കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ-പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരള വിദ്യാഭ്യാസ കമ്മീഷൻ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ശുപാർശകൾ


ഡോ അശോൿമിത്ര ചെയർമാനായ കേരള വിദ്യാഭ്യാസ കമ്മീഷൻ അതിന്റെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് 1998 ലാണ്.തുടർന്നുള്ള നിരവധി കൂടിച്ചേരലുകളിലൂടെ കമ്മീഷൻ റപ്പോർട്ടിലെ നിർദേശങ്ങളെയും നിഗമനങ്ങളെയും ശുപാർശകളാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നത്. വ്യാപകമായ ചർച്ചകളുടെ പരിസമാപ്തിയായി 2000 നവംബറിൽ തൃശ്ശൂരിൽ ചേർന്ന വിദ്യാഭ്യാസ ജനസഭയിലൂടെ പരിഷത്ത് രൂപം കൊടുത്ത ശുപാർശകളാണ് കേരളത്തിലെ വിദ്യാഭ്യാസം പുതിയ നൂറ്റാണ്ടിൽ എന്ന ഗ്രന്ഥം. അതിലെ ഒരു അധ്യായമാണ് ഇത്.


1. 1 മുതൽ 7 വരെയുള്ള ക്ലാസുകളെയാണ്‌ പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്‌.

8-ാം തരത്തെ സെക്കണ്ടറിയുടെ ഒരു പ്ലാറ്റ്‌ഫോം ആയി കാണാം. ഏഴു വർഷത്തെ വിദ്യാഭ്യാസം കഴിയുമ്പോൾ (അപ്പോൾ കുട്ടിക്ക്‌ 13 വയസ്‌ തികഞ്ഞിരിക്കും) ജീവിതവ്യവഹാരത്തിന്‌ ആവശ്യമായ അടിസ്ഥാന ശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, അടിസ്ഥാന ഗണിതം എന്നീ മേഖലകളിൽ സാമാന്യധാരണകളും മാതൃഭാഷ ഉപയോഗിച്ചുള്ള ആശയവിനിമയത്തിൽ നല്ല ശേഷിയും കൈവരിച്ചിരിക്കും. കൂടാതെ ധാരണകൾ രൂപീകരിക്കുന്ന പ്രക്രിയയിൽ സാമാന്യമായ പരിചയം സിദ്ധിച്ചിരിക്കും. ഇത്രയും ലക്ഷ്യങ്ങൾ നേടാൻ ഏഴുവർഷത്തെ പ്രാഥമിക വിദ്യാഭ്യാസം മതിയാകും എന്നതിനാൽ പ്രാഥമിക വിദ്യാഭ്യാസഘട്ടത്തെ 1-7 ക്ലാസുകളിലായി നിജപ്പെടുത്താം.

ഇങ്ങനെ സെക്കണ്ടറിയിൽ എത്തുന്ന കുട്ടിയുടെ അഭിരുചി മേഖലകൾ കണ്ടെത്താനുള്ള പഠനാനുഭവങ്ങൾ 8-ാം തരത്തിൽ സാധ്യമാവണം. വിവിധ വിഷയങ്ങളുടെ രീതിശാസ്‌ത്രത്തെക്കുറിച്ച്‌ ഏകദേശ ധാരണ ലഭിക്കാൻ 8-ാം തരത്തിലെ പഠനം ഉപകരിക്കണം.

2. ഒന്നുമുതൽ നാലുവരെ ക്ലാസുകൾ ഉൾപ്പെടുന്ന ഘട്ടത്തെ ലോവർ പ്രൈമറിയിൽ ഉൾപ്പെടുത്താം.

മേൽ സൂചിപ്പിച്ച ലക്ഷ്യങ്ങളുടെ ആദ്യപടിയെന്ന നിലയിൽ മാതൃഭാഷയിലുള്ള അടിസ്ഥാന നൈപുണികളും തൊട്ടടുത്ത സാമൂഹിക-ഭൗതിക ചുറ്റുപാടുകളെ കുറിച്ചുള്ള അറിവുകളും പ്രാഥമിക ഗണിതക്രിയകളിലുള്ള നൈപുണിയും രൂപപ്പെടാൻ നാലുവർഷം മതിയാകും. അതിനാൽ 1 മുതൽ 4 വരെ ക്ലാസുകളുൾപ്പെടുന്ന ഘട്ടത്തെ ലോവർ പ്രൈമറിയെന്നു വ്യവഹരിക്കാം. ഈ അടിസ്ഥാന ധാരണകളും നൈപുണികളും മറ്റും ഒന്നുകൂടി ഉറയ്‌ക്കുകയും നിത്യജീവിത വ്യവഹാരത്തിൽ സമൂഹത്തിലെ ഒരംഗം എന്ന നിലയിൽ ഇടപെടാനുള്ള പ്രാപ്‌തിയുണ്ടാവുകയും ചെയ്യുന്ന തുടർന്നുള്ള മൂന്നു ക്ലാസുകളുൾപ്പെട്ട ഘട്ടമാണ്‌ അപ്പർ പ്രൈമറി.

3. സ്‌കൂൾ പ്രവേശന പ്രായം 6+ ആയിരിക്കണം.

കുട്ടിയുടെ മാനസികവളർച്ച, ദേശീയവും സാർവദേശീയവുമായി അംഗീകരിച്ച സ്‌കൂൾ പ്രവേശന പ്രായം എന്നിവ കണക്കിലെടുക്കുമ്പോൾ ഔപചാരികമായ എഴുത്ത്‌, വായന, സംഖ്യാപരിചയം എന്നിവയിലേക്കു കടക്കാൻ 6 വയസ്സെങ്കിലും പൂർത്തിയാവണം. മാത്രവുമല്ല 6 വയസ്സു പ്രായംവരെയുള്ള പ്രീ സ്‌കൂൾ സംവിധാനം വ്യാപകമാക്കുകയുമാണ്‌. ആ നിലക്ക്‌ സ്‌കൂൾ പ്രവേശന പ്രായം 6+ ആയി പുനർ നിർണയിക്കണം. 6 വയസ്സു പ്രായമായി എന്നുറപ്പുവരുത്താൻ ജനനസർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കുകയും അത്‌ ജനങ്ങളെ നേരത്തേതന്നെ ബോധ്യപ്പെടുത്തുകയും വേണം.

4. ഒന്നുമുതൽ 4 വരെ ക്ലാസുകൾ ഉൾപ്പെടുന്ന ലോവർ പ്രൈമറി ഘട്ടത്തെ ഒരു യൂണിറ്റായി കണക്കാക്കണം

വ്യത്യസ്‌ത സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികളിൽ പ്രാഥമിക ധാരണകൾ ഉറയ്‌ക്കുന്നതിൽ സമയവ്യത്യാസം സ്വാഭാവികമാണ്‌. അതിനാൽ ഓരോ ക്ലാസിലും ഇന്നയിന്ന ലക്ഷ്യങ്ങൾ എന്നു തീരുമാനിച്ചാൽ തന്നെയും അതു പൂർണമായി നേടാനാവണമെന്നില്ല. എന്നാൽ നാലു വർഷത്തിനകം നിശ്ചിതശേഷികൾ കൈവരിക്കുമെന്ന്‌ ഉറപ്പു വരുത്തുകയും വേണം. അതിനാൽ നിശ്ചിത ലക്ഷ്യമുള്ള ലോവർ പ്രൈമറിയെ ഒറ്റ യൂണിറ്റായി കാണുന്നത്‌ ഉചിതമായിരിക്കും. CCE ഫലപ്രദമാക്കുകയും കുട്ടിയുടെ പ്രശ്‌നങ്ങൾ സൂക്ഷ്‌മമായി അപഗ്രഥിക്കാൻ അധ്യാപകരെ പ്രാപ്‌തരാക്കുകയും വേണം. പ്രതീക്ഷിക്കുന്ന ശേഷികൾ നേടി എന്നുറപ്പുവരുത്തി നാലാംതരംവരെ തോൽവി ഇല്ലാതാക്കണം.

5. ഉദ്‌ഗ്രഥിത പഠനരീതിയാണ്‌ പ്രൈമറിക്ലാസുകളിൽ പൊതുവെ സ്വീകരിക്കേണ്ടത്‌.

ഈ പ്രായത്തിലുള്ള കുട്ടികളുടെ അനുഭവലോകം ഉദ്‌ഗ്രഥിതമാണ്‌. ലോകത്തെ സമഗ്രമായിത്തന്നെ അറിയുകയും അതിലൂടെ വിവിധ ധാരണകളും നൈപുണികളും മറ്റും രൂപപ്പെടുകയുമാണ്‌ സ്വാഭാവികം. എന്നാൽ തുടർന്ന്‌ വിഷയവിഭജനം ആവശ്യമാെണന്നതിനാലും അതിനുള്ള അടിസ്ഥാന നൈപുണികൾ ഓരോ വിഷയമേഖലയിലും ഇതിനകം രൂപപ്പെടണം എന്നതിനാലും ടീച്ചർ ഒരുക്കുന്ന പ്രവർത്തനങ്ങൾക്കകത്ത്‌ വിഷയവിഭജിതമായ കരുതലുകൾ ഉണ്ടായിരിക്കണം. ഒന്നാം തരത്തിലെത്തുന്ന കുട്ടിയെ സ്‌കൂൾ പഠനത്തിന്‌ സന്നദ്ധമാക്കുന്ന ഒരു പ്രവർത്തനപദ്ധതി തുടക്കത്തിൽ വേണം.

ആദ്യത്തെ രണ്ടുവർഷം (1, 2 ക്ലാസുകളിൽ) അനുഭവലോകത്തിന്റെ ചെറുഘടകങ്ങളെ (ഉദാ: മഴ, പക്ഷി) ആസ്‌പദമാക്കിയും തുടർന്നുള്ള വർഷങ്ങളിൽ (3, 4 ക്ലാസുകളിൽ) കുറേക്കൂടി വിപുലമായ സാമൂഹിക രൂപങ്ങളെ (ഉദാ: ഗ്രാമം, സസ്യജാലം, ജന്തുജാലം, കാലാവസ്ഥാമാറ്റം) കേന്ദ്രീകരിച്ചും ഉദ്‌ഗ്രഥനം സാധ്യമാക്കാം. 5, 6, 7 ക്ലാസുകളിൽ അടിസ്ഥാനപരമായ സാമൂഹ്യപ്രവർത്തന രംഗങ്ങളിലൂടെ (ഉദാ: കൃഷി, വ്യവസായം) വിഷയത്തിനകത്തെ വിവിധ അടരുകൾ തമ്മിലും വിഷയങ്ങൾ തമ്മിൽത്തന്നെയുമുള്ള ഉദ്‌ഗ്രഥനം പ്രയോഗിക്കാം. അറിവ്‌ കേവലമായ ഒന്നല്ലെന്നും അത്‌ പരസ്‌പര ബന്ധിതമാണെന്നും ജീവിതത്തിന്‌ ഉതകേണ്ടതാണെന്നും ബോധ്യപ്പെടുത്താനും ഉദ്‌ഗ്രഥിതപഠന സമീപനം കുട്ടിയെ സഹായിക്കും.

6. നാലാംതരം വരെയുള്ള ഘട്ടത്തിൽ കുട്ടി പഠിക്കുന്ന ഭാഷ മാതൃഭാഷ മാത്രമായിരിക്കും. +2 തലംവരെ പഠനമാധ്യമം മാതൃഭാഷയായിരിക്കണം.

കുട്ടി തന്റെ ഏറ്റവുമടുത്ത പരിസരത്തോട്‌ ഇടപെട്ടും ചുറ്റുമുള്ളവരോട്‌ ആശയവിനിമയം ചെയ്‌തുമാണ്‌ അടിസ്ഥാനശേഷികൾ കൈവരിക്കേണ്ടത്‌. ആശയവിനിമയവും ആശയരൂപീകരണവും ഏറ്റവും ഫലപ്രദമായി നടക്കുക മാതൃഭാഷയിലൂടെയാണ്‌. മാതൃഭാഷയിലുള്ള കഴിവുകൾ മിഴിവുറ്റതാക്കാൻ കൂടുതൽ സമയം അനുവദിക്കേണ്ടതുണ്ട്‌.

മാതൃഭാഷ സ്വായത്തമാക്കുന്നതിന്‌ സഹായകരമായ ഭാഷാസമൂഹമാണ്‌ കുട്ടിക്കുള്ളത്‌. മറ്റുഭാഷകൾക്ക്‌ അത്തരമൊരു പരിസരമില്ലാത്തതിനാൽ ഈ പ്രായത്തിൽ മറ്റു ഭാഷകൾ ഭാരമായനുഭവപ്പെടും. മാതൃഭാഷാപഠനത്തിലൂടെ ഭാഷകളുടെ പൊതുസ്വഭാവവും ധർമവും മറ്റും തിരിച്ചറിഞ്ഞു കഴിഞ്ഞാൽ ആ അറിവ്‌ മറ്റു ഭാഷകളുടെ പഠനത്തെ തീർച്ചയായും സഹായിക്കും. ആ നിലയ്‌ക്ക്‌ നാലാംതരം വരെയുള്ള ലോവർ പ്രൈമറിയിൽ കുട്ടി പഠിക്കുന്ന ഭാഷ മാതൃഭാഷ മാത്രമാവണം. പഠനമാകട്ടെ +2 വരെയെങ്കിലും മാതൃഭാഷയിലൂടെയുമാവണം. സ്വന്തം സംസ്‌കാരത്തെക്കുറിച്ച്‌ അറിയാനും മാതൃഭാഷ സഹായകമാവും. ഒരു സാംസ്‌കാരിക വിനിമയോപാധി എന്ന നിലയിൽ കുട്ടി സ്വന്തം മാതൃഭാഷയും പൈതൃകവുമാണ്‌ നേരത്തേതന്നെ സ്വായത്തമാക്കി തുടങ്ങേണ്ടത്‌.

7 a) ഇന്നത്തെ നിലയിൽ, മാതൃഭാഷ കഴിഞ്ഞാൽ കേരളത്തിലെ കുട്ടിക്ക്‌ തന്റെ ലോകബോധം വികസിപ്പിക്കാനും അറിവിന്റെ വിശാലമായ തലങ്ങളിലേക്ക്‌ കടക്കാനും ഇംഗ്ലീഷ്‌ സഹായിക്കും. ആ നിലയ്‌ക്ക്‌ രണ്ടാം ഭാഷയായി അഞ്ചാംതരം തൊട്ട്‌ ഇംഗ്ലീഷ്‌ പഠിച്ചു തുടങ്ങാം.

b) നാലാംതരത്തിൽ മാതൃഭാഷയിലെ എഴുത്തും വായനയും ഉറച്ചു എന്ന്‌ ഉറപ്പു വരുത്തിയാൽ നാലാംതരത്തിന്റെ രണ്ടാം ഘട്ടത്തിൽ ഇംഗ്ലീഷ്‌ പഠനമാരംഭിക്കാം.

നന്നേ ചെറിയ പ്രായത്തിൽ തന്നെ ധാരാളം ഭാഷകൾ പഠിക്കാൻ കുട്ടി താൽപര്യം കാണിക്കുന്നുവെന്നത്‌ നിസ്‌തർക്കമായ വസ്‌തുതയാണ്‌. കേരളത്തിലെ സവിശേഷ സാഹചര്യങ്ങളിൽ നിരവധി രീതികളിൽ ഇംഗ്ലീഷ്‌ ഭാഷയിലെ വാക്കുകളുമായും അക്ഷരങ്ങളുമായും കുട്ടി പരിചയപ്പെടുന്നുണ്ട്‌. അതുകൊണ്ട്‌ പദപ്രയോഗങ്ങളും അവയുടെ എഴുത്തും വായനയുമായി നിരന്തരം ബന്ധപ്പെടുന്ന കുട്ടിയ്‌ക്ക്‌ വളരെ വേഗത്തിൽത്തന്നെ മറ്റൊരുഭാഷ അഭ്യസിക്കാനാകും. ഭാഷാപ്രപഞ്ചവുമായുള്ള ഈ ബന്ധം സംസാരഭാഷയെന്ന നിലയിൽ മാതൃഭാഷയിലൂടെയാണ്‌ ഭൂരിപക്ഷം കുട്ടികളും കൈകാര്യം ചെയ്യുന്നത്‌. സംസാരം, എഴുത്ത്‌, വായന എന്നിവ തമ്മിലുള്ള പരസപരബന്ധം ഉറപ്പിക്കുകയും എഴുത്തിലും വായനയിലും കേവലപ്രാവീണ്യം നേടുകയും ചെയ്യുന്ന ഏതൊരുകുട്ടിക്കും ഭാഷയെ സംബന്ധിച്ചുള്ള മാനസികരേഖാ ചിത്രങ്ങളെ മറ്റൊരുഭാഷയുടെ കാര്യത്തിൽ ഉപയോഗിക്കുന്നതിൽ പ്രയാസമില്ല. മാതൃഭാഷ കഴിഞ്ഞാൽ ഏറ്റവും അധികം പരിചയപ്പെടുന്ന ഭാഷയെന്ന നിലയിൽ ഇംഗ്ലീഷ്‌ ഒരു സംസാരഭാഷയായി നാലാം തരത്തിന്റെ അന്ത്യത്തിൽ പരിചയപ്പെടുത്താം. ക്രമേണ അഞ്ചാം തരത്തിന്റെ ആദ്യം വായനയിലേക്കും എഴുത്തിലേക്കും പ്രവേശിക്കാം.

8. കുട്ടി പഠിക്കുന്ന മൂന്നാംഭാഷ ഹിന്ദി ആവണം. ആറാംതരം മുതൽ ഇത്‌ തുടങ്ങാം.

രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി ബന്ധപ്പെടാനും ഇന്ത്യൻ സംസ്‌കാരത്തെ അറിയാനും ഒരു പരിധിവരെ ഹിന്ദി സഹായിക്കും. ആ നിലയ്‌ക്ക്‌ കുട്ടി പഠിക്കുന്ന മൂന്നാം ഭാഷ ഹിന്ദി ആവണം. രണ്ടു പുതിയഭാഷകൾ (ഇംഗ്ലീഷും ഹിന്ദിയും) ഒന്നിച്ചുതുടങ്ങുന്നത്‌ കുട്ടിക്ക്‌ ഭാരമാവും. അതിനാൽ ഹിന്ദി ആറാം തരത്തിൽ തുടങ്ങിയാൽ മതി.

9. മറ്റു ഭാഷകൾ പഠിക്കണമെന്ന്‌ കുട്ടിയോ രക്ഷിതാക്കളോ ആഗ്രഹിക്കുന്നുവെങ്കിൽ അതിന്‌ സൗകര്യം നൽകണം.

10. കന്നഡ, തമിഴ്‌ പ്രദേശങ്ങളിലെ കുട്ടികൾക്ക്‌ അതത്‌ മാതൃഭാഷകളിൽ പഠനം നടത്താൻ അവസരം നൽകണം. ആ ഭാഷകൾക്കു പുറമെ മലയാളം, ഇംഗ്ലീഷ്‌, ഹിന്ദി എന്നിവയും അവർക്കു പഠിക്കാം. ആദിവാസി മേഖലകളിൽ ആ പ്രദേശത്ത്‌ നിലവിലുള്ള വാമൊഴിയിൽത്തന്നെ പഠനം ആരംഭിക്കാനും ആദിവാസിത്തനിമയെ ബാധിക്കാതെ ക്രമേണ മലയാളത്തിലേക്കു മാറാനും അവസരം നൽകണം.

11. അപ്പർ പ്രൈമറിയിൽ ഭാഷകൾക്കു പുറമെ അടിസ്ഥാനശാസ്‌ത്രം, സാമൂഹ്യശാസ്‌ത്രം, അടിസ്ഥാന ഗണിതം എന്നിവയും ഉൾപ്പെടുത്തണം. സംസ്‌കാരപഠനം എന്ന നിലയിൽ കലാവിദ്യാഭ്യാസത്തിന്റെ ഘടകങ്ങൾ മറ്റു വിഷയങ്ങളുമായി ഉദ്‌ഗ്രഥിക്കാം. കായികവിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവയും മറ്റു വിഷയങ്ങളുമായി ഉദ്‌ഗ്രഥിച്ചു ചേർക്കുകയും ഇതിൽ പ്രാവീണ്യമുള്ള പ്രത്യേക അധ്യാപകർക്ക്‌ മറ്റ്‌ അധ്യാപകർക്കൊപ്പം ചേർന്ന്‌ സംഘാധ്യാപനരീതിയിൽ പ്രവർത്തിക്കാൻ അവസരം നൽകുകയും വേണം. ഒപ്പം അവർക്ക്‌ സവിശേഷ താത്‌പര്യം പ്രകടിപ്പിക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകമായും പ്രവർത്തിക്കാവുന്നതാണ്‌.

12. താത്‌പര്യജനകവും വെല്ലുവിളി അടങ്ങിയതുമായ വിവിധ പ്രവർത്തനങ്ങളിലൂടെയാണ്‌ കുട്ടി പഠിക്കേണ്ടത്‌. കുട്ടിയുടെ സ്വയംപഠനത്തിന്‌ ആവശ്യമായ സഹായം, സൗകര്യം, നിർദേശം എന്നിവ നൽകുകയാണ്‌ ടീച്ചറുടെ ചുമതല. +2 വിൽ `വിദ്യാഭ്യാസം' സ്‌പെഷൽ ആയി പഠിച്ചവർക്കു മാത്രം മൂന്നുവർഷം നീണ്ടുനിൽക്കുന്ന `ബാച്ചലർ ഓഫ്‌ പ്രൈമറി എജുക്കേഷൻ' എന്ന കോഴ്‌സ്‌ പാസ്സായി പ്രൈമറി സ്‌കൂൾ ടീച്ചറാവാം.

താൽപര്യവും മനോഭാവവുമുള്ളവരെ തെരഞ്ഞെടുക്കാൻ പ്രത്യേകമായ പരിശോധനാരീതികൾ വികസിപ്പിക്കേണ്ടതാണ്‌. എല്ലാ വർഷവും അവധിക്കാലത്ത്‌ രണ്ടാഴ്‌ച നീണ്ടുനിൽക്കുന്ന ആഴത്തിലുള്ള കോഴ്‌സ്‌ അധ്യാപകർക്ക്‌ ഡയറ്റിന്റെ നേതൃത്വത്തിൽ നൽകണം. അധ്യാപക പരിശീലനത്തിന്‌ പുതിയ കരിക്കുലം ആവിഷ്‌കരണം - മൂന്നുവർഷത്തിലൊരിക്കലെങ്കിലും ഇന്റേൺഷിപ്പ്‌ നിർബന്ധമാക്കണം. വിദഗ്‌ധരായ അധ്യാപകരുടെ പിന്തുണയോടെ വേണം ടീച്ചിങ്‌ പ്രാക്‌റ്റീസ്‌ നടത്തേണ്ടത്‌. മൂല്യനിർണയം സൂക്ഷ്‌മവും സമഗ്രവുമായിരിക്കണം.

13. ലോവർ പ്രൈമറിയിൽ ഒരു ക്ലാസിൽ പരമാവധി 25 കുട്ടികളും അപ്പർ പ്രൈമറിയിൽ 30 കുട്ടികളുമേ പാടുള്ളൂ.

40ൽ കൂടുതൽ കുട്ടികൾ വരുമ്പോൾ പുതിയ ഡിവിഷൻ അനുവദിക്കണം. എൽ.പി ക്ക്‌ ഒരാളെയും യു.പിക്ക്‌ രണ്ടുപേരെയും അധികം നൽകി നിലവിലുള്ള അധ്യാപകർക്ക്‌ ഒഴിവുസമയം നൽകണം.

14. ഒറ്റനില കെട്ടിടങ്ങളാണ്‌ സ്‌കൂളിന്‌ അഭികാമ്യം. ക്ലാസ്‌ മുറികൾ കാറ്റും വെളിച്ചവും നന്നായി ലഭിക്കുന്നവയും രണ്ടുവശത്തും വാതിലുകളുള്ളവയുമാകണം. വസ്‌തുക്കൾ ശേഖരിച്ചു വയ്‌ക്കാനും പ്രദർശിപ്പിക്കാനും സൗകര്യം വേണം. മൂന്നു പേർക്കിരിക്കാവുന്ന ചെറു ബഞ്ചുകളും താഴ്‌ന്ന ചുവർബോർഡുകളും ഏർപ്പെടുത്താം.

സ്‌കൂളിന്‌ വേണ്ട സ്ഥലത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപം തിരുത്തണം. ആവശ്യത്തിന്‌ (2 ഏക്കർ എങ്കിലും) സ്ഥലവും അവിടവിടെ തണൽമരങ്ങളും പൊതുവായ പൂന്തോട്ടവും ചെറുകൃഷിയിടവും ഉണ്ടാവുന്നത്‌ നന്ന്‌. ക്ലാസുകൾ ചിലപ്പോൾ മരത്തണലിൽ നടത്താം. തിരക്കുള്ള റോഡരികിലുള്ള സ്‌കൂളുകൾ കഴിവതും മാറ്റി സ്ഥാപിക്കണം. യു.പി.യിൽ ലാബ്‌-കം- പ്രൊജക്ഷൻ-കം-ആക്‌റ്റിവിറ്റി റൂമും ഒരു വായനമുറിയും പ്രത്യേകം വേണം. പ്രത്യേകം ക്ലാസുമുറികൾ നിശ്ചയിക്കുന്നതിനുള്ള ഇടഭിത്തികൾ നിർബന്ധമാക്കണം. ഒപ്പം ഒരു പൊതു ഹാളും എല്ലാ സ്‌കൂളുകളിലും ഉണ്ടായിരിക്കണം.

15. സ്‌കൂളിന്റെ പരമാവധി വലിപ്പം നിർണയിക്കപ്പെടണം. എൽ.പി. 300 കുട്ടികൾ, യു.പി. 500 കുട്ടികൾ, ഹൈസ്‌കൂൾ 1000 കുട്ടികൾ എന്നിങ്ങനെ പരമാവധി എണ്ണം നിശ്ചയിക്കണം. ഇതിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ സ്‌കൂൾ വിഭജിക്കണം.

സ്‌കൂൾ മാനേജ്‌മെന്റും അക്കാദമിക പ്രവർത്തനവും ഫലപ്രദമാക്കാൻ ഇതത്യാവശ്യമാണ്‌. സ്‌കൂൾ കെട്ടിടവും പരിസരവും കുട്ടികൾക്കു ഇണങ്ങുന്നവയായിരിക്കണം. പ്രീ KER ബിൽഡിങ്ങുകൾ ഒന്നു രണ്ടു വർഷത്തിനുള്ളിൽ 20 X 20 ക്ലാസുമുറികളാക്കി മാറ്റണം. ഹൈസ്‌കൂളുകളുമായി ബന്ധപ്പെട്ട എൽ.പി, യു.പി ക്ലാസുകൾ നിർബന്ധമായും വേർപ്പെടുത്തണം.

16. പ്രോജക്‌ട്‌, പഠനയാത്ര, അഭിമുഖം, ചർച്ച, ചുമർപ്പത്രം തയ്യാറാക്കൽ, കുറിപ്പെഴുത്ത്‌, പ്രദർശനം, അവതരണവേളകൾ എന്നിവ സ്‌കൂൾ പ്രവർത്തനങ്ങൾക്ക്‌ വൈവിധ്യം പകരണം.

ദേശീയ ദിനങ്ങൾ, പ്രാദേശികാഘോഷങ്ങൾ എന്നിവ സ്‌കൂൾ പ്രവർത്തനങ്ങളോട്‌ ഉചിതമായി കണ്ണിചേർക്കണം. സാഹിത്യസമാജം, ക്ലബ്‌ പ്രവർത്തനങ്ങൾ എന്നിവ ക്ലാസ്‌ പ്രവർത്തനങ്ങളുമായി ഉദ്‌ഗ്രഥിക്കണം. സ്‌കൂൾ പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്‌ത്‌ വാർഷിക പ്രവർത്തന കലണ്ടർ തയ്യാറാക്കണം. ഈ ആസൂത്രണത്തിൽ പി.ടി.എ, എം.പി.ടി.എ അംഗങ്ങളെ പങ്കെടുപ്പിക്കണം. സ്‌കൂൾ പ്രവർത്തനത്തിന്റെ സുതാര്യത ഉറപ്പാക്കണം. ജനകീയ മോണിട്ടറിങ്ങിനും ഇതാവശ്യമാണ്‌.

17. പാഠപുസ്‌തകങ്ങൾക്ക്‌ വർക്‌ബുക്കിന്റെ സ്വഭാവം നൽകണം. അവ Interactive Material ആവണം. നോൺഡീറ്റെയിൽഡ്‌ ടെക്‌സ്റ്റിനു പകരം വായനയ്‌ക്കു പറ്റിയ ചെറുപുസ്‌തകങ്ങളുടെ സെറ്റ്‌ നൽകണം. കോമ്പസിഷന്‌ വേറിട്ട പുസ്‌തകം ആവശ്യമില്ല. TB, HB എന്നിവ സംസ്ഥാനതലത്തിൽ തയ്യാറാക്കി ജില്ലകളിൽ ഒരേസമയം അച്ചടിച്ചു വിതരണം ചെയ്യണം. ക്രമേണ അവ ജില്ലാതലത്തിൽ തയ്യാറാക്കണം. അതിന്‌ സഹായകരമായ വിധത്തിൽ ജില്ലകളിലെ വൈദഗ്‌ധ്യത്തെ വളർത്തണം.

18. എസ്‌.ആർ.ജി, ക്ലസ്റ്റർ സംഗമം, ഡി.ആർ.ജി.മോണിറ്ററിങ്‌ എന്നിവവഴി അക്കാദമിക്‌ പ്രവർത്തനം ശക്തിപ്പെടുത്തണം. അക്കാദമിക ധാരകൾ ഉൾക്കൊണ്ടുള്ള ജനകീയ മോണിട്ടറിങ്ങും ശക്തമാക്കണം. പഞ്ചായത്തുതലത്തിൽ മോണിട്ടറിങ്ങ്‌ സമിതി ഉണ്ടാവണം. പ്രാദേശികമായി സ്‌കൂൾ കലണ്ടർ തയ്യാറാക്കണം. അതനുസരിച്ച്‌ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ SSG, PTA, MPTA പ്രതിനിധികൾക്കുകൂടി പങ്കാളിത്തമുള്ള പ്രതിമാസ വിലയിരുത്തൽ യോഗങ്ങൾ നടത്തണം.

സ്‌കൂളും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സ്‌കൂളുകളുടെ ഉത്തരവാദിത്വവും പ്രവർത്തനരീതികളും സമൂഹബന്ധമാക്കാനും ജനകീയമോണിട്ടറിങ്‌ ആവശ്യമാണ്‌. സ്‌കൂളിൽ നടക്കുന്നതെന്തെന്ന്‌ സമൂഹവും സമൂഹത്തിന്റെ ആവശ്യങ്ങൾ എന്തെന്ന്‌ അക്കാദമിക്‌ സമൂഹവും അറിയണം. ഇതിന്‌ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ബോധവൽക്കരണം ആവശ്യമാണ്‌. എന്നാൽ മാത്രമേ ജനകീയമോണിട്ടറിങ്‌ ഫലപ്രദമാകൂ.

19. പ്രവർത്തനാധിഷ്‌ഠിതവും സമഗ്രവുമായ തുടർമൂല്യനിർണയം രൂപപ്പെടുത്തണം.

പ്രതിദിന ആസൂത്രണം, പ്രതിദിന വിലയിരുത്തൽ, പ്രതിവാര ആസൂത്രണം, പ്രതിവാര സ്‌കൂൾതലവിലയിരുത്തൽ, പ്രതിമാസ വ്യക്തിഗത വിലയിരുത്തൽ എന്നിവ പ്രാവർത്തികമാക്കണം. ഇതിലേക്ക്‌ ഓരോ കുട്ടിയെയും ഉദ്ദേശിച്ച്‌ നിരന്തര മൂല്യനിർണയരേഖ തയ്യാറാക്കണം. സംസ്ഥാന മാതൃക തയ്യാറാക്കി ജില്ലാ/ഗ്രാമപഞ്ചായത്തുകൾ വഴി അച്ചടിച്ചു നൽകണം. എൽ.പി.യിൽ നിലവിലുള്ള ഗ്രേഡിങ്‌ രീതി പിഴതീർത്ത്‌ ശക്തിപ്പെടുത്തണം. യു.പി.യിൽ ഉള്ളടക്കവും രീതിയും ഒരുപോലെ പരിഗണിച്ചുകൊണ്ടുള്ള Multifactor scaling ആവിഷ്‌കരിച്ചു നടപ്പിലാക്കണം. കുട്ടിക്ക്‌ തോൽവി ഒരു അപമാനമായോ ഭാരമായോ മാറരുത്‌. കഴിവു പ്രകടിപ്പിച്ച മേഖലയിലേക്ക്‌ ഭാവിയിൽ വഴിതിരിയുന്നതിനുള്ള അടിസ്ഥാന വിവരശേഖരണം എന്ന നിലയിൽ മാത്രമേ നിരന്തരട്രാക്ക്‌ റെക്കോർഡ്‌ അവതരിപ്പിക്കാവൂ.

20. SCERT, DIET എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തണം.

അധ്യാപകരുടെ എണ്ണവുമായി ബന്ധപ്പെടുത്തിയ സ്റ്റാഫ്‌ പാറ്റേൺ ഉണ്ടാവണം. കൂടുതൽ പ്രവർത്തനസ്വാതന്ത്ര്യം അനുവദിച്ച്‌ സ്വതന്ത്രമായ അന്വേഷണങ്ങളും പഠനങ്ങളും സംഘടിപ്പിക്കുന്ന റിസോഴ്‌സെന്ററുകളായി അവയെ വികസിപ്പിക്കണം.

21. എൽ.പി, യു.പി, എച്ച്‌.എസ്‌ തലങ്ങളിൽ സപ്പോർട്ടിങ്‌ സംവിധാനം രൂപപ്പെടുത്തണം. ബ്ലോക്കടിസ്ഥാനത്തിൽ BEO മാരെ നിയമിക്കണം. വിദ്യാലയങ്ങളുടെ അക്കാദമിക മോണിറ്ററിങ്‌ ഫലപ്രദമാക്കാൻ തക്കവണ്ണം ഒരു സപ്പോർട്ടിങ്‌ ഗ്രൂപ്പ്‌ BEOവിനു കീഴിലുണ്ടാവണം.

22. ത്രിതല പഞ്ചായത്തുസംവിധാനവും വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റു സംവിധാനങ്ങളും തമ്മിൽ പൂർണമായ ഏകോപനം ഉണ്ടാവണം.

23. മേളകളിലെ മത്സരാംശം ഒഴിവാക്കി പഞ്ചായത്തുതലംകൊണ്ട്‌ അവസാനിപ്പിക്കണം

ഇന്നത്തെ സ്‌കൂൾകലാമേളകൾ കുട്ടികളുടെ സർഗവാസനകൾ പുറത്തുകൊണ്ടുവരുന്നതിനുപകരം രക്ഷിതാക്കളുടെയും വിവിധ പരിശീലന കേന്ദ്രങ്ങളുടെയും പദവിചിഹ്നങ്ങളായി മാറുകയാണ്‌. വിവിധ പ്രൊഫഷണൽ കോളേജുകളിലേക്ക്‌ പ്രവേശനത്തിനുള്ള ഗ്രേസ്‌ മാർക്കുകളും കുട്ടികളെ ആകർഷിക്കുന്നു. കലയെക്കാളധികം മത്സരത്തിനു പ്രാധാന്യം നൽകുന്ന ഈ അവസ്ഥയിൽ മാറ്റം വരണം. അതിന്‌ സംസ്ഥാന ജില്ലാകലാമേളകൾ ആവശ്യമില്ല. പഞ്ചായത്ത്‌തലത്തിൽ പ്രതിഭകളെ കണ്ടെത്തുകയും അവർക്ക്‌ തുടർന്നു പഠിക്കാനും പരിശീലിക്കാനും പാകമായ വിധത്തിൽ വിവിധ വിഷയങ്ങൾ കരിക്കുലത്തിൽ ഉൾപ്പെടുത്തുകയുമാണ്‌ വേണ്ടത്‌. സെക്കണ്ടറിതലത്തിൽ അവ ഐച്ഛികങ്ങളായി എടുത്തു പഠിക്കാനും കുട്ടികൾക്ക്‌ സ്വാതന്ത്ര്യം നൽകണം.

24. പ്രാദേശിക തീരുമാനമനുസരിച്ച്‌ സ്‌കൂൾസമയം മാറ്റാൻ അനുവദിക്കണം. 8.30 മുതൽ 3.30 വരെയാണ്‌ അഭികാമ്യം. 40 മിനുട്ടിന്റെ പിരിയഡുകൾ എന്ന സങ്കൽപം മാറ്റണം.

സ്‌കൂൾ സമയത്തിൽ വൈവിധ്യം വരുത്തേണ്ടതിന്റെ ആവശ്യം നിരവധി പഠനങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ട്‌. കാർഷിക പ്രദേശങ്ങൾ, പർവതസാനുക്കൾ, തീരപ്രദേശങ്ങൾ തുടങ്ങിയവയെല്ലാം നഗരസമൂഹത്തിലെ സമയക്രമം തന്നെ തുടരണമെന്നു വാദിക്കുന്നതിൽ കഴമ്പില്ല. അതുകൊണ്ട്‌ പ്രാദേശികാവശ്യങ്ങളനുസരിച്ച്‌ സ്‌കൂൾസമയത്തിൽ മാറ്റം വരുത്താം. 40 മിനുട്ടിന്റെ പിരിയഡുകൾ ഒരു പഠനപ്രവർത്തനം പൂർത്തിയാക്കുന്നതിന്‌ തീരെ യോജിച്ചതല്ല. അതുകൊണ്ട്‌ പിരിയഡുകൾ ഒരു മണിക്കൂർ വരെയാകാം.

25. അധ്യാപകനിയമനം, സ്ഥലംമാറ്റം എന്നിവ തദ്ദേശഭരണസ്ഥാപനങ്ങൾക്കു വിട്ടുകൊടുക്കണം. നിയമനത്തിന്റെ മാനദണ്‌ഡങ്ങൾ പബ്ലിക്ക്‌ സർവീസ്‌ കമ്മീഷനും സ്ഥലമാറ്റത്തിന്റെ മാനദണ്‌ഡങ്ങൾ പൊതുവിദ്യാഭ്യാസ ഡയരക്‌ട്രേറ്റും തീരുമാനിക്കണം.

ഒരു പൊതു വിദ്യാഭ്യാസ പദ്ധതിയിൽ അധ്യാപകരുടെ നിയമനത്തിനും പൊതു മാനദണ്‌ഡങ്ങൾ ആവശ്യമാണ്‌. പൊതു മാനദണ്‌ഡം ഉറപ്പുവരുത്തണമെങ്കിൽ അധ്യാപകനിയമനത്തിനും ഏകീകൃതസ്വഭാവം ഉണ്ടാവണം. അധ്യാപകർ കഴിയാവുന്നത്ര സ്‌കൂളിന്റെ അടുത്തുതന്നെ താമസിക്കുന്നവരായിരിക്കണം. അവർക്കുമാത്രമേ കുട്ടി വളരുന്ന സമൂഹപരിതസ്ഥിതിയെ കൃത്യമായി മനസ്സിലാക്കാൻ കഴിയൂ. പൊതു മാനദണ്‌ഡങ്ങളനുസരിച്ചുള്ള നിയമനം പഞ്ചായത്തുകൾക്കു നൽകുന്നതാണ്‌ മേൽസൂചിപ്പിച്ച നിബന്ധനകൾ ഉറപ്പുവരുത്താൻ നല്ലത്‌.

26. വായനാപുസ്‌തകങ്ങൾ, റഫറൻസ്‌ ഗ്രന്ഥങ്ങൾ, പഠനോപകരണങ്ങൾ എന്നിവ പ്രാദേശികമായി തെരഞ്ഞെടുത്ത്‌ വാങ്ങാനുള്ള സൗകര്യം നൽകണം.

27. സിലബസ്സിൽ മാറ്റം വരുമ്പോൾ പുതിയ സിലബസ്സനുസരിച്ച്‌ അധ്യാപകപരിശീലനം നിർബന്ധമാക്കണം. പരിശീലനം തുടർച്ചയായ പ്രക്രിയയാക്കണം.

അധ്യാപക പരിശീലനത്തിന്റെ ദൗർബല്യവും അപര്യാപ്‌തതയും മൂലമാണ്‌ പാഠ്യപദ്ധതിപരിഷ്‌ക്കാരങ്ങൾ വേണ്ടരീതിയിൽ വിജയിക്കാതിരുന്നത്‌. ഇതിന്‌ പരിശീലന രീതിയിൽ പൂർണമായ മാറ്റം ആവശ്യമാണ്‌. പാഠ്യപദ്ധതി നിർവഹണത്തിൽ നിരവധി നൂതന രൂപങ്ങൾ ദിനംതോറും പ്രത്യക്ഷപ്പെടുന്നുണ്ട്‌. ഇവയെ പരിചയപ്പെടേണ്ടത്‌ അധ്യാപകരുടെ കാര്യക്ഷമതയുടെ വികാസത്തിന്‌ ആവശ്യമാണ്‌. അതിന്‌ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും പരിശീലനം വേണം.