സിയാറ്റിൽ മൂപ്പന്റെ ഹരിതപ്രസംഗം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.
പ്രമാണം:Chief seattle.jpg
1865 ലെ സിയാറ്റിൽ മൂപ്പന്റെ കണ്ടെടുക്കപ്പെട്ട ഏക ചിത്രം

അമേരിക്കൻ ഐക്യനാടുകളിലെ ദുവാമിഷ് മുഖ്യനും സുക്കാമിഷ്,ദുവാമിഷ്[1] എന്നീ ആദിമ നിവാസികളുടെ നേതാവുമായിരുന്നു സിയാറ്റിൽ മൂപ്പൻ (1780 - June 7, 1866)‍. തന്റെ സമൂഹത്തിലെ പ്രഗൽഭ വ്യക്തിത്വമായിരുന്ന സിയാറ്റിൽ മൂപ്പൻ ഇന്നത്തെ വാഷിംഗടണിലെ സിയാറ്റിലിൽ ആയിരുന്നു അധിവസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ്‌ സിയാറ്റിൽ എന്ന സ്ഥലപ്പേരുണ്ടായത്. അമേരിക്കൻ ആദിമനിവാസികളുടെ ഭൂ അവകാശത്തിനും പാരിസ്ഥിതിക ഉത്തരവാദിത്തത്തിനും വേണ്ടി വാദിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ പ്രസിദ്ധ പ്രഭാഷണങ്ങൾ.


ആമുഖം

ഭൂമി പിടിച്ചെടുക്കാൻ വന്ന വെള്ളക്കാരോട് 1854 മാർച്ച് 11-ന് സിയാറ്റിൽ ഗോത്രത്തലവൻ നടത്തിയ കാലാതിവർത്തിയായ വാക്കുകളുടെ മലയാളം. തങ്ങൾക്ക് കീഴടങ്ങി, ഭൂമി കൈമാറണം എന്ന് വെള്ളക്കാരുടെ ഗവർണർ ഐസക് സ്റ്റീവൻസ് പറഞ്ഞപ്പോൾ ഉയരക്കുറവുള്ള അയാളുടെ തലയിൽ കൈ വെച്ചുകൊണ്ടാണ് സിയാറ്റിൽ മൂപ്പൻ സംസാരിച്ചത്. ലസ്ഹൂട്ട്‌സീഡ് എന്ന റെഡ് ഇന്ത്യൻ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചതെന്ന് പറയപ്പെടുന്നു. അജ്ഞാതനായ ഒരാൾ അത് വേറൊരു പ്രാദേശിക ഭാഷയായ ചിനൂക് ജാർഗണിലേക്ക് പുനരെഴുതി. കവിയും വൈദീകനുമായ ഹെന്റി.എ.സ്മിത്ത് ചിനൂക് ജാർഗണിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു. കവിത തുളുമ്പുന്ന ഈ പ്രഭാഷണം പാരിസ്ഥിതികവും ജൈവീകവുമായ ഒരവബോധത്തിലേക്കുള്ള ചൂണ്ടുപലകയാണ്.

(പരിഭാഷ : പരിഭാഷ: ബലരാമൻ )


പ്രസംഗം

എങ്ങനെയാണ് ആകാശം വിൽക്കുക, ഭൂമിയുടെ ചൂടും? ഞങ്ങൾക്ക് ഇത് മനസ്സിലാവില്ല. വായുവിന്റെ ശുദ്ധിയും വെള്ളത്തിന്റെ തിളക്കവും നിങ്ങളുടേതല്ലെങ്കിൽ അതെങ്ങിനെ വാങ്ങാൻ കഴിയും? ഈ ഭൂമിയുടെ ഓരോ ഭാഗവും എന്റെ ആളുകൾക്ക് പവിത്രമാണ്. തിളങ്ങുന്ന ഓരോ ഇല നാമ്പും, ഓരോ മണൽത്തീരവും, ഇരുണ്ട കാനനത്തിലെ ഓരോ കോടമഞ്ഞിൻ ശകലവും മൂളുന്ന ഷഡ്പദവും എന്റെ ആളുകളുടെ ഓർമകളിലും അനുഭവങ്ങളിലും പരിപാവനമാണ്. ഈ മരങ്ങൾക്കുള്ളിലൂടെ ഒഴുകുന്ന നീരിലെല്ലാം ചുവന്ന മനുഷ്യന്റെ സ്മരണകളുണ്ട്.

നക്ഷത്രങ്ങൾക്കിടയിലൂടെ നടക്കാനിറങ്ങുമ്പോൾ വെള്ളക്കാരന്റെ പരേതാത്മാക്കൾ അവരുടെ ജന്മദേശം മറന്നുപോകും. ഞങ്ങളുടെ പരേതാത്മാക്കൾ ഒരിക്കലും ഈ മനോഹരഭൂമി മറക്കില്ല, കാരണം അത് ചുവന്ന മനുഷ്യന്റെ അമ്മയാണ്. ഞങ്ങൾ ഭൂമിയുടെ ഭാഗമാണ്, ഭൂമി ഞങ്ങളുടേയും. സുഗന്ധവാഹികളായ ഈ പുഷ്പങ്ങൾ ഞങ്ങളുടെ സഹോദരിമാരാണ്; ഈ മാൻ, കുതിര, വൻപരുന്ത്, ഇതെല്ലാം ഞങ്ങളുടെ സഹോദരന്മാരാണ്. പാറകൾ നിറഞ്ഞ പർവതശിഖരങ്ങൾ, പുൽമേടുകളിലെ നീരുകൾ, കുതിരക്കുട്ടിയുടെ ശരീരോഷ്മാവ്, മനുഷ്യൻ...ഇതെല്ലാം ഒരേ കുടുംബത്തിന്റേതാണ്.

അതിനാൽ വാഷിങ്ടണിലെ വലിയ മൂപ്പൻ ഞങ്ങളോട് ഭൂമി ചോദിക്കുമ്പോൾ ഞങ്ങളോട് വളരെയേറെയാണ് അദ്ദേഹം ചോദിക്കുന്നത്. ഞങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ സ്ഥലം മാറ്റിയിടുമെന്ന് വലിയ മൂപ്പൻ പറയുന്നു.

ഞങ്ങൾ ആ വാഗ്ദാനം പരിഗണിക്കാം. പക്ഷേ അതെളുപ്പമായിരിക്കില്ല. കാരണം ഈ മണ്ണ് ഞങ്ങൾക്ക് വളരെ പവിത്രമാണ്. ഈ അരുവികളിലൂടെ ഒഴുകുന്ന വെള്ളമൊന്നും വെറും വെള്ളമല്ല ഞങ്ങളുടെ പൂർവികരുടെ രക്തമാണ്. ഞങ്ങൾ ഭൂമി വിൽക്കുകയാണെങ്കിൽ, അത് പവിത്രമാണെന്ന് നിങ്ങളോർക്കണം, അത് പവിത്രമാണെന്നും ആ തടാകത്തിലെ തെളിവെള്ളത്തിലുള്ള ഓരോ പ്രതിഫലനത്തിനും എന്റെ ആളുകളുടെ സംഭവങ്ങളെയും ഓർമകളെയും പറ്റി പറയാനുണ്ടെന്നും നിങ്ങൾ കുട്ടികളെ പഠിപ്പിക്കണം. ആ വെള്ളത്തിന്റെ മർമരം എന്റെ പൂർവ്വപിതാക്കളുടെ ശബ്ദമാണ്.

നദികൾ ഞങ്ങളുടെ സഹോദരന്മാരാണ്, അവരാണ് ഞങ്ങളുടെ ദാഹം ശമിപ്പിക്കുന്നത്്. ഈ പുഴകൾ ഞങ്ങളുടെ തോണികളെ വഹിക്കും, ഞങ്ങളുടെ മക്കളുടെ വിശപ്പടക്കു. ഞങ്ങൾ സ്വന്തം നാട് വിൽക്കുകയാണെങ്കിൽ, നിങ്ങളോർക്കണം,നിങ്ങളുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുക-ഈ നദികൾ ഞങ്ങളുടെയും നിങ്ങളുടെയും സഹോദരന്മാരാണെന്ന്, നിങ്ങൾ ഏത് സഹോദരനോടും കാട്ടുന്ന കനിവ് നദികളോടും കാട്ടുക.

വെള്ളക്കാരന് ഞങ്ങളുടെ രീതികളറിയില്ലെന്നറിയാം. ഭൂമിയുടെ ഏത് ഭാഗവും അവന് ഒരേ പോലെയാണ്, കാരണം അവൻ രാത്രി വരികയും ഭൂമിയിൽ നിന്ന് വേണ്ടതെടുക്കുകയും ചെയ്യുന്നവനാണ്. ഭൂമി അവന് സഹോദരനല്ല, ശത്രുവാണ്. അതിനെ കീഴടക്കിക്കഴിഞ്ഞാൽ അവൻ മുന്നേറും. അച്ഛന്റെ കുഴിമാടം അവൻ പിന്നിലുപേക്ഷിക്കും, അവനതിൽ വിഷമവുമില്ല. അവൻ സ്വന്തം മക്കളിൽ നിന്നാണ് ഭൂമി തട്ടിയെടുക്കുന്നത്, അതിലും അവന് വിഷമമില്ല. അച്ഛന്റെ കുഴിമാടവും മക്കളുടെ ജന്മാവകാശവും അവൻ മറന്നുപോകും. അവന്റെ മാതാവായ ഭൂമിയേയും സഹോദരനായ ആകാശത്തെയും വിലക്ക് വാങ്ങിച്ച വസ്തുക്കളെയെന്ന പോലെയാണവൻ കൈകാര്യം ചെയ്യുക, കൊള്ളയടിക്കാനും കന്നുകാലികളെയോ മണിമുത്തുക്കൾ പോലെയോ വിൽക്കാനുമുള്ള വസ്തുക്കൾ. അവന്റെ ആർത്തി ഭൂമിയെ വിഴുങ്ങും, മരുഭൂമി മാത്രം ബാക്കിയാവും.

എനിക്കറിയില്ല. ഞങ്ങളുടെ രീതികൾ നിങ്ങളിൽ നിന്ന് വിഭിന്നമാണ്. നിങ്ങളുടെ നഗരങ്ങളുടെ കാഴ്ച ചുവന്ന മനുഷ്യന്റെ കണ്ണുകൾക്ക് വേദനാജനകമാണ്. വെള്ളക്കാരന്റെ നഗരങ്ങളിൽ ശാന്തമായൊരിടമില്ല. വസന്തത്തിൽ ഇലകൾ വളരുന്നതും ഷഡ്പദങ്ങളുടെ ചിറകിളകുന്നതും കേൾക്കാനിടമില്ല. ഘടഘടാരവങ്ങൾ കാതുകളെ അപമാനിക്കുന്നത് പോലയേ തോന്നൂ. വാനമ്പാടിയുടെ ഏകാന്തവിലാപവും രാത്രികാലത്ത് കുളക്കരയിലെ തവളകളുടെ കരച്ചിലും കേൾക്കാനാവില്ലെങ്കിൽ നമ്മുടെ ജീവിതത്തിലെന്താണുണ്ടാവുക? ഞാനൊരു ചുവന്ന മനുഷ്യനാണ്, എനിക്ക് മനസ്സിലാവുന്നില്ല. പൈൻ തളിരുകളുടെ മണമുള്ള, പുതുമഴയാൽ ശുദ്ധമായ കാറ്റിന്റെ സുഗന്ധവും തടാകത്തിനു മീതെ അതടിക്കുന്നതിന്റെ ഒച്ചയുമാണ് ഞങ്ങൾക്ക് ഇഷ്ടം.

ചുവന്നവന് വായു അമൂല്യമാണ്, കാരണം മൃഗവും മരവും മനുഷ്യനും പങ്കിടുന്നത് അതേ ശ്വാസമാണ്. അവൻ ശ്വസിക്കുന്ന വായുവിനെ വെള്ളക്കാരൻ ശ്രദ്ധിക്കാറില്ല. മരണശയ്യയിലെ മനുഷ്യനെപ്പോലെ അവന്റെ മൂക്ക് നാറ്റം പോലുമറിയാത്തവിധം മരവിച്ചിരിക്കുകയാണ്. പക്ഷേ ഞങ്ങൾ ഞങ്ങളുടെ ഭൂമി വിൽക്കുകയാണെങ്കിൽ ഈ വായു ഞങ്ങൾക്കമൂല്യമാണെന്ന് നിങ്ങളോർക്കണം, വായു താങ്ങിനിർത്തുന്ന ജീവനാണ് അതിന്റെ ആത്മാവെന്നും.

ഞങ്ങളുടെ മുത്തച്ഛന്മാർക്ക് പ്രാണവായു നൽകിയ കാറ്റ് തന്നെയാണ് അവരുടെ അന്ത്യശ്വാസം ഏറ്റുവാങ്ങിയതും. ഞങ്ങൾ ഈ ഭൂമി വിൽക്കുകയാണെങ്കിൽ വെള്ളക്കാരന് പോലും പുൽമേട്ടിലെ പൂക്കളുടെ ഗന്ധവാഹിയായകാറ്റ് അറിയുവാനുള്ള ഇടമാവുന്ന വിധം അതിനെ പവിത്രമായി മാറ്റിവെക്കണം. അങ്ങിനെ, ഭൂമി വാങ്ങാമെന്ന നിങ്ങളുടെ വാഗ്ദാനം ഞങ്ങൾ പരിഗണിക്കാം. സ്വീകരിക്കാൻ തീരുമാനിച്ചാൽ ഞാൻ ഒരു വ്യവസ്ഥ വെയ്ക്കും -വെള്ളക്കാരൻ ഈ ഭൂമിയിലെ മൃഗങ്ങളെ അവന്റെ സഹോദരങ്ങളായി കാണണം.

ഞാനൊരു പ്രാകൃതനാണ്, എനിക്ക് വേറൊരു രീതിയും അറിയില്ല. ഓടുന്ന വണ്ടിയിലിരുന്ന് വെള്ളക്കാർ വെടിവെച്ച് വീഴ്ത്തിയ ആയിരക്കണക്കിന് കാട്ടുപോത്തുകളുടെ ദേഹങ്ങൾ പുൽമേടുകളിൽ ചീഞ്ഞുനാറുന്നത് ഞാൻ കണ്ടു. ഞാനൊരു കാടനാണ്, ഞങ്ങൾ ഉപജീവനത്തിന് മാത്രം കൊല്ലുന്ന പോത്തിനേക്കാൾ എങ്ങിനെ ഒരു പുകവണ്ടിക്ക് പ്രാധാന്യം വരുമെന്ന് എനിക്കറിയില്ല. മൃഗങ്ങളില്ലാതെ മുഷ്യനെന്താണ്? എല്ലാ മൃഗങ്ങളും പോവുകയാണെങ്കിൽ ആത്മാവിന്റെ മഹാഏകാന്തത കൊണ്ട് മനുഷ്യൻ മരിച്ചുപോകും. എല്ലാം പരസ്​പര ബന്ധിതമാണ്.

അവരുടെ കാൽക്കീഴിലെ മണ്ണിൽ ഞങ്ങളുടെ പിതാമഹന്മാരുടെ ചാരമുണ്ടെന്ന് നിങ്ങൾ കുട്ടികളോടു പറഞ്ഞുകൊടുക്കണം. അവരാ മണ്ണിനെ മാനിക്കും, ഞങ്ങളുടെ ബന്ധുക്കളുടെ ജീവിതം കൊണ്ട് സമ്പന്നമാണ് ഈ ഭൂമിയെന്നവരോട് പറയണം. ഭൂമി നമ്മുടെ അമ്മയാണെന്ന് ഞങ്ങൾ മക്കളെ പഠിപ്പിച്ചത് പോലെ നിങ്ങളും മക്കളെ പഠിപ്പിക്കണം. ഭൂമിക്ക് എന്ത് സംഭവിച്ചാലും അതിന്റെ മക്കൾക്കും അത് സംഭവിക്കും.

മനുഷ്യർ മണ്ണിൽ തുപ്പിയാൽ അവർ തങ്ങളെത്തന്നെയാണ് തുപ്പുന്നത്.

ഇത് ഞങ്ങൾക്കറിയാം: ഭൂമി മനുഷ്യന്റെ സ്വത്തല്ല. മനുഷ്യൻ ഭൂമിയുടെ സ്വത്താണ്. രക്തം കുടുംബാംഗങ്ങളെ ബന്ധപ്പെടുത്തുന്നത് പോലെ എല്ലാം പരസ്​പര ബന്ധിതമാണ്.

ദൈവത്തെ ചങ്ങാതിയെപ്പോലെ കൂടെ കൊണ്ടുനടക്കുന്ന വെള്ളക്കാരനെയും പൊതുവായ ഈ ഭാഗധേയത്തിൽ നിന്ന് ഒഴിവാക്കാനാവില്ല. എന്തൊക്ക പറഞ്ഞാലും നമ്മളെല്ലാം സഹോദരന്മാരായിരിക്കും. നമുക്ക് കാണാം. വെള്ളക്കാരനൊരുനാൾ കണ്ടുപിടിച്ചേക്കാവുന്ന ഒരു കാര്യം ഞങ്ങൾക്കറിയാം, ഞങ്ങളുടെ ദൈവവും അതേ ദൈവം തന്നെയാണ്.

ഞങ്ങളുടെ ഭൂമിയുടെ ഉടമകളാകാൻ നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ അവന്റെയും ഉടമസ്ഥത നിങ്ങൾക്കാണെന്ന് നിങ്ങൾ കരുതുന്നുണ്ടാകാം. പക്ഷേ നിങ്ങൾക്കതിനാവില്ല. അവൻ മനുഷ്യന്റെ ദൈവമാണ്. അവന്റെ സ്‌നേഹം വെള്ളക്കാരനും ചുവന്നവനും ഒന്നുപോലെയാണ്. ഈ ഭൂമിയവന് അമൂല്യമാണ്, ഈ ഭൂമിയോട് ദ്രോഹം ചെയ്യുകയെന്നാൽ അതിന്റെ സൃഷ്ടാവിനെ അപാനിക്കലാണ്. വെള്ളക്കാരനും കടന്നുപോകും. മറ്റെല്ലാ ഗോത്രങ്ങൾക്കും മുമ്പേ. ഓർമ്മിക്കുക, സ്വന്തം കിടക്ക മലിനമാക്കിയാൽ ഒരു രാത്രി സ്വന്തം വിസർജനത്തിൽ ശ്വാസം മുട്ടി മരിക്കും.