ജനകീയ സംവാദം - ചോദ്യോത്തരക്കുറിപ്പുകൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പി.ഡി.എഫ്. ഇവിടെ വായിക്കാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർജില്ല കമ്മിറ്റി തയ്യാറാക്കിയത്

പ്രമാണം:Jana Samvadam.pdf

ആമുഖം

പുതുതായി കിട്ടുന്ന ഏത് വിവരത്തേയും മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ, കാര്യകാരണബന്ധത്തിന്റെ വെളിച്ചത്തിൽ പരിശോധിച്ച് വേണ്ടതിനെ ഉൾക്കൊള്ളാനും വേണ്ടാത്തതിനെ തള്ളാനും ശാസ്ത്രബോധത്തെ അടിസ്ഥാനമാക്കിയ ജീവിതവീക്ഷണത്തിന് കഴിയും. ജാതി, മത, വംശ, പ്രാദേശിക സ്വത്വബോധങ്ങൾക്കു ഉപരി മനുഷ്യരെ തുല്യരായി കാണാനും മാനവികതയിലൂന്നി നിലപാടെടുക്കാനും അത് നമ്മെ പ്രാപ്തരാക്കും.

വ്യക്തി, സമൂഹം, പ്രകൃതി, പ്രപഞ്ചം ഇവ തമ്മിലുള്ള ബന്ധങ്ങളെ അറിയാനും അതിനനുസരിച്ച് സ്വന്തം ജീവിതം ചിട്ടപ്പെടുത്താനും ശാസ്ത്രബോധം മനുഷ്യനെ പ്രാപ്തനാക്കും.

ഇത്തരത്തിൽ ശാസ്ത്രബോധമുള്ള പൗരസമൂഹം യാഥാർ ത്ഥ്യമാകണമെങ്കിൽ ജനാധിപത്യവ്യവസ്ഥ അനിവാര്യമാണ്. ചോദ്യംചെയ്യാനും വിയോജിക്കാനുമുള്ള ഇടം ഉണ്ടാക്കുന്നത് ജനാധിപത്യ സംസ്‌കാരമാണ്. അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന കക്ഷിരാഷ്ട്രീയ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പ് മാത്രമല്ല ജനാധിപത്യം. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിച്ച കക്ഷിയുടെയോ അതിന്റെ തലവന്റെയോ ഇച്ഛാനുസരണമുള്ള ഭരണവുമല്ലത്. ഭൂരിപക്ഷത്തിന് സർവ്വമാന പക്ഷങ്ങളേയും ഉൾക്കൊള്ളാനും പ്രതിനിധീകരിക്കാനും കഴിയണം.

ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യ. ശാസ്ത്രബോധം മൗലികകടമയായി ഭരണഘടനയിൽ എഴുതിച്ചേർത്ത ആദ്യരാജ്യവുമാണ് ഇന്ത്യ. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം മതേതരത്വം പരമാധികാരം എന്നീ ജനാധിപത്യമൂല്യങ്ങളിൽ അടിയുറച്ചു ചിന്തിച്ചു പ്രവർത്തിക്കുന്ന പൗരസമൂഹം ഉണ്ടാകുമ്പോഴേ ശാസ്ത്രാവബോധം പൊതുബോധമാകുകയുള്ളൂ.

ശാസ്ത്രബോധപ്രചാരണം കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ മുഖ്യ അജണ്ടയാകാൻ കാരണം ഇതാണ്-സാമൂഹികമാറ്റത്തിന് അനിവാര്യമായ, പരസ്പരബന്ധിതമായ ചേരുവകളാണ് ശാസ്ത്രബോധവും ജനാധിപത്യവും. ഭരണകൂടങ്ങൾ  നിയമങ്ങളും ചട്ടങ്ങളും പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കാറുണ്ട്. ജനാധിപത്യമൂല്യവ്യവസ്ഥ അനുസരിച്ചുള്ള അത്തരം തീരുമാനങ്ങൾ ജനതയ്ക്ക് സുരക്ഷ നൽകുന്നു.

ഏകാധിപത്യപ്രവണതയുള്ള ഭരണത്തിൽ നിയമങ്ങളും നിയന്ത്രണങ്ങളും പദ്ധതികളും ജനോപകാരപ്രദമാകണമെന്നില്ല. ഇന്നത്തെ കേന്ദ്രനയങ്ങൾക്ക് അടിസ്ഥാനമായ നിയോലിബറൽ സമ്പദ്‌വ്യവസ്ഥയിൽ അത് കോർപറേറ്റ് അനുകൂല നിയമങ്ങളാകും. നയസമീപനങ്ങളിലെ കുറവുകൾ വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യം പൗരനോ സംഘടനകൾക്കോ ഉണ്ടായിരിക്കുകയുമില്ല. ജനദ്രോഹനയങ്ങൾക്ക് ഓശാനപാടുന്നവരെ വഴിവിട്ട് സംരക്ഷിക്കുകയും എതിർക്കുന്നവരെ ഉപദ്രവിക്കും . ചിലപ്പോൾ രാജ്യദ്രഹക്കുറ്റം വരെ ചുമത്തും. 2024ലെ ലോകസഭ തെരഞ്ഞെടുപ്പ്  ഈ സന്ദർഭത്തിൽ വളരെ പ്രധാനമാണ്. നിലവിലെ പ്രതികൂല സാഹചര്യങ്ങളെ ശാസ്ത്രബോധത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താം.

ഇന്ത്യ സ്വതന്ത്രമായിട്ട് 76 വർഷം പിന്നിട്ടു. സ്വതന്ത്രഇന്ത്യയിൽ പലതരം അസമത്വങ്ങളും ഉച്ചനീചത്വങ്ങളും നിലനിൽക്കുകയാണ്. എങ്കിലും  സ്വാതന്ത്ര്യസമരത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും മൂല്യങ്ങളടങ്ങിയ, ഭരണഘടനാധാർമ്മികതയെ മുൻനിർത്തിത്തന്നെയായിരുന്നു രാജ്യത്ത് പൊതുനയങ്ങൾ ഏറക്കുറെ രൂപീകരിച്ചത്. ഒപ്പംതന്നെ, പരിമിതമായ തോതിലാണെങ്കിലും ശാസ്ത്രബോധപ്രചാരണത്തിനും ശാസ്ത്രസംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും നെഹ്‌റുവിയൻ കാലം മുൻഗണന നൽകിയിരുന്നു. ആധുനികവ്യവസായങ്ങൾ, ഹരിതവിപ്ലവം, ആണവ സാങ്കേതികവിദ്യ, സ്‌പേസ് ടെക്‌നോളജി, ഐ.ടി. എന്നിവയിലെല്ലാം നാം മുന്നേറി. അക്കാലത്ത് രൂപപ്പെടുത്തിയ ശാസ്ത്ര-സാങ്കേതിക നയങ്ങളാണ് ഇതിന് പ്രാപ്തരാക്കിയത്.

ഇൻഷൂറൻസും ബാങ്കിങ്ങും അടക്കമുള്ള പൊതുമേഖലയ്ക്ക് ഊന്നൽ നൽകിയ നയസമീപനങ്ങളായിരുന്നു പൊതുവിൽ കൈക്കൊണ്ടിരുന്നത്. ഭരണകൂടം ഏകാധിപത്യസ്വഭാവം കൈക്കൊണ്ടപ്പോഴും, മതനിരപേക്ഷതയും ശാസ്ത്രബോധവും സംരക്ഷിച്ചിരുന്നു.

എന്നാൽ 1990കളോടെ ആഗോള സാമ്പത്തികക്രമത്തിന്റെ അവിഭാജ്യഘടകമെന്ന നിലയിൽ തുറന്ന സമ്പദ്‌വ്യവസ്ഥയുടെ  അരക്ഷിതത്വത്തിലേക്ക് രാഷ്ട്രം നീങ്ങി. ആഗോളവത്കരണ, സ്വകാര്യവത്കരണ അജണ്ടകളുടെ അധിശത്വത്തിന് ഇന്ത്യ പൂർണമായും കീഴടങ്ങി. ഇതേ കാലഘട്ടത്തിൽ മറ്റൊരു വിപത്തുകൂടി നാം അഭിമുഖീകരിച്ചു. വർഗീയ ഫാസിസ്റ്റ് രാഷ്ട്രീയം ശക്തി പ്രാപിച്ചു.

2014ൽ കേന്ദ്രഗവണ്മെന്റ് അവരുടെ കൈകളിലായി. അതോടെ  കാര്യങ്ങൾ അട്ടിമറിഞ്ഞു. നവലിബറലിസത്തിന് വിഹരിക്കാൻ നവഫാസിസ്റ്റുകളുമായുള്ള  കൂട്ടുകെട്ട് ശക്തി നൽകി. അമിതകേന്ദ്രീകരണവും സ്വേച്ഛാധിപത്യവും മതവിദ്വേഷവും ജനാധിപത്യവിരുദ്ധതയും അതിന്റെ ലക്ഷണങ്ങളാണ്. ജനാധിപത്യത്തിന് പകരം പണാധിപത്യം സകല മറയും നീക്കി നമുക്ക് മുന്നിലുണ്ട്. (ഇലക്ടറൽ ബോണ്ട് - ഉദാഹരണങ്ങൾ. പാരിസ്ഥിതിക പരിഗണനകൾ യാതൊന്നുമില്ലാതെ പശ്ചാത്തല വികസനമെന്ന പേരിൽ കെട്ടിടനിർമാണക്കമ്പനികൾ കോടികളാണ് ഭരിക്കുന്ന കക്ഷിയ്ക്ക് കൈമാറിയത് - ജോഷിമഠ് ദുരന്തം  ഓർക്കുക - ഒരുദാഹരണം മാത്രം.)

ശാസ്ത്ര-സാങ്കേതികരംഗത്തെ പുരോഗതിയാണ് രാഷ്ട്രപുരോഗതിയുടെ അടിസ്ഥാനം. ഉൽപാദനക്ഷമത വർധിപ്പിച്ചും ജനങ്ങളുടെ ജീവിതാവശ്യങ്ങൾ നിറവേറ്റിയും പാരിസ്ഥിതികാഘാതങ്ങൾ ലഘൂകരിച്ചും രാഷ്ട്രത്തിന് മുന്നേറണമെങ്കിൽ ശാസ്ത്രഗവേഷണം ത്വരിതപ്പെടുത്തിയേ പറ്റൂ. എന്നാൽ ശാസ്ത്രഗവേഷണത്തിന് ഏറ്റവും കുറഞ്ഞ ജി.ഡി.പി. വിഹിതം ചെലവഴിക്കുന്ന രാജ്യമാണ് ഇന്ത്യ-0.7%. ഈ തുകയുടെ ഗണ്യമായ വിഹിതം പുരാണങ്ങളിലും ഇതിഹാസങ്ങളിലുമുള്ള മിത്തുകൾ സാധൂകരിക്കുന്നതിനാണ് ചെലവഴിക്കുന്നത്. (ഉദാ: സരസ്വതീനദി, സേതുബന്ധനം). വിശ്വാസത്തെ ശാസ്ത്രമായി അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും ഫണ്ട് ലഭ്യമാക്കുന്നതിന് ഇവിടെ തടസ്സങ്ങളേതുമില്ല (ഉദാഹരണങ്ങൾ നിരവധി). ബഹിരാകാശഗവേഷണം, യുദ്ധോപകരണ നിർമാണം എന്നിങ്ങനെ ചില രംഗങ്ങൾ മാറ്റിനിർത്തിയാൽ ശാസ്ത്രസംവിധാനവും ഗവേഷണവും ഇന്ത്യയിൽ ദുർബലപ്പെടുകയാണ്. ശാസ്ത്രബോധം, ശാസ്ത്രത്തിന്റെ രീതി തുടങ്ങിയവയെ പാടെ  അവഗണിക്കുന്നു. സാങ്കേതികവിദ്യ കച്ചവടഉരുപ്പടി മാത്രമായിത്തീരുന്നു. ശാസ്ത്രപ്രതിഭകളെ കണ്ടെത്താനും അടിസ്ഥാന ശാസ്ത്രഗവേഷണത്തെ പ്രോത്സാഹിപ്പിക്കാനുമായി ഏർപ്പെടുത്തിയിരുന്ന അവാർഡുകളും സ്‌കോളർഷിപ്പുകളുമെല്ലാം കേന്ദ്രഗവണ്മെന്റ് നിർത്തലാക്കി. ശാസ്ത്രഗവേഷണത്തിനുള്ള ഫണ്ട് കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽനിന്നും കണ്ടെത്താനും നിർദേശമുണ്ട്. എളുപ്പത്തിൽ ലാഭം കിട്ടുന്ന സാങ്കേതികവിദ്യകളിൽ മാത്രമേ കമ്പനികൾക്ക് താൽപര്യമുണ്ടാവുകയുള്ളൂ. ജനക്ഷേമം  കോർപറേറ്റ് അജണ്ടയല്ല. ഇതിനൊപ്പം വിദേശങ്ങളിൽനിന്ന് സാങ്കേതികവിദ്യ വാങ്ങി, നാട്ടിലെ ചെലവ് കുറഞ്ഞ അധ്വാനവുമായി ചേർത്ത് ലാഭമുണ്ടാക്കുക എന്ന കച്ചവടതാത്പര്യവും ചേരുമ്പോൾ  ശാസ്ത്രഗവേഷണത്തിന്റെ ഗതി ഇരുളടഞ്ഞതാകും.

ദേശീയ ശാസ്ത്രകോൺഗ്രസ്സിനുള്ള ധനസഹായം നിഷേധിച്ചതിലൂടെ കേന്ദ്രഭരണകൂട ഇന്ത്യയുടെ ഭാവി വികസനസാധ്യതകളെ അടച്ചുകളയുക കൂടിയാണ് ചെയ്യുന്നത്.  

ജനസംവാദം - ചോദ്യോത്തരങ്ങൾ

1. ഭരണഘടന എന്താണ്? ഭരണഘടന ഇല്ലെങ്കിൽ എന്താണ് കുഴപ്പം?

ഒരു രാജ്യത്തിന്റെ ആശയാഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനുവേണ്ടിയുള്ള അവകാശങ്ങളുടെയും കടമകളുടെയും നിയമങ്ങളുടെയും ചട്ടങ്ങളുടെയും ആകെത്തുകയാണ് ഭരണഘടന. രാജ്യത്തിന്റെ ഭരണ-നിയമ നിർവ്വഹണരൂപങ്ങളെല്ലാം ഭരണഘടനയുടെ പൊതുചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടായിരിക്ക ണം നിർവ്വഹിക്കേണ്ടത്. പൗരജീവിതവും രാഷ്ട്രത്തിന്റെ ഭാവി യും മുന്നിൽ കണ്ടുകൊണ്ടായിരിക്കും ഓരോ രാഷ്ട്രവും അതിന്റെ ഭരണഘടന രൂപപ്പെടുത്തിയെടുക്കുക.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന 572 ചെറുരാജ്യങ്ങളെ ഒന്നിച്ചുചേർത്തുകൊണ്ട് രൂപപ്പെടുത്തിയെടുത്ത രാഷ്ട്രമാണ് ഇന്ത്യ.

ഇന്ത്യൻ ഭരണഘടന ഇന്ന് ഭൂരിപക്ഷ വർഗീയ ശക്തികളുടെ  കരങ്ങളിലാണ്. ഭരണഘടന കേവലം ഒരു നിയമപുസ്തകമല്ല. ജനാധിപത്യസമൂഹത്തിൽ ഓരോ പൗരനെയും കണക്കിലെടുത്തുവേണം ഭരണഘടനാ നിർവ്വഹണം. ഈ വസ്തുത ഉൾക്കൊള്ളാൻ ഇന്നത്തെ പാർലിമെന്റിലെ ഭൂരിപക്ഷത്തിനും കഴിഞ്ഞിട്ടില്ല. ഭരണഘടന ഇന്ത്യയിലെ 142 കോടി ജനങ്ങളുടേതാണ്. അവർ തന്നെയാണ് അതിന്റെ നിർമാതാക്കളും. അതുകൊണ്ടുതന്നെ അതു പരിശോധിക്കേണ്ടതും സംരക്ഷിക്കേണ്ടതും ജനങ്ങളുടെ ഉത്തരവാദിത്തം തന്നെയാണ്.

ഭരണകൂടം കക്ഷിരാഷ്ട്രീയതാത്പര്യങ്ങൾക്കനുസരിച്ചല്ല പ്രവർത്തിക്കേണ്ടത്. സമൂഹത്തിലെ സർവ്വമാന വിഭാഗങ്ങളുടെയും സാമൂഹ്യക്ഷേമത്തെ മുൻനിർത്തിയാണ്. ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ അത്  സുപ്രീംകോടതിയിൽ ചോദ്യംചെയ്യാം. ബ്രിട്ടൻ, ന്യൂസിലാന്റ്, ഇസ്രായേൽ, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്ക് നമ്മുടേതുപോലെ എഴുതപ്പെട്ട ഭരണഘടനയില്ല. ബ്രിട്ടൻ 13-ാംനൂറ്റാണ്ടു മുതൽ പാർലിമെന്റ്‌സംവിധാനം രൂപപ്പെട്ട രാജ്യമാണ്. അവിടെ കീഴ്‌വഴക്കങ്ങളാണ് ഭരണഘടനയ്ക്ക് പകരമായി പ്രവർത്തിക്കുന്നത്. സൗദി അറേബ്യയിൽ ഖുറാനും ഇസ്രായേലിൽ അവരുടെ ഭരണകൂടതാത്പര്യങ്ങളുമാണ് ഭരണഘടന.

2. ഫെഡറലിസം അർത്ഥമാക്കുന്നതെന്താണ്?

ഇന്ത്യയുടെ ഫെഡറലിസത്തിന്റെ പ്രത്യേകതകൾ

  • ഇന്ത്യ 28 സംസ്ഥാനങ്ങളുടെയും 8 കേന്ദ്രഭരണപ്രദേശങ്ങളുടെയും  യൂണിയനാണ്. സംസ്ഥാനത്തിന് നിർവചിക്കപ്പെട്ട അധികാരങ്ങളും(സ്റ്റേറ്റ് ലിസ്റ്റ്) കേന്ദ്രത്തിന് നിർവചിക്കപ്പെട്ട അധികാരങ്ങളും(യൂണിയൻ ലിസ്റ്റ്) രണ്ടുതലങ്ങളും ഒന്നിച്ചുചേർന്നു നടത്തേണ്ട അധികാരപ്രക്രിയകളും (കൺകറന്റ് ലിസ്റ്റ്) ഭരണഘടനയിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇവയുടെ നീതിനിഷ്ഠമായ നടത്തിപ്പിന്റെ തത്വമാണ് ഫെഡറലിസം. അതിന്റെ ഉത്ത മോദാഹരണമാണ് അമേരിക്ക.
  • അമേരിക്കൻ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾ ക്ക് ഇന്ത്യയിലേതിനേക്കാൾ മതിയായ അധികാരമുണ്ട്. സ്വതന്ത്ര മായി വരുമാനമുണ്ടാക്കുന്ന കാര്യത്തിലും ചെലവിടുന്ന കാര്യത്തിലും കൂടുതൽ സ്വതന്ത്രമാണത്. ഇന്ത്യൻ ഫെഡറലിസം സഹകരണഫെഡറലിസമാണ്.
  • വ്യത്യസ്ത സ്വഭാവങ്ങളോടുകൂടിയ സംസ്ഥാനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിച്ച് ഇന്ത്യ എന്ന പൊതുവികാരത്തിൽ നിന്നുകൊണ്ട് ഭരണം മുന്നോട്ടുകൊണ്ടുപോവുക എന്നതാണ് ഇന്ത്യൻ ഫെഡറലിസത്തിന്റെ അന്തഃസത്ത. ആരും ആരുടേയും മേലും കീഴുമല്ല. കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരുകളും രണ്ട് ഭരണസംവിധാനങ്ങൾ മാത്രമാണ്.

3.  ഭരണഘടനയിൽ ബഹുസ്വരത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

നാനാത്വത്തിൽ ഏകത്വം എന്നതാണ് ബഹുസ്വരത. ഇന്ത്യ നാനാത്വസ്വഭാവമുള്ള രാജ്യമാണ്. അതായത് വ്യത്യസ്ത ഭാഷ സംസാരിക്കുന്നവർ, വ്യത്യസ്ത ആചാരരീതിയിൽപ്പെട്ടവർ, വ്യത്യസ്ത മത-ജാതിവിഭാഗങ്ങളിൽപ്പെട്ടവർ, വ്യത്യസ്തമായ കാലാവസ്ഥാപ്രദേശങ്ങളിൽ ജീവിക്കുന്നവർ, വ്യത്യസ്ത ഭൂപരിസ്ഥിതിയിൽ പെട്ടവർ, വ്യത്യസ്തവേഷധാരികൾ അങ്ങനെ പലതും. പക്ഷെ നമുക്ക് പൊതുവായ ഒന്നുണ്ട്. ഇന്ത്യ എന്നവികാരവിചാരങ്ങൾ. ഈ വികാരം ഉണ്ടാക്കിയെടുക്കുന്നതിൽ  ബ്രിട്ടീഷ് സാമ്രാജ്യത്വ വിരുദ്ധ സ്വാതന്ത്ര്യസമരത്തിന് വലിയ പങ്കുണ്ട്. ഇപ്പോൾ നമ്മെ ഒന്നിച്ചുനിർത്തുന്നത് ഭരണഘടനയാണ് എന്ന് നിസ്സംശയം പറയാം.

4. ഭരണഘടനയിൽ ഗവർണറുടെ റോൾ എന്താണ്?

സംസ്ഥാനങ്ങളിൽ ഇന്ത്യൻ പ്രസിഡണ്ട് നിയോഗിക്കുന്ന കാര്യസ്ഥനാണ് ഗവർണർ. 1858-ലെ 'ദി ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്' പ്രകാരം ബ്രിട്ടീഷ് ഈസ്റ്റ്ഇന്ത്യാകമ്പനി, ഇന്ത്യയുടെ  അധികാരം ബ്രിട്ടീഷ് രാജ്ഞിക്കു കൈമാറുന്ന സാഹചര്യത്തിൽ പ്രൊവിൻഷ്യൽ ഭരണം സുഗമമാക്കുന്നതിനാണ് ആദ്യമായി ഗവർണർപദവി ആരംഭിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ ഏജന്റായി പ്രവർത്തിക്കുക എന്നതായിരുന്നു ഗവർണറുടെ ഉത്തരവാദിത്തം.

1935ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്നതോടെ ഗവർണറുടെ ചുമതലകളിൽ ചില പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു. പ്രവശ്യകളിൽ സമാധാനം സൃഷ്ടിക്കുന്നതിന് പരിശ്രമിക്കുക, ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക തുടങ്ങിയ പ്രത്യേക അവകാശങ്ങൾകൂടി ഗവർണറുടെ അധികാരപരിധിയിൽ വന്നുചേർന്നു. ഗവർണറുടെ ഇടപെടലുകൾ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്ന ഗവണ്മെന്റുകളെ ബുദ്ധിമുട്ടിലാക്കുമെന്ന് 1937 മുതൽ കോൺഗ്രസ് ആക്ഷേപമുന്നയിച്ചിരുന്നു. ഇന്ത്യ സ്വതന്ത്രമായതോടെ, ഗവർണർ പദവിയിൽ സമഗ്രപരിഷ്‌കരണം ആവശ്യമായി വന്നു.

ഭരണഘടനാനിർമാണസഭയിലെ പ്രധാനപ്പെട്ട ചർച്ചകളിൽ ഒന്നായിരുന്നു ഗവർണർ പദവി. ഫെഡറൽ സംവിധാനത്തിൽ കേന്ദ്രഭരണത്തിന് 'പ്രസിഡന്റ്'പദവി എന്നപോലെ സംസ്ഥാനങ്ങളുടെ ഭരണത്തിന് 'ഗവർണർ' എന്നായിരുന്നു പ്രധാന ചർച്ച. പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുപോലെത്തന്നെ സംസ്ഥാനതലത്തിൽ ഇലക്ടറൽ കോളേജുണ്ടാക്കി ഗവർണറെ തെരഞ്ഞെടുക്കണം എന്നായിരുന്നു നിർദേശം. ഭരണഘടനയിൽ പ്രസിഡന്റിനു നൽകുന്ന സ്ഥാനംപോലെത്തന്നെ ഗവർണർക്കും സ്ഥാനം വേണമെന്ന ചർച്ച ഉയർന്നുവന്നു. എന്നാൽ പൊതുചർച്ചയിലൂടെ ചില സമവായം ഉരുത്തിരിഞ്ഞുവരികയായിരുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുക, ഭരണഘടനാമൂല്യങ്ങളിൽ ഉറച്ചുനിന്ന് കേന്ദ്രസർക്കാരിന്റെയും പ്രസിഡന്റിന്റെയും താത്പര്യങ്ങൾ സംരക്ഷിക്കുക, കേന്ദ്ര-സംസ്ഥാനബന്ധം രാഷ്ട്രീയത്തിന്നതീതമായി ശക്തിപ്പെടുത്തുക തുടങ്ങിയവയായിരിക്കണം ഗവർണറുടെ ഉത്തരവാദിത്തങ്ങളെന്ന് അംഗീകരിക്കപ്പെട്ടു. കേന്ദ്ര-സംസ്ഥാനഗവണ്മെന്റുകളോട് പ്രത്യേക ചായ്‌വ് കാണിക്കാത്ത, എന്നാൽ ഭരണഘടനാമൂല്യങ്ങളോടും ലക്ഷ്യങ്ങളോടും നീതി പുലർത്തുന്നവരായിരിക്കണം ഗവർണർമാർ. ഈ പൊതുതത്വമനുസരിച്ച് ഗവർണർ മാരെ തെരഞ്ഞെടുക്കണം. കേന്ദ്ര-സംസ്ഥാനസർക്കാരുകളുമായാലോചിച്ച് പ്രസിഡന്റിന് ഗവർണറെ തീരുമാനിക്കാമെന്നുമുള്ള നിർദേശം അംഗീകരിക്കപ്പെട്ടു.

153 മുതൽ 164 വരെയുള്ള ഭരണഘടനാ അനുച്ഛേദങ്ങൾ ഗവർണറുമായി ബന്ധപ്പെട്ടതാണ്. അനുച്ഛേദം 153 പ്രസിഡന്റ് ഗവർണറെ നിയമിക്കുന്നതുസംബന്ധിച്ചാണ് പറയുന്നത്. ഒരേസമയം രണ്ടു സ്റ്റേറ്റുകളിൽ വരെ ഗവർണറായിരിക്കാൻ ഒരാൾക്ക് കഴിയും. 35 വയസ്സ് പൂർത്തിയായ ഏതൊരുഇന്ത്യൻ പൗരനെയും ഗവർണറാക്കാൻ കഴിയും. അനുച്ഛേദം 156 പ്രകാരം 5 വർഷമാണ് ഗവർണറുടെ നിയമനകാലാവധിയെങ്കിലും പ്രസിഡന്റിന് എപ്പോൾ വേണമെങ്കിലും ഗവർണറെ മാറ്റാവുന്നതാണ്. കേന്ദ്രസർക്കാരും പ്രസിഡന്റും സംസ്ഥാനമുഖ്യമന്ത്രിയുമായി ആലോചിച്ചുവേണം ഗവർണറെ തീരുമാനിക്കേണ്ടത് എന്നുള്ള കീഴ്‌വഴക്കമുണ്ടെങ്കിലും അതൊന്നും പാലിക്കപ്പെടാറില്ല. മണിബിൽ ഒഴികെയുള്ള മറ്റു ബില്ലുകൾ നിയമസഭ പാസ്സാക്കി നിയമമാക്കണമെങ്കിൽ ഗവർണറുടെ അംഗീകാരം ലഭിച്ചിരിക്കണം. അംഗീകാരം നൽകാതെ തിരിച്ചയച്ചാൽ വീണ്ടും അംഗീകാരത്തിനായി നിയമസഭയ്ക്ക് അയയ്ക്കാവുന്നതാണ്. ഈ സാഹചര്യത്തിൽ ഗവർണർ അംഗീകാരം നൽകുകയാണു പതിവ്. അനുച്ഛേദം 200-ഉം 201-ഉം സംസ്ഥാനഗവണ്മെന്റ് പാസ്സാക്കുന്ന ബില്ലുകൾ നിയമമാക്കുന്നതു സംബന്ധിച്ച് ഗവർണറുടെ അധികാരങ്ങളാണ് സൂചിപ്പിച്ചിട്ടുള്ളത്. ഭരണഘടനാപരമായി ഗവർണർക്ക് ഒരു സംരക്ഷകന്റെ റോളാണ് ഉള്ളത്. സംസ്ഥാന നിയമങ്ങൾ ഭരണഘടനാപരമല്ലേ, കേന്ദ്രസർക്കാരുണ്ടാക്കുന്ന നിയമങ്ങൾക്ക് അനുസൃതമായല്ലേ സംസ്ഥാനങ്ങളും മുന്നോട്ടുപോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഗവർണർ പരിശോധിക്കേണ്ടത്. കേന്ദ്ര-സംസ്ഥാന തർക്കങ്ങളിൽ എരിതീയിൽ എണ്ണയൊഴിക്കാതെ വെള്ളമൊഴിച്ച് അണയ്ക്കുന്ന നല്ലൊരു കാരണവർ റോളാണ് എന്നുവേണമെങ്കിൽ പറയാം. അത്തരമൊരു റോളിലാണോ ഗവർണർമാർ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കേണ്ടതുതന്നെയാണ്. കേന്ദ്രസർക്കാർ പലപ്പോഴും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു കാര്യസ്ഥനായിട്ടാണ് ഗവർണർമാരെ കാണുന്നത്. 1952 മുതലുള്ള  ഇന്ത്യയുടെ ചരിത്രത്തിൽ ഗവർണർമാരുടെ അമിതരാഷ്ട്രീയ വിധേയത്വത്തിന്റെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. ഇ.എം.എസ്. മന്ത്രിസഭയുടെ പതനം മുതൽ ഇപ്പോഴത്തെ ഗവർണർ പൗരത്വബില്ലുമായി ബന്ധപ്പെട്ട് കേരളനിയമസഭ പാസ്സാക്കിയ പ്രമേയത്തിനോെടടുത്ത സമീപനംവരെ പരിശോധിച്ചാൽ ഗവർണർമാരുടെ രാഷ്ട്രീയവിധേയത്വം ബോദ്ധ്യമാകും.

എസ്.ആർ.ബൊമ്മെ ്/ െ യൂണിയൻ ഓഫ് ഇന്ത്യ (എ.1994 എസ് സി 1918) കേസ്സിൽ കർണാടക ഗവർണറായിരുന്ന പി.വെങ്കിട സുബ്ബയ്യയെ നിശിതഭാഷയിലാണ് ജസ്റ്റിസ് കുൽദിപ്‌സിങ്ങും ജസ്റ്റിസ് സാവന്തും  വിമർശിച്ചത്. നിയമസഭാംഗങ്ങൾ ആയ 19 പേർ ഒപ്പിട്ട കത്തിന്റെ നിജസ്ഥിതി ഉറപ്പുവരുത്താതെ സർക്കാരിനെ പിരിച്ചുവിടാൻ ഗവർണർ കാണിച്ച വ്യഗ്രത ഭരണഘടനയുടെ മൂല്യത്തെ തകർക്കുന്നതാണെന്നാണ് അവർ സൂചിപ്പിച്ചത്. 19 പേരിൽ 7 പേർ പിന്നീട് തങ്ങൾ ഒപ്പിട്ടിട്ടില്ലായെന്ന സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ ആയിരുന്നു പ്രസ്തുത വിമർശനം. സമാനമായ ഗവർണർ ഇടപെടലുകൾ മേഘാലയയിലും നാഗാലാൻഡിലും ഉണ്ടായത് കോടതികൾതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കേരളത്തിൽ ഈ അടുത്തകാലത്ത് ഉയർന്നുവന്ന ചർച്ചകൾ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുമായി ബന്ധിപ്പിച്ച് ചർച്ചചെയ്യേണ്ടതാണ്. പൗരത്വഭേദഗതിനിയമവുമായി ബന്ധപ്പെട്ട് ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ്ഖാൻ ഉയർത്തിയ പ്രതിഷേധസ്വരങ്ങളെ വിമർശനപരമായിത്തന്നെ പരിശോധിക്കണം. അദ്ദേഹത്തോട് ചോദിക്കാനുള്ളത് ആരുടെതാണ് ഭരണഘടന എന്നതാണ്. ഭരണഘടന ഇന്ത്യയിലെ ജനങ്ങളുടെതാണ്. ഞങ്ങൾ ജനങ്ങൾ എന്നാണ് ഭരണഘടനയുടെ ആദ്യവാചകം ആരംഭിക്കുന്നത്. ഞങ്ങൾ ഇന്ത്യയിലെ പാർലിമെന്റിലെ ഭൂരിപക്ഷാംഗങ്ങൾ എന്നല്ല. പാർലിമെന്റും മറ്റ് സംവിധാനങ്ങളും ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ഉപാധികൾ മാത്രമാണ്. അതിലെ ഒരു കണ്ണി മാത്രമാണ് കേരളത്തിലെ ഗവർണർ. പാർലിമെന്റിൽ ഭൂരിപക്ഷം ലഭിച്ചെങ്കിലും പൗരത്വഭേദഗതി നിയമത്തിനെതിരേ ഇന്ത്യയിലെ തെരുവുകളിലും സംസ്ഥാനനിയമസഭകളിലും വ്യാപകപ്രതിഷേധങ്ങൾ ഉയരുകയാണ്. ഇന്ത്യൻ ഭരണഘടനയുടെ ലംഘനമാണ് ഈ നിയമമെന്നാണ് ഭൂരിപക്ഷം ജനങ്ങളും പറയുന്നത്. ഈ സാഹചര്യത്തിലാണ് കേരളനിയമസഭ പ്രമേയം പാസാക്കുന്നത്. ഇക്കാര്യം പ്രസിഡന്റിന്റെയും കേന്ദ്രസർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരിക എന്നതുമാത്രമാണ് അദ്ദേഹം ചെയ്യേണ്ടിയിരുന്നത്. അതിനുപകരം പക്ഷംപിടിച്ച് നിയമസഭയും കേരളത്തിലെ ജനങ്ങളും ഭരണഘടനാവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് അദ്ദേഹം പ്രചരിപ്പിക്കുന്നത്. ഇത് അംബേദ്കറും നെഹ്‌റുവും അല്ലാഡി കൃഷ്ണസ്വാമിയെപ്പോലുള്ളവരും സ്വപ്നംകണ്ട ജനാധിപത്യവ്യവസ്ഥയ്ക്ക് വിരുദ്ധമാണ്.

5.  ഭരണഘടനയിലെ മതനിരപേക്ഷത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

ഇന്ത്യൻ ഭരണഘടനയിൽ മതത്തെ വ്യക്തമായി നിർവചിക്കുന്നില്ല. വൈവിദ്ധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഹിന്ദുമതം, ജൈനമതം, ബുദ്ധമതം, സിക്കുമതം തുടങ്ങിയവ ഇന്ത്യയിൽ ഉണ്ടായ മതങ്ങളാണ്. ക്രിസ്തുമതവും ഇസ്‌ലാംമതവും ഇന്ത്യയിൽ വേരോടിയിട്ട് സഹസ്രാബ്ദം പിന്നിട്ടു. എല്ലാ മതങ്ങൾക്കും സഹിഷ്ണുതയോടെ പുലരാൻ കഴിയുന്ന രാജ്യമായാണ്  ഇന്ത്യയെ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്.

1954ലെ കമ്മീഷണർ H.R.E. v/s L.T. Swamiar കേസിൽ സുപ്രീംകോടതി മതത്തെ നിർവ്വചിച്ചത് ഏകദേശം ഇപ്രകാരമാണ്. മതമെന്നത് ഒരു വ്യക്തിയുടെയോ സമൂഹത്തിന്റെയോ വിശ്വാസമാണ്. അതിനൊരു സിദ്ധാന്തം/ദർശനം ഉണ്ടാകണമെന്നു പോലുമില്ല. ഒരു മതത്തിന് അതിന്റെതായ വിശ്വാസമോ ദർശനമോ ഉണ്ടായിരിക്കും. മതാചാരങ്ങൾക്കനുസൃതമായി ജീവിക്കുന്നവരായിരിക്കും അതിലെ വിശ്വാസികൾ. ആചാരമെന്നു പറയുന്നത് വിഗ്രഹാരാധനയാകാം, പ്രത്യേക ദിവസങ്ങളുടെ ആചാരമാകാം, ആഘോഷമാകാം, പ്രത്യേകരീതിയിലുള്ള ഭക്ഷണമോ വസ്ത്രധാരണമോ ഒക്കെ മതത്തിന്റെ ഭാഗമാകാമെന്ന് സുപ്രീംകോടതി മതത്തെ നിർവ്വചിച്ചുകൊണ്ട് പറയുകയുണ്ടായി.

മതസ്വാതന്ത്ര്യം എന്നത് ഇന്ത്യയിലെ പൗരന്മാർക്കു മാത്രമുള്ളതല്ല. ഇന്ത്യയിലുള്ള മറ്റു വിദേശപൗരന്മാർക്കും ഇന്ത്യയിലെ പൗരരെന്നപോലെത്തന്നെ ഇന്ത്യയിൽ മതസ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് Ratilal Panchad v/s State of Bombay കേസിൽ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.      

വിദേശ ക്രിസ്ത്യൻമിഷനറിമാർ ഇന്ത്യയിൽ മതപ്രചാരണം നടത്തുന്നത് ഭരണഘടനാവിരുദ്ധമല്ല എന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്.

1975ൽ ഇന്ദിര v/s രാജ്‌നാരായണൻ കേസിൽ സുപ്രീംകോടതി മതേതരത്വത്തെ നിർവ്വചിക്കാൻ ശ്രമിച്ചത് ഇപ്രകാരമാണ്:

ഇന്ത്യക്ക് സ്വന്തമായി ഒരു മതവുമില്ല. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും ഏതു മതത്തിൽ വിശ്വസിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും സ്വാതന്ത്ര്യമുണ്ടെന്നപോലെ മതം പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ട്.

1994ൽ S.R ബൊമ്മെ v/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ആഖജ ഭരിച്ചിരുന്ന നാല് സ്റ്റേറ്റ് ഗവണ്മെന്റുകളെ പിരിച്ചുവിട്ട ഉത്തരവ് ശരിവച്ചുകൊണ്ട് സുപ്രീംകോടതി അഭിപ്രായപ്പെട്ടത് ഇപ്രകാരമാണ്. സെക്യുലറിസം എന്നത് സ്റ്റേറ്റിന് മതമില്ല എന്നു മാത്രമല്ല, രണ്ടു മതങ്ങൾക്കിടയിൽ നിഷ്പക്ഷത പാലിക്കുമെന്നു കൂടി അർത്ഥമുണ്ട്.

ചുരുക്കത്തിൽ, ഇന്ത്യയുടെ മതേതരത്വത്തെ നമുക്ക് ഇപ്രകാരം നിർവ്വചിക്കാം.

  1. രാഷ്ട്രത്തിനെ ഒരു മതത്തിന്റെ പേരിൽ കാണാൻ കഴിയില്ല. ഒരു മതത്തിനും രാഷ്ട്രത്തിനെ നിയന്ത്രിക്കാനും കഴിയില്ല.
  2. ഓരോ പൗരനും മതപരമായി ജീവിക്കാൻ അവകാശമുണ്ടെങ്കിലും അതൊരു പ്രത്യേക മുൻഗണനാഘടകമല്ല.
  3. മതത്തിന്റെ പേരിലോ വിശ്വാസത്തിന്റെ പേരിലോ യാതൊരു വിവേചനവും വച്ചുപുലർത്താൻ പാടില്ല.
  4. ഇന്ത്യയിലെ പൗരന്മാർക്ക് തങ്ങളുടെ മതവിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കാനുള്ള അവകാശമുണ്ടെന്നു മാത്രമല്ല, വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കാനും നടത്താനുമുള്ള അവകാശമുണ്ട്.
  5. ഒരു ബഹുസ്വരസമൂഹമെന്ന നിലയ്ക്ക് മതാധിഷ്ഠിതവും മതേതരവുമായ ഒരു വ്യവസ്ഥയാണ് നമ്മുടേത്.
  6. മതവും രാഷ്ട്രവും തമ്മിൽ വലിയ ഒരു മതിൽകെട്ടി വേർതിരിക്കാനാവില്ല. മതത്തിൽ ഇടപെടേണ്ട സാഹചര്യം ഉണ്ടാകുമ്പോൾ ജനാധിപത്യപരമായി ഇടപെടാൻ രാഷ്ട്രത്തിന് അധികാരമുണ്ട്.
  7. മതത്തിന്റെ പൊതുസമ്മതിയെ രാഷ്ട്രം നിരാകരിക്കുന്നില്ല. പൊതുസമൂഹത്തിൽ മതത്തിനുള്ള സ്വാധീനത്തെ രാഷ്ട്രം അംഗീകരിക്കുന്നു.

ഇത്തരത്തിൽ മതത്തോടും മതവിശ്വാസത്തോടുമുള്ള ശാസ്ത്രീയസമീപനത്തിനപ്പുറം ഇന്ത്യയിലെ മതപരമായ വൈവിദ്ധ്യത്തെ പൂർണമായും ഉൾക്കൊണ്ടുകൊണ്ട് അവരുടെ വിശ്വാസത്തെയും ജീവിതചര്യകളെയും പൂർണമായും മനസ്സിലാക്കി പൗരന്റെ സൈ്വര്യവും സൗഖ്യവുമായ ജീവിതമാണ് മതേതരത്വത്തിലൂടെ ഇന്ത്യൻ ഭരണഘടന ലക്ഷ്യമിട്ടത്. രാഷ്ട്രം മതത്തിൽ വിശ്വസിക്കാതിരിക്കുമ്പോൾ തന്നെ പൗരന് മതത്തിൽ വിശ്വസിക്കാനുള്ള അവകാശത്തെ സംരക്ഷിക്കലാണ്, അത്തരമൊരു ഉറപ്പാണ്, മതേതരത്വത്തിലൂടെ ഭരണഘടന സാധ്യമാക്കിയത്.  

6.  ഇന്ത്യൻ ഭരണഘടനയിലെ ജനാധിപത്യത്തിന്റെ സത്ത?

ജനാധിപത്യം എന്ന ഇന്ത്യൻ സംജ്ഞയെ ഇപ്രകാരം ക്രോഡീകരിക്കാം.

  1. പരമാധികാരി ജനങ്ങളാണ്.
  2. ജനങ്ങളുടെ ആശയാഭിലാഷങ്ങൾക്കനുസരിച്ചാണ് ഗവണ്മെന്റുകൾ ഭരണം നടത്തേണ്ടത്.
  3. ഭൂരിപക്ഷതീരുമാനം നടപ്പിലാക്കണം.
  4. ന്യൂനപക്ഷാവകാശങ്ങളെ മാനിക്കണം.
  5. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് ഉറപ്പു തരുന്നു.
  6. സ്വതന്ത്രവും നീതിപൂർവ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പു നൽകുന്നു.
  7. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് എന്ന ബോധം സൃഷ്ടിക്കുന്നു.
  8. നിയമനിർമാണത്തിന് ജനാധിപത്യമര്യാദകൾ പാലിക്കുന്നു.
  9. ഭരണത്തെ ഭരണഘടന നിയന്ത്രിക്കുന്നു.

ഇന്ത്യയെ ഇപ്പോൾ ഭരിക്കുന്നവർ ഇന്ത്യൻ ഭരണഘടന ഉദ്ദേശിക്കുന്ന ജനാധിപത്യമര്യാദകളെ എത്രമാത്രം അവഹേളിക്കുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

7.  ഭരണഘടനാമൂല്യങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

ജനാധിപത്യം, സ്വാതന്ത്ര്യം, സാഹോദര്യം, സ്ഥിതിസമത്വം, സാമൂഹികനീതി, മതേതരത്വം എന്നിവ എല്ലാ പൗരന്മാർക്കും ഉറപ്പുവരുത്തുന്ന വിധത്തിലായിരിക്കണം ഇന്ത്യയിലെ ഭരണനിർവഹണമെന്ന് ഭരണഘടന നിർദേശിക്കുന്നു. നിയമം നിർമിക്കുമ്പോഴും ഭരണനിർവഹണം നടത്തുമ്പോഴും കോടതികൾ വിധിപ്രസ്താവിക്കുമ്പോഴും മേൽ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വേണം തീരുമാനങ്ങൾ കൈക്കൊള്ളാൻ. ഒരു ഉദാഹരണം പറഞ്ഞാൽ ഇന്ത്യയിലെ ഒരുശതമാനമാളുകൾ ഇന്ത്യയിലെ വരുമാനത്തിലെ  22.6 ശതമാനം കയ്യടക്കിയിരിക്കുന്നു. 10 ശതമാനമാളുകൾ 57.70 ശതമാനം വരുമാനം കയ്യടക്കിയിരിക്കുന്നു. 90 ശതമാനമാളുകളുടെ ആകെ വരുമാനം 42.3 ശതമാനം മാത്രമാണ്. വർധിതതോതിലുള്ള ഈ അസമത്വം ഭരണഘടന മുന്നോട്ടുവയ്ക്കുന്ന നീതി, സമത്വം, തുല്യത എന്നീ മൂല്യങ്ങൾക്ക് വിരുദ്ധമാണ്.  ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങൾ മൂലമാണ് വലിയതോതിലുള്ള അസമത്വങ്ങൾക്ക് കാരണമാകുന്നത്. ഇത് ഭരണപരാജയമാണെന്ന് പറയാൻ പൗരന്മാർക്ക് ഉത്തരവാദിത്തമുണ്ട്.

വ്യക്തിസ്വാതന്ത്ര്യത്തിന് അങ്ങേയറ്റം മൂല്യം കല്പിക്കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. അന്തർദ്ദേശീയ മനുഷ്യാവകാശങ്ങൾക്ക് അനുസൃതമായാണ് ഭരണഘടന രൂപപ്പെടുത്തിയിട്ടുള്ളത്. ദീർഘകാലത്തെ സ്വാതന്ത്ര്യസമരചരിത്രം, ബ്രിട്ടീഷ് ആധിപത്യം ഇന്ത്യയുടെ പൗരസമൂഹത്തിനുമേൽ നടത്തിയ വിദ്ധ്വംസകങ്ങളായ അടിച്ചമർത്തലുകളിൽനിന്നുണ്ടായ അനുഭവങ്ങൾ, ജാതി-മത വർഗ-ലിംഗ ഭേദങ്ങൾ, മനുഷ്യസ്വാതന്ത്ര്യത്തിന് എതിരേ ഉണ്ടാക്കിയ അനാചാരങ്ങൾ എന്നിവയുടെ തീവ്രമായ അനുഭവങ്ങളാണ് സ്വതന്ത്ര ഇന്ത്യയുടെ പൗരസ്വാതന്ത്ര്യം എന്ന ഭരണഘടനാ അവകാശത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. എതിർസ്വരങ്ങളെ അടിച്ചമർത്തലല്ല, എതിർസ്വരങ്ങളെ കേൾക്കുക എന്നുള്ളതാണ് ലിബറൽ സമൂഹത്തിന്റെ മുഖമുദ്ര. വ്യത്യസ്ത ആശയങ്ങളുള്ളവർ ഐക്യപ്പെട്ടുകൊണ്ടുള്ള സമരത്തിലൂടെയാണ് നമ്മൾ സ്വാതന്ത്ര്യം നേടിയത്. കമ്യൂണിസ്റ്റുകാരനും സോഷ്യലിസ്റ്റുകാരനും ജനാധിപത്യവാദിക്കും അംബേദ്കർവാദിക്കും വിവിധ മതസംഹിതകളുടെ ആശയങ്ങൾ ഉൾക്കൊണ്ട് ജീവിക്കുന്നവർക്കും അവിശ്വാസികൾക്കും  സ്വതന്ത്ര ഇന്ത്യയിൽ ഇടമുണ്ട് എന്നുതന്നെയാണ് നമ്മുടെ ഭരണഘടന വിവക്ഷിക്കുന്നത്.

അനുച്ഛേദം 19 സംസാരസ്വാതന്ത്ര്യം മുതലായവ സംബന്ധിച്ച അവകാശങ്ങളുടെ സംരക്ഷണത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്.

  1. സംസാരത്തിനും ആശയപ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം
  2. സമാധാനപരമായും ആയുധങ്ങൾ കൂടാതെയും സമ്മേളിക്കുവാനും
  3. സമാജങ്ങളോ യൂണിയനുകളോ രൂപീകരിക്കുവാനും
  4. ഭാരതത്തിന്റെ ഭൂപ്രദേശത്ത് എവിടെയും സ്വതന്ത്രമായി സഞ്ചരിക്കുവാനും ഭാരതത്തിന്റെ ഭൂപ്രദേശത്ത് ഏതു ഭാഗത്തും താമസിക്കുവാനും സ്ഥിരവാസമാക്കുവാനും
  5. ഏതെങ്കിലും ജോലിയിൽ ഏർപ്പെടുകയോ ഏതെങ്കിലും തൊഴിലോ വ്യാപാരമോ ബിസിനസ്സോ നടത്തുകയും ചെയ്യുവാനും അവകാശം ഉണ്ടായിരിക്കുന്നതാണ്.
  6. ഇതിൽ തൊഴിൽ, വ്യാപാരം, ബിസിനസ് ചെയ്യുവാനുള്ള അവകാശം പല വിശകലനങ്ങൾക്കും വിധേയമായിട്ടുള്ള ഒരു അവകാശമാണ്.

പൗരത്വനിയമഭേദഗതി ഭരണഘടനാവിരുദ്ധമാണ്- എന്തുകൊണ്ട്?

2019 ഡിസംബർ 11ന് രാജ്യസഭയിൽ പൗരത്വ ഭേദഗതി ബിൽ പാസ്സായതോടെ അത് നിയമമായി. പാക്കിസ്താനിൽനിന്നും അഫ്ഗാനിസ്ഥാനിൽനിന്നും ബംഗ്ലാദേശിൽനിന്നും നിയമവിരുദ്ധമായി കുടിയേറിയ ഹിന്ദു, സിഖ്, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യൻ മതത്തിൽപ്പെട്ടവർ അഞ്ച് വർഷത്തിൽ (31.12.2014ന് മുമ്പ്) കൂടുതൽ ഇന്ത്യയിൽ ഉണ്ടായിരുന്നു എന്നു തെളിയിച്ചാൽ പൗരത്വം നൽകുന്നതാണ് ഭേദഗതി.

1955ലെ പൗരത്വനിയമപ്രകാരം 14 വർഷത്തിനുള്ളിൽ 12 വർഷം ഇന്ത്യയിൽ താമസിച്ചിരുന്നാൽ മാത്രമേ പൗരത്വം ലഭിക്കുമായിരുന്നുള്ളൂ. പൗരത്വനിയമത്തിലെ ഈ ഭാഗത്താണ് ഭേദഗതി വന്നിരിക്കുന്നത്. ഈ ഭേദഗതി മൂന്ന് രാജ്യങ്ങളിൽനിന്നുള്ള ആറ് മതത്തിൽപ്പെട്ടവർക്ക് മാത്രമായി പ്രത്യേക പ്രിവിലേജ് നൽകിയിരിക്കുന്നു. ഇത് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷതയ്ക്കും അനുച്ഛേദം 14 ഉറപ്പുനൽകുന്ന തുല്യനീതിക്കും വിരുദ്ധമാണ്. ഈ ഭേദഗതിയിൽനിന്ന് ഭരണഘടനയിലെ 6-ാം ഷെഡ്യൂളിൽ ഉൾപ്പെടുന്ന ആസാം, മിസോറം, മേഘാലയ, ത്രിപുര, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ആദിവാസിമേഖലകളെ ഒഴിവാക്കിയിട്ടുണ്ട്.

കൂടാതെ ജന്മംകൊണ്ട് ഇന്ത്യക്കാരായ വിദേശീയർക്ക് നൽകിയിരുന്ന പ്രത്യേക കാർഡിനുള്ള ചില  അവകാശങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നു. അവർക്ക് സ്വതന്ത്രമായി ഇന്ത്യയിൽ സഞ്ചരിക്കാനും പഠിക്കാനും ജോലിചെയ്യാനുമുള്ള അവകാശത്തിന്മേൽ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നു.

മേൽപ്പറഞ്ഞ രണ്ടു ഭേദഗതികളും ഭരണഘടനാ തത്വങ്ങൾക്ക് എതിരാണ്. ആദ്യത്തേതിൽ ഇന്ത്യയിലെ പ്രബലമതവിഭാഗമായ മുസ്‌ലീങ്ങളെ ഒഴിവാക്കിയിരിക്കുന്നു. അതിന് ഭരണകക്ഷി ഉയർത്തുന്ന ന്യായീകരണം തികച്ചും ബാലിശമാണ്. പാക്കിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രയാസങ്ങളുടെ ഭാഗമായാണവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നതെന്നും അവരെ സഹായിക്കാനാണ് ഈ ഭേദഗതിയുമെന്നാണ് വാദം. എന്നാൽ മേൽപ്പറഞ്ഞ മുസ്‌ലീംരാഷ്ട്രങ്ങളിൽത്തന്നെ അഹമ്മദീയ, ഷിയ, റോഹിംഗ്യ വിഭാഗത്തിൽപ്പെടുന്ന മുസ്‌ലീങ്ങൾ മതന്യൂനപക്ഷങ്ങൾ ആണ്. മാത്രവുമല്ല, ബർമയിൽനിന്നും ശ്രീലങ്കയിൽനിന്നുമെല്ലാം വിവിധ മതത്തിൽപ്പെട്ടവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുന്നുണ്ട്. അവർക്ക് ഈ നിയമഭേദഗതികൊണ്ട് ഒരു ഗുണവുമില്ല.

2019ൽ ആസാമിൽ പൗരത്വരജിസ്റ്റർ കൊണ്ടുവന്നതിന്റെ ഭാഗമായി 20 ലക്ഷം പേരാണ് രജിസ്റ്ററിന് പുറത്തു നിൽക്കുന്നത്. അവർ ദീർഘകാലമായി ആസാമിൽ താമസിക്കുന്നവരാണ്. എന്നാൽ എത്രകാലമായി ഇന്ത്യയിൽ താമസിക്കുന്നു എന്നത് തെളിയിക്കാൻ കഴിയാത്തവരുമാണ്. പുതിയ നിയമസാഹചര്യത്തിൽ അവിടുത്തെ ജനങ്ങൾ ഭീതിജനകമായ അന്തരീക്ഷത്തിലാണ് നിൽക്കുന്നത്. ജനങ്ങൾ പ്രക്ഷോഭത്തിലാണ്. സ്വന്തം രാജ്യത്ത് പൗരത്വം തെളിയിക്കേണ്ട ഉത്തരവാദിത്തം പൗരന്റെതായി മാറുന്ന വിചിത്രസാഹചര്യം വന്നുചേർന്നിരിക്കുന്നു.

ഇത്തരമൊരു നിയമനിർമാണത്തിന്റെ യാതൊരു സാഹചര്യവും ഇപ്പോൾ ഇന്ത്യയിൽ നിലനിൽക്കുന്നില്ല എന്ന് മനസ്സിലാക്കണം. രാജ്യത്തിന്റെ ഏഉജ വർധനവ് പകുതിയായി കുറഞ്ഞ് രൂക്ഷമായ സാമ്പത്തികപ്രതിസന്ധികളിലൂടെ മുന്നോട്ടുപോയ്‌ക്കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങളെ ഭരണ-പ്രതിപക്ഷഭേദമെന്യേ ഒറ്റക്കെട്ടായി നിന്ന് നേരിടേണ്ട സമയത്ത് വിഭജനചിന്തയും വിദ്വേഷപൂരിതമായ വൈകാരികതയും സൃഷ്ടിച്ച് പ്രശ്‌നങ്ങളിൽനിന്ന് ഒളിച്ചോടാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ബ്രിട്ടീഷുകാർ നടപ്പാക്കിയ ഭിന്നിപ്പിച്ചുഭരിക്കുക എന്ന കുതന്ത്രം ഭരണം നിലനിർത്താനായി ഇവിടെ മറ്റൊരുവിധത്തിൽ നടപ്പാക്കുന്നു.

9.  കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങളിലെ ജനാധിപത്യ വിരുദ്ധത?

3.29 ദശലക്ഷം സ്‌ക്വയർ കിലോമീറ്റർ ഉൾക്കൊള്ളുന്ന ഭൂപ്രദേശത്ത് 142 കോടി ജനങ്ങൾ അധിവസിക്കുന്ന പ്രദേശമാണ് ഇന്ത്യ. 28 സംസ്ഥാനങ്ങൾ 8 കേന്ദ്രഭരണപ്രദേശങ്ങൾ. അതിൽത്തന്നെ 96 കോർപറേഷനുകൾ, 3586 മുനിസിപ്പാലിറ്റികൾ, 2,40,588 ഗ്രാമപഞ്ചായത്തുകൾ, 515 ജില്ലകൾ, 5930 ബ്ലോക്ക് പഞ്ചായത്തുകൾ അടങ്ങിയ വിപുലമായ കേന്ദ്ര-സംസ്ഥാന പ്രാദേശിക ഭരണസംവിധാനം. അവയ്ക്കാവശ്യമായ വരുമാനം കണ്ടെത്തുകയും സുഗമമായ രീതിയിൽ വിതരണം ചെയ്യുകയുംചെയ്യുക എന്നതാണ് കേന്ദ്ര-സംസ്ഥാന സാമ്പത്തിക സംവിധാനത്തിന്റെ ഉത്തരവാദിത്തം.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാനം നികുതികളാണ്. വരുമാനനികുതി, സെൻട്രൽ ജി.എസ്.ടി., സെസ്സുകൾ, സർചാർജുകൾ, ഏടഠകൾ ഉൾപ്പെടെ എക്‌സൈസ്, കസ്റ്റംസ് ഡ്യൂട്ടി എന്നിവ പിരിക്കുന്നത് കേന്ദ്രമാണ്. സംസ്ഥാന ഏടഠ, റവന്യു നികുതികൾ എന്നിവയാണ് സംസ്ഥാനങ്ങളുടെ നികുതിവരുമാനങ്ങൾ. കേന്ദ്രം പിരിച്ചെടുക്കുന്ന നികുതിയായാലും ശരി, സംസ്ഥാനം പിരിച്ചെടുക്കുന്ന നികുതിയായാലും ശരി, ഇന്ത്യയിൽ നടക്കുന്ന വ്യവഹാരങ്ങളിൽ നിന്നോ ഇന്ത്യക്കാരിൽ നിന്നോ ആണ് നികുതി പിരിക്കുന്നത്. പറഞ്ഞുവന്നത്, പിരിക്കുന്ന നികുതി എല്ലാ ഇന്ത്യക്കാർക്കും അവകാശപ്പെട്ടതാണ്. നമ്മുടെ രാജ്യം കോപ്പറേറ്റീവ് ഫെഡറലിസത്തിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.  കേന്ദ്രവും സംസ്ഥാനവും പ്രധാന നികുതികൾ പിരിക്കുന്നു. കേന്ദ്രം പിരിക്കുന്ന നികുതികളിൽ ഒരു നിശ്ചിതശതമാനം മാനദണ്ഡങ്ങൾക്ക് അനുസൃതമായി സംസ്ഥാനങ്ങൾക്ക് നൽകുന്നു. കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വരുമാനവും സംസ്ഥാനങ്ങളുടെ തനത് വരുമാനവും ചേർന്നതാണ് സംസ്ഥാനത്തിന്റെ വരുമാനം. ഇതിൽനിന്നും വേണം സംസ്ഥാനങ്ങൾക്ക് ചെലവ്‌ചെയ്യാൻ. ഇതുകൂടാതെ കേന്ദ്ര പദ്ധതികളെന്ന പേരിൽ കേന്ദ്രമന്ത്രിമാരിലൂടെ സംസ്ഥാനങ്ങൾക്ക് പദ്ധതികൾ ലഭിക്കും. കേന്ദ്രവും സംസ്ഥാനവും പങ്കിടുന്ന ഒട്ടേറെ യോജനപദ്ധതികളിലൂടെയും പണം സംസ്ഥാനങ്ങളിലേക്ക് വരും. ജനങ്ങളുമായി കൂടുതൽ അടുത്ത ബന്ധം സംസ്ഥാനസർക്കാരുകൾക്ക് ആയതുകൊണ്ട് പദ്ധതികളുടെ നേട്ട-കോട്ടങ്ങൾ കൂടുതൽ അനുഭവിക്കേണ്ടിവരുന്നത് സംസ്ഥാനസർക്കാരുകളാണ്. കേന്ദ്രസർക്കാർ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കാൻ പണം കൈമാറിയില്ലെങ്കിലും  ഇതിന്റെ പേരിൽ പദ്ധതികളും സഹായ പദ്ധതികളും നീണ്ടുപോയാലും  കൂടുതൽ പഴി സംസ്ഥാനസർക്കാരുകൾക്ക് ആയിരിക്കും. അതുകൊണ്ട് ഊഷ്മളമായ കേന്ദ്ര-സംസ്ഥാനബന്ധം നിലനിന്നാലേ സാമ്പത്തിക ഫെഡറലിസം കുറ്റമറ്റതാകൂ. വിരുദ്ധമായ രാഷ്ട്രീയ താത്പര്യങ്ങൾ കോപ്പറേറ്റീവ് ഫെഡറലിസത്തെ ബാധിക്കുന്നുണ്ട് എന്നത് കേരളത്തിലെ ആദ്യത്തെ തെരഞ്ഞെടുത്ത ഗവണ്മെന്റിനെ കേന്ദ്രസർക്കാർ  പിരിച്ചുവിട്ടതിലൂടെ നമുക്ക് ബോധ്യപ്പെട്ടതാണ്. അത് ഇപ്പോഴും തുടരുകയാണ്.

10. ഫിനാൻസ് കമ്മീഷൻ ഏതുവിധത്തിലാണ് സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകുന്നത്?

രാജ്യത്തെ ജനങ്ങളുടെ വികസനം സമഗ്രമായി കണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥ പരിഹരിക്കുന്ന വിധത്തിൽ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്രവിഹിതം നിശ്ചയിക്കുന്നതിനുള്ള ഭരണഘടനാ കമ്മീഷനാണ് ഫിനാൻസ് കമ്മീഷൻ. ഇപ്പോൾ പ്രവർത്തിക്കുന്ന 15-ാം ഫിനാൻസ് കമ്മീഷന്റെ നിർദേശപ്രകാരമാണ് സംസ്ഥാനങ്ങൾക്ക് 2021-26 വർഷത്തെ കേന്ദ്രവിഹിതം നിശ്ചയിച്ച് നൽകിക്കൊണ്ടിരിക്കുന്നത്. അഞ്ച് വർഷത്തേക്കാണ് ഫിനാൻസ് കമ്മീഷനെ പ്രസിഡന്റിന്റെ നാമനിർദേശപ്രകാരം നിശ്ചയിക്കുന്നത്. ഭരണഘടന അനുച്ഛേദം 280, 281 എന്നിവ ഫിനാൻസ് കമ്മീഷനെ സംബന്ധിച്ചുള്ളതാണ്. എൻ.കെ.സിങ്ങ് ചെയർമാനും അരവിന്ദ് മേത്ത സെക്രട്ടറിയും ശക്തികാന്തദാസ്, ഡോ. അനൂപ് സിങ്ങ്, ഡോ. അശോക് ലഹിരി, ഡോ. രമേഷ് ചന്ദ് എന്നിവർ അംഗങ്ങളായുള്ള കമ്മീഷൻ ആണ് 15-ാം ഫിനാൻസ് കമ്മീഷൻ. കേന്ദ്ര-സംസ്ഥാനങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ, അവയിലെ മാറ്റങ്ങളുടെ സ്വഭാവം, ജനസംഖ്യസ്ഥിരത, പരിസ്ഥിതി പ്രത്യേകിച്ച് വനവത്കരണം, സാമ്പത്തിക അസമത്വം, സാമൂഹിക വികസനാവശ്യങ്ങൾ എന്നിവ പരിഗണിച്ചാണ് വിവിധ തട്ടുകളിലായുള്ള ചർച്ചകളിലൂടെ ഗ്രാന്റ് നിശ്ചയിക്കുന്നത്.

11. ധനക്കമ്മി പരിഹരിക്കേണ്ടത് എങ്ങനെ?

മൂലധനനിക്ഷേപത്തിന്റെ ഭാഗമായാണ് ധനക്കമ്മി രൂപപ്പെടുന്നത്. വികസനാവശ്യങ്ങൾക്ക് കേന്ദ്രത്തിനും സംസ്ഥാനഗവണ്മെന്റുകൾക്കും വലിയതോതിൽ മൂലധനനിക്ഷേപം ഇറക്കേണ്ട ആവശ്യം വരും. ഇത് കണ്ടെത്തുന്നത് വായ്പയെടുത്തിട്ടാണ്. എന്നാൽ ഇതിന് ചില നിയന്ത്രണങ്ങളുണ്ട്. നിയന്ത്രണങ്ങൾക്കുവേണ്ടി ഉണ്ടാക്കിയിട്ടുള്ള നിയമത്തിന്റെ പേരാണ് FRBM (Fiscal Responsibility Budget Management Act) ആക്ട്.

പ്രസ്തുത നിയമപ്രകാരം സംസ്ഥാനങ്ങളുടെ ധനക്കമ്മി ജിഡിപിയുടെ 3 ശതമാനത്തിലും കേന്ദ്രധനക്കമ്മി ജിഡിപിയുടെ 4 ശതമാനത്തിലും അധികമാകാൻ പാടില്ല എന്നാണ് വ്യവസ്ഥ. എന്നാൽ 2020-21 വർഷത്തിൽ കേന്ദ്ര ധനക്കമ്മി 9.2 ശതമാനവും സംസ്ഥാനങ്ങളുടേത് ശരാശരി 4.2 ശതമാനവുമായിരുന്നു. കേന്ദ്രം ഇത് പരിഹരിച്ചത് മുഴുവൻതുകയും കടമെടുത്തിട്ടാണ്. പക്ഷെ സംസ്ഥാനങ്ങൾക്ക് പ്രത്യേകിച്ച് പ്രതിപക്ഷസംസ്ഥാനങ്ങൾക്ക് 3 ശതമാനത്തിൽ കൂടുതൽ കടമെടുക്കാൻ അനുവദിക്കുന്നില്ല. ഇതിനെ സങ്കുചിത കക്ഷിരാഷ്ട്രീയപ്രേരിതം എന്നല്ലാതെ എന്തുപേരിൽ വിശേഷിപ്പിക്കണം? ധനക്കമ്മി പരിഹരിക്കുന്നതിന് ലോൺ  എടുക്കുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരളം സുപ്രീംകോടതിയെ ഇപ്പോൾ സമീപിച്ചിട്ടുള്ളത്.

12.  ജിഎസ്ടി നിയമം സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരങ്ങളെ ബാധിക്കുന്നുണ്ടോ?

ഉണ്ട്, കേന്ദ്ര-സംസ്ഥാന സാമ്പത്തികബന്ധങ്ങളിലെ അസന്തുലിതാവസ്ഥ ഇപ്പോൾ വളരെ പ്രകടമാണ്. ഇന്ത്യയിലെ വാണിജ്യരംഗത്തെ ഏകീകരിച്ച് മത്സരാധിഷ്ഠിതമാക്കുക എന്നതായിരുന്നു 2017ലെ ഏടഠ നിയമത്തിന്റെ ലക്ഷ്യമായി പറഞ്ഞത്. എന്നാൽ ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തികാധികാരത്തിന് മേലുള്ള കടന്നുകയറ്റമായി മാറിയിരിക്കുന്നു. അതത് സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായ വരുമാനം കണ്ടെത്തേണ്ട പ്രധാന ചുമതല സംസ്ഥാനങ്ങൾക്കാണ്. എന്നാൽ അതിനായുള്ള നികുതിവരുമാനം കണ്ടെത്താനുള്ള അധികാരം ഇപ്പോൾ  വളരെ പരിമിതമാണ്. നികുതിനിരക്ക് നിശ്ചയിക്കുന്ന  ജിഎസ്ടി കൗൺസിലിൽ കേന്ദ്രത്തിന് 1/3 വോട്ടിംഗ് അധികാരവും 28 സംസ്ഥാനങ്ങൾക്ക് ആകെ 2/3 അധികാരവുമാണ് ഉള്ളത്. ഇത് എങ്ങനെ ശരിയാകും? 1/3 : 2/3 = 1 : 29 എന്ന കണക്ക് എന്തായാലും ഫിസിക്കൽ ഫെഡറലിസത്തെയും സഹകരണ ഫെഡറലിസത്തെയും യാതൊരുതരത്തിലും സാധൂകരിക്കുന്നതല്ല. വ്യത്യസ്ത രാഷ്ട്രീയ സാഹചര്യവും വൈവിധ്യമാർന്ന സ്വഭാവവുമുള്ള സംസ്ഥാനങ്ങൾക്ക് ഒന്നിച്ചുനിന്ന് ഒരേ ശരിയിലേക്ക് എത്തുക അസാധ്യമാണ്. മിക്കവാറും കേന്ദ്രം ഭരിക്കുന്നവരുടെ രാഷ്ട്രീയതാത്പര്യങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും  തീരുമാനങ്ങളും നടപടികളും ഉണ്ടാകുക.

13.  നികുതി പിരിച്ചെടുക്കുന്ന കാര്യത്തിൽ കേരളം പിറകിലാണോ? മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്താമോ?

ഇന്ത്യയുടെ 10 സംസ്ഥാനങ്ങളുടെ നികുതി-നികുതിയേതര വരുമാനം ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും 8 യൂണിയൻ ടെറിറ്ററികളുടെയും ആകെ വരുമാനത്തിന്റെ പകുതിയാണ്. നികുതി-നികുതിയേതര വരുമാനത്തിൽ ഹരിയാനയും കേരളവുമാണ് മുന്നിൽ. പലപ്പോഴും നികുതി-നികുതിയേതര വരുമാനത്തിൽ കേരളം വളരെ പിറകിലാണെന്നുള്ള ധാരണയിലാണ് ചർച്ചകൾ നടക്കുന്നത്. യഥാർത്ഥസ്ഥിതി അങ്ങനെയല്ല. കേന്ദ്ര-സംസ്ഥാന നികുതി-നികുതിയേതര വരുമാനത്തിന്റെ 67% വരുമാനവും സംസ്ഥാനങ്ങളിൽനിന്നുള്ള നികുതി-നികുതിയേതര വരുമാനമാണ്. കേവലം 35%മാണ് ഇതിൽനിന്നുള്ള കേന്ദ്ര ട്രാൻസ്ഫർ.  എന്നാൽ ബീഹാറിന്റെത് ഇത് 75%വും ഉത്തർപ്രദേശിന്റെത് 52%വും മധ്യപ്രദേശിന്റെത് 53%വും വെസ്റ്റ് ബംഗാളിന്റെത് 55%വുമാണ്.

14.  കേരളത്തിന്റെ സാമ്പത്തികപ്രതിസന്ധിയുടെ കാരണങ്ങൾ?

നിയോലിബറൽ വികസനമാതൃകകളുടെ ഒരു പ്രധാന സ്വഭാവം സർക്കാരിന്റെ സേവന-ക്ഷേമമേഖലകളിലെ ചെലവു കുറയ്ക്കുക, സ്വകാര്യസംരംഭകർക്ക് നികുതിയിളവുകൾ പ്രഖ്യാപിച്ച് പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ്. ഇതിന്റെ ഭാഗമായി നികുതി കുറയുകയും  ചെലവ് വർധിക്കുകയും കടം വർധിക്കുകയും ചെയ്യും. ലോകത്തിൽ വെച്ച് നികുതി-ജിഡിപി നിരക്ക് കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുടെ ടാക്‌സ് ജിഡിപി നിരക്ക് 17%മാണ്. എന്നാൽ മറ്റ് വികസിതരാജ്യങ്ങളിലും മുതലാളിത്ത രാജ്യങ്ങളിലും ടാക്‌സ് ജിഡിപി നിരക്ക് 21% മുതൽ 34% വരെയാണ്.  കോർപ്പറേറ്റ് നികുതി 2019ൽ 30%ത്തിൽനിന്നും 25%മായി കുറച്ചു. ഇത്  കേന്ദ്രഗവണ്മെന്റിന്റെ പ്രത്യേക്ഷ നികുതിവരുമാനത്തിൽ കുറവു സൃഷ്ടിച്ചു. ഇതിൽനിന്നുള്ള സംസ്ഥാനങ്ങളുടെ വിഹിതത്തിൽ സ്വഭാവികമായും കുറവുണ്ടായി.

സംസ്ഥാനങ്ങളാണ് ജനങ്ങളുമായി കൂടുതൽ ബന്ധപ്പെടുന്നത്. കൂടുതൽ ചെലവ് വരുന്നതും സംസ്ഥാനങ്ങൾക്കാണ്.  നികുതി  വർധിപ്പിച്ചാലേ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ. സംസ്ഥാനങ്ങളുടെ റവന്യു ചെലവ് കണ്ടെത്താനുള്ള റവന്യുവരവ് 38% മാത്രമാണ്. എന്നാൽ കേന്ദ്രസർക്കാരിന്റെ ചെലവ് കണ്ടെത്തുന്നതിനുള്ള റവന്യുവരവ് 58%മാണ്. 20% കൂടുതൽ വരുമാനം കേന്ദ്രത്തിന് ഉണ്ടാകുന്നു. ഇതുതന്നെയാണ് സംസ്ഥാനസർക്കാരുകളുടെ പ്രശ്‌നം. കേന്ദ്രത്തിന് സുഗമമായ രീതിയിൽ വരുമാനം കണ്ടെത്താൻ  കഴിയുമ്പോൾ സംസ്ഥാനങ്ങൾക്ക് ആവശ്യമായ ചെലവ് ചെയ്യുന്നതിനുള്ള വരുമാനം  കണ്ടെത്താനുള്ള സാമ്പത്തിക അധികാരം ഇല്ല. കേന്ദ്രം പിരിച്ചെടുക്കുന്ന നികുതി വിഹിതം പങ്കിടുന്ന കാര്യത്തിൽ കടുത്ത വിവേചനമുണ്ട്. കേന്ദ്രം പിരിച്ചെടുക്കുന്ന സെസ്സും സർചാർജുകളും സംസ്ഥാനങ്ങളുമായി പങ്കിടുന്നില്ല. ഈ വരുമാനം 2012ൽ 9.43% ആയിരുന്നത് 2020ൽ  15.7% ആയി വർധിച്ചു.

ഇനി കേന്ദ്രം സ്‌പോൺസർ ചെയ്യുന്ന പദ്ധതികൾ സംസ്ഥാനങ്ങളിൽ നടപ്പിലാക്കണമെങ്കിൽ സംസ്ഥാനവിഹിതം മുൻകൂറായി കെട്ടിവയ്ക്കണം.

15-ാം ധനകാര്യക്കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതിവിഹിതം 25%ത്തിൽനിന്നും 41% ആയി വർധിപ്പിച്ചു. പക്ഷേ, സംസ്ഥാനസർക്കാരുകളുടെ ചെലവുചെയ്യുന്നതിനുള്ള ശേഷി 1955-56ൽ 69%  ൽ നിന്ന് 2019-20ൽ 38%ത്തിൽ താഴെയായി കുറഞ്ഞു.

ഒന്നുകിൽ സ്വയം വരുമാനം കണ്ടെത്താനുള്ള സംവിധാനം ഉണ്ടാക്കണം. അല്ലെങ്കിൽ കൂടുതൽ കേന്ദ്രവിഹിതം ലഭിക്കണം. ഇതിന് രണ്ടിനും ഇന്ത്യയിലെ കേന്ദ്രീകൃത വിഭവസമാഹരണസംവിധാനം തടസ്സംനിൽക്കുന്നു എന്നതാണ് പ്രശ്‌നം.

15.  ജനാധിപത്യവും ശാസ്ത്രീയസമീപനവും ഇല്ലാതായാൽ എന്തായിരിക്കും സാധാരണ പൗരന്മാരുടെ സ്ഥിതി?

1980ൽ ഏറ്റവും സമ്പന്നരായ ഇന്ത്യൻമുതലാളിമാരിലെ ഒരുശതമാനം മൊത്തം സമ്പത്തിന്റെ 11.2 ശതമാനമായിരുന്നു കൈവശംവച്ചിരുന്നത്. എന്നാൽ 2021ൽ ആ ഒരുശതമാനം വമ്പന്മാരുടെ ആസ്തി 33 ശതമാനമായി ഉയർന്നു. അതേസമയം ദരിദ്രരും സാധാരണക്കാരുമായ 50 ശതമാനം അടിത്തട്ടുകാരുടെ   ആകെ സമ്പത്ത് 11.75 ശതമാനത്തിൽനിന്ന് 5.9 ശതമാനമായി കുറഞ്ഞു. ഇതുകാണിക്കുന്നത് കേന്ദ്രസർക്കാരിന്റെയും നീതിആയോഗിന്റെയും അവകാശവാദങ്ങൾ അങ്ങേയറ്റം പൊള്ളയാണ് എന്നാണ്. 24 കോടിയോളം വരുന്ന ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നും മോചിപ്പിച്ചു എന്നു പറയുന്നത് നുണക്കഥകളിൽ ഒന്നാകാനേ വഴിയുള്ളൂ.

നിരവധി ഉദാഹരണങ്ങൾ ഇത്തരുണത്തിൽ പറയാനുണ്ട്.

പൗരന്മാരുടെ ആളോഹരി വരുമാനം പരിശോധിക്കാം. 195 രാജ്യങ്ങളിൽ നടത്തിയ സ്ഥിതിവിവരക്കണക്കെടുപ്പിൽനിന്നു മനസ്സിലാക്കുന്ന ചിത്രം അതിദയനീയമാണ്. 143-ാംസ്ഥാനമാണ് ഇന്ത്യയുടേത്. 90 ശതമാനം ജനങ്ങളുടെ വരുമാനം ഇന്ത്യൻ ശരാശരിയിൽ താഴെയാണ്. ഓരോ രണ്ടുമിനിറ്റിലും ഒരു ക്ഷയരോഗി മരിച്ചുവീഴുന്ന നാടാണ് ഇന്ത്യ. ഈയവസ്ഥയിലേക്ക് ഇന്ത്യയെ എത്തിച്ചത് ജനവിരുദ്ധനയങ്ങളും  കോർപറേറ്റ് മുതലാളിമാരുടെ താത്പര്യത്തിന് കേന്ദ്രസർക്കാരുകൾ കീഴടങ്ങിയതുമാണ്.

  • മാനവവികസനസൂചികയിൽ ഇന്ത്യയുടെ സ്ഥാനം 192 രാജ്യങ്ങളിൽവച്ച് 132 ആണ്. വിദ്യാഭ്യാസം, ആരോഗ്യം, ശരാശരി വരുമാനം എന്നിവ അടിസ്ഥാനമാക്കിയാണ് മാനവവികസനസൂചിക (ഒഉക) തയ്യാറാക്കുന്നത്.
  • വിശപ്പില്ലായ്മ പരിഹരിക്കുന്നതിൽ അവികസിതരാജ്യങ്ങളുടെ പട്ടികയിൽ 125ൽ 116-ാംസ്ഥാനത്താണ്.
  • നിരക്ഷരതാപട്ടികയിൽ 165ൽ 125-ാംസ്ഥാനത്താണ് ഇന്ത്യ
  • ലിംഗവിവേചനകാര്യത്തിൽ 146ൽ 127-ാംസ്ഥാനത്താണ് ഇന്ത്യ
  • പരിസ്ഥിതിസംരക്ഷണകാര്യത്തിൽ 180ൽ ഏറ്റവും ഒടുക്കത്തേതാണ് ഇന്ത്യയുടെ സ്ഥാനം

ശാസ്ത്രീയസമീപനം കൈവെടിയുന്നതിന്റെ കാരണം എന്താണ്? വിവരമില്ലായ്മയല്ല. അവർക്ക് ജനങ്ങളോട് സഹാനുഭൂതിയില്ലെന്നു മാത്രമല്ല, പ്രതിജ്ഞാബദ്ധത ബഹുരാഷ്ട്ര കുത്തകകളോടും കോർപറേറ്റുകളോടുമാണ്. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്തുവന്നപ്പോൾ പ്രധാനമന്ത്രിയുടെ പാർട്ടിയും  മറ്റു പാർട്ടികളും എത്രമാത്രം ബഹുരാഷ്ട്രകുത്തകകളുടെയും കോർപറേറ്റുകളുടെയും കാൽക്കീഴിലാണ് എന്നു വ്യക്തമാക്കുന്നു. നഗ്നമായ അഴിമതിക്കഥയാണ് അതിന്റെ മറവിൽ നടന്നുകൊണ്ടിരുന്നത്.

പൗരന്മാരുടെ സമത്വമില്ലാത്ത അവസ്ഥ ജനാധിപത്യമല്ല. സാമ്പത്തികരംഗത്തെ ചൂഷണവും അഴിമതിയും ഇങ്ങനെയാണെങ്കിൽ പൗരത്വഭേദഗതിനിയമം വരുന്നതോടെ വർഗീയഫാസിസത്തിന്റെ വരവും കൃത്യമാണ്.

16.  ഇലക്ടറൽ ബോണ്ട് തികഞ്ഞ അഴിമതിയും അധാർമികപ്രവൃത്തിയും അല്ലേ?

അഴിമതിപ്പണം നിയമവിധേയമാക്കി സ്വീകരിക്കുന്ന ഏർപ്പാടാണ് ഇലക്ടറൽ ബോണ്ട്. രാഷ്ട്രീയപാർട്ടികൾക്കായി ഏറ്റവും ഉയർന്ന തുക ബോണ്ടുകളായി സംഭാവനചെയ്തവർ ഇ.ഡി.യുടെയും ആദായനികുതിവകുപ്പിന്റെയും 'അന്വേഷണം' നേരിടുന്നവരാണ്. ലോട്ടറിമാഫിയരാജാവ് സാന്തിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയ്മിങ് കമ്പനി 1368 കോടിരൂപ ബോണ്ടായി നൽകി. ബിജെപി 6060.50 കോടിരൂപ (47.46%) കൈപ്പറ്റി. കോൺഗ്രസ് 1421.90 കോടിരൂപ (11.14%), തൃണമൂൽ കോൺഗ്രസ് 1609.50 കോടിരൂപ (12.60%). ഉത്തരാഖണ്ഡിലെ സിൽകാര്യയിൽ നിർമാണം പൂർത്തിയായിവന്ന തുരങ്കം തകർന്നുവീണത് ഓർക്കുക. അദാനിക്ക് ബന്ധമുള്ള ഹൈദരബാദ് നവയുഗ എഞ്ചിനീയറിങ് കമ്പനിക്കാണ് ഇതിന്റെ കരാർ.  ഈ  കമ്പനി 55 കോടിരൂപ നൽകിയിട്ടുണ്ട്.  30 കുത്തക മരുന്നുകമ്പനികൾ 900 കോടിരൂപ ബോണ്ടായി നൽകിയിട്ടുണ്ട്. ഭരണകക്ഷികൾക്കു ബോണ്ടുകൾ നൽകിയതിനു പ്രത്യുപകാരമായി അവർക്ക് വൻപദ്ധതികളുടെ ടെൻഡറുകൾ ലഭിച്ചിട്ടുണ്ട്. ടൊറന്റ് പവർ എന്ന സ്ഥാപനം 2024 ജനുവരി 10ന് ബോണ്ട് വാങ്ങിച്ചു. അവർക്ക് ഉടനെ പി.എം.കുസും പദ്ധതിക്ക് [PM KUSUM (Pradhan Mantri Kisan Urja Suraksha evam Utthaan Mahabhiyan)] കീഴിൽ 1504 കോടിയുടെ സോളാർ പദ്ധതിയുടെ ടെൻഡർ ലഭിച്ചു. ആപ്‌കോ-ഇൻഫ്ര എന്ന നിർമാണക്കമ്പനി 10 കോടിരൂപയുടെ ബോണ്ട് എടുത്തു. ഉടനെ വെർസോവ-ബാന്ദ്ര കടൽപ്പാലത്തിന്റെ (Versova Bandra Sea Link Project) നിർമാണടെൻഡർ ലഭിച്ചു.

2019 ഏപ്രിൽ 12 മുതൽ ഓരോ സ്ഥാപനവും വാങ്ങിയ ബോണ്ടുകളുടെ വിവരം വെളിപ്പെട്ടപ്പോൾ രാജ്യം ചെന്നുപെട്ടിട്ടുള്ള അഴിമതിയുടെയും അട്ടിമറികളുടെയും ആഴം വെളിപ്പെടുത്തുന്നു. ഇലക്ടറൽ ബോണ്ട് വെളിപ്പെടുത്തിയ സുപ്രീംകോടതിവിധിയെ പ്രധാനമന്ത്രി പരിഹസിച്ചു. ''കുചേലൻ ശ്രീകൃഷ്ണഭാഗവന് ഒരുപിടി അവിൽ ദാനംചെയ്ത'' നടപടിയുമായാണ് താരതമ്യം ചെയ്തത്. ''കുചേലൻ ഇന്നാണ് ഈ നടപടി ചെയ്തതെങ്കിൽ കുചേലനും ശ്രീകൃഷ്ണനും കസ്റ്റഡിയിൽ ആകും.''

17.  കേന്ദ്രസർക്കാർ വിളിച്ചുകൂവുന്ന ആരോഗ്യമേഖലയിലെ നേട്ടങ്ങൾ എന്തെല്ലാം?

സ്വകാര്യകുത്തകക്കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതാണ് ആരോഗ്യരംഗത്തെ സർക്കാർനയം. കൂടാതെ ഔഷധവ്യാപാരിമേഖലയിൽ വലിയ മാഫിയസംഘം പ്രവർത്തിക്കുന്നുണ്ട്. ജൻ ഔഷധി മരുന്നുഷാപ്പുകൾ വഴി ഒരുശതമാനം പേർക്കുപോലും ന്യായവിലയ്ക്ക് മരുന്നു ലഭിക്കുന്നില്ല. ആവശ്യനേരങ്ങളിൽ മിക്ക മരുന്നുകളും ലഭിക്കുകപോലുമില്ല. പ്രചാരണങ്ങളിലും പരസ്യങ്ങളിലും മാത്രമാണ് ജൻ ഔഷധി നിറഞ്ഞുനിൽക്കുന്നത്.

2024ൽ അവതരിപ്പിച്ച കേന്ദ്രബജറ്റ് വളരെ നിരാശാജനകമാണ്. മിക്ക പദ്ധതികളിലും മുൻവർഷത്തെക്കാൾ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയ്ക്കുള്ള വിഹിതം 2023-24 ബജറ്റിൽ 86,200 കോടിരൂപയായിരുന്നു. എന്നാൽ ഇത് 79,145 കോടിരൂപയാക്കി കുറച്ചു. സംസ്ഥാനങ്ങൾക്ക് ആശ്വാസംപകരുന്ന  ദേശീയ ആരോഗ്യമിഷൻ ഫണ്ട് 37,159 കോടിയിൽനിന്ന് 36,785 കോടിയാക്കി കുറച്ചു. വിലക്കയറ്റത്തിന്റെ  തോത്‌വച്ചുനോക്കുമ്പോൽ കേവലം 374 കോടിയുടെ കുറവു മാത്രമല്ല. 1438 കോടിരൂപയുടെ കുറവാണ് വാസ്തവത്തിൽ ഉണ്ടായിരിക്കുന്നത്. ആരോഗ്യഇൻഷൂറൻസിന് വകയിരുത്തിയ തുകയുടെ പകുതിയേ ഉപയോഗിച്ചിട്ടുള്ളൂ. അതും നൽകിയത് സ്വകാര്യആശുപത്രികൾക്കാണ്. സ്ത്രീകളുടെ ആരോഗ്യസംരക്ഷണത്തിനുള്ള മിക്ക പദ്ധതിവിഹിതങ്ങളും വെട്ടിക്കുറച്ചു. ഇന്ത്യയിൽ രണ്ടുമിനിറ്റിൽ ഒരാൾവീതം ക്ഷയരോഗം ബാധിച്ച് മരിക്കുന്നു എന്നു പറഞ്ഞാൽ സ്ഥിതിയുടെ ഗൗരവം മനസ്സിലാകും.

18.  ഇന്ത്യ മതരാഷ്ട്രമാകുമ്പോൾ എന്തുസംഭവിക്കും?

മതരാഷ്ട്രത്തിൽ ഒരു രാഷ്ട്രമതം ഉണ്ടായിരിക്കും. അപ്പോൾ മറ്റു മതവിശ്വാസികൾ ഇവിടെ രണ്ടാംതരം പൗരന്മാർ ആകും. നിശ്ചയമായും നികുതിഘടനയിലും ആനുകൂല്യവിതരണത്തിലും ഈ പക്ഷപാതിത്തം ഉണ്ടാകും. ഭരണത്തിലും സൈന്യത്തിലും ഉദ്യോഗത്തിലും ഉന്നതപദവികൾ ഹിന്ദുത്വയെ അംഗീകരിക്കുന്നവർക്കേ ലഭിക്കുവാൻ അർഹതയുണ്ടായിരിക്കുകയുള്ളൂ. മറ്റു മതസ്ഥർ ഭരണഘടനാസ്ഥാപനങ്ങൾ കൈയാളുന്നതിനെ വിലക്കുമായിരിക്കും.

ജീവനും സ്വത്തിനുമുള്ള സുരക്ഷതന്നെ നഷ്ടപ്പെടാനുള്ള ഭൗതികാന്തരീക്ഷം ഉടലെടുക്കും. മതവിദ്വേഷം നിരന്തരമായി വളർത്തും. അവാസ്തവികമായ ചരിത്രപാഠങ്ങളിലൂടെ അവർ രാഷ്ട്രമതത്തിന്റെ നെടുനായകത്വം നിലനിർത്തും. മറ്റു മതസ്ഥരുടെ സംസകാരങ്ങളെ ഇകഴ്ത്തിക്കാണിക്കും. ഇന്നത്തെ ഭരണഘടനയിലുള്ള മൗലികാവകാശങ്ങൾ ഒന്നും ലഭികകുകയില്ല. സാമൂഹികനീതി പൂർണമായും അട്ടിമറിക്കപ്പെടും. ആധുനികവിജ്ഞാനം സ്വീകരിക്കാതെ മതപരമായ വിജ്ഞാനത്തെ സ്വീകരിക്കാൻ നിർബന്ധിതമാക്കും. ഫലത്തിൽ ശാസ്ത്രപഠനം ദേശദ്രോഹക്കുറ്റമായിത്തീരാം.

19.  ഒരു രാജ്യം - ഒരു തെരഞ്ഞെടുപ്പ്, ദുരുദ്ദേശമോ?

കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കാനാണ് നീക്കം. ഇതുവഴി തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കാനാകുമെന്നാണ് ഭാഷ്യം. തെരഞ്ഞെടുപ്പ് ഒരു ജനാധിപത്യപ്രക്രിയയാണ്. കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകൾ വ്യത്യസ്തമായ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. സംസ്ഥാന അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കുന്ന അതേ മാനദണ്ഡമനുസരിച്ചല്ല കേന്ദ്ര പാർലിമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിനെ സാധാരണ പൗരന്മാർ കാണുന്നത്.

പല കാരണങ്ങളാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്ന സാഹചര്യമുണ്ടാകും. ആ സാഹചര്യത്തിൽ ഒറ്റ തെരഞ്ഞെടുപ്പ് അസാധ്യമാണ്. ഉദാഹരണമായി 2019ലെ പാർലിമെന്റ് ഇലക്ഷനിൽ 20ൽ 19 യു.ഡി.എഫ്. സ്ഥാനാർത്ഥികളാണ് മത്സരിച്ച് വിജയിച്ചത്. ഇത് സംസ്ഥാനസർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരുന്നില്ല എന്ന് പിന്നീട് വന്ന സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് സ്ഥിരീകരിച്ചു. അന്നത്തെ കേന്ദ്രസർക്കാരിനെതിരായി സാധ്യതയുള്ള കോൺഗ്രസ്സിന് മുഴുവൻ പിൻതുണയും നൽകിയാണ് ജനങ്ങൾ വോട്ടുചെയ്തത്. ഇത്തരത്തിലുള്ള സെലക്ഷൻ പ്രോസസ്സുകളെ നിരാകരിക്കുന്ന സാഹചര്യമാണ് ഒറ്റ ഇലക്ഷനിലൂടെ ഉണ്ടാകുക. ഇതിനെ മുളയിലേ നുള്ളിയില്ലെങ്കിൽ കേന്ദ്രസർക്കാർ മാത്രം മതി രാജ്യംഭരിക്കാൻ എന്ന സ്ഥിതിയിലേക്ക് രാജ്യം എത്തിപ്പെടും.

20.  നിയമങ്ങൾ ഹിന്ദുവത്കരിക്കുന്നു എന്ന് പറയുന്നത് ശരിയാണോ?

ഇന്ത്യൻ പീനൽകോഡ് (IPC), ഇന്ത്യൻ ക്രിമിനൽ പ്രൊസീഡിയർ കോഡ് (CrPC), ഇന്ത്യൻ എവിഡൻസ് ആക്ട് - ഈ മൂന്ന് നിയമങ്ങളുടെയും പേര് മാറ്റി യഥാക്രമം ഭാരതന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷ സംഹിത, ഭാരതീയ സാക്ഷ്യബിൽ എന്നാക്കി മാറ്റാനാണ്   നിർദേശം. ഇതും ഭരണഘടനാവിരുദ്ധമാണ്.

ഭരണഘടനയുടെ 348 പറയുന്നത് ഇപ്രകാരമാണ്: പാർലിമെന്റും സംസ്ഥാന നിയമസഭകളും പാസ്സാക്കുന്ന നിയമങ്ങൾ ഇംഗ്ലീഷ് ഭാഷയിൽ വേണം. അതിന്റെ നിയമവുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ പേരും ഇംഗ്ലീഷിലായിരിക്കണം. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളെ നിയമനിർമാണത്തിൽ പരിഗണിക്കണം. ഇന്ത്യ ഒറ്റഭാഷ രാജ്യമല്ല, ഹിന്ദിപോലും ഭൂരിപക്ഷഭാഷയല്ല. അതുകൊണ്ടാണ് നമ്മൾ പൊതുഭാഷ എന്ന നിലയിൽ ഇംഗ്ലീഷ് ഉപയോഗിക്കുന്നത്. ഓരോ സംസ്ഥാനത്തിനും അവരുടേതായ ഭാഷയുണ്ട്. ചില സംസ്ഥാനങ്ങളിൽ ഒന്നിലേറെ ഭാഷയുണ്ട്. ഇതൊക്കെ ഹിന്ദിയിലും സംസ്‌കൃതത്തിലും വേണമെന്ന് ഭരണകൂടം നിർദേശിക്കുന്നതിന്റെ പിറകിലെ ഉദ്ദേശ്യം കേന്ദ്രീകരണവും, ഹിന്ദുത്വവത്കരണവുമല്ലാതെ മറ്റെന്താണ്.

21.  പുതിയ ജൈവവൈവിധ്യഭേദഗതിനിയമം ജൈവസമ്പത്തിനെ തകർക്കുന്നതാണെന്ന് പറയുന്നത് ശരിയാണോ?

നിയമം നിർമിച്ച സാഹചര്യവും അതിന്റെ അന്തസ്സത്തയും വിസ്മരിച്ചുകൊണ്ടാണ് 2023 ആഗസ്റ്റ് 1ന് ''ജൈവവൈവിധ്യനിയമം 2002'' ലോകസഭയിൽ ഭേദഗതി ചെയ്തത്. കോർപറേറ്റുകൾക്കുവേണ്ടി നിയമം മാറ്റിയെഴുതുന്നത് ഇന്ത്യയിൽ ഇപ്പോൾ സർവസാധാരണമായിട്ടുണ്ട്. പക്ഷേ, അതിലും കടന്നകയ്യായി ഈ ഭേദഗതി എന്നുപറയാതെ വയ്യ. 1992ലെ റിയോ ഡിക്ലറേഷൻ അംഗീകരിച്ച് ഒപ്പിട്ട രാജ്യമാണ് ഇന്ത്യ. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് 2002ൽ ബയോ ഡൈവേഴ്‌സിറ്റി ആക്റ്റ് നിലവിൽവന്നത്. ഇന്ത്യയിലെ ജൈവസമ്പത്ത്  ഭാവിതലമുറയ്ക്കും യാതൊരു വിവേചനവുമില്ലാതെ ഉപയോഗിക്കാനും സംരക്ഷിക്കാനുമുള്ള സാഹചര്യം ഒരുക്കുക എന്നതായിരുന്നു നിയമത്തിന്റെ ലക്ഷ്യം.

പ്രാദേശിക അറിവുകളെ ക്രോഡീകരിച്ച് സംരക്ഷിക്കുക, അതിന്റെ ഗുണഫലങ്ങൾ ജനസമൂഹത്തിന് ലഭിക്കുന്ന വിധത്തിൽ ചട്ടങ്ങൾ നിർമിക്കുക എന്നിവയും 2002ലെ നിയമത്തിന്റെ ലക്ഷ്യങ്ങളായിരുന്നു. തുടർന്ന് നാഷണൽ ബയോഡൈവേഴ്‌സിറ്റി അഥോറിറ്റി, സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോർഡ്, പ്രാദേശികതലത്തിൽ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി എന്നിവ രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തുതല ജൈവവൈവിധ്യ രജിസ്റ്റർ ഉണ്ടാക്കാൻ നിർദേശിക്കുകയും അതനുസരിച്ച് ഏകദേശം 10,000 ത്തിനടുത്ത് പ്രാദേശിക സർക്കാരുകൾ ജൈവവൈവിധ്യ രജിസ്റ്റർ ഉണ്ടാക്കുകയും ചെയ്തു. കേരളത്തിലെ നിരവധി ഗ്രാമപഞ്ചായത്തുകളിൽ തദ്ദേശീയ ജൈവവൈവിധ്യ രജിസ്റ്റർ നിലവിലുണ്ട്. കോർപറേറ്റുകളുടെ കച്ചവടതാത്പര്യം മുൻനിർത്തി ജൈവവൈവിധ്യത്തെ കൊള്ളയടിച്ച് ധനികരാകാനുള്ള സൗകര്യമാണ് പുതിയ ഭേദഗതിയിലൂടെ ഒരുക്കിയിട്ടുള്ളത്. മനുഷ്യനന്മയ്ക്കുവേണ്ടി ജൈവവൈവിധ്യത്തെ സംരക്ഷിച്ച് ഉപയോഗിക്കുകയല്ല, മറിച്ച് അമിത ധനികവത്കരണത്തിനായി സുരക്ഷിതമേഖലകളെ തുറന്നിടുകയാണ് ലക്ഷ്യമെന്ന് ഭേദഗതി വായിക്കുന്ന ആർക്കും ബോധ്യപ്പെടും.

നിലനിന്നിരുന്ന നിയമപ്രകാരം ഒരു സ്ഥാപനത്തിന്റെ രജിസ്റ്റേഡ് രൂപം എന്തായിരുന്നാലും അതിൽ ഒരു വിദേശപ്രതിനിധിയോ വിദേശകൂട്ടുകെട്ടോ ഉണ്ടെങ്കിൽ, ആ സ്ഥാപനം ഇന്ത്യൻ നിയമപ്രകാരം രജിസ്റ്റർ ചെയ്താൽപോലും അവർക്ക് ദേശീയ ബയോഡൈവേഴ്‌സിറ്റി അഥോറിറ്റിയുടെ (ച.ആ.അ.) മുൻകൂർ അനുമതി ഉണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും ജൈവവിഭവം അല്ലെങ്കിൽ തദ്ദേശീയ അറിവ് ഏതാവശ്യങ്ങൾക്ക് വേണ്ടിയായിരുന്നാലും സമ്പാദിക്കാൻ കഴിയൂ. അതുകൊണ്ട് വിദേശപങ്കാളിത്തമുള്ള ഇന്ത്യൻ കമ്പനിക്കുപോലും ഗവേഷണത്തിനോ മറ്റാവശ്യങ്ങൾക്കോ ഇന്ത്യയിലെ ജൈവവൈവിധ്യ രജിസ്റ്ററിലെ വിവരങ്ങളോ അല്ലെങ്കിൽ പ്രാദേശികമായ അറിവുകളോ മറ്റു ജൈവവിഭവങ്ങളോ സ്വീകരിക്കാൻ കഴിയുമായിരുന്നില്ല. ഇതുമാത്രമല്ല, പൂർണമായും ഇന്ത്യൻകമ്പനികൾക്ക് മരുന്നിനും മറ്റാവശ്യങ്ങൾക്കും ഇത്തരം വിവരങ്ങളും മറ്റും കൈമാറിക്കിട്ടണമെങ്കിൽ സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോർഡിന്റെ അനുമതി വേണം. സ്റ്റേറ്റ് ബയോഡൈവേഴ്‌സിറ്റി ബോർഡ്, പ്രാദേശികമായ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റിയുമായി കൺസൾറ്റ് ചെയ്തതിനുശേഷം വേണ്ടത്ര ശ്രദ്ധയോടെ പരിശോധിച്ച് ആവശ്യക്കാരന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി ഫീസും വാങ്ങിയതിനുശേഷമേ അനുമതി നൽകാൻ പാടുള്ളൂ. ഈ ഫീസ് ലോക്കൽ കമ്യൂണിറ്റിക്ക് അവകാശപ്പെട്ടതാണ്. പ്രാദേശിക ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്ന പ്രാദേശികസമൂഹത്തിനും പാരമ്പര്യവൈദ്യന്മാർക്കും മാത്രമേ മുൻകൂർ അനുമതിയില്ലാതെ ജൈവവൈവിധ്യത്തെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നുള്ളൂ..ഇപ്പോൾ സ്ഥിതി മറിച്ചാണ്.

22. ഇലക്ടറൽബോണ്ട് അഴിമതി - നിർധനരായ രോഗികളെ എങ്ങനെ ബാധിക്കും?

പാവപ്പെട്ട രോഗികൾക്ക് നിലവാരം കുറഞ്ഞ മരുന്ന് വില്പന നടത്തിയതിന്റെ പേരിൽ അന്വേഷണം നേരിടുന്ന മരുന്നുകമ്പ നികൾ നിരവധിയുണ്ട്. അവയുടെ അന്വേഷണം മരവിപ്പിക്കാനും ശിക്ഷയിൽനിന്നും രക്ഷപ്പെടാനും അവർ തേടിയവഴി ഇലക്ടറൽ ബോണ്ടാണ്. രാജ്യം ഭരിക്കുന്ന രാഷ്ട്രീയപാർട്ടിക്ക് കോഴ നൽ കാൻ ഇലക്ടറൽബോണ്ട് ഉപയോഗിച്ചുവെന്ന ഞെട്ടിക്കുന്ന വിവരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഗുണമേന്മയില്ലാത്ത മരു ന്നുകൾ നൽകി രോഗികളെ കൊലയ്ക്കുകൊടുക്കുന്നതും കൊള്ളലാഭം കൊയ്യുന്നതും പൊറുക്കാനാവാത്ത ക്രിമിനൽ കുറ്റമാണ്.

ഇതുവരെ 35 കമ്പനികൾ നൽകിയ 1000 കോടിരൂപയുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഇലക്ടറൽബോണ്ട് വാ ങ്ങിയ 7 കമ്പനികൾ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ മാർ ക്കറ്റ് ചെയ്തതിന്റെ പേരിൽ അന്വേഷണം നേരിടുന്ന കമ്പനി കളാണ്.  

മരുന്നുകമ്പനികൾ ഇലക്ടറൽബോണ്ടിലൂടെ കോഴ നൽകിയ സമയവും സന്ദർഭവും ശ്രദ്ധിക്കേണ്ടതാണ്. ഡോ. റെഡ്ഡീസ് ലാബിൽ  2023 നവംബർ 13ന് ഇൻകംടാക്‌സ് റെയ്ഡ് നടക്കുന്നു. നവംബർ 17ന് അവർ ഇലക്ടറൽബോണ്ട് വാങ്ങുന്നു. ഇതേ പോലെ മൈക്രോലാബ്, ഹെറ്ററോ ഡ്രഗ്‌സ് തുടങ്ങിയ കമ്പനി കൾ ഇൻകംടാക്‌സ് റെയ്ഡിന്റെ പരിക്കുകളിൽനിന്ന്  രക്ഷപ്പെടുന്നു. മാത്രമല്ല ടോറന്റ് കമ്പനി 2024 ജനുവരി 13 ന് നടത്തിയ  78 കോടിയുടെ ഇലക്ടറൽബോണ്ട് നിക്ഷേപത്തെത്തുടർന്ന് അവരുടെ അനുബന്ധ കമ്പനിയായ ടോറന്റ് പവറിനു പ്രധാന മന്ത്രിയുടെ കുസുംപദ്ധതി (ജങഗഡടഡങ (ജൃമറവമി ങമിൃേശ ഗശമെി ഡൃഷമ ടൗൃമസവെമ ല്മാ ഡേേവമമി ങമവമയവശ്യമി) യുടെ 1640 കോടി രൂപയുടെ ടെൻഡർ ലഭിച്ചു.

ഇൻകംടാക്‌സ് റെയ്ഡുകളിലൂടെ സമ്മർദ്ദംചെലുത്തിയാണ് മരുന്നുകമ്പനികളിൽ നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിച്ച തെന്ന് വ്യക്തം. അവശ്യമരുന്നുകൾക്ക് വിലവർധിപ്പിച്ചും  സ്വതന്ത്രവിപണി കരാറിലൂടെ നിലവിലുള്ള പേറ്റന്റ് നിയമത്തിൽ വെള്ളം ചേർത്തും വൻകിട കമ്പനികളെ സഹായിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കുപിന്നിൽ ഇലക്ടറൽബോണ്ടു വഴി യുള്ള തെരഞ്ഞെടുപ്പ് ഫണ്ട് പിരിവും പ്രധാന പങ്ക് വഹിക്കു ന്നുണ്ട്.

വിവിധ മരുന്നുകമ്പനികൾ ഇലക്ടറൽ ബോണ്ടിലൂടെ നൽ കിയ സംഭാവനകൾ:

നാറ്റ് കോ ഫാർമ 57 കോടി, ഡിവിസ് ലാബ് 55 കോടി, അരവിന്ദോ ഫാർമ 52 കോടി, സിപ്ല 38 കോടി, പിരമൽ ഫാർമ 35 കോടി, സൺ ഫാർമ 32 കോടി, സൈഡസ് ഹെൽത്ത് കെയർ 29 കോടി, എം എസ് എൻ ഫാർമ 26 കോടി, മാൻ കൈന്റ് ഫാർമ 24 കോടി, ഇന്റാസ് ഫാർമ 20.

ഇന്ത്യയിലിപ്പോൾ 1.8 ലക്ഷം കോടിയുടെ ഔഷധ ഉൽപാദന മാണു നടക്കുന്നത്. ഇന്ത്യൻ ജനതയെ ദുരിതത്തിലാഴ്ത്തി വലിയ സാമ്പത്തികനേട്ടങ്ങൾ മരുന്നുകമ്പനികൾ കൈവരിച്ച് കൊണ്ടിരിക്കുന്നു.  ഒരു കാലത്ത് ഗുണമേന്മയുള്ള ജീവൻ രക്ഷാ മരുന്നുകൾ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കി 'പാവപ്പെട്ടവരുടെ മരുന്നു കട' എന്നറിയപ്പെട്ടിരുന്ന ഇന്ത്യൻ ഔഷമേഖലയുടെ ഇന്നത്തെ ദു:സ്ഥിതിക്കെതിരെ ശക്തമായ ജനമുന്നേറ്റം ഉയർന്ന് വരേണ്ടതാണ്.  

23. ഇന്നത്തെ ഇന്ത്യൻ ശാസ്ത്രരംഗത്തെ പ്രതികൂലാവസ്ഥക്ക് ഉത്തരവാദി ആരാണ്?  

ഇന്ത്യൻ ശാസ്ത്രരംഗത്ത് ശാസ്ത്രവിരുദ്ധമായ ഇടപെടലുകൾ വർധിച്ചുവരുന്നുണ്ട്. മനുസ്മൃതിയേയും മതപരാമായ പുരാണങ്ങളേയും വേദങ്ങളേയും അടിസ്ഥാനപ്പെടുത്തി ശാസ്ത്ര ത്തെ വ്യാഖ്യാനിക്കാനുള്ള ശ്രമം സർക്കാർതലത്തിൽ തന്നെ ഉണ്ടാകുന്നു. ശാസ്ത്രബോധമുണർത്തുന്നതിനുപകരം, ശാസ്ത്ര ത്തെ കെട്ടുകഥകളാക്കി അവതരിപ്പിക്കുന്നു. മിത്തുകളെ ശാസ്ത്ര ദൃഷ്ട്യാവ്യാഖ്യാനിക്കുന്നു. അന്ധവിശ്വാസം പ്രചരിപ്പിച്ച്  തീവ്രവലതുപക്ഷ രാഷ്ട്രീയവിശ്വാസികളെയും മതവിശ്വാസികളെയും അക്രമകാരികളാക്കി തീർക്കുന്നു. ന്യൂനപക്ഷങ്ങളും തങ്ങളെ വിമർശിക്കുന്ന രാഷ്ട്രീയക്കാരും രാഷ്ട്രത്തിന്റെ ശത്രുക്കളാണ്. പ്രശ്‌നത്തിന് മുഴുവൻ കാരണക്കാർ അവരാണെന്ന് പ്രചരിപ്പിച്ച്  സമുദായമനസ്സുകളിൽ വെറുപ്പ് ഉൽപാദിപ്പിക്കുന്നു.

ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ഒത്തുകൂടാനും  ഗവേഷണനേട്ട ങ്ങൾ പങ്കുവയ്ക്കുവാനുമുള്ള സംവാദവേദിയാണ് ഇന്ത്യൻ ശാസ്ത്രകോൺഗ്രസ്. 1914 തുടക്കം കുറിച്ച ശാസ്ത്രകോൺഗ്രസ് എല്ലാ വർഷവും നടത്തിപ്പോന്നിട്ടുണ്ട്. ശ്രേഷ്ഠരായ ദേശീയ- അന്തർദേശീയ ശാസ്ത്രജ്ഞർ പങ്കെടുത്തതിന്റെ വിശിഷ്ട ചരിത്രം ഇന്ത്യൻ ശാസ്ത്രകോൺഗ്രസിനുണ്ട്. പക്ഷേ, ഈ വർഷം ശാസ്ത്രകോൺഗ്രസ് നടന്നിട്ടില്ല. കേന്ദ്രസർക്കാർ ശാസ്ത്രകോൺഗ്രസിനെ ഇല്ലായ്മ ചെയ്യാനാണ് കരുക്കൾ നീക്കുന്നത്. ഗ്രാന്റ് ഇതുവരെയും നൽകിയിട്ടില്ല.

ശാസ്ത്രവിരുദ്ധമായ ഇടപെടലുകൾമൂലം ശാസ്ത്രകോൺ ഗ്രസിന്റെ തിളക്കത്തിന് കഴിഞ്ഞ കുറേ വർഷങ്ങളായി മങ്ങലേറ്റി ട്ടുണ്ട്. പ്രഗൽഭരായ പല ശാസ്ത്രജ്ഞരും പങ്കെടുക്കാറില്ല. രാജ്യ ത്തെ ഔന്നിത്യമുള്ള മിക്ക ശാസ്ത്ര-സാങ്കേതികസ്ഥാപനങ്ങ ളും പ്രതിനിധികളെ അയക്കാറുമില്ല. അടുത്തകാലത്തായി ഭരണ കൂടത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി തീവ്രദേശീയവാദ ത്തിന് ഉതകുന്ന അസത്യങ്ങൾ പ്രചരിപ്പിക്കുന്ന വേദിയായി ശാസ്ത്ര കോൺഗ്രസ് അധപ്പതിച്ചിരിക്കുന്നു.

നോബൽ സമ്മാന ജേതാവായ വെങ്കിട്ടരാമൻ രാമകൃഷ്ണൻ  ഇന്ത്യൻ സയൻസ് കോൺഗ്രസിനെക്കുറിച്ച്  NDTV യോട് പറഞ്ഞത് ശ്രദ്ധേയമാണ്:"It was a circus. I find that it is an organization where little Science was discussed. I will never attend a Science Congress in life. Last year he objected to politics and religious idealogy being mixed with Science.''  

ശാസ്ത്രജ്ഞരുടെ സംഭാവനകളെ മാനിച്ച് രാഷ്ട്രം നൽകി ക്കൊണ്ടിരുന്ന അംഗീകാരങ്ങളെല്ലാം പിൻവലിച്ചു. ശാസ്ത്രഗവേ ഷണമേഖലയ്ക്ക് നൽകിയിരുന്ന ഫണ്ട് വെട്ടിക്കുറച്ചു. ഗവേഷക രുടെ എണ്ണം മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവാണ്.

24. എന്താണ് ശാസ്ത്രബോധം? അതൊരു മതനിഷേധ ആദർശമാണോ?

ശാസ്ത്രം എന്നത് പ്രകൃതിയേയും സമൂഹത്തേയും കുറിച്ച് മനസ്സിലാക്കാനും അവയിൽ ഇടപെടാനും വേണ്ടി മനുഷ്യർ വികസിപ്പിച്ച സവിശേഷരീതിയും അതിലൂടെ ആർജിച്ച അറിവിന്റെ ആകെത്തുകയുമാണ്. ആ അറിവ് ജനങ്ങൾക്ക് അവരുടെ ജീവിതത്തിലും തീരുമാനങ്ങളിലും പ്രയോഗിക്കാനുള്ള പ്രാപ്തിയാണ് ശാസ്ത്രബോധം.

ഒന്നിനെയും പാടെ നിഷേധിച്ച് പ്രവർത്തിക്കുക ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ ലക്ഷ്യവുമല്ല രീതിയുമല്ല. ശാസ്ത്രബോധം എന്നത് വസ്തുനിഷ്ഠമായി, കാര്യകാരണബദ്ധമായി, ശാസ്ത്രീയമായി ചിന്തിച്ച് ജീവിക്കാനുള്ള ഒരു മനോവൃത്തിയാണ്. വിമർശനാത്മകമായ അപഗ്രഥനവും സർഗഭാവനയെ ഉണർത്തലും അതിന്റെ ഭാഗമാണ്. മതത്തേയും മതസമുദായ സംഘടനകളെയും എതിർത്തുതോൽപിക്കലല്ല ജനകീയ ശാസ്ത്രപ്രചാരകരുടെ പരിപാടി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ നടക്കുന്ന ധനിക-ദരിദ്രവത്കരണ പ്രക്രിയയെ ദരിദ്രപക്ഷത്തു നിന്ന് കീഴ്‌മേലാക്കുന്നതിന് ശാസ്ത്രത്തെ വിനിയോഗിക്കുക എന്നതാണ്. അതായത് ശാസ്ത്രം പ്രവർത്തനത്തിനുള്ള വഴികാട്ടിയാണ്.

ക്രിയാത്മകമായ പ്രകൃതിപഠനമാണ് ശാസ്ത്രം. കാൾസാഗന്റെ ഭാഷയിൽ പറഞ്ഞാൽ ഇരുട്ടിലൊരു കൈത്തിരിയാണ് ശാസ്ത്രം. നിത്യജീവിതത്തിലെ പ്രശ്‌നങ്ങളിൽ ഇടപെടുമ്പോൾ നമുക്ക് ശാസ്ത്രീയമായി ചിന്തിച്ച് പ്രവർത്തിക്കാനായാൽ കാര്യങ്ങൾ പരിഹരിക്കാൻ കൂടുതൽ എളുപ്പമുണ്ട്. ഉദാ: കുടിവെള്ള പ്രശ്‌നം. അത് ലഭ്യമാക്കാനുള്ള വിദ്യകൾ പ്രയോഗിക്കുവാൻ ശാസ്ത്രം നമ്മെ പ്രാപ്തമാക്കുന്നു. മരുഭൂമിയെ വിളഭൂമിയാക്കുന്നത് ശാസ്ത്രീയമായ ഇടപെടലാണ്. കൃഷി കാര്യക്ഷമമാക്കാൻ, മണ്ണിനെയും കാലാവസ്ഥയെയും പ്രകൃതിനിയമങ്ങളെയും മറ്റും അറിഞ്ഞിരിക്കണം. പ്രകൃതിനിയമങ്ങളെ മാറ്റാൻ ആർക്കുമാവില്ല. ആ നിയമങ്ങൾ അറിഞ്ഞ് വേണ്ടവിധം പ്രവർത്തിക്കാൻ മനുഷ്യനെ ശാസ്ത്രം സഹായിക്കുന്നു.

പ്രകൃതിരഹസ്യങ്ങൾ എന്നൊന്നില്ല. അങ്ങനെ വിശേഷിപ്പിക്കുന്നവയെ അപഗ്രഥിക്കാൻ ശാസ്ത്രത്തിന് കഴിയും. അതായത് അജ്ഞാതമായി പ്രകൃതിയിൽ ഒന്നുമില്ല എന്നുള്ള ഉറപ്പ് ശാസ്ത്രം നൽകുന്നു. സമകാലികമായി അറിയാത്ത കാര്യങ്ങൾ കണ്ടെത്തുന്നതിന് കാലതാമസം ഉണ്ടായേക്കാം. സഹകരണാധിഷ്ഠിതമായ ജീവിതമാണ് മനുഷ്യപുരോഗതിക്ക് നിദാനം. പുത്തൻ ആശയരൂപീകരണങ്ങൾക്കും സമാധാനപരമായ സഹവർത്തിത്തം സമൂഹത്തിൽ ആവശ്യമാണ്. അതാണ് ശാസ്ത്രബോധത്തിന്റെ മറ്റൊരു പ്രധാന ഘടകം. അതോടൊപ്പം തന്നെ ഭൗതികപ്രപഞ്ചം പ്രാഥമികമാണെന്നും ശാസ്ത്രം ചിന്തിക്കുന്നു. വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെയും  സത്യാന്വേഷണരീതികളെയും എന്നും ശാസ്ത്രം ഉയർത്തിപ്പിടിക്കുന്നു.