കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയൊന്നാം വാർഷികം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വാർഷികത്തിന്റെ പോസ്റ്റർ

കേരള ശാസ്‌ത്ര സാഹിത്യ പരിഷത്‌ അമ്പത്തിയൊന്നാം സംസ്ഥാന വാർഷിക സമ്മേളനം 2014 മെയ്‌ 9, 10, 11 തീയ്യതികളിൽ കാസർകോഡ് ജില്ലയിലെ ഉദിനൂർ ഗവ ഹയർസെക്കന്ററി സ്‌കൂളിൽ നടക്കും.

ഉത്ഘാടനം

ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
ഡോ. ഹാമിദ് ധാബോൽക്കർ

വാർഷിക സ്ഥലത്തേക്കുള്ള വഴി

രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മതസംഘടനകളും അന്ധവിശ്വാസങ്ങള്ക്കും ജാതീയതക്കുമെതിരെ സൃഷ്‌ടിപരമായ വിമര്ശനങ്ങളുയര്ത്തണം - ഡോ.ഹമീദ്‌ ദബോൽക്കർ

ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വാർഷിക സദസ്സ്

ഉദിനൂർ : പൊതു രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും മതസംഘടനകളും അന്ധവിശ്വാസങ്ങള്ക്കും ജാതീയതക്കുമെതിരെ സൃഷ്‌ടിപരമായ വിമർശനങ്ങളുയർത്തണമെന്നും ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ കർശന നിയമങ്ങളുണ്ടാവണമെന്നും ഡോ. ഹമീദ്‌ ദബോൽക്കർ അഭിപ്രായപ്പെട്ടു. കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അമ്പത്തൊന്നാം വാർഷിക സമ്മേളനം ഉദിനൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരാഷ്‌ട്രാ അന്ധശ്രദ്ധ നിര്മൂ്ലൻ സമിതിയുടെ പ്രവര്ത്തകനും അന്ധവിശ്വാസത്തിനെതിരായ പ്രവര്ത്തനങ്ങള്ക്ക് ‌ നേതൃത്വം നല്കിലയതിനാൽ കൊല്ലപ്പെട്ട ഡോ. നരേന്ദ്ര ദബോല്ക്കറുടെ മകനുമാണ്‌ ഡോ. ഹമീദ്‌ ദബോല്ക്ക ർ. ഈശ്വരനെയും മതത്തെയും മുൻനിർത്തിയുള്ള ചൂഷണങ്ങൾക്കെതിരെ യഥാര്ത്ഥ വിശ്വാസികളും രംഗത്തിറങ്ങണം. ഇന്ത്യയിലെ ഏറ്റവും വലിയ അന്ധവിശ്വാസം ജാതീയതയാണ്‌. സമൂഹത്തിൽ മദ്യോപഭോഗം വര്ധിക്കുന്നത്‌ യുക്തി ബോധമില്ലാതാകുന്നതിന്റെ ലക്ഷണമാണെന്നും സമൂഹത്തിൽ യുക്തിചിന്തയും ശാസ്‌ത്രബോധവും ജനാധിപത്യവും വളര്ത്തു ന്ന പ്രവര്ത്തനങ്ങളിൽ ശാസ്‌ത്രസംഘടനകളും പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളും ഒന്നിക്കണമെന്നും ഡോ. ഹമീദ്‌ ദബോല്ക്കർ പറഞ്ഞു. സമൂഹത്തിൽ ദരിദ്രരുടെയും സ്‌ത്രീകളുടെയും നില മെച്ചപ്പെടുത്തുന്നതിന്‌ പ്രത്യേക പരിഗണന വേണം.

ഉല്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയര്മാൻ കെ.കുഞ്ഞിരാമൻ എം.എൽ.എ സ്വാഗതം പറഞ്ഞു. പരിഷത്ത്‌പ്രസിഡന്റ്‌ ഡോ. എൻ.കെ. ശശിധരൻ പിള്ള അധ്യക്ഷനായി. സ്വാഗതസംഘം ജനറൽ കൺവീനർ എ.എം. ബാലകൃഷ്‌ണൻ നന്ദി പറഞ്ഞു. പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി വി.വി.ശ്രീനിവാസൻ പ്രവര്ത്ത്ന റിപ്പോര്ട്ടും ട്രഷറർ പി.കെ.നാരായണൻ വരവു ചെലവു കണക്കും വി,എൻ.കൃഷ്ണൻകുട്ടി ഓഡിറ്റ്‌ റിപ്പോര്ട്ടും അവതരിപ്പിച്ചു.

കഴിഞ്ഞ പ്രവര്ത്ത ന വര്ഷ്ത്തിൽ മരണപ്പെട്ടുപോയവരെ അനുസ്‌മരിച്ച്‌ എൻ.ശാന്തകുമാരി സംസാരിച്ചു. അനുബന്ധ പരിപാടിയായി നടന്ന വര്ണോത്സവത്തിലെ വിജയികള്ക്ക് ‌ ഡോ.എം.പി. പരമേശ്വരൻ സമ്മാനദാനം നടത്തി. പ്രവര്ത്ത്ന റിപ്പോര്ട്ടിന്മേ ൽ ജില്ലകൾ തിരിഞ്ഞ്‌ ചർച്ച നടത്തുകയും ക്രോഡീകരിച്ച്‌ അവതരിപ്പിക്കുകയും ചെയ്‌തു. ഡോ.കെ. രാജേഷ്‌ കേരള വികസന പരിപ്രേക്ഷ്യ രേഖ അവതരിപ്പിച്ചു.

നാളെ (10.5.14) ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ നടക്കും. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ നടക്കുന്ന ചൂഷണങ്ങള്ക്കെതിരായ ജനകീയ മെമ്മോറാണ്ടം ഡോ.കെ.എൻ. ഗണേശും സംഘടനാ രേഖ പ്രൊഫ. പി.കെ. രവീന്ദ്രനും അവതരിപ്പിക്കും. അഖിലേന്ത്യാ ജനകീയശാസ്‌ത്ര പ്രസ്ഥാനത്തിന്റെ പ്രവര്ത്തനങ്ങളെക്കുറിച്ച്‌ സംഘടനയുടെ ജനറൽ സെക്രട്ടറി ടി.ഗംഗാധരനും പരിഷത്തിന്റെ ഗവേഷണ സ്ഥാപനമായ ഐ ആർ ടി സിയെക്കുറിച്ച്‌ ഡോ. ലളിതാംബികയും സംസാരിക്കും. വൈകുന്നേരം ആറുമണിക്ക്‌ കേരളത്തിനൊരു സമഗ്ര ഊർജ പരിപാടി എന്ന വിഷയത്തിൽ വേൾഡ് ഇന്സ്റ്റിസ്റ്റ്യൂട്ട്‌ ഓഫ്‌ സസ്റ്റൈനബിൾ എനര്ജി ഡയരക്‌ടർ ജനറൽ ജി. മധുസൂദനൻ പിള്ള പി.ടി.ഭാസ്‌കരപ്പണിക്കർ സ്‌മാരക പ്രഭാഷണം നടത്തും. ഡോ. എം.പി. പരമേശ്വരൻ, പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിക്കും. 14 ജില്ലകളിൽ നിന്നായി 450 പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. ഞായറാഴ്‌ചയാണ്‌ സമ്മേളനം സമാപിക്കുക.

പരിപാടികൾ

പതിനാല്‌ ജില്ലകളിൽനിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 400 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. കേരളത്തിൽ അടുത്തകാലത്തായി വ്യാപകമായിട്ടുള്ള അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ശക്തമായ നിയമങ്ങൾ കൊണ്ടുവരുന്നതിനായുള്ള ജനകീയ മെമ്മോറാണ്ടം ഡോ.കെ.എൻ ഗണേഷ്‌ അവതരിപ്പിക്കും.

മെയ്‌ 10 ന്‌ വൈകുന്നേരം ആറിന്‌ സുസ്ഥിര ഊർജ്ജ വികസനത്തിനായുള്ള ലോക സംഘടനയുടെ ഡയറക്ടർ ജനറൽ ജി.മധുസൂദനൻ പിള്ള ഐഎഎസ്‌ ഈ വർഷത്തെ പി.ടി ഭാസ്‌കര പണിക്കർ സ്‌മാരക പ്രഭാഷണം നടത്തും. കേരളത്തിന്‌ ഒരു സമഗ്ര ഊർജ്ജ പരിപാടി എന്നതാണ്‌ വിഷയം. ചടങ്ങിൽ പരിഷത്‌ പ്രസിദ്ധീകരിക്കുന്ന ഇ-മാഗസിന്റെ പ്രകാശനം നിർവഹിക്കും.

മൂന്നാം ദിവസം രാവിലെ 10.30ന്‌ വാക്‌സിനേഷൻ- വിവാദങ്ങളും വസ്‌തുതകളും എന്ന വിഷയത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ കമ്യൂണിറ്റി മെഡിസിൻ വിഭാഗം തലവൻ ഡോ. കെ.വിജയകുമാർ ക്ലാസെടുക്കും.

കേരള വികസന പരിപ്രേഷ്യം രേഖ, സംഘടനാ രേഖ, പ്രവർത്തന റിപ്പോർട്ട്‌, വരവ്‌ ചെലവ്‌ കണക്ക്‌, ഭാവി പ്രവർത്തന രേഖ എന്നിവയുടെ അവതരണവും ചർച്ചയുമാണ്‌ സമ്മേളന നടപടി ക്രമങ്ങൾ. വേണം മറ്റൊരു കേരളം കാമ്പേയിനിന്റെ ഭാഗമായി നടത്തിയ കേരള വികസന കോൺഗ്രസിൽ രൂപപ്പെടുത്തിയ സുസ്ഥിരതയിലും സാമൂഹ്യ നീതിയിലുമൂന്നിയ വികസന സമീപനങ്ങൾ സമ്മേളനം ചർച്ച ചെയ്യും. അന്ധ വിശ്വാസങ്ങൾക്കെതിരെ ശാസ്‌ത്ര ബോധത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന വിപുലമായ പ്രവർത്തന പരിപാടികൾക്ക്‌ സമ്മേളനം രൂപം നൽകും.

സമ്മേളനത്തിന്റെ വിവിധ സെഷനുകൾക്ക് പ്രൊഫ. സി.പി നാരായണൻ എംപി, ഡോ. സി.ടി.എസ്‌ നായർ, അഖിലേന്ത്യാ ജനകീയ ശാസ്‌ത്ര പ്രസ്ഥാനം ജനറൽ സെക്രട്ടറി ടി.ഗംഗാധരൻ, ഡോ.കെ.പി അരവിന്ദൻ, ഡോ.എം.പി പരമേശ്വരൻ, ഡോ.ആർ.വി.ജി മേനോൻ, പ്രൊ.പി.കെ രവീന്ദ്രൻ, ഡോ.കാവുമ്പായി ബാലകൃഷ്‌ണൻ, പ്രൊ. എം.കെ പ്രസാദ്‌, പ്രൊ.ടി.പി കുഞ്ഞിക്കണ്ണൻ, ഡോ.കെ.രാജേഷ്‌, പ്രൊ.കെ.പാപ്പൂട്ടി എന്നിവർ നേതൃത്വം നൽകും.

സമ്മേളനം ഒറ്റ നോട്ടത്തിൽ

ഉദ്ഘാടന സമ്മേളനം

അധ്യക്ഷന്റെ ആമുഖം

ജനറൽ സെക്രട്ടറിയുടെ ആമുഖം

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ

പ്രമേയം 1

സമചിത്തതതോടെയുള്ള സംവാദാത്മക അന്തരീക്ഷം ഉറപ്പുവരുത്തുക

കേരളത്തിന്റെ സാംസ്‌കാരീകാന്തരീക്ഷം സവിശേഷമായ സങ്കീർണതകളിലൂടെ കടന്നുപോവുകയാണ്‌. വികസനം, പരിസ്ഥിതി, സംസ്‌കാരം, ലിംഗനീതി തുടങ്ങിയ വിവിധ മേഖലകളിൽ മൗലികവും വൈജ്ഞാനികതലത്തിലുള്ളതുമായ വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്‌. വ്യത്യസ്‌ത അഭിപ്രായങ്ങൾ ഉയർന്നുവരികയും അവ തമ്മിൽ സംഘർഷത്തിലേർപ്പെടുകയും ചെയ്യുമ്പോഴാണ്‌ പുതിയ ആശയങ്ങൾ രൂപപ്പെടുന്നതും അഭിപ്രായ സമന്വയത്തിലേക്ക്‌ വരികയും ചെയ്യുന്നത്‌. ഏത്‌ സമൂഹത്തിനും ബാധകമായ ഈ പൊതുതത്വം കേരളത്തിനും ഒഴിവാക്കാനാവില്ല. എന്നാൽ സമീപകാല കേരളത്തിൽ ഇത്തരത്തിലുള്ള സ്വാഭാവികമായ ആശയവിനിമയവും സംവാദവും സാധ്യമല്ലാത്ത സാംസ്‌കാരികാന്തരീക്ഷം വളർന്നുവരുന്നു. പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട മാധവഗാഡ്‌ഗിൽ സമിതി ശുപാർശകളോടും വള്ളിക്കാവിലെ അമൃതാനന്ദമയീമഠത്തെക്കുറിച്ച്‌ ഉയർന്ന വിമർശനങ്ങളോടുമുള്ള പ്രതികരണങ്ങളാണ്‌ ഇതിന്റെ ഏറ്റവും നല്ല ഉദാഹരണം. ഗാഡ്‌ഗിൽ സമിതി ശുപാർശകളെ ഒരു വിദഗ്‌ധസമിതിയുടെ ശുപാർശകളെന്ന നിലയിൽ കണക്കിലെടുത്ത്‌ വൈജ്ഞാനികവും സാങ്കേതികവുമായ തലത്തിൽ ചർച്ചകൾ നടത്തുന്നതിന്‌ പകരം തുടർച്ചയായ ഹർത്താൽ പരമ്പരയും അക്രമാസക്ത പ്രക്ഷോഭങ്ങളും തീർത്ത്‌ സംവാദം അസാധ്യമാക്കുന്ന രീതിയാണ്‌ രാഷ്‌ട്രീയകക്ഷികളും മതപുരോഹിതന്മാരും സ്വീകരിച്ചത്‌. അമൃതാനന്ദമയീമഠത്തിനെതിരെ ഉണ്ടായ വിമർശനങ്ങളെ വസ്‌തുനിഷ്‌ഠമായി പരിശോധിക്കുന്നതിന്‌ പകരം, ഇതുസംബന്ധിച്ച പുസ്‌തകം പ്രസിദ്ധീകരിച്ച ഡി സി ബുക്‌സിനെതിരെയും ഇക്കാര്യത്തിലെ ഇരയുമായുള്ള അഭിമുഖം പ്രക്ഷേപണം ചെയ്‌ത ടെലിവിഷൻ ചാനലിനെതിരെയും ഇതേക്കുറിച്ച്‌ നവമാധ്യമങ്ങളിൽ പ്രതികരിച്ചവർക്കെതിരെയും അക്രമണങ്ങൾ നടത്തുകയും നിയമനടപടികളും സ്വീകരിക്കുകയുമാണ്‌ മഠാധികാരികൾ ചെയ്‌തത്‌. സമചിത്തതടോയെയുള്ള സംവാദാത്മക അന്തരീക്ഷം രൂപപ്പെടാതിരിക്കുക എന്ന തന്ത്രമാണ്‌ ഇരുവിഷയത്തിലും തത്‌പരകക്ഷികൾ സ്വീകരിച്ചത്‌. സർക്കാരും അധികാര കേന്ദ്രങ്ങളും സ്വീകരിച്ചത്‌ മറ്റു പ്രശ്‌നങ്ങളിലും സമാനമായ അനുഭവങ്ങൾ കാണാം. പ്രാദേശികം, ജാതീയം, മതപരം തുടങ്ങിയ എല്ലാത്തരം വിഭാഗീയ വികാരങ്ങളെയും തൃപ്‌തിപ്പെടുത്തുകയാണ്‌ സന്തുലനാവസ്ഥ നിലനിർത്താനുള്ള എളുപ്പവഴി എന്നാണ്‌ അധികാരികൾ പൊതുവെ കരുതുന്നത്‌. സ്വതന്ത്രമായ ആശയപ്രകാശനത്തെയും വൈജ്ഞാനിക അന്വേഷണങ്ങളെയും അടിച്ചമർത്താനാണ്‌ ഇത്തരം നിലപാടുകൾ കാരണമാകുന്നത്‌. ഇത്‌ അപകടകരമായ സാംസ്‌കാരിക അന്തരീക്ഷത്തിലേക്ക്‌ കേരളത്തെ നയിക്കും. ആയതിനാൽ സമചിത്തതയോടെയുള്ള സംവാദാത്മക സാമൂഹ്യ അന്തരീക്ഷം ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്ന്‌ കേരള സംസ്ഥാന സർക്കാരിനോടും സാമൂഹ്യ - രാഷ്‌ട്രീയ സംഘടനകളോടും ഈ സമ്മേളം ആവശ്യപ്പെടുന്നു.

പ്രമേയം 2

വിദ്യാഭ്യാസരംഗത്ത്‌ ദുർബലരുടെ നീതിക്കും ഭാഷാസംസ്‌കാരങ്ങളുടെ സംരക്ഷണത്തിനും വേണ്ടി അണിചേരുക

വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച്‌ അൺഎയ്‌ഡഡ്‌ വിദ്യാലയങ്ങൾ നടത്തുന്ന പ്രവേശനത്തിന്റെ ഇരുപത്തി അഞ്ച്‌ ശതമാനം ദുർബല വിഭാഗങ്ങൾക്ക്‌ സംവരണം ചെയ്യണമെന്ന നിബന്ധന ന്യൂനപക്ഷ വിദ്യാലയങ്ങൾക്ക്‌ ബാധകമാകില്ലെന്ന്‌ സുപ്രീംകോടതി വിധി പ്രസ്‌താവിച്ചിരിക്കുന്നു. മാതൃഭാഷയിലാണോ വിദ്യാഭ്യാസം നടത്തേണ്ടതെന്ന്‌ തീരുമാനിക്കേണ്ടത്‌ രക്ഷിതാക്കളും കുട്ടികളുമാണെന്നും അതിൽ ഭരണകൂടത്തിന്‌ ഇടപെടാൻ അധികാരമില്ലെന്നും സുപ്രീംകോടതിയുടെ മറ്റൊരു വിധിന്യായത്തിൽ പറയുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വളർന്നുവന്ന പ്രാദേശിക ജനവിഭാഗങ്ങളുടെ വളർച്ചയെയും സാമൂഹ്യനീതിയെയും സംബന്ധിച്ച ജനാധിപത്യ സങ്കല്‌പങ്ങൾക്ക്‌ കടുത്ത ആഘാതമാണ്‌ ഈ രണ്ടു വിധിന്യായങ്ങളും ഏല്‌പിച്ചിരിക്കുന്നതെന്നാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കരുതുന്നത്‌. ന്യൂനപക്ഷസമുദായങ്ങൾക്ക്‌ വിദ്യാഭ്യാസം നേടാനും അവർക്ക്‌ സ്വതന്ത്രമായി സ്ഥാപനങ്ങൾ നടത്താനുമുള്ള ഭരണഘടനാപരമായ അവകാശത്തെ ആരും ചോദ്യം ചെയ്യുന്നില്ല. സ്വസമുദായത്തിൽനിന്നും പ്രവേശനം നടത്താനും മുഴുവൻ കുട്ടികളെയും ദേശീയവും അന്താരാഷ്‌ട്രവുമായ വിദ്യാഭ്യാസനിലവാരം ഉള്ളവരാക്കിമാറ്റാനും അവർക്ക്‌ അവകാശവും ബാധ്യതയുമുണ്ട്‌. നിരക്ഷരരായ, പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ സാധിക്കാത്ത ജനസമൂഹത്തോടും അവരുടെ കുട്ടികളോടും ഉള്ള സാമൂഹ്യ ഉത്തരവാദത്തം നിരവധി ന്യൂനപക്ഷ സംഘടനകൾ നിറവേറ്റിപ്പോരുന്നുണ്ട്‌. ഇനിയും അത്‌ തുടർന്ന്‌ നിറവേറ്റാൻ അവർക്ക്‌ കഴിയും. ഇന്ത്യക്കാരെന്ന അടിസ്ഥാന പൗരാവകാശത്തിന്റെയും കടമകളുടെയും ഭാഗംകൂടിയാണ്‌ അത്‌. ഇതിനെയാണ്‌ വിദ്യാഭ്യാസ അവകാശനിയമം അംഗീകരിച്ചതും പ്രോത്സാഹിപ്പിച്ചതും. സാമൂഹ്യ ഉത്തരവാദിത്വത്തിന്റെയും നന്മയുടെയും ഉദാത്ത ആശയങ്ങളുടെ കടയ്‌ക്കു കത്തിവയ്‌ക്കുകയാണ്‌ സുപ്രീംകോടതി വിധി ഇപ്പോൾ ചെയ്‌തത്‌. ന്യൂനപക്ഷ സമുദായങ്ങളിൽപെട്ട ചില സ്വകാര്യ മാനേജ്‌മെന്റുകൾ ഉന്നയിച്ച വാദത്തെ ആ സമുദായങ്ങളുടെ നിലപാടായി വ്യാഖ്യാനിച്ച്‌ സുപ്രീംകോടതി ഈ വിധി പ്രസ്‌താവിച്ചത്‌ ഭരണഘടനയുടെ ഉദ്ദേശ്യത്തിന്‌ നിരക്കുന്നതാണോ എന്ന പ്രശ്‌നമുണ്ട്‌. ദുർബല വിഭാഗങ്ങൾക്ക്‌ പ്രവേശനം നൽകാൻ ഇപ്പോഴും തയ്യാറാണെന്ന്‌ ചില ന്യൂനപക്ഷ സംഘടനകൾ പ്രസ്‌താവിച്ചത്‌ തികച്ചും സ്വാഗതാർഹവുമാണ്‌. മറ്റുള്ളവരും ഈ മാതൃക പിന്തുടരുമെന്ന്‌ ഞങ്ങൾ പ്രത്യാശിക്കുന്നു. കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങളുടെയും പ്രാദേശിക ജനവിഭാഗങ്ങളുടെ വളർച്ചയുടെയും പശ്ചാത്തലത്തിലാണ്‌ മാതൃഭാഷയിലുള്ള അധ്യയനം ഔപചാരിക വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയായത്‌. സ്വാതന്ത്ര്യത്തിനുശേഷം ഭാഷാസംസ്ഥാനങ്ങൾ രൂപംകൊണ്ടത്‌ ഇതിനെ ആധാരമാക്കിയാണ്‌. പ്രാദേശിക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനും വികസനത്തിനുംവേണ്ടിയുള്ള പോരാട്ടം ഇന്നും തുടരുന്നു. സ്വാതന്ത്ര്യലബ്‌ധിക്കുശേഷം വളർന്നുവന്ന മധ്യവർഗം ഈ യാഥാർഥ്യങ്ങളെ മുഴുവൻ അവഗണിക്കുകയും മാതൃഭാഷയിൽ അധ്യയനം നടത്തിയവരെ രണ്ടാംകിട പൗരന്മാരായി അവഹേളിക്കുകയും ചെയ്യുന്നു. ഇന്ത്യൻ പൗരത്വമുള്ളവർപോലും വിദേശത്ത്‌ ജോലി ലഭിക്കുന്നതിന്‌ വിദേശഭാഷയെ മാതൃഭാഷയാക്കി മാറ്റുന്നു. പ്രാദേശിക ജനവിഭാഗങ്ങളുടെയും സമൂഹത്തിലെ ദുർബലവിഭാഗങ്ങളുടെയും നീതി ഉറപ്പുവരുത്തുന്നതിന്‌ അവരുടെ സംസ്‌കാരത്തിന്റെയും സ്വാവബോധത്തിന്റെയും വളർച്ച ആവശ്യമാണ്‌. ഇത്തരത്തിലുള്ള സാമൂഹ്യമായ കർത്തവ്യമാണ്‌ മാതൃഭാഷാ അധ്യയനം നിർവഹിക്കുന്നത്‌. മാതൃഭാഷയോടൊപ്പം മറ്റു ഭാഷകൾ പഠിപ്പിക്കുന്നതിന്‌ ഇതൊരു തടസ്സവുമല്ല. മാതൃഭാഷയിലൂടെ അധ്യയനം നടത്തണമെന്ന അടിസ്ഥാന വിദ്യാഭ്യാസ തത്വത്തിന്റെ ലംഘനം കൂടിയാണ്‌ ഈ വിധി. സാമൂഹ്യവും ബോധനശാസ്‌ത്രപരവുമായ ഇത്തരമൊരു കാഴ്‌ചപ്പാട്‌ നമ്മുടെ ന്യായാധിപന്മാർക്ക്‌ ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നത്‌ തികച്ചും ദു:ഖകരമാണ്‌. സുപ്രീംകോടതിയാണ്‌ വിധി പ്രസ്‌താവിച്ചിരിക്കുന്നത്‌ എന്നതുകൊണ്ട്‌ ഇനിയങ്ങോട്ടുള്ള തീരുമാനങ്ങൾ രൂപപ്പെടുത്തേണ്ടത്‌ ജനങ്ങളും നിയമനിർമാണ സഭകളുമാണ്‌. സാമൂഹ്യനീതിക്കും ഭാഷയുടെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്തിനുംവേണ്ടിയുള്ള പോരാട്ടത്തിൽ എല്ലാവിഭാഗങ്ങളും അണിചേരണമെന്ന്‌ പരിഷത്ത്‌ കരുതുന്നു. അതിനാൽ, 1. ദുർബലവിഭാഗങ്ങളുടെ സംരക്ഷണത്തിന്‌ ഏറ്റെടുത്തുപോന്ന ചരിത്രപരമായ ദൗത്യം തുടരുമെന്ന്‌ ന്യൂനപക്ഷ സംഘടനകൾ പ്രഖ്യാപിക്കണമെന്നും അതിനാവശ്യമായ ജനസമ്മർദം രാഷ്‌ട്രീയപാർട്ടികളും പൗരസമൂഹവും ചേർന്ന്‌ രൂപപ്പെടുത്തണമെന്നും പരിഷത്ത്‌ ആഗ്രഹിക്കുന്നു. 2. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം നിലവിൽ വരുന്ന പാർലിമെന്റും നിലവിലുള്ള സംസ്ഥാന നിയമസഭയും അടിയന്തിരപ്രാധാന്യത്തോടെ വിധികളുടെ പ്രത്യാഘാതങ്ങൾ ചർച്ചചെയ്യുകയും ദുർബല വിഭാഗങ്ങൾക്ക്‌ നീതിയും പ്രാദേശിക ഭാഷകളുടെയും സംസ്‌കാരത്തിന്റെയും നിലനിൽപും ഉറപ്പുവരുത്തുന്ന വിധത്തിൽ നിയമനിർമാണം നടത്തണമെന്ന്‌ പരിഷത്ത്‌ ആവശ്യപ്പെടുന്നു. 3. സ്വന്തം ഭാഷയുടെയും സംസ്‌കാരത്തിന്റെയും സംരക്ഷണത്തിനായി മാതൃഭാഷാ അധ്യയനം അനിവാര്യമാണെന്ന അവബോധം രക്ഷിതാക്കളിലും കുട്ടികളിലും വളർത്തിക്കൊണ്ടുവരണമെന്നും, മേൽപറഞ്ഞ കാര്യങ്ങൾ പ്രയോഗവത്‌കരിക്കാൻ ആവശ്യമായ അന്തരീക്ഷസൃഷ്‌ടിക്ക്‌ രാഷ്‌ട്രീയ കക്ഷികൾ, ബഹുജന പൗരസംഘടനകൾ, സാംസ്‌കാരിക സംഘടനകൾ, പൊതുസമൂഹം എന്നിവർ മുന്നോട്ടുവരണമെന്നും ദേശീയ-സംസ്ഥാന സർക്കാരുകൾ മതിയായ നിയമനിർമാണങ്ങൾക്ക്‌ സന്നദ്ധമാവണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ആവശ്യപ്പെടുന്നു.

പ്രമേയം 3

കേരളത്തിലെ റിയൽ എസ്റ്റേറ്റ്‌ മേഖലയെ നിയന്ത്രിക്കുക.

കേരളത്തിൽ വർധിച്ച തോതിൽ നടക്കുന്ന നിർമാണപ്രവർത്തനങ്ങളും റിയൽ എസ്റ്റേറ്റ്‌ വ്യാപാരത്തിന്റെ അമിത സ്വാധീനവും സംസ്ഥാനത്തിന്റെ സമ്പദ്‌ വ്യവസ്ഥയിൽ ദൂരവ്യാപകമായ പ്രതികൂല പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കാനിടയുണ്ടെന്ന്‌ നേരത്തെതന്നെ വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. 2011-ൽ അഞ്ചുലക്ഷത്തിൽ താഴെമാത്രം ഭവനരഹിത കുടുംബങ്ങളുണ്ടായിരുന്ന കേരളത്തിൽ പ്രതിവർഷം 2.7 ലക്ഷം പുതുഭവനങ്ങളാണ്‌ നിർമിച്ചുകൊണ്ടിരിക്കുന്നത്‌. യഥാർഥ ആവശ്യത്തേക്കാൾ വളരെക്കൂടുതൽ പാർപ്പിടങ്ങൾ ഇപ്പോൾത്തന്നന്നെ സംസ്ഥാനത്തുണ്ടെന്ന്‌ കണക്കുകൾ കാണിക്കുന്നു. അതിനാൽ ഇപ്പോൾ നടക്കുന്ന കെട്ടിടനിർമാണത്തിന്റെ ഭൂരിഭാഗവും അനാവശ്യവും ലാഭംകൊയ്യാനുള്ള നിക്ഷേപം മാത്രവുമാണെന്ന്‌ വ്യക്തമാണ്‌. നമ്മുടെ പ്രകൃതിസമ്പത്തിന്റെ അപകടകരമായ ചൂഷണത്തിലേക്കാണ്‌ ഈ അമിത നിർമാണം നയിക്കുന്നത്‌. റിയൽ എസ്റ്റേറ്റ്‌ മേഖലയിലെ കുത്തക ഇടപെടൽ പാവപ്പെട്ട യഥാർഥ ആവശ്യക്കാർക്ക്‌ നിർമാണ വസ്‌തുക്കൾ ലഭിക്കാതിരിക്കുന്നതിനും കാരണമാകുന്നു. ഇതിന്റെ പരിസ്ഥിതി പ്രത്യാഘാതങ്ങളും സാമ്പത്തിക പ്രത്യാഘാതങ്ങളും കേരളസമൂഹത്തിന്‌ താങ്ങാനാവുന്നതല്ല. ഇതിനുള്ള നിരവധി സൂചനകളാണ്‌ നമുക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. ഈ വർഷം ലഭിച്ച വ്യാപകമായ വേനൽമഴ കടുത്ത വരൾച്ചയ്‌ക്ക്‌ ആശ്വാസം നൽകുന്നതിനുപകരം വ്യാപകമായ പരിസ്ഥിതി പ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിച്ചത്‌. നാളിതുവരെ ഉണ്ടാകാത്തവിധത്തിൽ റെയിൽ-റോഡ്‌ ഗതാഗതം പരക്കെ തടസ്സപ്പെട്ടു. നീർക്കെട്ടും വെള്ളക്കെട്ടും വ്യാപകമായിത്തീർന്നു. നീരൊഴുക്കു പരിഗണിക്കാതെയുള്ള നിർമാണപ്രവർത്തനങ്ങളും ഭൂവിനിയോഗവുമാണ്‌ ഈ അവസ്ഥ സൃഷ്‌ടിച്ചതെന്നതിന്‌ നിരവധി തെളിവുകളുണ്ട്‌. കെട്ടിട നിർമാണ വസ്‌തുക്കളുടെ താത്‌കാലിക ദൗർലഭ്യം കഴിഞ്ഞ ഏതാനും മാസങ്ങളിൽ സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയും അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കും മറ്റൊരു സൂചനയാണ്‌. ഇങ്ങനെ ഇടയ്‌ക്കിടെ ഉണ്ടാകുന്ന പ്രതിസന്ധികളാണ്‌ അമിത കെട്ടിടനിർമാണത്തിലൂന്നിയുള്ള സമ്പദ്‌ വ്യവസ്ഥകളെ തകർച്ചയിലേക്ക്‌ എത്തിച്ചതെന്ന്‌ അമേരിക്കയുടെയും സ്‌പെയിനിന്റെയും മറ്റും അനുഭവങ്ങൾ നമുക്ക്‌ കാണിച്ചുതന്നിട്ടുണ്ട്‌. പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച ആരോഗ്യകരമായ ചർച്ചകൾക്ക്‌ മുഖ്യതടസ്സം റിയൽ എസ്റ്റേറ്റ്‌ ലോബിയുടെ ദുസ്സ്വാധീനം എന്നത്‌ വ്യക്തമാണ്‌. വരാനിക്കുന്ന ഗുരുതരമായ പ്രതിസന്ധികളുടെ ചില സൂചനകളാണ്‌ ഇതിനകം ലഭിച്ചിട്ടുള്ളത്‌. അതൊഴിവാക്കാൻ കേരളത്തിലെ റിയൽ എസ്റ്റേറ്റ്‌ പ്രവർത്തനങ്ങളെ കർക്കശമായി നിയന്ത്രിക്കണമെന്ന്‌ ഈ സമ്മേളനം കേരള സർക്കാരിനോട്‌ അഭ്യർഥിക്കുന്നു.

പ്രമേയം 4

കേന്ദ്ര - സംസ്ഥാന സർക്കാരുകൾ കൈയ്യാളുന്ന ഡാറ്റ തുറന്നതും സ്വതന്ത്രവുമാക്കുക

തുറന്ന സർക്കാർ ഡാറ്റ (open government data) എന്ന സങ്കല്പം ലോകമൊട്ടാകെ സാമൂഹ്യമാറ്റത്തിനുള്ള മുന്നുപാധികളിലൊന്നായി അംഗീകരിക്കപ്പെട്ടു വരികയാണ്. എന്നാൽ നമ്മുടെ രാജ്യത്ത് ഈ മേഖലയിൽ സമഗ്രവീക്ഷണമില്ലായ്മ, ആത്മാർത്ഥതയില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിലനിൽക്കുന്നു. വിവരമെന്നോ, അറിവെന്നോ, വസ്തുതയെന്നോ ഒക്കെ ഭാഗികാർത്ഥത്തിൽ മലയാളഭാഷയിൽ പറയാവുന്ന ഡാറ്റ സമൂഹത്തിൽ നാമറിയതെ ആഴത്തിൽ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഒട്ടനവധി നൂറ്റാണ്ടുകൾ കൊണ്ടുണ്ടാക്കപ്പെട്ടതിലും കൂടുതൽ വിവരങ്ങൾ ഇപ്പോൾ മണിക്കൂറുകൾ കൊണ്ടു സൃഷ്ടിക്കപ്പെടുന്നു. എന്നാൽ അതിൽ ഭൂരിഭാഗവും ഇന്നും ഭരണകൂടങ്ങളുടെ, അല്ലെങ്കിൽ സർവ്വകലാശാലകളുടെ, അതുമല്ലെങ്കിൽ വൻകിട കോർപ്പറേറ്റ് ഏജൻസികളുടെ കൈകളിൽ തന്നെയാണിരിക്കുന്നത്. സമൂഹത്തിന്റെ സമഗ്രവികസനത്തിന് ഉപകരിക്കുന്ന രീതിയിൽ ഭരണകൂടം കൈയ്യാളുന്ന മുഴുവൻ ഡാറ്റയും തുറന്നതും സ്വതന്ത്രവുമാക്കണം എന്ന ചിന്തയാണ് ആഗോളതലത്തിൽ ഓപ്പൺ ഡാറ്റ എന്ന സങ്കല്പത്തിലേക്ക് വളർന്നത്. ഇത്തരം തുറന്ന ഡാറ്റയുടെ വിവിധ രീതിയിലുള്ള പ്രയോഗരൂപങ്ങൾ ദേശീയ/പ്രാദേശിക വികസനത്തിന്റെ പ്രധാനകരുക്കളായി വികസിത / വികസ്വര രാഷ്ട്രങ്ങളും ഭരണകൂടങ്ങളും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയും ഇത്തരം ഓപ്പൺ ഡാറ്റ സങ്കല്പത്തെ അംഗീകരിക്കുകയും ഇതിനായി http://data.gov.in എന്ന ഒരു പൊതുസഞ്ചയം രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഈ പോർട്ടലിലെ പൊതു ഡാറ്റയുടെ അളവും അവയുടെ പ്രയോഗരൂപങ്ങളും വളരെ പരിമിതമാണ്. സാമൂഹ്യമുന്നേറ്റത്തിന്റെയും വൈജ്ഞാനിക വികസനത്തിന്റെയും പല തലങ്ങളിലും മുന്നിൽ നിൽക്കുന്ന കേരള സമൂഹവും ഭരണനിർവ്വഹണ രൂപങ്ങളും ഇതിനെപ്പറ്റി ധാരണയില്ലാത്തതു കൊണ്ടോ അനാസ്ഥ കൊണ്ടോ, ഈ ചിന്താപദ്ധതിയിൽ ഇടപെട്ടു തുടങ്ങിയിട്ടില്ല. ദേശീയ പദ്ധതിയിൽ അംഗത്വമെടുക്കുവാൻ പോലും നമുക്കിതുവരെ സാധിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. സർക്കാർ സംരംഭങ്ങളുമായി ബന്ധപ്പെട്ട വെബ്ബ് സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ, വിവിധ സർക്കാർ വകുപ്പുകളുടെ പക്കലുള്ള വിപുലമായ വിവരസഞ്ചയം ഇവയൊക്കെ ഉൾക്കൊള്ളുന്ന ഗവൺമെന്റ് ഡാറ്റയിലേറെയും ഇന്നും പൊതുജനങ്ങൾക്കു് അപ്രാപ്യമായ രൂപത്തിൽ അടച്ചുസൂക്ഷിച്ചിരിക്കുകയാണ്. വിവിധ സർക്കാർ വകുപ്പുകൾക്ക് പോലും ഇവ പരസ്പരം അപ്രാപ്യമാണ്. ഇത് പൗരന്റെ അറിയാനുള്ള അവകാശത്തെ ഹനിക്കുന്നു. വിവര - വിജ്ഞാന വിസ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തുറന്ന ഡാറ്റ ഉപയോഗപ്പെടുത്തി ശാസ്ത്രീയവും സമഗ്രവുമായ രീതിയിൽ സാമൂഹ്യവളർച്ച നേടുന്നതിനുള്ള സാധ്യതകൾക്ക് അത് തടസ്സം നിൽക്കുകയാണ്. പൊതുപണം ഉപയോഗിച്ച് സർക്കാർ നിർമ്മിക്കുന്ന വെബ്ബ് സൈറ്റുകളിലെ (ഉദാ: കേരളത്തിലെ ഗ്രാമപഞ്ചായത്ത് വെബ്ബ് സൈറ്റുകൾ) ഉള്ളടക്കം പൊതുജനത്തിനു് സ്വതന്ത്രമായി ഉപയോഗിക്കാൻ സാധിക്കാത്ത തരത്തിൽ “പകർപ്പവകാശം സർക്കാരിന് മാത്രം” എന്ന നിബന്ധനയിലാണ് ഇപ്പോഴും സ്ഥിതിചെയ്യുന്നതെന്നത് ഖേദകരമാണ്. രാജ്യസുരക്ഷയെ ബാധിക്കുന്ന അപൂർവ്വം ചിലതൊഴിച്ച് ഇവയെല്ലാം പൊതുസഞ്ചയത്തിൽ സ്വാഭാവികമായി വരേണ്ടതാണ്. എന്നാൽ അങ്ങനെ ചെയ്യാത്തതു മൂലം ഇവ ജനങ്ങൾക്ക് ഉപകാരപ്പെടാതെ പോവുന്നു. ഉള്ളടക്കം തയ്യാറാക്കിയ സർക്കാർ സംവിധാനങ്ങളോടുള്ള കടപ്പാട് രേഖപ്പെടുത്തിക്കൊണ്ട്, ഏതുതരം ആവശ്യങ്ങൾക്കും അവ പകർത്തുവാനും പുനഃസൃഷ്ടിക്കാനും കൂട്ടിക്കലർത്തുവാനും പങ്കുവെയ്കുവാനും അനുവാദം കൊടുക്കുന്നരൂപത്തിൽ ക്രിയേറ്റീവ് കോമൺസ് പോലുള്ള പകർപ്പുപേക്ഷാ ലൈസൻസിൽ അവ തുറന്നുകൊടുക്കേണ്ടുതുണ്ട്. വിദ്യാഭ്യാസാവശ്യത്തിനും പൊതുജനങ്ങളുടെ അറിവിലേക്കും വിവരങ്ങൾ സമാഹരിച്ച് വിതരണം ചെയ്യുന്ന വിക്കിപീഡിയ പോലുള്ള സംരംഭങ്ങൾക്ക് ഇത്തരത്തിൽ പരമ്പരാഗത കോപ്പിറൈറ്റിലുള്ള സർക്കാർ പ്രസിദ്ധീകരണങ്ങളും വെബ്സൈറ്റുകളും ഉപയോഗപ്പെടുത്താനേ പറ്റില്ല എന്നതാണ് ഇതുവഴിയുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നം. ഈ സാഹചര്യത്തിൽ ഒരു വിവരസമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയെക്കരുതി താഴെ പറയുന്ന കാര്യങ്ങൾ അടിയന്തിരമായി നടപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമ്പത്തിയൊന്നാം വാർഷിക സമ്മേളനം ആവശ്യപ്പെടുന്നു

1. രാജ്യസുരക്ഷയെ ബാധിക്കുന്നതു പോലുള്ള അപൂർവം ചിലതൊഴിച്ച് ഇതു വരെയും പൊതുസഞ്ചയത്തിലാക്കപ്പെടാത്ത എല്ലാത്തരം ഗവൺമെന്റ് ഡാറ്റയും അടിയന്തിരമായി തുറന്നതും സ്വതന്ത്രവുമാക്കുക. 2. പൊതു ഡാറ്റയെ സംബന്ധിച്ച നയങ്ങളെപ്പറ്റിയും പ്രയോഗ സാധ്യതകളെപ്പറ്റിയും പൊതു സമൂഹത്തിനും ഉദ്യോഗസ്ഥർക്കും അവബോധം ഉണ്ടാകാനാവശ്യമായ സമ്പർക്കമുഖങ്ങളും ചർച്ചാ വേദികളും സൃഷ്ടിക്കുക. 3. പൊതു ഡാറ്റ, പുനരുപയോഗത്തിന് സാധ്യമായ, യന്ത്രവായനയ്ക്കുതകുന്ന രീതിയിലാണ് പ്രസിദ്ധീകരിക്കുന്നതെന്നും, അവ കാലോചിതവും പരമാവധി കണങ്ങളാക്കിയും പുനരുപയോഗക്ഷമതയുള്ളതാക്കിയും ആണ് പ്രസിദ്ധീകരിക്കുന്നതെന്നും ഉറപ്പുവരുത്താനാവശ്യമായ ഔദ്യോഗിക - സാങ്കേതിക സംവിധാനങ്ങൾ സജ്ജമാക്കുക. 4. പൊതു ഡാറ്റ, വ്യക്തിപരവും വ്യാവസായികവുമായതുൾപ്പെടെയുള്ള ആശ്യങ്ങൾക്കായി സ്വതന്ത്രവും നിയമപ്രകാരമുള്ള പുനരുപയോഗത്തിനു സാധ്യമാകുന്ന രീതിയിൽ ഓപ്പൺ ലൈസൻസുകൾ ഉപയോഗിച്ച് പ്രസിദ്ധീകരിക്കുക. ഇതിനായി വ്യക്തിവിവരങ്ങൾ സമർപ്പിക്കുക പോലുള്ള നിബന്ധനകൾ ഒഴിവാക്കുക. 5. ഇന്ത്യയുടെ ഓപ്പൺ ഡാറ്റാ പോർട്ടലായ http://data.gov.in-ൽ കേന്ദ്ര സർക്കാരിന്റേയും എല്ലാ സംസ്ഥാനങ്ങളുടേയും എല്ലാ വകുപ്പുകളിലുമുള്ള പൊതു ഡാറ്റ അടിയന്തിരമായി ഉൾക്കൊള്ളിക്കുക. ഇത്തരത്തിൽ ഉൾക്കൊള്ളിക്കുന്ന ഡാറ്റയുടെ പരസ്പരബന്ധങ്ങൾ സാർത്ഥകവും പൂർണ്ണവുമാണെന്നത് ഉറപ്പുവരുത്തുക. വ്യത്യസ്ത വകുപ്പുകളിൽ നിന്നും ഒരേ വിഷയത്തിൽ പ്രസിദ്ധീകരിക്കുന്ന പൊതു ഡാറ്റ നിശ്ചിതമായ മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെന്ന് ഉറപ്പുവരുത്തുക. ആവർത്തിതഡാറ്റയും അതു അതു മൂലമുണ്ടാകുന്ന ആശയക്കുഴപ്പവും സാങ്കേതിക പ്രശ്നങ്ങളും ഉണ്ടാകുന്നില്ല എന്നതും ഉറപ്പു വരുത്തണം 6. നിലവിലുള്ള സർക്കാർ സംവിധാനങ്ങളുടെ നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കി പൊതു ഡാറ്റ എത്രയും പെട്ടെന്നു തന്നെ പ്രസിദ്ധീകരിക്കാനാവശ്യമായ സാങ്കേതിക സംവിധാനങ്ങളും നിയമപരമായ ബാധ്യതയും ഉറപ്പു വരുത്തുക. 7. പൊതു ഡാറ്റയുടെ പുനരുപയോഗം പൊതുസ്ഥാപനങ്ങൾ സക്രിയമായി പ്രോത്സാഹിപ്പിക്കുന്നതിനാവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുക. 8. പൊതു ഡാറ്റയുടെ സമർഥമായ ഉപയുക്തത സാമൂഹ്യമാറ്റത്തിനു കാരണമാകുന്നു എന്നുറപ്പു വരുത്തുന്നതിനായി ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സമഗ്രമായ പൊതു ചർച്ചയ്ക്കും സാമൂഹ്യകണക്കു പരിശോധനയ്ക്കും (social audit) ലഭ്യമാക്കുക. 9. വിവിധ സാമൂഹ്യ/ജ്ഞാന ഘടനകളെ (പാർശ്വവൽകൃത സമൂഹങ്ങൾ, വിദ്യാഭ്യാസഘടനകൾ, ഊർജ്ജമേഖല മുതലായവയെ) ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഡിജിറ്റൽ അജണ്ടകൾ ദേശീയ തലത്തിലും പ്രാദേശിക തലങ്ങളിലും രൂപീകരിക്കുവാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ അടിയന്തിരമായി തുടങ്ങുക. ഇത്തരം ഡിജിറ്റൽ അജണ്ടകൾ പൊതു ചർച്ചകളിലൂടെയും ഗ്രാമസഭകൾ പോലെയുള്ള ജനാധിപത്യ വേദികളിലൂടെയും ഉരുത്തിരിഞ്ഞു വരുന്നുവെന്നത് ഉറപ്പു വരുത്തുക. അതിനായുള്ള പ്രവർത്തന പദ്ധതികൾ മുൻഗണനാക്രമത്തിൽ ആസൂത്രണം ചെയ്യുക. 10. സർക്കാരിന്റെയും പൊതു സംവിധാനങ്ങളുടെയും വിവരസഞ്ചയം ഭാരത സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സെർവറുകളിൽത്തന്നെ സൂക്ഷിക്കേണ്ടതാണ്. 11. നിയമപരമായ ഉപയോഗനിബന്ധനകളില്ലാത്ത എല്ലാ ഗവൺമെന്റ് പ്രസിദ്ധീകരണങ്ങളും കേന്ദ്ര - സംസ്ഥാന - അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സഹായത്തോടെ നടത്തപ്പെടുന്ന പദ്ധതികൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ വെബ് സൈറ്റുകളും വെബ് അനുബന്ധ സേവനങ്ങളും, പൊതുസഞ്ചയത്തിലേക്കോ (Public Domain), സ്വതന്ത്രവിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുന്ന ക്രിയേറ്റീവ് കോമൺസ് ഷെയർ അലൈക്ക് പോലെയുള്ള സ്വതന്ത്ര ലൈസൻസിലേക്കോ മാറ്റി സർക്കാർ സൈറ്റുകളിലെ ഉള്ളടക്കം രാജ്യത്തെ എല്ലാ പൗരന്മാർക്കും ആവശ്യാനുസരണം ഉപയോഗിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുക.

പ്രമേയം 5

അടച്ചുപൂട്ടിയ ബാറുകൾ തുറക്കുന്നതിനു വേണ്ടിയുള്ള ശ്രമത്തെ ചെറുക്കുക

കേരളത്തിലെ 418 ബാറുകൾക്ക്‌ ലൈസൻസ്‌ പുതുക്കി നൽക്കാത്ത സാഹചര്യത്തെ വലിയൊരുസാമൂഹ്യപ്രശ്‌നമാക്കി ഉയർത്തികൊണ്ടുവരാൻ ഉള്ള തൽപ്പരകക്ഷികളുടെ ശ്രമങ്ങളെ ജനാധിപത്യകേരളം എതിർത്ത്‌ തോൽപ്പിക്കണമെന്ന്‌ കേരള ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ അഭ്യർത്ഥിക്കുന്നു. തദ്ദേശീയരുടെ മദ്യപാനം കുറച്ചുകൊണ്ടുവരിക, എന്നാൽ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശത്തോടെയാണ്‌ നക്ഷത്ര പദവികളുള്ള ഹോട്ടലുകൾക്കുമാത്രം ലൈസൻസ്‌ നൽകിയാൽ മതിയെന്ന്‌ മുൻപ്‌ സർക്കാർ തീരുമാനമെടുത്തത്‌. എന്നാൽ നിലവിലുളള സ്റ്റാർ പദവികൾ ലഭിച്ച ഹോട്ടലുകൾ തന്നെ ടൂറിസം പ്രമോഷനെക്കാൾ തദ്ദേശീയരായ പാവപ്പെട്ട തൊഴിലാളികളേയും, ചെറുപ്പക്കാരേയും മദ്യാസക്തരാക്കുന്ന പ്രവർത്തനങ്ങളിലാണ്‌ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്‌. കേരളത്തിലെ സ്റ്റാർ പദവികളിലൂള്ള ഭൂരിപക്ഷം ഹോട്ടലുകളിലും സ്റ്റാർ മാനദണ്ഡങ്ങൾ മറികടന്നുകൊണ്ട്‌ വിലകുറഞ്ഞ മദ്യം വിൽക്കുന്നതിനുള്ള പ്രത്യേക കൗണ്ടറുകൾ ഇതിന്റെ തെളിവാണ്‌. വ്യാപകമായ മദ്യവിൽപന കേന്ദ്രങ്ങളാണ്‌ കേരളത്തിലെ മദ്യാസക്തിയും മദ്യവിൽപനയും വർദ്ധിച്ചുവരാനുള്ള പ്രധാന കാരണമെന്നത്‌ തർക്കമറ്റ വിഷയമാണ്‌. യാതൊരു നിബന്ധനകളും പാലിക്കാതെ ബാറുകൾ മദ്യവിൽപ്പന നടത്തുന്നു എന്ന കണ്ടെത്തലാണ്‌ അവയുടെ അടച്ചുപൂട്ടലിലേക്കും അതിനെത്തുടർന്നുണ്ടായ ഇന്നത്തെ തർക്കങ്ങളിലേക്കും നയിച്ചത്‌. കേരളത്തിൽ വർധിച്ചു വരുന്ന മദ്യാസക്തിയുടെയും അതിന്റെ ഫലമായുണ്ടാകുന്ന സാമൂഹ്യ പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിലാവണം ഈ പ്രശ്‌നത്തെ സമീപിക്കേണ്ടത്‌. ആളോഹരി മദ്യപാനത്തിൽ കേരളം ദേശീയ തലത്തിൽത്തന്നെ ഏറ്റവും മുന്നിലാണ്‌. കൗമാര പ്രായത്തിൽത്തന്നെ കേരളത്തിൽ മദ്യപാനം തുടങ്ങുന്നുവെന്നാണ്‌ വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നത്‌. സ്‌ത്രീ പീഡനം, അക്രമ പ്രവർത്തനങ്ങൾ, ആത്മഹത്യ, വാഹനാപകടങ്ങൾ എന്നിവയിൽ സമീപകാലത്തുണ്ടായ വർധനവിനെ നിരന്തരം വ്യാപിക്കുന്ന മദ്യാസക്തിയുമായി ബന്ധപ്പെടുത്തി വേണം കാണാൻ. ശക്തമായ ബോധവൽക്കരണത്തോടൊപ്പം മദ്യത്തിന്റെ ലഭ്യത കൂടി കുറച്ചുകൊണ്ടു വന്ന്‌ ഈ വിപത്തുകളെ അടിയന്തിരമായി നേരിടേണ്ടതിന്റെ ആവശ്യകതയാണ്‌ സൂചിപ്പിക്കുന്നത്‌. ഈ സാഹചര്യത്തിൽ സ്റ്റാർ പദവികൾ ഇല്ലാത്ത ഹോട്ടലുകൾക്ക്‌ ലൈസൻസ്‌ പുതുക്കി നൽകരുത്‌. സ്റ്റാർ പദവിയുടെ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുവെന്ന്‌ കർശനമായി നിഷ്‌കർഷിക്കണം. അതോടൊപ്പം മദ്യവിൽപനയുടെ സമയവും ബിവറേജസ്‌ കോർപ്പറേഷന്റെ ഔട്ട്‌ലറ്റുകളുടെ എണ്ണവും കുറക്കണം. ഇതിനുവേണ്ട സാമൂഹ്യ സമ്മർദ്ധം ഉയർത്തിക്കൊണ്ടു വരാൻ ജനങ്ങളോടും ജനകീയ സംഘടനകളോടും കേരള ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

പ്രമേയം 6

നെൽവയൽ നീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുക

2008 ലെ കേരള നെൽവയൽ നീർത്തട സംരക്ഷണ നിയമം അട്ടിമറിക്കുന്നതിനുള്ള നീക്കം സംസ്ഥാന സർക്കാർ ആരംഭിച്ചിരിക്കുന്നതായി മാധ്യമ വാർത്തകൾ പറയുന്നു. കേരളത്തിന്റെ ജലലഭ്യതയിലും ഭക്ഷ്യസുരക്ഷയിലും നെൽവയലുകളുടെ സ്വാധീനം ഏല്ലാവർക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. നിയമതലത്തിലും സാമൂഹ്യപ്രവർത്തനതലത്തിലും നെൽവയൽ സംരക്ഷണത്തിനുള്ള ആശയങ്ങളും പ്രവർത്തനപരിപാടികളും ഉയർന്നുവരാനുള്ള കാരണമിതാണ്. എന്നാൽ ഇവയെയെല്ലാം മറികടന്നുകൊണ്ട് റിയൽ എസ്റ്റേറ്റ് ശക്തികൾക്കും നിർമാണ ലോബിക്കും വേണ്ടി മേൽപ്പറഞ്ഞ നിയമത്തെ അട്ടിമറിക്കാനുള്ള നീക്കം ശക്തമാകുന്നു. വിപണി വിലക്ക് നെൽവയൽ വാങ്ങുന്ന വ്യവസായികൾക്ക് പരിധിയില്ലാത്ത അളവിൽ നെൽപ്പാടം നികത്താനുള്ള അനുമതി നൽകാനാണ് സർക്കാർ ഒരുങ്ങുന്നത്. നെൽവയലുകളുടെ മാത്രമല്ല തീരദേശത്തുള്ള നീർത്തടങ്ങളുടെ വ്യപകമായ നികത്തലിനും മലനാട്ടിലെയും ഇടനാട്ടിലെയും ചെങ്കൽക്കുന്നുകളുടെ നാശത്തിനുംകൂടി ഈ തീരുമാനം വഴിവെക്കും. ഭൂരൂപങ്ങളുടെ ഘടന മാറ്റിമറിക്കപ്പെടുന്നത് ശാസ്തീയമായ ഭൂവിനിയോഗനയത്തിന് ഒട്ടും സഹായകരമാകില്ല. നിരവധി പരിസ്ഥിതി പ്രശ്നങ്ങൾക്കും ജൈവവൈവിധ്യ നാശത്തിനും ഭക്ഷ്യസുരക്ഷിതത്വമില്ലായ്മയിലേക്കും ജലക്ഷാമത്തിലേക്കും കേരളത്തെ നയിക്കാൻ ഈ തീരുമാനം കാരണമാകും. ആയതിനാൽ 2008 ലെ കേരള നെൽവയൽ തണ്ണീർത്തട നിയമം ഭേദഗതി ചെയ്യുന്നിതനുള്ള നീക്കം നിർത്തിവെക്കണമെന്നും പ്രസ്തുത നിയമപ്രകാരമുള്ള നെൽവയൽ തണ്ണീർത്തട ഡാറ്റാബാങ്ക് കുറ്റമറ്റതാക്കി ജനങ്ങൾക്ക് ലഭ്യമാക്കി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ഈ സമ്മേളനം കേരള സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെടുന്നു.

പ്രമേയം 7

ബി ഓ ടി പദ്ധതിയിൽ നിന്ന്‌ ദേശീയപാതാ അഥോറിറ്റി പിൻവാങ്ങിയ സാഹചര്യത്തിൽ കേരളത്തിലെ ദേശീയപാതകൾ നാലുവരിയായി വികസിപ്പിക്കുക

കേരളത്തിലെ ദേശീയപാതകൾ 45 മീറ്റർ വീതിയിൽ നാലു വരിയായി ബി ഓ ടി അടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള തീരുമാനത്തിൽ നിന്ന്‌ ദേശീയപാതാ അഥോറിറ്റി പിൻമാറിയിട്ടു്‌. പ്രസ്‌തുത പദ്ധതിക്കെതിരായി ഉയർന്ന്‌ വന്ന വമ്പിച്ച ജനകീയ പ്രതിഷേധമാണ്‌ ഇത്തരത്തിൽ ഒരു തീരുമാനം എടുക്കാൻ അഥോറിറ്റിയെ പ്രേരിപ്പിച്ചത്‌. ഇത്‌ ശുഭോദർക്കമായ കാര്യമാണ്‌. എന്നാൽ ഇതിനു ശേഷം കേരളത്തിലെ ദേശീയപാതകൾ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നില്ല. തലപ്പാടി മുതൽ കുറ്റിപ്പുറം വരെയുള്ള ദേശീയപാതയിൽ ഭൂരിഭാഗം പ്രദേശത്തും ഇപ്പോൾത്തന്നെ 30 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുത്തിട്ടു്‌. ബി ഓ ടിയുടെ ജനവിരുദ്ധ വ്യവസ്ഥകൾ ഒഴിവാക്കിയാൽ 30 മീറ്റർ വീതിയിൽ 4 വരിപ്പാത നിർമ്മിക്കാൻ കഴിയുമെന്നിരിക്കെ അതിനാവശ്യമായ പ്രവർത്തന പരിപാടികൾ ഉടൻ തുടരുകയാണ്‌ വേത്‌. ഓരോ സംസ്ഥാനത്തിനും സവിശേഷമായ ഗതാഗത വികസന ആവശ്യങ്ങളാണ്‌ നിലനിൽക്കുന്നത്‌. കേരളത്തിന്റെ ആവാസ വ്യവസ്ഥയുടെയും ഭൂപ്രകൃതിയുടെയും സവിശേഷതകൾ കണക്കിലെടുത്ത്‌ വേണം നമ്മുടെ ദേശീയ പാതകളും രൂപകൽപ്പന ചെയ്യാൻ. ഈ ചുമതലയാണ്‌ ദേശീയപാതാ അഥോറിറ്റി ഏറ്റെടുക്കേത്‌. അതുകൊ്‌ കേരളത്തിലെ ദേശീയപാതകൾ 30 മീറ്റർ വീതിയിൽ 4 വരിയായി നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ അമ്പത്തൊന്നാം വാർഷിക സമ്മേളനം കേരള സർക്കാരിനോടും ദേശീയപാതാ അഥോറിറ്റിയോടും ആവശ്യപ്പെടുന്നു.

പ്രമേയം 8

ശിശുവികസന പദ്ധതികളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തെ ചെറുക്കുക

സമീപകാലത്ത് അട്ടപ്പാടിയിൽ നടന്ന ശിശുമരണങ്ങൾ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. നിലവിലുള്ള പോഷകാഹാര വിതരണ സംവിധാനങ്ങളുടെ പോരായ്മകൾ ഇതിലൂടെ വെളിവാകുകയുണ്ടായി. എന്നാൽ ശിശു വികസന പദ്ധതികൾ കുറ്റമറ്റതാക്കി നടപ്പാക്കണമെന്ന ആവശ്യം ഉയരുന്ന വേളയിൽ നിലവിലുള്ള സംവിധാനങ്ങൾ തന്നെ തകർക്കുന്നതിനുള്ള ശ്രമങ്ങളാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നത്. സംയോജിത ശിശു വികസന പദ്ധതി അവസാനിപ്പിച്ച് അങ്കണവാടികളെ സ്വകാര്യവൽക്കരിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. 2014 ഏപ്രിൽ ഒന്നുമുതൽ ഈ പദ്ധതി സംയോജിത ശിശുവികസന സേവന മിഷൻ എന്ന പേരിൽ ആരംഭിക്കാനുള്ള ഉത്തരവ് കേന്ദ്രസർക്കാർ ഇതിനകം പുറത്തിറക്കി. അങ്കണവാടികളെ ഭക്ഷണ വിതരണം ഉൾപ്പടെയുള്ള മുഴുവൻ സേവനങ്ങളും വൻകിട കമ്പനികളെയും സന്നദ്ധ സംഘടനകളെയും ഏൽപ്പിക്കാനാണ് സർക്കാർ നീക്കം.

ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ സേവനമേഖലകളിൽ നിന്നും സർക്കാർ സംവിധാനങ്ങളെ ഒഴിവാക്കുന്ന ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായാണീ മാറ്റം. ഇത് അങ്കണവാടികൾ വഴി നടപ്പിലാക്കുന്ന എല്ലാ സാമൂഹ്യ നീതി സംവിധാനങ്ങളെയും അട്ടിമറിക്കും. ഗർഭിണികൾക്കം മുലയൂട്ടുന്ന അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമുള്ള പോഷകാഹാര വിതരണം, കൗമാരക്കാർക്കുള്ള ആരോഗ്യ വിദ്യാഭ്യാസ പരിപാടികൾ തുടങ്ങിയ കാര്യങ്ങൾ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണത്തിൽ പ്രധാന പങ്ക് വഹിച്ചു വരുന്നവയാണ്. ഇവയെല്ലാം പുതിയ നീക്കത്തോടെ അട്ടിമറിക്കപ്പെടും. അറുപതിനായിരത്തിൽപ്പരം അങ്കണവാടി ജീവനക്കാർ പോഷകാഹാര വിതരണം നടത്തുന്ന കുടുബശ്രീ പ്രവർത്തകർ തുടങ്ങി വലിയൊരു വിഭാഗം സ്ത്രീകളുടെ വരുമാന മാർഗം കൂടി ഇതോടെ തകരാൻ പോവുകയാണ്

ഐസിഡിഎസ് പദ്ധതി തകർക്കാനുള്ള നീക്കത്തിൽ ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തൊന്നാം വാർഷിക സമ്മേളനം ശക്തിയായി പ്രതിഷേധിക്കുന്നു. ഇതിനെതിരെ പ്രതിരോധം തീർക്കാൻ മുഴുവൻ ബഹുജന സംഘടനകളോടും പരിഷത്ത് അഭ്യർത്ഥിക്കുന്നു.

പ്രമേയം 9

അന്ധവിശ്വാസങ്ങളെ ഉപയോഗിച്ചുള്ള ചൂഷണങ്ങൾക്കും അത്യാചാരങ്ങൾക്കുമെതിരെ ഒരുബില്ലിനുവേണ്ടി

പശ്ചാത്തലം:

കേരളം ഒരു കാലത്ത്‌ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തി വാഴുന്ന നാടായിരുന്നു. അങ്ങേയറ്റം യുക്തിസഹമല്ലാത്തതും ശാസ്‌ത്രവിരുദ്ധവുമായ വിശ്വാസങ്ങൾ സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായിരുന്നു. അവ കടുത്ത ചൂഷണത്തിന്‌ സാഹചര്യമൊരുക്കുകയും ചെയ്‌തിരുന്നു.ഉദാ:

1. ദുർമരണം വരിച്ചവർ പ്രേതങ്ങളായി അലഞ്ഞുനടക്കുമെന്നും അവ ചിലരിൽ (ഏറെയും സ്‌ത്രീകളിൽ) കടന്നുകൂടി അവരെക്കൊണ്ട്‌ അരുതാത്ത കാര്യങ്ങൾ ചെയ്യിക്കുമെന്നും ഉള്ള വിശ്വാസം. പ്രേതബാധ ഒഴിപ്പിക്കാൻ മന്ത്രവാദികൾ വന്ന്‌ മന്ത്രങ്ങൾക്കും മറ്റു കർമങ്ങൾക്കും ശേഷം കിരാതമായ പീഡനത്തിന്‌ വിധേയമാക്കുകയും പ്രതിഫലം പണമായും മറ്റു ദ്രവ്യങ്ങളായും കൈപ്പറ്റുകയും ചെയ്യും. 2. വസൂരിരോഗം ഉണ്ടാകുന്നത്‌ ദേവി വിത്തെറിഞ്ഞിട്ടാണെന്ന വിശ്വാസം. വഴിപാടുകളും പൂജകളും ആണ്‌ അതിന്‌ പരിഹാരം. 3. മാനസികവും ശാരീരികവുമായ അസ്വാസ്ഥ്യങ്ങൾ ഇല്ലാതാക്കാൻ മന്ത്രവാദവും ഉറുക്കും നൂലും ഒക്കെ ഫലപ്രദമാണെന്ന വിശ്വാസം. 4. ജ്യോത്സ്യന്മാർക്കും മഷിനോട്ടക്കാർക്കും കള്ളന്മാരെയും മറ്റു കുറ്റവാളികളെയും കണ്ടെത്താൻ കഴിയും എന്ന വിശ്വാസം. 5. ദുരിതങ്ങൾക്ക്‌ കാരണം വിധിയാണെന്നും അത്‌ മുജ്ജന്മകർമങ്ങളുടെ ഫലമാണെന്നും അതിനു പ്രതിവിധിയില്ലെന്നുമുള്ള വിശ്വാസം. 6. ഒരു പ്രധാന കാര്യത്തിനു പുറപ്പെടുമ്പോൾ ചീത്ത ശകുനമുണ്ടായാൽ (ഉദാ: പൂച്ച വിലങ്ങനെ ചാടിയാൽ) കാര്യം നടക്കില്ലെന്ന വിശ്വാസം. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ പോലും കേരള സമൂഹത്തെ ഭരിച്ചിരുന്നത്‌ ഇത്തരം വിശ്വാസങ്ങളാണ്‌.

എന്നാൽ, ക്രമേണ സമൂഹം അതിൽ നിന്ന്‌ മോചനം നേടും എന്ന പ്രതീക്ഷ ശക്തിപ്പെട്ടു. ഇവിടെ വളർന്നുവന്ന സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളും ദേശീയ സ്വാതന്ത്ര്യ സമരവും തുടർന്നുണ്ടായ ബഹുജന രാഷ്‌ട്രീയ പ്രവർത്തനങ്ങളും സാംസ്‌കാരിക രംഗത്ത്‌ ഉണ്ടായ ഉണർവും (ജനകീയ നാടക പ്രസ്ഥാനം, ഗ്രന്ഥശാലാ പ്രസ്ഥാനം മുതലായവ ഉദാഹരണങ്ങളാണ്‌). എല്ലാം അതിന്‌ കാരണമായി. അന്ധവിശ്വാസങ്ങൾക്കെതിരെ അക്കാലത്തെ ബഹുജന പ്രസ്ഥാനങ്ങളെല്ലാം ഏറിയോ കുറഞ്ഞോ പ്രവർത്തിച്ചു. കൂട്ടായ പ്രവർത്തനങ്ങളിലൂടെ സ്വന്തം ഭാവി സ്വയം നിർണയിക്കാൻ കഴിയും എന്ന ആത്മവിശ്വാസം ജനങ്ങളിൽ വളർന്നുവന്നു. കാര്യകാരണ ബോധവും ശാസ്‌ത്രബോധവും ഒട്ടൊക്കെ വേരുപിടിക്കും എന്നു വന്നു. ഇതാണ്‌ കേരളത്തെ മാറ്റിത്തീർത്തതും മുന്നിലെത്തിച്ചതും. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യ ദശകങ്ങൾ ആകുമ്പോഴേക്കും കാര്യങ്ങൾ തകിടം മറിയാൻ തുടങ്ങി. വിദ്യാഭ്യാസം, പ്രത്യേകിച്ച്‌ ശാസ്‌ത്ര വിദ്യാഭ്യാസം വ്യാപകമാകുന്നതിനൊപ്പം ജനങ്ങളുടെ ശാസ്‌ത്രബോധം പിന്നോട്ടടിക്കുന്ന വിചിത്രമായ അനുഭവം ഇവിടുണ്ടായി. (ഇത്‌ പൊതുവേ യൂറോപ്പിലും മറ്റുമുണ്ടായ അനുഭവങ്ങൾക്ക്‌ വിരുദ്ധമാണ്‌). മുൻപൊന്നുമില്ലാത്ത പുത്തൻ അന്ധവിശ്വാസങ്ങളും കപടശാസ്‌ത്രങ്ങളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. മിക്കതും പുറത്തുനിന്നുള്ള ഇറക്കുമതികളായിരുന്നു. വിശ്വാസങ്ങളെ കച്ചവടമാക്കി ലാഭം കൊയ്യുന്ന ഏർപ്പാട്‌ മുമ്പത്തേതിലും ശക്തമായി. ആധുനിക വാർത്താ വിനിമയ സംവിധാനങ്ങൾ അതിനായി ഉപയോഗിക്കപ്പെട്ടു. ജനകീയ പ്രസ്ഥാനങ്ങളുടെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവും ഇതിനു സഹായകമായി. ഏതാനും ഉദാഹരണങ്ങൾ നോക്കൂ. 1. കാന്തങ്ങൾ ചില പ്രത്യേക സ്ഥാനങ്ങളിൽ ഉറപ്പിച്ച `കാന്ത കിടക്ക'യിൽ ശയിച്ചാൽ രക്തചംക്രമണം മെച്ചപ്പെടുകയും രോഗങ്ങളിൽ നിന്നും മോചനം ഉണ്ടാവുകയും ചെയ്യുമെന്ന്‌ പ്രചരിപ്പിച്ചുകൊണ്ട്‌ ലക്ഷം രൂപയിലേറെ വിലവരുന്ന അത്തരം കിടക്കകൾ ഒരുകൂട്ടർ കൊച്ചി നഗരത്തിലെ സമ്പന്നരും വിദ്യാസമ്പന്നരും ആയ നൂറിലേറെപ്പേർക്ക്‌ വിറ്റു. ചെന്നൈ നഗരത്തിലും ഇതാവർത്തിക്കാൻ ശ്രമിച്ച അവർ അവിടെ പോലീസ്‌ പിടിയിലായി. 2. വടക്കേ ഇന്ത്യയിൽ മാത്രം ആചരിച്ചിരുന്ന അക്ഷയതൃതീയയുടെ ഒരു വികൃതരൂപം സ്വർണ വ്യാപാരികൾ കേരളത്തിൽ അവതരിപ്പിക്കുകയും ഓരോ വർഷവും അനേകം പേരെ വിഡ്‌ഢികളാക്കി കോടികൾ കൊയ്യുകയും ചെയ്യുന്നു. പുണ്യകർമങ്ങൾ (ഗംഗാസ്‌നാനവും ദാനവും) ചെയ്യാനും ശൈശവ വിവാഹത്തിനും ഉത്തമമെന്ന്‌ പണ്ട്‌ വടക്കേ ഇന്ത്യക്കാർ വിശ്വസിച്ചിരുന്ന ഈ ദിനം തികച്ചും സ്വാർഥപരമായ ഒരു കാര്യത്തിലേക്ക്‌ തിരിച്ചുവിടുന്നതിൽ ഭക്തിയും വിശ്വാസവും തടസ്സമായില്ല. 3. കേരള പോലീസിനെയും കുറ്റാന്വേഷണ വിഭാഗത്തെയും വെല്ലുവിളിച്ചുകൊണ്ട്‌ കാനാടിയിലും മറ്റ്‌ പലയിടങ്ങളിലും മഷിനോക്കി കള്ളന്മാരെയും കുറ്റവാളികളെയും കണ്ടെത്തുന്ന ഏർപ്പാട്‌ തുടരുന്നു. വെറും ഊഹങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇത്തരം `കണ്ടെത്തലുകൾ' വ്യക്തികൾക്കും കുടുംബങ്ങൾക്കും ഇടയിൽ സംശയവും വിദ്വേഷവും വളർത്താൻ ഇടയാക്കുന്നു. 4. പിതാവിന്‌ അല്ലെങ്കിൽ കുടുംബത്തിന്‌ ദോഷം ചെയ്യുന്ന ഗ്രഹനിലയിൽ പിറന്നു എന്ന്‌ ജ്യോത്സ്യൻ പറയുന്നതുകേട്ട്‌ വിശ്വസിച്ച്‌ കുഞ്ഞുങ്ങളെ ദ്രോഹിക്കുകയും ഉപേക്ഷിക്കുകയും കൊല്ലുക പോലും ചെയ്യുക എന്നത്‌ അത്ര അപൂർവമല്ലാതായിരിക്കുന്നു. 5. ധനാഗമനയന്ത്രങ്ങൾ, വശീകരണ ഏലസ്സുകൾ, മന്ത്രമോതിരങ്ങൾ, രോഗമുക്തി ഉറപ്പാക്കുന്ന രത്‌നക്കല്ലുകൾ, ഭർത്താക്കന്മാരെ അവരറിയാതെ മദ്യവിമുക്തരാക്കാൻ ഭാര്യമാരെ സഹായിക്കുന്ന ഔഷധങ്ങൾ, പുരുഷന്മാരുടെ പ്രത്യേകിച്ച്‌ പ്രായമായവരുടെ ലൈംഗികശേഷി വർധിപ്പിക്കുന്ന സിദ്ധൗഷധങ്ങൾ, കഷണ്ടി മാറ്റാനും ശരീരത്തിന്റെ ഉയരം കൂട്ടാനും കുട്ടികളുടെ ബുദ്ധിശക്തി വർധിപ്പിക്കാനും ഉതകുന്ന ഔഷധങ്ങളും ടിൻഫുഡുകളും ഇത്തരം അനേകം വസ്‌തുക്കളുടെ പരസ്യങ്ങൾ നിത്യേന പത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ജനങ്ങൾ വഞ്ചിക്കപ്പെടുന്നു. 6. ദിവ്യരെന്നവകാശപ്പെടുന്ന വ്യക്തികളുടെ ആശ്രമങ്ങൾ കേന്ദ്രമായി നിരവധി അനാശാസ്യ പ്രവർത്തനങ്ങളും സാമ്പത്തിക തട്ടിപ്പുകളും കൊലപാതകങ്ങളും വരെ നടക്കുന്ന റിപ്പോർട്ടുകൾ ധാരാളമായി ലഭ്യമായിട്ടും നിയമനടപടികൾ ഒന്നും ഉണ്ടാകുന്നില്ല.

ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നടപടി കൈക്കൊള്ളാൻ ഇപ്പോൾ തന്നെ നിയമം ഉണ്ടായിരിക്കാമെങ്കിലും നിയമപാലകർ അതിൽ താൽപര്യമെടുക്കുന്നില്ല. അന്ധവിശ്വാസങ്ങളുടെയും കപടശാസ്‌ത്രങ്ങളുടെയും പിൻബലത്തിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകളെ നേരിടാൻ മഹാരാഷ്‌ട്ര മാതൃകയിൽ സമഗ്രമായ ഒരു നിയമവും അതിനായി പ്രത്യേകം ഒരു നിർവഹണ സംവിധാനവും ഉണ്ടായേ തീരൂ. മറ്റു കുറ്റകൃത്യങ്ങളിൽ നിന്ന്‌ വ്യത്യസ്‌തമായി, ഭാവി തലമുറയുടെ ശാസ്‌ത്രബോധത്തെ കൂടി ഇല്ലാതാക്കുന്നവയാണ്‌ ഇവ എന്നതും പ്രധാനമാണ്‌. ജനങ്ങളിൽ ശാസ്‌ത്രബോധം വളർത്തിയെടുക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം കൂടി ഇത്തരം ഒരു നിയമത്തിനു പിന്നിലുണ്ട്‌.

ബില്ലിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ

1. താഴെ പറയുന്ന രീതിയിലുള്ള അവകാശങ്ങൾ ഉന്നയിക്കുകയോ അതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കുകയോ ചെയ്യുന്നത്‌ നിയമവിരുദ്ധമായിരിക്കണം. O അമാനുഷിക കഴിവുകൾ (supernatural powers) ഉണ്ടെന്ന്‌ അവകാശപ്പെടുക, അത്‌ അനുചരന്മാർ വഴിയോ പരസ്യങ്ങളിലൂടെയോ പ്രചരിപ്പിക്കുക. O വ്യക്തികളുടെ ഭാവി പ്രവചിക്കുക, നിധിയുള്ള സ്ഥാനം പ്രവചിക്കുക, ശത്രുസംഹാരശേഷിയുണ്ടെന്ന്‌ അവകാശപ്പെടുക, മന്ത്രവാദം, മാരണം, ഒടിവെക്കൽ, തുടങ്ങിയ ആഭിചാരക്രിയകൾ ചെയ്യുക O അമാനുഷിക കഴിവുകൾ (supernatural powers) ഉണ്ടെന്ന്‌ അവകാശപ്പെട്ട്‌ ഇഷ്‌ട സന്താനലബ്‌ധി, സന്താനമില്ലാത്തവർക്ക്‌ സന്താനലബ്‌ധി എന്നിവ സാധ്യമാക്കാമെന്ന്‌ വാഗ്‌ദാനം നൽകുക. O പ്രേതബാധ, പിശാച്‌ബാധ, കുടുംബശാപം, സർപ്പശാപം മുതലായവ ഒഴിപ്പിക്കാമെന്ന്‌ വാഗ്‌ദാനം നൽകുക. O ഈ വിധ സേവനങ്ങൾക്ക്‌ പ്രതിഫലം കൈപ്പറ്റുക O ദേവപ്രീതിക്കായി മൃഗബലി നടത്തുക, കാൻസർ, അപസ്‌മാരം, മാനസിക രോഗങ്ങൾ, റാബിസ്‌, സർപ്പവിഷം, സോറിയാസിസ്‌ തുടങ്ങിയവയ്‌ക്ക്‌ ഒറ്റമൂലി കൈവശമുണ്ടെന്ന്‌ തെറ്റിദ്ധരിപ്പിക്കുകയും ചികിത്സിക്കുകയും ചെയ്യുക. O തെളിയിക്കപ്പെടാത്ത ശേഷികൾ ഉണ്ടെന്ന്‌ അവകാശവാദത്തോടെ ഔഷദങ്ങളും ബേബിഫുഡുകളും സൗന്ദര്യവർധക വസ്‌തുക്കളും പരസ്യപ്പെടുത്തുകയും വിൽക്കുകയും ചെയ്യുക, എത്രമദ്യം കഴിച്ചാലും കരളിനെ സംരക്ഷിക്കുന്ന ഔഷധങ്ങൾ, വാജീകാരികൾ, കഷണ്ടി മാറ്റുന്ന ഔഷധങ്ങൾ, ഉയരവും ബുദ്ധിശക്തിയും കൂട്ടുന്ന ഔഷധങ്ങളും ടിൻഫുഡുകളും എല്ലാം ഇതിൽപ്പെടും. O സ്‌പർശ ചികിത്സ, റെയ്‌കി, കത്തിയില്ലാ സർജറി തുടങ്ങിയ ആധുനിക തട്ടിപ്പുകളും ഇതിൽ ഉൾപ്പെടും. 2. നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക്‌ നൽകേണ്ട കുറഞ്ഞ ശിക്ഷയും പരമാവധി ശിക്ഷയും നിയമത്തിലുണ്ടാകണം. ജയിൽ ശിക്ഷയും പിഴയും ചേർന്നതാകണം ശിക്ഷ. ഇവരുടെ വഞ്ചനയ്‌ക്ക്‌ വിധേയമായവർക്ക്‌ നഷ്‌ടപരിഹാരം നൽകാനുള്ള വ്യവസ്ഥയും നിയമത്തിലുണ്ടാകണം. 3. അന്ധവിശ്വാസ-കപടവിശ്വാസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യാൻ പോലീസിൽ പ്രത്യേക വിഭാഗം തന്നെ ഉണ്ടാകണം. അവർ ആരൊക്കെയെന്ന്‌ നാട്ടുകാരെ അറിയിക്കണം. രണ്ടോ മൂന്നോ പോലീസ്‌ സ്റ്റേഷനുകൾക്ക്‌ ഒന്ന്‌ എന്ന തോതിൽ പ്രത്യേക പരിശീലനം കിട്ടിയ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംവിധാനവും നാട്ടുകാരുടെ വിജിലൻസ്‌ കമ്മിറ്റികളും (സർക്കാർ മുൻകൈയോടെ) ആണ്‌ വേണ്ടത്‌. ഉദ്യോഗസ്ഥന്മാർക്ക്‌ നേരിട്ടോ വ്യക്തികളുടെയോ വിജിലൻസ്‌ കമ്മിറ്റികളുടെയോ അപേക്ഷയനുസരിച്ചോ നടപടി കൈക്കൊള്ളാൻ പറ്റണം. പൊതുജനങ്ങൾക്കായി ഇത്തരം കാര്യങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകളും ചർച്ചകളും സംഘടിപ്പിക്കാനുള്ള ബാധ്യതയും ഇവർക്കുണ്ടാകണം.

ഒരു നിയമം കൊണ്ട്‌ അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും ഇല്ലാതാക്കാൻ കഴിയില്ലെങ്കിലും ഇത്തരം ഒരു നിയമം ഈ രംഗത്ത്‌ ഇടപെട്ട്‌ പ്രവർത്തിക്കുന്നവർക്ക്‌ ബലം നൽകും. ജനബോധവൽക്കരണത്തിനും അത്‌ സഹായകമാകും. അതിനാൽ ഇത്തരം ഒരു നിയമം ഒട്ടും വൈകാതെ കേരള അസംബ്ലിയിൽ അവതരിപ്പിച്ച്‌ പാസ്സാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന്‌ സർക്കാറിനോടും അതിനുവേണ്ടിയുള്ള സമ്മർദം സൃഷ്‌ടിക്കാൻ വേണ്ട പ്രചാരണത്തിലും പ്രക്ഷോഭങ്ങളിലും പങ്കുചേരാൻ കേരളത്തിലെ ജനങ്ങളോടും ജനങ്ങളുടെ പ്രസ്ഥാനങ്ങളോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

സംഘടനാരേഖ

സമ്മേളനം തെരഞ്ഞെടുത്ത കേന്ദ്രനിർവാഹകസമിതി

സ്വാഗതസംഘം പ്രവർത്തനങ്ങൾ