പ്രാദേശികഭരണം ശക്തിപ്പെടുത്തുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
18:30, 31 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Peemurali (സംവാദം | സംഭാവനകൾ)
പ്രാദേശികഭരണം ശക്തിപ്പെടുത്തുക
[[|ലഘുചിത്രം|ചിത്രം]]
ലഘുലേഖ കവർ
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഡിസംബർ 2020

ആമുഖം

കേരളം ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവേളയിലാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി അധികാരവികേന്ദ്രീകരണത്തിന്റെ കാര്യത്തിൽ ഏറെ മുൻപോട്ടുപോയ സംസ്ഥാനമാണ് കേരളം. ഈ സന്ദർഭത്തിലാണ് ത്രിതലപഞ്ചായത്തു ഭരണസമിതികളിലേക്ക് പുതിയ ജനപ്രതിനിധികൾ എത്തിയിരിക്കുന്നത്. സാമൂഹികമായി പുതിയൊരന്തരീക്ഷം നാട്ടിൽ നിലവിൽ വന്നിരിക്കുന്നു എന്നതും തദ്ദേശ വികസനപദ്ധതി രൂപീകരണത്തിൽ പരിഗണിക്കേണ്ടതാണ്. പുതിയൊരു അന്തരീക്ഷമെന്നതുകൊണ്ട് ഉദ്ദേശിച്ചത് രണ്ടുകാര്യങ്ങളാണ്. ഒന്ന്, കോവിഡ് 19 എന്ന തീവ്ര പകർച്ചവ്യാധി നമുക്കിടയിൽ ശാരീരികമായ അകലങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. രണ്ട്, ഇതുകൂടാതെ പലതരത്തിലുള്ള മാരക പകർച്ചവ്യാധികളുടെയും ഭീഷണി കൂടിവരികയാണ്. പക്ഷികളിലൂടെയും മൃഗങ്ങളിലൂടെയും അവ മനുഷ്യരിൽ എത്തിച്ചേരുന്നു. കാലാവസ്ഥാവ്യതിയാനത്തിന് ഇത്തരം വൈറസുകളുടെ വ്യാപനത്തിൽ പങ്കുണ്ടോയെന്നുള്ള ആശങ്കകളും ബലപ്പെട്ടുവരുന്നു. ഈ സാമൂഹികസാഹചര്യത്തിൽ ത്രിതലപഞ്ചായത്ത് ഭരണസമിതികളുടെ പദ്ധതിയാസൂത്രണ നിർവഹണ പ്രവർത്തനങ്ങൾക്കുള്ള വ്യാപ്തിയും പ്രസക്തിയും വർധിച്ചിരിക്കുന്നു. വൈദഗ്ധ്യത്തെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ജനകീയതലത്തിൽ നടത്തുന്ന പദ്ധതിനിർവഹണംകൊണ്ടുമാത്രമേ നാടിന്റെയും നാട്ടുകാരുടെയും സാമൂഹികവും വ്യക്തിപരവുമായ അതിജീവനം സാധ്യമാകൂ. ആയതിനാൽ ജനങ്ങളുടെ പരിപൂർണപങ്കാളിത്തമുള്ള പദ്ധതി ആസൂത്രണവും നിർവഹണവും ശക്തിപ്പെടുത്തിയേ മതിയാകൂ. ജനങ്ങളുടെ മുൻകയ്യിലുള്ള ജനപക്ഷവികസനാസൂത്രണം എന്ന ആശയത്തെ കേരളത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിച്ചതിന്റെ 25 വർഷത്തെ അനുഭവങ്ങൾ ജനകീയാസൂത്രണപ്രസ്ഥാനവും തുടർന്നുണ്ടായ അധികാരവികേന്ദ്രീകരണ പ്രയോഗങ്ങളും നമുക്ക് സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ജനപങ്കാളിത്തത്തോടെയുള്ള വികസനാസൂത്രണം എന്ന ആശയത്തെത്തന്നെ നിഷ്പ്രഭമാക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുള്ളത്. ദേശീയ ആസൂത്രണകമ്മീഷൻ ഇല്ലാതാക്കിയതിന്റെ ദുഃസ്ഥിതി കൂടുതൽ കൂടുതൽ നാടിനെ ബാധിക്കുന്ന ഒരവസ്ഥ ഇന്നുണ്ട്. ഈ സന്ദർഭത്തിൽ കേരളീയർ ഉയർന്നുപ്രവർത്തിച്ച് ജനകീയബദലുകൾ സൃഷ്ടിക്കുക മാത്രമാണ് ഈ സാഹചര്യത്തെ മറികടക്കാനുള്ള മാർഗം. സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നയപരമായ സമ്മർദങ്ങളിൽനിന്ന് കേരള സമൂഹത്തിന് കുറച്ചെങ്കിലും രക്ഷനേടാൻ ജനകീയവികസനാസൂത്രണ പ്രക്രിയയെ ശക്തമായും സുസ്ഥിരമായും മുന്നോട്ടുകൊണ്ടു പോയേ മതിയാകൂ. അതേക്കുറിച്ചുള്ള സർഗാത്മകചിന്തകൾക്കും ജനപക്ഷാശയ നിർമിതികൾക്കും തുടക്കം കുറിക്കാനാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഈ ലഘുലേഖയിലൂടെ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള പ്രാദേശികവികസനം എന്നത് ജീവൽപ്രശ്‌നങ്ങളുടെ പരിഹാരാധിഷ്ഠിതമായ അഭിമുഖീകരണവും, സാമൂഹികജീവിതത്തെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, ജനാധിപത്യം, ശാസ്ത്രബോധം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമാക്കി വളർത്തിയെടുക്കലുമാണ്. അതുകൊണ്ട് സാമൂഹികമായ അകലങ്ങളുടെ കാലമല്ല ഇതെന്നും സുരക്ഷിതമായ ശാരീരിക അകലങ്ങളുടെ കാലമാണെന്നും അതിനാൽത്തന്നെ സാമൂഹികമായ ഉൾക്കൊള്ളലിന്റെ കാലമാണിതെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. പ്രാദേശിക വികസനപദ്ധതി ആസൂത്രണത്തിലും നിർവഹണത്തിലും ഭരണത്തിലും സങ്കുചിതമായ കക്ഷി രാഷ്ട്രീയ ഇടപെടലുകൾ പൂർണമായും ഒഴിവാക്കേണ്ടതാണ്. പദ്ധതി പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിന് ജനപക്ഷ വികസനരാഷ്ട്രീയകാഴ്ചപ്പാടിൽ ഊന്നിയുള്ള സാമൂഹിക സമന്വയം ആവശ്യമാണ്. സാമൂഹിക രാഷ്ട്രീയ സമന്വയം എന്നത് പ്രാദേശിക വികസന നിർവഹണത്തിനുവേണ്ടിയുള്ള നീതിപൂർവമായ ഒത്തുതീർപ്പാണ്. അതിനിയും ക്രിയാത്മക സഹകരണത്തിലൂടെ ദൃഢപ്പെടുത്തേണ്ടിയിരിക്കുന്നു. തെരഞ്ഞെടുപ്പിൽ ജയിച്ചവർക്ക് മാത്രമല്ല, തോറ്റവർക്കും വികസനാസൂത്രണപ്രക്രിയയിലും നിർവഹണത്തിലും പങ്കാളിത്തമുണ്ടാവണം. അതിന് ജയിച്ചവർക്ക് തോറ്റവരെ സഹകരിപ്പിക്കാനും തോറ്റവർ ജയിച്ചവരോട് സഹകരിക്കാനും തയ്യാറാകാണം. ശരിയായ കാഴ്ചപ്പാടും അതിനനുസൃതമായ ജനപങ്കാളിത്തവികസനതന്ത്രവും ഉണ്ടാക്കിക്കൊണ്ടുമാത്രമേ പ്രാദേശികവികസനത്തെ ഉൽപാദനാധിഷ്ഠിതവും തൊഴിലധിഷ്ഠിതവുമായ ബദലായി ഉയർത്തിക്കൊണ്ടുവരാനാകൂ.

ജനകീയാസൂത്രണത്തിലെ ഊന്നലും പോരായ്മകളും

ജനകീയാസൂത്രണപ്രസ്ഥാനം കേരളത്തിന്റെ ഉൽപാദന-വിതരണ-നിർമാണരംഗങ്ങളിലെ നാനാതരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനാണ് ശ്രമിച്ചത്. കാർഷിക വ്യാവസായിക ഉൽപാദനമുരടിപ്പ് പരിഹരിച്ചും കുത്തകക്കമ്പനികളുടെ പ്രാദേശിക കമ്പോളാധിപത്യം കുറച്ചുകൊണ്ടും തദ്ദേശീയ ഉൽപാദനം വർധിപ്പിച്ചും വിതരണനീതി ഉറപ്പാക്കിയും ഈ പ്രശ്‌നങ്ങൾ പരിഹരിക്കുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ പ്രാദേശികസമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണുണ്ടായത്. ഇപ്പോഴാകട്ടെ വരൾച്ച, പ്രളയം, മഹാമാരി തുടങ്ങിയ ദുരന്തങ്ങൾ പുതിയ വെല്ലുവിളികൾ ഉയർത്തിയിരിക്കുന്നു. തദ്ദേശീയ ഉൽപാദനം വർധിപ്പിച്ച്, പ്രാദേശികസമ്പദ്ഘടനയെ ശക്തിപ്പെടുത്തിയ പല മേഖലകളും തകരുകയും തൊഴിലവസരങ്ങൾ പാടെ ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. അതുകൊണ്ടുതന്നെ തൊഴിലവസരങ്ങൾ പരമാവധി കണ്ടെത്തിക്കൊണ്ടായിരിക്കണം ഇനി മുന്നോട്ടുപോകേണ്ടത്. തൊഴിൽലഭ്യതയ്ക്കുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന പദ്ധതി പ്രവർത്തനം അനിവാര്യമാണ്. ഇക്കാര്യങ്ങളാണ് ഇപ്പോൾ തദ്ദേശഭരണ സ്ഥാപനങ്ങൾ ഈ രംഗത്ത് ഏറ്റെടുക്കേണ്ടത്. ഇതിനുള്ള സുവ്യക്തമായ ആസൂത്രണം തദ്ദേശഭരണസ്ഥാപനങ്ങളുടെ അജണ്ടയിൽ നിർബന്ധ മായും ഉൾപ്പെടുത്തണം. കാർഷിക, വ്യാവസായിക ഉൽപാദനരംഗങ്ങളിൽ ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിനുള്ള നടപടികളും ആദ്യഘട്ടത്തിൽ ഉണ്ടായേതീരു. ഉദാ: ഇലക്‌ട്രോണിക്‌സ്, ജൈവസാങ്കേതിക വിദ്യ, സുഗന്ധവിള സംസ്‌കരണം, കാർഷിക ഉൽപന്നസംസ്‌കരണം, പാൽസംസ്‌കരണം എന്നിങ്ങനെ. ഇവ ചെറിയ ചെറിയ ഉൽപാദനസംരംഭങ്ങ ളായി ഉയർന്നുവരണം. അഭ്യസ്തവിദ്യരായ തദ്ദേശീയർക്ക് സ്ഥായിയായ തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾക്ക് രൂപംനൽകി സമയബന്ധിതമായി നടപ്പിലാക്കണം. ഉൽപന്നങ്ങൾ ഗുണനിലവാരമു ള്ളതും സവിശേഷത (branded) ഉള്ളവയുമാകണം. കാർഷികരംഗത്തെ പ്രവർത്തനങ്ങളും ഈ രീതിയിൽത്തന്നെ സംഘടിപ്പിക്കണം. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ അഭ്യസ്തവിദ്യരായ യുവാക്കളെ ആകർഷിച്ച് ഉൽപാദനവും ഉൽപാദനക്ഷമതയും വർധിപ്പിക്കണം. സഹകരണ അടിസ്ഥാനത്തിലുള്ള ചെറുകിടവ്യവസായങ്ങൾ എന്ന രീതിയിലാ വണം ഉൽപാദനസംരംഭങ്ങളുടെ സംഘാടനം. ഇതിനുള്ള സാമ്പത്തിക സഹായങ്ങൾക്ക് പ്രാദേശിക സ്വകാര്യസ്ഥാപനങ്ങൾ, വ്യക്തികൾ, കേരള ബാങ്ക് എന്നീ സ്രോതസ്സുകളെ ആശ്രയിക്കണം. തദ്ദേശഭരണസ്ഥാപനങ്ങൾ എല്ലാവിധ പിന്തുണയും നൽകണം. സാമൂഹികപിന്തുണ ആവശ്യമായ സാധാരണക്കാരും ദരിദ്രരും നിസ്സഹായരും ആയ മനുഷ്യരോടുള്ള ഉത്തരവാദിത്തം നിർവഹിക്കുക, സമസ്ത തലങ്ങളിലും ഭരണപരമായ സുതാര്യത ഉണ്ടാക്കുക, പദ്ധതിരൂപീകരണത്തിലും നിർവഹണത്തിലും ജനപങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണല്ലോ വികേന്ദ്രീകൃതാസൂത്രണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. അതോടൊപ്പം, അന്ത്യോദയം എന്ന സങ്കല്പത്തെ യാഥാർഥ്യമാക്കുന്നവിധം കഴിയുന്നത്ര താഴെതലംവരെ ജനാധിപത്യസംസ്‌കാരം സുശക്തമാക്കുക, സ്ത്രീശക്തീ കരണപദ്ധതികൾ നടപ്പിലാക്കുക എന്നിവയും അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ അടിസ്ഥാനലക്ഷ്യങ്ങളിൽപ്പെടുന്നു. എന്നാൽ കഴിഞ്ഞ കാലങ്ങളിൽ നമുക്ക് സംഭവിച്ച ദൗർബല്യങ്ങൾ, കുറവുകൾ എന്നിവ പരിശോധിക്കേണ്ടതല്ലേ? തീർച്ചയായും. അവ സൂക്ഷ്മമായി പരിശോധിച്ച് പരിഹാര നടപടികൾ ഉണ്ടായാലേ ജനകീയാസൂത്രണ പ്രക്രിയയെ സുശക്തമാക്കി മുന്നോട്ടുകൊണ്ടുപോകാനാകൂ. ഇതിന് പഞ്ചായത്തുഭരണസമിതികൾ മാത്രം തീരുമാനിച്ചാൽ പോരാ. അധികാരവികേന്ദ്രീകരണരംഗത്ത് സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് വ്യക്തത ഉണ്ടാക്കുകയും അവ പ്രായോഗികമാക്കാൻ ഫല പ്രദമായി ഇടപെടുകയും ചെയ്യേണ്ടതുണ്ട്. എങ്കിലും, നിലവിലുള്ള പരി മിതികളെ മറികടക്കാൻ സുതാര്യത കൊണ്ടും ജനപങ്കാളിത്തംകൊണ്ടും കാര്യക്ഷമമായ സിവിൽ സർവ്വീസിന്റെ സാന്നിധ്യം കൊണ്ടും കഴിയുമെന്നതാണ് വസ്തുത. ഇടപെടൽശേഷിയും ഇച്ഛാശക്തിയും വർധിപ്പിക്കുന്തോറും നിയമത്തെ നീതിനിഷ്ഠമായ വിതാനത്തിലൂടെ വികസ്വരമാക്കിയെടുക്കാനാകും. ഇതാണ് ചരിത്രാനുഭവങ്ങൾ വെളിവാക്കുന്നത്. ജനകീയ ഇച്ഛയുടെ അർത്ഥവത്തായ പ്രതിഫലനം നിയമനിർവഹണത്തിൽ സാധ്യമാക്കാൻ ബോധപൂർവം ഇടപെട്ടുപ്രവർത്തിക്കണം. ഇതിനായി ജനപ്രതിനിധികളും ജനങ്ങളും ഐക്യത്തോടെ മുന്നോട്ടുവരാൻ സന്നദ്ധരാകണം. അതുകൊണ്ട് അധികാരം ഭരണസമിതി അംഗങ്ങളിലേക്ക് മാത്രം വികേന്ദ്രീകരിച്ചാൽ പോരാ. അതിനുതാഴേക്കും ജനാധിപത്യവൽക്കരണ പ്രക്രിയക്ക് ചലനശേഷി ഉണ്ടാക്കണം. ഇടക്കാലത്തുവച്ച് ഗ്രാമസഭകൾ ശോഷിച്ചു. അയൽക്കൂട്ടം എന്ന സംവിധാനത്തെ സാർത്ഥകമാക്കാനുള്ള ശ്രമം ഒട്ടുമുണ്ടായില്ല. അയൽസഭയ്ക്കും വേരില്ലാതായി. പ്രാദേശികവികസനത്തിലെ സുതാര്യതക്ക് മങ്ങലേറ്റതും സമീപകാല അനുഭവങ്ങളാണ്. സോഷ്യൽ ഓഡിറ്റും ദുർബലമായി. ഉദ്യോഗസ്ഥ-ജനപ്രതിനിധി-കരാർ കൂട്ടുകെട്ട് ചിലയിടങ്ങളിൽ മേൽക്കൈ നേടി എന്ന വസ്തുതയും മറച്ചുപിടിക്കേണ്ടതല്ല. പരിമിതികൾ മുൻഭരണസമിതിയുടെയോ ഉദ്യോഗസ്ഥരുടെയോ കുറ്റമായി കാണാനാവില്ല. അവയ്ക്ക് നാനാവിധ കാരണങ്ങൾ ചരിത്രപരമായി തന്നെ ഉണ്ട്. പിഴവുകളെ പഴിച്ചുകാലം കഴിക്കേണ്ടവരല്ല നമ്മൾ. ആരെയെങ്കിലും ശിക്ഷിക്കലല്ല നമ്മുടെ ലക്ഷ്യം. വരുംനാളുകളിൽ പിഴവുകൾ ആവർത്തിക്കാതിരിക്കലാണ്. ഓരോ പൗരനും ഇക്കാര്യത്തിൽ ജാഗ്രത്തായി ഇടപെടേണ്ടതുണ്ട്. ഭരണഘടനാമൂല്യങ്ങൾ, ജനങ്ങളോടുള്ള പ്രതിജ്ഞാബദ്ധത എന്നിവ സംരക്ഷിച്ച് മുന്നോട്ടുപോകാൻ അംഗങ്ങൾ തയ്യാറായാൽ ഒരുപാട് കാര്യങ്ങളിലുള്ള ഭരണപക്ഷ പ്രതിപക്ഷ കിടമത്സരങ്ങളും തെറ്റായ കരുനീക്കങ്ങളും ഒഴിവാക്കാവുന്നതേയുള്ളൂ. തദ്ദേശഭരണതലത്തിലെ ജനാധിപത്യം പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തിലെ ജനാധിപത്യപ്രക്രിയ സങ്കുചിത കക്ഷിരാഷ്ട്രീയ സീമകളിലേക്ക് സഞ്ചരിക്കാതിരിക്കാൻ നമുക്ക് പ്രത്യേകം ശ്രദ്ധിക്കാം. സുസ്ഥിരവികസനം സാധ്യമാക്കാം.

സുസ്ഥിരവികസനം

വികസനത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയെയാണ് സുസ്ഥിരമായ വികസനം എന്ന് പറയുന്നത്. ബ്രണ്ട് ലാൻഡ് കമ്മീഷന്റെ നിർവചനമനുസരിച്ച് നാളത്തെ സമൂഹത്തിന്റെ വികസനാവശ്യങ്ങൾക്കും പരിസ്ഥിതിസന്തുലനത്തിനും തടസ്സമുണ്ടാക്കാത്ത വിധത്തിൽ ഇന്നത്തെ സമൂഹത്തിന്റെ വികസനാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സാധ്യമായ ആസൂത്രണനിർവഹണമാണത്. പ്രകൃതിവിഭവങ്ങൾ ഏറ്റവും കാര്യക്ഷമമായും ഏറ്റവും കരുതലോടുകൂടിയും ഉപയോഗിക്കുകയും വിതരണത്തിൽ സാമൂഹികനീതി ഉറപ്പിക്കുകയും ചെയ്യലാണ് സുസ്ഥിരവികസനത്തിന്റെ അടിസ്ഥാനം. 2015ൽ ഐക്യരാഷ്ട്ര സംഘടന, സുസ്ഥിരവികസനം എന്ന ലക്ഷ്യം 2030ഓടെ നേടുന്നതിനായി 17ലക്ഷ്യങ്ങളുള്ള പ്രവർത്തനപരിപാടി പ്രഖ്യാപിക്കുകയുണ്ടായി. അജണ്ട 2030 എന്നറിയപ്പെടുന്ന ഈ പ്രവർത്തനപരിപാടിയിലെ 17 ലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്.

  1. ദാരിദ്ര്യമില്ലാത്ത അവസ്ഥ (No povetry)
  2. വിശക്കുന്നവരില്ലാത്ത അവസ്ഥ (Zero hunger)
  3. മെച്ചപ്പെട്ട ആരോഗ്യം (Good health and well-being)
  4. ഗുണനിലവാരമുള്ള വിദ്യാഭ്യാസം (Qualtiy Education)
  5. ലിംഗപദവി തുല്യത (Gender Equaltiy)
  6. ശുദ്ധജലവും ശുചിത്വവും (Clean water and Sanitation)
  7. ചെറിയ ചെലവിൽ ഊർജലഭ്യത (Affordable and clean energy)
  8. മാന്യമായ തൊഴിലും സാമ്പത്തികവളർച്ചയും (Decent work and Economic growth)
  9. വ്യവസായവളർച്ചയും പുതുസമീപനങ്ങളും പശ്ചാത്തല സൗകര്യവും (Indutsry, Innovation and Infratsructure)
  10. അസമത്വം കുറയ്ക്കൽ (Reducing inequaltiy)
  11. സ്ഥായിയായ നഗരങ്ങളും സമൂഹവും (Sustainable cities and communities)
  12. ഉത്തരവാദിത്തത്തോടു കൂടിയ ഉൽപാദന ഉപഭോഗരീതികൾ (Responsible Consumption and production)
  13. കാലാവസ്ഥാവ്യതിയാനം കുറയ്ക്കാനുള്ള പ്രവൃത്തികൾ (climate action)
  14. ജലത്തിലെ ജൈവവൈവിധ്യസംരക്ഷണം (Life below water)
  15. കരയിലെ ജൈവവൈവിധ്യസംരക്ഷണം (Life on Land Earth)
  16. സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള സംവിധാനങ്ങൾ (Peace, justice and tsrong institutions)
  17. ലക്ഷ്യങ്ങൾ നേടുന്നതിനുള്ള സഹകരണം (Partnership for the goals)

ഈ ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി പ്രവർത്തനങ്ങളിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും.

ശക്തമായ വിവരാടിത്തറ

കഴിയുന്നത്ര വസ്തുനിഷ്ഠമായ വിവരാടിത്തറ (Data Base) ഉണ്ടാക്കിയെടുക്കുകയെന്നത് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് അനിവാര്യമാണ്. തദ്ദേശഭരണസ്ഥാപനങ്ങൾക്ക് അധികാരം ലഭിച്ചിട്ടുള്ള വിവിധ മേഖലകളുമായി ബന്ധപ്പെട്ടുള്ള വികസനപദ്ധതികൾ തയ്യാറാക്കൽ ഭരണസമിതിയുടെ ഉത്തരവാദിത്തമാണ്. അതിനാൽ, ഓരോരോ അധികാരമേഖലയുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനവിവരങ്ങൾ ശേഖരിക്കേണ്ടതുണ്ട്. ഇത്തരം വിവരങ്ങൾ ശേഖരിച്ചുനൽകേണ്ടത് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ, അതുവഴി ആവശ്യമായ വിവരങ്ങൾ യഥാവിധി ലഭിക്കണമെന്നില്ല. ഇത്തരം ആവശ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ആസൂത്രണം ഇനിയും അവിടെ നടക്കേണ്ടതുണ്ട് എന്നതാണ് വസ്തുത. അതിനാൽ, ആവശ്യമായ വിവരങ്ങൾ തദ്ദേശഭരണസ്ഥാപനങ്ങൾ തന്നെ ശേഖരിക്കേണ്ടിയിരിക്കുന്നു. വിവരങ്ങളെ പ്രാഥമികവിവരങ്ങൾ (Primary datas), ദ്വിതീയവിവരങ്ങൾ (Secondary datas) എന്നിങ്ങനെ രണ്ടായിതിരിക്കാം. നിലവിലില്ലാത്ത വിവരങ്ങൾ ആദ്യമായി ശേഖരിക്കുന്നതാണ് പ്രാഥമികവിവരങ്ങൾ. ഏതെങ്കിലും ഏജൻസി ശേഖരിച്ചുസൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ മറ്റ് ഏജൻസികൾ ഉപയോഗിക്കുമ്പോൾ അത് അവരെ സംബന്ധിച്ച് ദ്വിതീയവിവരങ്ങളാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് എളുപ്പം ചെയ്യാവുന്നത്, ഇപ്പോൾ തന്നെ ലഭ്യ മായ ദ്വിതീയവിവരങ്ങൾ ശേഖരിക്കുകയാണ്. ഏതൊക്കെ വിവരങ്ങൾ ഏതൊക്കെ ഏജൻസികളിൽനിന്ന് ലഭ്യമാണ് എന്നറിഞ്ഞാലേ ഇത് സമയബന്ധിതമായി ചെയ്യാൻ പറ്റൂ. ദ്വിതീയവിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ഫോർമാറ്റുകൾ അടങ്ങുന്ന കൈപ്പുസ്തകം ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ തുടക്കത്തിലേ വിതരണം ചെയ്തിരുന്നു. അത് പഞ്ചായത്ത് ഓഫീസിലുണ്ടോ എന്ന് പരിശോധിക്കുക. താഴെ പറയുന്ന വിവരങ്ങൾ നിശ്ചയമായും ശേഖരിക്കണം : 1996ലെ വികസനരേഖ പരിശോധിച്ചാൽ, ശേഖരിക്കേണ്ട വിവരങ്ങളുടെ ഏകദേശരൂപം ലഭിക്കും. തദ്ദേശഭരണ ഓഫീസിലും അനുബന്ധ ഓഫീസുകളിലും, ഇതിനകം ശേഖരിച്ച നിരവധി വിവരങ്ങൾ ഉണ്ട്. ഇവയെല്ലാം പരിശോധിച്ച് വേണ്ടവിധം ശേഖരിക്കുക. ഇപ്പോൾ ലഭ്യമല്ലാത്തതും എന്നാൽ, അനിവാര്യമായി ശേഖരിക്കേണ്ടതുമായ വിവരങ്ങൾ എന്തൊക്കെയെന്ന് മനസ്സിലാക്കി, അവ ശേഖരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടങ്ങിവയ്ക്കാൻ ആലോചിക്കാം. അടുത്തവർഷത്തിനുള്ളിൽ, കുറ്റമറ്റ ഒരു പ്രാദേശികവിവരാടിത്തറ തയ്യാറാക്കുകയാവണം അടിയന്തിര ലക്ഷ്യം.

വിവരങ്ങൾ ലഭ്യമാകുന്ന സ്ഥലം
ഭൂമി വിവരങ്ങൾ വില്ലേജ് ഓഫീസ്, കൃഷി ഓഫീസ്
കാലാവസ്ഥാവിവരങ്ങൾ കൃഷിഭവൻ, കൃഷിഫാമുകൾ,
ജനസംഖ്യ സ്ഥിതിവിവരശേഖരണവകുപ്പ് ജില്ല ഓഫീസ്
ലൈവ് സ്റ്റോക്ക് മൃഗാശുപത്രി
കുട്ടികളുടെ വിവരങ്ങൾ അങ്കണവാടികൾ, വിദ്യാലയങ്ങൾ
വിളവിവരങ്ങൾ കൃഷിഭവൻ
രോഗ-ആരോഗ്യവിവരങ്ങൾ PHC, FHC

വികസനാസൂത്രണത്തിൽ ജനപങ്കാളിത്തം

കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റെ ബലഹീനതയായി ജനപങ്കാളിത്തക്കുറവ് മാറിയിട്ടുണ്ട്. പദ്ധതിയിലെ ജനപങ്കാളിത്തക്കുറവ് പരിഹരിക്കാനുള്ള ഉപാധി എന്ന നിലയ്ക്കാണ് ബൽവന്ത് റായ് മേത്ത കമ്മിറ്റി, ത്രിതലപഞ്ചായത്ത് സംവിധാനം നിർദേശിച്ചത്. 73, 74 ഭരണഘടനാഭേദഗതികളാവട്ടെ, ഗ്രാമസഭകളെയും വാർഡ് സഭകളെയും വ്യവസ്ഥ ചെയ്തുകൊണ്ട്, അതിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചു. ഈ നടപടി, തുടക്കത്തിൽ ജനപങ്കാളിത്തം വർധിപ്പിക്കാൻ സഹായിച്ചുവെങ്കിലും പിന്നീട്, ക്രമേണ, ജനങ്ങൾക്ക് താൽപര്യം കുറഞ്ഞു. ഈ കുറവ് പരിഹരിച്ചേ പറ്റൂ. അതിനായി, താഴെ പറയുന്ന നടപടികൾ സഹായിക്കും.

  1. ഗ്രാമസഭയ്ക്ക് കൂടുതൽ അധികാരങ്ങൾ നൽകുകയും ഗ്രാമസഭ, വാർഡ്‌സഭ തീരുമാനങ്ങൾ ഭരണസമിതികൾക്ക് ബാധകമാക്കുകയും വേണം. (ഇതിന് നിയമഭേദഗതി ആവശ്യമാണ്)
  2. ജനപ്രതിനിധികൾ ഗ്രാമസഭയോട് ബഹുമാനമുള്ളവരാവണം. തെരഞ്ഞെടുപ്പു കാലത്ത് ചെയ്തതുപോലെ, ഓരോ ഗ്രാമസഭയ്ക്കും മുന്നേ, വീടുകൾ സന്ദർശിച്ച്, എല്ലാ വീട്ടുകാരെയും ഗ്രാമസഭയിൽ പങ്കെടുക്കാൻ ക്ഷണിക്കണം. ഒരു വീട്ടിൽനിന്ന് ഒരാളെങ്കിലും പങ്കെടുക്കുമെന്ന് ഉറപ്പാ ക്കണം.
  3. ഗ്രാമസഭയുടെ സുതാര്യത ഉറപ്പുവരുത്തണം. യോഗാവസാനത്തോടെ, തീരുമാനങ്ങൾ കൃത്യമായി രേഖപ്പെടുത്തി അംഗങ്ങൾ മുമ്പാകെ വായിച്ച് അവതരിപ്പിച്ച് മിനിറ്റ്‌സ് പൂർത്തിയാക്കി സാക്ഷികളെക്കൊണ്ട് ഒപ്പിടുവിക്കുകയും വേണം. പിന്നീട് തീരുമാനങ്ങൾ തിരുത്തുന്ന സ്ഥിതിയുണ്ടാവരുത്.
  4. ഗ്രാമസഭയ്ക്കുമുമ്പായി അയൽസഭകൾ ഫലപ്രദമായി ചേരുന്നതിന് ജനപ്രതിനിധികൾ തന്നെ മുൻകയ്യെടുക്കണം.
  5. ഓരോ ഗ്രാമസഭയിലും തൊട്ടു മുന്നത്തെ ഗ്രാമസഭയുടെ തീരുമാനങ്ങൾ റിവ്യു ചെയ്യണം.
  6. വർഷത്തിൽ, രണ്ട് ശ്രമദാന പ്രവർത്തനങ്ങളെങ്കിലും ഗ്രാമസഭയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത് നടപ്പാക്കണം.
  7. പദ്ധതിനിർവഹണത്തിന്റെ മേൽനോട്ടത്തിന് ഗ്രാമസഭയ്ക്ക് ഉത്തരവാദിത്തം നൽകണം.
  8. അയൽസഭകളെയും ഗ്രാമസഭകളെയും ചലിപ്പിക്കുന്നതിനായി വർഷത്തിൽ ഒരു ലഘു സർവെയെങ്കിലും അവയെ ഉപയോഗിച്ചുകൊണ്ട് ചെയ്യണം. ഉദാ: ഇതര സംസ്ഥാന തൊഴിലാളി സർവെ, മറ്റു സംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ തൊഴിലെടുക്കുന്നവരുടെ സർവെ,

നീതിപൂർവമായ വിതരണം ഉറപ്പാക്കൽ

അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താനും നീതിപൂർവമായ വിതരണം ഉറപ്പാക്കാനും കഴിഞ്ഞാലേ തദ്ദേശീയവികസനം സാർത്ഥകമാകൂ. ഇതിനായുള്ള ആസൂത്രണം തദ്ദേശഭരണതലത്തിൽ പ്രധാന അജണ്ടയായി മാറ്റണം. ഉൽപാദനം വർധിപ്പിച്ചാൽ മാത്രം പോര. വിതരണത്തിലും സാമൂഹികനീതി ഉറപ്പാക്കണം. അതത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും അത് മർമപ്രധാനമായ ഇടപെടലായിത്തീരണം. മാത്രമല്ല, കൂടുതൽ പേർക്ക് തൊഴിൽ ലഭ്യമാക്കാനുള്ള പദ്ധതികൾക്ക് രൂപംനൽകണം. അത് നീതിപൂർവമായ വിതരണത്തിന്റെ ഭാഗമാണ്. അതിനായി ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയടക്കം സാധ്യമായതെല്ലാം ഉപയോഗിക്കാൻ നമുക്ക് കഴിയണം.

പ്രളയാനന്തരപാഠങ്ങളും അതിജീവനവും

പ്രകൃതിവിഭവങ്ങളായ മണ്ണ്, കല്ല്, പാറ, മണൽ എന്നിവയൊക്കെ തദ്ദേശ സ്വയംഭരണസ്ഥാപനത്തിന്റെ കീഴിൽ സാമൂഹികനിയന്ത്രണത്തോടെയാകണം ജനങ്ങൾക്ക് ലഭ്യമാക്കേണ്ടത്. എത്ര ചെറിയ നിർമാണപ്രവർത്തനമായാലും അതിന്റെ പരിസ്ഥിതി ആഘാതങ്ങൾ കൂടി പരിഗണിച്ചേ അനുമതി നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കാവൂ. കാലാവസ്ഥാവ്യതിയാനം കൂടുതൽ ദൃശ്യമാകുന്ന വസ്തുതയായി പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. പ്രളയം, വരൾച്ച, ചുഴലിക്കാറ്റ് തുടങ്ങിയ നിരവധി പ്രകൃതിദുരന്തങ്ങൾ കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടിരി ക്കുന്നു. 2016, 2017 വർഷങ്ങളിലെ വരൾച്ച 2018, 2019 വർഷങ്ങളിലെ പ്രളയം എന്നിവ നൽകിയ അനുഭവപാഠങ്ങൾ ഉൾക്കൊണ്ട് ദുരന്തപ്രതിരോധത്തിനും ലഘൂകരണത്തിനുമുള്ള പ്രവർത്തനങ്ങൾ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ശാസ്ത്രീയമായ ഭൂവിനിയോഗം, നിർമാണപ്രവർത്തനങ്ങ ളുടെ ഫലപ്രദമായ നിയന്ത്രണം എന്നിവയും ഇതിന്റെ ഭാഗമാവണം. ഇതിനാവശ്യമായ ജനകീയസംവിധാനം രൂപപ്പെടുത്തണം. കാർഷികമേഖല യിൽ ഉൽപാദനക്ഷമത കുറയാനും കീടബാധ വർധിക്കാനുമിടയുണ്ട്. കന്നുകാലികൾക്ക് രോഗം വർധിക്കാനും ഇടയുണ്ട്. മത്സ്യമേഖലയിലും പ്രതിസന്ധിയുണ്ടാകും. ആരോഗ്യമേഖലയിലും ഗുരുതരമായ പ്രത്യാഘാതമു ണ്ടാകും. ഇവയ്ക്കുള്ള പ്രതിരോധവും വാർഷികപദ്ധതിയുടെ ഭാഗമാക്കണം. കേരളം ഉപഭോഗ സംസ്ഥാനമാണ്. അരിയുടെ കാര്യത്തിൽ സ്വാശ്ര യത്വം സാധ്യമാകില്ല എങ്കിലും പച്ചക്കറി, പഴം, പാൽ, മുട്ട, മാംസം, മീൻ എന്നിവയുടെ കാര്യത്തിൽ സ്വയംപര്യാപ്തത സാധ്യമാണ്. ഇതിനുകൂടിയാണ് ജനകീയാസൂത്രണം ലക്ഷ്യമിട്ടത്. എന്നാൽ ഇത് നേടാൻ കഴിഞ്ഞില്ല. കോവിഡ് കാലത്തെ ലോക്ഡൗൺ കേരളത്തിന്റെ ഭക്ഷ്യസുരക്ഷയെയും ഏറെ ദുർബലമാക്കി. ഭീഷണമാക്കി. ഭക്ഷ്യവസ്തുക്കളുടെ ഉൽപാദനം വർധിപ്പിച്ചുകൊണ്ടല്ലാതെ കേരളത്തിന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകില്ല. കൃഷിഭൂമി വർധിപ്പിക്കാൻ കഴിയില്ല. എന്നാൽ തരിശായി കിടക്കുന്ന ഭൂമിയാകെ കൃഷിയിടമാക്കിമാറ്റാൻ കഴിയും. ഉൽപാദനക്ഷമത വർധിപ്പിക്കണം. ഇതിന് ജലസേചന സംവിധാനവും വള പ്രയോഗവും ശാസ്ത്രീയമാക്കണം. കാർഷിക ഉൽപന്നങ്ങളുടെ വിപണി വിപുലമാക്കണം. സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്തണം. കാർഷികവിളകളുടെ മൂല്യവർധന നടത്തണം. കൃഷി, മൃഗപരിപാലനം, ഡയറി, മീൻപിടുത്തം എന്നീ മേഖലകളിലെല്ലാം തന്നെ ഉൽപാദനവർധനവ് ലക്ഷ്യമിട്ടുള്ള പ്രൊജക്റ്റുകൾ വാർഷികപദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തണം. കാർഷികരംഗത്തെ വളർച്ച കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കും. കൃഷി ഭൂമിയുടെ ഉടമസ്ഥരാണെങ്കിലും അതിൽ കൃഷി ചെയ്യാൻ കഴിയാത്തവരുണ്ട്. ഇവരുടെ ഭൂമിയിൽ കൃഷി ചെയ്യാൻ വേണ്ട കാർഷികകർമസേനക്ക് രൂപംനൽകണം. സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതി ഭക്ഷ്യസുരക്ഷയെ ലക്ഷ്യമിടുന്നു. ഇത് പ്രാദേശികസർക്കാരുകളുടെ പദ്ധതിയുടെ ഭാഗമാകണം. ഇത്തരം പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായം ലഭിക്കേണ്ടത് അനിവാര്യമാണ്. തദ്ദേശഭരണസ്ഥാപന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ആർട്ട്‌സ് ആന്റ് സയൻസ് കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ഗവേഷണസ്ഥാപനങ്ങൾ എന്നിവയെ കഴിയുന്നത്ര ഉപയോഗപ്പെടുത്തണം. കൂടാതെ റിട്ടയർ ചെയ്തവരും സർവ്വീസിൽ ഉള്ളവരുമായ നിരവധി വിദഗ്ധർ മിക്കാവറും പ്രദേശങ്ങളിൽ ഉണ്ടാകാം. ഇവരുടെ വൈദഗ്ധ്യം പഞ്ചായത്തിന്റെ വികസനപ്രശ്‌നങ്ങൾ പഠിക്കുന്നതിനും പദ്ധതികൾ രൂപപ്പെടുത്തുന്നതിനും നടപ്പാക്കുന്നതിനും ഉപയോഗപ്പെടുത്തേണ്ടതാണ്. അക്കാദമികസ്ഥാപനങ്ങളെയും വിദഗ്ധരെയും പഞ്ചായത്തുമായി ബന്ധപ്പെടുത്തുന്നത് പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തും. ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടം മുതൽ ലക്ഷ്യമിട്ട ഈ ബന്ധം ആഗ്രഹിച്ച തലത്തിൽ വളർന്നിട്ടില്ല. ഇത് വളർത്തിയെടുക്കാൻ ബോധപൂർവ്വമായ ശ്രമം പഞ്ചായത്തുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.

മാലിന്യസംസ്‌കരണത്തിന്റെ ശാസ്ത്രവും രാഷ്ട്രീയവും

മാലിന്യപരിപാലനം പ്രാദേശികസർക്കാരുകളുടെ പ്രധാന അജണ്ടയാക്കേണ്ടതുണ്ട്. ഉറവിട മാലിന്യസംസ്‌കരണം വ്യാപകമാക്കി പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്തപ്രദേശമാക്കാൻ ലക്ഷ്യമിടണം. ഖരമാലിന്യത്തോടൊപ്പം ദ്രവമാലിന്യപരിപാലനത്തിനും മതിയായ പദ്ധതികൾ വേണം. ഹരിതകർമസേനയെ ശക്തമാക്കുകയും അജൈവമാലിന്യസംസ്‌കരണ സംവിധാനങ്ങൾ സജ്ജമാക്കുകയും വേണം. ജൈവമാലിന്യങ്ങൾ പൂർണമായും കമ്പോസ്റ്റാക്കി മാറ്റുകയും അത് കാർഷികമേഖലക്ക് ഉപയുക്തമാക്കുകയും വേണം. പങ്കാളിത്താസൂത്രണം കൊണ്ടും സർവ്വതല സ്പർശിയായ ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടും ലോകത്തിനു മുന്നിൽ വികസനത്തിന്റെയും സാമൂഹികപരിവർത്തനത്തിന്റെയും വ്യതിരിക്ത മാതൃക തീർത്ത നാടാണ് കേരളം. പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം, ഭക്ഷണം, പാർപ്പിടം, പശ്ചാത്തലവികസനം തുടങ്ങിയ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ വിവരണാതീതമാണ്. വികസനം അല്ലെങ്കിൽ ജനജീവിതത്തിന്റെ ഭാവി പ്രാദേശികമായി തീരുമാനിക്കാൻ അവസരവും വിഭവവിതരണവും സാധ്യമാക്കുന്ന സാമൂഹിക സംഘടനാസംവിധാനങ്ങൾ ഒരുക്കുന്നതിലും നമ്മൾ വിജയിച്ചു. അതിൽ നമുക്ക് അഭിമാനിക്കാം. നിത്യജീവിതത്തിൽ മാലിന്യം പരമാവധി കുറയ്ക്കുന്ന ജീവിതശൈലിയെപറ്റിയുള്ള പ്രചാരണം പൗരബോധനപരിപാടിയാക്കി മാറ്റണം.

ജനജാഗ്രത വേണ്ടിടം

പ്രകൃതിവിഭവങ്ങൾ ഏറെയുള്ള നാടാണ് നമ്മുടെ കേരളം. എന്നാൽ ഈ വിഭവസാധ്യതകൾ വേണ്ടപോലെ ഉപയോഗപ്പെടുത്തി ഭക്ഷണം ഉൽപാദിപ്പിക്കുന്നതിനും മറ്റു പ്രാഥമിക ഉൽപാദനവ്യവസ്ഥകളെ ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതിസൗഹൃദപൂർണമായ ഒരു വികസനമാതൃക മുന്നോട്ടുവയ്ക്കുന്നതിനും നമുക്ക് കഴിയാതെ പോയി മാത്രമല്ല, കേരളം പൊതുവികസന സൂചികകളിൽ ഉണ്ടാക്കിയ വളർച്ചയുടെ നിരക്കും പൊതുവിൽ ജനങ്ങളുടെ ജീവിതനിലവാരത്തിൽ ഉണ്ടായ ഉയർച്ചയും കണക്കിലെടുക്കുമ്പോൾ സ്ത്രീകളുടെയും, ആദിവാസിസമൂഹങ്ങളുടെയും, ദളിത് ജനവിഭാഗങ്ങളുടെയും ജീവിതത്തെ ഇതേ അനുപാതത്തിൽ മെച്ചപ്പെടുത്താൻ നമുക്കായിട്ടില്ല എന്ന വസ്തുത നമ്മുടെ കണ്ണുതുറപ്പിക്കണം. വികസനത്തെ രാഷ്ട്രീയ ഇടപെടലായി കൂടി കാണുമ്പോൾ, സാമൂഹികപരിവർത്തന പ്രക്രിയയായി മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, കേരള ചരിത്രത്തിൽ ആഴത്തിൽ വേരുള്ള സാമൂഹികനവോത്ഥാനപ്രക്രിയയുടെ തുടർച്ച ഉറപ്പാക്കാൻ ഉതകുംവിധം വികസനപ്രക്രിയയെ എത്രകണ്ട് ഉപയോഗിക്കാൻ നമുക്ക് കഴിഞ്ഞു? ഇത് വലിയ ചോദ്യമായി അവശേഷിക്കുന്നു. ജാതിമതലിംഗവ്യത്യാസങ്ങളും മറ്റു സാമൂഹികപിന്നോക്കാവസ്ഥകളും കേരളസമൂഹത്തിൽ അവശേഷിക്കുന്നുണ്ട്. ആധുനിക ജനാധിപത്യസമൂഹത്തിലെ ഏറ്റവും വിലപ്പെട്ട മൂല്യമായ തുല്യത എന്ന ആശയത്തെ കേരളസമൂഹം ഇനിയും കൂടുതൽ തെളിമയോടെ സ്വാംശീകരിക്കേണ്ടതുണ്ട് എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇതിനായി സാമൂഹികനീതിയെ ക്കുറിച്ചുള്ള തികഞ്ഞ അവബോധവും ആ ബോധത്തിൽനിന്നുകൊണ്ടുള്ള ഇടപെടലുകളും ഭാവി വികസനത്തിന്റെ ഭാഗമാവേണ്ടതുണ്ട്.

വിഭവാധികാരം പുനർനിർണയിക്കൽ

ഇത്തരത്തിൽ വിഭവാധികാരത്തെ സംബന്ധിച്ച് നിലനിൽക്കുന്ന ധാരണകളെയും വ്യവസ്ഥകളെയും പുനർനിർണയിക്കുക എന്നത് വളരെ വലിയ ആവശ്യമായിരിക്കുന്നു. ഭൂപരിഷ്‌കരണനടപടികൾക്ക് പരിഹരിക്കാൻ കഴിയാതെ പോയ വിഭവാധികാരത്തിലെ വിടവുകൾ ഇല്ലാതാക്കാൻ കഴിയണം ഭൂപരിഷ്‌കരണത്തിനുശേഷം കേരളത്തിൽ വിഭവാധികാരത്തിലും വിന്യാസത്തിലും ഉണ്ടായ മാറ്റങ്ങൾ വിശകലനം ചെയ്യണം. ആഗോളവൽക്കരണകാലത്ത് പൊതുവിപണിയിൽ, ഭൂമിയും പ്രകൃതിവിഭവങ്ങളും അടക്കമുള്ള വിഭവങ്ങൾ എങ്ങനെ കേന്ദ്രീകരിക്കപ്പെടുന്നു എന്നും പഠിക്കേണ്ടതുണ്ട്. ഇത്തരം പഠനങ്ങളും വിശകലനങ്ങളും, ഇന്ന് നാം അഭിമുഖീകരിക്കുന്നനാനാവിധ പ്രതികൂലതകളെ ചെറുക്കുന്നതിനുള്ള രാഷ്ട്രീയ ഇടപെട ലായി തദ്ദേശീയവികസനത്തെ മാറ്റിത്തീർക്കാൻ സഹായിക്കുന്നതാണ്. ഇത് പുതിയ കാലത്തിന്റെ ആവശ്യമാണ്. വെള്ളം, ജൈവവൈവിധ്യം, തണ്ണീർത്തടങ്ങൾ എന്നിങ്ങനെയുള്ള വിഭവങ്ങളുടെ മേൽ പൊതു ഉടമസ്ഥതയ്ക്കും പൊതുനിയന്ത്രണത്തിനും ഉള്ള സംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ട്. ഭൂമുഖത്ത് മനുഷ്യരുടെ ഇടപെടൽ മൂലം മാത്രം ഉണ്ടായ കാലാവസ്ഥാവ്യതിയാനത്തിന്റെയും വലിയ നാശത്തിന്റെയും വക്കിലാണ് നാം. പേമാരി, വരൾച്ച, വെള്ളപ്പൊക്കം, ഉരുൾപൊട്ടലുകൾ മഹാമാരികൾ എന്നിങ്ങനെ ലോകം പുതിയ വെല്ലുവിളികൾ നേരിടുകയാണ്. ആഗോളമായും പ്രാദേശികമായും മനുഷ്യനും പ്രകൃതിയും ഒരേപോലെ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നു. അവ പരസ്പര പൂരകങ്ങൾ ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രതിസന്ധിയെ അതിജീവിച്ച് പുതിയ ലോകക്രമം സാധ്യമാക്കണമെങ്കിൽ നമ്മൾ ആലോചിച്ചും സ്വയം നിയന്ത്രിച്ചും പ്രവർത്തിക്കേണ്ടതുണ്ട്. എല്ലാ മനുഷ്യർക്കും പ്രകൃതിക്കും അതായത് എല്ലാ ചരാചരങ്ങൾക്കും ഒരേപോലെ ആരോഗ്യമുള്ള ഏകലോകമായിരിക്കണം നാമിനി വിഭാവനം ചെയ്യേണ്ടത്. അത്തരം ലോകക്രമത്തിനുള്ള മാതൃക സൃഷ്ടിക്കുന്നതിനുള്ള ഉത്തരവാദിത്തം കൂടി പുതിയ കാലത്ത് കേരളം ഏറ്റെടുക്കേണ്ടതുണ്ട്. അതിൽ പ്രധാനം മനുഷ്യർക്കിടയിൽ മാത്രമല്ല, മറ്റു സഹജീവികളിലേക്കും കൂടി നീളുന്ന നീതിയെ പറ്റിയുള്ള ഉത്തമബോധ്യമാണ്. എല്ലാവർക്കും ഭക്ഷണം ലഭ്യമാക്കാനും അറിവ് നേടാനും മാന്യമായി ജീവിക്കാനും സ്വയംനിർണയിക്കാനുമുള്ള അവസരവും അധികാരവും ഉണ്ടാകുമെന്ന് ഉറപ്പാക്കണം. അതായത് 25 വർഷത്തെ ജനകീയാസൂത്രണ അനുഭവങ്ങൾക്ക് ശേഷവും നിലനിൽക്കുന സാമൂഹിക സാമ്പത്തിക അസമത്വങ്ങളെ കുറച്ചുകൊണ്ടുവരാനുള്ള ഇടപെടലുകളാണ് വികസനത്തിലെ സാമൂഹികനീതി. ഇതിൽ ആദ്യത്തെ പടി അസമത്വങ്ങൾ അനുഭവിക്കുന്ന സാമൂഹികവിഭാഗങ്ങളെ കണ്ടെത്തുക എന്നുള്ളതും പിന്നീട് അസമത്വത്തിന്റെ കാരണങ്ങളും തോതും മനസിലാക്കുക എന്നതുമാണ്. അതിന് സ്ഥിതിവിവരക്കണക്കുകളും സവിശേഷ വിഭാഗങ്ങളുമായുള്ള ആഴത്തിലുള്ള ചർച്ചകളും സഹായിക്കും. അവയുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിനും അവരനുഭവിക്കുന്ന അവശതകൾ കുറയ്ക്കുന്നതിനുള്ള വികസന പദ്ധതികൾ ആസൂത്രണം ചെയ്യണം. കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന വിഭവാധികാരം, മൂല്യങ്ങൾ, സംസ്‌കാരം എന്നിവ ഈ അടിസ്ഥാനത്തിൽ പുനർനിർണയിക്കണം. ഇതിനായി പഞ്ചായത്തിന് മൊത്തമായി ചില ദീർഘകാല ലക്ഷ്യങ്ങൾ തീർച്ചപ്പെടുത്തുകയും അവ നേടുന്നതിനായി ഹ്രസ്വകാല പ്രവർത്തനപദ്ധതികൾ വിഭാവനം ചെയ്യുകയും വേണം. കൂടാതെ ഓരോ വിഭാഗത്തിലും ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനായി തീർച്ചപ്പെടുത്തിയ പുരോഗതി കാലാ കാലങ്ങളിൽ ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങളും രൂപപ്പെടുത്തുന്നത് നന്നായിരിക്കും.

നിർദേശങ്ങൾ

  1. സാമ്പത്തികമായി ഏറ്റവും താഴെനിൽക്കുന്ന നാൽപതു ശതമാനം ജനങ്ങളുടെ സുസ്ഥിരമായ വരുമാനവർധനവ് ദേശീയ/ സംസ്ഥാന/ പ്രാദേശിക വളർച്ചാനിരക്കിനേക്കാൾ കൂടിയ നിരക്കിൽ ഉറപ്പാക്കുക.
  2. ജാതി, മതം, വർണ്ണം, ലിംഗം, ലൈംഗിക സ്വത്വം, പ്രായം, ശാരീരിക പ്രത്യേകതകൾ, വ്യത്യാസങ്ങൾക്കതീതമായി, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഉൾച്ചേർക്കൽ എല്ലാ വികസന ഇടപെടലുകളിലും ഉറപ്പാക്കുക, അതിലൂടെ എല്ലാ വിഭാഗങ്ങളുടെയും സാമൂഹികശക്തീ കരണം ഉറപ്പാക്കുക.
  3. വികസനത്തിന്റെ ഗുണഫലങ്ങൾ കുറച്ചു ലഭിച്ചിട്ടുള്ള തീരമേഖല, ആദിവാസി ദളിത് വിഭാഗങ്ങൾ, സ്ത്രീകൾ, ഇതര ലൈംഗികവിഭാഗങ്ങൾ, അംഗപരിമിതർ എന്നിവർക്ക് ഓരോ വികസനപദ്ധതിയിലും പരിഗണന കൊടുക്കുക. കൂടാതെ പ്രത്യേകപദ്ധതികൾ പ്രത്യേക ശ്രദ്ധകൊടുത്തു കൊണ്ട് ആസൂത്രണം ചെയ്യുക.
  4. എല്ലാ ദുർബലവിഭാഗങ്ങൾക്കും വികസനപ്രക്രിയയിലും നിർവഹണത്തിലും പ്രാതിനിധ്യവും അവസരവും ഉറപ്പാക്കുക.
  5. പഞ്ചായത്തിന് നിയന്ത്രണാധികാരമുള്ള സ്ഥാപനങ്ങളിലും സാമ്പത്തികസംരംഭങ്ങളിലും എല്ലാ വിഭാഗം മനുഷ്യരുടെയും പങ്കാളിത്തം ഉറപ്പാക്കുക.
  6. ഗ്രാമസഭകൾ പങ്കാളിത്തം കൊണ്ടും, പാരസ്പര്യം കൊണ്ടും, സുതാര്യത കൊണ്ടും, സാമൂഹികനീതി ചിന്തകൊണ്ടും ശക്തിപ്പെടുത്തുക.
  7. ഊരുകൂട്ടങ്ങൾ, ഊരുസഭകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുക.
  8. ഊരുകൂട്ടങ്ങളിലും ഊരുസഭകളിലും ഓരോരോ വിഭാഗത്തിന്റെയും സവിശേഷപ്രശ്‌നങ്ങൾ ചർച്ചചെയ്യുന്നതിനായി കൂടുതൽ സമയം അനുവദിക്കുക.
  9. ഗ്രാമസഭകളിലും ഊരുകൂട്ടങ്ങളിലും സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെയും അംഗപരിമിതരുടെയും സവിശേഷപ്രശ്‌നങ്ങൾ ചർച്ചചെയ്യാൻ നിർബന്ധമായും സമയം മാറ്റിവയ്ക്കുക. ഈ പ്രശ്‌നങ്ങളിൽനിന്നും വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക. വേണമെങ്കിൽ പ്രത്യേക ഗ്രാമ/ ഊരുസഭകൾ കൂടുക.
  10. വനിതാഘടകപദ്ധതികൾ ടഇടഠ ഘടകപദ്ധതികൾ എന്നിവയ്ക്കുള്ള വർക്കിംഗ് ഗ്രൂപ്പുകളിൽ പദ്ധതികൾ വിശദമായ വിശകലനത്തിന് വിധേയമാക്കുക.
  11. ഇത്തരം വിഭാഗങ്ങൾക്ക് സാമ്പത്തികസ്രോതസ്സുകളുടെ ലഭ്യതയും സാമ്പത്തിക സ്ഥാപനങ്ങളിൽ പ്രാപ്യതയും ഉറപ്പുവരുത്തുക.
  12. അവസരസമത്വം ഉറപ്പാക്കിക്കൊണ്ട് അസമത്വങ്ങൾ കുറയ്ക്കുക. വിവേചനങ്ങൾ ഉൾക്കൊള്ളുന്ന നിയമങ്ങളും നയങ്ങളും പരിപാടികളും നടപടിക്രമങ്ങളും ഒഴിവാക്കുക.
  13. സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങൾ കുറയ്ക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കുക.
  14. വേതനം, വരുമാനം, ആസ്തികളുടെ നിർമാണം എന്നിവയിൽ കൂടുതൽ തുല്യതയിലേക്കു നയിക്കുന്ന ഇടപെടലുകൾ നടത്തുക.
  15. ഭൂമി, മറ്റു പ്രകൃതിവിഭവങ്ങൾ, സാമ്പത്തികസ്രോതസ്സുകൾ എന്നിവയിൽ അവശവിഭാഗങ്ങളുടെ പ്രാപ്യതയും അവകാശവും നിർണയാധികാരവും കൂടുന്ന രീതിയിൽ വാർഷികപദ്ധതികൾ ആസൂത്രണം ചെയ്യുക.
  16. ഓരോ പദ്ധതിക്കാലം കഴിയുമ്പോഴും പാർപ്പിടമില്ലാത്തവരുടെയും ഉൽപാദനക്ഷമമായ ഭൂമി ഇല്ലാത്തവരുടെയും എണ്ണം കുറച്ചുകൊണ്ടുവരിക.
  17. ഭൂ ഉടമസ്ഥതയിലേക്ക് കൊണ്ടുവരാൻ കഴിയാത്ത കുടുംബങ്ങളെ സംഘപ്രവർത്തനങ്ങളിലൂടെ ഉൽപാദനപ്രക്രിയയിൽ ഇടപെടുത്തി ക്കൊണ്ട് ഭൂമിയുടെ പ്രാപ്യത ഉറപ്പാക്കുക. (സംഘ കൃഷികൾ, മറ്റു സംരംഭങ്ങൾ)
  18. ജൈവവൈവിധ്യം, ഖനിജങ്ങൾ, കാട്, വെള്ളം, പുഴകൾ, കടൽവിഭവങ്ങൾ എന്നിവയുടെ പങ്കാളിത്ത പരിപാലനത്തിനുള്ള സംഘടനാസംവിധാനങ്ങൾ (ജൈവവൈവിധ്യ പരിപാലന സമിതികൾ, വനാവകാശസമിതി കൾ, ഊരുകൂട്ടങ്ങൾ, പുഴയോരസംരക്ഷണ സമിതികൾ) അവയെ ആശ്രയിച്ചു ജീവിക്കുന്ന ദുർബലജനവിഭാഗങ്ങളുടെയും സ്ത്രീകളുടെയും പങ്കാളിത്തത്തോടെ ശക്തീകരിക്കുക.
  19. പ്രകൃതിവിഭവങ്ങളുടെ പരിപാലനത്തിൽ പഞ്ചായത്തിനുള്ള അധികാരങ്ങൾ മനസ്സിലാക്കി പ്രാദേശികമായി ജനകീയമായി ഇടപെടുക.
  20. കൂടുതൽ തുല്യത ഉറപ്പുവരുത്തുന്ന സാമൂഹിക സുരക്ഷാസംവിധാനങ്ങളും പരിപാടികളും ആസൂത്രണം ചെയ്യുക.

ഉപസംഹാരം

ഇന്ത്യ നിയോലിബറലിസത്തിന്റെയും മതരാഷ്ട്രവാദത്തിന്റെയും പ്രവണതയിലൂടെ തീവ്രമായി സഞ്ചരിക്കുന്ന കാലമാണിത്. അതിനെ ചെറുക്കാൻ പ്രാദേശികമായി കഴിയുന്നത്ര ജനകീയബദലുകൾ ഉയർത്തുക എന്നതാണ് പോംവഴി. ഇന്നത്തെ സാഹചര്യത്തിൽ മറ്റൊരു രാഷ്ട്രീയ അതിജീവനം എളുപ്പമല്ല. കാലാവസ്ഥാവ്യതിയാനവും ജീവികുലത്തെ ആസകലം പൊറുതിമുട്ടിക്കുന്നു. അതിനാൽ പാരിസ്ഥിതികചൂഷണ ത്തിന്റെ തോത് കുറച്ചുകൊണ്ടുവരാൻ നാം ബാധ്യസ്ഥരാണ്. സുതാര്യമായ തദ്ദേശഭരണവും ജനകീയാസൂത്രണവും എന്ന കാഴ്ചപ്പാട് മുറുകെ പിടിച്ച് നമുക്ക് അതിജീവനത്തിന്റെ ആത്മീയ-ഭൗതികശക്തിയായി മുന്നേറാൻ കഴിയണം. ജനങ്ങളുടെ മുൻകയ്യും സജീവപങ്കാളിത്തവും ഉറപ്പാക്കിയും ഇച്ഛാശക്തിയും കർമശേഷിയും ഉപയോഗപ്പെടുത്തിയും മുന്നേറാനായാൽ ജനാധിപത്യസാംസ്‌കാരിക പ്രക്രിയയുടെയും ഭരണനിർവഹണ പ്രക്രിയയുടെയും സദ്ഫലങ്ങൾ വിളയുന്ന മണ്ണായി കേരളം മാറുക തന്നെ ചെയ്യും. തീർച്ചയായും പുതുകേരളം ലോകത്തിന് മാതൃകയാവട്ടെ. ഐക്യവും കരുതലും തന്നെയാണ് ജനാധിപത്യത്തിന്റെ ശക്തി എന്നു തിരിച്ചറിയുക. അതാണ് ജനകീയാസൂത്രണത്തെ സമ്പൂർണ ജനാധിപത്യത്തിലേക്കുള്ള ശക്തമായ കാൽവെപ്പായി മാറ്റുന്നത്. രാഷ്ട്രനിർമാണത്തിനുള്ള അനേകം പുതുകൈവഴികൾ തീർക്കാൻ ജനകീയാസൂത്രണപ്രക്രിയക്ക് കഴിയുന്നതാണ്. ജനാധിപത്യ ഭരണനിർവഹണ സംവിധാനത്തെ അനുക്ഷണവികസ്വരവും ലക്ഷ്യാധിഷ്ഠിതവുമാക്കുന്ന ജനകീയപ്രക്രിയയായി വികസനാസൂത്രണം മാറുമ്പോൾ മാത്രമേ പങ്കാളിത്ത ജനാധിപത്യശക്തിയായി കേരളം വളരുകയുള്ളൂ എന്നോർക്കുക.