സ്ത്രീപഠനം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
19:23, 11 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ)

കേരളത്തിലെ സ്ത്രീ ജീവിതത്തിന്റെ വൈരുധ്യങ്ങളെ കുറിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ അന്വേഷണമാണ് കേരള സ്ത്രീ എങ്ങനെ ജീവിക്കുന്നു ?എങ്ങനെചിന്തിക്കുന്നു ? എന്ന സ്ത്രീപഠനം. ഇതിൽ പ്രധാനമായും സ്ത്രീകളുടെ തൊഴിലിനും വരുമാനത്തിനും അത് വഴി നിർണയിക്കപ്പെടുന്ന സാമൂഹിക പദവിക്കുമാണ് ഊന്നൽ നല്കിയിട്ടുള്ളത്. വിദ്യാഭ്യാസത്തിൽ ഏറെ മുന്നിൽ നില്ക്കുന്ന കേരളത്തിലെ സ്ത്രീകളുടെ കുറഞ്ഞ തൊഴിൽപങ്കാളിത്തവും വീട്ടമ്മയായിരിക്കാനുള്ള പ്രവണതയും പൊതു ഇടങ്ങളിൽ അവർ നേരിടുന്ന വ്യത്യസ്ത പ്രശ്നങ്ങളും ഈ പഠനത്തിൽ അന്വേഷണവിധേയമാക്കുന്നുണ്ട്.

പഠനത്തിന്റെ ചില കണ്ടെത്തലുകൾ

പഠനത്തിൽ കേരളത്തിലെ മൊത്തം കുടുംബങ്ങളെ വരുമാനം, ചെലവ്‌, ആസ്‌തികൾ തുടങ്ങിയ വ്യത്യസ്‌ത സൂചകങ്ങളുടെ അടിസ്ഥാനത്തിൽ അതിദരിദ്രർ, ദരിദ്രർ, താഴ്‌ന്ന ഇടത്തരക്കാർ, ഉയർന്ന ഇടത്തരക്കാർ എന്നിങ്ങനെ സാമാന്യമായി നിർവചിച്ചിരിക്കുന്നു (സാമ്പത്തിക ഗ്രൂപ്പ്‌ EG I, EG II, EG III, EG IV)) എന്നിങ്ങനെ മത, ജാതി വിഭാഗങ്ങൾ തിരിച്ചും യുവജനങ്ങൾ, വൃദ്ധജനങ്ങൾ എന്നിവ തിരിച്ചുമാണ്‌ പ്രധാനപ്പെട്ട പഠനവിവരങ്ങളെ വിശകലന വിധേയമാക്കിയത്‌. ശ്രദ്ധേയമായ ചില നിരീക്ഷണങ്ങളാണ്‌ ഇനി പറയുന്നത്‌.

സാമൂഹിക പരിവർത്തനത്തിന്റെ വേഗത്തിനനുസരിച്ചുള്ള മാറ്റം കേരളത്തിൽ സ്‌ത്രീകളുടെ കാര്യത്തിൽ ഉണ്ടായിട്ടില്ലായെന്നും അതുകൊണ്ടുതന്നെ പ്രത്യേകവും പ്രസക്തവുമായ പരിപാടികളും ഇടപെടലുകളും മുൻഗണനകളും ഈ രംഗത്തുണ്ടായേ മതിയാകൂ എന്നും സ്‌ത്രീപഠനം ചൂണ്ടിക്കാട്ടുന്നു. സ്‌ത്രീകളിൽ ഭൂരിപക്ഷവും വീട്ടമ്മമാരായി ഒതുങ്ങാൻ നിർബന്ധിക്കപ്പെടുകയാണ്‌ അധികാരഘടനയിൽ പങ്കാളികളാവുക വഴി തീരുമാനങ്ങളെടുക്കുന്നതിനും നടപ്പിലാക്കുന്നതിനും ലഭിക്കുന്ന അവസരവും സാമ്പത്തിക സ്വാശ്രയത്വവും സ്‌ത്രീകളുടെ സ്വതന്ത്രമായ വികാസത്തിനും മുന്നേറ്റത്തിനും അനിവാര്യമാണ്‌. ഇതിനാവശ്യമായ പ്രക്ഷോഭങ്ങൾ രാഷ്‌ട്രീയമായി ഉയർന്ന്‌ വരേണ്ടതുണ്ട്. സ്‌ത്രീപ്രശ്‌നത്തിലെ രാഷ്‌ട്രീയം ഇനിയും തിരിച്ചറിയേണ്ടതുണ്ടെന്നും പഠനം സൂചിപ്പിക്കുന്നു.

തൊഴിൽ പങ്കാളിത്തം

15-59 പ്രായഗ്രൂപ്പിൽ എത്ര ശതമാനം സ്‌ത്രീകൾ എതെങ്കിലും തരത്തിലുള്ള വരുമാനദായകമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു എന്നതിനെയാണ്‌ തൊഴിൽ പങ്കാളിത്ത നിരക്ക്‌ സൂചിപ്പിക്കുന്നത്‌. ഇത്‌ സ്‌ത്രീപഠനത്തിൽ 25.6%മാണ്‌ (സ്ഥിരം തൊഴിൽ 9.5%വും താൽകാലിക തൊഴിൽ 16.1%വുമാണ്‌). കേരളത്തിലെ മൊത്തം ജനസംഖ്യയിൽ ഇത്‌ 16.1 ശതമാനമാണ്‌. 2011 സെൻസസ്‌ പ്രകാരം ഇത്‌ 18.2% ആണ്‌. ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളുമായും ലോകരാജ്യങ്ങളുമായും താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കാണിത്‌. സ്‌ത്രീവിദ്യാഭ്യാസ പുരോഗതിയുടെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ ഇത്‌ കേരളം അഭിമുഖീകരിക്കുന്ന വൈരുധ്യങ്ങളിൽ ഒന്നാണ്‌.

1. താഴ്‌ന്ന സാമ്പത്തിക വിഭാഗം EG I ൽ 5.5% സ്ഥിരം തൊഴിലും,26.6% താത്‌കാലിക തൊഴിലുമാണ്‌ ഇത്‌ ഉയർന്ന സാമ്പത്തിക വിഭാഗം EG IV ൽ യഥാക്രമം 21.9% വും 5.3 % വുമാണ്‌.

2. വിദ്യാഭ്യാസ നിലവാരം കൂടുന്തോറും സ്ഥിരം തൊഴിൽ ലഭിക്കാനുള്ള സാധ്യതയും കൂടുന്നു.

3. തൊഴിലെടുക്കുന്ന സ്‌ത്രീയുടെ ശരാശരി വരുമാനം 3374 രൂപയാണ്‌. ഇത്‌ താഴ്‌ന്ന സാമ്പത്തിക ഗ്രൂപ്പിൽ (EG I) 1347 രൂപയാണ്.എന്നാൽ ഇതിന്റെ ഏതാണ്ട്‌ ഏഴിരട്ടിയാണ്‌ ഉയർന്ന വരുമാനമെന്ന്‌ കാണാം (10016) വരുമാനത്തിലെ ഈ അന്തരം കേരളീയ സ്‌ത്രീജീവിതത്തിലെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്‌.സ്ഥിരം തൊഴിലുള്ളവരുടെ ശരാശരി വരുമാനം 6031 രൂപയും താൽകാലിക തൊഴിലുകാരുടേത്‌ 1819 രൂപയുമാണെന്നതും ശ്രദ്ധേയമാണ്‌ കഴിഞ്ഞ നാലു വർഷത്തിനിടയിൽ തൊഴിലുറപ്പ്‌ പദ്ധതി തുടങ്ങിയവയിലൂടെ കുറേക്കൂടി ഉയർന്ന വരുമാനം ഉണ്ടായിട്ടുണ്ടാവുമെന്ന്‌ അനുമാനിക്കാം.

4. കുടുംബവരുമാനത്തിലെ സ്‌ത്രീയുടെ പങ്ക്‌ തൊഴിലിന്റെ അടിസ്ഥാനത്തിൽ 14.1% ആണ്‌.എന്നാൽ ഗാർഹികാദ്ധ്വാനത്തിന്റെ മൂല്യം കൂടി ഉൾപ്പെടുത്തുമ്പോൾ ഇത്‌ 36.1% ആകുന്നുണ്ട്‌ EG I (59.9%)EG II (47.5%)EG III (34.1%)EG IV (18.4%) എന്നിങ്ങനെയാണ്‌ ഇത്‌ .

5. തൊഴിൽ പങ്കാളിത്തമില്ലാതെ വീട്ടമ്മ എന്ന്‌ സ്വയം വിശേഷിപ്പിച്ച സ്‌ത്രീകൾ ഗണ്യമായ തോതിലുണ്ട്‌. 15-59 വയസ്‌ പ്രായത്തിലള്ള സ്‌ത്രീകളിൽ 43.7% വീട്ടമ്മമാരാണ്‌. ഇതിൽ സാമ്പത്തിക ഗ്രൂപ്പുകൾ തമ്മിൽ വലിയ വ്യത്യാസമില്ല. നഗരങ്ങളെ അപേക്ഷിച്ച്‌ ഗ്രാമങ്ങളിൽ വീട്ടമ്മമാരുടെ തോത്‌ കൂടുതലാണ്‌. ആധുനിക വിദ്യാഭ്യാസം നേടുന്ന സ്‌ത്രീകൾ പോലും വീട്ടമ്മയാകുന്നതാണ്‌ അഭീലഷണീയം എന്ന രീതിയിൽ തീരുമാനമെടുക്കുന്നതിലേക്ക്‌ സമൂഹം അവളെ എത്തിക്കുന്നു. തൊഴിലെടുത്ത്‌ സ്വന്തം കാലിൽ നിൽക്കാനല്ല പകരം നല്ല വീട്ടമ്മയാവാനാണ്‌ പരിശീലനം നൽകുന്നത്‌. അതിനായി അവളുടെ സ്‌ത്രൈണതയ്‌ക്ക്‌ അതിഭാവുകത്വം കൽപ്പിക്കുകയും വീട്‌ ഒറ്റയ്‌ക്ക്‌ ഭരിക്കാനുള്ള ശേഷി ഉള്ളവളാക്കാനുള്ള ശ്രമം നടക്കുകയും ചെയ്യുന്നു. പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസം നേടിയവരിലാണ്‌ വീട്ടമ്മമാരുടെ തോത്‌ ഏറ്റവും കൂടുതലുള്ളത്‌ (58.2%). ഈ വിഭാഗത്തിൽ തൊഴിലന്വേഷകർ ഏറ്റവും കുറവുമാണ്‌ .കേരളത്തിലെ സ്ത്രീകളുടെ തൊഴിലില്ലായ്‌മയുടെ പ്രശ്‌നം പ്രൈമറി സെക്കൻഡറി വിദ്യാഭ്യാസം നേടിയവർക്ക്‌ അനുയോജ്യമായ തൊഴിലുകളുടെ അഭാവമാണെന്ന്‌ വ്യക്തമാണ്‌.

പൊതു ഇടം

കേരളത്തിന്റെ പൊതുഇടത്തിൽ കുടുംബശ്രീപോലെയുള്ള പ്രസ്ഥാനങ്ങളുണ്ടെങ്കിലും പൊതുപ്രവർത്തനത്തിൽ ഏർപ്പെടുന്നത്‌ 12% പേർ മാത്രമാണ്‌. ഈ ചെറിയ ശതമാനത്തിൽ 16.5% മാത്രമാണ്‌ ഏതെങ്കിലും തരത്തിലുള്ള സ്ഥാനം വഹിക്കുന്നവർ.

1. പി.ടി.എ യോഗങ്ങളിൽ പങ്കെടുക്കുന്നവരിൽ ബഹുഭൂരിപക്ഷം സ്‌ത്രീകളാണെങ്കിലും പി.ടി.എ പ്രസിഡന്റുമാരിൽ 88% പുരുഷൻമാരാണ്‌.

2. സമൂഹത്തിലെ പ്രധാനപ്രശ്‌നങ്ങളിൽ സ്‌ത്രീകളുടെ അഭിപ്രായ സമന്വയവും അതിന്റെ പുരോഗമന സ്വഭാവവും പ്രത്യാശ നൽകുന്നതാണ്‌. പുതിയ പാഠ്യപദ്ധതിയാണ്‌ നല്ലത്‌(70.8%),സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗികവിദ്യാഭ്യാസം നൽകണം (65.6%), ജാതിമതഭേദമന്യേ എല്ലാവർക്കും ഒരുനിയമം മതി (85.5%), സ്‌ത്രീകൾക്ക്‌ സംവരണം വേണം (88%) എന്നിങ്ങനെയാണിത്‌.

കുടുംബം

67.9% അണുകുടുംബങ്ങളാണ്‌. കുടുംബത്തിലെ അധികാരം കൂടുതലും പുരുഷൻമാരിലാണ്‌ (96.4%).10% കുടുംബങ്ങളിൽ ഗാർഹികപീഡനമുണ്ടെന്നും സ്‌ത്രീകൾ വെളിപ്പെടുത്തുന്നു.കുടുംബത്തിനുള്ളിൽ സുരക്ഷിതരല്ലായെന്ന്‌ 41% പേർ പറയുന്നു. ഇതിൽ 5%പേർ ഒട്ടും സുരക്ഷിതരല്ലായെന്നും അഭിപ്രായപ്പെട്ടു.സമൂഹത്തിൽ ഇത്‌ യഥാക്രമം 93.4% വും 34.7% വുമാണ്‌.

യുവതലമുറയുടെ മുഖ്യ പരിഗണന

പഠനത്തിൽ ഉൾപ്പെട്ട യുവതലമുറയുടെ പ്രതികരണങ്ങളിൽ അടുത്ത 5 വർഷത്തിനുള്ളിൽ എറ്റവും ഉയർന്ന പരിഗണന, വിദ്യാഭ്യാസത്തിന്റെ തുടർച്ചയും തൊഴിൽനേടലിനുമാണ്‌. 85% പേർ ഇങ്ങനെ ചിന്തിക്കുമ്പോൾ 10% മാത്രമാണ്‌ വിവാഹത്തിന്‌ മുൻഗണന നൽകുന്നത്‌. 96% യുവതികളും ആർഭാടവിവാഹത്തെ അനുകൂലിക്കുന്നില്ലായെന്ന അഭിപ്രായവും ശ്രദ്ധേയമാണ്‌.

മുതിർന്ന സ്‌ത്രീകളുടെ അവസ്ഥ

60 വയസിനുമുകളിൽ പ്രായമുള്ളവരിൽ 49%ത്തിനു മാത്രമേ ഏതെങ്കിലും തരത്തിലുള്ള വരുമാനമുള്ളൂ. പകുതിയിലധികം പേർ പൂർണ്ണമായും ആശ്രിതരാണെന്നർത്ഥം.ഇവരിൽ 85.2% പേരും ഏതെങ്കിലും തരത്തിലുള്ള രോഗങ്ങൾക്ക്‌ ചികിത്സ തേടുന്നവരാണ്‌.60 വയസ്‌ കഴിഞ്ഞവരിൽ മൂന്നിലൊന്ന്‌ ശതമാനം സ്‌ത്രീകൾ ഏകാന്തത അനുഭവിക്കുന്നു.

"https://wiki.kssp.in/index.php?title=സ്ത്രീപഠനം&oldid=4435" എന്ന താളിൽനിന്ന് ശേഖരിച്ചത്