നാല്പത്താറാം വാർഷികം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വാർഷികം നടന്ന ജില്ല  : : പാലക്കാട്
തീയ്യതി: : 2009 ഫെബ്രുവരി 13 - 15
സ്ഥലം: : ഗവ: വിക്ടോറിയാ കോളേജ്

സമ്മേളനം ഒറ്റ നോട്ടത്തിൽ

2009 ഫെബ്രുവരി 13ന്‌ രാവിലെ കൃത്യം 10 മണിക്ക്‌ ബിനുമോളും സംഘവും ആലപിച്ച അഭിവാദ്യഗാനത്തോടെ സമ്മേളന നടപടികൾ ആരംഭിച്ചു. ഉദ്‌ഘാടനത്തിന്‌ ശേഷം 12 മണിക്ക്‌ പ്രതിനിധി സമ്മേളനം ആരംഭിച്ചു. ടി പി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി വി വിനോദ്‌ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി മുരളീധരൻ വരവുചെലവുകണക്കും ഇന്റേണൽ ഓഡിറ്റർ പി സി സോമസുന്ദരൻ ഓഡിറ്റ്‌ റിപ്പോർട്ടും അവതരിപ്പിച്ചു.

ജില്ലകൾ മുൻകൂട്ടി നടത്തിയ റിപ്പോർട്ട്‌ ചർച്ചകൾ ക്രോഡീകരിക്കാൻ 1 മണിക്കൂർ സമയം സമ്മേളനസ്ഥലത്ത്‌ നൽകി. എഴുതി തയ്യാറാക്കിയ പ്രതികരണങ്ങൾ വി വി ശാന്ത (കാസർഗോഡ്‌) വി ചന്ദ്രബാബു , കെ. വിലാസിനി (കണ്ണൂർ) കെ കെ സുരേഷ്‌കുമാർ (വയനാട്‌),കെ. രാജീവൻ, എം. ഷീജ (കോഴിക്കോട്‌), ഇ എം സുരജ (മലപ്പുറം), പി കെ നാരായണൻ (പാലക്കാട്‌), പ്രസാദ്‌ (തൃശൂർ), ടി ആർ സുകുമാരൻ (എറണാകുളം), പി. ഡി. രവീന്ദ്രൻ (ഇടുക്കി), ജോജി കൂട്ടുമ്മേൽ, അമൃതനാഥ്‌. ടി. എസ്‌ (കോട്ടയം), എ എസ്‌ സാനു (ആലപ്പുഴ), എൻ എസ്‌ രാജേന്ദ്രകുമാർ (പത്തനംതിട്ട), ബി. വസന്തകുമാർ (കൊല്ലം), ഡി സുചിത്രൻ (തിരുവനന്തപുരം) എന്നിവർ കൗൺസിലിൽ അവതരിപ്പിച്ചു. പുതിയ ജില്ലാ സെക്രട്ടറിമാർ പ്രതിനിധികളെ പരിചയപ്പെടുത്തുകയും പ്രതിനിധികളെക്കുറിച്ചുള്ള വിവരങ്ങൾ ക്രോഡീകരിച്ച്‌ അവതരിപ്പിക്കുകയും ചെയ്‌തു.

തുടർന്ന്‌ ബ്രസിലിൽ നടന്ന വേൾഡ്‌ സോഷ്യൽ ഫോറത്തെക്കുറിച്ച്‌ ടി ഗംഗാധരനും പബ്ലിക്ക്‌ ഹെൽത്ത്‌ ആക്‌ട്‌ നിർദ്ദേശങ്ങൾ സി പി സുരേഷ്‌ബാബുവും കേരളത്തിന്റെ മാനസികാരോഗ്യം എന്ന വിഷയം ഡോ.കെ ജി രാധാകൃഷ്‌ണനും അവതരിപ്പിച്ചു. കാസർഗോഡ്‌ ജില്ലയിലെ തൃക്കരിപ്പൂർ മേഖല ശാസ്‌ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ `ദരിദ്രൻ' എന്ന നാടകത്തിന്റെ അവതരണത്തോടെ ഒന്നാം ദിവസത്തെ പരിപാടികൾ സമാപിച്ചു.

കേരള ആസൂത്രണ ബോർഡ്‌ വൈസ്‌ ചെയർമാൻ പ്രൊഫ.പ്രഭാത്‌പട്‌നായിക്കിന്റെ ക്ലാസ്സോടുകൂടിയാണ്‌ രണ്ടാം ദിവസത്തെ പരിപാടികൾ ആരംഭിച്ചത്‌. `മാറുന്ന ലോകസാഹചര്യം' എന്നതായിരുന്നു വിഷയം. മാനവ വിരുദ്ധമായ മുതലാളിത്തസാമ്പത്തിക വ്യവസ്ഥയേയും അതിന്റെ ഭാഗമായ നവലിബറലിസത്തേയും ചെറുക്കുന്നതിന്‌ ശാസ്‌ത്രീയ ചിന്തയെ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അതിൽ ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങൾക്ക്‌ വലിയ പങ്ക്‌ വഹിക്കാനാകുമെന്നും പ്രൊഫ.പ്രഭാത്‌ പട്‌നായിക്ക്‌ അഭിപ്രായപ്പെട്ടു.

2008 ലെ ദേശീയ വിദ്യാഭ്യാസ അസംബ്ലിയുടെ ഭാഗമായി തയ്യാറാക്കിയ പ്രദർശന പാനലുകളിലെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട്‌ തയ്യാറാക്കിയ വിദ്യാഭ്യാസത്തിന്റെ പടവുകൾ എന്ന പുസ്‌തകം ഡോ.എം പി പരമേശ്വരൻ ഇ എം സുരജക്ക്‌ നൽകി പ്രകാശനം ചെയ്‌തു. തുടർന്ന്‌ പ്രൊഫ.ടി പി കുഞ്ഞിക്കണ്ണൻ സംഘടനാരേഖ അവതരിപ്പിച്ചു. 20 ഗ്രൂപ്പുകളിലായാണ്‌ ചർച്ചകൾ നടന്നത്‌. ചർച്ചയുടെ വിശദാംശങ്ങൾ വിപിൻ വി നാഥ്‌ (ആലപ്പുഴ), കെ കെ സുരേഷ്‌കുമാർ (വയനാട്‌), ബി രമേഷ്‌ (തിരുവനന്തപുരം) അഡ്വ.ഗീനാകുമാരി (തിരുവന്തപുരം), കെ എം മല്ലിക (മലപ്പുറം), ജോജി കൂട്ടുമ്മേൽ (കോട്ടയം), പി സുരേഷ്‌ (തിരുവനന്തപുരം) വി ടി നാസർ (കോഴിക്കോട്‌), ടി പി ദാമോദരൻ (കോഴിക്കോട്‌), മുഹമ്മദ്‌ ഫസലുദ്ദീൻ ( മലപ്പുറം) ടി കെ മീരാഭായ്‌ (തൃശൂർ), എ. സി. അഭിലാഷ്‌ (കണ്ണൂർ ), പി സൗമിനി (കണ്ണൂർ), പി വി പുരുഷോത്തമൻ (കണ്ണൂർ) വി ബിന്ദു (കോഴിക്കോട്‌), എ ആർ മുഹമ്മദ്‌ അസ്ലം (ആലപ്പുഴ), സി സതീഷ്‌ (ആലപ്പുഴ), പി രാധാകൃഷ്‌ണൻ (തൃശൂർ), ടി പി സുരേഷ്‌ബാബു (എറണാകുളം) എന്നിവർ അവതരിപ്പിച്ചു.

ശാസ്‌ത്രവർഷം പ്രവർത്തനങ്ങളുടെ പ്രാധാന്യവും പ്രസക്തിയും ഡോ.ആർ.വി.ജി മേനോനും ഡാർവിന്റെ 200-ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച്‌ ഡോ. കെ പി അരവിന്ദനും അന്താരാഷ്‌ട്ര ജ്യോതിശാസ്‌ത്രവർഷത്തെക്കുറിച്ച്‌ പ്രൊഫ. കെ പാപ്പൂട്ടിയും സംസാരിച്ചു.. റിപ്പോർട്ട്‌ ചർച്ചക്കുള്ള വിശദീകരണങ്ങൾ ജനറൽ സെക്രട്ടറിയും ട്രഷറും നൽകിയതിനെ തുടർന്ന്‌ റിപ്പോർട്ടും വരുവുചെലവുകണക്കുകളും കൗൺസിൽ അംഗീകരിച്ചു.

മൂന്നാം ദിവസം രാവിലെ ഭാവിപ്രവർത്തന പരിപാടികൾ ഡോ.കാവുമ്പായി ബാലകൃഷ്‌ണൻ അവതരിപ്പിച്ചു. ശാസ്‌ത്രവർഷം കാമ്പെയ്‌ന്റെ ഭാഗമായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളും സബ്‌കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തേണ്ട പരിപാടികളുമായിരുന്നു ഭാവിപ്രവർത്തന രേഖയുടെ ഉള്ളടക്കം. തുടർന്ന്‌ 20 ഗ്രൂപ്പുകളിലായി ചർച്ച നടന്നു. കൗൺസിലിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച്‌ ഭാവി പ്രവർത്തന പരിപാടികൾ അംഗീകരിച്ചു.

`ഡി.എൻ.എ സാങ്കേതികവിദ്യ' എന്ന വിഷയത്തെക്കുറിച്ച്‌ കോഴിക്കോട്‌ സർവ്വകലാശാല ബയോടെക്‌നോളജി വിഭാഗം മേധാവി ഡോ.പി ആർ മനീഷ്‌കുമാർ ക്ലാസ്സെടുത്തു. ഡോ.പി മുഹമ്മദ്‌ ഷാഫി സ്വാഗതം പറഞ്ഞു. മാസികക്ക്‌ 1000 ൽ കൂടുതൽ വരിക്കാരെ ചേർത്ത എറണാകുളം മേഖലക്കുള്ള സമ്മാനം പ്രൊഫ ടി പി കുഞ്ഞിക്കണ്ണനിൽ നിന്നും മേഖലാ സെക്രട്ടറി ഏറ്റുവാങ്ങി. ടി കെ മീരാഭായ്‌ വാർഷികം അവലോകനം ചെയ്‌ത്‌ സംസാരിച്ചു. ആസന്നഭാവി പ്രവർത്തനങ്ങൾ ജനറൽ സെക്രട്ടറി അവതരിപ്പിച്ചു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ ടി പി കുഞ്ഞിക്കണ്ണൻ സമാപന ഭാഷണം നടത്തി. മോഹൻദാസ്‌കരംചന്ദിന്റെ നേതൃത്വത്തിൽ ആലപിച്ച ശാസ്‌ത്രഗീതത്തോടെ 46-ാം വാർഷിക സമ്മേളനത്തിന്‌ തിരശ്ശീല വീണു.

ഉദ്ഘാടന സമ്മേളനം

പ്രശസ്ത ശാസ്ത്രജ്ഞൻ താണു പത്മനാഭനാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വരുന്ന പതിനഞ്ചു വർഷങ്ങൾക്കകം പ്രപഞ്ചത്തിന്റെ ഘടനയെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചുമുള്ള ധാരണകൾ കൂടുതൽ മൂർത്തവും വ്യക്തവുമാകും വിധം പ്രപഞ്ച വിജ്ഞാനീയ രംഗത്തെ ഗവേഷണങ്ങൾ പുരോഗമിക്കുകയാണെന്ന്‌ തദവസരത്തിൽ താണു പത്മനാഭൻ പ്രസ്‌താവിച്ചു.

പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ വീക്ഷണങ്ങൾ നിരന്തരം മാറ്റത്തിനു വിധേയമായിക്കൊണ്ടിരുന്നു. കൂടുതൽ നിരീക്ഷണങ്ങളുടെയും അറിവുകളുടെയും അടിസ്ഥാനത്തിൽ കാഴ്‌ചപ്പാടുകൾ പുതുക്കുകയെന്നത്‌ ശാസ്‌ത്രത്തിന്റെ രീതിയാണ്‌. പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന്‌ ടോളമി പറഞ്ഞത്‌ തെറ്റാണെന്ന്‌ ഇന്ന്‌ നമുക്കറിയാമെങ്കിലും പ്രപഞ്ചത്തിന്‌ ഒരു കേന്ദ്രവും ആകാശ ഗോളങ്ങൾക്ക്‌ ചലനപഥവുമുണ്ടെന്ന്‌ ധാരണയില്ലാതിരുന്ന അക്കാലത്ത്‌ ടോളമിയുടെ വെളിപ്പെടുത്തൽ ശാസ്‌ത്രപുരോഗതിയുടെ ഭാഗമായിരുന്നു. പിന്നീട്‌ ടൈക്കോ ബ്രാഹയും കെപ്ലറും 16-ാം നൂറ്റാണ്ടിൽ പ്രപഞ്ചം ചില ചലനനിയമങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ചലിക്കുന്നതെന്നും ഗ്രഹങ്ങളുടെ പാത ദീർഘവൃത്തമാണെന്നും പ്രപഞ്ചത്തെക്കുറിച്ചുള്ള ധാരണകൾ പുതുക്കി.

ദൂരദർശിനിയിലൂടെ ഗലീലിയോ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയല്ലെന്നും സൂര്യനെ ഭൂമിയാണ്‌ ചുറ്റുന്നതെന്നും പറഞ്ഞപ്പോൾ അതൊരു വിപ്ലവമായിരുന്നു. എന്നാൽ ഗുരുത്വാകർഷണ നിയമത്തിലൂടെയും മറ്റു ചലന നിയമങ്ങളിലൂടെയും ന്യൂട്ടൺ പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതൽ അറിവുകളും വിശദീകരണങ്ങളും നൽകി. ഐൻസ്റ്റീൻ ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ സമയം ആപേക്ഷികമാണെന്നു തെളിയിച്ചതോടെ സമയം സ്ഥിരതയുള്ള ഒന്നാണെന്ന്‌ കണക്കാക്കിയ ന്യൂട്ടന്റെ സിദ്ധാന്തത്തിന്റെ പരിമിതികൾ വെളിവായി. ഐൻസ്റ്റൈനും പിശകുകൾ പറ്റിയിട്ടുണ്ട്‌. പ്രപഞ്ചം വികസിക്കുകയാണ്‌ എന്ന്‌ നിരീക്ഷണങ്ങളിലൂടെ തന്നെ ഇന്ന്‌ ശാസ്‌ത്രത്തിന്‌ തെളിയിക്കാനായിട്ടുണ്ട്‌. എന്നാൽ പ്രപഞ്ചം വികസിക്കുകയാണെന്ന്‌ തന്റെ സിദ്ധാന്തത്തിലൂടെ കണ്ടെത്തിയ ഐൻസ്റ്റൈൻ അത്‌ ശരിയാവില്ലെന്നു ധരിച്ച്‌ തന്റെ ഫോർമുല ശരിയാക്കാൻ ഒരു പുതിയ സ്ഥിരാങ്കം കൂടി അതിൽ ഉൾപ്പെടുത്തുകയായിരുന്നു.

ഇപ്രകാരം ഓരോരോ കാലഘട്ടത്തിൽ ശാസ്‌ത്രത്തിന്റെ കണ്ടുപിടുത്തങ്ങൾ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അതതു കാലഘട്ടത്തിൽ സമൂഹത്തെയും കാലത്തെയും മുന്നോട്ടു കൊണ്ടുപോകാൻ സഹായിച്ചിട്ടുണ്ട്‌. ഇത്തരത്തിൽ പുരോഗതിയിൽ നിന്ന്‌ പ്രതിസന്ധിയിലേക്കും അതിൽ നിന്നു കൂടുതൽ പുരോഗതിയിലേക്കും വളരുകയെന്നതാണ്‌ ശാസ്‌ത്രത്തിന്റെ രീതി. ഇതിൽ നിന്നു വ്യത്യസ്‌തമായി മാറാത്ത വീക്ഷണങ്ങൾ യുക്തി വിരുദ്ധവും ശാസ്‌ത്രവിരുദ്ധവുമാണ്‌.

എല്ലാ ശാസ്‌ത്രീയ കണ്ടുപിടുത്തങ്ങൾക്കും സാമൂഹ്യ പ്രസക്തി വേണമെന്ന്‌ വാശി പിടിക്കേണ്ടതില്ലെങ്കിലും സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയിലും ശാസ്‌ത്രത്തിന്റെ പങ്ക്‌ നിർണായകമാണ്‌. ശാസ്‌ത്രരംഗത്ത്‌ ഒട്ടേറെ പേർ പ്രവർത്തിക്കാനുണ്ടാകുമെങ്കിലും സമൂഹത്തെ ശാസ്‌ത്രബോധമുള്ളവരാക്കാൻ ആളുകൾ കുറവാണ്‌. ആ മേഖലയിൽ വലിയ സംഭാവന നൽകാൻ ശാസ്‌ത്രസാഹിത്യ പരിഷത്തിന്‌ കഴിഞ്ഞിട്ടുണ്ടെന്നും അതു തുടരേണ്ടതുണ്ടെന്നും താണു പത്മനാഭൻ പറഞ്ഞു.

പരിഷത്ത്‌ സംസ്ഥാന പ്രസിഡന്റ്‌ ടി പി കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുബൈദ ഇസഹാഖ്‌ സ്വാഗതം പറഞ്ഞു. ശാസ്‌ത്രവർഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കലണ്ടറിന്റെ പ്രകാശനം അലീന മാത്യു എന്ന കുട്ടിക്ക്‌ നൽകിക്കൊണ്ട്‌ താണു പത്മനാഭൻ നിർവഹിച്ചു. പരിഷത്തിന്റെ കലാജാഥാ ഗാനങ്ങളുടെ സി ഡി മുൻ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി രാമകൃഷ്‌ണൻ എം എസ്‌ മോഹനന്‌ നൽകി പ്രകാശനം ചെയ്‌തു. സ്വാഗതസംഘം കൺവീനർ കെ വി സാബു നന്ദി പറഞ്ഞു.

അധ്യക്ഷന്റെ ആമുഖം

മനുഷ്യമനസ്സുകളിൽ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള സമരത്തിൽ ഒരു ചാലക ശക്തിയായി പരിഷത്ത്‌ പോലുള്ള സംഘടനകൾ മാറേണ്ടത്‌ കാലഘട്ടത്തിന്റെ ആവശ്യമാണ.്‌ വരാനിരിക്കുന്ന നാളെകൾ ഇന്നിനെക്കാൾ മെച്ചപ്പെട്ടതാണെന്ന്‌ ബോധ്യപ്പെട്ടാൽ മാത്രമേ ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള സമരത്തിൽ ജനങ്ങളെ അണിനിരത്താൻ സാധിക്കൂ. നല്ലൊരു നാളേക്ക്‌ വേണ്ടിയുള്ള സമരത്തിൽ ശാസ്‌ത്രം ഒരു പ്രധാനപ്പെട്ട ആയുധമാണ്‌. അതിനാൽ ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങൾക്ക്‌ ഈ പ്രക്രിയയിൽ സവിശേഷ കടമകളാണ്‌ നിർവഹിക്കാനുള്ളത്‌. 46-ാം വാർഷിക സമ്മേളനത്തിന്റെ ചർച്ചകൾ ഈ ലക്ഷ്യത്തിലേക്ക്‌ നല്ലൊരു സംഭാവനയാകണം.

കുറഞ്ഞ സാമ്പത്തിക വളർച്ചയിലും മെച്ചപ്പെട്ട സാമൂഹിക നേട്ടങ്ങൾ കൈവരിച്ചതായിരുന്നു ഒരു കാലത്ത്‌ `കേരള മാതൃക'ക്ക്‌ ആധാരം. ഇപ്പോൾ കേരളത്തിലെ സാമ്പത്തികവളർച്ചാ നിരക്ക്‌ ഉയർന്നിരിക്കുന്നു. എന്നാൽ സാമൂഹ്യമണ്‌ഡലങ്ങളും മൂല്യബോധവും ദുർബലപ്പെടുകയാണ്‌. സമൂഹത്തിൽ ശക്തിപ്പെടുന്ന ചില ദുഷ്‌പ്രവണതകളാണ്‌ ഇതിന്‌ പ്രധാന കാരണം. സമൂഹത്തേയും കുടുംബത്തേയും സംഘർഷാത്മകമാക്കുന്ന ഇത്തരം പ്രവണതകളെ നിയന്ത്രിച്ചുകൊണ്ട്‌ മാത്രമേ ജനങ്ങളിൽ ആത്മസംയമനവും ശുഭാപ്‌തിവിശ്വാസവും ശക്തിപ്പെടുത്താൻ കഴിയൂ. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പ്രതിപാദിക്കാനാണ്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌.

മദ്യപാനം

കേരളം കൈവരിച്ച സാമൂഹ്യനേട്ടങ്ങളെ തകർക്കുന്ന പ്രധാന പ്രശ്‌നമാണ്‌ വർധിച്ചുവരുന്ന മദ്യപാനം. ഇന്ത്യയിൽ ആളോഹരി മദ്യ ഉപഭോഗത്തിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്‌. പ്രതിവർഷം 9 ലിറ്റർ ആണെന്നാണ്‌ പുതിയ കണക്ക്‌. അതായത്‌ 30 കോടി ലിറ്ററോളം മദ്യം കേരളം ഒരു വർഷം കുടിച്ചു തീർക്കുന്നു. കേരളത്തിലെ 15-49 പ്രായമുള്ള പുരുഷൻമാരിൽ 45.2%വും മദ്യപാനികളാണ്‌.. ഇന്ത്യൻ ശരാശരി 31.9% ആണ്‌. ഒരു വർഷത്തിൽ ഏതാണ്ട്‌ 7500 കോടി രൂപയുടെ ലഹരി പദാർത്ഥങ്ങൾ കേരളത്തിൽ ചെലവാകുന്നതായാണ്‌ ആനൗദ്യോഗികമായ കണക്ക്‌. 2007-2008ൽ ബീവറേജസ്‌ കോർപ്പറേഷന്റെ മാത്രം വിറ്റുവരവ്‌ 3670 കോടി രൂപയാണ്‌. മുൻവർഷത്തേക്കാൾ 527 കോടിരൂപ കൂടുതലാണിത്‌. അതായത്‌ 17 ശതമാനത്തിന്റെ വർദ്ധന. 2008 - 09ൽ ചുരുങ്ങിയത്‌ 20% വർധന കണക്കാക്കിയാൽ ഏതാണ്ട്‌ 3750 കോടി രൂപയോളം സർക്കാർ വിൽക്കുന്ന മദ്യത്തിനായി ജനങ്ങൾ ചെലവാക്കുന്നു. ഇതിന്ന്‌ പുറമെ പട്ടാളക്യാന്റീൻ വഴിയുള്ളതും കള്ള്‌, കള്ളവാറ്റ്‌, വ്യാജമദ്യം എന്നിവയുടെ വിൽപ്പനയും വിവധതരം ലഹരി വസ്‌തുക്കളും ചേർന്നാൽ ഏതാണ്ട്‌ 7500 കോടി രൂപയോളമായേക്കും. കേരളത്തിലെ ഇപ്പോഴത്തേ അരിക്കച്ചവടം വർഷത്തിൽ 2880 കോടി രൂപയുടേതാണ്‌.

കേരളത്തിൽ മദ്യപാനത്തിന്റെ തീവ്രത കൂടിക്കൊണ്ടിരിക്കയാണ്‌. 20 വർഷം മുമ്പ്‌ 300ൽ ഒരാളാണ്‌ കേരളത്തിൽ മദ്യപാനിയെന്നുണ്ടെങ്കിൽ ഇപ്പോഴത്‌ 20ൽ ഒരാളായി വർധിച്ചിരിക്കുന്നു. മാത്രമല്ല മദ്യം ഉപയോഗിച്ചു തുടങ്ങുന്ന പ്രായം 1986ൽ 19 വയസ്സായിരുന്നത്‌ 1990ൽ 17 ആയും 1994ൽ 14 ആയും കുറഞ്ഞിരിക്കുന്നു. ഇപ്പോൾ ഇത്‌ വീണ്ടും കുറഞ്ഞ്‌ 13 ആയിരിക്കുന്നു.

കേരളത്തിലെ ഔദ്യോഗിക മദ്യവിൽപ്പനയുടെ കുത്തക സംസ്ഥാന ബീവറേജസ്‌ കോർപ്പറേഷനാണ്‌. 1984ലാണ്‌ ഈ സ്ഥാപനം നിലവിൽ വന്നത.്‌ ഇതിന്റെ വിറ്റുവരവ്‌ ഓരോ വർഷവും ഗണ്യമായി കൂടിക്കൊണ്ടിരിക്കയാണ്‌. 1984ൽ 55 കോടി രൂപയായിരുന്നത്‌ ഇപ്പോൾ 3750 കോടി രൂപയായി ഉയർന്നിരിക്കുന്നു. കേരളത്തിൽ കെ എസ്‌ ബി സി യുടെ 16 മൊത്ത വിതരണ കേന്ദ്രങ്ങളും 330 ചില്ലറ വിതരണ കേന്ദ്രങ്ങളും കൺസ്യൂമർ ഫെഡിന്ന്‌ 46 ചില്ലറ കേന്ദ്രങ്ങളുമുണ്ട്‌. ഇതിന്‌ പുറമെ പട്ടാളകേന്റീനുകൾ, സ്വകാര്യബാറുകൾ, കെ.ടി.ഡി.സി ബിയർ പാർലറുകൾ, സ്വകാര്യ ക്ലബ്ബുകൾ, അസംഖ്യം അനധികൃത വിൽപ്പനകേന്ദ്രങ്ങൾ എന്നിവയെല്ലാം ചേർന്നതാണ്‌ കേരളത്തിലെ മദ്യവിൽപ്പനാ സംവിധാനം. ഇതിന്‌ പുറമെ ധാരാളം കള്ള്‌ഷാപ്പുകളും ഉണ്ട്‌.

കേരളത്തിൽ ഉത്‌പാദിപ്പിക്കുന്നതും വിൽക്കുന്നതുമായ കള്ളിന്റെ അളവിൽ യാതൊരു പൊരുത്തവുമില്ല. കള്ളിന്റെ ഉത്‌പാദനത്തേക്കാൾ എത്രയോ കൂടുതലാണ്‌ വിൽപ്പന

റോഡപടകങ്ങളിൽ 60% വും മദ്യപാനം മൂലമാണത്രെ. മദ്യഷാപ്പുകളുടെ ഒഴിവു ദിനങ്ങളിൽ കേരളത്തിൽ റോഡപകടങ്ങൾ, പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങളുടെ അപകടം വളരെ കുറയുന്നതായി കണക്കുകൾ കാണിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മദ്യപാനികളിൽ കുറഞ്ഞുവരികയാണ്‌. അവർക്കിടയിൽ ജീവിതശൈലീ രോഗത്തിന്റെ നിരക്കാകട്ടെ വളരെ കൂടുതലുമാണ്‌ - 63% പേർക്ക്‌ പ്രമേഹരോഗമുള്ളതായും 31% പേർ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരാണെന്നും അറിയുന്നു. അതിനാൽ മദ്യാപാനികൾക്ക്‌ വലിയൊരു തുക ചികിത്സക്കായി കണ്ടെത്തേണ്ടി വരുന്നു. ഇത്‌ കുടുംബത്തിന്റെ സാമ്പത്തികസ്ഥിതി പിന്നെയും മോശമാക്കുന്നു.

കേരളത്തിൽ സുഖദുഃഖങ്ങൾ പങ്കിടുന്ന വേളകളിലെല്ലാം മദ്യം പ്രധാന പങ്കാളിയാണ്‌. വിവാഹം, ജനനം, മരണം, വീടുപണി, സാമൂഹ്യ ആഘോഷങ്ങൾ, വിശേഷ ദിവസങ്ങൾ, ഉത്സവം എന്നിങ്ങനെ. കൈക്കൂലി വാങ്ങുന്നവർക്കിടയിലെ മദ്യ ഉപഭോഗവും കൈക്കൂലിയായി `കുപ്പി' നല്‌കുന്നതും സാധാരണമായിരിക്കുന്നു. ബന്ദ്‌, ഹർത്താൽ പോലുള്ള ദിവസങ്ങൾ പോലും ആഘോഷ ദിവസങ്ങളായി മാറിക്കൊണ്ടിരിക്കയാണ്‌. മദ്യവില്‌പന തിമിർക്കുന്ന ദിവസങ്ങളാണിവ.

അമിത മദ്യപാനം ഒരു ആരോഗ്യ പ്രശ്‌നമാണെന്ന്‌ പൊതുവിൽ അംഗീകരിച്ചിട്ടുണ്ട്‌. എന്നാൽ, അതിലും പ്രധാനമാണ്‌ മദ്യം ഉണ്ടാക്കുന്ന കുടുംബപ്രശ്‌നങ്ങൾ. ഇത്‌ അനുഭവിക്കുന്നത്‌ പ്രധാനമായും സ്‌ത്രീകളും കുട്ടികളുമാണ്‌. കുട്ടികൾക്ക്‌ പഠിക്കാനും വളരാനും വേണ്ട പണം കുടിച്ചു കളയുന്നു എന്നത്‌ മാത്രമല്ല, മെച്ചപ്പെട്ട ജീവിതത്തിനുള്ള ഗാർഹിക അന്തരീക്ഷം തന്നെ മദ്യപാനം വഴി ഇല്ലാതാകുന്നു.

കേരളത്തിലെ മദ്യലോബി വളരെ ശക്തമാണ്‌. മദ്യലോബിക്ക്‌ സ്വാധീനമില്ലാത്ത മേഖല വളരെ കുറവാണ്‌. രാഷ്‌ട്രീയ പാർട്ടികളെല്ലാം മദ്യപാനത്തിനെതിരാണെങ്കിലും, അവയെല്ലാം ബോധവത്‌കരണത്തിന്‌ വേണ്ടി നിലകൊള്ളുന്നുവെങ്കിലും ഒരു പാർട്ടിയും മദ്യത്തിനെതിരായ ബോധവത്‌കരണം ഒരു പ്രധാന പ്രവർത്തനമായി ഏറ്റെടുക്കുന്നില്ല. ഇത്രയും വലിയ ഒരു സാമൂഹ്യ വിപത്ത്‌ ഏതാനും അരാഷ്‌ട്രീയ വാദികളുടെയും മത മേലധ്യക്ഷന്മാരുടെയും പ്രസംഗവിഷയം മാത്രമായി ഇന്നും അവശേഷിക്കുകയാണ്‌.

ആത്മഹത്യ

ലോകത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്കുള്ള പ്രദേശമാണ്‌ കേരളം. ഒരു ലക്ഷത്തിൽ 32 പേർ ഒരു വർഷം ഇവിടെ ആത്മഹത്യ ചെയ്യുന്നു. കേരളത്തിലെ ആത്മഹത്യാ നിരക്ക്‌ കൂടി വരികയാണ്‌. നാല്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഇത്‌ ലക്ഷത്തിന്‌ 28 ആയിരുന്നു. ലോകശരാശരി ഒരുലക്ഷത്തിന്‌ 14.5ഉം ഇന്ത്യൻ ശരാശരി 11.2ഉം ആണ്‌. ഇന്ത്യൻ ശരാശരിയേക്കാൾ മൂന്നിരട്ടിയാണ്‌ കേരളത്തിലെ ആത്മഹത്യാ നിരക്ക്‌ എന്നതും ശ്രദ്ധേയമാണ്‌.

യഥാർത്ഥ ആത്മഹത്യയേക്കാൾ ഭീതിദമാണ്‌ കേരളത്തിലെ ആത്മഹത്യാ പ്രവണത. ഒരു മണിക്കൂറിൽ 20 പേരെന്നോണം ആത്മഹത്യക്ക്‌ ശ്രമിക്കുന്ന പ്രദേശമാണത്രെ കേരളം. നാം ഇടപെട്ടുകൊണ്ടിരിക്കുന്നവരിൽ നല്ലൊരു ഭാഗം ആത്മഹത്യക്കുള്ള മാനസികാവസ്ഥയിലാണെന്ന തിരിച്ചറിവ്‌ ഉണ്ടാകേണ്ടിയിരിക്കുന്നു. കുടുംബ വഴക്കാണ്‌ ആത്മഹത്യക്ക്‌ പ്രധാന കാരണം - 22 ശതമാനം. 14 ശതമാനത്തിന്റെ കാരണം കടഭാരമാണ്‌. മറ്റൊരു 14 ശതമാനം രോഗികളാണ്‌. 9% മാനസിക വിഭ്രാന്തി മൂലമാണ്‌. തൊഴിലില്ലായ്‌മയടക്കം മറ്റ്‌ ഒട്ടേറെ കാര്യങ്ങൾ ചേർന്നതാണ്‌ ബാക്കി 41%.

ആത്മഹത്യ ചെയ്യുന്നവരിൽ 39.2ശതമാനവും 28നും 45 നും വയസ്സിനിടയിലുള്ളവരാണ്‌. 24.4 ശതമാനത്തിന്‌ 50 വയസ്സിൽ കൂടുതലാണ്‌. വിദേശങ്ങളിൽ 60 വയസ്സിൽ കൂടുതലുള്ള വൃദ്ധരിലാണ്‌ ആത്മഹത്യ കൂടുതലെങ്കിൽ ഇവിടെ യുവാക്കളുടെ ജീവനാണ്‌ ബലികഴിക്കുന്നത്‌. ആത്മഹത്യ ചെയ്യുന്ന പുരുഷന്മാരുടെ മൂന്നിരട്ടിയാണ്‌ സ്‌ത്രീകളിലെ ആത്മഹത്യ. കുടുംബ പീഡന (Domestic violence) മാണത്രെ ഇതിന്റെ പ്രധാന കാരണം. 80 ശതമാനം കുടുംബങ്ങളിലും ഏതെങ്കിലും തരത്തിൽ കുടുംബ പീഡനങ്ങൾ ഉണ്ടെന്നാണ്‌ ക്രൈം റെക്കോർഡ്‌ ബ്യൂറോയുടെ കണക്ക്‌. കേരളത്തിൽ മൂന്ന്‌ മിനിറ്റിൽ ഒരു സ്‌ത്രീ കടന്നാക്രമിക്കപ്പെടുന്നതായും കണക്കുകൾ പറയുന്നു.

മാനസിക രോഗം

മാനസിക രോഗികൾ പെരുകിക്കൊണ്ടിരിക്കുന്ന ഒരു പ്രദേശമായി കേരളം മാറിയിരിക്കുന്നു. മാനസിക രോഗം ഒരു പ്രധാന മരണകാരണമല്ലെന്നതിനാൽ ഇതിന്‌ വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല. എന്നാൽ സമൂഹത്തിന്റെ ഉൾക്കാമ്പും ആൾശേഷിയും ഫലപ്രാപ്‌തിയുമെല്ലാം ഗണ്യമായി കുറച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാന സാമൂഹ്യ പ്രശ്‌നമായി മാനസിക രോഗത്തെ കാണേണ്ടിയിരിക്കുന്നു.

കേരളത്തിലെ 50-75% വരെ മാനസിക രോഗികൾ ചെറുപ്പക്കാരാണ്‌. ചെറു പ്രായത്തിൽ തന്നെ നമ്മുടെ ജനങ്ങളിൽ നല്ലൊരു പങ്ക്‌ മാനസിക പ്രശ്‌നങ്ങൾക്കടിപ്പെടുന്നു. ലോകത്താകെയുള്ള മാനസിക രോഗികളിൽ 12 ശതമാനം ഇന്ത്യയിലാണത്രെ. 4.5 കോടി പേർ ഇവിടെ മാനസിക രോഗികളത്രെ. മാനസിക രോഗികളായ പുരുഷന്മാരിൽ മൂന്നാം സ്ഥാനവും സ്‌ത്രീകളിൽ രണ്ടാം സ്ഥാനവും ഇന്ത്യക്കാണ്‌. എങ്കിലും ഈ പ്രശ്‌നത്തിന്‌ മാത്രമായി സർക്കാർ പണമൊന്നും ചെലവാക്കുന്നില്ല. ദേശീയ വരുമാനത്തിന്റെ ഒരു ശതമാനത്തിൽ കുറഞ്ഞ തുക ആരോഗ്യ രംഗത്തിന്‌ വേണ്ടി പൊതുവിൽ മാറ്റിവെച്ചിരിക്കയാണെന്ന്‌ മാത്രം.

കേരളത്തിൽ പി എച്ച്‌ സികളിൽ ചികിത്സക്കായി എത്തുന്നവരിൽ അഞ്ചിലൊന്ന്‌ പേർ മാനസിക പ്രശ്‌നങ്ങളുള്ളവരാണെന്ന്‌ പറയുന്നു. ഇവരിൽ 10 ശതമാനം പേർക്ക്‌ സാധാരണ കാണാറുള്ള വളരെ ചെറിയ പ്രശ്‌നങ്ങളാണെങ്കിൽ ഒരു ശതമാനം മാരകമായ രോഗത്തിനടിമകളാണ്‌. കേരളത്തിലെ നാലിലൊന്ന്‌ വീടുകളിൽ ഒന്നോ രണ്ടോ മാനസിക രോഗികൾ ഉള്ളതായി കണക്കാക്കുന്നു. മദ്യം, മയക്കുമരുന്ന്‌ എന്നിവ ജീവിതശൈലിയാക്കിയവരിൽ നാലിൽ ഒന്നും മാനസിക രോഗികളാണ്‌.

ഇന്ത്യയിൽ മൊത്തം ചെലവാകുന്ന മാനസിക രോഗ ഔഷധങ്ങളിൽ മൂന്നിലൊന്നോളം വാങ്ങി കഴിക്കുന്നത്‌ കേരളീയരാണ്‌ എന്നുകൂടി ബോധ്യപ്പെടുമ്പോഴാണ്‌ പ്രശ്‌നത്തിന്റെ തീവ്രത നമ്മെ വല്ലാതെ വേദനിപ്പിക്കുന്നത്‌.

റോഡപകടങ്ങൾ

ഇന്ത്യയിൽ റോഡപകടങ്ങളിൽ രണ്ടാം സ്ഥാനത്താണ്‌ കേരളം. ദിവസത്തിൽ ശരാശരി എട്ടുപേർ റോഡപകടങ്ങളിൽ മരിക്കുന്നു. ആയിരങ്ങൾ നിത്യ രോഗികളാകുന്നു. ധാരാളം കുടുംബങ്ങൾ ഇതോടെ അനാഥമാവുകയായി, പലരും നിത്യ ദുരിതത്തിലും കടത്തിലും അകപ്പെടുന്നു. ജീവിതസംഘർഷങ്ങൾ വർധിപ്പിക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്‌ ഇന്ന്‌ കേരളത്തിലെ റോഡപകടങ്ങൾ

സംസ്ഥാനത്തെ മരണ കാരണങ്ങളിൽ മൂന്നാമത്തേതായി റോഡപകടം മാറിയിരിക്കുന്നു. 98 ശതമാനം അപകടങ്ങളും അശ്രദ്ധ കൊണ്ടാണെന്നാണ്‌ പറയുന്നത്‌. അപകടങ്ങളിൽ കൂടുതലും ഇരുചക്രവാഹനങ്ങൾക്കാണ്‌.

സ്വകാര്യ വാഹനങ്ങളുടെ അനിയന്ത്രിതമായ വർധന, വാഹനം ഓടിക്കുന്നതിലെ വൈദഗ്‌ധ്യ/ ശ്രദ്ധക്കുറവ്‌, മദ്യപാനം, റോഡുകളുടെ ശോച്യാവസ്ഥ, ആപ്പീസ്‌/വിദ്യാലയ സമയങ്ങൾ ഒന്നാണെന്ന സ്ഥിതി, പൊതുഗതാഗത സംവിധാനങ്ങളുടെ അപര്യാപ്‌തത, വർധിച്ച ഉപഭോഗത്വര എന്നിവയെല്ലാം അപകടങ്ങൾ വർധിക്കാനിടയാക്കുന്നുണ്ട്‌. വാഹനങ്ങളുടെ പെരുപ്പത്തിനനുസരിച്ച്‌ റോഡുകൾ വികസിക്കുകയോ ഗുണനിലവാരം മെച്ചപ്പെടുകയോ ചെയ്യുന്നില്ല. അശ്രദ്ധ കൊണ്ടും അവഗണന കൊണ്ടും അഹങ്കാരം കൊണ്ടും ഉണ്ടാകുന്ന ഒരുതരം നരഹത്യകളാണ്‌ റോഡപകടങ്ങൾ. ഇവിടെയും നഷ്‌ടപ്പെടുന്നവരിൽ നല്ലൊരുഭാഗം യുവാക്കൾ തന്നെ.

പ്രതിദിനം 2200 ഡ്രൈവിംഗ്‌ ലൈസൻസുകളാണത്രെ കേരളത്തിൽ നൽകുന്നത്‌. വേണ്ടത്ര പരിശോധനയില്ലാതെ അന്യ സംസ്ഥാനങ്ങളിൽ നിന്ന്‌ ലഭിക്കുന്ന ലൈസൻസും ഇവിടെ സുലഭമാണ്‌.

റോഡിന്റെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തുക, ട്രാഫിക്‌ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, നിയമം കർശനമാക്കുക, ശിക്ഷ ഉറപ്പാക്കുക, കാൽനട യാത്രക്കാർക്കുള്ള സൗകര്യം വർധിപ്പിക്കുക, സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കുക, വൈകീട്ട്‌ വാഹനമോടിക്കുന്നവരെ ബ്രീത്ത്‌ അനാലിസിസിന്‌ വിധേയരാക്കുക. മദ്യപാനം ഇല്ലെന്നുറപ്പാക്കുക എന്നിവയൊക്കെ റോഡപകടം കുറയ്‌ക്കാൻ സഹായിക്കും.

സ്വർണഭ്രമം

കേരളത്തെ ബാധിച്ചിരിക്കുന്ന മറ്റൊരു സാമൂഹ്യ പ്രശ്‌നമാണ്‌ സ്വർണത്തിനോടുള്ള അമിതാസക്തിയും വർധിച്ച തോതിലുള്ള ഉപഭോഗവും. വിവാഹവുമായി ബന്ധപ്പെട്ട്‌ സ്വർണം ഒരു സാമൂഹ്യ പദവി നിർണയ ഉപാധിയായി മാറുന്നു. ഇതുണ്ടാക്കുന്ന വിസ്‌മയവും ഭ്രമവും എല്ലാ വിഭാഗം ജനങ്ങളെയും (ജാതിമത ഭേദമെന്യേ; ദരിദ്ര-ധനിക ഭേദമന്യേ) സ്വാധീനിച്ചിരിക്കയാണ്‌. അതുകൊണ്ടുതന്നെ ദരിദ്ര-ഇടത്തരം ജനങ്ങളിൽ സ്വർണം വലിയൊരു കടബാധ്യതയായി മാറുന്നു. ഈ കടബാധ്യത വഴി ജീവിതം കൂടുതൽ സംഘർഷാത്മകമാക്കുന്ന ഘടകമായും സ്വർണം മാറുന്നു.

ഇന്ത്യയിൽ ആകെ വിറ്റഴിക്കുന്ന സ്വർണത്തിൽ (ആഭരണങ്ങളായും ഉരുപ്പടികളായും) 20% കേരളത്തിലാണ്‌. അതേപോലെ ലോകത്താകെ ചെലവാകുന്ന സ്വർണത്തിൽ 20% ഇന്ത്യയിലാണ്‌. അതായത്‌ ലോകത്തിൽ മൊത്തത്തിൽ വിൽക്കുന്ന സ്വർണത്തിന്റെ 4% കൊച്ചു കേരളത്തിലാണ്‌. 50 വർഷമായി ഈ നില ഏറെക്കുറെ സ്ഥിരമാണത്രെ.

മാറുന്ന സാമ്പത്തിക സാഹചര്യത്തിൽ സ്വർണം ഒരു പ്രധാന സമ്പാദ്യ മാർഗമായും കണക്കാക്കുന്നു. തകരുന്ന സാമൂഹ്യസുരക്ഷ/കൂട്ടുകുടുംബ വ്യവസ്ഥയുടെ തകർച്ച, അക്ഷയ തൃതീയ പോലുള്ള വിശ്വാസങ്ങളുമായി ബന്ധപ്പെട്ട ഉപഭോഗം എന്നിവ സ്വർണത്തിന്റെ ഡിമാന്റിൽ ഈയിടെയായി വലിയ വർധന ഉണ്ടാക്കുന്നുണ്ട്‌. ഇടത്തരക്കാരുടെ പ്രധാന സങ്കല്‌പം തന്നെ ഒരു നല്ല വീട്‌, കുറേയേറെ ആഭരണം എന്നതാണ്‌. റിയൽ എസ്റ്റേറ്റ്‌ സമ്പാദ്യങ്ങളേക്കാൾ എളുപ്പത്തിൽ പണമാക്കാവുന്നതും ആവശ്യാനുസരണം വിൽക്കാവുന്നതുമാണ്‌ സ്വർണം എന്നതും ഇതിന്റെ പ്രചാരണം വർധിക്കാൻ ഇടയാക്കുന്നു. അടുത്തിടെയായി ഓഹരി വിലസൂചികയിൽ വരുന്ന തകർച്ച സുരക്ഷയുള്ള നിക്ഷേപം എന്ന നിലയിലേക്ക്‌ സ്വർണത്തെ മാറ്റിയിട്ടുണ്ട്‌.

World Gold Council എന്ന സംഘടന ലോകത്തെ സ്വർണക്കച്ചവടത്തിന്റെ കണക്കുകൾ വർഷാവർഷം ലഭ്യമാക്കാറുണ്ട്‌. Gold Demand Trend എന്നാണ്‌ ഈ റിപ്പോർട്ട്‌ അറിയുന്നത്‌. ഇതനുസരിച്ച്‌ 2007ൽ 769 ടൺ സ്വർണമാണ്‌ ഇന്ത്യയിൽ കച്ചവടം നടന്നത്‌. ഇതിൽ 552 ടൺ ആഭരണമായും 217 ടൺ സ്വർണ ഉരുപ്പടികളുമായിരുന്നു. 2008ലെ പൊതു സ്ഥിതി കണക്കിലെടുത്താൽ ഏതാണ്ട്‌ 1000 ടൺ സ്വർണമെങ്കിലും പ്രചരിക്കേണ്ടതാണ്‌. ഇതിന്റെ 20 ശതമാനം കേരളത്തിലാണെങ്കിൽ 200 ടൺ എങ്കിലും കേരളത്തിൽ പ്രചരിച്ചിട്ടുണ്ടാകും. ഗ്രാമിന്‌ ശരാശരി 1000 രൂപ കണക്കാക്കിയാൽ ഇത്‌ 20,000 കോടി രൂപയുടെ കച്ചവടമായിട്ടുണ്ടാവും. കേരളത്തിൽ ഏതാണ്ട്‌ 5000 സ്വർണക്കടകൾ ഉള്ളതായി കണക്കാക്കുന്നു.

നിത്യേനയുള്ള യാത്രയിൽ കൂടുതൽ ആഭരണം ധരിക്കുന്നത്‌ ഇപ്പോൾ കുറഞ്ഞു വരുന്നതായാണ്‌ അനുഭവം. അന്യ പ്രദേശങ്ങളിൽ ജോലി ചെയ്യുന്നവരാകട്ടെ അവിടേക്ക്‌ ആഭരണം കൊണ്ടുപോകുന്നുമില്ല. അതുകൊണ്ടു തന്നെ സ്വർണാഭരണങ്ങൾ കൂടുതലായും ബാങ്ക്‌ ലോക്കറുകളിൽ വിശ്രമിക്കുകയാണ്‌. കേരളത്തിലെ ഉല്‌പാദന/തൊഴിൽ രംഗങ്ങളുടെ വികാസത്തിനായി ഉപയോഗിക്കാമായിരുന്ന കോടിക്കണക്കിന്‌ രൂപ ഈ `മഞ്ഞലോഹ' രൂപത്തിൽ ഉറക്കത്തിലാണ്‌. മറുഭാഗത്താകട്ടെ ഇതുകൊണ്ടുള്ള സാമ്പത്തിക സമ്മർദങ്ങൾ, കടം, ജീവിത സംഘർഷങ്ങൾ എന്നിവ കൂടിക്കൊണ്ടിരിക്കുകയുമാണ്‌.

ഭൂപ്രശ്‌നം

ഭൂമി ഇന്ന്‌ കേരളത്തിലെ ഒരു സംഘർഷ മേഖലയാണ്‌. ഉല്‌പാദന/ഉപജീവന ഉപാധി എന്നതിലുപരി ഒരു ഊഹക്കച്ചവട ഉപാധിയായി ഭൂമി മാറിക്കഴിഞ്ഞു. സാധാരണ ജനങ്ങളുടെ വാസസ്ഥലം, കൃഷിസ്ഥലം, കളിസ്ഥലം എന്നീ നിലകളിൽ നിന്നെല്ലാം മാറി ഒരുപിടി ആൾക്കാരുടെ കച്ചവടസ്ഥലമായി ഭൂമി മാറുന്നു. ഈ മാറ്റത്തിന്റെ ഭാഗമായി നിർബന്ധിത പുറംതള്ളൽ, തൊഴിലില്ലായ്‌മ, വരുമാനക്കുറവ്‌, ഭക്ഷ്യലഭ്യതക്കുറവ്‌, മാനസിക പ്രയാസങ്ങൾ എല്ലാം ഈട്ടം കൂടി വരുന്നു. ഭൂമിക്ക്‌ വേണ്ടിയുള്ള സമരങ്ങൾ കേരളത്തിൽ വിവിധ തലങ്ങളിലേക്കെത്തിയിരിക്കയാണ്‌. തോട്ടവിള കൃഷിയുടെ വ്യാപനം നഗര മാതൃകയിലുള്ള വളർച്ച ന്നിവയൊക്കെ കൂടിവരികയാണ്‌.

എന്തും വിറ്റ്‌ കാശാക്കുന്ന പ്രാകൃതരീതിയാണ്‌ ശക്തിപ്പെടുന്നത്‌. ഈ നീക്കത്തിന്റെ പ്രധാന ഇരകളാകുന്നതാകട്ടെ, മണ്ണും മനുഷ്യനും പ്രകൃതി വിഭവങ്ങളുമാണ്‌. ഇവിടുത്തെ മണ്ണ്‌, കല്ല്‌, പാറ, മണൽ, വെള്ളം, കാട്‌ എന്നിവയെല്ലാം കൈയേറിക്കൊണ്ടിരിക്കുകയോ വൻതോതിൽ സംഭരിച്ച്‌ വിൽക്കുകയോ ചെയ്യുന്നു. ഇത്‌ വികസന പ്രക്രിയയേയും പ്രകൃതി യുടെ സന്തുലനത്തേയും ദുർബലപ്പെടുത്തും. അടിത്തറ തകർക്കുന്ന ഈ വികസന രീതി സുസ്ഥിര വികസനത്തിന്‌ നേരെ പുതിയ വെല്ലുവിളികൾ ഉയർത്തുകയാണ്‌.

ഭൂമാഫിയയുടെ നീരാളിപ്പിടുത്തം എല്ലാ രംഗത്തും ശക്തിപ്പെടുകയാണ്‌. മാഫിയയുടെ പിടിയിൽ നിന്നും, കച്ചവടതാൽപ്പര്യങ്ങളിൽ ഊന്നിക്കൊണ്ടുള്ള ഭൂവിനിയോഗ രീതിയിൽ നിന്നും കേരളത്തെ രക്ഷിക്കുന്നതിന്‌ സഹായിക്കുന്ന സമഗ്രമായ ഭൂവിനിയോഗ നിയമം അത്യാവശ്യമായിരിക്കുന്നു.

ഭൂമി ആത്യന്തികമായി ആരുടെയും സ്വകാര്യ സ്വത്തല്ല. ഭൂമിയുടെ ഉടമസ്ഥത എന്നത്‌ തികച്ചും താത്‌കാലികമാണ്‌. നോക്കി നടത്തിപ്പിനും സംരക്ഷണത്തിനും വേണ്ടി ഉള്ളതാണ്‌. ഭൂഉടമസ്ഥത എവിടെയും എന്തും എങ്ങിനെയും ചെയ്‌തുകൂട്ടാനുള്ള അവകാശമല്ല. അതുകൊണ്ടുതന്നെ പാടം നികത്താനോ, മണ്ണ്‌ അമിതമായി കുഴിച്ചെടുക്കാനോ, വൻ കെട്ടിടങ്ങൾ പണിയാനോ, ഉപയോഗിക്കാതെ കാടു പിടിച്ച്‌്‌ മറ്റുള്ളവർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാനോ ഒന്നും ആർക്കും അവകാശമില്ലെന്നത്‌ ഭൂവിനിയോഗ നിയമം വഴി ഉറപ്പാക്കേണ്ടിയിരിക്കുന്നു. സർക്കാർ നൽകുന്ന ഭൂമിയായാലും, വീടായാലും ഗുണഭോക്താക്കൾക്ക്‌ ഇഷ്‌ടംപോലെ വിൽക്കാനോ കൈമാറാനോ അവകാശം ഉണ്ടാകരുത്‌. കൃഷി ചെയ്യാനും താമസിക്കാനും പരിപാലിക്കാനും ഉപയോഗിക്കാനും മാത്രമെ പാടുള്ളൂ. ഭൂമി മനുഷ്യൻ ഉണ്ടാക്കിയതല്ല. വരും തലമുറയ്‌ക്ക്‌ ഭൂമിയും അതിലെ വിഭവങ്ങളും തിരിച്ചേൽപ്പിക്കേണ്ടതുണ്ട്‌.

മറ്റ്‌ സാമൂഹ്യപ്രശ്‌നങ്ങൾ

മുകളിൽ പറഞ്ഞവയോടൊപ്പം പരിശോധിക്കേണ്ട മറ്റ്‌ ചില സാമൂഹ്യ പ്രശ്‌നങ്ങളുമുണ്ട്‌. വർഗീയത, മതവൽക്കരണം, ഉപഭോഗത്വര, രാഷ്‌ട്രീയത്തിലെ ക്രീമിനലീകരണം, അഴിമതി എന്നിങ്ങനെ നീണ്ടൊരു പട്ടിക തന്നെ ഇതിൽപ്പെടും. ഈ പ്രശ്‌നങ്ങൾ പലയിടത്തായി ചർച്ച ചെയ്യുന്നതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല. എങ്കിലും ഒരു കാര്യം വ്യക്തമാണ്‌. ഇത്തരം സാമൂഹ്യ പ്രശ്‌നങ്ങളാൽ ജനാധിപത്യം, മതേതരത്വം, സമത്വം തുടങ്ങിയ അടിസ്ഥാന മൂല്യങ്ങൾ ദുർബലപ്പെടുകയാണ്‌. സോഷ്യലിസ്റ്റ്‌ പരീക്ഷണങ്ങൾക്കേറ്റ തിരിച്ചടിയും അതിന്റെ പ്രത്യാഘാതങ്ങളും ഇവക്കൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്‌. ഇവയെല്ലാം ചേർന്നുണ്ടാകുന്ന ആത്മവിശ്വാസത്തകർച്ചയാണ്‌ യുക്തിചിന്തയിൽ നിന്ന്‌ വിശ്വാസത്തിലേക്കുള്ള തിരിച്ചുപോക്കിന്ന്‌ കേരളത്തിൽ ആക്കം കൂട്ടുന്നത്‌.

കമ്പോളമാകട്ടെ ഇത്തരം സാമൂഹികാവസ്ഥയെ മുതലെടുത്തുകൊണ്ട്‌ വിശ്വാസത്തെ നല്ലൊരു കച്ചവടച്ചരക്കാക്കി മാറ്റുന്നു. ഇക്കൂട്ടർ ശാസ്‌ത്രത്തിന്റെ ഉൽപ്പനങ്ങളുടെ കച്ചവടം വിപുലപ്പെടുത്തുന്നു. എന്നാൽ ജീവിതത്തിലേക്ക്‌ ഉൾക്കൊള്ളേണ്ട ശാസ്‌ത്രത്തിന്റെ രീതിയെ തള്ളിക്കളയുന്നു.

മതസംഘടനകളാകട്ടെ അവരുടേതായ `തനത്‌' പ്രസ്ഥാനങ്ങളുണ്ടാക്കി സ്വന്തം മതക്കാർ `ബാഹ്യ ചിന്ത'കൾക്ക്‌ വശംവദരാകരുതെന്ന വാശിയിലാണ്‌.

അഴിമതി അവസാനിപ്പിക്കാനായി ശ്രദ്ധേയമായ സർക്കാർ ഇടപെടൽ ഉണ്ടായെങ്കിലും അഴിമതി ഇന്നും കേരള സമൂഹത്തിലെ ഒരു പ്രധാന പ്രശ്‌നം തന്നെ. പണവും സ്വാധീനവും ഉള്ളവർക്ക്‌ മാത്രമെ കാര്യങ്ങൾ നടക്കുന്നുള്ളൂ. ഇവയെല്ലാം ചേർന്ന്‌ പൊതുഇടങ്ങൾക്കും കൂട്ടായപ്രവർത്തനങ്ങൾക്കും ഉള്ള സാധ്യത ഗണ്യമായി ചോർത്തിക്കളയുന്നു. സാംസ്‌കാരിക ഉൽപ്പന്നങ്ങൾ കച്ചവടച്ചരക്കുകളാകുന്നതും ആൾദൈവങ്ങൾ പ്രത്യക്ഷപ്പെടുന്നതും അവരെ ചുറ്റിപ്പറ്റി വ്യാപാരം ശക്തിപ്പെടുന്നതും ഈയൊരു പശ്ചാത്തലത്തിലാണ്‌. ഇവിടെ വേണ്ടത്‌ ശാസ്‌ത്രബോധ പ്രചാരണവും പ്രവർത്തനങ്ങളുമാണ്‌.

സാമ്പത്തിക പ്രതിസന്ധി കേരളത്തെ കൂടുതൽ പ്രയാസപ്പെടുത്തുകയാണ്‌. മുരടിച്ച ഉൽപ്പാദന മേഖല, പൊട്ടിത്തകരുന്ന ഊഹക്കച്ചവട കുമിളകൾ, ഗൾഫ്‌ മലയാളിയുടെ ഗണ്യമായ തിരിച്ചുവരവ്‌; ഇവയെല്ലാം ചേർന്ന്‌ കേരളത്തെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തുകയാണ്‌.

കേരളം കൈവരിച്ച നേട്ടങ്ങളെ കാണാതെ, സംസ്ഥാനത്തെ നെഗറ്റീവായ ചിലകാര്യങ്ങളെ പെരുപ്പിച്ച്‌ കാണിക്കലല്ല ഈ കുറിപ്പിന്റെ ഉദ്ദേശ്യം. കേരളം സമരം ചെയ്‌ത്‌ നേടിയ അവകാശങ്ങളേയും കൈവരിച്ച സാമൂഹ്യ നേട്ടങ്ങളെയും കാർന്നു തിന്നുന്നവയാണ്‌ മുകളിൽ വിവരിച്ച ദുഷ്‌പ്രവണതകളെല്ലാം തന്നെ. ഇവയെ നിയന്ത്രിച്ചില്ലെങ്കിൽ സാമൂഹ്യ നേട്ടങ്ങളുടെ സദ്‌ഫലങ്ങൾ സാധാരണ ജനങ്ങൾക്ക്‌ അപ്രാപ്യമാവും എന്നത്‌ കൊണ്ടാണ്‌ ഇവ ചർച്ച ചെയ്യണമെന്ന്‌ ആഗ്രഹിക്കുന്നത്‌.

മുകളിൽ വിശദീകരിച്ച ദുഷ്‌പ്രവണതകൾ കൂടി അടങ്ങിയതാണ്‌ കേരളീയ ജീവിതം. അതുകൊണ്ടാണ്‌ ജീവിത ഗുണസൂചികയിൽ മേന്മ കാണിക്കുമ്പോഴും കേരളീയരിൽ ദാരിദ്ര്യം ഒരു പ്രധാന പ്രശ്‌നമായി നിലനിൽക്കുന്നത്‌്‌. ഉപജീവനത്തിനുള്ള ഭക്ഷണം കിട്ടിയതുകൊണ്ടുമാത്രം ഒരു സമൂഹത്തിന്റെ ദാരിദ്ര്യം ഇല്ലാതാകുന്നില്ല; ജീവിത ഗുണത ഉറപ്പാക്കണമെങ്കിൽ. ഒരു സമൂഹം അവശ്യജീവിത ഉപാധികളായി പൊതുവിൽ കണക്കാക്കുന്ന കാര്യങ്ങൾ ആ സമൂഹത്തിൽ ആർക്കും നിഷേധിക്കരുത്‌.

ജീവിത ഉപാധികൾ നിഷേധിക്കപ്പെടുന്നവർക്ക്‌ സ്വന്തം അറിവും കഴിവും ഫലപ്രദമായി വിനിയോഗിക്കാൻ കഴിയില്ല. സ്വന്തം കഴിവുകൾ ഫലപ്രദമായി ഉപയോഗിക്കാനും തൃപ്‌തികരമായി ജീവിക്കാനും എല്ലാവർക്കും കഴിയുന്ന സ്ഥിതിയാണ്‌ പരിഷത്ത്‌ വിഭാവനം ചെയ്യുന്നത്‌. ഇതാകട്ടെ, വലിയൊരു പോരാട്ടത്തിലൂടെ മാത്രമെ സാധ്യമാകൂ. ഈ പോരാട്ടം വിജയിക്കണമെങ്കിൽ നല്ലൊരു നാളയെക്കുറിച്ചുള്ള ആത്മവിശ്വാസം വർധിക്കണം, ദുഷ്‌പ്രവണതകൾ ഇല്ലാതാകണം. 46-ാം സമ്മേളന ചർച്ചകൾ മൂർത്തമാക്കി സാമൂഹ്യമാറ്റത്തിന്റെ പ്രചാരകരാകാൻ ഓരോ പരിഷത്ത്‌ പ്രവർത്തകനും കഴിയണം.

ജനറൽ സെക്രട്ടറിയുടെ ആമുഖം

സുഹൃത്തുക്കളേ,

46-ാം വാർഷിക സമ്മേളനത്തിലേക്ക്‌ എത്തിച്ചേർന്ന മുഴുവൻ പ്രതിനിധികളേയും കേന്ദ്രനിർവ്വാഹകസമിതിക്ക്‌ വേണ്ടി സ്വാഗതം ചെയ്യുന്നു. തൃശൂർ സമ്മേളനത്തെ തുടർന്ന്‌ നമ്മൾ ഏറ്റെടുത്ത പ്രവർത്തനങ്ങളേയും അതിന്റെ പ്രക്രിയയേയും പരിശോധിക്കാനും, വിലയിരുത്തി ആശയപരമായ തെളിമയോടെ ഭാവി പ്രവർത്തനങ്ങളുടെ ദിശ നിർണയിക്കാനുമാണ്‌ നാമിവിടെ ഒത്തുകൂടിയിരിക്കുന്നത്‌.

ശാസ്‌ത്രചരിത്രത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾക്ക്‌ ഹേതുവായ സംഭവങ്ങളുടേയും അതിന്‌ കാരണഭൂതരായ മഹത്തുക്കളുടേയും ഓർമകൾ പുതുക്കുന്ന അവിസ്‌മരണീയ മുഹൂർത്തത്തിലാണ്‌ നാം ഒത്തുചേരുന്നത്‌. പരീക്ഷണനിരീക്ഷണങ്ങളാണ്‌ ജ്ഞാന സ്രോതസ്സുകളെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്തിയ ഗലീലിയോ ഗലീലി ആകാശത്തേക്ക്‌ ടെലിസ്‌കോപ്പ്‌ തിരിച്ചതിന്റെ നാനൂറാം വർഷമാണ്‌ 2009. അനേകലക്ഷം വർഷങ്ങളിലൂടെ പരിണമിച്ചുണ്ടായതാണ്‌ വൈവിധ്യമാർന്ന ജീവലോകമെന്ന്‌ വാദിച്ച ഡാർവിന്റെ 200-ാം ജന്മവാർഷികവും അദ്ദേഹത്തിന്റെ പുസ്‌തകമായ `സ്‌പീഷിസുകളുടെ ഉദ്‌ഭവ'ത്തിന്റെ 150-ാം വർഷവും ഇവിടെ ഒത്തുചേരുകയാണ്‌.

21-ാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിലെ അവസാനവർഷങ്ങളിലേക്കു പ്രവേശിക്കുമ്പോൾ നമ്മുടെ ജീവിതശൈലിയിലും, പെരുമാറ്റത്തിലും സാമൂഹ്യ മൂല്യങ്ങളിലും വിപ്ലവകരമായ രൂപഭേദം വരുത്താൻ കഴിയുന്നതരത്തിൽ ശാസ്‌ത്രസങ്കേതികരംഗം വളർന്നിട്ടുള്ളതായി കാണാം. നാനോ സയൻസ്‌, നാനോ ടെക്‌നോളജി, വാർത്താവിനിമയ വിവര സാങ്കേതികവിദ്യ, ജീവശാസ്‌ത്രം, ജൈവശാസ്‌ത്രസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങൾ നമ്മുടെ സാമൂഹ്യജീവിതത്തെ പിടിച്ചുലയ്‌ക്കാൻ തയ്യാറെടുക്കുകയാണ്‌.

പരമാണുമാത്രയിൽ, ദ്രവ്യത്തെ പഠിക്കാനും മനസ്സിലാക്കാനും കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും നാനോ സയൻസ്‌ നമ്മെ ശക്തരാക്കുന്നു. വ്യക്തിഗത ആറ്റങ്ങളെ കൈകാര്യം ചെയ്യുക വഴി, സ്വയം സംയോജിത സങ്കേതങ്ങളെ (self assembly techniques) ഉപയോഗപ്പെടുത്തുവാൻ കഴിയുന്നു. അതുവഴി തന്മാത്രീയ സ്വിച്ചുകളും, കാർബൺ നാനോ ട്യൂബുകളാൽ നിർമിതമായ തന്മാത്രീയ കമ്പികളും ഉൽപ്പാദിപ്പിക്കുവാൻ കഴിയും. ഇത്തരം നാനോ സർക്യൂട്ടുകൾക്ക്‌ നിലവിലുള്ള സിലിക്കോൺ അധിഷ്‌ഠിത സർക്യൂട്ടുകളുടെ ആയിരത്തിലൊന്ന്‌ വില മാത്രമേ വരുകയുള്ളൂ. ഒരു വാച്ച്‌ പോലെയോ, ആഭരണം പോലെയോ, കണ്ണട ഫ്രെയ്‌മിനുള്ളിലോ, വസ്‌ത്രത്തിൽ തുന്നിച്ചേർത്തോ നാനോ കമ്പ്യൂട്ടറുകൾ ഉപയോഗിക്കപ്പെടുന്ന കാലം വിദൂരമല്ല. നക്ഷത്രാന്തര തെരച്ചിലിന്‌ ഇന്ന്‌ ഉപയോഗിക്കപ്പെടുന്ന പ്രോബുകൾക്ക്‌ (probe) ഒരു വലിയ ബസ്സിനോളം വലുപ്പമുണ്ട്‌. എന്നാൽ നാനോ ടെക്‌നോളജി സങ്കേതങ്ങൾ വഴി അതിന്റെ വലുപ്പം ഒരു ഫുട്‌ബോളിന്റെയത്ര ചെറു താക്കാൻ കഴിയും. അതുവഴി വിക്ഷേപണങ്ങൾ ലളിതമാകും, ചെലവ്‌ കുറയുകയും ചെയ്യും. നാനോ ടെക്‌നോളജി വഴി വില കുറഞ്ഞ സോളാർ പാനലുകൾ നിർമിക്കാമെന്നുവന്നതോടെ സൗരോർജ വൈദ്യുതിയുടെ ഉത്‌പാദനച്ചെലവ്‌ കുറയ്‌ക്കാൻ കഴിയുമെന്നത്‌ പ്രതീക്ഷക്ക്‌ വക നൽകുന്നു. വാർത്താവിനിമയ വിവര സാങ്കേതികവിദ്യകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടങ്ങൾ ഈ ലോകത്തെ ചെറുതാക്കിക്കൊണ്ടിരിക്കുകയാണ്‌. ജനിതക എഞ്ചിനീയറിങ്ങിന്റെ ആവിർഭാവത്തോടെ ജൈവസാങ്കേതികവിദ്യ ഭാവിയിലെ ഏറ്റവും ശക്തമായ സാങ്കേതിക വിദ്യയായി മാറിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യ dna യിലെ 300 കോടി ബേസ്‌ ജോടികളിൽ എൻകോഡ്‌ (encode) ചെയ്‌തിട്ടുള്ള 1,00,000 ജീനുകളുടെ - മനുഷ്യജിനോമിന്റെ - വ്യാഖ്യാനം ജീവശാസ്‌ത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്‌.

പാരമ്പര്യ അന്ധത നീക്കാൻ ജീൻ ചികിത്സ നടത്തിയതും എയ്‌ഡ്‌സ്‌ പടരാതിരിക്കാൻ ചില സാങ്കേതിക വിദ്യകൾ ആവിഷ്‌കരിച്ചതും 2008 നെ ശ്രദ്ധേയമാക്കുന്നു. ഉന്നതരായ ശാസ്‌ത്രജ്ഞർക്ക്‌ ബൃഹത്തായ ലബോറട്ടറികളിൽ മാത്രം ചെയ്യാമായിരുന്ന വരേണ്യ സാങ്കേതിവിദ്യയായ `ജനിതക വിരലടയാളം രേഖപ്പെടുത്തുക' എന്നത്‌ ഉമിനീർ സാംപിൾ തപാലിലയച്ച്‌ ഓൺലൈനിൽ ഫലം തേടാവുന്ന ഒരു കാര്യമായി തീർന്നിരിക്കുന്നു.

ന്യൂക്ലിയാർ സാങ്കേതികവിദ്യയിലും മുന്നേറ്റങ്ങൾ ദൃശ്യമാണ്‌. മ്യുവോൺ ഉൽപ്രേരിത ന്യൂക്ലിയാർ സംയോജനത്തിന്റെയും(Muon catalysed nuclear fusion)പ്രതികണങ്ങളുടെ ഉൽപാദനത്തിന്റെയും സാധ്യതകൾ തെളിഞ്ഞു വന്നുകൊണ്ടിരിക്കുന്നു.

രാഷ്‌ട്രീയവും സാമ്പത്തികവും തലക്കെട്ട്‌ പിടിച്ചെടുത്ത 2008, സയൻസിനെ സംബന്ധിച്ചിടത്തോളം ശാന്തമായ വർഷമായിരുന്നുവെന്ന്‌ തോന്നാം എന്നാൽ ഗവേഷകരുടെ അഭിപ്രായത്തിൽ, പിന്നിട്ട വർഷം ശാസ്‌ത്രരംഗത്ത്‌ അമ്പരിപ്പിക്കുന്ന പുരോഗതി കൈവരിച്ച വർഷമത്രെ. ഭൂമിയുടെ സമീപസ്ഥ ഗ്രഹമായ ചൊവ്വ ഒരു കാലത്ത്‌ ജീവനെ പിന്തുണച്ചിരുന്നുവെന്നതിനെക്കുറിച്ച്‌ സൂചനകളുള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു. നമുക്ക്‌ അജ്ഞാതമായ മാനങ്ങളു(dimensions) ടെ സാന്നിധ്യത്തെ വെളിച്ചത്തുകൊണ്ടുവരാനും തമോദ്രവ്യത്തെപ്പറ്റിയുള്ള ദുരൂഹതകൾ അഴിക്കാനും യൂറോപ്പിലെ ഭീമകണികാ ഭഞ്‌ജക (Large Hardron Collider) ത്തിൽ നടക്കുന്ന പരീക്ഷണങ്ങൾക്ക്‌ കഴിയും. പ്രതിഭാ കോശങ്ങൾ (Stem cells) സമർത്ഥമായി കൈകാര്യം ചെയ്യാൻ ശാസ്‌ത്രജ്ഞന്മാർക്ക്‌ കഴിഞ്ഞിരിക്കുന്നു. ഹ്യൂമൺ എംബ്രിയോണിക്‌ സ്റ്റെം സെല്ലുകളിൽ നിന്ന്‌ ഓക്‌സിജൻ വാഹകശേഷിയുള്ള ചുവന്ന രക്താണുക്കൾ വികസിപ്പിച്ചെടുക്കുന്നതിൽ അഡ്വാൻസ്‌ഡ്‌ സെൽ ടെക്‌നോളജി എന്ന കമ്പനി വിജയം വരിച്ചിരിക്കുന്നു.

ഇന്ത്യൻ ശാസ്‌ത്രലോകത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായിരുന്നു 2008. ചാന്ദ്രയാൻ ദൗത്യം അതിന്റെ പ്രഥമ സംരംഭത്തിൽ തന്നെ പരിപൂർണമായ വിജയം നേടി. ചാന്ദ്രയാൻ ഉപഗ്രഹം ഇനി രണ്ടുവർഷക്കാലം ചന്ദ്രനു ചുറ്റും സ്ഥിരഭ്രമണപഥത്തിൽ ഭ്രമണം ചെയ്‌തുകൊണ്ട്‌ പലതരം വിവരങ്ങൾ ഭൂമിയിലെത്തിക്കും.

ശാസ്‌ത്രസാങ്കേതികരംഗം പുരോഗതിയിലേക്ക്‌ കുതിക്കുമ്പോൾ തന്നെ അതിന്റെ ഉത്‌പന്നങ്ങൾ പ്രയോജനപ്പെടുത്തുകയും ശാസ്‌ത്രത്തിന്റെ രീതി തള്ളിക്കളയുകയും ചെയ്യുക എന്നത്‌ ഇന്നിന്റെ പ്രത്യേകതയായിരിക്കുന്നു. മാത്രമല്ല ശാസ്‌ത്രത്തിന്റെ പ്രയോഗവും ശാസ്‌ത്രത്തിന്റെ രീതിയും ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നു. അമേരിക്കയെ പോലുള്ള വികസിത രാജ്യങ്ങളിൽ ആരംഭിച്ച പ്രതിശാസ്‌ത്രപ്രസ്ഥാനം (anti science movement) യൂറോപ്പിലൂടെ വികസ്വര രാജ്യങ്ങളിലേക്കും കടന്നിട്ടുണ്ട്‌. പഴമയിലേക്കുള്ള ഒരു തിരിച്ചുപോക്ക്‌ പലയിടത്തും ദൃശ്യമാണ്‌. പുതിയ മതങ്ങൾ സ്ഥാ പിക്കപ്പെടുന്നില്ലെങ്കിലും ഓരോ മതത്തിലും പുതിയ ഉപാസനാരീതികളും (cult) ആൾദൈവ ങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു. മതാചാരങ്ങൾ വളരെയധികം വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഇതൊരു സാമൂഹിക പ്രശ്‌നമായി (sociological problem) പരിഗണിച്ച്‌ പഠിക്കേണ്ടതാണെന്ന്‌ സാമൂഹിക ശാസ്‌ത്രജ്ഞന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. തീർച്ചയായും വളരെ ഗൗരവത്തോടെ വീക്ഷിക്കേണ്ട ഒരു പ്രശ്‌നമാണിത്‌. ശാസ്‌ത്ര ത്തിന്റെ ജനവിരുദ്ധ പ്രയോഗത്തെ എതി ർക്കുന്നതിനോടൊപ്പം, ശാസ്‌ത്രീയമാർഗത്തെ പരിരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വവും നമ്മെപ്പോലുള്ള ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്‌.

ലോകമാകെ ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം നാൾക്കുനാൾ വർധിച്ചു വരികയാണ്‌. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയും അതിന്റെ ഉദാരവത്‌ക്കരണ നയങ്ങളും ജീവിതം കൂടുതൽ ദുഷ്‌ക്കരമാക്കുന്നു. കമ്പോളനീതിയാണ്‌ തീരുമാനങ്ങളെടുക്കുന്നത്‌. കമ്പോളത്തിന്റെ താളത്തിനനുസൃതമായി വേഷവും ഭാഷയും ഭക്ഷണ ശീലങ്ങളുമെല്ലാം ചിട്ടപ്പെടുത്തുന്നു. അമിതലാഭവും അത്യാർത്തിയും അതിന്റെ മുദ്രാവാക്യമായി മാറുന്നു. ഫൈനാൻസ്‌ മൂലധനം എല്ലാ നിയന്ത്രണങ്ങളുടേയും പരിധി വിട്ട്‌ സർവ്വതന്ത്ര സ്വതന്ത്രമായി വിരാജിക്കുന്നു. ലക്കും ലഗാനുമില്ലാത്ത ഈ പോക്ക്‌ അനിവാര്യമായ ഒരു പതനത്തിലേക്കാണ്‌ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയെ നയിച്ചത്‌. 1930 ന്‌ ശേഷം ലോകം കണ്ട എറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്കും 2008 സാക്ഷിയായി.

സ്വകാര്യവത്‌കരണത്തിന്റെ വക്താക്കൾ ദേശസാത്‌കരണത്തിന്റെ `പെരുമ' പാടുന്നതും നമ്മൾ കണ്ടു. ലാഭത്തിന്റെ സ്വകാര്യവത്‌കരണത്തിന്‌ വേണ്ടി വാദിച്ചവർ നഷ്‌ടത്തിന്റെ ദേശസാത്‌ക്കരണത്തിനായി മുറവിളികൂട്ടി. സർക്കാർ ഇടപെടലുകൾക്കൊന്നും തന്നെ തകർച്ചയെ തടയാനായില്ല. ധനമിടപാട്‌ സ്ഥാപനങ്ങളിൽ നിന്ന്‌ തുടങ്ങിയ പ്രതിസന്ധി ഉത്‌പാദന തകർച്ചയിലേക്കും അതുവഴി തൊഴിൽ തകർച്ചയിലേക്കും നയിച്ചു. ജനങ്ങളുടെ വാങ്ങൽശേഷിയിൽ വൻതോതിലുള്ള കുറവ്‌ ദൃശ്യമായി. അമേരിക്കയിൽ ആരംഭിച്ച പ്രതിസന്ധി മറ്റു യൂറോപ്യൻ രാജ്യങ്ങളിലൂടെ ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക്‌ വ്യാപിക്കുകയായിരുന്നു.

ഇന്ത്യയേയും സാമ്പത്തിക പ്രതിസന്ധി ബാധിച്ചു. ഇന്ത്യൻ രൂപയുടെ മൂല്യം വലിയതോതിൽ കുറഞ്ഞു. പ്രത്യക്ഷമായ രീതിയിൽ നമ്മുടെ ധനകാര്യമേഖലയെ പ്രതിസന്ധി ബാധിച്ചില്ലെങ്കിലും പരോക്ഷമായി ഇന്ത്യയുടെ ജനജീവിതത്തെ ബാധിക്കുംവിധമുള്ള മാറ്റങ്ങൾ ദൃശ്യമാകാൻ തുടങ്ങി. ലോകത്തെങ്ങുമുള്ള ജനങ്ങളുടെ വാങ്ങൽ ശേഷിയിൽ വന്ന കുറവ്‌ നമ്മുടെ കയറ്റുമതിയെ ബാധിച്ചു. പെട്രോൾ വിലയിലുണ്ടായ വൻതോതിലുള്ള ഇടിവ്‌ ഗൾഫ്‌ മേഖലയിലെ നിർമാണ പ്രവർത്തനങ്ങളെ ബാധിച്ചുതുടങ്ങി. പ്രതിസന്ധി ഒട്ടേറെ പേരെ തൊഴിൽ രഹിതരാക്കി. ഗൾഫ്‌ നാടുകളെ ആശ്രയിച്ച്‌ കഴിയുന്ന കുടുംബങ്ങളുടെ ജീവിതം അനിശ്ചിതത്വത്തിലേക്ക്‌ നീങ്ങാൻ ഇത്‌ ഇടയാക്കും എന്ന കാര്യത്തിൽ സംശയമില്ല.

സാമ്പത്തിക പ്രതിസന്ധി ഇന്ത്യൻ ബാങ്കുകളേയും ഇൻഷൂറൻസ്‌ മേഖലയേയും വലിയ തോതിൽ ബാധിക്കാതിരുന്നത്‌ അവ പൊതുമേഖലയിലായതുകൊണ്ടാണെന്ന തിരിച്ചറിവ്‌ പ്രഖ്യാപിച്ച ഭരണകൂടം തന്നെ ഇൻഷൂറൻസ്‌ മേഖലയുടെ സ്വകാര്യവത്‌കരണത്തിലേക്ക്‌ നയിക്കുന്ന ബില്ലുകൾ കൊണ്ടുവരുന്നതിനും നമ്മൾ സാക്ഷിയായി. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെന്ന്‌ സ്വയം പ്രഖ്യപിക്കുകയായിരുന്നു ഭരണാധികാരിവർഗം

ജി.ഡി.പി നിരക്കിന്റേയും പ്രതിശീർഷവരുമാനത്തിന്റേയും സെൻസെക്‌സ്‌ സൂചികയുടേയും വളർച്ച ചൂണ്ടിക്കാട്ടി ഇന്ത്യയുടെ മഹിമ പ്രഖ്യാപിക്കുന്നവർ, കോടീശ്വരന്മാരുടെ എണ്ണത്തിൽ ലോകത്ത്‌ ഒന്നാമതെത്തുന്നതിൽ ആത്മഹർഷം കൊള്ളുന്നവർ, ഒരു ദിവസം അമ്പതു രൂപ പോലും വരുമാനമില്ലാത്ത 46 കോടി ഇന്ത്യക്കാരെ കണ്ടില്ലെന്നു നടിക്കുന്നു.

ഇന്തോ-യു.എസ്‌ ആണവക്കരാറിൽ ഒപ്പിട്ടുകൊണ്ട്‌ ഇന്ത്യയുടെ ആത്മാഭിമാനം പണയം വെച്ചവർ ഗാസയിലെ കുഞ്ഞുങ്ങളെ ചോരയിൽ മുക്കിയ ഇസ്രായേലിനെതിരായി പ്രതികരിക്കാൻ പോലും തയ്യാറായില്ല. കേളികേട്ട ഇന്ത്യൻ വിദേശനയത്തിന്റെ ശവപ്പെട്ടിയിൽ വീഴുന്ന ആണികളുടെ എണ്ണം കൂട്ടുകയായിരുന്നു ഈ ചെയ്‌തികൾ.

വിവാദങ്ങളിലഭിരമിക്കുന്ന കേരളത്തിന്റെ പതിവു കാഴ്‌ചകൾ കൊണ്ട്‌ `സമ്പന്ന'മായിരുന്നു 2008. വിദ്യാഭ്യാസരംഗം പുതിയ വിവാദങ്ങൾക്ക്‌ വേദിയായി. എസ്‌.എസ്‌.എൽ.സി വിജയശതമാനത്തെക്കുറിച്ചും ഏകജാലക സംവിധാനത്തെക്കുറിച്ചും ആരംഭിച്ച വിവാദകോലാഹലം `പാഠപുസ്‌തക ത്തിലെ നിരീശ്വര കമ്മ്യൂണിസ പ്രചാരണ'ത്തിന്റെ പേരിൽ തകർത്താടി. ക്ലസ്റ്റർ ബഹിഷ്‌കരണവും ഉപരോധവും എല്ലാം കൊണ്ട്‌ രംഗം കൊഴുത്തു. അവസാനം നിരപരാധിയായ ഒരു അധ്യാപകന്റെ കൊലപാതകത്തിലാണ്‌ ഈ വിവാദം കലാശിച്ചത്‌. പാഠപുസ്‌തക പരിശോധനക്കായി കമ്മീഷനെ നിയോഗിച്ച്‌ സർക്കാരും പ്രശ്‌നമവസാനിപ്പിച്ചു. 2007 ലെ പ്രധാന വിവാദഹേതുവായിരുന്ന കെ.ഇ.ആർ പരിഷ്‌ക്കരണ റിപ്പോർട്ടിനെക്കുറിച്ച്‌ കാര്യമായൊന്നും കേട്ടില്ല. എൻട്രൻസ്സ്‌ പരീക്ഷാ പരിഷ്‌കരണത്തിന്റെ സ്ഥിതിയും വ്യത്യസ്‌തമായിരുന്നില്ല.

അമേരിക്കയിലാരംഭിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പരോക്ഷ പ്രതിഫലനങ്ങൾ കേരളത്തിലും ദൃശ്യമായിത്തുടങ്ങി. സുഗന്ധദ്രവ്യങ്ങളും കശുവണ്ടിയും കയറും സമുദ്രോത്‌പന്നങ്ങളുമുൾപ്പെടുന്ന കയറ്റുമതിരംഗം പ്രതിസന്ധിയിലായി. പെട്രോൾ വിലയിലുണ്ടായ ഇടിവ്‌ ഗൾഫിലെ നിർമാണ മേഖലയിലുണ്ടാക്കിയ തിരിച്ചടിയുടെ ഫലം ചെറിയതോതിൽ കേരളത്തിലും പ്രത്യക്ഷപ്പെട്ടുതുടങ്ങി. ജോലി നഷ്‌ടപ്പെട്ട്‌ തിരിച്ചുവരുന്ന ഗൾഫ്‌ മലയാളികളുടെ എണ്ണം കൂടിവരികയാണ്‌.

ആൾദൈവങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പിടിയിലേക്കുള്ള മലയാളിയുടെ സഞ്ചാരത്തിന്റെ വേഗം കുറയ്‌ക്കാൻ വ്യാജസന്യാസിമാർക്കെതിരെയുള്ള പടപ്പുറപ്പാടിനും കഴിഞ്ഞില്ല. വ്യാജ സന്യാസിമാരുടെ അറസ്റ്റും അതിനെ തുടർന്നുണ്ടായ കപട ആത്മീയതക്കെതിരായ സമരങ്ങളും വൈകാരിക പ്രകടനങ്ങളിലൊതുങ്ങി. അതെല്ലാം മറന്ന മലയാളി, ഭാഗ്യനക്ഷത്രക്കല്ലുകളിലേക്കും ചരടുകളിലേക്കും പുതിയ ആൾദൈവങ്ങളിലേക്കും വാസ്‌തുവിലേക്കുമുള്ള യാത്ര തുടരുകയാണ്‌. കേരള സമൂഹത്തിൽ ജനാധിപത്യത്തിന്റേയും ശാസ്‌ത്രബോധത്തിന്റേയും ആഴവും പരപ്പും വർധിപ്പിക്കണമെന്ന നമ്മുടെ 45-ാം വാർഷിക പ്രഖ്യാപനം ഇവിടെ കൂടുതൽ പ്രസക്തമാകുന്നു.

സാമ്പത്തിക തകർച്ചയും അതിൽനിന്ന്‌ കരകയറാനുള്ള മുതലാളിത്തത്തിന്റെ ശ്രമങ്ങളും ജനജീവിതം കൂടുതൽ ദുഷ്‌കരമാക്കും എന്നതിൽ സംശയമില്ല. സാമൂഹ്യനീതിയിലധിഷ്‌ഠിതമായ ഉത്‌പാദനത്തിലും വിതരണത്തിലും ഊന്നിയ ഒരു വികസനകാഴ്‌ചപ്പാടിനു മാത്രമേ ഇതിനു പരിഹാരം കാണാനാകൂ. കൂടുതൽ ആഴത്തിലുള്ള അന്വേഷണങ്ങളും ഇടപെടലുകളും ഈ അവസ്ഥ മറികടക്കുന്നതിന്‌ ആവശ്യമാണ്‌. സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിച്ച പ്രത്യാഘാതങ്ങൾ, അത്യാർത്തിയിലും അമിത ചൂഷണത്തിലും ധനമൂലധനത്തിന്റെ സർവ്വതന്ത്ര സ്വാതന്ത്ര്യത്തിലും അധിഷ്‌ഠിതമായ വികസനരീതികൾക്കെതിരെ പോരാടാനുള്ള മനസ്സുകളുടെ ഐക്യപ്പെടലിലേക്ക്‌ നയിക്കുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്ന ചെറുത്തുനിൽപ്പിന്റെ പുതിയ തന്ത്രങ്ങൾ പ്രതീക്ഷക്ക്‌ വക നൽകുന്നു. മറ്റൊരു ലോകം സാധ്യമാണ്‌ എന്ന്‌ പ്രഖ്യാപിക്കുന്ന ഒരു ജനസമൂഹത്തിന്റെ ശബ്‌ദത്തിന്‌ മേൽക്കൈ വരുമെന്ന ശുഭാപ്‌തിവിശ്വാസത്തോടെ നമുക്ക്‌ പ്രവർത്തിക്കാം. ആ ശബ്‌ദത്തിന്‌ കരുത്തു പകരാൻ നമ്മുടെ പ്രവർത്തനങ്ങൾക്ക്‌ കഴിയണം. ഈദൃശമായ ലക്ഷ്യത്തോടെ നാം ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങളെ വിശകലനം ചെയ്യുന്നതോടൊപ്പം കൂടുതൽ ശക്തമായ ചെറുത്തു നിൽപ്പുകൾ രൂപപ്പെടുത്തുന്നതിനെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഉയർന്നു വരണം.

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ

ദൗർബല്യങ്ങൽ പരിഹരിച്ച് വിദ്യാഭ്യാസ നവീകരണശ്രമങ്ങൾ ശക്തമാക്കുക

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പല കാര്യങ്ങളിലും കേരളം മുന്നിലെത്തിയതിനുപിന്നിൽ പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾക്ക്‌ മുഖ്യപങ്കുണ്ട്‌. ഈ നേട്ടങ്ങളാകട്ടെ സാമൂഹ്യവും രാഷ്‌ട്രീയവുമായ നിരവധി ഇടപെടലുകളുടെ ഉത്‌പന്നമാണ്‌. ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും ജനകീയ സർക്കാരുകളുടെയും നിരന്തരശ്രമത്തിലൂടെ വിപുലമായ വിദ്യാലയ ശൃംഖല വികസിപ്പിക്കാനും സാർവത്രിക പ്രവേശനം ഉറപ്പുവരുത്താനും കഴിഞ്ഞ അമ്പതുവർഷങ്ങൾക്കുള്ളിൽ കഴിഞ്ഞു. ഈ നേട്ടത്തെ ഗുണമേന്മയിലേക്കുയർത്തുക എന്ന ലക്ഷ്യം വെച്ച്‌ 1997-ൽ ആരംഭിച്ച പാഠ്യപദ്ധതി പരിഷ്‌കരണം എതിർപ്പുകളെയും പിറകോട്ടു പോവലുകളെയും വിവാദങ്ങളെയും മറ്റും അതിജീവിച്ച്‌ കൊണ്ട്‌ സുശക്തമായ ഒരു നിലയിൽ എത്തിനില്‌ക്കുന്നു. വിമർശനാത്മക പഠനത്തിലൂടെ ദാർശനികമായും സാമൂഹികജ്ഞാനനിർമിതിയിലൂടെ മനഃശാസ്‌ത്രപരമായും ഏറ്റവും നവീകരിക്കപ്പെട്ട ഒരടിത്തറ അത്‌ കൈവരിച്ചുകഴിഞ്ഞു. ഇതാകട്ടെ ദേശീയതലത്തിൽ വരെ അംഗീകരിക്കപ്പെടുകയും എൻ.സി.എഫ്‌-2005 ലൂടെ ഒരു ദേശീയ നയമായി പുറത്തുവരികയും ചെയ്‌തു എന്നത്‌ കേരളത്തെ സംബന്ധിച്ച്‌ അഭിമാനകരമാണ്‌. ഈ അംഗീകാരത്തിന്റെ ബലത്തിലാണ്‌ കെ.സി.എഫ്‌. 2007 രൂപപ്പെട്ടതും അതുമായി ബന്ധപ്പെട്ട പാഠപുസ്‌തകപരിഷ്‌കരണങ്ങൾ മുന്നോട്ടുപോകുന്നതും.

ഇതിന്റെയെല്ലാം ഭാഗമായി അധ്യാപകരെ ശാക്തീകരിക്കാനും മൂല്യനിർണയരീതി പരിഷ്‌കരിക്കാനും കഴിഞ്ഞ കുറേ വർഷങ്ങളായി നടന്നുവരുന്ന ശ്രമങ്ങളും കുറേയൊക്കെ ഫലം ചെയ്യുകയുണ്ടായി.ഡി.പി.ഈ.പി., എസ്‌.എസ്‌.എ. തുടങ്ങിയ പ്രൊജക്‌ടുകളുടെ പ്രവർത്തനങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെതായ ഇടപെടലുകളും ഇതുമായി കണ്ണിചേർക്കാനുള്ള ശ്രമങ്ങളും ഇക്കാലയളവിൽ നടന്നു.

എന്നാൽ പാഠ്യപദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾക്കനുസരിച്ച്‌ പശ്ചാത്തല സൗകര്യങ്ങളും വിദ്യാഭ്യാസത്തിന്റെ ഘടനയും പരിഷ്‌കരിക്കപ്പെട്ടില്ല എന്ന വൈരുദ്ധ്യം അതിതീഷ്‌ണമായ നിരവധി പ്രശ്‌നങ്ങൾ ഇന്ന്‌ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. പ്രൈമറി തലത്തിൽ സാമാന്യം തൃപ്‌തിരകമായി നടക്കുന്ന പാഠ്യപദ്ധതി മുകളിലോട്ടു പോകുന്തോറും ദുർബലപ്പെട്ടുവരികയാണ്‌ എന്ന വസ്‌തുതയെ ഇനിയും അഭിമുഖീകരിക്കാതിരിക്കുന്നത്‌ ഭൂഷണമല്ല. എസ്‌.എസ്‌.എ.യിലൂടെ നടത്തിവരുന്ന പ്രവർത്തനങ്ങൾ പലതും ഉദ്ദേശിച്ച ലക്ഷ്യങ്ങളിലെത്താതെ പാതിവഴിക്ക്‌ പൊലിഞ്ഞുതീരുന്നുവെന്നതും ഗൗരവത്തോടെ കാണണം.

സർവോപരി, സമൂഹത്തിലെ ദരിദ്രപക്ഷത്തുനിൽക്കുന്നവരും പ്രാന്തവല്‌ക്കരിക്കപ്പെട്ടവരുമായ ബഹുഭൂരിപക്ഷത്തിനും ഗുണം കിട്ടുന്ന രീതിയിലേക്ക്‌ എത്തിച്ചേരാൻ നവീകരണ ശ്രമങ്ങൾക്ക്‌ എത്രകണ്ട്‌ സാധിച്ചു എന്നതും ഉത്‌കണ്‌ഠ വർധിപ്പിക്കുന്നു. സർക്കാർ തലത്തിൽ ഇച്ഛാശക്തിയോടെ നടത്തേണ്ട നിരവധി ഇടപെടലുകളുടെ ആവശ്യകതയാണ്‌ ഇത്‌ ബോധ്യപ്പെടുത്തുന്നത്‌.

ഈ സാഹചര്യത്തിൽ, കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 46-ാം സംസ്ഥാനവാർഷികം താഴെ കൊടുത്ത പ്രശ്‌നങ്ങളിലേക്ക്‌ സർക്കാരിന്റെ സത്വരമായ ശ്രദ്ധയും ഇച്ഛാശക്തിയോടെയുള്ള ഇടപെടലുകളും ആവശ്യപ്പെടുന്നു.

� നിലവിലുള്ള ക്ലാസ്‌റൂം ഘടന പാഠ്യപദ്ധതി ആവശ്യപ്പെടുംവിധം പുനഃസംവിധാനം ചെയ്യണം

� അധ്യാപക വിദ്യാർത്ഥി അനുപാതം കേരളത്തിൽ മൊത്തത്തിലെടുത്താൽ 1 : 27 ആണെന്നു കാണാം. എന്നാൽ ചില ക്ലാസുകളിൽ 10-ൽ കുറവും മറ്റിടങ്ങളിൽ 50-ൽ കൂടുതലുമുള്ള അവസ്ഥയുണ്ട്‌. അസമമായ ഈ വിതരണത്തെ ഏകീകരിക്കാൻ ഒരു പഞ്ചായത്തിനുള്ളിൽത്തന്നെ സംവിധാനമുണ്ടാകണം. വിമർശനാവബോധത്തിലൂടെ ജ്ഞാനനിർമ്മിതി സാധ്യമാവണമെങ്കിൽ പ്രൈമറിയിൽ 1:20ഉം സെക്കണ്ടറിയിൽ 1:30ഉം ഹയർ സെക്കണ്ടറിയിൽ 1:40ഉം മെങ്കിലും ആവണം.

� പാഠ്യപദ്ധതിക്കിണങ്ങും വിധമുള്ള ഫർണിച്ചറുകൾ, ലൈബ്രറികൾ, ലാബ്‌ സൗകര്യങ്ങൾ, കമ്പ്യൂട്ടർ സംവിധാനം തുടങ്ങിയവ ഇല്ലാത്തത്‌ പാഠ്യപദ്ധതിയുടെ വിനിമയത്തിന്‌ തടസ്സം നില്‌ക്കുന്നു. കുട്ടികൾക്ക്‌ സംഘപഠനത്തിനുതകുന്നതും എടുത്തുമാറ്റാവുന്നതുമായ ഫർണിച്ചറുകളാവണം വേണ്ടത്‌. ക്ലാസ്‌റൂം ലൈബ്രറി, വിപുലമായ ലാബ്‌, മെച്ചപ്പെട്ട കമ്പ്യൂട്ടർ സൗകര്യങ്ങൾ എന്നിവ നിയമപരമായിത്തന്നെ വ്യവസ്ഥചെയ്യാൻ സാധിക്കാത്തത്‌ പാഠ്യപദ്ധതി നിർവ്വഹണത്തെ ദുർബലപ്പെടുത്തുന്നു.

� അധ്യാപകരുടെ തെരഞ്ഞെടുപ്പ്‌, യോഗ്യത, ട്രെയിനിങ്‌ തുടങ്ങിയവ സർക്കാറിന്റെ ഉത്തരവാദിത്വത്തിൽത്തന്നെ ഗുണമേന്മ ഉറപ്പുവരുത്തി നടപ്പിലാക്കുകയും ഇതനുസരിച്ചുള്ള ഭേദഗതികൾ വിദ്യാഭ്യാസനിയമത്തിൽ ഉറപ്പാക്കുകയും വേണം.

� വിദ്യാഭ്യാസരംഗത്ത്‌ ഇന്ന്‌ ഇടപെട്ടുകൊണ്ടിരിക്കുന്ന നാനാതരം ഏജൻസികളുടെ ഏകോപനമില്ലാത്ത പ്രവർത്തനങ്ങൾ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഈ രംഗത്തു പ്രവർത്തിക്കുന്നവരിൽ കടുത്ത അസംതൃപ്‌തി വളർത്തിക്കഴിഞ്ഞിരിക്കുന്നു.

� SSA, വിദ്യാഭ്യാസവകുപ്പ്‌, QIP, SIEMAT, SCERT, DIET, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, MLA മാരുടെ പ്രത്യേക ഫണ്ടുപയോഗിച്ചുള്ള പദ്ധതികൾ ഇവയെല്ലാം ഒരു പൊതുലക്ഷ്യത്തെ മുൻനിർത്തി ഏകോപിപ്പിക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതോടനുബന്ധിച്ചുള്ള ആസൂത്രണയോഗങ്ങൾ പരിശീലനങ്ങൾ തുടങ്ങിയവ സമാന്തരമായി നിരന്തരം നടക്കുന്നു. ഏകോപനമില്ലാത്തും ഗുണനിലവാരംകുറഞ്ഞതുമായ ഇത്തരം പ്രവർത്തനങ്ങൾ മൂലം അധ്യാപകർ നിരന്തരമായി ക്ലാസുകളിൽ നിന്നു വിട്ടുനില്‌ക്കേണ്ടിവരുന്നതുതന്നെ കാര്യക്ഷമത ഇല്ലാതാക്കുന്ന സ്ഥിതിവിശേഷത്തിന്‌ ഇടവരുത്തുന്നു.

� അധ്യാപക പരിശീലനങ്ങളും ക്ലസ്റ്റർ ട്രെയിനിങ്ങുകളും ഗുണനിലവാരം മെച്ചപ്പെടുത്തി അധ്യാപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന വിധം പുന:സംവിധാനം ചെയ്യണം

� യോഗ്യരായ പരിശീലകരല്ല പലേടങ്ങളിലുമുള്ളത്‌. പരിശീലകരുടെ മുന്നൊരുക്കങ്ങൾ ശാസ്‌ത്രീയമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്‌. ക്ലസ്റ്ററുകളിൽ ക്ലാസ്‌റും അനുഭവങ്ങളും പഠനപ്രവർത്തനങ്ങളിലൂടെ കുട്ടികൾ രൂപപ്പെടുത്തിയ ഉല്‌പന്നങ്ങളും പ്രദർശിപ്പിക്കുകയും ചർച്ചയ്‌ക്ക്‌ വിധേയമാക്കുകയും വേണം. ഗുണകരമായ വശങ്ങൾ സ്വാംശീകരിക്കാനുള്ള കർമ്മപദ്ധതികൾ തയ്യാറാക്കണം. ഇതിന്നാവട്ടെ സ്വയം ബോധ്യപ്പെടുന്ന പ്രക്രിയകളും അവസരങ്ങളും ക്ലസ്റ്ററുകളിൽ ഉണ്ടാവണം. ഇക്കാര്യങ്ങളിൽ ശ്രദ്ധ കുറയുന്നതിനാൽ ക്ലസ്റ്ററുകളും പരിശീലനങ്ങളും ചടങ്ങുകളായിക്കൊണ്ടിരിക്കുന്നു.

� നിരന്തര മൂല്യനിർണയം, ടേം മൂല്യനിർണയം എന്നിവ അവയുടെ ഉദ്ദേശ്യങ്ങൾ നിറവേറും വിധം ഫലപ്രദമായി നടപ്പാക്കുമെന്നുറപ്പാക്കുകയും അവയുടെ ഫലങ്ങൾ രേഖപ്പെടുത്തുന്നതിൽ ഇന്നുള്ള സങ്കീർണതകൾ ഒഴിവാക്കി പ്രായോഗികമാക്കുകയും വേണം.

� ഗ്രേഡിംഗ്‌ സമ്പ്രദായം പിഴവുകൾ തീർത്ത്‌ മെച്ചപ്പെടുത്തിയെടുക്കാൻ ആവശ്യമായ പഠനങ്ങളും ട്രൈ ഔട്ടുകളും നടക്കുന്നില്ല. തുടർമൂല്യനിർണയം കുട്ടിയുടെ പഠനപ്രക്രിയയുടെ ഭാഗമാവുകയും പഠനത്തെ മെച്ചപ്പെടുത്തുന്ന ഒരുപാധിയായി മാറുകയും ചെയ്യണം.

� ടേം പരീക്ഷയാകട്ടെ പഠിതാവിന്റെ ആർജിത ജ്ഞാനത്തെയും അതു പ്രയോഗിക്കാനുള്ള കഴിവിനേയും അതനുസരിച്ചുണ്ടാവേണ്ട മനോഭാവമാറ്റത്തെയും അളക്കാൻ പര്യാപ്‌തമാവണം. ഇവ രണ്ടിന്റെയും രേഖപ്പെടുത്തലുകൾ കുറേക്കൂടി അധ്യാപക സൗഹൃദപരമാവുകയും വേണം. ഇത്തരം കാര്യങ്ങൾ കണക്കിലെടുത്ത്‌ വേണ്ട മാറ്റങ്ങളോടെ ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ അധ്യാപകർക്ക്‌ ആഴത്തിലുള്ള മൂല്യനിർണയ പരിശീലനപരിപാടികൾ ഉടൻതന്നെ നല്‌കേണ്ടതാണ്‌. അതിന്റെ ഫലങ്ങൾ വരുംവർഷം തുടർച്ചയായി മോണിറ്റർ ചെയ്യുകയും വേണം.

� പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട്‌ ജനസാമാന്യത്തിനുണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിച്ച്‌ പാഠ്യപദ്ധതി സമീപനങ്ങളിൽ തിരിച്ചുപോക്കുണ്ടാവാതെ മെച്ചപ്പെട്ട പാഠപുസ്‌തകങ്ങൾക്കായുള്ള നിരന്തരമായ ശ്രമങ്ങൾ തുടരേണ്ടതുണ്ട്‌.

� ധൃതിപിടിച്ചു ചെയ്യേണ്ട ഒന്നല്ല പാഠപുസ്‌തകപരിഷ്‌കരണം. പാഠ്യപദ്ധതി സമീപനമനുസരിച്ച്‌ തയ്യാറാക്കുന്ന കരിക്കുലം പ്രസ്‌താവനകളും സിലബസ്‌ ഗ്രിഡുകളും അതിനനുസരിച്ചു തയ്യാറാക്കിയ പാഠഭാഗങ്ങളും ക്ലാസ്‌മുറികളിൽ പ്രയോഗിച്ചു മെച്ചപ്പെടുത്തിയ ശേഷം മാത്രമേ വ്യാപകമായി നടപ്പിലാക്കാവു.

� പാഠപുസ്‌തകങ്ങളിലെ അപാകതകൾ കേരളത്തിൽ എപ്പോഴും രാഷ്‌ട്രീയവല്‌ക്കരിക്കപ്പെടുന്നത്‌ ഒരു വസ്‌തുതയാണ്‌. ഇത്‌ തടയാനാവില്ല. എന്നാൽ സ്‌ഖലിതങ്ങളും പോരായ്‌മകളും ഒഴിവാക്കിയേ പറ്റൂ. 1, 3, 5, 7 ക്ലാസുകളിലെ പാഠപുസ്‌തകങ്ങൾ കഴിഞ്ഞ ഒരു കൊല്ലത്തെ അനുഭവം ഉൾക്കൊണ്ടുകൊണ്ട്‌ വീണ്ടും മെച്ചപ്പെടുത്തണം. ഇപ്പോൾ അച്ചടിച്ചിട്ടുളള പുസ്‌തകങ്ങളും വരുംവർഷം സൂക്ഷ്‌മപഠനത്തിനു വിധേയമാക്കി കൂടുതൽ ശാസ്‌ത്രീയവും മികവുറ്റതുമാക്കിതീർക്കണം. ഇതിനുള്ള പഠനങ്ങൾക്കും സർവേകൾക്കുമുള്ള മുന്നൊരുക്കങ്ങളും ഉടൻ ആരംഭിക്കേണ്ടതുണ്ട്‌.

മേല്‌പറഞ്ഞ കാര്യങ്ങളിൽ അടിയന്തിരമായ ശ്രദ്ധയും ഇടപെടലുകളും നടത്തി പൊതുവിദ്യാഭ്യാസത്തിനു ശക്തിപകരാൻ കേരള സർക്കാറിനോട്‌ പരിഷത്തിന്റെ 46-ാം വാർഷിക സമ്മേളനം ആവശ്യപ്പെടുന്നു.

മദ്യാസക്തിക്കെതിരെ ബഹുജനപ്രസ്ഥാനം ആരംഭിക്കണം

കേരളം കൈവരിച്ച സാമൂഹ്യനേട്ടങ്ങളെ തകർക്കുന്ന ഒരു പ്രധാന പ്രശ്‌നമാണ്‌ വർധിച്ചുവരുന്ന മദ്യപാനം. ഇന്ത്യയിൽ ആളോഹരി മദ്യ ഉപഭോഗത്തിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്‌. പ്രതിവർഷം ഒമ്പത്‌ ലിറ്റർ ആണെന്നാണ്‌ പുതിയ കണക്ക്‌. അതായത്‌ 30 കോടി ലിറ്ററോളം മദ്യം കേരളം ഒരു വർഷം കുടിച്ചു തീർക്കുന്നു. കേരളത്തിലെ 15-49 പ്രായമുള്ള പുരുഷൻമാരിൽ 45.2%വും മദ്യപാനികളാണ്‌. ഇന്ത്യൻ ശരാശരി 31.9%മാണ്‌. ഒരു വർഷത്തിൽ ഏതാണ്ട്‌ 7500 കോടി രൂപയുടെ ലഹരി പദാർത്ഥങ്ങൾ കേരളത്തിൽ ചെലവാകുന്നതായാണ്‌ അനൗദ്യോഗികമായ കണക്ക്‌. 2007 -08 ൽ ബീവറേജസ്‌ കോർപ്പറേഷന്റെ മാത്രം വിറ്റുവരവ്‌ 3670 കോടി രൂപയാണ്‌. മുൻവർഷത്തേക്കാൾ 527 കോടി രൂപ കൂടുതലാണ്‌ ഇത്‌. അതായത്‌ 17 ശതമാനത്തിന്റെ വർധന. 2008-09 ൽ ചുരുങ്ങിയത്‌ 20 ശതമാനം വർധന കണക്കാക്കിയാൽ ഏതാണ്ട്‌ 3750 കോടി രൂപയോളം സർക്കാർ വിൽക്കുന്ന മദ്യത്തിനായി ജനങ്ങൾ ചെലവാക്കുന്നു. ഇതിന്‌ പുറമെ പട്ടാള കാന്റീൻ വഴിയുള്ളതും കള്ള്‌, കള്ളവാറ്റ്‌, വ്യാജമദ്യം എന്നിവയുടെ വിൽപ്പനയും വിവിധതരം ലഹരി വസ്‌തുക്കളും ചേർന്നാൽ ഏതാണ്ട്‌ 7500 കോടി രൂപയോളം ആയേക്കും. കേരളത്തിലെ ഇപ്പോഴത്തെ അരിക്കച്ചവടം വർഷത്തിൽ 2880 കോടി രൂപയുടേതാണ്‌.

കേരളത്തിൽ മദ്യപാനത്തിന്റെ തീവ്രത കൂടിക്കൊണ്ടിരിക്കയാണ്‌. 20 വർഷം മുമ്പ്‌ 300 ൽ ഒരാളാണ്‌ കേരളത്തിൽ മദ്യപാനി എന്നുണ്ടെങ്കിൽ ഇപ്പോഴത്‌ 20 ൽ ഒരാളായി വർധിച്ചിരിക്കുന്നു. മാത്രമല്ല. മദ്യം ഉപയോഗിച്ചു തുടങ്ങുന്ന പ്രായം 1986 ൽ 19 വയസായിരുന്നത്‌ 1990 ൽ 17 ആയും 1994 ൽ 14 ആയും കുറഞ്ഞിരിക്കുന്നു. ഇപ്പോഴത്‌ കുറഞ്ഞ്‌ 13 ആയിരിക്കുന്നു.

റോഡപകടങ്ങളിൽ 60 ശതമാനവും മദ്യപാനം മൂലമാണത്രെ. മദ്യഷാപ്പുകളുടെ ഒഴിവുദിനത്തിൽ കേരളത്തിൽ റോഡപകടങ്ങൾ, പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങളുടെ അപകടം വളരെക്കുറയുന്നതായി കണക്കുകൾ കാണക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി മദ്യപാനികളിൽ കുറഞ്ഞുവരികയാണ്‌. അവർക്കിടയിൽ ജീവിതശൈലീരോഗത്തിന്റെ നിരക്കാകട്ടെ വളരെ കൂടുതലുമാണ്‌. 63 ശതമാനം പേർക്ക്‌ പ്രമേഹരോഗമുള്ളതായും 31 ശതമാനം പേർ ഉയർന്ന രക്തസമ്മർദ്ദം ഉള്ളവരാണെന്നും അറിയുന്നു. അതിനാൽ മദ്യപാനികൾക്ക്‌ വലിയ ഒരു തുക ചികിത്സക്കായി കണ്ടെത്തേണ്ടി വരുന്നു. ഇത്‌ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പിന്നേയും മോശമാക്കുന്നു.

കേരളത്തിൽ സുഖദു:ഖങ്ങൾ പങ്കിടുന്ന വേളകളിലെല്ലാം മദ്യം പ്രധാന പങ്കാളിയാണ്‌. വിവാഹം, ജനനം, മരണം, വീടുപണി, സാമൂഹ്യആഘോഷങ്ങൾ, വിശേഷദിവസങ്ങൾ, ഉത്സവം എന്നിങ്ങനെ കൈക്കൂലി വാങ്ങുന്നവർക്കിടയിലെ മദ്യഉപഭോഗവും കൈക്കൂലിയായി `കുപ്പി' നൽകുന്നതും സാധാരണമായിരിക്കുന്നു. ബന്ദ്‌, ഹർത്താൽ പോലുള്ള ദിവസങ്ങൾ പോലും ആഘോഷദിവസങ്ങളായി മാറിക്കൊണ്ടിരിക്കയാണ്‌. മദ്യവിൽപ്പന തിമർക്കുന്ന ദിവസങ്ങളാണിവ. അമിതമദ്യപാനം ഒരു ആരോഗ്യ പ്രശ്‌നമാണെന്ന്‌ പൊതുവിൽ അംഗീകരിച്ചിരിക്കുന്നു. എന്നാൽ അതിലും പ്രധാനമാണ്‌ മദ്യം ഉണ്ടാക്കുന്ന കുടുംബപ്രശ്‌നങ്ങൾ. ഇത്‌ അനുഭവിക്കുന്നത്‌ പ്രധാനമായും സ്‌ത്രീകളും കുട്ടികളുമാണ്‌. കുട്ടികൾക്ക്‌ പഠിക്കാനും വളരാനും വേണ്ട പണം കുടിച്ചു കളയുന്നു എന്നത്‌ മാത്രമല്ല മെച്ചപ്പെട്ട ജീവിതത്തിനുള്ള ഗാർഹിക അന്തരീക്ഷം തന്നെ മദ്യപാനം വഴി ഇല്ലാതാകുന്നു.

കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്‌ഡലങ്ങളിൽ ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്ന അമിത ലഹരി ഉപയോഗത്തെ ഇല്ലായ്‌മ ചെയ്യുന്നതിന്‌ അതിബൃഹത്തായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ആവശ്യമായിരിക്കുന്നു. ഇതിന്‌ മുൻകൈ എടുക്കണമെന്ന്‌ കേരളത്തിലെ സമസ്‌ത ബഹുജന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളോടും കേരള സർക്കാരിനോടും ഈ സമ്മേളനം ആവശ്യപ്പെടുന്നു.

തണ്ണീർ തടങ്ങൾ ഏറ്റെടുക്കാൻ വേണ്ടി കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദുചെയ്യുക

വരണ്ട പ്രദേശത്തിനും, തുറന്ന ജലപ്പരപ്പിനും മദ്ധ്യേ നിലകൊള്ളുന്ന അവസ്ഥാന്തര മേഖലകളാണ്‌ തണ്ണീർത്തടങ്ങൾ. പുഴകൾ, തടാകങ്ങൾ, കായലുകൾ, അഴിമുഖങ്ങൾ, കണ്ടൽക്കാടുകൾ, ചതുപ്പുകൾ, നെൽവയലുകൾ എന്നിവയൊക്കെ ഇതിൽ ഉൾപ്പെടുന്നു. മണ്ണൊലിപ്പ്‌ തടയുക, തീരദേശത്തെ സംരക്ഷിക്കുക, ജലം ശുദ്ധീകരിക്കുക, അധികമായി ആവാസ വ്യവസ്ഥയിൽ എത്തിച്ചേരുന്ന സസ്യപോഷകങ്ങളെയും ലോഹങ്ങളെയും ആഗീരണം ചെയ്യുക, ജൈവ വൈവിധ്യം സംരക്ഷിക്കുക, തുടങ്ങി വളരെയധികം ധർമ്മങ്ങൾ തണ്ണീർത്തടങ്ങൾ നിർവ്വഹിക്കുന്നു, ഇങ്ങനെ ഭൂമിയിലെ ജീവന്റെ നില നില്‌പിനു തന്നെ ആവശ്യമായ തണ്ണീർത്തടങ്ങൾ നാശത്തിന്റെ വക്കിലാണ്‌. ഇത്തരം ആവാസ വ്യവസ്ഥയെ ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ ജീവികൾ അറ്റുപോയിക്കൊണ്ടിരിക്കുന്നു.

ഈ പശ്ചാത്തലത്തിൽ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ്‌ പുറപ്പെടുവിച്ച വിജ്ഞാപനം പരിശോധിക്കുമ്പോൾ തണ്ണീർത്തടങ്ങളുടെ സംരക്ഷണം അതിലെ വ്യവസ്ഥകൾ ഉറപ്പാക്കുന്നില്ലെന്ന്‌ മനസ്സിലാക്കാൻ കഴിയും. നെൽപ്പാടങ്ങളും കായലും ചതുപ്പുനിലങ്ങളും നികത്തി വാണിജ്യാവശ്യങ്ങൾക്ക്‌ വിനിയോഗിക്കുവാൻ തുടങ്ങിയതോടെയാണ്‌ തണ്ണീർത്തടങ്ങൾ ക്ഷയിച്ച്‌ തുടങ്ങിയത്‌. അവശേഷിക്കുന്ന തണ്ണീർത്തടങ്ങളെ സംരക്ഷിക്കുവാനുള്ള ശക്തമായ നീക്കങ്ങളൊന്നും വിജ്ഞാപനത്തിൽ ദൃശ്യമല്ല. രാജ്യത്തെ തണ്ണീർത്തടങ്ങളെയെല്ലാം സമഗ്രമായി കണ്ടുകൊണ്ടു വേണം സംരക്ഷണ നയങ്ങൾക്ക്‌ രൂപം നൽകാൻ. കാരണം തണ്ണീർത്തടങ്ങൾ ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ജൈവവ്യവസ്ഥയല്ല. എന്നാൽ വിജ്ഞാപനത്തിലെ പരിഛേദം മുന്ന്‌ പ്രകാരം തെരെഞ്ഞെടുത്ത ചില തണ്ണീർത്തടങ്ങൾക്ക്‌ മാത്രമാണ്‌ വിജ്ഞാപനം ബാധകമാവുക. ഇപ്രകാരം തെരെഞ്ഞെടുക്കുന്നവയെ മൂന്നായി തരം തിരിച്ചിട്ടുമുണ്ട്‌. തണ്ണീർത്തടങ്ങളുടെ തെരെഞ്ഞെടുപ്പിൽ സംസ്ഥാനസർക്കാറിനോ, പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങൾക്കോ പങ്കില്ല. തദ്ദേശ പൗര സമൂഹത്തിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹായ സഹകരണമില്ലാതെ തണ്ണീർത്തടങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ സാധ്യമല്ലായെന്നിരിക്കെ അവയെ തീർത്തും ഒഴിവാക്കി കൊണ്ടുള്ള ഈ വിജ്ഞാപനം അപ്രായോഗികമാണ്‌.

പൊതുവായ ആവശ്യങ്ങൾക്കല്ലാതെ തണ്ണീർത്തടങ്ങൾ പരിവർത്തനം ചെയ്യാൻ പാടില്ലായെന്നാണ്‌ വിജ്ഞാപനം നിർദ്ദേശിക്കുന്നത്‌. പൊതു താല്‌പ്പര്യം എന്ന മറവിൽ തണ്ണീർത്തടങ്ങൾ പരിവർത്തനം ചെയ്യാനുള്ള ലൈസൻസായി ഈ വ്യവസ്ഥ മാറാൻ എല്ലാ സാധ്യതകളും ഉണ്ട്‌. അതിനാൽ ഒരു കാരണവശാലും തണ്ണീർത്തടങ്ങൾ പരിവർത്തനം ചെയ്യാൻ പാടില്ലായെന്ന വ്യവസ്ഥയാണ്‌ വേണ്ടത്‌. പരിവർത്തനം സംബന്ധിച്ച വ്യവസ്ഥകളെല്ലാം തന്നെ വിജ്ഞാപനത്തിൽ നിന്ന്‌ ഒഴിവാക്കേണ്ടതാണ്‌.

ജലസ്രോതസ്സുകളുടെ സംരക്ഷണം ഒരു സംസ്ഥാന വിഷയമാണ്‌. പട്ടിക എ യിൽ പെടുത്തുന്ന തണ്ണീർത്തടങ്ങളെല്ലാം കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിൽ വരുന്നുവെന്ന്‌ വിജ്ഞാപനം പറയുന്നു. ഇത്‌ സംസ്ഥാന സർക്കാറുകളുടെ അധികാര പരിധിയിലേക്കുള്ള ഒരു കടന്നുകയറ്റമാണ്‌. കേരള നിയമസഭ പാസ്സാക്കിയ നെൽവയൽ പരിസ്ഥിതി സംരക്ഷണ ആക്‌ടിലെ വ്യവസ്ഥകൾക്ക്‌ വിരുദ്ധമാണ്‌ പ്രസ്‌തുത വിജ്ഞാപനം.

തണ്ണീർത്തടത്തിന്റെ ക്ഷയത്തിനു വഴിവെക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക്‌ 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമങ്ങളിൽ നിർദ്ദേശിക്കുന്ന ശിക്ഷ തികച്ചും മൃദുവായതാണ്‌. ഭക്ഷ്യ സുരക്ഷയ്‌ക്കും ജലസംരക്ഷണത്തിനും ആവശ്യമായ തണ്ണീർത്തട വ്യവസ്ഥയുടെ പരിരക്ഷണം കൂടുതൽ ഗൗരവത്തിൽ പരിഗണിക്കേണ്ട ഒരു വിഷയമാണ്‌. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വിജ്ഞാപനം തണ്ണീർത്തട സംരക്ഷണത്തിന്‌ തീർത്തും അപര്യാപ്‌തമാകയാൽ അത്‌ പിൻവലിക്കണമെന്ന്‌ ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ 46-ാം സംസ്ഥാന സമ്മേളനം കേന്ദ്ര സർക്കാറിനോട്‌ ആവശ്യപ്പെടുന്നു.

സമഗ്ര ഭൂവിനിയോഗ നിയമം നടപ്പിലാക്കുക

1967 ലെ മന്ത്രിസഭയാണ്‌ കേരളത്തിൽ ഭക്ഷ്യവിള ഭൂമികളുടെ പരിധി നിശ്ചയിച്ചുകൊണ്ടുള്ള നിയമം നടപ്പിലാക്കിയത്‌. അതുമായി ബന്ധപ്പെട്ടിറക്കിയ ഭൂവിനിയോഗ നോട്ടിഫിക്കേഷനാണ്‌ ഇന്നും കേരളത്തിലെ ഭൂവിനിയോഗത്തിന്റെ അടിത്തറ. കഴിഞ്ഞ നാലു ദശകങ്ങളായി ഭൂവിനിയോഗത്തിൽ വമ്പിച്ച മാറ്റങ്ങൾ വന്ന സാഹചര്യത്തിൽ സമഗ്രമായ ഒരു പുതിയ ഭൂവിനിയോഗ നിയമം അത്യന്താപേക്ഷിതമാണെന്ന്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കരുതുന്നു.

ഈ കാലയളവിൽ കേരളത്തിലെ നെൽവിളയുന്ന നിലങ്ങൾ പകുതിയിൽ താഴെയായി കുറഞ്ഞിരിക്കുന്നു. തെങ്ങ്‌, റബർ തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്ന ഭൂമികൾ വൻതോതിൽ വർധിച്ചിരിക്കുന്നു. റിസർവ്വ്‌ വനങ്ങളടക്കം ലഭ്യമായ വിളഭൂമിയിൽ വലിയ ഭാഗം നാണ്യവിള കർഷകർ കയ്യടക്കിയിരിക്കുകയാണ്‌. തീരപ്രദേശങ്ങളെ സംരക്ഷിച്ചിരുന്ന കണ്ടൽ, കൈത, പയൻ മരങ്ങൾ വെട്ടി നശിപ്പിച്ച്‌ നാണ്യവിളകൾ വളർത്തുകയും നഗരപ്രദേശങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. നഗരപ്രദേശങ്ങൾ മറ്റ്‌ ഭാഗങ്ങളിലും വൻതോതിൽ വ്യാപിക്കുകയും വിള നിലങ്ങളടക്കം കയ്യടക്കുകയും ചെയ്യുന്നു. ജനസാന്ദ്രത താരതമ്യേന കുറവായിരുന്ന പശ്ചിമഘട്ട പ്രദേശങ്ങളിലാണ്‌ കേരളത്തിലെ ജനസംഖ്യയിൽ പകുതി ഭാഗവും താമസിക്കുന്നതെന്നാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. അവിടെയും ഭൂമി കൈയ്യേറ്റം നിർബാധം തുടരുകയാണ്‌.

കൃഷി ചെയ്യാതെ ഭൂമി ക്രയവിക്രയം മാത്രം നടത്തുന്ന റിയൽ എസ്റ്റേറ്റ്‌ ഏജൻസികളുടെയും ഇടത്തട്ടുകാരുടെയും കൈപ്പിടിയിലൊതുങ്ങുകയാണ്‌ കേരളം. ഇവരുടെ ഇടപെടലുകളുടെ ഫലമായി സാധാരണ ജനങ്ങളുടെ കിടപ്പാടങ്ങൾ പോലും നഷ്‌ടപ്പെടുന്ന സ്ഥിതി വളരുകയാണ്‌. ആരാധാനാലയങ്ങൾക്കായി പൊതുഭൂമി കൈയ്യേറുന്നതായും കണ്ടുവരുന്നു. ഭൂപരിഷ്‌ക്കരണത്തിന്റെ ഫലമായി പാട്ടക്കുടിയാൻമാർക്ക്‌ ഭൂമി ലഭിച്ചെങ്കിലും കൂടി കിടപ്പവകാശമൊഴികെ മറ്റൊന്നും ലഭിക്കാത്ത വമ്പിച്ച ജനവിഭാഗം കേരളത്തിലുണ്ട്‌. അവരുടെ സ്ഥിതിയിൽ ഇപ്പോഴും മാറ്റം വന്നിട്ടില്ല. ജനസാന്ദ്രത ഏറെയുള്ള കേരളത്തിൽ റോഡുനിർമ്മാണം പോലും വൻതോതിൽ കുടിയൊഴിപ്പിക്കാതെ നടക്കുകയില്ലെന്ന സാഹചര്യം ഇന്നുണ്ട്‌. ഇതിന്റെയൊക്കെ ഫലമായി ഭൂരഹിതരും ഭൂമി നഷ്‌ടപ്പെടാനിടയുള്ളവരും ഒരു വശത്തും ഭൂമാഫിയ മറുവശത്തുമായുള്ള വൈരുദ്ധ്യം ഏറിവരികയാണ്‌.

കേരളത്തിലെ അധ്വാനിക്കുന്ന ജനങ്ങൾക്ക്‌ കിടപ്പാടവും ജീവിതാവസരങ്ങളും ഒരുക്കുന്ന വിധത്തിലായിരിക്കണം ഭൂവിനിയോഗം രൂപപ്പെടുത്തേണ്ടതെന്ന്‌ പരിഷത്ത്‌ ആവശ്യപ്പെടുന്നു. ഭൂമിയുടെ ക്രയവിക്രയം നിജപ്പെടുത്തുക, അനിയന്ത്രിതമായ നിലം നികത്തൽ, കുന്നിടിക്കൽ എന്നിവ പൂർണമായി അവസാനിപ്പിക്കുക, കൃഷിയോഗ്യമായ തരിശുഭൂമികളിൽ കൃഷി നടക്കാനാവശ്യമായ സാമൂഹ്യസംവിധാനങ്ങൾ ഏർപ്പെടുത്തുക, തീരപ്രദേശത്തും പശ്ചിമഘട്ടപ്രദേശങ്ങളിലുമുള്ള കടന്നുകയറ്റം അവസാനിപ്പിക്കുക, മിച്ചഭൂമികൾ മുഴുവൻ ഏറ്റെടുത്ത്‌ ആദിവാസികളും ദളിതരുമടങ്ങുന്ന തൊഴിലാളികൾക്ക്‌ നൽകുകയും ചെയ്യുക, പ്രവർത്തനരഹിതമായ എസ്റ്റേറ്റുകൾ ഏറ്റെടുത്ത്‌ പ്രവർത്തിപ്പിക്കുക തുടങ്ങിയവ അടങ്ങുന്നതാകണം പുതിയ ഭൂനിയമം.

എക്സ്പ്രസ്സ്‍വേയെ പ്രച്ഛന്നവേഷത്തിൽ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കുക

യു.ഡി.എഫ്‌. സർക്കാരിന്റെ കാലത്തു നടപ്പാക്കാൻ ശ്രമിച്ച്‌, വ്യാപകമായ എതിർപ്പിനെത്തുടർന്ന്‌ ഉപേക്ഷിക്കാൻ നിർബന്ധിതമായ `എക്‌സ്‌പ്രസ്‌വേ' പദ്ധതി കേരള സർക്കാരിന്റെ പുതിയ റോഡുനയത്തിന്റെ ഭാഗമായി തെക്കുവടക്ക്‌ കോറിഡോർ എന്ന പേരിൽ വീണ്ടും ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമത്തിൽ നിന്ന്‌ സർക്കാർ പിന്തിരിയണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു. എക്‌സ്‌പ്രസ്‌വേയ്‌ക്ക്‌ എതിരായി പലവിധത്തിലുള്ള വാദങ്ങളും പലരും ഉയർത്തിയിരുന്നുവെങ്കിലും പരിഷത്ത്‌ മുന്നോട്ടുവച്ച പ്രധാന വാദങ്ങൾ താഴെ പറയുന്നവയായിരുന്നു.

1. ഇത്‌ കേരളത്തിലെ അടിയന്തിര ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉതകില്ല.

2. കേരളത്തിന്റെ ദീർഘദൂര ഗതാഗത വികസനത്തിൽ മുൻഗണന കിട്ടേണ്ട പദ്ധതികൾ റെയിൽവേ പാത ഇരട്ടിപ്പിക്കലും സർക്കാരിന്റെ നേതൃത്വത്തിൽ ദേശീയപാതകൾ NH 47, NH 17 നാലുവരിയാക്കലും ആണ്‌. ഇവ നടപ്പാക്കിക്കഴിഞ്ഞാലും മറ്റൊരു എക്‌സ്‌പ്രസ്‌വേ കൂടിയേ തീരൂ എന്നു തെളിയിക്കുന്ന ഒരു പഠനവും ലഭ്യമല്ല. ആ സ്ഥിതിക്ക്‌ ഇത്‌ ധൂർത്തും ദുർവ്യയവും ആണ്‌.

3. ടോൾ പിരിച്ചുകൊണ്ട്‌ പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന അതിവേഗ പാത പ്രാദേശിക ഗതാഗതത്തെയും ജനജീവിതത്തെയും തകരാറിലാക്കും. റോഡുകൾ മുറിയും, നീർച്ചാലുകൾ തടസ്സപ്പെടും. ജനങ്ങളുടെ ചെലവ്‌ വർധിക്കുകയും സമയം നഷ്‌ടപ്പെടുകയും ചെയ്യും. ആവശ്യത്തിന്‌ മേൽപാലങ്ങളും കലുങ്കുകളും പണിയാം എന്നുള്ള വാഗ്‌ദാനം ഒരിക്കലും കേരളത്തിൽ നടപ്പായിട്ടില്ല. റെയിൽവേയുടെ കാര്യത്തിൽ അതിന്റെ മഹത്തായ സാമൂഹ്യലാഭം കണക്കാക്കി ജനങ്ങൾ അതൊക്കെ സഹിക്കുകയാണ്‌. കുറേപേർക്ക്‌ നൂറൂ-നൂറ്റിഇരുപതു കി.മീ. വേഗത്തിൽ വണ്ടിയോടിക്കാൻ വേണ്ടി ഇതൊക്കെ ജനങ്ങൾ സഹിക്കണമെന്നു പറയുന്നതു നീതിയല്ല.

ഈ കാരണങ്ങളൊക്കെ ഇപ്പോഴും പ്രസക്തമാണ്‌. അതിനാൽ പേരുമാറ്റി എക്‌സ്‌പ്രസ്‌വേ കൊണ്ടുവരുന്നതിനു പകരം റെയിൽപാത ഇരട്ടിപ്പിക്കൽ, കൂടുതൽ ലോക്കൽ ട്രെയിനുകൾ ഓടിക്കൽ, ദേശീയപാതകൾ നാലുവരിയും ആവശ്യമുള്ളിടത്ത്‌ ആറുവരിയും ആക്കൽ, നഗരങ്ങൾക്കു ബൈപ്പാസ്‌ പണിയൽ, കവലകൾക്ക്‌ മേൽപ്പാലങ്ങൾ പണിയൽ തുടങ്ങിയ ഘടകങ്ങളടങ്ങിയ സമഗ്ര ഗതാഗത വികസന പരിപാടി നടപ്പാക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

ദേശീയപാത വികസന പദ്ധതിയിലെ ബി ഒ ടി വൽക്കരണം ഉപേക്ഷിക്കുക

കേരളത്തിലെ പ്രധാന ദേശീയ പാതകളായ NH 47, NH 17 എന്നിവയുടെ വികസനം ബി.ഒ.ടി. അടിസ്ഥാനത്തിൽ ആയിരിക്കും എന്ന നയത്തെ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ഉത്‌കണ്‌ഠയോടെ വീക്ഷിക്കുന്നു. മുൻവർഷം ഈ പ്രശ്‌നം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നതാണ്‌. NH 47ലെ അങ്കമാലി-മണ്ണൂത്തി സെക്ഷനിൽ നടപ്പാക്കുന്ന ബി.ഒ.ടി. വഴിയുള്ള റോഡ്‌ സ്വകാര്യവത്‌കരണം ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്ന ബുദ്ധിമുട്ടുകൾ സർക്കാരിന്റെ കണ്ണു തുറപ്പിക്കുന്നില്ല എന്നത്‌ ദൗർഭാഗ്യകരമാണ്‌. ബി.ഒ.ടി. മുതലാക്കണമെങ്കിൽ ടോൾ പിരിവു കൂടിയേ തീരൂ. ടോൾ പിരിക്കണമെങ്കിൽ ഹൈവേ നിയന്ത്രിത പ്രവേശനമുള്ളതാക്കി മാറ്റിയേ പറ്റൂ. അതായത്‌ ഇടറോഡുകളിൽ നിന്നുള്ള പ്രവേശനവും മുറിച്ചു കടക്കലും നിശ്ചിത പോയിന്റുകളിലാക്കി ചുരുക്കണം. ഇരുവശവും സർവീസ്‌ റോഡുകൾ കൊടുത്താൽപോലും ഇത്‌ തദ്ദേശവാസികളുടെ ദൈനംദിന യാത്രകളെയും റോഡുപയോഗത്തെയും തടസ്സപ്പെടുത്തും എന്നതുറപ്പാണ്‌. അതിന്റെ സൂചനകൾ ചാലക്കുടിയിൽ തെളിഞ്ഞുകഴിഞ്ഞു. 92 ചെറു റോഡുകളും 41 വലിയ റോഡുകളും വന്നുചേരുന്ന ഈ ദേശീയ പാതയ്‌ക്കു കുറുകേ കടക്കാൻ 6 മുകൾപാതകൾ മാത്രമേ പണിയുന്നുള്ളൂ എന്നതിൽ നിന്നുതന്നെ ഈ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാകും. ഇതേ ദൂരത്തിനിടയ്‌ക്ക്‌ റെയിൽവേ 24 ലെവൽ ക്രോസ്സിങ്ങുകൾ കൊടുത്തിട്ടുണ്ട്‌ എന്നതും ഓർക്കുക.

ജനങ്ങൾക്ക്‌ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ബി.ഒ.ടി. വ്യവസ്ഥയ്‌ക്ക്‌ രണ്ടു കാരണങ്ങളാണ്‌ പറയുന്നത്‌: ഒന്ന്‌, സർക്കാർ നേരിടുന്ന വിഭവദാരിദ്ര്യം. രണ്ട്‌, സമയബന്ധിതമായും ഗുണമേന്മയോടെയും പണികൾ തീർക്കാൻ സ്വകാര്യമേഖലക്കുള്ള കഴിവ്‌. ഇതുരണ്ടും വസ്‌തുതകൾക്കു നിരക്കുന്നില്ല. സ്വകാര്യ ഏജൻസികളായാലും പദ്ധതിച്ചെലവിന്റെ ചെറിയൊരു ഭാഗം മാത്രമേ സ്വന്തമായി മുടക്കാറുള്ളൂ. ബാക്കി അവർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നു വായ്‌പ എടുക്കുകയാണു പതിവ്‌. ഇതു സർക്കാരിനും ആകാവുന്നതേയുള്ളൂ. സ്വകാര്യ കോൺട്രാക്‌ടർമാരുടെ കാര്യപ്രാപ്‌തി പ്രയോജനപ്പെടുത്തുന്ന വിധത്തിൽ ടെൻഡർ വിളിച്ച്‌ പണി അവരെ ഏൽപ്പിക്കുകയാണ്‌ എല്ലാ സർക്കാർ ഡിപ്പാർട്ടുമെന്റുകളും ഏജൻസികളും ചെയ്യാറുള്ളത്‌. പക്ഷേ അവരുടെ സാങ്കേതിക/മാനേജുമെന്റു മികവു പ്രയോജനപ്പെടുത്തുന്നതിലുപരിയായി, റോഡുവികസനം തന്നെ ഒരു നിക്ഷേപസാധ്യതയാക്കി മാറ്റുന്ന സ്വകാര്യവത്‌കരണ അജണ്ടയാണ്‌ ബി.ഒ.ടി.യിലൂടെ നടപ്പാക്കുന്നത്‌. റോഡുപണിയിലുള്ള മാർജിനു പുറമേ നിക്ഷേപത്തിലുള്ള ലാഭം കൂടി ടോൾപിരിവിലൂടെ ഈടാക്കേണ്ടിവരുന്നതുകൊണ്ട്‌ ഇതു ജനങ്ങളുടെ ഭാരം കൂട്ടുകയേ ഉള്ളൂ എന്നതു വ്യക്തമാണ്‌. അതിനാൽ ഇത്‌ പൊതുസംവിധാനങ്ങളെ നിർബന്ധപൂർവം സ്വകാര്യവത്‌കരിക്കുക എന്ന നവലിബറൽ പരിഷ്‌കാരം തന്നെയാണ്‌. അത്‌ സംസ്ഥാനങ്ങളുടെ പുറത്ത്‌ അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാരിനോടും അതിന്റെ രാഷ്‌ട്രീയം തിരിച്ചറിഞ്ഞ്‌ എതിർക്കുന്നതിനുപകരം അതിനു വഴങ്ങിക്കൊടുക്കുന്ന സംസ്ഥാന സർക്കാരിനോടും ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. ഈ നീക്കത്തെ ചെറുത്തുതോൽപ്പിക്കാൻ കേരളത്തിലെ ജനങ്ങളോട്‌ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.


ദേശീയ ജൈവ സാങ്കേതിക വിദ്യാനിയന്ത്രണ നിയമം പിൻവലിക്കുക

പോയ നൂറ്റാണ്ടിന്റെ മഹത്തായ ശാസ്‌ത്ര സംഭവാനയാണ്‌ ജീനോമിക വിജ്ഞാനം. ജൈവ സാങ്കേതിക വിദ്യയുടെ പ്രയോഗ സാധ്യത സ്ഥൂല തലത്തിൽ അതിവിപുലമാണെങ്കിലും തന്മാത്രാ തലത്തിലുള്ള സാങ്കേതിക വിദ്യയുടെ മാത്രം പര്യായമായി ഇന്നത്‌ മാറിയിട്ടുണ്ട്‌. അവയിൽ പ്രമുഖസ്ഥാനം ഡി.എൻ.എ പുനഃസംയോജന സാങ്കേതിക വിദ്യക്കാണ്‌. ജനിതക പരിവർത്തിതമായ സസ്യജന്തു സൂക്ഷ്‌മ ജീവികൾ ഒട്ടേറെ സാമൂഹിക-നൈതിക- ആരോഗ്യ പ്രശ്‌നങ്ങൾ ഉയർത്തുന്നുണ്ട്‌. ജൈവസാങ്കേതിക വിദ്യയുടെ കുത്തക ഏതാനും രാഷ്ട്രാന്തര കോർപറേറ്റ്‌ കമ്പനികളിലാണ്‌. ലാഭം നേടാൻ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള അവയുടെ പ്രവർത്തനം അപകടകരമായി തീരാൻ സാധ്യതയുണ്ട്‌.

ജൈവസാങ്കേതിക രംഗത്തെ വാണിജ്യ വത്‌ക്കരണവും ചൂഷണവും തടയാൻ വേണ്ടി ഏറെ വൈകിയാണെങ്കിലും ഇപ്പോൾ ഒരു കരട്‌ നിയമം ഉണ്ടാക്കിയിരിക്കുകയാണ്‌. നിർഭാഗ്യവശാൽ പ്രത്യക്ഷത്തിൽ മികച്ചത്‌ എന്ന്‌ തോന്നിപ്പിക്കുന്ന ഇതിലെ വ്യവസ്ഥകളിൽ പലതും സൂക്ഷ്‌മവിശകലനത്തിൽ കുത്തക കമ്പനികൾക്ക്‌ ദുരുപയോഗം ചെയ്യാൻ ഇടം നൽകുന്നവയാണെന്ന്‌ കാണാം. ജൈവസാങ്കേതിക വിദ്യ രംഗത്തേക്ക്‌ കുത്തക കമ്പനികളുടെ കടന്നു കയറ്റവും ജീനോമിക വിജ്ഞാനരംഗത്ത്‌ അവർ കാണിക്കുന്ന താത്‌പര്യവും നമ്മുടെ ജൈവ കലവറ കൈവശപ്പെടുത്താനാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു.

ഡി.എൻ.എ.പുനഃസംയോജന സാങ്കേതിക വിദ്യയുടെ പ്രയോഗം തികഞ്ഞ ശ്രദ്ധയോടെ നടത്തേണ്ടതിന്റെ കാരണങ്ങൾ താഴെ പറയുന്നു.

1. പരീക്ഷണ ഘട്ടത്തിൽ ഡി.എൻ.എ പുനഃസംയോജനം എല്ലായ്‌പ്പോഴും ആഭിമുഖ്യമായ രീതിയിൽ നടക്കണമെന്നില്ല. അപ്രായ ജീനുകളുടെ നിർമ്മിതി ട്രാൻസ്‌ ജനിക്‌ സൃഷ്‌ടിയുടെ ഗുണവ്യതിയാനങ്ങളിൽ പ്രതിഫലിക്കും. ജി.എം. (Genetically modified) ഭക്ഷ്യവസ്‌തുക്കൾ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കാം.

2. ട്രാൻസ്‌ജനിക്‌ സസ്യങ്ങൾ മിത്രകീടങ്ങൾക്ക്‌ കൂടി ഹാനികരമായി തീരാം

3. ശുദ്ധജീനുകൾ വികലമാകാനുള്ള സാധ്യത ഏറെയാണ്‌

4. ജനിതക കലവറയിൽ കലർപ്പുണ്ടാകും

ഇത്തരം അപകടങ്ങളെ തടയുക എന്ന ലക്ഷ്യത്തോടെ കരട്‌ നിയമം അവതരിപ്പിച്ചിരിക്കുന്നത്‌ എന്നാണ്‌ അധികൃതർ അവകാശപ്പെടുന്നത്‌. എന്നാൽ ജനിതക പരിവർത്തിത ഉല്‌പന്നങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച്‌ അന്താരാഷ്‌ട്രതലത്തിൽ തന്നെ ചില ഉടമ്പടികൾക്കും നടപടികൾക്കും രൂപം നൽകിയിട്ടുണ്ട്‌. അത്തരത്തിലൊന്നാണ്‌ കാർട്ടാജീന പ്രോട്ടോക്കോൾ. ഈ ഉടമ്പടിയാണ്‌ പല രാജ്യങ്ങളും തദ്ദേശീയ നിയമനിർമ്മാണത്തിന്‌ മാതൃകയായി സ്വീകരിച്ചിട്ടുള്ളത്‌. എന്നാൽ ഭാരത സർക്കാർ ഇപ്പോൾ തയ്യാറായിക്കിയ കരട്‌ നിയമത്തിൽ ആ സ്‌പിരിട്ട്‌ ഉൾക്കൊണ്ടിട്ടില്ല. ദേശീയ പരിസ്ഥിതി നിയമം (1986)ലെ ചില വ്യവസ്ഥകളാണ്‌ ഇതു സംബന്ധിച്ച്‌ ഇപ്പോൾ നിലവിലുള്ള നിയന്ത്രണ മാർഗ്ഗങ്ങൾ. കേന്ദ്ര വനംപരിസ്ഥിതി വകുപ്പ്‌ രൂപം കൊടുത്ത GEAC (Genetic Emgineering Approval Committe) യാണ്‌ ഇപ്പോൾ ജൈവ സുരക്ഷ സംബന്ധിച്ച പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നത്‌. ഇതു കൂടാതെ സംസ്ഥാന സർക്കാർ തലത്തിലും, ഗവേഷണ സ്ഥാപന തലത്തിലും ചില നിയന്ത്രണ സംവിധാനങ്ങൾ ഉണ്ട്‌. എന്നാൽ ഇവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാ എന്ന പരാതിയെ തുടർന്നാണ്‌ പുതിയ NBRA (National Bio diversity Regulatory Authority) ക്ക്‌ രൂപം കൊടുത്തത്‌. ഈ അതോറിറ്റിയുടെ കീഴിലാണ്‌ ജൈവസാങ്കേതിക വിദ്യ സംബന്ധിച്ച പ്രശ്‌നങ്ങളെല്ലാം വരുന്നത്‌. നാലംഗങ്ങൾ മാത്രം ഉള്ള ഒരു കമ്മറ്റിയാണ്‌ ജൈവ വ്യൂഹത്തെ ഒട്ടാകെ ബാധിക്കുന്ന ജൈവസാങ്കേതിക വിദ്യ സംബന്ധിച്ച കാര്യങ്ങളുടെ അന്തിമതീരുമാനം എടുക്കുന്നത്‌. ഉപദേശക സമിതിക്ക്‌ ഇക്കാര്യത്തിൽ ഇടപെടാൻ അവകാശമില്ല എന്നു മാത്രമല്ല നിയമനടപടികളിലൂടെ പോലും സമിതിയെടുക്കുന്ന തീരുമാനങ്ങൾ ചോദ്യം ചെയ്യാൻ കഴിയില്ല. പുതിയ നിയമത്തിൽ ജനിതക പരിവർത്തിത വിജ്ഞാന ശാഖയെ മാത്രമെ ഉൾപ്പെടുത്തിയിട്ടുള്ളു. ഇതുമായി ബന്ധപ്പെട്ട മറ്റു സാങ്കേതിക വിദ്യകളൊന്നും പ്രസ്‌തുത നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാത്തത്‌ കുത്തക കമ്പനികൾക്ക്‌ വിത്ത്‌ വിൽപനക്ക്‌ സൗകര്യം ഒരുക്കുന്നതിനായി മാത്രം രൂപപ്പെടുത്തുന്ന ഒരു നിയമം എന്ന സ്ഥിതി ഉണ്ടാക്കിയിരിക്കുന്നു. രാജ്യത്തെ ഓരോ പൗരനേയും, പരിസ്ഥിതിയെ പൊതുവെ ബാധിക്കുന്ന ഒരു നിയമം എന്ന നിലയ്‌ക്ക്‌ ഇന്നത്തെ രൂപത്തിൽ തിടുക്കത്തിൽ ഇത്‌ ലോകസഭയിൽ അവതരിപ്പിച്ച്‌ പാസാക്കാൻ പാടില്ല. കാർഷിക മേഖലയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാറിന്റെ പരിധിയിൽ വരുന്ന പല അധികാരങ്ങളും നിർദ്ദിഷ്‌ട നിയമത്തിലെ ദേശീയ സാങ്കേതിക വിദ്യ നിയന്ത്രണ അതോറിറ്റി ഏറ്റെടുക്കുകയാണ്‌. കൂടാതെ വിത്ത്‌ തെരെഞ്ഞെടുക്കുവാനുള്ള ഒരു കർഷകന്റെ അവകാശത്തെ ഹനിക്കുന്നതാണ്‌ നിർദ്ദേശിക്കപ്പെട്ട നിയമം. ഇക്കാരണങ്ങളാൽ നിർദ്ദിഷ്‌ട ദേശീയ ജൈവസാങ്കേതിക വിദ്യ നിയന്ത്രണ അതോറിറ്റി ബിൽ പിൻവലിക്കണമെന്ന്‌ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ 46-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.

ശബ്ദമലിനീകരണ നിയന്ത്രമ നിയമവും ചട്ടങ്ങളും കർശനമായി നടപ്പിലാക്കുക

ഗുരുതരമായ ആരോഗ്യ - സാമൂഹിക പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്ന തരത്തിൽ ശബ്‌ദമലിനീകരണം കേരളത്തിൽ പല പ്രദേശങ്ങളിലും വർദ്ധിച്ചു വരികയാണ്‌. ആരാധനാലയങ്ങളിൽ നിന്നോ, ഉത്സവാങ്കണങ്ങളിൽ നിന്നോ, ഫാക്‌ടറികളിൽ നിന്നോ രാഷ്‌ട്രീയപ്പാർട്ടികളുടെ പൊതുയോഗങ്ങളിൽ നിന്നോ ഒക്കെയുള്ള അമിതവും അസ്വസ്ഥജനകവുമായ ശബ്‌ദവീചികൾ സഹിക്കുവാൻ ജനങ്ങൾ നിർബന്ധിക്കപ്പെടുന്ന സാഹചര്യമാണ്‌ ഇപ്പോൾ സംസ്ഥാനത്ത്‌ നിലവിലുള്ളത്‌. ഇതിൽ പലതും നിയന്ത്രിക്കാവുന്നതോ ഒഴിവാക്കാവുന്നതോ ആണ്‌. ശബ്‌ദമലിനീകരണം സംബന്ധിച്ച അളവുകോലുകളുടെയും നിയമവ്യവസ്ഥകളുടേയും നഗ്നമായ ലംഘനമാണവ. പക്ഷേ, ഇതു തടയാൻ ചുമതലപ്പെട്ട അധികൃതർ ഈ നിയമലംഘനം തടയാൻ ശ്രമിക്കാതെ, നോക്കിനിൽക്കുന്ന സ്ഥിതി പ്രശ്‌നം കൂടുതൽ ഗുരുതരമാക്കുകയാണ്‌.

ശബ്‌ദമലിനീകരണത്തിനെതിരെ രണ്ടായിരമാണ്ടുവരെ സംസ്ഥാന നിയമങ്ങളായിരുന്നു ഉണ്ടായിരുന്നത്‌. എന്നാൽ 2000ൽ സുപ്രീംകോടതി നിർദേശപ്രകാരം ഇന്ത്യഗവൺമെന്റിന്റെ വനം പരിസ്ഥിതി മന്ത്രാലയം ശബ്‌ദ മലിനീകരണ നിയന്ത്രണ, നിരോധന നിയമം -2000 പാസാക്കി. അതുപ്രകാരം ജില്ലാ മജിസ്‌ട്രേറ്റുമാർ, ഡെപ്യൂട്ടി പൊലീസ്‌ സൂപ്രണ്ടിൽ കുറയാത്ത റാങ്കിലുള്ള മറ്റുദ്യോഗസ്ഥർ എന്നിവർക്ക്‌ ശബ്‌ദമാലിന്യം തടയാനും നിയന്ത്രിക്കാനും അധികാരവും ചുമതലയും ഉണ്ട്‌. സ്വച്ഛവും ശുദ്ധവുമായ ശബ്‌ദാന്തരീക്ഷം നിലനിർത്താനുള്ള ബാധ്യതയും ഇവർക്കുണ്ട്‌.

അതതുപ്രദേശത്ത്‌ വിവിധ വശങ്ങൾ പരിഗണിച്ചശേഷം ജീവിതനിലവാരം ഉറപ്പാക്കുന്നതിന്‌ ശബ്‌ദപരിധി നിശ്ചയിക്കാൻ സംസ്ഥാന ഗവൺമെന്റുകൾക്കും കേന്ദ്രഗവൺമെന്റിനും അധികാരമുണ്ട്‌. ശബ്‌ദമലിനീകരണ നിയമം നടപ്പാക്കാൻ വ്യാവസായികം, വാണിജ്യം, ആവാസം,നിശബ്‌ദം എന്നിങ്ങനെ നാലു ശബ്‌ദമേഖലകൾ നിശ്ചയിച്ചിട്ടുണ്ട്‌. ഓരോ പ്രദേശത്തെയും ഇതിൽ ഏതെങ്കിലും ഒരു മേഖലയിലുൾപ്പെടുത്തി ശബ്‌ദപരിധി നിർണയിക്കാൻ സർക്കാരിന്‌ നിയമം അധികാരം നൽകുന്നു.

പക്ഷേ ഈ നിയമങ്ങൾ കടലാസിലൊതുങ്ങുകയും ശബ്‌ദമലിനീകരണം എല്ലാ പരിധികളെയും ലംഘിച്ച്‌ മുന്നേറുകയും ചെയ്യുന്ന അവസ്ഥയാണ്‌ കേരളത്തിൽ. പ്രാദേശിക ഉത്സവങ്ങളിലും യോഗങ്ങളിലും പലപ്പോഴും ട്രാഫിക്‌ അപകടങ്ങൾക്കു പോലും കാരണമാവുന്ന രീതിയിൽ നൂറു മീറ്റർ ഇടവിട്ട്‌ ഉച്ചഭാഷിണി പ്രളയം സൃഷ്‌ടിക്കുന്ന പ്രവണത വർദ്ധിച്ചു വരികയാണ്‌. പരീക്ഷാ അവസരങ്ങളിൽ ഇത്‌ വിദ്യാലയങ്ങൾക്കും കുട്ടികൾക്കും വലിയ ബുദ്ധിമുട്ടുകളാണ്‌ സൃഷ്‌ടിക്കുന്നത്‌. ഉത്സവങ്ങൾക്കും മറ്റു പരിപാടികൾക്കും ആവശ്യത്തിന്‌ ഉച്ചഭാഷിണി ഉപയോഗിക്കുമ്പോൾ തന്നെ അത്‌ ശബ്‌ദമലിനീകരണം ഉണ്ടാകാത്ത രീതിയിലാണെന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്‌. ഉത്സവങ്ങളും യോഗങ്ങളും തുടങ്ങുന്നതിന്‌ വളരെ മുൻപുതന്നെ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതും ചെകിടടപ്പിക്കുന്ന വിധം ഉച്ചത്തിൽ സംഗീതം മുഴക്കുന്നതും ഒഴിവാക്കാൻ കഴിയും.

ജനങ്ങളുടെ ആരോഗ്യത്തെയും സാമൂഹികമായ സുസ്ഥിതിയെയും കണക്കിലെടുത്ത്‌ മതചടങ്ങുകളായാലും രാഷ്‌ട്രീയ-സാമൂഹിക സംഘടനകളുടെ പൊതുയോഗങ്ങളായാലും മറ്റുതരത്തിലുള്ള ശബ്‌ദമലിനീകരണമുണ്ടാക്കുന്ന സാഹചര്യങ്ങളായാലും ഒഴിവാക്കാൻ സമൂഹവും പ്രസ്ഥാനങ്ങളുമെല്ലാം മുന്നോട്ട്‌ വരണമെന്ന്‌ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ സംസ്ഥാന സമ്മേളനം അഭ്യർത്ഥിക്കുന്നു. ശബ്‌ദമലിനീകരണം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ വ്യാപകമായ ബോധവത്‌കരണം നടത്തണമെന്നും ശബ്‌ദമലിനീകരണ നിയന്ത്രണ നിയമവും ചട്ടങ്ങളും സംസ്ഥാനത്ത്‌ കർശനമായി നടപ്പിലാക്കുന്നതിന്‌ നടപടികൾ സ്വീകരിക്കണമെന്നും കേരള സർക്കാരിനോടും ഈ സമ്മേളനം അഭ്യർത്ഥിക്കുന്നു.

കേരള വിദ്യാഭ്യാസ നിയമം സമഗ്രമായി പരിഷ്കരിക്കുക

കേരളത്തിലെ വിദ്യാഭ്യാസരംഗം എന്നും വിവാദ വിഷയമായിരുന്നു. അതുകൊണ്ടുതന്നെ കേരള വിദ്യാഭ്യാസ നിയമത്തിൽ കാലോചിതമായ ഭേദഗതികൾ വരുത്തുന്നതിന്‌ ഒരു സർക്കാരും തുനിയാറില്ല. എന്നാൽ സമഗ്രമായ വിദ്യാഭ്യാസ പുരോഗതിക്ക്‌ നിലനിൽക്കുന്ന വിദ്യാഭ്യാസ നിയമം ഭേദഗതി ചെയ്യേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ട ഇന്നത്തെ കേരള സർക്കാർ ഇതിനായി മുൻ ചീഫ്‌ സെക്രട്ടറി സി പി നായർ അധ്യക്ഷനായി ഒരു കമ്മറ്റിയെ നിയോഗിക്കുകയും ആ കമ്മറ്റി വിപുലമായ ചർച്ചകൾക്ക്‌ ശേഷം വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്‌തു. എന്നാൽ ഇതനുസരിച്ചുള്ള തുടർനടപടികൾ നാളിതുവരെ ഉണ്ടായിക്കാണുന്നില്ല. കേരളത്തിലെ വിദ്യാഭ്യാസരംഗത്ത്‌ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി നടപ്പാക്കി വരുന്ന പരിഷ്‌കാരങ്ങളെ ശക്തിപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോകാനും സഹായകമായ വിധത്തിൽ സി പി നായർ കമ്മറ്റി റിപ്പോർട്ട്‌ വ്യപകമായ ബഹുജന ചർച്ചക്ക്‌ വിധേയമാക്കുകയും അതനുസരിച്ച്‌ വിദ്യാഭ്യാസ നിയമം പരിഷ്‌കരിച്ച്‌ നടപ്പിലാക്കുകയും ചെയ്യണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ 46-ാം വാർഷിക സമ്മേളനം കേരള സർക്കാരിനോട്‌ ആവശ്യപ്പെടുന്നു.

സംഘടനാരേഖ

സമ്മേളനം തെരഞ്ഞെടുത്ത കേന്ദ്രനിർവാഹകസമിതി

പ്രസിഡണ്ട്‌ കാവുമ്പായി ബാലകൃഷ്‌ണൻ

വൈസ്‌ പ്രസിഡണ്ടുമാർ ഡോ. കെ. വിജയകുമാർ,കെ എം മല്ലിക

ജനറൽ സെക്രട്ടറി വി വിനോദ്‌

സെക്രട്ടറിമാർ പി.വി. വിനോദ്‌,തങ്കച്ചൻ.പി.എ,പി വി സന്തോഷ്‌

ട്രഷറർ ടി പി ശ്രീധരൻ ` സബ്‌കമ്മിറ്റി കൺവീനർമാർ

വിദ്യാഭ്യാസം കെ ടി രാധാകൃഷ്‌ണൻ ` പരിസരം വി ആർ രഘുനന്ദനൻ

ജെന്റർ ഇ വിലാസിനി

പ്രസിദ്ധീകരണം സി എം മുരളീധരൻ

ആരോഗ്യം സി പി സുരേഷ്‌ബാബു

വികസനം കെ പി രവിപ്രകാശ്‌

കല-സംസ്‌കാരം എം.എസ്‌.മോഹനൻ ` ബാലവേദി ജി രാജശേഖരൻ

വിജ്ഞാനോത്സവം ടി കെ മീരാഭായ്‌

പ്രത്യേക ചുമതലയുവസംഗമം പി.വി. വിനോദ്‌

ശാസ്‌ത്രവർഷം ടി പി ശ്രീശങ്കർ

ഐ. ടി. പി എസ്‌ രാജശേഖരൻ

അംഗങ്ങൾ

പി കുഞ്ഞിക്കണ്ണൻ

വി വി ശ്രീനിവാസൻ

പി. സൗമിനി

വി.കെ.മനോജ്‌

ടി പി കുഞ്ഞിക്കണ്ണൻ

മോഹനൻ മണലിൽ

കെ വി സാബു

പി എസ്‌ ജൂന

പി മുരളീധരൻ

ഡോ. കെ ജി രാധാകൃഷ്‌ണൻ

എ പി മുരളീധരൻ

ടി പി സുരേഷ്‌ബാബു


എ ആർ മുഹമ്മദ്‌ അസ്‌ലം

കെ വി വിജയൻ

കെ ആർ മനോജ്‌


ആർ ബി രാജലക്ഷ്‌മി

ആർ വി ജി മേനോൻ

ഹരിലാൽ വി

അഡ്വ. ഗീനാകുമാരി

ഡോ രാജ്മോഹൻ


ബിനുമോൾ കെ. ` ജില്ലാ സെക്രട്ടറിമാർ

കാസർഗോഡ്‌ വി ടി കാർത്ത്യായനി

കണ്ണൂർ പി വി ദിവാകരൻ

വയനാട്‌ കെ ടി ശ്രീവത്സൻ

കോഴിക്കോട്‌ പി പ്രസാദ്‌

മലപ്പുറം കെ വിജയൻ

പാലക്കാട്‌ കെ മനോഹരൻ

തൃശ്ശൂർ പി രാധാകൃഷ്‌ണൻ

എറണാകുളം എൻ യു

ഇടുക്കി എസ്‌ ജി ഗോപിനാഥ്‌

കോട്ടയം വി എസ്‌ മധു

ആലപ്പുഴ

പത്തനംതിട്ട

കൊല്ലം

തിരുവനന്തപുരം പി ഗോപകുമർ

സ്വാഗതസംഘം പ്രവർത്തനങ്ങൾ

പാലക്കാട്‌ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയർപേഴ്‌സണും കെ വി സാബു ജനറൽ കൺവീനറുമായ സ്വാഗതസംഘമാണ്‌ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചത്‌. സമ്മേളനത്തിനാവശ്യമായ സാമ്പത്തികം പൂർണ്ണമായും പുസ്‌തകപ്രചാരണത്തിലൂടെ കണ്ടെത്താൻ സ്വാഗതസംഘത്തിന്‌ കഴിഞ്ഞു. 8� ലക്ഷം രൂപയുടെ പുസ്‌തകങ്ങൾ പ്രചരിപ്പിക്കാൻ കഴിഞ്ഞു.

വൈവിധ്യമാർന്ന അനുബന്ധ പരിപാടികളാണ്‌ സമ്മേളനത്തിന്റെ ഭാഗമായി പാലക്കാട്‌ ജില്ലയിൽ നടന്നത്‌. ആഗോള സാമ്പത്തിക പ്രതിസന്ധിയും കേരളവും എന്ന വിഷയത്തിലുള്ള സെമിനാറോടെയാണ്‌ അനുബന്ധ പരിപാടികൾക്ക്‌ തുടക്കം കുറിച്ചത്‌. ജനുവരി 11 ന്‌ ചെർപ്പുളശ്ശേരിയിൽ ഊർജ്ജസുരക്ഷ, രാഷ്‌ട്രസുരക്ഷ, ആണവക്കരാർ എന്നി വിഷയത്തിൽ സെമിനാർ നടന്നു. ഡോ.എ പി ജയരാമൻ, എം ബി രാജേഷ്‌, പ്രൊഫ.കെ ശ്രീധരൻ എന്നിവർ പങ്കെടുത്തു. കേരള സമൂഹം ഇന്ന്‌ നാളെ (കെ എൻ ഗണേഷ്‌), ശാസ്‌ത്രത്തിന്റെ രീതിയും വികാസവും (പ്രൊഫ.കെ പാപ്പൂട്ടി), ആഗോള സാമ്പത്തിക പ്രതിസന്ധിയും സോഷ്യലിസത്തിന്റെ ഭാവിയും (ടി പി കുഞ്ഞിക്കണ്ണൻ), റോഡുകളുടെ bot വൽക്കരണം (അഡ്വ.കെ പി രവിപ്രകാശ്‌), കേരളത്തിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ (പി രമേഷ്‌കുമാർ), ആഗോള സാമ്പത്തിക പ്രതിസന്ധിയും കേരളവും (വി വിനോദ്‌) എന്നീ വിഷയങ്ങളിൽ പൊതുപ്രഭാഷണവും പാലക്കാട്‌ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നു. പട്ടാമ്പിയിൽ നടന്ന ജ്യോതിശ്ശാസ്‌ത്ര ശിൽപശാല ശ്രദ്ധേയമായിരുന്നു. പ്രൊഫ.കെ പാപ്പൂട്ടി, ഗഫൂർ പട്ടാമ്പി എന്നിവർ നേതൃത്വം നൽകി.

ആഗോള സാമ്പത്തിക പ്രതിസന്ധിയും കേരളവും എന്ന വിഷയത്തെ അധികരിച്ച്‌ 60 സംവാദങ്ങളും ക്ലാസ്സുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിച്ചു. 10 മേഖലകളിലായി 11 യുവസംഗമങ്ങൾ, 10 സമതാ വിജ്ഞാനോത്സവങ്ങൾ എന്നിവ സംഘടിപ്പിക്കുന്നതിനും സ്വാഗതസംഘത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. പാലക്കാട്‌, പട്ടാമ്പി എന്നീ സ്ഥലങ്ങളിൽ വനിതാസംഗമങ്ങൾ നടന്നു. വനിതാകമ്മീഷൻ അംഗം പി കെ സൈനബ, ടി രാധാമണി അഡ്വ.ഗീനാകുമാരി, എന്നിവർ പാലക്കാട്ടും ആർ രാധാകൃഷ്‌ണൻ, ഡോ.ആർ.ബി രാജലക്ഷ്‌മി, ഇ വിലാസിനി എന്നിവർ പട്ടാമ്പിയിലും പങ്കെടുത്തു. സാമ്പത്തിക സമാഹരണരീതികൊണ്ടും സംഘാടനത്തിലെ ലാളിത്യംകൊണ്ടും ചിട്ടയാർന്ന പ്രവർത്തനം കൊണ്ടും സ്വാഗതസംഘം പ്രവർത്തനം ശ്രദ്ധേയമായി

"https://wiki.kssp.in/index.php?title=നാല്പത്താറാം_വാർഷികം&oldid=4521" എന്ന താളിൽനിന്ന് ശേഖരിച്ചത്