"ഭാഷ സംസ്കാരം വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 62: വരി 62:

===ഭാഷ ആധിപത്യത്തിന്റെ രൂപം===
===ഭാഷ ആധിപത്യത്തിന്റെ രൂപം===
ആർജ്ജിത വിജ്ഞാനം പകർന്നു കൊടുക്കാനുള്ള ഉപകരണമാണ് ഭാഷ എന്ന് ധരിക്കുമ്പോഴാണ് എഞ്ചിനീയറിങ് പഠിക്കൻ ഇംഗ്ലീഷല്ലേ നല്ലത് എന്ന തെറ്റിദ്ധാരണയുണ്ടയിത്തീരുന്നത്. ഇംഗ്ലീഷും എഞ്ചിനീയറിങും തമ്മിൽ ഒരു ബന്ധവും ഇല്ല. ഷേക്സ്പിയറുടെ ഹാമ്ലറ്റും DTPയും തമ്മിൽ ഒരു ബന്ധവുമില്ല എന്നു പറയുന്നതുപോലെ തന്നെ. ഇതു മനസ്സിലാകാതെ പോകുന്നതിനുള്ള മുഖ്യകാരണം നമ്മുടെ നാട്ടിൽ യാന്ത്രികാധിപത്യം കൊണ്ടുവന്നത് ഇംഗ്ലീഷ് സംസാരിക്കുന്നവരായതുകൊണ്ടാകാം. സംസ്കൃതഭാഷ സംസാരിക്കുന്നവർ നമ്മുടെ നാട്ടിൽ ആധിപത്യം നേടിയാൽ സംസ്കൃതം നല്ല ഭാഷയാണ്; അനാദിയായ ഭാഷയാണ് എന്നൊക്കെ നാം പറയും. ലോകം ഒരൊറ്റ ഗോളമായിത്തീരുകയും ആഗോളവൽക്കരണത്തിന് ഏറ്റവും സഹായകരമായ ഭാഷ ഇംഗ്ലീഷാണ് എന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുകയും  ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ കുട്ടികൾ ഇംഗ്ലീഷിൽ തന്നെ പഠിക്കണം എന്ന് കുട്ടികളെ 'സ്നേഹി'ക്കുന്ന അച്ഛനമ്മമാർ കരുതുന്നത്. ഇത് ഭാഷയുടെ പ്രാധമികപ്രയോഗത്തെ കുറിച്ചുള്ള അജ്ഞത കൊണ്ടുകൂടിയാണ്.
നമ്മുടെ കാലഘട്ടം Information technologyയുടെ കാലഘട്ടമാണ്. എന്നാൽ എല്ലാ ഇൻഫർമേഷനും വികാരങ്ങളിൽ നിന്നാണ് സാർത്ഥകമായിരിത്തീരുന്നത് എന്ന് information കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കറിയില്ല. അച്ഛനമ്മമാർക്കും ഇതറിയാതെ പോകുന്നു. അതറിയുന്ന ഒരൊറ്റ വർഗ്ഗമേ ലോകത്തുള്ളു. അത് പരസ്യമെഴുതുന്നവരും പരസ്യം കാണിക്കുന്നവരുമായ ആളുകളാണ്. സോപ്പ് ഒരു വികാരമാണ് എന്നറിയുന്ന ഒരു സോപ്പ് നിർമ്മാതാവ് സോപ്പിനെ ഒരു സ്പർശനമായും ചുംബനമായും സൗന്ദര്യത്തിന്റെ ഭക്ഷണമായും അനുരാഗമായും അവതരിപ്പിച്ച് നമ്മെ അവതാളത്തിലാക്കുന്നു.
ലോകത്തിനു മുഴുവൻ ഒരു ഭാഷ ഉണ്ടാക്കാൻ കഴിയുമെങ്കിലും അങ്ങനെ ഉണ്ടാക്കുമ്പോൾ അത് കാർഷിമേഖലയിലെ uniculture പോലെ ഭക്ഷണത്തിൽ നൂഡിൽ സംസ്കാരം പോലെ ഏകതാനം ആയിത്തീരും. ഇത് മനുഷ്യവർഗ്ഗത്തിന്റെ, ജീവിവർഗ്ഗത്തിന്റെ അടിസ്ഥാന സൗഭാഗ്യമായ ജീവിതവൈവിധ്യത്തെ, നാഗരികതയുടെ വൈവിധ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ അർത്ഥത്തിലാണ് ശാസ്ത്രസാഹിത്യപരിഷത്തും ശാസ്ത്രകാരന്മാരും ഭാഷയുടെ ഈ പ്രശ്നത്തെ സമീപിക്കുന്നത്.
യഥാർത്ഥ വിദ്യക്ക് പഴക്കമില്ല എന്നായിരുന്നു നാംകരുതിയിരുന്നത്. ഇതിനെയാണ് നാം സാഹിത്യത്തിലെയോ കാഞ്ചീപുരം സാരിയിലേയോ ശാശ്വതമൂല്യം എന്നു പറയുന്നത്. പുരോഗമനസാഹിത്യം പെട്ടെന്ന് കീറിപ്പോകുന്നു; ഉടുക്കുമ്പോഴേക്ക് മോശമാകുന്നു; എന്നാൽ വ്യാസന്റെ കൃതികൾക്ക് പഴക്കമുണ്ടാകുന്നില്ല എന്നു കരുതിപ്പോരുന്നു. ചരിത്രത്തിന്റെ ഗതിവേഗം കൂടുമ്പോൾ വിദ്യകളെല്ലാം വേഗത്തിൽ അപ്രസക്തമായിത്തീരുകയും പുതിയ വിദ്യകൾ ഉണ്ടായിത്തീരുകയും പഴയ വിദ്യകൾ ഒരു ഊനവും തട്ടാത്തതാണെങ്കിലും പെട്ടിയിൽ വെക്കാൻ മാത്രമുള്ളതോ ബൈൻഡ് ചെയ്തു വെക്കാൻ മാത്രമുള്ളതോ ആയിത്തീരുകയും ചെയ്യുന്നു. ഒരുപാട് മന്ത്രവാദം നമുക്കറിയാം. പക്ഷെ, പാമ്പുകടിച്ചാൽ ഉപയോഗിക്കുന്നത് ആന്റിവെനമാണ്. പിന്നെ ഈ മന്ത്രവാദം കൊണ്ടെന്താണ് പ്രയോജനം എന്നു ചോദിച്ചാൽ അത് കുന്ദംകുളത്തെ പ്രസ്സിൽ അച്ചടിച്ച് പെട്ടിയിൽ സൂക്ഷിക്കാമെന്നതാണ്. ഇങ്ങനെ വിദ്യ ഉപയോഗിക്കാനുള്ളതല്ല സൂക്ഷിച്ചുവെക്കാനുള്ളതാണ് എന്ന ബോധമുണ്ടാകുമ്പോൾ വിദ്യ ആദരിക്കാൻ ഉള്ള ഒരു സാധനമായി രൂപാന്തരപ്പെടുന്നു.
ഒരു കാലഘട്ടത്തിന്റെ സാങ്കേതികജ്ഞാനം പകർന്നുകൊടുക്കുന്ന വിദ്യ ഒരു സമുദായ വ്യവസ്ഥയെ നിലനിർത്തുക കൂടി ചെയ്യുന്നുണ്ട്. സാങ്കേതികവിദ്യയിൽ പരിവർത്തനമില്ലാതെ വരുമ്പോൾ അത് അച്ഛനിൽ നിന്ന് മക്കൾക്കും മക്കളിൽ നിന്ന് അവരുടെ മക്കൾക്കും പകർന്നു കൊടുക്കപ്പെടുന്ന  പാരമ്പര്യവിദ്യ ആയിത്തീരുകയും ഒരു വേള ജാതിവ്യവസ്ഥക്കുള്ള കാരണങ്ങളിൽ ഒന്നായിത്തീരുകയും ചെയ്യുന്നു. ഇത്തരം പാരമ്പര്യവിദ്യകളിൽ സിദ്ധാന്തവും പ്രയോഗവും ഒരിക്കലും വേർതിരിയുന്നില്ല--സംപൃക്തമാണ് എന്നു പറയാം. ഒരു പ്രാഥമിക മനുഷ്യബോധത്തിൽ പ്രയോഗവും സിദ്ധാന്തവും ഇങ്ങനെ സംപൃക്തമാണ്. ഇങ്ങനെ സംപൃക്തമായിട്ടുള്ള ഒരു ബോധത്തെ പകർന്നുകൊടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ അതിപ്രാചീനമായിട്ടുള്ള ഒരു സ്വഭാവം.
ദ്രോണർ തന്റെ ശിഷ്യന്മാർക്ക് നടത്തിയത് ആയുധ പരീക്ഷയായിരുന്നു. എത്രപേരെ കൊല്ലാൻ കഴിയും എന്നുള്ളതാണ് ഒരു യോദ്ധൃസമുദായത്തിലെ വിദ്യയുടെ മൂല്യം. അതുകൊണ്ട് അന്നത്തെ പരീക്ഷ പൊതുവിജ്ഞാന പരീക്ഷ ആയിരുന്നില്ല. ആയുധപരീക്ഷ ആയിരുന്നു. ഒരു സമുദായത്തിന്റെ വിദ്യാഭ്യാസം ആ സമുദായത്തിന് എന്താവശ്യമുണ്ടോ അതിനുള്ള വിദ്യാഭ്യാസമാണ്. സാമ്രാജ്യകാലത്തെ വികസനപ്രകൃയ എന്നത് നാട്ടിലുള്ള ജനങ്ങളുടെ ശരാശരി വരുമാനം അക്കങ്ങളിൽ വർദ്ധിപ്പിക്കുക എന്നതായിരുന്നില്ല; മറിച്ച് യുദ്ധം ചെയ്ത് രാജ്യം വലുതാക്കലായിരുന്നു. ഇങ്ങനെ ഓരോ സമുദായവും അതതുകാലത്ത് അതിനു വേണ്ട വിദ്യ ഉണ്ടാക്കി വിൽക്കുകയാണ് ചെയ്യുന്നത്.
===മാറിവരുന്ന സങ്കൽപങ്ങൾ===

{{അപൂർണ്ണം}}
{{അപൂർണ്ണം}}

10:05, 15 മാർച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

1995ലെ വിദ്യാഭ്യാസ ജാഥയിൽ പുറത്തിറക്കിയ ലഘുലേഖ

കേരളത്തനിമകൾക്ക് അടിസ്ഥാനമായി വർത്തിച്ച പൊതുവിദ്യാഭ്യാസത്തിനു നേരെ വൻഭീഷണി ഉയർന്നു വന്നിരിക്കുന്ന സാഹചര്യമാണിന്ന്. അതിശക്തമായി പ്രതികരിക്കുകയും ബദൽസമീപനങ്ങൾ കൂട്ടായി വളർത്തിയെടുക്കുകയും ചെയ്തുകൊണ്ടേ ഈ തകർച്ചയെ നേരിടാനാവൂ. പൊതുവിദ്യാഭ്യാസം രക്ഷിച്ചുകൊണ്ടേ നമുക്കു കേരളത്തെ രക്ഷിക്കാനാവൂ.

'പൊതുവിദ്യാഭ്യാസം സം‌രക്ഷിക്കുക' എന്ന മുദ്രാവാക്യവുമായി 95 നവംബർ 1 മുതൽ 18 വരെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന വിപുലമായ ജനബോധവൽക്കരണപരിപാടിയാണ് വിദ്യാഭ്യാസ ജാഥ.

കാസർകോട്, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ നിന്നാരംഭിക്കുന്ന ജാഥകൾ നവംബർ 18-ന് വിപുലമായ പരിപാടികളോടെ തൃശൂരിൽ സമാപിക്കും.

ജാഥയോടനുബന്ധിച്ചു പുറത്തിറക്കുന്ന ലഘുലേഖകളിൽ ഒന്നാണിത്. പൊതു വിദ്യാഭ്യാസം സംരക്ഷിക്കുവാനുള്ള ഈ ശ്രമത്തിൽ കേരളത്തെ സ്നേഹിക്കുന്ന മുഴുവൻ ജനങ്ങളും പങ്കുചേരുമെന്നു പ്രതീക്ഷിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ഭാഷ, സംസ്കാരം, വിദ്യാഭ്യാസം

ഭാഷ എന്നത് ചിന്തയുടെ രൂപമാണ്. സമുദായ വ്യവസ്ഥയുടെയും മനുഷ്യബന്ധങ്ങളുടെയും രൂപമാണ്. ആധിപത്യത്തിന്റെയും അധികാരത്തിന്റെയും രൂപവും കൂടിയാണത്. ഒരു ഭാഷയുടെ വ്യാകരണം ഒരു സമൂഹത്തിന്റെ വ്യാകരണം, അല്ലെങ്കിൽ മനുഷ്യബന്ധങ്ങളുടെ ഒരു പ്രദർശനം ആയിത്തീരുന്നുണ്ട്. ഒരു ഭാഷ എങ്ങനെ രൂപപ്പെടുന്നുവോ അതുപോലെയാണ് സമുദായം രൂപപ്പെടുക എന്നുള്ളത് ഇന്ന് സാമൂഹ്യഭാഷാശാസ്ത്രത്തിലെ പ്രധാനപ്പെട്ട ഒരാശയമാണ്.

നാം അറിഞ്ഞോ അറിയാതെയോ ഒരു ഭാഷയിൽ കൂടി ചിന്തിക്കുകയും സ്വപ്നം കാണുകയും നമ്മുടെ ചരിത്രം നിർമ്മിക്കുകയുമാണ് ചെയ്യുന്നത്. ഒരു കുട്ടിയെ ഒരു വാക്ക് പഠിപ്പിക്കുമ്പോൾ ഒരു ആശയത്തിനോ അനുഭവത്തിനോ രൂപം നൽകുന്നു എന്ന് ഒരു ഭാഷാശാസ്ത്രജ്ഞനറിയാം. ആർദ്രത എന്നുള്ളത് ഒരു പദമാണ്. ഈ ആശയമുണ്ടാകുന്ന ഈർപ്പം എന്ന ഒരനുഭവത്തിൽ നിന്നാണ്. ഈ ഈർപ്പം എന്ന ശാരീരിക അനുഭവത്തെ മാനസിക അനുഭവമായി രൂപാന്തരപ്പെടുത്തി നമ്മുടെ സമൂഹത്തിൽ ആർദ്രത വറ്റിക്കൊണ്ടിരിക്കുന്നു എന്നു പറയാറുണ്ട്. ഇത് വറ്റിപ്പോയ ഒരു പുഴയാകാം, കുളമാകാം വികാരവുമാകാം. ഇങ്ങനെ വറ്റിപ്പോകുമ്പോഴും ഈ ആർദ്രത ഭൂമിയുടെ ഉള്ളിൽ ഊറിക്കൂടുകയും ചിലപ്പോഴെല്ലാം അത് ഉറവകളായി മുകളിലേക്ക് വരികയും ചെയ്യുന്നു എന്നുള്ളത് ആർദ്രതയെ കുറിച്ചുള്ള ഒരു തത്വമാണ്.

വൈലോപ്പിള്ളി സംസ്കൃതത്തെ കുറിച്ച് എഴുതിയ ഒരു കവിതയിൽ സംസ്കൃതം ഇവിടെ ഒഴുകിയ ഒരു പുഴയാണെന്നും അതിനെ സരസ്വതി എന്നു വിളിക്കാമെന്നും പറയുന്നുണ്ട്. ത്രിവേണീസംഗമത്തിൽ രണ്ടു നദികളേ സംഗമിക്കുന്നുള്ളു. മൂന്നാമത്തെ നദിയായ സരസ്വതി ഭൂമിക്കടിയിൽ എവിടെയെല്ലാമോ ഒഴുകി ത്രിവേണീസംഗമത്തിൽ വന്നുയരുകയുമാണ് ചെയ്യുന്നത്. ഇങ്ങനെ അന്തർവാഹിനിയായ സരസ്വതിയാണ് സംസ്കൃതം എന്ന് അദ്ദേഹം പറയുന്നു. ഇതിലെ ബോധം നമ്മുടെ സൗന്ദര്യബോധങ്ങൾ, നമ്മുടെ മൂല്യബോധങ്ങൾ എന്നിവ സൂക്ഷിക്കുന്ന ഒരന്തർവാഹിനിയായി ഭാഷ നിലനിൽക്കുന്നു എന്നുള്ളതാണ്.

ഇളംകാറ്റിന് സുഖമുണ്ട് എന്നു നാം കരുതുന്നത് "പാടല സംസർഗസുരഭിവനവാതാൻ..." എന്നുള്ള കാളിദാസന്റെ മാലിനീനദിയിലെ ഈർപ്പമുള്ള കാറ്റിനെകുറിച്ചുള്ള വർണനെയെകൂടി ഉള്ളിൽ കണ്ടുകൊണ്ടാണ്. സൂര്യനസ്തമിക്കുമ്പോൾ അതിന് ഭംഗിയുണ്ട് എന്ന് നിങ്ങൾക്കു തോന്നുന്നത് സൂര്യന് ഭംഗിയുള്ളതുകൊണ്ടല്ല; അതിന് ഭംഗിയുണ്ട് എന്നു ഞാൻ പറഞ്ഞതുകൊണ്ടാണ് എന്ന് ഓസ്കാർ വൈൽഡ് പറയുന്നത് ഭാഷ അനുഭവത്തിന്റെ രൂപമായതുകൊണ്ടാണ്. സൗന്ദര്യം ഭാഷയുടെ പ്രക്ഷേപണമാണ് എന്നാണ് ഇതിലെ ആശയം. സൗന്ദര്യം എന്നുള്ള മൂല്യം പോലെതന്നെ മുഖത്തിന്റെ കാന്തിയെപ്പറ്റി, ചന്ദ്രന്റെ കാന്തിയെപ്പറ്റി, പൂക്കളുടെ കാന്തിയെപ്പറ്റിയെല്ലാമുള്ള പ്രക്ഷേപണങ്ങൾ സൗന്ദര്യത്തിക്കുറിച്ചുള്ള ഒരു ഭാഷാശാസ്ത്ര നിവേദനമാണ് എന്നും ഇങ്ങനെയുള്ള നിവേദനങ്ങളിൽ കൂടിയാണ് നാം ലോകത്തെ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നത് എന്നും നാം അറിഞ്ഞുതുടങ്ങിയിരിക്കുന്നു.

ഒരു സാർവലൗകിക ഭാഷയുണ്ടാക്കാനുള്ള ശ്രമം ഒരു ഭാഗത്തും നമ്മുടെ പ്രാചീനമായ ഭാഷാഭേദങ്ങളെയും സങ്കൽപങ്ങളെയും ഉയർത്തെഴുന്നേൽപിക്കാനുള്ള ശ്രമം മറുഭാഗത്തും നടന്നുവരുന്നു.

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തിൽ ഇത്തരം ഒരു പുനരുദ്ധാനം ഉണ്ടാകുന്നുണ്ട്. ഈ ഘട്ടത്തിലാണ് പുന്നശ്ശേരി നീലകണ്ഠശർമ്മ വള്ളത്തോളിനോട് പുരാണമൊക്കെ പഠിക്കണമെന്നു പറഞ്ഞത്. അങ്ങനെ വള്ളത്തോൾ പുരാണം പഠിക്കുകയും എല്ലാ പുരാണങ്ങളും പഠിച്ചതിനു ശേഷം 'പുരാണങ്ങൾ' എന്ന കവിത എഴുതുകയും ചെയ്യുന്നു. കാരണം ദേശീയതയുടെ ബൂർഷ്വാസങ്കൽപം ഒരടി പിന്നോട്ടുള്ള ഒരു പ്രയാണം കൂടിയാണ്. പുരാണങ്ങളുടെ വ്യാഖ്യാനങ്ങൾ ഉണ്ടാകുമ്പോൾ നാം നമ്മുടെ ദേശീയതയെ വീണ്ടും വ്യാഖ്യാനിക്കുന്നു എന്നും പൗരാണികമായ ചിഹ്നങ്ങളിൽ നാം നമ്മുടെ പൗരുഷത്തിന്റെയും സ്ത്രീത്വത്തിന്റെയും അടയാളങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു എന്നുള്ള ബോധം ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ഒരു ബോധം ആയിരുന്നു. ഈ ബോധം വീണ്ടും വീണ്ടും വരാം. സാർവലൗകികതയെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കെയാണ് വ്യാവസായിക സംസ്കാരം ലോകത്തെ ഒരൊറ്റ വീടാക്കിത്തീർത്തുകൊണ്ടിരിക്കെയാണ്, നമ്മുടെ അന്തർമണ്ഡലങ്ങളിൽ നിന്ന്, ചെറിയ ബോധങ്ങൾ ഉയിർത്തെഴുന്നേൽക്കുകയും ദേശീയത, ഉപദേശീയത തുടങ്ങിയ സങ്കൽപങ്ങൾ വരികയും ചെയ്യുന്നത്. ഇത് അധികാരത്തിന്റെ ഒരു ഏറ്റുമുട്ടലും പുനർനിർവചനവും കൂടിയാണ്.

അധികാരത്തിന്റെ രൂപം കൂടിയാണ് ഭാഷ എന്നതിനാൽ അധികാരത്തെ തോൽപിക്കാൻ അതിന്റെ ഭാഷയെ തോൽപിക്കണമെന്ന് നമ്മുടെ ദേശീയത കരുതിപ്പോന്നിരുന്നു. ഇതേ ഉദ്ദേശത്തോടെയാണ് ഇംഗ്ലീഷ് സോപ്പിനെയും ഇംഗ്ലീഷ് മല്ലുമുണ്ടിനെയും ഇംഗ്ലീഷ് ഭാഷയെയും നാം എതിർത്തിരുന്നത്.

മാഞ്ചസ്റ്ററിൽ നിന്ന് പല ബാധകൾ വരുന്നുണ്ട് എന്നും അതിലൊരു ബാധ മല്ലുമുണ്ടാണെന്നും മല്ലുമുണ്ടിനെ എതിർക്കണമെന്നും ഇ.വി.കൃഷ്ണപിള്ള പാടിയിട്ടുണ്ട്.

ആധിപത്യത്തിന്റെ ഒരു പ്രധാന ഉപകരണം ഭാഷയാണെന്നും വസ്ത്രധാരണരീതിയാണെന്നും വിദ്യാഭ്യാസമാണെന്നുമുള്ള പ്രാഗ്‌ബോധം ഇന്ത്യൻദേശീയപ്രസ്ഥാനത്തിലുണ്ടായിരുന്നുവെന്ന് നാം ഇപ്പോൾ മനസ്സിലാക്കുന്നു. അത്കൊണ്ടാണ് അന്ന് വിദ്യാപീഠങ്ങൾ ഉണ്ടായതും അലിഗഢ് സർവകലാശാല ഉണ്ടായതും കാശിയിലെ ഹിന്ദു സർവകലാശാല ഉണ്ടായതും സമാന്തരവിദ്യാഭ്യാസസ്ഥാപനങ്ങൾ ഉണ്ടായതുമെല്ലാം. ഇത് ഒരു ശക്തി തിരിച്ചുപിടിക്കലാണ് എന്നും ഇങ്ങനെ ശക്തി തിരിച്ചുപിടിക്കാനുള്ള ഒരു മാർഗ്ഗം നമ്മുടെ ഭാഷയെ തിരിച്ചു പിടിക്കലാണ് എന്നും ഗാന്ധിജിയും കരുതിയിരുന്നു.

ഇംഗ്ലീഷിനെ നിരോധിക്കാനുള്ള മാർഗ്ഗം മലയാളം തിരിച്ചു പിടിക്കുകയാണ് അല്ലെങ്കിൽ ഹിന്ദിയെ തിരിച്ചു പിടിക്കുകയാണ് എന്ന ബോധം പോലെ തന്നെ വിദേശസാങ്കേതിക വിദ്യയെ നിഷേധിച്ചുകൊണ്ട് നാടൻ ചക്കിനെയും കൈത്തറിയെയും തിരിച്ചുപിടിക്കണം എന്നും അക്കാലത്തെ ദേശീയപ്രസ്ഥാനം കരുതിയിരുന്നു.

പ്രതിരോധത്തിന്റെ മാർഗം ഒരടി പിറകോട്ട് മാറി നിൽക്കലാണ് എന്നുള്ളത് ഒരു സാർവലൗകിക പ്രതിരോധ തന്ത്രമാണ്. അച്ചടി എല്ലായിടത്തുമുണ്ടായിട്ടും കൈയെഴുത്തുമാസിക തുടങ്ങുന്നതും ഡി.ടി.പി. വരുമ്പോഴും ഇൻലന്റ് മാസിക നടത്തുന്നതും ഒരു പ്രതിരോധതന്ത്രമത്രെ. എളിമയെ പൊലിമയാക്കുന്ന തന്ത്രം. ഇങ്ങനെ ഒരടി പിന്നോക്കം മാറി നിൽക്കുന്ന ഒരു ഭാഷാപ്രസ്ഥാനമായാണ് മലയാളത്തിൽ പച്ചമലയാളപ്രസ്ഥാനം രൂപം കൊണ്ടത്. സംസ്കൃതത്തിന്റെ ആധിപത്യത്തെ ചെറുക്കാനുള്ള ഒരു മാർഗ്ഗം നാടൻ ഭാഷയിൽ സംസാരിക്കുക എന്നുള്ളതാണ്. പരാജയപ്പെട്ട പച്ചമലയാളപ്രസ്ഥാനം പോലും കേരളദേശീയബോധത്തിന്റെ പ്രകടനമായിരുന്നു എന്നും അത് ദ്രാവിഡ ദേശീയബോധത്തിന്റെ ഭാഗമായിരുന്നു എന്നും അതിന്റെ പ്രക്ഷീണമായ പ്രതിധ്വനി മാത്രമെ മലയാളത്തിലുണ്ടായുള്ളു എന്നും നാം ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.

ഭാഷ ഒരു സാംസ്കാരിക് ഉപകരണം

നാം വികാര നിവേദനത്തിനുപയോഗിക്കുന്ന ആദ്യത്തെയും ഒരു പക്ഷെ അവസാനത്തെയും ഭാഷ മാതൃഭാഷയാണ്. ശുണ്ഠിവന്നു സംസാരിക്കുമ്പോൾ വ്യാകരണമൊക്കെ തെറ്റുകയും പിന്നീട് ഗൗഡസാരസ്വതഭാഷയിൽ മാത്രം സംസാരിക്കുകയും ചെയ്യുമായിരുന്ന ഞങ്ങളുടെ മലയാളം പണ്ഡിതനെ ഓർത്തുപോകുന്നു. രോഷം വന്നാൽ, ദുഃഖം വന്നാൽ, സത്യം വന്നാൽ നാമെല്ലാം ഉപയോഗിക്കുന്ന ഭാഷ നമ്മുടെ മാതൃഭാഷ ആയിരിക്കും എന്നതു ഭാഷയുടെ പ്രാഥമിക തത്വമാണ്.

ശുണ്ഠിപിടിച്ച് പുലഭ്യം പറയുമ്പോൾ നാം നമ്മുടെ സ്വത്വത്തോട് കൂടുതൽ അടുക്കുന്നു. ഇതിനെ അമർത്തിവെച്ചുകൊണ്ടാണ് നാം ഒരു വ്യാകരണഭാഷയോ ഒരു വിദേശഭാഷയോ ഒരു ദേശീയഭാഷയോ സിവിൽ മാന്യതയോ അണിയുന്നത്. നമ്മുടെ ജീവിതത്തിന്റെ ഘടന, നാം ലോകത്തെ മനസ്സിലാക്കുന്ന രീതി നമ്മുടെ ആദ്യത്തെ ഭാഷയിൽ നിന്നാണുണ്ടായിത്തീരുന്നത്. ഈ പ്രാഥമിക തത്വം നിഷേധിക്കപ്പെടുമ്പോൾ ലോകത്തുള്ള മുഴുവൻ ശിശുക്കളുടെയും വരാനിരിക്കുന്ന തലമുറകളുടെയും പ്രാഥമിക വികാരതലം അനാർദ്രമായിത്തീരുകയും വികാരശൂന്യമായ ഒരു തലമുറ ഉണ്ടായിത്തീരുകയും ചെയ്യുന്നു. വികാരശൂന്യത ഫലത്തിൽ അബോധമായി പ്രവർത്തിക്കുന്ന വികാരമായി വന്ന് നമ്മെ ഓർക്കാപ്പുറത്ത് ആക്രമിക്കുകയാണ് ചെയ്യുന്നത്. പരസ്യമായി കരയാൻ പാടില്ല എന്നു കരുതുന്ന ഒരു പുരുഷന് പൗരുഷം ഒരു കവചമേ ആകുന്നുള്ളു. ഇങ്ങനെ വികാരങ്ങളെല്ലാം അന്തർവാഹിനികളായിത്തീരുകയും ആക്രമിക്കുകയും ചെയ്യുന്ന ഒരവസ്ഥ ഒരു സമുദായത്തിന്റെ മാനസികഘടനയിലെ പിളർപ്പിന്റെ അടയാളമാണ്. ഒരു വ്യക്തി രണ്ടായിത്തീരുകയും അടിയിൽ ഒരു വ്യക്തിയും മേലെ ചിരിച്ചു കാണിക്കുന്ന ഒരു വ്യക്തിയും എന്ന് ആളുകൾ രണ്ടായിത്തീരുകയും നമ്മുടെ സംസ്കാരം ഒരു വിഭക്തസംസ്കാരമായിത്തീരുകയും ചെയ്യുന്നു എന്നു പറയാം. പുറമെ പറയുന്ന ഒരു ഭാഷയും വീട്ടിൽ പറയുന്ന ഒരു ഭാഷയും എന്ന രണ്ടു ഭാഷ ഉണ്ടായിത്തീരുന്നു. അധ്യാപകന്റെയോ രക്ഷിതാവിന്റെയോ മുന്നിൽ വെച്ച് ചെയ്യാവുന്ന കാര്യങ്ങളും ഒറ്റക്കിരിക്കുമ്പോൾ ചെയ്യാവുന്ന കാര്യങ്ങളും എന്ന അർത്ഥത്തിൽ സഭ്യവും അസഭ്യവും പിരിഞ്ഞൊഴുകുന്ന മനസ്സിന് അതിന്റെ ഉദ്‌ഗ്രഥനം, ഇണക്കം നഷ്ടമായിത്തീരുന്നു. ഇത്തരം ഒരു പിളർപ്പ് നമ്മുടെ നാഗരികതക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടാണ് വളരെ പ്രസിദ്ധനായ ഇടതുപക്ഷ എറിൿഫ്രോം ഇന്നാർക്കെങ്കിലും 'ഭ്രാന്ത്' അഥവാ 'ബുദ്ധിഭ്രമം' വരുന്നില്ലെങ്കിൽ അതിനർത്ഥം അയാൾക്ക് ബുദ്ധിയില്ല എന്നാണ് എന്നു പറയുന്നത്.

നമ്മുടെ മനസ്സിനെ അസന്തുലിതമാക്കിത്തീർക്കുന്ന വളരെ വേഗമേറിയ ചലനങ്ങളിൽ കൂടിയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ആധുനിക സംസ്കാരത്തിന് നമ്മുടെ ആശയങ്ങളെ ഉൽപന്നങ്ങളാക്കി രൂപാന്തരപ്പെടുത്താനും നമ്മുടെ മോഹങ്ങൾക്ക് പകരമായ സാധനങ്ങൾ തരാനും സാധിക്കും. അങ്ങനെ ഭക്തി എന്ന അരച്ച ചന്ദനമോ കത്തിച്ച ചാണകമോ ആകുന്നു. അമ്പലത്തിലെ ചീട്ടോ വാടകക്ക് ശയനപ്രദക്ഷിണം നടത്തുന്ന ഒരാളുടെ കൂലിയോ ആകുന്നു. ഭക്തിയെ ഉൽപന്നമാക്കിത്തീർക്കുന്ന ഒരു രീതിയാണത്. ഇതാണ് മതത്തിന്റെ ഉൽപാദനവിതരണരീതി. ഈ രീതി പുതിയ നാഗരികത സ്വീകരിക്കുകയും സ്നേഹത്തെയും ആദർശത്തെയും സൗന്ദര്യത്തെയുമെല്ലാം വിൽക്കാമെന്ന് കണ്ടെത്തുകയും ചെയ്യുന്നു. ഇങ്ങനെ ഉൽപാദന വിപണനത്തിന്റെ സംസ്കാരം കൊണ്ട് ലോകത്തെ മുഴുവൻ വലയം ചെയ്യാമെന്ന പുതിയ ബോധത്തിലാണ് നാമെല്ലാം എത്തിച്ചേർന്നിട്ടുള്ളത്.

ലോകത്തിലെ ആളുകളെല്ലാം ഒരു പ്രത്യേക ബ്രാൻഡിലുള്ള ആഹാരം മാത്രം കഴിച്ചാൽ മതിയെന്ന് ഒരു അന്താരാഷ്ട്ര കമ്പനി പറയുമ്പോൾ നമ്മുടെ മേശപ്പുറത്തും അമേരിക്കക്കാരന്റെ മേശപ്പുറത്തുമെല്ലാം ഒരേ സ്വാദുള്ള ന്യൂഡ്‌ൽസോ, ചോളപ്പൊരിയോ വന്നുചേരുന്നു. ഇത് രുചിയുടെ ആഗോളവൽക്കരണമാണ്. എല്ലാവരുടെയും രുചി എന്നതിനർത്ഥം അതാരുടെയും രുചിയല്ല എന്നു തന്നെയാണ്.

ലോകത്തിലുള്ള മുഴുവൻ സാധനങ്ങളെയും നല്ലത്, ചീത്ത എന്നു വേർതിരിക്കലാണ് വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും പ്രാഥമികപ്രവർത്തനങ്ങളിലൊന്ന്. വരവ്, ചെലവ് എന്ന് പട്ടിക തിരിക്കുന്നതു പോലെ 'ഹറാം-ഹലാൽ' എന്നോ 'പുണ്യം-പാപം' എന്നോ തരംതിരിക്കുന്നു. ഇങ്ങനെ തരം തിരിക്കുന്നത് പലപ്പോഴും ഒരു ഭാഷയുടെയോ ആദിമബോധത്തിന്റെയോ അടിസ്ഥാനത്തിലാണ്. ഇങ്ങനെയുള്ള ജീവിതബോധം നമ്മുടെ ഉള്ളിൽ രൂപം കൊള്ളുന്നത് തീർച്ചയായും ജീവിതത്തിന്റെ ആദ്യനാളുകളിലാണ്. അതുകൊണ്ടുകൂടിയാണ് ആദ്യം പഠിക്കുന്ന ഭാഷയുടെ ഘടന നമ്മെ ഗണ്യമായി സ്വാധീനിക്കുന്നു എന്നു പറയുന്നത്.

എൻ.വി. കൃഷ്ണവാരിയർ 1940-കളിൽ എഴുതിയ ഒരു കവിതയിൽ അനുരാഗത്തിന്റെ അടയാളമായി കാമുകൻ ധരിച്ചിരുന്നത് ഒരു ജോഡി ഷൂസായിരുന്നു. പൊറ്റെക്കാടിന്റെ കഥയിൽ അനുരാഗത്തിന്റെ അടയാളം ഒരു വാസനസോപ്പാണ്. ഷേക്സ്പിയറുടെ കൃതികളിൽ അത് ഒരു തൂവാലയാണ്. ഇത്തരത്തിലുള്ള അടയാളങ്ങളൊക്കെ നമുക്ക് തന്നുകൊണ്ടിരിക്കുന്നത് ഭാഷയുടെ പ്രക്ഷേപണങ്ങളാണ്. ഈ അടയാളങ്ങൾക്ക് മാറ്റങ്ങളുണ്ടാവാം. ഇങ്ങനെയുള്ള അടയാളങ്ങൾ മാറി വരുമ്പോൾ ഭാഷയും അതോടൊപ്പം മാറിത്തീരുന്നു. ബഷീർ ഇത്തരത്തിലുള്ള മുരടിച്ച മാന്യതയുടെ അടയാളങ്ങളെ ഭേദിക്കുകയും പുതിയ അടയാളങ്ങളുടെ ലോകം കൊണ്ടുവരികയും ചെയ്യുന്നു. ഈ പുതിയ അടയാളങ്ങൾ നമ്മുടെ തിരക്കിനിടയിൽ നാം മറന്നുപോയ വളരെ സാധാരണമായ പഴയ അടയാളങ്ങൾ തന്നെയാണ്. സ്നേഹത്തിന്റെ ഏറ്റവും സാധാരണമായ പ്രകടനങ്ങളിലൊന്ന് നുള്ളുകയാണ് എന്ന് ബഷീർ നമ്മെ ഓർമ്മിപ്പിച്ചുവല്ലോ.

സ്വാഭാവികമായ വികാരങ്ങൾക്കു പകരം അയഥാർത്ഥമായ, കൃത്രിമമായ, അനുകൃതമായ വികാരങ്ങൾ കൊണ്ട് നമ്മുടെ ജീവിതം നിറയുമ്പോൾ അത് തികച്ചും ഉപചാരപൂർണ്ണമായിത്തീരുന്നു. 'Happy birthday to you' എന്ന് നിർത്താതെ കൂകും പോലെ. ഒരു വൈദേശികഭാഷയുടെയോ വൈദേശികാചാരത്തിന്റെയോ ജഡഭാരം ഒരനുഭവമായി മാറുന്നില്ല.

ലോകത്തിലെ എല്ലാ മനുഷ്യരും ഒരേ വസ്ത്രം ധരിക്കുമ്പോൾ ലോകം കാണാൻ കൊള്ളാത്ത ഒന്നായിത്തീരുന്നു എന്നുള്ളതാണ് അതിന്റെ ഏറ്റവും വലിയ ദോഷം. ഒരേ തൂവൽപക്ഷികളുടെ ദോഷം തന്നെ. എല്ലാ പക്ഷികൾക്കും ഒരേ തൂവലായിത്തീരുമ്പോൾ പക്ഷികളില്ലാതായിത്തീരുന്നു എന്നുള്ളതാണ് പക്ഷികളുടെ ജൈവദൗർഭാഗ്യം എന്നു പറയുന്നത്. വൈവിധ്യം ജീവിതത്തിന്റെ ആധാരവും സൗഭാഗ്യവുമാണെന്ന് ശാസ്ത്രം അറിയുന്നതും നാം തെങ്ങുകൾ മാത്രം വെച്ചുപിടിപ്പിക്കുകയും നമ്മുടെ കവികൾ തെങ്ങിനെ പറ്റി മാത്രം കവിതയെഴുതുകയും ചെയ്യുമ്പോൾ സംഭവിക്കുന്നതും മറ്റൊന്നല്ല. അനന്തജൈവവൈവിധ്യത്തിന്റെ സാധ്യത നമുക്കു നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ചില ഓർക്കിഡ് പുഷ്പങ്ങൾക്കു മാത്രമെ മാർക്കറ്റുള്ളു എന്നു വരുമ്പോൾ കുമാരനാശാൻ വർണ്ണിച്ച കപോതപുഷ്പം നമുക്കു നഷ്ടപ്പെട്ടു പോകുന്നു. എന്റെ ഹൃദയമാണ് ഇവിടെ വിരിഞ്ഞു നിൽക്കുന്നത് എന്ന് ഒരു പേർഷ്യൻ കവി വർണിച്ച പനിനീർപ്പൂ നമുക്ക് നഷ്ടപ്പെടുന്നു. പകരം എല്ലാവർക്കും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ 'ഔപചാരിക മൗഢ്യം' മാത്രം സമ്മാനിക്കപ്പെടുകയും ചെയ്യുന്നു.

ഇങ്ങനെ നമ്മുടെ സംസ്കാരത്തിന്റെ അഭിരുചി വൈവിധ്യം, അനുരാഗത്തിന്റെ വർണവൈവിധ്യം എന്നിവയെല്ലാം നഷ്ടപ്പെടുകയും സ്നേഹത്തിന്റെ അടയാളം പ്രഷർകുക്കറോ വാഷിങ്മെഷീനോ ആണെന്ന് നമ്മുടെ ബുദ്ധി തെറ്റിദ്ധരിക്കാനിടവരികയും ചെയ്യുന്നു.

ഇങ്ങനെ നമ്മുടെ ജീവിതം സാംസ്കാരികമായി എത്രമേൽ ദരിദ്രമായിക്കൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവാണ് വാസ്തവത്തിൽ ഭാഷയുടെയും വിദ്യാഭ്യാസത്തിന്റെയും തലത്തിൽ എത്തുമ്പോൾ നാം വേദനയോടെ നേടുന്ന അറിവ്. മലയാള ഭാഷ എന്റെ ഹൃദയത്തിലെ പൂവാണ് എന്നും അതെന്റെ സ്നേഹത്തിന്റെ ആർദ്രതയാണ് എന്നും എന്റെ കോപത്തിന്റെ തുടുപ്പാണ് എന്നും എന്റെ മൗഢ്യത്തിന്റെ കറുപ്പാണ് എന്നും അറിയുന്നതിലാണ് ആ ഭാഷയെ നിലനിർത്തേണ്ടത്. ഞാൻ ഉണ്ടാക്കുന്ന പുഷ്പമാണ് എന്റെ ഭാഷ എന്നും ഇത്തരം അനേകം പൂക്കൾ വിരിയുമ്പോൾ അത് ലോകത്തിന്റെ വലിയ പൂന്തോപ്പായി തീരുന്നു എന്നും മറ്റെല്ലാ ജൈവവസ്തുക്കളുടെയും അതിജീവനത്തിന് ജൈവവൈവിധ്യം സഹായിക്കുന്നതുപോലെ നമ്മുടെ സംസ്കാരത്തിന്റെ അതിജീവനത്തിന് ഭാഷകളുടെയും നമ്മുടെ സാംസ്കാരികപ്രതികരണങ്ങളുടെയും വൈവിധ്യം ആവശ്യമാണ് എന്ന് തിരിച്ചറിയുന്നതിനും ഉൾക്കൊള്ളുന്നതിനും ആഗോളവൽക്കരണം തടസ്സമായി മാറുന്നു.

എഴുത്തച്ഛൻ അദ്ദേഹത്തിന്റെ ഒരു ഭാഷ സൃഷ്ടിക്കുകയാണ് ചെയ്തത്. അത് ഒരു ഭാഷയും വ്യത്യസ്തമായ ഒരു ജീവിതമൂല്യബോധവും ആയിത്തീർന്നു. അതു ചെറുശേരിയുടെ ഭാഷയല്ല. കുഞ്ചൻനമ്പ്യാരുടെതുമല്ല. നമ്പ്യാരുടെ നാട്ടുകാരനായ വി.കെ.എൻ. തന്റെ ഭാഷയും എഴുത്തച്ഛന്റെ നാട്ടുകാരനായ എം.ടി അദ്ദേഹത്തിന്റെ ഭാഷയും സൃഷ്ടിക്കുമ്പോഴാണ് നാം പറയുന്ന ഭാഷയുടെ ജൈവവൈവിധ്യം ഉണ്ടാകുന്നത്. ഓരോ വ്യക്തിയും അയാളുടെ നാടിന്റെ സംസ്കാരത്തെ വീണ്ടും വീണ്ടും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളതാണ് സംസ്കാരത്തിന്റെ ജൈവതത്വം. ഈ ജൈവതത്വത്തിന് വിഘാതമായിട്ടുള്ള ഒന്നായാണ് നാം ആഗോളവൽകരണത്തെ കാണുന്നത്.

ഒരു ലോകം സൃഷ്ടിക്കാനുള്ള മാർഗമാണ് ഭാഷ. ലോകത്തെ സൃഷ്ടിക്കുന്ന പ്രാഥമികമായ ഉപകരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭാഷ എന്ന സംഗതി നാം ഇടയ്ക്ക് എവിടെയോ വെച്ച് മറന്നുപോയി.

ഭാഷ ആധിപത്യത്തിന്റെ രൂപം

ആർജ്ജിത വിജ്ഞാനം പകർന്നു കൊടുക്കാനുള്ള ഉപകരണമാണ് ഭാഷ എന്ന് ധരിക്കുമ്പോഴാണ് എഞ്ചിനീയറിങ് പഠിക്കൻ ഇംഗ്ലീഷല്ലേ നല്ലത് എന്ന തെറ്റിദ്ധാരണയുണ്ടയിത്തീരുന്നത്. ഇംഗ്ലീഷും എഞ്ചിനീയറിങും തമ്മിൽ ഒരു ബന്ധവും ഇല്ല. ഷേക്സ്പിയറുടെ ഹാമ്ലറ്റും DTPയും തമ്മിൽ ഒരു ബന്ധവുമില്ല എന്നു പറയുന്നതുപോലെ തന്നെ. ഇതു മനസ്സിലാകാതെ പോകുന്നതിനുള്ള മുഖ്യകാരണം നമ്മുടെ നാട്ടിൽ യാന്ത്രികാധിപത്യം കൊണ്ടുവന്നത് ഇംഗ്ലീഷ് സംസാരിക്കുന്നവരായതുകൊണ്ടാകാം. സംസ്കൃതഭാഷ സംസാരിക്കുന്നവർ നമ്മുടെ നാട്ടിൽ ആധിപത്യം നേടിയാൽ സംസ്കൃതം നല്ല ഭാഷയാണ്; അനാദിയായ ഭാഷയാണ് എന്നൊക്കെ നാം പറയും. ലോകം ഒരൊറ്റ ഗോളമായിത്തീരുകയും ആഗോളവൽക്കരണത്തിന് ഏറ്റവും സഹായകരമായ ഭാഷ ഇംഗ്ലീഷാണ് എന്ന് നമ്മെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ കുട്ടികൾ ഇംഗ്ലീഷിൽ തന്നെ പഠിക്കണം എന്ന് കുട്ടികളെ 'സ്നേഹി'ക്കുന്ന അച്ഛനമ്മമാർ കരുതുന്നത്. ഇത് ഭാഷയുടെ പ്രാധമികപ്രയോഗത്തെ കുറിച്ചുള്ള അജ്ഞത കൊണ്ടുകൂടിയാണ്.

നമ്മുടെ കാലഘട്ടം Information technologyയുടെ കാലഘട്ടമാണ്. എന്നാൽ എല്ലാ ഇൻഫർമേഷനും വികാരങ്ങളിൽ നിന്നാണ് സാർത്ഥകമായിരിത്തീരുന്നത് എന്ന് information കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കറിയില്ല. അച്ഛനമ്മമാർക്കും ഇതറിയാതെ പോകുന്നു. അതറിയുന്ന ഒരൊറ്റ വർഗ്ഗമേ ലോകത്തുള്ളു. അത് പരസ്യമെഴുതുന്നവരും പരസ്യം കാണിക്കുന്നവരുമായ ആളുകളാണ്. സോപ്പ് ഒരു വികാരമാണ് എന്നറിയുന്ന ഒരു സോപ്പ് നിർമ്മാതാവ് സോപ്പിനെ ഒരു സ്പർശനമായും ചുംബനമായും സൗന്ദര്യത്തിന്റെ ഭക്ഷണമായും അനുരാഗമായും അവതരിപ്പിച്ച് നമ്മെ അവതാളത്തിലാക്കുന്നു.

ലോകത്തിനു മുഴുവൻ ഒരു ഭാഷ ഉണ്ടാക്കാൻ കഴിയുമെങ്കിലും അങ്ങനെ ഉണ്ടാക്കുമ്പോൾ അത് കാർഷിമേഖലയിലെ uniculture പോലെ ഭക്ഷണത്തിൽ നൂഡിൽ സംസ്കാരം പോലെ ഏകതാനം ആയിത്തീരും. ഇത് മനുഷ്യവർഗ്ഗത്തിന്റെ, ജീവിവർഗ്ഗത്തിന്റെ അടിസ്ഥാന സൗഭാഗ്യമായ ജീവിതവൈവിധ്യത്തെ, നാഗരികതയുടെ വൈവിധ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ അർത്ഥത്തിലാണ് ശാസ്ത്രസാഹിത്യപരിഷത്തും ശാസ്ത്രകാരന്മാരും ഭാഷയുടെ ഈ പ്രശ്നത്തെ സമീപിക്കുന്നത്.

യഥാർത്ഥ വിദ്യക്ക് പഴക്കമില്ല എന്നായിരുന്നു നാംകരുതിയിരുന്നത്. ഇതിനെയാണ് നാം സാഹിത്യത്തിലെയോ കാഞ്ചീപുരം സാരിയിലേയോ ശാശ്വതമൂല്യം എന്നു പറയുന്നത്. പുരോഗമനസാഹിത്യം പെട്ടെന്ന് കീറിപ്പോകുന്നു; ഉടുക്കുമ്പോഴേക്ക് മോശമാകുന്നു; എന്നാൽ വ്യാസന്റെ കൃതികൾക്ക് പഴക്കമുണ്ടാകുന്നില്ല എന്നു കരുതിപ്പോരുന്നു. ചരിത്രത്തിന്റെ ഗതിവേഗം കൂടുമ്പോൾ വിദ്യകളെല്ലാം വേഗത്തിൽ അപ്രസക്തമായിത്തീരുകയും പുതിയ വിദ്യകൾ ഉണ്ടായിത്തീരുകയും പഴയ വിദ്യകൾ ഒരു ഊനവും തട്ടാത്തതാണെങ്കിലും പെട്ടിയിൽ വെക്കാൻ മാത്രമുള്ളതോ ബൈൻഡ് ചെയ്തു വെക്കാൻ മാത്രമുള്ളതോ ആയിത്തീരുകയും ചെയ്യുന്നു. ഒരുപാട് മന്ത്രവാദം നമുക്കറിയാം. പക്ഷെ, പാമ്പുകടിച്ചാൽ ഉപയോഗിക്കുന്നത് ആന്റിവെനമാണ്. പിന്നെ ഈ മന്ത്രവാദം കൊണ്ടെന്താണ് പ്രയോജനം എന്നു ചോദിച്ചാൽ അത് കുന്ദംകുളത്തെ പ്രസ്സിൽ അച്ചടിച്ച് പെട്ടിയിൽ സൂക്ഷിക്കാമെന്നതാണ്. ഇങ്ങനെ വിദ്യ ഉപയോഗിക്കാനുള്ളതല്ല സൂക്ഷിച്ചുവെക്കാനുള്ളതാണ് എന്ന ബോധമുണ്ടാകുമ്പോൾ വിദ്യ ആദരിക്കാൻ ഉള്ള ഒരു സാധനമായി രൂപാന്തരപ്പെടുന്നു.

ഒരു കാലഘട്ടത്തിന്റെ സാങ്കേതികജ്ഞാനം പകർന്നുകൊടുക്കുന്ന വിദ്യ ഒരു സമുദായ വ്യവസ്ഥയെ നിലനിർത്തുക കൂടി ചെയ്യുന്നുണ്ട്. സാങ്കേതികവിദ്യയിൽ പരിവർത്തനമില്ലാതെ വരുമ്പോൾ അത് അച്ഛനിൽ നിന്ന് മക്കൾക്കും മക്കളിൽ നിന്ന് അവരുടെ മക്കൾക്കും പകർന്നു കൊടുക്കപ്പെടുന്ന പാരമ്പര്യവിദ്യ ആയിത്തീരുകയും ഒരു വേള ജാതിവ്യവസ്ഥക്കുള്ള കാരണങ്ങളിൽ ഒന്നായിത്തീരുകയും ചെയ്യുന്നു. ഇത്തരം പാരമ്പര്യവിദ്യകളിൽ സിദ്ധാന്തവും പ്രയോഗവും ഒരിക്കലും വേർതിരിയുന്നില്ല--സംപൃക്തമാണ് എന്നു പറയാം. ഒരു പ്രാഥമിക മനുഷ്യബോധത്തിൽ പ്രയോഗവും സിദ്ധാന്തവും ഇങ്ങനെ സംപൃക്തമാണ്. ഇങ്ങനെ സംപൃക്തമായിട്ടുള്ള ഒരു ബോധത്തെ പകർന്നുകൊടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ അതിപ്രാചീനമായിട്ടുള്ള ഒരു സ്വഭാവം.

ദ്രോണർ തന്റെ ശിഷ്യന്മാർക്ക് നടത്തിയത് ആയുധ പരീക്ഷയായിരുന്നു. എത്രപേരെ കൊല്ലാൻ കഴിയും എന്നുള്ളതാണ് ഒരു യോദ്ധൃസമുദായത്തിലെ വിദ്യയുടെ മൂല്യം. അതുകൊണ്ട് അന്നത്തെ പരീക്ഷ പൊതുവിജ്ഞാന പരീക്ഷ ആയിരുന്നില്ല. ആയുധപരീക്ഷ ആയിരുന്നു. ഒരു സമുദായത്തിന്റെ വിദ്യാഭ്യാസം ആ സമുദായത്തിന് എന്താവശ്യമുണ്ടോ അതിനുള്ള വിദ്യാഭ്യാസമാണ്. സാമ്രാജ്യകാലത്തെ വികസനപ്രകൃയ എന്നത് നാട്ടിലുള്ള ജനങ്ങളുടെ ശരാശരി വരുമാനം അക്കങ്ങളിൽ വർദ്ധിപ്പിക്കുക എന്നതായിരുന്നില്ല; മറിച്ച് യുദ്ധം ചെയ്ത് രാജ്യം വലുതാക്കലായിരുന്നു. ഇങ്ങനെ ഓരോ സമുദായവും അതതുകാലത്ത് അതിനു വേണ്ട വിദ്യ ഉണ്ടാക്കി വിൽക്കുകയാണ് ചെയ്യുന്നത്.

മാറിവരുന്ന സങ്കൽപങ്ങൾ

"https://wiki.kssp.in/index.php?title=ഭാഷ_സംസ്കാരം_വിദ്യാഭ്യാസം&oldid=4805" എന്ന താളിൽനിന്ന് ശേഖരിച്ചത്