി ഏറ്റവും വലിയ സമ്പത്ത്, വ്യവസായവൽക്കരണം പുരോഗതിയുടെ മാർഗം തുടങ്ങിയ ലഘുലേഖകളും മാസികകളും പുസ്തകങ്ങളും ശാസ്ത്രസാംസ്‌കാരിക ജാഥയിൽ വിൽപന നടത്തിയിരുന്നു. ശാസ്ത്രജാഥ മുന്നേറിയപ്പോൾ ജാഥാംഗങ്ങളുടെ കൂട്ടായ ഗാനാലാപത്തിലൂടെ ഉരുത്തിരിഞ്ഞുണ്ടായതാണ് 'ശാസ്ത്രഗീതം'. ജാഥ പാലക്കാട്ടെത്തിയപ്പോഴേക്കും അത് അച്ചടിച്ച് പ്രസിദ്ധീകരിച്ചു. വയനാട്ടിലെ കുറിച്യരും ഇരുമ്പുഴിയിലെ മാപ്പിളമാരും പാലക്കാട്ടെ കർഷകത്തൊഴിലാളികളും കണ്ണൂരിലെ നെയ്ത്തുകാരും ബീഡി തൊഴിലാളികളും എഴുകോണിലെ കശുവണ്ടി തൊഴിലാളികളും ശാസ്ത്രഗീത ഏറ്റുപാടി. അതിന്റെ സന്ദേശം ഗ്രഹിച്ചു. മുപ്പത്തേഴു ദിവസം ഗ്രാമാന്തരങ്ങളിൽ സഞ്ചരിച്ച ഈ നാടോടി ജാഥ 1977 നവംബർ 7ന് പൂവച്ചലിൽ എത്തിച്ചേർന്നു. സമാപന സമ്മേളന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ വെച്ചു തന്നെ ആയിരക്കണക്കിനു സ്ത്രീപുരുഷൻമാർ ജാഥയിൽ ചേർന്നു. നിറപറയും നിലവിളക്കും കുരുത്തോലയും ദീപാലങ്കാരങ്ങളും. ഒരു മഹോത്സവത്തിന്റെ പ്രതീതി. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ശ്രീ. എ. കെ. ആന്റണി ആയിരുന്നു. സമ്മേളനത്തിലെ ജനബാഹുല്യം കണ്ട് പ്രസംഗിക്കാനെത്തിയവർ അത്ഭുതപ്പെട്ടു. മുഖ്യമന്ത്രി തന്റെ ബനവലന്റ് ഫണ്ടിൽ നിന്നും അയ്യായിരം രൂപ പരിഷത്തിനു സംഭാവന ചെയ്തു. വ്യവസായ മന്ത്രി ശ്രീ. പി. കെ. വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു. ശ്രീ പി. ഗോവിന്ദപിള്ള ആശംസാ പ്രസംഗം നടത്തി. കേരളത്തിലെ കൃഷിയെപ്പറ്റി വ്യാപകമായി ക്ലാസുകളെടുക്കണം എന്ന അഭിപ്രായം ഉയർന്നുവന്നതിനെ തുടർന്ന് ക്ലാസെടുക്കുന്നവർക്കുള്ള പരിശീലനം നടത്താൻ തീരുമാനിച്ചു. ഇതിനുള്ള ക്ലാസ് പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വച്ച് 1977 ഡിസംബർ 9, 10, 11 തിയ്യതികളിൽ നടന്നു. കേരളത്തിലെ കൃഷി എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. 15-ാം വാർഷികം 1978 ഫെബ്രുവരി 10, 11,12 തിയ്യതികളിൽ കോട്ടയം സി. എം. എസ്. കോളേജിൽ വെച്ചു നടന്നു. പുതിയ പ്രസിഡന്റായി വി. കെ. ദാമോദരനേയും ജനറൽ സെക്രട്ടറിയായി വി. കെ. ശശിധരനേയും തെരഞ്ഞെടുത്തു. എൽ. പി. വിദ്യാർഥികൾക്കു വേണ്ടി ഒരു ചുമർപത്രം ആരംഭിക്കുവാൻ തീരുമാനിച്ചു. വാർഷികത്തിനുമുമ്പ് മാഞ്ഞൂർ ഗ്രാമത്തിൽ നടത്തിയ കാൻസർ ഡിറ്റക്ഷൻ ക്യാമ്പിനെ കുറിച്ചുള്ള വിവരണങ്ങൾ യോഗത്തിൽ സമർപിച്ചു. നാടിനു ചേർന്ന സാങ്കേതികവിദ്യ, ടാലന്റ് സർച്ച് ചോദ്യബാങ്ക് എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. കുട്ടനാടിന്റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് പ്രശ്‌നങ്ങൾ നേരിൽ പഠിച്ച് ശാസ്ത്രജ്ഞന്മാരുടെ സംഘം തയ്യാറാക്കിയ റിപ്പോർട്ട് സമ്മേളനത്തിന്റെ അവസാന ദിവസം കെ. പി. കണ്ണൻ അവതരിപ്പിച്ചു. തോട്ടപ്പള്ളി സ്പിൽവേ കൊണ്ട് ഉദ്ദേശിച്ച ഫലം സിദ്ധിച്ചിട്ടില്ല. തണ്ണീർമുക്കം ബണ്ട് പല പുതിയ പ്രശ്‌നങ്ങളും സൃഷ്ടിച്ചിരിക്കുന്നു. മത്സ്യ ഉത്പാദനം കുറഞ്ഞു. വെള്ളം മലിനമായിത്തീർന്നു. ആഫ്രിക്കൻ പായൽ വ്യാപിച്ചു. സാമൂഹ്യ വീക്ഷണത്തോടെ കുട്ടനാടിന്റെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം ഉണ്ടാക്കണം. അതായിരുന്നു റിപ്പോർട്ടിന്റെ ചുരുക്കം. പരിഷത്ത് പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകുന്നതിനായി പ്രസിദ്ധീകരിച്ചിരുന്ന ബുള്ളറ്റിനു പകരം പരിഷദ് വാർത്ത 1978 ഏപ്രിൽ മുതൽ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരണമാരംഭിച്ചു. പ്രഥമ ലക്കത്തിന്റെ ആമുഖത്തിൽ പ്രസിഡന്റ് ഇങ്ങനെ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും പുതിയ പ്രസിദ്ധീകരണമാണ് പരിഷദ് വാർത്ത. ബഹുമുഖമായ പരിഷദ് പ്രവർത്തനങ്ങളുടെ ഒരു കണ്ണാടിയാണ് പരിഷദ് വാർത്ത. ഇതു വെറുമൊരു ബുള്ളറ്റിനോ റിപ്പോർട്ടോ അല്ല; പരിഷദ് അംഗങ്ങളുടെ ഒരു ഹൗസ് മാഗസിനാണ്. അംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും സംഘടിപ്പിക്കുകയും ഉയർത്തുകയും ചെയ്യുന്ന പരിഷത്തിന്റെ ചങ്ങലയും ചങ്ങാതിയും ആയിരിക്കട്ടെ ഈ വാർത്താ പത്രിക. പരിഷത്തിന്റെ 4-ാമത്തെ പ്രവർത്തക ക്യാമ്പ് കൽപറ്റയിലെ പുളിയാർമലയിലുള്ള കൃഷ്ണഗൗഡ ഹാളിൽ വെച്ച് 1978 ഏപ്രിൽ 28, 29, 30 തിയ്യതികളിൽ നടന്നു. 104 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു. അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് സംഘടന, പ്രസിദ്ധീകരണങ്ങൾ, ഗ്രാമരംഗം, ബഹുജനരംഗം, വിദ്യാഭ്യാസരംഗം എന്നീ വിഷയങ്ങളെ ക്കുറിച്ചു ചർച്ച ചെയ്തു. വയനാട് ജില്ലാ കമ്മറ്റി രൂപീകരിക്കുകയും വയനാടിനെ പ്രത്യേക ജില്ലയായി പരിഷത്ത് അംഗീകരിക്കുകയും ചെയ്തു. 1978 ഏപ്രിൽ മുതൽ ശാസ്ത്രഗതിയുടെ സൈസ് ക്രൗൺ 1/8ൽ നിന്ന് ഡമ്മി 1/4 ആക്കി മാറ്റി. 1978 ഒക്‌ടോബർ 2, 3, 4 തിയ്യതികളിൽ ആലപ്പുഴ ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒരു ശാസ്ത്ര സാംസ്‌കാരിക ബോട്ടുജാഥ സംഘടിപ്പിക്കുകയുണ്ടായി. രണ്ടാം തിയ്യതി രാവിലെ പുറക്കാട് കന്നിട്ടയിൽ നിന്ന് ജാഥ പുറപ്പെട്ടു. കരുമാടി, അമ്പലപ്പുഴ, പടഹാരം, തകഴി, ചങ്ങംകരി, ചെക്കിടിക്കാട്, എടത്വാ, തലവടി വഴി ജാഥ ഊരുക്കരിയിലെത്തി. രണ്ടാം ദിവസം കുളങ്ങര, രാമങ്കരി, പുതുക്കരി, മിത്രക്കരി, പുളിങ്കുന്ന്, മങ്കൊമ്പ് വഴി നെടുമുടിയിലെത്തി വിശ്രമിച്ചു. മൂന്നാം ദിവസം ചമ്പക്കുളം, വൈശ്യംഭാഗം, പുളിക്കക്കടവ് വഴി ആലപ്പുഴയിലെത്തി ബോട്ടുജാഥ സമാപിച്ചു. മുൻവർഷത്തെ ശാസ്ത്രസാംസ്‌കാരിക ജാഥയിലെ മുദ്രാവാക്യങ്ങളും ശാസ്ത്ര പ്രഭാഷണങ്ങളും ബോട്ടുജാഥയിലൂടെ കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിച്ചു. ചുനക്കര ജനാർദ്ദനൻ നായർ ആയിരുന്നു ജാഥാ ക്യാപ്റ്റൻ.

സൈലന്റ്‌വാലി എന്ന നിത്യഹരിത വനപ്രദേശത്ത് കുന്തിപ്പുഴയിൽ വൈദ്യുതി നിർമാണത്തിനും ജലസേചനത്തിനുമായി ഒരു അണക്കെട്ടു പണിയാനുള്ള വിദ്യുച്ഛക്തി ബോർഡിന്റെ തീരുമാനത്തെ എതിർത്തുകൊണ്ടും അനുകൂലിച്ചുകൊണ്ടുമുള്ള അഭിപ്രായ പ്രകടനങ്ങൾ അന്ന് ശാസ്ത്രസാഹിത്യ പരിഷത്തിനുള്ളിലും പുറത്തും നടന്നുകൊണ്ടിരുന്നു. ശാസ്ത്രഗതിയിലും ശാസ്ത്രകേരളത്തിലും പ്രശ്‌നത്തിന്റെ നാനാവശങ്ങളെ പരിശോധിച്ചുകൊണ്ടും അനുകൂലിച്ചുകൊണ്ടും എതിർത്തുകൊണ്ടും ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ധാരാളം ചർച്ചകളും നടന്നു.

സൈലന്റ് വാലി പ്രമേയം
ഈ ചർച്ചകളുടെ അടിസ്ഥാനത്തിൽ തികഞ്ഞ ശാസ്ത്രീയ കാഴ്ചപ്പാടോടെ സൈലന്റ് വാലിയെപ്പറ്റി 1978 ഒക്‌ടോബർ 10ന് പരിഷത്ത് കേന്ദ്ര നിർവാഹക സമിതി താഴെ കാണുന്ന പ്രമേയം പാസാക്കി കേരള മുഖ്യമന്ത്രിക്കും ഇന്ത്യൻ പ്രധാനമന്ത്രിക്കും അയച്ചുകൊടുത്തു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സൈലന്റ് വാലി പദ്ധതിയെക്കുറിച്ച് താഴെ പറയുന്ന വിവരങ്ങൾ സമർപ്പിക്കുന്നു.
വളരെ അപൂർവമായ സസ്യജന്തു വർഗങ്ങൾ അധിവസിക്കുന്നതും അന്യം വന്നുകൊണ്ടിരിക്കുന്നതുമായ ഒരു സവിശേഷ വനപ്രദേശമാണ് സൈലന്റ് വാലി. ജലവൈദ്യുതി പദ്ധതി പ്രവർത്തനം വേണ്ടത്ര ശ്രദ്ധയോടെ നിർവഹിക്കുന്നില്ലെങ്കിൽ ഈ സസ്യജന്തുക്കളെ അത് നശിപ്പിക്കുമെന്നു മാത്രമല്ല, പരിസരത്തിലാകെ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ശാസ്ത്രജ്ഞർ ഭയപ്പെടുന്നു.
നൂറു ശതമാനം ജലവൈദ്യുതിയെ ആശ്രയിക്കുന്ന കേരള വിദ്യുച്ഛക്തി വിതരണത്തിലെ അപായ സാധ്യതകളെ ഊർജാസൂത്രണ വിദഗ്ധർ പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരു കൊല്ലം മഴ പിഴച്ചാൽ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടാക്കുന്നത്. കേരളത്തിലെ വൈദ്യുതി വ്യൂഹത്തിൽ എത്രയും വേഗം ഒരു തെർമൽ സ്റ്റേഷൻ സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് അവർ പറയുന്നു.
ഈ പശ്ചാത്തലത്തിൽ വിവിധ നിർദേശങ്ങളുടെ ഗുണദോഷങ്ങൾ ശരിയാംവണ്ണം പഠിച്ച് ഏറ്റവും ഉചിതമായ ഒരു തീരുമാനമെടുക്കുന്നതുവരെ സൈലന്റ് വാലി പദ്ധതി പ്രദേശത്ത് തിരുത്താൻ പറ്റാത്ത തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തരുതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അഭ്യർഥിക്കുന്നു.


ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളുടെ ഒന്നാം അഖിലേന്ത്യാ സമ്മേളനം തിരുവനന്തപുരത്ത് സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് കാമ്പസിൽ വെച്ച് 1978 നവംബർ 10, 11, 12 തിയ്യതികളിൽ നടന്നു. ആതിഥേയരായ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 35 പ്രതിനിധികളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. മഹാരാഷ്ട്രയിൽ നിന്നും സയൻസ് എഡ്യുക്കേഷൻ ഗ്രൂപ്പ്, ശാസ്ത്രസാഹിത്യ പരിഷത്ത് ബോംബെ, ശ്രമിക് സംഘടന, ഭൂമിസേന, ഇന്ത്യൻ വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ട്, ഭിംശക്തി തരുൺമണ്ഡൽ എന്നീ സംഘടനകളും കർണാടകത്തിൽ നിന്ന് ഗ്രാം വികാസ് മണ്ഡൽ, സയൻസ് സർക്കിൾ, ആസ്ട്രാ, ആഷാ എന്നീ സംഘടനകളും അസോസിയേഷൻ ഫോർ പ്രൊമോഷൻ ഓഫ് സയൻസ് എഡ്യുക്കേഷനും മധ്യപ്രദേശിൽ നിന്ന് വിദൂഷക് കാർഖാന, കിശോർ ഭാരതി എന്നിവയും പശ്ചമിബംഗാളിൽ നിന്ന് വീക്ഷൺ, സയന്റിഫിക് വർക്കേഴ്‌സ് ഫോറം, ബംഗീയ വിജ്ഞാൻ പരിഷത്ത്, സയൻസ് ആന്റ് ടെക്‌നോളജി കമ്മറ്റി, ആരോഗ്യ വിദ്യാഭ്യാസ നയഗ്രൂപ്പ് എന്നിവയും ദൽഹിയിൽ നിന്ന് CSIR, യുവശാസ്ത്രജ്ഞന്മാരുടെ സൊസൈറ്റി എന്നിവയും കേരളത്തിൽ നിന്നു പരിഷത്തിനു പുറമേ CSIR റീജ്യണൽ ലാബറട്ടറി, സ്റ്റേറ്റ് പ്ലാനിങ് ബോർഡ്, സെന്റർ ഫോർ ഡവലപ്പ്‌മെന്റ് സ്റ്റഡീസ്, പ്രോഗ്രാം ഫോർ കമ്മ്യൂണിറ്റി ഓർഗനൈസേഷൻ എന്നിവയുടെ പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 'സയൻസ് ടുഡെ' പത്രാധിപർ സുരേന്ദ്രഝാ, ആകാശവാണിയുടെ സയൻസ് സെല്ലുകളിലെ 15 പ്രതിനിധികൾ എന്നിവരും പങ്കെടുത്തു. ചർച്ചയിൽ നിന്നും ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളുടെ ചുരുക്കം ഇപ്രകാരമായിരുന്നു. ഇന്നത്തെ വിദ്യാഭ്യാസ വ്യവസ്ഥ ഭൂരിപക്ഷം പേർക്കും ജീവിക്കാനുതകുന്ന തൊഴിൽ നൽകുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. എട്ടുവർഷത്തെ പ്രൈമറി വിദ്യാഭ്യാസവും തൊഴിൽ പരിശീലനത്തോടു കൂടിയ നാലു വർഷത്തെ സെക്കണ്ടറി വിദ്യാഭ്യാസവും സാർവത്രികവും നിർബന്ധിതവും ആക്കണം. പഠിക്കാൻ കഴിയാത്തവരും ഇടക്ക് പഠിത്തം നിറുത്തിയവരുമായ 15-35 പ്രായപരിധിയിലുള്ളവർക്ക് അനൗപചാരിക വിദ്യാഭ്യാസം നൽകാൻ സന്നദ്ധ സംഘടനകൾ മുന്നിട്ടിറങ്ങണം. ഉത്പാദന പ്രവർത്തനങ്ങളുമായി ഇവരെ ബന്ധപ്പെടുത്തുന്നതിനും വർത്തമാന രാഷ്ട്രീയ - സാമൂഹ്യ പ്രശ്‌നങ്ങൾ അറിഞ്ഞ് അഭിപ്രായ രൂപീകരണം നടത്തുന്നതിനും ഇവരെ പ്രാപ്തരാക്കണം. അതായിരിക്കണം അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ആഹാരം, വസ്ത്രം, പാർപിടം, തൊഴിൽ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുതകുന്ന ഗവേഷണങ്ങൾക്ക് മുൻഗണന നൽകണം. ജനങ്ങളുടെ യഥാർഥ ആരോഗ്യാവശ്യങ്ങളുമായി ബന്ധപ്പെടുത്തി പ്രതിരോധത്തിന് ഊന്നൽ നൽകുന്ന വിധത്തിൽ ആരോഗ്യ പ്രസ്ഥാനം പുനഃസംവിധാനം ചെയ്യണം. ആരോഗ്യപരിപാലനത്തിനുള്ള അവകാശം മൗലികാവകാശമാക്കണം. സംസ്ഥാനത്തിനു പുറത്തുനിന്നുവന്ന പ്രതിനിധികൾ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനത്തിൽ വലിയ താൽപര്യം പ്രകടിപ്പിച്ചു. സമ്മേളന നടപടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലും ആയി രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അഖിലേന്ത്യാ ശാസ്ത്രാധ്യാപക സംഘടനയുടെ വാർഷികം 1978 ഡിസംബർ 27, 28, 29 തിയ്യതികളിൽ തിരുവനന്തപുരം മോഡൽ ഹൈസ്‌കൂളിൽ വെച്ച് പരിഷത്തിന്റെ ആതിഥേയത്വത്തിൽ നടന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 140 പേർ സമ്മേളനത്തിൽ പങ്കെടുത്തു. പരിഷത്തിന്റെ പതിനാറാം വാർഷികം 1979 ഫെബ്രുവരി 9, 10, 11 തിയ്യതികളിൽ തൊടുപുഴ മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ചു നടന്നു. വാർഷികത്തിന്റെ മുന്നോടിയായി ഒരു വിദഗ്ധ സംഘം ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പഠന പര്യടനവും ഇടുക്കിയുടെ വികസന സാധ്യതകളെക്കുറിച്ച് വാർഷികത്തോടനുബന്ധിച്ച് നടത്തിയ സിമ്പോസിയവും പ്രത്യേകം പ്രസ്താവ്യമാണ്. പി. ജെ. ജോസഫ് എം. എൽ. എ. ഡോ. ശ്യാം സുന്ദരൻ നായർ, പി. കെ. നാരായണൻ എന്നിവർ സിമ്പോസിയത്തിൽ പങ്കെടുത്തു. രണ്ടാം ദിവസം നടത്തിയ ആരോഗ്യ സെമിനാറിൽ കാൻസർ, മനസ്സിന്റെ ആരോഗ്യം എന്നിവ പ്രത്യേക വിഷയങ്ങളായിരുന്നു. കാൻസർ, മാനസികാരോഗ്യം, ഹൃദ്രോഗം, ആഹാരവും പലഹാരവും, രോഗനിർണയം തേടി, പ്രഥമ ശുശ്രൂഷ എന്നിങ്ങനെ ആറ് ആരോഗ്യ പുസ്തകങ്ങൾ 1979 ഫെബ്രുവരിയിൽ പരിഷത്ത് പ്രസിദ്ധപ്പെടുത്തി. വാർഷിക സമ്മേളനത്തിൽ പ്രസിഡന്റായി വി. കെ. ദാമോദരനേയും ജനറൽ സെക്രട്ടറിയായി കെ. വി. രാഘവൻ നമ്പ്യാരേയും തെരഞ്ഞെടുത്തു. പരിഷത്തിന്റെ അഞ്ചാമത്തെ പ്രവർത്തക ക്യാമ്പ് 1979 ഏപ്രിൽ 27, 28, 29 തിയ്യതികളിൽ തവനൂരിൽ വെച്ചു നടന്നു. ഗ്രൂപ്പു തിരിഞ്ഞും പൊതുവായും നടന്ന ചർച്ചകൾക്കു ശേഷം അടുത്ത വർഷത്തേക്കുള്ള വിശദമായ കാര്യപരിപാടി തയ്യാറാക്കി. അന്താരാഷ്ട്ര ശിശുവർഷം പ്രമാണിച്ച് അമ്പതു ബാലശാസ്ത്ര പുസ്തകങ്ങൾ അടങ്ങുന്ന സയൻസ് ക്രീം പ്രസിദ്ധീകരിക്കുവാൻ തീരുമാനിച്ചു. ലോവർ പ്രൈമറി വിദ്യാർഥികൾക്കു വേണ്ടിയുള്ള ചുമർ പത്രമായ 'ബാലശാസ്ത്രം' 1979 ജനുവരിയിൽ ഒന്നാംലക്കം പ്രസിദ്ധീകരിച്ചു. ഡബിൾ ഡമ്മി സൈസിൽ ബഹുവർണങ്ങളിൽ ചിത്രങ്ങളോടെയാണ് അതു പുറത്തിറക്കിയത്. 'ബാലശാസ്ത്രം' എല്ലാവരുടേയും പ്രശംസക്ക് പാത്രമായി. 1979-80 കാലത്ത് മൂന്നു ലക്കങ്ങൾ കൂടി ബാലശാസ്ത്രം പ്രസിദ്ധീകരിച്ചു. സാമ്പത്തിക ബാധ്യത അടിക്കടി വർധിച്ചു വന്നതിനാൽ അതിന്റെ പ്രസിദ്ധീകരണം തൽക്കാലത്തേക്ക് നിർത്തിവെക്കേണ്ടതായി വന്നു. 1979 നവംബർ 9, 10, 11 തിയ്യതികളിൽ തൃശൂർ പൂങ്കുന്നം യു. പി. സ്‌കൂളിൽ വെച്ച് ഗ്രാമശാസ്ത്രസമിതി പ്രവർത്തകരുടെ സംസ്ഥാന ക്യാമ്പ് നടന്നു. ഗ്രാമശാസ്ത്ര സമിതികളുടെ ഭാവി പ്രവർത്തനത്തിനുള്ള ഒരു രൂപരേഖ യോഗം അംഗീകരിച്ചു. ഡോ. എം. എസ്. സ്വാമിനാഥന്റെ നേതൃത്വത്തിൽ ഒരു പഠന സംഘം കേന്ദ്രഗവൺമെന്റിന്റെ നിയോഗപ്രകാരം 1979 ഒക്‌ടോബറിൽ സൈലന്റ്‌വാലി സന്ദർശിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തി. സൈലന്റ്‌വാലി പ്രശ്‌നം, വിവിധ മലിനീകരണ പ്രശ്‌നങ്ങൾ എന്നിവയിൽ ഇടപെട്ടു തുടങ്ങിയതോടെ സംഘടനക്കകത്തുണ്ടായ അഭിപ്രായ സമന്വയമില്ലായ്മയും ശൈഥില്യവും പുറത്തുനിന്നുയർന്നു വരുന്ന വിമർശനങ്ങളും സംഘടനക്കകത്ത് ആഴത്തിലുള്ള ചർച്ചക്ക് വഴിയൊരുക്കി. തവനൂരിൽ 1979 ഏപ്രിൽ 27 - 29 വരെ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിലും തുടർന്നുള്ള ഏതാനും കേന്ദ്രനിർവാഹക സമിതി യോഗങ്ങളിലും പ്രത്യയശാസ്ത്രപരമായ ചർച്ചകൾ നടക്കാൻ ഇതായിരുന്നു സാഹചര്യം. ഇതു സംബന്ധിച്ച് 1979-1980 ലെ വാർഷിക റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു.

പരിഷത്തിന്റെ പ്രത്യയശാസ്ത്രം

ബാക്കി ഭാഗം തയ്യറാക്കിക്കൊണ്ടിരിക്കുകയാണ്. ഉടനെ പോസ്റ്റ് ചെയ്യും