സംഘടനാ വിദ്യാഭ്യാസം കൈപ്പുസ്തകം 2013-2014

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17:27, 29 ഡിസംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMMurali (സംവാദം | സംഭാവനകൾ) ("സംഘടനാ വിദ്യാഭ്യാസം കൈപ്പുസ്തകം 2013-2014" സം‌രക്ഷിച്ചിരിക്കുന്നു ([edit=sysop] (അനിശ്ചിതകാലം) [move=sysop] (അനിശ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
SANGHATANA VIDYABHYASAM KAIPUSTHAKAM 13-14 .png

ആമുഖം

കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അൻപത്തിയൊന്നാം വയസ്സിലാണ്‌. ശാസ്‌ത്രസംബന്ധമായ അറിവുകൾ മാതൃഭാഷയിൽ ലഭ്യമാക്കുക എന്നതായിരുന്നു നമ്മുടെ രൂപീകരണ ലക്ഷ്യം. എന്നാൽ അതിൽ നിന്ന്‌ അനുക്രമമായി വികസിച്ച്‌ സാമൂഹ്യ പുരോഗതിയെക്കുറിച്ചും കേരളത്തിന്റെ ഭാവി വികാസത്തെക്കുറിച്ചും ഏറെക്കുറെ വ്യക്തമായ കാഴ്‌ചപ്പാടുകളുള്ള ഒരു പ്രസ്ഥാനമായി നാം മാറിയിരിക്കുന്നു. ഈ നിലപാടുകൾ എല്ലാം ജനപക്ഷത്തു നിന്നുകൊണ്ട്‌ ശാസ്‌ത്രത്തിന്റെ സവിശേഷ രീതി പ്രയോജനപ്പെടുത്തി നാം വികസിപ്പിച്ചതാണ്‌. എന്നാൽ ഇന്നീ നിലപാടുകളിൽ പലതും പൊതു സമൂഹത്തിലെ മുഖ്യധാരാ സമീപനങ്ങളിൽ നിന്നും ഏറെ വ്യത്യസ്‌തമാണ്‌. കമ്പോളയുക്തിക്ക്‌ പ്രാമുഖ്യം കിട്ടിയ കഴിഞ്ഞ രണ്ടു ദശകക്കാലം അതിലൊരു പ്രധാന കാരണമാണ്‌. എന്നാൽ സമൂഹത്തിൽ ഇന്നു നടക്കുന്ന ഓരോ സംഭവ ഗതിയും സൂചിപ്പിക്കുന്നത്‌ നാം ഉയർത്തിക്കൊണ്ടു വരുന്ന നിലപാടുകളും സമീപനവുമാണ്‌ ഭാവി സമൂഹത്തിന്റെ നിലനിൽപ്പിനായി വേണ്ടതെന്നാണ്‌.

പരിഷത്ത്‌ സമീപനങ്ങൾ പൊതുജനങ്ങളുമായി കൂടുതൽ സംവദിച്ചുകൊണ്ടു മാത്രമേ സുസ്ഥിരവും നീതിപൂർവ്വവും തുല്യതയുള്ളതുമായ ഒരു കേരളം സൃഷ്‌ടിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ ഫലപ്രാപ്‌തിയിലെത്തൂ. അതിനു സാധ്യമാകണമെങ്കിൽ പരിഷത്തിന്റെ അടിസ്ഥാന വീക്ഷണവും നിലപാടുകളിലേക്ക്‌ നയിച്ച പ്രക്രിയയും പ്രവർത്തകർ സ്വാംശീകരിച്ചേ തീരൂ. ഈ വർഷത്തെ സംഘടനാ വിദ്യാഭ്യാസ പരിപാടി ഈ ലക്ഷ്യം മുന്നിൽ വെച്ചുകൊണ്ടുള്ളതാണ്‌. ഇതിലെ കുറിപ്പുകൾ അതേപടി ക്ലാസ്സിൽ അവതരിപ്പിക്കാനല്ല ഉദ്ദേശിക്കുന്നത്‌. അടിസ്ഥാനാശയങ്ങളെ പരിചയപ്പെടുത്തൽ മാത്രമേ രണ്ടുദിവസത്തെ ക്യാമ്പിൽ ലഭിക്കുന്ന പരിമിതമായ സമയത്ത്‌ സാധ്യമാകൂ. ക്യാമ്പിലൂടെ കിട്ടിയ ആശയങ്ങളെ ചിട്ടപ്പെടുത്താൻ ഈ കുറിപ്പുകൾ സഹായകമാകും. ക്യാമ്പിലെ പ്രായോഗിക പ്രവർത്തനങ്ങൾ ചർച്ച ചെയ്‌ത ആശയങ്ങൾക്ക്‌ കൂടുതൽ വ്യക്തത നൽകാൻ ഉദ്ദേശിച്ചുള്ളതാണ്‌.

ഈ സംഘടനാ വിദ്യാഭ്യാസ പരിപാടി ഫലവത്താകണമെങ്കിൽ ക്യാമ്പിലൂടെ കിട്ടിയ ആശയങ്ങൾ കൂടുതൽ വായനയിലൂടെ സമ്പുഷ്‌ടമാക്കാൻ പങ്കാളികൾ തയ്യാറാവണം. അതിന്‌ സഹായകമായ പുസ്‌തകങ്ങളുടെ പട്ടികയും ചേർത്തിരിക്കുന്നു. പരിഷത്ത്‌ പ്രവർത്തകർ ഈ ക്യാമ്പും പുസ്‌തകവും പ്രയോജനപ്പെടുത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ലക്ഷ്യം

1. പരിഷത്തിൽ ഏറെക്കാലത്തെ പ്രവർത്തന അനുഭവങ്ങളില്ലാത്ത യൂണിറ്റ്‌ - മേഖലാതലങ്ങളിൽ പ്രവർത്തിക്കുന്ന പരിഷത്ത്‌ പ്രവർത്തകർക്ക്‌ പരിഷത്ത്‌ നിലപാടുകളുടെയും പ്രവർത്തനങ്ങളുടെയും ദിശനിർണ്ണയിക്കുന്ന അടിസ്ഥാന കാഴ്‌ചപ്പാടുകൾ പരിചയപ്പെടുത്തൽ. ഇതിനായി ശാസ്‌ത്രത്തിന്റെ പ്രാധാന്യം, ശാസ്‌ത്രത്തിന്റെ രീതി, ശാസ്‌ത്രബോധം, പ്രകൃതി പ്രതിഭാസങ്ങളുടെ സവിശേഷത, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം, വ്യക്തിയും സമൂഹവും, എന്താണ്‌ വികസനം, വികസനവും രാഷ്‌ട്രീയവും തുടങ്ങിയ ആശയങ്ങളിൽ പ്രവർത്തകർക്ക്‌ ഉൾക്കാഴ്‌ചയുണ്ടാക്കൽ.

2. ഇതിന്റെയടിസ്ഥാനത്തിൽ പരിഷത്ത്‌ ഇതുവരെ നടത്തിയ വിവിധ പ്രവർത്തനങ്ങളെയും പരിഷത്ത്‌ നിലപാടുകളെയും വിമർശനബുദ്ധ്യാ പഠിക്കുവാനും വിലയിരുത്തുവാനും പ്രേരിപ്പിക്കൽ.

3. മുഖ്യധാരാ വികസന സമീപനങ്ങളുടെ ഭാഗമായി രൂപം കൊള്ളുന്ന പ്രാദേശികവും അല്ലാത്തതുമായ വിവിധ വികസന പ്രശ്‌നങ്ങളോട്‌ യൂനിറ്റ്‌ - മേഖലാതലങ്ങളിൽ സ്വയമേവ പ്രതികരണമുയർത്തുവാൻ ശേഷിയുണ്ടാക്കൽ.

4. ക്യാമ്പിലെ കൂട്ടായ്‌മയുടെ പരിഷത്തിനെ അനുഭവവേദ്യമാക്കൽ.

5. ജനസംവാദയാത്രയിൽ പങ്കെടുക്കാനും ജനങ്ങളുമായി ഉൾക്കാഴ്‌ചയോടെ സംവദിക്കാനും പ്രാപ്‌തരാക്കൽ.

6. രണ്ടോ മൂന്നോ വർഷം നീണ്ടുനിന്നേക്കാവുന്ന വിദൂരവിദ്യാഭ്യാസരീതിയിലും ക്യാമ്പടിസ്ഥാനത്തിലും സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന തുടർസംഘടനാ വിദ്യാഭ്യാസ പരിപാടിയിലേക്ക്‌ കഴിവും താൽപര്യമുള്ളവരെ കണ്ടെത്തൽ.

ക്യാമ്പ്‌ വിവരങ്ങൾ

രണ്ട്‌ പകലും ഒരു രാത്രിയും ലഭ്യമാകും വിധം ഒന്നാം ദിവസം രാവിലെ 10 മണിമുതൽ പിറ്റേന്ന്‌ വൈകിട്ട്‌ 5 മണിവരെ നീണ്ടുനിൽക്കുന്ന ക്യാമ്പാണ്‌ വേണ്ടത്‌. സംസ്ഥാനത്ത്‌ 50 ക്യാമ്പുകളിലായി 2500 പേരെ പരിശീലിപ്പിക്കയാണ്‌ ലക്ഷ്യം. ആദ്യഘട്ടത്തിൽ (നവംബർ 30, ഡിസംബർ 1) എല്ലാ ജില്ലകളിലും ഓരോ ക്യാമ്പുകൾ രണ്ടാംഘട്ട ക്യാമ്പുകൾ പിന്നീട്‌ അതാത്‌ ജില്ലകൾ തീരുമാനിക്കണം.

പങ്കാളികൾ

പുതുതലമുറയിൽപെട്ട യൂണിറ്റ്‌ ഭാരവാഹികൾ, മേഖലാകമ്മിറ്റിയംഗങ്ങൾ, യുവസമിതി പ്രവർത്തകർ, പരിഷത്ത്‌ പ്രവർത്തനത്തിൽ സജീവ താൽപര്യം പ്രകടിപ്പിക്കുന്ന അക്കാദമിക സാധ്യതയുള്ള മറ്റുള്ളവർ തുടങ്ങി 50 പേരാണ്‌ ഒരു ക്യാമ്പിൽ വേണ്ടത്‌. ചുരുങ്ങിയത്‌ 15 വനിതകളെയെങ്കിലും ഓരോ ക്യാമ്പിലും പങ്കെടുപ്പിക്കാൻ ശ്രമിക്കണം. തങ്ങളുടെ അനുഭവവും ശേഷികളും പകർന്നു നൽകാൻ തയ്യാറുള്ള മുതിർന്ന പ്രവർത്തകർ കൂടി ക്യാമ്പിൽ ഉണ്ടാവണം. ഒന്നാം ഘട്ടമായി നടക്കുന്ന ക്യാമ്പിൽ മേൽ വിവരിച്ചവർക്ക്‌ പുറമേ ജില്ലാകമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ തുടർ ക്ലാസുകളിൽ നേതൃത്വം കൊടുക്കേണ്ടവർ കൂടി പങ്കെടുക്കണം. പൂർണ്ണസമയം പങ്കെടുക്കാൻ സന്നദ്ധതയുള്ളവർ മാത്രമേ എത്തേണ്ടതുള്ളൂ. ക്യാമ്പിന്റെ ക്ലാസുകൾ കൃത്യമായ ഒരു പാക്കേജ്‌ ആയതിനാൽ ഭാഗികമായ പങ്കാളിത്തം മൊത്തം ഉള്ളടക്കത്തെ ബാധിക്കും. ക്യാമ്പിന്റെ സമയനിഷ്‌ഠ വളരെ പ്രധാനമാണ്‌.

ഉള്ളടക്കം

`ശാസ്‌ത്രവും ശാസ്‌ത്രബോധവും', `പ്രകൃതിയും മനുഷ്യനും', `വികസനവും രാഷ്‌ട്രീയവും', `പ്രതിരോധത്തിന്റെ പരിഷത്ത്‌ അനുഭവങ്ങൾ' എന്നിവയാണ്‌ ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങൾ. ഈ ഓരോ ക്ലാസ്സും പരിഷത്തിന്റെ മുൻകാല പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച്‌ അവതരിപ്പിക്കണം. ക്ലാസ്‌, പൊതുചർച്ച, ഗ്രൂപ്പ്‌ തിരിഞ്ഞുള്ള അന്വേഷണങ്ങൾ, വായനാ സാമഗ്രികൾ പരിചയപ്പെടുത്തൽ തുടങ്ങി വ്യത്യസ്‌ത അനുഭവങ്ങളിലൂടെയാണ്‌ ക്ലാസ്‌ പുരോഗമിക്കേണ്ടത്‌. പത്ത്‌ മിനിട്ടിൽ കവിയാതെ ചില ഇടവേളകളിൽ കൂട്ടപ്പാട്ട്‌, കവിത ചൊല്ലൽ, ആക്‌ടിവിറ്റികൾ എന്നിവ കൂടി ചേർക്കണം.

ക്ലാസ്സുകൾക്കുള്ള കുറിപ്പുകൾ

കുറിപ്പുകൾക്കായി താഴെ കൊടുത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക

1. ശാസ്ത്രവും ശാസ്ത്രബോധവും

2.പ്രകൃതിയും മനുഷ്യനും

3.വികസനവും രാഷ്ട്രീയവും

4.പ്രതിരോധത്തിന്റെ പരിഷത്ത് അനുഭവങ്ങൾ