ഇന്ത്യയുടെ ശാസ്ത്രപാരമ്പര്യം എപ്പോഴും വരാറുള്ള ചില ചോദ്യങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

എപ്പോഴും വരാറുള്ള ചില ചോദ്യങ്ങൾ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ പ്രസിദ്ധീകരിച്ച ശാസ്ത്രസംവാദ പരമ്പരയിൽ ഇന്ത്യയുടെ ശാസ്ത്രപാരമ്പര്യം എന്ന പ്രൊഫ. കെ പാപ്പൂട്ടി എഴുതിയ പുസ്തകത്തിൽ നിന്നും


1. വൈദ്യരും ആശാരിയും അടക്കം തൊഴിലെടുക്കുന്ന എല്ലാവരും ശൂദ്രരോ അധഃകൃതരോ ആയാണ് പരിഗണിക്കപ്പെട്ടിരുന്നതെന്നും അവർക്ക് സംസ്‌കൃതപഠനം നിഷിദ്ധമായിരുന്നു എന്നും പറഞ്ഞതു ശരിയാണോ? സംസ്‌കൃതം നന്നായറിയാവുന്ന ധാരാളം വൈദ്യന്മാരും വാസ്തുവിദഗ്ധരും ജ്യോത്സ്യന്മാരും (ഗണകർ) നമ്മുടെ നാട്ടിൽ ഉണ്ടല്ലോ, അതെങ്ങനെ സംഭവിച്ചു?


മനുസ്മൃതിയുടെയും മറ്റും പ്രാമാണ്യം നിലനിന്ന കാലത്ത് ശൂദ്രന് സംസ്‌കൃതപഠനം നിഷിദ്ധമായിരുന്നു. അതിനെതിരെ രണ്ടുതരത്തിലുള്ള മുന്നേറ്റങ്ങൾ ഇന്ത്യയിൽ ഉണ്ടായി. ഒന്ന്, ശ്രീബുദ്ധനും വർധമാന മഹാവീരനുമൊക്കെ ജന്മംകൊടുത്ത, ബുദ്ധ - ജൈന പ്രസ്ഥാനങ്ങൾ സൃഷ്ടിച്ചതാണ്. സാധാരണക്കാർ സംസാരിക്കുന്ന പാലി, പ്രാകൃതം പോലുള്ള ഭാഷകളിൽ എല്ലാവർക്കും, സ്ത്രീകൾക്കും ശൂദ്രർക്കും ഉൾപ്പെടെ, വിദ്യാഭ്യാസം നൽകാനും ഗ്രന്ഥങ്ങൾ രചിക്കാനും അവർ തയ്യാറായി. (പഴയ ഗുരുകുലസമ്പ്രദായത്തിൽ ഈ രണ്ടുകൂട്ടർക്കും സ്ഥാനമുണ്ടായിരുന്നില്ലല്ലോ). ഈ മതങ്ങളുടെ തകർച്ചയ്ക്കുശേഷം പുരോഹിത ആധിപത്യത്തിനെതിരെ ഉണ്ടായ മുന്നേറ്റമായ ഭക്തിപ്രസ്ഥാനം. ജാതിവ്യത്യാസമില്ലാതെ സംസ്‌കൃതം പഠിക്കുന്നതിനെയും വേദ-പുരാണാദികൾ വായിച്ച് വ്യാഖ്യാനിക്കുന്നതിനെയും പ്രാദേശികഭാഷകളിൽ രചനകൾ നടത്തുന്നതിനെയുമെല്ലാം പ്രോത്സാഹിപ്പിച്ചു. കേരളം അതിൽ വലിയ താൽപര്യം കാണിച്ച പ്രദേശമാണ്. വൈദ്യനും ആശാരിയും ഗണകനും എല്ലാം സംസ്‌കൃതവിദ്യാഭ്യാസം നേടിയത് അങ്ങനെയാണ്. എന്നാൽ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും ചോദ്യം ചെയ്യാൻ അവർ വലിയ താൽപര്യം കാട്ടിയില്ല. അല്പം സ്വാർഥതാൽപര്യം അതിനുപിന്നിലുണ്ടാകാം. ഉദാഹരണത്തിന്, ഒരു വീടുനിർമിക്കുമ്പോൾ പല ഘട്ടങ്ങളിൽ ചടങ്ങുകൾ ഉണ്ടാകുന്നതിൽ താൽപര്യമുള്ള വിഭാഗങ്ങൾ പലതാണ്. പൂജാദികർമങ്ങൾ നടത്തുന്ന പുരോഹിതർക്ക് വരുമാനവും പ്രാമാണ്യവും കൈവരുന്നു; തുച്ഛപ്രതിഫലത്തിൽ തൊഴിലെടുത്തിരുന്ന ആശാരിമാർക്കും കൽപ്പണിക്കാർക്കുമെല്ലാം അല്പം അധികവരുമാനവും മുണ്ടും വേഷ്ടിയും ഒക്കെ കിട്ടുന്നു; കൂടാതെ ആദരവും; അയൽക്കാർക്ക് ഒരു നല്ല ഭക്ഷണവും. ജാതിചൂഷണത്തെയും ശാസ്ത്രബോധത്തെയും കുറിച്ചുള്ള വേവലാതിയൊന്നും മുമ്പുകാലത്ത് ഇല്ലല്ലോ.


2. സർപ്പക്കാവും മറ്റും പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി കരുതേണ്ടതല്ലേ? പ്രകൃതിയുമായി ഇണങ്ങിക്കഴിയണമെന്ന ബോധം പ്രാചീന ഭാരതീയർക്ക് ഉണ്ടായിരുന്നു എന്നതിന്റെ തെളിവല്ലേ അത്? പാശ്ചാത്യസംസ്‌കാരമല്ലേ അതിനെയൊക്കെ ഇല്ലാതാക്കിയത്?

എല്ലാ പ്രാചീന ആരാധനാക്രമങ്ങളും ഉണ്ടായിവന്നത് പ്രകൃത്യാരാ ധനയിൽ നിന്നുതന്നെയാണ്. സൂര്യൻ, വരുണൻ, വായുഭഗവാൻ തുടങ്ങിയ ദൈവങ്ങളെല്ലാം പ്രകൃതിശക്തികളെയാണ് പ്രതിനിധീകരിക്കുന്നത്. നദികൾ, മരങ്ങൾ, സർപ്പം മുതലായവയും ഇക്കൂട്ടത്തിൽപ്പെടും. എന്നാൽ ആരാധനകൊണ്ടുമാത്രം നാശത്തിൽ നിന്ന് രക്ഷപ്പെടാൻ അവയ്ക്ക് കഴിയില്ല. പുണ്യനദികളായ ഗംഗയും പമ്പയും ഉൾപ്പെടെ എല്ലാ നദികളെയും മലിനമാക്കുന്നതിലും മരങ്ങൾ വെട്ടിനശിപ്പിക്കുന്നതിലും പാമ്പുകളെ വംശനാശത്തിലേക്ക് നയിക്കുന്നതിലും പാശ്ചാത്യ - പൗരസ്ത്യ സംസ്‌കാരക്കാർക്കെല്ലാം ഒരുപോലെ പങ്കില്ലേ? സർപ്പക്കാവിലെ സർപ്പദൈവങ്ങളെയൊക്കെ പുരോഹിതർ വന്ന് ഹോമവും പൂജയും നടത്തി മണ്ണാർശാലയിലേക്ക് മാറ്റിയതായി സങ്കല്പിക്കുകയും പകരം ഓട്/വെള്ളി കൊണ്ടുള്ള സർപ്പവിഗ്രഹം സ്ഥാപിച്ച് തിരി കത്തിക്കുകയും എന്നിട്ട് കാവ് വെട്ടിത്തെളിച്ച് കൃഷി ചെയ്യുകയും ചെയ്തത് 'പരമഭക്തരായ' നാട്ടുപ്രമാണിമാർ തന്നെയാണ്. കാരണം സർപ്പശാപം എന്ന പേടിയല്ലാതെ കാവുസംരക്ഷിക്കേണ്ടതിന്റെ ശാസ്ത്രപ്രാധാന്യം അന്ന് നമുക്കറിയില്ലായിരുന്നു. ശാസ്ത്രം അറിയുന്ന യൂറോപ്യർ അവരുടെ വനങ്ങളും നദികളും പൊതു ഇടങ്ങളും ശ്രദ്ധയോടെ സംരക്ഷിച്ചു. ഇന്ത്യയിൽപ്പോലും ഉദ്യാനങ്ങൾ നിർമിച്ചതും നഗരങ്ങളിൽ മരങ്ങൾ വച്ചുപിടിപ്പിച്ചതും മുഗളരും ബ്രിട്ടീഷുകാരുമാണ്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് വിശ്വാസത്തിലൂടെയല്ല, ശാസ്ത്രബോധത്തിലൂടെയാണ്.

3. ഇന്ത്യയിലെ ജാതിവ്യവസ്ഥ ഒരു തൊഴിൽ വിഭജനത്തിന്റെ ഭാഗമായിരുന്നല്ലോ. പാരമ്പര്യമായി ഒരേ തൊഴിൽ ചെയ്യുന്നത് വൈദഗ്ധ്യം പരമാവധി വർധിപ്പിക്കാൻ സഹായിക്കും എന്നതുകൊണ്ടല്ലേ കുലത്തൊഴിൽ ഇന്ത്യയിൽ പ്രോത്സാഹിപ്പിക്കപ്പെട്ടത്?


ചാതുർവർണ്യത്തിനുള്ള ന്യായീകരണമായി ഉയർന്നുകേൾക്കുന്ന ഒരു പ്രധാന വാദഗതിയാണിത്. സാമൂഹിക ഉല്പാദനവുമായി ബന്ധപ്പെട്ട എന്തുതൊഴിലാണ് ബ്രാഹ്മണരും ക്ഷത്രിയരും ചെയ്തിരുന്നത്? യാഗവും ഹോമവുമൊക്കെ ആഹാരവസ്തുക്കളെപ്പോലും നശിപ്പിക്കുകയായിരുന്നില്ലേ ചെയ്തത്? യുദ്ധം ചെയ്യാൻ മാത്രമായി ഒരു വിഭാഗം നിലവിൽ വന്നിട്ട് എന്തുഗുണമുണ്ടായി? ഏതെങ്കിലും ഒരു വിദേശാക്രമണത്തെ തടയാനുള്ള യുദ്ധവൈദഗ്ധ്യമോ ആയുധശേഷിയോ ഇവിടെ ഉണ്ടായോ? ഘസ്‌നിയും ഗോറിയും മുഗളരും യൂറോപ്യരും എത്ര എളുപ്പമാണ് ഈ നാടിനെ കീഴടക്കിയത്. അധ്വാനിക്കുന്ന മനുഷ്യരെ അധഃകൃതരാക്കി നിർത്തി, അവർക്ക് അക്ഷരവും അറിവും നിഷേധിച്ചാൽ എന്ത് വൈദഗ്ധ്യമാണ് നേടാൻ കഴിയുക. ഇന്നും നമ്മുടെ പുരോഗതിക്ക് വലിയ തടസ്സമായി നിൽക്കുകയാണ് ജാതിവ്യവസ്ഥ. യൂറോപ്പിലെ ശാസ്ത്രക്കുതിപ്പിന് ഇടയാക്കിയവരിൽ പലരും സമൂഹത്തിൽ താഴെത്തട്ടിൽ ഉള്ളവരായിരുന്നു. ഫാരഡേ ദരിദ്രനായ ഒരു കൊല്ലന്റെ മകനായിരുന്നു. ഫ്രൗൺഹോഫർ വീട്ടിലെ പട്ടിണി മൂലം കുഞ്ഞുന്നാളിലേ 'ഗ്ലാസ് ബ്ലോവിംഗ്' പരിശീലിക്കാൻ ഇടയായ വ്യക്തിയായിരുന്നു. പ്രപഞ്ചവികാസം കണ്ടെത്താൻ ഹബ്‌ളിന് കൂട്ടാളിയായി വർത്തിച്ച ഹ്യൂമേസൺ കഴുതയെ മേച്ചുനടന്ന വ്യക്തിയായിരുന്നു. ഇന്ത്യയിലാണെങ്കിൽ അവരെല്ലാം ശൂദ്രരായിരുന്നേനെ. നമ്മുടെ സർവകലാശാലകളും ഗവേഷണ സ്ഥാപനങ്ങളും മുഴുവൻ സവർണരുടെ സംഘമാണ് ഭരിക്കുന്നത്. സൃഷ്ടിപരതക്ക് അവിടെ ഒരു സ്ഥാനവുമില്ല. സൃഷ്ടിപരത അധ്വാനവുമായി ബന്ധപ്പെട്ടാണ് വികസിക്കുന്നത്, പ്രത്യേകിച്ച് ശാസ്ത്രസാങ്കേതികരംഗത്ത്. പരമ്പരയാ മലം ചുമക്കുന്നവർക്കും ചത്ത പശുവിന്റെ തോലുരിച്ചെടുത്ത് ബാക്കി മറവുചെയ്യുന്നവർക്കും എന്തു വൈദഗ്ധ്യവികസനമാണ് നേടാനുള്ളത്?


4. പ്രാചീനഭാരതത്തിലെ ശാസ്ത്രനേട്ടങ്ങളെക്കുറിച്ച് പറയുന്ന എൻ.ഗോപാലകൃഷ്ണൻ എന്ന ഒരു ശാസ്ത്രജ്ഞന്റെ യു-ട്യൂബ് ഒരിക്കൽ കാണാനിടയായി. അതിൽ അദ്ദേഹം പറയുന്നത് കണികാ പരീക്ഷണം (ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടെത്തൽ) വിജയിക്കാൻ കാരണം അതിൽ പങ്കെടുത്ത ഇന്ത്യൻ ശാസ്ത്രജ്ഞർ അവിടത്തെ ആക്‌സലറേറ്ററിന്റെ രണ്ടറ്റത്തും തെക്കെ ഇന്ത്യയിൽ നിന്നും കൊണ്ടുപോയ ശിവതാണ്ഡവശില്പങ്ങൾ വച്ചിരുന്നതുകൊണ്ടാണെന്നാണ്. ഇതു ശരിയാണോ?


ഗോപാലകൃഷ്ണന്റെ ശാസ്ത്രജ്ഞാനം പരമകഷ്ടമാണ്. ആക്‌സലറേറ്ററിന് അറ്റമില്ല എന്ന് അല്പം ശാസ്ത്രം പഠിച്ച ആർക്കും അറിയാം. 27 കി.മീ. ചുറ്റളവുള്ള ഒരു വൃത്താകാരക്കുഴലാണ് അത്. അതിനുള്ളിലാണ് പ്രോട്ടോണുകൾ ത്വരണം ചെയ്യപ്പെടുന്നതും കൂട്ടിമുട്ടുന്നതും. ഗോപാലകൃഷ്ണന് എന്തും പറയാനുളള ലൈസൻസ് ഉണ്ട്. ഏതെങ്കിലും സംസ്‌കൃതശ്ലോകം ചൊല്ലിയശേഷം, നോക്കൂ നമ്മുടെ പ്രാചീന ഋഷിമാർ അണുവിന്റെ വലുപ്പം എത്ര കൃത്യമായാണ് കണക്കാക്കിയത് എന്നൊക്കെ പറഞ്ഞുകൊണ്ട് പുതിയ അറിവുകൾ അതിൽ തിരുകിക്കയറ്റും. ചിലപ്പോൾ വ്യാഖ്യാനം പ്രകാശവേഗതയെക്കുറിച്ചാകും; അല്ലെങ്കിൽ പ്രപഞ്ചത്തിന്റെ രൂപത്തെക്കുറിച്ചാകും. ഭൂരിപക്ഷം പേരും സംസ്‌കൃതം അറിയാത്തവരും, സംസ്‌കൃതം അറിയുന്നവരിൽ ഏറെയും കപടശാസ്ത്രങ്ങളുടെ ആരാധകരും ആയതുകൊണ്ട് ചോദ്യം ചെയ്യപ്പെടാതെ അദ്ദേഹം രക്ഷപ്പെടുന്നു.