സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
18:33, 8 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreelesh Kumar K K (സംവാദം | സംഭാവനകൾ)
സൈലൻറ് വാലി പദ്ധതി - ഒരു സാങ്കേതിക-പാരിസ്ഥിതിക-സാമൂഹ്യ-രാഷ്ട്രീയ പഠനം
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (പ്രൊഫ. എം കെ പ്രസാദ്, പ്രൊഫ. വി കെ ദാമോദരൻ, ഡോ. കെ എൻ ശ്യാമസുന്ദരൻ നായർ, ഡോ. എം പി പരമേശ്വരൻ, കെ പി കണ്ണൻ)
ഭാഷ മലയാളം
വിഷയം പരിസരം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം 1979 ഒക്ടോബർ

മുഖവുര

സൈലന്റ് വാലി ജലവൈദ്യുത പദ്ധതി അസാധാരണമോ അതിബൃഹത്തോ അല്ല; ഇടുക്കിയും ശബരിഗിരിയും വിഭാവനം ചെയ്തിട്ടുള്ള പൂയാൻകുട്ടിയും പെരിഞ്ചാൻകുട്ടിയുമൊക്കെ ആയി താരതമ്യപ്പെടുത്തുമ്പോൾ അത് വളരെ ചെറുതാണ്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി അത് വളരെയധികം പൊതുജനശ്രദ്ധ ആകർഷിക്കുകയാണ്. കേരളത്തിലെ ജലവൈദ്യുത പദ്ധതികളുടെ ചരിത്രത്തിൽ ആദ്യമായി ശാസ്ത്രജ്ഞർ പദ്ധതിയോട് പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. 1920ൽ ആദ്യപര്യവേക്ഷണവും 1958ൽ സാങ്കേതിക പര്യവേക്ഷണവും കഴിഞ്ഞ് ഈ പദ്ധതി 1970കളിൽ മാത്രമേ ഇലക്ട്രിസിറ്റി ബോർഡിന്റെ പരിഗണനയിൽ വന്നുള്ളു എന്നത് കഴിഞ്ഞ 20 കൊല്ലമായി അതിനുവേണ്ട പ്രക്ഷോപണം നടത്തിയിരുന്ന ലബാർ നിവാസികൾക്ക് അത്യന്തം വേദനാജനകമായ ഒരു വസ്തുതയാണ്. ശാസ്ത്രജ്ഞരും സൈലന്റ് വാലിയുടെ സവിശേഷതയെപ്പറ്റി 5 കോടിക്കൊല്ലമായി മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ആഘാതത്തിൽ നിന്ന് സുരക്ഷിതമായി ജീവിപരിണാമത്തിന്റെ അസുലഭമായ ഒരു കളിത്തൊട്ടിലായി, ലോകത്തിൽ അവശേഷിച്ചിട്ടുള്ള ചുരുക്കം ചില നിത്യഹരിതവനങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന്, പ്രസ്തുത പദ്ധതി ഈ മേന്മകളെല്ലാം നശിപ്പിക്കുമെന്ന് ഇപ്പോൾ മാത്രമാണ് ബോധവാന്മാരായത്. അവർ പ്രതിഷേധിക്കാൻ തുടങ്ങി. പരിസര സംരക്ഷണത്തിനായുള്ള ദേശീയ ഏകോപന സമിതി ഈ പ്രദേശം ചുറ്റിനടന്ന ശേഷം അവിടെ പദ്ധതി പാടില്ലെന്ന് ശിപാർശ ചെയ്തു. പ്രശസ്തരായ പല ശാസ്ത്രജ്ഞരും സംഘടനകളും സൈലന്റ് വാലിയുടെ അമൂല്യ ജൈവസമ്പത്തിനെക്കുറിച്ചും ശാസ്ത്രീയ പ്രാധാന്യത്തെക്കുറിച്ചും അത് പരിരക്ഷിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചും ശബ്ദമുയർത്തി. സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്ക് വളരെ യോജിച്ച സ്ഥലമാണ്. ഇത്രയും വലിയ ജലശീർഷം കേരളത്തിലെ മറ്റൊരു പദ്ധതിക്കും കിട്ടില്ല. മലബാർ പ്രദേശത്ത് ഇത്ര അനുകൂലമായ മറ്റൊരു സ്ഥാനമില്ല. പദ്ധതി ആ പ്രദേശത്ത് ഒട്ടേറെ പേർക്ക് ജോലി നൽകും. ജലവൈദ്യുതി നിർമലമാണ്. ചെലവ് കുറഞ്ഞതാണ് മുതലായ കാരണങ്ങൾ കൊണ്ട് അത് എത്രയും വേഗത്തിൽ ഏറ്റെടുത്ത് തീർക്കണമെന്ന് കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡും വാദിച്ചു.

സൈലന്റ് വാലിയുടെ തനിമ

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട്ട് നിന്ന് 45 കി. മീ. വടക്കുമാറി ഭാരതപ്പുഴയുടെ പോഷക നദിയായ കുന്തിപ്പുഴയുടെ ഇരുവശങ്ങളിലുമായി കിടക്കുന്ന 8952 ഹെക്ടർ റിസർവ് വനം അടങ്ങുന്ന പ്രദേശമാണ് സൈലന്റ് വാലി. ഇന്ത്യയിലെ ഉഷ്ണമേഖലാ നിത്യഹരിത പുഷ്ടി വനങ്ങളിലെ അവശേഷിക്കുന്ന ഒരേ ഒരു വലിയ പ്രദേശം ഇതുമാത്രമാണ്. ഭൂതലത്തിലെ ഏറ്റവും വൈവിധ്യമാർന്നതും സങ്കീർണവുമായ സസ്യജാലങ്ങളുടെ ആവാസസ്ഥാനമാണ് ഉഷ്ണമേഖലാ നിത്യഹരിതവനങ്ങൾ. അഞ്ചുകോടി കൊല്ലത്തെ തുടച്ചയായ പ്രകൃതി പരിമാമത്തിന്റെ മനുഷ്യരുടെ ഇടപെടലിനു വിധേയമാകാത്ത വേദിയാണത്. സസ്യഭുക്കുകളായ മൃഗങ്ങളാണ് ഇവിടെ കൂടുതൽ. നട്ടെല്ലികളിൽ പക്ഷികളും സസ്തനികളിൽ വൃക്ഷവാസികളുമആണ് കൂടുതലുള്ളത്. കാരണം വൃക്ഷങ്ങളുടെ മുകൾപരിപ്പിലാണ് അടിയിലെ കുറ്റിക്കാടുകളിലേതിനേക്കാൾ കൂടുതൽ ഭക്ഷണം ലഭ്യമാകുന്നത്. ഇവിടെയുള്ള ജീവികളിൽ മൂന്ന് എണ്ണം വംശനാശ ഭീഷണി നേരിടുന്നവ യാണ്.- അതായത് ഈ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി അപ്രത്യക്ഷപ്പെടുകയും പിൽക്കാല പഠനത്തിന് അവയുടെ എല്ലുകൾ കൊണ്ടു മാത്രം തൃപ്തിപ്പെടേണ്ടിവരികയും ചെയ്യുന്നവ. സിംഹളക്കുരങ്ങ്, നീലഗിരി ലാംഗൂർ, കടുവ എന്നിവയാണ് അവ. ഒക്കൊക്കെ നിശിതമായ ജീവിതചര്യയിൽ മാറ്റം വരുത്താനാകാതെ ഉറച്ചുപോയ ജീവികളാണ് അവ. മറ്റൊരു പരിതഃസ്ഥിതിയിലേക്ക് അവയ്ക്ക് മാറാൻ കഴിയില്ല. സൈലന്റ് വാലി പ്രദേശം ഏറ്റവും അടുത്ത റോഡിൽ നിന്ന് 20 കിലോമീറ്റർ അകലെ ആയിരുന്നു അടുത്ത കാലം വരെ. അതുകൊണ്ടാണ് അത് മനുഷ്യന്റെ ഇടപെടലുകൾക്ക് ഗണ്യമായി വിധേയമാകാതിരുന്നത്. എന്നാൽ അടുത്തകാലങ്ങളിലായി തോട്ടകൃഷി, ആദിവാസി കോളനികൾ, അവരുടെ കൃഷി, നായാട്ട്, മരംമുറിപ്പ് മുതലായ പല മനുഷ്യ പ്രവർത്തനങ്ങൾക്കും ആ പ്രദേശം വിധേയമായിക്കൊണ്ടിരിക്കയാണ്. പക്ഷേ, ആ വനത്തിന്റെ ഹൃദയഭാഗം ഇപ്പോഴും ഗുരുതരമായി ആക്രമിക്കപ്പെട്ടു കഴിഞ്ഞിട്ടില്ല. ഈ കാടുകൾ അതിപ്രധാനങ്ങളായ ചില ധർമങ്ങൾ നിറവേറ്റുന്നുണ്ട്. താഴത്തെ സമതലത്തിലേക്കുള്ള നീരൊഴുക്കു നിയന്ത്രിക്കുക, ജലസന്തുലനം നിലനിർത്തുക, മണ്ണൊലിപ്പു തടയുക മുതലായവ. ആ പ്രദേശത്തെ കാലാവസ്ഥയെ ആകെ നിയന്ത്രിക്കുന്നതിലും ഈ കാടുകൾക്ക് ഗണ്യമായ പങ്കുണ്ട്.

ജലവൈദ്യുത പദ്ധതി വന്നാൽ എന്തു സംഭവിക്കും?

ജലവൈദ്യുത പദ്ധതികൊണ്ടുള്ള ആഘാതങ്ങളെ മൂന്നായി തരം തിരിക്കാം

  1. നേരിട്ട് സസ്യജാലങ്ങളിലുള്ളവ
  2. നേരിട്ട് ജന്തുജാലങ്ങളിലുള്ളവ
  3. പരോക്ഷമായ ഫലങ്ങൾ

പദ്ധതിക്ക് മൊത്തം 1022 ഹെക്ടർ സ്ഥലം വേണം. അതിൽ 950 ഹെക്ടർ നിത്യഹരിതവനമാണ്. വെള്ളത്തിനടിയിൽ പോകുന്ന 770 ഹെക്ടർ സ്ഥലത്ത് മുങ്ങിപ്പോകുന്ന മരങ്ങളിൽ പ്രധാനമായവ പലാക്വിയം, എലിപ്ടിക്കം, കല്ലേനിയ എക്‌സൽസിയ (മുള്ളൻ പ്ലാവ്) എന്നിവയാണ്. നദിയുടെ തീരത്തുള്ള അതിസമ്പന്നമായ സസ്യജാലങ്ങളും നഷ്ടമാകും. അവയെ അവിടെ നിന്ന് രക്ഷപ്പെടുത്തി മുകളിൽ കൃഷി ചെയ്യുകയെന്നത് അസാധ്യമാണ്. വന്യജീവികൾക്ക് നേരിടുന്ന പ്രശ്‌നങ്ങൾ, ഒരു ജീവിയുടെ, സിംഹളക്കുരങ്ങിന്റെ ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. 1961-63 ൽ ലോകത്തിൽ അതിന്റെ സംഖ്യ 1000 ആയിരുന്നു. 1975 ആയപ്പോഴേക്ക് അത് 500 ആയി കുറഞ്ഞു. ഇവയുടെ ഒരു ഗ്രൂപ്പിന് ജീവിക്കാൻ ചുരുങ്ങിയത് 5 ച. കി. മീറ്റർ കാട് വേണം. ഏതാണ്ട് 130 ച. കി. മീറ്റർ തുടർച്ചയായ കാടുണ്ടായാലേ തുടർച്ചയായി വർദ്ധിച്ചുവരുന്ന അംഗസംഖ്യയോടുകൂടിയ ഒരു സമൂഹത്തിന് നിലനിൽക്കാൻ പറ്റൂ. സൈലന്റ് വാലിയും തൊട്ടടുത്തുള്ള അട്ടപ്പാടി റിസർവ് വനങ്ങളും കൂടിയാലേ ഇത്രയും വിശാലമായ കാടുണ്ടാകൂ. സൈലന്റ് വാലിയിൽ ഗവേഷണം നടത്തിയ കേരള വന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടു പ്രകാരം ഇപ്പോൾ സൈലന്റ് വാലിയിലുള്ള സിംഹളക്കുരങ്ങുകളിൽ ഭൂരിഭാഗവും കുന്തിപ്പുഴയുടെ തീരങ്ങളിലാണ് വിഹരിക്കുന്നത്. അവിടെയുള്ള മുള്ളൻ ചക്കയാണ് ഇവയുടെ ആഹാരം. ആ ഭാഗം വെള്ളത്തിനടിയിൽ ആയാൽ ഇവയുടെ വംശനാശം അതിവേഗത്തിലാകും. മറ്റ് ഭാഗങ്ങളിലേക്ക് മാറി താമസിച്ച് വംശവൃദ്ധി ഉണ്ടാകുമെന്ന് പറയുന്നവർ അതിന്റെ ജീവിതചര്യയെക്കുറിച്ച് അറിഞ്ഞുകൂടാത്തവർ മാത്രമാണ്. അവിടെയുള്ള കടുവ, നീലഗിരി താർ (വരയാട്) മുതലായവക്ക് എന്തെല്ലാം സംഭവിക്കുമെന്ന് വിശദമായി പഠിച്ചിട്ടില്ല. പക്ഷേ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നടന്ന ചില പഠനങ്ങൾ കാണിക്കുന്നത് പദ്ധതി ഈ പ്രദേശത്തു അവയെ നാമാവശേഷമാക്കുമെന്നാണ്.