കിനാലൂർ-നിരീക്ഷണങ്ങൾ; നിർദേശങ്ങൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
കിനാലൂർ-നിരീക്ഷണങ്ങൾ; നിർദേശങ്ങൾ
Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
കോഴിക്കോട് ജില്ല
ഭാഷ മലയാളം
വിഷയം വികസനം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം മെയ് , 2010

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

കേരളത്തിൽ ഈയിടെയായി ഏറെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്‌ കോഴിക്കോട്‌ ജില്ലയിലെ പനങ്ങാട്‌ പഞ്ചായത്തിലുള്ള കിനാലൂരും അവിടുത്തെ നിർദ്ദിഷ്‌ട വ്യവസായ കേന്ദ്രവും. ഒരു റബ്ബർ തോട്ടം എന്ന നിലയ്‌ക്ക്‌ കിനാലൂർ നേരത്തെ തന്നെ പ്രസിദ്ധമായിരുന്നു. ഈയിടെ ഒരു മലേഷ്യൻ കമ്പനി ആരംഭിക്കാനിരുന്ന വ്യവസായ സമുച്ചയവും അതിന്റെ ഭാഗമായുള്ള 26 കി. മീ. വരുന്ന ഒരു ``നാലുവരിപാതയുമാണ്‌ ഈ പ്രദേശത്തെ ഇപ്പോൾ ഏറെ ശ്രദ്ധേയമാക്കിയത്‌. ഇതുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങൾ കിനാലൂരിനെ ഒരു വിവാദ പ്രദേശമാക്കിയിരിക്കുന്നു.

കിനാലൂരിൽ ചില വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള ശ്രമം ആരംഭിച്ചപ്പോൾ തന്നെ ജനങ്ങളുടെ സമ്മിശ്ര പ്രതികരണങ്ങൾ ഉയർന്നുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ ജനങ്ങളുടെ ഉത്‌ക്കണ്‌ഠകൾ അകറ്റിക്കൊണ്ടാകണം വികസന പ്രോജക്‌ട്‌ നടപ്പാക്കുന്നത്‌ എന്ന നിലപാടായിരുന്നു കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സ്വീകരിച്ചത്‌. ഇക്കാര്യം വിശദമാക്കുന്ന ഒരു പ്രമേയം 2010 ജനുവരിയിൽ നടന്ന ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച്‌ പാസ്സാക്കിയിരുന്നു. സുതാര്യമായ നേട്ടകോട്ട വിശകലനത്തിലൂടെയാണ്‌ ഇത്തരം പരിശോധനകൾ നടത്തേണ്ടിയിരുന്നത്‌. എന്നാൽ അതൊന്നുമല്ല പിന്നീടുണ്ടായത്‌. പകരം അക്രമങ്ങളും അടിച്ചമർത്തലുകളുമാണ്‌ ശക്തിപ്പെട്ടത്‌. ഈ സാഹചര്യത്തിൽ പരിഷത്ത്‌ നിയോഗിച്ച ഒരു പഠനസംഘം രണ്ടുതവണ പ്രദേശം സന്ദർശിക്കുകയും പലരുമായും ചർച്ച നടത്തുകയും ചെയ്‌തു. അവയുടെയെല്ലാം അടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും ഇവിടെ ചർച്ചയ്‌ക്കായി അവതരിപ്പിക്കുകയാണ്‌.

എന്താണ്‌ പ്രശ്‌നം

ഏതാണ്ട്‌ 3000 ഏക്കറോളം വരുന്ന കിനാലൂർ റബ്ബർ എസ്റ്റേറ്റിന്റെ പത്തിലൊന്നോളം (310 ഏക്കർ) 1996 ൽ സർക്കാരിന്‌ വേണ്ടി ഏതാണ്ട്‌ ആറ്‌ കോടി രൂപക്ക്‌ KSIDC വിലയ്‌ക്ക്‌ വാങ്ങുകയുണ്ടായി. ``ഒരു വ്യവസായ വളർച്ചാകേന്ദ്രം സ്ഥാപിക്കാനായിരുന്നു ഉദ്ദേശ്യം. ഈ പ്രദേശത്ത്‌ രണ്ട്‌ കോടി രൂപയോളം മുടക്കിയാണത്രേ KSIDC രണ്ട്‌ കെട്ടിടങ്ങൾ പണിതിരിക്കുന്നു. അതിന്‌ ശേഷം കാര്യമായി ഒന്നും സംഭവിച്ചില്ല. 2001 ൽ അധികാരത്തിൽ വന്ന UDF സർക്കാർ ഈ പദ്ധതിയെയും പ്രദേശത്തെയും പൂർണമായി അവഗണിക്കുകയായിരുന്നു. 2006ൽ LDF സർക്കാർ വന്നതോടെയാണ്‌ പദ്ധതിയെപ്പറ്റി പുനർചിന്ത ഉണ്ടായത്‌.

2007ൽ ഒരു മലേഷ്യൻ കമ്പനി (Construction & Industrial Development Board (CIDB) യുമായി KSIDC ഒരു വ്യവസായ സമുച്ചയത്തിനുള്ള കരാറിൽ ഒപ്പിട്ടു. ഇതിന്റെ ഭാഗമായി മെഡിസിറ്റി, എഡ്യുസിറ്റി, ഇൻഫോസിറ്റി എന്നിവ ആരംഭിക്കുമെന്ന്‌ പറഞ്ഞു. എന്നാൽ, ആഗോളസാമ്പത്തിക മാന്ദ്യം ശക്തിപ്പെട്ടതോടെ മലേഷ്യൻ കമ്പനി പിൻവാങ്ങി. MOU വിന്റെ ഭാഗമായി കിനാലൂരിലേക്ക്‌ ഒരു നാലുവരിപ്പാത (അതും സമർപ്പിത റോഡ്‌- Dedicated road) ഉണ്ടാകണമെന്ന്‌ CIDB നിർദ്ദേശിച്ചിരുന്നതായി അവരുടെ രേഖകൾ കാണിക്കുന്നു. മലേഷ്യൻ കമ്പനി പിൻവാങ്ങിയതോടെ അവരുടെ പ്രൊജക്‌ടും ഇല്ലാതായി.

ഇതിനിടെ KSIDC 30 ഏക്കർ സ്ഥലം `ഉഷാ സ്‌കൂളി'ന്‌ നൽകി. ഏതാണ്ട്‌ 80 ഏക്കർ സ്ഥലം റബർ, തുകൽ ഉത്‌പന്നങ്ങൾ ഉണ്ടാക്കുന്ന 30ഓളം കമ്പനികൾക്ക്‌ നൽകാൻ ഈയിടെ ധാരണയായി. ഇവിടെ ഒരു ``ഫുട്‌വെയർ പാർക്ക്‌ ആരംഭിക്കുന്നതിന്നായി തറക്കല്ലിടലും നടത്തി.

മലേഷ്യൻ കമ്പനിയും പ്രൊജക്‌ടും പിൻവാങ്ങിയെങ്കിലും അവർ നിർദ്ദേശിച്ച പുതിയ റോഡിന്റെ കാര്യത്തിൽ സംസ്ഥാനസർക്കാർ, ജില്ലാഭരണകൂടം, KSIDC എന്നിവരെല്ലാം ഉറച്ച്‌ നിൽക്കുന്നു. ഏകദേശം 26 കി.മീ. ദൈർഘ്യത്തിലുള്ള റോഡ്‌ കോഴിക്കോട്‌ കോർപ്പറേഷൻ അതിർത്തിയിൽ പുതിയങ്ങാടിക്കടുത്തുള്ള മാളിക്കടവിൽ നിന്ന്‌ ആരംഭിച്ച്‌ കക്കോടി, കാക്കൂർ, നന്മണ്ട, ഉണ്ണികുളം, പനങ്ങാട്‌ എന്നീ പഞ്ചായത്തുകളിലൂടെ കടന്ന്‌ കൊയിലാണ്ടി - താമരശ്ശേരി സ്റ്റേറ്റ്‌ ഹൈവേയിൽ വട്ടോളിബസാർ എന്ന സ്ഥലത്ത്‌ എത്തിച്ചേരുകയും അതിന്‌ ശേഷം 3.6 കി.മീ ഇപ്പോൾതന്നെ നിലവിലുള്ള വ്യവസായ കേന്ദ്രത്തിലേക്കുള്ള പ്രത്യേക റോഡ്‌ വീതി കൂട്ടി ഉപയോഗിക്കാനുമാണ്‌ വിഭാവനം ചെയ്യുന്നത്‌. ഇതിനായി എല്ലായിടത്തും ഉടനീളം കല്ലിടൽ നടത്തിയിട്ടുണ്ട്‌.

വ്യവസായ കേന്ദ്രത്തിൽ എന്ത്‌ വ്യവസായം വരും, ഏതൊക്കെ തരം പദ്ധതികൾ നടപ്പാക്കും, അതിന്റെ സവിശേഷതകൾ എന്തൊക്കെ, എന്നീ കാര്യങ്ങളേക്കാൾ പ്രധാനമായി പുതുതായി നിർമിക്കുന്ന റോഡിന്റെ കാര്യത്തിലാണ്‌ ഇന്ന്‌ എല്ലാവരുടേയും ചർച്ചകൾ കേന്ദ്രീകരിക്കുന്നത്‌. അതേ സമയം നിർദ്ദിഷ്‌ട റോഡ്‌ ഉണ്ടാക്കിയേക്കാവുന്ന ഭവിഷ്യത്തുകളിൽ അങ്കലാപ്പുള്ള ജനങ്ങൾ അതിനെ എതിർക്കുന്നു. സർക്കാരും ഭരണകക്ഷികളും വ്യവസായ കേന്ദ്രങ്ങൾക്ക്‌ നാലുവരിപ്പാതയെങ്കിലും അത്യാവശ്യമാണെന്ന നിർബന്ധത്തിൽ റോഡ്‌ നിർമാണത്തിന്ന്‌ തന്നെ മുൻഗണന നൽകുന്നു. അവർ റോഡ്‌ കടന്നു പോകുന്ന പ്രദേശത്ത്‌ പ്രചരണം നടത്തുന്നു. ഇത്‌ പ്രസ്‌തുത പ്രദേശങ്ങളിലും കിനാലൂർ പ്രദേശത്തും മാനസിക സംഘർഷത്തിനിടയാക്കുന്നു. ഈ സാഹചര്യം മുതലെടുത്ത്‌ നാട്ടുകാർ മാത്രമല്ല, ചില മത-സാമുദായിക കക്ഷികളും പ്രക്ഷോഭത്തിൽ പങ്കാളികളാവുന്നു. ഭരണമുന്നണി എന്ന നിലയിൽ LDF റോഡിന്‌ വേണ്ടിയും അതുകൊണ്ടുതന്നെ UDF ഘടകകക്ഷികൾ എതിരായും നിലകൊണ്ടു.

ഈ പശ്ചാത്തലത്തിലാണ്‌ 2010 മെയ്‌ 6 ന്‌ റോഡ്‌ സംബന്ധിച്ച സർവെ നടന്നത്‌. സർവെയെ പ്രതിരോധിക്കുകയും തുടർന്ന്‌ പോലീസ്‌ ലാത്തിച്ചാർജ്‌ നടത്തുകയും ധാരാളം പേർക്ക്‌ പരിക്കേൽക്കുകയുമുണ്ടായി. ഇതോടെ, കിനാലൂർ വലിയൊരു വിവാദ പ്രശ്‌നമായി മാറിയിരിക്കുന്നു. അതിനുശേഷം ഇരു മുന്നണികളും പലതരം സമരങ്ങളിലാണ്‌. ഇപ്പോൾ ആരും വ്യവസായത്തിലോ കൃഷിയിലോ ഊന്നുന്നില്ല; എല്ലാവർക്കും താൽപ്പര്യം നാലുവരിപ്പാതയിലാണ്‌.

കിനാലൂർ - അൽപ്പം ചരിത്രം

സാമൂതിരി ഭരണത്തിൽ മല്ലിശ്ശേരി കോവിലകം, കുറിക്കിലേരി തറവാട്‌ എന്നിവരായിരുന്നു പ്രധാനമായും കിനാലൂർ പ്രദേശത്തിന്റെ ഉടമസ്ഥർ. 20-ാം നൂറ്റാണ്ടിന്റെ ഒന്നാം ദശകത്തിൽ വിദേശകമ്പനിയായ ലണ്ടൻ റബ്ബർ കമ്പനി (LRC) ഈ ഉടമസ്ഥരോട്‌ ഭൂമി വാങ്ങി വിപുലമായൊരു തോട്ടം സ്ഥാപിക്കുകയായിരുന്നു. കിനാലൂർ എസ്റ്റേറ്റിന്റെ ആകെ വിസ്‌തീർണ്ണം 987 ഹെക്‌ടർ ആയിരുന്നു. ആദ്യം പാട്ടത്തിനായിരുന്നെങ്കിലും പിന്നീട്‌ ജന്മാവകാശമായി മാറി. പൂർണമായും യൂറോപ്യൻ ഉടമസ്ഥതയിലായിരുന്ന തോട്ടത്തിൽ ആദ്യകാലത്ത്‌ കുരുമുളകായിരുന്നു പ്രധാന കൃഷി. ക്രമത്തിൽ ഇത്‌ റബ്ബറായി മാറുകയും കിനാലൂർ റബ്ബർ എസ്റ്റേറ്റ്‌ നിലവിൽ വരികയും ചെയ്‌തു. കാമ്പൽ ഹണ്ട്‌ (Cambel Hunt) എന്നൊരു സായിപ്പായിരുന്നു പ്രധാന നടത്തിപ്പുകാരൻ.

മൂന്ന്‌ ഡിവിഷനുകളായിട്ടായിരുന്നു എസ്റ്റേറ്റ്‌ പ്രവർത്തിച്ചിരുന്നത്‌. എസ്റ്റേറ്റിലേക്കുള്ള പ്രധാന കവാടം ഇപ്പോഴത്തെ വ്യവസായ കേന്ദ്രത്തിൽ നിന്ന്‌ രണ്ട്‌ കി.മീ. കിഴക്ക്‌ - തെക്ക്‌ മാറി കക്കയം റോഡിലാണ്‌. പ്രധാന കവാടത്തിൽ നിന്ന്‌ രണ്ട്‌ കി.മീ പടിഞ്ഞാറോട്ട്‌ സഞ്ചരിച്ചാൽ താമരശ്ശേരി - കൊയിലാണ്ടി SH ൽ എത്തും. ഈ ജംഗ്‌ഷന്റെ പേര്‌ തന്നെ എത്രയോ വർഷമായി എസ്റ്റേറ്റ്‌ മുക്ക്‌ എന്നാണ്‌. ഇവിടുന്ന്‌ ഏഴ്‌ കി.മീ ആണ്‌ താമരശ്ശേരി ചുങ്കത്തേക്ക്‌ ഉള്ളത്‌.

ലണ്ടൻ റബ്ബർ കമ്പനി (LRC) കേരളത്തിൽ പല ഭാഗങ്ങളിലും ഇത്തരം തോട്ടങ്ങൾ ആരംഭിച്ചിരുന്നു. ഈ കമ്പനി പേര്‌ മാറ്റിയാണ്‌ ``പിയേഴ്‌സ്‌ ലസ്‌ലി കമ്പനിയായത്‌. പിയേഴ്‌സ്‌ ലസ്‌ലി കമ്പനി 1970 കളിൽ രണ്ടു ഭാഗങ്ങളായി മാറി. കൃഷി, തോട്ടം എന്നിവ പരിപാലിക്കുന്ന, കൊച്ചിൻ - മലബാർ എസ്റ്റേറ്റ്‌സ്‌ & ഇൻഡസ്‌ട്രീസ്‌ (CMEI) ആണ്‌ ഒന്ന്‌. കാർഷിക സംസ്‌കരണം, കാപ്പി എന്നിവ നടത്തുന്ന ഭാഗം പിയേഴ്‌സ്‌ ലസ്‌ലി എന്ന പേരിൽ തന്നെ തുടർന്നു. അങ്ങനെയാണ്‌ കിനാലൂർ തോട്ടം കൊച്ചിൻ - മലബാർ എസ്റ്റേറ്റ്‌സ്‌ വക ആയി മാറുന്നത്‌. CMEI ക്ക്‌ കിനാലൂർ കൂടാതെ തൃശ്ശൂർ ജില്ലയിലെ ഏച്ചിപ്പാറ, പുതുക്കോട്‌, ചിമ്മിനി എന്നിവിടങ്ങളിലും കർണാടകത്തിലെ സാമ്പാജിയിലുമൊക്കെ ഇത്തരം തോട്ടങ്ങൾ ഉണ്ട്‌. വാഗമണിനടുത്ത പുള്ളിക്കാനത്ത്‌ ഇവരൊരു ചായത്തോട്ടവും നടത്തുന്നുണ്ട്‌.

കിനാലൂരിൽ റബറിന്റെ പ്രാഥമികമായ സംസ്‌കരണ പ്രവർത്തനങ്ങളും നടന്നിരുന്നു. റബ്ബർഷീറ്റിന്‌ പുറമെ ലാറ്റക്‌സ്‌, ക്രമ്പ്‌, റബ്ബർ മര സംസ്‌കരണം എന്നിവയും ഉണ്ടാക്കി. അഞ്ഞൂറിലേറെ തൊഴിലാളികൾ ജോലിചെയ്‌തിരുന്നു. ഫെഡറൽ ബാങ്കുമായിട്ടായിരുന്നു പ്രധാന ഇടപാട്‌. കാര്യങ്ങൾ ഈ നിലയിൽ നടക്കവെ, 1990കളിൽ റബ്ബർവില ഇടിഞ്ഞതും മറ്റ്‌ പല കാരണങ്ങളും ചേർന്ന്‌ എസ്റ്റേറ്റിന്‌ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായി; കടം വന്നു. ഫെഡറൽ ബേങ്ക്‌ അവരുടെ വായ്‌പ തിരിച്ചുകിട്ടാനായി കേസ്സ്‌ ഫയൽ ചെയ്‌തു. കിനാലൂരിലെ റബ്ബർതോട്ടത്തെ അറ്റാച്ച്‌ ചെയ്‌ത്‌ എറണാകുളത്തെ കടം നിവാരണ ട്രിബൂണൽ (Debt Recovery Tribunal) കേസെടുത്ത്‌, 2002 ൽ എസ്റ്റേറ്റ്‌ ലേലത്തിന്‌ വെച്ചു.

ഇതോടെ എസ്റ്റേറ്റിന്റെ പുതിയൊരു ചരിത്രം ആരംഭിക്കയാണ്‌. പൂനൂർ സ്വദേശിയായ പി കെ സി മമ്മദ്‌കുട്ടി എന്ന ആൾക്കാണ്‌ ലേലം ഉറപ്പിച്ചത്‌. പി കെ സി മമ്മദ്‌കുട്ടി പണത്തിന്റെ അടവിനായി കമ്പനിയുമായി 2003 ൽ ഒരു കരാർ ഉണ്ടാക്കി. മറ്റ്‌ വ്യക്തികളും കമ്പനികളും ലേലത്തിൽ പങ്കെടുത്തിരുന്നു. ഇക്കൂട്ടത്തിൽ ``ലിബർട്ടി എന്ന കമ്പനി ലേലത്തിൽ ക്രമക്കേടുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി സുപ്രിം കോടതിയിൽ അപ്പീൽ നൽകി. എങ്കിലും പി കെ സിക്ക്‌ അനുകൂലമായാണ്‌ അവിടേയും വിധി ഉണ്ടായത്‌. സുപ്രീം കോടതി വിധിക്ക്‌ ശേഷം പി കെ സി മമ്മദ്‌കുട്ടി കമ്പനിയുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

പിന്നീട്‌ നടന്ന പ്രധാന പണി എസ്റ്റേറ്റ്‌ ഭൂമി മുറിച്ച്‌ നൽകലായിരുന്നു. 15 സെന്റ്‌ മുതൽ 100 ഏക്കർ വരെ ആവശ്യക്കാരുടെ സാധ്യതകൾക്കനുസരിച്ച്‌ സ്ഥലം കൈമാറിത്തുടങ്ങി. എന്നാൽ ഈ വിൽപ്പനക്കൊന്നും യാതൊരു രേഖയും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ റജിസ്‌ട്രാർ ഓഫീസിലെ രേഖകൾ പ്രകാരം ഇപ്പോഴും തോട്ടം മുഴുക്കെ കൊച്ചിൻ - മലബാർ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിൽ തന്നെയാണ്‌. എങ്കിലും ഭൂമി കൈമാറ്റം തകൃതിയായി തുടർന്നു. ഭൂമി സ്വന്തമാക്കിയവർ റബ്ബർ വെട്ടുന്നുണ്ട്‌, മരം മുറിക്കുന്നുണ്ട്‌, മരം വെക്കുന്നുണ്ട്‌, ഭൂമി മറിച്ചു വിൽക്കുകയും കൈമാറ്റം നടത്തുകയും ചെയ്യുന്നുണ്ട്‌. ഈ പ്രക്രിയ തുടരുകയാണ്‌. ഈ സ്ഥലം ഏതാണ്ട്‌ 2700 ഏക്കറോളം വരും. താൽക്കാലികലാഭത്തെ മാത്രം ലക്ഷ്യമാക്കി, രേഖകളില്ലാതെ നടക്കുന്ന ഈ ഊഹക്കച്ചവട ഇടപാടിൽ ധാരാളം പേർ കക്ഷികളാണ്‌. ഈ രീതിയിൽ ഈ ക്രയവിക്രയത്തെ നിയന്ത്രിക്കുന്നതിനു പിറകിൽ ഒരു ഭൂമാഫിയ തന്നെ ഉണ്ടെന്ന്‌ പറയാവുന്നതാണ്‌.

ഭൂമി കൈമാറ്റം ചെയ്‌ത്‌ കിട്ടിക്കൊണ്ടിരുന്ന പണമാണ്‌ പി കെ സി ഗ്രൂപ്പ്‌ തോട്ടം ലേലത്തിനെടുത്ത വകയിൽ കമ്പനിക്ക്‌ നൽകിക്കൊണ്ടിരുന്നത്‌. കുറേ കഴിഞ്ഞപ്പോൾ പി കെ സി ഗ്രൂപ്പും കമ്പനിയുടെ ഓഹരി ഉടമകളും തമ്മിൽ പണം അടവിന്റെ കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. കൃത്യമായി പണം നൽകാത്തതിന്റെ പേരിൽ ലേലവും കരാറും അസാധുവാക്കാൻ വേണ്ടി ഓഹരി ഉടമകൾ ലോ ബോർഡിൽ കേസ്‌ ഫയൽ ചെയ്‌തു. ഈ കേസ്സിൽ ലേലത്തെ സാധൂകരിച്ച്‌ വിധി ഉണ്ടായെങ്കിലും ഓഹരിഉടമകളുടെ ഉത്‌കണ്‌ഠയും ഫെഡറൽ ബേങ്കിന്‌ നൽകാനുള്ള കുടിശ്ശികയും തീർക്കുന്നതുവരെ വസ്‌തു ഭാഗികമായോ പൂർണമായോ കൈമാറാൻ പാടില്ലെന്നും വിധിയിൽ പറഞ്ഞു. തുടർന്ന്‌ 2007-08 ഓടെ കമ്പനി സ്വത്തിന്‌ കോടതി റസീവറെ ഏർപ്പെടുത്തി. ഇതിനകം സ്വത്ത്‌ കൈമാറിക്കൊണ്ടിരിക്കുന്നവർ അതിന്റെ രജിസ്‌ട്രേഷന്‌ വേണ്ട ഒരു ശ്രമം നടത്തിയിരുന്നു. ആധാരം ഒക്കെ തയ്യാറാക്കിയിരുന്നെങ്കിലും കോടതി സ്റ്റേ വന്നതോടെ അതിനുള്ള നീക്കങ്ങൾ പരാജയപ്പെട്ടു.

ഇതിന്നിടയിൽ ധാരാളം ചർച്ചകൾ നടന്നു. ജില്ലയിലെ പ്രധാന തൊഴിലാളി നേതാക്കളും ഇപ്പോൾ സംസ്ഥാനത്തെ പ്രധാനപ്പെട്ട ചില രാഷ്‌ട്രീയ നേതാക്കളും ചർച്ചകളിൽ മധ്യസ്ഥരാണത്രെ. ഈ പ്രക്രിയ തുടരുന്നു. ഇതിന്നിടയിൽ മറ്റുചില കാര്യങ്ങൾ കൂടി നടന്നിരുന്നു.

1. നേരത്തെ സൂചിപ്പിച്ചതുപോലെ 1996 ൽ ഒരു വ്യവസായ കേന്ദ്രം സ്ഥാപിക്കാനെന്നോണം KSIDC 310 ഏക്കർ സ്ഥലം കൊച്ചിൻ - മലബാർ കമ്പനിയിൽ നിന്ന്‌ വിലയ്‌ക്കു വാങ്ങി. ഇവർ പിന്നീട്‌ 30 ഏക്കർ പി ടി ഉഷയുടെ നേതൃത്വത്തിലുള്ള ഉഷ സ്‌കൂളിന്‌ നൽകി.

2. എസ്റ്റേറ്റ്‌ ലേലത്തിന്‌ വെക്കുമെന്നായതോടെ തൊഴിലാളികൾ അവരുടെ ആനുകൂല്യങ്ങൾക്കായി സമരം തുടങ്ങി. സമരത്തെ തുടർന്ന്‌ ലേബർ ഓഫീസുമായി ഉണ്ടാക്കിയ കരാറിനെ അടിസ്ഥാനമാക്കി ഒരു തൊഴിലാളിക്ക്‌ 1.03 ഏക്കർ വീതം തോട്ടം ഭൂമി നൽകാൻ ധാരണയായി. ഇത്‌ കരാർ വ്യവസ്ഥയനുസരിച്ച്‌ ലേലത്തിന്‌ എടുത്തവരാണ്‌ നൽകേണ്ടിയിരുന്നത്‌. ഈ രീതിയിൽ 500 ലധികം തൊഴിലാളികൾക്കായി ഏതാണ്ട്‌ 600 ഏക്കർ സ്ഥലം നൽകി.

ഇതിന്നിടയിൽ കൊച്ചിൻ-മലബാർ കമ്പനിയുടെ ഭാരവാഹികളിൽ മാറ്റമുണ്ടായി. കൽക്കത്തയിൽ താമസക്കാരനായ ഹേമന്ത്‌ ബങ്കൂർ എന്നൊരാളാണ്‌ കമ്പനി ബോർഡിന്റെ ഇപ്പോഴത്തെ ചെയർമാൻ. കേസ്‌ തുടരുന്ന ഘട്ടത്തിൽ കമ്പനിയുടെ പേരിലുണ്ടായിരുന്ന എല്ലാ കുടിശ്ശികകളും പി കെ സി യിൽ നിന്നുള്ള വരുമാനത്തെ കാത്ത്‌ നിൽക്കാതെ ബോർഡ്‌ നേരിട്ട്‌ ബാങ്കിൽ കെട്ടിവയ്‌ക്കുകയായിരുന്നത്രെ. ഫെഡറൽബാങ്കിന്റെതടക്കമുള്ള കുടിശ്ശികയും കൊടുത്തു തീർത്തുവത്രെ. എസ്റ്റേറ്റ്‌ കുടിശ്ശികവിമുക്തമാക്കിയതായി കോടതി കണ്ടെത്തി. അതോടെ (ഒന്നര മാസം മുമ്പ്‌) കേസ്‌ അവസാനിപ്പിച്ചുകൊണ്ട്‌ കോടതി ഉത്തരവായി. ഇപ്പോൾ തോട്ടം ഭൂമി തീർത്തും ഹേമന്ത്‌ ബങ്കൂർ ചെയർമാനായ ബോർഡിന്റെ നിയന്ത്രണത്തിലാണെന്ന്‌ അവർ അവകാശപ്പെടുന്നു. (Caution Notice- മലയാള മനോരമ-17-5-2010) ഇതുവരെ നടത്തിയ ഭൂമി കൈമാറ്റങ്ങൾക്കൊന്നും രേഖയില്ലെന്നത്‌ ഇപ്പോഴത്തെ ``ഉടമസ്ഥരെ അങ്കലാപ്പിലാക്കുന്നു. അതിന്റെ ലക്ഷണങ്ങൾ ഈ പ്രദേശത്ത്‌ പ്രകടമാണ്‌. അവരുടെ പ്രതികരണങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്‌.

പുതിയനീക്കങ്ങൾ

LDF സർക്കാർ അധികാരത്തിൽ വന്നശേഷം KSIDC ഭൂമിയിൽ വ്യവസായം തുടങ്ങാൻ നടത്തിയ നീക്കങ്ങൾ ശ്ലാഘനീയമാണ്‌. ഇവിടെ ആധുനികമായ പല വ്യവസായങ്ങളും തുടങ്ങാൻ പറ്റിയ അന്തരീക്ഷമുണ്ട്‌. പ്രത്യേക ലക്ഷ്യമില്ലാതെ നേരത്തേ നിർമിച്ച കെട്ടിടങ്ങൾ തീരെ ഉപയോഗിക്കാതെ കിടപ്പുണ്ട്‌.

മലേഷ്യൻ കമ്പനി ഉപേക്ഷിച്ചു പോയെങ്കിലും അവർ നിർദേശിച്ച റോഡിന്റെ കാര്യത്തിൽ അധികൃതർ ഇന്നും തത്‌പരരാണ്‌. പുതിയ റോഡ്‌ നിർമാണത്തിലൂടെ തകരുന്ന കൃഷിയെപ്പറ്റിയോ കിനാലൂരിൽ ആരംഭിക്കാവുന്ന വ്യവസായത്തെപ്പറ്റിയോ അല്ല ഇപ്പോൾ ചർച്ച. എല്ലാവർക്കും നാല്‌ വരിപ്പാതയിലാണ്‌ താത്‌പര്യം. വ്യവസായം എന്തായാലും എപ്പോൾ വന്നാലും infrastructure ഉടനെ തന്നെ ഉണ്ടായേ പറ്റൂ എന്നതാണ്‌ സർക്കാറിന്റെ നിലപാട്‌. അധികാരികളുടെ പ്രസ്‌താവനകൾ അതാണ്‌ വ്യക്തമാക്കുന്നത്‌. എന്നാൽ ഇക്കാര്യത്തിൽ ഒട്ടേറെ ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്നാണ്‌ സ്ഥലം സന്ദർശിച്ച്‌ വസ്‌തുതകൾ ശേഖരിച്ച പരിഷത്ത്‌ സംഘത്തിന്റെ അഭിപ്രായം. അവ ഇങ്ങനെ ക്രോഡീകരിക്കാം.

1. വട്ടോളി ബസാറിൽ നിന്ന്‌ വ്യവസായ കേന്ദ്രത്തിലേക്ക്‌ ഇപ്പോൾ തന്നെ സാമാന്യം ഭേദപ്പെട്ട നിലയിൽ 12-15 മീറ്റർ വീതിയുള്ള 3.6 കി. മീ. റോഡ്‌ ഉണ്ട്‌. ഇത്‌ മൂന്ന്‌ വർഷം മുമ്പ്‌ വ്യവസായ കേന്ദ്രത്തിന്റെ ആവശ്യത്തിനുവേണ്ടിത്തന്നെ വീതികൂട്ടി പുനർനിർമിച്ചതാണ്‌. അന്ന്‌ വികസിപ്പിച്ചപ്പോൾ ഭൂമി നൽകിയവരോട്‌ തന്നെയാണ്‌ ഇപ്പോൾ രണ്ടാമതൊരു വീതി കൂട്ടലിന്‌ ഭൂമി ആവശ്യപ്പെടുന്നത്‌. പലരും പുനർനിർമിച്ച റോഡിന്‌ അനുസൃതമായി വീടും പറമ്പും ക്രമീകരിച്ച ഉടനെതന്നെയാണ്‌ വീണ്ടും ഇത്തരമൊരാവശ്യം ഉണ്ടാകുന്നതെന്നുള്ളത്‌ ജനങ്ങളിൽ വലിയ അങ്കലാപ്പുണ്ടാക്കിയിട്ടുണ്ട്‌. ഇവർ വ്യവസായകേന്ദ്രത്തിന്‌ എതിരല്ല എന്നതും ശ്രദ്ധേയമാണ്‌.

2. ``സർക്കാർ റോഡിന്‌ ഭൂമി കൊടുക്കാൻ തയ്യാറാണെന്ന്‌ ബോർഡ്‌ വെച്ചവരും പരസ്യമായി സമ്മതപത്രം നൽകിയവരുമെല്ലാം പൊതുവിൽ മെച്ചപ്പെട്ട ജീവിതസൗകര്യമുള്ളവരാണെന്നാണ്‌ അറിയാൻ കഴിഞ്ഞത്‌. അങ്ങിനെയെങ്കിൽ അവർക്ക്‌ പലതരം താത്‌പര്യങ്ങളുമുണ്ടാകാം. അതേ സമയം നാമമാത്ര ഭൂമിയുടെ ഉടമകളായ ദരിദ്രർ വളരെ ആശങ്കയിലാണ്‌. ദരിദ്രരും വ്യവസായ കേന്ദ്രത്തിന്‌ എതിരല്ലെന്നാണ്‌ സംസാരത്തിൽ അറിയാൻ കഴിഞ്ഞത്‌.

3. എത്രമാത്രം വീതിയുള്ള റോഡാണ്‌ എന്ന്‌ അധികാരികൾ പലപ്പോഴും വ്യക്തമാക്കിയിരുന്നില്ല. അതിനാൽ റോഡിനെക്കുറിച്ച്‌ ജനങ്ങളിൽ വലിയ ആശങ്കയുണ്ട്‌. മലേഷ്യൻ കമ്പനി ഒരു സമർപ്പിത പാതയായാണ്‌ നിർദ്ദേശിച്ചത്‌. അതായത്‌ ആ റോഡിലൂടെ കമ്പനി കാര്യങ്ങൾക്കല്ലാതെ മറ്റ്‌ ആവശ്യങ്ങളൊന്നും നടക്കില്ല എന്നർത്ഥം. ജനങ്ങളുടെ ഭൂമി ഏറ്റെടുത്ത്‌ റോഡുണ്ടാക്കി കമ്പനിക്ക്‌ സമർപ്പിക്കണം എന്നാണല്ലോ അതിന്നർത്ഥം. ഇതിന്റെ വീതിയെപ്പറ്റിയും പലതരം പ്രചരണങ്ങൾ ഉണ്ടായിരുന്നു. ചിലർ 45 മീറ്ററാണെന്ന്‌ പറയുന്നു. ചിലർ 30 മീറ്ററിലേക്ക്‌ എത്തിയിട്ടുണ്ട്‌. എന്തായാലും നീളം 26 കി. മീ. ആണ്‌. കോഴിക്കോട്‌ നഗരത്തിനടുത്ത മാളിക്കടവിൽ തുടങ്ങി കോർപ്പറേഷൻ, കക്കോടി, ചേളന്നൂർ, നന്മണ്ട, ഉണ്ണികുളം, പനങ്ങാട്‌ എന്നീ പഞ്ചായത്തുകളിലൂടെ കിനാലൂരിൽ എത്തുന്നതാണ്‌ നിർദ്ദിഷ്‌ട റോഡ്‌.

4. ഇരുപത്തിയാറ്‌ കി. മീ. ൽ ആറേഴ്‌ കി. മീ. ഒഴികെ നിർദ്ദിഷ്‌ട റോഡ്‌ കടന്നു പോകുന്നത്‌ ഫലഭൂയിഷ്‌ടമായ വയലിലൂടെയാണ്‌. ഏതാനും നീർത്തടങ്ങളെ നെടുകെ മുറിക്കുന്ന രീതിയിലാണ്‌ ഇപ്പോൾ കല്ലിട്ടിരിക്കുന്നത്‌. വളരെ നല്ല രീതിയിൽ നെല്ല്‌ ഉൾപ്പെടെ കൃഷി ചെയ്യുന്ന പ്രദേശമാണ്‌. പാടം നികത്തുന്നതിൽ ഒരു വിഭാഗം ജനങ്ങൾ തൽപ്പരരുമാണ്‌. ജില്ലാ കലക്‌ടർ വിളിച്ചു ചേർത്ത ഒരു യോഗത്തിൽ പുതിയ റോഡ്‌ വന്നാൽ അതിന്റെ ഇരുവശവും മണ്ണിട്ടു നികത്താൻ സർക്കാർ അനുമതി നൽകണമെന്ന്‌ ഏതാനും പേർ ആവശ്യപ്പെട്ടിരുന്നതായി പത്രങ്ങളിൽ വന്നിരുന്നു. വയൽ നികത്തൽ നിയമം ബാധകമാക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം.

5. ഇന്ന്‌ കൃഷിയേക്കാളും വ്യവസായത്തേക്കാളും പ്രാധാന്യമുള്ളതായി റോഡ്‌ മാറിയിരിക്കുന്നു. എന്തു വില കൊടുത്തും റോഡ്‌ ഉണ്ടാക്കണമെന്ന്‌ ഒരു ഭാഗവും എതിർക്കുമെന്ന്‌ വേറൊരു ഭാഗവും നിലപാടെടുക്കുന്നു. ഇത്‌ തദ്ദേശവാസികളായ ജനങ്ങൾക്ക്‌ വലിയ ആത്മസംഘർഷത്തിനിടയാക്കുന്നു.

6. മലേഷ്യൻ കമ്പനി പിൻമാറിയ സാഹചര്യത്തിൽ പുതിയ എന്തു വ്യവസായം എന്ന്‌ പറയാൻ അധികാരികൾ ബാധ്യസ്ഥരാണ്‌. 310 ഏക്കറിൽ 30 ഏക്കർ ഇതിനകം ഉഷാ സ്‌കൂളിന്‌ നൽകി. ബാക്കി 280 ൽ ഏതാണ്ട്‌ 80 ഏക്കർ ഫുട്‌വെയർ പാർക്കിനും നൽകി. അവശേഷിക്കുന്ന 200 ഏക്കറിൽ ഇപ്പോൾ ഏതു വ്യവസായം വരുന്നു, ഭാവി സാധ്യതകൾ എന്തൊക്കെ എന്നീ കാര്യങ്ങൾ വ്യക്തമാക്കണം. അറിയാനുള്ള അവകാശമനുസരിച്ച്‌ മൂന്ന്‌ സർക്കാർ ഏജൻസികൾക്ക്‌ (KSIDC, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ പഞ്ചായത്ത്‌ എന്നിവ) പരിഷത്ത്‌ അപേക്ഷ നൽകിയിട്ടും അവയ്‌ക്ക്‌ വ്യക്തമായ ഒരു വിവരവും ഇതുവരെ ലഭിച്ചില്ല. ഒരുതരം ഒഴിഞ്ഞുമാറൽ മറുപടികളാണ്‌ ഇവരെല്ലാം നൽകിയത്‌. അധികൃതരുടെ ഈ രീതിയാണ്‌ അതാര്യതയും ദുരൂഹതയും ആരോപിക്കാൻ ഇടയാക്കുന്നത്‌.

പുതിയ റോഡിന്റെ പരിസ്ഥിതി പ്രശ്‌നങ്ങൾ

നിർദ്ദിഷ്‌ട റോഡ്‌ കോഴിക്കോട്‌ കോർപ്പറേഷൻ പരിധിയിലെ എൻ എച്ച്‌ 17 ബൈപ്പാസിൽ മാളിക്കടവിൽ നിന്നാണ്‌ ആരംഭിക്കുന്നത്‌. ഇവിടേക്കുള്ള പാലം കടന്ന്‌ കക്കോടി പഞ്ചായത്തിലെ പഞ്ഞോറൻ താഴെ വയലിന്‌ കിഴക്കും മാവോളിതാഴം വയലിന്‌ പടിഞ്ഞാറുമായി ഇപ്പോൾ നിലവിലുള്ള പഞ്ചായത്ത്‌ റോഡിൽ നിന്ന്‌ തുടങ്ങി കിനാലൂരിൽ എത്തുന്ന രീതിയിലാണ്‌ റോഡ്‌ വിഭാവനം ചെയ്യുന്നത്‌.

ഈ റോഡ്‌ കടന്നുപോകുന്ന ഭൂരിഭാഗം പ്രദേശവും ശ്രദ്ധേയമായ നീർത്തടത്തിൽപ്പെട്ട വയലുകളാണ്‌. കക്കോടി പഞ്ചായത്തിലെ നെൽവയലുകൾ ഉൾപ്പെടുന്ന ചെലപ്രം, കുമ്മിളിത്താഴം, എന്നീ സർക്കാർ അംഗീകൃത നീർത്തടങ്ങൾ ഇതോടെ ഇല്ലാതാകും. നിലവിലുള്ള പഞ്ചായത്ത്‌ റോഡ്‌ വീതികൂട്ടിയാൽ തന്നെ 200 ഓളം വീടുകൾ ഒഴിപ്പിക്കേണ്ടിവരുമത്രെ.

നിലവിലുള്ള കോഴിക്കോട്‌-ബാലുശ്ശേരി റോഡിന്‌ പടിഞ്ഞാറ്‌ മോരിക്കര പാലത്തിനടുത്തുനിന്ന്‌ 6.8 കി. മീ. ദൂരം വയലുകളിലൂടെയാണ്‌ പാത കടന്നു പോകുന്നത്‌. തുടർന്ന്‌ 1.6 കി. മീ. ദൂരം ബാലുശ്ശേരി റോഡ്‌ വീതി കൂട്ടി ഉപയോഗിക്കാമെന്നാണ്‌ നിർദ്ദേശം. കാക്കൂർ പഞ്ചായത്തിൽ പുതിയോട്ടുതാഴം, കോളിയോട്‌ കടവ്‌ എന്നീ വയലുകളിലൂടെയാണ്‌ റോഡ്‌ പോകുന്നത്‌. നന്മണ്ട ടൗണിനടുത്ത്‌ നരിക്കുനിയിലേക്കുള്ള റോഡിനെ മുറിച്ച്‌ കടക്കുന്ന റോഡ്‌ പിന്നീട്‌ താമരശ്ശേരി-ബാലുശ്ശേരി റൂട്ടിൽ വട്ടോളി ബസാറിൽ എത്തുകയാണ്‌.

മൊത്തം 26 കി. മീ. നീളമുള്ള റോഡിൽ 6.8 കി. മീ. ഒഴികെ ബാക്കി 19.20 കി. മീ. ദൂരം തണ്ണീർത്തടങ്ങളായി സംരക്ഷിക്കാൻ സർക്കാർ പ്രഖ്യാപിച്ച വയലുകളാണ്‌. ചേളന്നൂർ ബ്ലോക്കിലെ നീർത്തടാധിഷ്‌ഠിത വികസന മാസ്റ്റർ പ്ലാനിൽപ്പെട്ട നെൽവയലുകളാണ്‌ ഇവ. ചെലപ്രം, കുമ്മിളിത്താഴം (കക്കോടി പഞ്ചായത്ത്‌), പാലത്ത്‌, വരിക്കാട്‌ (ചേളന്നൂർ), രാമല്ലൂർ, കാരക്കുന്ന്‌ (കാക്കൂർ), നന്മണ്ട, നാരകശ്ശേരി (നന്മണ്ട) എന്നീ നീർത്തടങ്ങളെ ഈ റോഡ്‌ സാരമായി ബാധിക്കും.

19.20 കി.മീ. നീളത്തിൽ 30 മീറ്റർ വീതിയിൽ റോഡുണ്ടായാൽ തന്നെ 142 ഏക്കറോളം വയൽ നഷ്‌ടപ്പെടും. ഇരുവശവും തൂർത്ത്‌ കെട്ടിടങ്ങൾ വരുന്നതിന്റെ ഫലമായി ഭാവിയിൽ 625 ഏക്കറോളം വയൽ നഷ്‌ടപ്പെടും എന്ന്‌ വിദഗ്‌ധർ കണക്കാക്കുന്നു. ഇത്‌ കൃഷിക്ക്‌ മാത്രമല്ല, മൊത്തം പരിസ്ഥിതിക്കു വലിയ പ്രത്യാഘാതങ്ങൾക്കിടയാക്കും.

ഇരുവശത്തുമുള്ള കുന്നുകളിൽ നിന്ന്‌ വർഷം മുഴുക്കെ ഒലിച്ചുവരുന്ന നീർച്ചാലുകൾ ഈ വയലുകളെ സമ്പുഷ്‌ടമാക്കുന്നു. മണ്ണിട്ടു നികത്തി പുതിയ റോഡ്‌ വന്നാൽ നീർച്ചാലുകൾ തടസ്സപ്പെടും. പലയിടത്തും വെള്ളം കെട്ടിനിന്ന്‌ പ്രശ്‌നങ്ങളുണ്ടാകും. നെൽക്കൃഷി നശിക്കും. പാതക്ക്‌ വേണ്ട മണ്ണ്‌ എടുക്കാൻ വേണ്ടി അയൽപക്കത്തുള്ള കുന്നുകൾ ഇടിക്കുന്നതോടെ ജലസ്രോതസ്സുകൾ ക്ഷയിക്കും. ചുരുക്കത്തിൽ പ്രദേശം മുഴുവൻ വൻ പരിസ്ഥിതിനാശത്തിന്‌ ഇടയാക്കും.

ഇത്തരം പദ്ധതികളുടെ നേട്ടകോട്ട പരിശോധന പ്രധാനമാണ്‌. പണച്ചെലവ്‌ കുറച്ചു കാണിക്കുകയും നേട്ടം പെരുപ്പിച്ചു പറയുകയും സാമൂഹ്യ ചെലവിനെ അവഗണിക്കുകയും ചെയ്യുന്ന രീതിയാണ്‌ സാധാരണയായി സർക്കാർ ഏജൻസികൾ ചെയ്‌തുവരാറുള്ളത്‌. ഒരു പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സമൂഹത്തിന്‌ വഹിക്കേണ്ടി വരുന്ന വിവിധതരം ആഘാതങ്ങളുണ്ട്‌. അവയെല്ലാം പരിപൂർണമായി പരിഹരിക്കാൻ കഴിയില്ലെങ്കിലും ആവുന്നത്ര കുറയ്‌ക്കാൻ ശ്രമിക്കണം. സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ ആഘാതങ്ങൾ വിലയിരുത്തിക്കൊണ്ടാണ്‌ എല്ലാ പരിഷ്‌കൃത രാജ്യങ്ങളിലും പദ്ധതികൾ നടപ്പാക്കുന്നത്‌. എന്നാൽ സാമൂഹ്യ ചെലവുകളെ (social cost) അവഗണിച്ചുകൊണ്ടുള്ള കണക്കുകൂട്ടലുകളാണ്‌ ഇപ്പോൾ നടക്കുന്നത്‌. ഇതു ശാസ്‌ത്രീയമല്ലെന്ന്‌ മാത്രമല്ല, ഭാവിയിൽ കൂടുതൽ പ്രത്യാഘാതങ്ങൾക്ക്‌ ഇടയാക്കുകയും ചെയ്യും. ഇത്രയേറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാകുമെന്നറിഞ്ഞിട്ടും വിശദമായൊരു പാരിസ്ഥിതിക ആഘാത പത്രിക(EIA)യെപ്പറ്റി പോലും സൂചിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്‌.

ഹിതപരിശോധന പരിസ്ഥിതി പ്രശ്‌നങ്ങൾക്ക്‌ പരിഹാരമല്ലെന്നും സൂചിപ്പിച്ചുകൊള്ളട്ടെ. ഈ റോഡിന്റെ കാര്യത്തിൽ തന്നെ നെൽവയൽ സംരക്ഷണ നിയമം ബാധകമാക്കരുതെന്ന്‌ വാദിക്കുന്നവരാണ്‌ റോഡിന്റെ ഇരുവശത്തും ഭൂരിഭാഗമെങ്കിൽപോലും സമൂഹത്തിന്റെ കാഴ്‌ചപ്പാടിൽ അവരുടെ വാദങ്ങൾ അംഗീകരിക്കാൻ കഴിയില്ല. അതിനാൽ ഇതര മാർഗങ്ങൾ കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു.

ഇതരമാർഗങ്ങൾ

കിനാലൂരിൽ ഒരു വ്യവസായകേന്ദ്രം തുടങ്ങുന്നു എന്നത്‌ സ്വാഗതാർഹമാണ്‌. പക്ഷേ, ഏതു തരം വ്യവസായങ്ങളാണ്‌ അവിടെ വരുന്നത്‌? ഏതൊക്കെ അസംസ്‌കൃത വസ്‌തുക്കൾ ഏതളവിലാണ്‌ അങ്ങോട്ടെത്തിക്കേണ്ടത്‌? എന്തൊക്കെ ഉൽപ്പന്നങ്ങൾ ഏതളവിൽ ആണ്‌ അവിടെ ഉൽപ്പാദിപ്പിക്കപ്പെടുക? ഏതളവിലാണ്‌ അങ്ങോട്ടേക്ക്‌ ആളുകളുടെ വരവും പോക്കും ഉണ്ടാവുക? ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ മാത്രമേ അവിടേക്കാവശ്യമായ ഗതാഗത സൗകര്യങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയുകയുള്ളൂ. അതിനു മുമ്പു ചെയ്യാവുന്നത്‌ പ്രാഥമികമായ സൗകര്യങ്ങൾ ലഭ്യമാക്കുക എന്നതു മാത്രമാണ്‌. രാജ്യത്തെ ഏതു വ്യവസായ മേഖലയുടെ വികസനചരിത്രം പരിശോധിച്ചാലും ഇതാണ്‌ നാം കാണുന്നത്‌.

ഈ രീതിയിൽ നോക്കിയാൽ നിലവിലുള്ള റോഡ്‌ ശൃംഖല ഉപയോഗിച്ചു തന്നെ നിർദ്ദിഷ്‌ട റോഡ്‌ പദ്ധതിയെക്കാൾ പാരിസ്ഥിതിക ആഘാതവും കുടിയൊഴിപ്പിക്കലും വളരെ കുറവു മാത്രം വരുന്ന വിധത്തിൽ ഈ ആവശ്യം നിറവേറ്റാൻ കഴിയും.

ഈ സമീപനത്തിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള റോഡുകളെപ്പറ്റി വിശദീകരിക്കാനും പുതിയ ചില നിർദ്ദേശങ്ങൾ സമർപ്പിക്കാനുമാണ്‌ ഇനി ഉദ്ദേശിക്കുന്നത്‌.

1. വ്യവസായകേന്ദ്രം - വട്ടോളി ബസാർ റോഡ്‌ അത്യാവശ്യത്തിന്‌ മെച്ചപ്പെടുത്തി താമരശ്ശേരി-ബാലുശ്ശേരി (SH) റോഡുമായി ബന്ധിപ്പിക്കുക. SH ൽ വേണ്ട അറ്റകുറ്റപ്പണിയും വീതി കൂട്ടലും നടത്തി ഉപയോഗ്യത വർധിപ്പിക്കുക. ഇതാണ്‌ ഏറ്റവും ചെലവുകുറഞ്ഞമാർഗം. 16-18 മീറ്റർ വീതി ഉണ്ടെങ്കിൽ തന്നെ മീഡിയനോടുകൂടിയ നാലുവരിപ്പാത നിർമിക്കാവുന്നതാണ്‌. ഒരു വരിക്ക്‌ മൂന്നര മീറ്റർ മതി.

2. വ്യവസായകേന്ദ്രത്തിൽ നിന്ന്‌ എസ്റ്റേറ്റിലൂടെ തന്നെ രണ്ട്‌ കി. മീ. പുതിയ റോഡ്‌ ഉണ്ടാക്കി എസ്റ്റേറ്റിന്റെ നിലവിലുള്ള ഗേറ്റിൽ എത്തിക്കുക. അവിടെ ഇപ്പോൾ തന്നെ ഒരു മണ്ണുറോഡ്‌ ഉണ്ട്‌. നിലവിലുള്ള എസ്റ്റേറ്റ്‌ മുക്ക്‌-കക്കയം റോഡ്‌ രണ്ട്‌ കി. മീ. വീതികൂട്ടി എസ്റ്റേറ്റ്‌ മുക്കിൽ എത്തിക്കുക. അവിടെ നിന്ന്‌ ഏഴ്‌ കി. മീ. തെക്കോട്ട്‌ SH മെച്ചപ്പെടുത്തിയാൽ താമരശ്ശേരി ചുങ്കത്ത്‌ എത്തും. ഇത്‌ ബാംഗ്ലൂർ-കോഴിക്കോട്‌ 212-ാം നമ്പർ NH ആണ്‌. താമരശ്ശേരിയിൽ നിന്ന്‌ ഇതേ റോഡിൽ ഏതാണ്ട്‌ 15 കി. മീ. പടിഞ്ഞാറോട്ട്‌ യാത്ര ചെയ്‌താൽ മലാപ്പറമ്പിലെ NH?356;ംഗ്‌ഷനിൽ എത്താം. കൊച്ചി, മംഗലാപുരം, ബോംബെ എന്നിവിടങ്ങളിലേക്ക്‌ യാത്ര നടക്കും. ഇവിടെ രാമനാട്ടുകര- തിരുവങ്ങൂർ ബൈപ്പാസ്‌ പണി വളരെ വേഗത്തിൽ നടന്നുകൊണ്ടിരിക്കയാണ്‌. NH കൾ സമീപ ഭാവിയിൽ തന്നെ വീതികൂടിയ നാലുവരിപ്പാതയാകും. ഇതാണ്‌ ഏറ്റവും ദൂരം കുറഞ്ഞ മാർഗം. എസ്റ്റേറ്റ്‌ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന നിർദ്ദേശം കൂടി വന്നതോടെ ആദ്യം സൂചിപ്പിച്ച പുതുതായി നിർമിക്കുന്ന രണ്ട്‌ കി. മീ. റോഡ്‌ നിർമിക്കാൻ യാതൊരു തടസ്സവും ഉണ്ടാകുന്നില്ല. പരിസ്ഥിതി പ്രശ്‌നവും പരിമിതമാണ്‌.

3. വ്യവസായ കേന്ദ്രത്തിൽ നിന്ന്‌ നിലവിലുള്ള SH, NH റോഡുകളിലേക്ക്‌ എളുപ്പത്തിൽ എത്താനുള്ള മാർഗത്തിനായിരിക്കണം മുൻഗണന. മുകളിൽ സൂചിപ്പിച്ചതുപോലെ നിലവിലുള്ള സംവിധാനങ്ങളെ മെച്ചപ്പെടുത്തുന്നതിനാവണം പരിഗണന. വ്യവസായ കേന്ദ്രത്തിലേക്ക്‌ വരുന്ന വാഹനങ്ങൾ പുതിയ റോഡിലൂടെ മാത്രമേ സഞ്ചരിക്കൂ എന്ന ശാഠ്യം ശരിയല്ല. വ്യവസായികൾക്ക്‌ വേഗത്തിലുള്ള യാത്രക്ക്‌ ആവശ്യം വരുമ്പോൾ ചെറിയൊരു ഹെലിപ്പാഡ്‌ ഉണ്ടാക്കുന്ന കാര്യം വേണമെങ്കിൽ പരിഗണിക്കാവുന്നതാണ്‌.

4. ഈ രീതിയിൽ പരിശോധിക്കുമ്പോൾ വ്യവസായകേന്ദ്രം-എസ്റ്റേറ്റ്‌ ഗേറ്റ്‌ (2 കി. മീ. പുതിയ റോഡ്‌), എസ്റ്റേറ്റ്‌ ഗേറ്റ്‌-എസ്റ്റേറ്റ്‌ മുക്ക്‌ (2 കി. മീ. വീതി കൂട്ടൽ), എസ്റ്റേറ്റ്‌ മുക്ക്‌-താമരശ്ശേരി ചുങ്കം (7 കി. മീ. അറ്റകുറ്റപ്പണി) എന്ന പാതയായിരിക്കും ഏറ്റവും അനുയോജ്യം.

ചില സാമൂഹ്യ-രാഷ്‌ട്രീയ പ്രശ്‌നങ്ങൾ

കിനാലൂർ പ്രശ്‌നത്തിന്റെ പശ്ചാത്തലത്തിൽ വികസനവുമായി ബന്ധപ്പെട്ട രാഷ്‌ട്രീയവും സാമൂഹ്യവുമായ ചില പ്രശ്‌നങ്ങൾ കേരളത്തിൽ ചർച്ച ചെയ്യേണ്ടതുണ്ടെന്ന്‌ ഞങ്ങൾ കരുതുന്നു. വികസനത്തിന്റെ രാഷ്‌ട്രീയം കാണാതെയുള്ള രാഷ്‌ട്രീയപ്പാർട്ടികളുടെ ഇടപെടലും ജനകീയതയുടെ പേരിൽ ശക്തിപ്പെടുന്ന ചില മത-സാമുദായിക സംഘടനകളുടെ അരാഷ്‌ട്രീയ നിലപാടുകളും പരിശോധിക്കണം. ഒപ്പം വികസന പ്രശ്‌നത്തോടുള്ള സർക്കാരിന്റെയും ജനങ്ങളുടെയും രാഷ്‌ട്രീയപാർട്ടികളുടേയും സമീപനം, പരിസ്ഥിതിയും വികസനവും തമ്മിലുള്ള പൊരുത്തവും പൊരുത്തക്കേടുകളും എന്നിവയെല്ലാം ഇന്ന്‌ കിനാലൂരുമായി ബന്ധപ്പെടുത്തി ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

കേന്ദ്ര സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറൽ നയങ്ങളുടെ സ്വാധീനമാണ്‌ കിനാലൂർ പോലുള്ള പ്രശ്‌നങ്ങളിൽ അടിസ്ഥാനപരമായി നിഴലിക്കുന്നത്‌. വ്യാവസായിക രംഗത്തുനിന്നും തൊഴിൽ-നിർമാണ മേഖലകളിൽ നിന്നും സർക്കാർ പൂർണമായി പിൻവാങ്ങി അവയെല്ലാം സ്വകാര്യ-വിദേശ കുത്തകകളെ ഏൽപ്പിക്കണമെന്നതാണ്‌ ആഗോളവൽക്കരണത്തിന്റെ ഭാഗമായി ഉയർന്നുവന്നിട്ടുള്ള നിലപാട്‌. അതേ സമയം വ്യവസായികൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടത്‌ സംസ്ഥാന സർക്കാറിന്റെ ചുമതലയായി അംഗീകരിക്കുകയും ചെയ്യുന്നു. വ്യവസായങ്ങൾക്ക്‌ നൽകുന്ന വൻതോതിലുള്ള നികുതി-പലിശ ഇളവുകൾക്കും ആനുകൂല്യങ്ങൾക്കും പുറമെയാണിത്‌. രാജ്യമെങ്ങും രൂപംകൊള്ളുന്ന സ്‌പെഷൽ ഇക്കണോമിക്ക്‌ സോണു(sez)കളും വൻകിട നിർമാണ പദ്ധതികളും ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ളവയാണ്‌. ഇതിന്റെ ഭാഗമായി നടക്കുന്ന വൻതോതിലുള്ള കുടിയൊഴിപ്പിക്കലുകൾ രാജ്യത്ത്‌ പ്രധാന സാമൂഹ്യപ്രശ്‌നമാണ്‌. മുമ്പ്‌ സർക്കാർ നേരിട്ട്‌ ചെയ്‌തിരുന്ന പൊതു ആവശ്യങ്ങൾക്കായുള്ള റോഡ്‌ വികസനം പോലുള്ള അടിസ്ഥാനസൗകര്യ വികസനം ബി ഒ ടി അടിസ്ഥാനത്തിൽ സ്വകാര്യ സംരംഭകരെ ഏൽപ്പിക്കണമെന്നതാണ്‌ കേന്ദ്ര നിലപാട്‌. കേന്ദ്ര വിഹിതത്തിൽ കുറവ്‌ വരുത്തിയും പുതിയ നയങ്ങൾക്കനുസൃതമായി ഉപാധികൾ വെച്ചും സംസ്ഥാന സർക്കാറുകളെ നവലിബറൽ നയം പിന്തുടരാൻ കേന്ദ്രം നിർബന്ധിക്കുകയും ചെയ്യുന്നു. സംസ്ഥാന സർക്കാറുകളുടെ വ്യവസായവികസനനയം ഇത്തരം പരിമിതിക്കുള്ളിൽ നിന്നാണ്‌ രൂപം കൊള്ളുന്നതെന്ന്‌ തിരിച്ചറിയണം.

ആഗോളവൽക്കരണത്തിനും അതിന്റെ ഭാഗമായ നവലിബറൽ നയങ്ങൾക്കും വിട്ടുവീഴ്‌ചയില്ലാതെ രാഷ്‌ട്രീയമായി ജനങ്ങളെ അണിനിരത്തിക്കൊണ്ടിരിക്കുന്നത്‌ ഇടതുപക്ഷ പാർട്ടികളാണ്‌. അതേ സമയം നവലിബറൽ പരിഷ്‌കാരങ്ങൾക്ക്‌ വേണ്ടി ശക്തമായി നിലകൊള്ളുകയാണ്‌ വലതു പക്ഷ പാർട്ടികൾ പൊതുവിൽ ചെയ്യുന്നത്‌. അതിനനുസൃതമായ സാംസ്‌കാരികാന്തരീക്ഷം സൃഷ്‌ടിക്കാൻ മുഖ്യധാരാ മാധ്യമങ്ങളും ശ്രമിക്കുന്നു.

കഴിഞ്ഞ യു ഡി എഫ്‌ സർക്കാർ സ്വീകരിച്ച നവലിബറൽ നയങ്ങൾക്കെതിരായ ജനങ്ങളുടെ പ്രതിഷേധവും സംഘടിത സമരങ്ങളും ആണ്‌ കേരളത്തിൽ ഇടതുപക്ഷ സർക്കാറിന്‌ രൂപം കൊടുത്തത്‌. കേന്ദ്ര സമ്മർദ്ദത്തിന്‌ വഴങ്ങാതെ നവലിബറൽ നയങ്ങൾക്കെതിരെ ഉറച്ച നിലപാട്‌ എടുക്കുകയും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ബദൽ മാതൃകകൾ രൂപപ്പെടുകയുമാണ്‌ ഇടതുപക്ഷ സർക്കാറിൽ നിന്ന്‌ ജനങ്ങൾ പ്രതീക്ഷിക്കുന്നത്‌. നഷ്‌ടത്തിലോടിയ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനും ക്ഷേമ പദ്ധതികളുടെ വിപുലീകരണത്തിലും നികുതി വെട്ടിപ്പ്‌ തടയുന്നതിനും സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നതിനും എല്ലാം സർക്കാർ സ്വീകരിച്ച നടപടികളിൽ ഈ ഇച്ഛാശക്തി പ്രകടമാകുന്നുണ്ട്‌. എന്നാൽ ചില മേഖലകളിൽ ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ നവലിബറൽ നയങ്ങളുടെ നടത്തിപ്പുകാരായി സർക്കാർ മാറുകയാണ്‌. തങ്ങളുടെ പരിമിതികൾ ഏറ്റു പറയുകയും ബദൽ സാധ്യതകളെക്കുറിച്ച്‌ തുറന്ന ചർച്ചകൾ നടത്തുകയും ചെയ്യാതെ പരിസ്ഥിതിയെയും സാധാരണ ജനങ്ങളെയും ബാധിക്കുന്ന പല പദ്ധതികളും ഏത്‌ വിധേനയും നടപ്പിലാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നത്‌ പലപ്പോഴും പ്രതിഷേധത്തിനിടയാക്കുന്നു.

സ്വത്വരാഷ്ട്രീയത്തിന്റെയും മതബോധത്തിന്റെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾ ജനങ്ങളുടെ സഹായത്തിനെത്തി അവരെ അരാഷ്‌ട്രീയവൽക്കരിക്കാൻ ഇത്തരം അവസരങ്ങൾ ഇടയാക്കുന്നു. ജനങ്ങളുടെ പ്രക്ഷോഭങ്ങൾക്ക്‌ നേതൃത്വം നൽകാൻ പോലും അവർ മുന്നിട്ടിറങ്ങുന്നു. ഇത്തരം പ്രക്ഷോഭങ്ങൾ ഒന്നും അടിസ്ഥാനപരമായി രാജ്യത്ത്‌ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറൽ നയങ്ങളെ ചോദ്യം ചെയ്യാത്തതിനാൽ അത്തരം നയങ്ങൾക്ക്‌ വേണ്ടി നിലകൊള്ളുന്ന വലതുപക്ഷ രാഷ്‌ട്രീയ പാർട്ടികളും മുഖ്യധാരാ മാധ്യമങ്ങളും ഈ പ്രക്ഷോഭങ്ങൾക്ക്‌ എല്ലാ വിധ സഹായങ്ങളും നൽകാൻ മുന്നിട്ടിറങ്ങുകയാണ്‌. പ്രശ്‌നത്തെ ഒറ്റതിരിഞ്ഞ്‌ കണ്ട്‌ പ്രക്ഷോഭം അക്രമാസക്തമാക്കുന്നതിനും വിവാദമാക്കി ഇടതുപക്ഷ രാഷ്‌ട്രീയത്തെ ദുർബലമാക്കാനുമാണവർ ശ്രമിക്കുന്നത്‌. അത്തരം ശ്രമങ്ങളിലൂടെ മതാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വർഗീയ സംഘടനകൾ ശക്തി പ്രാപിക്കുകയും ചെയ്യുന്നു. എന്നാൽ ഈ പ്രശ്‌നങ്ങളെ ഈ വിധം തിരിച്ചറിയാതെ യാന്ത്രികമായി ഉത്‌കണ്‌ഠാകുലരായ ജനങ്ങളെ നേരിടാനാണ്‌ സർക്കാർ തയ്യാറാവുന്നത്‌ എന്നതാണ്‌ കിനാലൂരിൽ കണ്ടത്‌.

രാഷ്‌ട്രീയ പാർട്ടികൾ ജനപക്ഷത്ത്‌ നിന്ന്‌ കൃത്യമായ നിലപാടുകൾ കൃത്യസമയത്ത്‌ കൈക്കൊള്ളാത്തതിന്റെ ഭവിഷ്യത്തുകൾ കേരളത്തിൽ ഈയിടെയായി മറ്റുപല പ്രശ്‌നങ്ങളിലും കാണാം. അവിടേയും മത-സാമുദായിക സംഘടനകൾ കയറിപ്പറ്റുകയാണ്‌. ഉദാഹരണത്തിന്‌ ദേശീയ പാതകൾ BOT അടിസ്ഥാനത്തിൽ 45 മീറ്റർ വീതി കൂട്ടുന്ന കാര്യം തന്നെ എടുക്കാം. BOT ആക്കിയാൽ മാത്രമേ NH വീതി കൂട്ടാൻ അനുവദിക്കൂ എന്നത്‌ കേന്ദ്രസർക്കാറിന്റെ നവലിബറൽ നയത്തിന്റെ ഭാഗമായിരുന്നു. സംസ്ഥാന സർക്കാർ BOT സമ്മർദ്ദത്തിനെതിരെ രണ്ട്‌ വർഷത്തോളം പിടിച്ചുനിന്നു. ഒടുവിലാണ്‌ സംസ്ഥാന സർക്കാർ അംഗീകരിച്ചത്‌. എന്നാൽ സർക്കാർ ചെയ്‌ത ഇക്കാര്യം പോലും ജനങ്ങൾക്കിടയിൽ ഗൗരവത്തോടെ ചർച്ചയാക്കാൻ ഭരിക്കുന്ന രാഷ്‌ട്രീയപ്പാർട്ടികൾക്ക്‌ കഴിയാതെ പോയി. BOT യുടെ രാഷ്‌ട്രീയ സ്വഭാവം തുറന്നുകാട്ടി നേരത്തേ തന്നെ കേന്ദ്ര നീക്കത്തെ പ്രതിരോധിക്കാമായിരുന്നു. ഇപ്പോൾ നടന്നതുപോലെ സർവകക്ഷിയോഗം ചേരാനും പ്രധാനമന്ത്രിക്ക്‌ നിവേദനം നൽകാനും നേരത്തേ തന്നെ ശ്രമിക്കാമായിരുന്നു. ജനകീയ സമരങ്ങൾ രാഷ്‌ട്രീയ പാർട്ടികളുടെ പിൻബലമില്ലാതെ വിജയിപ്പിച്ചു എന്നാണ്‌ ഇപ്പോൾ മത-സാമുദായിക സംഘടനകൾ അവകാശപ്പെടുന്നത്‌. അവരുടെ പ്രസിദ്ധീകരണങ്ങൾ അതാണ്‌ പ്രചരിപ്പിക്കുന്നത്‌.

വ്യവസായിക വികസനം കേരളത്തിന്റെ ആവശ്യമാണ്‌. കേരളത്തിലെ തൊഴിൽ രഹിതർക്ക്‌ നാട്ടിൽ തന്നെ തൊഴിലെടുത്ത്‌ ജീവിക്കുവാൻ കൂടുതൽ വ്യവസായങ്ങൾ വന്നേ തീരൂ. എന്നാൽ നടപ്പാക്കപ്പെടുന്ന പല വൻകിട വികസനപദ്ധതികളും മതിയായ തൊഴിൽ സൃഷ്‌ടിക്കുന്നവയല്ല. മാത്രമല്ല പലതിലും സംഭവിക്കാറുള്ളത്‌ വികസനം സമ്പന്നർക്കും കഷ്‌ടപ്പാട്‌ ദരിദ്രർക്കുമെന്നതാണ്‌. വികസനം വേണമെങ്കിൽ കുറെയൊക്കെ കഷ്‌ടപ്പെടേണ്ടിവരുമെന്നാണ്‌ സർക്കാറുകളുടെ നിലപാട്‌. ഈ രീതി വികസനവുമായി ബന്ധപ്പെട്ട ജനകീയ പ്രശ്‌നങ്ങളെ വൻ തോതിൽ അരാഷ്‌ട്രീയവത്‌കരിക്കാൻ അവസരമൊരുക്കുന്നു. അരാഷ്‌ട്രീയതയാണ്‌ പ്രശ്‌ന പരിഹാരത്തിന്റെ മാർഗമെന്നു വരെ പ്രചരിപ്പിക്കുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമായിരിക്കും. കേരളം നേടിയ സാമൂഹ്യ നേട്ടങ്ങൾക്കെല്ലാം അടിസ്ഥാനം രാഷ്‌ട്രീയമായ ജനകീയ പ്രക്ഷോഭങ്ങളായിരുന്നു എന്ന കാര്യം വിസ്‌മരിക്കരുത്‌.

പരിഷത്ത്‌ നിർദേശങ്ങൾ

ഈ പശ്ചാത്തലത്തിൽ ഇതിനകം വിവരിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ ആവർത്തിക്കയാണ്‌.

1. അക്രമവും അടിച്ചമർത്തലും ഒന്നിനും പരിഹാരമല്ല. ജനങ്ങൾക്കിടയിൽ ജനാധിപത്യപരവും സുതാര്യവുമായ ചർച്ചകൾ നടത്തി പ്രശ്‌നം പരിഹരിക്കണം. സർക്കാർ ജനങ്ങളെയും ജനങ്ങൾ സർക്കാറിനെയും വിശ്വാസത്തിലെടുക്കണം.

2. ഭാവി സാധ്യതകൾ കൂടി കണക്കിലെടുത്ത്‌ കിനാലൂരിലെ കൊച്ചിൻ-മലബാർ എസ്റ്റേറ്റ്‌ വക ഭൂമി പൂർണമായും സർക്കാർ ഏറ്റെടുക്കണം. ഇവിടെ കാർഷികസംസ്‌കരണ വ്യവസായങ്ങൾക്ക്‌ മുൻഗണന നൽകണം. ഇതിനിടെ നടന്ന അനധികൃതമായ കൈമാറ്റങ്ങൾ റദ്ദാക്കണം.

3. വ്യവസായകേന്ദ്രം- എസ്റ്റേറ്റ്‌ ഗേറ്റ്‌- എസ്റ്റേറ്റ്‌ മുക്ക്‌- താമരശ്ശേരി ചുങ്കം ആയിരിക്കും ഏറ്റവും അനുയോജ്യമായ റോഡ്‌. ഇക്കാര്യം പ്രത്യേകം പരിഗണിക്കണം.

4. പുതിയ റോഡിനുള്ള ഏതൊരു നീക്കവും വിശദമായ പരിസ്ഥിതി ആഘാതപത്രിക തയ്യാറാക്കി പൊതുജനങ്ങൾക്കിടയിൽ വ്യാപകമായി ചർച്ച ചെയ്‌തതിന്‌ ശേഷം മാത്രമേ പാടുള്ളൂ. അതുവരെ ഭൂമിയിലുള്ള പ്രവർത്തനങ്ങൾ ഒന്നും ആരംഭിക്കരുത്‌.

5. കിനാലൂരിലെ വ്യവസായ സംരംഭങ്ങളിലൂടെ തൊഴിൽ അടക്കമുള്ള നേട്ടങ്ങൾ ഇന്നാട്ടിലെ ജനങ്ങൾക്ക്‌ ലഭ്യമാകണം. ആഗോളവത്‌കരണത്തിന്റെ ഇക്കാലത്ത്‌ വിദേശ കമ്പനികൾ സൃഷ്‌ടിക്കുന്ന തൊഴിലവസരങ്ങൾ കേരളീയർക്കോ ഇന്ത്യക്കാർക്ക്‌ തന്നെയോ ലഭിക്കണമെന്നില്ല. ഈ വസ്‌തുത കൂടി കണക്കിലെടുത്താവണം വ്യവസായങ്ങളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത്‌. പ്രാദേശിക സംരംഭങ്ങൾക്കായിരിക്കണം മുൻതൂക്കം.

6. കേരള സർക്കാറിന്റെ വ്യവസായരംഗത്തെ പ്രത്യേകിച്ചും പൊതുമേഖലാ രംഗത്തെ ഇടപെടൽ ശ്ലാഘനീയമാണ്‌. അതുമായി തട്ടിച്ചു നോക്കുമ്പോൾ നിർദ്ദിഷ്‌ട കിനാലൂർ പ്രോജക്‌ട്‌ അത്രയ്‌ക്കു വലിയ പദ്ധതിയൊന്നുമായിരുന്നില്ല. പക്ഷേ, അതുണ്ടാക്കിയ രാഷ്‌ട്രീയ സാമൂഹ്യ പ്രത്യാഘാതങ്ങളും പ്രതിസന്ധിയും അർഹിക്കുന്ന പ്രാധാന്യം നൽകി പരിഹരിച്ചില്ലെങ്കിൽ കേരള സമൂഹം ചിലപ്പോൾ വലിയ വില നൽകേണ്ടി വരും.