കേരളത്തിലെ വിദ്യാഭ്യാസം- കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ(1998)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം

കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്‌. ലോവർ പ്രൈമറിതലത്തിൽ ഒരു പുതിയ പാഠ്യപദ്ധതി നടപ്പിലായിക്കഴിഞ്ഞു. തുടർന്നുള്ള ക്ലാസുകളിലും പാഠ്യപദ്ധതി പരിഷ്‌കരണം നടക്കുന്നു. പ്രീപ്രൈമറിയെക്കുറിച്ച്‌ സമഗ്രമായ നിയമം പരിഗണനയിലാണ്‌. സ്‌കൂൾതലത്തിൽ ഹയർസെക്കണ്ടറി സമ്പ്രദായം വ്യാപകമാക്കുന്നു. പ്രീഡിഗ്രി കോളേജുകളിൽനിന്ന്‌ വേർപെടുത്തി ഏതാണ്ട്‌ ഒന്നേകാൽ ലക്ഷം വിദ്യാർഥികൾക്ക്‌ ഹയർസെക്കണ്ടറിയിൽ പ്രവേശനം നൽകുകയാണ്‌ ആദ്യഘട്ടത്തിൽ. മുന്നൂറോളം സൂളുകളിൽ വൊക്കേഷണൽ ഹയർസെക്കണ്ടറി നടന്നുവരുന്നു. പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ എന്ന വിപുലീകരിച്ച സ്‌കൂൾസങ്കൽപം പ്രചരിക്കുകയാണ്‌.

പുതിയ സ്‌കൂൾ സങ്കൽപത്തേയും പാഠ്യപദ്ധതിയെയും ന്യായീകരിക്കുന്നവരുണ്ട്‌. അതേ ശക്തിയിൽ അതിനെ എതിർക്കുന്നവരുമുണ്ട്‌. ശിശുകേന്ദ്രീകൃതമായ, പഠനത്തെ രസകരമായ അനുഭവമാക്കി മാറ്റുന്ന ബോധനരീതിയാണ്‌ പാഠ്യപദ്ധതിയെ ന്യായീകരിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്‌. പുതിയ വിദ്യാഭ്യാസക്രമം സാമ്രാജ്യത്വത്തിന്റെ നുഴഞ്ഞുകയറ്റത്തിന്റെ സൂചനയാണെന്നും പ്രൈമറി വിദ്യാഭ്യാസത്തെ തകർക്കുകയാണ്‌ സാമ്രാജ്യത്വത്തിന്റെ ലക്ഷ്യമെന്നും വിമർശകർ വാദിക്കുന്നു. പുതിയ പാഠ്യപദ്ധതി ആദ്യം നടപ്പിലാക്കിയ ഡി.പി.ഇ.പി.യാണ്‌ വിമർശകരുടെ പ്രധാന ഇര.

ഈ വാദകോലാഹലങ്ങൾക്കിടയിൽ അമ്പരപ്പോടും ആശങ്കയോടുമാണ്‌ ജനങ്ങൾ ഈ മാറ്റങ്ങളെ നോക്കിക്കാണുന്നത്‌. പുതിയ ബോധനക്രമത്തിൽ കുട്ടികൾക്ക്‌ ഉയർന്ന വിദ്യാഭ്യാസ നിലവാരം ഇല്ലാതെ വരുമോ? പുതിയ പാഠ്യപദ്ധതി ഫലപ്രദമായി നടപ്പിലാക്കാൻ അധ്യാപകർക്കു കഴിയുമോ? അതിനുള്ള സൗകര്യങ്ങൾ സ്‌കൂളുകളിലുണ്ടോ? നിലവാരം ബോധപൂർവം ഇടിച്ചുതാഴ്‌ത്തുകയാണെന്ന വിമർശനം ശരിയല്ലേ? മുതലായ ചോദ്യങ്ങൾ അവർ ചോദിക്കുന്നു.

ഇക്കൂട്ടത്തിൽ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ അപേക്ഷിച്ച്‌ തങ്ങളുടെ കുട്ടികൾക്ക്‌ കിട്ടിക്കൊണ്ടിരുന്ന മൂൻകൈ നഷ്‌ടപ്പെടുന്നതിൽ വ്യാകുലരാകുന്ന സമ്പന്ന രക്ഷിതാക്കളുമുണ്ട്‌. ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്യാഭ്യാസത്തെ കച്ചവടമാക്കി മാറ്റിയിട്ടുള്ള സ്ഥാപിത താൽപര്യക്കാരുണ്ട്‌. ജാതിയുടെയും മതത്തിന്റെയും പ്രാദേശികതയുടെയും ഒക്കെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസത്തെ രാഷ്‌ട്രീയക്കളത്തിലെ ഒരു കരു മാത്രമായി ഉപയോഗിക്കുന്നവരുമുണ്ട്‌. തങ്ങൾക്കു കിട്ടുന്ന ശമ്പളത്തെ ഉദ്യോഗം ലഭിക്കുന്നതിനായി നൽകിയ ലക്ഷങ്ങളുടെ ഡിവിഡന്റു മാത്രമായി കണക്കാക്കുകയും അധ്യാപനത്തിൽ താൽപര്യമെടുക്കാതെ `മറ്റു സൈഡു ബിസിനസ്സ്‌ ' നടത്തുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷം അധ്യാപകരുമുണ്ട്‌.

ഇത്തരക്കാരുടെ അമ്പരപ്പോ വ്യാകുലതയോ അല്ല ശാസ്‌ത്രസാഹിത്യപരിഷത്തിനെ ഉൽകണ്‌ഠാകുലരാക്കുന്നത്‌. ആവശ്യമായ പരിശീലനം ലഭിക്കാതെ, സമയമില്ലാതെ, ഉയർന്നുവരുന്ന സംശയങ്ങൾക്കുത്തരം ലഭിക്കാതെ, പാഠപുസ്‌തകങ്ങളും അധ്യാപകസഹായിയും സമയത്തിനു ലഭിക്കാതെ എന്തുചെയ്യണമെന്നറിയാതെ കഴിയുന്ന പതിനായിരക്കണക്കിനു വരുന്ന ആത്മാർഥതയുള്ള അധ്യാപകർ. മേൽപറഞ്ഞ കാര്യങ്ങളാൽ ഫലപ്രദമായ അധ്യാപനം നടക്കാതെ ഇരിക്കുന്നതു കാണുകയും മാധ്യമങ്ങളിൽ തുടർച്ചയായി ഉയർന്നുവരുന്ന വിമർശനങ്ങൾ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്ന മാതാപിതാക്കൾ.

ഇവരുടെ ഉത്‌കണ്‌ഠയും അമ്പരപ്പും പരിഷത്ത്‌ മനസ്സിലാക്കുന്നു.

പുതിയ വിദ്യാഭ്യാസക്രമം നടപ്പിലാക്കുന്ന കാര്യത്തിൽ ഗവൺമെന്റു കാണിച്ച ലാഘവബുദ്ധി മേൽപറഞ്ഞ ആശങ്കകളെ ബലപ്പെടുത്തുന്നു. പുതിയ വിദ്യാഭ്യാസക്രമത്തെക്കുറിച്ച്‌ ജനങ്ങളുടെ ഇടയിൽ ചർച്ചകൾ സംഘടിപ്പിക്കുന്നതിലും അധ്യാപക പരിശീലനത്തിലും വന്ന പാളിച്ചകൾ, വേണ്ട ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലെ പിഴവുകൾ, ഹയർസെക്കണ്ടറി വിദ്യാഭ്യാസം നടപ്പിലാക്കുന്നതിൽ വന്ന പാളിച്ചകൾ, പാഠപുസ്‌തകങ്ങൾ, പഠന സഹായികൾ എന്നിവ സമയത്ത്‌ ലഭിക്കാതിരിക്കൽ തുടങ്ങിയവയെല്ലാം ഇതിനുദാഹരണമാണ്‌.

പുതിയ വിദ്യാഭ്യാസ ക്രമത്തെ സംബന്ധിച്ച വിവാദങ്ങളിൽ പങ്കുകൊണ്ടിട്ടുള്ള സംഘടനയാണ്‌ ശാസ്‌ത്രസാഹിത്യ പരിഷത്ത്‌. കഴിഞ്ഞ ഏതാനും വർഷങ്ങളായി പരിഷത്ത്‌ വിദ്യാഭ്യാസ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടാനും സ്വന്തം നിലപാടുകൾ വ്യക്തമാക്കാനും ശ്രമിച്ചിട്ടുണ്ട്‌. ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ ഇടപെട്ട്‌ സ്വന്തം കാഴ്‌ചപ്പാട്‌ വ്യക്തമാക്കുന്നതും അതിനെ ആധാരമാക്കി ജനസംവാദങ്ങൾ സംഘടിപ്പിക്കുന്നതും ഇന്നത്തെ ആവശ്യമായി പരിഷത്ത്‌ കരുതുന്നു. ആത്യന്തികമായി, വിദ്യാഭ്യാസത്തിന്റെ ദിശ എന്താണെന്ന്‌ തീരുമാനിക്കേണ്ടത്‌ വാദപ്രതിവാദത്തിൽ സജീവമായി പങ്കെടുക്കുന്ന ബുദ്ധിജീവികളും വിദഗ്‌ധരും മാത്രമല്ല, വിദ്യാഭ്യാസ പ്രക്രിയയിൽ പങ്കാളികളായ ജനങ്ങളാണ്‌. ഇന്നത്തെ വിദ്യാഭ്യാസ പ്രതിസന്ധി മുറിച്ചുകടക്കേണ്ടത്‌ അവരുടെ ആവശ്യവും ഉത്തരവാദിത്വവുമാണ്‌. ജനങ്ങളെ സ്വന്തം തീരുമാനമെടുക്കുന്നതിന്‌ സഹായിക്കുന്ന വിധത്തിൽ പരിഷത്തിന്റെ പൊതു സമീപനം വിശദീകരിക്കുകയാണ്‌ ഇവിടെ ചെയ്യുന്നത്‌.

വിദ്യാഭ്യാസ പ്രതിസന്ധിയുടെ ഉറവിടങ്ങൾ

കേരളത്തിലെ ആധുനിക വിദ്യാഭ്യാസം രൂപം കൊണ്ടത്‌ കൊളോണിയൽ കാലഘട്ടത്തിലാണ്‌. ഗ്രാമങ്ങളിലുണ്ടായിരുന്ന എഴുത്തുപള്ളികളും കുടിപ്പള്ളിക്കൂടങ്ങളും അധഃപതിക്കുകയും മിഷനറി മാതൃകയിലുള്ള സ്‌കൂളുകൾ ഉയർന്നുവരുകയും ചെയ്‌തു. ഗവൺമെന്റുകൾ പുതിയ സ്‌കൂളുകളെ പ്രോത്സാഹിപ്പിച്ചു. ഇവ ആധുനിക വിജ്ഞാനത്തിന്റെ ചിഹ്നങ്ങളായി. ജാതിമതഭേദങ്ങളെ തച്ചുടയ്‌ക്കുന്ന സാമൂഹ്യമായ പദവിയും തൊഴിലും പ്രദാനം ചെയ്യുന്ന മാർഗമായി ആധുനിക വിദ്യാഭ്യാസം അംഗീകരിക്കപ്പെട്ടു. പരമ്പരാഗത സമൂഹ വ്യവസ്ഥയ്‌ക്കെതിരായ സമരത്തിന്റെ ഭാഗമായി സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളും ജനാധിപത്യ പ്രസ്ഥാനങ്ങളും പുതിയ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചു.

കേരളപ്പിറവിയോടെ ഭൂരിഭാഗം ഗ്രാമങ്ങളിലും ലോവർ പ്രൈമറി സ്‌കൂളുകളെങ്കിലുമുണ്ടായി. കേരളപ്പിറവിക്കുശേഷം ഹൈസ്‌കൂളുകളുടെ എണ്ണം വൻതോതിൽ വർധിച്ചു. 1964 മുതൽ പ്രീഡിഗ്രി കോളേജുകളുടെ ഭാഗമായ ദ്വിവത്സര കോഴ്‌സായി. അതിനുശേഷം കോളേജുകളുടെ എണ്ണവും വൻതോതിൽ വർധിച്ചു. സർവകലാശാലകൾ, പ്രൊഫഷണൽ കോളേജുകൾ തുടങ്ങി ഗവേഷണത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനുമുള്ള സൗകര്യങ്ങളും ഉണ്ടായി. സ്‌കൂളുകളിലെ പ്രവേശനം സാർവത്രികമായി. കൊഴിഞ്ഞുപോക്ക്‌ വൻതോതിൽ കുറഞ്ഞു. ഉച്ചക്കഞ്ഞി വിതരണം നിലവിലുള്ള ക്ലാസുകയറ്റ രീതി, സൗജന്യ വിദ്യാഭ്യാസം, യാത്രാസൗജന്യങ്ങൾ, സ്വന്തം കുട്ടികൾക്ക്‌ വിദ്യാഭ്യാസം നൽകുന്നതിൽ ജനങ്ങൾക്കുണ്ടായ താൽപര്യം മുതലായവ സാർവത്രിക വിദ്യാഭ്യാസത്തിന്റെ വളർച്ചയെ സഹായിച്ചു.

കേരളീയർ ഇന്നും അഭിമാനം കൊള്ളുന്ന ഈ നേട്ടങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു അംശം ഉണ്ട്‌: സ്‌കൂൾ വിദ്യാഭ്യാസം സാർവത്രികമായെങ്കിലും സ്‌കൂളുകളുടെ ഘടന, ഉള്ളടക്കം, മാനേജ്‌മെന്റ്‌ എന്നിവയിൽ മാറ്റങ്ങൾ ഉണ്ടായില്ല. വിദ്യാഭ്യാസത്തെ സമൂഹത്തിൽനിന്ന്‌ വേർപെടുത്തി പാഠപുസ്‌തകകേന്ദ്രീകൃതമായ അധ്യയനം നടത്തുന്ന മിഷനറി വിദ്യാഭ്യാസ സങ്കൽമാണ്‌ ഇന്നും നമ്മുടെ മാതൃക. വിജ്ഞാനവിനിമയത്തിന്റെ കേന്ദ്രം ഇന്നും ഗുരുക്കൻമാരാണ്‌. സ്‌കൂളുകൾ മിലിട്ടറി രീതിയിൽ അച്ചടക്കം നിലനിർത്തേണ്ട സ്ഥലങ്ങളാണ്‌. മിഷനറിമാർ പ്രചരിപ്പിച്ച അച്ചടക്കബോധം ഇന്നും സ്‌കൂൾ ഭരണത്തെ സ്വാധീനിക്കുന്നു. സാർവത്രിക വിദ്യാഭ്യാസ സാഹചര്യങ്ങളിൽ പോലും മധ്യവർഗ തൊഴിൽ സങ്കൽപങ്ങളും മൂല്യങ്ങളുമാണ്‌ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങൾ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അംഗീകരിക്കപ്പെട്ട സാമൂഹ്യനീതി, സമത്വം, സ്വാതന്ത്ര്യം, ലിംഗസമത്വം, ജനാധിപത്യബോധം മുതലായ ആശയങ്ങൾ ചില പാഠങ്ങളിൽ മാത്രമൊതുങ്ങുന്നു. അവ സ്‌കൂൾ ഘടനയെ സ്വാധീനിക്കുന്നില്ല. ഗാന്ധിയൻ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഉയർത്തപ്പെട്ട വിദ്യാഭ്യാസത്തെ സമൂഹത്തിലെ ഉൽപാദന രൂപങ്ങളുമായി ബന്ധിപ്പിക്കുക എന്ന ആശയം ഔപചാരിക വിദ്യാഭ്യാസത്തിൽ അംഗീകരിക്കപ്പെട്ടില്ല. ഈ ആശയത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട ബേസിക്‌ സ്‌കൂളുകൾ പരാജയപ്പെട്ടു. തുടർന്നു നടപ്പിലാക്കിയ തൊഴിൽ പരിചയ പരിപാടിയും വിജയിച്ചില്ല.

കൊളോണിയൽ വിദ്യാഭ്യാസക്രമം സാർവത്രിക വിദ്യാഭ്യാസത്തിന്റെ മാതൃകയല്ല. ജനങ്ങൾക്കു പൊതുവിൽ വിദ്യാഭ്യാസം വേണമെന്ന അഭിലാഷം ജനാധിപത്യ പ്രസ്ഥാനങ്ങളുടെ സൃഷ്‌ടിയാണ്‌. സാർവത്രിക വിദ്യാഭ്യാസത്തിന്റെ ഫലമായി സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ടവർ സ്‌കൂളുകളിൽ വന്നു. എന്നാൽ അവർക്കെല്ലാം സമ്പന്നരുടെ മൂല്യങ്ങളിലും അഭിലാഷങ്ങളിലുമൂന്നിനിന്നുള്ള കൊളോണിയൽ ക്രമമനുസരിച്ചുള്ള വിദ്യാഭ്യാസമാണ്‌ നൽകപ്പെട്ടത്‌. വരേണ്യവർഗത്തൊഴിലുകളിൽ ഇവരുടെയെല്ലാം ആവശ്യമില്ലാതിരുന്നതുകൊണ്ട്‌ പരീക്ഷയെന്ന അരിപ്പയുപയോഗിച്ച്‌ ഇവരിൽ ഭൂരിഭാഗത്തെയും നിഷ്‌കരുണം പുറത്താക്കി. ആൾപ്രമോഷൻ എന്നു പരിഹസിക്കപ്പെടുന്ന ക്ലാസുകയറ്റ രീതി നടപ്പിലാകുന്നതുവരെ പത്തു വർഷത്തെ പൊതുവിദ്യാഭ്യാസം പോലും ഇവർക്കു ഭൂരിഭാഗത്തിനും അപ്രാപ്യമായിരുന്നു. ഇന്ന്‌ വിവിധ പ്രവേശനപരീക്ഷകളുടെ ആവശ്യമനുസരിച്ച്‌ സിലബസ്‌ ഭാരം വർധിപ്പിച്ചും ദുർഗ്രഹമായ ബോധന രൂപങ്ങൾ ആവിഷ്‌കരിച്ചും, സാധാരണ സ്‌കൂളുകളിലെ അടിസ്ഥാനഭൗതിക സൗകര്യങ്ങൾപോലും നിഷേധിച്ചും ദരിദ്രരെയും അധഃകൃതരേയും വിദ്യാഭ്യാസത്തിൽനിന്ന്‌ പുറത്താക്കിക്കൊണ്ടിരിക്കുകയാണ്‌. സാർവത്രികവിദ്യാഭ്യാസം ഏതാണ്ട്‌ യാഥാർഥ്യമായിട്ടും അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നത്‌ സമ്പന്നവിഭാഗങ്ങൾ മാത്രമാണ്‌. ഇതിന്റെ ഫലമായി വിദ്യാഭ്യാസം രണ്ടു തട്ടിലായി തീരുകയും ദരിദ്രഭൂരിപക്ഷങ്ങൾക്ക്‌ അറിവിന്റെയും കഴിവുകളുടെയും വളർച്ച നിഷേധിക്കപ്പെടുകയും ചെയ്യുന്നു.

ജാതീയതയും ഫ്യൂഡൽ നാടുവാഴിത്തവും സൃഷ്‌ടിച്ച വിലങ്ങുകളിൽനിന്നുള്ള മോചനമെന്ന നിലയിലായിരുന്നു ആദ്യഘട്ടത്തിൽ സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങൾ വിദ്യാഭ്യാസത്തെ കണ്ടത്‌. അനുക്രമമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ സാമൂദായികശക്തികളുടെ വിലപേശൽ തന്ത്രത്തിന്റെ ഭാഗമായി. സ്വന്തം സമുദായത്തെ വിദ്യാഭ്യാസപരമായി ഉയർത്തിക്കൊണ്ടുവരുന്നതിന്‌ ഇത്തരം സംഘടനകൾ ഏറ്റെടുത്ത ദൗത്യം പിൽക്കാലത്ത്‌ അധികാരരാഷ്‌ട്രീയത്തിനുള്ള വടംവലികളുടെ പ്രധാന കണ്ണിയായി. വിദ്യാഭ്യാസപദ്ധതിയിൽ പൊതുമാനദണ്ഡങ്ങൾക്കുവേണ്ടി ഗവൺമെന്റുകൾ ശ്രമിച്ചുപ്പോഴെല്ലാം സാമുദായിക ശക്തികൾ ശക്തമായ പ്രതിരോധമുയർത്തി.

ആദ്യത്തെ ഉദാഹരണം, തിരുവിതാംകൂറിലെ പ്രൈമറി വിദ്യാഭ്യാസത്തെ ഗവൺമെന്റ്‌ നിയന്ത്രണത്തിൽ കൊണ്ടുവരാൻ 1945 ൽ അന്നത്തെ ഗവൺമെന്റ്‌ നടത്തിയ ശ്രമം സ്വകാര്യ മാനേജ്‌മെന്റ്‌ ഒന്നുചേർന്ന്‌ പരാജയപ്പെടുത്തിയതാണ്‌. സ്വകാര്യവിദ്യാലയത്തിലെ അധ്യാപകർക്കു ശംബളമായി സർക്കാർ ഗ്രാന്റ്‌ കൊടുക്കാൻ തിരുകൊച്ചിയിൽ 1953-ൽ പനമ്പിള്ളി ഗോവിന്ദമേനോൻ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഇറക്കിയ ഉത്തരവിനെതിരെ മാനേജ്‌മെന്റുകൾ ശക്തിയായി പ്രതിഷേധിച്ചു. വിദ്യാഭ്യാസ മാനേജ്‌മെന്റിൽ സാരമായ മാറ്റം വരുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള പ്രൊഫ.ജോസഫ്‌ മുണ്ടശ്ശേരിയുടെ 1958-ലെ വിദ്യാഭ്യാസ ബില്ലിനും ഇതേ അനുഭവമുണ്ടായി. സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകനിയമനം പി.എസ്‌.സി.ക്കു വിടുന്നതും വിദ്യാഭ്യാസനിയമം ലംഘിക്കുന്ന മാനേജ്‌മെന്റുകൾക്കെതിരെ അച്ചടക്കനടപടി നിർദേശിക്കുന്നതുമായ വകുപ്പുകൾ അതിശക്തമായ വിമോചന സമരത്തെ തുടർന്ന്‌ ഉപേക്ഷിക്കപ്പെട്ടു. മാനേജ്‌മെന്റുകളെ നിയന്ത്രിക്കുന്നതിനുള്ള വകുപ്പുകൾ നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടതും സ്വകാര്യശക്തികൾക്ക്‌ സഹായകമായി. വിദ്യാഭ്യാസരംഗത്ത്‌ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്ന പ്രാദേശികവിദ്യാഭ്യാസ അതോറിട്ടിയെപ്പറ്റിയുള്ള സുദീർഘമായ വകുപ്പുകൾ പ്രവർത്തനശൂന്യമായി. പൊതുവിദ്യാഭ്യാസം സൗജന്യമാക്കപ്പെട്ടു. അതിനോടൊപ്പം അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ശംബളം നൽകാനുള്ള ബാധ്യത ഗവൺമെന്റ്‌ ഏറ്റെടുത്തു.

തുടർന്ന്‌ സ്‌കൂൾതലത്തിലും ഉന്നതവിദ്യാഭ്യാസത്തിലുമുണ്ടായ നിയമ പരിഷ്‌കാരങ്ങളിലൊന്നിലും മാനേജ്‌മെന്റിന്റെ അവകാശങ്ങളെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളുണ്ടായില്ല. 1972-ലെ കോളേജ്‌ അധ്യാപകരുടെ വേതനത്തെ സംബന്ധിച്ച കരാർ ഉദാഹരണമാണ്‌. മാനേജ്‌മെന്റിന്റെ തന്നിഷ്‌ടപ്രകാരം നടത്തിയിരുന്ന അധ്യാപക നിയമനങ്ങൾ മാനേജ്‌മെന്റ്‌ അംഗികരിച്ച പ്രതിനിധികൾക്ക്‌ ഭൂരിപക്ഷമുള്ള ഒരു സെലക്‌ ഷൻ കമ്മിറ്റിയെ ഏൽപിക്കുന്നതിനു മാത്രമാണ്‌ അന്നു കഴിഞ്ഞത്‌. പകരം വിദ്യാർഥികളുടെ പ്രവേശനത്തിൽ കമ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ്‌ ക്വാട്ട എന്നിവ അംഗീകരിക്കേണ്ടിവന്നു. സ്‌കൂളുകളിൽ വിദ്യാർഥികളുടെ പ്രവേശനത്തിനും അധ്യാപകനിയമനത്തിനും ചില പൊതു യോഗ്യതകളൊഴികെ മറ്റൊന്നും മാനേജ്‌മെന്റുകളെക്കൊണ്ട്‌ അംഗീകരിപ്പിക്കാൻ കഴിഞ്ഞില്ല.

വിദ്യാഭ്യാസത്തിന്റെ പരമാധികാരം ഗവൺമെന്റിനാണെന്ന സങ്കൽപം അംഗീകരിക്കപ്പെട്ടുവെങ്കിലും അതിന്റെ തണലിൽ സ്വകാര്യ മാനേജ്‌മെന്റുകൾ ശക്തിപ്പെട്ടു. അധ്യാപകനിയമനം പരസ്യമായ ലേലം വിളിയുടെ അടിസ്ഥാനത്തിലായി. ചല സ്‌കൂളുകളിലും വിദ്യാർഥികളുടെ പ്രവേശനത്തിനും കോഴ നിർബന്ധമായി. ഒന്നാം ക്ലാസിലെ പ്രവേശനത്തിന്‌ പരീക്ഷകൾ വ്യാപകമായി. അയൽപക്ക സ്‌കൂൾ സങ്കൽപം കാറ്റിൽ പറത്തപ്പെട്ടു. സമ്പന്നവിഭാഗങ്ങൾ അയൽപക്കത്തുള്ള സ്‌കൂൾ ഒഴിവാക്കി വരേണ്യവിദ്യാലയങ്ങളിൽ കുട്ടികളെ ചേർത്തു. സാധാരണ ജനങ്ങളുടെ അഭിലാഷങ്ങൾക്കു വിലയില്ലാതായി. പദവി, സമുദായം, സമ്പന്നതാൽപര്യങ്ങൾ എന്നിവ വിദ്യാഭ്യാസരംഗത്ത്‌ മേൽക്കൈനേടി. ന്യൂനപക്ഷ വിദ്യാഭ്യാസാവകാശത്തെ സ്വകാര്യവ്യക്തികൾക്കും സമുദായങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനം നടത്താനുള്ള അവകാശമായി കോടതികൾ വ്യാഖ്യാനിച്ചതും സ്വകാര്യ മാനേജ്‌മെന്റുകൾക്ക്‌ പ്രചോദനം നൽകി. സാർവത്രിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്‌കുളുകളിൽ പ്രവേശനം നേടിയ ദരിദ്ര വിഭാഗങ്ങൾ എന്തു ചെയ്യുന്നുവെന്ന്‌ ആരും ശ്രദ്ധിക്കാതായി. മോശമായ പ്രകടനത്തിനുള്ള കാരണം ദരിദ്രവിഭാഗങ്ങൾ തന്നെയാണെന്ന ഇരകളെ പഴിചാരുന്ന (Victim blaming) വാദങ്ങൾ പ്രചരിച്ചു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളും ഉള്ളടക്കവും പിന്തള്ളപ്പെട്ടുപോയവരെ പ്രോത്സാഹിപ്പിക്കുന്നതാണോ എന്ന്‌ ആരും അന്വേഷിച്ചില്ല.

സമ്പന്നരുടെ സ്‌കൂളുകളുടെ ഘടന സമൂഹത്തിൽ മാന്യത നേടി. ഇംഗ്ലീഷ്‌ മീഡിയം, അച്ചടക്കം, കൃത്യമായ കോച്ചിങ്‌, ടെസ്റ്റുകൾ തുടങ്ങി എസ്‌.എസ്‌.എൽ.സി.ക്ക്‌ ഉന്നത വിജയം നേടാനുള്ള ചേരുവ അവിടെ ഒരുക്കപ്പെട്ടു. കൂടാതെ വിദ്യാഭ്യാസ വകുപ്പിന്റെ നിബന്ധനകൾക്കു പുറമെ പ്രവർത്തിക്കുന്ന സി.ബി.എസ്‌.ഇ., സി.ഐ.സി.എസ്‌.ഇ. പരീക്ഷകളെ ലാക്കാക്കിക്കൊണ്ടുള്ള അൺ എയ്‌ഡഡ്‌ സ്‌കൂളുകളും പ്രചരിച്ചു. ഇവയിൽ ഭൂരിഭാഗവും നടത്തിയത്‌ ജാതിമത സാമുദായിക ശക്തികൾ തന്നെയായിരുന്നു. ഇത്തരം വിദ്യാലയങ്ങൾക്കെതിരെ നിരവധി പ്രതിഷേധസമരങ്ങൾ ഉയർന്നുവെങ്കിലും അവരുടെ ആധിപത്യത്തെ തളർത്താൻ ആർക്കുമായില്ല.

1964-ൽ സ്ഥാപിക്കപ്പെട്ട സ്റ്റേറ്റ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷൻ എൻ.സി.ഇ.ആർ.ടി മാതൃകയിൽ അഞ്ചു വർഷം തോറും നടത്തിയ സിലബസ്‌ മാറ്റങ്ങളൊഴിച്ചാൽ വിദ്യാഭ്യാസ പദ്ധതിയുടെ ഉള്ളടക്കത്തെയും ബോധന രൂപങ്ങളെയും കുറിച്ച്‌ ഗൗരവമുള്ള പഠനങ്ങളും ചർച്ചകളുമുണ്ടായില്ല. പാഠപുസ്‌തകകേന്ദ്രീകൃതവും അധ്യാപകകേന്ദ്രീകൃതവുമായ കൊളോണിയൽ ബോധനക്രമം അതേപടി തുടർന്നു. പരീക്ഷാ സമ്പ്രദായത്തിലാണ്‌ എന്തെങ്കിലും മാറ്റമുണ്ടായത്‌. പാശ്ചാത്യരാജ്യങ്ങളിൽ വളർന്നുവന്ന ടെസ്റ്റിങ്‌ സമ്പ്രദായം ഇവിടെയും പകർത്തപ്പെട്ടു. ബുദ്ധിശക്തിയുടെ അളവിനെയും അറിവിന്റെ വിനിമയത്തെയും കുറിച്ച്‌ സംശയാസ്‌പദമായ സമൂഹജൈവശാസ്‌ത്രപരമായ ആശയങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേകിച്ച്‌ ചർച്ചകളൊന്നുമില്ലാതെയാണ്‌ ഇത്‌ നടപ്പിലാക്കപ്പെട്ടത്‌.

പിന്നീട്‌ എല്ലാ പ്രവേശന പരീക്ഷകളിലും സെലക്‌ഷൻ പരീക്ഷ കളിലും ഉപയോഗിക്കപ്പെട്ട ഈ സംവിധാനം നമ്മുടെ ബോധനരീതികളെയാകെ മാറ്റിമറിച്ചു. ഹൈസ്‌കൂളുകളിൽ നടക്കുന്ന ബോധപൂർവമായ `കോച്ചിംഗും' നൂറുമേനി സ്‌കൂളുകളും വ്യാപിച്ചു. അറിവിന്റെ വർധനവിന്റെയും കഴിവുകളുടെയും ശേഷികളുടെയും വികാസത്തിന്റെയും സ്ഥാനം പരീക്ഷകൾക്ക്‌ ലഭിച്ചു. ക്വസ്റ്റ്യൻ ബാങ്കുകൾ, റാങ്ക ഫൈലുകൾ, ഗൈഡുകൾ, പ്രൈവറ്റ്‌ ട്യൂഷൻ - കോച്ചിങ്‌ സെന്ററുകൾ തുടങ്ങി വിപുലമായ സമാന്തര വിദ്യാഭ്യാസ വ്യവസായം വളർന്നുവന്നു. എസ്‌.എസ്‌.എൽ.സി.യും പിന്നീട്‌ പ്രീഡിഗ്രിയും പ്രൊഫഷണൽ കോഴ്‌സുകൾക്കുള്ള ചവിട്ടുപടികളായി. ഇവയുടെ ആവശ്യങ്ങൾക്കനുസരിച്ച്‌ മൊത്തം വിദ്യാഭ്യാസപദ്ധതി ക്രമീകരിക്കപ്പെട്ടു.

1976-ൽ വിദ്യാഭ്യാസത്തെ കേന്ദ്ര ഗവൺമെന്റ്‌ കൺകറന്റ്‌ ലിസ്റ്റിൽപെടുത്തി. സംസ്ഥാനത്തിൽ ഉണ്ടാകേണ്ട സൃഷ്‌ടിപരമായ നീക്കങ്ങളെയെല്ലാം തടയുന്ന നടപടിയായിരുന്നു അത്‌. കേന്ദ്ര നയങ്ങളെ നിരുപാധികം അനുസരിക്കേണ്ട ബാധ്യത കേരളത്തിനുണ്ടെന്ന വിധത്തിലായിരുന്നു കേരള ഗവൺമെന്റിന്റെ നയങ്ങൾ. നിർഭാഗ്യമെന്നു പറയട്ടെ 1957-നു ശേഷം കേരളത്തിലെ പ്രമുഖ രാഷ്‌ട്രീയ കക്ഷികളായ കോൺഗ്രസോ കമ്മ്യൂണിസ്റ്റുകാരോ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. സമൂഹമാകെ നൽകുന്ന നികുതിപ്പണം കൊണ്ട്‌ ശംബളം നൽകുന്ന അധ്യാപകരെ, കോഴ വാങ്ങി നിയമിക്കാനുള്ള സൗകര്യത്തെ മൗലികാവകാശമായി കാണുകയും ന്യൂനപക്ഷാവകാശങ്ങളെ വളച്ചൊടിച്ച്‌ വികൃതമാക്കുകയും ചെയ്‌ത ജാതിമത രാഷ്‌ട്രീയക്കളികളാണ്‌ കഴിഞ്ഞ 40 വർഷമായി വിദ്യാഭ്യാസം കൈകാര്യം ചെയ്‌തുപോന്നത്‌. ഈ ഭരണകർത്താക്കൾ സ്വന്തം സ്ഥാപിത താൽപര്യങ്ങൾക്കനുസരിച്ച്‌ സെലക്‌ടീവായി പല പദ്ധതികളും ഇവിടെ നടപ്പിലാക്കുകയായിരുന്നു. വിദ്യാഭ്യാസ മുതൽമുടക്കിനു ഗവൺമെന്റിന്റെ കയ്യിൽ പണമില്ലെന്നു പറഞ്ഞ്‌ സ്വകാര്യവൽക്കരണത്തിനുള്ള നീക്കം, തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ, സെൽഫ്‌ ഫൈനാൻസിങ്‌ മുതലായവ ഇതിനുദാഹരണങ്ങളാണ്‌. ഹയർസെക്കണ്ടറി തലത്തിൽ 50 ശതമാനം കുട്ടികളെയെങ്കിലും വൊക്കേഷണൽ മേഖലയിലേക്കു തിരിച്ചുവിടണമെന്ന്‌ 1964-66-ൽ കോത്താരി കമ്മീഷൻ നിർദേശിച്ചപ്പോൾ ചെറുവിരലനക്കാതിരുന്നവരാണ്‌ രായ്‌ക്കുരാമാനം തൊഴിലധിഷ്‌ഠിത കോഴ്‌സുകൾക്കു പിന്നാലെ ഓടിയത്‌. കേരളത്തിൽ സാങ്കേതിക വിദഗ്‌ധരുടെ ആവശ്യമുണ്ടോ എന്ന അന്വേഷണത്തിനു പകരം കർണാടകത്തിലെ കച്ചവട എഞ്ചിനീയറിംഗ്‌ കോളേജുകളിലേക്ക്‌ ഒഴുകുന്ന പണത്തിന്റെ മാതൃകയാണ്‌ കേരളത്തിൽ എഞ്ചിനീയറിംഗ്‌ കോളേജുകൾ തുടങ്ങാൻ പ്രേരിപ്പിച്ചത്‌. വിദ്യാഭ്യാസ ബിസിനസ്സുകാരുടെ ലോബി ഇപ്പോൾ സർവകലാശാലകൾ മുതൽ പ്രീപ്രൈമറി സ്‌കൂൾവരെ എല്ലാ മേഖലകളിലേക്കും കടന്നുകയറുകയാണ്‌, ഭരണകർത്താക്കളുടെയും ഉദ്യോഗസ്ഥമേധാവികളുടെയും അനുഗ്രഹാശിസുകളോടെ.

സാമുദായിക ശക്തികളും മതവർഗീയ ശക്തികളും ഒന്നായിച്ചേർന്ന്‌ വിദ്യാഭ്യാസത്തിന്റെ ഘടനയെയും ഉള്ളടക്കത്തെയും വർഗീയവൽക്കരിക്കുന്നതാണ്‌ നാം ഇപ്പോൾ കാണുന്നത്‌. കോളേജുകളിലെയും സ്‌കൂളുകളിലെയും അധ്യാപകനിയമനം പരസ്യമായി വർഗീയ താൽപര്യത്തോടെയാണ്‌ നടത്തുന്നത്‌. മതവർഗീയ ശക്തികൾ നടത്തുന്ന അൺഎയ്‌ഡഡ്‌ സ്‌കൂളുകളുടെ എണ്ണം പെരുകിവരുകയാണ്‌. അവിടെ മതാചാരങ്ങൾക്കനുസരിച്ച അധ്യയനവും പെരുമാറ്റ രീതികളും നിർബന്ധിതമാക്കപ്പെടുന്നു. സെക്കുലർ വിദ്യാഭ്യാസത്തിന്റെ സ്വാധീനം മൂലം പുറന്തള്ളപ്പെട്ടുകൊണ്ടിരുന്ന സ്‌കൂളുകളിലെ മതബോധനം വീണ്ടും ശക്തിപ്രാപിക്കുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ മാനദണ്ഡങ്ങൾക്കനുസരിച്ച്‌ എല്ലാ വിഭാഗങ്ങൾക്കും ഒരു സ്‌കൂളിൽ പ്രവേശനം നേടാമെന്നിരിക്കെയാണ്‌ ഇത്തരത്തിലുള്ള പ്രവണതകൾ ശക്തിപ്പെടുന്നത്‌. ക്രിസ്‌ത്യൻ സ്‌കൂളുകളിൽ `കാറ്റെക്കിസം' നിർബന്ധമാക്കാനുള്ള ശ്രമങ്ങൾ, മദ്രസകളെ ഇംഗ്ലീഷ്‌ മീഡിയം സ്‌കുളുകളാക്കുന്നതിനുള്ള നീക്കങ്ങൾ ,വ്യത്യസ്‌ത ഹിന്ദുസംഘടനകൾ നടത്തുന്ന സ്‌കൂളുകൾ തുടങ്ങിയവ ഉദാഹരണങ്ങളാണ്‌. വിവിധ ശാസ്‌ത്ര-സാമൂഹ്യ ശാസ്‌ത്രശാഖകളിലെ നൂതനവും ശാസ്‌ത്രീയവുമായ കണ്ടുപിടുത്തങ്ങൾക്കെതിരായ പോരാട്ടവും കേരളത്തിൽ വളർന്നുവരുന്നതു കാണാം.

കേരളത്തിൽ ജാതിമത ശക്തികളുടെ വിലപേശൽ രാഷ്‌ട്രീയത്തിന്റെ ഏറ്റവും പ്രകടമായ രൂപം വിദ്യാലയങ്ങളാണ്‌. എല്ലാ സാമുദായിക സംഘടനകൾക്കും മതസ്ഥാപനങ്ങൾക്കും പൊതുവിദ്യാഭ്യാസമേഖലയിൽ സ്ഥാപനങ്ങളുണ്ട്‌. ഇവയെ വ്യാപിപ്പിക്കുന്നതിനും അവയെ സാമുദായിക സ്വാധീനം വർധിപ്പിക്കുന്നതിനുമുള്ള തുരുപ്പുശീട്ടുകളായി ഉപയോഗിക്കുന്നതിനും ഇവർ ഒരു മടിയും കാണിക്കാറില്ല. ഈയിടെ ഹയർ സെക്കണ്ടറി തലത്തിൽ അധ്യാപകനിയമനത്തിന്‌ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചതിനെതിരെ മാനേജ്‌മെന്റുകൾ ഉയർത്തിയ ഭീഷണി ഉദാഹരണമാണ്‌. ഇത്തരം സ്ഥാപനങ്ങൾ പ്രകടമായ കച്ചവടതന്ത്രങ്ങളുടെയും ഭാഗമാണ്‌. അവരുടെ മാനേജ്‌മെന്റ്‌ രീതികളോ കണക്കുകളോ ഗവൺമെന്റിനെയും സമൂഹത്തെയും ബോധ്യപ്പെടുത്തുന്നതിന്‌ ഇവർക്ക്‌ ഒരു ബാധ്യതയുമില്ല. സർക്കാർനിയമങ്ങളിലെ പഴുതുകളെ സ്വന്തം ലാഭതന്ത്രത്തിനും സങ്കുചിതവിഭാഗീയ താൽപര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കാൻ ഇവർ ഒരു മടിയും കാണിക്കാറില്ല. പൊതുവിദ്യാഭ്യാസത്തിന്‌ ഏറ്റവും ശക്തമായ ഭീഷണിയാണ്‌ ഇക്കൂട്ടർ ഉയർത്തുന്നത്‌.

കേരളത്തിലെ സാമൂഹ്യ മാറ്റങ്ങളും ജനാധിപത്യവൽക്കരണവും ചേർന്നു സൃഷ്‌ടിച്ച പൊതുവിദ്യാഭ്യാസത്തിന്റെ തകർച്ചയുടെ ചിത്രമാണ്‌ നാം കാണുന്നത്‌. ഭരണകർത്താക്കളും ജാതിമത സാമുദായിക ശക്തികളും വിദ്യാഭ്യാസ ബിസിനസ്സുകാരും ചേർന്ന്‌ തകർത്തെറിയുന്ന അറിവിന്റെ ലോകത്തിന്റെ ചിത്രം ഈ തകർച്ചയുടെ ദുരന്തഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നത്‌ ദരിദ്രഭൂരിപക്ഷമാണ്‌. അവരാണ്‌ സമൂഹത്തിലാവശ്യമായ വിജ്ഞാനവും നൈപുണികളുമില്ലാതെ തൊഴിലില്ലാപ്പടയുടെ ഭാഗമാകുന്നതും വേതനമില്ലാത്തൊഴിലുകൾ ചെയ്യേണ്ടി വരുന്നതും.

ഇന്നത്തെ സ്ഥിതി- പരിഷത്തിന്റെ സമീപനം

മേൽ സൂചിപ്പിച്ച പൊതു പശ്ചാത്തലത്തിലാണ്‌ കേരളത്തിലെ വിദ്യാഭ്യാസത്തിലെ സമകാലീന പ്രവണതകൾ ചർച്ചചെയ്യേണ്ടത്‌. വിദ്യാഭ്യാസത്തെ സമൂഹ പ്രക്രിയയിൽനിന്ന്‌ വേർപെടുത്താനാവില്ല. അതുകൊണ്ട്‌ അവയെയും ഹ്രസ്വമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

ആഗോളവൽക്കരണം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന സാമ്രാജ്യത്വത്തിന്റെ വികാസ തന്ത്രത്തിനു മുമ്പിൽ ഇന്ത്യ കീഴടങ്ങിക്കൊണ്ടിരിക്കുകയാണ്‌. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ ലോകബാങ്ക്‌ - ഐ.എം.എഫ്‌. -ഡബ്ലിയു.ടി.ഒ. ശക്തികളുടെ നിബന്ധനകൾക്കനുസരിച്ച്‌ മാറിക്കൊണ്ടിരിക്കുന്നു. കമ്പോളവൽക്കരണവും ഉദാരവൽക്കരണവും അധീശത്വം പുലർത്തുന്നു. ഉദാരവൽക്കരണത്തിന്റെ പുതിയ ഫോർമുലകൾക്കനുസരിച്ച്‌ പൊതുമേഖലാ വ്യവസായങ്ങൾക്കും ചുവടുകൾ മാറ്റേണ്ടിവരുന്നു. ഇന്ത്യയിലെ 10-15 ശതമാനം വരുന്ന ധനികവിഭാഗവും ദരിദ്രഭൂരിപക്ഷവും തമ്മിൽ ജീവിതനിലവാരത്തിലുള്ള അന്തരം മറ്റെന്നത്തെക്കാളുമധികം വർദിച്ചുവരികയാണ്‌. കമ്പോളശക്തികളുടെ നിബന്ധനകൾക്കനുസരിച്ച്‌ രാഷ്‌ട്രീയ അധികാര രൂപങ്ങളും ചുവടുകൾ മാറ്റുന്നു. ഇതിന്റെ പ്രകടമായ രൂപമാണ്‌ സാമുഹ്യസേവന മേഖലയിലുള്ള ഗവൺമെന്റ്‌ മുതൽമുടക്ക്‌ വെട്ടിക്കുറയ്‌ക്കുന്നതിനുള്ള നീക്കങ്ങൾ. ഗവൺമെന്റ്‌ ചെയ്യേണ്ട ജോലികൾ സന്നദ്ധ സംഘടനകളെയും സ്വകാര്യ ഏജൻസികളെയും ഏൽപിക്കുന്ന പ്രവണത ഇതിന്റെ ഭാഗമാണ്‌.

ഗാട്ട്‌ ചർച്ചകളുടെ അന്ത്യത്തിൽ മരക്കേഷിൽവെച്ച്‌ ഒപ്പുവെച്ച കരാറിൽപെട്ട സർവീസ്‌ രംഗത്തെ വ്യാപാരത്തെ സംബന്ധിച്ച ഉടമ്പടി (GATTS) യിൽ പെട്ടതാണ്‌ വിദ്യാഭ്യാസവും. കൂടാതെ വിദ്യാഭ്യാസരംഗത്തെക്കുറിച്ചു ചർച്ച ചെയ്‌ത ജോമാത്യേൻ സമ്മേളനത്തിലെ തീരുമാനങ്ങളും ഇന്ന്‌ പ്രധാനമാണ്‌. ഇവയനുസരിച്ച്‌ വിദ്യാഭ്യാസരംഗത്തെ മുതൽമുടക്ക്‌ ലോകകമ്പോളശക്തികൾക്ക്‌ വിധേയമായിരിക്കുന്നു. ഇന്ത്യയെപ്പോലുള്ള ദരിദ്ര രാഷ്‌ട്രങ്ങളിലെ പ്രബലമായ മനുഷ്യശക്തിയെ ആഗോളമുതലാളിത്തത്തിനുള്ള വിലകുറഞ്ഞ അധ്വാനശക്തിയും കമ്പോളവുമാക്കി മാറ്റുന്നതിന്‌ പ്രാഥമിക വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്‌ എന്ന വാദം ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസത്തെ സംബന്ധിച്ച ലോകബാങ്ക്‌ റിപ്പോർട്ടിൽ (Primary Education in India, 1997) കാണാം. ഇതിനുവേണ്ടി വമ്പിച്ച മുതൽമുടക്കു നടത്താൻ ഇന്ന്‌ ലോകബാങ്കും മറ്റു ശക്തികളും തയ്യാറാണ്‌. ഇതിൻരെ ഭാഗമായി നടപ്പിലാക്കപ്പെട്ട നിരവധി പ്രോജക്‌ടുകൾ ഇപ്പോൾത്തന്നെ വിവിധ സംസ്ഥാനങ്ങളിലുണ്ട്‌. ഇന്ത്യയൊട്ടാകെ നടപ്പിലാക്കിവരുന്ന ഡി.പി.ഇ.പി.യും ഇതേ തന്ത്രത്തിന്റെ ഭാഗമാണ്‌.

കമ്പോളശക്തികളുടെ ആധിപത്യം സമ്പൂർണമാണെന്ന്‌ വാദിക്കാനാവില്ല. കമ്പോളവൽക്കരണത്തിനെതിരായ പ്രതിരോധപ്രസ്ഥാനങ്ങൾ പലയിടങ്ങലിളും രൂപം കൊള്ളുന്നു. തൊഴിലാളികൾ, കർഷകർ, പരിസ്ഥിതിപ്രവർത്തകർ, സ്‌ത്രീകൾ തുടങ്ങിയവർ ഏറിയും കുറഞ്ഞും പ്രതിരോധത്തിൽ പങ്കെടുക്കുന്നുണ്ട്‌. കമ്പോളവൽക്കരണത്തിന്റെ ദുരന്തഫലങ്ങൾക്കെതിരെ അവർ പോരാടുന്നു. കമ്പോളശക്തികളുടെ ആധിപത്യം വളർന്നുവരുന്ന വിദ്യാഭ്യാസ രംഗത്തും ഇത്തരം ഒരു പോരാട്ടം ആവശ്യമാണ്‌.

ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെയും ശക്തിയിലാണ്‌ പൊതുവിദ്യാഭ്യാസം വളർന്നുവന്നത്‌. എന്നാൽ, പൊതുവിദ്യാഭ്യാസം തകർന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിൽ വ്യക്തമായ വിദ്യാഭ്യാസ നയം രൂപപ്പെടുത്താൻ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കു കഴിയുന്നില്ല. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുകയെന്ന മുദ്രാവാക്യം നിരവധി സംഘടനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്‌. പക്ഷേ, സംരക്ഷിക്കുന്ന വിധത്തെക്കുറിച്ച്‌ വ്യക്തമായ ബദൽനിർദേശങ്ങൾ മുന്നോട്ടുവയ്‌ക്കാൻ അവർക്കു കഴിയുന്നില്ല. അടുത്ത കാലത്തു കേരളത്തിൽ നടന്നുവരുന്ന വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ ശ്രദ്ധേയമാകുന്നത്‌ ഈ പശ്ചാത്തലത്തിലാണ്‌. (പുതിയ പദ്ധതിയുടെ വിശദാംശങ്ങൾ അടുത്ത ഭാഗത്തിൽ കാണാം).

നിലവിലുള്ള വിദ്യാഭ്യാസവകുപ്പിന്റെയും ഡി.പി.ഇ.പി. പോലുള്ള ഘടകങ്ങളുടെയും പരിമിതികൾക്കുള്ളിലാണെങ്കിലും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ പുതിയവിദ്യാഭ്യാസ ക്രമത്തിനുണ്ടെന്ന്‌ പരിഷത്ത്‌ വിശ്വസിക്കുന്നു. അതേസമയം ജനാധിപത്യ പ്രസ്ഥാനങ്ങളുടെ മേൽനോട്ടവും മോണിട്ടറിംഗും ഇല്ലെങ്കിൽ കമ്പോളശക്തികളുടെ കയ്യിലേക്ക്‌ വിദ്യാഭ്യാസം പൂർണമായി വഴുതിപ്പോകാനുള്ള സാധ്യതയും ഇന്നുണ്ട്‌.

താഴെ പറയുന്നവ പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഗുണപരമായ വശങ്ങളായി പരിഷത്ത്‌ കണക്കാക്കുന്നു.

1. പുതിയ പാഠ്യപദ്ധതി ശിശുകേന്ദ്രീകൃതമാണ്‌. കുട്ടികൾക്ക്‌ അവരുടെ ചുറ്റുപാടുകളിൽനിന്ന്‌, സ്വയം നിശ്ചയിക്കുന്ന വേഗതയിൽ അറിവ്‌ സമ്പാദിക്കാൻ അവസരം നൽകുന്നു. ഇതുവഴി പഠനത്തിലെ പിന്നോക്കക്കാരുടെ എണ്ണം കുറയ്‌ക്കാൻ കഴിയുന്നു.

ഈ ഘടകമാണ്‌ ഇന്ന്‌ കളി എന്ന പേരിൽ പരിഹസിക്കപ്പെടുന്നത്‌. യഥാർഥത്തിൽ എല്ലാ കളികളും വിജ്ഞാനസമ്പാദനത്തിന്റെയും സമൂഹപ്രയോഗത്തിന്റെയും വ്യത്യസ്‌ത രൂപങ്ങൾ മാത്രമാണ്‌. കുട്ടികൾ ഏറ്റവുമെളുപ്പത്തിൽ അറിവു സമ്പാദിക്കുന്നത്‌ അവരുടെ സ്വാഭാവിക ചുറ്റുപാടുകളുമായുള്ള പ്രതിപ്രവർത്തനം കൊണ്ടാണെന്ന്‌ എല്ലാ വിദ്യാഭ്യാസ വിദഗ്‌ധരും അംഗീകരിക്കുന്നു. ഈ പ്രവർത്തനം ബോധപൂർവമായ സർഗാത്മക രൂപമാണ്‌. അധ്യാപക കേന്ദ്രീകൃതമായ കാണാപ്പാഠം പഠനത്തിൽ നിന്ന്‌ ഗുണപരമായ വ്യതിയാനമാണിത്‌.

2. പഠനം നടക്കുന്നത്‌ പ്രക്രിയാധിഷ്‌ഠിതവും ഉദ്‌ഗ്രഥിതവുമായ രീതികളിലാണ്‌.

അറിവിനെ ക്യാപ്‌സൂളുകളായി വിഴുങ്ങാനല്ല കുട്ടികളോട്‌ ആവശ്യപ്പെടുന്നത്‌. ഓരോ അറിവിനെയും ഓരോ കണ്ടെത്തലായി മാറ്റുകയും കണ്ടെത്തൽ പ്രക്രിയയെക്കുറിച്ച്‌ ബോധമുയർത്തുകയുമാണ്‌. അറിവിനെ ആദ്യം മുതൽ ഭാഷ, കണക്ക്‌, സയൻസ്‌ മുതലായ വിവിധ കള്ളികളിലായി തിരിക്കുന്നില്ല. കുട്ടി പ്രകൃതിയെയും സമൂഹത്തെയും തിരിച്ചറിയുന്നത്‌ ഇത്തരം കള്ളികളിലല്ല. വിജ്ഞാനസമ്പാദന പ്രക്രിയയുടെ ഭാഗമായി നടക്കുന്ന അന്വേഷണങ്ങളിലൂടെ ഇത്തരം വിഷയങ്ങളിൽ എത്തുകയാണ്‌ ചെയ്യുന്നത്‌. ശാസ്‌ത്രീയമായ ലോകസങ്കൽപം വളരുന്നത്‌ അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും പ്രക്രിയകളിലൂടെയാണ്‌.

3. മൂല്യനിർണയം സമഗ്രവും തുടർച്ചയായതും കുട്ടികളുടെ എല്ലാ കഴിവുകളും പരിശോധിക്കുന്നതുമാകണമെന്നാണ്‌ ലക്ഷ്യമിടുന്നത്‌.

ഇതുവരെ നടത്തിപ്പോരുന്ന പരീക്ഷാകേന്ദ്രീകരണത്തിൽനിന്ന്‌ പ്രധാനപ്പെട്ട മാറ്റമാണിത്‌. കുട്ടികളെ ബോധനത്തിന്റെ ഭാഗമായിത്തന്നെ മൂല്യനിർണയം നടത്തുന്ന രീതിയാണിത്‌. കുട്ടികളുടെ പുരോഗതി കൃത്യമായി മോണിട്ടർ ചെയ്‌തുകൊണ്ടുള്ള രീതി അന്തിമ പരീക്ഷകളിൽ നിന്നുള്ള വിലയിരുത്തലിനെക്കാളധികം ശാസ്‌ത്രീയമാണ്‌. കുട്ടിയുടെ സർഗാത്മകമായ കഴിവുകളും താൽപര്യങ്ങളുമെല്ലാം തിരിച്ചറിയാൻ ഇതു സഹായിക്കും.

4. വിദ്യാഭ്യാസത്തിന്റെ സാമൂഹ്യ നിയന്ത്രണം എന്ന ആശയം കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കും.

രക്ഷിതാക്കളും അയൽപക്കത്തെ ജനങ്ങളും അധ്യാപകരും ചേർന്നു മാത്രമേ ഇത്തരമൊരു പാഠ്യപദ്ധതി ഫലപ്രദമായി നടപ്പിലാക്കാൻ സാധിക്കൂ. ചുറ്റുപാടുകളിൽനിന്നുള്ള പഠനം അയൽപക്ക സമൂഹത്തെ ഒഴിവാക്കി നടപ്പിലാക്കാൻ സാധ്യമല്ല. അയൽപക്ക പങ്കാളിത്തത്തിന്റെ മൂർത്തരൂപങ്ങൾ വളർത്തിക്കൊണ്ടുവരികയും വിദ്യാലയത്തിന്റെ സാമൂഹ്യ പ്രതിബദ്ധത ഉറപ്പുവരുത്തുകയും ചെയ്യാം.

5. അധ്യാപകന്റെ പങ്കിൽ ഗുണപരമായ വ്യത്യാസം വരുന്നു.

അധ്യാപകൻമാർ അനുസരണ പഠിപ്പിക്കുന്ന ഫ്യൂഡൽ ജൻമിമാരല്ല. പൌളോ ഫ്രെയർ പറയുന്ന വിദ്യാഭ്യാസത്തിലെ ബാങ്കിങ്‌ സമ്പ്രദായം തുടച്ചുനീക്കാൻ കഴിയും. കുട്ടികളാണ്‌ പഠിക്കുന്നത്‌. അധ്യാപകർ അതിനെ സഹായിക്കുന്ന ഘടകം. ഈ അവസ്ഥയിൽ അധ്യാപകരുടെ ഉത്തരവാദിത്വം പതിൻമടങ്ങു വർധിക്കുന്നുവെന്നാണ്‌ പുതിയ പാഠ്യപദ്ധതിയുടെ ഇതുവരെയുള്ള അനുഭവം. വിദ്യാർഥിയുടെ അന്വേഷണത്തിൽ അധ്യാപകർ പങ്കാളികളാകുന്നത്‌ സ്വയം അന്വേഷണം നടത്താൻ അവരെയും പ്രേരിപ്പിക്കുന്നു. ഇതുവഴി അധ്യയനത്തിന്റെ ജഡത്വം അപ്രത്യക്ഷമാകുന്നു.

പുതിയ പാഠ്യപദ്ധതിയുടെ അക്കാദമിക്‌ വശങ്ങൾക്കെതിരെ ഉയർന്നുവരുന്ന നിരവധി വിമർശനങ്ങളുണ്ട്‌. ഈ വിമർശനങ്ങളുടെ മുന പലപ്പോഴും പരിഷത്തിനെതിരെയാണ്‌. ദൗർഭാഗ്യവശാൽ പരിഷത്തിന്റെ നിലപാടുകളെ സമഗ്രമായി കാണാതെ, ഏതെങ്കിലും ചില പ്രസ്‌താവനകളെ മാത്രം ഉപയോഗിച്ചാണ്‌ വിമർശനങ്ങൾ. വിമർശകർ ബോധപൂർവം സെലക്‌ടീവ്‌ ആകുന്നതല്ലേ എന്ന സംശയവും ഉണർത്തുന്നു. അവയിൽ പ്രധാനപ്പെട്ടവ താഴെ നൽകുന്നു.

a) സിലബസ്‌ ഭാരം ലഘൂകരിക്കണമെന്നു വാദിക്കുന്ന യശ്‌പാൽ കമ്മിറ്റി റിപ്പോർട്ടിനെയാണ്‌ പരിഷത്ത്‌ ഉപയോഗിക്കുന്നത്‌.

യശ്‌പാൽ കമ്മിറ്റി റിപ്പോർട്ടിനെ പരിഷത്ത്‌ അവലംബിച്ചിട്ടുണ്ടെന്നതു ശരിതന്നെ. പ്രൈമറി തലത്തിലെ വിവരഭാരം (Information Load) ലഘൂകരിക്കണമെന്ന്‌ ആദ്യം നിർദേശിച്ചത്‌ യശ്‌പാലല്ല. കുട്ടികൾക്കു താങ്ങാൻ കഴിയാത്ത ഭാരം അടിച്ചേൽപിക്കരുത്‌ എന്ന ആശം *കോത്താരി കമ്മീഷൻ റിപ്പോർട്ട്‌ മുതൽ കാണാം.

ഓരോ സ്‌കൂളും സ്വന്തം കരിക്കുലം ഡിസൈൻ ചെയ്യുക എന്ന ആശയത്തിലേക്കാണ്‌ നമ്മൾ എത്തേണ്ടത്‌. എന്നാൽ ഇപ്പോൾ ജാതിമത കച്ചവട ശക്തികൾ ആധിപത്യം ചെലുത്തുന്ന നമ്മുടെ സംസ്ഥാനത്തിൽ ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ഊഹിക്കാവുന്നതേയുള്ളൂ. ഭൂരിപക്ഷം സ്‌കൂളുകൾക്കും സ്വന്തം കരിക്കുലം ഡിസൈൻ ചെയ്യാനുള്ള കഴിവ്‌ ഇന്നില്ല. ഈ സാഹചര്യങ്ങളിലാണ്‌ 1983-ൽ എൻ.സി.ഇ.ആർ.ടി. മറ്റൊരു ആശയം മുന്നോട്ടുവെച്ചത്‌. ഭൂരിപക്ഷം സ്‌കൂളുകളിലെ ഭൂരിപക്ഷം വിദ്യാർഥികൾക്ക്‌ ഉൾക്കൊള്ളാൻ സാധിക്കുന്നതായിരിക്കണം സ്‌കൂൾ സിലബസ്സിലെ വിവരഭാരം. ഭാരമേറിയ പുസ്‌തകസഞ്ചികളെക്കുറിച്ചും മറ്റുമുള്ള യശ്‌പാലിന്റെ പരാമർശങ്ങളും ഈ ആശയത്തെ സൂചിപ്പിക്കുന്നു. (കൂട്ടത്തിലൊന്നു പറയട്ടെ, ന്യൂഡൽഹിയിലെ പബ്ലിക്‌ സ്‌കൂൾ കുട്ടികളുടെ സഞ്ചികൾ തന്നെയാണ്‌ യശ്‌പാലിനെ ഈ അഭിപ്രായപ്രകടനം നടത്താൻ പ്രേരിപ്പിച്ചത്‌. കേരളത്തിൽ ഇംഗ്ലീഷ്‌ മീഡിയം മാത്രമല്ല, സാധാരണ സ്‌കൂളുകളിലെ കുട്ടികളും ഭാരിച്ച സഞ്ചിയും പേറി നടക്കാൻ നിർബന്ധിതരാകുന്നില്ലേ?) പരിഷത്ത്‌ അംഗീകരിക്കുന്നത്‌ ഈ ആശയമാണ്‌. സ്‌കൂളുകളിലെ സിലബസ്‌ ഭാരം കൃത്രിമമായി ലഘൂകരിക്കണമെന്നല്ല പരിഷത്ത്‌ ആവശ്യപ്പെടുന്നത്‌. വ്യക്തമായ നിലവാരപഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോ കാലഘട്ടത്തിലും ഓരോ പ്രദേശത്തിലും വേണ്ട അനുയോജ്യമായ ഭാരം നിർണയിക്കപ്പെടണമെന്നാണ്‌. ആ ഭാരം ദരിദ്രവിഭാഗങ്ങളുടെ വളർച്ചയ്‌ക്കനുയോജ്യമായിരിക്കുകയും വേണം.

ഈ ആശയത്തെ എതിർക്കുന്നവർ കാണാത്ത മറ്റൊരു വശമുണ്ട്‌. സിലബസ്‌ ഭാരത്തെ നിരാകരിക്കുകയും എല്ലാ വിദ്യാർഥികളെയും ഒരു നിശ്ചിത മിനിമം നിലവാരത്തിലേക്ക്‌ എത്തിക്കുകയാണ്‌ എന്നു നിർദേശിക്കുകയും ചെയ്യുന്നതാണ്‌ Minimum levels of learning (MLL) എന്ന ആശയം. ഒരു ആശയമെന്ന നിലയിൽ ആകർഷകമെങ്കിലും ഇന്ത്യയിൽ നടപ്പിലാക്കുമ്പോൾ നിരവധി പാളിച്ചകൾ കടന്നുകൂടി. ഇന്ത്യയിലെ നിശ്ചിത മിനിമം നിലവാരം തീരുമാനിക്കപ്പെട്ടത്‌ ശാസ്‌ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നില്ല. പ്രാദേശിക വ്യതിയാനങ്ങൾ കണക്കിലെടുത്തില്ല. ഉദാഹരണത്തിന്‌ കേരള പശ്ചാത്തലത്തിൽ മിനിമം നിലവാരത്തെക്കുറിച്ചുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല എം.എൽ.എൽ നടപ്പിലാക്കപ്പെട്ടത്‌. ഇന്ത്യയൊട്ടുക്കോ കേരളത്തിൽ പോലുമോ ഒരു പൊതുമിനിമം എന്നത്‌ ഇന്നത്തെ സാഹചര്യങ്ങളിൽ പ്രായോഗികമായി സാധ്യവുമല്ല. എങ്കിലും പുതിയ പാഠ്യപദ്ധതിക്കെതിരായി വാദിക്കുന്നവർ ഇപ്പോഴും ഉയർത്തിപ്പിടിക്കുന്നത്‌ എം.എൽ.എൽ.ആണ്‌!

b) സാർവത്രികവിദ്യാഭ്യാസം നേടിയ കേരളത്തിന്‌ അനുയോജ്യമല്ലാത്ത പാഠ്യപദ്ധതിയെയാണ്‌ പരിഷത്ത്‌ പിന്തുണയ്‌ക്കുന്നത്‌.

കേരളത്തിലെ കവികളെയും സാഹിത്യകാരൻമാരെയും പരിചയപ്പെടുത്തുന്നില്ല എന്നതു മുതൽ ഉത്തരേന്ത്യൻ ആനയെയാണ്‌ വരച്ചുവെച്ചിരിക്കുന്നത്‌ മുതലായ ബലിശമായ തലങ്ങൾ വരെ ഇതു ചെന്നെത്തുന്നു. ലഭ്യമായ വിദ്യാഭ്യാസനിലവാരത്തെക്കുറിച്ചുള്ള എല്ലാ പഠനങ്ങളും സൂചിപ്പിക്കുന്നത്‌ പഠിതാക്കളുടെ നേട്ടങ്ങളുടെ കാര്യത്തിൽ കേരളത്തിലെ കുട്ടികൾ മറ്റു സംസ്ഥാനങ്ങളെക്കാൾ മെച്ചമല്ലെന്നാണ്‌. പ്രത്യേകിച്ച്‌ ഇംഗ്ലീഷ്‌, കണക്ക്‌, ഹിന്ദി മുതലായവയിൽ കേരളത്തിൽ വിദ്യാഭ്യാസ ലഭ്യത എന്ന ലക്ഷ്യം ഏതാണ്ട്‌ നേടിക്കഴിഞ്ഞ സാഹചര്യത്തിൽ ഇനി ഊന്നേണ്ടത്‌ മൊത്തം വിദ്യാർഥികളുടെ പഠന നേട്ടങ്ങൾ മെച്ചപ്പെടുത്തുക എന്നതു തന്നെയാണ്‌. അതേസമയം പാഠ്യപദ്ധതിയിലോ പാഠപുസ്‌തകങ്ങളിലോ വൈകല്യങ്ങൾ ഇല്ല എന്ന അഭിപ്രായം പരിഷത്തിനില്ല. ഒരു ടെക്‌സ്റ്റ്‌ ബുക്ക്‌ റിവ്യു നടത്തി കേരള സാഹചര്യങ്ങൾക്ക്‌ അനുയോജ്യമായി അത്‌ പരിഷ്‌കരിക്കേണ്ടതാണ്‌.

c) ജനപങ്കാളിത്തവികസനവും വികേന്ദ്രീകരണവും സാമ്രാജ്വത്വ മാതൃകകളാണ്‌.

ത്രിതല പഞ്ചായത്തുകൾ പുതിയ അധികാരകേന്ദ്രങ്ങളായി മാറുകയല്ല പരിഷത്തിന്റെ ലക്ഷ്യം. ഡി.പി.ഇ.പി.യിലുള്ളതുപോലെ ഗ്രാമവിദ്യാഭ്യാസ സമിതികൾ വഴിയുള്ള പങ്കാളിത്തവുമല്ല. ഇത്തരം സമിതികളെ നോക്കുകുത്തികളാക്കുകയാണ്‌ DPEP ചെയ്‌തത്‌. പരിഷത്ത്‌ യഥാർഥത്തിൽ അധികാരം കൈയാളുന്നവരായി കാണുന്നത്‌ വാർഡ്‌തലത്തിലുള്ള ഗ്രാമസഭകളെയും സ്‌കൂൾ പരിസരത്തുള്ള അയൽക്കൂട്ടങ്ങളെയുമാണ്‌. ഇവരാണ്‌ വിദ്യാഭ്യാസത്തിന്റെ യഥാർഥ ആസൂത്രണം നടത്തേണ്ടത്‌. ഇവരിൽ ഭൂരിപക്ഷവും സമൂഹത്തിലെ ദരിദ്രവിഭാഗങ്ങളാണ്‌. സമൂഹത്തിലെ ദരിദ്രവിഭാഗങ്ങൾക്ക്‌ അധികാരം കൈമാറുകയെന്നത്‌ സാമ്രാജ്യത്വതന്ത്രങ്ങൾക്കെതിരായുള്ള പ്രതിരോധ രൂപമാണ്‌.

അധികാര വികേന്ദ്രീകരണം രണ്ടുവിധത്തിലാകാം; ഒന്ന്‌, ഗവൺമെന്റ്‌ ഉത്തരവാദിത്വത്തിൽ നിന്ന്‌ പിന്മാറുന്നതിനുവേണ്ടി പഞ്ചായത്തുകൾക്ക്‌ അധികാരം ഡെലിഗേറ്റ്‌ ചെയ്യലാകാം. കേന്ദ്രഗവൺമെന്റിന്റെ പഞ്ചായത്തിരാജ്‌ ബില്ലുകളിൽ ഈ ആശയം കാണാം. രണ്ട്‌, സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന്റെ ഭാഗമായി അധികാരം ജനങ്ങൾ കൈയാളുന്ന സ്ഥിതിയാകാം. ഇതിൽ രണ്ടാമത്തെതിനെ പരിഷത്ത്‌ അനുകൂലിക്കുന്നു. അതേസമയം പഞ്ചായത്തിന്‌ അധികാരങ്ങൾ കൈമാറുമ്പോൾ, അതിനോട്‌ നിഷേധാത്മകമായ നയം സ്വീകരിച്ചു മാറി നിൽക്കുന്നത്‌ വിഡ്‌ഢിത്തമാണ്‌. സാമ്രാജ്യത്വത്തിന്റെ പ്രതിസന്ധിയുടെ ഫലമായുണ്ടാകുന്ന ഇത്തരം നീക്കങ്ങളിൽ ബോധപൂർവം ഇടപെടേണ്ടതാണ്‌. ജനകീയാസൂത്രണം അത്തരത്തിലുള്ള ഇടപെടൽ രൂപമാണ്‌.

ജനാധിപത്യ വിദ്യാഭ്യാസത്തിന്റെ മാതൃകകൾ താഴെത്തട്ടിൽ നിന്നു വളർന്നു വരുന്ന ഒരു പരിപാടിക്ക്‌ രൂപം നൽകേണ്ടത്‌ ആവശ്യമാണെന്ന്‌ പരിഷത്ത്‌ കരുതുന്നു.

d) പുതിയ പാഠ്യപദ്ധതി രണ്ടു തട്ടിലുള്ള വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നു.

രണ്ടു തട്ടിലുള്ള വിദ്യാഭ്യാസം ഇപ്പോൾ തന്നെ ശക്തിപ്പെട്ടിരിക്കുകയാണ്‌. അവയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഘടകങ്ങൾ കൊണ്ടുവരുന്നത്‌ കച്ചവടശക്തികളാണ്‌. "നിലവാരമുള്ള വിദ്യാഭ്യാസം"മെന്ന പേരും പറഞ്ഞ്‌ സ്ഥാപിക്കപ്പെടുന്ന 'പബ്ലിക്‌' ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകൾ ഉദാഹരണമാണ്‌. 'സി.ബി.എസ്‌.ഇ' ലേബലും ഒട്ടിച്ച്‌ ഇറങ്ങുന്ന ഇത്തരം സ്‌കൂളുകൾ ആസൂത്രിതമായ തട്ടിപ്പാണ്‌. സി ബി എസ്‌ ഇ സെക്കണ്ടറി പരീക്ഷകൾ നടത്തുന്ന കേന്ദ്ര നിയന്ത്രണത്തിലുള്ള ബോർഡാണ്‌. ഇതിന്റെ സിലബസ്സ്‌ എൻ സി ഇ ആർ ടി യുടെതും. പ്രൈമറി സ്‌കൂളുകൾക്ക്‌ സി ബി എസ്‌ ഇ റെജിസ്‌ട്രേഷൻ നൽകുന്നില്ല.

സ്റ്റേറ്റ്‌ ഗവൺമെന്റിന്റെ ഹൈസ്‌ക്കൂൾ സിലബസ്സും എൻ.സി.ഇ.ആർ.ടി. സിലബസ്സിന്റെ അടിസ്ഥാനത്തിലായതുകൊണ്ട്‌ അതും സി.ബി.എസ്‌.ഇയും തമ്മിൽ ഉള്ളടക്കത്തിൽ വ്യത്യാസമില്ല. അതുകൊണ്ട്‌ സി.ബി.എസ്‌.ഇയിലേക്കു മാറിയതു കൊണ്ട്‌ പ്രവേശന പരീക്ഷയിലോ മറ്റേതെങ്കിലും തലത്തിലോ വലിയ നേട്ടമുണ്ടാവുന്നില്ല. ഏതെങ്കിലും സ്‌കൂളിലെ കുട്ടികൾക്ക്‌ പ്രവേശന പരീക്ഷയിൽ നേട്ടമുണ്ടാവുന്നുണ്ടെങ്കിൽ അത്‌ ആ സ്‌ക്കൂളിലെ കോച്ചിങ്ങിന്റെ നേട്ടമാണ്‌. ഇതു മനസ്സിലാക്കാതെ കച്ചവടക്കാരുടെ ആസൂത്രിത വഞ്ചനയ്‌ക്ക്‌ രക്ഷിതാക്കൾ ഇരയാവുന്നു.

ഒന്നാം ക്ലാസിലെ പ്രവേശന പരീക്ഷ അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി രണ്ടുതട്ടിലുള്ള വിദ്യാഭ്യാസത്തിനു ലഭിക്കുന്ന പ്രോത്സാഹനത്തിന്റെ മറ്റൊരുദാഹരണമാണ്‌. കേരളത്തിൽ മൊത്തം വിദ്യാർഥികളുടെ പ്രവേശനനിരക്ക്‌ കുറയുകയും ആയിരക്കണക്കിന്‌ സ്‌ക്കൂളുകൾ അൺ എക്കണോമിക്‌ ആവുകയും ചെയ്യുമ്പോഴാണ്‌ ഒരു സ്‌ക്കൂളിൽ പ്രവേശനത്തിന്‌ തിരക്കേറുന്നു എന്ന വാദത്തിന്മേൽ പ്രവേശനപരീക്ഷ നടത്താൻ അനുമതി നൽകിയിരിക്കുന്നത്‌.

പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുമ്പോൾ വേണ്ടത്‌ സംസ്ഥാനത്തിലെ എല്ലാ സ്‌ക്കൂളുകളേയും ഇതിന്റെ കീഴിൽ കൊണ്ടുവരികയാണ്‌. പുതിയ പാഠ്യപദ്ധതി നടപ്പിൽ വരുത്തുന്ന സ്‌ക്കൂളുകളുടെ നിലവാരം മെച്ചപ്പെടുമ്പോൾ അത്‌ ഇന്നത്തെ സമ്പന്നസ്‌ക്കൂളുകൾക്കുള്ള പ്രധാനപ്പെട്ട വെല്ലുവിളിയാകുമെന്നതിൽ സംശയമില്ല.

e) പുതിയപാഠ്യപദ്ധതി നിലവിലുള്ള പഠനനിലവാരത്തെ തകർക്കുന്നു. വിവിധ പ്രവേശന പരീക്ഷകളിൽ വിദ്യാർഥികൾക്കുള്ള അവസരത്തെ തടയുന്നു.

കേരളത്തിലെ ന്യൂനപക്ഷം സ്‌ക്കൂളുകൾ കോച്ചിങ്‌ നടത്തി നേടുന്ന `നൂറുമേനി' വിജയങ്ങളെ പ്രകീർത്തിക്കുന്നവരാണ്‌ ഈ വാദമുന്നയിക്കുന്നത്‌. നൂറുമേനിക്ക്‌ ഒരു മറുവശമുണ്ട്‌. ഓരോ വർഷവും സ്‌ക്കൂളിൽ ചേരുന്നവരിൽ എൺപതു ശതമാനത്തിൽ താഴെയാണ്‌ എസ്‌ എസ്‌ എൽ സിയിൽ എത്തുന്നത്‌. അതിൽ പകുതി പേർ ആ പരീക്ഷയിൽ തോൽക്കുന്നു. ബാക്കിയുള്ളവരിൽ പകുതിയോളം ഹയർസെക്കണ്ടറിതലത്തിൽ തോൽക്കുന്നു. ജയിക്കുന്നവരിൽ രണ്ടാം ക്ലാസ്‌ നേടി പാസാകുന്നവർ അതിൽ ന്യൂനപക്ഷം മാത്രം. അതായത്‌ പന്ത്രണ്ടു വർഷത്തെ പഠനം പൂർത്തിയാക്കി മേൽപറഞ്ഞ പ്രവേശന പരീക്ഷക്ക്‌ അർഹരാകുന്നവർ പത്തു ശതമാനത്തിൽ താഴെയാണ്‌! സ്‌ക്കൂളിൽ പ്രവേശിക്കുന്നവരിൽ എൺപതു ശതമാനത്തെയും പുറന്തള്ളുന്ന വിദ്യാഭ്യാസത്തിന്‌ "എന്തു നിലവാരമാണ്‌ ഉള്ളത്‌! ഏതാനും പേർക്ക്‌ പ്രൊഫഷണൽ കോഴ്‌സുകളിൽ ചേരുന്നതിനുള്ള ഉപാധിയാണ്‌ വിദ്യാഭ്യാസം എന്ന ധാരണയെ പരിഷത്‌ ശക്തിയായി എതിർക്കുന്നു. പൊതു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഇന്നു പുറന്തള്ളപ്പെടുന്ന ഭൂരിപക്ഷത്തിന്‌ നീതിയുക്തമായ വിജ്ഞാനവും നൈപുണിയും നൽകലാണ്‌. അതിനുള്ള ശ്രമങ്ങൾക്ക്‌ പരിഷത്‌ പൂർണ പിന്തുണ നൽകുന്നു.

ഇതിനോടൊപ്പം മറ്റു ചില പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലും പരിഷത്തിന്റെ നിലപാട്‌ വ്യക്തമാക്കേണ്ടതുണ്ട്‌.

പരിഷത്‌ സ്വകാര്യവൽക്കരണത്തിനും കച്ചവടവൽക്കരണത്തിനും എതിരായി പോരാടുന്ന സംഘടനയാണ്‌. പക്ഷെ, വിദ്യാഭ്യാസത്തിൽ ജനാധിപത്യശക്തികളുടെ ഇടപെടലുകളെ സ്വകാര്യവൽക്കരണവുമായി കൂട്ടിക്കുഴയ്‌ക്കുന്നത്‌ അപകടകരമാണ്‌. പ്രാദേശിക സമുഹം സ്വന്തം നാട്ടിലെ ഒരു സ്‌ക്കൂൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടിയും അവിടത്തെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയും ശ്രമിക്കുന്നത്‌ ജനാധിപത്യ വിരുദ്ധമല്ല. വിദ്യാഭ്യാസത്തിൽ നിന്ന്‌ ഭരണകൂടത്തിന്റെ പിൻവാങ്ങലിനേയും അതു സൂചിപ്പിക്കുന്നില്ല. ജാതിമത സാമുദായിക ശക്തികളുടെ ഇടപെടൽ ബോധപൂർവമായ വിഭാഗീയ പ്രവണതയാണ്‌. കച്ചവടശക്തികൾ വ്യക്തിനിഷ്‌ഠമായ ലാഭതാൽപര്യങ്ങൾക്കു വേണ്ടിയാണ്‌ ഇടപെടുന്നത്‌. ഇവയും ജനാധിപത്യശക്തികളുടെ പ്രവർത്തനങ്ങളും തമ്മിൽ ബന്ധിപ്പിക്കുന്നത്‌ അശാസ്‌ത്രീയമാണ്‌.

കേരളത്തിൽ അടുത്തകാലം വരെ നടന്ന വിദ്യാഭ്യാസം കൊളോണിയൽ വിദ്യാഭ്യാസക്രമത്തിന്റെ തുടർച്ചയാണെന്നു നാം കണ്ടു. പുതിയ പാഠ്യപദ്ധതി വിപ്ലവകരമായ മാറ്റമാണെന്ന്‌ പരിഷത്ത്‌ കരുതുന്നില്ല. എങ്കിലും ഭാവിയിൽ ജനകീയമായ വിദ്യാഭ്യാസപദ്ധതി വളർത്തിക്കൊണ്ടുവരാനുള്ള സാധ്യതകൾ അതിലുണ്ട്‌. പാഠ്യപദ്ധതിയിലെ പാളിച്ചകൾ തിരുത്തുന്നതോടൊപ്പം ഈ സാധ്യതകളെ വളർത്തേണ്ട ബാധ്യതയും ജനകീയ പ്രവർത്തകർക്കുണ്ട്‌. സമൂഹവും വിദ്യാലയവും തമ്മിൽ അക്കാദമികമായി ബന്ധിപ്പിക്കുന്ന ഒരു സിലബസ്സ്‌ ആദ്യമായാണ്‌ നടപ്പിലാക്കപ്പെടുന്നത്‌. ഈ സാധ്യതയെ തിരിച്ചറിയുന്നതിനുപകരം, ജനവിരുദ്ധമെന്നും സാമ്രാജ്യത്വത്തിന്റെ തന്ത്രമെന്നും മറ്റും പറഞ്ഞു തള്ളിക്കളയുന്നതുവഴി നാം ചെന്നെത്തുന്നത്‌ ഇപ്പോൾത്തന്നെ നിലവിലുള്ള വിദ്യാഭ്യാസത്തിന്റെ പ്രതിലോമപരമായ ഉള്ളടക്കത്തിലേക്കാണ്‌. ഒപ്പം ചില സംഘടനകൾ ഇംഗ്ലീഷ്‌ മീഡിയത്തെ ന്യായീകരിക്കുകയും പ്രീഡിഗ്രി കോളേജിൽ തുടരണമെന്നു വാദിക്കുകയും ചെയ്യുന്നതു കാണുമ്പോൾ ജനകീയ വിദ്യാഭ്യാസത്തോട്‌ ആത്മാർഥമായ സമീപനമാണോ ഇക്കൂട്ടർക്കുള്ളതെന്ന്‌ സംശയിച്ചുപോകുന്നു.

അതിനോടൊപ്പം ഗവൺമെന്റ്‌ പുതിയ പാഠ്യപദ്ധതിയോടെടുത്ത സമീപനവും വിമർശനാത്മകമായി വിലയിരുത്തേണ്ടിയിരിക്കുന്നു. ഡി.പി.ഇ.പി.യുടെ പേരിൽ നടപ്പിലാക്കപ്പെട്ട പുതിയ പാഠ്യപദ്ധതി ഗവൺമെന്റിന്റെ നിർദേശപ്രകാരമാണ്‌ ഉണ്ടായത്‌. ആറു ഡി.പി.ഇ.പി. ജില്ലകളിലും മറ്റു ജില്ലകളിൽ എം.എൽ.എൽ. പദ്ധതി നടപ്പിലാക്കപ്പെട്ട സ്‌കൂളുകളിലും പുതിയ പാഠപുസ്‌തകങ്ങൾ ആദ്യവർഷവും മറ്റു സ്‌കൂളുകളിൽ അടുത്ത വർഷം മുതലും നടപ്പിലാക്കണമെന്ന്‌ തീരുമാനിച്ചതും ഗവൺമെന്റാണ്‌. ഇപ്പോൾ നടപ്പിലാക്കിയത്‌ ഗവൺമെന്റിന്റെ പാഠ്യപദ്ധതിയാണ്‌. ചില സവിശേഷ സാഹചര്യങ്ങളിൽ ഡി.പി.ഇ.പി. അതിന്റെ രൂപീകരണപ്രവർത്തനം ഏറ്റെടുത്തുവെന്നുമാത്രം. എന്നാൽ ഒരു പുതിയ പാഠ്യപദ്ധതി നടപ്പിലാക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങളൊന്നും ഗവൺമെന്റ്‌ കൈക്കൊണ്ടിരുന്നില്ല. പാഠ്യപദ്ധതിയുടെ പൈലറ്റ്‌ ടെസ്റ്റ്‌ നടത്തിയില്ല. പാഠ്യപദ്ധതിക്കാവശ്യമായ അധ്യാപക പരിശീലനം, രക്ഷാകർതൃ വിദ്യാഭ്യാസം മുതലായവ ഫലപ്രദമായി നടത്തിയില്ല. അധ്യാപക പരിശീലനവും മോണിട്ടറിംങ്ങും ഏറെക്കുറെ നടന്നത്‌ അതിനുള്ള സംവിധാനങ്ങളുള്ള ഡി.പി.ഇ.പി. ജില്ലകളിൽ മാത്രമാണ്‌. ഡി.പി.ഇ.പി. ഇതര ജില്ലകളിൽ മോണിട്ടറിങ്‌ രീതി ഒന്നും തന്നെ ആവിഷ്‌കരിക്കപ്പെട്ടില്ല. പുതിയ സമീപനരീതികൾ പരിചയപ്പെടുന്ന പ്രാഥമിക പരിശീലനവും തുടർന്നു നടന്ന അപൂർണമായ അധ്യാപകരുടെ കൂടിച്ചേരലും മാത്രമാണ്‌ ഇതുവരെ നടന്നത്‌. മൂല്യനിർണയ രീതികൾ, അതുമായി ബന്ധപ്പെട്ട രേഖകൾ, ടീച്ചിങ്‌ മാന്വൽ എന്നിവയിലെല്ലാം അവ്യക്തതകൾ മാത്രമാണിന്നു നിലനിൽക്കുന്നത്‌. പരിശീലനത്തിന്റെ ചുതമലയുള്ള ഡയറ്റുകൾക്ക്‌ വിരലിലെണ്ണാവുന്ന അധ്യാപകരെ വച്ചുകൊണ്ട്‌ ദൈനംദിന പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ കഴിയുന്നുമില്ല. AEO മുതലുള്ള ഉദ്യോഗസ്ഥർക്ക്‌ ഇതു സംബന്ധിച്ച വ്യക്തമായ ധാരണ നൽകിയിട്ടുമില്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ സ്‌കൂളുകളുടെ നടത്തിപ്പു ചുമതലയുണ്ടെങ്കിലും വിരലിലെണ്ണാവുന്ന ഇടങ്ങളൊഴിച്ചാൽ മറ്റെവിടെയും ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഒരു നടപടിയും സ്വീകരിക്കുകയോ അങ്ങനെ ചെയ്യാൻ ഗവൺമെന്റിന്റെ നിർബന്ധമോ ഉണ്ടാവുന്നില്ല.

ഈ സാഹചര്യങ്ങളെല്ലാംകൂടി പൊതുവെ ഒരുതരം `നാഥനില്ലായ്‌മ' സൃഷ്‌ടിച്ചു. ഇതോടൊപ്പം പുതിയ സമീപന രീതിയെ തകർക്കാൻ മാധ്യമങ്ങളിലൂടെയും അല്ലാതെയും ആസൂത്രിതമായ ശ്രമങ്ങൾ നടന്നപ്പോൾ അവയോട്‌ പ്രതികരിക്കാനോ സ്വന്തം നിലപാടുകൾ വിശദീകരിക്കാനോ അധികൃതർ കൂട്ടാക്കിയില്ല. അത്‌ ജനങ്ങൾക്കിടയിലെ ആശയക്കുഴപ്പം വർധിപ്പിക്കാനും കാരണമായി.

ഡി.പി.ഇ.പി.യും വിദ്യാഭ്യാസവകുപ്പും തമ്മിലുള്ള കിടമത്സരവും വർധിച്ചു വരികയാണ്‌. ലോകബാങ്ക്‌ ഫണ്ടിന്റെ ബലത്തിൽ ഡി.പി.ഇ.പി. സ്വതന്ത്രമായ ഒരു ശക്തി കേന്ദ്രമായി പ്രവർത്തിക്കാനാരംഭിച്ചത്‌ വിദ്യാഭ്യാസ വകുപ്പിനെ ചൊടിപ്പിച്ചു. എന്നാൽ കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ നവീകരണത്തിനാവശ്യമായ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാനോ അതനുസരിച്ച്‌ ഡി.പി.ഇ.പി.യുടെ പ്രവർത്തനങ്ങളെ നിർണയിക്കാനോ വിദ്യാഭ്യാസ വകുപ്പിനും കഴിഞ്ഞില്ല.

അധ്യയനമാധ്യമത്തിന്റെ കാര്യത്തിൽ ആത്മവഞ്ചനയും ജനവഞ്ചനയുമാണ്‌ മാറിമാറിവരുന്ന സർക്കാരുകൾ പിന്തുടരുന്നത്‌. അധ്യയന മാധ്യമം എല്ലാ തലത്തിലും ചുരുങ്ങിയത്‌ സർവകലാശാലാതലം വരെയും മാതൃഭാഷയിലൂടെ ആയിരിക്കണമെന്നത്‌ സുവിദിതമാണ്‌. എന്നാൽ സർക്കാർ സ്‌കൂളുകളിൽത്തന്നെ ഇംഗ്ലീഷ്‌ മാധ്യമത്തിലുള്ള ഡിവിഷനുകളുടെ എണ്ണം വർധിച്ചുവരുന്നു. അൺഎയ്‌ഡഡ്‌, റെക്കഗ്‌നൈസ്‌ഡ്‌ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകൾക്ക്‌ ശക്തികൂടി വരുന്നു. ഇതിന്റെ ഫലമായി സാർവത്രികമായ ഗുണമേന്മ ഉണ്ടാക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളും തുരങ്കം വയ്‌ക്കപ്പെടുന്നു. വികലവും സമൂഹപ്രതിബദ്ധതയുമില്ലാത്തതുമായ മൂല്യബോധം ഇളം തലമുറയിൽ വർധമാനതോതിൽ സന്നിവേശിക്കപ്പെടുന്നു. മലയാളവും കേരള സംസ്‌കാരവും തീരെ ഉൾക്കൊള്ളാത്ത പുതിയ ആംഗ്ലോ മലയാളി വിഭാഗം വളർന്നുവരുന്നു.

ഗവൺമെന്റിന്റെ പിടിപ്പുകേട്‌ പുതിയ പാഠ്യപദ്ധതിയിൽ മാത്രമൊതുങ്ങുന്നതല്ല. ഹയർസെക്കണ്ടറി നടപ്പിലാക്കുന്നതിൽ വന്ന പാളിച്ചകളും സമാനമാണ്‌. കേരളത്തിൽ ഹയർസെക്കണ്ടറി സൗകര്യങ്ങൾ അനുവദിക്കേണ്ട സ്‌കൂളുകളുടെയും പ്രവേശനം തേടുന്ന വിദ്യാർഥികളുടെയും സമഗ്രമായ മാപ്പിങ്‌ നടത്താൻ വിദ്യാഭ്യാസ വകുപ്പു തയ്യാറായില്ല. പ്രീഡിഗ്രി ബാച്ചുകൾ വേർപെടുത്തുമ്പോഴും സ്‌കൂളുകൾ അനുവദിക്കുമ്പോഴും അവ തമ്മിൽ ഭൂമിശാസ്‌ത്രപരമായും അക്കാദമികമായും പൊരുത്തപ്പെടുത്താൻ ശ്രമിച്ചില്ല. ഇതിന്റെ ഫലമായി വേണ്ടത്ര സ്‌കൂളുകൾ അനുവദിച്ചില്ലെന്ന ജാതിമത ശക്തികളുടെ സമ്മർദതന്ത്രത്തിനും ഭീഷണിക്കും ഗവൺമെന്റ്‌ വഴങ്ങി. സ്‌കൂൾ പ്രവേശനത്തിനും നിയമനത്തിനും വ്യക്തമായ മാനദണ്ഡങ്ങളുണ്ടാക്കാനും ഗവൺമെന്റ്‌ തയ്യാറായില്ല. ഇവയിലും സ്വകാര്യ ഏജൻസികളുടെ താൽപര്യങ്ങൾക്ക്‌ വഴങ്ങേണ്ടിവന്നു. ഹയർസെക്കണ്ടറിക്കു പുതിയ കരിക്കുലം, പാഠ്യപദ്ധതി എന്നിവ ഇനിയും ഉണ്ടായിട്ടില്ല. അതും ഭൗതികസൗകര്യങ്ങളേർപെപ്പടുത്തുന്നതിലുള്ള കാലതാമസവും നിരവധി ഹയർസെക്കണ്ടറി സ്‌കൂളുകളുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുന്നു. അധ്യാപകരും ലാബറട്ടറി-ലൈബ്രറി സൗകര്യങ്ങളുമില്ലാതെയാണ്‌ പല സ്‌കൂളുകളും നടക്കുന്നത്‌. ഗവൺമെന്റ്‌ തലത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തിലും ഇവയ്‌ക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനുള്ള സമഗ്ര പരിപാടി ഇനിയുമായിട്ടില്ല. ഈ വർഷം ഒരു ടേം കഴിഞ്ഞിട്ടും അധ്യാപകനിയമനങ്ങൾ തുടങ്ങി വരുന്നതേയുള്ളൂ.

പ്രീഡിഗ്രി വേർപെടുത്തുന്ന സാഹചര്യത്തിൽ കോളേജുകളിൽ കൂടുതൽ കോഴ്‌സുകൾ അനുവദിച്ചുകിട്ടാനുള്ള നെട്ടോട്ടമാണിപ്പോൾ. പ്രീഡിഗ്രി വേർപെടുത്തുമ്പോൾ മിച്ചം വരുന്ന അധ്യാപകരുടെ സംരക്ഷണമാണ്‌ പ്രധാന ലക്ഷ്യം. തൊഴിലധിഷ്‌ഠിത (പണംവാരി) കോഴ്‌സുകളോടുള്ള ഭ്രാന്തമായ അഭിനിവേശമാണ്‌ മാനേജുമെന്റുകളെയും സർവകലാശാലകളെയും ഗവൺമെന്റിനെയും നയിക്കുന്നത്‌. ഇപ്പോൾ നടക്കുന്ന തൊഴിലധിഷ്‌ഠിതവും അല്ലാത്തതുമായ കോഴ്‌സുകളുടെ തൊഴിൽ സാധ്യതകളെന്തെന്ന്‌ അന്വേഷിക്കുന്നില്ല. കേരളത്തിന്റെ സാഹചര്യങ്ങളിൽ ആവശ്യമായ തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ എന്തായിരിക്കണമെന്നും ആലോചിക്കാറില്ല. തൊഴിലധിഷ്‌ഠിത കോഴ്‌സുകൾ തുടങ്ങുന്നതിന്‌ യു.ജി.സിയും മറ്റ്‌ ഏജൻസികളും വെച്ചുനീട്ടുന്ന പണവും ജനങ്ങളിൽനിന്ന്‌ കോഴയായും ഫീസായും പിരിഞ്ഞു കിട്ടുന്ന പണവുമാണ്‌ തൊഴിൽ കോഴ്‌സുകളുടെ പ്രധാന ആകർഷണം. അധ്യാപകരുടെ തൊഴിൽ പ്രശ്‌നമായതുകൊണ്ട്‌ ഇത്തരം കോഴ്‌സുകളെക്കുറിച്ച്‌ അഭിപ്രായം പറയുന്നതിന്‌ അധ്യാപക സംഘടനകൾപോലും അറയ്‌ക്കുന്നു. ഉന്നതവിദ്യാഭ്യാസരംഗത്തെ കോഴ, അധ്യാപകരുടെ പ്രൈവറ്റ്‌ ട്യൂഷൻ മുതലായ അഴിമതികൾപോലും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

പുതിയ പാഠ്യപദ്ധതി നടപ്പിലാക്കിയപ്പോൾ ഉണ്ടായ പാളിച്ചകൾക്കെതിരെ ശക്തമായ വിമർശനം ഉയർന്നുവന്നതിന്റെ പശ്ചാത്തലമാണിവിടെ ചൂണ്ടിക്കാണിച്ചത്‌. വിമർശനങ്ങളുടെ ഫലമായി പാളിച്ചകൾ പലതും പരിഹരിക്കപ്പെട്ടു വരുന്നുണ്ട്‌. ഡി.പി.ഇ.പി.യും വിദ്യാഭ്യാസവകുപ്പും തമ്മിലുണ്ടായിരുന്ന വൈരുധ്യങ്ങളും ഇപ്പോൾ കുറഞ്ഞുവരികയാണ്‌. വൈകിയാണെങ്കിലും ഹയർസെക്കണ്ടറിക്ക്‌ ഒരു കരിക്കുലം കമ്മിറ്റിയെ നിയമിക്കാനും അധ്യാപകനിയമനത്തിന്‌ ചില മാനദണ്ഡങ്ങൾ നിശ്ചയിക്കാനും ഗവൺമെന്റ്‌ തയ്യാറായി. ഇത്തരം നീക്കങ്ങൾ സമഗ്രവും എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതുമാണെന്ന്‌ പരിഷത്ത്‌ കരുതുന്നില്ല. എങ്കിലും ഏതൊരു വിദ്യാഭ്യാസ പരിഷ്‌കാരം നടപ്പിലാക്കുമ്പോഴും ജനജാഗ്രതയുടെ പ്രാധാന്യമാണ്‌ ഇത്‌ എടുത്തുകാട്ടുന്നത്‌.

പരിഷത്തിന്റെ വീക്ഷണത്തിൽ ഇന്ന്‌ കേരളത്തിലെ പൊതുവിദ്യാഭ്യാസം അതിന്റെ നിലനിൽപിനുവേണ്ടിയുള്ള ജീവന്മരണപോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്‌. സാമ്രാജ്യത്വത്തിന്റെയും കുത്തകമുതലാളിത്തത്തിന്റെയും താൽപര്യങ്ങൾ വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തിന്റെയും സർവകലാശാലകൾ മുതൽ പ്രീപ്രൈമറി വിദ്യാഭ്യാസം വരെയുള്ള കമ്പോള ശക്തികളുടെ സാമ്പത്തികവും സാംസ്‌കാരികവുമായ അധിനിവേശത്തിന്റെയും രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പൊതുവിദ്യാഭ്യാസത്തിന്റെ തകർച്ച കേരളം വളർത്തിക്കൊണ്ടുവന്ന സെക്കുലർ ജനാധിപത്യത്തിന്റെ തകർച്ചയാണ്‌. കമ്പോളശക്തികൾക്കെതിരായും സെക്കുലർ ജനാധിപത്യപാരമ്പര്യത്തിന്റെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയും ലഭ്യമായ എല്ലാ ആയുധങ്ങളുമുപയോഗിച്ച്‌ പോരാടേണ്ട അവസരമാണിപ്പോൾ. അവിടെയാണ്‌ പുതിയ പാഠ്യപദ്ധതിയും ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഉയർന്നുവരുന്ന വികസന രൂപങ്ങളും പ്രസക്തമാകുന്നത്‌. പൊതുവിദ്യാഭ്യാസത്തിന്റെ ഘടനയും ഉള്ളടക്കവും സമൂഹത്തിലെ ദരിദ്ര ഭൂരിപക്ഷത്തിന്റെ സമഗ്രമായ വികാസത്തിന്‌ ഉതകുന്ന വിധത്തിലാക്കി മാറ്റുക ഇത്തരം ഇടപെടലുകളുടെ പ്രധാന ലക്ഷ്യമായിത്തീരുന്നു. ഗവൺമെന്റ്‌ തലത്തിലോ ഏതാനും സന്നദ്ധപ്രവർത്തകരുടെ തലത്തിലോ ഉള്ള പ്രവർത്തനം കൊണ്ടുമാത്രം ഇത്തരമൊരു മാറ്റം സാധ്യമാകുമെന്ന്‌ പരിഷത്ത്‌ കരുതുന്നില്ല. അതുകൊണ്ടാണ്‌ മൊത്തം ജനങ്ങളുടെ ഇടപെടൽ വിദ്യാഭ്യാസരംഗത്ത്‌ പ്രസക്തമാകുന്നത്‌.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇടപെടലുകൾ

സമൂഹത്തിന്റെ ആശയാഭിലാഷങ്ങൾ സാർഥകമാക്കാനും മെച്ചപ്പെട്ട ഒരു നാളെയെ രൂപപ്പെടുത്താനും സമൂഹം നടത്തുന്ന നിക്ഷേപമാണ്‌ വിദ്യാഭ്യാസം. ഇങ്ങനെ നാളേക്കുള്ള ഈടുവെപ്പായി വിദ്യാഭ്യാസം മാറണമെങ്കിൽ വിദ്യാഭ്യാസത്തിന്റെ ഘടനയിലും ഉള്ളടക്കത്തിലും ഇതിനനുസരിച്ച മാറ്റങ്ങളുണ്ടായേ പറ്റൂ.

ഈ കാഴ്‌ചപ്പാടോടെ നിലവിലുള്ള വിദ്യാഭ്യാസരീതിയിൽ മാറ്റങ്ങളുണ്ടാക്കാനാണ്‌ പരിഷത്ത്‌ എക്കാലവും ശ്രമിച്ചുപോന്നിട്ടുള്ളത്‌. വിദ്യാർഥികളെ ലക്ഷ്യമാക്കി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ശാസ്‌ത്രകേരളവും യുറീക്കയും ശിശുസൗഹൃദമായി ശാസ്‌ത്രവിഷയങ്ങൾ എങ്ങനെ അവതരിപ്പിക്കാമെന്നു പരിശോധിക്കുകയായിരുന്നു. ശുദ്ധശാസ്‌ത്രവും സാമൂഹ്യശാസ്‌ത്രവുമൊക്കെ കുട്ടികൾക്ക്‌ ഉൾക്കൊള്ളാനും രസിക്കാനും പറ്റിയവിധം അവതരിപ്പിക്കാമെന്ന്‌ ഈ മാസികകൾ തെളിയിച്ചു.

സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഒരു സന്നദ്ധസംഘടനയ്‌ക്ക്‌ നേരിട്ട്‌ ഇടപെടാൻ ഒട്ടേറെ പരിമിതികളുണ്ട്‌. അതിനാൽ പരിഷത്ത്‌ ആഗ്രഹിക്കുന്ന മാറ്റങ്ങൾ കുട്ടികളിലെത്തിക്കാൻ സ്‌കൂളിനു പുറത്ത്‌ ബാലവേദികളുണ്ടാക്കി. ബാലവേദികളിലെ പ്രവർത്തനങ്ങൾ ക്രമേണ ഔപചാരിക വിദ്യാഭ്യാസ രംഗത്തെ പല പ്രവർത്തനങ്ങൾക്കും പ്രചോദനമേകി. കുട്ടികളോട്‌ ഇടപെടേണ്ട രീതികളും രസകരമായി പഠിപ്പിക്കാനുമുതകുന്ന നിരവധി മാതൃകകളും ബാലവേദികളിലൂടെ തേച്ചുമിനുക്കിയെടുത്തു.

പരിഷത്ത്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ശാസ്‌ത്രസഹവാസ ക്യാമ്പുകൾ, പരിസരസഹവാസക്യാമ്പുകൾ എന്നിവ പാഠ്യപദ്ധതിയുടെ ഉള്ളടക്കം എങ്ങനെ ശിശുസൗഹൃദവും പരിസരബന്ധിതവും ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിച്ചും കൈകാര്യം ചെയ്യാമെന്നതിന്റെ ഉദാഹരണങ്ങളായിരുന്നു. ശാസ്‌ത്രത്തിന്റെ രീതി ബോധ്യപ്പെടുത്തിയും കൂട്ടായ്‌മയിലൂടെയും എങ്ങനെ പഠിക്കാമെന്ന ഗൗരവപൂർണമായ അന്വേഷണങ്ങളായിരുന്നു ഇവ. ഉദ്‌ഗ്രഥിത ശാസ്‌ത്രപഠനത്തിന്റെ സാധ്യതകൾ ഇവയിൽ പരിശോധിക്കുകയും വിരസമായ ശാസ്‌ത്രപഠനം മറ്റു വിഷയങ്ങളുമായി ബന്ധിപ്പിച്ച്‌ രസകരമായി എങ്ങനെ പഠിക്കാമെന്നു കണ്ടെത്താനും ഇതുവഴി കഴിഞ്ഞു. ഈ ആശയങ്ങൾക്ക്‌ മിഴിവു നൽകാൻ മധ്യപ്രദേശിലെ `ഏകലവ്യ' യുടെ പ്രവർത്തനങ്ങളും പരിഷത്തിന്‌ സഹായകരമായി.

ബാലവേദികളിലൂടെയും എണ്ണമറ്റ മറ്റു വിദ്യാഭ്യാസ ക്യാമ്പുകളിലൂടെയും രൂപപ്പെടുത്തിയ മാതൃകകൾ വിദ്യാഭ്യാസ സമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കുവാനുള്ള ശക്തമായ ശ്രമമായിരുന്നു ബാലോത്സവജാഥകളും ബാലോത്സവങ്ങളും. വമ്പിച്ച ജനശ്രദ്ധ ആകർഷിച്ച ഈ പരിപാടികളിലൂടെ നിരവധി ബദൽ മാതൃകകൾ വിദ്യാഭ്യാസ രംഗത്ത്‌ ചർച്ചചെയ്യപ്പെട്ടു. പഠനപ്രക്രിയകൾക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഈ പരിപാടികളിൽ അധ്യാപകരും വിദ്യാർഥികളും മടുപ്പില്ലാതെ പങ്കെടുത്തു.

ആദ്യം വിജ്ഞാനപരീക്ഷയായി തുടങ്ങുകയും പിന്നീട്‌ വിജ്ഞാനോത്സവമായി തീരുകയും ചെയ്‌ത പുതിയ മൂല്യ നിർണയ രീതി കുട്ടികൾക്ക്‌ ഭയമില്ലാതെ അവരുടെ ശേഷികൾ പ്രകടിപ്പിക്കാനുള്ള അവസരമായി തീർന്നു. ക്ലാസുമുറിയിലെ ഏറ്റവും വിരസമായ ഒരു പ്രവർത്തനത്തെ സന്തോഷകരമായ ഒരു പ്രക്രിയയാക്കി മാറ്റാമെന്ന്‌ ഇതിലൂടെ ബോധ്യപ്പെട്ടു. ഇതോടൊപ്പം പഠനബോധന പ്രവർത്തനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളും സജീവമായി ചർച്ചചെയ്യപ്പെട്ടു. നിരവധി അധ്യാപകരുടെ ദീർഘകാലത്തെ കഠിനമായ ശ്രമത്തിലൂടെ 1 മുതൽ 4 വരെ ക്ലാസുകളിലേക്ക്‌ ടീച്ചിങ്‌ മോഡ്യൂളുകൾ ഉണ്ടാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപകമായ അധ്യാപക പരിശീലന പരിപാടികളും പരിഷത്‌ സംഘടിപ്പിച്ചു. പരീക്ഷകളുടെ ധർമം കുട്ടിയുടെ അറിവില്ലായ്‌മ അളക്കലല്ലെന്നും അറിവിന്റെ (ശേഷിയുടെ) ആഴവും മൂർച്ചയും കണ്ടെത്തലാണെന്നും ഉണ്ടാവേണ്ട ശേഷികൾ വേണ്ടത്ര ഇല്ലെങ്കിൽ അതെത്രത്തോളമെന്നു കണ്ടെത്തി പരിഹരിക്കലാണെന്നും വിജ്ഞാനപരീക്ഷകൾ ബോധ്യപ്പെടുത്തി.

കേരളത്തിലെ ഭൂരിഭാഗം വിദ്യാലയങ്ങളിലെയും അധ്യയനമാധ്യമം മാതൃഭാഷയായിരുന്നു. ഭാഷാ ന്യൂനപക്ഷങ്ങളെ മാറ്റിനിർത്തിയാൽ ഭൂരിഭാഗവും മലയാളത്തിലായിരുന്നു പഠിച്ചിരുന്നത്‌. എന്നാൽ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകൾ വർധിച്ചുവരികയും സാധാരണക്കാരായ രക്ഷിതാക്കൾ പോലും ഇത്തരം സ്‌കൂളുകളിൽ പഠിക്കുന്നതാണ്‌ കുട്ടിയുടെ ഭാവി ശോഭനമാവാൻ നല്ലത്‌ എന്നു വിശ്വസിക്കാനും തുടങ്ങി. ഇതിനെതിരെ ശക്തമായ ബോധവൽക്കരണ പരിപാടികൾ പരിഷത്ത്‌ ആവിഷ്‌കരിക്കയുണ്ടായി. കുട്ടിക്ക്‌ ഏതു വിഷയവും ഉൾക്കാഴ്‌ചയോടെയും കാര്യകാരണസഹിതവും പഠിക്കാൻ മാതൃഭാഷാമാധ്യമമാണ്‌ നല്ലതെന്നും ഇംഗ്ലീഷ്‌ ഭാഷാപരിജ്ഞാനം നമ്മുടെ കുട്ടികൾക്ക്‌ കുറയാൻ കാരണം ഇംഗ്ലീഷ്‌ ഭാഷാപഠനം തെറ്റായ രീതിയിൽ നടത്തുന്നതാണെന്നും അതിനാൽ ഇംഗ്ലീഷ്‌ ഭാഷാ പഠനരീതി മെച്ചപ്പെടുത്തുകയാണ്‌ വേണ്ടതെന്നും പരിഷത്ത്‌ വാദിച്ചു.

ഗണപരമായി മെച്ചപ്പെട്ട കേരള വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയെക്കുറിച്ചുള്ള വിമർശനങ്ങൾ കേരളത്തിനകത്തും പുറത്തും ക്രമേണ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരുന്നു. 1989 ജൂണിൽ തിരുവനന്തപുരം ജില്ലയിലെ 3 മുതൽ 7 വരെ ക്ലാസുകളിൽ നടത്തിയ പഠനത്തിന്റെ ഫലം നടുക്കുന്നതായിരുന്നു. ഈ പഠനത്തിൽ 30% കുട്ടികൾക്കും മലയാളം എഴുതാനും വായിക്കാനും അറിയില്ലെന്നു കണ്ടെത്തി. നമ്മുടെ ക്ലാസ്‌മുറികളിൽ നടക്കുന്ന പഠനബോധന പ്രവർത്തനങ്ങളുടെ ഫലപ്രാപ്‌തിയെ ഇത്‌ ശക്തമായി ചോദ്യം ചെയ്‌തു. പരിഷത്ത്‌, സ്‌കൂളുകളിൽ വ്യാപകമായി അക്ഷരവേദികൾ ആരംഭിച്ചു. ഭാഷ പഠിക്കാനുള്ള പ്രവർത്തനാധിഷ്‌ഠിത രീതി വളർത്തിയെടുക്കാൻ ഇത്‌ കുറേയേറെ സഹായിച്ചു. സ്‌കൂളിനുപുറത്ത്‌ സമ്പൂർണ സാക്ഷരതായജ്ഞം വളർന്നുവരുന്ന സന്ദർഭമായിരുന്നു അത്‌. പുതിയ നിരക്ഷരരെ പുറത്തേക്കു തള്ളുന്ന സംവിധാനമായി സ്‌കൂളുകൾ പരിണമിച്ചുകൊണ്ടിരിക്കുന്നത്‌ ഗൗരവപൂർവം ചർച്ച ചെയ്യപ്പെട്ടു. സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ കാസർഗോഡ്‌ ജില്ലയിൽ ആരംഭിച്ച അക്ഷരപ്പുലരി പോലുള്ള പരിപാടികൾ ഏറ്റെടുക്കുന്നതിലേക്ക്‌ ഈ ചർച്ചകൾ നയിക്കുകയും ചെയ്‌തു.

സ്‌കൂൾ, ക്ലാസ്‌റൂം പ്രവർത്തനങ്ങളിൽ ഇടപെടാനുള്ള ഒറ്റപ്പെട്ട ശ്രമങ്ങളായിരുന്നു മുകളിൽ പറഞ്ഞതിലധികവും. എന്നാൽ സ്‌കൂൾ കോംപ്ലക്‌സുകൾ രൂപീകരിച്ചുകൊണ്ടുള്ള പ്രവർത്തനം സമഗ്രമായ ഇടപെടലായി മാറി. ( സ്‌കൂൾ കോംപ്ലക്‌സ്‌ എന്ന ആശയം നേരത്തെ തന്നെ പ്രചരിച്ചിരുന്നതായിരുന്നു) ശിവപുരം സ്‌കൂൾ കോംപ്ലക്‌സിൽ തുടങ്ങി കല്യാശ്ശേരി, മടിക്കൈ കോംപ്ലക്‌സുകളിലേക്കും ധർമടം, പെരിഞ്ഞനം സ്‌കൂൾ കോംപ്ലക്‌സിലേക്ക്‌ വളരുകയും തോടന്നൂർ ബ്ലോക്കിലും കുമരകം ഗ്രാമപഞ്ചായത്തിലുമെത്തിനിൽക്കുന്ന പ്രാദേശികത്തനിമയുള്ള സമഗ്രമായ വിദ്യാഭ്യാസ പ്രവർത്തനമായി അത്‌ മാറി. ഗ്രാമപഞ്ചായത്തുകൾക്ക്‌ ഒട്ടേറെ അധികാരങ്ങൾ ലഭിച്ചിരിക്കുന്ന ഈ സന്ദർഭത്തിൽ സ്‌കൂൾ കോംപ്ലക്‌സ്‌ പ്രവർത്തനങ്ങൾ ഫലപ്രദമായി സംഘടിപ്പിച്ചാൽ വിദ്യാഭ്യാസ രംഗത്തെ സമഗ്രമായ മാറ്റത്തിന്‌ അത്‌ വഴിയൊരുക്കുമെന്നു പരിഷത്ത്‌ കരുതുന്നു.

മേൽ പറഞ്ഞവയെല്ലാം ഉള്ളടക്കം, പഠനബോധനരീതികൾ എന്നിവയോടുള്ള വിമർശനങ്ങളും ബദലുകൾ കണ്ടെത്താനുള്ള കൂട്ടായ ശ്രമങ്ങളുമായിരുന്നു.

സമാന്തരമായിത്തന്നെ വിദ്യാഭ്യാസത്തിന്റെ ഘടനയെക്കുറിച്ചും പരിഷത്ത്‌ വിലയിരുത്തുന്നുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസമേഖലയിലെ അൺ എയ്‌ഡഡ്‌ സ്‌കൂളുകളെയും സി.ബി.എസ്‌.ഇ. സ്‌കൂളുകളെയും പരിഷത്ത്‌ വിമർശിച്ചത്‌ ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. കോത്താരി കമ്മീഷൻ നിർദേശിച്ച അയൽപക്ക സ്‌കൂളിന്റെ ചുവടുപിടിച്ച്‌ ഓരോ സ്‌കൂളിന്റെയും ക്യാച്ച്‌മെന്റ്‌ പ്രദേശത്തെ കുട്ടികൾ അതാത്‌ സ്‌കൂളുകളിൽ പോകുക എന്നത്‌ വെറും സ്വപ്‌നമല്ലെന്നും സാക്ഷാത്‌കരിക്കാൻ കഴിയുന്ന പ്രായോഗിക നിർദേശമാണെന്നും പരിഷത്ത്‌ വിശ്വസിച്ചു. കാരണം പ്രൈമറി കുട്ടികൾക്കുപോലും പരമാവധി ഒരു കി.മീ. യാത്ര ചെയ്‌താൽ സ്‌കൂളിലെത്താനുള്ള സൗകര്യം (Accessibility) കേരളത്തിൽ ഭൂരിപക്ഷം പ്രദേശങ്ങളിലുമുണ്ട്‌. മാത്രവുമല്ല അൺ എയ്‌ഡഡ്‌, സി.ബി.എസ്‌.ഇ. സ്‌കൂളുകളുടെ സാന്നിധ്യം പൊതുവിദ്യാഭ്യാസരംഗത്ത്‌ വരേണ്യവത്‌കരണവും അതുകൊണ്ടുതന്നെ രണ്ടുതരം പൗരൻമാരെ സൃഷ്‌ടിക്കാനുമേ ഉതകൂ എന്നും പരിഷത്ത്‌ ശക്തമായി വാദിച്ചു.

കേരളത്തിലെ പ്രീപ്രൈമറി വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ പലപ്പോഴായി പരിഷത്ത്‌ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരികയുണ്ടായി. നിലവിലുള്ള പഠനരീതിയിൽ കാര്യമായ അഴിച്ചുപണി ആവശ്യമാണെന്നും, പഠനമാധ്യമം മാതൃഭാഷതന്നെയായിരിക്കണമെന്നും പ്രീപ്രൈമറി അക്ഷരബോധവും അക്കബോധവും നൽകുന്ന പ്രൈമറിയുടെ വലിച്ചുനീട്ടലാവരുതെന്നും പരിഷത്ത്‌ പറഞ്ഞുകൊണ്ടിരിക്കുന്നു.

ഹയർസക്കണ്ടറി ക്ലാസുകൾ ഇപ്പോൾ സ്‌കൂളിന്റെ ഭാഗമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ. +2 ക്ലാസുകൾ അനുവദിച്ച സ്‌കൂളുകൾക്ക്‌ അവ കൊടുക്കാൻ മനദണ്ഡമായെടുത്തത്‌ മിക്ക സ്ഥലത്തും പഠിക്കാൻ പോകേണ്ട കുട്ടികളുടെ സൗകര്യമല്ല. മറിച്ച്‌ സാമുദായിക പരിഗണനകളാണ്‌ എന്ന്‌ ഈ വിദ്യാലയങ്ങളുടെ മാപ്പിംഗ്‌ നടത്തിയാൽ മനസ്സിലാവും. മാപ്പിംഗ്‌ നടത്തി അതിന്റെ അടിസ്ഥാനത്തിലേ +2 കോഴ്‌സുകൾ അനുവദിക്കാവൂ എന്നും സ്‌കൂൾ പ്രവേശനത്തിനും അധ്യാപകനിയമനത്തിനും വ്യക്തമായ മാനദണ്ഡങ്ങളുണ്ടാക്കണമെന്നും പരിഷത്ത്‌ ആവശ്യപ്പെട്ടു. ഹയർസെക്കണ്ടറി കരിക്കുലം, ഭൗതികസാഹചര്യങ്ങൾ എന്നിവ ഉണ്ടാക്കുന്നതിലെ കാലതാമസം ഈ രംഗത്ത്‌ പ്രതിസന്ധികൾ സൃഷ്‌ടിച്ചിരിക്കയാണ്‌.

വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തെ ശക്തമാക്കാനും പഠനം രസകരവും അധ്യാപനം അതിമധുരവുമാക്കാനും വിവിധ പ്രവർത്തനങ്ങൾ പരിഷത്ത്‌ നടത്തിക്കൊണ്ടിരിക്കവെയാണ്‌ വിദ്യാഭ്യാസനിലവാരത്തെ മെച്ചപ്പെടുത്താൻ ഗവൺമെന്റ്‌ തലത്തിൽ നീക്കങ്ങളുണ്ടായത്‌. അധ്യയനത്തിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതി (Quality Inprovement Programme) ആയിരുന്നു ഇവയിൽ ആദ്യത്തേത്‌.

പ്രൈമറി വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങളാണ്‌ ഒരു പക്ഷേ, ഈ അടുത്തകാലങ്ങളിലുണ്ടായ മാറ്റങ്ങളിൽ ഏറെ സവിശേഷമായത്‌. ദേശീയതലത്തിൽ രൂപം കൊടുത്ത അവശ്യപഠനനിലവാരപദ്ധതി (MLL) കേരളത്തിലും സർക്കാർ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി 1994-95-ൽ എല്ലാ ജില്ലകളിലെയും തെരഞ്ഞെടുത്ത 20 സ്‌കൂളുകളിൽ വീതം (ആകെ 280 സ്‌കൂളുകൾ) ഈ പദ്ധതി 1, 2 ക്ലാസുകളിൽ നടപ്പിലാക്കി. അടുത്ത വർഷം ഇതേ സ്‌കൂളുകളിൽ 3, 4 ക്ലാസുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിച്ചു. 1996-97-ൽ 100 സ്‌കൂളുകളിലേക്കു കൂടി ഓരോ ജില്ലയിലും നടപ്പാക്കാനായിരുന്നു ആലോചന.

സമാന്തരമായിത്തന്നെ കേരളത്തിലെ 3 ജില്ലകളിൽ (കാസർഗോഡ്‌, വയനാട്‌, മലപ്പുറം) ലോകബാങ്ക്‌ സാമ്പത്തിക സഹായത്തോടെയുള്ള DPEP (District Primary Education Programme) പദ്ധതിയും നിലവിൽവന്നു (1994-95ൽ).

ഈ പദ്ധതി നിലവിൽ വന്നപ്പോൾത്തന്നെ പരിഷത്തിന്‌ ഗുരുതരമായ ആശങ്കകളുണ്ടായിരുന്നു.

� ലോകബാങ്കിന്റെ ധനസഹായത്തോടെയാണിതു നടത്തുന്നത്‌. ആഗോളവൽക്കരണത്തിന്റെ ഭാഗമായാണ്‌ വിദ്യാഭ്യാസത്തിലെ മുതൽമുടക്കിനെ ലോകബാങ്ക്‌ പരിഗണിക്കുന്നത്‌. തത്‌ഫലമായി ലോകബാങ്കിന്റെ ഇടപെടലിനു നമ്മുടെ വിദ്യാഭ്യാസരംഗം തുറന്നുകൊടുക്കുകയാണ്‌.

� പദ്ധതിരേഖ അടക്കം രഹസ്യമാക്കിവച്ചുകൊണ്ടുള്ള പ്രവർത്തനം കൂടുതൽ സംശയങ്ങളുളവാക്കുന്നു. കേന്ദ്രഗവൺമെന്റ്‌ പുറത്തിറക്കിയ മാർഗനിർദേശങ്ങളെ അവഗണിച്ചുകൊണ്ടാണ്‌ ഇവിടെ DPEP നടപ്പാക്കാൻ തുടങ്ങിയത്‌. പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതികളോ ജനാധിപത്യ സമീപനങ്ങളോ ഇല്ലാതെയുള്ളതായിരുന്നു ഇവിടുത്തെ രീതി.

� ഏറെ പണമുള്ളതിനാലും സുസ്ഥിരത ഇല്ലാത്തതിനാലും ആത്യന്തികമായി ഒട്ടേറെ അഴിമതി നടക്കും എന്നല്ലാതെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെടുത്താൻ ഇത്‌ സഹായിക്കില്ല. ആയതിനാൽ ഇത്തരത്തിലൊരു പദ്ധതി കേരള സാഹചര്യത്തിൽ ആവശ്യമുണ്ടോ എന്നു പരിശോധിക്കണമെന്നും പരിഷത്ത്‌ പറഞ്ഞു. മാത്രമല്ല, ഇത്തരം വിമർശനങ്ങൾ DPEP ക്കെതിരെ ആദ്യമായുന്നയിച്ചതും പരിഷത്തായിരുന്നു.

എന്നാൽ ഇന്ത്യാഗവൺമെന്റ്‌ 160 ജില്ലകളിൽ ഈ പദ്ധതി നടപ്പിലാക്കുമ്പോൾ അതിൽ ഇടപെടാതിരിക്കുന്നത്‌ മൗഢ്യമായിരിക്കുമെന്നു പരിഷത്ത്‌ മനസ്സിലാക്കി. ഇതന്റെ അടിസ്ഥാനത്തിലാണ്‌ പരിഷത്തിന്റെ തവനൂർ സമ്മേളനത്തിൽ DPEP യെക്കുറിച്ച്‌ വിമർശനാത്മകമായ ഒരു രേഖ അവതരിപ്പിച്ചു ചർച്ച ചെയ്‌തത്‌. ഈ രേഖയിലുന്നയിച്ച കാര്യങ്ങൾ ഏതാണ്ടൊരു പ്രവചനം പോലെതന്നെ പിന്നീട്‌ സംഭവിച്ചു എന്നതാണ്‌ യാഥാർഥ്യം. പരിഷത്തിന്റെ വിമർശനങ്ങൾ ഓരോ സമയത്തും അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും അവ ചെവിക്കൊള്ളാനവർ തയ്യാറായില്ല.

സാമ്പത്തിക ക്രമക്കേടുകളും ധൂർത്തും, ജനകീയ കമ്മിറ്റികളെ പ്രവർത്തിപ്പിക്കാതിരിക്കൽ, വേണ്ടത്ര മുന്നൊരുക്കം നടക്കാതെ പാഠ്യപദ്ധതി ഒന്നിച്ചു വ്യാപിപ്പിക്കൽ, അധ്യാപകപരിശീലനത്തിലെ പോരായ്‌മകൽ വേണ്ടസമയത്ത്‌ പാഠപുസ്‌തകങ്ങളും പഠനസഹായികളും എത്തിക്കാതിരിക്കൽ, രക്ഷാകർത്താക്കളെ ബോധവാൻമാരാക്കുന്നതിൽ ശ്രദ്ധിക്കാതിരിക്കൽ എന്നിങ്ങനെയുള്ള വിമർശനങ്ങളൊക്കെ നിലനിർത്തിക്കൊണ്ടുതന്നെ അക്കാദമിക രംഗത്ത്‌ കഴിഞ്ഞ കുറെക്കാലമായി കേരളത്തിലെ അധ്യാപക സമൂഹം കൂട്ടായ്‌മയിലൂടെ വികസിപ്പിച്ചെടുത്ത ഗുണകരമായ രീതികളുടെ മിന്നാട്ടങ്ങൾ ചില DPEP ജില്ലകളിലെ അക്കാദമിക്‌ പ്രവർത്തനങ്ങളിൽ കാണാൻ കഴിഞ്ഞു.

എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം കൊടുക്കാനായി നിലവിൽ വന്ന DPEP പദ്ധതിയിൽ അക്കാദമിക രംഗത്ത്‌ അടിസ്ഥാനപരമായ മാറ്റങ്ങളൊന്നും ആദ്യഘട്ടത്തിൽ അധികൃതർ ആലോചിച്ചിരുന്നില്ല. പകരം നിലവിലുള്ള വികലമായ പാഠ്യപദ്ധതിയിൽ MLL ന്റെ അടിസ്ഥാനത്തിലുള്ള മിനുക്കു പണി നടത്തി നടപ്പാക്കാനാണ്‌ ഉദ്ദേശിച്ചത്‌. പലയിടങ്ങളിലും നിരവധി അധ്യാപകർ അർപ്പണബോധത്തോടെ പ്രവർത്തിച്ചുവെങ്കിലും ബോധന രൂപങ്ങളിലോ പഠന നിലവാരത്തിലോ പ്രകടമായ മാറ്റം ദൃശ്യമായില്ല. പല സ്ഥലങ്ങളിലും ഒരു `ധൂർത്തൻ' പദ്ധതിയെന്ന പേരുമാത്രമാണ്‌ ഇതിനുണ്ടായത്‌.

എന്നാൽ കേരള ഗവൺമെന്റിന്റെ നിർദേശ പ്രകാരമാണ്‌ DPEP യുടെ പേരിൽ നടപ്പിലാക്കപ്പെട്ട പുതിയ പാഠ്യപദ്ധതി നിലവിൽ വന്നത്‌. 1996ൽ നടപ്പിലാകേണ്ട സിലബസ്‌ പരിഷ്‌ക്കരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പുതുതായി രൂപം കൊണ്ട എസ്‌.സി.ഇ.ആർ.ടിയിൽ ഇല്ലാതിരുന്ന സാഹചര്യത്തിലാണ്‌ 1-4 വരെയുള്ള സിലബസ്‌ പരിഷ്‌ക്കാരം നടത്താമെന്ന വാഗ്‌ദാനവുമായി DPEP മുന്നോട്ടു വന്നത്‌. ആറു DPEP ജില്ലകളിലും മറ്റു ജില്ലകളിലെ MLL സ്‌ക്കൂളുകളിലും ഒന്നാം വർഷം ഈ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചതും ഗവൺമെന്റാണ്‌. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ 1- 4 വരെ ക്ലാസുകളിലേക്കുള്ള പാഠപുസ്‌തകങ്ങളുടെ മേൽ മുമ്പൊരിക്കലും ചെയ്‌തിട്ടില്ലാത്തത്ര അധ്വാനം ഉണ്ടായിട്ടുണ്ട്‌. ഒട്ടേറെ വിദഗ്‌ധരുടെ സേവനം അതിനു ലഭിച്ചിട്ടുണ്ട്‌. പോരായ്‌മകൾ പലതുമുണ്ടാവാം. എങ്കിലും നാളിതുവരെ കേരളത്തിൽ ഉണ്ടാക്കിയിട്ടുള്ള പാഠപുസ്‌തകങ്ങളിൽ വെച്ച്‌ ഏറ്റവും ശാസ്‌ത്രീയമായവയാണവ എന്ന്‌ പരിഷത്‌ കരുതുന്നു.

പരിഷത്‌ വളരെക്കാലമായി ചെയ്‌തു പോന്ന ദിശയിലുള്ളതായിരുന്നു പുതിയ പാഠ്യപദ്ധതി പരിഷ്‌ക്കരണ ശ്രമങ്ങൾ. പഠനഭാരവുമായി ബന്ധപ്പെട്ട്‌ അനവധി കാലമായി നടത്തിക്കൊണ്ടിരിക്കുന്ന ചർച്ചകൾ, യശ്‌പാൽ കമ്മിറ്റി റിപ്പോർട്ട്‌, അതിനുമേലുള്ള CABE (Central Advisery Board of Education) കമ്മിറ്റി അംഗീകരിച്ച ശുപാർശകൾ കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ വിദ്യാഭ്യാസ വിചക്ഷണരുടെയും ശിശു മനഃശാസ്‌ത്ര വിദഗ്‌ധരുടെയും അഭിപ്രായങ്ങൾ ഇവയൊക്കെ പരിഷത്‌ വളരെക്കാലമായി മുന്നോട്ടു വച്ചിരിക്കുന്നവയാണ്‌. ശാസ്‌ത്ര സഹവാസ ക്യാമ്പുകൾ, ബാലോത്സവങ്ങൾ, ബാലോത്സവജാഥകൾ, വിജ്ഞാനോത്സവങ്ങൾ മുതലായവയിലൂടെ പരിഷത്‌ വളർത്തിക്കൊണ്ടുവന്ന ബോധന അധ്യയന സങ്കൽപം ശിശു കേന്ദ്രീകൃതവും പ്രക്രിയാധിഷ്‌ഠിതവുമായിരുന്നു. ഇവ ആവിഷ്‌ക്കരിക്കപ്പെട്ട പ്രദേശങ്ങളിലെല്ലാം അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആകർഷിച്ചിരുന്നു. ഇവയെ ആധാരമാക്കി പുതിയ പാഠ്യ പദ്ധതിയും പാഠ പുസ്‌തകങ്ങളും പഠനരീതികളും ആവിഷ്‌ക്കരിച്ചപ്പോൾ പരിഷത്‌ ഈ സമീപന രീതിയെ സ്വാഗതം ചെയ്‌തതും അതിനെ ശക്തിപ്പെടുത്താൻ ശ്രമിച്ചതും സ്വാഭാവികം മാത്രമാണ്‌.

വിവിധ വിഷയങ്ങളുടെ സമീപനം രൂപപ്പെടുത്തിയപ്പോൾ പ്രക്രിയാബന്ധിതമായ സമീപനത്തിനു പ്രാധാന്യം നൽകി. എന്തു പഠിക്കുന്നു എന്നതിനേക്കാൾ എങ്ങനെ പഠിക്കുന്നുവെന്നതും അതുകൊണ്ടുതന്നെ പഠിക്കാൻ പഠിക്കലും പ്രധാനമായി. ഭാഷയിൽ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനും ഇതിനായി വൈവിധ്യമുള്ള രീതികൾ സ്വായത്തമാക്കുന്നതിനും ഗണിതത്തിൽ അർഥമറിയാതെ പല വസ്‌തുതകളും മനഃപാഠമാക്കുന്നതിനു പകരം അർഥപൂർണമായും രസകരമായും കുട്ടികൾക്ക്‌ വെല്ലുവിളി ഉയർത്തുന്ന രീതിയിലും പഠിക്കുന്നതിനും പരിസരപഠനത്തിൽ ചുറ്റുപാടും നിരീക്ഷിക്കുന്നതിനും അവയെ തരംതിരിക്കുന്നതിനും നിഗമനത്തിലെത്തുന്നതിനും കുട്ടിയെ പ്രേരിപ്പിക്കുകയും ചരിത്രത്തേയും സാമൂഹ്യബന്ധങ്ങളേയും നിരീക്ഷിക്കാനും നിരീക്ഷണഫലങ്ങളെ അപഗ്രഥിക്കാനും നിഗമനങ്ങളിലെത്താനും കുട്ടിയെ സഹായിക്കുകയും ചെയ്യുന്ന രീതികൾ ആവിഷ്‌കരിച്ചു.

ഇതുവരെ ഏകാധിപതിയായിരുന്ന അധ്യാപകൻ ഒരു ഫെസിലിറ്റേറ്ററായി മാറുന്ന ബോധനരൂപം അംഗീകരിക്കപ്പെട്ടു. ക്ലാസ്‌ റൂം അന്തരീക്ഷം കൂടുതൽ ജനാധിപത്യപരമാവേണ്ട സാഹചര്യം പുതിയ പാഠ്യപദ്ധതി വിഭാവനം ചെയ്‌തു. അധ്യാപകരുടെ സർഗാത്മകസാധ്യതകൾ അംഗീകരിച്ചുകൊണ്ടുതന്നെ അവരുടെ നിരന്തരമായ പരിശീലനം ആവശ്യമാക്കുന്ന രീതി ബോധ്യപ്പെട്ടു. പരിശീലനരീതികളും പഠിതാവ്‌ കേന്ദ്രീകൃതമാവുകയും പങ്കാളിത്തരീതിയിലും അധ്യാപകരുടെ ആവശ്യവുമായി ബന്ധപ്പെട്ടതുമായി. അധ്യാപകൻ നിരന്തരമായ പഠനത്തിലൂടെ ഒരു ഗവേഷകനാവേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെട്ടു. നിരന്തരമൂല്യനിർണയത്തിന്റെയും നേടേണ്ട ശേഷികളുടെ അടിസ്ഥാനത്തിൽ ഗ്രേഡിങ്ങിന്റെ പ്രാധാന്യവും അംഗീകരിക്കപ്പെട്ടു.

ഇക്കാര്യങ്ങളെല്ലാം കലവറയില്ലാതെ പരിഷത്ത്‌ അംഗീകരിച്ചു. ഈ പാഠപുസ്‌തകങ്ങൾ നടപ്പാക്കാനുള്ള തീരുമാനമെടുത്ത കരിക്കുലം ഉപദേശകസമിതിയിൽ പരിഷത്തിലെ വിദ്യാഭ്യാസ പ്രവർത്തകരും ഉണ്ടായിരുന്നു. പുതിയ പാഠപുസ്‌തകങ്ങളും രീതികളും ഒറ്റയടിക്ക്‌ ഇത്ര വ്യാപകമായി നടപ്പാക്കരുതെന്നും അതു ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അവർ ചൂണ്ടിക്കാണിച്ചു. അതിനാൽ പൈലറ്റ്‌ പരിപാടിയെന്ന നിലയിൽ തെരഞ്ഞടുത്ത ചില സ്‌കൂളുകളിൽ - പരമാവധി 10 ശതമാനം സ്‌കൂളുകളിൽ - പരീക്ഷിച്ചുനോക്കി കുറവുകൾ പരിഹരിച്ചു പടിപടിയായി മൂന്നുകൊല്ലം കൊണ്ട്‌ എല്ലാ സ്‌കൂളുകളിലും എത്തിക്കുകയാണ്‌ നല്ലെതന്നവർ ശക്തിയായി വാദിച്ചു.

അധ്യാപകരെയും രക്ഷിതാക്കളെയും വേണ്ടത്ര വിശ്വാസത്തിലെടുക്കാതെ അവരെ കൂടി ഈ പരീക്ഷണത്തിൽ പങ്കാളികളാക്കാതെയും മതിയായ പരിശീലനം നൽകാതെയും ആവശ്യമായ പരിശീലകരെ വളർത്തിയെടുക്കാതെയുമുള്ള എടുത്തുചാട്ടത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച്‌ കരിക്കുലം സമിതിയിൽ മുന്നറിയിപ്പു നൽകിയതാണ്‌. അതു ചെവിക്കൊള്ളാൻ വിദ്യാഭ്യാസ അധികൃതർ തയ്യാറായില്ല. ഇതേതുടർന്ന്‌ വിദ്യാഭ്യാസ സെക്രട്ടറിക്കുള്ള ഔപചാരിക എഴുത്തിലും കാര്യകാരണ സഹിതം ഈ പ്രശ്‌നങ്ങൾ പരിഷത്ത്‌ ഉന്നയിച്ചു. അതിനും ഫലമുണ്ടായില്ല. ഭയപ്പെട്ടതുപോലെ സംഭവിക്കുകയും ചെയ്‌തു. 1997-98 വർഷം ആറു ജില്ലകളിൽ പുതിയ പാഠ്യപദ്ധതി നടപ്പാക്കിയപ്പോൾ പത്ര മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായ എതിർപ്പും പ്രചാരണകോലാഹലങ്ങളും പാഠ്യപദ്ധതിയെ എതിർക്കുന്നവർ അഴിച്ചുവിട്ടു. വിദ്യാഭ്യാസവകുപ്പിനോ DPEP അധികൃതർക്കോ ഗവൺമെന്റിനോ തങ്ങൾ എടുത്ത നിലപാടിനെ ഫലപ്രദമായി സംരക്ഷിക്കുവാനോ സാധൂകരിക്കാനോ സാധിച്ചതുമില്ല.

ഈ അക്കാദമികവർഷം (1998-99) മുതൽ പുതിയ പാഠ്യപദ്ധതി കേരളത്തിലെ 8 ജില്ലകളിൽ കൂടി വ്യാപിപ്പിച്ചു. DPEP ജില്ലകളിലെ പിന്തുണാസംവിധാനങ്ങളായ BRC കൾ CRC കൾ (Block resource centre, Cluster Resource centre) അതിലെ ട്രെയിനർമാർ, അവരുടെ മോണിട്ടറിങ്‌ രീതികൾ നിരന്തരവും ആവശ്യവുമായി ബന്ധപ്പെട്ടതുമായ പരിശീലനപരിപാടികൾ ഇവയൊക്കെ ഈ പാഠ്യപദ്ധതി നടപ്പാക്കാൻ അവശ്യം ആവശ്യമായിരുന്നു. പക്ഷേ, ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയായിരുന്നു മറ്റു ജില്ലകളിലേക്ക്‌ ഈ പരിപാടി വ്യാപിപ്പിച്ചത്‌. ഇതുകാരണം പുതിയ പാഠ്യപദ്ധതി വലിയൊരു പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കയാണിപ്പോൾ. ഇക്കാര്യങ്ങളെല്ലാം പരിഷത്ത്‌ പലതവണ ഗവൺമെന്റിന്റെയും വിദ്യാഭ്യാസ അധികൃതരുടെയും ശ്രദ്ധയിൽ കൊണ്ടുവരികയുണ്ടായി.

ഇതിനു സമാന്തരമായാണ്‌ CBSE സ്‌കൂളുകളും അൺ എയ്‌ഡഡ്‌ അൺ റെക്കഗ്‌ നൈസ്‌ഡ്‌ സ്‌കൂളുകൾ ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്‌. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നയസമീപനങ്ങൾ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടാവുന്നു. ഇന്നത്തെ മത്സരാധിഷ്‌ഠിത സമൂഹത്തിലെ `മാന്യത'യുടെ വരമ്പുകളായ എൻട്രൻസ്‌ പരീക്ഷകൾ കയറി മറിയാൻ പുതിയ പാഠ്യപദ്ധതി പോലെ `നിലവാരം കുറഞ്ഞ' പാഠ്യപദ്ധതി സഹായകരമാവില്ലെന്നു തോന്നാൻ ഗവൺമെന്റിന്റെ മേൽപറഞ്ഞ സമീപനം കാരണമാകുന്നു. മാത്രമല്ല, പ്രക്രിയാധിഷ്‌ഠിതമായ പഠനതന്ത്രത്തിനു അനുയോജ്യമായ രീതിയിൽ കേരളത്തിലേതെങ്കിലുമുള്ള ഇത്തരം മത്സര പരീക്ഷകൾ മാറ്റാമെന്നുള്ള ഒരുഉറപ്പ്‌ ജനങ്ങൾക്ക്‌ ഉത്തരവാദപ്പെട്ടവർ കൊടുക്കുന്നുമില്ല. ആ നിലയ്‌ക്കുള്ള ആലോചനകളും നടത്തുന്നില്ല. ഇതും ഗുരുതരമായൊരു പ്രശ്‌നമായവശേഷിക്കുന്നു.

ഇതിനേക്കാൾ ഉത്‌കണ്‌ഠ ഉളവാക്കുന്നതാണ്‌ 5-ാം ക്ലാസ്‌ മുതലുള്ള പാഠ്യപദ്ധതി പരിഷ്‌കാരം. 1 മുതൽ 4 വരെയുള്ള പാഠ്യപദ്ധതി തത്വത്തിൽ പൂർണമായംഗീകരിക്കുന്നുവെന്നും തുടർന്നുള്ള പാഠ്യപദ്ധതി പരിഷ്‌കരണം പുതിയ സമീപനത്തിന്റെ തുടർച്ചയായിരിക്കുമെന്നും ഗവൺമെന്റ്‌ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച്‌ 5-ാം തരത്തിലേക്കുള്ള പുസ്‌തകങ്ങൾ SCERT തയ്യാറാക്കി. 6-ാം ക്ലാസിലേക്കും 8-ാം ക്ലാസിലേക്കുമുള്ള പുസ്‌തകരചന S CERT യിൽ അവസാനഘട്ടത്തിലെത്തി നിൽക്കുന്നു. ഏറെ അത്ഭുതകരവും നിരുത്തരവാദപരവുമെന്നു പറയട്ടെ 5-ാം ക്ലാസിനു മുകളിലോട്ടുള്ള പാഠ്യപദ്ധതിയോ, വിവിധ വിഷയങ്ങളുടെ സമീപനങ്ങളോ പഠനപരിശീലനതന്ത്രങ്ങളോ കരിക്കുലം പ്രസ്‌താവനകളോ രൂപപ്പെടുത്താതെ, പഠിപ്പിക്കുന്ന അധ്യാപകർക്ക്‌ വേണ്ടത്ര പങ്കാളിത്തമില്ലാതെയാണ്‌ ഈ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്‌. പുതിയ പാഠ്യപദ്ധതി 6 ജില്ലകളിൽ നടപ്പാക്കിത്തുടങ്ങിയിട്ട്‌ ഒരു വർഷം തികഞ്ഞിട്ടേയുള്ളൂ. ക്ലാസ്‌മുറികളിൽ ഇതെങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നത്‌ പഠനവിഷയമാക്കേണ്ടതാണ്‌. ഇത്‌ കൈകാര്യം ചെയ്യുമ്പോൾ എന്തൊക്കെ പ്രയാസങ്ങളുണ്ടാവുന്നുവെന്നും അതെങ്ങനെ പരിഹരിക്കാമെന്നും പഠിക്കേണ്ടതുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിൽ നിരന്തരമായ മെച്ചപ്പെടുത്തലിന്‌ എല്ലാവർഷവും പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും വിധേയമാക്കേണ്ടതുണ്ട്‌. പാഠ്യപദ്ധതി എന്നത്‌ ഒരു നിശ്ചലരേഖയല്ല. നിരന്തരമായ മാറ്റം ആവശ്യമായതാണത്‌.

എന്തുചെയ്യണം

കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ പൊതുവായ അവലോകനവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കരണ ശ്രമങ്ങളും നാം അവലോകനം ചെയ്‌തുകഴിഞ്ഞു. തികച്ചും ആശാവഹമായ പാതയിലൂടെയല്ല നാം നീങ്ങുന്നത്‌. ഇനി എന്തു ചെയ്യണം? ആരൊക്കെ, എന്തൊക്കെ ചെയ്യണം? എങ്ങനെ ചെയ്യണം? വിദ്യാഭ്യാസവുമായി പ്രത്യക്ഷവും പരോക്ഷവുമായി ബന്ധമുള്ളവരാണ്‌ പ്രായേണ സമൂഹത്തിലെ എല്ലാവരും. എന്തുചെയ്യണം? എന്ന ചോദ്യത്തിനു പലതരത്തിലുള്ള ഉത്തരങ്ങളാണ്‌ അവരിൽനിന്നു ലഭിക്കുക. ചോദിക്കാതെ തന്നെ തന്താങ്ങളുടെ പ്രവർത്തനങ്ങളിലൂടെയും വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും അവർ ആ ഉത്തരം നൽകിക്കൊണ്ടിരിക്കുന്നുണ്ട്‌. ആർ? എന്ന ചോദ്യത്തിനാവട്ടെ വ്യക്തമായി രണ്ടുതരം ഉത്തരങ്ങളാണ്‌ ലഭിക്കുന്നത്‌. ഗവൺമെന്റ്‌ എന്നാണ്‌ ഒരു വിഭാഗത്തിന്റെ ഉത്തരം. വിദ്യാഭ്യാസത്തെ നേരിടുന്ന എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നത്‌ ഗവൺമെന്റിന്റെ മാത്രം കടമായണ്‌ എന്നു വിശ്വസിക്കുന്ന പലരുമുണ്ട്‌. തങ്ങൾക്കോ സിവിൽ സമൂഹത്തിനോ ഒരു കടമയും അവർ കാണുന്നില്ല. മറ്റൊരു കൂട്ടരാവട്ടെ ഗവൺമെന്റിനെക്കൊണ്ട്‌ ഒന്നും ആവില്ലാ എന്നു വിശ്വസിക്കുന്നു. സ്വന്തം കുഞ്ഞുങ്ങളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുക, സമൂഹത്തിന്റെ കാര്യമൊക്കെ പ്രസംഗിക്കുവാൻ കൊള്ളാം. പ്രായോഗികമായി നടക്കില്ല. കിട്ടാവുന്ന നല്ല സ്വകാര്യവിദ്യാലയത്തിൽ സഹിക്കാവുന്നതിലപ്പുറമാണെങ്കിലും ചെലവുചെയ്‌ത്‌ സ്വന്തം കുഞ്ഞുങ്ങളുടെ ഭാവി ഉറപ്പുവരുത്തുക. ഇതാണവർ വിശ്വസിക്കുന്നത്‌. എന്ത്‌? എങ്ങനെ? മുതലായ ചോദ്യങ്ങളൊന്നും ചോദിച്ച്‌ അവർ തലപുണ്ണാക്കുന്നില്ല. ചില മിനിമം ലക്ഷണങ്ങൾ മാത്രം - അച്ചടക്കം, ഇംഗ്ലീഷ്‌ മാധ്യമം, വാഹന സൗകര്യം... തുടങ്ങിയ ചില ലക്ഷണങ്ങൾ മാത്രം - അവർ നോക്കുന്നു. ആത്യന്തികമായി തങ്ങളുടെ കുഞ്ഞുങ്ങളുടെ ഭാവി എന്തായിരിക്കുമെന്ന്‌ വിഭാവനം ചെയ്യാൻ അവർക്ക്‌ കെൽപില്ല. കുട്ടികൾ ഡോക്‌ടറോ, എഞ്ചിനീയറോ ഐ.എ.എസ്സോ... അങ്ങനെ എന്തെങ്കിലുമൊക്കെ ആകണമെന്നവർ ആഗ്രഹിക്കുന്നു, അത്രമാത്രം.

എന്ത്‌? എങ്ങനെ? ആർ എന്നീ ചോദ്യങ്ങൾക്ക്‌ പരസ്‌പര പൊരുത്തത്തോടു കൂടിയതും യുക്തിയുക്തമായ ഉത്തരങ്ങൾ കാണാനാണിവിടെ ശ്രമിക്കുന്നത്‌. ഗവൺമെന്റിനെയും സിവിൽ സമൂഹത്തേയും അപഗ്രഥനത്തിനെങ്കിലും രണ്ടായി കാണണം. രണ്ടു വിഭാഗങ്ങൾക്കും പ്രശ്‌നപരിഹാരത്തിന്‌ ഉത്തരവാദിത്വമുണ്ട്‌. ആരാണ്‌ ഗവൺമെന്റ്‌? ഏതാണ്‌ സിവിൽസമൂഹം?

ഗവൺമെന്റ്‌: മന്ത്രിസഭ, മന്ത്രി, സെക്രട്ടറിയേറ്റ്‌, DPI, ... ആദി ഭരണ ഓഫീസുകൾ പരീക്ഷാബോർഡ്‌, സർവകലാശാലകൾ, SCERT, DIET, DD, DEO, AEO.... ഓഫീസുകൾ, KER ആദി നിയമങ്ങൾ... ഇതൊക്കെ ഗവൺമെന്റിന്റെ ഭാഗമാണ്‌. ഗവൺമെന്റിൽനിന്നു ശംബളം പറ്റുന്നവരും KER ആദികൾക്ക്‌ വിധേയരായവരും എന്നനിലയ്‌ക്ക്‌ അധ്യാപകരും അധ്യാപകേതര ജീവനക്കാരും വ്യക്തിഗതമായി ഗവൺമെന്റിന്റെ ഭാഗമാണ്‌.

സിവിൽസമൂഹം: വിദ്യാർഥികൾ, രക്ഷാകർത്താക്കൾ, അധ്യാപക-വിദ്യാർഥി സംഘടനകളും അധ്യാപകേതര ജീവനക്കാരുടെ സംഘടനകളും PTA, മദർ PTA, സ്‌കൂൾസമിതി, പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി, സ്‌കൂൾ മാനേജ്‌മെന്റ്‌, കോർപ്പറേറ്റ്‌ മാനേജ്‌മെന്റ്‌ സന്നദ്ധസംഘടനകൾ... ഇതൊക്കെ സിവിൽ സമൂഹത്തിന്റെ ഭാഗങ്ങളാണ്‌.

ആർ?

ആർ എന്ന ചോദ്യത്തിനുത്തരം കണ്ടുകൊണ്ടല്ലാതെ എന്ത്‌? എങ്ങനെ? എന്ന ചോദ്യങ്ങൾക്കുത്തരം കണ്ടുപിടിച്ചിട്ടു കാര്യമില്ല. ഇന്നത്തെ അവസ്ഥയിൽ മുൻകൈ സിവിൽ സമൂഹത്തിൽനിന്നു വരണം. ഗവൺമെന്റിനു ചില പരിമിതികളുണ്ട്‌. വിവിധ താൽപര്യങ്ങളുടെ സന്ദിഗ്‌ധമായ സന്തുലനം നിലനിർത്തുകയെന്നതാണ്‌ അതു സ്വയം കാണുന്ന കടമ. അതിനാൽത്തന്നെ ഗുണാത്മകമായ പരിവർത്തനം അതിന്റെ അജണ്ടയിൽ വരുന്നതല്ല. സിവിൽ സമൂഹം ശക്തമായ മുൻകൈ എടുക്കുകയും അതിന്റെ അലകൾ നിലവിലുള്ള സന്തുലനത്തെ ഉലയ്‌ക്കുകയും ചെയ്യുമ്പോൾ മാത്രമാണ്‌ ഗവൺമെന്റ്‌ അനങ്ങുന്നത്‌.

സിവിൽ സമൂഹം അതിന്റെ പ്രകൃതികൊണ്ടുതന്നെ ഭിന്നാത്മകമാണ്‌. എന്നുവെച്ച്‌ എല്ലാവരും പരസ്‌പരം ശത്രുക്കളാണ്‌ എന്നർഥമില്ല. അങ്ങനെയല്ലതാനും. എങ്കിലും പൊതുവെ സിവിൽ സമൂഹത്തെ രണ്ടായി തിരിക്കാം.

1. വിദ്യാഭ്യാസത്തെ കുഞ്ഞുങ്ങളുടെയും സമൂഹത്തിന്റെയും വികാസത്തിനുള്ള അവശ്യോപാധിയായി കാണുന്ന ബഹുഭൂരിപക്ഷം.

2. അതിനെ സ്വകാര്യകച്ചവടലാഭത്തിനും രാഷ്‌ട്രീയ ലാഭത്തിനും ഉള്ള ഉപാധി മാത്രമായി കാണുന്നവർ.

ഇതിൽ രണ്ടാമതു പറഞ്ഞ കൂട്ടർക്കാണ്‌ ഇപ്പോൾ മേൽക്കൈ. അതിനാൽത്തന്നെ ഗവൺമെന്റിന്‌ അവരുടെ ഇംഗിതങ്ങൾക്ക്‌ കീഴ്‌പെടേണ്ടിവരുന്നു. മതം, ജാതി, സമുദായം... തുടങ്ങിയ പല കൊടിക്കൂറകൾക്കു കീഴിലുമായി അവർ അണിനിരന്നിരിക്കയാണ്‌. അതാണ്‌ ഇന്നത്തെ ദുരവസ്ഥയ്‌ക്കുള്ള പ്രധാന കാരണങ്ങളിലൊന്ന്‌. അതിനാൽ `ആർ?' എന്ന ചോദ്യത്തിന്‌ സിവിൽ സമൂഹത്തിലെ ആദ്യ വിഭാഗത്തിൽപെട്ടവർ എന്നതായിരിക്കും ശരിയായ ഉത്തരം. ഇതിൽ ആരൊക്കെ പെടുന്നു?

i. വിദ്യാർഥികൾ

ii. അധ്യാപകർ

iii. രക്ഷാകർത്താക്കൾ

iV. അധ്യാപകേതരജീവനക്കാർ

V. വിദ്യാർഥി സംഘടനകൾ

vi. അധ്യാപക സംഘടനകൾ

vii. PTA കൾ മദർ PTA കൾ

viii. സ്‌കൂൾ, വാർഡ്‌, പഞ്ചായത്തുതല വിദ്യാഭ്യാസ സമിതികൾ

ix. സന്നദ്ധ സംഘടനകൾ.

ഇവരിൽ വിദ്യാഭ്യാസത്തെക്കുറിച്ച്‌ ഏകീകൃതമായൊരു ധാരണവേണം. എന്ത്‌? എങ്ങനെ? എന്നിവയെക്കുറിച്ചും ഏകീകൃത ധാരണ വേണം. സമൂഹത്തിലെ ഭൂരിപക്ഷം വ്യക്തികൾക്കും പ്രാതിനിധ്യമുള്ള ഒരു കൂട്ടത്തിൽനിന്നും ചിട്ടയായ ഒരു നേതൃത്വം രൂപപ്പെട്ടുവരണം. ഭാവി സമൂഹത്തിന്‌ രൂപം നൽകുന്നവർ എന്ന നിലയിൽ വിദ്യാർഥികളെ ഒരു പ്രത്യേക വിഭാഗമായി കാണുകതന്നെ വേണം. അവർക്കുവേണ്ടിയാണു മറ്റുള്ളവരുടെയെല്ലാം പ്രവർത്തനങ്ങൾ പുന:ക്രമീകരിക്കുന്നത്‌. ഭാവിസമൂഹത്തിനു അവരാവശ്യമാണ്‌ എന്ന ഉത്തമ ബോധ്യത്തോടെ സമൂഹം അവരുമായി ബന്ധപ്പെടുന്നത്‌ അധ്യാപകരിലൂടെയാണ്‌. അതിനാൽ വിദ്യാഭ്യാസത്തിലെ ഏതു പരീക്ഷണത്തിലെയും പരിഷ്‌കരണത്തിലെയും മൂൻകൈ എടുക്കേണ്ട ഉത്തരവാദിത്വം അധ്യാപകർക്കാണ്‌. വിദ്യാലയങ്ങളിൽ ഔപചാരികമായി പഠിപ്പിക്കുന്നില്ലെങ്കിലും അധ്യാപക മനസുള്ള അനൗപചാരികമായി അധ്യാപനം നടത്തുന്നവരെയും ഇക്കൂട്ടത്തിൽപെടുത്താം. ഇവരുടെ മുൻകൈകൾക്ക്‌ പിൻതുണ നൽകുന്നതിൽ ഏറ്റവും അധികം താൽപര്യമുണ്ടാവേണ്ടത്‌ രക്ഷിതാക്കൾക്കാണ്‌. ഇന്നു ചെയ്യുന്നതിനേക്കാളും ചെയ്യാൻ പറ്റുമെന്നു കരുതുന്നതിനേക്കാളും ഒട്ടേറെ കാര്യങ്ങൾ വിദ്യാഭ്യാസ മേഖലയിൽ അവർക്കു ചെയ്യാൻ കഴിയും. PTA, മദർ PTA, സ്‌കൂൾ/വാർഡ്‌/ പഞ്ചായത്തുതല വിദ്യാഭ്യാസസമിതികൾ എന്നിവയിലൂടെയാണ്‌ അവർക്ക്‌ വിദ്യാഭ്യാസരംഗവുമായി നേരിട്ടിടപെടാൻ കഴിയുക. പ്രാഥമിക ഉത്തരവാദിത്വമുള്ള അധ്യാപകർക്ക്‌ അവരുടെ സംഘടനകളിലൂടെ നിർണായകമായ വിധത്തിൽ വിദ്യാഭ്യാസ രംഗത്ത്‌ ഇടപെടാൻ കഴിയേണ്ടതാണ്‌. നിർഭാഗ്യവശാൽ ഇതേവരെ അത്തരത്തിലുള്ള മുൻകൈ അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കുട്ടികളെ സ്‌നേഹിക്കുന്നവരും വിദ്യാഭ്യാസത്തിന്റെ ദീർഘകാല സാമൂഹ്യപ്രാധാന്യത്തെക്കുറിച്ചു ബോധമുള്ളവരും അധ്യാപനത്തിൽ ആനന്ദം ലഭിക്കുന്നവരുമായ ഏതാനും - കേരളത്തിലാകെ അവരുടെ എണ്ണം ആയിരത്തിൽ താഴെ, അര ശതമാനത്തിൽ താഴെയേ വരൂ - അധ്യാപകരും അവർ കൂടി അംഗങ്ങളായുള്ള സന്നദ്ധ സംഘടനകളും മാത്രമാണ്‌ ഇന്ന്‌ വിദ്യാഭ്യാസത്തിൽ താൽപര്യമെടുക്കുന്നത്‌. അവരുടെ താൽപര്യത്തെ ശക്തിപ്പെടുത്താൻ ഗവൺമെന്റ്‌ ശ്രമിക്കുന്നില്ല. കാരണം ഗവൺമെന്റിൽ സ്ഥാപിത താൽപര്യക്കാർക്കാണ്‌ കൂടുതൽ സ്വാധീനം. അധ്യാപകേതര ജീവനക്കാർ വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലാത്ത തരത്തിലാണ്‌ ഇന്നു പെരുമാറുന്നത്‌. അവർക്കും അക്കാദമികമായ - വിദ്യാഭ്യാസ പരമായ- ഒരു പങ്കു വഹിക്കാനുണ്ടെന്ന കാര്യം അവർ മനസ്സിലാക്കുന്നില്ല.

എങ്ങനെ?

എങ്ങനെ `ആർ' എന്ന ചോദ്യത്തിന്‌ തുടക്കത്തിൽ ആർ എന്ന രീതിയിലുള്ള ഒരുത്തരമേ ഇപ്പോൾ നൽകാനാവൂ. നേരത്തെ സൂചിപ്പിച്ചപോലെ കുട്ടികളെ സ്‌നേഹിക്കുന്ന, അധ്യാപനത്തിൽ ആനന്ദിക്കുന്ന അധ്യാപകരും വിദ്യാഭ്യാസ തൽപരരും അടങ്ങുന്ന ഒരു ചെറു സംഘമായിരിക്കും തുടക്കക്കാർ. ഓരോ പഞ്ചായത്തിലും പട്ടണത്തിലും ഇത്തരത്തിലുള്ള 10- 15 പേരെ കണ്ടെത്താൻ കഴിയും. നേതൃത്വപരമായ പങ്ക്‌ ഏറ്റെടുക്കാൻ തയ്യാറായ, വിദ്യാഭ്യാസത്തിൽ `ഭ്രാന്ത്‌' ഉള്ള ഒന്നോ രണ്ടോ പേർ വിചാരിച്ചാൽ ഇവരെയെല്ലാം ഒത്തുചേർക്കാൻ കഴിയും. അങ്ങനെ പഞ്ചായത്തിലെ/ പട്ടണത്തിലെ കുട്ടികളുടെ മുഴുവൻ പേരുടെയും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്‌ അവരെ 21-ാം നൂറ്റാണ്ടിൽ ജീവിക്കാൻ കഴിയുന്ന, സ്വന്തം ചുറ്റുപാടിനെ അനുയോജ്യപരമായി മാറ്റാൻ കെൽപുള്ള സമ്പൂർണ്ണ മനുഷ്യരാക്കി മാറ്റുന്നതിന്‌ ആവേശത്തോടെ പ്രവർത്തിക്കാൻ തയ്യാറുള്ള 10-15 പേരുടോ ഒരു കോർ ഗ്രൂപ്പ്‌ രൂപീകരിക്കുകയെന്നതാവാം ആദ്യത്തെ ചുവടുവെപ്പ്‌. ജനപ്രതിനിധികൾ, പൗരമുഖ്യൻമാർ തുടങ്ങിയവരുമായി തുടർച്ചയായ ബന്ധം വെച്ചുകൊണ്ട്‌ സജീവമായ PTA, മദർ PTA, സ്‌കൂൾ വിദ്യാഭ്യാസ സമിതി, വാർഡ്‌/പഞ്ചായത്ത്‌ സമിതി മുതലായവ രൂപീകരിക്കുവാൻ ഇവർക്കു കഴിയണം. ഇതിനുപുറമെ അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്ന മുറയ്‌ക്ക്‌ ഓരോ അയൽക്കൂട്ടത്തിലും വിദ്യാഭ്യാസ ഉപസമിതികളും കുട്ടികളുടെ കൂട്ടങ്ങളും (സർഗവേദി.... ബാലവേദി.... മുതലായവ) - രൂപീകരിക്കണം. അങ്ങനെ ആർ എന്ന ചോദ്യത്തിനു സാമാന്യേന താഴെ കൊടുക്കുന്ന ഉത്തരം നൽകാം.

1. ഉടുമ്പിനെപ്പോലെ ഒരിക്കലും പിടിവിടാത്ത, ഒരിക്കലും ആശ കൈവെ ടിയാത്ത ഒന്നുരണ്ടു വിദ്യാഭ്യാസ പ്രവർത്തർ.

2. 10-15 പേർ അടങ്ങുന്ന ഒരു കോർഗ്രൂപ്പ്‌. എല്ലാ വശങ്ങളും മനസിലാ ക്കിയവർ.

3. ജനപ്രതിനിധികളും പൗരമുഖ്യരും കൂടിച്ചേർന്നുള്ള ഒരു പഞ്ചായത്തു തല വിദ്യാഭ്യാസ ആലോചനാസമിതി ( PEC അല്ല ഇത്‌).

4. സ്‌കൂൾ തല PTA, മദർ PTA, വിദ്യാഭ്യാസ സമിതി എന്നിവ രൂപീക രിച്ച്‌ സജീവമാക്കൽ.

5. അയൽക്കൂട്ട വിദ്യാഭ്യാസ സമിതി, വാർഡുതല വിദ്യാഭ്യാസ സമിതി.

6. ഇവയിൽനിന്നു തെരഞ്ഞെടുത്തവരും ഏതാനും വിദഗ്‌ധരും ഉദ്യോ ഗസ്ഥരും വിദ്യാഭ്യാസത്തിൽ ഉത്തരവാദിത്വമുള്ള ജനപ്രതിനിധികളും ചേർന്ന, പഞ്ചായത്തിന്റെ രേഖാമുലമുള്ള തീരുമാനത്തോടെ രൂപപ്പെ ടുത്തുന്ന പഞ്ചായത്ത്‌/ നഗര വിദ്യാഭ്യാസസമിതി (PEC).

ഇത്രയും രൂപപ്പെടുത്തിയാൽ 1 മുതൽ 7 വരെയുള്ള വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്‌ സ്വന്തമായി ഒരുപാടു കാര്യങ്ങൾ ചെയ്യാനാവും. ബ്ലോക്ക്‌ (AEO, BRC) തലത്തിലും ജില്ല (DEO, DIET) തലത്തിലുമുള്ള വിദഗ്‌ധരുടെ സേവനം അവകാശമായിത്തന്നെ ഇവർക്ക്‌ ആവശ്യപ്പെടാവുന്നതാണ്‌. അതെന്തൊക്കെയെന്ന്‌ വഴിയെ പരിശോധിക്കാം.

എന്ത്?

എന്ത്‌ എന്ന ചോദ്യം ഇനി ചോദിക്കാം. നേരത്തെ തന്നെ ഇത്‌ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. എങ്കിലും അവ ഒരിക്കൽകൂടി പട്ടിക പെടുത്താം.

i. എന്തായിരിക്കണം അവശ്യം വേണ്ട പഠന നിലവാരം? (Minimum, or Desired or Necessary levels of learning - MLL/DLL/NLL)

ii. കുട്ടികളുടെ ഇന്നത്തെ നിലവാരവും അഭിലഷണീയ നിലവാരവും തമ്മിലുള്ള വിടവ്‌ ഓരോ വിഷയത്തിലും ഓരോ ക്ലാസിലും എന്തെന്നു തിട്ടപ്പെടുത്തുക.

iii. ഈ വിടവ്‌ നികത്താനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കുക, നടപ്പാക്കുക, വിടവ്‌ നികത്തുക. വിടവ്‌ നികന്നോ എന്നു പരിശോധിക്കാനുള്ള മോണിറ്ററിങ്‌ സംവിധാനങ്ങളുണ്ടാക്കുക.

iv. പുതിയ പാഠ്യപദ്ധതിയും അധ്യാപന രീതിയും മൂല്യനിർണയ രീതിയും അതിന്റെ അന്തഃസത്ത ഉൾക്കൊണ്ടുകൊണ്ട്‌ നടപ്പാക്കുന്നുണ്ടോ എന്നു പരിശോധിക്കുക.

അധ്യാപന പുന:പരിശീലനം

i. വിദ്യാഭ്യാസത്തിലെ മുഖ്യ സംവിധായകൻ അധ്യാപൻ തന്നെയാണ്‌. അവർക്ക്‌ അധ്യാപനം അതിമധുരമായി തീരണം. അതിനാവശ്യമായ പുനഃപരിശീലനം നൽകണം. അവരുടെ വിജ്ഞാനതലത്തിലും (Cognitive) മനഃശ്ചാലകതലത്തിലും (Psychomotor) ലോകവീക്ഷണത്തിലും (affective) എല്ലാം മാറ്റങ്ങൾ വരേണ്ടതുണ്ട്‌.

ii. ഇപ്പോൾ സർക്കാർ തലത്തിൽ നടക്കുന്ന പരിശീലനം അപര്യാപ്‌തവും പലപ്പോഴും വിപരീതഫലം സൃഷ്‌ടിക്കുന്നതുമാണ്‌. അധ്യാപക പുനഃപരിശീലനത്തിന്റെ ഉത്തരവാദിത്വം (LPയും UPയും) ഗ്രാമ/നഗരപഞ്ചായത്തുതന്നെ ഏറ്റെടുക്കണം. BRC, DIET, AEO/DEO ഓഫീസുകൾ എന്നിവയിൽനിന്നുള്ള നല്ല അധ്യാപകരെ ഇതിനായി തെരഞ്ഞെടുക്കണം. കൂടുതൽ റിസോഴ്‌സ്‌ പേഴ്‌സൺസിനെ പഞ്ചായത്തു തന്നെ കണ്ടെത്തണം. ഇപ്പോൾ ജോലിയിലുള്ള അധ്യാപകർക്ക്‌ ഓരോ വർഷവും ചുരുങ്ങിയത്‌ 21 ദിവസത്തെ പുനഃപരിശീലനം നൽകാനുള്ള സംവിധാനം ഉണ്ടാക്കണം.

iii. TTC, BEd മുതലായ അധ്യാപക പരിശീലന കോഴ്‌സുകളുടെ പാഠ്യക്രമം, പരീക്ഷ, ഘടന, എന്നിവയിലെല്ലാം അനുയോജ്യമായ മാറ്റങ്ങൾ വരുത്തണം. ഗവൺമെന്റിനേ ഇതു ചെയ്യാനാവൂ.

അധ്യാപക നിയമനവും നിയോഗവും

i. വിദ്യാഭ്യാസത്തിന്റെ കച്ചവടവൽക്കരണത്തിനും ജീർണനത്തിനും മുഖ്യകാരണവും സഹായകവുമായി തീർന്നിട്ടുള്ളത്‌ സ്വകാര്യ എയ്‌ഡഡ്‌ മാനേജ്‌മെന്റ്‌ സമ്പ്രദായമാണ്‌. നികുതിദായകരുടെ പണമെടുത്ത്‌ അധ്യാപകർക്ക്‌ ശംബളം കൊടുക്കുന്നു. എന്നാൽ അധ്യാപകരെ തെരഞ്ഞെടുക്കുന്നതിൽ നികുതിദായകർക്കോ, രക്ഷിതാക്കൾക്കോ അവരുടെ ഗവൺമെന്റിനോ അധികാരമില്ല. ന്യൂനപക്ഷാവകാശ സംരക്ഷണത്തെ ദുർവ്യാഖ്യാനിച്ച്‌ സ്വകാര്യ മാനേജ്‌മെന്റുകൾക്ക്‌ ഭരണഘടന വിഭാവനം ചെയ്യാത്ത അധികാരങ്ങൾ നൽകിയിരിക്കുകയാണ്‌. ഈ ദുരവസ്ഥ അവസാനിപ്പിച്ചേ ഒക്കൂ. ഇന്നത്തെ സർക്കാർ സ്‌കൂളുകളും എയ്‌ഡഡ്‌ സ്വകാര്യ മാനേജ്‌മെന്റ്‌ സ്‌കൂളുകളും രണ്ടും ഒരേ പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിൽ വരണം. അധ്യാപകരെ നിയമിക്കാനും സർക്കാർ - സ്വകാര്യമെന്ന ഭേദമില്ലാതെ ഒരു സ്‌കൂളിൽനിന്ന്‌ മറ്റൊന്നിലേക്കു മാറാനും - ന്യായമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്‌ അധികാരം ഉണ്ടായിരിക്കണം. തുടക്കത്തിൽ ഈ ഉത്തരവാദിത്തം ബ്ലോക്ക്‌/ ജില്ലാ തലങ്ങളിൽ അർപ്പിക്കാം. പിന്നീട്‌ ഗ്രാമപഞ്ചായത്ത്‌ തലത്തിലേക്ക്‌ കൊണ്ടുവരാം.

ii. സർവീസ്‌ ചട്ടങ്ങൾ, പെൻഷൻ, മറ്റാനുകൂല്യങ്ങൾ എന്നിവയുടെ കാര്യങ്ങളിലെല്ലാംതന്നെ ഗവ.സ്‌കൂൾ അധ്യാപകരും എയ്‌ഡഡ്‌ സ്വകാര്യസ്‌കൂൾ അധ്യാപകരും തമ്മിൽ ഒരു വ്യത്യാസവും പാടില്ല. പ്രമോഷനുകൾ - വിദ്യാഭ്യാസ യോഗ്യത, സേവന ദൈർഘ്യം മെറിറ്റ്‌ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കണം, വെറും സീനിയോറിറ്റി മാത്രം പോരാ.

iii. സ്‌കൂളുകൾക്ക്‌ - പ്രൈമറി തലം വരെ കൂടുതൽ സ്വയംഭരണാവകാശം നൽകണം. ഇതിൽ സർക്കാർ സ്‌കൂളുകളെ മാനേജ്‌മെന്റ്‌ സ്‌കൂളുകൾക്ക്‌ സദൃശമാക്കണം. അതേസമയം മാനേജുമെന്റിന്‌ ഇന്നുള്ള അമിതാധികാരങ്ങൾ ഇല്ലാതാക്കണം. ആ അധികാരങ്ങൾ PTA, പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതി എന്നിവയിൽ നിക്ഷിപ്‌തമാക്കണം.

സമീപസ്ഥ സ്കൂൾ സമ്പ്രദായം

i. കോത്താരി കമ്മീഷനും അതിനുമുമ്പും പിമ്പും വന്നിട്ടുള്ള കമ്മീഷനുകളും എല്ലാ വിദ്യാഭ്യാസ വിചക്ഷണരും അംഗീകരിച്ച ഒരു തത്വമാണ്‌ സമീപസ്ഥ സ്‌കൂൾ - Neighbourhood school- സമ്പ്രദായം. സ്വകാര്യവൽക്കരണത്തിന്റെ സ്വർഗമായ അമേരിക്കയിൽ പോലും ഇതു നിർബന്ധമാണ്‌. സ്വന്തം ചുറ്റുവട്ടത്തല്ലാത്ത ദൂരെയുള്ള പബ്ലിക്‌ സ്‌കൂളിൽ കുട്ടിക്ക്‌ പ്രവേശനം നൽകില്ല. ഭീമമായ ഫീസു ചുമത്തുന്ന പ്രൈവറ്റ്‌ സ്‌കൂളുകളിൽ - അവ മൊത്തത്തിന്റെ വളരെ ചെറിയൊരു ശതമാനമേ വരൂ - മാത്രമേ ദൂരെനിന്നുള്ള കുട്ടികളെ പ്രവേശിപ്പിക്കൂ.

ii. തുടക്കത്തിൽ ഒരു ഏകീകൃത സ്‌കൂൾ സമ്പ്രദായം നടപ്പിലാക്കാം. ഒരേ മാനേജ്‌മെന്റ്‌ വ്യത്യസ്‌ത സ്ഥലങ്ങളിൽ സ്‌കൂൾ ബ്രാഞ്ചുകൾ അതായത്‌ ഒരു സ്‌കൂളിലെ ഒരു ക്ലാസിന്റെ A, B ഡിവിഷനുകൾ ഒരു സ്ഥലത്താണെങ്കിൽ C,D ഡിവിഷനുകൾ മറ്റൊരു സ്ഥലത്ത്‌. E, F ഡിവിഷനുകൾ ഇനിയും മറ്റൊരിടത്ത്‌. കുട്ടികളെ അവരുടെ താമസസ്ഥലത്തിന്‌ ഏറ്റവും അടുത്തുള്ള ഡിവിഷനിൽ ചേർക്കുന്നു. iii. സ്‌കൂൾ സമിതികളും അധ്യാപക രക്ഷാകർതൃ സമിതികളും അമ്മമാരുടെ സമിതികളും വാർഡ്‌ പഞ്ചായത്ത്‌ വിദ്യാഭ്യാസ സമിതികളും സജീവമായാൽ നല്ല സ്‌കൂൾ, ചീത്ത സ്‌കൂൾ എന്ന അന്തരം ഇല്ലാതാക്കാം. പല സ്‌കൂളുകളിലും ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടിവരും. നല്ല സ്‌കൂളുകളിലും അത്രതന്നെ നല്ലതല്ലാത്ത അധ്യാപകരുണ്ടാവാം. അതുപോലെ മറിച്ചും. താരതമ്യേന കുറഞ്ഞ ഭൗതിക സാഹചര്യമുള്ളതും ഇപ്പോൾ അനാകർഷകവുമായ സ്‌കൂളുകളിലേക്ക്‌ ഏറ്റവും നല്ല അധ്യാപകരെ ബോധപൂർവം നിയോഗിക്കുന്നത്‌ ഒരു നല്ല തന്ത്രമായിരിക്കും. ഒന്നിന്റെ കുറവു മറ്റതുകൊണ്ട്‌ നികത്താം.

സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ

പൊതുവിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാൻ അടിയന്തിരമായി സംസ്ഥാന സർക്കാർ ചെയ്യേണ്ട ഒട്ടനവധി കാര്യങ്ങളുണ്ട്‌.

� 1. വിദ്യാഭ്യാസത്തെ - പ്രത്യേകിച്ചും അതിന്റെ അക്കാദമിക വശങ്ങളെ- ഇന്നത്തെപ്പോലെ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നതു നിർത്തുക. അധ്യാപക നിയമനം, ട്രാൻസ്‌ഫർ മുതലായവയുടെ ഉത്തരവാദിത്വത്തിൽനിന്ന്‌ ഒഴിയുക. അവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നൽകുക. ഗവൺമെന്റ്‌ മാനദണ്ഡങ്ങൾ നിശ്ചയിച്ചാൽ മാത്രം മതി.

� 2. പുതിയ പാഠ്യപദ്ധതിയുടെ പരിപ്രേക്ഷ്യത്തെക്കുറിച്ച്‌ രക്ഷാകർത്താക്കളെയും അധ്യാപകരെയും ബോധവൽക്കരിക്കാനുള്ള വിപുലമായ പരിപാടി പ്രഖ്യാപിക്കുക. ജനങ്ങളുടെ വിമർശനങ്ങൾക്കെല്ലാം മറുപടി പറയാൻ ഇതുകൊണ്ടാവുമെന്നു കരുതുന്നില്ല. അതേസമയം പാഠ്യപദ്ധതിയുടെ ജനകീയ വശങ്ങളെ ഉയർത്തിപ്പിടിക്കാനും അതിലെ ശാസ്‌ത്രീയമായ ആശയങ്ങളെക്കുറിച്ച്‌ ആത്മവിശ്വാസമുണ്ടാക്കാനും അതുകൊണ്ടു കഴിഞ്ഞേക്കും.

� 3. നോൺ ഡി.പി.ഇ.പി. ജില്ലകളിൽ യുദ്ധകാലാടിസ്ഥാനത്തിൽ സമഗ്രമായ അധ്യാപക പുനഃപരിശീലന പരിപാടി പ്രഖ്യാപിക്കുക. പുനപരിശീലനത്തിന്‌ ഡയറ്റുകൾ കൂടാതെ ഡി.പി.ഇ.പി. ജില്ലകളിലെ BRC കൾക്കു സമാനമായ ഒരു ടീമിനെ ബ്ലോക്കുതോറും സൃഷ്‌ടിക്കണം. അവർക്ക്‌ അക്കാദമിക മോണിട്ടറിംഗിനുള്ള അധികാരവും ഉണ്ടാവണം.

� മേൽപറഞ്ഞ രണ്ടു പരിപാടികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ചെയ്യാം. അതിനാവശ്യമായ മുന്നൊരുക്കങ്ങളും പരിശീലനവും പഞ്ചായത്ത്‌ പ്രതിനിധികൾക്കു നൽകണം.

� 4. DPEP ജില്ലകളിൽ വിപുലമായ Learner Achievement test നടത്തുക. പാഠ്യപദ്ധതിയുടെ രണ്ടാം വർഷമായതുകൊണ്ട്‌ ഈ വർഷം ഇത്തരം ടെസ്റ്റുകൾ ഫലപ്രദമായി നടത്താൻ കഴിയും. ഈ learner Achievement test കൾ പിന്നീട്‌ പാഠ്യപദ്ധതിയുടെ പുനരവലോകനത്തിനും ആവിഷ്‌കരണത്തിനും സഹായിക്കും.

� 5. 1-4 വരെയുള്ള കരിക്കുലം, പാഠപുസ്‌തകങ്ങൾ എന്നിവയുടെ സമഗ്രമായ റെവ്യു നടത്തുക. റെവ്യുവിന്റെ ലക്ഷ്യം കമ്പോള ശക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച്‌ പാഠ്യപദ്ധതിയെ മാറ്റിമറിക്കാനും നശിപ്പിക്കാനുമല്ല. നിലവിലുള്ള ദൗർബല്യങ്ങളെ മാറ്റി ജനകീയമായ പാഠ്യപദ്ധതിയുടെ ആവിഷ്‌കാരത്തിനാണ്‌. പാഠപുസ്‌തകങ്ങളെക്കുറിച്ച്‌ ഇപ്പോഴുള്ള വിമർശനങ്ങളെയും നിരീക്ഷണങ്ങളെയുമെല്ലാം ഉൾക്കൊണ്ടുകൊണ്ടുള്ള റെവ്യു ആയിരിക്കണം നടത്തേണ്ടത്‌.

� 6. പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയുള്ള സ്‌കൂൾ വിദ്യാഭ്യാസത്തിനു സമഗ്രമായ കരിക്കുലം പരിപ്രേക്ഷ്യം പ്രഖ്യാപിക്കണം. ഈ പരിപ്രേക്ഷ്യം വിപുലമായ ജനകീയ ചർച്ചകൾക്ക്‌ വിധേയമാക്കണം. അധ്യാപകർ, രക്ഷിതാക്കൾ, ജനകീയ സംഘടനകൾ എന്നിവരിൽ ചർച്ചകൾ നടത്തി അഭിപ്രായ രൂപീകരണം നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ സ്‌കൂൾ കരിക്കുലം പ്രഖ്യാപിക്കുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിൽ സിലബസ്സും പാഠപുസ്‌തകങ്ങളും തയ്യാറാക്കണം.

� 7. കരിക്കുലം നിർമാണം, പാഠ്യപദ്ധതി, പാഠപുസ്‌തകങ്ങൾ തയ്യാറാക്കൽ ഫീൽഡ്‌ പരീക്ഷണങ്ങൾ നടത്തൽ, അനുഭവപാഠങ്ങൾ പഠിക്കൽ, പുതുക്കൽ, അച്ചടി, വിതരണം മുതലായവ ഇന്നത്തേക്കാൾ ഗൗ രവത്തിൽ കാണണം. കരിക്കുലം സ്റ്റിയറിംഗ്‌ കമ്മിറ്റിയെ ആണ്ടിലൊരിക്കൽ കൂടുന്ന ഒരു ആവരണമായി കാണരുത്‌. വിദ്യാഭ്യാസവുമായി നേരിട്ടു ബന്ധവും പ്രതിബദ്ധതയുമുള്ള കുറച്ചുപേരെ കൂടി ചേർത്ത്‌ വിശാലമായ കമ്മിറ്റി ഉണ്ടാക്കാം. അത്‌ കൊല്ലത്തിൽ മൂന്നു തവണയെങ്കിലും കൂടണം. എന്നാൽ SCERT യുടെ കരിക്കുലം രംഗത്തെ പ്രവർത്തനങ്ങളെ സഹായിക്കാനും മോണിട്ടർ ചെയ്യാനുമായി മാസത്തിൽ ഒരിക്കലെങ്കിലും ചേരുന്ന ആവശ്യമുള്ളത്ര ഉപസമിതികളുണ്ടാക്കണം. കരിക്കുലം സ്റ്റിയറിംഗ്‌ കമ്മിറ്റിയുടെ അധ്യക്ഷനായി നല്ലൊരു വിദ്യാഭ്യാസ വിദഗ്‌ധനെ നിയോഗിക്കുകയായിരിക്കും കൂടുതൽ ഉചിതം. കരിക്കുലം രൂപീകരണം, പരീക്ഷണം ആദിയായവ മന്ത്രിയുടെയോ സെക്രട്ടറിയുടെയോ ഉത്തരവാദിത്വമാവരുത്‌. അവർക്ക്‌ മറ്റുത്തരവാദിത്വങ്ങളുണ്ട്‌.

� 8. ഈ വർഷം തന്നെ 1-4 ക്ലാസുകളിലെ പാഠപുസ്‌തകങ്ങൾ പുതിയ കരിക്കുലമനുസരിച്ച്‌ പുനരാവിഷ്‌കരിക്കാം. 1999-ൽ 5-7 വരെയുള്ള പുതിയ കരിക്കുലം തയ്യാറാക്കുകയും അതിനനുസരിച്ചുള്ള പാഠപുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്യണം. 2000-ാമാണ്ടിൽ 10-ാം ക്ലാസുവരെയുള്ള കരിക്കുലവും പാഠപുസ്‌തകങ്ങളും തയ്യാറാക്കാം. ഇതിനോടൊപ്പം ഹയർസെക്കണ്ടറി കരിക്കുലവും തയ്യാറാക്കണം. ഇതിനായി SCERT യുടെ നേതൃത്വത്തിൽ വിദഗ്‌ധാംഗങ്ങൾ അടങ്ങുന്ന കരിക്കുലം വികസനസെൽ തുടർച്ചയായി പ്രവർത്തിക്കണം.

� 9. പ്രീപ്രൈമറി ബിൽ അടിയന്തിരമായി നിയമമാക്കണം. അംഗൻവാടികൾ, ബാലവാടികൾ, നഴ്‌സറികൾ, സ്‌കൂളിനോടു ചേർന്നുള്ള പ്രീപ്രൈമറി സ്‌കൂളുകൾ എന്നിവ ചേർത്തുള്ള സംവിധാനം നിലവിൽ വരണം. വായനയും എഴുത്തും കണക്കും പഠിപ്പിക്കുന്ന സംവിധാവും ഇംഗ്ലീഷ്‌ മീഡിയം നഴ്‌സറികളും കർശനമായി നിരോധിക്കണം. പ്രീപ്രൈമറി കരിക്കുലവും അധ്യാപക പരിശീലനവും നടപ്പിലാക്കണം.

� 10. സ്‌കൂൾ അധ്യയന മാധ്യമം മാതൃഭാഷയാക്കണം. ഇതിനെ സംബന്ധിച്ച ഗവ. പരിപ്രേക്ഷ്യം പ്രഖ്യാപിക്കണം.

� 11. കേരള വിദ്യാഭ്യാസത്തിലെ പ്രൈവറ്റ്‌ സ്റ്റഡിയെ സംബന്ധിച്ച നിയമം എടുത്തു കളയണം. പ്രത്യേക സാഹചര്യങ്ങളിൽ അംഗവൈകല്യം വന്ന കുട്ടികൾക്ക്‌ പ്രൈവറ്റ്‌ സ്റ്റഡി താൽക്കാലികമായനുവദിക്കാം. അവരെയും സ്‌കൂളിൽ പഠിപ്പിക്കാനുള്ള സംവിധാനം ഉണ്ടാക്കണം.

� 12. പ്രൈമറി വിദ്യാഭ്യാസം സമ്പൂർണമായി ഏകീകരിക്കണം. അവിടെ സി.ബി.എസ്‌.ഇ. പബ്ലിക്‌ സ്‌കൂളുകൾക്ക്‌ എൻ.ഒ.സി. നൽകുന്ന സമ്പ്രദായം പൂർണമായി നിർത്തണം. തുടർന്നു കേരളത്തിനുപുറത്തുനിന്നു വരുന്ന വിദ്യാർഥികൾക്കു മാത്രമായി സി.ബി.എസ്‌.ഇ. ചുരുക്കണം (കേന്ദ്രീയ വിദ്യാലയമാതൃക). അത്തരം സ്‌കൂളുകളിലും മലയാളം നിർബന്ധമായി പഠിപ്പിക്കണം.

� 13. വിദ്യാഭ്യാസ മാനേജ്‌മെന്റ്‌ പുനഃസംവിധാനം ചെയ്യണം. SCERT യെ പൂർണമായ വിധത്തിൽ ഒരു വിദ്യാഭ്യാസ ഗവേഷണസ്ഥാപനമായി ഉയർത്തണം. SCERTയും DIET കളും തമ്മിലുള്ള നെറ്റ്‌ വർക്ക്‌ സംവിധാനം വളർത്തണം. DPI യുടെ ചുമതല ഭരണമേൽനോട്ടം മാത്രമായിരിക്കണം.

� 14. വിദ്യാഭ്യാസ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം ഗവൺമെന്റിന്റേതാണ്‌. എന്നാൽ `ഉത്തരവു'കളിലൂടെ നിറവേറ്റാവുന്ന ഒന്നല്ല ഉത്തരവാദിത്വം. കഴിഞ്ഞ അഞ്ചാറു വർഷമായി DPI നേരിട്ടും DPEP വേറിട്ടും നടത്തുന്ന അധ്യാപകപരിശീലന പരിപാടികൾ ഏറെ ദോഷം ചെയ്‌തിട്ടുണ്ട്‌. അത്‌ കാണാനുള്ള കഴിവുപോലും അവർക്കില്ലാതെ പോയത്‌ ദുഃഖകരമാണ്‌. DPI അതിന്റെ ഭരണപരമായ ഉത്തരവാദിത്വം മിക്കവാറും മുഴുവനും ജില്ലാ ബ്ലോക്ക്‌ ഗ്രാമപഞ്ചായത്തുകൾക്ക്‌ കൈമാറണം.

� 15. പഞ്ചായത്തുതലത്തിൽ സ്‌കൂളുകളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനുള്ള സമഗ്രവിദ്യാഭ്യാസ പരിപാടി പഞ്ചായത്ത്‌ പദ്ധതിയുടെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കണം. മുമ്പു നടന്ന സ്‌കൂൾ കോംപ്ലക്‌സ്‌, വിവിധ തരത്തിലുള്ള ഗുണനിലവാരം ഉയർത്താനുള്ള പരിപാടികൾ എന്നിവയുടെ തുടർച്ചയാവണം അത്‌.

� 16. സ്‌കൂളുകളിലെ പ്രവേശനം കുറഞ്ഞുവരുന്ന സാഹചര്യങ്ങളിൽ ശാസ്‌ത്രീയമായ സർവെയുടെ അടിസ്ഥാനത്തിൽ സ്‌കൂൾ സംവിധാനം പുനഃസംഘടിപ്പിക്കണം. തീരെ നിലനിർത്താൻ സാധിക്കാത്ത വിദ്യാലയങ്ങൾ നിർത്തണം. ചിലത്‌ മറ്റു സ്‌കൂളുകളുമായി ലയിപ്പിക്കാം. പ്രാദേശിക സാഹചര്യങ്ങളനുസരിച്ച്‌ നിലനിർത്തേണ്ടവ തുടരണം. അവ പ്രാദേശിക സഹകരണത്തോടെ മെച്ചപ്പെടുത്താം.

� 17. അധ്യാപക വിദ്യാർഥി അനുപാതത്തിൽ മാറ്റമുണ്ടാകണം. പ്രീപ്രൈമറിയിൽ അത്‌ 1:20 ആകണം. പ്രൈമറിയിൽ 1:30 ഉം എൽ.പി.യിൽ 1:25 ഉം ആകാം. ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ പ്രധാന ഘടകമാണിത്‌.

� 18. ഇപ്പോൾ `അൺ എക്കണോമിക്‌' ആയ സ്‌കൂളുകളിലേക്ക്‌ കൂടുതൽ ഡിവിഷനുകൾ ഉള്ള സ്‌കൂളുകളിലെ ചില ഡിവിഷനുകളെ മാറ്റി, അവിടത്തെ പ്രൊട്ടക്‌റ്റഡ്‌ അധ്യാപകർക്ക്‌ പണി നൽകണം.

� 19. ഇപ്പോഴുള്ള രണ്ടു ലക്ഷം അധ്യാപകരിൽ 2000 പേരെയെങ്കിലും അധ്യാപക പരിശീലനം, ഗവേഷണം, പരീക്ഷണങ്ങൾ, മോണിറ്ററിങ്‌... തുടങ്ങിയവയ്‌ക്കായി DIET, BRC (AEO ഓഫീസ്‌) എന്നിവിടങ്ങളിലേക്ക്‌ നിയോഗിക്കണം. കഴിവും പ്രതിബദ്ധതയും മാത്രമുള്ളവരെ ഇതിനായി തെരഞ്ഞെടുക്കണം ഈ 2000 അധ്യാപകരെ പരിശീലകരായി പൊതു ധാരയിൽനിന്നു മാറ്റാവുന്നതാണ്‌. ഇവർ എക്കാലത്തും പരിശീലകരായി നിലകൊണ്ടുകൂടാ. 2-3 കൊല്ലം കഴിയുമ്പോൾ അവർ പ്രത്യക്ഷ അധ്യാപഠനത്തിലേക്ക്‌ തിരിച്ചുപോവുകയും പുതിയ പരിശീലകർ രംഗത്തു വരികയും വേണം.

� 20. പ്രൈമറി സ്‌കൂളുകൾ പൂർണമായും സെക്കണ്ടറി ഹയർസെക്കണ്ടറി സ്‌കൂളുകളിൽനിന്നു വേർപെടുത്തണം. ഭരണപരവും അക്കാദമികവുമായി പ്രയോജനമുണ്ടാക്കുന്ന നീക്കമായിരിക്കുമിത്‌.

� 21. SCERT, DPEP, DPI, സെക്രട്ടറിയേറ്റിലെ വിദ്യാഭ്യാസ വകുപ്പ്‌ ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇവ തമ്മിലുള്ള അനൈക്യം ഇന്നു വിദ്യാഭ്യാസത്തെ സാരമായി ബാധിക്കുന്നുണ്ട്‌.

� 22. DPEP ഉടച്ചുവാർക്കണം. 2001�-നുശേഷം DPEP പ്രത്യേക പ്രോജക്‌ടായി നടത്തേണ്ടതില്ല. ഇപ്പോൾ 6 ജില്ലകളിലാണ്‌ DPEP നിലവിലുള്ളത്‌. 6 ജില്ലകൾക്ക്‌ മാത്രമായൊരു പദ്ധതി നടപ്പാക്കാൻ പറ്റില്ല. ഒന്നുകിൽ കേന്ദ്രസർക്കാർ കൂടുതൽ പണം തരണം. അല്ലെങ്കിൽ ഇപ്പോഴുള്ള ഫണ്ട്‌ 1 മുതൽ 7 വരെയുള്ള വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി വിനിയോഗിക്കണം. ഇതിനുള്ള അനുവാദം വാങ്ങിക്കണം. DPEPയും SCERT യും രണ്ടായി നിലനിൽക്കേണ്ട ആവശ്യമില്ല. SCERT യുടെ പ്രൈമറി വിഭാഗമായി DPEPയെ രൂപാന്തരപ്പെടുത്താം. DPEP ക്ക്‌ ഇന്നുള്ള പ്രവർത്തനസ്വാതന്ത്ര്യം SCERT ക്ക്‌ ആകെ ഉണ്ടാവണം. അതേസമയം വിവിധതരത്തിൽ വേണ്ടപ്പെട്ടവർക്ക്‌ പണം വിതരണം ചെയ്യാൻ ഈ സ്വതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്താതെ നോക്കണം. വിദ്യാഭ്യാസത്തോട്‌ പ്രതിബദ്ധതയുള്ള ധനപരമായി ഒരു നേട്ടവും പ്രതീക്ഷിക്കാത്ത, ദിവ്‌സം 12-14 മണിക്കൂർ പണിയെടുക്കുന്നതിൽ ആനന്ദിക്കുന്ന അധ്യാപകരുണ്ട്‌ കേരളത്തിൽ. അവരെ, അവരെ മാത്രം വേണം SCERT യിൽ നിയമിക്കാൻ. അവിടെയും DIET ലും ഒക്കെ കൊടുക്കുന്ന അധികശംബളം അനർഹരെ ആകർഷിക്കുന്നതിനു കാരണമാകുന്നുണ്ടെങ്കിൽ അതൊഴിവാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

� 23. വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കുന്നതിനു കൂട്ടുനിൽക്കാതെ അതിനെ സമൂഹവൽക്കരിക്കുക. ഉദാ: വിവിധ മാനേജുമെന്റുകൾക്കിടയിൽ പ്ലസ്‌ടൂ സ്‌കൂളുകൾ വീതം വയ്‌ക്കുന്നത്‌. മിതമായ ഭാഷയിൽ പറഞ്ഞാൽ ആരാന്റെ സ്വത്ത്‌ വീതം വെച്ചെടുക്കലാണ്‌.

� 24. ഹയർ സെക്കണ്ടറിയെ ഇന്നത്തെ ത്രിശങ്കു നരകത്തിൽ നിന്നു രക്ഷിക്കണം. മാനേജുമെന്റുകളുടെ താൽപര്യങ്ങൾക്കോ അധ്യാപകരുടെ താൽപര്യങ്ങൾക്കോ വേണ്ടി വിദ്യാർഥികളുടെയും സമൂഹത്തിന്റെയും താൽപര്യങ്ങൾ ബലികഴിക്കരുത്‌. ഇന്നുള്ള ഫീഡർ സ്ഥാപനങ്ങൾ, അവയിലേക്കു വരുന്ന കുട്ടികൾ താമസിക്കുന്ന പ്രദേശങ്ങൾ ഇവ ഒരുമിച്ചെടുത്തു പരിശോധിച്ചാൽ പരമാവധി കുട്ടികൾക്ക്‌ ഏറ്റവും കുറച്ചുദൂരം സഞ്ചരിച്ചെത്താവുന്ന സ്ഥാനങ്ങൾ നിർണയിക്കാൻ കഴിയും. അവിടങ്ങളിലുള്ള സ്‌ക്കൂളുകളെയാണ്‌ ഹയർസെക്കണ്ടറിയായി ഉയർത്തേണ്ടത്‌. വ്യക്തമായ ഇൻസ്റ്റിറ്റിയൂഷൻ മാപ്പിങ്ങിന്റെ അടിസ്ഥാനത്തിലല്ലാതെ ക്രിസ്‌ത്യാനികൾക്കും, നായന്മാർക്കും, ഈഴവർക്കും, മുസ്ലിമുകൾക്കും ഇത്രയിത്ര പ്രീ-ഡിഗ്രി സീറ്റുകളുണ്ടായിരുന്നു, അതുകൊണ്ട്‌ അത്രതന്നെയോ അതിന്‌ ആനുപാതികമായി കൂടുതലോ ഹയർസെക്കണ്ടറി അനുവദിക്കണമെന്ന വാദത്തെ അംഗീകരിക്കുന്നത്‌ വിദ്യാഭ്യാസത്തിന്റെ വ്യക്തിപരവും സമൂഹപരവുമായ സിദ്ധാന്തങ്ങളെയും പ്രയോഗങ്ങളെയും വെല്ലുവിളിക്കലായിരിക്കും. നിലവിലുള്ള ഭൗതിക സൗകര്യങ്ങൾ എല്ലാ ഹൈസ്‌ക്കൂളുകളിലും മെച്ചപ്പെടുത്തേണ്ടിവരും. അതിനുള്ള വിഭവങ്ങൾ പ്ലാൻ ഫണ്ടിൽ നിന്നും ദാരിദ്ര്യ നിർമാർജന പദ്ധതികളിൽനിന്നും സമൂഹത്തിൽ നിന്നുമായി കണ്ടെത്താവുന്നതാണ്‌. ഇവിടെയും അധ്യാപകരെ പുനർ നിയോഗിക്കുകയോ പുതുതായി എടുക്കുകയോ ചെയ്യുന്നതിൽ മാനോജ്‌മെന്റുകൾക്ക്‌ ഒരു അവകാശവും ഉണ്ടാവാൻ പാടുള്ളതല്ല. ശംബളം കൊടുക്കുന്നത്‌ സർക്കാരാണ്‌ ജനങ്ങളാണ്‌.

� 25. ഹയർസെക്കണ്ടറി കരിക്കുലം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്‌. എഡ്യുക്കേഷൻ കമ്മീഷൻ റിപ്പോർട്ടിലും കരിക്കുലം സമീപന രേഖയിലും പറഞ്ഞിട്ടുള്ളതുപോലെ ഈ ഘട്ടത്തിൽ ഒട്ടേറെ വൈവിധ്യവൽക്കരണം ആവശ്യമുണ്ട്‌. സമൂഹത്തിലെ ഉൽപാദന-സേവന മേഖലകളിൽ എവിടെയെങ്കിലും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കാനുള്ള പ്രാപ്‌തി ഈ ഘട്ടം കഴിയുമ്പോഴേക്കും ഉണ്ടാവണം. അതിനനുസരിച്ച്‌ വൈവിധ്യമാർന്നതും വിത്യസ്‌ത ചേരുവകൾ അനുവദിക്കുന്നതും ആഴത്തിൽ പഠിക്കാൻ നിർബന്ധിക്കുന്നതുമായ ഒരു പാഠ്യ ക്രമത്തിനു രൂപം നൽകണം. 'വൊക്കേഷണലൈസേഷൻ' അഭിലഷണീയമാകാം. എന്നാൽ ചെയ്‌തു പഠിക്കാനുള്ള സൗകര്യം നൽകാതെ കേട്ടു പഠിക്കുന്ന തൊഴിലുകളിൽ ആർക്കും വൈദഗ്‌ധ്യം ലഭിക്കില്ല. അത്തരത്തിലുള്ള വൊക്കേഷണൽ കോഴ്‌സുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പരാജയപ്പെടും. ഹയർസെക്കണ്ടറിയെ അതർഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യണം. കഴിഞ്ഞ രണ്ടുകൊല്ലത്തെ അനുഭവം അത്യന്തം നിരാശാജനകമാണ്‌. ഭൗതിക മാനുഷിക വിഭവത്തിന്റെ ദാരിദ്ര്യമല്ല കാണുന്നത്‌. സർക്കാർ തലത്തിലുള്ള ഭാവനാരാഹിത്യവും ഉത്തരവാദിത്വ രാഹിത്യവുമാണ്‌. ഈ നില തുടർന്നുപൊയ്‌ക്കൂടാ.

� 26. ഡിഗ്രി വിദ്യാഭ്യാസത്തെ ശാസ്‌ത്രീയമായി പുനഃസംഘടിപ്പിക്കണം. അധ്യാപകരുടെ തൊഴിലിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല ജനങ്ങൾക്ക്‌ അതുകൊണ്ടുള്ള സാധ്യതകൾകൂടി മുൻനിർത്തിയാകണം പുനഃസംഘടിപ്പിക്കേണ്ടത്‌. ഡിഗ്രി വിദ്യാഭ്യാസം പുനഃസംഘടിപ്പിക്കുന്നതിനു ഐ യു സി സി യുടെ സഹകരണത്തോടെ ഒരു ടാസ്‌ക്‌ഫോഴ്‌സിനെ നിയമിക്കണം. ബിരുദതലത്തിലുള്ള വൈജ്ഞാനിക നിലവാരം ഉയർത്തുക, ശാസ്‌ത്ര- സാമൂഹ്യ ശാസ്‌ത്ര വിഷയങ്ങളിലും മാനവിക വിഷയങ്ങളിലും സർഗാത്മകമായ സംഭാവനകൾക്ക്‌ മുൻതൂക്കം നൽകുക അവയുടെ സാമൂഹ്യമായ പ്രയോഗത്തിൽ ഊന്നൽ നൽകുകയും വിദ്യാർഥികൾക്ക്‌ പ്രത്യേക മേഖലകളിൽ സവിശേഷമായ പരിശീലനം നൽകുകയും ചെയ്യുക എന്നിവയ്‌ക്ക്‌ പ്രാധാന്യം നൽകുക. കാലിക പ്രാധാന്യമുള്ള ബഹു വിഷയാത്മക കോഴ്‌സുകൾ അനുവദിക്കുകയും ചെയ്യണം.

� 27. ഡിഗ്രി ബിരുദാനന്തര തലത്തിലെ പ്രൈവറ്റ്‌ സ്റ്റഡി അവസാനിപ്പിക്കണം. അതിനു പകരം ഡിസ്റ്റന്റ്‌ എഡ്യൂക്കേഷൻ വിപുലീകരിക്കുകയും അതിനുള്ള സെന്ററുകൾ ആരംഭിച്ച്‌ IGNOU മാതൃകയിൽ പഠനം സംഘടിപ്പിക്കുകയും ചെയ്യാം. ഹയർസെക്കണ്ടറിയിൽ പ്രവേശനം നേടാൻ കഴിയാത്തവരെ OPEN SCHOOL സംവിധാനത്തിൽ കൊണ്ടുവരാം.

കമ്പോള ശക്തികളുടെ അധിനിവേശം ഏറ്റവും അധികം നടക്കുന്ന മേഖലയാണെങ്കിലും അതു ഗൗരവത്തിലെടുക്കാനും വ്യക്തമായ ബദൽ നിർദേശങ്ങൾ മുന്നോട്ടു വെക്കാനും കേരളത്തിലെ സെക്കുലർ ജനാധിപത്യ ശക്തികൾ ഇനിയും തയ്യാറായിട്ടില്ല. മാറി മാറി വരുന്ന മന്ത്രിമാർക്കും സെക്രട്ടറിമാർക്കും ഡയറക്‌ടർമാർക്കും DPI മാർക്കും വിട്ടുകൊടുക്കുന്ന ഒരേർപ്പാടായി വിദ്യാഭ്യാസം ഇന്നു മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്രയും ഗൗരവം കുറഞ്ഞ ഒരു വിഷയമല്ല വിദ്യാഭ്യാസം. സെക്കുലർ സ്വഭാവമുള്ള രാഷ്‌ട്രീയപ്പാർട്ടികൾതന്നെ വിദ്യാഭ്യാസ കാര്യങ്ങളിൽ പലതട്ടുകളിൽ നിൽക്കുകയാണ്‌. സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും വളർച്ചയുടെ ഫലമായുയർന്നു വന്ന സങ്കൽപങ്ങൾ ഇന്നു പ്രായോഗികമല്ലെന്നുവരെ ചിലർ ചിന്തിക്കുന്നു. കമ്പോളവൽക്കരണത്തേയും ഇംഗ്ലീഷ്‌ മീഡിയത്തേയും പരോക്ഷമായും പരസ്യമായും അംഗീകരിക്കുന്നവരുണ്ട്‌. ഇവർതമ്മിൽ വിദ്യഭ്യാസ പ്രശ്‌നങ്ങളുടെ പേരിൽ പരസ്യമായ പോരാട്ടങ്ങളും നടക്കുന്നു. ഇതെല്ലാം വ്യക്തമായ ജനകീയ ബദൽനയം വിദ്യാഭ്യാസരംഗത്ത്‌ രൂപപ്പെടുത്തുന്നതിനു തടസ്സമായി നിൽക്കുന്നു.

ഇക്കാരണങ്ങൾകൊണ്ടാണ്‌ ലഭ്യമായ സാധ്യതകൾ ഉപയോഗിച്ചുകൊണ്ടുള്ള ഇടപെടലുകൾക്ക്‌ പ്രാധാന്യം നൽകുന്നത്‌. ഇരുന്നൂറു വർഷത്തെ വരേണ്യപാരമ്പര്യമുള്ള ഒരു മേഖലയെ ദരിദ്രഭൂരിപക്ഷത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി പുനരാവിഷ്‌കരിക്കുന്നത്‌ ക്ഷിപ്രസാധ്യമല്ല. ആഗോള മൂലധനവും ഫണ്ടിംഗ്‌ ഏജൻസികളും വ്യാപകമായി ഇടപെടുന്ന മേഖലയായി വിദ്യാഭ്യാസം മാറിയതോടെ ഇത്‌ കൂടുതൽ ദുഷ്‌കരമായി തീർന്നിരിക്കുന്നു. കേരളത്തിലെ ജനാധിപത്യപരമായ നേട്ടങ്ങളും പോരാട്ടങ്ങളിലൂടെ നേടിയെടുത്ത ജീവിത ഗുണതയും തകരാതിരിക്കണമെങ്കിൽ, സാധാരണ ജനങ്ങൾക്ക്‌ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടാതിരിക്കണമെങ്കിൽ വിദ്യാഭ്യാസരംഗത്ത്‌ ജനകീയ ഇടപെടൽ അനിവാര്യമായിരിക്കുന്നു. അതിനു ജനകീയ പ്രകവർത്തകർ കൈയും മെയ്യും മറന്നു പ്രവർത്തിക്കേണ്ട സന്ദർഭമാണിത്‌.

കേവലനിഷേധാത്മകതകൊണ്ട്‌ വിദ്യാഭ്യാസ രംഗത്ത്‌ ഒന്നും നേടാനാവില്ലെന്നു നാം ഇനിയെങ്കിലും തിരിച്ചറിയണം. കമ്പോളശക്തികളെ തളച്ചിടണമെങ്കിൽ നമുക്കാവശ്യം വ്യക്തമായ പ്രായോഗിക പ്രവർത്തനങ്ങളാണ്‌. സ്വന്തം വീട്ടുമുറ്റത്തുള്ള അയൽക്കൂട്ടങ്ങളിൽ നിന്നാരംഭിക്കുന്ന പ്രവർത്തനങ്ങൾ, സ്വന്തം കുട്ടികളെ ചുറ്റുപാടുകളുമായും സംക്‌സാരവുമായും ബന്ധപ്പെടുത്തുന്ന ബോധന രൂപങ്ങൾ പ്രാദേശിക കൂട്ടായ്‌മയിൽനിന്നും വളർന്നുവരുന്ന ഭൗതികസൗകര്യങ്ങൾ - ആ വിദ്യാഭ്യാസം ഉപകരണമാവരുത്‌. സമഗ്രമായ സമൂഹമാറ്റത്തിന്‌ ഉതകുന്നതാവണം. ഈ മാറ്റം ഇന്നു മുതലാരംഭിച്ചില്ലെങ്കിൽ കാലം നമ്മെ കൈവിട്ടുപോകും.

അണുബോംബിനേക്കാൾ ഭയാനകം

തകർന്നുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തിന്റെ അവസ്ഥ അണുബോംബു വീണ നാഗസാക്കിയുടെയും ഹിരോഷിമയുടെയും അവസ്ഥയേക്കാൾ ദയനീയമാണ്‌. എന്നാൽ ഒന്നര കിലോഗ്രാം തലച്ചോർ എത്രയോ ബോംബുകളെക്കാർ ശക്തമാണ്‌. വിലകുറഞ്ഞതും വികലവുമായ വിദ്യാഭ്യാസംകൊണ്ട്‌ ദുഷിച്ചതും ദുർബലവുമായി തീർന്ന ബുദ്ധിയും മനസ്സുമുള്ള ഒരു സമൂഹം നശിക്കുകയും നശിപ്പിക്കുകയും ചെയ്യും. ഹിറ്റ്‌ലറുടെ ജർമനിയിലേതിനേക്കാളും മുസ്സോളിനിയുടെ ഇറ്റലിയിലേതിനേക്കാളും മോശമായിരിക്കും ആ സമൂഹത്തിന്റെ അവസ്ഥ.

ജർമനിയിലും ഇറ്റലിയിലുമൊക്കെ നാശത്തിനെതിരായ ചെറുത്തുനിൽപു പ്രസ്ഥാനങ്ങളുണ്ടായിരുന്നു. അതിനു നേതൃത്വം നൽകാനുള്ള ആളുകളുണ്ടായിരുന്നു. എന്നാൽ കേരളത്തിലെ വിദ്യാഭ്യാസം ഇതിനുപോലും കെൽപില്ലാതെ സമൂഹത്തോട്‌ ഒരു പ്രതിബദ്ധതയുമില്ലാത്ത, ഒരു തൊഴിലിലും പ്രാവീണ്യമില്ലാത്ത, ഒരു തരത്തിലുള്ള അധ്വാനവും ഇഷ്‌ടപ്പെടാത്ത ഒരു ജനതയെയാണ്‌ സൃഷ്‌ടിക്കുന്നത്‌. ലോകമാകെ കൊട്ടിഘോഷിക്കുന്ന കേരളമാതൃക പഴയ തലമുറയുടെ പ്രയത്‌നഫലമാണ്‌. അവരാണ്‌ ജനാധിപത്യ സമരങ്ങളിലൂടെ ഇന്നു നാമനുഭവിക്കുന്ന നേട്ടങ്ങളെ സൃഷ്‌ടിച്ചത്‌. ഇന്നു നേതൃത്വം നൽകുന്ന തലമുറ മുൻതലമുറയോട്‌ കടുത്ത വഞ്ചനയാണ്‌ കാണിക്കുന്നത്‌. ഭാവിതലമുറയോട്‌ കടുത്ത ക്രുരതയും കേരളത്തിലെ ജനാധിപത്യമുന്നേറ്റത്തിന്റെ ഭാഗമായുയർന്നുവന്ന രണ്ടു രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും (കോൺഗ്രസ്സുകാരും കമ്യൂണിസ്റ്റുകാരും) വിദ്യാഭ്യാസം തങ്ങളുടെ അജണ്ടയിൽപെടുത്തിയിട്ടില്ല എന്നതുതന്നെ ഇതിനു തെളിവാണ്‌. ജാതിയുടെയും മതത്തിന്റെയും പീഢിതവർഗത്തിന്റെയും കുപ്പായമിട്ട്‌ രാഷ്‌ട്രീയക്കളരിയിൽ പയറ്റിത്തെളിഞ്ഞ കച്ചവടക്കാരെയാണ്‌ കഴിഞ്ഞ 40 വർഷമായി വിദ്യാഭ്യാസത്തിന്റെ ചുമതല ഏൽപിച്ചിരുന്നത്‌, അവരിൽ നിന്ന്‌ ഇതല്ലാതെ മറ്റെന്താണ്‌ പ്രതീക്ഷിക്കാനാവുക. ഏറ്റവും വിനാശകരമായ സാമൂഹ്യമൂല്യങ്ങളാണ്‌ ഗൃഹാന്തരീക്ഷത്തിൽനിന്നും സമൂഹാന്തരീക്ഷത്തിൽനിന്നും കുട്ടികൾക്ക്‌ പകർന്നു കിട്ടുന്നത്‌. അവ തിരുത്താനായി ഉത്തരവാദപ്പെട്ട വിദ്യാലയങ്ങളിലാകട്ടെ അവ കൂടുതൽ ശക്തിപ്പെടുത്തുകയും കൂടുതൽ വികലവും സ്വാർഥപരവുമാക്കുകയുമാണ്‌ ചെയ്യുന്നത്‌. `തങ്ങളുടെ കുട്ടികളെ' എങ്ങനെയങ്കിലും രക്ഷിക്കാമെന്നു കരുതി, ഉയർന്ന ഫീസു നൽകി സ്വകാര്യ കച്ചവടസ്ഥാപനങ്ങളിലേക്കയയ്‌ക്കുന്ന അച്ഛനമ്മമാർ - അവർക്ക്‌ സമൂഹത്തെയോ വിദ്യാഭ്യാസത്തെയോ രക്ഷിക്കുന്നതിൽ താൽപര്യമില്ല- തങ്ങളുടെ കുട്ടികളോടും ഭാവിസമൂഹത്തോടും കടുത്ത പാതകമാണു ചെയ്യുന്നത്‌ എന്നു മനസിലാക്കണം. കേരളസമൂഹത്തെ ഈ ദുരവസ്ഥയിൽനിന്നു രക്ഷിക്കാൻ ഒരു മഹാപുരുഷനും അവതരിക്കാൻ പോകുന്നില്ല; അതിനായിട്ടൊട്ടു കാത്തിരിക്കാനും പറ്റില്ല. സമൂഹംതന്നെ കേരളത്തിലെ വിദ്യാഭ്യാസത്തെ രക്ഷിക്കുന്നതിന്റെ ഉത്തരവാദിത്വം കയ്യിലെടുത്തേ മതിയാവൂ.