സ്കൂളുകളുമായുള്ള ബന്ധം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
21:05, 26 സെപ്റ്റംബർ 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nambiararunima (സംവാദം | സംഭാവനകൾ) (→‎പരിഷത്തും വികസനവും)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രകേരളവും യുറീക്കയും സ്കൂളുകളുമായുള്ള ബന്ധത്തിന്ന് പുതിയ ഒരു മാനം കൈവന്നു. ഈ മാസികകൾ വായിച്ച കുട്ടികൾ സംശയം ചോദിച്ചുകൊണ്ട് അദ്ധ്യാപകരെ സമീപിച്ചു. പാഠപുസ്തകത്തിന്റെ പുറത്ത് നിന്ന് വായിച്ച കാര്യങ്ങളെപ്പറ്റിയുള്ള ചോദ്യം അദ്ധ്യാപകർ പൊതുവേ ഇഷ്ടപ്പെട്ടെന്ന് വരില്ല. പക്ഷെ ചിലരെങ്കിലും കുട്ടിക്ക് കിട്ടിയ അറിവിന്റെ ഉറവിടം കണ്ടെത്താൻ താല്പര്യമെടുത്ത്. അങ്ങിനെ അന്വേഷണം യുറീക്കയിലും ശാസ്ത്രകേരളത്തിലും എത്തി. അങ്ങിനെ പരിഷത്തിലേക്കുള്ള പാതയിൽ പലരും എത്തിച്ചേർന്നു. സ്കൂളുകളുമായി പരിഷത്തിന്ന് കിട്ടിയ ഈ അടുപ്പം ശാസ്ത്രകേരളം ക്വിസും യുറീക്ക വിജ്ഞാനപരീക്ഷയും വിപുലമാക്കാൻ സഹായിച്ചു. ലക്ഷക്കണക്കിന്ന് കുട്ടികൾ ഈ പരീക്ഷകളിൽ പങ്കെടുക്കാൻ തുടങ്ങി. അവരുടെ രക്ഷിതാക്കളും പരിഷത്തിനെപ്പറ്റി അറിയാൻ തുടങ്ങി. അവരുടെ പങ്കാളിത്തത്തോടൊപ്പം പരിഷത്തും വളരുകയായിരുന്നു.

പ്രഭാഷണങ്ങളും ക്ളാസുകളും

ഇവ ആദ്യം തൊട്ടേ പരിഷത്തിന്റെ പരിപാടികളിലൊന്നായിരുന്നു. 1973 ൽ ഭാരതീയ വിഗ്യാൻ പത്രികാസമിതിയുടെ ആഹ്വാനമനുസരിച്ച ജനുവരി ഒന്നാം വാരം ശാസ്ത്രവാരമായി ആചരിച്ചു. പ്രപഞ്ചത്തിന്റെ വികാസം,മനുഷ്യന്റെ വികാസം,ശാസ്ത്രത്തിന്റെ വികാസം എന്ന വിഷയത്തെ കുറിച്ച് 1000 പ്രഭാഷണങ്ങൾ നടത്താനായിരുന്നു തീരുമാനം. ഉദ്ദേശിച്ചതിലും കൂടുതൽ പ്രഭഷണങ്ങൾ നടന്നു. ഈ വിജയമാണ് 1976 ൽ പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന വിഷയത്തെക്കുറിച്ച് മറ്റൊരു പ്രഭാഷണപരമ്പര തുടങ്ങാൻ പരിഷത്തിന്ന് ധൈര്യം നൽകിയത്. അടിയന്തിരാവസ്ഥക്കാലത്ത് അനുവദിക്കപ്പെട്ട അപൂർവം ബഹുജനപ്രവർത്തനങ്ങളിൽ ഒന്ന് എന്ന നിലയ്ക്കാവാം ഉദ്ദേശിച്ചതിന്റെ നാല് മടങ്ങ് ക്ളാസുകൾ നടത്താൻ കഴിഞ്ഞതും അവയിലെല്ലാം വലിയ ബഹുജനപങ്കാളിത്തമുണ്ടായതും. 1976 ലെ പ്രകൃതി,ശാസ്ത്രം,സമൂഹം, എന്നപ്രഭാഷണ പരമ്പര ഒരു തുടക്കം മാത്രമായിരുന്നു. പിന്നീട് "കേരളത്തന്റെ സമ്പത്ത്","കേരളത്തിലെ കൃഷി","വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്", "നാ ജീവിക്കുന്ന ലോകം", തുടങ്ങിയ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ നടത്തപ്പെട്ടു. സംഘാടനം കുറ്റമറ്റ രീതിയിലായിരുന്നു. സംസ്ഥാനതലത്തിൽ 100 പേർക്ക് പരിശീലനം കൊടുത്തു. അവർ തുടർന്ന് 1500 പേർക്ക് പരിശീലനം നൽകി. പ്രഭാഷണം കേൾക്കാനെത്തുന്നവരുടെ നിലവാരം അനുസരിച്ച് ക്ളാസുകൾ സംഘടിപ്പിക്കപ്പെട്ടു. പതിനായിരങ്ങൾ ഈ പുതിയ ശാസ്ത്രബോധന രീതിയെ ആവേശപൂർവ്വം സ്വീകരിച്ചു. "പ്രകൃതിയുടെ വികാസം", "മനുഷ്യന്റെ വികാസം","ശാസ്ത്രത്തിന്റെ വികാസം", തുടങ്ങിയ ക്ളാസുകൾ 1973 ൽ നടത്തിയെന്ന് സൂചിപ്പിച്ചുവല്ലോ. ഈ ക്ളാസുകൾ പരിഷത്തിന്റെ ആശയപരമായ വളർച്ചയിലെ സുപ്രധാന ഘട്ടങ്ങളായിരുന്നു. ശാസ്ത്രത്തിന്റെ ചരിത്രം, ദർശനം ഇവയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വ്യക്തത വരുത്താൻ ഇവ സഹായിച്ചു. കൂടാതെ തുടർന്ന് നടത്തപ്പെട്ട, പ്രകൃതി,ശാസ്ത്രം,സമൂഹം എന്നീ പ്രഭാഷണങ്ങൾക്കുള്ള അടിത്തറ ഉണ്ടാക്കുവാനും സഹായകരമായി. ഒന്നാമത്തെ ക്ളാസ് പ്രകൃതിയുടെ വികാസത്തെപ്പറ്റിയും രണ്ടാമത്തേത് സൌരയൂഥ ഉൽപത്തി സിദ്ധാന്തത്തിൽ നിന്ന് തുടങ്ങി മുതലാളിത്ത വ്യവസ്ഥയും സോഷ്യലിസ്റ്റ് വ്യവസ്ഥയും മൌലിക വ്യത്യാസം വരെ ചർച്ച ചെയ്തുകൊണ്ടവസാനിക്കുന്നു. ശാസ്ത്രവും സമൂഹവും തമ്മിലുള്ള അവിഭാജ്യമായ ബന്ധമാണ് മൂന്നാമത്തെ ക്ളാസിന്റെ ഉള്ളടക്കം. അവസാനം ആധുനിക ശാസ്ത്രത്തിന്റെ വളർച്ച പരിശോധിക്കുന്നതിനോടൊപ്പം തന്നെ അവ സൃഷ്ടിച്ച പ്രശ്നങ്ങളും ശാസ്ത്രവും സമൂഹവും ഇന്നെത്തിച്ചേർന്ന ദശാസന്ധിയുംവരെ പരിശോധിക്കപ്പെടുന്നു. യൂണിറ്റ്,മേഖല,ജില്ല,സംസ്ഥാനം എന്നീ തലങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റികൾ അടങ്ങുന്ന സംഘടനാരൂപം പരിഷത്തിന്ന് ഉണ്ടായത് അത് ഒരു ബഹുജന പ്രസ്ഥാനമാകാൻ തുടങ്ങിയ രണ്ടാം ദശകത്തിലാണ്. ഇതിന്ന് പുറമേ അഫിലിയേറ്റ് ചൊയ്യുന്ന താരതമ്യേന സ്വതന്ത്രമായ ബാലവേദി, സയൻസ് ഫോറം, ഗ്രാമ ശാസ്ത്ര സമിതി, മുതലായവയും ഉണ്ടായി.ശാസ്ത്രലേഖകരുടെ സംഘടന എന്നത് വിട്ട് ശാസ്ത്രത്തെ സാമൂഹ്യപരിവർത്തനത്തിന്ന് നാനാ രീതിയിൽ പ്രയോജനപ്പെടുത്തുന്ന ജനകീയ ശാസ്ത്രപ്രസ്ഥാനമായി മാറിയത് ഈ കാലഘട്ടത്തിലാണ്. പുതിയ പ്രവർത്തനങ്ങൾ പുതിയ പ്രവർ‌ത്തകരെ കൊണ്ടുവന്നു. 1967 ൽ അംഗസംഖ്യ 122 ആയിരുന്നത് 1969 ൽ 500ഉം 1976 ൽ 2600ഉം ആയി ഉയർന്നു. അംഗങ്ങളുടെ ചേരുവയിലും മാറ്റം വന്നു. സ്കൂൾ തല പ്രവർത്തനം വർദ്ധിച്ചതോടെ അദ്ധ്യാപകരുടെ എണ്ണം അംഗസംഖ്യയിൽ കൂടി വന്നു. പൊതുപ്രഭാഷണ പരമ്പരയും ശാസ്ത്രസാംസ്കാരിക ജാഥയും പുതിയ വിഭാഗങ്ങളെ പരിഷത്തിലേക്ക് ആനയിച്ചു. 1976 ൽ മാത്രം പുതിയ 40 യൂണിറ്റുകൾ ഉണ്ടായി. പ്രവർത്തിക്കുന്ന ഗ്രാമശാസ്ത്രസമിതികൾ യൂണിറ്റുകളായി മാറി. അങ്ങനേ കേരളത്തിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഒരു പോലെ യൂണിറ്റുകളുള്ള അഖിലകേരള അടിസ്ഥാനത്തിലുള്ള സംഘടനയായി പരിഷത്ത് മാറി.

പാരിഷത്തികത

പരിഷത്ത് ഇങ്ങനെ വളരുന്നതും ബഹുജനങ്ങളിലേക്ക് പടർന്നു കയറുന്നതും സംഘടനയിൽ ചില പ്രത്യഘാതങ്ങൾ ഉളവാക്കാതിരുന്നില്ല. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇത് പ്രകടമായി. പ്രസ്ഥാനത്തിനൊപ്പം ചിലർ വളരാതിരുന്നതാണ് കാരണം. ഗ്രാമശാസ്ത്ര സമിതി രൂപീകരണം എന്ന വിഷയം പീച്ചി ക്യാമ്പിൽ ചർച്ചക്ക് എടുത്തപ്പോൾ ചില മുൻനിര പ്രവർത്തകരും സ്ഥാപക സെക്രട്ടരി പോലും എതിർത്തു. അവരുടെ എതിർപ്പ് സംഘടനയെ ബഹുജനവൽക്കരിക്കുന്നതിലായിരുന്നു. പരിഷത്ത് അതിന്റെ സാമൂഹ്യ ധർമം നിർവഹിക്കന്നതിനോടായിരുന്നു എതിർപ്പ്. എന്നാൽ പരിഷത്തിന്റെ മുന്നോട്ടുള്ള പോക്കിനെ തടയാൻ ഈ തടസ്സവാദങ്ങൾക്ക് കഴിഞ്ഞില്ല. ഇവിടെ എടുത്ത പറയേണ്ടതായ ഒരു കാര്യം പരിഷത്തന്റെ ഗതി കാലേക്കൂട്ടി വരച്ചുവെച്ച രേഖകളിൽ കൂടി ആയിരുന്നില്ല എന്നാണ്. അതിൽ പ്രവർത്തിക്കുന്നവർ, അവരുടെ മൊത്തം പ്രവർത്തനം ഇവയാണ് പിന്നീടുള്ള പരിപാടികൾ രൂപപ്പെടുത്തുന്നത്. സംഘടനാപ്രവർത്തനത്തിലൂടെ വാർന്ന് വീണ ലക്ഷ്യബോധം തിരുത്തുക എളുപ്പമല്ല. പരിഷത്തിന്റെ ഈ സ്വഭാവം "പാരിഷത്തികത"എന്ന് വിശേഷിപ്പിക്കുന്ന സവിശേഷതയുടെ ഭാഗമാണ്. അനൌപചാരികത, ലാളിത്യം,സൌഹൃദം,,കൂട്ടായ പ്രവർത്തനം, വളച്ചുകെട്ടില്ലായ്മ,മുതലായവ അതിന്റെ വിവിധ മുഖങ്ങളാണ്. നിസ്വാർത്ഥതയാണ് അതിന്റെ ജീവൻ.അത്കൊണ്ടാണ് സ്ഥാനമാനങ്ങൾക്ക് വേണ്ടി പരിഷത്തിൽ പിടിവലി ഇല്ലാത്തത്. ഔദ്യോഗിക സ്ഥാനമൊന്നമില്ലാതെയും പരിഷത്തിന്റെ പ്രവർത്തനത്തിൽ പലർക്കും പലതും ചെയ്യാൻ കഴിയുന്നതും അതിന്നവർ മെനക്കെടുന്നതും അത്കൊണ്ട് തന്നെയാണ്. ഇതിന്ന് അർത്ഥം പരിഷത്തിൽ ആകെ അരാജകത്വമാണ് എന്നല്ല. പരിഷത്തിൽ അടുക്കും ചിട്ടയും ഉണ്ട്. അച്ചടക്കമുണ്ട്. ഉത്തരവാദിത്വമുണ്ട്. അനൌപചാരിക ചർച്ചക്ക് സംഘടനാപ്രവർത്തനത്തിൽ ധാരാളം അവസരം സൃഷ്ടിച്ചിരിക്കുന്നു. തൻമൂലം പ്രവർത്തകർക്ക് ആത്മസംതൃപ്തി തോന്നുന്നു. ഇടയ്ക്ക് ഇതിന്ന് ഉലച്ചിൽ തട്ടുമ്പോൾ പലരും അത് തുറന്ന് പറയുന്നു. എവിടെയാണ് പിഴവ് പറ്റിയത്. എന്ന് ഭാരവാഹികളും പ്രവർത്തകരും പരിശോധിക്കുന്നു. തടസ്സം മാറ്റി വീണ്ടും ഒഴുക്ക് തുടരുന്നു. അനൌപചാരിക ചർച്ചകളിലൂടെയാണ് പരിഷത്തിന്റെ പുതുമയാർന്ന പല പുതിയ പരിപാടികളും രൂപം കൊണ്ടത്. പരിഷത്തിന്റെ അസാധാരണമായ കെട്ടുറപ്പിന്നും കാരണം ഇത് തന്നെ. ഒരു വിദ്ശ ഏജൻസിയിൽ നിന്നും പരിഷത്ത് ധനസഹായം വാങ്ങുന്നില്ല. ഔദ്യോഗിക സഹായത്തെ ആശ്രയിച്ചുമല്ല അതിന്റെ നിലനിൽപ്. പ്രവർത്തനത്തിലൂടെയാണ് അവശ്യം വേണ്ട ഫണ്ട് ഉണ്ടാക്കുന്നത്. ഇങ്ങനെ ചെയ്യാൻ കഴിയുന്നത് പ്രവർത്തകരുടെ ത്യാഗം മൂലമാണ്. പക്ഷെ ആരു അതിൽ കുണ്ഠിതപ്പെടുന്നില്ല. സന്തോഷിക്കുന്നേയുള്ളു. ഇതൊക്കെ ചെയ്തുകൊണ്ട് പരിഷത്തിന് നിലനിൽക്കാനും വളരാനും കഴിയുന്നത് അവരുടെ ശാസ്ത്രീയ വീക്ഷണം മൂലമാണ്. നിത്യേന ഒട്ടേറെ അശാസ്തരീയതകൾ സമൂഹത്തിന്റെ നാനാകോണുകളിൽ നിന്നും ഉയർന്ന് വരുന്നു. വിവേചനബുദ്ധിയോടെ അവയെ വിലയിരുത്തുകയും ശാസ്ത്രീയത മുറുകെ പിടിക്കുകയും അത്ര എളുപ്പമല്ല. ശാസ്ത്രബോധം വികസിപ്പിച്ചുകൊണ്ടേ അത് സാദ്ധ്യമാകൂ. പാരിഷത്തികത എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്ന മനുഷ്യത്വ ഗുണങ്ങൾ ഇല്ലെങ്കിൽ ശാസ്തരബോധത്തിൽ ഉൾച്ചേർന്നില്ലെങ്കിൽ അത്തരം ശാസ്ത്രീയത യാന്ത്രികമാവും. അവിടെയാണ് പരിഷത്തിന്റെ പ്രസക്തി. 1981 ലെ പ്രവർത്തകർക്കുള്ള വിദ്ധ്യാഭ്യാസ രേഖയിൽ ഇങ്ങനെ പറഞ്ഞിരുന്നു. "കത്തുകൾക്ക് മറുപടി എഴുതാത്തവർ, ശരിയായി കണക്ക് സൂക്ഷിക്കാത്തവർ,,ഏറ്റെടുത്ത ചുമതല നിറവേറ്റാത്തവർ, ആവശ്യപ്പെടുമ്പോൾ ചുമതലയിൽ നിന്നും ഒഴിഞ്ഞുമാറുന്നവർ, തങ്ങളുടേയും മറ്റുള്ളവരുടേയും പ്രവർത്തനം തമ്മിലുള്ള കണ്ണി കാണാത്തവർ സൃഷ്ടിപരമായ വിമർശനത്തിന്ന് പകരം മുറുമുറുക്കുകയും ലാത്തിയടിക്കുകയും ചെയ്യുന്നവർ, മനുഷ്യന്റെ നൻമയിൽ വിശ്വാസമില്ലാത്തവർ -- അവർക്ക് നല്ല പരിഷത്ത്കാരാവാൻ കഴിയില്ല. -- ഇതൊക്കെ ഇന്നും തികച്ചും പ്രസക്തം തന്നെ.

ശാസ്ത്രത്തിന്റെ സാമൂഹ്യധർമം

1974 ൽ തിരുവനന്തപുരത്ത് ചേർന്ന പതിനൊന്നാം വാർഷികസമ്മേളനത്തിൽ വെച്ചാണ് പരിഷത്ത് "ശാസ്ത്രം സാമൂഹ്യവിപ്ളവത്തിന്ന്" എന്ന മുദ്രാവാക്യം അംഗീകരിച്ചത്. അന്ന് ഈ മുദ്രാവാക്യത്തിന്റെ പൊരുളിനെക്കുറിച്ച് വളരെ സാമാന്യമായ ചില ധാരണകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. എ​ന്നാൽ തുടർന്നുള്ള വർഷങ്ങളിലെ പ്രവർത്തനങ്ങൾ ഈ മുദ്രാവാക്യത്തിന്ന് കൂടുതൽ അർത്ഥസമ്പുഷ്ടത കൈവരുത്തുകയണ്ടായി. ഇന്ന് എല്ലാ പരിഷത്ത് പ്രവർത്തനത്തിന്റേയും മാറ്റുരക്കല്ലായ് വർത്തിക്കുന്നത് ഈ മുദ്രാവാക്യമാണ്.

പരിഷത്തും രാഷ്ട്രീയവും

പരിഷത്തിന്റെ രാഷ്ട്രീയവും വിമർശനവിധേയമായിട്ടുണ്ട്. ഇന്നും ആകുന്നുമുണ്ട്. കേരളത്തിലെ മിക്കവാറും എല്ലാ ബഹുജനസാംസ്കാരിക സംഘടനകളും ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയോട് കൂറ് കാണിക്കുന്നതോ അതിന്റെ പോഷകസംഘടനയോ ആയിരിക്കും. പരിഷത്തിനേയും അപ്രകാരം കാണാൻ ആളുകൾ ശ്രമിച്ചെങ്കിൽ അതിൽ അത്ഭുതപ്പെടാനില്ല. എന്നാൽ ഒരു രാഷ്ട്രീയ പാർട്ടിയുടേയും പോഷകസംഘടനയല്ല പരിഷത്ത്; ഒരു പാർട്ടിയോടും അതിന്ന് പ്രത്യേകമായി കൂറും ഇല്ല. അപ്പോൾ പരിഷത്തിന്ന് രാഷ്ട്രീയമേ ഇല്ലേ ? ഉണ്ടെങ്കിൽ എന്താണത്. രാഷ്ട്രീയപാർട്ടികളോട് അതിന്നുള്ള ബന്ധമെന്ത് ?എന്നീ ചോദ്യങ്ങൾ ഉയർന്ന് വരുന്നു.ഇന്ത്യൻ സമൂഹം ഇന്നും രണ്ട് ചേരിയിലായി നിലകൊള്ളുന്നു. വിഭവങ്ങളുടെ ഉടമസ്ഥതയും നിയന്ത്രണാധികാരവുമുള്ള ഒരു ന്യൂനപക്ഷവും ഇവയില്ലാത്ത ഭൂരിപക്ഷവും ഈ ന്യൂനപക്ഷം തുർച്ചയായി ധനികവൽക്കരിക്കപ്പെയുകയും ഭൂരിപക്ഷം തുർച്ചയായി ദരിദ്രവൽക്കരിക്കപ്പെടുകയും, അല്ലെങ്കിൽ ദരിദ്രവൽക്കരണത്തിന്റെ ഭീഷണി നേരിടുകയും ചെയ്യുന്നു. ഈ പ്രക്രിയ ആണ് വികസനമെന്ന പേരിൽ ഇവിടെ നടക്കുന്നത്. അത് ഇന്ന് വൻതോതിൽ കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ ദരിദ്രവൽക്കരണ പ്രക്രിയ തടയുകയും എല്ലാ ജനങ്ങൾക്കും പൂർണവും സമ്പന്നവുമായ ജീവിതം നയിക്കുവാൻ കഴിയുമാറാക്കുകയും ചെയ്യുന്ന വിധത്തിൽ സമൂഹത്തെ പുന:ക്രമീകരിക്കുക എന്നതാണ് സാമൂഹ്യവിപ്ളവം എന്ന പദം കൊണ്ട് നാം മനസിലാക്കുന്നത്. ഇത്തരത്തിലുള്ള ഒരു സമൂഹം സ്വകാര്യലാഭ പ്രചോദിതവും മൽസരാത്മകവും ആകാൻ നിവൃത്തിയില്ല. അത് സാമൂഹികവും സഹകരണാത്മകവും ആയിരിക്കണം. ഇത്തരത്തിലുള്ള സമൂഹ പുന:ക്രമീകരണം നടത്തുന്നതിന്നായി ജനങ്ങളുടെ ഒട്ടേറെ തരത്തിലുള്ള സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അവയ്ക്ക് ശാസ്ത്രീയ വിജ്ഞാനമെന്ന ആയുധം ലഭ്യമാക്കുക എന്നതാണ് "ശാസ്ത്രം സാമൂഹ്യവിപ്ളവത്തിന്ന"എന്ന മുദ്രാവാക്യത്തിന്റെ പൊരുൾ. ഈ പ്രവർത്തനത്തിൽ ജനങ്ങളുടെ കൂടെ അതായത് ദരിദ്രവൽക്കരണത്തിന്ന് വിധേയമാകുന്ന ഭൂരിപക്ഷത്തിന്റെ കൂടെ നിൽക്കുക എന്ന പക്ഷപാതിത്വം പരിഷത്തിന്ന് ഉണ്ട്. ഈ പക്ഷപാതിത്വമാണ് "പരിഷത്തിന്റെ രാഷ്ട്രീയം"

സമരരംഗത്തേക്ക്

പരിഷത്തിന്റെ ജീവിതത്തിന്റെ മൂന്നാമത്തെ പതിറ്റാണ്ടിലെ കേന്ദ്രബിന്ദു സമരങ്ങളാണ്. 1977 ന്ന് മുമ്പുള്ള ഒരു പതിറ്റാണ്ട് കാലത്തെ പരിഷത്ത് പ്രവർത്തനങ്ങൾ പരിശോധിച്ചാൽ ഇതറിയാം.കുട്ടനാട് പഠനം, ചാലിയാർ,കല്ലട,മൂവ്വാറ്റുപുഴ,മലിനീകരണ വിരുദ്ധസമരം,സൈലന്റ് വാലി സംരക്ഷണസമരം വനനശീകരണ ദിരുദ്ധസമരം,നിരോധിക്കപ്പെട്ട ഔഷധങ്ങൾക്കും ബഹുരാഷ്ട്ര കുത്തകകൾക്കും എതിരായ സമരം എന്നിങ്ങനെ. പരിഷത്ത് ഏറ്റെടുത്ത നിരവധി സമരങ്ങളിൽ ചിലവ ഒന്ന് പരിശോധിക്കാം. ഈ എല്ലാ സമരങ്ങളും വിജയിച്ചു എന്ന് അവകാശപ്പെടാൻ നിവൃത്തിയില്ല. പലതും സമൂഹത്തിലെ കൂടുതൽ വിശാലമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. മൂന്ന് ഉദാഹരണങ്ങൾ നമുക്ക് പരിശോധിക്കാം. കുട്ടനാട് വികസനപദ്ധതി,ചാലിയാർ മലിനീകരണം, സൈലന്റ് വാലി പദ്ധതി.`

കുട്ടനാട് പ്രശ്നം

പരിഷത്തിന്റെ പതിനഞ്ചാം വാർഷികം നടന്നത് കോട്ടയത്ത് വെച്ചാണ്. അതിന്റെ മുന്നോടി പ്രവർത്തനമായി കുട്ടനാട് വികസനപ്രവർത്തനങ്ങളെക്കുറിച്ച് ശാസ്ത്രീയമായി ഒരു പഠനം നടത്തണമെന്ന് അവിടത്തെ സ്വാഗതസംഘം അഭ്യർത്ഥിച്ചിരുന്നു.വികസനത്തിന്റെ പ്രധാന ഘടകങ്ങളായിരുന്ന തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ സ്ഥിരം ബണ്ടുകൾ ഉദ്ദേശിച്ച ഫലം നൽകിയില്ലെന്ന് മാത്രമല്ല,അപ്രതീക്ഷിതവും ,കുറെയൊക്കെ പ്രതീക്ഷിക്കേണ്ടിയിരുന്നതുമായ ദോഷങ്ങൾ സൃഷ്ടിച്ചു എന്നുമുള്ള ധാരണയാണ് അവരിൽ പലർക്കുമുണ്ടായിരുന്നത്. ഈ പരിതസ്ഥിതിയിൽ വികസനപദ്ധതി ആകെ പുന:പരിശോധിക്കുകയും മാറ്റങ്ങൾ ആവശ്യമുണ്ടെങ്കിൽ അവ നിർദ്ദേശിക്കുകയും വേണമെന്ന് അവർ ആവശ്യപ്പെട്ടു. അതനുസരിച്ച കാർഷികവിദഗ്ദ്ധരും സാമ്പത്തിക വിദഗ്ദ്ധരും ,എഞ്ചിനിയർമാരും പരിസ്ഥിതി ശാസ്ത്രജ്ഞരും ഒക്കെ അടങ്ങുന്ന ഒരു ടീം കുട്ടനാട് സന്ദർശിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. പ്രാദേശികവാസികളുടെ നിരീക്ഷണങ്ങൾ മിക്കവയും ശരിവെക്കപ്പെട്ടു. 1978 ൽ കോട്ടയത്ത് വെച്ച് നടന്ന പതിനഞ്ചാം വാർഷികത്തിൽ ഈ പഠനത്തിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. മറ്റ് പല പദ്ധതികളിലുമെന്നത്പോലെ ഇവിടെയും കണ്ട ഒരു സവിശേഷത, പദ്ധതി രചയിതാക്കൾ നേട്ടങ്ങളെ പെരുപ്പിച്ച് കാണിക്കുകയും കോട്ടങ്ങളെ ചുരുക്കി കാണിക്കുകയും ചെയ്തു എന്നതാണ്. സാമൂഹ്യമായ ദോഷങ്ങളും പ്രകടമല്ലാത്ത ചെലവുകളും അവർ കാണാൻ കൂട്ടാക്കിയില്ല. ഏതൊരു പദ്ധതി നിർദ്ദേശത്തെയും നിഷ്കൃഷ്ടമായ വിമർശനത്തിന്ന് വിധേയമാക്കണമെന്നും ആ വിമർശനത്തിന്ന് മറുപടി പറയാൻ പദ്ധതി പ്രണേതാക്കൾ ബാദ്ധ്യസ്ഥരാണെന്നതും ഇത് തെളിയിക്കുന്നു.

ചാലിയാർ പ്രശ്നം

ചാലിയാർ ഇന്ന് പലതിന്റെയും പ്രതീകമാണ്. വ്യവസായികമായി യാതൊരു പുരോഗതിയും ഇല്ലാതിരുന്ന ഒരു സംസ്ഥാനത്ത് എന്ത് വിലകൊടുത്തും വ്യവസായങ്ങൾ തുടങ്ങിക്കാനുള്ള തീവ്രശ്രമത്തിന്റെ പ്രതീകമാണത്. തീവ്രമായ മലിനീകരണം നടത്തുകയും പൊതുജനാരോഗ്യത്തെപ്പറ്റി തീർത്തും വേവലാതിപ്പെടാതിരിക്കുകയും ലാഭം മാത്രം നോക്കുകയും അതിന്നായി എന്ത് കള്ളവും പറയാൻ തയ്യാറാവുകയും ചെയ്യുന്ന മാനേജ്മെന്റിന്റെ പ്രതീകമാണത്; ജനങ്ങളുടെ തന്നത്താൻ പൊട്ടിപ്പുറപ്പെട്ടിരുന്നതും എപ്പോഴും പരാജയപ്പെട്ടിരുന്നതുമായ സമരങ്ങളെ ശാസ്ത്രത്തിന്റെ സഹായത്തോടെ എങ്ങനെ വിജയത്തിലേക്ക് നയിച്ചു എന്നതിന്റെ പ്രതീകമാണത്. അസംസ്കൃതവസ്തുക്കളുടെ ലഭ്യത ആസൂത്രണം ചെയ്യാതിരുന്നതിന്റെ ഫലമായി അടച്ചിടേണ്ടി വരുന്ന ഫാക്ടറികളുടെ പ്രതീകമാണത്. അശാസ്ത്രീയമായ ഡിമാന്റുകൾ ന്യായമായ ഡിമാന്റുകളുടെ സാക്ഷാൽക്കാരത്തെ തുരങ്കം വെക്കുന്നതിന്റെയും പ്രതീകമാണത്. മാവൂരിലെ ബിർലയുടെ റയോൺ ഫാക്ടറി നടത്തുന്ന ജലമലിനീകരണത്തിന്നെതിരെ പ്രമേയം പാസ്സാക്കുന്നതിൽ പരിഷത്തിന്റെ പ്രവർത്തനം ഒതുങ്ങി നിന്നില്ല. മലിനീകരണ നിയന്ത്രണത്തിന്ന് സാങ്കേതികമാർഗങ്ങളൊന്നുമില്ലെന്ന മാനേജ്മെന്റിന്റെ പ്രചാരണത്തിന്റെ കള്ളി വെളിച്ചത്താക്കുകയും മറ്റ് രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെയും ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ ചൂണ്ടിക്കാണിക്കുകയും ജനങ്ങളെ അത് പഠിപ്പിക്കുകയും ചെയ്തു. അതേപോലെ കോടതി,ലോബിയിങ്ങ്,പ്രത്യക്ഷസമരം തുടങ്ങിയ എല്ലാ സമരമുറകളും പ്രയോഗിക്കുകയും ചെയ്ത ഒരു ഇടപെടലായിരുന്നു മാവൂരിൽ നടന്നത്. സമരം വിജയിച്ചുവെങ്കിലും തൊഴിലാളികളുടെ സമരത്തെ തുടർന്ന് ഫാക്ടറി അടച്ചിടുകയാണ് ഉണ്ടായത്. ചാലിയാർ പ്രശ്നത്തെതുടർന്ന് കല്ലടയാറിൽ പുനലൂർ പേപ്പർ മിൽസ് നടത്തുന്ന മലിനീകരണത്തിന്നെതിരായും അഷ്ടമുടി കായലിൽ ലക്ഷ്മി സ്റ്റാർച്ച് നടത്തുന്ന മലിനീകരണത്തിന്നെതിരായും നാം പ്രക്ഷോഭ പ്രചാരണങ്ങൾ നടത്തി. ട്രാവൻകൂർ ടൈറ്റാനിയം, ചവറ ടൈറ്റാനിയം, വെള്ളർ ന്യൂസ് പ്രിന്റ് ഫാക്ടറി, ചാക്കോ സൺസ് അസ്ബറ്റോസ് തുടങ്ങി ഒട്ടേറെ മലിനീകരണപ്രശ്നങ്ങളിൽ പരിഷത്തിന്ന് ഇടപെടേണ്ടി വന്നിട്ടുണ്ട്.

സൈലന്റ്റ്വാലി വിവാദം

പരിഷത്തിനെ പരിസരരംഗത്ത് ശ്രദ്ധേയമാക്കിയത്, മറ്റെന്തിനേക്കാളുപരി സൈലന്റ്വാലി വിവാദമാണ്. പാലക്കാട് ജില്ലയിലെ കുന്തിപ്പുഴയിൽ സൈലന്റ് വാലി വനപ്രദേശത്ത് പണി ആരംഭിച്ച ജലവൈദ്യുത-ജലസേചന പദ്ധതിയാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. 1977 ലെ സംസ്ഥാന പ്രവർത്തക ക്യാമ്പിൽ പ്രശ്നം ചര്ച്ചക്ക് വിധേയമായി. പാരിസ്ഥിതികമായ ഘടകങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് ആ പദ്ധതിയുടെ ഗുണദോഷവിചാരം നടത്തുകയാണെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അതിനാൽ പദ്ധതി നിർത്തിവെക്കണമെന്നും പരിഷത്ത് വാദിച്ചു. ഒട്ടേറെ ശാസ്ത്രജ്ഞരുടേയും ശാസ്ത്രസംഘടനകളുടേയും പിൻബലമുണ്ടായിരുന്നു പരിഷത്തിന്ന്. പരിഷത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് കേരള ഗവൺമെന്റും ഇലക്ട്രിസിറ്റി ബോർഡും മുന്നോട്ട് വന്നു. അവർക്കും ചില ശാസ്ത്രജഞരുടെ പിൻതുണയുണ്ടായിരുന്നു. അവസാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി തടഞ്ഞു കൊണ്ട് ഉത്തരവിട്ടു.

പരിഷത്തും വികസനവും

പരിഷത്തിനെ സംബന്ധിച്ചേടത്തോളം വികസനമെന്നത് സാമ്പത്തികവളർച്ചയുടെ മാത്രം ഒരു പര്യായ പദമല്ല. സാമ്പത്തികവളർച്ച കൂടാതെ വികസനം സാദ്ധ്യമല്ല എന്നത് തർക്കമറ്റ സംഗതിയാണ്. ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയുടെ പ്രാധാന്യം നാം അംഗീകരിക്കുന്നു. എന്നാൽ സാമ്പത്തിക വളർച്ചയോടൊപ്പം സമ്പത്തിന്റെ നീതിപൂർവ്വമായ വിതരണവും വികസന പരിപ്രേക്ഷ്യത്തിന്റെ ഭാഗമാണ്. സാമ്പത്തിക വളർച്ച ഉണ്ടായാൽ മാത്രം പോര, അത് ബഹുഭൂരിപക്ഷം ജനങ്ങളുടെ താൽപര്യങ്ങൾക്ക് അനുസൃതവും ആയിരിക്കണം. ജനങ്ങളുടെ സർവ്വതോമുഖമായ പുരോഗതിയാണ് വികസനം. എന്നാൽ ഇന്നത്തെ വികസന പദ്ധതികൾ ജനങ്ങളുടെ സർവ്വതോമുഖമായ പുരോഗതിക്ക് ഉപകരിക്കുന്നില്ല. അവ ഒരു ന്യൂനപക്ഷത്തിന്റെ ധനികവൽക്കരണത്തിലേക്കും ബഹൂഭൂരിപക്ഷത്തിന്റെ ദരിദ്രവൽക്കരണത്തിലേക്കും ആണ് നയിക്കുന്നത്. കാരണം ജനകീയ താൽപര്യങ്ങളല്ല സ്വകാര്യ ലാഭമാണ് അവരുടെ ലക്ഷ്യം. മൽസരമാണ് അതിനെ മുന്നോട്ട് നയിക്കുന്നത്. ഇത്തരമൊരു സമൂഹത്തിൽ യഥാർത്ഥവികസനം അത്യന്തം ദുഷ്കരമാണ്. "കേരളത്തിന്റെ സമ്പത്ത് ' എന്ന ഗ്രന്ഥത്തിലൂടെയാണ് കേരളത്തിന്റെ വികസനപ്രശ്നങ്ങളിലേക്ക് പരി‍ത്ത് കാലെടുത്ത് വെക്കുന്നത്. വ്യത്യസ്ഥമേഖലകളിൽ പ്രവർത്തിക്കുന്ന ഗവേഷകരും പരിഷത്ത് പ്രവർത്തകരും യോജിച്ച് നടത്തിയ പഠനത്തിന്റെ ഫലമാണീ ഗ്രന്ഥം. വിഭവം എന്ന സങ്കൽപത്തെക്കുറിച്ച് കേരളത്തിന്റെ മൂർത്തമായ പശ്ചാത്തലത്തിൽ ശാസ്ത്രീയമായ ഒരു ധാരണയുണ്ടാക്കുകയും സംസ്ഥാനത്തെ വികസനപ്രക്രിയയേയും നയങ്ങളെയും പരിശാധിക്കുകയുമായിരുന്നുഈ ഗ്രന്ഥത്തിലൂടെ ചെയ്യാൻ ശ്രമിച്ചത്. ഈ പരിശ്രമം സമ്പന്നമായ ഒരു സംസ്ഥാനത്തെ ദരിദ്രരായ ജനങ്ങളുടെ ചിത്രം പുറത്ത് കൊണ്ടു വന്നു.

"https://wiki.kssp.in/index.php?title=സ്കൂളുകളുമായുള്ള_ബന്ധം&oldid=1649" എന്ന താളിൽനിന്ന് ശേഖരിച്ചത്