കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-സ്‌കൂൾ വിദ്യാഭ്യാസം കൈകാര്യകർതൃത്വം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ


ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.


1. വിദ്യാഭ്യാസ മാനേജ്‌മെന്റ്‌ സംബന്ധമായ പഠനവും ഗവേഷണവും പരിശീലനവും ആവശ്യമായ തോതിൽ വിവിധ തട്ടുകളിൽ നൽകപ്പെടണം. അതിനു വേണ്ടത്ര പരിശീലിതരായ ആളുകളെ നിയോഗിക്കേണ്ടതുണ്ട്‌. അവർ നിലവിലുള്ള സ്ഥാപനങ്ങളിലോ പുതുതായി രൂപീകരിക്കുന്ന സ്ഥാപനത്തിലോ പ്രവർത്തിച്ചാൽ മതിയാകും. സ്‌കൂൾ, കോളേജ്‌, സർവകലാശാലാ തലങ്ങൾക്ക്‌ അനുരൂപമായ പഠന മനനങ്ങൾ നടത്തേണ്ടതുണ്ട്‌. അതില്ലാതെ കേരളത്തിലെ വിദ്യാഭ്യാസ നിലവാരം സ്ഥായിയായി ഉയർത്താനാവില്ല.

കേരളത്തിലെ വിദ്യാഭ്യാസ വ്യവസ്ഥയുടെ പ്രധാന ദൗർബല്യം അതിന്റെ വ്യാപ്‌തിക്കും വൈവിധ്യത്തിനും ചേർന്ന മാനേജ്‌മെന്റ്‌ അതിലില്ല എന്നതാണ്‌. ഡി.പി.ഐ.-ഡി.ഡി.-ഡി.ഇ.ഒ.-എ.ഇ.-ഒ. ഓഫീസ്‌ ശൃംഖലയും എസ്‌.സി.ഇ.ആർ.ടി.-ഡയറ്റ്‌ സംവിധാനങ്ങളും മറന്നല്ല ഇതു പറയുന്നത്‌. പാഠ്യപദ്ധതിയുടെ നിരന്തരമായ പരിഷ്‌കാരം, പാഠപുസ്‌തക നിർമിതി, അധ്യാപക പരിശീലനവും പുനഃപരിശീലനവും എന്നിങ്ങനെയുള്ള അക്കാദമിക പ്രവർത്തനങ്ങളും അധ്യാപക നിയമനവും വിദ്യാർഥി പ്രവേശനവും പോലുള്ള കാര്യങ്ങളും കാര്യക്ഷമമായി ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നതിന്‌ മേൽപ്പറഞ്ഞ ഓഫീസ്‌ വ്യൂഹത്തിന്‌ കഴിയുന്നില്ല. അതിനു പ്രധാന കാരണം ശാസ്‌ത്രീയമായ വിദ്യാഭ്യാസ മാനേജ്‌മെന്റിന്റെ അഭാവമാണ്‌.

2. എയ്‌ഡഡ്‌ സ്‌കൂളുകളിൽ സർക്കാരിനുള്ള പങ്ക്‌ പുനർ നിർവചിക്കണം. ശമ്പളബാധ്യത സർക്കാരിനായതുകൊണ്ട്‌ യോഗ്യരായ ഉദ്യോഗാർഥികളെ തെരഞ്ഞെടുത്ത്‌ നിയമിക്കുന്നതിൽ സർക്കാരിനു പങ്കുവേണം. സർക്കാർ നിയമനത്തിനുള്ള സംവരണമടക്കമുള്ള വ്യവസ്ഥകൾ സ്വകാര്യ സ്‌കൂൾ നിയമനങ്ങൾക്കും ബാധകമാക്കണം.

ഈ നിയന്ത്രണം നിർദേശിക്കുന്നത്‌ സ്വകാര്യ വിദ്യാലയങ്ങളുടെ മേൽ കൂച്ചുവിലങ്ങ്‌ ഇടാനല്ല. അവയുടെ അക്കാദമിക നിലവാരം ഉയർന്നതായിരിക്കുമെന്ന്‌ ഉറപ്പുവരുത്താനാണ്‌.

കേരളത്തിൽ 3 തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണുള്ളത്‌. സർക്കാർ, എയ്‌ഡഡ്‌, അൺ എയ്‌ഡഡ്‌. എങ്കിലും വിദ്യാഭ്യാസ നിലവാരം പാലിക്കുന്നതിന്റെ, അതിന്റെ ഭാഗമായി പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും ഉണ്ടാക്കി വിതരണം ചെയ്യുന്നതിന്റെ, അധ്യാപകരുടെയും വിദ്യാർഥികളുടെയും യോഗ്യതകൾ നിർണയിക്കുന്നതിന്റെ ചുമതല സർക്കാരിനാണ്‌. ഉന്നത വിദ്യാഭ്യാസരംഗത്ത്‌ ഈ ചുമതല സർവകലാശാലകൾക്കാണ്‌. സർക്കാരും എയ്‌ഡഡും തമ്മിലുള്ള വ്യത്യാസം സ്ഥാപനത്തിന്റെ ഉടമസ്ഥതയിലാണ്‌. എയ്‌ഡഡ്‌ സ്‌കൂൾ സ്വകാര്യ വ്യക്തിയുടെയോ ഗ്രൂപ്പുകളുടെയോ വകയാണ്‌. അവയിലും സർക്കാർ സ്‌കൂളുകളിലും ജീവനക്കാർക്ക്‌ സർക്കാർ ശമ്പളം കൊടുക്കുന്നു. അൺ എയഡഡ്‌ സ്‌കൂളിൽ സർക്കാരിന്‌ ഇത്തരം ബാധ്യതകളില്ല, നിയന്ത്രണങ്ങളേയുള്ളൂ.

3. സ്വകാര്യവ്യക്തികൾക്കും സംഘടനകൾക്കും സ്വന്തമായ താത്‌പര്യങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരിക്കാം. പക്ഷേ, സമൂഹവും സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഗവൺമെന്റും ആവിഷ്‌കരിക്കുന്ന നിയമാവലികളും മാനദണ്‌ഡങ്ങളും എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെ ബാധകമാകണം. വ്യത്യസ്‌തങ്ങളായ താത്‌പര്യങ്ങളെ പൊതു താത്‌പര്യങ്ങൾക്ക്‌ ഹാനിവരുത്താതെ സമന്വയിപ്പിക്കുക എന്നത്‌ ഗവൺമെന്റിന്റെ കടമയാണ്‌.

കേരളത്തിലെ എയ്‌ഡഡ്‌ വിദ്യാലയങ്ങളുടെ മാനേജ്‌മെന്റ്‌ സ്വഭാവത്തിനും വൈവിധ്യമുണ്ട്‌. മതസ്ഥാപനങ്ങളും ജാതിസംഘടനകളും സാംസ്‌കാരിക സംഘടനകളുംവ്യക്തികളും സ്‌കൂളുകൾ നടത്തുന്നു. ഈ ഓരോ സംഘടനയ്‌ക്കും വിദ്യാഭ്യാസത്തെക്കുറിച്ച്‌ അവരുടേതായ കാഴ്‌ചപ്പാടുകൾ ഉണ്ട്‌. പൊതുവിദ്യാഭ്യാസത്തിന്റെ പൊതുലക്ഷ്യം ഏതു സംരഭകർ നടത്തിയാലും വ്യത്യസ്‌തമാകാൻ പാടില്ല. ജാതിമത സംഘങ്ങൾ, സാംസ്‌കാരിക സംഘങ്ങൾ, വ്യക്തികൾ എന്നിവരുടെ താൽപ്പര്യങ്ങൾ പൊതുവിദ്യാഭ്യാസരംഗത്തെ സ്വാധീനിക്കാതെ നോക്കേണ്ടതുണ്ട്‌. ആയതിനാൽ സമൂഹവും സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഗവൺമെന്റും ആവിഷ്‌കരിക്കുന്ന നിയമാവലികളും മാനദണ്‌ഡങ്ങളും എല്ലാ സ്ഥാപനങ്ങളും ഒരുപോലെ പാലിക്കുന്നു എന്നുറപ്പുവരുത്തേണ്ടതുണ്ട്‌.

4. തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ വിദ്യാഭ്യാസ മാനേജ്‌മെന്റിൽ നിർണായകമായ പങ്ക്‌ വഹിക്കാനുള്ള അവസരം അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി കൈവന്നിരിക്കുകയാണ്‌. ആയതിനാൽ ഓരോ തലത്തിലുമുള്ള ഭരണസ്ഥാപനങ്ങൾ വഹിക്കേണ്ട ധർമങ്ങൾ കൃത്യമായി നിർവചിക്കപ്പെടണം. സെൻ കമ്മിറ്റി നിർദേശിച്ചതുപോലെ കീഴ്‌തലങ്ങളിൽ ചെയ്യാവുന്ന കാര്യങ്ങൾ പ്രസ്‌തുത തലത്തിൽത്തന്നെ ചെയ്യാൻ അനുവദിക്കുകയും അതിന്‌ സഹായകരമായ നയരൂപീകരണം മുകൾതലത്തിൽ ചെയ്യുകയുമാണ്‌ വേണ്ടത്‌.

ഏഴാം ക്ലാസുവരെയുള്ള പ്രൈമറി വിദ്യാലയങ്ങളുടെ നിയന്ത്രണാവകാശം ഗ്രാമപഞ്ചായത്തുകൾക്കും ഹൈസ്‌കൂൾ, ഹൈയർ സെക്കണ്ടറി സ്‌കൂൾ എന്നിവയുടേത്‌ ജില്ലാ പഞ്ചായത്തുകൾക്കും ആണ്‌. ഹൈസ്‌കൂളുകളോട്‌ ചേർന്നുള്ള പ്രൈമറി വിദ്യാലയങ്ങളുടെയും അധികാരം ജില്ലാ പഞ്ചായത്തിനാണ്‌. മുനിസിപ്പൽ പ്രദേശത്തുള്ള പ്രൈമറി, ഹൈസ്‌കൂൾ, ഹൈയർ സെക്കണ്ടറി എന്നിവ മുനിസിപ്പാലിറ്റികളുടെ നിയന്ത്രണത്തിലാണ്‌. എന്നാൽ ഈ അധികാരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരന്തരീക്ഷം ഇനിയും സംജാതമായിട്ടില്ല. തീരുമാനങ്ങൾ പലതും ഡിപ്പാർട്ടുമെന്റ്‌ തലത്തിൽ കേന്ദ്രീകരിച്ച്‌ എടുക്കുന്ന രീതിതന്നെയാണ്‌ നിലവിലുള്ളത്‌. ഇതു മാറേണ്ടതുണ്ട്‌. ഓരോ തലത്തിലും ഉള്ള ഭരണസ്ഥാപനങ്ങൾ ചെയ്യേണ്ട കടമകൾ നിർവചിക്കപ്പെടേണ്ടതുണ്ട്‌.

5. കുട്ടിയെയും കുട്ടിയുടെ സർവതോമുഖമായ വളർച്ചയെയും കേന്ദ്രബിന്ദുവാക്കിക്കൊണ്ടുവേണം വിദ്യാഭ്യാസരംഗത്തെ ഏതൊരു മാനേജ്‌മെന്റ്‌ സംവിധാനത്തെക്കറിച്ചും ഉള്ള കാഴ്‌ചപ്പാട്‌ വികസിപ്പിക്കേണ്ടത്‌.

പൊതുവിദ്യാഭ്യാസ നടത്തിപ്പിന്റേതായ സാങ്കേതികത്വംമൂലം ഇതിന്റെ പ്രത്യക്ഷ ഗുണഭോക്താവായ കുട്ടിക്ക്‌ അവസാന പരിഗണന മാത്രമേ ലഭിക്കുന്നുള്ളൂ. പലപ്പോഴും കുട്ടിയുടെ വിദ്യാഭ്യാസ താൽപ്പര്യം വിസ്‌മരിക്കപ്പെടുന്നു. മെച്ചപ്പെട്ട വിദ്യാഭ്യാസ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ നിലവിലുള്ള വഴക്കമില്ലാത്ത നിയമങ്ങളും കീഴ്‌വഴക്കങ്ങളും തടസമായി നിൽക്കുന്നു. കുട്ടിയുടെ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനുവേണ്ടി നിലകൊള്ളേണ്ട സംവിധാനങ്ങൾ എന്നതിനുപകരം സംവിധാനങ്ങളുടെ നിലവിലുള്ള വഴക്കമില്ലായ്‌മ, ഉത്തരവാദിത്വമില്ലായ്‌മ, കെടുകാര്യസ്ഥതയും അനുസരിച്ചാവണം കുട്ടിയുടെ വിദ്യാഭ്യാസം എന്ന അവസ്ഥയാണ്‌ ഇന്നുള്ളത്‌.

6. അധ്യാപക, അധ്യാപകേതര ജീവനക്കാർ, വിദ്യാർ ഥികൾ എന്നിവരാണ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാന ആഭ്യന്തര ഘടകങ്ങൾ. രക്ഷിതാക്കളും സമൂഹവും ഈ പ്രക്രിയയുടെ ബാഹ്യഘടകങ്ങളാണ്‌. ആവശ്യമായ ഘട്ടങ്ങളിൽ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയ ഓരോ തലത്തിലും കൂടുതൽ സുതാര്യവും ജനാധിപത്യപരവുമാകണം. ഇങ്ങനെയെടുക്കുന്ന തീരുമാനങ്ങൾ സമൂഹത്തി ന്റെ പൊതുതാത്‌പര്യങ്ങൾക്ക്‌ വിരുദ്ധവുമാകരുത്‌. ഇതിനു കഴിയണമെങ്കിൽ ആഭ്യന്തരമായും സാമൂഹികമായും പരമാവധി പങ്കാളിത്തം ഉറപ്പാക്കുന്ന സംവിധാനങ്ങൾ ഓരോ തട്ടിലും ഉണ്ടാകണം.

വിദ്യാഭ്യാസം ഒരു സാമൂഹിക പ്രക്രിയയാണ്‌. അധ്യാപകർ, അധ്യാപകേതര ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ ഈ പ്രക്രിയയിൽ പ്രത്യക്ഷമായും പങ്കെടുക്കുന്നു. എന്നാൽ വിദ്യാഭ്യാസ നയരൂപീകരണം നടത്തുന്നത്‌ സമൂഹമാണ്‌. ഇങ്ങനെ രൂപീകരിക്കപ്പെട്ട കാഴ്‌ചപ്പാടിനനുസരിച്ചാണ്‌ വിദ്യാഭ്യാസപ്രക്രിയ നടക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. മാത്രമല്ല, സ്ഥാപനാടിസ്ഥാനത്തിൽ ഇവ പരിപാലിക്കപ്പെടുന്നൂ എന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുമുണ്ട്‌. ഇതിനു കഴിയണമെങ്കിൽ സ്ഥാപനങ്ങളും സമൂഹവും തമ്മിൽ ഒരു തരത്തിലുമുള്ള അകൽച്ച പാടില്ല. തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയിൽ സമൂഹത്തിന്റെകൂടി ക്രിയാത്മക പങ്കാളിത്തം അനിവാര്യമാണ്‌. ഇതിനു സാധിക്കുംവിധം ഉള്ള സംവിധാനങ്ങൾ ഓരോ തലത്തിലും ഉണ്ടാകേണ്ടതുണ്ട്‌.

7. ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും ഉരുത്തിരിഞ്ഞുവരുന്ന സമവായത്തിനടിസ്ഥാനമാക്കി സമൂഹം മുന്നോട്ടുവെയ്‌ക്കുന്ന മാർഗനിർദേശങ്ങൾക്കു വിധേയമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൈകാര്യകർത്തൃത്വത്തിനുള്ള പൂർണസ്വാതന്ത്ര്യം അതതു സ്ഥാപനങ്ങൾക്ക്‌ ഉണ്ടായിരിക്കണം. പൊതു മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോ എന്ന്‌ വിലയിരുത്താൻ മോണിറ്ററിങ്‌ സംവിധാനങ്ങൾ അനിവാര്യമാണ്‌.

കേന്ദ്രീകൃതമായി തീരുമാനിക്കുന്ന കാര്യങ്ങളുടെ യാന്ത്രികമായ നടത്തിപ്പാണ്‌ ഇന്ന്‌ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യുന്നത്‌. ഓരോ പ്രദേശത്തിന്റെയും സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക വൈവിധ്യങ്ങളും വൈജാത്യങ്ങളും ഉൾക്കൊള്ളാൻ ഇതുമൂലം കഴിയുന്നില്ല. സമൂഹം ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയും സമവായത്തിനടിസ്ഥാനമാക്കി മുന്നോട്ടുവെയ്‌ക്കുന്ന കാഴ്‌ചപ്പാടും നിർദേശങ്ങളും ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ കൂടി പരിഗണിച്ച്‌ പൊതു കാഴ്‌ചപ്പാടിന്‌ മാറ്റംവരാതെ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം അതതു സ്ഥാപനങ്ങൾക്കുണ്ടാകണം. ആ സ്ഥാപനപരിധിയിൽവരുന്ന സമൂഹത്തെകൂടി പങ്കാളികളാക്കിക്കൊണ്ടുവേണം നടത്തിപ്പ്‌ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ. പൊതു കാഴ്‌ചപ്പാട്‌ പരിപാലിക്കുന്നു എന്നുറപ്പുവരുത്താൻ സമൂഹത്തിനുകൂടി പങ്കാളിത്തമുള്ള മോണിറ്ററിങ്‌ സംവിധാനങ്ങൾ ഉണ്ടാവണം.

8. അധ്യാപക/അനധ്യാപക നിയമനത്തിൽ സാമൂഹിക നിയന്ത്രണം ഉറപ്പാക്കണം.

ഗവൺമെന്റ്‌ സ്‌കൂളുകളിൽ പി.എസ്‌.സി. വഴിയാണ്‌ അധ്യാപക നിയമനം നടക്കുന്നത്‌. എന്നാൽ മാനേജ്‌മെന്റ്‌ സ്‌കൂളുകളിൽ മാനേജർമാർക്കാണ്‌ നിയമനാധികാരം. യാതൊരു തത്വദീക്ഷയുമില്ലാതെയാണ്‌ മാനേജ്‌മെന്റ്‌ സ്‌കൂളുകളിൽ നിയമനം നടത്തുന്നത്‌. വൻ അഴിമതി ഈ രംഗത്ത്‌ നടക്കുന്നു എന്നത്‌ അനുഭവവേദ്യമാണ്‌. ഭരണഘടനാപരമായ സംവരണംപോലും സ്വകാര്യ സ്‌കൂൾ നിയമനകാര്യത്തിൽ അട്ടിമറിക്കപ്പെടുന്നു. സമൂഹത്തിന്‌ ഇതെല്ലാം നോക്കിനിൽക്കുന്നതിനപ്പുറം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്‌ നിലനിൽക്കുന്നത്‌. എല്ലാവിധത്തിലുമുള്ള അഴിമതി നടത്തി നിയമനം നൽകുന്നവർക്ക്‌ വേതനം നൽകാനുള്ള ബാധ്യത സർക്കാരിനാണ്‌. ഈ അവസ്ഥ മാറേണ്ടതുണ്ട്‌. നിയമനത്തിനുള്ള കൃത്യമായ മാനദണ്‌ഡങ്ങൾ സമൂഹം തീരുമാനിക്കുകയും അതുറപ്പുവരുത്തിക്കൊണ്ട്‌ ഏതെങ്കിലും തരത്തിലുള്ള അർഹതാ മൂല്യനിർണയം നടത്തുകയും അതിൽ അർഹതനേടിയവരെ മാത്രം നിയമിക്കുന്ന സംവിധാനം ഉണ്ടാകേണ്ടതുണ്ട്‌. ഇങ്ങനെ ചെയ്യുമ്പോൾ ഓരോ വർഷവും വരാനിടയുള്ള ഒഴിവുകളുടെ മൊത്തം എണ്ണം കണക്കാക്കി അതിന്റെ ഒരു നിശ്ചിത ശതമാനം എണ്ണംകൂടി കൂട്ടി വേണം ലിസ്റ്റ്‌ ഓരോ വർഷവും പ്രസിദ്ധീകരിക്കേണ്ടത്‌. സ്‌കൂൾ വിദ്യാഭ്യാസം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണപരിധിയിലായതിനാൽ നിയമന കാര്യങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കത്തക്കരീതിയിൽ പുനരാവിഷ്‌കരിക്കണം. ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ഇത്‌ ബാധകമാക്കണം.

9. സ്ഥാപനങ്ങളുടെ മേലധികാരിയായ ഹെഡ്‌മാസ്റ്റർ/പ്രിൻസിപ്പൽ എന്നിവരെ അഭിരുചി അടിസ്ഥാനത്തിൽ നേരിട്ട്‌ തെരഞ്ഞെടുക്കേണ്ടതാണ്‌.

സർവീസ്‌ അടിസ്ഥാനമാക്കി പ്രൊമോഷൻ നൽകിയാണ്‌ ഇന്ന്‌ സ്ഥാപനങ്ങളിലെ മേലധികാരികളായ ഹെഡ്‌ മാസ്റ്റർ/പ്രിൻസിപ്പൽ എന്നിവരെ നിയമിക്കുന്നത്‌. ഇത്‌ ഒട്ടേറെ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്‌. സ്ഥാപനാടിസ്ഥാനത്തിൽ മാനേജീരിയൽ ചുമതല വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നതിന്‌ നിർണായകമായ പങ്കു വഹിക്കുന്നത്‌ ഹെഡ്‌മാസ്റ്റർ/പ്രിൻസിപ്പലാണ്‌. ഒരു നല്ല അധ്യാപകൻ/അധ്യാപികയായതുകൊണ്ട്‌ മാനേജീരിയൽ റോളിൽ മികവ്‌ പുലർത്താൻ കഴിയണം എന്നില്ല. ആയതിനാൽ ഈ രംഗത്തെ അഭിരുചി പരിശോധിച്ചുവേണം ഏതൊരാളെയും ഈ സ്ഥാനത്തേക്ക്‌ പരിഗണിക്കേണ്ടത്‌. സ്‌കൂളിൽ നടക്കുന്നത്‌ അക്കാദമിക പ്രവർത്തനങ്ങൾ ആയതിനാൽ അധ്യാപനവൃത്തിയിൽ പതിനഞ്ചുവർഷമെങ്കിലും അനുഭവജ്ഞാനമുള്ള വ്യക്തികളിൽ നിന്നാകണം മേധാവിയെ കണ്ടെത്തേണ്ടത്‌. ഇത്തരക്കാർക്ക്‌ മൂന്നു വർഷമെങ്കിലും സേവന കാലാവധി ബാക്കിയുണ്ടാവുകയും വേണം. സ്ഥാപനത്തേയും സമൂഹത്തേയും പരസ്‌പരം ബന്ധിപ്പിക്കുവാനുള്ള അതിനിർണായകമായ കടമ ഓരോ സ്ഥാപനങ്ങളുടേയും മേധാവിക്കുണ്ട്‌.

10. പ്രൈമറിതലത്തിൽ പൊതുമേഖലയ്‌ക്കുതന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പിൽ മുൻകൈ നൽകേണ്ടതാണ്‌. പൊതുവിൽ പ്രൈമറി സ്‌കൂളുകൾ പഞ്ചായത്ത്‌ സമിതികളുടെ പൊതു മാർഗരേഖയ്‌ക്കു കീഴിൽ പ്രവർത്തിക്കണം. സ്വകാര്യ ഏജൻസികളുടെ സ്‌കൂളുകളും പഞ്ചായത്ത്‌ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന നിയമങ്ങൾക്ക്‌ വിധേയമായിരിക്കും. ഹയർ സെക്കണ്ടറി, വൊക്കേഷണൽ സ്‌കൂളുകളും പഞ്ചായത്ത്‌ സമിതികൾക്കു കീഴിൽ വരണം.

കുട്ടികൾക്ക്‌ മെച്ചപ്പെട്ട വിദ്യാഭ്യാസ അവസരം പ്രദാനം ചെയ്യുക എന്നത്‌ സമൂഹത്തിന്റെ കടമയാണ്‌. ഓരോ പ്രദേശത്തിന്റെയും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ വൈവിധ്യങ്ങൾ പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നുണ്ട്‌. അധികാര വികേന്ദ്രീകരണത്തിന്റെ പ്രാദേശിക ഗവൺമെന്റുകൾ വിദ്യാഭ്യാസരംഗത്ത്‌ ഇടപെടാനുള്ള അവസരങ്ങൾ ഇന്നുണ്ട്‌. ആയതിനാൽ പ്രൈമറി സ്‌കൂളുകൾ പഞ്ചായത്ത്‌ സ്ഥാപനങ്ങൾ തയ്യാറാക്കുന്ന പൊതു മാർഗനിർദേശങ്ങൾ അനുസരിച്ച്‌ പ്രവർത്തിക്കണം. ഹൈസ്‌കൂളുകൾ, ഹൈയർ സെക്കണ്ടറി സ്‌കൂളുകൾ, വൊക്കേഷണൽ സ്ഥാപനങ്ങൾ എന്നിവയിലും വിവിധ തട്ടുകളിലുള്ള പഞ്ചായത്ത്‌ സ്ഥാപനങ്ങളും വിവിധ സഹായങ്ങൾ നൽകാൻ കഴിയും. ഇത്‌ പ്രയോജനപ്പെടുത്തുംവിധം കൃത്യമായ മാനദണ്‌ഡങ്ങൾ നിർണയിക്കണം.

11. ഹൈസ്‌കൂളുകളോടനുബന്ധിച്ച്‌ ധാരാളം പ്രൈമറി വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്‌. ഹൈസ്‌കൂളുകൾ ജില്ലാ പഞ്ചായത്തിന്‌ കീഴിലും പ്രൈമറി സ്‌കൂളുകൾ ഗ്രാമപഞ്ചായത്തിന്റെ നിയന്ത്രണത്തിലുമാണ്‌. ഈ വൈരുദ്ധ്യം ഒട്ടേറെ അക്കാദമിക പ്രശ്‌നങ്ങളുണ്ടാക്കുന്നു. ആയതിനാൽ പ്രൈമറി സ്‌കൂളുകളുടെ നിയന്ത്രണം ഗ്രാമപഞ്ചായത്തുകൾക്ക്‌ പൂർണമായും ലഭ്യമാക്കാൻ സഹായകമായവിധം ഹൈസ്‌കൂളുകളിൽനിന്നും വേർപെടുത്തണം.

പ്രീ പ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയുള്ള ക്ലാസുകൾ ഉൾക്കൊള്ളുന്ന ധാരാളം വിദ്യാലയങ്ങൾ ഇന്ന്‌ സംസ്ഥാനത്തുണ്ട്‌. ഭൂരിപക്ഷം സെക്കണ്ടറി സ്‌കൂളുകളിൽ പ്രൈമറി വിഭാഗമുണ്ട്‌. അക്കാദമികമായും നടത്തിപ്പുപരമായും ഒട്ടേറെ പ്രശ്‌നങ്ങൾ ഇത്‌ സൃഷ്ടിക്കുന്നു.

(a) അക്കാദമികം : പ്രൈമറി തലത്തിലെ ബോധനതന്ത്രങ്ങൾ കുട്ടിയുടെ ബാല്യകാല പ്രകൃതവുമായി ബന്ധപ്പെട്ടാണ്‌ ആവിഷ്‌കരിക്കേണ്ടത്‌. ചുറ്റുപാടുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും അന്വേഷണരീതികൾക്കുമാണ്‌ ഈ ഘട്ടത്തിൽ കൂടുതൽ പ്രാധാന്യം. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന്‌ കൂടുതൽ പ്രാധാന്യം ഈ ഘട്ടത്തിൽ ആവശ്യമായിവരും. പ്രാദേശികമായ ഒട്ടേറെ അവസരങ്ങൾ പ്രയോജനപ്പെടുത്താം. കളിരീതികൾക്കും മറ്റും ബോധനശാസ്‌ത്രപരമായ പ്രാധാന്യം ഉള്ള ഘട്ടമാണിത്‌. അതുകൊണ്ടുതന്നെ അതിനനുസൃതമായ സ്‌കൂൾ അന്തരീക്ഷം ഒരുക്കേണ്ടതുണ്ട്‌. സെക്കണ്ടറി തലത്തിൽ ചിട്ടയായതും ആഴത്തിലുള്ളതുമായ അന്വേഷണങ്ങൾക്കും അന്വേഷണ രീതികൾക്കുമാണ്‌ കൂടുതൽ പ്രാധാന്യം നൽകേണ്ടത്‌. കൗമാര പ്രകൃതവുമായി ബന്ധപ്പെട്ട ഈ ഘട്ടത്തിൽ അനുവർത്തിക്കേണ്ട ബോധനശാസ്‌ത്ര രീതികൾ കുട്ടികളുടെ വിവിധങ്ങളായ ശേഷികളും നൈപുണികളും വികസിക്കാൻ സഹായകമായ പഠനാന്തരീക്ഷം ആണ്‌ ഒരുക്കേണ്ടത്‌.

(b) നടത്തിപ്പ്‌: പ്രൈമറി വിദ്യാലയങ്ങളുടെ നടത്തിപ്പ്‌ ചുമതല ഗ്രാമപഞ്ചായത്തുകൾക്കും ഹൈസ്‌കൂൾ/ഹയർ സെക്കണ്ടറിയുടേത്‌ ജില്ലാ പഞ്ചായത്തുകൾക്കുമാണ്‌. പ്രൈമറി വിദ്യാലയങ്ങൾ ഹൈസ്‌കൂളുകളോടു ചേർന്നാണെങ്കിൽ ഗ്രാമപഞ്ചായത്തുകൾക്ക്‌ നിയന്ത്രണാധികാരം ഇല്ല. പ്രാഥമിക വിദ്യാഭ്യാസരംഗത്ത്‌ ഒരു പഞ്ചായത്തിന്‌ പൊതുവായ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്‌ ഇത്‌ തടസമായി നിൽക്കുന്നു.

മുകളിൽപ്പറഞ്ഞ കാരണത്താൽ പ്രൈമറി വിദ്യാലയങ്ങൾ ഹൈസ്‌കൂളുകളിൽനിന്ന്‌ വേർപെടുത്തേണ്ടത്‌ അനിവാര്യമായിത്തീർന്നിരിക്കുന്നു.

12. 1-7 വരെ പ്രൈമറി ഘട്ടമായും 8-12 സെക്കണ്ടറി ഘട്ടമായും പരിഗണിച്ച്‌ ആകണം വിദ്യാഭ്യാസ മാനേജ്‌മെന്റ്‌ തന്ത്രങ്ങൾ ആവിഷ്‌കരിക്കേണ്ടത്‌.

ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളിൽനിന്ന്‌ പ്രൈമറി വിഭാഗം വേർതിരിക്കണമെന്ന ശുപാർശ 10 നടപ്പാക്കുന്നതോടെ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളെ പ്രൈമറി ഘട്ടമായി കാണണം. ഗ്രാമപഞ്ചായത്ത്‌ സംവിധാനങ്ങൾക്ക്‌ വിദ്യാഭ്യാസത്തിന്റെ കൈകാര്യകർത്തൃത്വം സുഗമമാക്കാൻ ഇത്‌ അനിവാര്യമാകും. നിലവിൽ ഹൈസ്‌കൂളുകൾക്കും ഹയർ സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വ്യത്യസ്‌തങ്ങളായ മാനേജ്‌മെന്റ്‌ സംവിധാനങ്ങളാണുള്ളത്‌. സ്‌കൂൾ വിദ്യാഭ്യാസം 12 ാം ക്ലാസുവരെ എന്ന പൊതു കാഴ്‌ചപ്പാടിന്‌ വിരുദ്ധവും തടസവുമാകും ഇത്തരത്തിലുള്ള ഘടനകൾ. ഇവയെല്ലാം ഉദ്‌ഗ്രഥിച്ച്‌ 8-ാം ക്ലാസ്‌ മുതൽ 12-ാം ക്ലാസ്‌ വരെ സെക്കണ്ടറി വിദ്യാഭ്യാസഘട്ടമായി ഒറ്റ മാനേജ്‌മെന്റ്‌ സംവിധാനത്തിനു കീഴിൽ കൊണ്ടുവരണം. ജില്ലാ പഞ്ചായത്തു കൾക്ക്‌ ഇതിൽ നിർണായകമായ സ്ഥാനമുണ്ടാകണം.

13. ന്യൂനപക്ഷാവകാശങ്ങൾ ഭരണഘടനാപരമായി എന്തൊക്കെ എന്ന്‌ ഒന്നുകൂടി വിശദമായി പരിശോധിക്കണം.

ന്യൂനപക്ഷങ്ങൾക്ക്‌ അവരുടെ തനത്‌ സംസ്‌കാരം, ഭാഷ എന്നിവയുടെ തനിമ നിലനിർത്താനും കൈമാറാനുമുള്ള എല്ലാ സൗകര്യവും ഉണ്ടായിരിക്കണം. ഇത്‌ പ്രസ്‌തുത സമൂഹത്തിലെ/സമുദായത്തിലെ വ്യക്തികളുടെയും സമൂഹത്തിന്റെയാകെയും ഗുണപരമായ ഉന്നമനത്തിനാകണം. അല്ലാതെ കേവലം സ്വത്ത്‌ ആർജിക്കാനും അതിന്റെ കൈകാര്യകർത്തൃത്വത്തിനുള്ള അവകാശം നിലനിർത്താനും മാത്രമാകരുത്‌. സെക്കുലർ വിദ്യാഭ്യാസം സർക്കാർ ആവിഷ്‌കരിച്ച രീതിയിൽ നടപ്പാക്കാൻ ഏതു ന്യൂനപക്ഷ വിദ്യാലയവും ബാധ്യസ്ഥമായിരിക്കണം.

14. ശാരീരികമായും മാനസികമായും വൈകല്യമുള്ള കുട്ടികളെ പൊതുധാരയിലേയ്‌ക്ക്‌ കൊണ്ടുവരാൻ സഹായകമായ സംവിധാനങ്ങൾ വികസിപ്പിക്കണം.

സമൂഹത്തിലെ കുറെയേറെ കുട്ടികൾ ശാരീരികമായും മാനസികമായും വൈകല്യമുള്ളവരാണ്‌. ഇവരും സമൂഹത്തിന്റെ ഭാഗം തന്നെയാണ്‌. ആയതിനാൽ ഈ കുട്ടികളുടെ ആത്മവിശ്വാസം വളർത്താനുതകുന്ന തരത്തിലുള്ള ബോധന രൂപങ്ങളുടെ വികാസം ഗവേഷണബുദ്ധ്യാ ഏറ്റെടുക്കുകയും നടപ്പാക്കുകയും വേണം.

15. ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയും ഉപജില്ലാ വിദ്യാഭ്യാസ പരിധിയും ഒന്നാകണം. (Co-termines)

വിദ്യാഭ്യാസ ഉപജില്ലകളും ബ്ലോക്കും സ്വാഭാവികമായും ഒന്നല്ല. ബ്ലോക്ക്‌ പഞ്ചായത്തിനെ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തേണ്ടിയിരിക്കുന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയും ഉപജില്ലാ വിദ്യാഭ്യാസ പരിധിയും ഒന്നാകണം. (co-termines). എ.ഇ.ഒ. കേഡറിലുള്ള തസ്‌തിക ബ്ലോക്ക്‌ എഡ്യൂക്കേഷൻ ഓഫീസർ തസ്‌തികയാക്കി മാറ്റുകയും വേണം. ബ്ലോക്ക്‌ എഡ്യൂക്കേഷൻ ഓഫീസറെ അക്കാദമിക കാര്യങ്ങളിൽ സഹായിക്കാൻ വിവിധ വിഷയങ്ങളിൽ പ്രാവീണ്യമുള്ള 8-10 പേർ ഉണ്ടാകണം. അക്കാദമിക മോണിറ്ററിങ്‌ നടത്തേണ്ടത്‌ ഈ ടീമായിരിക്കണം.

16. വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടപ്പാക്കണമെങ്കിൽ വിദ്യാഭ്യാസം ഒരു ജനകീയപ്രവർത്തനമായി മാറണം. അതിനു സഹായകമായ സമിതികൾ അതതു തലങ്ങളിൽ രൂപീകരിക്കേണ്ടിവരും.

വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്‌ പഞ്ചായത്ത്‌ തലത്തിൽ കൂടുതൽശ്രദ്ധയും പരിഗണനയും കൈവരിക്കുകയും ജനകീയമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്‌ വേദിയൊരുക്കുകയും ചെയ്യുമ്പോൾ നിലവിലുള്ള മറ്റു സംവിധാനങ്ങൾ സ്വാഭാവികമായും ഇതിന്‌ അനുഗുണമായിത്തീരേണ്ടതുണ്ട്‌. ഇതിനു സഹായകമായവിധം മാനേജീരിയൽ സംവിധാനങ്ങളും വികേന്ദ്രീകരിക്കപ്പെടണം. അതുപോലെ വിദ്യാഭ്യാസ മാനേജ്‌മെന്റിന്റെ പുനരാവിഷ്‌കരണത്തെ സംബന്ധിച്ച്‌ നിർദേശങ്ങൾ രൂപപ്പെടുത്തുമ്പോൾ സംസ്ഥാനതലം മുതൽ സ്‌കൂൾതലംവരെ ഓരോ ഘടകങ്ങളും വഹിക്കേണ്ട പങ്ക്‌ നിർവചിക്കേണ്ടതുണ്ട്‌.

പഞ്ചായത്ത്‌ തലത്തിൽ പി.ഇ.സി. പോലെ ബ്ലോക്ക്‌ തലത്തിൽ വിദ്യാഭ്യാസ സമിതി രൂപീകരിക്കണം. ഈ സമിതിയുടെ കൺവീനർ ബ്ലോക്ക്‌ വിദ്യാഭ്യാസ ഓഫീസർ ആയിരിക്കും. ബ്ലോക്കിൽ നടത്തുന്ന എല്ലാവിധ അക്കാദമിക പ്രവർത്തനങ്ങളും കോഡിനേറ്റ്‌ ചെയ്യേണ്ട ചുമതല ബ്ലോക്ക്‌ വിദ്യാഭ്യാസ ഓഫീസർക്കാണ്‌. ബ്ലോക്ക്‌ തലമായിരിക്കണം വിദ്യാഭ്യാസത്തിനുള്ള സാങ്കേതിക സഹായ യൂണിറ്റ്‌. എല്ലാ തലത്തിലുമുള്ള-ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി-അധ്യാപകർക്ക്‌ പരിശീലനം നൽകേണ്ട ഉത്തരവാദിത്വം ബ്ലോക്ക്‌ തലത്തിൽ നിർവഹിക്കപ്പെടേണ്ടിവരും. വിദ്യാഭ്യാസ പരിപാടികളുടെ അടിസ്ഥാന പ്രവർത്തന ഘടകം ഗ്രാമ പഞ്ചായത്തുകൾ/മുനിസിപ്പാലിറ്റികൾ ആയിരിക്കണം. പ്രൈമറി തലത്തിലെ അക്കാദമിക പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി ഒരോ പഞ്ചായത്ത്‌/മുനിസിപ്പാലിറ്റിയിലും 10-12 പേർ അടങ്ങിയ അക്കാദമിക റിസോഴ്‌സ്‌ ഗ്രൂപ്പുകൾ ഉണ്ടാകണം. അധ്യാപക പരിശീലനങ്ങൾ മറ്റു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതതിനും നേതൃത്വം നൽകേണ്ടത്‌ പഞ്ചായത്ത്‌/മുനിസിപ്പൽ വിദ്യാഭ്യാസ സമിതിക്ക്‌ കീഴിലുള്ള ഈ അക്കാദമിക സമിതിയായിരിക്കണം. പ്രവർത്തനം ആസൂത്രണം ചെയ്യുമ്പോൾ ഓരോ സ്ഥാപനത്തിന്റെയും പ്ലാൻ ഉണ്ടാക്കുകയും ഉദ്‌ഗ്രഥിക്കുകയും വേണം.

ജില്ലാതലത്തിൽ വിദ്യാഭ്യാസ സമിതി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കണം. ഈ സമിതിയുടെ കോ-ഓർഡിനേറ്റർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറാകാവുന്നതാണ്‌. അക്കാദമിക്‌ കമ്മിറ്റിയും രൂപീകരിക്കണം. ഡയറ്റ്‌ പ്രിൻസിപ്പലിന്‌ അക്കാദമിക്‌ കമ്മിറ്റിയുടെ കൺവീനറുടെ ചുമതല നൽകാം.

നടക്കുന്ന മൊത്തം പ്രവർത്തനങ്ങളെ അക്കാദമികമെന്നും, ഫിനാൻസ്‌& ഭരണപരം എന്നും രണ്ടായി തിരിക്കാം.

സംസ്ഥാനതലം അക്കാദമികം  : കരിക്കുലം രൂപീകരണം, പാഠപുസ്‌തക രചന, സംസ്ഥാനതല റിസോഴ്‌സ്‌ പേർസൺ പരിശീലനം. അതിനാവശ്യമായ ഉപാധികൾ വികസിപ്പിക്കൽ.

ഫിനാൻസ്‌ & ഭരണപരം : പൊതു പോളിസി തീരുമാനിക്കൽ, ജീവനക്കാരുടെ വേതനം സംബ ന്ധിച്ച ഉത്തരവാദിത്വം, ജില്ലകൾക്ക്‌ കൈകാര്യം ചെയ്യാൻ കഴിയാത്ത ഭരണപരമായ കാര്യങ്ങളും രണ്ടോ അതിലധികമോ ജില്ലകൾക്ക്‌ ബാധകമാകുന്ന പ്രശ്‌നങ്ങൾ മാനേജ്‌മെന്റ്‌, ന്യൂനപക്ഷ മാനേജ്‌മെ ന്റുമായി ബന്ധപ്പെടുന്ന പ്രശ്‌നങ്ങൾഎന്നിവ.

ജില്ല അക്കാദമികം : പാഠപുസ്‌തകങ്ങളുടെ അച്ചടിവിതരണം, ജില്ലാതല റിസോഴ്‌സ്‌ പേഴ്‌സണുകളുടെ പരിശീലനം. മൊഡ്യൂളുകൾ വികസിപ്പിക്കൽ. ജില്ലാ പ്ലാൻ തയ്യാറാക്കൽ, മാനേജ്‌മെന്റ്‌, ആസൂത്രണ പരിശീലന ങ്ങൾ മറ്റ്‌ സവിശേഷ പരിശീലനങ്ങൾ നൽകൽ.

ഫിനാൻസ്‌ & ഭരണപരം : ജീവനക്കാരുടെ നിയമനം (PSC മുഖേന), ട്രാൻസ്‌ഫർ, ബ്ലോക്ക്‌ തല ത്തിൽ കൈകാര്യം ചെയ്യാൻ കഴിയാത്ത പ്രശ്‌നങ്ങൾ പരിഹരിക്കൽ.

ബ്ലോക്ക്‌/മുനിസിപ്പാലിറ്റി അക്കാദമികം  : Technical Unit, പരിശീലനങ്ങൾ ആസൂത്രണം ചെയ്യുകയും നിർവഹിക്കുകയും ചെയ്യേണ്ടത്‌ ഈ തലത്തിലാണ്‌.

ഫിനാൻസ്‌ & ഭരണപരം : ബ്ലോക്ക്‌ പ്ലാൻ തയ്യാറാക്കൽ, ജീവനക്കാരുടെ നിയമനം, ട്രാൻസ്‌ഫർ എന്നിവയൊഴികെയുള്ള കാര്യങ്ങളിൽ എല്ലാ തീരുമാനങ്ങളും ഈ തലത്തിൽ കൈകാര്യം ചെയ്യണം. അക്കാദമികമായ ആവശ്യാനുസര ണം അധ്യാപകരെ ഒരു സ്ഥാപനത്തിൽനിന്നും മറ്റൊരു സ്ഥാപന ത്തിലേക്ക്‌ diploy ചെയ്യാനുള്ള അധികാരം ഈ തലത്തിനുണ്ടാവണം.

പഞ്ചായത്ത്‌ അക്കാദമികം : Functional unit, പഞ്ചായത്ത്‌ പ്ലാൻ ബഡ്‌ജറ്റ്‌ തയ്യാറാക്കൽ. ഇതിന്‌ ആധാരമാക്കി സമഗ്രവിദ്യാഭ്യാസ പരിപാടി തയ്യാറാക്കൽ, നിർവഹിക്കൽ.

ഫിനാൻസ്‌ & ഭരണപരം : സാമൂഹികസുരക്ഷയുടെ ഭാഗമായി നൽകുന്ന ഗ്രാന്റുകളും സ്‌കോളർഷിപ്പുകളും തീരുമാനിക്കലും വിതരണം ചെയ്യലും.

സ്‌കൂൾ : സ്‌കൂൾ പ്ലാൻ/സ്‌കൂൾ ബഡ്‌ജറ്റ്‌ തയ്യാറാക്കൽ. സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ നടത്തിപ്പ്‌.

ഇതിനാവശ്യമായ ഘടനാരൂപം താഴെ ചേർക്കുന്നു. (ചിത്രം)

സ്‌കൂൾ പ്ലാൻ

പഞ്ചായത്തിലെ/മുനിസിപ്പാലിറ്റിയിലെ എല്ലാ വിദ്യാലയങ്ങളുടേയും സ്ഥിതി ഒരേ പോലെയാകില്ല. അവയ്‌ക്കോരോന്നിനും തനതായ പ്രശ്‌നങ്ങളുണ്ടാകും. ഇത്തരം സവിശേഷ പ്രശ്‌നങ്ങളും പൊതു പ്രശ്‌നങ്ങളും കണ്ടെത്തേണ്ടതുണ്ട്‌. നിലവിലുള്ള സ്ഥിതിയെക്കുറിച്ച്‌ സുവ്യക്തമായ ധാരണ ഉണ്ടാകണം. ഓരോ വിദ്യാഭ്യാസ ഘട്ടത്തിലൂടെയും എന്തൊക്കെയാണ്‌ സമൂഹം പ്രതീക്ഷിക്കുന്നത്‌, അത്‌ നേടുന്നതിന്‌ സഹായകരമായ എന്തൊക്കെ സാഹചര്യങ്ങളും സൗകര്യങ്ങളുമാണ്‌ ഉണ്ടാകേണ്ടത്‌, ഇന്നുള്ളവ ഇതിന്‌ എത്രമാത്രം പര്യാപ്‌തമാണ്‌, ഇനി കൂടുതലായി എന്തൊക്കെയാണ്‌ വേണ്ടത്‌ തുടങ്ങിയ കാര്യങ്ങൾ കൃത്യമായി ചിട്ടപ്പെടുത്തണം. ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങളെ വിലയിരുത്തുകയും വേണം. കുട്ടിയുടെ സമഗ്രമായ വികസനത്തിന്‌ ലഭിക്കേണ്ട മൊത്തം വിദ്യാലയാനുഭവങ്ങളെ പരിഗണിച്ചുകൊണ്ടും വിദ്യാലയ വികസനത്തിന്‌ ആവശ്യമുള്ള മറ്റ്‌ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുമാണ്‌ സ്‌കൂൾ പ്ലാൻ തയ്യാറാക്കേണ്ടത്‌. സ്‌കൂൾ പ്ലാൻ തയ്യാറാക്കുമ്പോൾ ഹ്രസ്വകാല, ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽക്കാണണം. പഞ്ചായത്ത്‌/മുനിസിപ്പാലിറ്റി തലത്തിൽ നടപ്പാക്കാൻ പോകുന്ന സമഗ്രമായ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ്‌ സ്‌കൂൾ പ്ലാൻ തയ്യാറാക്കുന്നത്‌ എന്ന ധാരണയുണ്ടാകണം.

പഞ്ചായത്ത്‌/മുനിസിപ്പൽ വിദ്യാഭ്യാസ രേഖ

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും പരിധിയിൽ വരുന്ന സ്‌കൂളുകൾ തയ്യാറാക്കിയ പ്ലാൻ ക്രോഡീകരിക്കുകയും പഞ്ചായത്ത്‌/മുനിസിപ്പാലിറ്റിയുടേതായ വിദ്യാഭ്യാസ രേഖ തയ്യാറാക്കുകയും വേണം. ഇതിന്റെ ജില്ലാടിസ്ഥാനത്തിലുള്ള ക്രോഡീകരണമായിരിക്കണം ജില്ലാ പ്ലാനിന്റെ മുഖ്യ ഘടകം.

ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളുടേയും ഗുണനിലവാരം ഉയർത്താനുള്ള ചുമതല ജില്ലാ പഞ്ചായത്തുകൾക്കുണ്ട്‌. ജില്ലാതലത്തിൽ റിസോഴ്‌സ്‌ പേഴ്‌സണിനെ (ഡി.ആർ.പി.) പരിശീലിപ്പിച്ചെടുക്കുകഎന്ന ഉത്തരവാദിത്വം ജില്ലാ പഞ്ചായത്തുകൾ ഏറ്റെടുക്കണം. ഓരോ വിഷയത്തിനും ജില്ലാതലത്തിൽ ഡി.ആർ.പി. മാർ ആവശ്യമായി വരും. ഡയറ്റ്‌, എസ്‌.സി.ഇ.ആർ.ടി. എന്നിവയുടെ സഹകരണത്തോടെ ഡി.ആർ.പി. മാരെ പരിശീലിപ്പിക്കാവുന്നതാണ്‌. ഇതിനാവശ്യമായ പരിശീലന മോഡ്യൂൾ, കൈപ്പുസ്‌തകങ്ങൾ, പഠന സഹായികൾ എന്നിവ ലഭ്യമാക്കലും, റിസോഴ്‌സ്‌ പേഴ്‌സൺസിനെ നിരന്തരമായി ശക്തിപ്പെടുത്തലും വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ ജില്ലാ പഞ്ചായത്ത്‌ ചെയ്യേണ്ടതാണ്‌. റിസോഴ്‌സ്‌ പേഴ്‌സണിന്റെ ട്രെയിനിങ്ങിനപ്പുറം ഒരു പരിശീലനവും എസ്‌.സി.ഇ.ആർ.ടി., ഡയറ്റ്‌ എന്നിവയുടെ ചുമതലയാകരുത്‌.

17. SCERT, DIET, ഓരോ തലത്തിലെയും Faculty groupകൾ എന്നിവ സ്ഥിരം സംവിധാനമാണെങ്കിലും അതിൽ ജോലി ചെയ്യുന്നവരെ ഒരു നിശ്ചിത കാലയളവിലേക്ക്‌ കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയായിരിക്കും നല്ലത്‌.

സ്ഥിരം ജീവനക്കാർ സ്ഥാപനത്തിന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതി പലയിടത്തുമുണ്ട്‌. അതിൽ പ്രവർത്തിക്കുന്നവരെ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന്‌ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതാകും നല്ലത്‌.

18. പാഠപുസ്‌തകങ്ങളടക്കം പഠനോപാധികൾ അച്ചടിച്ച്‌ വിതരണം ചെയ്യുന്നത്‌ ജില്ലാടിസ്ഥാനത്തിലാക്കണം.

പാഠപുസ്‌തകങ്ങളും പഠനോപാധികളും കൃത്യസമയത്ത്‌ ലഭിക്കാത്തത്‌ ഇന്നത്തെ ഒരു പ്രധാന പ്രശ്‌നമാണ്‌. ജില്ലയിലെ വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കാൻ ഉത്തരവാദപ്പെട്ട പ്രാദേശിക ഭരണകൂടം എന്ന നിലയിൽ ജില്ലാ പഞ്ചായത്തിന്‌ അതിന്റേതായ ഉത്തരവാദിത്വമുണ്ട്‌. ആയതിനാൽ എസ്‌.സി.ഇ.ആർ.ടി. തയ്യാറാക്കുന്ന പാഠപുസ്‌തക സ്‌ക്രിപ്‌റ്റുകൾ അച്ചടിച്ച്‌ വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം ജില്ലാ പഞ്ചായത്തുകൾക്ക്‌ ആയിരിക്കണം. ഇതിന്‌ സഹായകമാകുംവിധം ജില്ലയിലെ ബുക്ക്‌ ഡിപ്പോകളെയും അതിലെ ജീവനക്കാരെയും ജില്ലാ പഞ്ചായത്തിന്റെ കീഴിൽ കൊണ്ടുവരണം.

19. സ്‌കൂൾ വിദ്യാഭ്യാസ ഘടനയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും (non teaching staff) വിദ്യാലയത്തിൽ നടത്തേണ്ട അക്കാദമിക പ്രവർത്തനങ്ങളെക്കുറിച്ച്‌ ഓറിയന്റേഷൻ കോഴ്‌സുകൾ നൽകണം.

അധ്യാപകർക്കു മാത്രമേ ഇന്ന്‌ ഏതെങ്കിലും തരത്തിലുള്ള പുനഃപരിശീലനം നൽകുന്നുള്ളൂ. അനധ്യാപക വിഭാഗത്തിനും നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളെക്കുറിച്ച്‌ വ്യക്തമായ ധാരണ നൽകേണ്ടതുണ്ട്‌. എങ്കിൽ മാത്രമേ കുട്ടിയെ കേന്ദ്രമാക്കിക്കൊണ്ടുള്ള വിദ്യാഭ്യാസ മാനേജ്‌മെന്റ്‌ വികസിപ്പിക്കാനാവൂ.