കേരളവികസനം - ഒരു ജനപക്ഷസമീപനം ലഘുലേഖ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള വികസനം - ജനപക്ഷസമീപനം ലഘുലേഖ

(കേരളശാസ്ത്രസാഹിത്യ പരിഷത്ത് 2013-14 വർഷക്കാലയയളവിൽ സംഘടിപ്പിച്ച വികസനസംഗമം , വികസനകോൺഗ്രസ് പരിപാടിയുടെ ഭാഗമായി രൂപപ്പെട്ട കേരളവികസനത്തിന് ജനപക്ഷസമീപനം പുസ്തകത്തിലെ സംഗ്രഹം.)


ഊർജം, പരിസ്ഥിതിസംരക്ഷണം, വിഭവഭൂപടനിർമാണം, ജനകീയാസൂത്രണം, കൃഷി, മാലിന്യസംസ്‌കരണം, നീർത്തടാധിഷ്ഠിതവികസനം, ആരോഗ്യം, വിദ്യാഭ്യാസം, സംസ്‌കാരം തുടങ്ങി ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പരിഷത്ത് പ്രവർത്തിക്കുന്നു.ലോകത്താകെയെന്നപോലെ കേരളത്തിലും പണക്കാർ കൂടുതൽ പണക്കാരായിക്കൊണ്ടിരിക്കയാണ്. മറ്റുള്ളവർ താരതമ്യേന കൂടുതൽ ദരിദ്രരായിക്കൊണ്ടും. എല്ലാ ഔദ്യോഗികകണക്കുകളും അനുഭവങ്ങളും ഇതാണ് കാണിക്കുന്നത്. ദരിദ്രരായിക്കൊണ്ടിരിക്കുന്നവരോടുള്ള പക്ഷപാതത്തെയാണ് ജനപക്ഷം എന്നതുകൊണ്ട് അർഥമാക്കുന്നത്. അവരുടെ ജീവിതം കൂടുതൽ കൂടുതൽ മെച്ചപ്പെടുത്തുക എന്നതായിരിക്കണം വികസനലക്ഷ്യം. തൊഴിൽ, വരുമാനം, പോഷണം, പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം...എല്ലാം മെച്ചപ്പെടുത്തുണം. ഏതൊരു വികസനപ്രവർത്തനവും അത് ധനിക-ദരിദ്രവിടവ് കൂട്ടുമോ, കുറയ്ക്കുമോ എന്നു പരിശോധിച്ചായിരിക്കും തീരുമാനിക്കുക.

എല്ലാ ജനവിഭാഗങ്ങളുടെയും, വിശിഷ്യ പിന്തള്ളപ്പെട്ടവരുടെ, ജീവിതഗുണതയും ജീവിതസന്തുഷ്ടിയും തുടർച്ചയായി വർധിപ്പിച്ചുകൊണ്ടുവരിക എന്നതും കൂടിയാണ് വികസനലക്ഷ്യം. ഈ വർധനവിനെയാണ് വികസനം എന്ന പദം കൊണ്ട് അർഥമാക്കുന്നത്. ജീവിതഗുണത എന്നാൽ, ആത്യന്തികമായി ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സും സ്വന്തം ജീവിതത്തിനുമേൽ ഓരോ വ്യക്തിക്കുമുള്ള നിയന്ത്രണാധികാരവും ആണ്. വരുംതലമുറകളുടെ ജീവിതഗുണതയ്ക്ക് ഊനം തട്ടാത്ത വിധത്തിലായിരിക്കണം ഈ വികസനം സാക്ഷാത്കരിക്കേണ്ടത്. നമുക്ക് കിട്ടിയ ഭൂമിയെയും വിഭവങ്ങളെയും കൂടുതൽ മെച്ചപ്പെടുത്തിയ അവസ്ഥയിൽ വരുംതലമുറകൾക്ക് കൈമാറാൻ കഴിയണം. അങ്ങനെ ആയിരിക്കണം ഓരോ വികസനപ്രവർത്തനവും ആസൂത്രണം ചെയ്യേണ്ടത്. ഇന്ന് നടക്കുന്നതും വിഭാവനം ചെയ്തിട്ടുള്ളതുമായ വികസനപ്രവർത്തനങ്ങൾ റിയൽ എസ്റ്റേറ്റ് വ്യവസായം, വിഴിഞ്ഞം പോലുള്ള പദ്ധതികൾ, പെട്രോകെമിക്കൽ വ്യവസായശൃംഖലകൾ, അതിവേഗ റെയിൽപാതകൾ, എക്‌സ്പ്രസ് റോഡുകൾ, വിമാനത്താവളങ്ങൾ, ടൂറിസം വ്യവസായം, ഐടി മേഖലയിലെ നല്ലൊരു ശതമാനം... ഇവയൊക്കെ ധനികരെ കൂടുതൽ ധനികരാക്കാനും അവർക്ക് സുഖിക്കാനും മാത്രം ഉപകരിക്കുന്നവയാണ്. വെറും സാമ്പത്തികവളർച്ച, GDPയുടെ ഉയർന്ന വളർച്ചാനിരക്ക്, നേടലാകരുത് വികസനലക്ഷ്യം. ഒരു പരിധിവരെ സാമ്പത്തിക വളർച്ച ആവശ്യമായി വരും. എന്നാൽ അത് കാർഷികോൽപാദനം വർധിപ്പിച്ചുകൊണ്ടാകാം, മദ്യവ്യവസായം വളർത്തിക്കൊണ്ടാകാം; ഭൂമിയെ ഊഹക്കച്ചവടച്ചരക്കാക്കി മാറ്റിക്കൊണ്ടാകാം, അല്ലെങ്കിൽ അതിനെ ഉൽപാദനോപാധിയായി കണ്ടുകൊണ്ടാകാം; പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തിക്കൊണ്ടാകാം; വിദ്യാഭ്യാസവിപണി വികസിപ്പിച്ചുകൊണ്ടാകാം; പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്തിക്കൊണ്ടാകാം, ആരോഗ്യക്കച്ചവടം വലുതാക്കികൊണ്ടാകാം. രണ്ടുതരം വികസനസമീപനങ്ങളാണ് ഇവ.

രണ്ടുംവേണം എന്ന വാദത്തോട് പരിഷത്ത് യോജിക്കുന്നില്ല. ഒന്ന് ജനപക്ഷമാണ്, മറ്റേത് ജനവിരുദ്ധപക്ഷമാണ്. പണക്കാർക്ക് കൂടുതൽ പണം ഉണ്ടാക്കാൻ അവകാശം വേണമെന്നോ, അതു ധൂർത്തടിക്കാൻ സൗകര്യം ഉണ്ടാക്കണമെന്നോ ഉള്ള വാദത്തോട് പരിഷത്ത് യോജിക്കുന്നില്ല. അത് ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുകയെ ഉള്ളു. ആജഘകാർ മാത്രമല്ല ദരിദ്രർ അജഘകാരിൽ പലരും ആ കൂട്ടത്തിൽ വരും. ധനികർ, ദരിദ്രർ എന്ന പദങ്ങൾക്ക് ജനകീയമായി രൂപപ്പെടുത്തിയ മാനദണ്ഡങ്ങൾ വേണം.

വികസനത്തിന് നാലു മുഖങ്ങൾ

അങ്ങനെ വികസനത്തിന് നാലു മുഖങ്ങൾ ഉള്ളതായി പരിഷത്ത് കരുതുന്നു

  1. സമത്വം
  2. സന്തുഷ്ടി
  3. സുസ്ഥിരത
  4. സഹിഷ്ണുത
  • സമത്വത്തിൽ ഊന്നിയ വികസനം ധനികരുടെ വളർച്ചാനിരക്ക് കുറയ്ക്കും. ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം കുറക്കണം.
  • സന്തുഷ്ടിയിൽ ഊന്നിയുള്ള വികസനത്തിന്, ആരോഗ്യപൂർവമായ ദീർഘായുസ്സ്, സ്വന്തം ജീവിതത്തിനുമേലുള്ള നിയന്ത്രണാധികാരം എന്നിവയാണ് സന്തുഷ്ടിയുടെ മുഖ്യഘടകങ്ങൾ.
  • സുസ്ഥിരതയിൽ ഊന്നിയുള്ള വികസനത്തിൽ, ഓരോ പ്രവർ ത്തനത്തിന്റെയും ആസന്നവും ദീർഘകാലികവുമായ പാരി സ്ഥിതികപ്രത്യാഘാതങ്ങൾ വ്യക്തമായി പഠിക്കേണ്ടിവരും.
  • വൈവിധ്യത്തെ അംഗീകരിക്കാനുള്ള സഹിഷ്ണുത.
  • ജനപക്ഷസമീപനത്തിന്റെ ഊന്നൽ
  • കാർഷികോൽപാദനത്തെ വിപുലീകരിക്കാനുള്ള പുതിയ സംഘടനാരൂപങ്ങൾ, തൊഴിൽദായകസംവിധാനങ്ങൾ, ഉൽപാദനവർധന പരീക്ഷണങ്ങൾ, വിപണനരൂപങ്ങൾ.
  • പരിസ്ഥിതിസൗഹൃദപരമായ ചെറുകിടവ്യവസായ കൂട്ടായ്മകൾ.
  • വിദ്യാസമ്പന്നരായ ജനതയെ ഉപയോഗിക്കുന്ന മൂലധനകേന്ദ്രീ കൃതമല്ലാത്ത വിവരസാങ്കേതികവിദ്യാസംരംഭക രൂപങ്ങൾ.
  • പരിസ്ഥിതിസൗഹൃദപരമായ സൗരോർജം ഉൾപ്പെടെയുള്ള ഊർജോൽപാദന പദ്ധതികൾ.
  • ഭക്ഷ്യസംസ്‌കരണവ്യവസായങ്ങളുടെ ശൃംഖല.
  • പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, സാമൂഹികസുരക്ഷ, ഭക്ഷ്യസുരക്ഷാമേഖലകളിലെ പൊതുസംവിധാനങ്ങളുടെ ഗുണ മേന്മാവർധനവ്, അവയിലുള്ള ജനവിശ്വാസം വർധിപ്പിക്കൽ.
  • സ്ത്രീകൾക്ക് സമൂഹത്തിന്റെ എല്ലാ മേഖലകളിലും തുല്യ പങ്കാളിത്തം. സ്ത്രീകളെ പരമ്പരാഗതജോലികൾക്കപ്പുറം പുതിയ തൊഴിൽമേഖലകളിൽ പങ്കാളികളാക്കിക്കൊണ്ട് തൊഴിൽരംഗത്തെ വിവേചനം ഇല്ലാതാക്കൽ.
  • കുടുംബഭാരത്തിൽ നിന്നും ചൂഷണത്തിൽ നിന്നും സ്ത്രീകളെ മോചിപ്പിക്കുന്നതിനുള്ള പുതിയ സാമൂഹികസംഘടനാരൂപങ്ങൾ.
  • ആദിവാസികൾ, ദളിതർ, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ അടിസ്ഥാന ജീവിതസാഹചര്യങ്ങൾ, തൊഴിൽശേഷികൾ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്രപദ്ധതികൾ.
  • പ്രകൃതിവിഭവങ്ങളുടെ വിനിയോഗത്തിന് മേൽ സാമൂഹിക നിയന്ത്രണം. അവ ഉറപ്പാക്കാനുള്ള സംഘടനാസംവിധാനങ്ങൾ.
  • പാരിസ്ഥിതികസംരക്ഷണത്തിന് ജനകീയപദ്ധതികൾ.
  • സമൂഹത്തിൽ ഏതെങ്കിലും തരത്തിൽ ദുർബലത അനുഭവി ക്കുന്ന മുഴുവൻ പേരെയും ഉൾക്കൊള്ളുന്ന സമഗ്ര സാമൂഹിക സുരക്ഷാപദ്ധതി.
  • ജനപക്ഷ അജണ്ട നടപ്പാക്കുന്നതിന് സർക്കാരിനെ പ്രാപ്ത മാക്കാവുന്ന തരത്തിൽ സർക്കാർ വരുമാനം ഉയർത്തുക. എല്ലാ തരം ആർഭാടച്ചെലവുകൾക്കും ഉയർന്ന നികുതി ഈടാക്കുക. ഉയർന്ന ആസ്തികൾ, വരുമാനം എന്നിവക്ക് ആനുപാതികമായി ഉയർന്ന നികുതിഘടന. ധനികരെ കൂടുതൽ നികുതിഘടനക്ക് അകത്തേക്ക് കൊണ്ടുവരൽ.

മേൽസൂചിപ്പിച്ച വികസനസമീപനം യാഥാർത്ഥ്യമാകുന്നതിന് ഓരോ മേഖലയിലും സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച നിർദ്ദേശങ്ങളാണ് താഴെ നൽകുന്നത്.

ജനപക്ഷവികസനസമീപനം : നിർദേശങ്ങൾ

കൃഷി - ഭക്ഷ്യസുരക്ഷ

  • ഭൂമി പൊതുസ്വത്താണ് എന്ന കാഴ്ചപ്പാടിന് പൊതു അംഗീകാരം ലഭിക്കണം. വ്യക്തിഗത ഉടമസ്ഥതകൾ ഇല്ലാതാക്കുക എന്നതല്ല ഭൂമിയുടെ വിനിയോഗം സംബന്ധിച്ച തീരുമാനങ്ങൾ സാമൂഹികമായി രൂപപ്പെടുത്തുക എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഭൂമിയുടെ മേഖലാവത്കരണം.
  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തണം. ഇതിനനുസൃതമായ ഭൂവിനിയോഗ ആസൂത്രണം ഉണ്ടാകണം. ഭൂവിനിയോഗനയം പ്രാദേശികസർക്കാറുകൾ തയ്യാറാക്കി ഗ്രാമസഭകൾ അംഗീകരിക്കണം. അതിന് വിരുദ്ധമായി വരുന്ന വിനിയോഗം നിയമം മൂലം തടയണം. പഞ്ചായത്തുതലത്തിൽ ഭൂബാങ്കുകൾ രൂപീകരിച്ച് ഭൂവിൽപനയും കൈമാറ്റവും ഈ സംവിധാനത്തിലൂടെയാക്കണം. ഭൂമിയുടെ മേലുള്ള ഊഹക്കച്ചവടം തടയാൻ ഇത് സഹായിക്കും. ഭൂമി വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഭൂ ബാങ്കിനെ സമീപിക്കാവുന്ന സ്ഥിതി ഉണ്ടാകണം. കള്ളപ്പണത്തിന്റെ നിക്ഷേപരീതിയായി ഭൂമി മാറുന്ന സാഹചര്യം ഒഴിവാക്കണം.
  • പഞ്ചായത്തുതലത്തിൽ കാർഷികമേഖലയിൽ പ്രൊഫഷ ണൽ തൊഴിൽശേഷി ലഭ്യമാക്കുന്നതിന് തൊഴിൽസേനകൾ രൂപീകരിച്ച് യുവതീയുവാക്കൾക്ക് ശാസ്ത്രീയപരിശീലനം നൽകി കാർഷികരംഗത്തെ ചെറുകിടയന്ത്രവൽക്കരണം സാധ്യമാക്കണം. തൊഴിൽസേനവഴി പറമ്പുകൃഷിയുടെയും, നെൽകൃഷിയുടെയും കാര്യത്തിൽ യന്ത്രവൽക്കരണം ഫലപ്രദമാക്കാം. തൊഴിൽസേനയിൽ അംഗങ്ങളാവുന്നവർക്ക് മെച്ചപ്പെട്ട സേവന-വേതനവ്യവസ്ഥകൾ, തൊഴിൽസ്ഥിരത, സാമൂഹികസുരക്ഷാസംവിധാനങ്ങൾ മുതലായവ ഉണ്ടാകണം.
  • തരിശിട്ടിരിക്കുന്ന നെൽവയലുകൾ, പറമ്പുകൾ മുതലായവ, ഭൂബാങ്ക് വഴി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ താൽക്കാലികമായി ഏറ്റെടുത്ത് കാർഷികപ്രവർത്തനത്തിന് തൊഴിൽസേനകളെ ഏൽപ്പിക്കണം. ഈ രീതിയിലൂടെ പഞ്ചായത്തിലെ പരമാവധി ഭൂമി കാർഷികോൽപാദനത്തിന് കീഴിൽ കൊണ്ടുവരണം.
  • കാർഷിക തൊഴിൽസേന, ഭൂബാങ്ക്, കാർഷികവിപണനസംവിധാനം ഏകോപിപ്പിച്ചുകൊണ്ടുള്ള ഉൽപാദകകമ്പനികൾ പ്രാദേശികതലത്തിൽ രൂപപ്പെടുത്തണം. ഇവരുടെ നേതൃത്വത്തിൽ പ്രാദേശിക കാർഷികവിപണികൾ, കാർഷികോൽപന്നസംസ്‌കരണ കേന്ദ്രങ്ങൾ, ജൈവവളം-കീടനാശിനി ഉൽപാദനയൂണിറ്റുകൾ, ചെറുകിട കാർഷികോപകരണ വിൽപനകേന്ദ്രങ്ങൾ മുതലായ സംവിധാനങ്ങൾ ഏകോപിതമായി പ്രവർത്തിക്കണം.
  • കാർഷികമേഖലയിലെ, പ്രത്യേകിച്ച് നെൽകൃഷിയിലെ അധ്വാനത്തിന് ന്യായമായ പ്രതിഫലം ഉറപ്പുവരുത്തണം
  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികൾക്ക് നീർത്തട സമീപനം നിർബന്ധിതമാക്കണം.
  • അത്യധികം പരിസ്ഥിതിപ്രധാനമായ സ്വകാര്യഭൂമിയും പാരി സ്ഥിതികപ്രാധാന്യമുള്ള പ്രദേശങ്ങളും (കണ്ടൽക്കാടുകൾ, ഇ.എഫ്.എൽ, ജലാശയങ്ങൾ, കുന്നുകൾ മുതലായവ) ന്യായ വിലയും മറ്റും നഷ്ടപരിഹാരങ്ങളും നൽകി സർക്കാർ ഏറ്റെടുത്ത് പൊതുഉടമസ്ഥതയിൽ സംരക്ഷിക്കണം.
  • നാട്ടിലുണ്ടാകുന്ന ജൈവമാലിന്യങ്ങൾ, ജൈവാവശിഷ്ടങ്ങൾ, മനുഷ്യമലമടക്കമുള്ള വിസർജ്യങ്ങൾ എന്നിവ ഫലപ്രദമായ ജൈവവളമാക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വ്യാപകമായി പ്രോത്സാഹിപ്പിക്കണം. മണ്ണിൽ നിന്നെടുക്കുന്ന ജൈവാംശം പരമാവധി മണ്ണിലേക്ക് തന്നെ തിരിച്ചെത്താവുന്ന തരത്തിൽ ജൈവവളാധിഷ്ഠിതമായ കാർഷികപ്രവർത്തനം ശാസ്ത്രീയമായി പ്രോത്സാഹിപ്പിക്കണം.

വിഭവവിനിയോഗം

  • ഭൂവിഭവങ്ങളുടെവിനിയോഗം, ഖനനം എന്നീ മേഖലകളിൽ ഇന്ന് നിലനിൽക്കുന്ന സമ്പൂർണ്ണ അരാജകത്വം കേരളത്തെ ഗുരുതരമായ പാരിസ്ഥിതികനാശത്തിലേക്കാണ് നയിക്കുക. പാറ, മണൽ, ചെങ്കല്ല്, കളിമണ്ണ് മുതലായ എല്ലാതരം ഖനിജങ്ങളും ഏതൊക്കെ പ്രദേശത്തു നിന്ന് എത്ര അളവിൽ എടുക്കാം എന്നത് സംബന്ധിച്ചും ഓരോ സ്രോതസ്സുകളെ സംബന്ധിച്ചും ശാസ്ത്രീയ പഠനം നടത്തി വിവരങ്ങൾ പ്രസിദ്ധീകരിക്കണം. ഈ വിവരങ്ങൾ വച്ചുകൊണ്ട് ഓരോ സ്രോതസിനും അടുത്തുള്ള ഗ്രാമസഭകളിൽ ജനകീയതെളിവെടുപ്പ് നടത്തണം. ഇപ്രകാരം പൊതുതീരുമാന ത്തോടെ മാത്രമെ ഖനനാനുമതി നൽകാവൂ. നിശ്ചിത അളവും, കാലാവധികളും കഴിയുന്ന മുറക്ക് പുനർപഠനം, തെളിവെടുപ്പ് എന്നിവയുടെ അടിസ്ഥാനത്തിലാകണം ഖനനാനുമതി പുതുക്കി നൽകേണ്ടത്. വിഭവവിനിയോഗം പൂർണ്ണമായി സാമൂഹിക തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാക്കി മാറ്റണം.
  • പ്രകൃതിവിഭവങ്ങളുടെ ഖനനം പൊതുമേഖലയുടെ ഉടമ സ്ഥതയിലേക്ക് പരിമിതപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് നിശ്ചിതവിലക്ക് നിശ്ചിത അളവ് മാത്രം നിയമപരമായി മുൻകൂട്ടി ബുക്കിംഗിന്റെ അടിസ്ഥാനത്തിൽ നൽകുന്നതിനുള്ള സംവിധാനം ഉണ്ടാക്കുകയും വേണം. പാറയും മണലും ഉപയോഗിച്ചുള്ള വ്യവസായങ്ങളുടെ കാര്യത്തിലും മേൽ സൂചിപ്പിച്ച തരത്തിൽ സാമൂഹികനിയന്ത്രണം കൊണ്ടുവരണം.
  • ഭൂവിഭവങ്ങളുടെ ഉപയോഗത്തിന് ശാസ്ത്രീയമായ മുൻഗണന നിശ്ചയിക്കണം. പ്രകൃതിവിഭവങ്ങൾ എടുക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതു കൊണ്ടുമാത്രം വിഭവവിനിയോഗം നിയന്ത്രി ക്കപ്പെടണം എന്നില്ല. നിർമാണമേഖലയിലെ വിഭവവിനിയോഗ തലത്തിലും കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരും. സ്ഥിരമായി വീട്ടിൽ താമസിക്കുന്ന ആളുകളുടെ എണ്ണത്തിന് ആനുപാതികമായ വലിപ്പത്തിൽ മാത്രമേ വീട് നിർമ്മാണത്തിന് അനുമതി നൽകാവൂ. 1500 ചതുരശ്ര അടിക്ക് മുകളിലുളള വീടുകൾക്ക് പീനൽ നികുതി ചുമത്തണം. ഒഴിഞ്ഞുകിടക്കുന്ന ഫ്‌ളാറ്റുകൾ, വീടുകൾ എന്നിവയ്ക്ക് സാധാരണ നികുതിക്കുപുറമെ ഒരു തരിശുനികുതിയും ഈടാക്കണം.
  • പൊതുനിർമാണപ്രവർത്തനങ്ങളുടെ കാര്യത്തിലും ഈ മിതത്വം അനിവാര്യമാകും. ഒരു വീട് സ്വന്തമായി ഉള്ള ഒരാളുടെ പേരിൽ മറ്റൊരു വീടിന്റെ നിർമാണത്തിന് അനുമതി നൽകരുത്. വീട് നിർമാണ അനുമതിക്കായി അപേക്ഷ നൽകുമ്പോൾ നില വിൽ ഉടമസ്ഥതയിൽ ഉള്ള വീടിന്റെ (വീടുകളുടെ) വിവരങ്ങൾ സമർപ്പിക്കുന്നത് നിർബന്ധമാക്കണം. അനിവാര്യമായ ഘട്ടത്തിൽ മാത്രമേ പുതിയ വീട് നിർമാണ അനുമതി നൽകാവൂ.
  • ജലവിനിയോഗത്തിലും കർശന നിയന്ത്രണങ്ങൾ ആവശ്യ മായിവരും. വലിയ തോതിൽ ജലം ഉപയോഗിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കെട്ടിടസമുച്ചയങ്ങൾ, വാട്ടർതീം പാർക്കുകൾ മുതലായവയുടെ ജലവിനിയോഗത്തിന് നിയന്ത്രണം ഏർപ്പെ ടുത്തുകയും, ജലപുനരുപയോഗത്തിനുള്ള നിബന്ധനകൾ ഉണ്ടാക്കു കയും വേണം. ഏതു പദ്ധതി നടപ്പാക്കുമ്പോഴും അതിന്റെ വാട്ടർ ഓഡിറ്റിംഗ് നിർബന്ധമാക്കണം.
  • മണ്ണ്-ജല ആസൂത്രണത്തിന് നീർത്തടാധിഷ്ഠിത സമീപനം നിർബന്ധമാക്കണം. വീടുകളിലെ കിണർ റീചാർജ്ജിംഗ്, മഴവെള്ള സംഭരണി എന്നിവ നിർമാണാനുമതിക്ക് നിർബന്ധമാക്കുകയും അവ പ്രായോഗികമായി നടപ്പാക്കുന്നു എന്ന ഉറപ്പാക്കുകയും വേണം. എല്ലാ പൊതുസ്ഥാപനങ്ങളിലും ഇവ നിർബന്ധമാക്കണം.
  • ഭൂഗർഭജലവിനിയോഗം, കുഴൽകിണർ നിർമാണം എന്നിവ കർശനനിയന്ത്രണത്തിന് വിധേയമാക്കണം.
  • പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതകസുരക്ഷ ഉറപ്പാക്കുക എന്നത് കേരളപരിസ്ഥിതിയുടെ നിലനിൽപ്പിന് അനിവാര്യമാണ്. ഈ പശ്ചാത്തലം പരിഗണിച്ച് പശ്ചിമഘട്ടസംരക്ഷണത്തിന് സമഗ്രമായ നയപരിപാടി ഉണ്ടാകണം.

ഊർജ്ജം

  • വലിയ പാരിസ്ഥിതികനാശംവരുത്തുന്ന വൻകിട ജല വൈദ്യുതപദ്ധതികൾ, ആണവനിലയങ്ങൾ എന്നിവ കേരളത്തിൽ നടപ്പാക്കേണ്ടതില്ല. കേരളത്തിൽ നടപ്പാക്കാവുന്ന ചെറുകിട ജലവൈദ്യുതപദ്ധതികളെ സംബന്ധിച്ച് പാരിസ്ഥിതിക ആഘാത പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കണം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുതെളിവെടുപ്പ് നടത്തിമാത്രം പദ്ധതികൾ നടപ്പാക്കണം.
  • സൗരോർജ്ജത്തിന്റെ സാധ്യതകൾ ഗാർഹികതലത്തിലും സ്ഥാപനതലങ്ങളിലും പരമാവധി പ്രോത്സാഹിപ്പിക്കണം. വീടുകളിലും സ്ഥാപനങ്ങളിലും സോളാർസംവിധാനത്തിലൂടെ ഉൽപാദിപ്പിക്കുന്ന അധികവൈദ്യുതി പൊതുഗ്രിഡിലേക്ക് ബന്ധിപ്പിച്ച് ഉപയോഗിക്കുന്നതിനുളള സംവിധാനം ഉണ്ടാക്കണം. അണക്കെട്ടുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സൗരോർജ്ജപാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദനസാധ്യതകൾ വർധിപ്പിക്കണം. ഊർജ്ജകാര്യത്തിൽ പരമാവധി സ്വയം പര്യാപ്തത എന്നതായിരിക്കണം ലക്ഷ്യം.
  • കാറ്റ് ഉൾപ്പടെയുളള മറ്റു പാരമ്പര്യേതര ഊർജ്ജസാധ്യത കളും പരമാവധി ഉപയോഗിക്കണം.
  • വീടുകളിൽ ബയോഗ്യാസ് പ്ലാന്റുകൾ, ചൂടാറാപ്പെട്ടി, ദക്ഷതകൂടിയ അടുപ്പ് മുതലായവയിലൂടെ ഇന്ധനക്ഷമത വർധിപ്പിക്കുന്ന തിനും പാചകാവശ്യങ്ങൾക്ക് പ്രകൃതിവാതകത്തിനുമേലുള്ള ആശ്രിതത്

വം പരമാവധി കുറക്കാം.

വ്യവസായം

  • ഉയർന്ന മലിനീകരണം ഉണ്ടാക്കുന്നതും വൻതോതിൽ ഊർജ്ജം ഉപയോഗി ക്കുന്നതും അസംസ്‌കൃത വസ്തുക്കൾ കുറഞ്ഞ ചെലവിൽ ലഭ്യമല്ലാത്തതും ധാരാളം വെള്ളം ആവശ്യമായതുമായ വ്യവസായങ്ങൾ ജനസാന്ദ്രത കൂടിയ കേരളത്തിൽ അനുയോജ്യമല്ല. പരിസ്ഥിതി സൗഹൃദപരവും ഊർജ്ജ ഉപഭോഗം കുറഞ്ഞതും സ്ഥലം അധികം ആവശ്യമില്ലാത്തുമായ ചെറുകിട വ്യവസായങ്ങളുടെ ശൃംഖലയാകും കേരളത്തിന് അനുയോജ്യം.
  • കേരളത്തിൽ ഉപയോഗിക്കുന്ന നിത്യോപയോഗസാധനങ്ങൾ പരമാവധി ഇവിടെതന്നെ ഉൽപാദിപ്പിക്കുന്നതിനുവേണ്ട വ്യവസായ ക്ലസ്റ്ററുകൾ ആണ് പരിഗണിക്കേണ്ടത്. ഇന്ന് നിലനിൽക്കുന്ന ചെരുപ്പ്, ഫർണീച്ചർ, ധാന്യ അധിഷ്ഠിതമായ ഉൽപന്നങ്ങൾ, കൈത്തറി, കയർ തുടങ്ങിയ ചെറുകിട ഉൽപാദന ക്ലസ്റ്ററുകളുടെ ആധുനികവൽകരണത്തിനുള്ള സംവിധാനം ഒരുക്കുക, ഫലപ്രദ മായ മാനേജ്‌മെന്റ് സംവിധാനവും വിപണനസംവിധാനവും കൊണ്ടുവരിക എന്നിവക്കായിരിക്കണം പരിഗണന.
  • കളിമൺവ്യവസായത്തിന് വേണ്ടി വയലുകൾ ആഴത്തിൽ കുഴിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പാടില്ല. ഡാമുകളിലെ എക്കൽ ഇക്കാര്യത്തിന് ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ പരിഗണി ക്കണം. മണലിനും റിസർവോയർ നിക്ഷേപങ്ങളെ ആശ്രയിക്കണം.
  • കേരളത്തിന്റെ തനത് കാർഷിക ഉൽപന്നങ്ങളായ നാളികേരം, ചക്ക, മാങ്ങ, കപ്പ മുതലായവയെ അസംസ്‌കൃതവസ്തുക്കളാക്കി കൊണ്ടുള്ള കാർഷികാനുബന്ധ ഭക്ഷ്യസംസ്‌കരണ വ്യവസായ ങ്ങളെ പ്രോത്സാഹിപ്പിക്കണം.
  • ഐ.ടി പോലുള്ള ചക്രവാളവ്യവസായങ്ങളുടെ കാര്യത്തിൽ അത്യധികം വികേന്ദ്രീകൃതമായ സമീപനമാണ് വേണ്ടത്. മറ്റു തൊഴിൽമേഖലകളുടെയും സേവനമേഖലകളുടെയും എല്ലാ തലങ്ങളിലെയും ഗുണമേന്മാവർധനവിനുള്ള ഒരു ഉപകരണമായി ഐ.ടിയെ ഉപയോഗിക്കുന്നതിന് കഴിയണം. ഈ സമീപനത്തിലൂടെ മാത്രമെ ഐ.ടി ആഭ്യന്തരസമ്പദ്‌വ്യവസ്ഥയുടെ ശാക്തീകരണ ത്തിന് സഹായിക്കൂ. പുറംതൊഴിൽസ്രോതസ്സുകളെ ആശ്രയിച്ച് നിലനിൽക്കുന്ന മേഖല എന്ന നിലയിൽ ഐ.ടി തൊഴിൽമേഖല യിലെ അസ്ഥിരതയെ ഒഴിവാക്കാൻ കോടികൾ മുടക്കിക്കൊണ്ടുള്ള കേന്ദ്രീകൃത പാർക്കുകൾക്കപ്പുറത്ത് വികേന്ദ്രീകൃതമായ യൂണിറ്റു കളാകും അഭികാമ്യം - സ്മാർട്ട് ഗ്രാമങ്ങൾ
  • രാസവ്യവസായങ്ങൾ, എഞ്ചിനീയറിംഗ് വ്യവസായങ്ങൾ, പെട്രോളിയം അനുബന്ധ വ്യവസായങ്ങൾ, ഇലക്‌ട്രോണിക്‌സ് വ്യവസായങ്ങൾ എന്നിവയാണ് കേരളത്തിലെ വൻകിട വ്യവസായങ്ങൾ. ഇവയിൽ പലതും കുറഞ്ഞ ചെലവിലുള്ള അസംസ്‌കൃതവസ്തുക്കളുടെ ദൗർലഭ്യം, കൂടിയ നടത്തിപ്പുചെലവ്, ആ

ധുനികവത്കരണത്തിന്റെ അഭാവം എന്നിവമൂലം പ്രതിസന്ധികൾ നേരിടുന്നു. വൻകിടവ്യവസായങ്ങൾ പ്രവർത്തി ക്കുന്ന പ്രധാന മേഖലകളിൽ ആഴത്തിലുള്ള പഠനത്തിന്റെ അടി സ്ഥാനത്തിലുള്ള തുടർനടപടികൾ അനിവാര്യമാകുന്നു.

പശ്ചാത്തലസൗകര്യങ്ങൾ

  • തെക്കുവടക്കായി നീണ്ടുകിട ക്കുന്ന കേരളത്തിൽ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തെക്ക്- വടക്ക് യാത്രക്ക് ഏറ്റവും അനുയോജ്യം റെയിൽമാർഗമാണ്. ഈ നഗരകേന്ദ്രങ്ങളെ തീരദേശത്തെയും മലയോരത്തെയും റോഡുകൾവഴി ബന്ധിപ്പിക്കാം. സമഗ്ര റെയിൽവികസനത്തിന്റെ ഒരു പാക്കേജ് ആണ് ഉണ്ടാകേണ്ടത്. പാതകളുടെ വൈദ്യുതീകരണം, സിഗ്നലിംഗ് സംവിധാനങ്ങളുടെ പരിഷ്‌കരണം, മേൽപ്പാലങ്ങളുടെ നിർമാണം, പാത നാലുവരിയാക്കൽ എന്നിവയിലൂടെ റെയിൽയാത്രാസമയം കുറക്കുന്നതിനും വേഗത വർധിപ്പിക്കുന്നതിനും സഹായിക്കും. താരതമ്യേന ചെലവ് കുറഞ്ഞ ഈ പരിഷ്‌കരണങ്ങൾക്ക് ഉയർന്ന മുൻഗണന നൽകണം. ഇതോടൊപ്പം പാസഞ്ചറുകളുടെ എണ്ണം വർധിപ്പിച്ച് ഹ്രസ്വദൂര യാത്രാ സൗകര്യം വികസിപ്പിക്കാം. അതിനായി ഒരു കേരള റെയിൽ കമ്പനിപോലുള്ള സാധ്യത കൂടി ആലോചിക്കാം. മെട്രോ, മോണോറെയിൽ പദ്ധതികൾക്ക് പകരം കൂടുതൽ ജനങ്ങൾക്ക് ചെലവുകുറഞ്ഞ രീതിയിൽ ഉപ യോഗിക്കാവുന്ന റെയിൽവികസനത്തിന്റെ സമീപനമാണ് വേണ്ടത്.
  • കേരളത്തിലെ സ്വകാര്യവാഹനങ്ങളുടെ എണ്ണം അനന്തമായി വർധിപ്പിച്ച് അതിനനുസൃതമായ തോതിൽ റോഡ് സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന സമീപനം ശരിയല്ല. പൊതുഗതാഗത സംവി ധാനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാകണം നയം. സ്വകാര്യവാഹന ഉപയോഗം പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾക്ക് വിലയ്ക്കും പെട്രോൾ ഉപയോഗത്തിനും അനുസൃതമായി ഉയർന്ന കാർബൺ നികുതി ഏർപ്പെടുത്തണം.
  • നിലവിൽ മൂന്ന് വിമാനത്താവളങ്ങളുള്ള കേരളത്തിൽ നിർ മാണം പൂർത്തിയായ കണ്ണൂർ വിമാനത്താവളം അല്ലാതെ ഒരു പുതിയ വിമാനത്താവളവും ആവശ്യമില്ല.
  • നാഷണൽ, സ്റ്റേറ്റ് ഹൈവേകൾ ഉൾപ്പെടെയുള്ള എല്ലാ റോഡുകളിലും സുരക്ഷിത സൈക്കിൾപാതകളും സുരക്ഷിതമായി നടക്കാവുന്ന നടപ്പാതകളും ഉണ്ടാകണം.
  • ചരക്കുകടത്തിന് ചെലവുകുറഞ്ഞതും പരിസ്ഥിതിസൗഹൃദ പരവുമായ ജലഗതാഗതസാധ്യതകൾ വികസിപ്പിക്കണം.

സേവനമേഖല

വിദ്യാഭ്യാസം

  • പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണം, ഗുണതാവർധനവ് എന്നിവക്കാകണം ഊന്നൽ.
  • അയൽപക്ക വിദ്യാലയരീതി നിർബന്ധമാക്കണം.
  • അധ്യാപകപരിശീലനകോഴ്‌സുകൾ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് ഡിഗ്രി, പി.ജി കോഴ്‌സുകളാക്കി പുനഃസംഘടിപ്പിക്കുകയും അധ്യാപനത്തിന്റെ ഗുണത ഉറപ്പാക്കുകയും വേണം.
  • കേരളത്തിലെ വിദ്യാലയങ്ങളിലെ പരീക്ഷാസമ്പ്രദായം പരിഷ്‌കരിക്കണം. ഓരോ ക്ലാസിലും എത്തുമ്പോൾ ഓരോ വിഷയത്തിലും കുട്ടികൾ നേടേണ്ട അടിസ്ഥാനശേഷികൾ നിർണയിക്കണം. അവ കുട്ടി നേടിയോ എന്ന് പരിശോധിക്കുന്നതരത്തിലുള്ള വിലയിരുത്തൽ സമ്പ്രദായമാണ് വേണ്ടത്. ഒരു ക്ലാസിലെ നിശ്ചിതശതമാനം കുട്ടികൾ ഓരോ അധ്യാപകരുടെ വിഷയത്തിലും മിനിമം ശേഷികൾ നേടിയില്ലെങ്കിൽ അതിന് അധ്യാപകർ ഉത്തരവാദിയാകണം.
  • ഒരു ക്ലാസ്സിൽ ശരാശരി 20 കുട്ടികളിൽ താഴെ പഠിക്കുന്ന പൊതുവിദ്യാലയങ്ങളുടെ കാര്യത്തിൽ സ്‌കൂൾ സംരക്ഷണസമിതികൾ ഉണ്ടാക്കി അവയെ മെച്ചപ്പെടുത്തണം. ഇത്തരം ശ്രമങ്ങൾക്ക് ശേഷവും മാറ്റമില്ലാത്ത സ്‌കൂളുകളുടെ കാര്യത്തിൽ അവയെ തൊട്ടടുത്ത പൊതുസ്‌കൂളുകളുമായി സംയോജിപ്പിക്കണം. എന്നാൽ പൊതുപണം ഉപയോഗിച്ച് നിർമിച്ച സ്ഥാപനം എന്ന നിലയിൽ അവയെ പൊതുവിദ്യാഭ്യാസത്തിന്റെ ആവശ്യത്തിന് ഉതകുന്ന കേന്ദ്രങ്ങളാക്കിത്തന്നെ നിലനിർത്തണം. അവയുടെ ഭൂമിയും കെട്ടിടവും എയ്ഡഡ് സ്‌കൂളുകൾ ആണെങ്കിൽ പോലും മാനേജർമാർക്ക് ഇഷ്ടപ്രകാരം ഉപയോഗിക്കാനുള്ള അധികാരം ഉണ്ടാകരുത്. ഇത്തരത്തിൽ സംയോജിപ്പിക്കുന്ന സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വിദ്യാഭ്യാസപരമായ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ.
  • സെക്കണ്ടറിതലംവരെ പൊതുവിദ്യാഭ്യാസം പൂർണ്ണമായും മാതൃഭാഷയിൽ തന്നെയാക്കണം. ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകൾ പഠിപ്പിക്കുന്നതിന് പ്രത്യേക പരിപാടികൾ ഉണ്ടാകണം.
  • കുട്ടികൾക്ക് ഏതെങ്കിലും ഒരു തൊഴിൽ ആഴത്തിൽ പഠി ക്കാവുന്ന തരത്തിൽ വൈവിധ്യമാർന്ന തൊഴിൽ കോഴ്‌സുകളുടെ ഓപ്ഷനുകൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. തുടർന്ന് ഉന്നതവിദ്യാഭ്യാസകാലത്ത് ഈ പഠനത്തിന്റെ തുടർച്ചയായി അക്കാദമികധാരയും തൊഴിൽധാരയും ഇഷ്ടത്തിനനുസരിച്ച് സ്വീകരിക്കുന്നതിനും ആവശ്യമെങ്കിൽ മാറുന്നതിനുമുള്ള അവസരം ഉണ്ടാകണം.
  • നിലവിലുള്ള പോളിടെക്‌നിക്, ഐ.ടി.ഐ കോഴ്‌സുകൾ നവീകരിച്ച് അവയെ തൊഴിൽ വിദ്യാഭ്യാസധാരയുമായി ബന്ധിപ്പിച്ച് ഉദ്ഗ്രഥിതമാക്കണം.
  • പൊതുവിദ്യാലയങ്ങൾ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങ ളോടെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുക എന്നത് അതത് തല ത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്ത മാകണം.
  • എയ്ഡഡ് സ്‌കൂളുകളിലെയും കോളേജുകളിലെയും അധ്യാപക-അനധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടണം.

ഉന്നതവിദ്യാഭ്യാസം

  • കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക രണ-കച്ചവടവൽകരണ പ്രവണതകൾ അവസാനിപ്പിക്കണം.
  • കോളേജുകൾക്ക് അക്കാദമികസ്വയംഭരണം ആണ് നൽകേണ്ടത്. കോഴ്‌സുകളുടെ ഉള്ളടക്കം നിശ്ചയിക്കൽ, പരീക്ഷകൾ നടത്തൽ, സർട്ടിഫിക്കറ്റുകൾ നൽകൽ, പഠനരീതികൾ നവീകരിക്കൽ എന്നീ തരത്തിലാണ് സ്വയംഭരണസാധ്യതകൾ ഉപയോഗിക്കേണ്ടത്. സ്വാശ്രയകോഴ്‌സുകൾ കൊണ്ടുവരുന്നതിനും, വലിയ തോതിൽ ഫീസ് ചുമത്തുന്നതിനുമുള്ള കച്ചവടവൽകരണമാകരുത് സ്വയംഭരണം.
  • ദീർഘകാലാടിസ്ഥാനത്തിൽ ആവശ്യമായിവരുന്ന മാനവവിഭവശേഷി മതിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഉന്നതവിദ്യാഭ്യാസത്തെ പുനരാസൂത്രണം ചെയ്യുകയും വേണം
  • കേരളത്തിലെ ആർട്‌സ് ആന്റ് സയൻസ് കോളേജുകളിലെ കോഴ്‌സുകളുടെ ഉള്ളടക്കം പരിഷ്‌കരിക്കുന്നതിനുള്ള സമഗ്രപദ്ധതി ഉണ്ടാകണം.
  • കോളേജ് അധ്യാപകർക്ക് ചുരുങ്ങിയത് ഒരു വർഷക്കാലം നിർബന്ധിതപരിശീലനസംവിധാനം ഉണ്ടാകണം.
  • ഓരോ വിഷയത്തിനും ഓരോ സർവകലാശാല എന്ന സമീപനം അഭികാമ്യമല്ല. മറിച്ച് ഓരോ യൂണിവേഴ്‌സിറ്റിയുടെയും കീഴിലെ അഫിലിയേറ്റഡ് കോളേജുകളുടെ എണ്ണം കുറച്ച് അവയെ ചെറുതാക്കി കാര്യക്ഷമത ഉയർത്തുകയാണ് വേണ്ടത്. സർവകലാശാലകളുടെ കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന തരത്തിൽ വിവിധ വിഷയങ്ങൾക്ക് വിവിധ സ്‌കൂളുകൾ ഉള്ള സമഗ്രകാഴ്ച്ച പ്പാടുള്ള ചെറിയ സർവകലാശാലകളാണ് ഉണ്ടാകേണ്ടത്.
  • കോളേജുകളെ പരസ്പരം ബന്ധിപ്പിച്ചുള്ള കോളേജ് ക്ലസ്റ്റർ സംവിധാനം ഫലപ്രദമായി നടപ്പാക്കണം.

ആരോഗ്യം

  • സമൂഹത്തിലെ എല്ലാവിഭാഗത്തിനും മെച്ചപ്പെട്ട പോഷകാഹാരം ലഭ്യമാക്കാവുന്ന തരത്തിൽ പൊതുവിതരണസമ്പ്രദായം പരിഷ്‌കരിക്കണം. ശുദ്ധമായ കുടിവെള്ളം എല്ലാവർക്കും ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ഉണ്ടാകണം.
  • ജീവിതശൈലീരോഗങ്ങൾ, പുതിയ പകർച്ചവ്യാധികൾ എന്നിവ തടയുന്നതിനുള്ള സാമൂഹാധിഷ്ഠിത ആരോഗ്യപദ്ധതി കൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, സാമൂഹികാരോഗ്യകേന്ദ്രങ്ങൾ എന്നിവവഴി നടപ്പാക്കണം. 200 കുടുംബങ്ങൾക്ക് ഒരു കുടുംബഡോക്ടർ ലഭ്യമാക്കണം.
  • കായികാധ്വാനത്തിന്റെയും, വ്യായാമത്തിന്റെയും പ്രാധാന്യം ജീവിതത്തിൽ ഊട്ടിയുറപ്പിക്കുന്ന പദ്ധതികൾ പ്രാദേശികസർക്കാരുകളുമായി ബന്ധിപ്പിച്ച് സാമൂഹികാരോഗ്യപദ്ധതികളുടെ ഭാഗമാക്കണം.
  • ജനങ്ങൾക്ക് സൗജന്യവും ഗുണതയുമുള്ള ആരോഗ്യസേവനങ്ങൾ ലഭിക്കുന്ന സംവിധാനങ്ങളാക്കി സർക്കാർ ആശുപത്രികളെ മാറ്റണം. റഫറൽ ആശുപത്രി സംവിധാനം ഫലപ്രദമാക്കുകയും സർക്കാർ ഡോക്ടർമാരുടെ സ്വകാര്യപ്രാക്ടീസ് കർശനമായി തടയുകയും വേണം.
  • പൊതുആരോഗ്യസംവിധാനങ്ങളുടെ വികസനത്തിന് സ്ഥിരം വരുമാനക്കാരുടെ വരുമാനത്തിൽ നിന്നും, സ്വകാര്യ ആശുപത്രി കളിൽ ചികിത്സ തേടുന്ന രോഗികളിൽ നിന്നും ബില്ലിന്റെ ഭാഗ മായി പൊതുആരോഗ്യസെസ് ഈടാക്കാം.
  • സ്വകാര്യ ആശുപത്രികൾ, ലാബുകൾ എന്നിവയുടെ ചികിത്സാനിരക്കുകൾ, പരിശോധനാനിരക്കുകൾ എന്നിവ നിയമപരമായി നിയന്ത്രിക്കണം.
  • വൃദ്ധജനസംഖ്യയിൽ ഗണ്യമായ വർധനവ് സംഭവിക്കുന്ന പശ്ചാത്തലത്തിൽ അവരുടെ സംരക്ഷണത്തിനായുള്ള സംവിധാനങ്ങൾ പ്രാദേശികസർക്കാരുകളുടെ നേതൃത്വത്തിൽ രൂപ പ്പെടുത്തണം.
  • കുറഞ്ഞ ചെലവിൽ മരുന്നുകൾ ലഭ്യമാക്കാൻ പഞ്ചായത്തു തലം വരെ നീതിസ്റ്റോറുകൾ വ്യാപകമാക്കണം.
  • കേരളത്തിന് ഏകീകൃത പൊതുജനാരോഗ്യനയം, പൊതു ജനാരോഗ്യനിയമം എന്നിവ നടപ്പാക്കണം.

ലിംഗപദവിതുല്യത

  • ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീപുരുഷവിവേചനം ഇല്ലാതാക്കുകയും സ്ത്രീകൾക്ക് അവരുടെ സാമൂഹികശേഷിയും തൊഴിൽശേഷിയും പൂർണ്ണതോതിൽ ഉപയോഗിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുകയും വേണം.
  • നിയമനിർമാണസഭയിലേക്കുള്ള സ്ത്രീസംവരണം യാഥാർത്ഥ്യമാക്കണം.
  • മതവിവേചനമില്ലാതെ സ്ത്രീക്കും, പുരുഷനും തുല്യസ്വത്തവകാശം, പിൻതുടർച്ചാവകാശം, തുല്യമായ വിവാഹനിയമങ്ങൾ, വ്യക്തിനിയമങ്ങൾ എന്നിവ നടപ്പിലാക്കണം.
  • എല്ലാ മേഖലകളിലും സ്ത്രീക്കും, പുരുഷനും തുല്യജോലിക്ക് തുല്യവേതനം ലഭിക്കണം. അസംഘടിതമേഖലകളിൽ സ്ത്രീ കൾക്ക് മിനിമം വേതനം, ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിനുള്ള നിയമനിർമാണം ഉണ്ടാകണം.
  • സ്ത്രീകളുടെ കുടുംബ ഉത്തരവാദിത്തങ്ങൾ കുറച്ചുകൊണ്ട് കൂടുതൽ സമയം ലഭ്യമാകുന്ന രീതിയിൽ 40-50 വീടുകൾ കേന്ദ്രീ കരിച്ചുള്ള കമ്മ്യൂണിറ്റി അടുക്കള, അലക്കുകേന്ദ്രങ്ങൾ, ക്രഷുകൾ, കളികേന്ദ്രങ്ങൾ, വൃദ്ധർക്കായുള്ള പകൽവീടുകൾ മുതലായ സ്ഥാപനരൂപങ്ങൾ വികസിപ്പിക്കണം. ഇത്തരം ആവശ്യങ്ങൾ ക്കായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വനിതാഘടകപദ്ധതി യിലെ പദ്ധതിവിഹിതം ഉപയോഗിക്കാൻ അനുമതി നൽകണം.
  • സ്ത്രീകളുടെ തൊഴിൽശേഷി വർധിപ്പിക്കാവുന്ന തരത്തിൽ നൈപുണീവികസനത്തിന്റെ ഘടകങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗ മായും പ്രത്യേക പരിപാടികളായും ഉണ്ടാകണം.
  • സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ നൽകുകയും, പരാതികൾ ഉടൻ പരിഹരിക്കാവുന്ന രീതിയിൽ സംവിധാനങ്ങളെ മെച്ചപ്പെടുത്തുകയും വേണം. പല കാരണങ്ങ ളാൽ വീട്ടിൽ നിന്ന് പുറത്തുപോകേണ്ടിവരുന്ന സ്ത്രീകൾക്ക് താമ സിക്കുന്നതിനുള്ള ഷോർട്ട് സ്റ്റേ ഹോമുകൾ ജില്ലകളിൽ രണ്ട്-മൂന്ന് സ്ഥലങ്ങളിലെങ്കിലും ഉണ്ടാകണം.
  • പൊതുരാഷ്ട്രീയപ്രസ്ഥാനങ്ങളുടെ തെരഞ്ഞെടുക്കപ്പെടുന്ന വേദികളിലും, ചുമതലകളിലും സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള സാമൂഹികസമ്മർദ്ദം ഉണ്ടാകണം പൊതു പ്രസ്ഥാനങ്ങളെ സ്ത്രീസൗഹൃദപരമാക്കുന്നതിനുള്ള സാമൂഹിക ഇടപെടലുകൾ ഉണ്ടാകണം.
  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വനിതാഘടകപദ്ധതികളെ സ്ത്രീ-പുരുഷവിവേചനങ്ങളെ നേരിടാവുന്ന തരത്തിൽ ക്രിയാത്മകമാക്കണം.
  • അസംഘടിതമേഖലയിൽ തൊഴിലെടുക്കുന്ന സ്ത്രീകളുടെ തൊഴിൽസുരക്ഷ, വരുമാനസുരക്ഷ, മെച്ചപ്പെട്ട അടിസ്ഥാനസൗക ര്യങ്ങൾ എന്നിവ നിയമപരമായി ഉറപ്പാക്കണം. അവ നിരീക്ഷിക്കുന്ന തിന് പ്രാദേശികതലസംവിധാനങ്ങൾ ഉണ്ടാകണം.
  • എല്ലാ പൊതുബസ്സ്റ്റാന്റുകളിലും, സ്ഥാപനങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക ടോയ്‌ലറ്റുകൾ, വിശ്രമമുറികൾ എന്നിവ ഉണ്ടാകണം.
  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വനിതാസംവരണം തുടർച്ചയായ രണ്ട് ഭരണസമിതി കാലയളവിലേക്ക് വർധിപ്പി ക്കണം.
  • ഗാർഹികപീഡനം തടയുന്നതിനുള്ള നിയമം നടപ്പാക്കാനുള്ള സ്ഥാപനസംവിധാനങ്ങൾ ഫലപ്രദമാക്കണം.
  • സ്‌കൂൾതലം മുതൽ ലൈംഗികവിദ്യാഭ്യാസം, ലിംഗപദവി തുല്യതാകാഴ്ച്ചപ്പാട് നൽകുന്ന വിദ്യാഭ്യാസം എന്നിവ പാഠ ഭാഗങ്ങളിൽ കൊണ്ടുവരണം.
  • അധ്യാപകപരിശീലനത്തിൽ ലിംഗപദവിതുല്യത, ലൈംഗിക വിദ്യാഭ്യാസം എന്നിവ പ്രത്യേകമായി ഉൾച്ചേർക്കണം.

പാർശ്വവത്കരിക്കപ്പെടുന്ന സാമൂഹികവിഭാഗങ്ങളുടെ വികസനം

ഭൂവുടമസ്ഥതയിലെ കുറവ്, തൊഴിൽ, വിദ്യാഭ്യാസരംഗങ്ങളിലെ പിന്നോക്കാവസ്ഥ എന്നീ അടിസ്ഥാനപ്രശ്‌നങ്ങളെ അഭിമുഖീ കരിക്കുന്ന നയങ്ങളാണ് കേരളത്തിലെ ആദിവാസി, ദളിത്, മത്സ്യ ത്തൊഴിലാളി വിഭാഗങ്ങളുടെ കാര്യത്തിൽ ഉണ്ടാകേണ്ടത്. കേരള വികസനമാതൃകയുടെ ഗുണഫലം മറ്റുവിഭാഗങ്ങളെപ്പോലെ ഈ വിഭാഗങ്ങൾക്ക് ഉണ്ടായിട്ടില്ല എന്ന തിരിച്ചറിവ് നയരൂപീകരണ ങ്ങളിൽ പ്രധാനമാണ്. ആദിവാസി, ദളിത്, വിഭാഗങ്ങളിലെ കുട്ടികൾക്കായുള്ള പ്രത്യേക സ്‌കൂളുകളിൽ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ ചുരുങ്ങിയ കാലയളവിനുള്ളിൽ ഉണ്ടാക്കാനാകണം. സ്‌കൂൾ സമയത്തിനു ശേഷം വ്യക്തിഗതശ്രദ്ധ ലഭ്യമാകുന്നതരത്തിൽ 20 കുട്ടികൾക്ക് ഒരാൾ എന്ന നിലയിൽ വിദ്യാഭ്യാസബിരുദം നേടിയ ട്യൂട്ടർമാരെ നിയമിക്കണം. അവരുടെ ഹോസ്റ്റലുകളിലെ അടിസ്ഥാനസൗകര്യം, ഭക്ഷണം, എന്നിവ കുറ്റമറ്റതാക്കുകയും കുട്ടികളുടെ പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുകയും വേണം. സ്‌കൂൾകരിക്കുലത്തിന്റെ ഭാഗമായി തൊഴിൽപരിശീലനത്തിന് ആധുനികമായ സാധ്യതകൾ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന കോഴ്‌സുകൾ ഉണ്ടാകണം. ഇവർക്കായി നൽകുന്ന പരിഗണനകൾ അവരിലെത്തന്നെ വരേണ്യവിഭാഗങ്ങൾ സ്വായത്തമാക്കുന്ന പ്രവണത തടയിടണം.

  • പൊതുസ്‌കൂളുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനപരിപാടികളും സ്വയംഭരണസ്ഥാപനങ്ങളുടെ പ്രത്യേക ഘടകപദ്ധതി പട്ടികവർഗ്ഗ ഉപപദ്ധതി എന്നിവയുടെ ഭാഗമായി ഉണ്ടാകണം. ഇതോടൊപ്പം അവരുടെ കുടുംബാന്തരീക്ഷത്തെ അഭിസംബോധന ചെയ്യാവുന്ന തരത്തിൽ പഠനത്തിന് പിന്തുണ നൽകാൻ കഴിയണം. പട്ടികവർഗ്ഗ, പട്ടികജാതി കോളനികളിൽ കുട്ടികൾക്ക് സ്‌കൂൾസമയത്തിന് ശേഷം പഠനപ്രവർത്തനങ്ങൾ ചെയ്യുന്നതിന് പഠനവീട് സംവി ധാനം ഉണ്ടാക്കണം. ഇവിടങ്ങളിൽ കുട്ടികളെ സഹായിക്കാൻ രാവിലെയും, വൈകീട്ടും അധ്യാപകപരിശീലനം നേടിയ ആളുകളുടെ സേവനം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികളിൽ ഉൾപ്പെടുത്തി നൽകാനാകണം.
  • പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായും മത്സ്യതൊഴിലാളി കൾക്കായും നടപ്പാക്കുന്ന ഭവനനിർമാണം, കക്കൂസ് നിർമാണം പോലുള്ള നിർമാണപദ്ധതികളിൽ പണം അനുവദിക്കുന്നത് പ്രാദേശികപ്രത്യേകതകൾ പരിഗണിച്ചുകൊണ്ടാകണം. വീട്ടിൽ സ്ഥിരമായി താമസിക്കുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച് വീടിന്റെ വലിപ്പം നിർണ്ണയിച്ച് അതിനുവരുന്ന യഥാർത്ഥ നിർമാണ ച്ചെലവ് ധനസഹായമായി നൽകണം. പഠനം നടത്തുന്ന കുട്ടിക ളുള്ള വീടുകളിൽ അവർക്ക് സൗകര്യപ്രദമായി പഠിക്കുന്നതിന് സ്വകാര്യതയുള്ള പഠനമുറി എന്നത് പദ്ധതിയുടെ ഭാഗമാകണം. ധനസഹായം മുൻകൂട്ടി നിശ്ചയിക്കുന്നതിന് പകരം തദ്ദേശതല ത്തിൽ യഥാർത്ഥ ചെലവ് കണക്കാക്കി തയ്യാറാക്കുന്ന എസ്റ്റിമേറ്റിന് അംഗീകാരം നൽകി പണം അനുവദിക്കാം.
  • ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഒരു നിശ്ചിത സമയത്തിനകം അതിജീവനത്തിന് ആവശ്യമായ ഭൂമി കഴിവതും അവരുടെ അധിവാസമേഖലയ്ക്കകത്തു തന്നെ ക്രയവിക്രയാവ കാശമില്ലാതെ പതിച്ചുനൽകണം. വനാവകാശനിയമം കർശനമായി നടപ്പിലാക്കുകയും പരമ്പരാഗതമായി കൃഷി ചെയ്യുന്ന ഭൂമിയിലും കൃഷിചെയ്യാത്ത വനവിഭവങ്ങളിലും അവർക്കുള്ള അവകാശം ഉറപ്പാക്കുകയും വേണം. പട്ടികവർഗ്ഗ വിഭാഗങ്ങൾ ഭൂരിപക്ഷമുള്ള പ്രദേശങ്ങൾ പ്രത്യേകമേഖലയാക്കി തിരിച്ച് അവയെ ആദിവാസി പഞ്ചായത്തുകളാക്കി പ്രഖ്യാപിക്കണം.
  • തൊഴിലുറപ്പുപദ്ധതിയെ ആദിവാസിമേഖലകളിൽ അവരുടെ കാർഷികപ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കണം. ഇതോടൊപ്പം പൊതുവിതരണസമ്പ്രദായത്തിന്റെ ഭാഗമായി അവരുടെ ആവശ്യ ങ്ങൾ കൂടി പരിഗണിച്ചുകൊണ്ടുള്ള ഭക്ഷ്യപദാർത്ഥങ്ങൾ പ്രാദേശിക പ്രത്യേകതകൾ പരിഗണിച്ച് നൽകണം.
  • പട്ടികവർഗ്ഗമേഖലകളിലെയും തീരദേശമേഖലയിലെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, സാമൂഹികാരോഗ്യകേന്ദ്രങ്ങൾ എന്നി വിടങ്ങളിൽ കിടത്തിചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയും, ഏറ്റവും മികച്ച ആധുനികസൗകര്യങ്ങളും, ഉപകര ണങ്ങളും ലഭ്യമാക്കുകയും വേണം. ഇവിടെ ഡോക്ടർമാരുടെ നിർബന്ധസേവനം ഉറപ്പാക്കുകയും ഡോക്ടർമാരുടെ അനുപാതം ഉയർത്തുകയും വേണം.
  • പട്ടികജാതിവിഭാഗങ്ങളുടെ കാര്യത്തിൽ അവരെ മുഖ്യധാര യുടെ ഭാഗമാക്കുക എന്നത് പ്രധാനമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികളും, വകുപ്പിന്റെ പദ്ധതികളും ഈ തരത്തിലേക്ക് മാറ്റണം.
  • പട്ടികജാതി, പട്ടികവർഗ്ഗകോളനികളുടെ അടിസ്ഥാന സൗകര്യ വർധനവ് നിശ്ചിതകാലഘട്ടം വച്ച് മെച്ചപ്പെടുത്തണം. അതിന് കഴിയാവുന്ന തരത്തിൽ പ്രാദേശികതലത്തിലേക്കും, വകുപ്പുതലത്തിലേക്കും പദ്ധതികളെ ഏകോപിപ്പിക്കണം.
  • പ്രത്യേക ഘടകപദ്ധതി, പട്ടികവർഗ്ഗ ഉപപദ്ധതി എന്നിവ യ്ക്കായി ചെലവഴിക്കുന്ന തുകയുടെ വിവരങ്ങൾ അതത് സ്വയം ഭരണസ്ഥാപനപ്രദേശത്തെ ഈ വിഭാഗങ്ങളുടെ പ്രത്യേക ഗ്രാമസഭ കൾ വിളിച്ച് സാമൂഹിക ഓഡിറ്റിങ്ങിന് വിധേയമാക്കണം.
  • വൈവിധ്യമാർന്ന തൊഴിലധിഷ്ഠിത കോഴ്‌സുകൾക്കിടയിൽ കൊഴിഞ്ഞുപോയവരായ വിദ്യാർത്ഥികൾക്ക് കോഴ്‌സ് പൂർത്തീക രിക്കുന്നതിനും, തൊഴിൽശേഷി വർധിപ്പിക്കുന്നതിനും സഹായി ക്കുന്ന ഫിനിഷിംഗ് സ്‌കൂളുകൾ ജില്ലാപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഓരോ ജില്ലയിലും പ്രവർത്തിപ്പിക്കണം. മികച്ച കരിക്കുലവും, അടിസ്ഥാനസൗകര്യങ്ങളും പരിശീലനശേഷം നിയമനസാധ്യതയും ഇവിടെ ഉറപ്പാക്കണം

സാമൂഹികസുരക്ഷ

സമൂഹത്തിലെ എല്ലാ ജനങ്ങളേയും ഉൾക്കൊള്ളുന്ന സമഗ്ര മായ സാമൂഹികസുരക്ഷാനയം ഉണ്ടാകണം. തൊഴിലെടുക്കാവുന്ന പ്രായത്തിലുള്ള മുഴുവൻ പേർക്കും അതിജീവനത്തിന് വേണ്ട വരുമാനം ഉറപ്പാക്കുന്ന തൊഴിൽ നൽകാൻ ആകണം.

  • ഇതിനായി പ്രാദേശികതൊഴിൽസേനകൾ, പ്രാദേശിക തൊഴിൽപരിശീലനസംവിധാനങ്ങൾ എന്നിവ ആസൂത്രണം ചെയ്യാം. തൊഴിൽസേനാംഗങ്ങൾക്ക് പി.എഫ്, ആരോഗ്യ ഇൻ ഷുറൻസ്, പെൻഷൻ എന്നിവ ഉൾപ്പെടെയുള്ള സാമൂഹികസുരക്ഷാസംവിധാനങ്ങൾ ഒരുക്കാനാകണം.
  • വൃദ്ധർ, അഗതികൾ, വിധവകൾ, ശാരീരികവും മാനസിക വുമായ വെല്ലുവിളികൾ നേരിടുന്നവർ, അവിവാഹിതകളായ അമ്മ മാർ, 60 വയസ്സിന് മുകളിലുള്ള അവിവാഹിതർ, നിത്യരോഗികൾ, ദീർഘസ്ഥായിരോഗങ്ങൾ ബാധിച്ചവർ തുടങ്ങി സമൂഹത്തിലെ ദുർബലത അനുഭവിക്കുന്ന മുഴുവൻ പേർക്കും ഉയർന്ന പെൻഷൻ, പുനരധിവാസത്തിന് മികച്ച സൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങൾ, ചികിത്സാസൗകര്യം മുതലായ സാമൂഹികസുരക്ഷാസംവിധാന ങ്ങൾ ഉറപ്പാക്കണം. നിലവിലുള്ള എല്ലാതരം സാമൂഹികസുരക്ഷാ പെൻഷനുകളും അതിജീവനത്തിന് മതിയാകുന്ന തരത്തിൽ ഉയർത്തണം.
  • പഞ്ചായത്തുതലത്തിൽ സമഗ്രമായ ഒരു സാമൂഹികസുരക്ഷാ നിധി രൂപപ്പെടുത്തണം. സംസ്ഥാനതലത്തിലും, പഞ്ചായത്തു തലത്തിലും സാമൂഹികസുരക്ഷാപദ്ധതികൾ ശക്തിപ്പെടുത്തണം. ഇതിനാവശ്യമായ തുക ധനികരിൽ നിന്ന് വിവിധ തോതിൽ ഉയർന്ന നികുതികൾ ഏർപ്പെടുത്തി കണ്ടെത്തണം.

ഭരണനിർവഹണം

മേൽസൂചിപ്പിച്ച നിർദ്ദേശങ്ങൾ പ്രായോഗികമാവണമെങ്കിൽ കേരളത്തിന്റെ ഭരണനിർവഹണരംഗത്ത് അടിസ്ഥാനപരമായ സമീപനമാറ്റം ആവശ്യമാണ്. കേന്ദ്രീകൃതമായ ഭരണനിർവഹണ സംവിധാനത്തിന്റെ വലിപ്പം കുറച്ച് ഭരണനിർവഹണപ്രവർത്ത നത്തെ ഇനിയും വികേന്ദ്രീകരിക്കണം. അതത് തലത്തിൽ ചെയ്യാവുന്ന കാര്യ ങ്ങൾ അതാതിടങ്ങളിൽ ചെയ്യുകയും, അതിന് കഴിയാത്തവ മാത്രം മുകൾതലത്തിലേക്ക് കൈമാറുകയും ചെയ്യുന്ന കീഴ്തല ശാക്തീക രണതത്വമാകണം ഭരണപരിഷ്‌കരണത്തിന്റെ ആധാരശില.

  • സെക്രട്ടറിയേറ്റിന്റെ വലിപ്പം പരമാവധി കുറയ്ക്കുകയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് കൈമാറിയ അധികാരമേഖലകളിലെ വകുപ്പുതല പദ്ധതികൾ ഒഴിവാക്കുകയും അധികം വരുന്ന ജീവന ക്കാരെ സെക്രട്ടറിയേറ്റിൽ നിന്നും വകുപ്പുകളിൽ നിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് കൈമാറുകയും വേണം.
  • വകുപ്പുമോധാവികൾ കണ്ട ഫയലുകൾ വീണ്ടും സെക്രട്ടറി യേറ്റിലെ ക്ലറിക്കൽ സംവിധാനത്തിലൂടെ കറങ്ങിത്തിരിഞ്ഞ് മന്ത്രി തല ഓഫീസിൽ എത്തുന്ന നിലവിലെ രീതിക്ക് പകരം വകുപ്പു മേധാവി കണ്ട ഫയലുകൾ നേരിട്ട് നടപടിക്കായി മന്ത്രിതല സംവിധാനത്തിൽ എത്തുന്ന രീതി അവലംബിക്കണം ഓരോ വകുപ്പിനകത്ത് തീരുമാനമെടുക്കുന്നതിന് വകുപ്പ് ഡയറക്ടർ, സെക്രട്ടറിയേറ്റ്, വകുപ്പ് സെക്രട്ടറി എന്ന ബഹുതല അധികാര കേന്ദ്രങ്ങൾ ഒഴിവാക്കി സെക്രട്ടേറിയേറ്റിന്റെ വലിപ്പം കുറയ്ക്കണം.
  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കൈമാറിയ ഉത്തരവാദി ത്തങ്ങൾ നിർവഹിക്കാവുന്ന തരത്തിൽ ഭരണതലത്തിലും, സാങ്കേ തികതലത്തിലുമുള്ള ഉദ്യോഗസ്ഥരെ അവർക്ക് കൈമാറണം. കൈ മാറിയ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും മേലുള്ള പൂർണ്ണ നിയന്ത്രണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകണം.
  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമേഖലകളിൽ വരുന്ന സംസ്ഥാനാവിഷ്‌കൃത പദ്ധതികൾ അവസാനിപ്പിക്കുകയും സംയോജിപ്പിക്കാവുന്ന പരമാവധി പദ്ധതികളെക്കൂട്ടി ചേർക്കുകയും വേണം.
  • അധികാരവികേന്ദ്രീകരണത്തിന് ശേഷം അപ്രസക്തമായ വകുപ്പുകൾ, ഓഫീസുകൾ എന്നിവ പുന:സംഘടിപ്പിക്കണം. റവന്യൂ വകുപ്പ് പിരിച്ചുവിടുകയും, റവന്യൂവകുപ്പിന്റെ കീഴിലുള്ള വില്ലേജ് ഓഫീസുകളുടെ നിയന്ത്രണം തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകുകയും വേണം.
  • ഭരണഭാഷ മലയാളം എന്നത് പ്രായോഗികമാകുന്നു എന്ന് ഉറപ്പുവരുത്തണം. അതിനനുസരിച്ച് ഓഫീസ് സംവിധാനങ്ങൾ ക്രമീകരിക്കം. പി.എസ്.സി പരീക്ഷകളിൽ ഭാഷാജ്ഞാനം നിർബന്ധിത ഘടകമാക്കണം.
  • കേരളത്തിലെ പ്രാദേശികാസൂത്രണപ്രക്രിയയെയും. സൂക്ഷ്മതല ജനാധിപത്യപ്രക്രിയെയും ശക്തിപ്പെടുത്തുന്നതിന് സമഗ്രമായ നടപടികൾ കൈക്കൊള്ളണം. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന തരത്തിൽ കേരള പഞ്ചായത്തിരാജ് നിയമവും ചട്ടങ്ങളും സമഗ്രമായി പരിഷ്‌കരി ക്കണം. നാട്ടിൽ നിന്നുള്ള വൈദഗ്ധ്യത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിപ്രവർത്തനങ്ങൾക്ക് സ്ഥിരമായി ലഭ്യ മാക്കാവുന്ന തരത്തിൽ കർമസമിതിസംവിധാനം, പദ്ധതി അവലോകനത്തിനുള്ള ജനകീയകമ്മിറ്റികൾ എന്നിവ നിയമപരമാക്കണം.
  • ഗ്രാമസഭകളെ ശാക്തീകരിക്കുന്നതിന് ഫലപ്രദമായ നടപടികൾ ഉണ്ടാക്കണം. ഗ്രാമസഭകൾക്ക് താഴെ പൊതു അയൽക്കൂട്ടങ്ങൾ/അയൽസഭകൾ എന്ന സംവിധാനത്തെ ഫലപ്രദമായി ഉപയോഗിക്കണം. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ വലിപ്പം മൂലം ഗ്രാമസഭ എന്നത് വാർഡ് സഭകളായി മാറി. ഇതിനാൽ പഞ്ചായ ത്തിന്റെ പൊതുവായ തീരുമാനങ്ങൾ ഗ്രാമസഭകളിൽ ഫലപ്രദമായി ചർച്ച ചെയ്യുന്നതിന് കഴിയുന്നില്ല. ഈ പരിമിതി അയൽക്കൂട്ടപ്രതിനിധികൾ ഉൾപ്പെടുന്ന പഞ്ചായത്തുതലത്തിൽ ഒരു ഗ്രാമസഭാസംവിധാനം രൂപീകരിക്കണം. വ്യക്തിഗത ആനുകൂല്യങ്ങളുടേതല്ലാത്ത പൊതുകാര്യങ്ങളിൽ അന്തിമതീരുമാനം എടുക്കാനുള്ള അവകാശം പഞ്ചായത്തുതലഗ്രാമസഭയ്ക്കായിരിക്കണം. ഈ സഭയുടെ തീരുമാനങ്ങളെ മറികടക്കാനുള്ള അവകാശം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഭരണസമിതികൾക്ക് ഉണ്ടാകരുത്.
  • മധ്യതല ഉദ്യോഗസ്ഥഭരണസംവിധാനം കാര്യക്ഷമമാക്കാൻ സംസ്ഥാന സിവിൽ സർവീസ് ഉണ്ടാക്കണം. അതത് പദവികൾക്ക് ആവശ്യമായ ശേഷിയുള്ള ആളുകളെ അഭിരുചിയുടെയും ശേഷിയുടെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാവുന്ന ഫലപ്രദമായ ഒരു റിക്രൂട്ട്‌മെന്റ് സംവിധാനം ഉണ്ടാക്കണം.
  • ഉദ്യോഗസ്ഥരുടെ ഉയർന്ന ശമ്പളവും, കുറഞ്ഞ ശമ്പളവും തമ്മിലുള്ള അന്തരം കുറക്കാവുന്ന തരത്തിൽ താഴെക്കിടയിലെ ജീവനക്കാർക്ക് കൂടുതൽ ഗുണകരമാകുന്ന രീതിയിലാകണം ശമ്പള പരിഷ്‌കരണം നടത്തേണ്ടത്. ഉയർന്ന ശമ്പളത്തിന്റെ പരിധി ഓരോ തലത്തിലും നിയന്ത്രിക്കണം.
  • സേവനാവകാശനിയമം ഫലപ്രദമായി നടപ്പാക്കുകയും സർക്കാർ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനും, അഴിമതിയും സ്വജനപക്ഷപാതവും തടയുന്നതിന് ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ടാക്കുകയും വേണം.

ധനസമാഹരണം

നാം മുകളിൽ ചർച്ചചെയ്ത തരത്തിലുള്ള ജനപക്ഷസമീപനം യാഥാർഥ്യമാകണമെങ്കിൽ സംസ്ഥാനസർക്കാരിന്റെ വരുമാനം വർധിപ്പിച്ചേ മതിയാകൂ. ചെലവുചുരുക്കിക്കൊണ്ട് ഉത്തരവാദിത്തങ്ങളിൽ നിന്ന് പുറകോട്ട് പോകുന്ന സർക്കാരിനെയല്ല, വരുമാനം വർധിപ്പിച്ച് ചെലവുകൾക്കുള്ള പണം കണ്ടെത്തുന്ന ജനപക്ഷ സർക്കാരിനെയാണ് ജനപക്ഷസമീപനം വിഭാവനം ചെയ്യുന്നത്. അതുകൊണ്ട് നികുതിപിരിവിന്റെ എല്ലാ സാധ്യതകളും ദരിദ്രപ ക്ഷപാതിത്വത്തോടെ ഉപയോഗിക്കണം. ഇങ്ങനെ പരിശോധിക്കുമ്പോൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ഉൾപ്പെടെ നികുതി ശൃംഖല വിപുലമാക്കുകയും, നികുതിപിരിവ് പരമാവധി ആക്കുകയും ആകണം സമീപനം. എല്ലാ തലത്തിലും ഉയർന്ന വരുമാനക്കാരിൽ നിന്നും, ഉയർന്ന ഉപഭോഗച്ചെലവുകൾ നടത്തുന്നവരിൽ നിന്നും ഉയർന്ന നികുതി ഈടാക്കണം, ഒരു സമീപനം ഉണ്ടാകണം. ഇതിന് കഴിയാവുന്ന രീതിയിൽ സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നികുതിഘടന പരിഷ്‌കരിക്കണം. നികുതിവല പരമാവധി വിപുലപ്പെടുത്തണം.

  • നികുതി പിരിച്ചെടുക്കുന്നതിന് കാര്യക്ഷമതയും സുതാര്യവുമായ സംവിധാനങ്ങൾ ഏർപ്പെടുത്തണം. വകുപ്പുതലത്തിൽ നികുതി യിളവ് നൽകുന്ന സംവിധാനങ്ങൾ ഒഴിവാക്കണം. ഇത്തരം തീരുമാനങ്ങളെടുക്കാൻ ഒരു നിയമപരമായ സംവിധാനം ഉണ്ടാക്കണം.
  • ലേലം, പാട്ടം, വാടക മുതലായ സർക്കാരിന്റെ നികുതി ഇതര വരുമാനങ്ങൾ അവയുടെ നിരക്കുകൾ കാലാനുസൃതമായി പുതുക്കി നിശ്ചയിച്ച് കാര്യക്ഷമമാക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണം. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമികൾ സർക്കാർ തിരിച്ചുപിടിച്ച് ഗുണകരമായി വരുമാനം ലഭ്യമാക്കാവുന്ന തരത്തിൽ ഉപയോഗിക്കണം.
  • ഇന്നത്തെ രീതിയിലുള്ള എം.എൽ.എ ഫണ്ട് ഒഴിവാക്കണം. ആ തുക ത്രിതലസംവിധാനത്തിലൂടെ ചെലവഴിക്കാനുള്ള തീരുമാനമാണ് ഉണ്ടാവേണ്ടത്.
  • വിവിധ വകുപ്പുകളും ഏജൻസികളും വഴി ഒരേ ലക്ഷ്യത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ഇതിലൂടെ ഒരേ ലക്ഷ്യത്തിനായി വിവിധ ഏജൻസികളിലൂടെ നടത്തുന്ന ചെലവ് കുറയ്ക്കുന്നതിന് കഴിയും.
  • വിദ്യാഭ്യാസം, ആരോഗ്യം മുതലായ പൊതുസേവനസംവിധാനങ്ങളുടെ വികസനത്തിനായി പ്രത്യേകമായി സെസ് ഏർപ്പെടുത്താം.
  • എല്ലാ തരത്തിലുള്ള ആർഭാടച്ചെലവുകൾക്കും ഉയർന്ന നികുതി ചുമത്തണം. വിവാഹം, വാഹനം, വീട് തുടങ്ങിയ എല്ലാ തരം ആർഭാടച്ചെലവുകളും ഇതിൽ ഉൾപ്പെടുത്താം. പുതിയ വരുമാനസാധ്യതകൾ കണ്ടെത്തണം. ഭൂമിയുടെ ആധാരം രജിസ്റ്റർ ചെയ്യുന്നതുപോലെ സ്വർണം വാങ്ങുന്നതും നിയമപരമായി രജിസ്റ്റർ ചെയ്യിക്കുകയും, നികുതി ശേഖരിക്കുകയും വേണം. സ്വർണം ഉടമസ്ഥതയിൽ വയ്ക്കുന്നവർ കയ്യിലുള്ള സ്വർണത്തിന്റെ അളവിന് ആനുപാതികമായി നികുതി നൽകണം എന്നത് നിയമമാക്കണം. ഭൂമി കൈമാറ്റത്തിന്റെ അളവ് കൂടുന്തോറും ഉയർന്ന നികുതി ഏർപ്പെടുത്തണം.
  • ഭാവികേരളത്തിന് ദരിദ്രപക്ഷപാതിത്തമുള്ള ഒരു ജനപക്ഷ സമീപനത്തിനായുള്ള ചർച്ച ഉയർത്തിക്കൊണ്ടുവരുവാൻ സഹായകമായ അടിസ്ഥാനനിലപാടുകളും, ഓരോ മേഖലയിലും സ്വീകരിക്കാവുന്ന നിർണ്ണായകമായ നിലപാടുകളെ സംബന്ധിച്ച സൂചനകളുമാണ് മുകളിൽ പ്രതിപാദിച്ചത്. കൂടുതൽ ആഴത്തിലുള്ള ചർച്ചകളിലൂടെ മേൽനിർദ്ദേശങ്ങളെ സമ്പുഷ്ടമാക്കുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണം.