ആലപ്പുഴ ജില്ലയിലെ പരിഷത്തിന്റെ ചരിത്രം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം

1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു. 1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും വിശേഷിപ്പിക്കാം. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നത്. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് ആലപ്പുഴ ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്.

1972 ൽ ഡോ. ഗംഗാധരൻ ജില്ലാ പ്രസിഡന്റും തണ്ണീർമുക്കം പ്രോജക്ട് എൻജിനീയർ കെ. സേതുരാമൻ ജില്ലാ സെക്രട്ടറിയുമായ ഒരു ജില്ലാ ഘടകം രൂപപ്പെട്ടു. യൂണിറ്റുകളും മേഖലകളുമില്ല. യുറീക്ക- ശാസ്ത്രകേരളം വിജ്ഞാന പരീക്ഷയുടെ ജില്ലാ കോ-ഓർഡിനേറ്റർ ആയി പുന്നപ്ര കാർമൽ പോളിടെക്‌നിക്കിലെ അധ്യാപകൻ കെ. ഐ. മാത്യു ചുമതലയേറ്റു. 1975ൽ ഗ്രന്ഥശാലാ പ്രവർത്തകരായിരുന്ന ചുനക്കര ജനാർദ്ദനൻ നായർ, എൻ. പി. രവീന്ദ്രനാഥ് അടക്കം ചിലർ സജീവ പ്രവർത്തകരായി. 1976 ജനുവരിയിൽ നടന്ന -പ്രകൃതി സമൂഹം ശാസ്ത്രം- ശാസ്ത്രമാസം ക്ലാസുകൾ ആലപ്പുഴജില്ലയിൽ വ്യാപകമായി നടക്കുകയുണ്ടായി. ക്ലാസ്സെടുക്കുന്നതിന് നിരവധി അധ്യാപകർ രംഗത്തു വന്നു. സ്‌കൂൾ തലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ പരിപൂർണ്ണ പിന്തുണയോടെ നടക്കുന്ന യൂറീക്ക -ശാസ്ത്രകേരളം വിജ്ഞാന പരീക്ഷ വഴി നിരവധി പേർ പരിഷത്തിനെ അറിഞ്ഞു തുടങ്ങി. യൂറീക്ക-ശാസ്ത്രകേരളം മാസികകളുടെ പ്രചാരം വർദ്ധിച്ചതോടെ നിരവധി അധ്യാപകരും അംഗങ്ങളായി എത്തി. ഗ്രാമശാസ്ത്രസമിതി പ്രവർത്തനങ്ങൾ ഗ്രാമഗ്രാമാന്തരങ്ങളിൽ വേരു പിടിച്ചു.

പരിഷത്ത് പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങൾ ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ ധനസഹായം നൽകുകയും പുസ്തകം നൽകുന്നതിനും മറ്റുമായി ജില്ലയിലാകമാനം സഞ്ചരിക്കാൻ പരിഷത്ത് പ്രവർത്തകർക്ക് കഴിഞ്ഞതുംവഴി പുതിയ സൗഹൃദങ്ങൾ ഉണ്ടാകുകയും അതുവഴി ഗ്രാമശാസ്ത്രസമിതികൾ രൂപീകരിക്കപ്പെടുന്നതിന് ഇടയാകുകയും ചെയ്തു. 1978 ഒക്‌ടോബർ 2 മുതൽ നവംബർ 7 വരെ നടന്ന ശാസ്ത്രസാംസ്‌കാരിക ജാഥയ്ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകുകപ്പെട്ടു. ഈ ജാഥ ജില്ലയിലെ പ്രവർത്തകർക്ക് പകർന്നു നൽകിയ ആവേശം കുറച്ചൊന്നുമല്ല. ശാസ്ത്രസാംസ്‌കാരിക ജാഥയുടെ ഒന്നാം വാർഷികാഘോഷം അവർ നടത്തിയത് കുട്ടനാട്ടിൽ ഒരു ബോട്ട് ജാഥ സംഘടിപ്പിച്ചുകൊണ്ടായിരുന്നു. പുറക്കാട്ട് നിന്ന് ആരംഭിച്ച ബോട്ട് യാത്ര മൂന്ന് ദിവസം കൊണ്ട് കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ആലപ്പുഴ ബോട്ട് ജെട്ടിയിൽ സമാപിച്ചു. ജാഥയ്ക്ക് സ്വീകരണം നൽകുന്നതിന് വിവിധ സ്ഥലങ്ങളിൽ സംഘാടക സമിതികൾ രൂപീകരിക്കപ്പെട്ടു. ഈ സംഘാടകസമിതികൾ പിന്നീട് ഗ്രാമശാസ്ത്രസമിതികളും യൂണിറ്റുകളുമായി രൂപപ്പെട്ടു. നെടുമുടിയിലും മങ്കൊമ്പിലും മിത്രക്കരിയിലും ഒക്കെ അങ്ങനെ യൂണിറ്റുകളുണ്ടായി. പൂച്ചാക്കൽ, മാരാരിക്കുളം, മുഹമ്മ, പുറക്കാട്, പുന്നപ്ര, പുത്തനമ്പലം, മാവേലിക്കര, മാന്നാർ, നൂറനാട്, മുതുകുളം എന്നിവിടങ്ങളിൽ അതിനുശേഷം യൂണിറ്റുകളുണ്ടായി. ഇതിൽ പല യൂണിറ്റുകളും ഗ്രാമശാസ്ത്രസമിതികളായിരുന്നു.

1979-ൽ പി. റ്റി. ഭാസ്‌കരപണിക്കരുടെ നേതൃത്വത്തിൽ പുറക്കാട് പഞ്ചായത്തിൽ മുഴുവൻ പ്രദേശങ്ങളിലും ഒരു ഗ്രാമശാസ്ത്രജാഥ പര്യടനം നടത്തുകയുണ്ടായി. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ. മാത്യുവിന്റെ നേതൃത്വത്തിൽ നിരവിധി മെഡിക്കൽ വിദ്യാർത്ഥികൾ കണ്ണികളായി. യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ശ്രദ്ധേയമായ ചില പ്രവർത്തനങ്ങൾ ഇക്കാലളവിൽ നടക്കുകയുണ്ടായി. മണികണ്ഠൻചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന വഴിവെട്ട്, പൂച്ചക്കൽ യൂണിറ്റ് നടത്തിയ ഓണക്കാല ചന്ത തുടങ്ങിയ എടുത്തുപറയേണ്ടതാണ്. 1980 ൽ മാന്നാറിൽ വെച്ച് സംസ്ഥാന പ്രവർത്തക ക്യാമ്പ് നടക്കുകയുണ്ടായി. ഈ ക്യാമ്പിൽ വെച്ചാണ് ആദ്യ കലാ ജാഥ അവതരിപ്പിക്കപ്പെടുന്നത്.

ജില്ലാ കമ്മിറ്റി എന്ന നിലയിലേക്ക്

1982 വരെയുള്ള കാലഘട്ടം ഏതാനും വ്യക്തികളേയും ചെറു ഗ്രൂപ്പുകളേയും ബന്ധപ്പെടുത്തിയുള്ള പ്രവർത്തനം ആയിരുന്നു ജില്ലയിൽ നടന്നിരുന്നത്. കെ. സേതുരാമൻ, ചുനക്കര, തോമസ് വർഗീസ്, കെ. ഐ.മാത്യു തുടങ്ങിയവരുടെ പ്രവർത്തനമാണ് ആലപ്പുഴ ജില്ലയിൽ ഒരു സാന്നിദ്ധ്യമായി പരിഷത്ത് മാറാനിടയായത്. 1982 മുതലുള്ള ഭാരവാഹികളെ സംബന്ധിച്ച് മാത്രമേ വ്യക്തമായ വിവരം ലഭ്യമായിട്ടുള്ളു. അത് അനുബന്ധമായി ചേർക്കുന്നു. 1976 ൽ കെ. സേതുരാമനാണ് ജില്ലാ സെക്രട്ടറി. 1977 ൽ പ്രൊഫ. കൃഷ്ണൻ നായർ പ്രസിഡന്റും ചുനക്കര ജില്ലാ സെക്രട്ടറിയുമായിരുന്നു. തോമസ് വർഗ്ഗീസ്, കെ. ഐ. മാത്യു എന്നിവർ ജില്ലാ സെക്രട്ടറിമാരായും ചേപ്പാട് ഭാസ്‌ക്കരൻനായർ, പ്രൊഫ. കെ. വിജയൻ നായർ എന്നിവർ ജില്ലാ പ്രസിഡന്റുമാരായും പ്രവർത്തിച്ചിട്ടുണ്ട്. 1982 മുതൽ കൂടുതൽ യൂണിറ്റുകളുണ്ടാകുന്നു. വിദ്യാഭ്യാസ മേഖലയിലും മറ്റും ചില പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കപ്പെടുന്നു. ബാലവേദികൾ രൂപീകരിക്കപ്പെടുന്നു. പരിഷത്ത് പ്രവർത്തനങ്ങൾക്കും പ്രവർത്തകർക്കും സ്വീകാര്യതയുണ്ടാകുന്നു. 1984-ൽ പരിഷത്തിന്റെ 21-ാം സംസ്ഥാന വാർഷികം ആലപ്പുഴയിൽ നടന്നു. വിഭവ സമാഹരണത്തിനും മറ്റുമായി നിരവധി പ്രദേശങ്ങളിൽ പരിഷത്ത് പ്രവർത്തകർ ജനങ്ങളുമായി ഇടപെട്ട് പ്രവർത്തിച്ചു. അങ്ങനെ കൂടുതൽ ആളുകൾ പരിഷത്തിനെ അറിയുന്ന സ്ഥിതി വന്നു. അവിടങ്ങളിൽ പലയിടത്തും പുതിയ യൂണിറ്റുകളുണ്ടായി. സംസ്ഥാന വാർഷികത്തിന് ശേഷമാണ് നടന്നതെങ്കിലും പ്രധാന അനുബന്ധ പരിപാടി കുട്ടനാട് പഠനമായിരുന്നു. 1978-ൽ കോട്ടയത്തുവച്ച് നടന്ന 15-ാം സംസ്ഥാന വാർഷികത്തിൽ കുട്ടനാടിനെകുറിച്ച് ഒരു പഠനം നടത്തിരുന്നു. കുട്ടനാടിന്റെ പ്രശ്‌നങ്ങൾ എന്നപേരിൽ റിപ്പോർട്ടും പ്രസിദ്ധീകരിച്ചു. അതിന്റെ തുടർച്ചയായാണ് 1982 ഏപ്രിലിൽ നടന്ന പഠനം. ഡോ. എം. പി. പരമേശ്വരൻ, ഡോ. കെ. പി. കണ്ണൻ, ഡോ. വി. കെ. ദാമോദരൻ, പി. ജി. പത്മനാഭൻ തുടങ്ങിയവരായിരുന്ന സംഘാഗങ്ങൾ. പഠന സംഘത്തിന് ആവശ്യമായ സഹായങ്ങൾക്കായി കർഷതൊഴിലാളി യൂണിയൻ നേതാവായിരുന്ന മുകുന്ദദാസും ഉണ്ടായിരുന്നു. പഠനയാത്രയ്ക്കിടയിൽ മുകുന്ദദാസ് ഹൃദസ്തംഭനം മൂലം മരണമടഞ്ഞ ദാരുണ സംഭവമുണ്ടായി.

1990 - 2000 കളിൽ

1991 ൽ കുട്ടനാട്ടിൽ മത്സ്യരോഗം പടർന്നു പിടിച്ചപ്പോൾ ശാസ്ത്രസമൂഹത്തെ അണിനിരത്തി മങ്കൊമ്പ് നെല്ലുഗവേണഷ കേന്ദ്രത്തിൽ വച്ച് ഒരു സെമിനാർ നടത്തുകയുണ്ടായി. ജനങ്ങളുടെ ആശങ്കകൾ ദുരീകരിക്കുന്നതിനും തകർന്നുകൊണ്ടിരിക്കുന്ന കുട്ടനാട്ടിലെ പരിസ്ഥിതിസംതുലനാവസ്ഥയെ സംബന്ധിച്ച് ബോധ്യപ്പെടലിനും വഴിയൊരുക്കി. 1984 ലും 2000 ലും ആലപ്പുഴയിൽ നടന്ന സംസ്ഥാന വാർഷികങ്ങൾക്ക് ചില പ്രത്യേകതകൾ ഉണ്ടായിരുന്നു. 1984 ലെ വാർഷികം വളരെകുറച്ച് പ്രവർത്തകർ ചേർന്നാണ് സംഘടിപ്പിച്ചത്. 45,000 രൂപ മിച്ചം പിടിച്ച് സംസ്ഥാന കമ്മിറ്റിക്ക് നൽകുകയുണ്ടായി. 2000 ലെ വാർഷികം ഒരു പുതിയ മാതൃക സംഘടനയ്ക്കാകെ പകർന്നു നല്കി. വാർഷികത്തിനാവശ്യമായ സാമ്പത്തികം പരിഷത്ത് പ്രവർത്തകരിൽ നിന്ന് തന്നെ സമാഹരിക്കുന്നതിനാവിഷ്‌കരിച്ച വാർഷിക കുടുക്കയായിരുന്നു അത്. ചെറു ചെറു നാണയത്തുട്ടുകൾ കുടുക്കയിൽ ശേഖരിച്ച് ഒരു തുകയാക്കി വാർഷിക ചെലവിലേക്ക് തങ്ങളുടെ സംഭാവന നല്കുകയായിരുന്ന പ്രവർത്തകർ. പരിഷത്ത് കുടുംബാംഗങ്ങൾ ഒന്നടങ്കം ഈ പ്രവർത്തനത്തോട് സഹകരിച്ചത് ആവേശകരമായ അനുഭവമായിരുന്നു. പിന്നീട് മറ്റ് ജില്ലകളും സാമ്പത്തിക സമാഹരണത്തിന് ഈ മാതൃക പിൻതുടരുകയും സംഘടനയാകെ സാംശ്വീകരിക്കുകയും ചെയ്തു. നമ്മുടെ ജില്ലയിൽ പരിഷത്ത്ഭവൻ നിർമ്മാണത്തിനും സർഗ്ഗോത്സവത്തിനും പണസഞ്ചിവഴിയാണ് നല്ലൊരു സ്വരൂപിച്ചത്. 1980 ൽ മാന്നാറിൽ നടന്നത് കൂടാതെ ആലപ്പുഴ (1993), മുഹമ്മ (2007) സംസ്ഥാനപ്രവർത്തക ക്യാമ്പ് നടക്കുകയുണ്ടായി. 1993 ലെ പ്രവർത്തക ക്യാമ്പ് വൈവിധ്യങ്ങളായ ചില സെമിനാറുകൾ സംഘടിപ്പിച്ചുകൊണ്ട് ശ്രദ്ധേയമായി. വികസന സെമിനാർ, ചരിത്ര സെമിനാർ എന്നിവ ജനശ്രദ്ധ പിടിച്ചുപറ്റി. ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തത് ഇ. എം. എസ്. ആയിരുന്നു. മുഹമ്മ ക്യാമ്പിന്റെ പ്രധാന അനുബന്ധ പരിപാടി വേമ്പനാട് സംരക്ഷണത്തിന് കർമ്മപരിപാടി രൂപപ്പെടുത്തുക എന്നതായിരുന്നു. കർമ്മ പരിപാടി ആവിഷ്‌ക്കരിക്കുകയും വേമ്പനാട് എന്ന പേരിൽ സ്മരണിക പ്രസിദ്ധീകരിക്കുകയും ചെയ്തു. 1985 ൽ നടന്ന ഗ്രാമശാസ്ത്ര ജാഥ, 87 ലെ വികസനജാഥ, കായൽസംരക്ഷണ ജാഥ തുടങ്ങിയവ പരിഷത്തിന്റെ ജനകീയാടിത്തറ വർദ്ധിപ്പിച്ചു. 1984 ഡിസംബർ 2-ാം തീയതി അർദ്ധരാത്രി ഭോപ്പാലിൽ നടന്നത് വാതക ദുരന്തമല്ല, കൂട്ടക്കൊലയാണെന്ന് ഉറക്കെ പറഞ്ഞത് പരിഷത്താണ്. കേവലമൊരു വ്യാവസായിക ദുരന്തമായി കാണാതെ മൂന്നാം ലോകരാജ്യങ്ങളിൽ ബഹുരാഷ്ട്രകുത്തകൾ നടത്തുന്ന നരഹത്യയാണെന്നാണ് നാം പ്രചരിപ്പിച്ചത്. 1985 മുതലുള്ള മൂന്ന് നാല് വിപുലമായ ക്യാമ്പയിനാണ് എവറിഡി ബാറ്ററി ബഹിഷ്‌കരണത്തിലൂടെ പുതിയൊരു സമരമുറയും നാം പുനരാവിഷ്‌കരിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യവും സ്വാശ്രയത്വവും ദേശീയ പരമാധികാരവും സംരക്ഷിക്കാൻ ബഹുരാഷ്ട്രകുത്തകളെ പുറത്താക്കാനുള്ള രണ്ടാം സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയാകുക എന്ന ആഹ്വാനം കേരള സമൂഹം വളരെ ആവേശത്തോടെയാണ് വരവേറ്റ്. 1987 ഒക്‌ടോബർ 2 ന് രാജ്യത്തിന്റെ അഞ്ചുകോണുകളിൽ നിന്നും ആരംഭിച്ച് ഭാരതീയജ്ഞാൻ വിജ്ഞാൻ ജാഥ നവംബർ 7 ന് ഭോപ്പാലിൽ സംഗമിച്ച് സമാപിച്ചു. സമാപന പരിപാടിയിൽ പങ്കെടുക്കാൻ പ്രവർത്തകർ കേരളത്തിൽ നിന്നും പ്രത്യേക ട്രെയിനിലാണ് പുറപ്പെട്ടത്. സയൻസ് ട്രെയിൻ നിർവ്വചിക്കാനാവാത്ത അനുഭവമായിരുന്നു. ട്രയിൻ യാത്രികരായി 20 ഓളം പേരാണ് നമ്മുടെ ജില്ലയിൽ നിന്നും ഉണ്ടായിരുന്നത്. 80-ാം വയസ്സിലും ഊർജ്ജസ്വലമായി പങ്കെടുത്ത ചെങ്ങന്നൂർ മേഖലയിലെ ചാത്തൻ മാസ്റ്റർ ആയിരുന്നു പ്രായംകൂടിയ യാത്രികൻ. 1980 മുതൽ ആരംഭിച്ച ശാസ്ത്രകലാജാഥ പരിഷത്തിനെ ജനകീയമാക്കുന്നതിൽ വലിയ സംഭാവനകൾ വഹിച്ചിട്ടുണ്ട്. ഓരോ വർഷവും ജില്ലയിൽ 10-20 സ്വീകരണ കേന്ദ്രങ്ങൾ ഉണ്ടാവുക സ്വാഭാവികം. യൂണിറ്റില്ലാത്ത സ്ഥലങ്ങളും സ്വീകരണകേന്ദ്രങ്ങളായി. അവ പിന്നീട് യൂണിറ്റുകളായി. ശാസ്ത്രകലാജാഥയുമായി ബന്ധപ്പെട്ട് നിരവധി ചരിത്രമുഹൂർത്തങ്ങൾക്ക് ആലപ്പുഴ സാക്ഷ്യം വഹിച്ചിട്ടുണ്ട്. മാന്നാറിലെ പ്രവർത്തകക്യാമ്പിലാണ് കലാജാഥയുടെ ആദ്യഅവതരണം നടന്നത് എന്ന് മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലോ. 1985 ൽ ചമ്പക്കളുത്ത് നടന്ന സംസ്ഥാന കലാക്യാമ്പ് മുതൽ 2010-ൽ പൂങ്കാവിൽ നടന്ന പെൺപിറവി നാടകയാത്രയുടെ റിഹേഴ്‌സൽ ക്യാമ്പ് വരെ 6 ക്യാമ്പുകൾക്ക് ആലപ്പുഴ ജില്ലാ നേതൃത്വം വഹിച്ചു. കാവാലം, പട്ടത്താനം, അമ്പലപ്പുഴ, നൂറനാട് തുടങ്ങിയവയാണ് മറ്റുള്ളവ. 1980 മുതൽ കലഎന്ന മാധ്യമം ഉപയോഗിച്ച് നാം നടത്തുന്ന ബഹുജനവിദ്യാഭ്യാസ പരിപാടിയായ ശാസ്ത്രകലാജാഥ ജില്ലയിലെ മുക്കിലും മൂലയിലും കലാപരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പരിഷത്ത് കലാജാഥ അവതരിപ്പിക്കാത്ത ഒരു പഞ്ചായത്ത് പഞ്ചായത്തുപോലും ഉണ്ടെന്ന് തോന്നുന്നില്ല. 1987-ലെ ശാസ്ത്രസാംസ്‌കാരിക ജാഥ മണ്ണടിയിൽ നിന്ന് ആരംഭിച്ച് വയലാറിലാണ് സമാപിച്ചത്. വമ്പിച്ച സംസ്‌കാരിക പരിപാടികളോടെ നാടിളക്കിയ സമാപനമായിരുന്നു. 1989ലെ വനിതാ കലാജാഥ ഒരു സാധാരണ കേന്ദ്രമായിട്ടുകൂടി ആര്യാട് നടന്ന സ്വീകരണം ഉജ്ജ്വലമായിരുന്നു. 2009-ലെ ഗലീലിയോ നാടകയാത്രയുടെ സംസ്ഥാന സമാപനം ചേർത്തലയിൽ ശ്രദ്ധേയമായി സംഘടിപ്പിക്കപ്പെട്ടു. അടുപ്പുവ്യാപനത്തിനുവേണ്ടി 1991 ൽ നടത്തിയ അടുപ്പുകലാജാഥ ആലപ്പുഴ ജില്ലയുടെ തനതു പരിപാടിയായിരുന്നു. 1000 കണക്കിന് അടുപ്പുകളാണ് ഈ പരിപാടിയിലൂടെ നമുക്ക് പ്രചരിപ്പിക്കാൻ കഴിഞ്ഞത്. 1987-ൽ പരിഷത്ത് നടത്തിയ ജനകീയാരോഗ്യ സർവ്വേ ജില്ലയിൽ ചിട്ടയായി സംഘടിപ്പിക്കാൻ കഴിഞ്ഞു. മുഴുവൻ പഞ്ചായത്തുകളിലേയും തെരഞ്ഞെടുക്കപ്പെട്ട പത്ത് വീടുകൾ വീതമാണ് സർവ്വേ നടത്തിയത്. ഒരു സ്ത്രീ അടക്കം മൂന്ന് പേരാണ് സർവ്വേ ടീ. 4-5 മണിക്കൂർ ചെലവഴിച്ചു വേണം വിവരം ശേഖരിക്കാൻ. യൂണിറ്റുകളിലാത്ത നിരവധി പഞ്ചായത്തുകൾ നമ്മുടെ ജില്ലയിലുണ്ടായിരുന്നു. അവിടെയെല്ലാം ചുമതല സ്വയം ഏറ്റെടുത്ത് സർവ്വേ നടത്താൻ പ്രവർത്തകർ കാട്ടിയ അത്യുത്സാഹമാണ് സമയബന്ധിതമായും കൃത്യമായും സർവ്വേ പൂർത്തീകരിക്കാൻ കഴിഞ്ഞത്. 1990 ൽ കേരളത്തിൽ നടന്ന സമ്പൂർണ്ണ സാക്ഷരത യജ്ഞത്തിന് വിശേഷണങ്ങൾ ആവശ്യമില്ലല്ലോ. പരിഷത്ത് അരയും തലയും മുറുക്കി ഇറങ്ങിയ സാക്ഷരതാ യജ്ഞത്തിന് ജില്ലയിൽ കരുത്ത് പകർന്നത് നാം നടത്തിയ അക്ഷരജ്യോതി പ്രയാണമാണ്. വയലാർ രാമവർമ്മയുടെ സ്മൃതിയിടത്തിൽ നിന്ന് ആരംഭിച്ച് മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന പല്ലന കുമാരകോടിയിൽ സമാപിച്ച പ്രയാണത്തിന്റെ ക്യാപ്റ്റൻ ചുനക്കര ജനാർദ്ദനൻ നായർ ആയിരുന്നു. ജില്ലയിലാകമാനം ഉജ്ജ്വലവരവേൽപ്പാണ് ലഭിച്ചത്. അക്ഷരജ്യോതി ഏറ്റുവാങ്ങിയത് തോപ്പിൽ ഭാസി ആയിരുന്നു. പല്ലനയിലെ സമാപനം അക്ഷരാർത്ഥത്തിൽ ഉത്സവമായിരുന്നു. വഴിയോരങ്ങളിൽ കുരുത്തോലകൾ തൂക്കിയും നിലവിളക്ക് കൊളുത്തിയും ദീപം തെളിച്ചും പല്ലനയിലെ ജനങ്ങൾ സജീവപങ്കാളികളായി. ജില്ലാപ്രോജക്ട് ഓഫീസർമാരായും അസി. പ്രോക്ട് ഓഫീസറർമാരായും ഇൻസ്ട്രക്ടർമാരായും നിരവധി പരിഷത്ത് പ്രവർത്തകർ പ്രവർത്തിച്ചു. 1990കളിൽ ആരംഭിച്ച പുത്തൻ സാമ്പത്തിക നയങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് ആശയതലത്തിൽ വമ്പിച്ച സംഭാവനയാണ് പരിഷത്ത് നൽകിയത്. നിരവധി പ്രക്ഷോഭപരിപാടികളും നാം സംഘടിപ്പിച്ചു. 1992-ൽ കേരള സ്വാശ്രയസമിതി എന്ന പേരിൽ ഒരു പൊതുപ്ലാറ്റ്‌ഫോം രൂപീകരിച്ചു. പ്രൊഫ. സി. കെ. ഭരതവർമ്മ ചെയർമാനും പി. വി. ജോസഫ് കൺവീനറുമായുള്ള ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ സംഘടപ്പിച്ചു. 1993 ൽ മങ്കൊമ്പിൽ വച്ച് കാർഷികമേഖലയും പുത്തൻസാമ്പത്തിക നയവും എന്ന വിഷയത്തെ അധികരിച്ച് വിത്തിനെ സമരായുധമാക്കുക എന്ന പേരിൽ ഒരു അഖിലേന്ത്യാ സെമിനാർ സംഘടിപ്പിച്ചു. കാർണാടക രാജ്യറൈത്ത് സംഘ് നേതാവും സാമ്രാജ്യത്വവിരുദ്ധ പോരാളിയുമായിരുന്ന ഡോ. മഞ്ജുണ്ട സ്വാമി യാണ് സെമിനാർ ഉദ്ഘാടനം ചെയ്തത്. പ്രമുഖ രാഷ്ട്രീയ നേതാക്കാളും ശാസ്ത്രജ്ഞരും അടക്കം കേരളത്തിൽ ലഭ്യമായ വിദഗ്ധരാണ് സെമിനാർ വിഷയം അവതരിപ്പിച്ചത്. ദിവസം നീണ്ടുനിന്ന സെമിനാർ വൻ വാർത്താ പ്രധാന്യം നേടി. സംസ്ഥാനതലത്തിൽ സംഘടിപ്പിക്കപ്പെട്ട സ്വാശ്രയപദയാത്രയെ ആലപ്പുഴയിൽ വൻപിച്ച വരവേൽപ് നൽകി. 1994 ഏപ്രിൽ 15 ഡങ്കൽ കരാറിൽ ഇന്ത്യ ഒപ്പു വെയ്ക്കുന്ന ദിവസം സംസ്ഥാനത്ത് കരിദിനമായി ആചരിക്കാൻ പരിഷത്ത് ആഹ്വാനം ചെയ്തു. അന്നേദിവസം ശക്തമായ പ്രതിഷേധപരിപാടികൾ-സാമ്രാജ്യത്വവിരുദ്ധ പ്രതിജ്ഞ, ഡങ്കലിന്റെകോലം കത്തിക്കൽ, ജാഥകൾ- നടക്കുകയുണ്ടായി. ആലപ്പുഴ മേഖലയിൽ ഡങ്കലിന്റെ കോലവുമായി പ്രകടനം നടത്തിയ 15ഓളം പരിഷത്ത് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു. മുമ്പ് 1993 ജനുവരി 26 ന് സമാനമായ മറ്റൊരു അറസ്റ്റ് നടന്നു. രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തിയവർക്ക് റിപ്ലബിക് ദിനം ആഘോഷിക്കാൻ അവകാശമില്ലെന്ന മുദ്രാവാക്യമുയർത്തി നടത്തിയ ജാഥ പോലീസ് തടയുകയും പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 2003 ൽ സ്വാശ്രയഉത്പന്നങ്ങളുടെ നിർമ്മാണത്തിലൂടെ സാമ്രാജ്യത്വത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. വിവിധയിനം ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനത്തിൽ നൂറ് കണക്കിന് പ്രവർത്തകരാണ് പങ്കെടുത്ത്. പിന്നീട് വിവിധ മേഖലകളിൽ ചെറുതും വലുതുമായ പരിശീലനങ്ങൾ നടന്നു. സൈലന്റ് വാലി പ്രക്ഷോഭം മുതൽ ഊർജ്ജരംഗത്ത് നാം ഇടപെട്ട് വരികയായിരുന്നുവല്ലോ. കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് താപനിലയങ്ങൾ സ്ഥാപിക്കണമെന്ന് ബദൽ നിർദ്ദേശം നാം ഉയർത്തുകയുണ്ടായി. കായംകുളത്ത് ഒരു താപനിലയം സ്ഥാപിക്കാൻ സർക്കാർ തീരുമാനിക്കുകയും ആഘോഷപൂർവ്വം തറക്കല്ലിടീൽ ചടങ്ങ് നടക്കുകയും ചെയ്തു. എന്നാൽ താപനിലത്തിന്റെ നിർമ്മാണം നടക്കാതെ അനിശ്ചിതമായി നീണ്ടുപോയി. കായംകുളം നിലയം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചിലപ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. താപനിലയം നിർമ്മിക്കുവാൻ ആവശ്യമായ പണം സ്വരൂപിക്കുവാൻ കഴിയാത്തതാണ് പ്രശ്‌നം എന്നായാരുന്ന ഗവൺമെന്റ് ഭാഷ്യം. ഈ സന്ദർഭത്തിലാണ് തദ്ദേശീയമായി മൂലധനം സ്വരൂപിച്ച് കായംകുളം താപനിലയം സ്വാശ്രയനിലയം ആക്കണമെന്ന് പരിഷത്ത് നിർദ്ദേശം വച്ചത്. ഇതിന്റെ ഭാഗമായി പ്രചരണ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു. താപനിലയത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്ന പോസ്റ്റർ എക്‌സിബിഷൻ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടത്തി. സ്വാശ്രയതാപനിലയത്തിന്റെ ആവശ്യകത ആലേഖനം ചെയ്ത നൂറുമീറ്റർ നീളമുള്ള ബാനറും വഹിച്ചുകൊണ്ടുള്ള ഏറെ പുതുമയുള്ള ജാഥയായിരുന്നു വൻബാനർ ജാഥ. ചേർത്തലയിൽ നിന്നും ആരംഭിച്ച് ചൂ ളത്തെരുവിൽ സമാപിച്ച ജാഥ പര്യടനം 6 ദിവസമായിരുന്നു. താപനിലയത്തിന്റെ ശിലാസ്ഥാപനം നടന്ന് ഒരു വർഷം പൂർത്തിയായപ്പോൾ യാതൊരു പ്രവർത്തനവും നടക്കാത്ത സാഹചര്യത്തിൽ ശിലഫലകം സെക്രട്ടറിയേറ്റിലെത്തി തിരികെ കൊടുക്കുക എന്ന പ്രതീകാത്മക സമരമായിരുന്നു ശവമഞ്ചയാത്ര. ചൂളത്തെരുവിൽ നിന്ന് ആരംഭിച്ച യാത്ര ഡോ. ഐ. എസ്. ഗുലാത്തിയാണ് ഉദ്ഘാടനം ചെയ്തത്. ശവമഞ്ചയാത്രയുടെ പുതുമകൊണ്ടും പ്രസക്തികൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. വഴിയോരങ്ങളിൽ പുഷ്പചക്രങ്ങൾ അർപ്പിച്ചുകൊണ്ടാണ് ബഹുജനങ്ങളും സംഘടനകളും ശവമഞ്ചയാത്രയെ വരവേറ്റത്.

പരിഷത്ത് 2000 - 2010

2004ൽ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കുന്നതിനെതിരെ കേരളത്തിൽ നടന്ന ഏറ്റവും ശ്രദ്ധേയമായ സമരമായിരുന്നു കരിമണൽ ഖനന വിരുദ്ധ സമരം. കരിമണൽ ഖനനം സ്വകാര്യവ്യക്തികൾക്ക് നൽകാനുള്ള സർക്കാർ നീക്കത്തിനെതിരെ ഹരിപ്പാട് മേഖലാ കമ്മിറ്റി നടത്തിയ കാൽനടജാഥയിലൂടെ ആരംഭിച്ച സമരം വൻപിച്ച ബഹുജനപ്രക്ഷോഭമായി രൂപപ്പെടുകയായിരുന്നു. ആദ്യകാലത്ത് സമരത്തെ എതിർത്തവർപോലും സമരത്തിന്റെ മുന്നണിയിലേക്ക് വരാൻ നിർബന്ധിതരായി. ഭരണ പ്രതിപക്ഷത്യാസമില്ലാതെ നേതാക്കളും ബഹുജനങ്ങളും ഈ സമരത്തിൽ പങ്കാളികളായി. ആലപ്പുഴ ജില്ലയിൽ തീരത്ത് മനുഷ്യമതിൽ തീർത്തുകൊണ്ടായിരുന്നു കരിമണൽ ഖനനത്തെ പ്രതിരോധിച്ചത്. ഈ സമരം വിജയിച്ചു. സർക്കാർ തീരുമാനം പിൻവലിക്കപ്പെട്ടു. പാതിരാമണൽ ഒബ്‌റോയ് ഗ്രൂപ്പിന് കൈമാറാനുള്ള നീക്കത്തിനെതിരെ നടന്ന പ്രക്ഷോഭവും അവസാനം സമസ്തപ്രസ്ഥാനങ്ങളും ഏറ്റെടുക്കുകയായിരുന്നു. ക്യൂ. എസ്. ടി. കായൽ ടൗൺഷിപ്പ് ആക്കുന്നതിനെതിരെയും ആദ്യം പ്രതികരിച്ചതും പരിഷത്തായിരുന്നു. വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ നമ്മുടെ ജില്ലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ കാലയളവിലും അതത് കാലത്തുണ്ടായ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. പ്രക്ഷോഭമായും ഉള്ളടക്കത്തിന് കരുത്ത് പകർന്നും പിന്തുണച്ചും ജില്ലയിൽ മുഴുവൻ പര്യടനം നടത്തുന്ന മൂന്ന് ജില്ലാതല ജാഥകൾ 90കളിൽ സംഘടിപ്പിക്കപ്പെട്ടു. അനാദായകരമെന്ന പേരിൽ പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നതിനെതിരെ അതിശക്തമായ സമരത്തിന് നാം നേതൃത്വം നൽകി. സ്‌കൂൾ സംരക്ഷണസമിതികൾ രൂപീകരിച്ച് വിവിധ മേഖലകൾ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങൾ ആകർഷകമാക്കി നിലനിർത്തുക എന്ന സമരവും ഇതിന്റെ ഭാഗമായി പരീക്ഷിക്കപ്പെട്ടു. നടുഭാഗം ഗവ. എൽ. പി. സ്‌കൂൾ നടപ്പിലാക്കിയ മാതൃക ഒന്നാം ക്ലാസ് പൊതുവിദ്യാഭ്യാസത്തിന് ആലപ്പുഴ ജില്ല ചെയ്ത സംഭാവനയാണ്. ശിശുസൗഹൃദക്ലാസ്സ് എന്ന ആശയം അത്ര പ്രചുരപ്രചാരം നേടിയ കാലത്തല്ല നാം ഈ മാതൃക സൃഷ്ടിച്ചത്. 1987 ൽ വികസനരംഗത്തെ നമ്മുടെ ഇടപെടലുകൾ സജീവമാക്കിയ വികസനജാഥ. അതിൽ പങ്കാളികളായ മുഴുവൻ പേർക്കും ഇന്നും ആവേശമാണ്. അധികാരവികേന്ദ്രീകരണ പ്രക്രിയ യാഥ്യാർത്ഥ്യമാക്കുന്നതിന് നിരവധിയായ പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പിലാക്കിയിട്ടുണ്ട്. ആര്യാട് പഞ്ചായത്തിൽ നടന്ന വിഭവഭൂപട നിർമ്മാണം, അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് നടത്തിയ വികസനജാഥകൾ ജനകീയാസൂത്രണ പ്രവർത്തനങ്ങൾ എന്നിവയാണ് ഇവയിൽ പ്രധാനം. എൺപതുകൾ മുതൽ ബാലവേദി രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം നമുക്ക് കാഴ്ചവെയ്ക്കാനായിട്ടുണ്ട്. 1986ൽ ആലപ്പുഴയിൽ വെച്ച് നടന്ന ജില്ലാ ബാലവേദി ക്യാമ്പാണ് നൂറുകണക്കിന് ബാലവേദികൾ രൂപീകരിക്കാൻ പരിഷത്ത് പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്നത്. തുടർന്ന് എണ്ണമറ്റ ക്യാമ്പുകൾ, ബാലോത്സവങ്ങൾ, സഹവാസക്യാമ്പുകൾ, ഓണോത്സവങ്ങൾ എന്നിവ സംഘടിപ്പിച്ചതിലൂടെ കുട്ടികളിൽ ശാസ്ത്രബോധം പ്രസരിപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞു. 2004 മെയ് 22-26 തീയതികളിൽ ആലപ്പുഴയിൽ നടന്ന സർഗ്ഗോത്സവം എന്ന അഖിലേന്ത്യാബാലോത്സവം ആലപ്പുഴയിലെ എക്കാലത്തെയും തിളക്കമാർന്ന പ്രവർത്തനമാണ്. 3000 കുട്ടികളാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി സർഗ്ഗോത്സവത്തിൽ പങ്കെടുത്തത്. നമ്മുടെ ജില്ലയുടെ സംഘാടനത്തിന്റെ മികവ് അംഗീകരിച്ച സംഗതിയാണ്. എൺപത്തിനാലിലെ സംസ്ഥാന വാർഷികത്തോടനുബന്ധിച്ചാണ് ഒരു ആസ്ഥാനം എന്ന ആശയം രൂപപ്പെടുന്നത്. വാർഷികത്തിന്റെ ജനറൽ കൺവീനറായി എൻ. ആർ. ബി. യുടെ ക്വേർട്ടേഴ്‌സായിരുന്നു ആദ്യ പരിഷത്ത് ഭവൻ. പിന്നീട് എൻ. ആർ. ബി. യുടെ വാസസ്ഥലം, റോബി താമസിച്ചിരുന്ന ലോഡ്ജ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ പരിഷത്ത് ഭവൻ പ്രവർത്തിച്ചു. അങ്ങനെ 2005 ൽ ശാസ്ത്രകൗതുകം പ്രചരിപ്പിച്ച് പാലസ് വാർഡിൽ 5 സെന്റ് സ്ഥലം സ്വന്തമാക്കി. അവിടെ ഒരു മുറിനിർമ്മിച്ചു. ആ സ്ഥലം വിറ്റ് കിട്ടിയ പണവും പണക്കിഴിയിലൂടെയും എന്തുകൊണ്ട്, ശാസ്ത്രചരിത്രം ജീവചരിത്രത്തിലൂടെ എന്നീ പുസ്തകങ്ങൾ പ്രചരിപ്പിച്ചുമാണ് ഇന്നത്തെ പരിഷത്ത് ഭവൻ നാം സ്വന്തമാക്കിയത്. ഈ ചരിത്ര രേഖ അപൂർണ്ണമാണ്. ദയവായി ഇത് പൂർണമാക്കാൻ സഹായിക്കുക.