വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഇതൊരു ചെറിയ പുസ്തകമാണ്. എളുപ്പത്തിൽ വായിച്ചുതീരും. അത് ഉറപ്പാണ്. പക്ഷേ എത്ര വായിച്ചാലും മതിവരാത്ത ഒരു പുസ്തകത്തിലേയ്ക്ക്, സകല വിജ്ഞാനത്തിന്റെയും കലവറയായ പ്രകൃതി എന്ന പുസ്തകത്തിലേയ്ക്ക്, കുട്ടികളെ, നിങ്ങളെ കൂട്ടിക്കൊണ്ടു പോവുകയാണ് ഈ ചെറുപുസ്തകം. വരൂ. ഈ ചെറുപുസ്തകത്തിലൂടെ ആ വലിയ പുസ്തകത്തിന്റെ ഏടുകൾ മറിച്ചുനോക്കാൻ ശ്രമിക്കൂ. അതിൽ ആവർത്തനമില്ല. എന്നും പുതുമയാണ്. അതു വായിക്കാൻ എളുപ്പവുമാണ്. കണ്ണുതുറന്ന്, കാതു തുറന്ന് ചുറ്റും നോക്കി, കണ്ട്, നിരീക്ഷിച്ച ആ പുസ്തകത്തിലേയ്ക്ക് നിങ്ങൾക്കു കടക്കാം. എത്ര ആവേ ശകരമാണ് ആ വായനയെന്ന് അങ്ങനെ സ്വയം അറിയാം. പതിനായിരക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ഈ മനോഹരമായ പുസ്തകത്തിന് കൈരളി ബുക്ക് ട്രസ്റ്റിന്റെ ബാലസാഹിത്യ അവാർഡും കേരള സർക്കാരിന്റെ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റിയുടെ ബാല ശാസ്ത്രസാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്. ഭൗമ ഉച്ച കോടി വരെ നടന്നു കഴിഞ്ഞ പശ്ചാത്തലത്തിൽ ഈ വിഷയത്തെപ്പറ്റിയുള്ള ഏറ്റവും പുതിയ ആശയങ്ങൾവരെ ഉൾക്കൊള്ളിച്ചു പരിഷ്ക്കരിച്ച പതിപ്പാണിത്. കേരളത്തിലെ കുട്ടികൾക്കു വേണ്ടി, ആഹ്ളാദത്തോടെ, അഭിമാനത്തോടെ, ഞങ്ങൾ ബഹുവർണ്ണ ചിത്രങ്ങളോടുകൂടിയ ഈ പുതിയ പതിപ്പ് പ്രസിദ്ധീകരിക്കുന്നു.