ജനകീയാരോഗ്യ അവകാശ പ്രഖ്യാപനവും അതിനു ശേഷവും

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ആമുഖം

2000 ഡിസംബർ 4 മുതൽ 8 വരെ ബംഗ്ലാദേശിൽ വെച്ചു ചേർന്ന സാർവദേശീയ ജനകീയാരോഗ്യ സഭയും അതിനു മുന്നോടിയായി കൊൽക്കത്തയിൽ ചേർന്ന ദേശീയാരോഗ്യ അസംബ്ലിയും ആരോഗ്യമേഖലയിലെ ജനകീയ ഇടപെടലിന്റെ സുപ്രധാന വഴിത്തിരിവുകളായിരുന്നു. ഡാക്കയിലെ സവറിലുള്ള ഗണസ്വാസ്ഥ്യകേന്ദ്രത്തിലാണ്‌ ജനകീയാരോഗ്യസഭ ചേർന്നത്‌. 113 രാജ്യങ്ങളിൽ നിന്നായി 1350 പ്രതിനിധികൾ പങ്കെടുത്തു.

``ആരോഗ്യം എന്നത്‌ ഒരു സാമൂഹ്യ രാഷ്‌ട്രീയ സാമ്പത്തിക പ്രശ്‌നമാണ്‌. സർവോപരി അതൊരു അടിസ്ഥാന മനുഷ്യാവകാശമാണ്‌. സഭ ഏകകണ്‌ഠമായി അംഗീകരിച്ച അവകാശ പ്രഖ്യാപന രേഖ പറയുന്നു. ``അനാരോഗ്യത്തിന്റെയും മരണത്തിന്റെയും അടിവേരുകൾ അസമത്വം, ദാരിദ്ര്യം, ചൂഷണം, ഹിംസ, അനീതി തുടങ്ങിയവയിലാണ്‌. ``എല്ലാവർക്കും ആരോഗ്യം എന്നത്‌ യാഥാർഥ്യമാകുന്നൊരു ലോകത്തെക്കുറിച്ചുള്ള വീക്ഷണത്തിന്റെ കാതൽ സമത്വം, പാരിസ്ഥിതികമായി നിലനിൽക്കുന്ന വികസനം, സമാധാനം എന്നിവയാണ്‌. ഈ പ്രശ്‌നങ്ങൾക്ക്‌ ``സ്വന്തമായ പരിഹാരങ്ങൾ കണ്ടെത്താനും പ്രാദേശികവും ദേശീയവുമായ സർക്കാരുകളോടും അന്താരാഷ്‌ട്ര സ്ഥാപനങ്ങളോടും കണക്കുചോദിക്കാനും അവകാശപ്രഖ്യാപന രേഖ ജനങ്ങളെ പ്രേരിപ്പിക്കുന്നു.

ഈ രേഖയിലെ ആഹ്വാനം വ്യക്തമായ ഒരു സാമൂഹ്യ പരിപ്രേക്ഷ്യത്തിൽ ഉൾച്ചേർന്നതാണ്‌. സാമ്പത്തികവും രാഷ്‌ട്രീയവും ആയ പരിഗണനകൾക്കു മേൽ ആരോഗ്യവും മനുഷ്യാവകാശങ്ങളും പരിഗണന നേടണം. രേഖ അടിവരയിടുന്നു. ആരോഗ്യത്തെ വിശാലാർഥത്തിൽ നിർവചിക്കുന്ന പ്രശ്‌നങ്ങളെ (സാമ്പത്തിക-സാമൂഹ്യ-രാഷ്‌ട്രീയ വെല്ലുവിളികളടക്കമുള്ളവയെ) നേരിടുക. പാരിസ്ഥിതികമായ പ്രത്യാഘാതങ്ങളെയും ഹിംസ, യുദ്ധം, മറ്റു സംഘർഷങ്ങൾ തുടങ്ങിയവയെയും നേരിടുക. അന്തിമമായി ആരോഗ്യമേഖല ജനകീയമാക്കുക. കൂടുതൽ ജനാധിപത്യപരവും സാമൂഹ്യബാധ്യതയുമുള്ളതാക്കുക എന്നിവയും രേഖ ഊന്നിപ്പറയുന്ന കാര്യങ്ങളാണ്‌.

ഡാക്കയിൽ നടന്ന ജനകീയാരോഗ്യസഭയ്‌ക്ക്‌ മുന്നോടിയായി കൊൽക്കത്തയിൽ ദേശീയാരോഗ്യ അസംബ്ലി നടന്നു. 19 സംസ്ഥാനങ്ങളിൽ നിന്നായി 2000ൽ ഏറെ പ്രതിനിധികൾ പങ്കെടുത്തു. ആരോഗ്യപ്രവർത്തകർ, ആരോഗ്യരംഗത്തെ വിദഗ്‌ധർ, സ്‌ത്രീകളുടെ ഗ്രൂപ്പുകൾ, ശാസ്‌ത്രപ്രസ്ഥാനങ്ങൾ, വികസന സംഘടനകൾ, ട്രേഡ്‌ യൂണിയനുകൾ, മറ്റു ജനകീയ പ്രസ്ഥാനങ്ങൾ എന്നിവയുടെ പ്രാതിനിധ്യമുള്ള 18 ദേശീയ ശൃംഖലകളുടെ പ്രതിനിധികൾ പങ്കെടുത്ത ആ സമ്മേളനം ഒരു ദേശീയ ജനകീയാരോഗ്യ അവകാശ പ്രഖ്യാപനം അംഗീകരിച്ചു. ഇത്‌ ആഗോളരേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. ``ജനങ്ങളുടെ അവകാശങ്ങളും വികേന്ദ്രീകൃത തദ്ദേശീയ ഭരണകൂടങ്ങളും എന്ന ആശയം ദേശീയ രേഖയിലും ഊന്നിപ്പറഞ്ഞിട്ടുണ്ട്‌. സുസ്ഥിരമായ പ്രാദേശിക കാർഷിക സംവിധാനം, സാർവത്രിക വിദ്യാഭ്യാസം, സുരക്ഷിതമായ കുടിവെള്ളം, ഭവനം, ശുചിത്വ സൗകര്യങ്ങൾ, മാന്യവും സുസ്ഥിരവമായ ജീവസന്ധാരണ മാർഗങ്ങൾ, താങ്ങാവുന്ന വിലയ്‌ക്ക്‌ അവശ്യമരുന്നുകൾ ഉൽപാദിപ്പിക്കുന്നതിന്‌ തയ്യാറാകുന്ന ഒരു മരുന്ന്‌ വ്യവസായം, ജനങ്ങളുടെ ആവശ്യങ്ങളോട്‌ പ്രതികരിക്കുന്ന ഒരു ആരോഗ്യരക്ഷാ സംവിധാനം എന്നിവ ഈ രേഖ ആവശ്യപ്പെടുന്നു. ``എല്ലാവർക്കും ആരോഗ്യം, ഇപ്പോൾത്തന്നെ എന്ന സമഗ്ര ആരോഗ്യപരിപാടിക്കുവേണ്ടിയുള്ള ഇരുപത്‌ ആവശ്യങ്ങൾ ഈ രേഖ മുന്നോട്ടുവെക്കുന്നു.

വൈദ്യശാസ്‌ത്രം അധിഷ്‌ഠിതമായി പ്രവർത്തിക്കുന്ന പൊതുധാരാ ആരോഗ്യവിദഗ്‌ധർ, പണ്‌ഡിതർ, ഗവേഷകർ, നയം രൂപീകരിക്കുന്നവർ, ആരോഗ്യഭരണകർത്താക്കൾ തുടങ്ങിയവരെ സംബന്ധിച്ചിടത്തോളം ഈ രണ്ടു രേഖകളും വെറും വാചകക്കസർത്തും വിശകലനത്തിലും ലക്ഷ്യത്തിലും കൃത്യതയില്ലാത്തതുമാണെന്നു തോന്നാം. ഇതിലൊരത്ഭുതവുമില്ല. അടുത്ത കാലത്ത്‌ ഉദാരവൽക്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കിവരുന്ന പുത്തൻ സാമ്പത്തിക നയങ്ങളും ആരോഗ്യരംഗത്തെ അന്താരാഷ്‌ട്ര കുറിപ്പടികളും വഴി സംഭവിച്ചതെന്താണ്‌? നമ്മുടെ നയഗവേഷകരും നയരൂപീകരണ കർത്താക്കളും, അൽമാ അത്ത അംഗീകരിച്ച പ്രാഥമിക ആരോഗ്യസംരക്ഷണം; ഇന്ത്യൻ കൗൺസിൽ ഓഫ്‌ സോഷ്യൽ സയൻസസ്‌ റിസർച്ച്‌ (ICSSR)/ ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ (ICMR) റിപ്പോർട്ടുകൾ, ബോർ, മുതലിയാർ, ശ്രീവാസ്‌തവ മുതലായവരുടെ സമീപനങ്ങൾ എന്നിവയടക്കമുള്ള സമഗ്ര നിർദേശങ്ങളിൽ നിന്നും ഏറെ അകന്നുപോയിരിക്കുന്നു. പുതിയ പല നിർദേശങ്ങളും പ്രാദേശിക സാമൂഹ്യ തെളിവുകളേക്കാൾ കമ്പോളശക്തികളാൽ നിശ്ചയിക്കപ്പെട്ട സാങ്കേതിക കുറിപ്പടികളുടെ തന്ത്രങ്ങൾക്കാണ്‌ കീഴ്‌പ്പെട്ടിരിക്കുന്നത്‌. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ഇനിയും സാധിക്കപ്പെടേണ്ടതായ അടിസ്ഥാന ആരോഗ്യ ആവശ്യങ്ങളേക്കാൾ ലോക കമ്പോളത്തിന്റെ ആവശ്യങ്ങൾക്കായിട്ടുള്ള ആരോഗ്യമേഖലയുടെ ആഗോളവൽക്കരണവും വ്യാപാരവൽക്കരണവും ആണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌.

ചർച്ചകൾക്കായുള്ള ഏഴ്‌ പശ്ചാത്തല രേഖകളും കുറിപ്പുകളും രണ്ട്‌ അവകാശ പ്രഖ്യാപന രേഖകളും ഈ ജനകീയ ആരോഗ്യസഭയിൽ ചർച്ച ചെയ്യപ്പെട്ടു. ആരോഗ്യനയവും ആരോഗ്യരക്ഷാപ്രവർത്തനങ്ങളും സംബന്ധിച്ചുള്ള ചർച്ചയിൽ, ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗത്തുനിന്നുമുള്ള ആരോഗ്യചികിത്സാ രംഗങ്ങളിലെ വിദഗ്‌ധർ പങ്കെടുത്തു. എന്നാൽ കഴിഞ്ഞ അമ്പതു വർഷക്കാലത്തിനിടയ്‌ക്ക്‌ ആദ്യമായി സാധാരണ മനുഷ്യരും മറ്റു രംഗങ്ങളിലെ വിദഗ്‌ധരും കൂടി പങ്കെടുത്തുകൊണ്ടുള്ള ഒരു ആശയവിനിമയ രീതിയിൽ നിന്നാണ്‌ ഈ രേഖ ഉണ്ടായിട്ടുള്ളത്‌ എന്നത്‌ എടുത്തുപറയേണ്ടുന്ന കാര്യമാണ്‌. ആരോഗ്യസഭയ്‌ക്കു മുന്നോടിയായി പതിനഞ്ച്‌ മാസക്കാലത്തിനിടയിൽ നടന്ന പരസ്‌പര വിനിമയത്തിന്റെയും സമവായ രൂപീകരണത്തിന്റെതുമായ യോഗങ്ങൾ പ്രധാനമായിരുന്നു. അതോടൊപ്പം ജനങ്ങളുടെ ആരോഗ്യരംഗത്തെ അന്വേഷണങ്ങൾ, ആരോഗ്യവുമായി ബന്ധപ്പെട്ട അനുഭവങ്ങളുടെ ശേഖരണം, ആരോഗ്യപ്രചരണ പരിപാടികൾ, കലാജാഥകൾ, പ്രാഥമിക തലം മുതൽ ജില്ലാ സംസ്ഥാന ദേശീയ തലം വരെ ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും ചർച്ചകൾ വഴി ഉയർന്നുവന്ന മുൻകൈ എന്നിവ ഈ രേഖയ്‌ക്കു പിന്നിലുണ്ട്‌. അതുകൊണ്ടുതന്നെ ഒരു വലിയ വിഭാഗം ജനങ്ങളും ജനകീയ സംഘടനകളും പ്രവർത്തകരും ആരോഗ്യവിദഗ്‌ധരും ചേർന്ന്‌ രൂപപ്പെടുത്തിയ ഒരു സമവായം ആണ്‌ ഈ രേഖ.

ജനങ്ങളും വിദഗ്‌ധരും തമ്മിലുള്ള ബന്ധത്തെ അപനിഗൂഢവൽക്കരിക്കുന്ന അഥവാ തുറന്നുകാട്ടുന്ന അസാധാരണമായ ഒരനുഭവമായിരുന്നു ഏഴു ദിവസങ്ങളിലായി കൊൽക്കത്തയിലും ഡാക്കയിലും നടന്ന ആരോഗ്യ സമ്മേളനങ്ങൾ. ശീതീകരിച്ച ദന്തഗോപുരങ്ങളിലിരുന്നുള്ള താത്വിക നയരൂപീകരണ ചർച്ചകളല്ല ഇവിടെ നടന്നത്‌. പകരം പരസ്‌പര ആശയവിനിമയ യോഗങ്ങളും റാലികളും പ്രദർശനങ്ങളു?ം നടന്നു. വാർത്താപത്രികകളും, ആരോഗ്യത്തെ സംബന്ധിച്ചുള്ള ആശങ്കകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന പാട്ടുകളും, ലഘുനാടകങ്ങളും, ജനകീയ ചുവർ പത്രങ്ങളും ഉണ്ടായി. മാത്രമല്ല ജനാധിപത്യ പ്രതിഷേധങ്ങൾ, മുദ്രാവാക്യം വിളികൾ എന്നിവയോടൊപ്പംതന്നെ ദേശീയ അന്തർദേശീയ തലത്തിൽ ജനങ്ങളുടെയും അവരുടെ സംസ്‌കാരത്തിന്റെയും വൈവിധ്യപൂർണമായ ആഘോഷങ്ങളും ധാരാളമായി നടന്നു. ഇതിനെല്ലാം അടിസ്ഥാനധാരയായി വർത്തിച്ചത്‌ ``എല്ലാവർക്കും ആരോഗ്യം എന്നതിനെപ്പറ്റിയുള്ള ആശങ്കകളായിരുന്നു.

ചികിത്സാപരിപ്രേക്ഷ്യത്തിനപ്പുറം പ്രശ്‌നവിശകലനത്തെ കാണാനും സാമൂഹ്യപരിപ്രേക്ഷ്യത്തിൽ നിന്ന്‌ പരിഹാരങ്ങൾ ഉയർത്തിക്കൊണ്ടുവരാനുമുള്ള വിദഗ്‌ധരുടെയും നയരൂപീകരണ കർത്താക്കളുടെയും മുന്നിലെ വെല്ലുവിളി തീർത്തും പുതിയതല്ല എന്നോർക്കേണ്ടതുണ്ട്‌. ഇന്ത്യയിലും മറ്റു പലയിടങ്ങളിലുമുള്ള വ്യത്യസ്‌ത കാഴ്‌ചപ്പാടോടുകൂടിയ പണ്‌ഡിതരും ഗവേഷകരും ഇതിനുവേണ്ടി നമ്മുടെ മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ രണ്ടു ദശാബ്‌ദക്കാലമായി. ആരോഗ്യസേവന വികസനത്തെ ഒരു സാമൂഹ്യ സാംസ്‌കാരിക പ്രക്രിയയായി കാണാനും ഒരു രാഷ്‌ട്രീയ പ്രക്രിയയായി കാണാനും സാമൂഹ്യ പ്രാദേശിക പരിപ്രേക്ഷ്യത്തോടെയുള്ള സാങ്കേതികവും ഭരണപരവുമായ ഒരു പ്രക്രിയയായി കാണാനും ജവഹർലാൽ നെഹ്രു സർവകലാശാലയിലെ പ്രൊഫ. ഡി.ബാനർജി നമ്മെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്‌. ``രോഗത്തിന്റെ നിർണായക ഘടകങ്ങൾ സാമ്പത്തികവും സാമൂഹ്യവുമാണ്‌ എന്നതിനാൽ അതിന്റെ പരിഹാരങ്ങളും സാമൂഹ്യവും സാംസ്‌കാരികവുമായിരിക്കും. മരുന്നും രാഷ്‌ട്രീയവും രണ്ട്‌ വ്യത്യസ്‌ത അറകളിൽ സൂക്ഷിക്കാൻ പാടില്ല എന്ന്‌ London School of Hygine and Tropical Medicineലെ അന്താരാഷ്‌ട്ര പ്രശസ്‌തനായ സാംക്രമിക രോഗവിദഗ്‌ധൻ അന്തരിച്ച പ്രൊഫ. ജ്യോഫ്രീറോസ്‌ 1990കളുടെ ആദ്യം തന്നെ പറഞ്ഞിരുന്നു. രണ്ടു ദശാബ്‌ദം മുമ്പു തന്നെ ``എല്ലാവർക്കും ആരോഗ്യം എന്നതിനെ സംബന്ധിച്ച്‌ പഠനം നടത്തിയ ICSSR, ICMR ഗ്രൂപ്പ്‌ മൂന്നിനം രിഹാരപദ്ധതി നിർദേശിച്ചിരുന്നു. അതിൽ ദാരിദ്ര്യവും അസമത്വവും കുറയ്‌ക്കാനും വിദ്യാഭ്യാസം വ്യാപിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്‌. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കു വേണ്ടി സമരം നടത്തുന്നതിന്‌ ദരിദ്രരെയും അധഃസ്ഥിതരെയും സംഘടിപ്പിക്കാനും ആരോഗ്യത്തെ സംബന്ധിച്ച്‌ നിലവിലുള്ള ഉപഭോക്തൃ മാതൃകയ്‌ക്കു പകരം ബദൽ സാമൂഹ്യ മാതൃക സൃഷ്‌ടിക്കാനും ഈ പഠനം ആവശ്യപ്പെടുന്നു. ചികിത്സയാൽ നിയന്ത്രിതമായ ആരോഗ്യ സുരക്ഷാസംവിധാനത്തെപ്പറ്റിയുള്ള അവകാശവാദങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ള മുൻധാരണകളാൽ തെററിദ്ധരിക്കപ്പെട്ട്‌ ഈ നിർദേശങ്ങളെല്ലാം നാം അവഗണിക്കുകയായിരുന്നു. ഈ പരിപ്രേക്ഷ്യത്തിൽ ഒരു മാറ്റം വരുത്താൻ ശ്രമിക്കുകയാണ്‌ ജനകീയ ആരോഗ്യഅവകാശ പ്രഖ്യാപന രേഖ.

കഴിഞ്ഞ സഹസ്രാബ്‌ദത്തിന്റെ അവസാനമായപ്പോഴും എല്ലാവർക്കും ആരോഗ്യമെന്ന ലക്ഷ്യം അപ്രാപ്യമായിത്തന്നെ നിന്നു. ഒരുപക്ഷെ അതു വളച്ചൊടിക്കപ്പെട്ടതും അവകാശികളില്ലാത്തതുമായി. എന്നാൽ അന്താരാഷ്‌ട്ര നിർദേശങ്ങൾ ഒരു പുതിയ പരിപ്രേക്ഷ്യത്തിലേക്ക്‌ മാറാൻ തുടങ്ങി. ലോകാരോഗ്യസംഘടനയുടെ ഏറ്റവും ഒടുവിലത്തെ വിശകലനങ്ങളിലും പരിഹാരനിർദേശങ്ങളിലും ദാരിദ്ര്യം, സമത്വം, അസമത്വം, സുസ്ഥിര വികസനം, ആരോഗ്യ സുരക്ഷയുടെയും നയത്തിന്റെയും സാമൂഹ്യ രാഷ്‌ട്രീയ പശ്ചാത്തലം മുതലായവ പ്രതിഫലിക്കാൻ തുടങ്ങി. എന്തിന്‌, പരമ്പരാഗത ആരോഗ്യമേഖലയിലെ പരിമിതികൾക്കപ്പുറത്തുള്ള ആരോഗ്യത്തെയും ജനസംഖ്യയെയും സംബന്ധിച്ച നിലവാരത്തെ ബാധിക്കുന്ന സുപ്രധാന ഘടകങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുകയായിരുന്നു എന്നു ലോകാരോഗ്യരംഗത്ത്‌ ഇന്നത്തെ ഏറ്റവും പ്രധാന പങ്കാളിയായ ലോകബാങ്ക്‌ പോലും പറയാൻ നിർബന്ധിക്കപ്പെട്ടു. സ്ഥാപിത താൽപര്യങ്ങളുടെ ശക്തമായ ഇടപെടൽ മൂലം ഈ സംഘടനകളിലുണ്ടാകുന്ന അറിവ്‌ വെറും വാചകക്കസർത്തുകളായി മാത്രം അവസാനിക്കുകയും പ്രവർത്തനങ്ങൾക്കായുള്ള ബദൽ പരിപ്രേക്ഷ്യങ്ങൾക്കു വേണ്ടിയുള്ള നിരന്തര ശ്രമം ഇല്ലാതാവുകയും ചെയ്യുന്നു.

ചികിത്സാ പരിപ്രേക്ഷ്യത്തിൽ നിന്നും സാമൂഹ്യപരിപ്രേക്ഷ്യത്തിലേക്കുള്ള മാറ്റം അതുകൊണ്ടു തന്നെ വളരെ അനിവാര്യവും നിർണായകവുമാണ്‌. സാമൂഹ്യബോധമുള്ള നയരൂപീകരണ കർത്താക്കൾക്കും ആരോഗ്യവിദഗ്‌ധർക്കും നയഗവേഷകർക്കും വളരെ പ്രധാനപ്പെട്ട ഒരു ധർമം നിർവഹിക്കാനുണ്ട്‌. ഇടുങ്ങിയ ചികിത്സാ സമീപനങ്ങളിൽ നിന്നും സാങ്കേതിക നിർണയങ്ങളിൽ നിന്നും വിശാലമായ സാമൂഹ്യവും സാമുദായികവുമായ പരിപ്രേക്ഷ്യമുള്ള ഗവേഷണം, പ്രശ്‌നവിശകലനം, പ്രവർത്തന പരിപാടികൾ മുതലായവയിലേക്ക്‌ നീങ്ങുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌ ദേശീയ ക്ഷയരോഗ പരിപാടിയുടെ നയങ്ങളെയും പരിപാടികളെയും പറ്റി ഒരു സാംക്രമിക രോഗവിദഗ്‌ധൻ നടത്തിയ വിശദമായ ഗവേഷണവിശകലനത്തിൽ ഉയർത്തിക്കാട്ടിയ കാര്യങ്ങൾ വളരെ പ്രധാനമാണ്‌. ദരിദ്രവൽക്കരണം, കടബാധ്യതകൾ, ആരോഗ്യ അനുബന്ധരംഗങ്ങളിലെ വിദഗ്‌ധരുടെയും മരുന്ന്‌-രോഗ നിർണയ വ്യവസായികളുടെയും താൽപര്യങ്ങളിലെ വൈരുധ്യങ്ങൾ അസമത്വപൂർണമായ സാമൂഹ്യബന്ധങ്ങൾ, അണുപ്രതിരോധ ശക്തി അല്ലെങ്കിൽ മരുന്നിന്റെ ലഭ്യത എന്നിവയേക്കാൾ നേതൃപരമായ കഴിവ്‌ സാമൂഹ്യബാധ്യത തുടങ്ങിയവയാണ്‌ പരിപാടി നടത്തിപ്പിലെ വിടവുകളുണ്ടാക്കുന്ന നിർണായക ഘടകങ്ങൾ എന്നാണ്‌ അദ്ദേഹം കണ്ടെത്തിയത്‌.

``ആരോഗ്യകരമായ ലോകത്തിനു വേണ്ടി ജനകീയ പങ്കാളിത്തം എന്നതിന്‌ അവകാശ പ്രഖ്യാപന രേഖകൾ നൽകുന്ന ഊന്നൽ ഉറപ്പുവരുത്തുന്നതിനു വേണ്ടി സാധാരണ ജനങ്ങൾ രക്ഷിതാക്കൾ സമുദായങ്ങൾ ഉപഭോക്തൃ ജനകീയ സംഘടനകൾ എന്നിവരുമായി ആരോഗ്യ വിദഗ്‌ധർ ചർച്ച നടത്താനും പൊതുപരിപാടികൾ നടത്താനും കൂടുതൽ അവസരമൊരുക്കുന്നതിന്‌ ശ്രദ്ധിക്കേണ്ട സമയമായി. സമൂഹത്തിലെ ദുർബല വ്യക്തികളും സമൂഹവുമായി ഐക്യദാർഢ്യം വികസിപ്പിക്കുന്ന പ്രക്രിയയ്‌ക്ക്‌ ആരോഗ്യ വിദഗ്‌ധരുടെ പങ്കാളിത്തത്തിനു വേണ്ടി 2000 ജനുവരിയിലെ ബ്രിട്ടീഷ്‌ മെഡിക്കൽ ജേർണലിലെ പത്രാധിപക്കുറിപ്പ്‌ വാദിക്കുന്നു. ``നാം അവരുടെ ദുരിതങ്ങൾ കേൾക്കുകയും എന്നിട്ടും അവരോടൊപ്പം ദുഃഖപരിഹാരത്തിനായി പ്രവർത്തിക്കാതിരിക്കുകയും ചെയ്യുമ്പോൾ നാം നമ്മുടെ ലക്ഷ്യം ഉപേക്ഷിക്കുകയാണ്‌ എന്നാണ്‌ പത്രാധിപക്കുറിപ്പ്‌ മുന്നറിയിപ്പ്‌ നൽകുന്നത്‌.

1978ലെ അൽമാ അത്തയിൽ നിന്നും 2000ലെ ജനകീയാരോഗ്യാവകാശപ്രഖ്യാപന രേഖ രൂപപ്പെടുത്തുന്നതുവരെയുള്ള യാത്ര വളരെ നീണ്ടതും ദുർഘടങ്ങൾ നിറഞ്ഞതുമായിരുന്നു. ജനങ്ങൾക്കു വേണ്ടി അവരുടെ നയങ്ങൾ തയ്യാറാക്കുക എന്നതിൽ നിന്നും ജനങ്ങൾക്ക്‌ നയത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളിലേക്കും, അന്താരാഷ്‌ട്ര ഏജൻസികളും ബഹുരാഷ്‌ട്ര കമ്പനികളും സർക്കാരുകളും നിർദേശിക്കുന്ന ആരോഗ്യവിദഗ്‌ധ കേന്ദ്രങ്ങളിലെ പ്രശ്‌ന വിശകലനങ്ങളിൽ നിന്നും ജനകീയ സംഘടനകളുടെയും ജനകീയ ഐക്യദാർഢ്യ ശൃംഖലകളുടെയും ആവശ്യങ്ങൾക്കനുസരിച്ചും അവരാൽ നിർണയിക്കപ്പെട്ടതുമായ പരിഹാരങ്ങളിലേക്ക്‌ ഉള്ള മാറ്റവും പുതിയ സഹസ്രാബ്‌ദത്തിലെ ആവേശകരമായ അനുഭവവും അതിന്റെ ആദ്യപടിയുമാണ്‌. ജനകീയാരോഗ്യപ്രസ്ഥാനം തുടങ്ങിയ ഉപകരണങ്ങളെ ആരോഗ്യത്തിലെ സാമൂഹ്യ പരിപ്രേക്ഷ്യം ഉയർത്തിക്കൊണ്ടുവരുന്നതിനും അതിനെ പുതിയ ലോകാരോഗ്യപ്രസ്ഥാനങ്ങളുടെ കേന്ദ്രസംയോജന ബിന്ദു ആക്കിക്കൊണ്ടുവരിക എന്നതിനും വേണ്ടി പരിശ്രമിക്കുകയെന്ന ലക്ഷ്യമാണ്‌ ``എല്ലാവർക്കും ആരോഗ്യം എന്നത്‌ ഒരു അനിവാര്യമായ ലക്ഷ്യമാണെന്ന്‌ വിശ്വസിക്കുന്ന നമ്മെപ്പോലുള്ളവരുടെ മുന്നിലുള്ള വെല്ലുവിളി.

കൊൽക്കത്തിയിലും ഡാക്കയിലും നടന്ന സംഭവങ്ങൾ ഇതിന്റെ തുടക്കം മാത്രമാണ്‌. ഈ വെല്ലുവിളി ഏറ്റെടുക്കുവാൻ നാം തയ്യാറുണ്ടോ എന്നതാണ്‌ കാര്യം.

ജനകീയാരോഗ്യ പ്രഖ്യാപനം

(2000 നവംബർ 30, ഡിസംബർ 1 തീയതികളിൽ കൊൽക്കത്തയിൽ ചേർന്ന ദേശീയാരോഗ്യ അസംബ്ലി അംഗീകരിച്ചത്‌.)

ആഗോളവൽക്കരണത്തിന്റെ വേഷമണിഞ്ഞ്‌ ഈ ഭൂഗോളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്കും മേൽ അഭൂതപൂർവ്വമായ ദുരിതവും ദാരിദ്ര്യവും അടിച്ചേൽപിക്കാൻ ശ്രമിക്കുന്ന അനീതി നിറഞ്ഞ ഈ ആഗോളവ്യവസ്ഥയെ അപലപിക്കുന്ന കാര്യത്തിൽ ഞങ്ങൾ, ഇന്ത്യൻ ജനത ഒറ്റക്കെട്ടായി നിൽക്കുകയാണ്‌. ഈ വ്യവസ്ഥ ചിട്ടയോടെ തന്നെ ദരിദ്രരാഷ്‌ട്രങ്ങളുടെ സമ്പദ്‌ഘടനയെ തകർത്ത്‌ തരിപ്പണമാക്കിക്കൊണ്ടിരിക്കുകയാണ്‌. ശക്തമായ ഏതാനും ചില രാഷ്‌ട്രങ്ങളെയും കോർപ്പറേഷനുകളെയും പരിപോഷിപ്പിക്കുവാൻ വേണ്ടി ലാഭം പിഴിഞ്ഞെടുക്കുവാനായിട്ടാണ്‌ ഇപ്രകാരം ചെയ്യുന്നത്‌. ഈ വ്യവസ്ഥ കെട്ടഴിച്ചുവിടുന്ന ശക്തികളുടെ പ്രവർത്തനഫലമായി ലോകത്തെമ്പാടുമുള്ള ദരിദ്രർ സ്വന്തം നാട്ടിൽ നിന്നും വീട്ടിൽ നിന്നും പറിച്ചുമാറ്റപ്പെടുകയും ഉപജീവന സ്രോതസ്സുകളിൽ നിന്നും അന്യവൽക്കരിക്കപ്പെടുകയുമാണ്‌. അങ്ങനെയവർ കൂടുതൽ കൂടുതൽ പ്രാന്തവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇത്തരമൊരു വ്യവസ്ഥയെ ശക്തമായി എതിർത്തുകൊണ്ടുതന്നെ സമ്പൂർണ ആരോഗ്യപരിചരണത്തിനായുള്ള നമ്മുടെ അവകാശത്തെപ്പറ്റി വീണ്ടും ഒരിക്കൽക്കൂടി ഊന്നിപ്പറയുകയാണ്‌ ഞങ്ങൾ. സമ്പൂർണ ആരോഗ്യ പരിചരണമെന്നത്‌ ഭക്ഷ്യ സുരക്ഷിതത്വവും, ഭദ്രമായ തൊഴിലവസരങ്ങളടക്കം സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ തെരഞ്ഞെടുക്കാനുള്ള അവകാശവും പാർപ്പിടം, കുടിവെള്ളം, ശുചീകരണ സംവിധാനങ്ങൾ എന്നിവയുടെ ലഭ്യതയും എല്ലാവർക്കും ഉചിതമായ വൈദ്യപരിചരണവും അടങ്ങുന്നതാണ്‌. ചുരുക്കിപ്പറഞ്ഞാൽ

എല്ലാവർക്കും ആരോഗ്യം ഇപ്പോൾത്തന്നെ ഈ അവകാശം ഞങ്ങൾ ആവശ്യപ്പെടുന്നു.

അന്തർദേശീയ സമൂഹം `അൽമ അത്ത' പ്രഖ്യാപനത്തിലൂടെ നമുക്ക്‌ നൽകിയ വാഗ്‌ദാനങ്ങളെയെല്ലാം ലോകബാങ്കും ഐ.എം. എഫും, ഡബ്ല്യു.ടി.ഒയും അതിന്റെ മുൻഗാമികളും ലോകാരോഗ്യ സംഘടനയും അന്തർദേശീയ ഫിനാൻസ്‌ മൂലധനത്തിന്റെ ആജ്ഞകൾക്ക്‌ കീഴ്‌വഴങ്ങി പ്രവർത്തിക്കുന്ന സർക്കാരും എല്ലാം ചേർന്ന്‌ കാറ്റിൽ പറത്തിയിരിക്കുകയാണ്‌. ഘടനാപരമായ ക്രമീകരണം പോലുള്ള നടപടികളിലൂടെ ആഗോളവൽക്കരണത്തിന്റെ ശക്തികൾ ലക്ഷ്യം വയ്‌ക്കുന്നത്‌ കഴിഞ്ഞ അൻപതു വർഷങ്ങൾക്കിടയിൽ നമ്മൾ അധ്വാനിച്ചും വിയർപ്പൊഴുക്കിയും ജീവൻ കൊടുത്തും പടുത്തുയർത്തിയ നമ്മുടെ വിഭവങ്ങളെയാണ്‌. ആഗോളവിപണിയുടെ സേവനത്തിനു വേണ്ടി ഇവയെ ഉപയോഗിക്കാനും അങ്ങനെ കൊള്ളലാഭം ഊറ്റിയെടുക്കാനുമാണ്‌ അവർ ശ്രമിക്കുന്നത്‌. പൊതുമേഖലയിലുള്ള ആരോഗ്യ പരിപാലന സ്ഥാപനങ്ങളുടെയും പൊതുവിതരണ സംവിധാനങ്ങളുടെയും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളുടെയും ഗുണഫലങ്ങളെല്ലാം നമ്മിൽ നിന്ന്‌ എടുത്തുമാറ്റിക്കഴിഞ്ഞു. നമ്മുടെ ദാരിദ്ര്യത്തിന്റെയും നഷ്‌ടത്തിന്റെയും മുഴുവൻ ഉത്തരവാദിത്വവും കുടികൊള്ളുന്നത്‌ നമ്മുടെ ജനസംഖ്യയിലും പെറ്റു പെരുകാനുള്ള പ്രവണതയിലുമാണ്‌ എന്നാണവർ വാദിക്കുന്നത്‌. ഇന്നത്തെ ദുരവസ്ഥയ്‌ക്ക്‌ നമ്മെ പഴിചാരുന്നു എന്നതാണ്‌ ഏറ്റവും വലിയ വിരോധാഭാസം.

ആരോഗ്യം ന്യായമായ ഒരവകാശമാണെന്ന്‌ ഞങ്ങൾ പ്രഖ്യാപിക്കുന്നു. അടിസ്ഥാന ആരോഗ്യപരിപാലനത്തിനായുള്ള വ്യവസ്ഥകൾ ഭരണഘടനാപരമായി നമ്മൾ ഓരോരുത്തരുടെയും മൗലികാവകാശമാക്കണമെന്ന്‌ ഞങ്ങൾ ആവശ്യപ്പെടുന്നു. നമ്മുടെ ആരോഗ്യത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള നമ്മുടെ തന്നെ അവകാശത്തെ ഞങ്ങളുറക്കെ പ്രഖ്യാപിക്കുന്നു. താഴെ പറയുന്ന കാര്യങ്ങളും ഞങ്ങൾക്കവകാശപ്പെട്ടതാണ്‌.

1. മതിയായ അധികാരത്തോടും ഉത്തരവാദിത്വത്തോടും സാമ്പത്തിക സ്ഥിതിയോടും കൂടിയ ശരിക്കും വികേന്ദ്രീകൃതമായ തദ്ദേശ ഭരണ വ്യവസ്ഥ.

2. `കൃഷിഭൂമി കർഷകർക്ക്‌' എന്ന തത്വത്തെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിരമായ കാർഷിക വ്യവസ്ഥയും ഇതുമായി കണ്ണിചേർക്കപ്പെട്ടുകൊണ്ട്‌, ആരും പട്ടിണി കിടക്കില്ല എന്നുറപ്പുവരുത്തുന്ന വികേന്ദ്രീകൃതമായ പൊതുവിതരണ സംവിധാനവും.

3. വിദ്യാഭ്യാസം, സുരക്ഷിത കുടിവെള്ളം, ഭവനം, ശുചിത്വ സൗകര്യങ്ങൾ മുതലായവയുടെ സാർവത്രിക ലഭ്യത.

4. അന്തസ്സുറ്റതും സുസ്ഥിരവുമായ ഉപജീവനമാർഗം.

5. വൃത്തിയുള്ളതും സുസ്ഥിരവുമായ പരിസ്ഥിതി.

6. താങ്ങാവുന്ന വിലയ്‌ക്ക്‌ അവശ്യവും പകർച്ചവ്യാധികൾ തടയുന്നതുമായ മരുന്നുകൾ ഉൽപാദിപ്പിക്കുന്നതിന്‌ സഹായിക്കുന്ന ഒരു മരുന്നു നയം.

7. ജനങ്ങളുടെ ആവശ്യങ്ങളോട്‌ പ്രതികരിക്കുന്നതും അവരാൽ നിയന്ത്രിക്കപ്പെടുന്നതുമായ ഒരു ആരോഗ്യപരിപാലന വ്യവസ്ഥ.

കൂടാതെ താഴെ പറയുന്ന കാര്യങ്ങളോടുള്ള ശക്തമായ എതിർപ്പും ഞങ്ങൾ പ്രകടിപ്പിക്കുന്നു.

1. വിപണിയുടെ ആവശ്യങ്ങളോട്‌ പൊരുത്തപ്പെട്ടുപോകുന്നതും, വികേന്ദ്രീകൃതവും സമത്വപൂർണവുമായ ഭക്ഷ്യലഭ്യത എന്ന ആവശ്യത്തെ അവഗണിക്കുന്നതുമായ കാർഷിക നയങ്ങൾ.

2. ജീവസന്ധാരണ മാർഗങ്ങളുടെ നാശവും സ്വകാര്യലാഭത്തിന്‌ വേണ്ടി നമ്മുടെ പ്രകൃതി വിഭവങ്ങളുടെ കൈയടക്കലും.

3. സാങ്കേതിക വിദ്യയിലധിഷ്‌ഠിതവും ചെലവേറിയതും ന്യൂനപക്ഷത്തിന്‌ മാത്രം പ്രാപ്യവുമായ മരുന്നുകളും ചികിത്സാ സൗകര്യങ്ങളും നൽകുന്ന ഒന്നാക്കി `ആരോഗ്യം' എന്നതിനെ മാറ്റുന്നത്‌.

4. ദരിദ്രരുടെ മേൽ അസ്വീകാര്യമായ ഭാരം കയറ്റിവയ്‌ക്കുന്ന തരത്തിൽ വൈദ്യ ശുശ്രൂഷയിൽ സർക്കാരിന്റെ ചെലവുകൾ കുറയ്‌ക്കുന്നതും സൗജന്യ വൈദ്യ ശുശ്രൂഷ എന്ന തത്വത്തിൽ നിന്നുള്ള സർക്കാരിന്റെ പിൻവാങ്ങലും പൊതു ആരോഗ്യ സ്ഥാപനങ്ങളിൽ ഉപഭോക്താക്കളിൽ നിന്നും ഫീസ്‌ ഈടാക്കുന്നതും.

5. വൈദ്യരക്ഷയുടെ സ്വകാര്യവൽക്കരണവും സ്വകാര്യമേഖലയ്‌ക്ക്‌ സർക്കാർ സബ്‌സിഡികൾ നൽകുന്നതും ആരോഗ്യ ഇൻഷുറൻസിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തവും.

6. ബലപ്രയോഗത്തിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണവും അപകടകരമായ ജനനനിയന്ത്രണ സാങ്കേതിക വിദ്യകളുടെ പ്രോത്സാഹനവും.

7. നമ്മുടെ പരമ്പരാഗത വിജ്ഞാനം കവർന്നെടുക്കാനും വൈദ്യസാങ്കേതിക വിദ്യയും മരുന്നുകളും നമുക്ക്‌ അപ്രാപ്യമാക്കാനും വേണ്ടി പേറ്റന്റ്‌ വ്യവസ്ഥകളെ ഉപയോഗിക്കൽ.

8. സമൂഹത്തിൽ വിഭാഗീയവും മർദക സ്വഭാവമുള്ളതുമായ മൗലികവാദം, ജാതീയത, പുരുഷാധിപത്യം തുടങ്ങിയ ശക്തികളുടെ സ്ഥാപനവൽക്കരണവും അതുവഴി നമ്മുടെ സമാധാനത്തിന്റെ തകർച്ചയും ഐക്യത്തിന്റെ ശിഥിലീകരണവും.

മേൽപറഞ്ഞവയുടെ വെളിച്ചത്തിൽ ഞങ്ങൾ ആവശ്യപ്പെടുന്നു:

1. അൽമ അത്ത പ്രഖ്യാപനത്തിൽ വിഭാവനം ചെയ്‌തിട്ടുള്ള സമഗ്ര പ്രാഥമികാരോഗ്യ ശുശ്രൂഷ എന്ന സങ്കൽപമായിരിക്കണം ആരോഗ്യരംഗത്തെ എല്ലാ നയരൂപീകരണങ്ങളുടെയും അടിസ്ഥാനം. ലംബമാനമായ ഒട്ടേറെ പരിപാടികളിലൂടെ (കൂടുതൽ ഉയർന്ന സാങ്കേതിക വിദ്യയും ചികിത്സയും വളർത്തുന്നതിലൂടെ) ആരോഗ്യസംവിധാനത്തെ ശിഥിലീകരിക്കാനുള്ള പ്രവണത അവസാനിപ്പിക്കണം. വികേന്ദ്രീകൃതമായ ആസൂത്രണം, തീരുമാനമെടുക്കൽ, നിർവഹണം എന്നിവയിലൂന്നിയ പ്രാഥമികാരോഗ്യ ശുശ്രൂഷാ സംവിധാനങ്ങളുമായി ദേശീയ ആരോഗ്യ പരിപാടികളെ ഉദ്‌ഗ്രഥിക്കണം. വ്യക്തികേന്ദ്രിതവും മരുന്നിനെയും ചികിത്സയെയും അടിസ്ഥാനപ്പെടുത്തിയതുമായ ആരോഗ്യസംവിധാനത്തിൽ നിന്നും വിട്ട്‌ സാമൂഹ്യവും പാരിസ്ഥിതികവും കമ്മ്യൂണിറ്റി അടിസ്ഥാനത്തിലുള്ളതുമായ നടപടികളിലേക്ക്‌ ശ്രദ്ധയൂന്നണം.

2. പരിശീലിക്കപ്പെട്ട ഗ്രാമീണാരോഗ്യ പ്രവർത്തകരും സബ്‌സെന്ററുകളും ഡോക്‌ടർമാർ പ്രവർത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും എല്ലാ വിഭാഗത്തിലും പെട്ട സാമൂഹ്യാരോഗ്യ പ്രവർത്തനങ്ങളുമടങ്ങുന്ന പ്രാഥമികാരോഗ്യ സ്ഥാപനങ്ങളുടെ സാമ്പത്തികവും ഭരണപരവുമായ നിയന്ത്രണങ്ങൾ അതാതു തലത്തിലുള്ള പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങൾക്ക്‌ നൽകണം. പ്രാഥമികാരോഗ്യ സ്ഥാപനങ്ങൾ മുഴുവനായും പഞ്ചായത്തിന്റെയും ഗ്രാമസഭകളുടെയും കീഴിലായിരിക്കണം പ്രവർത്തിക്കേണ്ടത്‌. സൗജന്യമായ ദ്വിതീയ- തൃതീയതല ചികിത്സകൾ ജില്ലാ പഞ്ചായത്തുകളുടെ നിയന്ത്രണത്തിലും ആകണം. ഇവയിലേക്കുള്ള ജനങ്ങളുടെ പ്രവേശനം പ്രധാനമായും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നുള്ള റഫറൽ കേസുകളായിട്ടായിരിക്കണം.

പ്രാഥമികാരോഗ്യ ശുശ്രൂഷയുടെ അനിവാര്യഘടകങ്ങൾ:

i. സമൂഹത്താൽ തെരഞ്ഞെടുക്കപ്പെട്ടതും ഗ്രാമസഭ, പഞ്ചായത്ത്‌, സർക്കാർ ആരോഗ്യ വിഭാഗം എന്നിവയുടെ പിന്തുണയോടു കൂടിയതുമായ ഗ്രാമീണാരോഗ്യ പ്രവർത്തകരെ അടിസ്ഥാനമാക്കിയുള്ള ഗ്രാമീണ ആരോഗ്യ സംവിധാനം.

ii. വിവിധ തലങ്ങളുമായി ബന്ധപ്പെട്ട അവയുടെ പിന്തുണയോടു കൂടിയതുമായ (ഗുണനിലവാര ചികിത്സ നൽകാൻ പ്രാപ്‌തമായതും) സൗകര്യങ്ങൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽത്തന്നെ ഉണ്ടാകണം. ഇതിനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സബ്‌സെന്ററുകളിലും ആവശ്യമായ ജീവനക്കാരും സാമഗ്രികളും ഉണ്ടായിരിക്കണം.

iii. ആരോഗ്യ കേന്ദ്രങ്ങളും സാമൂഹ്യാരോഗ്യ പ്രവർത്തകരും നഗരപ്രാഥമികാരോഗ്യ കേന്ദ്രങ്ങളും അടങ്ങുന്ന സമഗ്രമായ പ്രാഥമികാരോഗ്യ ശുശ്രൂഷ സംവിധാനഘടന നഗരങ്ങളിലുണ്ടായിരിക്കണം.

iV. അപസ്‌മാരം, ഉയർന്ന രക്തസമ്മർദം, ഗർഭിണികളുടെ രോഗങ്ങൾ, ത്വക്‌ രോഗങ്ങൾ മുതലായവ അത്ര സാധാരണമല്ലാത്തതും, പകരാത്തതുമായ രോഗങ്ങളടക്കം ചികിത്സിക്കാൻ കഴിയുന്ന തരത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഉള്ളടക്കം ശക്തിപ്പെടുത്തണം. പകർച്ചവ്യാധികൾ തടയാനും മറ്റുമുള്ള പ്രസക്ത മുൻകരുതൽ നടപടികളുമായി ഇവയെ കണ്ണിചേർക്കണം.

v. പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച്‌ പ്രാദേശിക തലത്തിൽ മേൽനോട്ടം നടത്താൻ ബ്ലോക്ക്‌ തലത്തിലുള്ള കേന്ദ്രങ്ങളും എല്ലാ സ്‌പെഷ്യാലിറ്റീസ്‌ സംവിധാനങ്ങളുമടങ്ങിയ തൃതീയ ചികിത്സയ്‌ക്കായി ജില്ലാതലത്തിലുള്ള കേന്ദ്രങ്ങളും ഉണ്ടായിരിക്കണം.

3. മൊത്തം ദേശീയോൽപാദനത്തിന്റെ 5%ൽ കുറയാത്ത തുക സർക്കാർ നൽകിക്കൊണ്ട്‌ സമഗ്ര വൈദ്യ ശുശ്രൂഷാ പരിപാടി തയ്യാറാക്കുകയും അതിൽ പകുതിയിൽ കുറയാത്ത തുക പ്രാഥമിക തല ആരോഗ്യ സംരക്ഷണത്തിനായി പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങൾക്ക്‌ കൈമാറുകയും വേണം. ഈ പരിപാടിയുടെ ഭൂരിഭാഗവും നിർവഹിക്കാനുള്ള അധികാരങ്ങൾ പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങൾക്ക്‌ കൈമാറിക്കൊണ്ട്‌, ഇത്തരം കടമകൾ ഏറ്റെടുക്കാനുള്ള പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിക്കണം.

4. പാവങ്ങൾക്കു പോലും പൊതു ആരോഗ്യ സ്ഥാപനങ്ങളിൽ ഫീസുകൾ ഏർപ്പെടുത്തിക്കൊണ്ടും സർക്കാർ ഡോക്‌ടർമാർക്ക്‌ സ്വകാര്യ പ്രാക്‌ടീസ്‌ അനുവദിച്ചുകൊണ്ടും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കരാറടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകിക്കൊണ്ടും സർക്കാർ ആരോഗ്യ സ്ഥാപനങ്ങളെ പടിപടിയായി സ്വകാര്യവൽക്കരിക്കാനുള്ള ശ്രമങ്ങൾ ഉടൻ തന്നെ ഉപേക്ഷിക്കണം. ഒരു പൗരന്‌ ആവശ്യമായ ആരോഗ്യ ശുശ്രൂഷ നൽകാൻ പൊതു ആരോഗ്യ സ്ഥാപനങ്ങൾക്ക്‌ കഴിയാതെ വരുന്നത്‌ നിയമം മൂലം ശിക്ഷാർഹമാക്കണം.

5. സൂപ്പർ സ്‌പെഷ്യാലിറ്റികളിൽ പരിശീലനം നേടിയവരുടെ അധിക ലഭ്യതയുണ്ടാകുന്ന വിധത്തിൽ ഇന്നു നിലനിൽക്കുന്ന വൈദ്യ വിദ്യാഭ്യാസ സമ്പ്രദായം മാറ്റണം. പകരം ആരോഗ്യ രംഗത്ത്‌ സമഗ്രമായി ആവശ്യാധിഷ്‌ഠിതമായ മാനുഷിക ശക്തി സൃഷ്‌ടിക്കാൻ വേണ്ട പരിപാടികൾ ആസൂത്രണം ചെയ്യണം. കൂടുതൽ ആവശ്യമായത്‌ പാരാമെഡിക്കൽ സ്‌റ്റാഫുകളും അടിസ്ഥാന ഡോക്‌ടർമാരുമാണെന്ന പ്രശ്‌നത്തിന്‌ പരിഹാരം കാണാൻ ഇതുവഴി കഴിയണം. മെഡിക്കൽ നഴ്‌സിങ്‌ കോളേജുകളിലും മറ്റു പരിശീലന സ്ഥാപനങ്ങളിലും നൽകുന്ന പരിശീലനത്തിനു പകരമായി വൈദ്യശാസ്‌ത്ര ബിരുദ പഠനത്തിന്റെയും നഴ്‌സിങ്‌ തുടങ്ങിയ പാരാമെഡിക്കൽ പഠനങ്ങളുടെയും ഭാഗമായുള്ള പരിശീലനങ്ങൾ ജില്ലാതല ആരോഗ്യസ്ഥാപനങ്ങളിലേക്കാക്കണം. സ്വകാര്യ മേഖലയിൽ പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കേണ്ടതില്ല. സർക്കാർ കോളേജുകളിൽ വാങ്ങുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ ഫീസോ മറ്റു സംഭാവനകളോ വാങ്ങുന്ന സ്വകാര്യ മെഡിക്കൽ കോളേജുകൾ അടച്ചുപൂട്ടാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം. അതോടൊപ്പം മെഡിക്കൽ കോളേജുകളിൽ നടക്കുന്ന സ്വകാര്യ ട്യൂഷൻ നിർത്തലാക്കണം. ഡോക്‌ടർ, നഴ്‌സിങ്‌, പാരാമെഡിക്കൽ തുടങ്ങിയ കോഴ്‌സുകളിൽ പഠിക്കുന്നവർക്ക്‌ ഒരു വർഷത്തെ ഗ്രാമീണസേവനം നിർബന്ധിതമാക്കണം. അതില്ലാത്തവർക്ക്‌ ആതുരസേവനം നടത്താനുള്ള ലൈസൻസ്‌ നൽകാൻ പാടില്ല. അതുപോലെത്തന്നെ ബിരുദാനന്തരബിരുദപഠനം നടത്തിയവർ മൂന്നു വർഷമെങ്കിലും ഗ്രാമങ്ങളിൽ പ്രവർത്തിച്ചിരിക്കണം എന്നത്‌ നിർബന്ധമാക്കണം.

6. വ്യാപാരാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ അനിയന്ത്രിതവും ലക്കും ലഗാനുമില്ലാത്തതു മായ വളർച്ച തടയണം. മരുന്നും ശസ്‌ത്രക്രിയയും വഴിയുള്ള ചികിത്സ, പരിശോധനാസംവിധാനങ്ങളുടെ ഉപയോഗം, സ്റ്റാൻഡേർഡ്‌ നിരക്ക്‌ ഘടന, സമയാസമയങ്ങളിലുള്ള വൈദ്യ ഓഡിറ്റ്‌ മുതലായവ നിർബന്ധമാക്കിക്കൊണ്ടുള്ള പൊതുമാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണം. സ്വകാര്യ ആശുപത്രികൾ, നഴ്‌സിങ്‌/പ്രസവ ആശുപത്രികൾ, ലബോറട്ടറികൾ മുതലായവയിൽ ഏറ്റവും കുറഞ്ഞ നിലവാരമെങ്കിലും പാലിക്കുന്നുണ്ടെന്നുറപ്പുവരുത്താനുള്ള സാമൂഹ്യ- നിയമസംവിധാനങ്ങൾ രൂപീകരിക്കണം. റഫർ ചെയ്യുന്നവർക്കെല്ലാം കമ്മീഷൻ എന്ന നിലനിൽക്കുന്ന രീതി നിയമപരമായിത്തന്നെ കുറ്റകരമാക്കണം. ഇക്കാര്യങ്ങൾക്കായി ജനകീയ സംഘടനകളുടെയും വിദഗ്‌ധരുടെ സംഘടനകളുടെയും വേണ്ടത്ര പ്രതിനിധികൾ ഉൾക്കൊള്ളുന്നതും നിയമപരമായി അധികാരമുള്ളതുമായ ഒരു സമിതിയുണ്ടാക്കണം.

7. നമ്മുടെ വളർച്ചയ്‌ക്കും വികസനത്തിനും അനുസൃതമായി ന്യായമായ വിലയ്‌ക്കും കൃത്യമായ ഗുണനിലവാരത്തിലും അത്യാവശ്യമരുന്നുകളുടെ ഉൽപാദനത്തിൽ സ്വയംപര്യാപ്‌തത കൈവരിക്കാൻ കഴിയുന്ന ബദൽ ഔഷധ നയം രൂപീകരിക്കണം.

ഔഷധ നയം താഴെ പറയുന്ന കാര്യങ്ങൾക്ക്‌ മുൻഗണന നൽകണം:

  • അനാവശ്യവും അപകടകരവുമായ എല്ലാ മരുന്നുകളും നിരോധിക്കുക.
  • അത്യാവശ്യ മരുന്നുകളുടെ വിലയും, ഉൽപാദന വിഹിതവും നിശ്ചയിക്കുക.
  • മരുന്നുകളുടെ പൊതുവായ പേരുകൾ (Generic) ഉപയോഗിക്കുന്നത്‌ നിർബന്ധമാക്കുക.
  • എല്ലാ ഔഷധങ്ങളുടെയും പരസ്യവും വിൽപനയും വിതരണവും കൃത്യമായ മാനദണ്‌ഡങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായി നിയന്ത്രിക്കുക.
  • പുതിയതും പഴയതുമായ എല്ലാ കുത്തിവയ്‌പുകൾക്കും ഒരു മാർഗരേഖ തയ്യാറാക്കുക.
  • മൾട്ടിനാഷണലുകളുടെ ഔഷധ രംഗത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും ആധുനിക ശാസ്‌ത്രസാങ്കേതിക വിദ്യ ആവശ്യമായ മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുക.
  • പുതിയ പേറ്റന്റ്‌ നിയമം പുനഃപരിശോധിക്കുകയും ഔഷധരംഗം കുത്തകവൽക്കരിക്കുന്നതിനെ തടയാനും പുതിയ മരുന്നുകൾ ന്യായമായ വിലയ്‌ക്ക്‌ ലഭ്യമാക്കാനുമുള്ള സംവിധാനങ്ങൾ ആരംഭിക്കുകയും ചെയ്യുക.
  • പൊതുമേഖലയിൽ മരുന്നിന്റെ ഉൽപാദനവും വിപണനവും പ്രോത്സാഹിപ്പിക്കുകയും ക്രമേണ ആ മേഖലയിൽ സ്വയംപര്യാപ്‌തത നേടുകയും ചെയ്യുക.

8. മെഡിക്കൽ രംഗത്തെ മുഴുവൻ ഗവേഷണങ്ങളുടെയും മുൻഗണന രാജ്യത്തെ രോഗാതുരതയെയും, മരണ നിരക്കിനെയും അടിസ്ഥാനമാക്കിയായിരിക്കണം. ആരോഗ്യരംഗത്തെ എല്ലാ ഗവേഷണ പദ്ധതികളുടെയും ദിശയും ഉദ്ദേശ്യവും ലക്ഷ്യവും പൂർണമായും സുതാര്യമായിരിക്കണം. ഈ രംഗത്തെ ഗവേഷണങ്ങൾക്ക്‌ സർക്കാർ ആവശ്യമായ പണം അനുവദിക്കണം.

മനുഷ്യനെ ബാധിക്കുന്ന വിഷയങ്ങളിൽ ഗവേഷണം നടത്തുമ്പോൾ പൊതുജനങ്ങൾക്കിടയിൽ ഒരു സംവാദം നടത്തിയതിനു ശേഷം സത്യസന്ധമായ ഒരു മാർഗരേഖ തയ്യാറാക്കണം. കൃത്യവും സ്‌പഷ്‌ടവുമായ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യനെ ബാധിക്കുന്ന ഗവേഷണങ്ങളും പരീക്ഷണങ്ങളും നടത്താൻ പാടില്ല. ഇതിൽ വീഴ്‌ച വരുത്തുന്നവരെ നിയമാനുസൃതമായി ശിക്ഷയ്‌ക്ക്‌ വിധേയമാക്കണം.

എല്ലാ മനുഷ്യത്വവിരുദ്ധമായ ഗവേഷണങ്ങളും പ്രത്യേകിച്ച്‌ ഗർഭനിരോധന ഗവേഷണങ്ങൾ ഉടനടി നിർത്തലാക്കണം. സ്‌ത്രീകളുടെ (പുരുഷന്മാരുടെയും) അറിവും സമ്മതവുമില്ലാതെ പരീക്ഷണങ്ങൾക്ക്‌ വിധേയമാക്കുന്നത്‌, പ്രത്യേകിച്ച്‌ അപായകരമായ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത്‌ എത്രയും പെട്ടെന്ന്‌ കണ്ടെത്തി വേണ്ടവിധം പരിഹാരം നൽകണം. പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും അധാർമികവും മനുഷ്യത്വ വിരുദ്ധവും നിയമരഹിതവുമായ പ്രവർത്തനങ്ങൾക്ക്‌ കടുത്ത ശിക്ഷ നൽകണം.

9. ഇന്ന്‌ കുടുംബാസൂത്രണത്തിനായി നൽകി വരുന്ന പാരിതോഷികങ്ങളും ശിക്ഷകളും ഉൾപ്പെടെയുള്ള എല്ലാ നടപടികളും നിർത്തലാക്കുക.

ഓരോ കുടുംബത്തിനും എത്ര കുട്ടികൾ വേണമെന്ന്‌ തീരുമാനിക്കാനുള്ള അവകാശം ആ കുടുംബത്തിന്‌, പ്രത്യേകിച്ച്‌ അവിടുത്തെ സ്‌ത്രീകൾക്കായിരിക്കണം. സുരക്ഷിതമായി സ്വീകരിക്കാവുന്ന ഗർഭനിരോധന മാർഗങ്ങളെ കുറിച്ച്‌ അതിന്റെ വിശദമായ വിവരണത്തോടെ ജനങ്ങൾക്കിടയിൽ ലഭ്യമാക്കുകയും അവർക്ക്‌, പ്രത്യേകിച്ച്‌ സ്‌ത്രീകൾക്ക്‌ തെരഞ്ഞെടുക്കാൻ കഴിയുകയും വേണം. NET-EN, Depo-Provero തുടങ്ങിയ കുത്തിവയ്‌പുകൾ, തൊലിക്കടിയിൽ നിക്ഷേപിക്കുന്ന Norplant, ഗർഭ നിരോധനരംഗത്തെ സാങ്കേതിക വിദ്യകൾ സ്വകാര്യ മേഖലയിലായാലും നിരോധിക്കണം. കുടുംബാസൂത്രണത്തിന്റെ മുഴുവൻ ബാധ്യതയും സ്‌ത്രീയുടേത്‌ മാത്രമായി കാണുന്ന അവസ്ഥ മാറ്റുകയും ചുരുങ്ങിയത്‌ തുല്യ ഉത്തരവാദിത്വമെങ്കിലും പുരുഷന്റേതു കൂടിയാക്കാനുള്ള നടപടികൾ സ്വീകരിക്കണം.

10. പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുക. പ്രാദേശിക നാട്ടുവൈദ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതും തുടർച്ചയായ അനുഭവങ്ങളിലൂടെയും അന്വേഷണങ്ങളിലൂടെയും കണ്ടെത്തി വളർന്നുവന്നിട്ടുള്ള അറിവുകളും ആധുനിക ചികിത്സയുടെ ഭാഗമായ പ്രകൃതിദത്തമായ ചികിത്സാവിധിയായി ഉപയോഗപ്പെടുത്തണം.

11. നമ്മുടെ അറിയാനുള്ള അവകാശത്തെ അടിസ്ഥാനമാക്കി ആരോഗ്യസംരക്ഷണ രംഗവുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങൾ എടുക്കുന്നതിലും സുതാര്യതയും വികേന്ദ്രീകരണവും ഉറപ്പാക്കുക. ജനങ്ങളുടെ ഇടയിൽ ചർച്ച ചെയ്‌തതിനു ശേഷം മാത്രമേ ആരോഗ്യനയത്തിൽ തീരുമാനങ്ങൾ എടുക്കാവൂ.

12. പകർച്ച വ്യാധികൾ വീണ്ടും കാണുന്ന പ്രവണതയെ തടയുന്നതിന്‌ സാമൂഹ്യവും പ്രകൃതിദത്തവുമായ നടപടികൾ സ്വീകരിക്കണം. ഇതിന്‌ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

  • നമ്മുടെ എല്ലാ വികസന പദ്ധതികളും സമഗ്ര ആരോഗ്യ രംഗത്തെ എങ്ങനെ ബാധിക്കുന്നു എന്ന്‌ വിലയിരുത്തുക.
  • ടി.ബി, മലേറിയ തുടങ്ങിയ സർവസാധാരണ രോഗങ്ങൾക്കെതിരെ വികേന്ദ്രീകൃതവും ശക്തവുമായ പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള അറിയിപ്പുകൾ സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഉണ്ടായിരിക്കണം.
  • ലൈംഗിക രോഗങ്ങളും എയ്‌ഡ്‌സും തടയുന്നതിന്‌ ഇന്ന്‌ അവലംബിച്ചിരിക്കുന്ന മാർഗങ്ങൾ നവീകരിക്കുക. അതിന്‌ ലൈംഗിക വിദ്യാഭ്യാസം നൽകുക. കഴിയുന്നത്ര കുടിയൊഴിക്കലും ജീവിത മാർഗങ്ങൾ തടസ്സപ്പെടുത്തലും ഒഴിവാക്കുക. ലൈംഗിക വ്യാപാരം തുടങ്ങിയുള്ള അനാരോഗ്യപ്രശ്‌നങ്ങളെപ്പറ്റി സാമൂഹ്യബോധവൽക്കരണം നടത്തുക. ഇത്‌ തടയുന്നതിന്‌ ലോകത്തിൽത്തന്നെ ഉണ്ടായിട്ടുള്ള അറിവുകൾ ലഭ്യമാക്കുക. ലിംഗവിവേചനത്തിനെതിരായും സ്‌ത്രീകളെ ശാക്തീകരിക്കുന്നതിനും സാമൂഹ്യ ശ്രദ്ധ ക്ഷണിക്കുക.

13. പ്രമേഹം, ഹൃദ്രോഗം, ക്യാൻസർ പോലുള്ള പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളും നേരത്തേ കണ്ടുപിടിക്കാനും ചികിത്സിക്കാനും പ്രാദേശിക തലത്തിൽത്തന്നെ സാധ്യമാക്കുക.

14. സ്‌ത്രീ കേന്ദ്രീകൃത ആരോഗ്യസംവിധാനത്തിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തുന്നു:

  • സ്‌ത്രീകൾ അനുഭവിക്കുന്ന മൂന്നിരട്ടി ഭാരം, പോഷകാഹാരം, ആരോഗ്യസംരക്ഷണം തുടങ്ങിയവയിൽ സ്‌ത്രീകളോടുള്ള വിവേചനം മുതലായ പ്രശ്‌നങ്ങളിൽ സാമൂഹ്യമാറ്റമുണ്ടാക്കുന്നതിനാവശ്യമായ ബോധവൽക്കരണം.
  • ഗാർഹിക പീഢനത്തിന്റെയും സ്‌ത്രീകളുടെ ജോലിഭാരത്തിന്റെയും ഫലമായി ഉണ്ടാകുന്ന ആരോഗ്യപ്രത്യാഘാതങ്ങളെ ഒഴിവാക്കാനോ, ശമിപ്പിക്കാനോ ആവശ്യമായ നടപടികൾ.
  • സംഘടിത മേഖലയിലും അസംഘടിത മേഖലയിലും സ്‌ത്രീ തൊഴിലാളികൾക്ക്‌ പൂർണമായ പ്രസവാനുകൂല്യങ്ങളും ശിശുസംരക്ഷണ സൗകര്യങ്ങളും നൽകുക.
  • ഒറ്റയ്‌ക്ക്‌ ജീവിക്കുന്ന സ്‌ത്രീകൾ, വിധവകൾ, വിവാഹമോചനം നേടിയ സ്‌ത്രീകൾ, ലൈംഗികവ്യാപാരം നടത്തുന്ന സ്‌ത്രീകൾ തുടങ്ങിയവർക്ക്‌ പ്രത്യേക പരിഗണന നൽകുക, ഗർഭധാരണം, പ്രസവം, ഗർഭം അലസൽ, വന്ധ്യത തുടങ്ങിയ പുനരുൽപാദനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങൾക്ക്‌ ലിംഗാധിഷ്‌ഠിത സേവനങ്ങൾ ലഭ്യമാക്കുക.
  • പെൺഭ്രൂണഹത്യക്കും, ലിംഗനിർണയത്തിനും, പെൺശിശുഹത്യക്കും എതിരെ ശക്തമായ പൊതുപ്രചരണവും നിയമങ്ങളും പ്രവർത്തനങ്ങളും നടത്തണം.

15. ശിശു കേന്ദ്രീകൃത ആരോഗ്യത്തിൽ താഴെ പറയുന്നവ ഉൾപ്പെടുത്തുക.

  • കുട്ടികളുടെ അവകാശ രേഖ തയ്യാറാക്കുകയും, സാർവത്രികവും സമഗ്രവുമായ ശിശു സംരക്ഷണ പ്രവർത്തനങ്ങൾക്കായി ബഡ്‌ജറ്റിൽ ആവശ്യമായ പണം മാറ്റിവയ്‌ക്കുക.
  • തൊഴിലെടുക്കുന്ന സ്‌ത്രീകളുടെ കുട്ടികൾക്കായുള്ള സംരക്ഷണത്തിന്‌ (പ്രത്യേകിച്ച്‌ മുലയൂട്ടുന്ന അമ്മമാരുടെ) സൗകര്യപ്രദമായ രീതിയിൽ വിശാലവും ഊർജിതവുമായ ICDS പദ്ധതികൾ നടപ്പിലാക്കുക.
  • ശിശുക്കൾക്ക്‌ നേരെയുള്ള ആക്രമത്തിന്‌, പ്രത്യേകിച്ച്‌ ലൈംഗികാക്രമത്തിനെതിരെ നടപടികൾ എടുക്കുക.
  • ബാലവേല നിർമാർജനം ചെയ്യുന്നതിന്‌ സാമ്പത്തികവും വിദ്യാഭ്യാസപരവും നിയമപരവുമായ നടപടികൾ സ്വീകരിക്കുകയും, എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുകയും ചെയ്യുക.

16. തൊഴിൽപരവും പരിസ്ഥിതി സംബന്ധവുമായ ആരോഗ്യപ്രശ്‌നങ്ങളിൽ ഊന്നൽ നൽകേണ്ട പ്രത്യേക നടപടികൾ:

  • കാർഷിക രംഗത്തും വ്യാവസായിക രംഗത്തുമുള്ള അപകടകരമായ സാങ്കേതിക വിദ്യ നിരോധിക്കുക.
  • മാനേജ്‌മെന്റ്‌ തീരുമാനിക്കുന്ന തൊഴിൽ പരിസര സുരക്ഷിതത്വത്തിനു പകരം തൊഴിലാളി കേന്ദ്രീകൃതമായ സുരക്ഷാ സംവിധാനങ്ങളുള്ള തൊഴിൽ സാഹചര്യം ലഭ്യമാക്കണം.
  • തൊഴിൽപരമായി ഉണ്ടാകുന്ന അസുഖങ്ങൾ മുൻകൂട്ടി കണ്ടുപിടിക്കാൻ കഴിയുന്ന വിധം ആരോഗ്യമേഖല പുനഃക്രമീകരിക്കുക.
  • റോഡുകളിലും വ്യവസായസ്ഥാപനങ്ങളിലും കൃഷിസ്ഥലങ്ങളിലും ആവർത്തിച്ചുണ്ടാകുന്ന അപകടങ്ങളും ക്ഷതങ്ങളും ഒഴിവാക്കാനുള്ള പ്രത്യേക നടപടികൾ സ്വീകരിക്കുക.

17. മാനസികാരോഗ്യപ്രശ്‌നങ്ങൾക്ക്‌, രോഗത്തിന്‌ മരുന്നെന്നതിനുപരി പ്രകൃതിയുമായി ബന്ധപ്പെട്ട ചികിത്സാ സമ്പ്രദായങ്ങളെ പ്രോത്സാഹിപ്പിക്കുക.

സമൂഹത്തിന്റെ സഹകരണത്തോടെ സാമൂഹ്യമായി മാനസിക പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന്‌ പ്രോത്സാഹിപ്പിക്കുക. പ്രൈമറി ഹെൽത്ത്‌ സെന്ററിൽ മാനസികാരോഗ്യപ്രശ്‌നങ്ങൾ പ്രാരംഭത്തിൽ കണ്ടുപിടിക്കുന്നതിനും സമഗ്രമായി പരിഹരിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഉണ്ടാക്കണം.

18. പ്രായമായവരുടെ ആരോഗ്യസംരക്ഷണത്തിനും അവരുടെ സാമ്പത്തിക സുരക്ഷിതത്വത്തിനും അവരുടെ കഴിവുകൾക്കനുസരിച്ചുള്ള തൊഴിലുകൾ ലഭ്യമാക്കുന്നതിനും സൗകര്യപ്പെടുത്തുന്ന ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളും ആവശ്യമായവർക്ക്‌ താമസസൗകര്യങ്ങളും നൽകുക.

19. മാനസികവും ശാരീരികവുമായി വൈകല്യമുള്ളവർക്കായി അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കണം. അവരെ സമൂഹത്തിൽ നിന്ന്‌ മാറ്റിനിർത്തുന്നതിനു പകരം സമൂഹത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന്‌ അവർക്ക്‌ പ്രത്യേക പരിഗണനകൾ നൽകണം. തുല്യമായ വിദ്യാഭ്യാസ സൗകര്യങ്ങളും തൊഴിലും പ്രത്യേക ആരോഗ്യപരിഗണനകളും ആവശ്യമെങ്കിൽ പുനരധിവാസ സൗകര്യങ്ങളും നൽകണം.

20. അനാരോഗ്യകരമായ ജീവിതരീതിയും, ലഹരിക്കടിമപ്പെടൽ, പുകവലി, മുറുക്ക്‌ തുടങ്ങിയവയുടെ പരസ്യവും ഉൽപാദനവും വിൽപനയും കമ്പനികളിലെ ചെറുപ്പക്കാർക്കിടയിൽ നിരോധിക്കുകയും ലഹരിവിമുക്ത പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പക്കുകയും ചെയ്യുക. .

ആരോഗ്യത്തിനായുള്ള ജനകീയാവകാശ പ്രഖ്യാപനം

(2000 ഡിസംബർ 4 മുതൽ 8 വരെ ഡാക്കയിൽ ചേർന്ന ലോക ജനകീയാരോഗ്യസഭ അംഗീകരിച്ചത്‌)

മുഖവുര

ആരോഗ്യം എന്നത്‌ ഒരു സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്രീയ പ്രശ്‌നമാണ്‌. സർവോപരി അതൊരു അടിസ്ഥാന മനുഷ്യാവകാശമാണ്‌. ദരിദ്രരും പ്രാന്തവൽകൃതരും ആയവരുടെ അനാരോഗ്യത്തിന്റെയും മരണത്തിന്റെയും അടിവേരുകൾ അസമത്വം, ദാരിദ്ര്യം, ചൂഷണം, ഹിംസ, അനീതി തുടങ്ങിയവയിലാണ്‌. ശക്തമായ സ്ഥാപിത താൽപര്യങ്ങളെ വെല്ലുവിളിക്കണമെന്നും ആഗോളവൽക്കരണത്തെ എതിർക്കണമെന്നും രാഷ്‌ട്രീയ-സാമ്പത്തിക മുൻഗണനാക്രമം മാറ്റിമറിക്കണമെന്നതുമാണ്‌ `എല്ലാവർക്കും ആരോഗ്യം' എന്നതുകൊണ്ട്‌ അർഥമാക്കുന്നത്‌.

ഒരിക്കലും കേൾക്കാത്തതോ, വല്ലപ്പോഴും മാത്രം കേൾക്കുന്നതോ ആയ ശബ്‌ദം പുറപ്പെടുവിക്കുന്ന ദരിദ്രന്റെ വീക്ഷണങ്ങളിന്മേലാണ്‌ ഈ അവകാശ രേഖ നിർമിച്ചിരിക്കുന്നത്‌. സ്വന്തമായ ഉത്തരങ്ങൾ (പരിഹാരങ്ങൾ) കണ്ടെത്താനും പ്രാദേശികവും ദേശീയവുമായ സർക്കാരുകളോടും സ്ഥാപനങ്ങളോടും കണക്കു ചോദിക്കാനും ഇതു ജനങ്ങളെ പ്രേരിപ്പിക്കുന്നു.

വീക്ഷണം

എല്ലാവർക്കും ആരോഗ്യം എന്നത്‌ യാഥാർഥ്യമാകുന്ന ഒരു ലോകം-ആ നല്ല ലോകത്തെക്കുറിച്ചുള്ള വീക്ഷണത്തിന്റെ കാതൽ, സമത്വം, പാരിസ്ഥിതികമായി നിലനിൽക്കുന്ന വികസനം, സമാധാനം എന്നിവയാണ്‌; ജീവനേയും വൈവിധ്യത്തെയും ബഹുമാനിക്കുകയും അംഗീകരിക്കുകയും അതിൽ ആഹ്ലാദിക്കുകയും (ആഘോഷിക്കുകയും) ചെയ്യുന്ന ഒരു ലോകം; പരസ്‌പരം സമ്പുഷ്‌ടമാക്കുന്നതിനു വേണ്ടി ശേഷികളും ശേമുഷികളും പുഷ്‌പിക്കുന്നതിന്‌ സഹായകരമായ ഒരു ലോകം; നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന തീരുമാനങ്ങളെ, ജനങ്ങളുടെ ശബ്‌ദം നയിക്കുന്ന ഒരു ലോകം. ഈ വീക്ഷണം സാക്ഷാൽക്കരിക്കുന്നതിനാവശ്യമായതിനേക്കാളേറെ വിഭവങ്ങൾ നമുക്കുണ്ട്‌.

ആരോഗ്യരംഗത്തെ പ്രതിസന്ധികൾ

``രോഗവും മരണവും ഞങ്ങളെ എന്നും കുപിതരാക്കുന്നു. മനുഷ്യർക്ക്‌ രോഗം വരുന്നുവെന്നതുകൊണ്ടോ, അവർ മരിക്കുന്നുവെന്നതുകൊണ്ടോ അല്ല അത്‌. ഞങ്ങൾക്കു മേൽ അടിച്ചേൽപിച്ചിട്ടുള്ള സാമ്പത്തികവും സാമൂഹ്യവുമായ നയങ്ങളാണ്‌ രോഗങ്ങൾക്കും മരണങ്ങൾക്കും കാരണം എന്നതാണ്‌ ഞങ്ങളെ ദേഷ്യം പിടിപ്പിക്കുന്നത്‌. (മധ്യ അമേരിക്കയിൽ നിന്നുള്ള ഒരു ശബ്‌ദം)

ജനങ്ങളുടെ ആരോഗ്യത്തെയും ആരോഗ്യ സുരക്ഷാസംവിധാനത്തിന്റെ ലഭ്യതയേയും മറ്റു സാമൂഹ്യസേവനങ്ങളെയും അടുത്ത ദശകങ്ങളിൽ ലോകവ്യാപകമായുണ്ടായ സാമ്പത്തിക പരിവർത്തനങ്ങൾ സാരമായി ബാധിച്ചിട്ടുണ്ട്‌. മുമ്പൊരിക്കലുമില്ലാത്തവിധം ലോകത്തിലെ സാമ്പത്തിക നില ഉയർന്നിട്ടും ദാരിദ്ര്യവും പട്ടിണിയും വർധിക്കുന്നു. ധനിക-ദരിദ്ര രാഷ്‌ട്രങ്ങൾക്കിടയിൽ മാത്രമല്ല രാജ്യങ്ങൾക്കകത്തുതന്നെ വിവിധ സാമൂഹ്യ വിഭാഗങ്ങൾ തമ്മിൽ, സ്‌ത്രീയും പുരുഷനും തമ്മിൽ, യുവാക്കളും വൃദ്ധരും തമ്മിൽ, എല്ലാമുള്ള വിടവ്‌ വർധിച്ചുവരുന്നു.

ഭക്ഷണത്തിന്റെ ലഭ്യത, വിദ്യാഭ്യാസം, സുരക്ഷിതമായ കുടിവെള്ളം, ശുചീകരണ സൗകര്യങ്ങൾ, പാർപ്പിടം, ഭൂമിയും അതിലെ വിഭവങ്ങളും, തൊഴിൽ, ആരോഗ്യരക്ഷാസംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ലോകജനസംഖ്യയുടെ വലിയൊരു ഭാഗത്തിന്‌ നിഷേധിക്കപ്പെടുന്നു. വിവേചനം കൂടുതൽ വ്യാപിക്കുന്നു. ഇത്‌ രോഗം വരുവാനുള്ള സാധ്യതയേയും ചികിത്സാലഭ്യതയേയും ബാധിക്കുന്നു.

ഭൂമിയിലെ പ്രകൃതിവിഭവങ്ങൾ ഞെട്ടിപ്പിക്കുന്ന തോതിൽ കുറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായുണ്ടാകുന്ന പാരിസ്ഥിതിക നാശം എല്ലാവരുടെയും, വിശേഷിച്ച്‌ ദരിദ്രരുടെയും ആരോഗ്യത്തിന്‌ ഭീഷണിയാകുന്നു. സർവനാശത്തിന്റെ ആയുധങ്ങൾ ഉയർത്തുന്ന ഭീഷണികൾക്കിടയിലും പുതിയ പുതിയ സംഘർഷങ്ങൾ ഉയർന്നു കൊണ്ടേയിരിക്കുന്നു.

തങ്ങളുടെ ലാഭം പരമാവധി വർധിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കയ്യിലേക്ക്‌ ലോകത്തിലെ വിഭവങ്ങൾ കൂടുതൽ കൂടുതലായി കേന്ദ്രീകരിക്കപ്പെടുന്നു. ശക്തരായ ഒരു ചെറിയ വിഭാഗം സർക്കാരുകളും, ലോകബാങ്ക്‌, IMF, WTO തുടങ്ങിയ അന്താരാഷ്‌ട്ര സംഘടനകളും ചേർന്നാണ്‌ നവ ഉദാരവൽക്കരണത്തിന്റെ രാഷ്‌ട്രീയവും സാമ്പത്തികവുമായ നയങ്ങൾ തയ്യാറാക്കുന്നത്‌. ഈ നയങ്ങളും അതോടൊപ്പം രാഷ്‌ട്രാന്തര കോർപ്പറേഷനുകളുടെ അനിയന്ത്രിതമായ പ്രവർത്തനങ്ങളും വടക്കും തെക്കുമുള്ള ജനങ്ങളുടെ ജീവിതത്തെയും ജീവിതമാർഗങ്ങളേയും ആരോഗ്യത്തെയും ക്ഷേമത്തെയും ഗുരുതരമായി ബാധിക്കുന്നു. സർക്കാരുകളുടെ സാമൂഹ്യ ബജറ്റിൽ വരുത്തിയ കുറവുമൂലം പൊതു സേവന സംവിധാനങ്ങൾ കൂടുതൽ നാശത്തിലേക്ക്‌ പോകുന്നതിനാൽ അവയ്‌ക്ക്‌ ജനങ്ങളുടെ ആവശ്യങ്ങൾ ഒട്ടുംതന്നെ നിറവേറ്റാനാവുന്നില്ല. ആരോഗ്യ സേവനം കൂടുതൽ അപ്രാപ്യമാകുന്നു. അസന്തുലിതമായി വിതരണം ചെയ്യപ്പെടുന്നു. കൂടുതൽ അനുചിതമാകുന്നു.

സ്വകാര്യവൽക്കരണം വഴി ആരോഗ്യരക്ഷ കൂടുതൽ അപ്രാപ്യമാകുന്നു, സമത്വം എന്ന അടിസ്ഥാനതത്വത്തെ ബലികഴിക്കുന്നു. തടയാൻ കഴിയുന്ന രോഗങ്ങളുടെ വ്യാപനം, മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങളുടെ തിരിച്ചു വരവ്‌, എച്ച്‌.ഐ.വി/ എയ്‌ഡ്‌സ്‌ മുതലായ മാരകരോഗങ്ങളുടെ ആവിർഭാവവും വ്യാപനവും എല്ലാം തുല്യതയ്‌ക്കും നീതിക്കും വേണ്ടി ലോകത്തിന്റെ സന്നദ്ധതയിലുണ്ടായിട്ടുള്ള കുറവിനെ ഭീതിദമായ ഓർമപ്പെടുത്തുന്നു.

ജനകീയാരോഗ്യ രേഖയുടെ തത്വങ്ങൾ

  • വർണം, വംശപാരമ്പര്യം, ലിംഗവ്യത്യാസം, മതം, പ്രായം, കഴിവുകൾ, വർഗം തുടങ്ങിയവയൊന്നും പരിഗണിക്കാതെ തന്നെ സാധ്യമാകാവുന്നത്ര മെച്ചപ്പെട്ട ആരോഗ്യവും ക്ഷേമവും ഏതൊരു വ്യക്തിയുടെയും മൗലികാവകാശമാണ്‌.
  • സർവലൗകീകവും സമഗ്രവുമായ പ്രാഥമികാരോഗ്യ സംരക്ഷണം എന്ന 1978ലെ `അൽമാ അത്ത' പ്രഖ്യാപനമായിരിക്കണം ആരോഗ്യ നയങ്ങൾ രൂപീകരിക്കുന്നതിന്റെ അടിസ്ഥാനം. സമത്വപൂർണവും പങ്കാളിത്തത്തോടു കൂടിയതും മേഖലകൾ തമ്മിൽ സംയോജിപ്പിച്ചുകൊണ്ടുള്ളതുമായ ഒരു ആരോഗ്യ സുരക്ഷാ സമീപനം ഇപ്പോൾ മറ്റെന്നത്തേക്കാളേറെ ആവശ്യമായിരിക്കുന്നു.
  • ജനങ്ങൾക്കെല്ലാം ഗുണനിലവാരമുള്ള ആരോഗ്യരക്ഷ, വിദ്യാഭ്യാസം, മറ്റു സാമൂഹ്യ സേവന സംവിധാനങ്ങൾ എന്നിവ ലഭ്യമാക്കേണ്ടത്‌ സർക്കാരുകളുടെ അടിസ്ഥാന ബാധ്യതയാണ്‌. ഇത്‌ ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കണം; പണം നൽകാനുള്ള ശേഷി അനുസരിച്ചായിരിക്കരുത്‌.
  • ആരോഗ്യം തുടങ്ങിയ സാമൂഹ്യ നയങ്ങളും പരിപാടികളും തയ്യാറാക്കുന്നതിലും നടപ്പാക്കുന്നതിലും അവയെ വിലയിരുത്തുന്നതിലും മേൽനോട്ടം നടത്തുന്നതിലും ജനങ്ങളുടെയും ജനകീയ സംഘടനകളുടെയും പങ്കാളിത്തം അനിവാര്യമാണ്‌.
  • സാമൂഹ്യവും സാമ്പത്തികവും രാഷ്‌ട്രീയവും ഭൗതികവുമായ പരിസ്ഥിതിയും അതോടൊപ്പം തന്നെ സമത്വവും നിലനിൽക്കുന്ന വികസനമാണ്‌ പ്രാഥമികമായി ആരോഗ്യത്തെ നിശ്ചയിക്കുന്നത്‌ എന്നതിനാൽ പ്രാദേശിക-ദേശീയ-അന്താരാഷ്‌ട്രതലങ്ങളിലുള്ള നയരൂപീകരണങ്ങളിൽ ഇവയ്‌ക്ക്‌ പരമപ്രാധാന്യം നൽകണം.

പ്രവർത്തനത്തിനുള്ള പ്രഖ്യാപനം

ആഗോള ആരോഗ്യ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുവേണ്ടി വ്യക്തിപരവും സാമൂഹ്യവും ദേശീയവും പ്രാദേശികവും ആഗോളവുമായ തലങ്ങളിൽ എല്ലാ മേഖലകളെയും ബന്ധിപ്പിച്ചുകൊണ്ട്‌ പ്രവർത്തിക്കണം.

താഴെകൊടുത്തിട്ടുള്ള ആവശ്യങ്ങൾ പ്രവർത്തനങ്ങൾക്കുള്ള അടിത്തറയായിരിക്കും,

ആരോഗ്യം ഒരു മനുഷ്യാവകാശം

സമത്വത്തിനും നീതിക്കും വേണ്ടിയുള്ള ഒരു സമൂഹത്തിന്റെ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്‌ ആരോഗ്യം. സാമ്പത്തികവും രാഷ്‌ട്രീയവുമായ പരിഗണനകൾക്കു മേൽ ആരോഗ്യവും മനുഷ്യാവകാശങ്ങളും പരിഗണന നേടണം.

ഈ പ്രഖ്യാപനം ലോകജനതയോട്‌ ആവശ്യപ്പെടുന്നത്‌:

  • ആരോഗ്യം അവകാശമായി നടപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളെയും പിന്താങ്ങുക.
  • ആരോഗ്യം എന്ന അവകാശത്തെ ബഹുമാനിക്കുന്ന നയങ്ങളും പരിപാടികളും രൂപപ്പെടുത്തുന്നതിനും നടപ്പിലാക്കുന്നതിനും വേണ്ടി സർക്കാരുകളോടും അന്താരാഷ്‌ട്ര സംഘടനകളോടും ആവശ്യപ്പെടുക.
  • ദേശീയ ഭരണഘടനകളിലും നിയമങ്ങളിലും ആരോഗ്യവും മനുഷ്യാവകാശങ്ങളും ഉൾപ്പെടുത്തുന്നതിനു വേണ്ടി സർക്കാരുകളുടെ മേൽ സമ്മർദം ചെലുത്താൻ കഴിയുന്ന വിശാലാടിത്തറയുള്ള ജനകീയ പ്രസ്ഥാനങ്ങൾ പടുത്തുയർത്തുക.
  • ലാഭം ലക്ഷ്യമാക്കി ജനങ്ങളുടെ ആരോഗ്യാവശ്യങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ സമരം ചെയ്യുക.

ആരോഗ്യരംഗത്തെ നിർണായക ഘടകങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം?

സാമ്പത്തിക വെല്ലുവിളികൾ

ജനങ്ങളുടെ ആരോഗ്യത്തിൽ സാമ്പത്തിക ഘടനക്ക്‌ ശക്തമായ സ്വാധീനമുണ്ട്‌. സമത്വം, ആരോഗ്യം, സാമൂഹ്യക്ഷേമം മുതലായവയ്‌ക്ക്‌ മുൻഗണന നൽകുന്ന സാമ്പത്തിക നയങ്ങൾക്ക്‌ ജനങ്ങളുടെയും സാമ്പത്തിക ഘടനയുടെയും ആരോഗ്യം മെച്ചപ്പെടുത്താനാകും.

മുതലാളിത്ത ആവശ്യങ്ങൾക്കായി ദേശീയ സർക്കാരുകളും അന്താരാഷ്‌ട്ര സംഘടനകളും അടിച്ചേൽപിക്കുന്ന രാഷ്‌ട്രീയ, സാമ്പത്തിക, കാർഷിക, വ്യവസായനയങ്ങൾ വലിയൊരു ഭാഗം ജനങ്ങളെ ജീവിതത്തിൽ നിന്നും ജീവസന്ധാരണ മാർഗങ്ങളിൽ നിന്നും പിഴുതെറിയുന്നു. സാമ്പത്തിക ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും പ്രവർത്തനങ്ങൾ രാജ്യങ്ങൾ തമ്മിലും അവയ്‌ക്കകത്തുമുള്ള അസമത്വം വർധിപ്പിക്കുന്നു.

ലോകത്തിലെ പല രാജ്യങ്ങൾ, വിശേഷിച്ചും ശക്തരായവർ, തങ്ങളുടെ സ്ഥാനവും ശക്തിയും ഉറപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും വേണ്ടി അവരുടെ എല്ലാ വിഭവങ്ങളും ഉപയോഗിക്കുന്നതും സാമ്പത്തിക ഉപരോധങ്ങളും സൈനിക ഇടപെടലുകളും നടത്തുന്നതും ജനങ്ങളുടെ ജീവിതത്തിൽ വിനാശകരമായ ഫലങ്ങളുണ്ടാക്കുന്നു.

ഈ പ്രഖ്യാപനം ലോകജനതയോട്‌ ആവശ്യപ്പെടുന്നത്‌:

  • ജനങ്ങളുടെ സാമൂഹ്യവും പാരിസ്ഥിതികവും സാമ്പത്തികവും ആരോഗ്യപരവുമായ അവകാശങ്ങളെ ലംഘിക്കുന്നത്‌ അവസാനിപ്പിക്കുന്നതിനും ദക്ഷിണ രാഷ്‌ട്രങ്ങൾക്കനുകൂലമായ ഗതിമാറ്റത്തിന്‌ ആരംഭം കുറിക്കുന്നതിനും വേണ്ടി നിലവിലുള്ള ആഗോളവ്യാപാര സംവിധാനത്തിൽ മാറ്റം വരുത്തണമെന്ന്‌ ആവശ്യപ്പെടുന്നു.
  • പേറ്റന്റ്‌, വ്യാപാരസംബന്ധിയായ ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ (TRIPS) തുടങ്ങിയവയടക്കമുള്ള നിയമങ്ങളിൽ ദരിദ്രരാഷ്‌ട്രങ്ങൾക്കനുകൂലമായ മാറ്റം വരുത്തുന്നുവെന്നും ലോകവ്യാപാര സംഘടനയുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടുതന്നെ ജനകീയാരോഗ്യ സംരക്ഷണത്തിനുള്ള നടപടികളെ പിന്തുണയ്‌ക്കുന്നതിനുള്ള പ്രതിബദ്ധത സൃഷ്‌ടിക്കുന്നുവെന്നും ഉറപ്പുവരുത്തുക.
  • മൂന്നാംലോകത്തിന്റെ കടങ്ങൾ എഴുതിത്തള്ളുക.
  • മൂന്നാംലോക-വികസ്വര രാഷ്‌ട്രങ്ങളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്ന വിധത്തിൽ ലോകബാങ്ക്‌, IMF എന്നിവയിൽ മാറ്റം വരുത്തുക.
  • മൂന്നാംലോകത്തിൽ ജനകീയാരോഗ്യത്തിന്റെ നാശം, തൊഴിൽ ശേഷിയുടെ ചൂഷണം, പരിസ്ഥിതി ശോഷണം, ദേശീയ പരമാധികാരത്തിന്റെ മേലുള്ള കടന്നുകയറ്റം മുതലായവ നടത്തുന്ന രാഷ്‌ട്രാന്തരീയ കോർപ്പറേഷനുകളുടെ പ്രവർത്തനങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുക.
  • ഭക്ഷ്യ സുരക്ഷിതത്വവും സമത്വപൂർണമായ ഭക്ഷ്യലഭ്യതയും ഉറപ്പുവരുത്തുന്നതിനു വേണ്ടി ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച്‌ ആയിരിക്കണം സർക്കാരുകൾ കാർഷിക നയം നടപ്പിലാക്കേണ്ടത്‌; കമ്പോളത്തിനനുസരിച്ചല്ല.
  • ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിൽ ജനങ്ങളുടെ ആരോഗ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്നുറപ്പുവരുത്താൻ ദേശീയ സർക്കാരുകൾ പ്രവർത്തിക്കുക.
  • ഊഹക്കച്ചവടത്തിന്റെ അടിസ്ഥാനത്തിലുള്ള അന്താരാഷ്‌ട്ര മൂലധന ഒഴുക്ക്‌ നിയന്ത്രിക്കുകയും അതിന്‌ നികുതി ഏർപ്പെടുത്തുകയും ചെയ്യുക.
  • ആരോഗ്യം, സമത്വം, ലിംഗനീതി, പാരിസ്ഥിതികാഘാതപഠനം മുതലായവയുടെ അടിസ്ഥാനത്തിലേ സാമ്പത്തിക നയങ്ങൾ രൂപവൽക്കരിക്കാവൂ എന്നു നിർബന്ധിക്കുകയും ഇവ പാലിക്കുന്നുവെന്നുറപ്പുവരുത്താൻ നിയന്ത്രണസംവിധാനങ്ങൾ ഉറപ്പാക്കുകയും ചെയ്യുക.
  • വളർച്ചാ കേന്ദ്രിതം (Growth Centered) മാത്രമായ സാമ്പത്തിക തത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട്‌ മാനവികതയിൽ അധിഷ്‌ഠിതവും സുസ്ഥിരവുമായ സമൂഹത്തെ സൃഷ്‌ടിക്കാനുതകുന്ന ബദലുകൾ ഉയർത്തിക്കൊണ്ടുവരികയും അവ ആദ്യം പറഞ്ഞവയ്‌ക്ക്‌ പകരംവയ്‌ക്കുകയും ചെയ്യുക. പാരിസ്ഥിതിക പരിമിതികൾ, സമത്വത്തിന്റെയും ആരോഗ്യത്തിന്റെയും പ്രാഥമിക പ്രാധാന്യം. കൂലിയില്ലാത്ത തൊഴിലിന്റെ (വിശേഷിച്ചും സ്‌ത്രീകളുടെ കാണാപ്പണി) സംഭാവന മുതലായവ അംഗീകരിക്കുന്നതായിരിക്കണം സാമ്പത്തിക തത്വങ്ങൾ.

സാമൂഹ്യവും രാഷ്‌ട്രീയവുമായ വെല്ലുവിളികൾ

സമഗ്ര സാമൂഹ്യ നയങ്ങൾക്ക്‌ ജനങ്ങളുടെ ജീവിതത്തിലും ജീവസന്ധാരണത്തിലും ഗുണപരമായ ഫലങ്ങളുണ്ടാക്കാനാവും. സാമ്പത്തിക ആഗോളവൽക്കരണവും സ്വകാര്യവൽക്കരണവും സമൂഹത്തെയും കുടുംബത്തെയും സംസ്‌കാരത്തെയും ശക്തിയായി തകർത്തെറിയുന്നു. എവിടെയും സമൂഹത്തിന്റെ ഘടനയുടെ നിലനിൽപിന്‌ സ്‌ത്രീ അനിവാര്യമാണെന്നിരിക്കിലും അവരുടെ പ്രാഥമികാവശ്യങ്ങൾ മിക്കപ്പോഴും അവഗണിക്കപ്പെടുന്നു. നിഷേധിക്കപ്പെടുന്നു, വ്യക്തിയെന്ന നിലയിലുള്ള അവകാശം പോലും ലംഘിക്കപ്പെടുന്നു.

പൊതുസംവിധാനങ്ങളെ ഇടിച്ചു താഴ്‌ത്തുന്നു, ദുർബലപ്പെടുത്തുന്നു. അവരുടെ ഉത്തരവാദിത്വങ്ങളെല്ലാം ജനങ്ങളോട്‌ ഒരു ബാധ്യതയുമില്ലാത്ത സ്വകാര്യമേഖലയ്‌ക്ക്‌ വിശേഷിച്ച്‌ കോർപ്പറേഷനുകൾക്ക്‌ അല്ലെങ്കിൽ ദേശീയ- അന്തർദേശീയ സ്ഥാപനങ്ങൾക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നു. അതിനപ്പുറം രാഷ്‌ട്രീയപാർട്ടികളുടെയും ട്രേഡ്‌ യൂണിയനുകളുടെയും അധികാരങ്ങൾ വെട്ടിക്കുറയ്‌ക്കുന്നതോടൊപ്പം പിന്തിരിപ്പനും മൗലികവാദപരവുമായ ശക്തികൾ ഉയർന്നു വരികയും ചെയ്യുന്നു. ഇതിനെതിരായി രാഷ്‌ട്രീയ സംഘടനകളിലും പൗരസമൂഹത്തിലും പങ്കാളിത്ത ജനാധിപത്യം ഉയർന്നുവരണം. സുതാര്യതയും പ്രതിബദ്ധതയും പോറ്റിവളർത്തുകയും ഉറപ്പാക്കുകയും വേണം.

ഈ പ്രഖ്യാപനം ലോകജനതയോട്‌ ആവശ്യപ്പെടുന്നത്‌:

  • ജനങ്ങളുടെ പൂർണ പങ്കാളിത്തത്തോടെ സമഗ്രമായ സാമൂഹ്യ നയങ്ങളുടെ വികസനത്തിനും നിർവഹണത്തിനും പിന്തുണ നൽകുകയും അതിനായി ആവശ്യപ്പെടുകയും ചെയ്യുക.
  • ജോലി ചെയ്യാനും ജീവസന്ധാരണത്തിനും ആശയപ്രകാശന സ്വാതന്ത്ര്യത്തിനും രാഷ്‌ട്രീയ പങ്കാളിത്തത്തിനും സ്വന്തം ഇഷ്‌ടപ്രകാരമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും അക്രമത്തിൽനിന്നും സ്വതന്ത്രരാകുന്നതിനും എല്ലാ സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അവകാശമുണ്ടെന്ന്‌ ഉറപ്പുവരുത്തുക.
  • പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ബൗദ്ധികവും മാനസികവും ആത്മീയവുമായ ആരോഗ്യവും മനുഷ്യാവകാശവും സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന നിയമനിർമാണം നടത്താൻ സർക്കാരുകളുടെ മേൽ സമ്മർദം ചെലുത്തുക.
  • ആരോഗ്യവും വിദ്യാഭ്യാസവും രാഷ്‌ട്രീയ പരിപാടികളിൽ ഏറ്റവും പ്രധാനപ്പെട്ടതാക്കുക. സൗജന്യവും നിർബന്ധിതവും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും മുതിർന്നവർക്കും വിശേഷിച്ച്‌ പെൺകുട്ടികൾക്കും സ്‌ത്രീകൾ ക്കും, ശൈശവത്തിൽത്തന്നെ വിദ്യാഭ്യാസവും പരിരക്ഷയും എന്നതും ഇതുവഴി ഉറപ്പാക്കുന്നു.
  • ശിശുസംരക്ഷണകേന്ദ്രങ്ങൾ, ഭക്ഷ്യവിതരണ സംവിധാനങ്ങൾ, ഭവനദാന പരിപാടികൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ പരിപാടികൾ വ്യക്തിയുടെയും സമൂഹത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതായിരിക്കണം.
  • ജനങ്ങളെ സ്വന്തം ഭൂമിയിൽ നിന്നും വീട്ടിൽനിന്നും തൊഴിലിൽ നിന്നും നിർബന്ധപൂർവം കുടിയൊഴിപ്പിക്കുന്ന തരത്തിലുള്ള തൊഴിലുകളടക്കമുള്ള നയങ്ങളെ എതിർക്കുകയും അവയുടെ മാറ്റം ആവശ്യപ്പെടുകയും ചെയ്യുക.
  • വ്യക്തികളുടെ (പ്രത്യേകിച്ച്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ന്യൂനപക്ഷത്തിന്റെയും) അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ മൗലികവാദ ശക്തികളെ എതിർക്കുക.
  • സെക്‌സ്‌ ടൂറിസത്തെയും സ്‌ത്രീകളുടെയും കുട്ടികളുടെയും ആഗോള കൈമാറ്റത്തെയും എതിർക്കുക.

പാരിസ്ഥിതിക വെല്ലുവിളികൾ

വായു-ജലമലനീകരണം അതിവേഗത്തിലുള്ള കാലാവസ്ഥാ വ്യതിയാനം ഓസോൺ പാളിയിലെ ശോഷണം ആണവ ഊർജവും മാലിന്യങ്ങളും വിഷമയമായ രാസവസ്‌തുക്കളും കീടനാശിനികളും, വനനശീകരണം മണ്ണൊലിപ്പ്‌ തുടങ്ങിയവയെല്ലാം ജനങ്ങളുടെ ആരോഗ്യത്തിനു മേൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവയാണ്‌. പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായും നിൽനിൽക്കാത്ത വിധത്തിലും ചൂഷണം ചെയ്യൽ, സമഗ്രവും ദീർഘ വീക്ഷണത്തോടും കൂടിയ പരിപ്രേക്ഷ്യമില്ലാതിരിക്കൽ, ലാഭാധിഷ്‌ഠിതവും വികേന്ദ്രീകൃതവുമായ പെരുമാറ്റത്തിന്റെ വ്യാപനം, ധനികന്റെ അധിക ഉപഭോഗം തുടങ്ങിയവ നാശത്തിന്റെ മുഖ്യ കാരണങ്ങളാണ്‌.

ഈ നാശത്തെ അടിയന്തിരമായും ഫലപ്രദമായും എതിർത്തു തോൽപിക്കുകയും ഗതി തിരിച്ചു വിടുകയും ചെയ്‌തേ പറ്റൂ.

ഈ പ്രഖ്യാപനം ലോകജനതയോട്‌ ആവശ്യപ്പെടുന്നത്‌:

  • പരിസ്ഥിതിയുടെയും ജനങ്ങളുടെ ആരോഗ്യത്തിന്റെയും മേൽ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിനാശകരവും അപകടകരവുമായ പ്രവർത്തികൾക്ക്‌ അതു ചെയ്യുന്ന ദേശീയ അന്തർദേശീയ കോർപ്പറേഷനുകളേയും പൊതുസ്ഥാപനങ്ങളേയും സൈന്യത്തെയും പിടിച്ചുനിർത്തി കണക്കു ചോദിക്കണം.
  • പാരിസ്ഥിതികവും ആരോഗ്യപരവുമായ മാനദണ്‌ഡങ്ങൾ വെച്ചുകൊണ്ട്‌ എല്ലാ വികസന പദ്ധതികളെയും വിലയിരുത്തണം. പരിസ്ഥിതിക്കോ ആരോഗ്യത്തിനോ ഭീഷണിയുയർത്താൻ സാധ്യതയുള്ള സാങ്കേതിക വിദ്യകളോ നയങ്ങളോ വരുമ്പോൾ ശ്രദ്ധയും നിയന്ത്രണവും പാലിക്കണം.
  • അപകടകരവും അനുയോജ്യവുമല്ലാത്ത സാങ്കേതിക വിദ്യകളും പ്രയോഗങ്ങളും ഒഴിവാക്കിക്കൊണ്ട്‌ തങ്ങളുടെ അതിർത്തിയിൽ പുറത്തുവരുന്ന ഹരിത ഗൃഹവാതകങ്ങളുടെ അളവ്‌ അന്താരാഷ്‌ട്ര കാലാവസ്ഥാ വ്യതിയാനക്കരാറിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ ഏറെ താഴ്‌ന്നിരിക്കുന്നതിന്‌ സർക്കാരുകളെ പ്രതിജ്ഞാബദ്ധരാക്കണം.
  • അപകടകരമായ വ്യവസായങ്ങളും വിഷ ആണവ മാലിന്യങ്ങളും ദരിദ്ര മൂന്നാം ലോകത്തേക്കും പ്രാന്തവൽകൃതവും ദരിദ്രവുമായ സമൂഹങ്ങളിലേക്കും മാറ്റാൻ നടക്കുന്ന ശ്രമങ്ങളെ എതിർക്കുകയും മാലിന്യഉൽപാദനം കുറക്കുന്നതിനുള്ള പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം.
  • തെക്കും വടക്കും രാജ്യങ്ങളിൽ നടക്കുന്ന അമിത ഉപഭോഗവും നിലനിൽപില്ലാത്ത ജീവിത ശൈലികളും പരമാവധി കുറയ്‌ക്ക ണം. തങ്ങളുടെ ഉപഭോഗവും മലിനീകരണവും തൊണ്ണൂറു ശതമാനം കണ്ടു കുറയ്‌ക്കാൻ സമ്പന്ന രാഷ്‌ട്രങ്ങളുടെ മേൽ സമ്മർദം ചെലുത്തണം.
  • തൊഴിലവസ്ഥയിൽ തൊഴിലാളി കേന്ദ്രീകൃത മോണിറ്ററിങ്‌ അടക്കമുള്ള നടപടികളിലൂടെ തൊഴിൽ രംഗത്ത്‌ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താൻ ശ്രമിക്കണം.
  • തൊഴിൽസ്ഥലത്തും സമൂഹത്തിലും വീട്ടിലും അപകടങ്ങളും മുറിവുകളും തടയാനുള്ള നടപടികൾ സ്വീകരിക്കണം.
  • ജീവനുമേൽ പേറ്റന്റ്‌ ഏർപ്പെടുത്താനുള്ള ശ്രമത്തെ തള്ളിക്കളയുകയും പരമ്പരാഗതവും തദ്ദേശീയവുമായ അറിവുകളെയും വിഭവങ്ങളെയും തട്ടിയെടുക്കുന്നതിനെ എതിർക്കുകയും ചെയ്യണം.
  • പാരിസ്ഥിതികവും സാമൂഹികവുമായ വികാസത്തിന്‌ സമൂഹ്യ അടിസ്ഥാനത്തിലുള്ളതും ജനകേന്ദ്രീകൃതവുമായ സൂചകങ്ങൾ വികസിപ്പിക്കണം. പാരിസ്ഥിതികശോഷണവും ജനതയുടെ ആരോഗ്യപദവിയും അളക്കാൻ വേണ്ടി സ്ഥിരമായ ഒരു ഓഡിറ്റ്‌ സംവിധാനം വികസിപ്പിക്കാനും സ്വീകരിക്കാനും സമ്മർദം ചെലുത്തണം.

യുദ്ധം, ഹിംസ, സംഘർഷം

യുദ്ധവും ഹിംസയും സംഘർഷവും സമൂഹത്തെ തകർക്കുന്നു. മാനവിക പദവി നശിപ്പിക്കുന്നു. സമൂഹത്തിലെ ജനങ്ങളുടെ, പ്രത്യേകിച്ചും സ്‌ത്രീകളുടെയും കുട്ടികളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഇവ ഗുരുതരമായി ബാധിക്കുന്നു.

വർധിച്ചുവരുന്ന ആയുധം വാങ്ങലും ആക്രമണോത്സുകവും അഴിമതി നിറഞ്ഞതുമായ അന്താരാഷ്‌ട്ര ആയുധവ്യാപാരവും സാമൂഹ്യ - രാഷ്‌ട്രീയ - സാമ്പത്തിക സുസ്ഥിരതയേയും സാമൂഹ്യ മേഖലക്കുവേണ്ടിയുള്ള വിഭവവിഹിതത്തെയും ഏറെ ഇടിച്ചുതാഴ്‌ത്തുന്നു.

ഈ പ്രഖ്യാപനം ലോകജനതയോടാവശ്യപ്പെടുന്നത്‌:

  • സമാധാനത്തിനും നിരായുധീകരണത്തിനും വേണ്ടിയുള്ള ശ്രമങ്ങളെ പിന്തുണയ്‌ക്കുക.
  • ആക്രമണങ്ങൾക്കും ഭൗമമൈനുകളടക്കമുള്ള സർവസംഹാരിയായ ആയുധങ്ങളുടെ ഗവേഷണം, ഉൽപാദനം, പരീക്ഷണം തുടങ്ങിയവയ്‌ക്കും എതിരായ പ്രചരണ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കുക.
  • ലോകത്തെല്ലായിടത്തും, വിശേഷിച്ച്‌ ആഭ്യന്തര യുദ്ധത്തിന്റെയും കൂട്ടക്കൊലകളുടെയും അനുഭവമുള്ള രാജ്യങ്ങളിലും നീതിപൂർവവും നിലനിൽക്കുന്നതുമായ സമാധാനം നേടുന്നതിന്‌ വേണ്ടിയുള്ള ജനകീയ പ്രവർത്തനങ്ങളെ സഹായിക്കുക.
  • ബാലയോദ്ധാക്കളുടെ ഉപയോഗത്തെയും കുട്ടികളുടെയും സ്‌ത്രീകളുടെയും മേലുള്ള അതിക്രമം, ബലാൽക്കാരം, മർദനം, കൊല തുടങ്ങിയവയെയും നിശിതമായി വിമർശിക്കുക.
  • മാനവിക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സൈനികവൽക്കരണത്തെ എതിർക്കുക.
  • ജനാധിപത്യപരമായി പ്രവർത്തിക്കാനാവുന്ന വിധത്തിൽ ഐക്യരാഷ്‌ട്ര രക്ഷാസമിതിയെ മാറ്റിത്തീർക്കുക.
  • സാധാരണ ജനതയുടെ ആരോഗ്യത്തെ തകർക്കുന്ന വിധത്തിലുള്ള ഉപരോധങ്ങളെ അക്രമത്തിനുള്ള ഉപകരണമായി ഐക്യരാഷ്‌ട്രസഭയും അംഗരാഷ്‌ട്രങ്ങളും ഉപയോഗിക്കരുത്‌.
  • അയൽക്കൂട്ടങ്ങളും സമൂഹങ്ങളും നഗരങ്ങളും സമാധാനപ്രദേശങ്ങളായും ആയുധവിമുക്ത മേഖലകളായും പ്രഖ്യാപിക്കുന്നതിനുവേണ്ടി സ്വതന്ത്രവും ജനകീയാടിത്തറയുള്ളതുമായ മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുക.
  • മനുഷ്യന്റെ (പ്രത്യേകിച്ച്‌ പുരുഷന്റെ) ആക്രമണോത്സുകവും ഹിംസാത്മകവുമായ സ്വഭാവത്തെ തടയുന്നതിനും കുറയ്‌ക്കുന്നതിനും സമാധാനപരമായ സഹവർത്തിത്വം ഊട്ടിവളർത്തുന്നതിനും വേണ്ടിയുള്ള പ്രചാരണങ്ങളെയും പ്രവർത്തനങ്ങളെയും പിന്തുണയ്‌ക്കുക.

ജനകേന്ദ്രീകൃതമായ ഒരു ആരോഗ്യമേഖല

പണം നൽകാനുള്ള ശേഷി പരിഗണിക്കാതെ സാർവത്രികവും സമഗ്രവുമായ പ്രാഥമികാരോഗ്യ സുരക്ഷയ്‌ക്കുവേണ്ടി ഈ രേഖ ആവശ്യപ്പെടുന്നു. ആരോഗ്യരംഗം ജനാധിപത്യപരവും (സമൂഹത്തോട്‌) ബാധ്യതയുള്ളതുമായിരിക്കണമെന്നതിനോടൊപ്പം ഇതുനേടാൻ ആവശ്യമായ വിഭവങ്ങൾ ഉണ്ടായിരിക്കണം. ഈ പ്രഖ്യാപനം ലോകജനതയോടാവശ്യപ്പെടുന്നത്‌:

  • ആരോഗ്യസുരക്ഷയെ സ്വകാര്യവൽക്കരിക്കുന്നതും അതിനെ കൈമാറ്റച്ചരക്കായി മാറ്റുന്നതുമായ ദേശീയ - അന്തർദേശീയ നയങ്ങളെ ശക്തമായി എതിർക്കുക.
  • സൗജന്യവും സാർവത്രികവുമായി പ്രാപ്‌തമാക്കുന്ന തരത്തിൽ ആരോഗ്യ സംവിധാനം സംഘടിപ്പിക്കുന്നതിനും ആരോഗ്യപ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടുന്നതിനും സമഗ്രമായ ഒരു പൊതു ആരോഗ്യ രക്ഷാ സംവിധാനങ്ങൾ സർക്കാർ തന്നെ നേരിട്ട്‌ വികസിപ്പിക്കുവാനും സാമ്പത്തികമായി പിന്തുണയ്‌ക്കുവാനും തയ്യാറാവണം.
  • ദേശീയ ആരോഗ്യ മരുന്നു നയങ്ങൾ നിർമിക്കാനും നടപ്പിലാക്കാനും നിർബന്ധിക്കുവാനും സർക്കാരിന്റെ മേൽ സമ്മർദം ചെലുത്തണം.
  • പൊതു ആരോഗ്യ മരുന്നുകളുടെ സ്വകാര്യവൽക്കരണത്തെ എതിർക്കുന്നതിനും സന്നദ്ധസംഘടനകൾ, ക്ഷേമസംഘടനകൾ മുതലാവയുടേതടക്കമുള്ള സ്വകാര്യആരോഗ്യ മേഖല മുഴുവൻ ഫലപ്രദമായി നിയന്ത്രിക്കുന്നതിനും സർക്കാർ തയ്യാറാവണം.
  • ദരിദ്രന്‌ ഗുണകരമായ വിധത്തിൽ ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങളോട്‌ പ്രതികരിക്കുക, കേന്ദ്രീകൃതമായി വകുപ്പുകളിലൂടെ പദ്ധതികൾ താഴേക്കു വരുന്ന ലംബമാന സമീപനം ഒഴിവാക്കുക, മേഖലകൾ തമ്മിലുള്ള സംയോജിത പ്രവർത്തനം ഉറപ്പാക്കുക, ലോകാരോഗ്യസമ്മേളനത്തിൽ ജനകീയ സംഘടനകളെ പങ്കെടുപ്പിക്കുക, ബഹുരാഷ്‌ട്ര കോർപ്പറേഷനുകളുടെ ഇടപെടലിൽ നിന്നും മുക്തമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടുന്നതിനു വേണ്ടി ലോകാരോഗ്യ സംഘടനയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കുക.
  • രോഗിയുടേയും ഉപഭോക്താവിന്റേയും അവകാശങ്ങളടക്കം ആരോഗ്യത്തിന്റെ എല്ലാ തലത്തിലും, നിയന്ത്രിക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും ജനങ്ങളുടെ അധികാരവും നിയന്ത്രണവും ഉണ്ടാക്കുന്നതിന്‌ പ്രോത്സാഹനം നൽകുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അതിന്‌ പിന്തുണ നൽകുകയും ചെയ്യുക.
  • പരമ്പരാഗതവും സമഗ്രവീക്ഷണത്തോടു കൂടിയതുമായ ചികിത്സാസംവിധാനങ്ങളേയും അതിൽ ഏർപ്പെട്ടിരിക്കുന്നവരേയും അംഗീകരിക്കുകയും പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും അവയെ പൊതു ആരോഗ്യ രക്ഷാ സംവിധാനത്തിലേക്ക്‌ ഉദ്‌ഗ്രഥിപ്പിക്കുകയും ചെയ്യുക.
  • ആരോഗ്യ പ്രവർത്തകർ കൂടുതൽ പ്രശ്‌നാധിഷ്‌ഠിതമായും അനുഭവാടിസ്ഥാനത്തിലും പ്രവർത്തിക്കുന്നവരാകുന്നതിനും ആഗോള പ്രശ്‌നങ്ങൾ സ്വന്തം സമൂഹത്തിൽ എന്ത്‌ പ്രതിഫലനമുണ്ടാക്കുന്നു എന്ന്‌ കൂടുതൽ നന്നായി മനസിലാക്കുന്നതിനും സമൂഹത്തേയും അതിന്റെ വൈവിധ്യങ്ങളേയും ബഹുമാനിച്ചു കൊണ്ട്‌ അതിൽ പ്രവർത്തിക്കുന്നതിന്‌ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും കഴിയുന്ന തരത്തിൽ അവരുടെ പരിശീലനത്തിൽ വ്യത്യാസം വരുത്തണം.
  • മരുന്നടക്കമുള്ള ആരോഗ്യ ചികിത്സാ സാങ്കേതിക വിദ്യകളെ ലളിതമായി അവതരിപ്പിക്കാനും (dimistyfy) അവയെ ജനങ്ങളുടെ ആരോഗ്യാവശ്യങ്ങൾക്കനുസൃതമായി ബന്ധപ്പെടുത്താനും കഴിയണം.
  • ആരോഗ്യ രംഗത്തെ ഗവേഷണങ്ങൾ ( ജനിതക ഗവേഷണങ്ങളും മരുന്നുകളും പ്രത്യുൽപാദന സാങ്കേതിക വിദ്യകളുമടക്കം) ജനപങ്കാളിത്തത്തോടെയും ആവശ്യാധിഷ്‌ഠിതമായിട്ടും നടത്താൻ സമൂഹത്തോട്‌ ബാധ്യതപ്പെട്ട സ്ഥാപനങ്ങളെ മാത്രം അനുവദിക്കണം. സാർവലൗകിക നീതിബോധത്തിന്റെ തത്വങ്ങളെ ബഹുമാനിക്കുന്നതും ജനങ്ങളേയും ജനകീയാരോഗ്യത്തേയും അടിസ്ഥാനമാക്കിയതുമായിരിക്കണം ഈ ഗവേഷണങ്ങൾ.
  • ലൈംഗികവും പ്രത്യുൽപാദനപരവുമായ കാര്യങ്ങളിൽ ജനങ്ങളുടെ സ്വയം നിർണയാവകാശത്തിനും ജനസംഖ്യാ നിയന്ത്രണ- കുടുംബാസൂത്രണ നയങ്ങളിൽ നിർബന്ധിതമായ നടപടികളെ എതിർക്കുന്നതിനും പിന്തുണ നൽകണം.

ആരോഗ്യകരമായ ഒരു ലോകത്തിനുവേണ്ടിയുള്ള ജനപങ്കാളിത്തം

കൂടുതൽ ജനാധിപത്യപരവും സുതാര്യവും ജനങ്ങളോട്‌ ബാധ്യതയുള്ളതുമായ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയ്‌ക്ക്‌ അടിസ്ഥാനമായിരിക്കേണ്ടത്‌ ശക്‌തമായ ജനകീയ സംഘടനകളും പ്രസ്ഥാനങ്ങളുമാണ്‌. ജനങ്ങളുടെ പൗര- രാഷ്‌ട്രീയ - സാമ്പത്തിക- സാമൂഹ്യ - സാംസ്‌കാരിക അവകാശങ്ങൾ ഉറപ്പു വരുത്തേണ്ടത്‌ അത്യാവശ്യമാണ്‌. ആരോഗ്യം, മനുഷ്യാവകാശം തുടങ്ങിയവയിൽ കൂടുതൽ സമത്വാധിഷ്‌ഠിതമായ സമീപനം പോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രാഥമിക ഉത്തരവാദിത്വം സർക്കാറുകൾക്കായിരിക്കും. എന്നാൽ അതോടൊപ്പം ആരോഗ്യ വികസനനയങ്ങൾ വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും അതിനുള്ള മേൽനോട്ടം നടത്തുന്നതിലും ജനങ്ങളുടെ ശക്തിയും നിയന്ത്രണവും ഉറപ്പുവരുത്തുന്നതിനായി വ്യാപകമായ പൊതുജന ഗ്രൂപ്പുകൾക്കും പ്രസ്ഥാനങ്ങൾക്കും മാധ്യമങ്ങൾക്കും ഒരു സുപ്രധാന പങ്ക്‌ വഹിക്കാനുണ്ട്‌.

  • ഈ രംഗത്ത്‌ വിശകലനം നടത്തുന്നതിനും പ്രവർത്തിക്കുന്നതിനും വേണ്ട അടിസ്ഥാനം സൃഷ്‌ടിക്കാൻ കഴിയുന്ന ജനകീയ സംഘടനകളെ കെട്ടിപ്പടുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക
  • സാമൂഹ്യസേവനരംഗത്ത്‌ എല്ലാ തലത്തിലും തീരുമാനങ്ങൾ എടുക്കുന്നതിൽ ജനകീയ ഇടപെടൽ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും അതിൽ ഏർപ്പെടുകയും ചെയ്യുക.
  • ആരോഗ്യവുമായി ബന്ധപ്പെട്ട പ്രസക്തമായ പ്രാദേശിക- ദേശീയ - അന്തർദേശീയ വേദികളിലെല്ലാം ജനകീയ സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കുക.
  • ലോകം മുഴുവൻ വ്യാപിക്കുന്ന തരത്തിൽ ജനകേന്ദ്രീകൃതമായ ഐക്യദാർഢ്യം സ്ഥാപിച്ചു കൊണ്ട്‌ പങ്കാളിത്തജനാധിപത്യത്തിൽ എത്തിച്ചേരാനുള്ള പ്രാദേശിക മുന്നേറ്റങ്ങളെ പിന്തുണയ്‌ക്കുക.