കടന്നപ്പള്ളി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം

ഇത് ഒരു മടക്കയാത്രയാണ്.....ഒരു നാടിന്  ശാസ്ത്രപ്രചരണത്തിന്റെ പുതുചരിത്രം സമ്മാനിച്ചവരുടെ ഓർമ്മകളിലേക്കുള്ള മടക്കയാത്ര.....

       കുന്നുകളും നീർച്ചാലുകളും തോടുകളും ഫലഭൂയിഷ്ടമാക്കിയ ഒരു ഭൂപ്രദേശം.... കർഷകരും കർഷക തൊഴിലാളികളും  നന്മയുടെ,സംഘബോധത്തിന്റെ വിത്ത് പാകിയ കർഷികഗ്രാമം... യുവജന പ്രസ്ഥാനങ്ങൾ പകർന്ന വിപ്ലവ വീര്യം നട്ടുനനച്ച ഭൂമിക....ശാസ്ത്ര പ്രസ്ഥാനങ്ങൾ വിജ്ഞാനത്തിന്റെ കനകം വിളിയിച്ച കടന്നപ്പള്ളി.... സാധാരണക്കാരുടെ കൈകളിലേക്ക് പുസ്തകവും ശാസ്ത്രബോധവും പകർന്ന് നൽകിയ ഒരു പ്രസ്ഥാനം അതിന്റെ വജ്ര ജൂബിലിയിലേക്ക് കടക്കുകയാണ്.....1962-ൽ പിറവിയെടുത്ത്, ശാസ്ത്രബോധത്തിന്റെ കൈത്തിരിയേന്തിയിട്ട് ആറ് പതിറ്റാണ്ടിലേക്ക് കടക്കുന്നു... എൺപതുകളുടെ അവസാനം-തൊണ്ണൂറുകളുടെ ആദ്യം ഇങ്ങ് കേരളത്തിന്റെ വടക്കേ അറ്റത്ത്, ഗൗതമബുദ്ധന് ജ്ഞാനോദയം നൽകിയ  അരയാലിനെ സാക്ഷിയാക്കി  കടന്നപ്പള്ളി യൂ.പി.സ്കൂളിൽ  അന്നത്തെ യുവരക്തങ്ങൾ ഒരു ആശയത്തെ-ഒരു പ്രസ്ഥാനത്തെ നാടിന്റെ ചരിത്രത്തോട് ചേർത്തു.... ശാസ്ത്രസാഹിത്യ പരിഷത്ത് കടന്നപ്പള്ളി യൂണിറ്റിന്റെ പിറവി.....പിന്നീട് ഇങ്ങോട്ടുള്ള മൂന്ന് പതിറ്റാണ്ടുകൾ ....


ചരിത്രം

പുരോഗമന പ്രസ്ഥാനങ്ങൾക്ക് നല്ല വേരോട്ടമുള്ള പ്രദേശം തന്നെയാണ് കടന്നപ്പള്ളി. സാക്ഷരതാ പ്രവർത്തനവും ശാസ്ത്ര പ്രചരണ പ്രവർത്തനങ്ങളും എല്ലാം സജീവമായി നിന്നിരുന്ന തൊണ്ണൂറുകളിൽ തന്നെയാണ് കടന്നപ്പള്ളി പരിഷത്ത് യൂണിറ്റ് രൂപം കൊള്ളുന്നത്.സാക്ഷരതാ പ്രവർത്തനം ഇതിന് കൂടുതൽ പ്രചോദനമായി. ശ്രീ പി.എം. നന്ദകുമാർ ആയിരുന്നു സാക്ഷരതാ പ്രവർത്തനങ്ങളുടെ കോഡിനേറ്റർ.നേരത്തെ തന്നെ അനൗപചാരികമായി പരിഷത്ത് യൂണിറ്റ് പ്രവർത്തനങ്ങൾ നടന്നിരുന്നുവെങ്കിലും 1991 സെപ്തംബറിൽ കടന്നപ്പള്ളി യു.പി.സ്കൂളിൽ വെച്ച് നടന്ന യോഗത്തിലാണ്  മാതമംഗലം മേഖലാ കമ്മിറ്റിയുടെ കീഴിൽ പരിഷത്ത് കടന്നപ്പള്ളി യൂണിറ്റ് ഔദ്യോഗികമായി രൂപീകരിക്കപ്പെട്ടത്. ഇ.പി.ശിവദാസ് (സെക്രട്ടറി), എം.ഇ.ചന്ദ്രാംഗദൻ(പ്രസിഡൻറ്), കെ.രാമചന്ദ്രൻ(ജോ.സെക്രട്ടറി), ഇ.വി.ശശിധരൻ (വൈസ്-പ്രസിഡണ്ട്) എന്നിവരായിരുന്നു ആദ്യ ഭാരവാഹികൾ. എൻ.വി.ഗംഗാധരൻ, കെ. കുഞ്ഞികൃഷ്ണൻ, കെ അജയൻ തുടങ്ങിയവർ എന്നിവർ പിന്നീട് സജീവമായി സംഘടനയുടെ നേതൃത്വത്തിലേക്ക് വന്നു.

പ്രവർത്തനങ്ങൾ

പരിഷത്ത് ഭവൻ യാഥാർത്ഥ്യമാകുന്നു.

പിന്നീടുള്ള കാലഘട്ടത്തിൽ പരിഷത്തിന് കടന്നപ്പള്ളി പ്രദേശത്ത് വലിയ വളർച്ചയുണ്ടായി. യൂണിറ്റിന് സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന സ്വപ്നം അന്നത്തെ പ്രവർത്തകരുടെ നിസ്വാർത്ഥമായ കൂട്ടായ്മയിൽ യാഥാർത്ഥ്യമായി. ശ്രീ സി.ടി. നളിനാക്ഷൻ സൗജന്യമായി വീട്ടു നൽകിയ നാല് സെൻറ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. അന്നത്തെ ബാലവേദി സെക്രട്ടറി പി.കെ.സതീശൻ ആയിരുന്നു തറക്കല്ലിട്ടത്.അങ്ങനെ 1994-ൽ കേരളത്തിൽ തന്നെ ആദ്യമായിട്ടാകണം, ഒരു പരിഷത്ത് യൂണിറ്റിന് സ്വന്തമായി പരിഷത്ത് ഭവൻ ഉണ്ടായി.അന്നത്തെ ജില്ലാ ഭാരവാഹിയായിരുന്ന സി.പി.ഹരീന്ദ്രൻ മാസ്റ്റർ ആണ് ഭവൻ ഉദ്ഘാടനം ചെയ്തത്. നേരത്തേ തന്നെ പരിഷത്ത് പ്രവർത്തകരുടേയും നാട്ടുകാരുടേയും കൂട്ടായ്മയിൽ പ്രവർത്തിച്ചു വന്നിരുന്ന ബാലവാടി പിന്നീട് കുറേ കാലം ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു.  1996-97 കാലത്ത് കെ.അജയൻ സെക്രട്ടറി ആയിരുന്ന കാലത്താണ് പരിഷത്ത് ഭവൻ കൂടുതൽ നവീകരണം നടത്തിയത്. ഇവിടെ കേന്ദ്രീകരിച്ച് സജീവമായി നില നിന്ന പി.എസ്.സി.പരീക്ഷാ പരിശീലന കൂട്ടായ്മ കുറേ യുവാക്കൾക്ക് സർക്കാർ സർവീസിലേക്ക് വഴി തുറന്നു.

പരിഷത്ത് വായനശാല

         കൈതപ്രം പൊതുജന വായനശാല ആയിരുന്നു,പ്രദേശത്തെ യുവാക്കൾക്ക് അന്ന് പുസ്തകം വായിക്കാനുള്ള പ്രധാന ആശ്രയം.പരിഷത്ത് ഭവൻ വായനശാലയും ഗ്രന്ഥാലയും ആക്കി മാറ്റുക എന്ന ആശയം ഉയർന്നു വന്നു. അങ്ങനെ കെ. കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ 2007-ൽ വായനശാലയും ലൈബ്രറി കൗൺസിൽ അംഗീകാരത്തോടെയുള്ള ലൈബ്രറിയും ആയി മാറിയത് പ്രവർത്തന ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.


ആദ്യ കാലം മുതൽക്ക് തന്നെ മാസികാ പ്രചരണം മുതലായ പ്രവർത്തനങ്ങൾ സജീവമായിരുന്നു. ശ്രദ്ധേയമായ പല തനത് പ്രവർത്തനങ്ങളും യൂണിറ്റിൽ നടന്നു. ഈ പ്രദേശത്തെ പല വീടുകളിലും ഉള്ള 'പരിഷത്ത് മാവ്' അത്തരത്തിൽ ഒന്നാണ്. ജനകീയാസൂത്രണ കാലത്ത് വിഭവഭൂപട നിർമാണ പ്രവർത്തനവും കടന്നപ്പള്ളി പ്രദേശത്ത് നടന്നിരുന്നു. ബാലവാടി പിന്നീട് ‘അംഗൻവാടി’ക്ക് വഴി മാറി.തൊണ്ണൂറുകളിലെ നവോത്ഥാന കലാജാഥയ്ക്ക് കടന്നപ്പള്ളി യു.പി.സ്കൂളിൽ നൽകിയ ഗംഭീര സ്വീകരണവും 2005 ൽ യൂണിറ്റ് പ്രദേശത്ത് നടന്ന ജനകീയ ജാഗ്രത സമിതി എന്ന വലിയ കൂട്ടായ്മയും പഴയകാല പ്രവർത്തകരുടെ ഓർമ്മയിൽ നിറഞ്ഞ് നിൽക്കുന്നു. കടന്നപ്പള്ളി പ്രദേശത്ത് മോഷ്ടാക്കൾ നാട്ടുകാരുടെ ഉറക്കം കെടുത്തിയപ്പോഴാണ് ജാഗ്രതാ സമിതി രൂപീകരിച്ചത്. ഏഴ് പേർ അടങ്ങുന്ന ഏഴ് സ്ക്വാഡുകളായി കുറേ ദിവസങ്ങളോളം ഈ ജാഗ്രത സമിതി നാടിന് രാത്രി കാവലായി. സമീപത്തെ കുനുമ്മൽ പറമ്പിൽ ഒത്തു കൂടിയ മേഖലാ സമ്മേളനം, അടുത്ത കാലങ്ങളിൽ കടന്നപ്പള്ളി യു.പി.സ്കൂളിൽ നടത്തിയ വിജ്ഞാനോത്സം ക്യാമ്പ്, വികസന മുന്നേറ്റ ജാഥാ സ്വീകരണം, ’ആരാണ് ഇന്ത്യക്കാർ’കലാജാഥാ സ്വീകരണം... അങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ.

ഉപസംഹാരം

         ഇന്ന് മൂന്നു പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ കാലം ഏറെ മാറി;മണ്ണും.

ശാസ്ത്ര വിരുദ്ധതയും അരാഷ്ട്രീയതയും ഏറെ വാഴുന്ന ഈ കാലത്ത് ഈ പ്രവർത്തന ചരിത്രം വലിയൊരു ഒരു ഊർജ്ജമാണ്; വഴി കാട്ടിയും. ‘ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് ’ എന്ന മുദ്രാവാക്യം കൂടുതൽ അർത്ഥവത്താക്കി ഞാൻ നമുക്ക് ഒന്നുകൂടി പടയണി ചേരാം.

"https://wiki.kssp.in/index.php?title=കടന്നപ്പള്ളി&oldid=10950" എന്ന താളിൽനിന്ന് ശേഖരിച്ചത്