കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-ഉന്നതവിദ്യാഭ്യാസം - കരിക്കുലം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ


ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.


1. കേരള സമൂഹത്തിന്റെ വികാസത്തിനാവശ്യമായ വൈജ്ഞാനിക - സാങ്കേതിക വിദഗ്‌ദ്ധർ, ആസൂത്രകർ, ഭരണകർത്താക്കളും നിർവാഹകരും എന്നിവരെ സൃഷ്‌ടിക്കുന്നതിനാവശ്യമായ അടിത്തറ സൃഷ്‌ടിക്കുക.

2. സമൂഹ വികാസത്തിന്റെ വൈവിദ്ധ്യമാർന്ന പുതിയ മേഖലകളിൽ പുതിയ വിജ്ഞാനം സൃഷ്‌ടിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമാവശ്യമായ നൈപുണ്യത്തെ സൃഷ്‌ടിക്കുക.

3. ശാസ്‌ത്ര സാങ്കേതിക വിദ്യകളിൽ ആഗോളതലത്തിൽ ലഭ്യമായ വിജ്ഞാനവും നൈപുണ്യവും ഉൾക്കൊണ്ട്‌ അവയെ സാമൂഹ്യഉല്‌പാദനത്തിനും വിതരണത്തിനും ആവശ്യമായ ഘടകങ്ങളാക്കി വികസിപ്പിക്കുക.

4. ശാസ്‌ത്ര സാങ്കേതിക വിദ്യകളിൽ സ്വാശ്രയത്വം നേടുന്നതിനാവശ്യമായ വിധത്തിൽ ഗവേഷണ പഠനങ്ങൾ വികസിപ്പിക്കുക.

5. സമൂഹ പുനർ നിർമ്മാണത്തിനുതകുന്ന വിധത്തിൽ സാമൂഹ്യ ?ശാസ്‌ത്ര മാനവിക വിഷയങ്ങളിലെ പഠനങ്ങൾ ക്രമീകരിക്കുക.

6. മനുഷ്യരാശിയുടെ വളർച്ചയുടെ അനുഭവങ്ങളിൽ നിന്ന്‌ പാഠങ്ങൾ ഉൾക്കൊള്ളുന്നതിനും ഇന്ത്യയുടെയും കേരളത്തിന്റെയും അനുഭവങ്ങളുടെ വെളിച്ചത്തിൽ മതനിരപേക്ഷതയിലും സമത്വത്തിലും സാമൂ ഹ്യനീതിയിലും അധിഷ്‌ഠിതമായ പുതിയ സമൂഹം സൃഷ്‌ടിക്കുന്നതിനും ആവശ്യമായ വൈദഗ്‌ദ്ധ്യം വളർത്തിക്കൊണ്ടുവരിക.

7. കേരളത്തിന്റെ സാംസ്‌കാരികാനുഭവങ്ങൾ വിലയിരുത്തുകയും കലാസാഹിത്യ രൂപങ്ങളിലും ദൃശ്യ ശ്രാവ്യാവിഷ്‌ക്കാരങ്ങളിലുമുള്ള വൈദഗ്‌ദ്ധ്യം വളർത്തുകയും ചെയ്യുക.

8. വിദ്യാഭ്യാസം, ആരോഗ്യം, വാർത്താവിനിമയം മുതലായ മനുഷ്യജീവിതത്തിന്‌ ആധാരമായ മേഖലകളിലെ വൈദഗ്‌ദ്ധ്യം വളർത്തുന്നതിനും അവയിൽ ഇടപെടുന്നതിന്‌ സമൂഹത്തിനുള്ള നൈപുണ്യം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആവിഷ്‌ക്കരിക്കുക.

9. കൃഷി, വ്യവസായം, വിവിധ തൊഴിൽ - സേവനമേഖലകൾ എന്നിവയിലുള്ള സാമൂഹ്യമായ വൈദഗ്‌ദ്ധ്യം വികസിപ്പിക്കുക. അവയുടെ നിർവഹണത്തിനും ആസൂത്രണത്തിനുമുള്ള വൈദഗ്‌ദ്ധ്യവും വികസിപ്പിക്കുക.

10. കേരളത്തിലെയും ഇന്ത്യയിലെയും വിവിധ തരത്തിലുള്ള വർഗം, ജാതി, ലിംഗം, പദവി, ജനവർഗം മുതലായ മേഖലകളിൽ പെട്ട സാമൂഹ്യപ്രശ്‌നങ്ങളെക്കുറിച്ച്‌ അവഗാഹം ജനിപ്പിക്കുകയും അവയ്‌ക്ക്‌ പരിഹാരം നിർദ്ദേശിക്കുന്നതിനുള്ള വൈദഗ്‌ദ്ധ്യം നൽകുകയും ചെയ്യുക.

11. സമൂഹത്തിന്റെ ഭാവിയെ സംബന്ധിച്ച പ്രശ്‌നങ്ങൾക്ക്‌ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ കഴിവുകൾ വളർത്തുക.

12. പ്രപഞ്ചത്തിന്റെയും സമൂഹത്തിന്റെയും ഘടനയെയും പരിണാമദശകളെയും സംബന്ധിച്ച പ്രശ്‌നങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്നതിനുള്ള മനോഭാവം വളർത്തുക.

13. മേൽപറഞ്ഞ വിവിധ മേഖലകളിലെ വൈദഗ്‌ദ്ധ്യത്തെ ഒരു ജനാധിപത്യക്രമത്തിന്റെ സൃഷ്‌ടിക്കുവേണ്ടി ഉപയോഗിക്കാനുള്ള മനോഭാവം വളർത്തുക.

14. സമത്വത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ സ്വന്തം വൈദഗ്‌ദ്ധ്യത്തെ പ്രയോജനപ്പെടുത്താനും പുതിയ മേഖലകളിൽ പ്രവർത്തിക്കാനുമുള്ള മനോഭാവവും സന്നദ്ധതയും വളർത്തുക.

1. കേരളത്തിന്റെയും ഇന്ത്യയുടെയും മൊത്തത്തി ലുള്ള സമൂഹവികാസത്തിന്‌ സർവ്വ പ്രധാനമായ വ്യത്യസ്‌ത മേഖലകളെ ആധാരമാക്കിയാകണം ബിരുദപഠനം ക്രമീകരിക്കേണ്ടത്‌. ഈ മേഖലക ളിലെ പ്രാവീണ്യം ഉറപ്പുവരുത്തുക യാകണം ബിരുദ പഠനത്തിന്റെ ലക്ഷ്യം.

ഹയർസെക്കണ്ടറിയ്‌ക്കുശേഷം ഉന്നത പഠനത്തിനു പോകുന്ന കുട്ടി തനിയ്‌ക്ക്‌ അഭിരുചിയും പ്രാഥമിക ജ്ഞാനവുമുള്ള ഏതെങ്കിലുമൊരു മേഖല തെരഞ്ഞെടു ക്കുകയാണ്‌ ചെയ്യുന്നത്‌. ഈ മേഖലയിൽ നിന്ന്‌ ലഭ്യമായ വിജ്ഞാനം സമഗ്രമായി നേടുന്നതിന്‌ വിദ്യാർത്ഥിയെ സഹായിക്കുന്ന രീതിയിലാകണം ബിരുദ കരിക്കുല ത്തിന്റെ ക്രമീകരണം. അതിനോടൊപ്പം ഈ വിജ്ഞാനം സമൂഹ മേഖലകളിൽ പ്രയോഗിക്കാനും വിദ്യാർത്ഥിക്കു കഴിയണം. ഇന്നു ചിലർ നിർദ്ദേശിക്കുന്നതുപോലെ ആവശ്യാധിഷ്‌ഠിതമായും കമ്പോള ശക്തികളുടെയും തൊഴിൽദായക ഏജൻസികളുടെയും താൽക്കാലിക താൽപര്യങ്ങളനുസരിച്ചുമല്ല ഈ വിദ്യാഭ്യാസം നൽകേണ്ടത്‌. സമൂഹ വികസനത്തെ സംബന്ധിച്ച്‌ ജനാധിപത്യപരമായി വളർത്തിക്കൊണ്ടുവരുന്ന പരിപ്രേക്ഷ്യമാകണം ഈ വിദ്യാഭ്യാസത്തിന്റെ കാതൽ. ഈ പരിപ്രേക്ഷ്യം വളർത്തിയെടുക്കാൻ സമൂഹ ജീവിതത്തിന്റെ ഭാഗമെന്ന നിലയിലും വിജ്ഞാന ദായക മേഖലയെന്ന നിലയിലും പ്രവർത്തിക്കുന്ന അധ്യാപക രടക്കമുള്ള അക്കാദമിക്‌ സമൂഹത്തിന്‌ കഴിയണം. ഇതിനായി സമൂഹത്തിലെ തൊഴിലാളികളും മുതലാളി കളുമടക്കം എല്ലാ വിഭാഗങ്ങളുമായി സംവദിക്കാനും അവർക്കു കഴിയണം.

ആവശ്യാധിഷ്‌ഠിതത്വത്തിന്റെ പേരിൽ ഒരു വൈജ്ഞാനിക മേഖലയും ഒഴിവാക്കാനോ വെള്ളം ചേർക്കാനോ അനുവദിച്ചുകൂട. ഈ മേഖലകളുടെയെല്ലാം വളർച്ചയാണ്‌ ഇന്നത്തെ സമൂഹത്തെ സൃഷ്‌ടിച്ചതെന്നോർക്കണം. നാളത്തെ സമൂഹത്തിലും ഇവയ്‌ക്കെല്ലാം സുപ്രധാനമായ പങ്കുവഹിക്കാനുണ്ട്‌.

അനുബന്ധം

(a) കൃഷിയും അനുബന്ധ?മേഖലകളും - ജീവശാസ്‌ത്രം, അഗ്രികൾച്ചർ സയൻസ്‌, ഹോർട്ടികൾ ച്ചർ, ബയോടെക്‌നോളജി, ഭൂമിശാസ്‌ത്രം, ജിയോളജി, പരിസ്ഥിതിശാസ്‌ത്രം, ഓഷ്യനോഗ്രഫി, ഫിഷറീസ്‌ മറൈൻ ബയോളജി.

(b) വ്യവസായം - പദാർത്ഥ വിജ്ഞാനീയം, രസതന്ത്രം, ഊർജതന്ത്രം, ഗണിതം, സാംഖ്യികം, ഇൻസ്‌ട്രുമെന്റേഷൻ, വിവരസാങ്കേതികവിദ്യ.

(c) സേവനമേഖല?- പബ്ലിക്‌ അഡ്‌മിനിസ്‌ട്രേഷൻ, മാനേജ്‌മെന്റ്‌, വാണിജ്യം, ധനവിനിമയം, പ്ലാനിംഗ്‌

(d) സമൂഹഘടന -?സാമ്പത്തികശാസ്‌ത്രം, സമൂഹശാസ്‌ത്രം, രാഷ്‌ട്രതന്ത്രം, നരവംശശാസ്‌ത്രം, ചരിത്രം, സ്‌ത്രീപഠനങ്ങൾ, സോഷ്യൽവർക്ക്‌.

(e) അടിസ്ഥാന മാനവികശേഷി മേഖലകൾ - വിദ്യാഭ്യാസം, ആരോഗ്യം, വാർത്താവിനിമയം, ഊർജ്ജം, ഗതാഗതം, മീഡിയാപ്രവർത്തനം.

(f) സാംസ്‌കാരിക മേഖലകൾ - ഭാഷാശാസ്‌ത്രം, ആവിഷ്‌ക്കാര രൂപങ്ങൾ, സർഗാത്മക രൂപങ്ങൾ, ഫോക്ക്‌ലോർ, ജനകീയ സംസ്‌കാരം, പ്രൗഢസംസ്‌കാര രൂപങ്ങൾ, സിനിമ, നാടകം, മീഡിയ സ്റ്റഡീസ്‌.

2. സമൂഹ വികാസത്തിന്റെ വിവിധ മേഖലകളുമായി ബന്ധമുള്ളതും പ്രത്യേക പ്രാവീണ്യം ആവശ്യ മുള്ളതുമായ വിഷയങ്ങളിലും, സൈദ്ധാ ന്തിക സംഭാവനകൾ നൽകാൻ സഹായിക്കുന്ന വിഷയങ്ങളിലുമാണ്‌ ബിരുദാനന്തര പഠനം നടത്തേണ്ടത്‌.

ബിരുദാനന്തര പഠനം ബിരുദ പഠനത്തിന്റെ വെറും തുടർച്ചയല്ല. ബിരുദ പഠനം നിലവിലുള്ള വിജ്ഞാനത്തെ ആർജിക്കുന്നതിലും അതിന്റെ പ്രയോഗത്തിലും ഊന്നുമ്പോൾ ബിരുദാനന്തര പഠനം വിജ്ഞാനം നേടുന്ന രീതികളിലും പുതിയ വിജ്ഞാനം സൃഷ്‌ടിക്കുന്ന കഴിവിലുമാണ്‌ ഊന്നുന്നത്‌. ഇതിൽ അഭിരുചിയും സന്നദ്ധതയുമുള്ളവരാണ്‌ ബിരുദാനന്തര പഠനത്തിനെ ത്തേണ്ടത്‌. അതുകൊണ്ടുതന്നെ നിലവിലുള്ള വൈജ്ഞാ നിക മേഖലകളിലെ വിജ്ഞാനോൽപാദനരീതി, രീതി ശാസ്‌ത്ര പരമായ പ്രശ്‌നങ്ങൾ, വ്യത്യസ്‌ത പരിപ്രേ ക്ഷ്യങ്ങൾ എന്നിവയിലെല്ലാം ആഴത്തിലിറങ്ങിച്ചെല്ലാൻ ബിരുദാനന്തര പഠനത്തിനു കഴിയണം. പുതിയ വിജ്ഞാനത്തിന്റെ സൃഷ്‌ടി നടത്താനുള്ള രീതിയും സന്നദ്ധതയും നേടാനും ഇതിലൂടെ വിദ്യാർത്ഥിക്കു കഴിയണം. അതേസമയം വിജ്ഞാനത്തിന്റെ ഏതെങ്കിലും മേഖലയിലെ ``പി.ജി. ഡിപ്ലോമാ കോഴ്‌സായി അധഃപതിക്കാനും പാടില്ല.

അനുബന്ധം

- ഭൂവിജ്ഞാനീയം

- പദാർത്ഥ വിജ്ഞാനീയം

- പരിസ്ഥിതിശാസ്‌ത്രം

- ബയോടെക്‌നോളജി

- വിവരസാങ്കേതിക വിജ്ഞാനീയം

- ഊർജ്ജ വിജ്ഞാനീയം

- ജൈവ വിജ്ഞാനീയം

- പ്രാദേശിക വികസന പഠനങ്ങൾ

- സമൂഹ വിജ്ഞാനീയം

- ചരിത്രം

- ശാസ്‌ത്രവും സമൂഹവും

- പൊതുഭരണം

- സ്ഥാപന മാനേജ്‌മെന്റ്‌

- സമൂഹബന്ധ പഠനങ്ങൾ (ധനവിനിമയം, സഹകരണം, പൊതുവാർത്താവിനിമയം)

- ധനതത്വശാസ്‌ത്രം

- സാംസ്‌കാരിക പഠനങ്ങൾ

- ആവിഷ്‌കാര പഠനങ്ങൾ

- ജെൻഡർ പഠനങ്ങൾ

- സൈദ്ധാന്തിക ഊർജ്ജതന്ത്രം

- പരിണാമാത്മക ഊർജ്ജതന്ത്രം

- പദാർത്ഥ വിജ്ഞാനീയം

- ഗണിതശാസ്‌ത്രം

- ശാസ്‌ത്രചിന്തയും ശാസ്‌ത്രനയങ്ങളും

- തർക്കശാസ്‌ത്രം

- മൂല്യസിദ്ധാന്തം (ethics)

- ദർശനവിചാരം (philosophy)

- ജ്ഞാനസിദ്ധാന്തം (epistemology)

- ചിഹ്നവിജ്ഞാനീയം (semiotics)

- മനഃശാസ്‌ത്രം

- ജ്യോതിശ്ശാസ്‌ത്രവും ജ്യോതിർ ഭൗതികവും

- ജൈവ ഭൗതികം

- ജൈവ രസതന്ത്രം

- ജനിതകവും ജനിതക എൻജിനീയറിംഗും

-കമ്പ്യൂട്ടർ സയൻസ്‌

- പ്രപഞ്ച ശാസ്‌ത്രം (cosmology)

- ഇന്ത്യൻ വിജ്ഞാനവും സംസ്‌കാരവും

- വ്യത്യസ്‌ത സമൂഹങ്ങളുടെ വികാസവും സംസ്‌കാരവും

3. സാമൂഹ്യ വികസനത്തിന്‌ ആവശ്യമായ സൈദ്ധാന്തികവും പ്രായോഗികവുമായ സംഭാവ നകൾ നൽകുന്ന വിധത്തിൽ സർവകലാശാലക ളിലെ ഗവേഷണ പ്രവർത്തനം സംഘടിപ്പിക്കണം.

സർവകലാശാലകളിലെ ഗവേഷണ പ്രവർത്തന ങ്ങൾക്ക്‌ ഇന്ന്‌ നിശ്ചിതമായ ലക്ഷ്യങ്ങളോ ആസൂത്രണ മോ ഇല്ല. ഗവർമെണ്ടും ആഭ്യന്തര ധനസഹായ ഏജൻസികളും ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്ന തിൽ വിമുഖത കാണിക്കുന്നു. ഗവേഷണരംഗത്ത്‌--അടിസ്ഥാന വിജ്ഞാന മേഖലകളിലും പ്രയുക്തമേഖലകളിലും--കാര്യമായ പുരോഗതി നേടാതെ ഒരു സമൂഹത്തിനും ഇന്നു സാമൂഹികപുരോഗതി കൈവരിക്കാനാവില്ല. ഈ വസ്‌തുത ഇവർ മറക്കുന്നു. ഈ സാഹചര്യങ്ങളിൽ വിദേശ ഏജൻസികൾ വൻകിട ഫണ്ടിങ്‌ വഴി ഗവേഷണം കയ്യടക്കാനുള്ള സാധ്യത ഏറിവരികയാണ്‌. ജനാധിപത്യ പരമായ വിദ്യാഭ്യാസ പദ്ധതി പുതിയ വിജ്ഞാനം സൃഷ്‌ടിക്കുകയും അതിനെ ഇന്ത്യൻ സമൂഹ വികാസത്തി നുവേണ്ടി ഉപയോഗിക്കാനുള്ള പദ്ധതികൾ ആവിഷ്‌ക്കരി ക്കുകയും ചെയ്യുന്ന വിധത്തിൽ ഗവേഷണ പദ്ധതികളെ ക്രമീകരിക്കേണ്ട ആവശ്യമുണ്ട്‌. അതിന്‌ ആവശ്യമായ ആശയങ്ങളും സാഹചര്യങ്ങളും സൃഷ്‌ടിക്കാൻ അക്കാദ മിക്‌ പ്രവർത്തകരും സമൂഹവും തയ്യാറാകണം.

അനുബന്ധം

ബിരുദാനന്തര പഠനമേഖലകളുടെ അനുബന്ധമായി കൊടുത്തതെല്ലാം ഗവേഷണ രംഗത്തും പെടും)

4. ബിരുദ പഠനത്തിന്റെ ലക്ഷ്യങ്ങൾ

1. സമൂഹത്തിൽ ഇന്ന്‌ ലഭ്യമായ പ്രവർത്തന മേഖലകളിലെല്ലാം വൈദഗ്‌ദ്ധ്യം നേടുക.

2. ഇന്നത്തെ വൈജ്ഞാനിക മേഖലകളിൽ വൈദഗ്‌ദ്ധ്യം നേടുകയും അവയെ സാമൂഹ്യ പ്രവർത്തനത്തിന്‌ ഉപയോഗിക്കുന്നതിനുള്ള സന്നദ്ധത കൈവരിക്കുകയും.'

3. ഒരു ജനാധിപത്യ സമൂഹത്തിൽ സമത്വത്തിനും സാമൂഹ്യനീതിക്കുമനുസരിച്ച്‌ തന്റെ വൈദഗ്‌ദ്ധ്യത്തെ ഉപയോഗിക്കാനുള്ള മൂല്യബോധം നേടുക.

4. നിലവിലുള്ള സാംസ്‌കാരികവും സാമൂഹ്യവുമായ സന്ദർഭമനുസരിച്ച്‌ നേടിയ വിജ്ഞാനത്തെ ഉപയോഗിക്കുന്ന വിധത്തിൽ രീതിശാസ്‌ത്രപരമായ അവഗാഹം നേടുക.

5. മാറിവരുന്ന തൊഴിൽ - ജീവിതസാഹചര്യങ്ങളനുസരിച്ച്‌ നേടിയ വിജ്ഞാനത്തെയും വൈദഗ്‌ദ്ധ്യത്തെയും മെച്ചപ്പെടുത്താനുള്ള മനോഭാവം നേടുക.

പുതിയ വിജ്ഞാനത്തിന്റെ സൃഷ്‌ടി ബിരുദപഠനത്തിൽ പ്രതീക്ഷിക്കുന്നില്ല. അതേസമയം നേടിയ വിജ്ഞാനത്തെ ഫലപ്രദമായി ഉപയോഗിക്കുവാനുള്ള കഴിവും സന്നദ്ധതയും പ്രതീക്ഷിക്കുന്നു. അതുകൊണ്ട്‌ ബിരുദപഠനത്തിൽ വിഷയപഠനത്തിന്റെ രീതിശാസ്‌ത്രപരവും പ്രായോഗികവുമായ തലം പ്രതീക്ഷിക്കുന്നു.

ഇന്ന്‌ ബിരുദപഠനം ഉന്നത വിദ്യാഭ്യാസത്തിലെ ഏറ്റവും ദുർബലമായ കണ്ണിയാണ്‌. ഒട്ടനവധി വിദ്യാർഥി കൾ ബിരുദം നേടുന്നുണ്ടെങ്കിലും ബിരുദത്തെ തികച്ചും ഉപകരണാത്മകമായി സമീപിക്കുന്ന പ്രവണതയാണി ന്നുള്ളത്‌. ഒരു ബിരുദം നേടുന്നതിനപ്പുറം വിഷയമേഖല യിലെ പ്രാവീണ്യം കുട്ടിക്ക്‌ ലഭിക്കുന്നില്ല. ബിരുദം നേടുന്നതോടെ ഔപചാരികമായ പഠനം അവസാനി പ്പിക്കുന്നവരാണ്‌ ഭൂരിഭാഗവും. അതിൽ പ്രാവീണ്യമില്ലാത്ത തുകൊണ്ട്‌ ``തൊഴിലധിഷ്‌ഠിത സ്വഭാവമുള്ള മറ്റു കോഴ്‌സുകളിൽ അവർ ചേരുന്നു. പ്രൊഫഷണൽ മേഖലയെ വൻതോതിൽ വികസിപ്പിക്കാനുള്ള വെമ്പലും ബിരുദപഠനത്തെ തകർക്കുകയാണ്‌. അതുകൊണ്ട്‌ സാമൂഹ്യമായി പ്രസക്തമായ വിദ്യാഭ്യാസ പദ്ധതി എന്ന നിലയിൽ ബിരുദപഠനത്തെ പുനരാവിഷ്‌ക്കരിക്കേണ്ട ആവശ്യമുണ്ട്‌. പുതിയ വിജ്ഞാനത്തിന്റെ വെല്ലുവിളികളും അത്‌ സൃഷ്‌ടിക്കുന്ന ആവേശവും ഉൾക്കൊള്ളുന്ന വിധത്തിലുള്ള വിദ്യാഭ്യാസ പദ്ധതി ഈ ഘട്ടത്തിൽ ആവശ്യമാണ്‌. അവയുടെ അടിസ്ഥാനത്തിൽ സമൂഹത്തിൽ നിർണായകമായ പങ്ക്‌ വഹിക്കാൻ വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുകയും വേണം.

5. ബിരുദാനന്തരപഠനത്തിന്റെ ലക്ഷ്യങ്ങൾ

1. പ്രപഞ്ചത്തെയും സമൂഹത്തെയും കുറിച്ച്‌ നേടിയ വിജ്ഞാനത്തിന്റെ ഉല്‌പാദനത്തെയും അവയിലെ ആന്തരിക വൈരുദ്ധ്യങ്ങളെയും പ്രശ്‌നങ്ങളെയും കുറിച്ച്‌ ധാരണയിലെത്തുക.

2. പ്രശ്‌നങ്ങളുടെ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ പുതിയ വിജ്ഞാനം കണ്ടെത്താനും ഉല്‌പാദിപ്പിക്കുവാനുമുള്ള കഴിവും സന്നദ്ധതയും വളർത്തുക.

3. ഈ കഴിവിനെയും സന്നദ്ധതയെയും സമൂഹത്തിന്റെ വികസനപരവും വൈജ്ഞാനികവും സാംസ്‌കാരികവുമായ ആവശ്യങ്ങൾക്കുവേണ്ടി ഫലപ്രദമായി ഉപയോഗിക്കാനുള്ള മനോഭാവം വളർത്തുക.

4. സാമൂഹ്യരംഗത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കാനുള്ള നൈപുണ്യം സൃഷ്‌ടിക്കു കയും അതിനെ ജനാധിപത്യസമൂഹത്തിന്റെ വളർച്ചക്കുവേണ്ടി ഉപയോഗിക്കുന്നതിനുള്ള മനോഭാവം വളർത്തുകയും ചെയ്യുക.

ബിരുദപഠനം പൂർത്തിയാക്കുന്ന എല്ലാവരും സ്വാഭാവികമായി ബിരുദാനന്തരപഠനത്തിലേക്കു പോകുമെന്ന്‌ പ്രതീക്ഷിക്കുന്നില്ല. പുതിയ വിജ്ഞാനം സൃഷ്‌ടിക്കുന്നതിനുള്ള നെപുണിയുടെ ആവശ്യം അനുഭവപ്പെടുന്ന ഘട്ടത്തിലാണ്‌ ഒരു വിദ്യാർത്ഥി ബിരുദാനന്തര പഠനത്തിനു ചേരുന്നത്‌. ചില സവിശേഷ വൈജ്ഞാനിക മേഖലകളിൽ ബിരുദാനന്തരപഠനം അനിവാര്യമായും മാറാം.

വിവിധ വൈജ്ഞാനിക മേഖലകളെ ആഴത്തിൽ പഠിക്കുന്നതിനും പുതിയ വിജ്ഞാനം സൃഷ്‌ടിക്കുന്ന തിനുമുള്ള വൈദഗ്‌ദ്ധ്യം തന്നെയാണ്‌ ബിരുദാനന്തര പഠനത്തിൽ ലക്ഷ്യമാക്കേണ്ടത്‌. ബിരുദ പഠനത്തിലെ കോഴ്‌സുകൾ അതേപടി ബിരുദാനന്തര പഠനത്തിൽ ആവർത്തിക്കേണ്ടതില്ല. വിദ്യാർത്ഥികൾക്ക്‌ സ്വയം പഠനത്തിനുള്ള സൗകര്യം നൽകുന്ന, അതിനോടൊപ്പം വൈജ്ഞാനിക മേഖലകളെ വിദഗദ്ധർ പരിചയപ്പെടു ത്തുന്ന സംവിധാനമാണ്‌ വേണ്ടത്‌. ബിരുദാനന്തര പഠനത്തിന്റെ ലക്ഷ്യം തൊഴിൽ ലഭ്യത എന്നായിരിക്കരുത്‌. തൊഴിൽ നേടിയവർക്കും, നേടാനുള്ള നൈപുണ്യം ആർജിച്ചവർക്കും സ്വന്തം കഴിവുകളെയും സന്നദ്ധ തയെയും ശക്തിപ്പെടുത്താനുള്ള ഒരു സൗകര്യമാണിതു നൽകുന്നത്‌. ചില പ്രൊഫഷണൽ സാങ്കേതിക മേഖല കളിൽ തൊഴിൽ വൈദഗ്‌ദ്ധ്യവുമായി ബിരുദാനന്തര കോഴ്‌സുകൾക്ക്‌ നേരിട്ടു ബന്ധമുണ്ടാകും. മറ്റു മേഖലകളിൽ ബിരുദാനന്തര പഠനത്തിന്റെ ഭാഗമായി സൃഷ്‌ടിക്കപ്പെടുന്ന വിജ്ഞാനത്തെയും വൈദഗ്‌ദ്ധ്യ ത്തെയും ഉപയോഗിക്കുന്നതിന്‌ ദീർഘവീക്ഷണത്തോടു കൂടി നടത്തുന്ന സാമൂഹ്യ ശാസ്‌ത്ര പ്രക്രിയയ്‌ക്ക്‌ കഴിയേണ്ടതാണ്‌.

6. ഗവേഷണത്തിന്റെ ലക്ഷ്യങ്ങൾ.

ഗവേഷണ പ്രവർത്തനം രണ്ടു തലത്തിലാകാം:-

1.സമൂഹത്തിന്റെ വികാസത്തിനാവശ്യമുള്ള വ്യത്യസ്‌ത പ്രായോഗിക മേഖലകളിൽ പ്രശ്‌നനിർദ്ധാരണത്തിനും പുതിയ വിജ്ഞാനത്തിന്റെ സൃഷ്‌ടിക്കും വേണ്ടിയുള്ള ഗവേഷണം.

2. പ്രപഞ്ചത്തെയും സമൂഹത്തെയും സംബന്ധിച്ച സിദ്ധാന്തങ്ങളെക്കുറിച്ചും അടിസ്ഥാന ശാസ്‌ത്രസാമൂഹ്യശാസ്‌ത്ര മാനവിക ശാഖകളിലും സംസ്‌കാരത്തിലും പുതിയ വിജ്ഞാനവും പരികല്‌പനകളും.

ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ താഴെ പറയും പ്രകാരം സംഗ്രഹിക്കാം:

1. സാമുഹ്യപ്രശ്‌നങ്ങളെ നിർദ്ധാരണം ചെയ്യുന്നതിനും സമൂഹവികാസത്തിന്റെ ഗതിനിർണയിക്കുന്നതിനുമാവശ്യമായ പുതിയ വിജ്ഞാനത്തിന്റെയും മാതൃകകളുടെ സൃഷ്‌ടി.

2. ജനാധിപത്യ സമൂഹത്തിൽ ജനങ്ങളുടെയും ഭരണകർത്താക്കളുടെയും വീക്ഷണത്തിനു സഹായകരമായ പുതിയ സിദ്ധാന്തങ്ങളുടെയും പരികല്‌പനകളുടെയും സൃഷ്‌ടി.

3. പ്രപഞ്ചവീക്ഷണത്തിന്റെയും സമൂഹ വീക്ഷണത്തിന്റെയും വളർച്ചക്ക്‌ സഹായകരമായ പുതിയ വീക്ഷണങ്ങളുടെ സൃഷ്‌ടി.

4. നിലവിലുള്ള പ്രപഞ്ചസിദ്ധാന്തങ്ങളുടെയും സമൂഹ സിദ്ധാന്തങ്ങളുടെയും വളർച്ചക്കും വിമർശനാത്മകമായ വിലയിരുത്തലുകൾക്കും സഹായകരമായ പുതിയ സമീപനങ്ങളുടെ സൃഷ്‌ടി.

5. പുതിയൊരു മതേതര ജനാധിപത്യ സാംസ്‌കാരിക പരിപ്രേക്ഷ്യത്തിന്റെ വളർച്ചക്കു സഹായകരമായ പുതിയ കാഴ്‌ചപ്പാടുകളുടെ സൃഷ്‌ടി. കേരളത്തിന്റെ സമൂഹവികാസത്തിന്റെ പശ്ചാത്തലത്തിൽ ഗവേഷണ വിഷയങ്ങൾ മെനഞ്ഞെടുക്കാൻ കഴിയണം. ഗവേഷണം നടത്താൻ സഹായകരമായ പ്രായോഗികാനുഭവങ്ങളും രീതിശാസ്‌ത്രത്തിൽ പരിചയവും നിരീക്ഷണപാടവവുമുള്ളവരാണ്‌ ഗവേഷകരായി വരേണ്ടത്‌.

സർവകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും നടക്കുന്ന പഠനങ്ങളുടെ പ്രസക്തി ഇനിയും നമ്മുടെ സമൂഹം അംഗീകരിച്ചിട്ടില്ല. ഗവേഷണ ഫലങ്ങൾ സുതാര്യമാക്കാൻ ഈ സ്ഥാപനങ്ങൾ ശ്രദ്ധിക്കുന്നില്ല എന്നത്‌ ഒരു കാരണമാണ്‌. ഗവേഷണ ഫലങ്ങൾ പ്രയോജനപ്പെടുത്തുന്ന വികസന സമീപനം നമുക്കില്ല എന്നത്‌ മറ്റൊരു കാരണവും. അതുകൊണ്ട്‌ ഗവേഷണ പ്രവർത്തനങ്ങൾക്ക്‌ വേണ്ട സഹായം ചെയ്യുന്നതിൽ ഗവർമെണ്ടുകൾ മടികാണിക്കുന്നു. വ്യവസായങ്ങൾ സ്‌പോൺസർ ചെയ്യുന്ന ഗവേഷണം മാത്രം മതിയെന്നും മൗലിക ഗവേഷണത്തിന്റെ ആവശ്യമില്ലെന്നും ഉള്ള വാദവും വളർന്നുവരികയാണ്‌. അതിനായി ബേസിക്‌ റിസർച്ച്‌ എന്നും അപ്ലൈഡ്‌ റിസർച്ച്‌ എന്നും ഉള്ള വേർതിരിവുകൾ സൃഷ്‌ടിക്കുകയും ആവശ്യാധിഷ്‌ഠി തമായ ഗവേഷണത്തിനു മാത്രം ഫണ്ടിങ്‌ നൽകുകയും ചെയ്യുന്നു. അധ്യാപകരുടെ പ്രമോഷനും മറ്റും ഗവേഷണം നിർബന്ധിതമാക്കിയത്‌ യാന്ത്രികവും ഉപകരണാത്മ കവുമായ ഗവേഷണത്തെ ശക്തിപ്പെടുത്തുന്നു. ഇതുകൊ ണ്ട്‌ സർവ്വകലാശാലകളിൽ നിന്ന്‌ പുറത്തുവരുന്ന ഗവേഷണ പ്രബന്ധങ്ങളിൽ അപൂർവം ചിലവയ്‌ക്കു മാത്രമാണ്‌ നിലവാരമുള്ളത്‌ എന്ന സ്ഥിതി വരുന്നു. ഈ സ്ഥിതി മാറേണ്ടത്‌ അത്യാവശ്യമാണ്‌. സാമൂഹ്യാസൂത്രണ പ്രക്രിയയിൽ താല്‌പര്യമുള്ളവർ പുതിയ ഗവേഷണവും സംരംഭങ്ങളുമായി മുന്നോട്ടുവരണം. ഗവേഷണം ഉപകരണാത്മകമാകരുത്‌, പുതിയ വിജ്ഞാനത്തിന്റെ സൃഷ്‌ടിതന്നെയാകണം.

7. സാമൂഹ്യപ്രവർത്തനമേഖലയുമായി ബന്ധപ്പെട്ട ഏതെങ്കിലും വൈജ്ഞാനിക മേഖലയോ വൈജ്ഞാനിക മേഖലകളുടെ ചേരുവകളോ ബിരുദപഠനത്തിന്റെ ഭാഗമാക്കണം. പരസ്‌പര പൂരകങ്ങളും സാമൂഹ്യമായ വിജ്ഞാനത്തെ ഉൾക്കൊള്ളുന്നതുമായ ചേരുവകൾ നിർദേശിക്കണം.

നിലവിലുള്ള മെയിൻ, സബ്‌സിഡിയറി സമ്പ്രദായം ഒരു വിജ്ഞാന മേഖലയുടെ പാർശ്വിക ബന്ധങ്ങളും മേഖലകൾ തമ്മിലുള്ള പരസ്‌പര പൂരകത്വവും ഉറപ്പുവരുത്തുന്നില്ല. അതുകൊണ്ടാണ്‌ ഒരു ബിരുദം ഏതെങ്കിലും ഒരു വൈജ്ഞാനിക മേഖലയിൽ മാത്രമുള്ള കഴിവിന്റെ സൂചകമാകുന്നത്‌. ത്രീ മെയിൻ സമ്പ്രദായം പോലെ ശാസ്‌ത്രീയമായി നിർവചിക്കപ്പെടാത്ത ചേരുവകൾ നിർദ്ദേശിച്ചാൽ പ്രശ്‌നപരിഹാരമാവുകയില്ല. അവയ്‌ക്കു പകരമാണ്‌ ഒരു പ്രവർത്തന മേഖലയെ ആധാരമാക്കിയുള്ള വൈജ്ഞാനിക മേഖലകൾ വേണമെന്ന്‌ നിർദേശിക്കുന്നത്‌. ഉദാഹരണത്തിന്‌ സാമ്പത്തിക ശാസ്‌ത്രവും ഗ്രാമവികസനവും പ്ലാനിങ്ങും പ്രസക്തമായ ഒരു ചേരുവയാണ്‌. ഭൂവിജ്ഞാനീയം, പരിസ്ഥിതിശാസ്‌ത്രം, വിഭവാസൂത്രണം എന്നത്‌ മറ്റൊന്നും. ഇത്തരത്തിൽ വൈജ്ഞാനിക നിലവാരത്തിനു കോട്ടം തട്ടാതെ സാമൂഹ്യമായി പ്രസക്തമായ എത്ര വേണമെങ്കിലും മേഖലകളുടെ ചേരുവകൾ നിർദ്ദേശിക്കാം. ബിരുദപഠനത്തിന്റെ ലക്ഷ്യനിർണയത്തിനനുസരിച്ച്‌ ചേരുവകളുടെ വിശദാംശങ്ങൾ തീരുമാനിക്കാം.

8. ബിരുദ പഠനത്തെ താഴെ പറയുന്നവിധം കോഴ്‌സുകളായി ക്രമീകരിക്കാം.

a) പഠനത്തിലുൾപ്പെടുന്ന വൈജ്ഞാനിക മേഖലകളുടെ സാമൂഹ്യവും അക്കാദമികവുമായ സാധ്യതകളെക്കുറിച്ച്‌ സമഗ്രമായ കാഴ്‌ചപ്പാട്‌നൽകുന്നതും രീതിശാസ്‌ത്രപരമായ ധാരണകളെ ഉറപ്പിക്കുന്നതുമായ കോഴ്‌സുകൾ

b) വൈജ്ഞാനിക മേഖലാ ബന്ധിതമായ കോർ കോഴ്‌സുകൾ

c) സമൂഹജീവിതവുമായി ബന്ധപ്പെട്ട നിശ്ചിത മേഖലകളിൽ സൈദ്ധാന്തികവും പ്രായോഗികവുമായ പ്രാവീണ്യം നൽകുന്ന കോഴ്‌സുകൾ

വ്യത്യസ്‌ത തൊഴിൽ മേഖലകളിലേക്ക്‌ നേരിട്ടു പ്രവേശനം നൽകുന്ന ആവശ്യാധിഷ്‌ഠിത സ്വഭാവം മാത്രമുള്ള കോഴ്‌സുകൾ ബിരുദ പഠനത്തിന്റെ ഭാഗമായി നൽകുന്നത്‌ നിരുത്സാഹപ്പെടുത്തണം. അവയ്‌ക്ക്‌ പലതിനും വിവിധ ഏജൻസികൾ നൽകുന്ന സർട്ടിഫിക്കറ്റ്‌ - ഡിപ്ലോമാ കോഴ്‌സുകൾ ധാരാളമാണ്‌. ഇത്തരം തൊഴിലുകൾക്കാധാരമായ വൈജ്ഞാനിക മേഖലയുടെ ശാസ്‌ത്രീയവും പ്രായോഗികവുമായ വശങ്ങൾ കോഴ്‌സു കളിൽ ഉൾപ്പെടുത്താം. അവ പഠിക്കുന്ന വിദ്യാർത്ഥിക്ക്‌ വ്യത്യസ്‌ത തൊഴിൽ മേഖലകളിൽ നൈപുണ്യവും തുടർ പഠനത്തിനുള്ള സാധ്യതകളും ഉണ്ടാകണം. സാങ്കേതിക- സാമൂഹ്യപ്രവർത്തന സാധ്യതയുള്ള കോഴ്‌സുകൾ ബിരുദപഠനത്തിന്റെ ഭാഗമാകാം. സവിശേഷ പരിശീല നമായല്ല, ഒരു സാമൂഹ്യ മേഖലയിലെ പ്രത്യേക പ്രാവീ ണ്യമെന്ന നിലയിലാണ്‌ ഇത്തരം പഠനത്തെ കാണേണ്ടത്‌. ചുരുക്കത്തിൽ ബിരുദ പഠനം, സാമൂഹ്യബന്ധമാകണം. `തൊഴിലധിഷ്‌ഠിത'മാകുന്നതു ശാസ്‌ത്രീയമല്ല. ബിരുദ പഠനത്തിൽ നിർബന്ധിത ഭാഷാ പഠനം ആവശ്യമില്ല.

9. കോഴ്‌സുകൾ ക്രമീകരിക്കേണ്ടത്‌ വിഷയപഠനത്തിലെ വ്യത്യസ്‌ത തീമുകളെ ആധാരമാക്കിയാണ്‌.

ബിരുദപഠനത്തിൽ ഇന്ന്‌ നിലനിൽക്കുന്ന പേപ്പർ സമ്പ്രദായം ആധുനിക വൈജ്ഞാനിക മേഖലകളുടെ വശങ്ങൾ മുഴുവൻ ഉൾക്കൊള്ളാൻ പര്യാപ്‌തമല്ല. വൈജ്ഞാനിക മേഖലകൾ നിരവധി ഉപഘടകങ്ങളും പ്രായോഗിക മേഖലകളുമായി വിഭജിക്കപ്പെടുന്ന സാഹചര്യങ്ങളിൽ നിരവധി തീമുകളിൽ ആഴത്തിലുള്ള പഠനം ആവശ്യമുണ്ട്‌. നിലവിലുള്ള വർക്ക്‌ലോഡിൽ വ്യത്യാസം വരുത്താതെ തന്നെ തീമാറ്റിക്‌ കോഴ്‌സുകൾ നൽകുകയും അവ സെമസ്റ്ററുകളായി തിരിക്കുകയും ചെയ്യുന്നതാണുത്തമം. ഒരേ വൈജ്ഞാനിക മേഖലയിൽ തന്നെ നിരവധി ഐച്ഛിക മേഖലകൾ ഉൾപ്പെടുത്താനും സാമൂഹ്യ പ്രസക്തിയുള്ള തീമുകൾ ഉൾക്കൊള്ളിക്കാനും ഇതു സഹായിക്കും. ബിരുദപഠനത്തിന്റെ ആഴവും വ്യാപ്‌തിയും വർദ്ധിപ്പിക്കുന്നതിനും പഠനസമയത്തെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനും ഇത്‌ സഹായിക്കും.

10. ഒരു പ്രത്യേക വൈജ്ഞാനിക മേഖലയുടെ സാധ്യതകളെ കുറിച്ച്‌ പൊതുധാരണയും നൈപുണ്യവുമുള്ളവർ നടത്തുന്ന പഠനമെന്ന നിലയിൽ ബിരുദാനന്തര കോഴ്‌സ്‌ പ്രശ്‌നാധി ഷ്‌ഠിതമായിരിക്കും. പ്രശ്‌നങ്ങൾ തിരിച്ചറിയൽ, പ്രശ്‌ന പരിഹാര മാർഗങ്ങളെ കുറിച്ചുള്ള അന്വേ ഷണം, നിലവിലുള്ള പരിഹാരമാർഗങ്ങൾ തിരിച്ചറിയൽ, പുതിയ മാർഗങ്ങൾ തേടൽ എന്ന രീതിയിലായിരിക്കും പഠനം ക്രമീകരിക്കുക.

ബിരുദാനന്തര കോഴ്‌സുകൾ ബിരുദപഠനത്തിൽ ലഭിക്കുന്ന നൈപുണ്യത്തേയും വിജ്ഞാനത്തെയും ആധാരമാക്കി വിദ്യാർത്ഥി കണ്ടെത്തുന്ന പ്രശ്‌നമേ ഖലകളെ ആധാരമാക്കിയുള്ളതാകണം. പ്രശ്‌ന നിർധാരണത്തിനും പരിഹാരത്തിന്റെ കണ്ടെത്തലിനും വിജ്ഞാന മേഖലകളുടെ രീതിശാസ്‌ത്രവും പുതിയ വിജ്ഞാനം തേടാനുള്ള സന്നദ്ധതയും ആവശ്യമാണ്‌. അതിന്‌ ഇന്നത്തെ യാന്ത്രികമായ വിജ്ഞാന സമ്പാദനത്തിനു പകരം സാമൂഹ്യമോ ശാസ്‌ത്രീയമോ ആയ പ്രശ്‌നങ്ങളെ ആധാരമാക്കി വിദ്യാർഥി നടത്തുന്ന അന്വേഷണത്തിന്റെ രീതിയിലാണ്‌ കോഴ്‌സുകൾ ക്രമീകരി ക്കേണ്ടത്‌. ഈ അന്വേഷണം നടത്താൻ തയ്യാറുള്ളവരും അടിസ്ഥാന യോഗ്യത നേടിയവരുമായ വിദ്യാർഥികൾക്ക്‌ ജീവിതത്തിന്റെ ഏതു ഘട്ടത്തിലും ബിരുദാനന്തര കോഴ്‌സുകൾ ചെയ്യാൻ അവസരമുണ്ടാകണം.

11. ബിരുദപഠനത്തെ പോലെ ക്രെഡിറ്റ്‌ സെമസ്റ്റർ സമ്പ്രദായവും തീമാറ്റിക്‌ കോഴ്‌സ്‌ സംവിധാനവും ബിരുദാനന്തര കോഴ്‌സുകളിലും തുടരും. കോഴ്‌സുകൾ സെമസ്റ്ററുകളിലായി 16-20ആകാം. നാലും നാലുതരത്തിലുള്ള തീമാറ്റിക്‌ കോഴ്‌സുകൾ നൽകാം.

a) വിഷയ മേഖലയുമായി ബന്ധപ്പെട്ട സാമൂഹ്യവും വൈജ്ഞാനികവുമായ പ്രശ്‌നങ്ങൾ അവതരിപ്പിക്കുന്നവ.

b) പ്രശ്‌നങ്ങൾ നിലവിലുള്ള പരിഹാരമാർഗങ്ങൾ (സിദ്ധാന്തങ്ങൾ, അനുമാനങ്ങൾ, പരികൽപ നങ്ങൾ, പ്രായോഗികരൂപങ്ങൾ) ഉൾപ്പെടുന്നവ.

c) പ്രശ്‌നപരിഹാര മാർഗങ്ങൾക്കുള്ള രീതി ശാസ്‌ത്രം നിർദ്ദേശിക്കുന്നവ.

d) രീതിശാസ്‌ത്രമനുസരിച്ച്‌ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം സ്വയം കണ്ടെത്താൻ സഹായി ക്കുന്നവ.

ഇന്നത്തെ ദ്വിവൽസര സമ്പ്രദായം മാറ്റേണ്ടതില്ല. സെമസ്റ്റർ സമ്പ്രദായത്തിലൂടെ കൂടുതൽ സാധ്യതകൾ ഉൾക്കൊള്ളിക്കുകയും ഒരു വൈജ്ഞാനിക മേഖലയുടെ സൈദ്ധാന്തികവും പ്രായോഗികവും രീതിശാസ്‌ത്ര പരവുമായ വശങ്ങളെ കുറിച്ച്‌ ആഴത്തിലുള്ള അന്വേഷണം വളർത്തുകയും ആണ്‌ വേണ്ടത്‌. ഓരോ മേഖലയിലും ഇതനുസരിച്ച്‌ കോഴ്‌സുകളുടെ ഘടനയിൽ മാറ്റം വരും. കോഴ്‌സുകളുടെ അന്തർവിഷയാത്മക സ്വഭാവം വളർത്തിക്കൊണ്ട്‌ വരേണ്ടതും ആവശ്യമാണ്‌. ചില മേഖലകളിൽ-വിദ്യാഭ്യാസം, ആരോഗ്യം, സേവന- ഭരണമേഖലകൾ, ചില സാങ്കേതിക മേഖലകൾ - കോഴ്‌ സുകൾ പ്രസക്തമായ തൊഴിൽ മേഖലകൾക്കാവശ്യമായ വിജ്ഞാനവും വൈദഗ്‌ദ്ധ്യവും സൃഷ്‌ടിക്കുന്ന വിധത്തി ലാകാം. പക്ഷെ, അവ നേരിട്ട്‌ ക്യാമ്പസ്‌ റിക്രൂട്ട്‌മെന്റ്‌ മാതൃകയിലുള്ള തൊഴിൽ ദായക രൂപങ്ങളാകരുത്‌.

12. ഹ്രസ്വകാല പ്രാധാന്യവും ദീർഘകാല പ്രാധാന്യവും ആധാരമാക്കി മൗലിക ഗവേ ഷണത്തിലും പ്രായോഗിക ഗവേഷണത്തിലുമുള്ള മേഖലകൾ നിർണയിക്കപ്പെടണം. ഓരോ സർവകലാശാലകളിലെയും ഗവേഷണ സൗക ര്യങ്ങളെ ആധാരമാക്കി ഗവേഷണ പ്രോഗ്രാമുകൾ തീരുമാനിക്കണം.

ഗവേഷണം പലവിധത്തിലാകാം: ചില അന്വേഷണങ്ങൾ ഹ്രസ്വകാല പ്രാധാന്യമുള്ള വയായിരിക്കും. പുതിയ വിജ്ഞാനത്തിന്റെ വളർച്ചയോടെ, ഗവേഷണ ഫലത്തിന്റെ പ്രസക്തി നഷ്‌ടപ്പെട്ടേക്കാം. സാങ്കേതിക മേഖലയിലെ ഗവേഷണം ഉദാഹരണം. മൗലിക ഗവേഷണത്തിനു ഹ്രസ്വകാല പ്രാധാന്യമുണ്ടാ കണമെന്നില്ല, എന്നാൽ അത്യന്തികമായി പ്രാധാന്യമു ണ്ടാകാം. ഇവ രണ്ടിനും അവയുടേതായ പ്രസക്തിയുണ്ട്‌. ഗവേഷണ മേഖലകളെ താഴെ കാണിക്കുന്ന വിധത്തിൽ ക്രമീകരിക്കാം.

(ചിത്രം) വൈജ്ഞാനിക മേഖല ഹ്രസ്വകാല പ്രാധാന്യം


പ്രായോഗിക മേഖല ദീർഘകാല പ്രാധാന്യം

ഇതിൽ ഗവേഷണ മേഖല നിർണയിക്കപ്പെടേണ്ടത്‌:-

വൈജ്ഞാനിക മേഖലയുടെ ദീർഘകാല പ്രാധാന്യം

പ്രായോഗിക മേഖലയുടെ ദീർഘകാല പ്രാധാന്യം

പ്രായോഗിക മേഖലയുടെ ഹ്രസ്വകാല പ്രാധാന്യം

വൈജ്ഞാനിക മേഖലയുടെ ഹ്രസ്വകാല പ്രാധാന്യം എന്ന ക്രമത്തിലാകണം.

ഇവയിൽ അവസാനത്തെ രണ്ടെണ്ണം റിസർച്ച്‌ പ്രോജക്‌ടുകൾ വഴിയാകാം. പൂർണ സമയ ഗവേഷണം പ്രോത്സാഹിപ്പിക്കേണ്ടത്‌ ആദ്യത്തെ രണ്ടു മേഖലകളിൽ തന്നെയാകണം.

എല്ലാ സർവകലാശാലകളിലും എല്ലാ ഗവേഷണ മേഖലകളും ആവർത്തിക്കണോ എന്ന കാര്യം പരിശോധിക്കേണ്ടതാണ്‌. ഒരു പൊതുഗവേഷണ പദ്ധതിയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ സർവ കലാശാലകളിലും ഇൻസ്റ്റിറ്റിയൂട്ടുകളിലും നടപ്പിലാക്കേണ്ട ഗവേഷണ മേഖലകളെ കുറിച്ച്‌ ധാരണയിലെത്തുകയും അവയനുസരിച്ച്‌ ഗവേഷണ പ്രോഗ്രാമുകൾ നടപ്പിലാ ക്കുകയുമാണ്‌ വേണ്ടത്‌. റിസർച്ച്‌ ഗൈഡുകളുടെ നിയമ നവും ഇതനുസരിച്ച്‌ ക്രമീകരിക്കണം. പി.എച്ച്‌.ഡി. യുള്ളവരെല്ലാം ഗൈഡുകളാകുന്നതിനു പകരം പി.എച്ച്‌.ഡി നേടിയതിനുശേഷവും ഗവേഷണ രംഗത്തു നിൽക്കുന്നവരും അവരുടെ മേഖലകളിൽ പ്രകടിപ്പി ക്കാവുന്ന വൈദഗ്‌ദ്ധ്യമുള്ള വരുമാണ്‌ ഗൈഡുകളാകേണ്ടത്‌.

13. ഗവേഷണം പൂർണസമയ പ്രവർത്തനമായി മാറണം. ഗവേഷണപ്രബന്ധം നൽകുന്നതിന്റെ കാലയളവ്‌ നിജപ്പെടുത്തണം (4 -5 വർഷം). തൊഴിൽ വൈഷമ്യങ്ങൾ, ഗാർഹിക ജോലി മുതലായ പ്രായോഗിക ബുദ്ധിമുട്ടുള്ളവർക്കുമാത്രം ഒരു വർഷം കൂടി നീട്ടിക്കൊടുക്കാം. പ്രസവകാല അവധിയും പരിഗണിക്കാം. ഗവേഷണഫലം/പ്രബന്ധം പ്രസിദ്ധപ്പെടുത്തണം.

ഇന്ന്‌ സർവകലാശാലകളിൽ മുഴുവൻസമയ ഗവേഷകരും ഭാഗികമായ ഗവേഷകരുമുണ്ട്‌. സർവകലാ ശാലകളുടെ ഫണ്ടിംഗിൽ വന്ന കുറവും യു.ജി.സി. ഫെല്ലോഷിപ്പ്‌ ലഭിക്കു ന്നതിലുള്ള ബുദ്ധിമുട്ടുകളും കൊണ്ട്‌ ഭാഗികമായ ഗവേഷകരുടെ എണ്ണം വർദ്ധിക്കുന്നു. ഗവേഷണത്തിനു രജിസ്റ്റർ ചെയ്യുന്നവരിൽ നല്ലൊരു ശതമാനം ഗവേഷണം പൂർത്തിയാ ക്കുന്നില്ല. പൂർത്തിയാ ക്കുന്നവരുടെ നിലവാരവും മോശമാണ്‌. ഇതിനുള്ള ഏക പരിഹാര മാർഗം ഗവേഷണ പ്രോഗ്രാമുകൾ ഏകീകരിക്കുകയും പൂർണസമയ ഗവേഷണമാക്കി മാറ്റുകയും ചെയ്യുകയാണ്‌. സമൂഹ വികസനത്തിനും മൗലിക തലത്തിലുമുള്ള ഗവേഷണം ഉറപ്പുവരുത്തുന്ന രീതിയിൽ വ്യക്തമായ ഒരു ഗവേഷണ പദ്ധതി സർവകലാശാലകളും ഗവർമെണ്ടും ചേർന്ന്‌ രൂപപ്പെടുത്തുകയാണ്‌. അതനുസരിച്ച്‌ ഭരണകൂടം, സ്ഥാപനങ്ങൾ, മറ്റ്‌ ഏജൻസികൾ എന്നിവ ചേർന്ന്‌ ഏർപ്പെടുത്തുന്ന ഫെലോഷിപ്പുകൾ ഓരോ സർവകലാശാ ലകളിലും വിതരണം ചെയ്യാം. ഈ ഫെലോഷിപ്പുകൾ നൽകുന്ന കാലയളവിൽ വിദ്യാർത്ഥി പൂർണസമയ ഗവേഷണം നടത്തണമെന്നും മറ്റു ഉത്തരവാദിത്വങ്ങൾ ഏൽക്കാൻ പാടില്ലെന്നും നിബന്ധന ഏർപ്പെടുത്താം. ഗവേഷണഫലങ്ങൾ ഒരു വ്യക്തിയുടെ സ്വകാര്യസ്വത്തല്ല. അതുപുറത്തുകൊണ്ടുവരേണ്ട ബാധ്യത സർവകലാശാലകൾക്കുണ്ട്‌. സർവകലാശാല കളുടെ പ്രസിദ്ധീകരണ വകുപ്പുകൾ വഴി അവ പുറത്തു കൊണ്ടുവരാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണം. ഒരു ഗവേഷണപദ്ധതി അനന്തമായി തുടരാൻ അനുവദിച്ചുകൂടാ.

14. നിലവിലുള്ള എം.എഫിൽ / പി.എച്ച്‌.ഡി പ്രവർത്തനം ഏകീകരിക്കണം. ആദ്യവർഷത്തിൽ റസിഡൻസി നിർബന്ധമാക്കണം. തുടർന്ന്‌ ആറ്‌ മാസത്തിനകം എം.ഫിൽ പ്രബന്ധം നൽകി എം.ഫിൽ ബിരുദമെടുക്കാം. അതിനുശേഷം പി.എച്ച്‌.ഡി.ക്കു തുടരാം. ഗവേഷണത്തിന്റെ രീതിശാസ്‌ത്രപരമായ കോഴ്‌സുകൾ എല്ലാ ഗവേഷണ വിദ്യാർഥികൾക്കും ലഭിക്കണം. ഈ സംവിധാനത്തിൽ പ്രിലിമിനറി എക്‌സാമിനേഷൻ ആവശ്യമില്ല.

ഇന്ന്‌ മുഴുവൻസമയ / ഭാഗിക സമയ ഗവേഷകർക്ക്‌ ഒരു വിധത്തിലുള്ള രീതിശാസ്‌ത്രപരമായ പരിശീലനമോ സാമഗ്രികളെ പരിചയപ്പെടുത്തലോ നടക്കുന്നില്ല. ഒരു വർഷമെങ്കിലും പൂർണസമയം നിൽക്കാതെ ഈ അറിവു ലഭിക്കുകയില്ല. അതുകൊണ്ടാണ്‌ ഒരു വർഷത്തെ നിർബന്ധിത റസിഡൻസി നിർദേശിക്കുന്നത്‌. ഈ റസിഡൻസി എം.ഫിൽ കോഴ്‌സിന്റെ ഭാഗമാക്കുകയായിരിക്കും ഉത്തമം. പ്രിലിമിനറി എക്‌സാമിനേഷനു പകരം രീതിശാസ്‌ത്രപരമായ പരീക്ഷകളും സെമിനാറുകളും നടത്തുകയും എം.ഫിൽ പ്രബന്ധം എഴുതിക്കുകയുമാണ്‌ ഗവേഷകരുടെ രീതിശാസ്‌ത്രപരമായ നൈപുണ്യത്തിന്‌ കൂടൂതൽ ഫലപ്രദം. അതുകൊണ്ട്‌ എല്ലാ ഗവേഷകരും എം.ഫിൽ/പി.എച്ച്‌.ഡി ബിരുദങ്ങൾ നേടണം. എം.ഫിൽ കഴിഞ്ഞ്‌ നിർത്തിപ്പോയവർക്ക്‌ തുടർന്ന്‌ പി.എച്ച്‌.ഡി ചെയ്യാനും സൗകര്യമുണ്ടായിരിക്കണം.

15. ബിരുദതലത്തിലെ ബോധനതന്ത്രങ്ങളും മൂല്യനിർ ണയവും താഴെ പറയുന്ന വിധത്തിലാക്കാം.

(a) സ്വയംപഠന താല്‌പര്യവും കഴിവുകളും വളർത്തുന്നതിൽ ബോധനതന്ത്രം ഊന്നണം. ക്ലാസുമുറികൾ ചർച്ചകൾ, സംവാദങ്ങൾ, സെമിനാറുകൾ മുതലായവ നടത്തുന്ന വേദിയാകണം.

(b) സാമൂഹ്യപ്രവർത്തനങ്ങളുമായുള്ള നേരിട്ടുള്ള ബന്ധത്തെ ശക്തിപ്പെടുത്തണം. പ്രോജക്‌റ്റുകൾ വഴി നേരിട്ടുപ്രവർത്തിക്കാനുള്ള സൗകര്യമൊരുക്കുകയാണ്‌ ഒരു മാർഗം. പ്രത്യേക തൊഴിൽ മേഖലകളിൽ അപ്രന്റീസ്‌ഷിപ്പ്‌, ഇന്റേൺഷിപ്പ്‌ മുതലായവയെക്കുറിച്ച്‌ ആലോചിക്കാവുന്നതാണ്‌. പൊതു ലാബുകളും വർക്ക്‌ഷോപ്പുകളും ലൈബ്രറികളും പ്രവർത്തനത്തിനുപയോഗിക്കാം.

(c) വിദ്യാർത്ഥികളോടൊപ്പം ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ തയ്യാറുള്ള മുൻപരിചയവും ധാരണയുമുള്ള ആളുകളാകണം അദ്ധ്യാപകർ. മാറിവരുന്ന വൈജ്ഞാനിക മേഖലകളെ മുൻനിർത്തി അദ്ധ്യാപകരുടെ ശേഷികളുടെ തുടർച്ചയായ മെച്ചപ്പെടുത്തൽ ആവശ്യമാണ്‌. അതിന്‌ ഇന്നത്തെ റിഫ്രഷർ കോഴ്‌സുകൾ അപര്യാപ്‌തമാണ്‌. കരിക്കുലം - സിലബസ്‌ പരിഷ്‌ക്കരണത്തോടനുബന്ധിച്ച്‌ മാൻഡേറ്ററിയായ മെച്ചപ്പെടുത്തൽ കോഴ്‌സുകൾ ഉണ്ടാകണം.

(d) സമഗ്രവും തുടർച്ചയുമായ മൂല്യനിർണയം നടപ്പിലാക്കണം. അസൈൻമെന്റുകൾ, പ്രോജക്‌റ്റുകൾ, പ്രായോഗിക പ്രവർത്തനങ്ങൾ, വാചാപരീക്ഷകൾ, സംവാദങ്ങൾ, എഴുത്തുപരീക്ഷകൾ തുടങ്ങിയവയടങ്ങുന്ന മൂല്യനിർണയ രീതിയാണ്‌ വേണ്ടത്‌. തുടക്കമെന്ന നിലയിൽ 50 ശതമാനം ആന്തരികവും 50 ശതമാനം ബാഹ്യവും ആകാം. സെമസ്റ്റർ ബാഹ്യമൂല്യനിർണയം പൂർണമായി എഴുത്തുപരീക്ഷയാക്കാതെ ഗ്രൂപ്പു ചർച്ചകൾ, സംവാദങ്ങൾ, അസൈൻമെന്റുകൾ, പ്രോജക്‌റ്റുകൾ എന്നിവയുൾപ്പെടുത്താം.

(e) മൂല്യനിർണയത്തിന്റെ രീതി മുൻകൂട്ടി തീരുമാനിക്കുകയും പരസ്യമാക്കുകയും വേണം. അസൈൻമെന്റുകൾ, ലിഖിത പരീക്ഷകൾ തുടങ്ങിയവയുടെ സ്‌ക്രിപ്‌റ്റുകൾ മൂല്യനിർണയത്തിനു ശേഷം വിദ്യാർത്ഥികൾക്കു തിരിച്ചു നൽകണം. മൂല്യനിർണയത്തിന്‌ തർക്കപരിഹാരസമിതികളും ഉണ്ടാകണം.

(f) മൂല്യനിർണയം പൂർണമായി ക്രെഡിറ്റ്‌ ഗ്രേഡിങ്‌ സംവിധാനത്തിലേക്ക്‌ മാറണം. ഗ്രേഡിങ്‌ Cumulative Grade Point Average ന്റെ അടിസ്ഥാനത്തിലാകണം. ഓരോ കോഴ്‌സിന്റെയും ക്രെഡിറ്റ്‌ മൂല്യം മുൻകൂട്ടി നിശ്ചയിക്കണം. കുട്ടികൾക്ക്‌ സമാഹരിക്കാവുന്ന ക്രെഡിറ്റുകളും കുട്ടികൾക്ക്‌ മറ്റു വിഷയങ്ങളിൽ കോഴ്‌സുകൾ ചെയ്യാനും ക്രെഡിറ്റുകൾ ട്രാൻസ്‌ഫർ ചെയ്യിക്കാനും അവസരം നൽകണം. കുറഞ്ഞ ഗ്രേഡുകളുള്ളവർക്ക്‌ കോഴ്‌സുകൾ പൂർത്തിയായതിനു ശേഷം ആവർത്തിക്കാനും അവസരം നൽകാം.

ഇന്നു നടക്കുന്ന ക്ലാസുമുറി ``പ്രഭാഷണങ്ങളും അവയുമായി പ്രത്യേകിച്ച്‌ ബന്ധമില്ലാത്ത മൂല്യനിർണയ രൂപങ്ങളും ഔപചാരിക ബിരുദ പഠനത്തെ വഴിപാടാക്കി മാറ്റുകയാണ്‌. ഗൈഡ്‌ കച്ചവടക്കാരും നല്ല മാർക്കു നേടാനുള്ള മറ്റു കുറുക്കുവഴികളും സർവകലാശാലാ തലത്തിൽ തന്നെ ഔപചാരികമായി അംഗീകരി ക്കപ്പെ ടുന്നു. അതുകൊണ്ടുതന്നെ മിടുക്കിയായ ഒരു വിദ്യാർഥി നിക്ക്‌ ക്ലാസിൽ പോകാതെ തന്നെ ഉയർന്ന ശതമാനം മാർക്കുനേടാം. അതേസമയം കാര്യമായ ഒരു വിജ്ഞാ നവും നേടാതിരിക്കാം. ഈ സ്ഥിതിയിൽ മാറ്റം വരണ മെങ്കിൽ അധ്യയന-അധ്യാപന രൂപങ്ങൾ മാറിയേ പറ്റൂ. സ്വയം പഠന രൂപങ്ങൾ, പ്രോജക്‌റ്റുകൾ, അസൈൻ മെന്റുകൾ മുതലായവയും സമഗ്രവും തുടർച്ചയുമായ മൂല്യ നിർണയവും ഇന്ന്‌ ആഗോളതലത്തിൽ അംഗീകരിക്കപ്പെ ടുന്നു. മൂല്യനിർണയത്തിലെ സുതാര്യതയും ഇന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതു സ്വീകരിക്കാതെ നമുക്ക്‌ ബിരുദപഠനത്തെ രക്ഷിക്കാൻ സാധിക്കുകയില്ല. ബിരുദ പഠനം മാറുമ്പോൾ അധ്യാപകരുടെ മനോഭാവവും മാറേണ്ടിവരും. അതിനുള്ള ചില നിർദ്ദേശങ്ങൾ ആണ്‌ മേൽക്കുറിച്ചത്‌.

16. ബിരുദാനന്തര തലത്തിലെ ബോധന തന്ത്രങ്ങളും മൂല്യനിർണയവും

(a) പ്രത്യേക മേഖലയിൽ തുടർപഠനം നടത്തുന്നവരായതുകൊണ്ട്‌ വിദ്യാർത്ഥികൾക്ക്‌ സ്വയംപഠനത്തിനുള്ള താല്‌പര്യവും കഴിവുമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാം. അവരുടെ സ്വയം പഠനത്തിനുള്ള പിന്തുണ സംവിധാനങ്ങൾ ഉറപ്പുവരുത്തുകയാണ്‌ പ്രധാനം. ലൈബ്രറികൾ, ലാബറട്ടറികൾ, വർക്ക്‌ഷോപ്പുകൾ മുതലായവ ഉന്നതനിലവാരം പുലർത്തുകയും അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പുസ്‌തകങ്ങളും സാമഗ്രികളും ഉറപ്പുവരുത്തുകയും വേണം.

(b) അദ്ധ്യാപകരുടെ പങ്ക്‌ ഇവിടെ വ്യത്യസ്‌തമാണ്‌. സ്വന്തമായി ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയവരും വ്യത്യസ്‌ത പ്രശ്‌നങ്ങളെയും നിലവിലുള്ള പരിഹാര മാർഗങ്ങളെയും കുറിച്ച്‌ അവഗാഹമുള്ളവരുമായിരിക്കണം അദ്ധ്യാപകർ. സാമൂഹ്യമായ പ്രശ്‌നനിർധാരണ രീതികളെക്കുറിച്ചും അവർ അറിഞ്ഞിരിക്കണം. വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾക്ക്‌ വഴികാട്ടികളാകാനും അവർക്ക്‌ കഴിയണം.

(c) അസൈൻമെന്റകൾ, പ്രോജക്‌റ്റുകൾ, ചർച്ചകൾ സെമിനാർ അവതരണവും ചർച്ചയും തുടങ്ങിയ ബോധനക്രമത്തിന്റെയും മൂല്യനിർണയത്തിന്റെയും ഭാഗമാണ്‌. കോഴ്‌സ്‌ പ്രോജക്‌റ്റുകൾ കൂടാതെ ഒന്നോ രണ്ടോ കോഴ്‌സുകൾ പൂർണമായി പ്രോജക്‌റ്റുകളാക്കാം. രണ്ടു കോഴ്‌സുകൾക്ക്‌ പകരം ഒരു ഡിസർട്ടേഷന്റെ കാര്യം ആലോചിക്കാം.

(d) ബിരുദാനന്തര പഠനത്തിന്റെ മൂല്യനിർണയം പൂർണമായി ആന്തരികമാക്കാം. എങ്കിലും മൂല്യനിർണയത്തിന്റെ രൂപങ്ങൾ, മാനദണ്‌ഡങ്ങൾ, ഗ്രേഡ്‌ഷീറ്റ്‌ എന്നിവ പരസ്യമാക്കണം. മൂല്യനിർണയം അദ്ധ്യാപകർ കൂട്ടായി നടത്തണം. കോഴ്‌സിന്റെ അവസാനം ഒരു എക്‌സ്‌ടേണൽ പാനലിന്റെ മുമ്പിൽ ഓപ്പൺ ഡിഫൻസുമാകാം. ഓപ്പൺ ഡിഫൻസിൽ വിജയിക്കുന്ന കുട്ടികൾ മാത്രമേ ബിരുദത്തിനർഹരാവുകയുള്ളൂ. വിദ്യാർത്ഥികളുടെ നിലവാരത്തിന്‌ നേടുന്ന ഗ്രേഡും ക്രെഡിറ്റുകളും തന്നെയാണ്‌ മാനദണ്‌ഡം. കുറഞ്ഞ ഗ്രേഡുകളുള്ളവർക്ക്‌ ഗ്രേഡുകൾ മെച്ചപ്പെടുത്തുന്നതിന്‌ അവസരം നൽകാം. പക്ഷെ, അവർ കോഴ്‌സുകൾ ആവർത്തിക്കണം.

ബിരുദ പഠനത്തിൽ നിന്ന്‌ വ്യത്യസ്‌തമായ രീതിയാണ്‌ ബിരുദാനന്തര തലത്തിൽ പ്രതീക്ഷിക്കുന്നത്‌. അതിനാവ ശ്യമായ സൗകര്യങ്ങൾ നിർണായകമാണ്‌. ഈ സൗക ര്യങ്ങൾ ഉറപ്പുവരുത്തിയാലേ ബിരുദാനന്തര പഠനത്തിന്റെ നിലവാരവും ഉറപ്പുവരുത്താനാകൂ. അധ്യാപകരുടെ യോഗ്യതകളിലും വ്യത്യാസമുണ്ടാകണം. ബിരുദാനന്ത രപഠനം പ്രശ്‌നാധിഷ്‌ഠിതമായ അന്വേഷണമായതു കൊണ്ട്‌ ആന്തരിക മൂല്യനിർണയത്തിന്റെ പ്രാധാന്യം വർദ്ധിക്കുന്നു. അതേസമയം, പ്രശ്‌നാധിഷ്‌ഠിതമായ അന്വേഷണത്തിന്റെ ഫലങ്ങൾ മൊത്തം അക്കാദമിക്‌ സമൂഹത്തെയും ബോധ്യപ്പെടുത്താൻ വിദ്യാർഥിനി ബാധ്യസ്ഥയാണ്‌. പുതിയ വിജ്ഞാനത്തിന്റെ രീതിയും ഡിസർട്ടേഷൻ/ പ്രോജക്‌റ്റുകളിലൂടെ വിദ്യാർത്തിനി സ്വായത്തമാക്കുന്നു.

17. ഗവേഷണ തലത്തിൽ സ്വയം പഠനത്തിനും മേൽ നോട്ടത്തിനും തന്നെയാണ്‌ പ്രധാനം. ഗവേഷണ വിദ്യാർഥിയുടെ പുരോഗതി ഇടയ്‌ക്കിടെയുള്ള സെമിനാറുകളിലൂടെ പരിശോധിക്കണം. പ്രബന്ധം സമർപ്പിക്കുന്നതിനു മുമ്പുള്ള സെമിനാറും സമർപ്പിച്ചതിനു ശേഷമുള്ള ഓപ്പൺ ഡിഫൻസും ആസ്‌പദമാക്കി ഗവേഷണ ഫലം പരിശോധിക്കാം. ഗവേഷണ പ്രബന്ധത്തിന്‌ ബാഹ്യ പരിശോധകർ ആവശ്യമാണെങ്കിലും ഇന്ത്യയ്‌ക്കു പുറത്തുനിന്നു പരിശോധകർ വേണമെന്ന ചില സർവകലാ ശാലകളിലെ നിർബന്ധം ആവശ്യമില്ല. ഒരു പോസ്റ്റ്‌ ഡോക്‌ടറൽ തലം ആവശ്യമില്ല. ഗവേഷണം പൂർത്തിയാക്കിയവരും അധ്യാപകരും ചേർന്നുള്ള ഗവേഷണ പ്രോജക്‌റ്റുകൾ പ്രോത്സാഹിപ്പിക്കണം.

ഗവേഷണം പൂർണസമയ പ്രവർത്തനമായാൽ, തുടർച്ചയായി പുരോഗതിയെ വിലയിരുത്താനും സംവിധാനമുണ്ടാകണം. വർഷത്തിലൊരിക്കലെങ്കിലും പുരോഗതി സൂചിപ്പിക്കുന്ന ഇൻഹൗസ്‌ സെമിനാറുകളാ ണ്‌ ഒരു മാർഗം. പ്രി സബ്‌മിഷൻ സെമിനാറുകൾ പ്രബന്ധ ത്തിന്റെ നിലവാരം ഉറപ്പുവരുത്താനും ഓപ്പൺ ഡിഫൻസ്‌ ഗവേഷണ ഫലത്തിന്റെ വ്യത്യസ്‌ത വശങ്ങൾ വിലയിരു ത്താനും സഹായിക്കും. പോസ്റ്റ്‌ ഡോക്‌ടറൽ തലം വ്യക്തി നിഷ്‌ഠമായ നേട്ടത്തിന്റെ തുടർച്ചയാണ്‌. ഗവേഷകരെന്ന നിലയിൽ കിട്ടിയ പരിചയം സാമൂഹ്യവും അക്കാദമി കവുമായ പ്രശ്‌നങ്ങളെ പഠിക്കുന്നതിൽ ഉപയോഗി ക്കുകയാണ്‌ വേണ്ടത്‌. ഒരു സർവകലാശാലയിലെ ഗവേഷ ണ ഫലങ്ങൾ പുറത്തുവന്നാൽ അവിടത്തെ വൈദഗ്‌ധ്യ ത്തിന്റെ സ്വഭാവം എന്താണെന്ന്‌ സമൂഹം തിരിച്ചറിയും, അവരുടെ പ്രശ്‌നങ്ങളുമായി മുന്നോട്ടുവരും. സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള ബന്ധം ഉറപ്പുവരുത്തേണ്ടത്‌ ഇതിലൂടെയാണ്‌.

18. സർവകലാശാലകൾ:സർവകലാശാലകളുടെ അക്കാദമിക്‌ പ്രവർത്തനങ്ങൾ താഴെ പറയുന്നവയാണ്‌.

1. സർവകലാശാലയുടേയും കീഴിലുള്ള കോളേജുകൾ, ഉന്നത പഠനകേന്ദ്രങ്ങൾ, പ്രൊഫഷണൽ കോളേജുകൾ മുതലായവയുടേയും മൊത്തം കരിക്കുലം വികസനവും കാലാനുസൃതമായ സിലബസ്‌ പരിഷ്‌കരണവും.

2. പുതിയ വൈജ്ഞാനിക - പ്രായോഗിക മേഖലകൾ കണ്ടെത്തലും അവയിൽ പുതിയ പാഠ്യപദ്ധതികളുടെ ആവിഷ്‌കാരവും, ഇതിൽ സർവകലാശാല ഡിപ്പാർട്ടുമെന്റുകൾ നേതൃത്വം നൽകണം.

3. കോളേജ്‌ അധ്യാപകരുടെ പ്രാവീണ്യം മെച്ച പ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ ആവിഷ്‌കാരം.

4. എല്ലാ തലങ്ങളിലേയും ബോധന തന്ത്രത്തിന്റെയും മൂല്യനിർണ്ണയത്തിന്റേയും മേൽനോട്ടം.

5. സർവകലാശാലയിൽ നടക്കുന്ന ഗവേഷണ പദ്ധതികളുടെ ആസൂത്രണവും മേൽനോട്ടവും. ഇവയിൽ അഡ്വാൻസ്‌ സ്റ്റഡീസ്‌ സെന്ററുകളെ റിസർച്ച്‌ സെന്ററുകളായി പരിഗണിക്കാം. അവിടെ നടക്കുന്ന ഗവേഷണം സർവകലാശാലകളുടെ റിസർച്ച്‌ പ്ലാനും നിയന്ത്രണവുമനുസരിച്ചായിരിക്കും.

6. സാമൂഹ്യാവശ്യങ്ങൾക്കനുസരിച്ചുള്ള ഗവേഷണ പ്രോജക്‌ടുകൾ ഏറ്റെടുക്കലും നിർവഹണവും.

7. ഫീഡർ ഏരിയയിലെ ജനങ്ങൾക്ക്‌ വിജ്ഞാനവും ആധുനിക ഗവേഷണ ഫലങ്ങളും നല്‌കുന്ന വിഭവകേന്ദ്രങ്ങളായി പ്രവർത്തിക്കൽ. സർവകലാശാലകളുടെ കീഴിൽ സാമൂഹ്യ വിദ്യാകേന്ദ്രങ്ങൾ, ശാസ്‌ത്രബോധനകേന്ദ്രങ്ങൾ, സാങ്കേതിക ക്ലിനിക്കുകൾ, സാംസ്‌കാരിക വിനിമയകേന്ദ്രങ്ങൾ മുതലായവ ആരംഭിക്കാം.

സർവകലാശാലകളുടെ പങ്കിന്‌ പ്രകടമായ മൂല്യശോ ഷണം സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. വിദ്യാർഥി കൾക്ക്‌ ബിരുദം നൽകുന്നതിനും കുറച്ച്‌ ബിരുദാനന്തര കോഴ്‌സുകൾ നടത്തുന്നതിനുമുള്ള സ്ഥാപനം മാത്രമാ യാണ്‌ ഇപ്പോൾ സർവകലാശാലകളെ കാണുന്നത്‌. യു.ജി.സി കളുടെയും ഗവണ്മെണ്ടിന്റെയും ഫണ്ടിങ്‌ വെട്ടിക്കുറച്ചതോടെ കഴിയാവുന്നത്ര പണം വാരി കോഴ്‌സു കൾ തുടങ്ങാനുള്ള തത്രപ്പാടിലാണ്‌ സർവകലാശാലാ ധികൃതർ. ഈ സ്ഥിതിക്ക്‌ അടിയന്തിരമായി മാറ്റം വരുത്തേണ്ടതുണ്ട്‌. സർവകലാശാലകളുടെ അക്കാദമിക്‌ ചുമതലകളെന്തെന്ന്‌ കൃത്യമായി നിർവചിക്കുകയും അതനുസരിച്ച്‌ ഘടനയിലും നിയമാവലികളിലും വേണ്ട മാറ്റങ്ങൾ വരുത്തുകയുമാണ്‌ ഏക മാർഗം. സർവകലാശാ ലകളുടെ അക്കാദമിക്‌ ചുമതലകളെകുറിച്ച്‌ സമൂഹത്തിനും ഇന്ന്‌ ബോധ്യമില്ല. സർവകലാശാലകളെ സമൂഹത്തിന്റെ വിജ്ഞാനകേന്ദ്രങ്ങളായി മാറ്റണമെങ്കിൽ ഇവ ബിരുദാനന്തര കേന്ദ്രങ്ങളല്ലെന്ന ബോധം സമൂഹത്തിനുണ്ടാകണം.