വഴിവിട്ട വിദ്യാഭ്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

വഴിവിട്ട വിദ്യാഭ്യാസം
[[പ്രമാണം:]]
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം വിദ്യാഭ്യാസം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം സെപ്റ്റംബർ 2004

വഴിവിട്ട വിദ്യാഭ്യാസം

കുത്തഴിഞ്ഞ വിദ്യാഭ്യാസ രംഗം

കേരള വിദ്യാഭ്യാസരംഗം എക്കാലവും പക്ഷുബ്ധമായിരുന്നു. വ്യത്യസ്ത താത്പര്യങ്ങളും പ്രത്യയ ശാസ്ത്രങ്ങളും കാഴ്ചപ്പാടുകളും പരസ്പരം പോരടിക്കുന്ന ഈ രംഗത്ത് സംഘർഷവും പ്രക്ഷോഭവും സ്വാഭാവികം മാത്രം. പക്ഷേ ആ സംഘർഷങ്ങൾക്ക് ആശയപരമായ വ്യക്തതയും ദിശാബോധവും ഉണ്ടായിരുന്നു. ഒരർത്ഥത്തിൽ വിദ്യാഭ്യാസത്തിന്റെ വൈരുദ്ധ്യാത്മകതയാണ് അവയിലൂടെ പ്രകടിതമായത്. ഏതു സമൂഹത്തിലും വിദ്യാഭ്യാസ വ്യവസ്ഥയുടെ ചട്ടക്കൂടും ചിട്ടവട്ടങ്ങളും മാത്രമല്ല ലക്ഷ്യവും നിർണ്ണയിക്കുന്നത് അധികാര സ്ഥാനങ്ങളാണ്. അതുകൊണ്ടുതന്നെ അത് പ്രതിഫലിപ്പിക്കുന്നത് നിലവിലുള്ള വ്യവസ്ഥിതിയുടെ മൂല്യങ്ങളെയും താത്പര്യങ്ങളെയും ആയിരിക്കും. എന്നാൽ, അതേ സമയം തന്നെ, അർത്ഥപൂർണ്ണമായ ഏതു വിദ്യാഭ്യാസവും അതിന്റെ ഗുണഭോക്താക്കളിൽ സ്വതന്ത്രചിന്തയുടെയും വിമർശനബുദ്ധിയുടേയും വിത്തുകൾ പാകാതിരിക്കില്ല. സിലബസ്സിന്റെയും പരീക്ഷകളുടേയും ഊഷരതകളെ അതിജീവിച്ചുകൊണ്ട് അവയിൽ ചിലതെങ്കിലും മുളപൊട്ടുകയും മാറ്റത്തിനു പ്രേരകമായി ഭവിക്കുകയും ചെയ്യും. അങ്ങനെ നിലവിലിരിക്കുന്ന വ്യവസ്ഥിതിയെ വെല്ലുവിളിക്കാനും പൊളിച്ചു പണിയാനുമുള്ള ആയുധങ്ങളും വിദ്യാഭ്യാസത്തിലൂടെ തന്നെയാണ് ഉരുത്തിരിയുക. ഈ വൈരുദ്ധ്യാത്മകത സ്വാഭാവികമായും പ്രക്ഷോഭങ്ങൾക്കും സംഘർഷങ്ങൾക്കും കാരണമാകും.

ഇപ്പോഴത്തെ പ്രക്ഷുബ്ധാവസ്ഥയിലും അതിന്റെ മാറ്റൊലികൾ ഉണ്ട്. ഇന്നത്തെ അധീശവ്യവസ്ഥ ആഗോളവത്കരണത്തിന്റെയും നവലിബറലിസത്തിന്റെയും സ്വാധീനവലയത്തിലാണ്. കേരളം ദീർഘനാളായി പിന്തുടർന്നു വന്ന വിദ്യാഭ്യാസനയങ്ങൾക്കു കടക വിരുദ്ധമാണ് ലോകബാങ്കും ബിർളാ-അംബാനി റിപ്പോർട്ടും സുപ്രീം കോടതി വിധികളും മുന്നോട്ടു വയ്ക്കുന്ന കാഴ്ചപ്പാടുകൾ. സർക്കാരിന്റെ മുൻകൈയും ഉത്തരവാദിത്തവും പ്രൈമറി വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ഒതുക്കണമെന്നും ബാക്കിയൊക്കെ സ്വകാര്യ വത്കരിക്കണമെന്നുമാണ് ഈ കാഴ്ചപ്പാട്. സ്വകാര്യവത്കരണത്തെ കച്ചവടവത്കരണമാക്കി മാറ്റുന്നതിൽ ഇവിടുത്ത നിക്ഷിപ്തതാത്പര്യക്കാർ വിജയിച്ചിരിക്കുന്നു. അവ തമ്മിലുള്ള വ്യത്യാസം പോലും തിരിച്ചറിയപ്പെടുന്നില്ല. മറ്റു സേവന മേഖലകളിൽ നിന്നെന്ന പോലെ വിദ്യാഭ്യാസരംഗത്തുനിന്നും സർക്കാർ പിന്മാറണമെന്ന് ആശയതലത്തിൽ നിന്നു കൊണ്ട് ലോകബാങ്ക് അനുശാസിക്കുമ്പോൾ വിഭവദാരിദ്യം കൊണ്ടുള്ള ഗതികേടാണിതെന്നാണ് ഇവിടുത്തെ സർക്കാരുകൾ കൈമലർത്തുന്നത്. രണ്ടായാലും ഫലം ഒന്നുതന്നെ. സർക്കാർ വിദ്യാഭ്യാസരംഗത്തുനിന്ന് ക്രമേണ പിന്മാറുന്നു. കച്ചവടാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾ പിടി മുറുക്കുന്നു.

ദുഷ്പ്രവണതകളുടെ തുടക്കം

വാസ്തവത്തിൽ കച്ചവടവത്ക്കരണത്തിന്റെ തുടക്കം എഴുപതുകളിൽ തന്നെ ഉണ്ടായി. നിസ്വാർത്ഥമായ സേവനം കൊണ്ട് പ്രശംസ പിടിച്ചുപറ്റിയ മിഷനറിമാരുടെ പിൻമുറക്കാർ തന്നെയാണ് ഇതിനും മുൻകൈ എടുത്തത് എന്നത് രസകരമായ വൈരുദ്ധ്യമാണ്. ഇത്തവണ അവരുടെ രംഗപ്രവേശം വേറിട്ടൊരു വേഷത്തിലാണ്. അവശർക്കും അശരണർക്കും ആലംബഹീന മാർക്കുമായി പണ്ടു പള്ളിക്കൂടം നടത്തിയിരുന്ന അവർ പുതുതായി തുടങ്ങിയത് സായിപ്പിനെപ്പോലെ ഇംഗ്ലീഷു പറയാൻ പഠിപ്പിക്കുന്ന, മാതൃഭാഷയെ നിഷിദ്ധമായി കരുതുന്ന, അടച്ചുപൂട്ടിയ വണ്ടികളിൽ കുട്ടികളെ സ്കൂളിലെത്തിക്കുന്ന ടൈയും ഷൂസും ചേർന്ന യൂണിഫോമിലൂടെ കുട്ടികളിൽ പൊങ്ങച്ച സംസ്കാരം പടർത്തുന്ന, വൻഫീസും പലവകപ്പിരിവും അലങ്കാരമാക്കിയ, അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളാണ്. കുട്ടികളോടൊപ്പം അച്ഛനമ്മമാരെക്കൂടി ഇന്റർവ്യൂ ചെയ്യുകയും അവരുടെ മടിശ്ശീലക്കനം നോക്കി മക്കളെ പ്രവേശിപ്പിക്കുകയും ചെയ്തു ഈ പുത്തൻ വിദ്യാലയങ്ങൾ അച്ചടക്കത്തിന്റെയും മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന്റെയും പ്രതിരൂപങ്ങളായി വാഴ്ത്തപ്പെട്ടു. ക്രിസ്ത്യൻ മിഷണറിമാരെ പിന്തുടർന്ന് മറ്റു സമുദായങ്ങളും സ്വകാര്യ സംരംഭകരും കച്ചവടാടിസ്ഥാനത്തിൽ ഇത്തരം വിദ്യാലയങ്ങൾ നടത്താൻ തുടങ്ങി. സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങൾ തങ്ങളുടെ കുട്ടികളെ ഇത്തരം സ്കൂളുകളിലേക്കു മാറ്റിയതോടെ പരമ്പരാഗത സർക്കാർ-എയ്ഡഡ് വിദ്യാലയങ്ങൾ "രണ്ടാംതര'ക്കാരുടേതായി മാറി. നിരന്തരമായ കോച്ചിങ്ങും ഡ്രില്ലിങ്ങും എക്സ്ട്രാ ട്യൂഷനും പുറമേ, എട്ടിലും ഒൻപതിലും വ്യാപകമായി കുട്ടികളെ തോല്പിച്ചും തടഞ്ഞു വെച്ചും സർക്കാർ സ്കൂളിലേക്ക് ടി.സി. കൊടുത്തു പറഞ്ഞു വിട്ടും ആണ് ഈ വരേണ്യ വിദ്യാലയങ്ങൾ നൂറുമേനിയുടെ ഖ്യാതി നേടിയത്. ക്രമേണ "നല്ല' മാർക്കു നേടി പ്രശസ്ത വിജയം മോഹിക്കുന്നവർ ഇത്തരം സ്കൂളുകളിലേക്കു ചേക്കേറുക എന്നത് സാധാരണമായി. സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകർ പോലും തങ്ങളുടെ കുട്ടികളെ അൺ എയ്ഡഡ് സ്കൂളുകളിലേക്കു മാറ്റിത്തുടങ്ങിയതോടെ പൊതു വിദ്യാലയങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു.

അൺഎയ്ഡഡ് വിദ്യാലയങ്ങളുടെ ആവിർഭാവത്തോടൊപ്പം പൊതു വിദ്യാലയങ്ങളിലെ ശോചനീയമായ ഭൗതിക സാഹചര്യങ്ങളും ആവശ്യത്തിന് അധ്യാപകരില്ലാത്ത അവസ്ഥയും പാഠപുസ്തകങ്ങൾ സമയത്തിനു കിട്ടാത്തതും ഇതിനെയെല്ലാം ചൊല്ലി വേവലാതിപ്പെടേണ്ട മാനേജ്മെന്റ് (സ്വകാര്യമായാലും സർക്കാർ ആയാലും) ഇക്കാര്യത്തിലെല്ലാം പുലർത്തുന്ന ഉദാസീനതയും അധ്യാപകർക്കാണെങ്കിലും ഈ മേഖലയിൽ വരുന്ന ദൂര വ്യാപക പ്രത്യാഘാതങ്ങളെ വേണ്ടെത മുമ്പേ കാണാൻ കഴിഞ്ഞില്ല. ഇതെല്ലാം ഈ ദുഃസ്ഥിതിക്കു കാരണമായിട്ടുണ്ടെന്നു സമ്മതിച്ചേ തീരൂ. ഇത്തരം പരിമിതികളും പാളിച്ചകളും ഏതു പൊതുസംവിധാനത്തിലും ഉണ്ടാകാം. എല്ലാവരുടെയും കാര്യം ആരുടെയും കാര്യമല്ലല്ലോ. എങ്കിലും കാര്യങ്ങൾ തീരെ സഹിക്കവയ്യാതാകുമ്പോൾ ആരെങ്കിലുമൊക്കെ മുന്നിട്ടിറങ്ങി ഒച്ചപ്പാടും ബഹളവുമൊക്കെ ഉണ്ടാക്കും. തകരാറുകൾ പരിഹരിക്കാൻ സർക്കാരിനും എന്തെങ്കിലും ചെയ്തതേ പറ്റൂ എന്ന നിലവരും. അങ്ങനെയാണ് പൊതു സംവിധാനങ്ങൾ നിലനിന്നുപോരുന്നത്. പക്ഷേ, അങ്ങനെ മുൻകൈ എടുക്കേണ്ട, ഉത്തരവാദിത്തമുള്ള, നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും, എന്തിന്, പൊതുപ്രവർത്തകരുടെ പോലും കുട്ടികൾ പൊതുവിദ്യാലയങ്ങൾ വിട്ട് സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകളെ ആശ്രയിച്ചുതുടങ്ങിയതാണ് യഥാർത്ഥത്തിൽ സർക്കാർ-എയ്ഡഡ് മേഖലയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. ഇത് വിദ്യാഭ്യാസരംഗത്തു മാത്രമായി സംഭവിക്കുന്ന ഒരു പ്രതിഭാസമല്ല. പൊതു ആരോഗ്യരംഗത്തും പൊതു ഭക്ഷ്യവിതരണ രംഗത്തും പൊതു ഗതാഗതരംഗത്തും എല്ലാം ഈ പ്രക്രിയ നടന്നുകൊണ്ടിരിക്കയാണ്. കേരളത്തിൽ പൊതുസേവനരംഗം താരതമ്യേന വ്യാപകവും മെച്ചപ്പെട്ടതുമായത് ബഹുജന ഇടപെടൽ മൂലമാണെന്ന് അമർത്യസെൻ മുതൽ പേർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ പൊതു ഇടപെടലിന്റെ ചാലകശക്തി എല്ലാവരും പൊതു സംവിധാനത്തിന്റെ നിലനില്പിൽ തല്പരരാണ് എന്നതാണ്. തീവണ്ടികൾ താമസിച്ചോടുന്നത് ശിപായിക്കുമാത്രമല്ല മന്ത്രിക്കും പ്രശ്നമാണെന്നതു കൊണ്ട് തീവണ്ടി സമയത്തോടിക്കാൻ മന്ത്രി ഇടപെടും. എന്നാൽ കെ.എ സ്.ആർ.ടി.സി ബസ്സിൽ ആളെക്കുത്തിനിറച്ച് സ്റ്റോപ്പിൽ നിർത്താതെ പോകുന്നത് മന്ത്രി അറിയണമെന്നില്ല. സമ്പന്നനും സാധാരണക്കാരനും മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്നിടത്തോളം കാലം ആശുപ്രതി നന്നായി നടത്താൻ എല്ലാവരും താല്പര്യമെടുക്കും. എന്നാൽ സമ്പന്നർ മാത്രമല്ല മന്ത്രിമാർ പോലും സ്വകാര്യ പഞ്ചനക്ഷത്ര ആശുപ്രതികളിൽ പോയിത്തുടങ്ങിയാൽ അതോടെ മെഡിക്കൽ കോളേജ് ആശുപത്രികളുടെ അധോഗതി ആരംഭിക്കും. കൂടുതൽ കാശുകൊടുക്കാൻ തയ്യാറുള്ളവർക്ക് (അധികാരസ്ഥാനത്തുള്ളവർക്കും) മെച്ചപ്പെട്ട സേവനം എന്ന രീതിയുടെ അപകടം ഇതാണ്. പാവപ്പെട്ടവർക്ക് സൗജന്യ സേവനം നൽകുന്ന പൊതുസംവിധാനങ്ങൾ ഉണ്ടല്ലോ എന്നു പറഞ്ഞാൽ പോരാ. അവ നൽകുന്ന സേവനം മെച്ചപ്പെട്ടതായി തുടരണം എന്നുണ്ടെങ്കിൽ സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവർ അവയെ ആശ്രയിക്കുന്നു എന്ന നില ഉണ്ടായേ തീരൂ. സ്വകാര്യ സേവന സംരംഭങ്ങൾ പാടില്ലാ എന്നല്ല. പക്ഷേ മറ്റെല്ലാ സ്ഥാപനങ്ങൾക്കും മാതൃകയും വഴികാട്ടിയുമായി വർത്തിക്കേണ്ടത് പൊതുസ്ഥാപനങ്ങളാണ്. സ്വകാര്യസ്ഥാപനങ്ങളല്ല.കാശുള്ളവർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉണ്ടല്ലോ; പഞ്ചനക്ഷത ഷോപ്പിങ്ങ് സെന്ററുകൾ ഉണ്ടല്ലോ; വിമാനങ്ങളും ലക്ഷ്വറി കാറുകളും ഉണ്ടല്ലോ. അവയെയും നിരോധിക്കണമോ എന്ന ചോദ്യം ഉണ്ടാകാം. ആ ചോദ്യം ന്യായവുമാണ്. “

ഓരോരുത്തരിൽ നിന്നും അവരവരുടെ കഴിവനുസരിച്ച്; ഓരോരുത്തർക്കും അവരവരുടെ ആവശ്യമനുസരിച്ച്' എന്ന ആദർശ ലോകത്തിലല്ല നാമിന്നു ജീവിക്കുന്നത് എന്നതുകൊണ്ട് അത്തരം കാര്യങ്ങളിൽ കടുംപിടിത്തങ്ങൾ സാദ്ധ്യമല്ല എന്നതു വാസ്തവം തന്നെ. പക്ഷേ വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ അടിസ്ഥാന മനുഷ്യാവകാശങ്ങളിൽ കടുംപിടിത്തം കൂടിയേ തീരൂ. എല്ലാ കുട്ടികൾക്കും അവസരസമത്വം ഉറപ്പാക്കുന്നതിന്റെ അടിത്തറ തുല്യമായ വിദ്യാഭ്യാസം നൽകലാണ്. കാശുള്ളവർക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം, അല്ലാത്തവർക്കു സർവാണി, എന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.

അതു മാത്രമല്ല, ഇത്തരം വിദ്യാലയങ്ങളിൽ നൽകുന്നത് യഥാർത്ഥത്തിൽ മെച്ചപ്പെട്ട വിദ്യാഭ്യാസമാണോ എന്ന ചോദ്യവും പ്രസക്തമാണ്. പഠനബോധന പ്രക്രിയ എന്നാൽ “പോർഷൻ തീർക്കൽ എന്നും, ഗുണമേന്മ കൂടിയത് എന്നാൽ CBSE സിലബസ് എന്നും, നല്ലനിലവാരം എന്നാൽ നൂറു ശതമാനം പാസ്സ് എന്നും, പഠിക്കാനുള്ള മിടുക്ക് എന്നാൽ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് എന്നുമുള്ള സങ്കല്പങ്ങൾ എത്രത്തോളം ശരിയാണ്? ഇതാണോ യഥാർത്ഥത്തിൽ വിദ്യാഭ്യാസം നിർവ്വഹിക്കേണ്ട ധർമം? പണക്കാരുടെയും പാവപ്പെട്ടവരുടെയും ജന്മിയുടെയും കുടിയാന്റെയും മുതലാളിയുടെയും തൊഴിലാളിയുടെയും ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും മുസൽമാന്റെയും സവർണ്ണന്റെയും അവർണ്ണന്റെയും ദളിതന്റെയും ആദിവാസികളുടെയും എല്ലാം കുട്ടികൾ ഒന്നിച്ചിരുന്നു പഠിക്കുന്നതിന്റെയും കളിക്കുന്നതിന്റെയും വഴക്കടിക്കുന്നതിന്റെയും സ്കൂളിലേക്കും വീട്ടിലേക്കും ഒന്നിച്ചു നടന്നും മത്സരിച്ചോടിയും പൂപറിച്ചും മാവിനു കല്ലെറിഞ്ഞും വളർന്നതിന്റെ കൂടി ഫലമായിട്ടാണ് ആധുനിക കേരളം രൂപം കൊണ്ടത്. ഇതെല്ലാം വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. CBSE സിലബസ്സിനെയും എൻട്രൻസിലെ റാങ്കിനെയും കാൾ ഗുണമേൻമയുള്ള വിദ്യാഭ്യാസത്തിന്റെ അടയാളം ഇവയാണെന്ന് പറയുന്നത് അതിശോക്തിയല്ല. സ്വഭാവരൂപികരണം എന്നത് Good morning ഉം Thank you ഉം പറയാൻ പഠിക്കലല്ല, വ്യക്തിത്വ വികസനം എന്നത് സായിപ്പിന്റെ ഉച്ചാരണത്തെ അനുകരിക്കലും SD (Group Discussion) യിൽ ഷൈൻ ചെയ്യലും മാത്രമല്ല. ജീവിത വിജയം എന്നത്. Campus placement ൽ കടന്നുകൂടലുമല്ല. അതൊക്കെ നല്ലതുതന്നെ, പക്ഷെ അവയെക്കാളൊക്കെ എത്രയോ പ്രധാനമാണ് വൈരുദ്ധ്യങ്ങളും വൈവിദ്ധ്യങ്ങളും നിറഞ്ഞ ഈ രാജ്യത്ത് കൂട്ടായ്മയാേടെ ജീവിക്കാൻ പഠിക്കുക എന്നത്, അതിനു സഹായകമായ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സഹിഷ്ണുതയുടെയും സമവായത്തിന്റെയും സാമൂഹ്യ നീതിയുടെയും സംസ്കാരം ഉൾക്കൊള്ളുക എന്നത്. അതു വളർത്തിയെടുക്കുന്നതിനു കുട്ടികളെ സഹായിക്കുന്നത് പൊതുവിദ്യാലയങ്ങളാണ്. ആ അനുഭവം നിഷേധിക്കപ്പെടുന്നു എന്നത് സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ അപരിഹാര്യമായ നഷ്ടമാണ്. സമൂഹത്തിന്റെ ശാപമാണ്. അടുത്ത കാലത്ത് പാലക്കാട് ജില്ലയിലെ തൃത്താല മേഖലയിൽ പരിഷത്തു നടത്തിയ ഒരു പഠനം കാണിക്കുന്നത് സാമൂദായികാടിസ്ഥാനത്തിൽ നടത്തുന്ന ഇത്തരം വിദ്യാലയങ്ങളിൽ പലപ്പോഴും ഒരേ മതത്തിൽ പെട്ട കുട്ടികളും അധ്യാപകരും മാത്രമേ കാണൂ എന്നതാണ്. പലയിടങ്ങളിലും മതപഠനം പൊതു പഠനത്തിന്റെ ഭാഗം തന്നെയാകുന്നു. അത്തരം വിദ്യാലയങ്ങളിലൂടെ പഠിച്ചിറങ്ങുന്നവർ അന്യമതസ്ഥരെ പറ്റി വളർത്തിയെ ടുക്കുന്ന മുൻവിധികളും മനോഭാവങ്ങളും ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം വിദ്യാലയങ്ങളുടെ വർഗ്ഗ സ്വഭാവവും പരിഗണിക്കേണ്ടതാണ്. “ഇക്കാലത്ത് ടീവിയില്ലാത്ത വീടുകളുണ്ടോ? കാറില്ലാത്തവരാരാണുള്ളത്? സെൽഫോണും സി ഡി പ്ലെയറും ഇല്ലാതെ എങ്ങിനെയാണു ജീവിക്കുക?” എന്നൊക്കെ ചോദിക്കുന്ന കുട്ടികൾ നാളത്തെ ഭരണാധികാരികളാവുന്ന അവസ്ഥ ഭീതിദമാണ്. “റൊട്ടിയില്ലെങ്കിൽ അവർക്കു കേയ്ക്ക് തിന്നുകൂടേ?” എന്നു ചോദിച്ച മേരി അന്ത്വാനെറ്റ് എന്ന ഫ്രഞ്ചുരാജ്ഞിയുടെ പ്രതിരൂപങ്ങൾ നമുക്കിടയിലുണ്ട്.

സ്വകാര്യവത്ക്കരണവും കച്ചവടവത്ക്കരണവും

കാശുള്ളവരുടെ മക്കൾക്കു "മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്ന "സേവനം' ജാതിമത സ്ഥാപനങ്ങൾ നൽകിത്തുടങ്ങിയത് അവ കേരളസമൂഹത്തിൽ നിർവ്വചിച്ചുപോന്ന, വർഗ ധർമത്തിനനുസൃതമായിട്ടായിരുന്നു. പിന്നീടു രംഗത്തുവന്നത് ഇതൊരു ലാഭകരമായ തൊഴിൽ ആയിക്കണ്ട ബിസി നസ്സുകാരാണ്. സഹകരണ പ്രസ്ഥാനത്തെയും ബിസിനസ്സ് ആക്കി മാറ്റിക്കഴിഞ്ഞ കേരളത്തിൽ വിദ്യാഭ്യാസ രംഗത്തും അതിന്റെ അനുരണനങ്ങൾ ഉണ്ടായതു സ്വാഭാവികം മാത്രം. അങ്ങനെ സ്വകാര്യ കച്ചവടവിദ്യാലയങ്ങളും സഹകരണക്കച്ചവട വിദ്യാലയങ്ങളും രംഗത്തുവന്നു.

ഇവിടെ ഒരു വിശദീകരണം ആവശ്യമുണ്ട്. പഠിപ്പിക്കാനായി ഫീസു വാങ്ങുന്ന എല്ലാ സ്ഥാപനങ്ങളും കച്ചവട വിദ്യാലയങ്ങളാണോ? ആകണമെന്നില്ല. പല സ്വകാര്യ വിദ്യാലയങ്ങളും ആരംഭിച്ചത് നേരത്തെ സൂചിപ്പിച്ചതുപോലെ സാമൂഹിക സംരംഭങ്ങളായിട്ടായിരുന്നു. സ്ഥലം പലപ്പോഴും സൗജന്യമായി കിട്ടി. പിരിവെടുത്തു കെട്ടിടം പണിതു. തുച്ഛമായ ശമ്പളത്തിൽ അധ്യാപകരെ വച്ചു. പലപ്പോഴും അവർക്കു ശമ്പളം കൊടുക്കാൻ പോലും ഫീസിൽ നിന്നുള്ള വരുമാനം മതിയാകുമായിരുന്നില്ല. അപ്പോഴൊക്കെ സമുദായത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ പിരിവുനടത്തിയും സർക്കാരിന്റെയോ ധനാഢ്യരുടേയോ സൗജന്യത്തെ ആശ്രയിച്ചുമൊക്കെയായിരുന്നു അവ ചെലവു നടത്തിക്കൊണ്ടുപോയിരുന്നത്. ഫീസു കൊടുക്കാൻ കഴിവില്ലാത്ത കുട്ടികളെ സൗജന്യമായി പഠിപ്പിക്കുന്ന പതിവും പല സ്വകാര്യ വിദ്യാലയങ്ങളിലുമുണ്ടായിരുന്നു. പിന്നീട് പല മാനേജ്മെന്റുകളുടേയും സമീപനം മാറി. അധ്യാപക നിയമനത്തിനു കാശു വാങ്ങുന്ന രീതി വ്യാപകമായി. മാനേജർ നിയമിക്കും സർക്കാർ ശമ്പളം കൊടുക്കും, എന്നു വന്നതോടെ പരസ്പരം പോരടിക്കുന്ന ആർക്കും ആരെയും വിശ്വാസമില്ലാത്ത ഒരു മുക്കോണബന്ധമായി എയ്ഡഡ് വിദ്യാലയങ്ങൾ മാറി. അവ സാമൂഹിക സ്ഥാപനങ്ങളല്ലാതായി. ജനങ്ങൾ വിദ്യാലയങ്ങൾക്കു സംഭാവന നൽകാതായി. (ജോലിക്കും പ്രവേശനത്തിനും കോഴ നൽകേണ്ടുന്ന സ്ഥാപനത്തോട് ആർക്കാണു കൂറു തോന്നുക?) ആ അർത്ഥത്തിൽ സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങൾ കച്ചവട സ്ഥാപനങ്ങളാണെന്നു പറയാമെങ്കിലും വൻതോതിൽ സബ്സിഡി നിലനിൽക്കുന്നതുകൊണ്ട് സഹായ വിലയ്ക്ക സേവനം നൽകാൻ കഴിയുന്നു എന്ന മെച്ചം അവയ്ക്കുണ്ട്. മാത്രവുമല്ല, സർക്കാരിനോടു കണക്കു ബോധിപ്പിക്കേണ്ടതുണ്ട് എന്നതുകൊണ്ടു തന്നെ അവയുടെ പ്രവർത്തനത്തിൽ ഒരു പരിധിവരെ സുതാര്യതയും നിയമാധിഷ്ഠിതമായ നിയന്ത്രണങ്ങളും നിലനിൽക്കുന്നുമുണ്ട്.

എന്നാൽ അൺഎയ്ഡഡ് വിദ്യാലയങ്ങളുടെ കാര്യം വ്യത്യസ്തമാണ്. ആരംഭത്തിൽ സ്ഥലം വാങ്ങാനും കെട്ടിടം പണിയാനും (തുടങ്ങിവെയ്ക്കാനെങ്കിലും) മുതൽ മുടക്കേണ്ടതുണ്ട്. ഇതു സ്വന്തം കൈയിൽ നിന്നു മുടക്കുന്ന വിദ്യാഭ്യാസ മുതലാളിമാരും (ഇതു വ്യക്തികളോ സ്ഥാപനങ്ങളോ ആകാം) ഓനറി വിറ്റ് സമാഹരിക്കുന്ന വിദ്യാഭ്യാസ വ്യവസായികളും ഉണ്ട്. ഇപ്പോൾ ഇക്കൂർട്ടർക്ക് ബാങ്കുവായ്പയും അനായാസേന ലഭ്യമാണ്. അധ്യാപക നിയമനത്തിനു കോഴവാങ്ങിത്തുടങ്ങിയിട്ടില്ലെങ്കിലും മറ്റു ജോലിക്കാർക്ക് ഡെപ്പോസിറ്റു പിരിവ് ചിലടത്തെങ്കിലും ഉണ്ട്. വിദ്യാർത്ഥികളിൽ നിന്നുള്ള ഉയർന്ന ഫീസും പലവകപ്പിരിവും ആണ് മുഖ്യ വരുമാനം. ആവർത്തനച്ചെലവു മാത്രമല്ല മുതൽമുടക്കിന്റെ “ന്യായമായ” ഒരു വീതം കൂടി പിരിക്കാൻ സുപ്രീം കോടതി തന്നെ അനുവദിച്ചിട്ടുണ്ട്.

ഇതു കച്ചവടമല്ലാതെ മറ്റെന്താണ്? ഇതിൽ ധർമ്മപ്രവർത്തനത്തിന്റെ യാതൊരു അംശയവുമില്ല എന്നു നിസ്സംശയം പറയാം.

വിദ്യാഭ്യാസത്തിന്റെ, വിശേഷിച്ചും ഉന്നത വിദ്യാഭ്യാസത്തിന്റെ സ്വകാര്യവത്ക്കരണം തീർച്ചയായും ലോകബാങ്കിന്റെയും നിയോലിബറൽ വികസനമാതൃകയുടെയും അജണ്ടയാണ്. സർക്കാർ ഇത്തരം മേഖലകളിൽ നിന്നും പിന്മാറണം എന്ന് അവർ അനുശാസിക്കുന്നുണ്ട്. പക്ഷേ വിദ്യാഭ്യാസത്തിന്റെ കച്ചവടവത്ക്കരണം അവർ പോലും അവരുടെ നാട്ടിൽ നടപ്പാക്കാത്ത ഒരു സംഗതിയാണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. സ്കൂൾ വിദ്യാഭ്യാസം ഒട്ടുമിക്ക രാജ്യങ്ങളിലും സൗജന്യമാണെന്നു മാത്രമല്ല ധനിക ദരിദ്രഭേദമില്ലാതെ എല്ലാ കുട്ടികൾക്കും ഒരുവിധം ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ അവർ പരമാവധി ശ്രമിക്കുന്നുണ്ട്. അമേരിക്ക പോലെ വ്യത്യസ്ത വർഗ്ഗക്കാർ (കറുത്തവരും വെള്ളക്കാരും ഏഷ്യൻ-സ്പാനിഷ് ന്യൂനപക്ഷങ്ങളും) അധിവസിക്കുന്ന പ്രദേശങ്ങളിൽ വിവിധ വിഭാഗക്കാരായ കുട്ടികൾ ഇടകലർന്നിരുന്നു പഠിക്കാൻ അവസരം നൽകുന്ന സ്കൂളുകൾ ഉണ്ടാകണം എന്നവർ നിഷ്കർഷിക്കുന്നുമുണ്ട്. സ്കൂളുകൾ മിക്കവാറും എല്ലാം തന്നെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലുമാണ്.

ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലായാലും, പൂർണ്ണമായും വിദ്യാർത്ഥികളിൽനിന്നു പിരിക്കുന്ന ഫീസുകൊണ്ടു മാത്രം നിലനിൽക്കുന്ന സ്ഥാപനങ്ങൾ ഇല്ലേയില്ല എന്നു പറയാം. ജർമനി മുതലായ യൂറോപ്യൻ രാജ്യങ്ങളിൽ ഉന്നതവിദ്യാഭ്യാസം ഏതാണ്ടു സൗജന്യം തന്നെയാണ്. മറ്റിടങ്ങളിലും സർക്കാരിന്റെ കനത്തെ സാമ്പത്തിക സഹായമാണ് സർവ്വകലാശാലകളെ താങ്ങി നിർത്തുന്നത്. അമേരിക്കയിൽ സർക്കാർ സഹായം പറ്റാത്ത സ്വകാര്യ സർവ്വകലാശാലകൾ ഏറെയുണ്ട്. പലതും ലോകപ്രശസ്തവുമാണ്. പക്ഷേ ധനാഢ്യരുടേയും ധർമ്മസ്ഥാപനങ്ങളുടെയും പൂർവ്വ വിദ്യാർഥികളുടേയും നെടുനാളത്തെ സംഭാവനകളിലൂടെ കോടിക്കണക്കിനു ഡോളറിന്റെ ആസ്തി കെട്ടിപ്പടുക്കാൻ അവയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഫീസു പിരിവ് അവയുടെ ആവർത്തന ചെലവിന്റെ മൂന്നിലൊന്നുപോലും വരില്ല. ഏറ്റവും മെച്ചപ്പെട്ട വിദ്യാർത്ഥികളെ ആകർഷിക്കാനായി ആകർഷകമായ സ്കോളർഷിപ്പുകൾ അവ വാഗ്ദാനം ചെയ്യുന്നു. അർഹതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നേടുന്ന ആർക്കും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയില്ലെന്ന് അവർ ഉറപ്പാക്കുന്നു. ഫീസു സൗജന്യം, പാർട്ട് ടൈം ജോലികൾ, കോളർഷിപ്പുകൾ, വായ്പകൾ... ഇങ്ങനെ വിവിധ മാർഗ്ഗങ്ങളാണ് അവർ സ്വീകരിക്കുന്നത്.

ഇതു വല്ലതുമാണോ നമ്മുടെ സ്വാശ്രയ വിദ്യാലയങ്ങളിലെ സ്ഥിതി? നാം പിന്തുടരുന്നത് ആഗോളവത്ക്കരണ മോഡലൊന്നുമല്ല, മണിപ്പാലിലെ പൈ അമ്പതുകളിൽ ആരംഭിച്ച കോഴിക്കോളേജു മാതൃകയാണ്. അവയ്ക്കു മാന്യതയും അംഗീകാരവും നേടാനായി ആഗോളവത്ക്കരണ പദാവലികൾ ഉപയോഗപ്പെടുത്തുന്നു എന്നു മാത്രം. TMA പൈ കേസിൽ പതിനൊന്നംഗ സുപ്രീം കോടതി ബെഞ്ചിന്റെ ഒരു പരാമർശം ശ്രദ്ധിക്കുക: “പ്രാഫഷണൽ വിദ്യാഭ്യാസത്തിന്റെ ചെലവ് ഗുണഭോക്താവു തന്നെ വഹിക്കണമെന്നത് ഇന്ന് ലോകമെങ്ങും അംഗീകരിച്ച തത്വമാണ്?' പരമാബദ്ധം! മുതലാളിത്ത രാജ്യങ്ങൾ പോലും അങ്ങനെ കരുതുന്നില്ല എന്നതാണു സത്യം. പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ നേട്ടം വിദ്യാർത്ഥിക്കും വീട്ടുകാർക്കും കിട്ടുന്നുണ്ടെന്നതു സത്യം. പക്ഷേ അതിന്റെ ആത്യന്തിക ഗുണം സമൂഹത്തിനു തന്നെയാണ്. ഏറ്റവും അർഹതയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ഏറ്റവും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകി അവരെ ഉല്പാദന രംഗത്തെത്തിക്കുക എന്നത് മത്സരാധിഷ്ഠിത മുതലാളിത്ത വ്യവസ്ഥിതിയിൽ സമൂഹത്തിന്റെ പൊതു ആവശ്യമാണ്. അവിടെ വരേണ്യവർഗ സന്തതികൾക്ക് പ്രത്യേക പരിഗണനകളൊന്നും കൊടുക്കാനാവില്ല. ആർക്കും ഒരു ചേതവുമില്ലാത്ത ലിബറൽ വിദ്യാഭ്യാസത്തിനുള്ള അവസരം ഒരു പക്ഷേ കാശുള്ളവർക്കു വിലയ്ക്ക് വാങ്ങാനായേക്കും. പക്ഷേ സമൂഹത്തിന്റെ മത്സരാധിഷ്ഠിത ഗുണമേന്മ (Competitiveness) നിലനിർത്താനാവശ്യമായ മേഖലകളിലൊന്നും ഒരു വിട്ടുവീഴ്ചക്കും അവർ തയ്യാറല്ല.

ഇവിടെ വ്യവസായ പുരോഗതിക്കു വേണ്ടിയുള്ള വിദ്യാഭ്യാസം എന്നതിനു പകരം വിദ്യാഭ്യാസം തന്നെ വ്യവസായമാക്കി മാറ്റിയിരിക്കയാണല്ലോ. സീറ്റാണ് ഉല്പന്നം. അതിന്റെ കച്ചവടമാണ് നടക്കുന്നത്. സീറ്റിനുള്ള ഡിമാണ്ടാണ് വ്യവസായത്തിന്റെ നിലനിൽപിനെ ബാധിക്കുന്ന മുഖ്യഘടകം. അതുകൊണ്ടാണ് “ഐ.ടി.യും, ബി.ടി.യും നമ്മെ രക്ഷിക്കും” എന്ന മുദ്രാവാക്യത്തിന് സ്പോൺസർമാർ ഉണ്ടാകുന്നത്; അമേരിക്കയിൽ ഐ.ടി.കമ്പനികൾ തകരുമ്പോൾ ഇവിടെ സീറ്റുകൾ ഒഴിവാക്കുന്നത്; “ഇപ്പോൾ ഐ.ടി.യ്ക്കല്ല ഡിമാണ്ട്, ഇലക്ട്രോണിക്സിനാണ്' മുതലായ നിരർത്ഥകങ്ങളായ ഊഹാപോഹങ്ങൾ പ്രതത്താളുകളിലും സ്ഥലം പിടിക്കുന്നത്; ബയോടെക്നോളജിയുടെ സാധ്യതയെക്കുറിച്ച് അറിയാതെയാണ്, അതാണ് രക്ഷാകവചം എന്ന് ചില രാഷ്ട്രീയ നേതാക്കൾ ബി.ടി.മാഹാത്മ്യത്തെപ്പറ്റി വാചാലരാകുന്നത്; ഐ.ടി.യും ബി.ടി.യും പാസ്സായ ചെറുപ്പക്കാർ പണികിട്ടാതെ അലയുന്നത് വാർത്തയല്ലാതാക്കാൻ മാധ്യമങ്ങൾ ഒത്തുകളിക്കുന്നത്.

കച്ചവടവത്ക്കരണത്തിന്റെ നാൾവഴികൾ

മണിപ്പാൽ മാതൃക കർണടാകത്തിലും തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും വ്യാപകമാക്കുകയും രാഷ്ട്രീയ നേതാക്കളുടെയും ജാതി-മത മേലാളന്മാരുടെയും ആധിപത്യത്തിലുള്ള സ്ഥാപനങ്ങളുടെ ചൂഷണം തീരെ താങ്ങാനാവാതെ വരികയും ചെയ്തപ്പോഴാണ് അതു നിയന്ത്രിക്കാനായി ചില സംസ്ഥാനങ്ങൾ നിയമങ്ങളുണ്ടാക്കിയത്. അതേച്ചൊല്ലിയുള്ള തർക്കങ്ങളാണ് സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ നാഴികക്കല്ലായ ഉണ്ണികൃഷ്ണൻ വിധിയിൽ (1991 ISSC645) എത്തിച്ചേർന്നത്. ഒരർത്ഥത്തിൽ ഈ വിധിയാണ് സ്വാശ്രയക്കോളേജുകൾക്ക് Self financing) നിയമപരമായ അംഗീകാരവും മാന്യതയും നൽകിയത്. ഈ വിധി അവയ്ക്ക് ഭരണഘടനാപരമായ സാധുതയും നൽകി. എങ്കിലും ചില കാര്യങ്ങളിൽ ഈ ഏഴംഗബെഞ്ച് സൈദ്ധാന്തികമായ നിലപാടുകൾ എടുത്തു. വിദ്യാഭ്യാസം ഒരു ധാർമ്മിക പ്രവൃത്തിയാണ് (charitable activity); കച്ചവടമോ ബിസിനസ്സോ അല്ല. അത് സർക്കാരിന്റെ ചുമതലയാണ്; അതിന്റെ അനുപൂരകമായിട്ടു മാത്രമേ സ്വകാര്യ സംരംഭകർക്ക് അതിൽ സ്ഥാനമുള്ളൂ. പ്രാഥമിക വിദ്യാഭ്യാസം എല്ലാവരുടെയും മൗലികാവകാശമാണെങ്കിലും ഉന്നത വിദ്യാഭ്യാസം അർഹതയ്ക്കനുസരിച്ചു നിജപ്പെടുത്താൻ സർക്കാരിന് അവകാശമുണ്ട്. യോഗ്യത (merit)യും ഭരണഘടനാനുസൃതമായ സംവരണവും മാത്രമേ പ്രവേശനത്തിനുള്ള മാനദണ്ഡമാകാവു. സാമ്പത്തികശേഷിയുടെ പേരിലുള്ള വിവേചനം സർക്കാർ സഹായം സ്വീകരിക്കുന്ന ഒരു സ്ഥാപനത്തിലും അനുവദനീയമല്ല. അവിടങ്ങളിൽ സർക്കാർ സ്ഥാപനങ്ങളിൽ നിലവിലുള്ള ന്യായമായ ഫീസു മാത്രമേ വാങ്ങാവൂ.

ഇത്രയും പറഞ്ഞു വച്ചശേഷം സമകാലിക യാഥാർത്ഥ്യങ്ങൾ കണക്കിലെടുത്തുകൊണ്ട് പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുള്ള വർദ്ധിച്ച ഡിമാണ്ട് നിറവേറ്റാൻ സർക്കാരിനു കഴിയാത്ത സാഹചര്യത്തിൽ സ്വകാര്യ അൺഎയ്ഡഡ് സ്ഥാപനങ്ങൾക്കുള്ള പ്രസക്തി കോടതി അംഗീകരിച്ചു. അവയ്ക്ക നിലനില്ക്കണമെങ്കിൽ ആവർത്തനച്ചെലവു നടത്താനുള്ള ഫീസെങ്കിലും പിരിച്ചേ മതിയാവൂ എന്നും കോടതി സമ്മതിച്ചുകൊടുത്തു. പക്ഷേ അതിനനുസരിച്ച് ഉയർന്ന ഫീസു താങ്ങാനുള്ള ശേഷി സാധാരണക്കാർക്കുണ്ടാകില്ല എന്നതായി കോടതിയുടെ ധർമ്മസങ്കടം. അതിനുള്ള പരിഹാരമായിട്ടാണ് വിവാദാസ്പദമായ “സ്കീം” ഈ കോടതി സ്വമേധയാ മുന്നോട്ടു വച്ചത്. അങ്ങനെയാണ് പാതി "ഫീ” സീറ്റ് പാതി “പേയ്മെന്റ് ” എന്ന ഫോർമുലയും, രണ്ടു സ്വാശയക്കോളേജ് സമം ഒരു സർക്കാർ കോളേജ് എന്ന സമവാക്യവും ഉണ്ടാകുന്നത്. ഇതോടൊപ്പം ഈ ഏഴംഗബെഞ്ച് സ്വാശ്രയകോളേജുകളെ അഴിമതി വിമുക്തമാക്കാനായി ഒട്ടേറെ നിബന്ധനകളും വച്ചു. വിദ്യാർത്ഥി പ്രവേശനത്തിലുള്ള വിവേചനാധികാരമാണ് സകല അഴിമതിയുടെയും ഉറവിടം എന്നു കണ്ടെത്തിയ കോടതി അതിന്റെ സകല ചുമതലയും സർക്കാർ നിയോഗിക്കുന്ന ഒരു ഉന്നതാധികാര സ്ഥാപനത്തിനെ ഏൽപിച്ചു. ഫീസീറ്റിലേയ്ക്കും പേയ്മെന്റ് സീറ്റിലേയ്ക്കുമുള്ള പ്രവേശനം പൊതു പ്രവേശനപ്പരീക്ഷയിലെ റാങ്കനുസരിച്ചുമാത്രമായിരിക്കും. ഫീസീറ്റിൽ സർക്കാർ ഫീസ്. പേയ്മെന്റ് സീറ്റിൽ സർക്കാർ നിയോഗിക്കുന്ന കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ്. ഫീസീറ്റിൽ ഭരണഘടനാനുസൃതമായ സംവരണവും മറ്റാനുകൂല്യങ്ങളും ഉണ്ടാകും. പേയ്മെന്റ് സീറ്റിൽ ഒരു നിശ്ചിത ശതമാനം പിന്നീട് NRI ക്വാട്ട ആക്കി. അവിടെയും പ്രവേശനം പൊതു പ്രവേശന പ്രക്രിയയിലൂടെ മാത്രം.

ചുരുക്കത്തിൽ കച്ചവടം ആകാം എന്നു സമ്മതിക്കുമ്പോൾ തന്നെ കരിഞ്ചന്ത യാതൊരു കാരണവശാലും അനുവദിക്കില്ല എന്ന നിർബന്ധമാണ് ഈ വിധിയിൽ നിഴലിച്ചിരുന്നത്

കുട്ടികളുടെ ഫീസു പിരിവുകൊണ്ടു മാത്രം ചെലവു നടത്തിക്കൊണ്ടു പോകാം എന്ന പ്രതിലോമപരമായ നിലപാടിന് നിയമസാധുത നൽകിയതിന്റെ പേരിൽ പുരോഗമനവാദികൾ ഉണ്ണികൃഷ്ണൻ വിധിയെ കുറ്റം പറഞ്ഞു. എങ്കിലും പിന്നീടുവന്ന വിധികൾ പരിശോധിക്കുമ്പോൾ ഈ വിധി എത്രയോ ഭേദമായിരുന്നു എന്നു പറഞ്ഞുപോയാൽ തെറ്റില്ല!

മത-ഭാഷാ ന്യൂനപക്ഷങ്ങൾ നടത്തുന്ന സ്ഥാപനങ്ങുടെ ഭരണഘടനാപരമായ സവിശേഷാവകാശങ്ങളെ വേണ്ടുംവണ്ണം പരിഗണിച്ചില്ലാ എന്ന ആക്ഷേപത്തിന്റെ പേരിലാണ് ഈ വിധി വീണ്ടും ചോദ്യം ചെയ്യപ്പെട്ടത്. ഭാഷാ ന്യൂനപക്ഷമായി പോയതുകൊണ്ട് ഏറ്റവും പരാധീനത അനുഭവിക്കുന്ന ഒരു വിഭാഗമാണല്ലോ മണിപ്പാൽ കോളേജുകളും സിണ്ടിക്കേറ്റു ബാങ്കുമുൾപ്പെടെ വിവിധ വാണിജ്യ സ്ഥാപനങ്ങൾ നടത്തുന്ന മംഗലാപുരത്തെ പൈമാർ! അവരുടെ പരാതിയിൽ (WP 317 of 1993) മറ്റനേകം തത്പരകക്ഷികളും കൂട്ടുചേർന്നു. സ്വാശ്രയ കോളേജുകൾക്കു വീണ് കൂച്ചുവിലങ്ങു പൊട്ടിക്കാനുള്ള വെപ്രാളമായിരുന്നു അവർക്ക്. ക്രമേണ ഈ കേസ് സുപ്രീം കോടതിയുടെ ഒരു വിപുലീകൃത ഭരണഘടനാബെഞ്ചിന്റെ മുമ്പിലെത്തി. ഈ പതിനൊന്നംഗ ബെഞ്ചാണ് മുമ്പത്തെ ഏഴംഗ ബെഞ്ചു നിർദ്ദേശിച്ച “ഉണ്ണിക്കൃഷ്ണൻ സ്കീം” ഭരണഘടനാ വിരുദ്ധമാണെന്നു പ്രഖ്യാപിച്ചത്. "നിയമ പാണ്ഡിത്യമില്ലാത്ത' പാർലമെന്റു മെമ്പർമാർ പാസ്സാക്കുന്ന ചില നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് നിയമജ്ഞരായ ജഡ്ജിമാർ വിധിയെഴുതുന്നതു മനസ്സിലാക്കാം. എന്നാൽ നിയമവിദഗ്ദ്ധരും ഭരണഘടനാ വിശാരദരും ആയ ഏഴു സുപ്രീം കോടതി ജഡ്ജിമാർ ചേർന്നു രൂപം കൊടുത്ത ഒരു സ്കീം ഭരണഘടനാവിരുദ്ധമാണെന്നും തങ്ങളുടെ മാർഗ്ഗദർശികളും കൂടിയായ അതേ ഇനത്തിൽപെട്ട പതിനൊന്നു ജഡ്ജിമാർ പിന്നീടു വിധിയെഴുതിയാൽ അതിന്റെ പൊരുൾ ഏഴിനെക്കാൾ വലുതാണല്ലോ പതിനൊന്ന് എന്ന ഗണിതശാസ്ത്രതത്വം മാത്രം!

ഏതായാലും പതിനൊന്നംഗ ബെഞ്ചിനെ ഈ തീരുമാനത്തിലേക്ക് നയിച്ച വാദങ്ങളും ശ്രദ്ധേയമാണ്. നമ്മുടെ അക്കാദമിക സംവിധാനത്തിൽ ചെലവേറിയ സ്വകാര്യ വിദ്യാലയങ്ങളിൽ പഠിച്ചവർക്കും ചെലവേറിയ സ്വകാര്യട്യൂഷൻ സൗകര്യപ്പെടുത്താൻ കഴിവുള്ളവർക്കും മാത്രമേ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്കുകിട്ടു. അവർക്കായിരിക്കും ഫ്രീസീറ്റു കിട്ടുക. അതിനൊന്നും കഴിവില്ലാത്ത പാവപ്പെട്ടവർക്കാണ് താഴ്ന്ന റാങ്കുകിട്ടുക. അവർ പേയ്മെന്റ് സീറ്റ് എടുക്കാൻ നിർബന്ധിതരാകുന്നു. ചുരുക്കത്തിൽ “പാവപ്പെട്ട' ഈ കുട്ടികളുടെ ചെലവിലാണ് ഉയർന്ന റാങ്കുനേടിയ സമ്പന്ന കുട്ടികൾ പഠിക്കുക. ഇത് വലിയ അനീതിയല്ലേ? സുപ്രീം കോടതിയിലെ പണ്ഡിത ന്യായാധിപന്മാർക്ക് 'ക്ഷ' ബോധിച്ചു ഈ വാദം. ഇതിൽ അല്പം കഴമ്പില്ലാതെയില്ല. നമ്മുടെ ഏറ്റവും മെച്ചപ്പെട്ട എഞ്ചിനീയറിംഗ് കോളേജിലും മെഡിക്കൽ കോളേജിലും പ്രവേശനം നേടാൻ കഴിയുന്നവരിൽ 85% വും സമൂഹത്തിലെ ഏറ്റവും മുന്തിയ 15% കുടുംബങ്ങളിൽ നിന്നു വരുന്നവരാണെന്ന് പരിഷത്തും കൊച്ചിയിലെ CSES ഉം നടത്തിയ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനു കാരണം എൻട്രൻസ് പരീക്ഷയുടെ വരേണ്യ കേന്ദ്രിത സ്വഭാവമാണ്. പരീക്ഷാ രീതി പരിഷ്കരിക്കലാണ് അതിനു പരിഹാരം. പക്ഷേ എൻട്രൻസ് റാങ്കുലിസ്റ്റിൽ ആദ്യത്തെ 2000-3000 കഴിഞ്ഞാൽ ഇതു ശരിയാകണമെന്നില്ല. താഴ്ന്ന റാങ്കുകളിലേക്കു വരുമ്പോൾ. അവിടെ ഇടത്തരക്കാരുടെ എണ്ണം കൂടുക സ്വാഭാവികമാണ്. സ്വകാര്യ ട്യൂഷനും കോച്ചിങ്ങും ഒക്കെയുണ്ടായിട്ടും നല്ല റാങ്കുകിട്ടാതെ പോയ സമ്പന്നകുമാരന്മാരും അക്കൂട്ടത്തിൽ ഉണ്ടാകും. പേയ്മെന്റ് സീറ്റിൽ കടന്നുകൂടുക അത്തരക്കാരാണ്. ട്യൂഷനു പോലും പണം മുടക്കാനാവാത്ത പാവപ്പെട്ടവർ എങ്ങനെയാണു പേയ്മെന്റ് സീറ്റിനു വിലപേശുക? അത്തരക്കാർക്കുള്ള ആശ യമായിരുന്നു ഫീസീറ്റുകൾ. ഇതു സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ ആരുമില്ലാതെ പോയി. കേന്ദ്രസർക്കാരോ IMC/AICTE എന്നീ അഖിലേന്ത്യാ കൗൺസിലുകളോ സംസ്ഥാന സർക്കാറുകളോ ഉണ്ണിക്ക്യഷ്ണൻ സ്കീമിന്റെ ഗുണവശം ചൂണ്ടിക്കാണിക്കാൻ തയ്യാറായില്ല. “രണ്ടു സ്വാശ്രയം സമം ഒരു സർക്കാർ കോളേജ്' എന്ന് ഇവിടെ മേനി പറഞ്ഞ കേരള സർക്കാരും ഒളിച്ചുകളിച്ചു. സ്വാശയ മുതലാളി മാരെ പിണക്കാൻ ആർക്കും താല്പര്യമില്ല! ചുരുക്കത്തിൽ TMA പൈ കേസിൽ ഏതാണ്ടാരു exporte വിധി തന്നെയായിരുന്നു സംഭവിച്ചത്.

മറ്റൊരു ശ്രദ്ധേയമായ സംഗതി, ഉണ്ണികൃഷ്ണൻ വിധിയിൽ കൂടെക്കൂടെ ആവർത്തിച്ചിരുന്ന സമത്വവും സാമൂഹ്യനീതിയും (Equity and Social Justice) എന്ന പദം TMA പൈ വിധിന്യായത്തിൽ കാണാൻ തന്നെ വിഷമമാ ണെന്നതാണ്. വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നവരുടെ അവകാശങ്ങളും താല്പര്യങ്ങളുമാണ് അതിലെ മുഖ്യ പ്രമേയം. വിദ്യാഭ്യാസ സ്ഥാപനം നടത്തുക എന്നത് ഒരു തൊഴിലാണെന്നും ഭരണഘടന കനിഞ്ഞനുവദിച്ചിരിക്കുന്ന തൊഴിൽ ചെയ്തു ജീവിക്കാനുള്ള മൗലികാവകാശത്തിൽ ഇതും പെടും എന്നുമായിരുന്നു വിധിയുടെ കാതൽ. കാശുമുടക്കി കോളേജ് നടത്തുന്നവർക്ക് വിദ്യാർത്ഥി പ്രവേശനത്തിലും ഫീസു നിർണ്ണയത്തിലുമുള്ള അവകാശങ്ങൾ പതിന്നൊന്നംഗ ബെഞ്ച് അനുവദിച്ചുകൊടുത്തു. ആർക്കും ഫീസീറ്റില്ല. എല്ലാവർക്കും ഒരേ ഫീസ്. ആവർത്തനച്ചെലവുമാത്രമല്ല ന്യായമായ തോതിൽ വികസനത്തിനുള്ള ചെലവും ഫീസിലൂടെ പിരിക്കാം. കൊള്ള ലാഭം പാടില്ലാ എന്നു മാത്രം. അതു പരിശോധിക്കാനായി സർക്കാർ ഒരു കമ്മിറ്റിയെ നിർദ്ദേശിക്കണം.

അങ്ങനെ കോളേജു നടത്തിപ്പിനെ ഒരു ബിസിനസ്സായി സുപ്രീം കോടതി അംഗീകരിച്ചെങ്കിലും കരിഞ്ചന്തയും കള്ളത്തരവും പാടില്ലാ എന്നു നിർഷ്ക്കർഷിക്കാനും അവർ മറന്നില്ല. വിദ്യാർത്ഥി പ്രവേശനത്തിന് യോഗ്യത തന്നെയായിരിക്കണം മുഖ്യമാനദണ്ഡം. വേണമെങ്കിൽ യോഗ്യത കുറഞ്ഞവരെ പ്രവേശിപ്പിക്കാം. പക്ഷേ അതും വ്യക്തമായ സുതാര്യമായ, മാനദണ്ഡമനുസരിച്ചായിരിക്കണം. തോന്ന്യാസം പാടില്ല. സാമ്പത്തിക പരിഗണനയും പാടില്ല. യോഗ്യതയ്ക്ക് സർക്കാർ നടത്തുന്ന പൊതു പ്രവേശനപ്പരീക്ഷയോ സ്വാശ്രയ കോളേജുകാർ സ്വന്തമായി നടത്തുന്ന പരീക്ഷയോ മാനദണ്ഡമാക്കാം.

ഉണ്ണികൃഷ്ണൻ വിധിക്കെതിരെ ഉയർന്ന പ്രധാന പരാതി ന്യൂനപക്ഷങ്ങളുടെ സവിശേഷ അവകാശങ്ങളെച്ചൊല്ലിയായിരുന്നെങ്കിലും ആ വിഷയത്തിൽ മാർഗദർശകമാകാവുന്ന കനത്ത സംഭാവകളൊന്നും തന്നെ പതിനൊന്നംഗ ഭരണഘടനാ ബെഞ്ചിൽ നിന്നുണ്ടായില്ല എന്നതാണ് ഏറ്റവും ദുഃഖകരമായ വസ്തുത.

TMA പൈ വിധിന്യായത്തിലെ പല അവ്യക്തതകളും ദുരൂഹതകളും വീണ്ടും തർക്കങ്ങൾക്കിടയാക്കി. ഇസ്ലാമിക് സൊസൈറ്റി കൊടുത്ത പരാതിയിൽ മറ്റൊരു 5 അംഗ ബെഞ്ച് വീണ്ടും ചില വിശദീകരണങ്ങൾ നൽകുകയുണ്ടായി. അതനുസരിച്ചാണ് സ്വാശയക്കോളേജ് പ്രവേശനവും ഫീസു നിർണ്ണയവും ന്യായയുക്തമാണെന്നുറപ്പു വരുത്താനായി ഓരോ സംസ്ഥാനത്തും ഹൈക്കോടതി സുപ്രീംകോടതി റിട്ടയേർഡ് ജഡ്ജിയുടെ അധ്യക്ഷതയിൽ ഒരു ഉന്നതതല സർക്കാർ കമ്മിറ്റി രൂപീകരിക്കാൻ നിർദ്ദേശമുണ്ടായത്. അങ്ങനെയാണ് കേരളത്തിൽ ജസ്റ്റീസ് കെ.ടി.തോമസ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത്.

സുപ്രീം കോടതിയുടെ മലക്കം മറിച്ചിലുകൾ

ഉണ്ണികൃഷ്ണൻ വിധിക്കുശേഷം പത്തുവർഷം കൊണ്ട് ഭരണഘടന വ്യാഖ്യാനിക്കുന്നതിൽ അത്യുന്നത നീതി പീഠത്തിന്റെ സമീപനത്തിൽ വന്ന മാറ്റം ശ്രദ്ധേയമാണ്. വിദ്യാഭ്യാസം സമത്വവും സാമൂഹ്യനീതിയും പുലർത്തേണ്ടുന്ന ഒരു പൊതുനന്മയെന്ന നിലയിൽനിന്ന് ഉപജീവനാർത്ഥമുള്ള ഒരു സ്വകാര്യ ഏർപ്പാടെന്ന കാഴ്ചപ്പാടിലേക്ക് കോടതി മാറി. ഈ മാറ്റത്തിൽ സമകാലിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുടെ പങ്ക് മറച്ചു വെയ്ക്കാൻ പോലും കോടതി മെനക്കെടുന്നില്ല. വിധിന്യായത്തിന്റെ 49-ാം ഖണ്ഡികയിൽ ഇപ്രകാരം പറയുന്നു. “അക്കാദമിക ബിരുദം സമൂഹത്തിന്റെ നന്മയ്ക്കുതകുന്ന ഒരു പൊതു സമ്പത്ത് അല്ലെന്നും അത് സ്വന്തം ഗുണത്തിനുമാത്രം ഉതകുന്ന സ്വകാര്യ സ്വത്താണെന്നും ഉള്ള ആശയം ഇന്ന് വ്യാപകമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്നത്തെ സാമ്പത്തിക യുക്തിയും സ്വകാര്യവല്രണ പ്രത്യയശാസ്ത്രവും സ്വകാര്യ ഉന്നത വിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിനു സംഭാവന ചെയ്തിട്ടുണ്ട്. തീർന്നില്ല, 70-ാം ഖണ്ഡികയിൽ വീണ്ടും പറയുന്നു. “പ്രൊഫഷണൽ വിദ്യാഭ്യാസം തേടുന്നവർ അതിന്റെ ചെലവും വഹിക്കണമെന്നുള്ളത് ലോകമെങ്ങുമുള്ള രീതിയാണ്. ഇതിൽ പ്രതിഫലിക്കുന്നത് ഭരണഘടനയിലെ മൗലികതത്വങ്ങളുടെ ധിഷണാപരമായ വ്യാഖ്യാനമൊന്നുമല്ല, വിദ്യാഭ്യാസത്തെപ്പറ്റിയുള്ള അത്യന്തം പ്രതിലോമപരമായ ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ്. വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയത്തെപ്പറ്റി വാതോരാതെ പരാതി പറയുന്നവർക്ക് ഇതിലെ രാഷ്ട്രീയം തിരിച്ചറിയാനാവുന്നില്ല എന്നതാണ് രസകരമായ വൈരുദ്ധ്യം. മാത്രവുമല്ല, വസ്തുതാപരമായ പിശകുമാണ് ഈ പ്രസ്താവങ്ങൾ. തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രം നിഗമനങ്ങളിലെത്തേണ്ട കോടതി നടത്തുന്ന മറ്റൊരു ഉപരിപ്ലവമായ പരാമർശം നോക്കൂ. “സ്വകാര്യ വിദ്യാലയങ്ങളിലെ പരീക്ഷാ ഫലങ്ങൾ സർക്കാർ സ്ഥാപനങ്ങളിലേതിനേക്കാൾ എത്രയോ കേമമാണ്. (ഖണ്ഡിക 61). ഇതു പരമോന്നത നീതിപീഠത്തിന്റെ വിധിന്യായമോ അതോ സ്വാശ്രയ വിദ്യാലയങ്ങളുടെ പോൺസേർഡ് പരസ്യമോ?

കേരള സർക്കാരിന്റെ പിടിപ്പുകേടുകൾ

TMA പൈ കേസിൽ സുപ്രീം കോടതി നോട്ടീസയച്ചിട്ടുപോലും കേരള സംസ്ഥാനത്തെ സവിശേഷമായ സാഹചര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽപെടുത്തി ഇവിടെ നിലനിൽക്കുന്ന പരിമിതമായ സാമൂഹ്യ നീതിയെങ്കിലും സംരക്ഷിക്കാനുതകുന്ന തീർപ്പുസമ്പാദിക്കാൻ കേരള സർക്കാർ മെനക്കെട്ടില്ല എന്നതാണ് ഒന്നാമത്തെ തെറ്റ്. രണ്ടു സ്വാശ്രയകോളേജുകൾ സമം ഒരു സർക്കാർ കോളേജ് എന്ന സമവാക്യം ഇവിടെ പ്രചരിപ്പിച്ചവർ അതിന് സുപ്രീകോടതിയുടെ സംരക്ഷണം തേടുന്നതിൽ വീഴ്ച വരുത്തി. അതിരിക്കട്ടെ. TMA പെ വിധിയിലും ഇസ്ലാമിക് സൊസൈറ്റി വിധിയിലും ഊന്നിപ്പറയുന്ന ഒരു സംഗതി സാശ്രയകോളേജു പ്രവേശനത്തിൽ പാലിക്കേണ്ട സുതാര്യതയും തത്വദീക്ഷയുമാണ്. അതുറപ്പാക്കാനായിട്ടാണ് ജസ്റ്റീസ് KT തോമസ് കമ്മിറ്റിയെ നിയമിച്ചത്. അവർ നിശ്ചയിച്ച ഫീസ് നിരക്ക് കൂടിപ്പോയി എന്ന പരാതി വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുണ്ടായി എങ്കിലും മാനേജ്മെന്റ് ക്വാട്ടയിലേയ്ക്കുള്ള വിദ്യാർത്ഥി പ്രവേശനത്തിന് അവർ നിർദ്ദേശിച്ച നിയന്ത്രണങ്ങൾ മാതൃകാപരമായിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും ഒരേ തോതിൽ ഫീസു നിർണയിച്ചതാണ് വിദ്യാർത്ഥികളെ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ചത്. ക്രോസ് സബ്സ്ഡി പാടില്ലെന്ന വ്യക്തമായ സുപ്രീംകോടതി നിർദ്ദേശത്തിന്റെ വെളിച്ചത്തിൽ കമ്മിറ്റിക്ക് ഇതു മാത്രമേ ചെയ്യുവാൻ കഴിയുമായിരുന്നുള്ളൂ. കമ്മിറ്റിയുടെ വിലക്കിനെ മറികടന്ന് കോർട്ടലക്ഷ്യം വരെ കാട്ടിക്കൊണ്ട് സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകൾ സ്വന്തമായി പ്രവേശനപ്പരീക്ഷ നടത്തിയിട്ടും സർക്കാർ അനങ്ങിയില്ല.

വാസ്തവത്തിൽ സർക്കാർ ചെയ്യേണ്ടിയിരുന്നത് TMA പൈ വിധി വച്ചു നീട്ടിയ ചില പഴുതുകൾ ഉപയോഗിച്ചുകൊണ്ട് ദുർബലവിഭാഗങ്ങൾക്കും മിടുക്കരായ പാവപ്പെട്ട കുട്ടികൾക്കും നീതിലഭിക്കത്തക്ക വിധത്തിൽ നിയമ നിർമാണം നടത്തുകയായിരുന്നു. ആ വിധിന്യായത്തിൽ താഴെപറയും വിധത്തിലുള്ള ഒരു പരാമർശമുണ്ട് (ഖണ്ഡിക 68) : ""...... അതുകൊണ്ട് അംഗീകാരം നൽകുന്ന സമയത്ത് മാനേജ്മെന്റിന് വിദ്യാർത്ഥി പ്രവേശനക്കാര്യത്തിൽ ആവശ്യമായ വിവേചനാധികാരം സമ്മതിച്ചുകൊടുത്തുകൊണ്ടുതന്നെ, മെറിറ്റിനനുസരിച്ചുള്ള തെരഞ്ഞെടുപ്പു നടക്കുന്നു എന്നുറപ്പുവരുത്താനാവശ്യമായ നിബന്ധനകൾ വയ്ക്കാൻ സർക്കാരിനോ സർവ്വകലാശാലക്കോ അനുവാദമുണ്ടായിരിക്കും. ഇതു പലവിധത്തിലും ചെയ്യാം. ഉദാഹരണമായി ഒരു നിശ്ചിതശതമാനം സീറ്റ് സ്ഥാപനമോ സർക്കാരോ നടത്തിയ പൊതുപ്രവേശന പരീക്ഷ പാസ്സാകുകയും പ്രസ്തുത കോളേജിലേയ്ക്ക് അപേക്ഷിക്കുകയും ചെയ്തിട്ടുള്ളവരിൽ നിന്ന് മാനേജ്മെന്റിനു പ്രവേശനം നൽകാനായി മാറ്റിവച്ചിട്ട് ബാക്കി സീറ്റുകൾ സംസ്ഥാനത്തെ പൊതു കൗൺസലിങ്ങ് വഴി നിറയ്ക്കാൻ തീരുമാനിക്കാം. ഇത് നിർദ്ധനരുടെയും പിന്നാക്കക്കാരുടെയും താല്പര്യവും സംരക്ഷിക്കും. ഇത്തരത്തിൽ നീക്കിവയ്ക്കുന്ന സീറ്റുകളുടെ അനുപാതം പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സർക്കാരിനു തീരുമാനിക്കാം. ഈ അനുപാതം ന്യൂനപക്ഷ അൺ എയ്ഡഡ് കോളേജുകൾക്കും പ്രാഫഷണൽ കോളേജുകൾക്കും വ്യത്യസ്തമാകാം...

വിധിന്യായത്തിന്റെ ഉപസംഹാരത്തിൽ കോടതി വീണ്ടും പറയുന്നു; “ഒരു ന്യൂനപക്ഷ സ്ഥാപനത്തിന് വിദ്യാർത്ഥി പ്രവേശനത്തിന് സ്വന്തമായ നടപടിക്രമങ്ങളും രീതിയും ആകാം. പക്ഷേ അത് നീതിയുക്തവും സുതാര്യവുമായിരിക്കണം. ഉന്നതവിദ്യാഭ്യാസത്തിനും പ്രൊഫഷണൽ വിദ്യാഭ്യാസത്തിനുമുള്ള പ്രവേശനം മെറിറ്റനുസരിച്ച് ആയിരിക്കണം. പ്രവേശന നടപടികൾ ദുർഭരണത്തിന്റെ രീതിയിലാകരുത്.....

വാസ്തവത്തിൽ സാമൂഹികനീതിയും ഗുണമേന്മയും പുലർത്താനാവശ്യമായ നിയമ നിർമാണത്തിനുള്ള വേണ്ടുവോളം അവസരം ഈ പ്രസ്താവങ്ങളിലുണ്ട്. ഇതുപയോഗിച്ചുകൊണ്ടാണ് കർണാടക സർക്കാർ 75% സീറ്റിലേയ്ക്ക് സർക്കാർ നടത്തുന്ന പൊതു കൗൺസലിങ്ങിലൂടെയും 25% സീറ്റിലേക്ക് മാനേജ്മെന്റു ക്വാട്ടയിലൂടെയും പ്രവേശിപ്പിക്കുവാൻ തീരുമാനിച്ചത്. മാനേജുമെന്റ് ക്വാട്ടയിലേയ്ക്കുള്ള പ്രവേശനത്തിനായി ജസ്റ്റീസ് കെ.റ്റി.തോമസ് കമ്മിറ്റി നിർദ്ദേശിച്ച നടപടിക്രമങ്ങൾ സുപ്രീംകോടതി വിധിച്ചതുപോലെ സുതാര്യവും നീതിയുക്തവും മെറിറ്റിനെ ആധാരമാക്കിയുള്ളതുമായിരുന്നു. അതു തന്നെ സർക്കാരിനും അംഗീകരിക്കാമായിരുന്നു. തർക്കമുണ്ടാകാനിടയുള്ളത് സർക്കാർ ക്വാട്ടയിൽ പ്രവേശനം കിട്ടുന്നവരുടെ ഫീസിന്റെ കാര്യത്തിലായിരുന്നു. സർക്കാർ ക്വാട്ടയെപ്പറ്റി പറയുന്നിടത്ത് സുപ്രീംകോടതി തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളതു നോക്കുക: “ഇത് നിർദ്ധനരുടെയും പിന്നാക്കക്കാരുടെയും താത്പര്യവും സംരക്ഷിക്കും. പിന്നാക്കക്കാർക്ക് സംവരണം നൽകാം. നിർദ്ധനർക്കോ? അവർക്ക് മെറിറ്റിലൂടെത്തന്നെ സീറ്റു കിട്ടണം. പക്ഷേ അവർക്കും ഉയർന്ന ഫീസു നിശ്ചയിച്ചാൽ പിന്നെ അവരെങ്ങനെ പ്രവേശനം നേടും? അതുകൊണ്ട് സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടുന്ന നിർദ്ധനർക്കും പിന്നോക്കക്കാർക്കും ഫീസു സൗജന്യം (പൂർണമായോ ഭാഗികമായോ ഉള്ള ഇളവ്) നൽകിയേ മതിയാവൂ എന്നു വരുന്നു. ഇത് ഉറപ്പാക്കാനായി നിയമനിർമാണം നടത്തിയാൽ അത് സുപ്രീം കോടതിവിധിയുടെ അന്തസ്സത്ത പാലിക്കുന്നതിന് ആവശ്യമാണെന്നു വാദിയ്ക്കാനും കഴിയും.

പക്ഷേ ദൗർഭാഗ്യവശാൽ അത്തരത്തിലൊന്നുമല്ല സംസ്ഥാനസർക്കാർ പ്രതികരിച്ചത്. നിയമനിർമാണത്തിന്റെ ആവശ്യകതയെപ്പറ്റി പലരും (പരിഷത്തുൾപ്പെടെ) ആവർത്തിച്ചാവശ്യപ്പെട്ടിട്ടും സർക്കാർ അനങ്ങിയില്ല. ഒടുവിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമാവുകയും നിലക്കള്ളിയില്ലാതാകുകയും ചെയ്തപ്പോഴാണ് പാതിസീറ്റിൽ സർക്കാർ കോളേജിലെ ഫീസുനിരക്കിൽ സർക്കാർ ലിസ്റ്റിൽനിന്നും റാങ്കനുസരിച്ച് പൊതു കൗൺസിലിങ്ങിലൂടെ പ്രവേശനം നടത്തണം എന്നു നിബന്ധിക്കുന്ന ബില്ലുകൊണ്ടുവന്നത്. ബാക്കി 50% സീറ്റിൽ മാനേജ്മെന്റിനു യുക്തംപോലെ പ്രവേശനം നടത്താനുള്ള അനുമതിയും ബില്ലുനൽകുന്നു. കോഴയ്ക്കും കരിഞ്ചന്തയ്ക്കുമുള്ള പരസ്യമായ ലൈസൻസല്ലാതെ മറ്റൊന്നുമല്ല ഇത്. വിദ്യാഭ്യാസക്കച്ചവടത്തിനു പച്ചക്കൊടി കാട്ടിയ സുപ്രീംകോടതി പോലും വിലക്കിയ കാര്യമാണ് സർക്കാർ ഉദാരമായി വച്ചു നീട്ടിയത്. കഴിഞ്ഞവർഷം ഇതുപോലെ സർക്കാർ കനിഞ്ഞു നൽകിയ പഴുതിലൂടെ മുപ്പത്തൊമ്പതിനായിരാമത്തെ റാങ്കുകാരിക്കുവരെ പ്രവേശനം നൽകിയ കോഴമാനേജ്മെന്റുകൾക്ക് ആനന്ദലബ്ധി ക്കിനിയെന്തുവേണം, എന്നായിരിക്കും നാം ചോദിക്കുക. പക്ഷേ ഇതും പോരാ, എന്നു പറഞ്ഞുകൊണ്ടാണ് ഒരു സ്വാശ്രയ മാനേജ്മെന്റ് മുഴുവൻ സീറ്റിലും സ്വയം പ്രവേശനം നടത്താനുള്ള അവകാശം തേടി സുപ്രീം കോടതിയിൽ പോയത്. അവിടെ സ്വന്തം ബില്ലിനെ ന്യായീകരിക്കുന്നതിൽ കേരള സർക്കാർ ദയനീയമായി പരാജയപ്പെട്ടു. ബോധപൂർവ്വം തോറ്റുകൊടുത്തു എന്നു പറയുകയാവും ശരി. TMA പൈ വിധിന്യായത്തിലെ മേൽസൂചിപ്പിച്ച നിർദ്ദേശങ്ങളെ പരാമർശിക്കപോലും ചെയ്യാതെ പാതിസീറ്റിൽ സർക്കാർ ഫീസേ പാടുള്ളൂ എന്നു പറഞ്ഞ് ഇവിടെ തെരുവിൽ വിദ്യാർത്ഥികൾ സമരം ചെയ്യുകയാണെന്നൊക്കെയാണ് അവിടെ കേരളസർക്കാരിന്റെ വിലകൂടിയ അഭിഭാഷകൻ വാദിച്ചത്. സുപ്രീംകോടതിയെ പ്രകോപിപ്പിക്കാൻ ഇതിൽപരം എന്തു വേണം! സുപ്രീംകോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച ജസ്റ്റിസ് തോമസ് കമ്മിറ്റി നിർണയിച്ച ഫീസുവ്യവസ്ഥ തൽക്കാലം നടപ്പാക്കാനായിരുന്നു കോടതിവിധി. കേരളസർക്കാർ പാസ്സാക്കിയ നിയമത്തിന്റെ സാധുത പിന്നെ പതുക്കെ പരിശോധിക്കും.

ഇപ്പോൾ സംജാതമായിട്ടുള്ള അവസ്ഥ ബഹുവിശേഷമാണ്. മാറി മാറി വന്ന സുപ്രീംകോടതി വിധികളിലുണ്ടായിരുന്ന ഗുണപരമായ അംശം പോയിക്കിട്ടി. എല്ലാത്തിന്റെയും ദോഷങ്ങൾ വിദ്യാർത്ഥിപ്രക്ഷോഭം അക്രമാസക്തമായപ്പോൾ സർക്കാർ പണ്ടേ ചെയ്യേണ്ടിയിരുന്ന ഒരു കാര്യം ചെയ്ത് സദ്ബുദ്ധി കാണിച്ചു. സ്വാകാര്യ സ്വാശയ മാനേജ്മെന്റുകൾ എന്തുചെയ്താലും ശരി, സർക്കാരിന്റെ ഉത്തരവാദിത്തത്തിലുള്ള സ്വാശ്രയകോളേജുകളിലെങ്കിലും സർക്കാർ ക്വാട്ടയിൽ പ്രവേശനം കിട്ടുന്നവർ സർക്കാർ കോളേജിലെ ഫീസുകൊടുത്താൽ മതി എന്നു വയ്ക്കരുതോ? അവസാനം അപ്രകാരം ഒരു ഉത്തരവ് ഇറക്കാൻ സർക്കാർ സന്നദ്ധമായിരിക്കുന്നു. അവിടെയും ചില അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഇതൊരു ശരിയായ സമീപനത്തിന്റെ തുടക്കമാണെന്നു പ്രത്യാശിക്കാം. വാസ്തവത്തിൽ ഇതാണു വേണ്ടത്; പ്രവേശനം മെറിറ്റ് (സംവരണവും) അനുസരിച്ചു നടത്തുകയും ഫീസുനിരക്ക് വിദ്യാർത്ഥിയുടെ കുടുംബവരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുകയും. പക്ഷേ മുഴുവൻ ചെലവും ഈടാക്കുന്ന തരത്തിലുള്ള ഫീസ് ആരിൽ നിന്നും വാങ്ങരുത്. അതു കച്ചവടമാകും. അതിനുപകരം പരമാവധിഫീസ് പ്രതിശീർഷചെലവിന്റെ 20-25% വരെ ആകാം എന്നാണ് ഒരു അഭിപ്രായം. എങ്ങനെയായാലും അത് രാജ്യത്തെ പ്രതിശീർഷവരുമാനത്തിന്റെ 40%ൽ കവിയരുത്. വരുമാനം കുറഞ്ഞവർക്കും പിന്നാക്കക്കാർക്കും ഭാഗികമായോ സമ്പൂർണ്ണമായോ ഉള്ള ഫീസിളവും ഉണ്ടാകണം. വായ്പകൾ പോരാ. ലോകമെമ്പാടും ഉള്ള പഠനങ്ങളും അനുഭവങ്ങളും കാണിക്കുന്നത് വിദ്യാഭ്യാസവായ്പകൾ അവ ലക്ഷ്യമാക്കുന്ന വിഭാഗങ്ങൾക്ക് ഉപകരിക്കുന്നില്ല എന്നാണ്. അമേരിക്കൻ സർവ്വകലാശാലകൾ പോലും വായ്ക്കുകൾ കുറച്ച് സ്കോളർഷിപ്പുകൾ കൂട്ടാനാണ് മുതിരുന്നത്.

പക്ഷേ, ഇത്തരത്തിലുള്ള ഒരു വിദ്യാഭ്യാസ സമീപനത്തിലേയ്ക്ക് സ്വകാര്യ സ്വാശ്രയ മാനേജ്മെന്റുകളെ നിർബന്ധിച്ചു കൊണ്ടുവരാനുള്ള ദീർഘ വീക്ഷണമോ ഇച്ഛാശക്തിയോ ഈ സർക്കാരിൽ നിന്നു പ്രതീക്ഷിക്കാൻ യാതൊരു ന്യായവും കാണുന്നില്ല. മാനേജ്മെന്റുകളുടെ പിടിവാശിക്കും ദുരയ്ക്കും മുന്നിൽ മുട്ടുമടക്കാൻ യാതൊരു ലജ്ജയുമില്ലാത്ത ഒരു സർക്കാരാണിത്. കഴിവുകേടിനെ അലങ്കാരമാക്കിക്കൊണ്ടു നടക്കുകയാണീ സർക്കാർ. ചോദിച്ചവർക്കൊക്കെ യാതൊരു വിവേചനവുമില്ലാതെ കോളേജു തുടങ്ങാനനുവാദം നൽകിയിടത്തുനിന്നുതന്നെ തുടങ്ങി പിടിപ്പുകേട്. അംഗീകാരം നല്കുന്നതിനു പകരമായി പാതി സീറ്റു ഫ്രീ സീറ്റായിരിക്കുമെന്നു നിബന്ധന വയ്ക്കാൻ പോലും മറന്നുപോയത് വെറും കഴിവുകേടാണോ അതോ ഒത്തുകളിയാണോ എന്നത് അപ്രസക്തമാണ്. രണ്ടായാലും ഈ ഉത്തരവാദിത്തം പേറാൻ തീർത്തും അയോഗ്യരാണ് തങ്ങൾ എന്നു തെളിയിച്ചിരിക്കയാണ് സർക്കാർ.

ഈ തുടർനാടകത്തിന്റെ ക്ലൈമാക്സ് ആയിട്ടാണ് സുപ്രീംകോടതി വിധികളെപ്പോലും കാറ്റിൽ പറത്തി അഴിമതി നടത്താൻ ലൈസൻസു നൽകുന്ന ഒരു നിയമം നിർമിച്ചുകൊണ്ട് മാനേജ്മെന്റിനോടുള്ള സമ്പൂർണ്ണ വിധേയത്വം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെക്കാൾ ദയനീയമായ അവസ്ഥ എന്തുള്ളൂ? ചുരുക്കിപ്പറഞ്ഞാൽ വിദ്യാഭ്യാസ രംഗത്ത് സ്വാശയമെന്ന ആശയത്തിന് വലിയ പ്രസക്തിയില്ല. സേവന തൽപരരായ വ്യക്തികൾക്കും സംഘ നടപ്പാക്കുകയും ചെയ്തു! ഉണ്ണികൃഷ്ണൻ വിധിയിലൂടെ സശയക്കോളെജുകൾക്കു കിട്ടിയ ഭരണഘടനാ സാധുത നിലനില്ക്കുന്നു, സാമൂഹ്യനീതി ഉറപ്പാക്കാനുള്ള ഭാഗം നഷ്ടമായി. IMA പൈ വിധിയിലൂടെ നിർദ്ദേശിക്കപ്പെട്ട ഒരേതരം ഫീസു വ്യവസ്ഥ നടപ്പാക്കി, പക്ഷേ മാനേജ്മെന്റുക്വാട്ടയിലേയ്ക്കും സുതാര്യമായും നീതി യുക്തമായും മെറിറ്റനുസരിച്ചും പ്രവേശനം നടത്തണമെന്ന ഭാഗം സർക്കാരും സ്വാശ്രയ മാനേജ്മെന്റും ഒത്തുകളിച്ച് കുളമാക്കി. ജസ്റ്റിസ് തോമസ് കമ്മിറ്റി നിർദ്ദേശിച്ച ഫീസുവ്യവസ്ഥ നിലനില്ക്കുന്നു, പക്ഷേ മാനേജ്മെന്റിനിട്ട് മൂക്കുകയർ സർക്കാർ അഴിച്ചു കളഞ്ഞു. ഇതേത്തുടർന്ന് ങ്ങൾക്കും ഇത്തരം സ്ഥാപനങ്ങൾ ആവാം. അത് ഒരിക്കലും ലാഭേഛയോടെ ആകരുത്. നടത്തപ്പിനുള്ള വിഭവങ്ങൾ അവർ തന്നെ കണ്ടെത്തുന്ന രീതിയാണ് അഭിലഷണീയം.

ആകെ മുങ്ങിയാൽ

ആകെ മുങ്ങിയാൽ കുളിരില്ല എന്ന മട്ടിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ അവസ്ഥ. സ്വാശ്രയ കോളേജുകളുടെ അവസ്ഥയാണ് മേൽ വിവരിച്ചത്. ഒന്നുമില്ലെങ്കിലും അത് താരതമ്യേന ചെറിയ ഒരു വിഭാഗം വിദ്യാർത്ഥികളെ മാത്രം ബാധിക്കുന്നതാണ് എന്നു സമാധാനിക്കാം. നമ്മുടെ മാധ്യമങ്ങളുടെ മട്ടു കണ്ടാൽ എഞ്ചിനീയറിങ്ങിനും മെഡിസിനും പഠിക്കാൻ സീറ്റു പോരാത്തതാണ് ഈ നാട്ടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പ്രശ്നം എന്നു തോന്നും. വാസ്തവത്തിൽ ഒന്നാം ക്ലാസ്സിലെത്തുന്ന നൂറുകുട്ടികളിൽ കഷ്ടിച്ച് 20 പേരാണ് പ്ലസ് ടൂ പാസ്സാകുന്നത്. അവരിൽ പാതിപ്പേരും എൻട്രൻസ് ടെസ്റ്റ് എഴുതുന്നു എന്നു കരുതിയാൽ പോലും അത് ആ തലമുറയിലെ വിദ്യാർത്ഥികളുടെ 10 ശതമാനമേ ആകുന്നുള്ളൂ. (യഥാർത്ഥത്തിൽ ഇത് 7 ശതമാനത്തോളമേ വരൂ).

അതിരിക്കട്ടെ. മുഴുവൻ കുട്ടികളെയും സംബന്ധിക്കുന്ന സ്കൂൾ വിദ്യാഭ്യാസത്തിന്റെ കാര്യമോ? ഈ സർക്കാർ അധികാരത്തിലേറി ആദ്യം ചെയ്തത് പടിപടിയായി പുരോഗമിച്ചുവന്ന പാഠപുസ്തകപരിഷ്കരണത്തെ അട്ടിമറിക്കുകയായിരുന്നു. അച്ചടിച്ചുകഴിഞ്ഞ പാഠപുസ്തകം പിൻവലിച്ച് ഖജനാവിനു കോടികളുടെ നഷ്ടം വരുത്തുക മാത്രമല്ല ലക്ഷക്കണക്കിനു കുട്ടികളെ ദ്രോഹിക്കുകയും ചെയ്തു. എന്നിട്ടോ? സ്വന്തം ആൾക്കാരെ കുത്തിനിറച്ച വിദഗ്ദ്ധക്കമ്മിറ്റി പരിശോധിച്ചിട്ടുപോലും പാഠപുസ്തകങ്ങളിൽ കാതലായ പിശകുകളോ അപാകതകളോ കണ്ടെത്താനായില്ല. ചില്ലറമാറ്റങ്ങളോടെ അവയെ തിരിച്ചുകൊണ്ടുവരേണ്ടിവന്നു. പക്ഷേ പുതിയ പാഠ്യപദ്ധതിയുടെ സ്പിരിറ്റ് ഉൾക്കൊണ്ടു നടപ്പാക്കാനുള്ള വിദ്യാഭ്യാസ ദർശനമോ ഉൾക്കാഴ്ചയോ ഇല്ലാത്ത ഈ സർക്കാർ അധ്യാപക പരിശീലനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ആവശ്യമായ പ്രാധാന്യം നൽകുന്നില്ല. അതുകൊണ്ട് പഴയ പരാധീനതകൾ പലതും തുടരുന്നു. എട്ടാം ക്ലാസ്സുമുതൽ പാഠ്യപദ്ധതിയിൽ ലക്ഷ്യമിട്ടിരുന്ന പല പുതിയ പരീക്ഷണങ്ങളും ഉപേക്ഷിക്കപ്പെട്ടു. മൂല്യനിർണയത്തിലെ പുതുമകൾ ഏറെക്കുറെ യാന്ത്രികമായെങ്കിലും തുടർന്നുപോന്നു. തുടർച്ചയായും സമഗ്രമായും ഉള്ള ആന്തരിക മൂല്യനിർണയം പത്താംക്ലാസ്സിൽ വച്ച് പാതിവഴിയിൽ പൊടുന്നനെ ഉപേക്ഷിച്ചു. അക്കാദമിക സമൂഹത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് ഭാഗികമായെങ്കിലും ഇത് പുനഃസ്ഥാപിച്ചത്. ഇതോടെ സ്വാശ്രയ മാനേജ്മെന്റിന്റെ മുമ്പിലെന്ന പോലെ, ഗൈഡ്ബുക്ക് - ട്യൂഷൻ - കോച്ചിങ്ങ് - റാങ്ക് ലോബിയുടെ മുമ്പിലും മുട്ടുമടക്കിയ സർക്കാറിനെയാണ് നാം കണ്ടത്. ഇവിടെ വിദ്യാഭ്യാസ മന്ത്രിയെയും മറികടന്ന് മാഫിയകൾ നേരിട്ടു കളിക്കളത്തിലിറങ്ങുകയായിരുന്നെന്നാണ് കേൾവി. കരിക്കുലം കമ്മിറ്റിയെയും എസ്.സി.ഇ.ആർ.ടിയെയും തൃണവദ്ഗണിച്ചുകൊണ്ട് മന്ത്രിയെപ്പോലും മറികടന്ന് ക്യാബിനറ്റിനെക്കൊണ്ടു തീരുമാനമെടുപ്പിക്കാനുള്ള കഴിവ് ഇവിടത്തെ വിദ്യാഭ്യാസക്കച്ചവട ലോബിക്കുണ്ടെന്നത് പുതിയ അറിവൊന്നുമല്ല. പക്ഷേ ഇത്ര നാണംകെട്ട കീഴടങ്ങൽ ഇതിനുമുമ്പെങ്ങും ഉണ്ടായിട്ടില്ല.

ജനനന്മയ്ക്കായുള്ള വിദ്യാഭ്യാസം

വിദ്യാഭ്യാസത്തിലെ രാഷ്ട്രീയം

വിദ്യാഭ്യാസത്തെ രാഷ്ട്രീയ വിമുക്തമാക്കണമെന്ന ഒരാവശ്യം പലപ്പോഴും ഉയർത്തപ്പെടാറുണ്ട്. അഭിവന്ദ്യരായ പല വിദ്യാഭ്യാസ വിചക്ഷണരും ഇതാവർത്തിക്കാറുമുണ്ട്. സങ്കുചിത കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ ക്യാംപസ്സിൽ നടക്കുന്ന അക്രമങ്ങളും അരാജകത്വവും അവസാനിപ്പിക്കണമെന്നാണ് ആവശ്യമെങ്കിൽ അതു ന്യായം തന്നെയാണ്. പക്ഷേ അതല്ലല്ലോ യഥാർത്ഥ രാഷ്ട്രീയം. സമൂഹത്തിലെ അധികാര വിതരണത്തെയും വിനിയോഗത്തെയും സംബന്ധിക്കുന്ന പഠനവും പ്രവർത്തനവുമാണ് യഥാർത്ഥ രാഷ്ട്രീയം. അതിനെ വിദ്യാഭ്യാസത്തിൽ നിന്നു വേർപെടുത്താനുമാവില്ല.

അശോകിത കമ്മീഷൻ റിപ്പോർട്ടിൽ നിന്നുരുത്തിരിയുന്ന ഈ കണക്കു നോക്കുക: ഒന്നാം ക്ലാസ്സിലെത്തുന്ന 100 കുട്ടികളിൽ 70 പേർ മാത്രമേ പത്തിലെത്തുന്നുള്ളൂ. കൊഴിഞ്ഞു പോകുന്ന 30 പേർ ഏതു വിഭാഗത്തിൽപെട്ടവരാണ്? പത്താംക്ലാസ്സിലെ പരീക്ഷ എഴുതുന്ന 70 പേരിൽ പാതിയും പതിരായി മുദ്രകുത്തപ്പെട്ട് അരിച്ചുമാറ്റപ്പെടുന്നു. വീട്ടിൽ പാഠം പറഞ്ഞുകൊടു ക്കാനാരുമില്ലാത്തവരും ട്യൂഷനു കഴിവില്ലാത്തവരുമല്ലേ' പത്തിലെ പരീക്ഷയിൽ തോൽക്കുന്നത്? അതിലൊരു രാഷ്ട്രീയമില്ലേ?

പത്തുകഴിഞ്ഞു വരുന്ന (ബാക്കിയുള്ള) 35 പേരിൽ, പ്ലസ് ടു പരീക്ഷ കഴിയുമ്പോൾ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടുന്നവർ ഏറിയാൽ പതിനെട്ടോ ഇരുപതോ പേർ മാത്രം. സമൂഹത്തിലെ കാമ്യമായ ഉദ്യോഗങ്ങളും മറ്റവസരങ്ങളും ഇവർക്കവകാശപ്പെട്ടതാണ്. ഇവരിൽപെട്ട ഏഴോ എട്ടോ പേരാണ് പ്രൊഫഷണൽ കോളേജുകളിൽ കടന്നുകൂടാൻ ശ്രമിക്കുന്നത്; എൻട്രൻസ് പരീക്ഷ എഴുതുന്നത്. അവരുടെ മോഹങ്ങളും മോഹഭംഗങ്ങളുമാണ് ഇവിടത്തെ ഏറ്റവും വലിയ വിദ്യാഭ്യാസപ്രശ്നങ്ങൾ എന്ന നിലയിലാണ് മാധ്യമങ്ങളും അധികൃതരും അവ കൈകാര്യം ചെയ്യുന്നത്. അതിലത്ഭുതത്തിനവകാശമില്ല. എന്തെന്നാൽ ഈ ചെറു ന്യൂനപക്ഷം വരുന്നത് സമൂഹത്തിലെ ഏറ്റവും സമ്പന്നമായ, സ്വാധീനശക്തിയുള്ള, വിഭാഗങ്ങളിൽ നിന്നാണ്. അവർക്കു മാത്രമേ നമ്മുടെ സ്കൂൾ വിദ്യാഭ്യാസം ഒരുക്കിയിട്ടുള്ള കടമ്പകൾ ചാടിക്കടന്ന് എൻട്രൻസ് കോച്ചിങ്ങിലൂടെ ഉയർന്ന റാങ്കുകൾ കരസ്ഥമാക്കാൻ കഴിയൂ. അതിന് ഉയർന്ന ഫീസുള്ള സ്വകാര്യ സ്കൂളുകളിലെ പഠനവും വൻചെലവുള്ള സ്വകാര്യ ട്യൂഷനും സ്പെഷൽ കോച്ചിങ്ങും ഒക്കെ കൂടിയേ തീരൂ. അതൊക്കെയുണ്ടായിട്ടും നല്ല റാങ്കു കിട്ടാതെ പോയ പിൻബെഞ്ചുകാർക്കു വേണ്ടിയുള്ളതാണ് സ്വാശ്രയകോളേജുകൾ. മെറിറ്റിലായാലും പേയ്മെന്റിലായാലും യഥാർത്ഥ ഗുണഭോക്താക്കൾ വരേണ്യവിഭാഗങ്ങൾ തന്നെ എന്നുറപ്പുവരുത്തുന്നതാണ് ഇന്നത്തെ സംവിധാനം.

ഇതിലൊരു രാഷ്ട്രീയമില്ലേ?

വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം സാമൂഹികനീതി വളർത്തലല്ലായെങ്കിലും, അതൊരിക്കലും നിലവിലുള്ള അസമത്വങ്ങളെയും അനീതിയെയും ഊട്ടി ഉറപ്പിക്കുന്നതാകാൻ പാടില്ലല്ലോ. പക്ഷേ ഇന്നത്തെ വിദ്യാഭ്യാസ സംവിധാനം അതാണു ചെയ്യുന്നത്. പാവപ്പെട്ടവരെയും പിന്നാക്കക്കാരെയും അത് അരിച്ചുമാറ്റുകയാണ് ഫലത്തിൽ ചെയ്യുന്നത്. ഏതു നിയമത്തിന്റെയും അപവാദം എന്ന നിലയിൽ അസുലഭ പ്രതിഭാശാലികളായ ചുരുക്കം ചില ദരിദ്രകുമാരന്മാരും മെറിറ്റിന്റെ ബലത്തിൽ കയറിവരാറുണ്ട്. ഒരു കെ.ആർ.നാരായണനോ ചുരുക്കം ചില ഐ.എ.എസ്സുകാരോ കോളെജ് പ്രൊഫസർമാരോ ഒന്നും ഈ വസ്തുതയുടെ നിഷേധമാകുന്നില്ല.

ഈ സമ്പ്രദായത്തിന്റെ വിജയം കുടികൊള്ളുന്നത്; ഈ അരിച്ചുമാറ്റൽ നടക്കുന്നത് മെറിറ്റിന്റെ പേരിലാകയാൽ ഇത് ന്യായവും അനിവാര്യവുമാണെന്ന് ഇതിന്റെ ഇരകൾക്കുപോലും സമ്മതിക്കേണ്ടി വരുന്നു എന്നതിലാണ്. എന്നാൽ S.S.L.C പരീക്ഷയിൽ തോൽക്കുന്നവരെല്ലാം പാവപ്പെട്ടവരാകുന്നതെന്തേ എന്ന ചോദ്യം എന്തുകൊണ്ടോ ഉയരുന്നില്ല. ക്ലാസ്സിലെ പഠനം കൊണ്ടുമാത്രം നല്ല മാർക്കോടെ പാസ്സാകാൻ പറ്റാത്ത നമ്മുടെ വിദ്യാഭ്യാസ സംവിധാനം ആണ് യഥാർത്ഥ വില്ലൻ എന്ന് ആരും തിരിച്ചറിയുന്നില്ല. നമ്മുടെ പാഠ്യപദ്ധതി വാസ്തവത്തിൽ വളരെയധികം ഗൃഹകേന്ദ്രിതവും ട്യൂഷൻ അധിഷ്ഠിതവുമാണ്. അതിലൂടെയാണ് പാവപ്പെട്ടവർ പിന്തള്ളപ്പെടുന്നത്. കുട്ടികൾക്ക് യഥാർത്ഥത്തിലുള്ള അവസരസമത്വം കിട്ടണമെങ്കിൽ പാഠ്യപദ്ധതിക്കനുസരിച്ചുള്ള മുഴുവൻ പഠനബോധന പ്രക്രിയയും ക്ലാസ്സ് അന്തരീക്ഷത്തിൽ അധ്യാപകരുടെ മേൽനോട്ടത്തിൽ കിട്ടണം. നല്ല ആശുപ്രതിയിൽ രോഗികളെ പ്രവേശിപ്പിച്ചാൽ കൂട്ടിരിപ്പുകാരെ അനുവദിക്കാറില്ലല്ലൊ. രോഗിയുടെ പരിചരണത്തിന്റെ സർവ്വചുമതലയും ആശുപ്രതി ഏറ്റെടുക്കുന്നു. അതുപോലെ കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ സകല ചുമതലയും സ്കൂളും അദ്ധ്യാപകരും ഏറ്റെടുക്കണം. എങ്കിൽ മാത്രമേ ഗാർഹിക സാഹചര്യങ്ങളിൽ നിന്നു നിരപേക്ഷമായി എല്ലാ കുട്ടികൾക്കും അവരവരുടെ കഴിവുകളെ പരമാവധി വികസിപ്പിക്കുന്നതിനുള്ള തുല്യ അവസരം കിട്ടൂ. ആ ഭാരിച്ച ചുമതല ഏറ്റെടുക്കത്തക്കവിധമുള്ള പിരിശീലനവും വിവരവും ആത്മവിശ്വാസവും അദ്ധ്യാപകർക്കുണ്ടാവണം. അതിനുള്ള ഭൗതിക സാഹചര്യവും അന്തരീക്ഷവും സ്കൂളിൽ ഉണ്ടാവണം. അത് ഉറപ്പുവരുത്തുക എന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.

ഭാഗ്യവശാൽ ഈ ഉത്തരവാദിത്തം നിർവഹിക്കാൻ സഹായകമായ ഒരു സാഹചര്യം അധികാര വികേന്ദ്രീകരണത്തോടെ സംജാതമായിട്ടുണ്ട്. വിദ്യാലയങ്ങൾ പഞ്ചായത്തുരാജ് സ്ഥാപനങ്ങൾക്കു കൈമാറിയിട്ടുണ്ട്. എങ്കിലും ആ പ്രക്രിയ പൂർണ്ണമായിട്ടില്ല. അധ്യാപക നിയമനം ഉൾപ്പെടെ സാമ്പത്തികവും ഭരണപരവുമായ സകല അധികാരങ്ങളും അവർക്കു കൈമാറണം. തീർച്ചയായും തങ്ങളുടെ ദേശത്തുള്ള വിദ്യാലയത്തെ മെച്ചപ്പെടുത്തുന്നതിൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് ഡിപ്പാർട്ടുമെന്റൽ അധികാരികളെക്കാൾ താൽപര്യവും പ്രതിബദ്ധതയും ഉണ്ടാകുമെന്നുറപ്പാണ്. വിദ്യാലയങ്ങൾ ഓരോ ദേശത്തിന്റെയും അഭിമാനസ്തംഭങ്ങളാകണം. (ഒരു കാലത്ത് അങ്ങനെയായിരുന്നുവല്ലൊ). പഞ്ചായത്തു ഭരണസമിതികൾ മാത്രമല്ല PTA ൃകളും പൗരമുഖ്യരും ഉപദേശിക വ്യവസായ വാണിജ്യ സ്ഥാപനങ്ങളും എല്ലാം സഹകരിച്ചാൽ ഇതു നേടാവുന്നതേയുള്ളൂ.

ലക്ഷ്യബോധമുള്ള ഹയർസെക്കണ്ടറിതലം.

ഇപ്പോഴത്തെ സ്കൂൾ പാഠ്യപദ്ധതി പരിശോധിച്ചാൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എല്ലാ കുട്ടികളെയും ഉന്നത വിദ്യാഭ്യാസത്തിനു തയ്യാറാക്കുകയാണെന്നുതോന്നും. യഥാർത്ഥത്തിൽ ഒരു തലമുറയിലെ 15 ശത മാനത്തോളം യുവാക്കാൻ മാത്രമേ ഇപ്പോൾ ഉന്നത വിദ്യാഭ്യാസരംഗത്തേക്കു പോകുന്നുള്ളൂ. ഇത് ഇരുപത്തഞ്ചു ശതമാനമായെങ്കിലും വർദ്ധിപ്പിച്ചാൽ മാത്രമേ സവിശേഷ വിജ്ഞാനം ആവശ്യമായ മേഖലകളിൽ നമുക്കു മുന്നേറാനാകൂ. ഇത് ശാസ്ത്ര സാങ്കേതിക രംഗങ്ങൾക്കുമാത്രമല്ല സാമൂഹിക മാനവികവൈജ്ഞാനിക രംഗങ്ങൾക്കും ബാധകമാണ്. ഇന്ത്യയെപ്പോലെയുള്ള ഒരു വികസ്വര സമൂഹത്തിന്റെ പ്രശ്നങ്ങൾ നിരവധിയാണ്. അവ പരിഹരിക്കുന്നതിന് ചിരിത്രം, സാമൂഹ്യശാസ്ത്രം മനശ്ശാസ്ത്രം, നരവംശ ശാസ്ത്രം, തത്വചിന്ത മുതലായ നിരവധി വൈജ്ഞാനിക മേഖലകളിൽ നിന്നുള്ള പഠനങ്ങൾ ആവശ്യമാണ്. കലാസാഹിത്യാദിരംഗങ്ങളുടെ പ്രാധാന്യം ഒട്ടും കുറവല്ല. ഈ മേഖലകളിലെല്ലാം സവിശേഷവാസനയും ജ്ഞാന സമ്പാദനത്വരയുമുള്ള യുവതീയുവാക്കളെ കണ്ടെത്തി ആ മേഖലകളിൽ ഉപരിപഠനവും ഗവേഷണവും നടത്താൻ അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതിനുള്ള തുടക്കം സ്കൂൾ തലത്തിൽ തന്നെ ഉണ്ടാകണം.

അതേസമയം തന്നെ ബഹുഭൂരിപക്ഷം കുട്ടികളുടെയും ഔപചാരിക വിദ്യാഭ്യാസം സ്കൂൾ തലത്തിൽ തന്നെ ഒടുങ്ങുന്നു എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്. അവർക്ക് സ്കൂൾ വിടുന്ന സമയത്ത് സമൂഹത്തിന് ഗുണകരമായ ഏതെങ്കിലും തൊഴിലിൽ ഏർപ്പെട്ടു മാന്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാൻ സമൂഹത്തിന് ബാദ്ധ്യതയുണ്ട്. അതിനാവശ്യമായ അറിവും നൈപുണിയും പ്രായോഗിക പരിചയവും ആത്മവിശ്വാസവും നൽകുക എന്നത് സ്കൂൾ വിദ്യാഭ്യാസത്തിന്റെ ധർമ്മമാണ്. അതുകൊണ്ടുതന്നെ പത്താംക്ലാസ്സിനെ അന്തിമഘട്ടമായി (Terminal Stage) കാണാൻ പറ്റില്ല. കേരളത്തിലെ സാഹചര്യത്തിൽ 18 വയസ്സുവരെയുള്ള (+2 വരെ) വിദ്യാഭ്യാസം സാർവത്രികവും സൗജന്യവും ആക്കാൻ പറ്റും. ആക്കിയേ തീരൂ. പ്ലസ് ടൂ കഴിയുമ്പോൾ 18 വയസ്സായ കുട്ടിക്ക് ഒന്നുകിൽ ഏതെങ്കിലും മേഖലയിൽ ഉന്നത വിദ്യാഭ്യാസം നേടാനുള്ള ധൈഷണികവും മാനസികവുമായ കഴിവ് ഉണ്ടായിരിക്കണം. അല്ലെങ്കിൽ തൊഴിൽ രംഗത്തേക്ക് പ്രവേശിക്കാനുള്ള കഴിവ് നേടണം. എങ്കിൽ മാത്രമേ വിദ്യാഭ്യാസത്തിന്റെ ധർമ്മം ശരിയായ അർത്ഥത്തിൽ നിറവേറ്റപ്പെട്ടു.

ഇന്നത്തെ രീതിയിൽ പാതിപ്പേരെ അരിച്ചു മാറ്റുന്ന പത്താം ക്ലാസ്സു പരീക്ഷ തീരെ അശാസ്ത്രീയമാണ്. എല്ലാ കുട്ടികളെയും NCERT സിലബസ് അനുസരിച്ചുള്ള ഗണിതവും ശാസ്ത്രവും പഠിപ്പിച്ച് കുറേപ്പേരെ മണ്ടന്മാരും മണ്ടികളുമായി മുദ്രകുത്തി നാണം കെടുത്തി വിടുന്നതിന്റെ അർത്ഥമെന്താണ്? ആധുനിക ലോകത്തു ജീവിക്കാനാവശ്യമായ ശാസ്ത്രവും ഗണിതവും പൊതുവിജ്ഞാനവും എല്ലാവരും അറിഞ്ഞിരിക്കണം. അതതു മേഖലകളിൽ ഉന്നത വിദ്യാഭ്യാസത്തിനു പോകുന്നവർ അറിഞ്ഞിരിക്കേണ്ട ശാസ്ത്രവും ഗണിതവും മറ്റും വ്യത്യസ്തമാണ്. ഒറ്റനില കെട്ടിടത്തിനും ബഹുനിലക്കെട്ടിടത്തിനും ഒരേ അസ്ഥിവാരം ഒരുക്കുന്നതുപോലെ അശാസ്ത്രീയമാണ് ഇരു കൂട്ടരെയും ഒരേ സിലബസ്സനുസരിച്ചു പഠിപ്പിച്ച് ഒരേ പരീക്ഷക്കു വിധേയരാക്കുന്നത്. എട്ടാം ക്ലാസ്സിനു ശേഷമെങ്കിലും (സെക്കണ്ടറി) ഐഛിക രീതി (Optionals) അനുവർത്തിച്ചേ മതിയാവൂ. ഉന്നത വിദ്യാഭ്യാസത്തിനു പോകാനാഗ്രഹിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സവിശേഷ പഠനവും (Advanced, A-Level) മറ്റു മേഖലകളിൽ പൊതു പഠനവും (O- level) തിരഞ്ഞെടുക്കാൻ കഴിയണം. സംഗീതത്തിലോ ഭാഷയിലോ താല്പര്യമുള്ള, ഉന്നത പഠനം ആഗ്രഹിക്കുന്ന, ഒരു കുട്ടി ഗണിതത്തിലോ ഇംഗ്ലീഷിലോ പിന്നാക്കമാണെന്നുകരുതി ഒരു കുഴപ്പവും വരാനില്ല. ഇപ്പോൾ അത്തരക്കാരെ പത്താംക്ലാസ്സിൽ തോല്പിച്ചുവിടുകയാണു നാം ചെയ്യുന്നത്. എന്തസംബന്ധമാണിത്?

ഈ രീതിയനുസരിച്ച് പല വിഷയങ്ങളിലും ഇരട്ട കോഴ്സുകൾ (A ലെവലും 0 ലെവലും) നടത്തേണ്ടിവരും. ക്ലാസ്സുകൾ ചെറുതാകും. അധ്യാപകർ കൂടുതൽ വേണ്ടിവരും. മൂല്യനിർണയരീതി മാറണം. സാമ്പത്തിക ബാദ്ധ്യത കൂടും. ഈ വെല്ലുവിളികളെപ്പറ്റി വഴിയേ പരാമർശിക്കാം.

അക്കാദമിക വിഷയങ്ങളോടൊപ്പം തൊഴിൽ മേഖലകളെ പരിചയപ്പെടുത്തുന്ന കോഴ്സുകളും ഈ ഘട്ടത്തിൽ (സെക്കണ്ടറി) തുടങ്ങേണ്ടതുണ്ട്. വർക്ക്ഷോപ്പ്, കൃഷിയും മൃഗപരിപാലനവും, കൈവേലകൾ എന്നിങ്ങനെയുള്ള അടിസ്ഥാന കോഴ്സുകളായാൽ മതി. അക്കാദമിക വിഷയങ്ങളിൽ A തല കോഴ്സുകൾ എടുക്കുന്നവർക്ക് ഈ വിഷയങ്ങൾ 0 തലത്തിലും, അല്ലാത്തവർക്ക് ഇവ A-തലത്തിലും എടുക്കാൻ കഴിയണം. അതായത് ബൗദ്ധിക-കായിക നൈപുണികൾക്ക് തുല്യ പ്രാധാന്യമായിരിക്കണം നൽകുക. തൊഴിൽ വിഷയങ്ങൾ മണ്ടന്മാർക്കുള്ളതാണെന്ന ദുഃസൂചന ഒഴിവാക്കാനും ആരോഗ്യകരമായ ഒരു തൊഴിൽസംസ്കാരം വളർത്താനും ഇതു സഹായിക്കും.

പത്താം ക്ലാസ്സു പരീക്ഷ പൂർണമായും ആന്തരിക മൂല്യനിർണയത്തിലൊതുങ്ങുന്നതായാൽ മതി. എന്തെന്നാൽ ഈ രീതിയിൽ അതിന്റെ ലക്ഷ്യം വിദ്യാർത്ഥികൾക്ക് സ്വന്തം ശേഷികളെ തിരിച്ചറിയുന്നതിനും സവിശേഷമേഖലകളിലേയ്ക്കു വഴിപിരിയുന്നതിനുമുള്ള സ്വയം വിലയിരുത്തലിനു സഹായിക്കുക എന്നതു മാത്രമാണ്. പത്താം ക്ലാസ്സുകഴിയുന്ന എല്ലാ കുട്ടികളും പ്ലസ് 1 ലേയ്ക്കു കടക്കുന്നുമുണ്ട്. തോല്പിക്കലില്ല. വിശേഷതാല്പര്യവും കഴിവും തെളിയിച്ച മേഖല തിരഞ്ഞെടുക്കുന്നു എന്നു മാത്രം. എല്ലാ ഹൈസ്കൂളിലും ഹയർസെക്കണ്ടറിയും ഉണ്ടാകും. എല്ലായിടത്തും ചില അക്കാദമിക വിഷയങ്ങളും ചില തൊഴിൽ വിഷയങ്ങളും ഉണ്ടാകാം. പക്ഷേ എല്ലാ വിഷയങ്ങളും എല്ലാ സ്കൂളിലും ഉണ്ടാകണമെന്നില്ല. ഏതെല്ലാം വിഷയങ്ങൾ വേണമെന്നത് പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രാദേശിക ഭരണകൂടങ്ങൾ തീരുമാനിക്കണം. മറ്റൊരു രീതിയിൽ പറഞ്ഞാൽ HSS ഉം VHSS ഉം ഒന്നിക്കണം. തൊഴിൽ വിഷയങ്ങൾ പഠിക്കുന്ന കുട്ടിക്ക് കംപ്യൂട്ടറോ സയൻസോ പഠിക്കാൻ കഴിയണം. ശാസ്ത്രവിഷയങ്ങൾ പഠിക്കുന്ന കുട്ടിയ്ക്ക് മോട്ടോർ മെക്കാനിസമോ ഇലക്ട്രിക്കൽ വയറിങ്ങോ ഡയറിയിങ്ങോ പഠിക്കാനും കഴിയണം. തീർച്ചയായും ഇത്തരം തീരുമാനങ്ങൾ കുട്ടികളുടെ അഭിരുചിയും ശേഷിയും കരിയർ പ്ലാനിങ്ങും അനുസരിച്ച് കൗൺസലിങ്ങിലൂടെയായിരിക്കണം എടുക്കേണ്ടത്. അതിനനുസരിച്ചുളള വഴക്കം (flexibility) സ്കൂൾ സംവിധാനത്തിനും ഉണ്ടാകണം. ഉദാഹരണത്തിന് ഒരു പ്രത്യേക സ്കൂളിൽ ഫിസിക്സ് മുതലായ ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്ന ഒരു കുട്ടിക്ക് ഇലക്ട്രോണിക്സ് വർക്ക്ഷോപ്പ് പഠിക്കണമെന്ന ആഗ്രഹമുണ്ട്, പക്ഷേ ആ സ്കൂളിൽ അതിനുള്ള സൗകര്യമില്ല. അടുത്തൊരു സ്കൂളിൽ അതു ലഭ്യമാണെങ്കിൽ അവിടെപ്പോയി നിശ്ചിത ദിവസങ്ങളിൽ വർക്ക്ഷോപ്പ് ചെയ്യുന്നതിനും അതു പാഠ്യപദ്ധതിയുടെ ഭാഗമായി അംഗീകരിക്കപ്പെടുന്നതിനും കഴിയണം. തൊഴിൽ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം തൊഴിലിടങ്ങളിൽ കൂടിയേ തീരൂ. കൃഷി പഠിക്കാൻ നാട്ടിലെ നല്ല കൃഷിക്കാരനോടൊപ്പം കുട്ടിയെ വിടണം. വർക്ക്ഷോപ്പു പഠിക്കുന്നത് ഏറ്റവും മെച്ചപ്പെട്ട വർക്ക്ഷോപ്പിലാകണം. പഠിപ്പിക്കുന്നത് ആ തൊഴിലിൽ പണിയെടുക്കുന്നവരും അനുഭവസമ്പത്തുള്ളവരുമാകണം. അവർതന്നെ കുട്ടിയുടെ മൂല്യനിർണയവും നടത്തണം. സ്കൂളിൽ ഇതുമായി ബന്ധപ്പെട്ട തീയറി വിഷയങ്ങൾ മാത്രം പഠിപ്പിച്ചാൽ മതി. ബാക്കിയൊക്കെ തൊഴിലിടത്തിൽ നിന്നുതന്നെ പഠിയ്ക്കണം.

അതുപോലെ തന്നെ സംഗീതം, വാദ്യകല, നൃത്തം, മുതലായ വിഷയങ്ങളിലും നാട്ടിലെ ഭാഗവതർമാരിൽ നിന്നും ആശാന്മാരിൽനിന്നും നിന്നും തന്നെ അവ പഠിക്കേണ്ടതുണ്ട്. കുട്ടികൾ അവരുടെ വീടുകളിൽ പോയി ത്തന്നെ പഠിക്കട്ടെ. അവർക്കു ഓണറേറിയമായി ഒരു തുക സ്കൂളിൽ നിന്നും നൽകാനുള്ള വകുപ്പുണ്ടാകണം. മൂല്യനിർണയവും അവർതന്നെ നടത്തി സ്കൂളിൽ അറിയിച്ചാൽ മതി.

സ്വാഭാവികമായും നമുക്കുണ്ടാകുന്ന സംശയം കുട്ടികൾ അവരെ സേവ പിടിച്ച് അനർഹമായ ഗ്രേഡ് നേടിയെടുത്താലോ എന്നാണ്. നേരെ മറിച്ച് വ്യക്തിപരമായ അനിഷ്ടം കാരണം ദ്രോഹിച്ചു എന്ന പരാതിയും വരാം. ഇതൊക്കെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള തെറ്റായ ധാരണയുടെ ഫലമാണ്. സ്കൂളിനെ പറ്റിച്ച് A ഗ്രേഡ് നേടിയിട്ട് എന്തുകിട്ടാനാണ്? ഗ്രേഡിന്റെ അടിസ്ഥാനത്തിലല്ല സ്വന്തം വൈഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഭാവി തീരു മാനിക്കപ്പെടുക എന്നു മനസ്സിലാക്കിക്കഴിഞ്ഞാൽ ഗഡിനെപ്പറ്റിയുള്ള ആകാംക്ഷ ഇല്ലാതാകും. സ്കൂളിലൂടെ കിട്ടുന്നത് വിദ്യ ആർജിക്കാനുള്ള അവസരമാണ്. അതു പരമാവധി പ്രയോജനപ്പെടുത്താനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാക്കിയെടുക്കാനാണ് ശ്രദ്ധവെക്കേണ്ടത്.

തൊഴിൽ രംഗത്തിന്റെ ആധുനികീകരണം

ഫ്യൂഡൽ വ്യവസ്ഥയിൽ ഒരു തൊഴിലുമെടുക്കാത്ത പരാന്നഭോജികളായിരുന്നു "അഭിജാതർ”. ബൗദ്ധികത്തൊഴിലുകളിലേർപ്പെടുന്നവരാണ് പിന്നത്തെത്തട്ടിൽ. കായികമായി അദ്ധ്വാനിക്കേണ്ടവരായിരുന്നു അന്ത്യജർ. ഈ തലതിരിഞ്ഞ അഭിജാതസങ്കല്പം എല്ലാ പ്രാചീന സമൂഹങ്ങളിലും ഉണ്ടായിരുന്നു. ഇതുമാറിയത് വ്യവസായ വിപ്ലവത്തിലൂടെയായിരുന്നു. മുതലാളിത്തം നിർവ്വഹിച്ച ചരിത്രപരമായ ദൗത്യം ഇതിനെ തകർത്ത് ഉല്പാദനപ്രവർത്തനത്തിന്റെ സാമ്പത്തിക പ്രാധാന്യം ഉയർത്തിക്കാട്ടിയതായിരുന്നു. അതുവരെ അറിവും പാണ്ഡിത്യവും ദൈനംദിന സാമ്പത്തികപ്രവർത്തനങ്ങളിൽ നിന്നു വേറിട്ട ദന്തഗോപുരസാധനകളായിട്ടായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. നാലക്ഷരം പഠിക്കുന്നതുതന്നെ പാടത്തു പണിയെടുക്കുന്നതിൽ നിന്നു രക്ഷപ്പെടാനാണെന്നുള്ള ധാരണയാണ് പരക്കെ നിലനിന്നിരുന്നത്. നേരേ മറിച്ച് അറിവ് സമ്പത്തുത്പാദനത്തിനുമുതകും എന്നു കണ്ടെത്തിയതാണ് മുതലാളിത്തത്തിന്റെ വിജയം. (അതിനു മാത്രമാണ് ഉതകേണ്ടത് എന്ന തീവ്രനിലപാടിലേയ്ക്കു പോകുകയും വേണ്ട!). പക്ഷേ അറിവും പഠിപ്പും ഉതകേണ്ടത് പണിയെടുക്കുന്നതിൽ നിന്നു രക്ഷപ്പെടാനല്ല മറിച്ച് പണിയുടെ രീതി മെച്ചപ്പെടുത്താനും മൂല്യം വർദ്ധിപ്പിക്കാനുമാണ് എന്ന തിരിച്ചറിവു പ്രധാനമാണ്. -

പരമ്പരാഗതമായി ചെയ്തു വന്നിരുന്ന കൊല്ലന്റെയും ആശാരിയുടെയും കുംഭാരന്റെയും മൂശാരിയുടെയും അലക്കുകാരന്റെയും ക്ഷരകന്റെയും ഒക്കെ പണികൾ ഇന്ന് ആധുനിക യന്ത്രങ്ങളും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതൽ മെച്ചമായി ചെയ്യാം. അതിനു പ്രത്യേക പരിശീലനം വേണം. മുതൽമുടക്കു വേണം. പക്ഷേ പണിയെടുക്കുന്ന സാഹചര്യങ്ങൾ മെച്ചപ്പെടുന്നു; അധ്വാനവും കുറയുന്നു. മൂല്യവർദ്ധന ഉണ്ടാകുന്നു. വരുമാനം കൂടുന്നു, മാന്യതയും ലഭിക്കുന്നു. പണ്ടു തോട്ടി ചെയ്തിരുന്ന കർമം ഇന്നു നിർവഹിക്കപ്പെടുന്നത് സിവിൽ എഞ്ചിനീയറുടെയും പ്ലംബറുടെയും പണിയിലൂടെയാണ്. ആ പണി നടന്നേ തീരൂ. അതു സമൂഹത്തിനു കൂടിയേ തീരൂ. ആധുനിക സാങ്കേതികവിദ്യയുടെ ധർമം അതിന്റെ സാഹചര്യങ്ങൾ മാറ്റുക എന്നതാണ്. ഇതാണ് വിദ്യാഭ്യാസത്തിലൂടെ നടക്കേണ്ടത്. പക്ഷേ കേരളീയർ വിദ്യാഭ്യാസത്തെ കണ്ടത് അധ്വാനത്തിൽ നിന്നു രക്ഷപ്പെടാനുള്ള മാർഗ്ഗമായാണ്. (ഇപ്പോൾ നാട്ടിൽനിന്നു തന്നെ രക്ഷപ്പെടാനും !) പ്ലംബിങ്ങ്, കാർപെൻടി മുതലായ ട്രേഡുകൾ പഠിച്ചവർക്കുപോലും കൈകൊണ്ടു ജോലി ചെയ്യുന്നതിനേക്കാൾ ഈ സർട്ടിഫിക്കറ്റുകൾ കൊണ്ടു കിട്ടാവുന്ന ഉദ്യോഗങ്ങളാണ് ലക്ഷ്യം. ഇതുമാറാൻ മുൻപു സൂചിപ്പിച്ചതുപോലെ തൊഴിൽ വിദ്യാഭ്യാസത്തിന്റെ രീതി പരിഷ്കരിക്കുന്നതു സഹായകമാകും. പക്ഷേ അതു മാത്രം പോരാ. സമൂഹത്തിന്റെ മനോഭാവങ്ങളും മാറേണ്ടതുണ്ട്. തൊഴിലിന്റെ മാഹാത്മ്യം ഉപന്യാസത്തിനുള്ള വിഷയം മാത്രമായാൽ പോരാ, ജീവിതത്തിലും പ്രതിഫലിക്കണം. അത് രണ്ടു വിധത്തിലാകണം: മാന്യമായ വേതനവും സാമൂഹിക അംഗീകാരവും. ഓഫീസുജോലികളോടൊപ്പം മാന്യത കായികാധ്വാനത്തിനും നൽകാൻ സമൂഹം തയ്യാറായാൽ മാത്രമേ കൂടുതൽ കൂടുതൽ കുട്ടികൾ ആ മേഖലയിലേയ്ക്ക് തിരിയൂ. അതുണ്ടാകാതെ തൊഴിൽ വിദ്യാഭ്യാസത്തെപ്പറ്റി പ്രസംഗിച്ചിട്ടും കാര്യമില്ല.

സർവകലാശാലാബിരുദം ആവശ്യമുള്ള പണികളും ഹയർസെക്കണ്ടറി തല പരിശീലനം മാത്രം ആവശ്യമുള്ള ടെക്നിക്കൽ തൊഴിലുകളും തമ്മിൽ ഇൻഡ്യയിൽ നിലവിലുള്ള വരുമാന അന്തരം മറ്റു മിക്ക രാജ്യങ്ങളിലുമില്ല. കോളേജദ്ധ്യാപകരും സ്കൂൾ ടീച്ചർമാരും തമ്മിലും എഞ്ചിനീയറും ടെക്നീഷ്യനും തമ്മിലും ഗുമസ്ഥനും കർഷക തൊഴിലാളിയും തമ്മിലും ഉള്ള ഭീമമായ വരുമാന അന്തരം നമ്മുടെ തൊഴിൽ രംഗത്തെ പ്രകീകരിക്കുന്നു. ദിവസക്കൂലിയിലെ വ്യത്യാസം മാത്രമല്ല പ്രശ്നം. തൊഴിൽ സ്ഥിരത, പണിസാഹചര്യങ്ങൾ, സാമൂഹിക അംഗീകാരം തുടങ്ങിയവയിലും പ്രശ്നമുണ്ട്. തൊഴിൽ രംഗത്തിന്റെ ആധുനീകരണം ഇതെല്ലാം ഉൾക്കൊള്ളണ്ടതുണ്ട്. അതിന്റെ ഘടകങ്ങളെ ഇപകാരം സൂചിപ്പിക്കാം.

  1. ഔപചാരികമായ, സ്ഥാപനവത്കൃതമായ പരിശീലനവും സെർട്ടിഫിക്കേഷനും
  2. ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗം, ഉപകരണങ്ങളുടെയും പ്രക്രിയകളുടെയും പരിഷ്കരണം.
  3. ഉയർന്ന ഉത്പാദന/സേവനക്ഷമത; മൂല്യവർദ്ധന
  4. മെച്ചപ്പെട്ട വേതനം
  5. മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ (യൂണിഫോം, കൈയുറ, പാദരക്ഷ മുതലായവ; വാഹനങ്ങൾ, സെൽഫോൺ മുതലായവയുടെ ഉപയോഗം; ഓഫീസ് സൗകര്യം, കൃത്യമായ അക്കൗണ്ടിങ്ങ്, ബില്ലിങ്ങ്, ലെറ്റർ ഹെഡ്, വിസിറ്റിങ്ങ് കാർഡ്, ബാഷർ, പരസ്യം തുടങ്ങിയ അനുസാരികൾ).
  6. ഇൻഷുറൻസ് മുഖേനയോ തൊഴിൽ സംഘടന മുഖേനയോ ഉറപ്പുവരുത്തുന്ന സാമൂഹ്യസുരക്ഷ (Social security)

എവിടെനിന്നു തുടങ്ങും?

സമൂഹത്തെ ആകെ പുനർനിർമിക്കുന്ന പ്രക്രിയയാണ് ആധുനീകരണം. ഇതുവരെ നടന്നിട്ടുള്ളത് സമൂഹത്തെ മൊത്തമായി കണ്ടുകൊണ്ടുള്ള ഒരു പ്രക്രിയയായിരുന്നില്ല. വിദ്യാഭ്യാസത്തിലൂടെ ചില അവസരങ്ങൾ തുറന്നുകിട്ടി. അതു മുതലാക്കാനുള്ള മുന്നൊരുക്കങ്ങളും അനുകൂലസാഹചര്യങ്ങളും ഉണ്ടായിരുന്നവർ വ്യക്തിപരമായ ഉത്സാഹവും കഴിവുകളുംകൊണ്ട് അതിന്റെ ഗുണഭോക്താക്കളായി മാറി. തങ്ങളുടെയും കുടുംബത്തിന്റെയും കാര്യം ഭേദമാക്കണമെന്നതിനപ്പുറമുള്ളാരു സാമൂഹിക പ്രതിബദ്ധത പൊതുവായിപ്പറഞ്ഞാൽ ഇക്കൂട്ടരിൽ കണ്ടിട്ടില്ല. (പലപ്പോഴും വിശാലമായ അർത്ഥത്തിലുള്ള കുടുംബപ്രതിബദ്ധതപോലും ഉണ്ടാകാറില്ല - തൻകാര്യം നോക്കലാണ് അഭ്യസ്തവിദ്യരുടെ പൊതു സ്വഭാവം. അപവാദങ്ങളില്ലെന്നല്ല.)

അതുപോലെതന്നെ ആധുനിക സാങ്കേതിക വിദ്യകൾ കേരളത്തിൽ അവതരിച്ചപ്പോഴും അവയിൽ പണം മുടക്കി ലാഭം കൊയ്യാനുള്ള കഴിവും സാമർത്ഥ്യവുമുള്ളവരാണ് അതിന്റെ ഗുണഭോക്താക്കളായത്. റൈസ്മില്ല്, ട്രാക്ടർ, തൊണ്ടുതല്ലുയന്തം, കംപ്യൂട്ടർ മുതലായവയുടെയൊക്കെ അവതരണത്തിൽ ഈ പ്രതിഭാസം കാണാം. നെല്ലുകുത്തി ഉപജീവനം നടത്തുന്ന ഒരു വലിയ വിഭാഗം (മിക്കവാറും പാവപ്പെട്ട സ്ത്രീകൾ) ഇവിടെയുണ്ടായിരുന്നു. റൈസ്മില്ലിന്റെ ആവിർഭാവം ഒരു ഭാഗത്ത് മില്ലുടമയ്ക്കും നെല്ലുടമയ്ക്കും ലാഭമുണ്ടാക്കിക്കൊടുത്തപ്പോൾ ഈ വിഭാഗത്തിൽപെട്ടവർക്കു നഷ്ടപ്പെട്ടത് ഉപജീവനമാണ്. അവരെ ഉൾക്കൊള്ളാനാവും വിധത്തിൽ മറ്റേതെങ്കിലും തൊഴിൽമേഖല പെട്ടെന്നു വികസിച്ചുവന്നതുമില്ല. ഈ അവസ്ഥതന്നെ മറ്റു പല ആധുനിക സാങ്കേതികവിദ്യകളുടെ കാര്യത്തിലും ഉണ്ടായി. “പാലം വന്നാൽ കടത്തുകാരനു പണിപോകും എന്നുവച്ചു പാലം വേണ്ടെന്നു വയ്ക്കാൻ പറ്റുമോ എന്നാണ് ചിലർ ചോദിക്കുന്ന ചോദ്യം. പാലം വേണ്ടെന്നു വയ്ക്കുണ്ട്. പക്ഷേ പാലം പണിതു ടോൾ പിരിക്കാൻ ആളെ ഇരുത്തുമ്പോൾ പണിപോയ കടത്തുകാരനെ അതേൽപ്പിക്കുന്നതിനെന്താണു തടസ്സം? അവിടെ സ്വന്തക്കാരനെ തിരുകിക്കയറ്റുന്നിടത്താണു കുഴപ്പം.

പുതിയ സാങ്കേതികവിദ്യ പുതിയ തൊഴിലവസരങ്ങളും കൊണ്ടുവരും. മില്ല പ്രവർത്തിപ്പിക്കാനും റിപ്പയർ ചെയ്യാനും ആളുവേണം. അത്തരം പണികൾക്ക് വേറെ ആളു വരികയാണു സാധാരണ പതിവ്. മില്ലിന്റെ ഉടമ സ്ഥത പോലും മുതലുള്ള വർഗത്തിൽപെട്ടവർക്കായിരിക്കും; തൊഴിൽ നഷ്ടപ്പെട്ട വിഭാഗത്തിനായിരിക്കില്ല. എന്തുകൊണ്ട് നെല്ലുകുത്തു തൊഴിലാളികളുടെ സഹകരണ സംഘത്തിന് മില്ലിന്റെ ഉടമസ്ഥത നല്കിയില്ല? ഉഴവുതൊഴിലാളികളുടെ സഹകരണ സംഘത്തിന് ട്രാക്ടറിന്റെ ഉടമസ്ഥതയും ചകിരിത്തൊഴിലാളികളുടെ സംഘത്തിന് തൊണ്ടുതല്ലുയന്തവും പരമ്പരാഗത മത്സ്യത്തൊഴിലാളിസംഘത്തിന് യന്ത്രവത്കൃത ബോട്ടിന്റെ ഉടമസ്ഥതയും, അവരുടെ കുട്ടികൾക്ക് ഇവ പ്രവർത്തിപ്പിക്കാനും റിപ്പയർ ചെയ്യാനും വില്പന നടത്താനുമുള്ള പരിശീലനവും അവസരവും കിട്ടുമ്പോഴാണ് ആധുനിക സാങ്കേതികവിദ്യയുടെ പ്രയോഗം സാമൂഹികമാകുന്നത്. അത്തരത്തിലുള്ള ഒരു സമീപനത്തിനു പകരം, ഇവയെല്ലാം മുതൽമുടക്കാൻ കഴിയുന്ന ഒരു ന്യൂനപക്ഷത്തിനു ലാഭമുണ്ടാക്കാനുള്ള അവസരങ്ങളാവുകയും ഭൂരിപക്ഷം ജനങ്ങളും തൊഴിലും ഉപജീവനവും നഷ്ടപ്പെടുന്ന വികസനത്തിന്റെ ഇരകളായി മാറുകയും ചെയ്യുമ്പോഴാണ് എതിർപ്പും സംഘർഷങ്ങളും ഉണ്ടാകുന്നത്. അതിനെ വികസനത്തിനോടുള്ള എതിർപ്പായി ദുർവ്യാഖ്യാനം ചെയ്യുന്നത് വികലമായൊരു കാഴ്ചപ്പാടും പക്ഷപാതപരമായ സമീപനവുമാണ്. സമൂഹത്തെ മൊത്തമായിക്കാണുന്ന, ഭൂരിപക്ഷത്തിന്റെയും ശ്രേയസ്സു ലക്ഷ്യമാക്കുന്ന, ഒരു സമീപനമാണു വേണ്ടത്. വികസനത്തെയും സാങ്കേതികവിദ്യയെയും സമഗ്രമായിക്കാണുന്ന സമീപനം വിദ്യാഭ്യാസത്തിലൂടെയാണ് ഉരുത്തിരിയേണ്ടത്. അതുകൊണ്ട് വിദ്യാഭ്യാസരംഗത്തുനിന്നു തന്നെയാണ് മാറ്റം ആരംഭിക്കേണ്ടത്. പക്ഷേ വിദ്യാഭ്യാസത്തെ ഒറ്റ തിരിഞ്ഞുകണ്ട് പരിഹാരം നിർദ്ദേശിക്കാനും ആവില്ല. വിദ്യാഭ്യാസത്തിനു തൊഴിലുമായുള്ള തമ്മിലുള്ള ബന്ധം, വികസനവുമായുള്ള ബന്ധം, സമൂഹവുമായുള്ള ബന്ധം ഇതെല്ലാം പാഠ്യപദ്ധതിയിൽ പ്രതിഫലിക്കണം; വിദ്യാർത്ഥികളിലേയ്ക്കു പകരുകയും വേണം. അങ്ങനെയാണ് പുതിയൊരു തൊഴിൽ സംസ്കാരം വളർന്നുവരേണ്ടത്.

സമൂഹഗന്ധിയായ ഉന്നത വിദ്യാഭ്യാസം

നിലവിലുള്ള അറിവിന്റെ വിമർശനാത്മകമായ ഉൾക്കൊള്ളലും പ്രയോഗവും പുതിയ അറിവിന്റെ നിർമിതിയുമാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ധർമ്മം. ഈ അറിവുകളും വൈദഗ്ദ്ധ്യവും ആണ് സമൂഹത്തിന്റെ ഉത്പാദന വ്യവസ്ഥകളെ വികസ്വരമാക്കുകയും സേവനരംഗങ്ങളെ ഊർജസ്വലമാക്കുകയും ചെയ്യേണ്ടത്. പ്രകൃതിവിഭവങ്ങളെ സംസ്കരിച്ച് മൂല്യവർദ്ധന നടത്തി പ്രയോജനകരമായ ഉത്പന്നങ്ങളാക്കി മാറ്റി സ്വന്തം ഉപഭോഗത്തിനും കയറ്റുമതിക്കും ലഭ്യമാക്കുന്ന പ്രക്രിയയ്ക്കു വേണ്ടുന്ന നൈപുണികളും സാങ്കേതിക വിദ്യകളും ഉരുത്തിരിച്ചെടുക്കേണ്ടതും ഉന്നതവിദ്യാഭ്യാസത്തിലൂടെയാണ്. അതിലൂടെയാണ് ടെക്നീഷ്യന്മാർക്കും വിദഗ്ദ്ധപ്പണി ക്കാർക്കും അവിദഗ്ധ തൊഴിലാളികൾക്കും എല്ലാം പണി കിട്ടുന്നത്.

ജനജീവിതത്തെ സുരഭിലവും ശബളാഭവുമാക്കുന്ന കലാസാഹിത്യാദി രംഗങ്ങളെ സമ്പന്നമാക്കുന്ന വിശേഷവിജ്ഞാനവും ഉന്നതവിദ്യാഭ്യാസത്തിന്റെ സംഭാവനയാണ്. നല്ല പാട്ടുകാരനാകാൻ സർവ്വകലാശാലാ വിദ്യാഭ്യാസം ആവശ്യമില്ല. പക്ഷേ പാട്ടിനെപ്പറ്റി പഠിക്കാൻ സവിശേഷമായ അഭ്യസനം കൂടിയേ തീരൂ. അതുപോലെതന്നെ, വികസ്വരമായ ഒരു സമൂഹം നേരിടേണ്ടിവരുന്ന സാമൂഹിക പ്രശ്നങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുന്ന തിനും പരിഹാരം നിർദ്ദേശിക്കുന്നതിനും സമൂഹത്തിന്റെ പോക്കിനെപ്പറ്റി ദാർശനികമായ ചോദ്യങ്ങൾ ഉയർത്തുന്നതിനും ദിശാബോധം സൃഷ്ടിക്കുന്നതിനും സാമൂഹിക-മാനവിക വിഷയങ്ങളിലുള്ള പഠനവും ഗവേഷണവും ആവശ്യമാണ്. പ്രകൃതിയെയും സമൂഹത്തെയും ആഴത്തിൽ പഠിക്കുകയും ദീർഘവീക്ഷണത്തോടെ പ്രശ്നങ്ങളെ സമീപിക്കയും ചെയ്യുന്നതിന് ഉന്നതവിദ്യാഭ്യാസം നമ്മെ സഹായിക്കേണ്ടതാണ്.

ചുരുക്കത്തിൽ, വിജ്ഞാനാർജ്ജനവും നിർമിതിയും ശൂന്യതയിൽ നടക്കുന്ന ഒരു പ്രക്രിയയല്ല. ഓരോഘട്ടത്തിലും അത് കാലദേശാധികളാൽ നിബന്ധിതമാണ്. ശുദ്ധവിജ്ഞാനം എന്നു വിവക്ഷിക്കപ്പെടുന്ന മേഖലകൾ പോലും പ്രകൃതിയെക്കുറിച്ചും സമൂഹത്തെക്കുറിച്ചുമുള്ള നമ്മുടെ അറിവിന്റെ ചക്രവാളങ്ങളെ വികസിപ്പിക്കുന്നവയും അങ്ങനെ സമൂഹഗതിയെ സ്വാധീ നിക്കുന്നവയുമാണ്.

നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗം മേൽ വിവരിച്ച സാമൂഹിക ധർമ്മങ്ങൾ എത്രമാത്രം നിർവ്വഹിക്കുന്നുണ്ട് എന്നു വിലയിരുത്തപ്പെടേണ്ടതുണ്ട്. പൊതുവേ പറഞ്ഞാൽ, ഉദ്യോഗം കിട്ടാൻ സഹായിക്കുന്നതുകൊണ്ട് ഉന്നതവിദ്യാഭ്യാസത്തിനു പോകുന്നവരാണ് ബഹുഭൂരിപക്ഷവും. സ്കൂൾ വിദ്യാഭ്യാസത്തിന്റെ പരിസമാപ്തിയിൽ ഏതെങ്കിലും സവിശേഷ വിജ്ഞാനശാഖയിൽ ആഴത്തിലുള്ള താത്പര്യം ഉണ്ടായി അതേപ്പറ്റി കൂടുതൽ അറിയാനുള്ള ആഗ്രഹം കൊണ്ട് അതിൽ ഉപരിപഠനത്തിനു പോകുന്നവർ തീരെ കുറവാണ്. പ്രൊഫഷണൽ മേഖലയിലേയ്ക്ക് അടുത്തകാലത്തുണ്ടായ തള്ളിക്കയറ്റത്തിന്റെയും കാരണം അതു ജോലികിട്ടാൻ കൂടുതൽ ഉതകും എന്ന പ്രചരണം മാത്രമാണ്. അമേരിക്കയിൽ ഡോട്ട് കോം മേഖലയിലുണ്ടായ തകർച്ച കേരളത്തിലെ പ്രൊഫഷ്ണൽ കോളേജു പ്രവേശനത്തെ ബാധിച്ചതും നാം കണ്ടതാണ്. ഈ പ്രവണതകൊണ്ടാണ് ഉന്നതവിദ്യാഭ്യാസം തീർത്തും വ്യക്തിഗതമായ ഭാഗ്യാന്വേഷണമാണെന്ന അഭിപ്രായം ശക്തമായതും സുപ്രീംകോടതി തന്നെ ആ വിധത്തിൽ അഭിപ്രായപ്രകടനം നടത്തിയതും.

പക്ഷേ വികസിതരാജ്യങ്ങളുടെ അനുഭവം വ്യത്യസ്തമാണ്. വൈജ്ഞാനിക മേഖലയും ഭൗതികവികസനവും തമ്മിലുള്ള ബന്ധം അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസത്തിന്റെ വ്യക്തിഗതമൂല്യം അംഗീകരിക്കുമ്പോൾതന്നെ അതോടൊപ്പമോ അതിൽക്കൂടുതലായോ തന്നെ അതിന്റെ സാമൂഹ്യമൂല്യവും അവർ വിലമതിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉന്നതവിദ്യാഭ്യാസത്തെ ഒരു സാമൂഹിക നിക്ഷേപമായി അവർ കാണുന്നത്. അവർ സമ്പന്നരായതുകൊണ്ട് അവർക്കതു ചെയ്യാൻ പറ്റുന്നു എന്നതല്ല, അതു ചെയ്തതുകൊണ്ടാണവർ സമ്പന്നരായത് എന്നതാണു ശരി. വികസിതരാജ്യങ്ങൾ മാത്രമല്ല തെക്കു കിഴക്കനേഷ്യൻ രാജ്യങ്ങളും വിദ്യാഭ്യാസത്തിനു ചെലവിടുന്ന ദേശീയ വിഭവം അനുപാത്രക്രമത്തിൽ നോക്കിയാൽ ഇൻഡ്യയുടേതിനെക്കാൾ എത്രയോ ഉയർന്നതാണ്. GDP യുടെ 6% വിദ്യാഭ്യാസത്തിനു ചെലവിടണം എന്ന സൂക്തം എത്രയോ കാലമായി കേൾക്കുന്നു. ഇപ്പോഴത്തെ CMP യിലും അതുണ്ട്. പക്ഷേ നടപ്പാക്കാനുള്ള മട്ടൊന്നും കാണുന്നില്ല.

കേരളമാണെങ്കിൽ എഴുപതുകളിൽ ബജറ്റിന്റെ 37% വരെ വിദ്യാഭ്യാസത്തിനു ചെലവിട്ടിരുന്ന സംസ്ഥാനമാണ്. അതു കുറഞ്ഞുകുറഞ്ഞ് ഇപ്പോൾ 19% ആയിരിക്കുന്നു. ബീഹാറിനും പിന്നിൽ. എന്നിട്ട് സർക്കാരിനു പണമില്ലാത്തതുകൊണ്ടാണ് സ്വാശയക്കോളേജുകൾ അനിവാര്യമാകുന്നത് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കയും ചെയ്യുന്നു. പണമില്ലാത്തതല്ല പ്രശ്നം - പാളുന്ന മുൻഗണനകളാണ്.

കൂടുതൽ ചെലവാക്കിയതുകൊണ്ടായില്ല - ചെലവാക്കുന്ന പണത്തിന്റെ പ്രയോജനവും കിട്ടണ്ടേ? ഉന്നതവിദ്യാഭ്യാസരംഗത്തു നടക്കുന്ന വൈജ്ഞാനിക പ്രവർത്തനം എത്രമാത്രം ഫലവത്താണ്? ശുദ്ധവൈജ്ഞാനികമേഖ ലയാണെങ്കിൽ, ദേശീയ-അന്താരാഷ്ട്രീയ തലത്തിൽ അത് എങ്ങനെ വിലയിരുത്തപ്പെടുന്നു? പ്രായോഗികമേഖലയാണെങ്കിൽ, കേരളത്തിന്റെ വികസന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അത് എത്രമാത്രം പ്രയോജനപ്രദമാണ്? ഈ വിലയിരുത്തൽ നടക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തായിരിക്കണം

അതിന്റെ രീതിശാസ്ത്രം? ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരത്തിന്റെ കാര്യത്തിലും പരിശോധന ആവശ്യമാണ്. അഖിലേന്ത്യാ മത്സരപരീക്ഷകളല്ലാ എല്ലാത്തിന്റെയും അളവുകോലെങ്കിലും അവയിൽ നമ്മുടെ കുട്ടികളുടെ പ്രകടനം എപ്രകാരമാണ് എന്നത് വിലയിരുത്തപ്പെടേണ്ടതാണ്. അത് ശാസ്ത്രീയമായി വിശകലനം ചെയ്യുകയും വേണം. അതോടൊപ്പം തന്നെ അവർ കേരളത്തിന്റെ ഉല്പാദന-സേവന രംഗങ്ങളിലെ ആവശ്യങ്ങൾ നിറവേറ്റാൻ എത്രമാത്രം ഉതകുന്നു എന്നതും പഠിക്കേണ്ടതുണ്ട്. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ ഉന്നതവിദ്യാഭ്യാസരംഗം തുടർച്ചയായ നിരീക്ഷണത്തിനും വിലയിരുത്തലിനും തിരുത്തലിനും വിധേയമാക്കിക്കൊണ്ടിരിക്കണം.

അശോക് മിത്രാ കമ്മീഷൻ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ ഒരു സാമൂഹിക പരിപ്രേക്ഷ്യത്തിലൂടെ നോക്കിക്കാണാൻ ശ്രമിക്കുകയുണ്ടായി. അവരുടെ ശുപാർശകളെ ഇപ്രകാരം പരാവർത്തനം ചെയ്യാം: ഡിഗ്രി തല വിദ്യാഭ്യാസത്തിന്റെ ഒരു പുനഃസംഘടന ആവശ്യമാണ്. രണ്ടു കാര്യങ്ങളാണ് ഇതിൽ ശ്രദ്ധിക്കേണ്ടത്. ഒന്ന്; ഈ കോഴ്സുകളുടെ പഠനത്തിലൂടെ അവർക്കു കിട്ടുന്ന അറിവ് സ്വന്തമായൊരു തൊഴിൽ ചെയ്യാനുള്ള ശേഷി എന്ന നിലയിലും സമൂഹത്തിനു ഗുണകരമാവുക എന്ന അർത്ഥത്തിലും പ്രയോജനപ്പെടുന്നതാകണം. അതിന്റെയർത്ഥം ഏറ്റവും മെച്ചപ്പെട്ട സർവ്വ കലാശാലകളുടേതിനു സമാനമായ അക്കാദമിക ഉള്ളടക്കത്തോടൊപ്പം തന്നെ പ്രാദേശിക സാഹചര്യങ്ങൾക്കിണങ്ങുന്ന ഒരു ഘടകവും ബിരുദപഠനത്തിനുണ്ടാകണം എന്നതാണ്. ശാസ്ത്രത്തിന്റെയും സാമൂഹിക-മാനവിക വിഷയങ്ങളുടെയും മേഖലകളിൽ എങ്ങനെ ഈ ബാലൻസ് നിലനിർത്താം എന്നത് അക്കാദമിക സമിതികൾ കണ്ടെത്തേണ്ടതുണ്ട്.

വിദ്യാഭ്യാസത്തിന്റെ സാമ്പത്തികം

വിദ്യാഭ്യാസം സ്റ്റേറ്റിന്റെ ചുമതലയാണെന്ന കാര്യത്തിൽ വിട്ടുവീഴ്ച സാദ്ധ്യമല്ല. ഉണ്ണികൃഷ്ണൻ വിധിയിൽ സുപ്രീംകോടതി ചൂണ്ടിക്കാണിച്ചതുപോലെ സ്വകാര്യ ഏജൻസികൾക്ക് ആ രംഗത്തേയ്ക്കു പ്രവേശനം ഉള്ളത് സ്റ്റേറ്റിനുവേണ്ടി ആ ധർമം നിർവ്വഹിക്കുന്ന കൈയാൾ (Agent) എന്ന നിലയിലാണ്.

ഉന്നതവിദ്യാഭ്യാസം (പ്രൊഫഷണൽ വിദ്യാഭ്യാസം വിശേഷിച്ചും) ആവശ്യാനുസരണം നൽകാൻ സ്റ്റേറ്റിനു വിഭവദാരിദ്യം ഉണ്ടെന്ന പേരിലാണ് അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് പ്രസക്തി ഉണ്ടെന്നു കോടതി സമ്മതിച്ചത്. ഈ വാദത്തിൽ രണ്ടു പിഴവുകൾ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. ഒന്ന്, വിദ്യാഭ്യാസത്തിനായി GDP യുടെ 6% നീക്കിവയ്ക്കാമെന്ന വാഗ്ദാനം പാലിച്ചാൽ തന്നെ ഈ കുറവ് പരിഹരിക്കപ്പെടാം. രണ്ട്, സ്റ്റേറ്റിന് വിഭവം ഇല്ലാത്ത തുകൊണ്ടാണ് സ്വകാര്യ ഏജൻസികൾ രംഗത്തുവരുന്നത് എങ്കിൽ, അവരുടെ ധർമം കൂടുതൽ വിഭവങ്ങൾ സമാഹരിച്ചു ലഭ്യമാക്കുക എന്നതാണ്. അതിനർത്ഥം വിദ്യാർത്ഥികളെ പിഴിഞ്ഞ് വിഭവം സമാഹരിക്കുക എന്നല്ല. അതു ധാർമികമാണെങ്കിൽ സ്റ്റേറ്റിനു നേരിട്ടു ചെയ്യാവുന്നതേയുള്ളൂ. അത് അധാർമികവും തുല്യത(equity)യ്ക്കു വിരുദ്ധവുമായതുകൊണ്ടാണ് സ്റ്റേറ്റ് അതു ചെയ്യാത്തത് എങ്കിൽ സ്വകാര്യ ഏജൻസിയും അതു ചെയ്യാൻ പാടില്ല. അവർ സ്വന്തമായി വിഭവം സമാഹരിച്ച് സ്റ്റേറ്റ് എങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുവോ അതുപോലെ നടത്തണം. അതിനു തയ്യാറുള്ളവർ മാത്രം വിദ്യാഭ്യാസരംഗത്തേയ്ക്കു കടന്നു വന്നാൽ മതി.

സ്കൂൾ വിദ്യാഭ്യാസം സമ്പൂർണമായി സൗജന്യമായിരിക്കണം. ഉന്നത വിദ്യാഭ്യാസരംഗത്ത് ന്യായമായ ഫീസുപിരിവ് ആകാം. അത് ബിരുദതലത്തിൽ പരമാവധി സംസ്ഥാനത്തെ പ്രതിശീർഷ വാർഷിക വരുമാനത്തിന്റെ 20%വരെ മാത്രമേ ആകാവൂ. പ്രൊഫഷണൽ കോഴ്സുകൾക്കും ബിരുദാനന്തര കോഴ്സുകൾക്കും അതിന്റെ ഇരട്ടിവരെയാകാം. ഒരു നിശ്ചിത വരുമാനപരിധിക്കു താഴെയുള്ളവർക്കും പിന്നോക്ക വിഭാഗങ്ങൾക്കും ഫീസു സൗജന്യവും കോളർഷിപ്പും ഉണ്ടായിരിക്കണം. ഫീസിനു പുറമേയുള്ള പഠനച്ചെലവു താങ്ങാനായി അവർക്ക് സ്റ്റൈപ്പൻഡും നൽകണം. അക്കാദമിക യോഗ്യതയിലൂടെ പ്രവേശനം കിട്ടുന്ന ഒരു കുട്ടിയ്ക്ക് യാതൊരു കാരണവശാലും സാമ്പത്തിക കാരണങ്ങളാൽ പഠിത്തം മുടങ്ങാൻ പാടില്ലാ എന്നതായിരിക്കണം നിയാമക തത്വം. വിദ്യാഭ്യാസ വായ്പകളെ നിരുത്സാഹപ്പെടുത്തി പകരം മെറിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾ വ്യാപകമാക്കണം. ഇതിനായി ഒരു പ്രത്യേക നിധി സമാഹരിക്കണം. അതിലേയ്ക്കുള്ള സംഭാവനയ്ക്ക് നികുതിയിളവു നൽകണം.

കേരള സർക്കാർ വിദ്യാഭ്യാസത്തിനു നീക്കിവയ്ക്കുന്ന ബജറ്റു വിഹിതം ആനുപാതികമായി കുറഞ്ഞുവരുന്നു എന്നത് ഉത്കണ്ഠാജനകമാണ്. ഈ അവഗണന തിരുത്തേണ്ടതുണ്ട്. കേന്ദ്രസർക്കാരിൽ നിന്ന് കിട്ടാവുന്ന ആനുകൂല്യങ്ങൾ ഫലപ്രദമായി നേടിയെടുക്കുന്നതിനുള്ള സംവിധാനങ്ങൾ ശക്തമാക്കണം. ബിരുദ കോഴ്സുകളുടെ ഘടനയും പ്രധാനമാണ്. മൂന്നു തലത്തിലുള്ള വിഷയങ്ങൾ ഉണ്ടാകാം: (1) എല്ലാവർക്കും പൊതുവായ അടിസ്ഥാന (foundation) വിഷയങ്ങൾ (2) അതാതു മേഖലയിലെ കാതലായ (core) വിഷയങ്ങൾ (3) വിദ്യാർത്ഥികൾക്കു തിരഞെഞ്ഞടുക്കാവുന്ന ഐച്ഛികങ്ങൾ (electives). ഐച്ഛിക വിഷയങ്ങളിൽ വിദ്യാർത്ഥിയുടെ താത്പര്യമനുസരിച്ച് ശുദ്ധവൈജ്ഞാനിക വിഷയങ്ങളോ തൊഴിൽ ബന്ധമുള്ള വിഷയങ്ങളോ ആകാം. ഉപരിപഠനത്തിനും ഗവേഷണത്തിനും പോകാൻ ആഗ്രഹിക്കുന്നവർ സ്വാഭാവികമായും ആദ്യത്തേതായിരിക്കണം എടുക്കേണ്ടത്. വിവിധ പഠനമേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതരത്തിലുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യവും അവസരവും വിദ്യാർത്ഥികൾക്കു നൽകത്തക്ക വഴക്കം (flexibility) അക്കാദമിക് സംവിധാനത്തിനുണ്ടാകണം.

ആഴത്തിൽ അക്കാദമിക താത്പര്യമുള്ള, ഉപരിപഠനത്തിനും ഗവേഷണത്തിനും താത്പര്യമുള്ള വിദ്യാർത്ഥികൾക്കു വേണ്ടി പഞ്ചവത്സര ഉദ്ഗ്രഥിത ബിരുദാനന്തര ബിരുദ കോഴ്സുകളും വിഭാവനം ചെയ്യാവുന്നതാണ്. ഇത് സ്വാഭാവികമായും സർവകലാശാലാ കേന്ദ്രങ്ങളിലും തെരഞ്ഞെടുത്ത കോളെജുകളിലും മാത്രമേ സാദ്ധ്യമാകൂ. ബാക്കി ബിരുദകോഴ്സുകളെയെല്ലാം തൊഴിൽബന്ധിതമാക്കി രൂപകല്പന ചെയ്യുന്നതായിരിക്കും പ്രായോഗികം. മിടുക്കരായ വിദ്യാർത്ഥികളെ സ്കോളർഷിപ്പുകളും കരിയർപ്ലാനും മറ്റും നൽകി ഉദ്ഗ്രഥിത ബിരുദാനന്തര കോഴ്സകളിലേയ്ക്ക് ആകർഷിക്കുന്നതിനും, പ്രൊഫഷണൽ കോഴ്സുകളിലേയ്ക്കുള്ള കുത്തൊഴുക്കിൽ നിന്ന് ശുദ്ധശാസ്ത്ര - മാനവിക വിഷയങ്ങളെ വീണ്ടെടുക്കുന്നതിനും ഈ പദ്ധതി പ്രയോജനപ്പെടും. സർക്കാർ / എയ്ഡഡ് കോളെജുകളിൽ തൊഴിലധിഷ്ഠിതമെന്ന പേരിൽ സ്വാശ്രയ കോഴ്സുകൾ തുടങ്ങാനുള്ള പ്രവണത വർധിച്ചിരിക്കുന്നു. ഇത് അപകടകരാണ്. നിലവിലുള്ള ബിരുദബിരുദാനന്തര പഠന സൗകര്യങ്ങൾ ഇല്ലാതാക്കുന്നതിനാണ് ഇത് ഇടവരുത്തുക.

സർവ്വകലാശാലകളും കോളേജുകളും തമ്മിലുള്ള ബന്ധവും പുനർനിർവചിക്കേണ്ടതുണ്ട്. പാഠ്യപദ്ധതി സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും മിനിമം പാലിക്കേണ്ട നിലവാരവും മാത്രം സർവകലാശാല നൽകിയാൽ മതി. അതിനു വിധേയമായി കോഴ്സ് തീരുമാനിക്കാനുള്ള ഉത്തരവാദിത്തം കോളേജുതല ഫാക്കൾട്ടിക്കായിരിക്കണം. ഒരു പ്രത്യേക വിഷയത്തിന്റെ വ്യാപ്തിയും ആഴവും പഠനബോധനരീതിയും അതു പഠിപ്പിക്കുന്ന അധ്യാപകന്റെ പരിധിയിൽ വരണം. മൂല്യനിർണയവും അധ്യാപകരുടെ ചുമതലയാകണം. ആട്ടോണമി എന്നത് മാനേജ്മെന്റിനല്ല ഫാക്കൾട്ടിക്കാണ്. അതു ഫലപ്രദമായി നിർവഹിക്കുന്നതിനുളള സമിതികളും സംവിധാനങ്ങളും കോളേജുതലത്തിൽ ഉണ്ടാക്കണം. പക്ഷപാതവും പീഡനവും ഒഴിവാക്കാനുള്ള പരാതിപരിഹാരസമിതികളും ഇതിന്റെ ഭാഗമായി ഉണ്ടാകണം. വൈവി ധ്യവല്ക്കരണവും വഴക്കവും (diversification and flexibility) ആയിരിക്കണം ബിരുദപഠനത്തിന്റെ മുഖമുദ്ര. സ്വാതന്ത്ര്യത്തെ ദുർവിനിയോഗിക്കാനുള്ള പ്രവണത ഉണ്ടായേക്കാം.

കോളേജുകളും പ്രാദേശികസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ബന്ധം കൂടുതൽ ക്രിയാത്മകവും പരസ്പരപൂരകവുമാകേണ്ടതുണ്ട്. തൊഴിൽ സംബന്ധമായ കോഴ്സുകൾ രൂപകല്പന ചെയ്യുന്നതിലും നടത്തുന്നതിലും പ്രാദേശിക ഘടകങ്ങൾ വളരെ പ്രസക്തമായിരിക്കും. അവയ്ക്കുവേണ്ടി തൊഴിലിടങ്ങളുമായി ജൈവബന്ധം വളർത്തുന്നതിലും പ്രാദേശിക സ്വയം ഭരണസ്ഥാപനങ്ങൾക്കു വലിയ പങ്കുവഹിക്കാൻ കഴിയും. ക്രമേണ ഈ കോളേജുകൾ ചില രാജ്യങ്ങളിലുള്ള കമ്മ്യൂണിറ്റി കോളേജുകളുടെ സ്വഭാവം ആർജിക്കാൻ ഇതു സഹായിക്കും.

കോളേജുകൾ നടത്തുന്ന എല്ലാ കോഴ്സുകളും ഡിഗ്രിയ്ക്കുവേണ്ടിയുള്ളവയോ സ്ഥിരമായി തുടരുന്നവയോ ആകണമെന്നില്ല. ഹസ്വകാല സർട്ടി ഫിക്കറ്റ് കോഴ്സുകളും "ഒരിക്കൽ മാത്രം' എന്ന നിലയിലുള്ള കോഴ്സുകളും ആകാം. പ്രാദേശികമായുള്ള ആവശ്യവും പ്രസക്തിയും ആയിരിക്കണം പ്രധാന പരിഗണന. അവയുടെയും ഗുണമേന്മയും അക്കാദമിക നിലവാരവും ഉറപ്പാക്കുന്നതിൽ സർവകലാശാലകൾക്ക് ഉത്തരവാദിത്തം ഉണ്ടാകണം.

എത്രയൊക്കെ ശ്രമിച്ചാലും ഒരു പക്ഷേ മെഡിക്കൽ, എഞ്ചിനീയറിങ്ങ് സീറ്റുകൾക്കുള്ള ഡിമാന്റ് സർക്കാർ - എയ്ഡഡ് കോളേജുകളിലൂടെ പൂർണമായും തൃപ്തിപ്പെടുത്താൻ പറ്റില്ല. ഈ ഡിമാണ്ടിൽ കുറേയെങ്കിലും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതാണ്. മറ്റു മേഖലകളിൽ അവസരം സൃഷ്ടിച്ചുകൊണ്ടും സ്കോളർഷിപ്പുകളിലൂടെയും കരിയർപ്ലാനുകളിലൂടെയും മിടുക്കരെ അങ്ങോട്ട് ആകർഷിച്ചുകൊണ്ടും ഈ ഡിമാണ്ട് കുറയ്ക്കണം. U.R.റാവു കമ്മിറ്റിയുടെ മാർഗദർശനം അനുസരിച്ച് ഈ മേഖലയിലെ തള്ളിക്കയറ്റം നിയന്ത്രിക്കണം. സമഗ്രമായ മാനവശേഷി പഠനത്തിലൂടെ ഇതേപ്പറ്റിയുള്ള വിലയിരുത്തലുകൾ ഇടയ്ക്കിടെ പുതുക്കേണ്ടതുണ്ട്.

അന്താരാഷ്ട്ര കയറ്റുമതി ആകാൻ പാടില്ലാ നമ്മുടെ മാനവശേഷി വികസനത്തിന്റെ ആത്യന്തികലക്ഷ്യം. നമ്മുടെ ആവശ്യങ്ങൾക്കും സാധ്യതകൾക്കും ആയിരിക്കണം മുൻതൂക്കം. തീർച്ചയായും കുറേപ്പേർ വിദേശത്തേയ്ക്കു പോകും. പോകട്ടെ. പക്ഷേ അങ്ങനെ പോകുന്നത് ഗതികേടു കൊണ്ടായിരിക്കരുത്. വീട്ടിലുണ്ടെങ്കിലേ വിരുന്നു ചോറും കിട്ടു എന്നത് ഓർമ്മ വേണം. പക്ഷേ അങ്ങനെ പുറത്തു പണിയെടുക്കുന്നവർ അയയ്ക്കുന്ന ഡോളറും ദിനാറും ആയിരിക്കരുത് നമ്മുടെ വികസനത്തിന്റെ ആധാരം. നമ്മുടെ വികസന ആസൂത്രണം നമ്മുടെ വിഭവങ്ങളെയും അതിന്മേലുള്ള അധ്വാനത്തെയും അറിവിന്റെ പ്രയോഗത്തെയും ആശ്രയിച്ചായിരിക്കണം.

അതിനുള്ള ശേഷി വളർത്തിയെടുക്കുക എന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റെ ധർമം. എങ്കിലേ വിദ്യാഭ്യാസം ജനനന്മയ്ക്കു വേണ്ടിയാകൂ.

"https://wiki.kssp.in/index.php?title=വഴിവിട്ട_വിദ്യാഭ്യാസം&oldid=8968" എന്ന താളിൽനിന്ന് ശേഖരിച്ചത്