പാലചുവട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:33, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jelaja (സംവാദം | സംഭാവനകൾ) ('{| class="wikitable" | |*ചരിത്രത്തിലെ ചില ഏടുകൾ* തൃക്കാക്കര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*ചരിത്രത്തിലെ ചില ഏടുകൾ*

തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ  കാക്ക നാടിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പ്രധാന ജനവാസ കേന്ദ്രമാണ് പാലച്ചുവട്. എല്ലാ തലത്തിൽപെട്ട ജനവിഭാഗങ്ങളും ഇന്ന് ഇവിടെ അധിവസിക്കുന്നു. 1970കൾ വരെ ഒരു ഗ്രാമീണ മേഖലയായിരുന്നു ഈ പ്രദേശം. എന്നാൽ പിന്നീട് കേരള - കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും മറ്റ് പ്രത്യേക വികസന മേഖലകളും കാക്കനാട് കേന്ദ്രീകരിച്ച് സ്ഥാപിക്കപ്പെടുന്ന വഴി വലിയ തിരക്കുള്ള പ്രദേശമായി ഇവിടവും മാറി. ഒരു കാൽ നൂറ്റാണ്ടു മുന്നേ പ്രായേണ ജനവാസം കുറഞ്ഞ പ്രദേശമായിരുന്ന പാലച്ചുവട് ഇന്ന് മധ്യവർഗത്തിന്റെ താവളമായി മാറി. ചെറിയ കുന്നിൻ ചെരിവുകളും നെൽപ്പാടങ്ങളും കരിങ്കൽ മടയും പാലച്ചുവടിന്റെ ഭാഗമായിരുന്നു. എങ്ങും പച്ചപ്പ് കുടിയിരുന്ന ഈ പ്രദേശത്തിന്റെ പല ഭാഗങ്ങളും വനത്തിന്റെ പ്രതീതി ജനിപ്പിച്ചിരുന്നു.

പാലച്ചുവട് പരിഷത്ത് യൂണിറ്റ് സ്ഥാപിതമായത് 1994 ൽ ആണ്. പരിഷത്ത് പച്ചാളം യൂണിറ്റിൽ നിന്ന് മാറി പാലച്ചുവട് പ്രദേശത്ത് താമസിക്കാനെത്തിയ ടി. പി. സുരേഷ് ബാബുവും വടകരയിൽ നിന്നും ജോലിസംബന്ധമായി സ്ഥലം മാറി വന്ന എം. ശിവരാമനും കൂടി നടത്തിയ ആലോചനയിലാണ് യൂണിറ്റ് രൂപംകൊള്ളുന്നത്. സാറ്റലൈറ്റ് ടൗൺഷിപ്പിൽ താമസിച്ചിരുന്ന ടി. പി. കെ. മൊയ്തീൻ എന്ന ജേഷ്ഠ സുഹൃത്തിന്റെ പ്രേരണയും യൂണിറ്റ് രൂപീകരണത്തിന് ഉത്തേജകമായി.

യൂണിറ്റിന്റെ കേന്ദ്ര പ്രദേശമായി വർത്തിച്ച ഓലിക്കുഴി അന്ന് യുവജനങ്ങളുടെ ഒരു സംഗമവേദി കൂടിയായിരുന്നു. സഹോദരൻ അയ്യപ്പന്റെ ശിഷ്യനായി അറിയപ്പെട്ടിരുന്ന അഡ്വക്കേറ്റ് എം. പ്രഭ പരിസരത്ത് തന്നെയാണ് താമസിച്ചിരുന്നത്. ഈയൊരു പശ്ചാത്തലത്തിൽ ഇടവേളകളിൽ ആണെങ്കിലും, സാംസ്കാരിക പരിപാടികൾ / ചർച്ചാവേദികൾ ഒലിക്കുഴി പരിസരത്ത് നടത്തപ്പെട്ടിരുന്നു.

സ്കൂൾ അധ്യാപകനും  എഴുത്തുകാരനുമായിരുന്നു ഗോപിനാഥനും പരിസരവാസിയായിരുന്നു. പരിഷത്ത് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിൽ മേൽചൊന്ന സമൂഹത്തിന്റെ സാരവത്തായ പ്രചോദനം ഏറെ ഉപകരിച്ചു.

പാലച്ചുവട് യൂണിറ്റിന്റെ ചരിത്രവഴികൾ കൃത്യമായ നാൾവഴികളിലൂടെ രേഖപ്പെടുത്തുക ബുദ്ധിമുട്ടുള്ള കാര്യം തന്നെ. അതിന് സഹായകമായ  രേഖകൾ ഇന്ന് ലഭ്യമല്ല എന്നുള്ളതാണ് പ്രധാന തടസ്സം. ആയതിനാൽ പ്രവർത്തകരുടെ മനസ്സിലുള്ള കുറേ പ്രധാന സംഭവങ്ങൾ കുറിക്കുക മാത്രമേ കരണീയം ആയിട്ടുള്ളൂ.

ആദ്യഘട്ടങ്ങളിൽ പ്രവർത്തകർ തമ്മിൽ ഇടവേളകളിൽ കണ്ടുമുട്ടുക ആശയങ്ങൾ കൈമാറുക, മാസികകളുടെ വരിക്കാരെ കണ്ടെത്തുക, ചെറിയതോതിൽ പുസ്തക പ്രചാരണം നടത്തുക എന്നിവയായിരുന്നു പ്രവർത്തനങ്ങൾ. വഴിയേ മറ്റു പ്രവർത്തനങ്ങളും ഏറ്റെടുത്തു തുടങ്ങി.

*പേറ്റന്റ് നിയമഭേദഗതിക്കെതിരെ-*

രാജ്യം പുത്തൻ സാമ്പത്തിക നയങ്ങൾ അവലംബിക്കുന്ന കാലഘട്ടമായിരുന്നു ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ മദ്ധ്യകാലഘട്ടം. അതിന്റെ ഭാഗമായി പേറ്റന്റ് ഭേദഗതി അംഗീകരിച്ച് കേന്ദ്രസർക്കാർ നിയമം പാസാക്കുകയുണ്ടായി. പ്രോസസ്സ് പേറ്റന്റിൽ നിന്നും നിന്നും പ്രോഡക്റ്റ് പേറ്റന്റിലേക്കുള്ള മാറ്റം വലിയ വിപത്തുകൾ ഭാവിയിൽ ഉണ്ടാക്കും എന്ന ചർച്ചകൾ നടന്നിരുന്നു. രാജ്യമെങ്ങും ശക്തമായ പ്രതിഷേധം അലയടിച്ചു. കേരളത്തിലെ പ്രചാരണ പ്രവർത്തനങ്ങളിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വളരെ വലിയ പങ്കു വഹിച്ചു. ഈ നിയമഭേദഗതിക്കെതിരെ അതിന്റെ ഭവിഷ്യത്തുകൾ സൂചിപ്പിച്ചുകൊണ്ട് ലഘുലേഖാപ്രചാരണം വലിയൊരു പ്രവർത്തനമായിരുന്നു. പ്രസ്തുത വിഷയം യൂണിറ്റ് യോഗത്തിൽ ചർച്ച ചെയ്യുകയും പ്രദേശത്ത് പ്രചാരണ പരിപാടി നടത്താനും യോഗം തീരുമാനിച്ചു. സുരേഷ് ബാബു, ശിവരാമൻ എന്നിവർ ചേർന്ന് സാറ്റലൈറ്റ് ടൗൺഷിപ്പിന്റെ സിംഹഭാഗം വീടുകളും കയറി ഇറങ്ങി ആശയ പ്രചാരണം നടത്തി. ലഘുലേഖാപ്രചാരണവും നടന്നിരുന്നു. കാര്യങ്ങൾ ചുരുക്കി പറയുന്ന ഒരു ലഘു നോട്ടീസും വീടുകളിൽ വിതരണം നടത്തി.

*ഒരു പ്രാദേശിക പ്രശ്നത്തിലെ ഇടപെടൽ-*

ആയിടയ്ക്ക് ജനങ്ങളുടെ ഒരു സംസാരവിഷയമായിരുന്നു ചിറ്റേത്തുകര വ്യവസായ മേഖലയിൽ നിന്നും പുറംതള്ളുന്ന മലിനജലം ഉളവാക്കുന്ന പ്രശ്നങ്ങൾ.  പാലച്ചുവടിന് കിഴക്കുഭാഗത്തുള്ള കാളച്ചാൽ തോട്ടിലൂടെ മലിനജലം ഒഴുക്കി വിടുന്നത് മൂലം റോഡിന്റെ ഇരുഭാഗത്തുമുള്ള നെൽവയലുകൾ ഭീഷണി നേരിട്ടു. മാത്രമല്ല പ്രദേശത്തെ കിണറുകളിലെ ജലവും മലിനമാക്കപ്പെട്ടു. ആയത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിച്ചു. മിക്കവാറും വീട്ടുകാർക്ക് കിണർ ആയിരുന്നു ജലസ്രോതസ്സ്. ഇതോടൊപ്പം, പാലച്ചുവടിന്റെ കിഴക്ക് - തെക്കുഭാഗത്ത് ഏകദേശം ഒന്നു - രണ്ടു കിലോമീറ്റർ അകലെയുള്ള തുതിയൂർ നിവാസികളും ചില പരിസ്ഥിതി പ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. വ്യവസായ മേഖലയിൽ നിന്നുള്ള  ഇൻഡസ്ട്രിയൽ വേസ്റ്റ് തുതിയൂർ പ്രദേശത്ത് നിക്ഷേപിക്കുക വഴി അതിൽനിന്ന് ഒലിച്ചിറങ്ങുന്ന മലിനജലവും പ്രദേശത്തെ കിണറുകളിൽ എത്തിച്ചേരുക മൂലം പ്രസ്തുത കിണറുകളിലെ ജലവും ഉപയോഗിക്കാൻ പറ്റാതായി. മാത്രമല്ല വേസ്റ്റിൽ നിന്നുള്ള ദുർഗന്ധം ജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

പരീക്ഷത്ത് പ്രവർത്തകർ പ്രശ്നബാധിത പ്രദേശങ്ങൾ നേരിൽ കണ്ടു നിരീക്ഷിക്കുകയും സംഗതി ഒരു ജനകീയ പ്രശ്നമായി തിരിച്ചറിയുകയും ചെയ്തു. പ്രശ്നം യൂണിറ്റ് യോഗത്തിൽ ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജനങ്ങൾക്ക് പിന്തുണ കൊടുത്തുകൊണ്ട് വിഷയത്തിൽ ഇടപെടാൻ തീരുമാനിച്ചു. തുടർന്ന് പാലച്ചുവട് കവലയുടെ തെക്കു പടിഞ്ഞാറ് മൂലയില് ഒരു ഒഴിഞ്ഞ പ്രദേശത്ത് നാട്ടുകാരുമൊത്തു യോഗം ചേരുകയും ആക്ഷൻ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. നേരത്തെ അവിടെ വെട്ടിയിട്ടിരുന്ന തെങ്ങിൻ കഷണങ്ങളിൽ ഇരുന്നാണ് യോഗം നടത്തിയത്. രാത്രി ആവുകയും സ്ട്രീറ്റ് ലൈറ്റ് ഇല്ലാതിരിക്കുകയും മൂലം മെഴുകുതിരി വെളിച്ചം ആയിരുന്നു ആശ്രയം. ആക്ഷൻ കൗൺസിലിന്റെ  ആലോചനയുടെ ഭാഗമായി പ്രശ്നപരിഹാരത്തിനായി കൊച്ചിൻ എക്സ്പോർട്ട് പ്രോസസിംഗ്  സോൺ അധികൃതരെ ബന്ധപ്പെടുവാനും അടിയന്തിര പ്രാധാന്യത്തോടുകൂടി പ്രശ്നം പരിഹരിക്കപ്പെടണം എന്ന കാര്യം ഉന്നയിക്കുവാനും തീരുമാനിച്ചു അതിൻപ്രകാരം ഒരു മെമ്മോറാണ്ടം തയ്യാറാക്കി ജനങ്ങളെക്കൊണ്ട് ഒപ്പിടുവിച്ചു CEPZ കമ്മീഷണർക്ക് നൽകി.  കമ്മീഷണർ ആയതിന്മേൽ  പ്രതിനിധികളെ ചർച്ചയ്ക്ക് വിളിച്ചു.

കമ്മീഷണറുമായി ചർച്ചയ്ക്ക് പോകുന്നതിനു മുന്നേ ആക്ഷൻ കൗൺസിൽ ഒരുകാര്യം കൂടി ചർച്ച ചെയ്തിരുന്നു. സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ കമ്പനി അധികൃതർ മുട്ട്ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്യുക. ഒരുപക്ഷേ ഇവിടെ മലിനീകരണം ഇല്ല എന്നുവരെ അധികൃതർ പറയാൻ സാധ്യതയുണ്ട് എന്നും മുൻകൂട്ടി ആലോചിച്ചു. അങ്ങിനെയെങ്കിൽ ആവശ്യമെങ്കിൽ ജനങ്ങളുടെ ഭാഗത്തുനിന്ന് ജല പരിശോധന നടത്തണമെന്ന് ആവശ്യപ്പെടാനും ആയത് പ്രത്യേക ചെലവില്ലാതെ വിദഗ്ധരെ കൊണ്ട് നടത്തിച്ച് എടുക്കാൻ കഴിയും എന്നും സമിതി നിർദേശം വയ്ക്കാനും തീരുമാനിച്ചു. ഈ വിദഗ്ധരുടെ പാനലിലേക്ക് ഡോക്ടർ ചന്ദ്രമോഹനകുമാർ, ഡോക്ടർ ഡി. ഡി. നമ്പൂതിരി, ഡോക്ടർ എം. പി. സുകുമാരൻ നായർ എന്നിവരെ കണ്ടെത്തുകയും അവരുടെ സമ്മതം വാങ്ങുകയും ചെയ്തു.

കമ്മീഷണറും ആയുള്ള യോഗത്തിൽ പ്രശ്നങ്ങൾ അവതരിപ്പിക്കുകയും പരിഹാരം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കമ്മീഷണർ വിഷയത്തിൽ വേണ്ടത്ര ഗൗരവം കൊടുക്കാതിരിക്കുകയും ജലപരിശോധന പോലുള്ളവ നടത്താൻ ബുദ്ധിമുട്ടാണെന്ന് നിലപാടെടുക്കുകയും ചെയ്തു. ആക്ഷൻ കൗൺസിൽ ഉന്നയിച്ച വിദഗ്ധരെക്കൊണ്ടുള്ള ജലപരിശോധന എന്ന കാര്യം വേണ്ടതില്ല എന്ന നിലപാടാണ് കമ്മീഷണർ കൈക്കൊണ്ടത്. ആയതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് ആക്ഷൻ കൗൺസിൽ അംഗം കൂടി ആയിട്ടുള്ള ഒരു വ്യക്തി മറുകണ്ടം ചാടി കമ്മീഷണർക്ക് വേണ്ടി സംസാരിച്ചതിന്റെ കൂടി വെളിച്ചത്തിലാണ്. സമൂഹവിരുദ്ധ പ്രവണതകൾ മനസ്സിൽ സൂക്ഷിക്കുന്ന, അധികാരസ്ഥാനങ്ങളോട് ചേർന്ന് ആനുകൂല്യങ്ങൾ കയ്യാളുന്ന ചില 'സാമൂഹ്യ പ്രവർത്തകരെ' തിരിച്ചറിയാൻ സംഭവം ഉപകരിച്ചു. എന്നാലും, യോഗത്തിനെ തുടർന്ന് കമ്പനി പ്രശ്നബാധിത പ്രദേശത്തെ ജനങ്ങൾക്ക് ആവശ്യമുള്ള ജലം ടാങ്കർ ലോറികളിൽ എത്തിച്ചു കൊടുത്തുകൊണ്ട് താൽക്കാലിക പരിഹാരം നടപ്പിലാക്കി. അധികം വൈകാതെ പ്രശ്നത്തിന് കാരണക്കാരായ കമ്പനി യൂണിറ്റ് CEPZ ലെ പ്രവർത്തനം നിർത്തിയത് മൂലം ജനങ്ങൾക്ക്‌ ആശ്വാസമായി.

*ശാസ്ത്ര ക്ലാസുകൾ*

അമ്പരപ്പിക്കുന്ന ആകാശത്തെ കുറിച്ചും സൂര്യഗ്രഹണ വിശേഷത്തെ കുറിച്ചും സ്ലൈഡ്  പ്രൊജക്ടറുകൾ ഉപയോഗിച്ച്  ശാസ്ത്രക്ലാസുകൾ രണ്ട് അവസരങ്ങളിലായി പാലച്ചുവട് കവലയുടെ തെക്കുവശം ഉള്ള ദൈവത്തും മുകൾ കോളനിയിൽ വെച്ച് ടി. പി. സുരേഷ് ബാബു നടത്തുകയുണ്ടായി.

*ബാലോത്സവജാഥ*

ജില്ലാ തലത്തിൽ സംഘടിപ്പിച്ച ഒരു ബാലോത്സവജാഥയ്ക്ക് ദൈവത്തും മുകൾ കോളനിയിൽ വച്ച് സ്വീകരണം നൽകുകയും പരിപാടികൾ നടത്തുകയും ചെയ്തു. കെ. കെ. രവി യായിരുന്നു ജാഥ നയിച്ചത്. ആയത് ഒരു ദിവസ സമാപന കേന്ദ്രമായിരുന്നു. ജാഥ എത്തിച്ചേരാൻ 2 മണിക്കൂർ വൈകിയത് വലിയ ബുദ്ധിമുട്ട് ഉളവാക്കി.

*ശാസ്ത്രകലാജാഥയ്ക്ക് സ്വീകരണം*

പാലച്ചുവട് ഉള്ള ലക്ഷം വീട് കോളനിയിൽ വച്ച് ഒരു ജില്ലാ കലാജാഥയ്ക്ക് സ്വീകരണം നൽകി. ആയത് ഒരു മധ്യാഹ്ന കേന്ദ്രമായിരുന്നു.

*ബാലവേദി*

പ്രദേശത്ത് യൂണിറ്റ് പ്രവർത്തനം ആരംഭിച്ച് 2 - 3 വർഷത്തിനകം തന്നെ യൂണിറ്റ് ഒരു ബാലവേദി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. സുരേഷ് ബാബുവിന്റെ വീടായിരുന്നു ബാലവേദി കൂടുന്ന സ്ഥലം. എന്നാൽ അത് പിന്നീട് പാലച്ചുവട് കവലയ്ക്ക് തെക്കുള്ള ഒരു ഒഴിഞ്ഞ,  പണിതീരാത്ത വീട്ടിലേക്ക് മാറ്റി. 2 - 4 ആഴ്ചകളുടെ ഇടവേളകളിൽ ബാലവേദി കുടികൊണ്ടിരുന്നു.

പ്രദേശത്തെ 15 - 25 കുട്ടികൾ, 5 മുതൽ 9 ക്ലാസ്സുകളിൽ പഠിക്കുന്നവർ ഈ പ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. 3 - 4  വർഷക്കാലം ബാലവേദി പ്രവർത്തനം ഏറിയും കുറഞ്ഞും നടന്നു. പിന്നീട് പ്രവർത്തനം നിലച്ചു.

ബാലവേദി കൂട്ടുകാർക്ക് ക്ലാസുകൾ നയിക്കാൻ പുറമേ നിന്നുള്ള പ്രവർത്തകരും, വെണ്ണല സ്കൂളിലെ ഒരു ടീച്ചറും സംബന്ധിച്ചിരുന്നു. പിന്നീട്, യൂണിറ്റ് അതിന്റെ പ്രവർത്തനകേന്ദ്രം മാറിയതോടുകൂടി വെണ്ണല തളിപ്പറമ്പ്  കവലയ്ക്കു സമീപം പുതിയ ബാലവേദി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. സമീപത്തെ ടി. സി. സുബ്രഹ്മണ്യന്റെ ഭവനം, കെ. സി. വാസുചേട്ടന്റെ ഭവനം എന്നിവിടങ്ങളിലാണ് ബാലവേദി പ്രവർത്തനം നടന്നിരുന്നത്. പിന്നീട്, തമ്മനത്തെ പരിഷത്ത് പ്രവർത്തകരായ ഡി. ശ്യാമള, അഡ്വക്കേറ്റ് ബാലകൃഷ്ണൻ എന്നിവരുടെ ഉടമസ്ഥതയിൽ ആരംഭിച്ച മനീഷ ഗാർഡൻസിൽ ബാലവേദി പ്രവർത്തനത്തിന് അനുവാദം കിട്ടി. ഒപ്പം യൂണിറ്റ് യോഗങ്ങൾ കൂടുന്നതിനും. ഏകദേശം 2017 വരെ ബാലവേദി പ്രവർത്തനം പ്രദേശത്ത് നടന്നു. പിന്നീട് കുട്ടികൾ കുറയുകയും ശേഷിച്ചവർ കൗമാര പ്രായത്തിലേക്ക് കടക്കുകയും വഴി ബാലവേദി യുവസമിതിയായി പരിണമിച്ചു.

*ബാലവേദി യാത്രകൾ*

കുട്ടികളുടെ ബാലവേദി പ്രവർത്തനങ്ങളുടെ ഭാഗമായി പഠന യാത്രകളും, ചരിത്ര സ്മാരക സന്ദർശനങ്ങളും നടത്തുകയുണ്ടായി

*യാത്രകൾ*

1. ഇടമലയാർ -  ഭൂതത്താൻകെട്ട് യാത്ര.

2. ഫോർട്ടുകൊച്ചി-  മട്ടാഞ്ചേരി ചരിത്ര സ്മാരകങ്ങൾ സന്ദർശനം.

3. ഇടമലയാർ-  ഭൂതത്താൻകെട്ട് യാത്ര.

4. പള്ളിപ്പുറം കോട്ട, പറവൂർ ചരിത്ര സ്മാരകങ്ങൾ സന്ദർശനം.

രണ്ടാംതവണ ഇടമലയാർ- ഭൂതത്താൻകെട്ട് യാത്ര സംഘടിപ്പിച്ചപ്പോൾ ഇടമലയാർ പവർഹൗസിന് താഴെ ടർബൈൻ സ്ഥിതിചെയ്യുന്ന അറയിൽ കയറാനും ടർബൈന്റെ ഘടകങ്ങൾ  നിരീക്ഷിക്കാനും അവസരം കിട്ടി. ടർബൈന്റെ അറ്റകുറ്റപ്പണികൾ നടത്തുന്ന സന്ദർഭമായിരുന്നു അത്.

*യുവസമിതി*

ഏകദേശം 2000 - 2001 കാലയളവിൽ 6 - 7 പേർ വരുന്ന യുവാക്കളുടെ കുടിയിരിപ്പുകൾ പരിഷത്ത് പ്രവർത്തനത്തിന്റെ ഭാഗമായി നടന്നിരുന്നു. എഞ്ചിനീയറിംഗ് വിദ്യാർത്ഥികളും,  ഹയർസെക്കൻഡറി വിദ്യാർത്ഥികളും കൂടിയിരുന്ന് സാമൂഹിക വിഷയങ്ങൾ ചർച്ചചെയ്തു പോന്നു. പിന്നീട് വെണ്ണല ഭാഗത്ത് നടന്നുവന്നിരുന്ന മേരിക്യൂറി സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ തുടർച്ചയായി 2016 - 2019 കാലഘട്ടത്തിൽ കൗമാരപ്രായക്കാരും യുവത്വത്തിലേക്ക് കടക്കുന്ന കുട്ടികളുടെയും 10 - 13 പേർ അടങ്ങുന്ന കൂട്ടായ്മ സാമൂഹ്യ വിഷയങ്ങളും ദേശീയ വിഷയങ്ങളും ചർച്ചയ്ക്ക് വിഷയം ആക്കിയിരുന്നു.

*സൂര്യഗ്രഹണവും പരിഷത്തും*

ഒരു ശാസ്ത്രസംഘടന എന്ന നിലയിൽ പരിഷത്തിന് ജനങ്ങളുമായി ശാസ്ത്ര സംവാദം നടത്താനും ആകാശത്ത് ദൃശ്യമാകുന്ന പ്രതിഭാസങ്ങളെ കുറിച്ച് അവരോട് സംസാരിക്കാനും ഗ്രഹണ സന്ദർഭങ്ങളും,  ധൂമകേതുക്കളുടെ പ്രയാണങ്ങളും മറ്റും അസുലഭ അവസരങ്ങളായിരുന്നു. സൂര്യഗ്രഹണ വേളകൾ ഈ പരിപാടികൾ നടത്താൻ പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു.  1995-ലെ സൂര്യഗ്രഹണം ഏകദേശം വൈകിട്ടായിരുന്നു. ഗ്രഹണം നിരീക്ഷിക്കുന്നതിന് സൗര കണ്ണടകൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഭ്യമാക്കിയിരുന്നു. ബാലവേദി ചങ്ങാതിമാരെ ഗ്രഹണ നിരീക്ഷണത്തിനായി പ്രത്യേകം ക്ഷണിച്ചിരുന്നു. എന്നാൽ മുൻകൂട്ടി  പ്രവചിച്ചിരുന്ന ഗ്രഹണസമയത്ത് ആകാശം മേഘാവൃതം ആകുകയും മഴക്കാറ് സൂര്യനെ മറക്കുകയും ചെയ്യുക മൂലം ഗ്രഹണ നിരീക്ഷണം നടക്കില്ല എന്ന് ഉറപ്പായി. ആയത് പൊതുവേ എല്ലാവരെയും നിരാശയിൽ ആക്കി. എന്നാൽ ആ അവസ്ഥയെ മാറ്റിമറിച്ചു ആവേശോജ്വലമായ ഒരു സന്ദർഭം ആക്കി അതിനെ മാറ്റിയെടുക്കാൻ കഴിഞ്ഞു.  ആയത് ഗ്രഹണ പായസം തയ്യാറാക്കൽ ആയിരുന്നു.  വളരെ പെട്ടെന്ന് ഒരു മണ്ണെണ്ണ ഗ്യാസ് സ്റ്റൗ, മറ്റ് അനുസാരികൾ എന്നിവ സംഘടിപ്പിക്കുകയും നിരത്ത് വക്കത്ത് വെച്ച് എം. ശിവരാമന്റെ നേതൃത്വത്തിൽ പാൽപ്പായസം തയ്യാറാക്കുകയും കുട്ടികൾക്കും വഴിപോക്കർക്കും വിതരണം ചെയ്യുകയും ചെയ്തു. പായസം കഴിക്കാൻ മുതിർന്ന പ്രവർത്തകർ തയ്യാറായപ്പോൾ മറ്റെല്ലാവരും അത് അനുകരിച്ചു. ഈയൊരു പ്രവർത്തി മൂലം ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കുവാൻ പാടില്ല, വിഷാംശം അന്തരീക്ഷത്തിൽ പടരുന്നു എന്നിങ്ങനെയുള്ള പരമ്പരാഗത അന്ധവിശ്വാസങ്ങളിൽ കഴമ്പില്ല എന്ന് പൊതുജനസമക്ഷം തന്നെ തെളിയിച്ചു കാണിക്കാൻ കഴിഞ്ഞു.

മേൽസൂചിപ്പിച്ച സന്ദർഭത്തിൽ ഗ്രഹണ നിരീക്ഷണം നടത്താൻ കഴിയാതിരുന്ന കുറവ് പരിഹരിക്കാൻ കഴിഞ്ഞത് പിന്നീട് വന്ന മറ്റൊരു സൂര്യഗ്രഹണ സന്ദർഭത്തിലാണ്. 1996 സെപ്റ്റംബർ മാസത്തിൽ ഒരു ദിനത്തിൽ ഏകദേശം പത്തു മണി കഴിഞ്ഞ് ഒരു സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമായി. ഈ അവസരത്തിൽ സർക്കാർതന്നെ സ്കൂളുകൾക്ക് എല്ലാം സൂര്യഗ്രഹണം പ്രമാണിച്ച് അവധി നൽകിയിരുന്നു. എന്തോ വലിയ ആപത്ത് വരാൻ പോകുന്നു എന്ന രീതിയിലാണ് അന്നേ ദിവസത്തെ ജനം കണക്കാക്കിയിരുന്നത്. പരിഷത്തും മറ്റു സംഘടനകളും ഈ വിശ്വാസത്തിലെ പൊള്ളത്തരങ്ങൾ ക്കെതിരെ ധാരാളമായി പ്രതികരിച്ചു എങ്കിലും ആയത് സമൂഹം മുഖവിലയ്ക്കെടുത്തില്ല.  എന്നാൽ പാലച്ചുവട് - ഓലി കുഴി പ്രദേശത്ത് ഗ്രഹണ നിരീക്ഷണത്തിനായി അവസരമൊരുക്കിയിരുന്നു. പാതയോരത്ത് നിന്ന് പ്രവർത്തകർ സൗരകണ്ണട ഉപയോഗിച്ച് സൂര്യഗ്രഹണം നിരീക്ഷിക്കുകയും കുട്ടികളെയും യാത്രക്കാരെയും അതിനായി ക്ഷണിക്കുകയും, ഗ്രഹണം എന്ന അത്ഭുത പ്രതിഭാസം  കാണാൻ അവസരം ഉണ്ടാക്കുകയും ചെയ്തു. ആയത് ആവേശകരമായ ഒരു പ്രവർത്തനമായി മാറി.

ഗ്രഹണ നിരീക്ഷണത്തിന് പിന്നീട് ലഭിച്ച രണ്ടുമൂന്ന് അവസരങ്ങളിൽ തയ്യാറെടുപ്പുകൾ നടത്തിയിരുന്നെങ്കിലും ആകാശത്ത് കാർമേഘം മൂടുക മൂലം വേണ്ടത്ര ജനശ്രദ്ധ ആകർഷിക്കാൻ കഴിഞ്ഞില്ല.

*വിജ്ഞാനോത്സവം*

വിജ്ഞാനോത്സവ പ്രവർത്തനങ്ങളുടെ ഭാഗമായി തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ സ്കൂളുകളുമായി വളരെ നല്ല സമ്പർക്കത്തിൽ ആകാൻ യൂണിറ്റ് പ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. തൃക്കാക്കര പ്രദേശത്ത് വാഴക്കാല,  കാക്കനാട്, തെങ്ങോട്,  തോപ്പിൽ,  പാലച്ചുവട് എന്നിങ്ങനെ അഞ്ച് യൂണിറ്റുകൾ പല കാലഘട്ടങ്ങളിലായി പ്രവർത്തിക്കുകയുണ്ടായി അതിൽ ഇപ്പോൾ തെങ്ങോട്, പാലച്ചുവട് യൂണിറ്റുകൾ മാത്രമാണ് നിലവിലുള്ളത്. നടപ്പുവർഷം(2021-22) മുനിസിപ്പാലിറ്റിയിലെ പത്ത് സ്കൂളുകളിൽ വിജ്ഞാനോത്സവത്തിനായുള്ള അറിയിപ്പുകൾ പാലച്ചുവട് യൂണിറ്റ് പ്രവർത്തകരാണ് എത്തിച്ചത്. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കും പാലച്ചുവട് യൂണിറ്റ് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്നു.

*തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ*

പ്രാദേശിക വികസനം ശാസ്ത്രീയമായും സമഗ്രമായും നടത്തപ്പെടണം എന്നത് പരിഷത്ത് സമൂഹവുമായി ചർച്ച ചെയ്തുകൊണ്ടിരുന്ന വിഷയമാണ്. പ്രസ്തുത ആശയം എങ്ങനെയൊക്കെ ചർച്ചചെയ്യപ്പെടണം എന്ന് വിശദീകരിച്ചുകൊണ്ട് സംഘടന ലഘുലേഖകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. 1995ലെ തദ്ദേശ സർക്കാരുകളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി പാലച്ചുവട് യൂണിറ്റ് ഈ ആശയത്തെ മുൻനിർത്തി ഒരു പ്രവർത്തന പരിപാടി സംഘടിപ്പിച്ചു. തൃക്കാക്കര പഞ്ചായത്തിലെ ഒന്നാം വാർഡിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രത്യേകം ക്ഷണിച്ച് മേൽസൂചിപ്പിച്ച ആശയത്തിൽ അവരുടെ കാഴ്ചപ്പാടുകൾ വിശദീകരിക്കാൻ പാലച്ചുവട് കവലയ്ക്ക് സമീപം ഒരു പൊതുവേദി സൃഷ്ടിച്ചു. ടി. പി. സുരേഷ് ബാബു ആമുഖപ്രഭാഷണം നടത്തുകയും തുടർന്ന് മത്സരാർത്ഥികൾ വിഷയത്തോട് പ്രതികരിച്ചു സംസാരിക്കുകയും ചെയ്തു. ഈയൊരു പരിപാടി ഏറെ ജനശ്രദ്ധയാകർഷിച്ചു. വ്യാപകമായി നോട്ടീസ് പ്രചരണവും മുന്നോടിയായി നടത്തിയിരുന്നു.

*ജനകീയാസൂത്രണം- ഗ്രാമസഭ ശാക്തീകരണം*

സംസ്ഥാനത്ത് ഒൻപതാം പഞ്ചവത്സര പദ്ധതി ജനകീയ പദ്ധതിയായി രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ 1997ൽ തുടങ്ങിവെച്ചു. ഗ്രാമസഭകൾ വിപുലമായി വിളിച്ചു ചേർക്കലും ജനങ്ങളുടെ അഭിപ്രായങ്ങൾ ശേഖരിക്കലും ഈ ദിശയിലുള്ള പ്രവർത്തനത്തിന്റെ കാതൽ ആയിരുന്നു. ഈ സന്ദർഭത്തിൽ യൂണിറ്റ് യോഗം ചേരുകയും ജനകീയ ആസൂത്രണ പ്രവർത്തനങ്ങൾ ഗ്രാമതലത്തിൽ മെച്ചപ്പെട്ട തരത്തിൽ സംഘടിപ്പിക്കാൻ ഉതകുംവിധം ഇടപെടുന്നതിനും, അതിനാവശ്യമായ സഹായസഹകരണങ്ങൾ നൽകാനും തീരുമാനിച്ചു. അതിന്റെ ഭാഗമായി യൂണിറ്റ് ഉൾക്കൊള്ളുന്ന പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട വാർഡ് മെമ്പർക്ക്‌ ഗ്രാമസഭകളും അയൽക്കൂട്ടങ്ങളും നന്നായി സംഘടിപ്പിക്കാൻ യൂണിറ്റിന്റെ സഹായം വാഗ്ദാനം ചെയ്തു.

ഗ്രാമസഭ പ്രവർത്തനങ്ങളുടെ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കുന്നതായി വാർഡ് മെമ്പറുടെ സഹായത്തോടെ സ്ഥലത്തെ പ്രധാന വ്യക്തികളുടെ യോഗം ചേർന്നു. പാലച്ചുവട് കവലയിലുള്ള ഒരു ചായക്കടയിൽ ആണ് ഒരു ദിവസം ഉച്ച തിരിഞ്ഞ് യോഗം കൂടിയത്. യോഗത്തിൽ വെച്ച് വാർഡിനെ 10 ഭാഗങ്ങളായി തിരിച്ച് പ്രദേശം ചിട്ടപ്പെടുത്തി. ഓരോ പ്രദേശത്തും അയൽക്കൂട്ടങ്ങൾ വിളിച്ചുചേർക്കാൻ ആളുകളെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് എല്ലാ വാർഡുകളിലും അയൽക്കൂട്ടങ്ങൾ ചേർന്നു. ആദ്യത്തെ അയൽക്കൂട്ടം ചേർന്നത് ടി. പി. സുരേഷ് ബാബുവിന്റെ വസതിയിൽ വച്ചായിരുന്നു. അയൽക്കൂട്ടങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ വെച്ച് വാർഡ് വികസന സമിതി രൂപീകരിക്കുകയുമുണ്ടായി. വാർഡ് വികസന സമിതിയിൽ വ്യത്യസ്ഥ രാഷ്ട്രീയ പാർട്ടികളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ പ്രത്യേകം നിർദ്ദേശങ്ങൾ നൽകിയിരുന്നു. അനന്തരം വാർഡ് വികസന സമിതിയുടെ മേൽനോട്ടത്തിലാണ് ഗ്രാമസഭകൾ പ്രസ്തുത കാലയളവിൽ വിപുലമായി സംഘടിപ്പിക്കപ്പെട്ടത്.

*വേണം മറ്റൊരു കേരളം*

*പദയാത്രയ്ക്ക് സ്വീകരണം*

യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമായിരുന്നു സംസ്ഥാന പദയാത്രയ്ക്ക് സ്വീകരണം നൽകിയത്. വേണം മറ്റൊരു കേരളം എന്ന മുദ്രാവാക്യവുമായി സംസ്ഥാന അടിസ്ഥാനത്തിൽ രണ്ട് പദയാത്രകൾ സംഘടിപ്പിക്കപ്പെട്ടു കയുണ്ടായി. തെക്കുനിന്നുള്ള പദയാത്രയ്ക്ക് നേതൃത്വം നൽകിയത് പ്രൊഫസർ ടി. പി. കുഞ്ഞിക്കണ്ണനും വടക്കുനിന്നുള്ള യാത്രയ്ക്ക് നേതൃത്വം നൽകിയത് ടി. ഗംഗാധരനും ആയിരുന്നു. രണ്ടു പദയാത്രകളും ആലുവ ടൗൺ ഹാളിൽ ഒരേസമയം സമാപിക്കുക യായിരുന്നു. ഇതിൽ തെക്കുനിന്നുള്ള പദയാത്ര കടന്നുപോയത് തൃപ്പൂണിത്തുറ -  വെണ്ണല കാക്കനാട് വഴിയായിരുന്നു. തളിപ്പറമ്പ് കവലയിൽ പദയാത്രയ്ക്ക് ഒരു ദിവസം ഉച്ചകഴിഞ്ഞുള്ള കേന്ദ്രം സ്വീകരണമൊരുക്കി. പദയാത്ര ക്യാപ്റ്റൻ പ്രൊഫസർ ടി. പി. കുഞ്ഞിക്കണ്ണൻ കേന്ദ്രത്തിൽ സംസാരിച്ചു. സ്ഥലത്തെ മറ്റു സംഘടനാ പ്രതിനിധികൾ യാത്രയ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.

പദയാത്ര സ്വീകരണത്തിനു പശ്ചാത്തല പ്രവർത്തനമായി വിവിധ സംഘടനകളുടെ പ്രതിനിധികളെ വിളിച്ച് യോഗം ചേരുകയും സംഘാടക സമിതി രൂപീകരിക്കുകയും ചെയ്തു. സംഘാടക സമിതിയുടെ നേതൃത്വത്തിൽ  വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പദയാത്ര യുമായി ബന്ധപ്പെട്ട അഞ്ഞൂറിൽപരം ലഘുലേഖകൾ അർക്കക്കടവു മുതൽ പാലച്ചുവട് വരെയുള്ള വീടുകളും കടകളും കയറിയിറങ്ങി പ്രചരിപ്പിച്ചിരുന്നു.

*മേഖലാ സെക്രട്ടറി മാരുടെ മധ്യമേഖല ക്യാമ്പ്*

പ്രൊഫസർ ഇ. കെ. നാരായണൻ പരിഷത്ത് ജനറൽ സെക്രട്ടറി ആയിരിക്കെ സംസ്ഥാന സെക്രട്ടറി മാർക്ക് വേണ്ടി രണ്ട് ദിവസത്തെ മൂന്ന് പഠനക്യാമ്പുകൾ നടത്തുകയുണ്ടായി. അതിൽ  മധ്യമേഖലാ ക്യാമ്പിന് ആതിഥ്യം നൽകിയത് എറണാകുളം മേഖലയായിരുന്നു. പ്രസ്തുത ക്യാമ്പ് നടത്തപ്പെട്ടത് യൂണിറ്റ് പരിധിയിലുള്ള കാക്കനാട് ഗവൺമെന്റ് യു.പി. സ്കൂളിൽ വെച്ചായിരുന്നു. ആയതിനാൽ യൂണിറ്റ് പ്രവർത്തകർക്ക് ക്യാമ്പിന്റെ സംഘാടനത്തിലും നടത്തിപ്പിനും വളരെ വലിയ പങ്കുണ്ടായിരുന്നു.

*യൂണിറ്റ് യോഗ ഇടങ്ങൾ*

പാലച്ചുവട് യൂണിറ്റിന്റെ രൂപീകരണ യോഗം കൂടിയത് ടി. പി. കെ.  മൊയ്തീൻ മാഷിന്റെ വസതിയിൽ വച്ചായിരുന്നു. പിന്നീട് ഓലക്കുഴി ബസ് സ്റ്റോപ്പ് പരിസരത്ത് തുറന്ന പ്രദേശത്ത് സായന്തനങ്ങളിൽ യൂണിറ്റി യോഗങ്ങൾ കൂടുക പതിവാക്കി. (ഇന്ന് ആ പ്രദേശം സൂര്യ നഗർ ബസ് സ്റ്റോപ്പ് എന്ന പേരിലേക്ക് മാറിയിരിക്കുന്നു.)തുടർന്ന് ടി. പി. സുരേഷ് ബാബുവിനെ വസതി, കൗസ്തുഭം സത്യനേശൻ ഗിരിജ ടീച്ചർ എന്നിവരുടെ വസതി, പലച്ചുവട് ഇസ്മയിലിന്റെ വസതി  എന്നിവിടങ്ങൾ യോഗത്തിന് വേദിയായി. അമ്പലപ്പാറ അടുത്തുള്ള സോമന്റെ വീട്ടിലേക്ക്  യോഗ വേദി മാറിയത് മറ്റൊരു സാഹചര്യം കൂടി കണക്കിലെടുത്താണ്. സോമന്റെ വീടിനു ചുറ്റുപാടുമുള്ള തുറന്ന സ്ഥലങ്ങളും നെൽവയലും വൃക്ഷലതാദികളും വശ്യമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വെണ്ണല ഭാഗത്ത് യൂണിറ്റ് പ്രവർത്തനം വ്യാപിക്കുക വഴി ടി. സി. സുബ്രഹ്മണ്യന്റെ വീടും വാസുചേട്ടന്റെ വീടും യൂണിറ്റ് വേദികളായി മാറി. മനീഷ് ഗാർഡൻ യൂണിറ്റ് യോഗങ്ങൾ കൂടാൻ ധാരാളമായി ഉപയോഗിച്ചിരുന്നു. ഈ അടുത്ത കാലത്തായി വാഴക്കാല കൈരളി വായനശാലയും യൂണിറ്റ് യോഗങ്ങൾ കൂടുന്നതിനുള്ള വേദിയായി. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഗൂഗിൾ പ്ലാറ്റ്ഫോമും യൂണിറ്റ് യോഗങ്ങൾ കൂടുവാൻ ഉപയോഗിച്ചുവരുന്നു

*സ്കൂൾ സയൻസ് ക്ലബ്ബ്*

യൂണിറ്റിന്റെ പ്രവർത്തന പരിധിയിൽ ഉള്ള കാക്കനാട് ഗവൺമെന്റ് യു. പി. സ്കൂൾ യൂണിറ്റിന് പ്രത്യേക താല്പര്യമുള്ള വിദ്യാഭ്യാസ സ്ഥാപനം ആയിരുന്നു. അതിന്റെ ഭാഗമായി സ്കൂൾ സയൻസ് ക്ലബ്ബുകളും ആയി സഹകരിച്ച് പരിസ്ഥിതി ക്ലാസുകൾ നക്ഷത്ര ക്ലാസ്സുകൾ ചാന്ദ്രയാത്ര വീഡിയോ പ്രദർശനങ്ങൾ എന്നിവ നടന്നു വന്നിരുന്നു ചാന്ദ്ര മനുഷ്യന്റെ സന്ദർശനവും പരിപാടികളിൽ ഒന്നായിരുന്നു.

*ലോക പരിസര ദിനം പ്രവർത്തനങ്ങൾ*

ജൂൺ അഞ്ചിന് ലോക പരിസര ദിനം ആചരണം ബാലവേദി സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് പ്രത്യേക ഊർജം പകർന്നിരുന്നു. സയൻസ് ക്ലബ് പ്രവർത്തകർ യൂണിറ്റ് പ്രവർത്തകരുമായി സഹകരിച്ച് തളിപ്പറമ്പ് പ്രദേശത്ത് റോഡരികിൽ മൂന്നുനാല് അവസരങ്ങളിൽ വൃക്ഷത്തൈകൾ നട്ടിരുന്നു. ആ തൈകളെ തുടർന്ന് പരിപാലിക്കാനും പ്രദേശത്തെ ചില സഹകാരികൾ ശ്രദ്ധിച്ചിരുന്നു. അതിന്റെ ഫലമായി ഏതാനും വൃക്ഷങ്ങൾ പരിസരത്ത് വളർന്നുവന്നത് സന്തോഷ് ത്തിന്റെ ഭാഗമായി.

*വികസന ക്ലാസ്*

വികസന വളർച്ചയുടെ പരിമിതികൾ ദീർഘകാലമായി ലോക സമൂഹം തന്നെ ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒന്നാണ്. വിഭവങ്ങളുടെ ഉപയോഗം ഇന്നത്തെ രീതിയിൽ തുടരാൻ കഴിയില്ല എന്നതാണ് അതിന്റെ കാതൽ. ഈ ഒരു ആശയവുമായി ബന്ധപ്പെട്ട് വെണ്ണല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുമായി ഒരു ചർച്ച ക്ലാസ് സംഘടിപ്പിച്ചു. ടി. പി. സുരേഷ് ബാബുവാണ് ക്ലാസ് അവതരിപ്പിച്ചത്. എം. ശിവരാമൻ സംഘാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.തുടർന്നും ഇത്തരം ക്ലാസ്സുകൾ വിദ്യാർഥികൾക്ക് ആവശ്യമുണ്ട് എന്ന് പ്രിൻസിപ്പാൾ അഭിപ്രായം പങ്കുവെച്ചു എങ്കിലും ആ രീതിയിൽ മുന്നോട്ടു പോകാൻ കഴിഞ്ഞില്ല.

ReplyForward
"https://wiki.kssp.in/index.php?title=പാലചുവട്&oldid=11280" എന്ന താളിൽനിന്ന് ശേഖരിച്ചത്