ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ
പ്രമാണം:T=Cover
കർത്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഭാഷ മലയാളം
വിഷയം പരിസരം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം മെയ്, 1990

ഓരോ വർഷവും വേനൽക്കാലം വരുന്നതോടെ കുടിവെള്ളക്ഷാമത്തെക്കുറിച്ചുള്ള വാർത്തകൾ വന്നു തുടങ്ങുകയായി. ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് ലോറികളിൽ വെള്ളമെത്തിക്കുന്നതിന് സർക്കാർ പദ്ധതികൾ തയ്യാറാക്കും. എന്നിട്ടും പരാതികൾ പരിഹരിക്കാനാവുകയുമില്ല. ലോറി കാത്ത് ക്യൂ പാലിക്കുന്ന കുടങ്ങളുടെ ചിത്രങ്ങൾ, ചർച്ചകൾ, സെമിനാറുകൾ, ധർണകൾ അങ്ങനെ ഒട്ടേറെ കോലാഹലങ്ങൾ അരങ്ങേറും. വെള്ളം കിട്ടാതെ നശിക്കുന്ന കൃഷിയും മറ്റു വിളകളും, അതുമൂല മുണ്ടാകുന്ന സാമ്പത്തിക നഷ്ടം തുടങ്ങിയവ വേറെ. കാലവർഷം ആരംഭിക്കുന്നതോടെ എല്ലാ കോലാഹലങ്ങളും കെട്ടടങ്ങുന്നു -- അടുത്ത വേനൽക്കാലത്ത് വർധിച്ച ഊർജസ്വലതയോടെ വീണ്ടും രംഗത്തുവരാൻ മഴക്കാലത്ത് ധൂർത്തരെപ്പോലെ ചെലവഴിക്കുകയും അതിലേറെ പാഴാക്കുകയും ചെയ്യുന്നതും വരൾച്ചയെ സൗകര്യപൂർവ്വം വിസ്മരിക്കുന്നു. ഈ സ്ഥിതി ഇനിയും തുടർന്നാൽ വറുതിയും രൂക്ഷമായ ജലക്ഷാമവും സാമ്പത്തിക ഭദ്രതയെയും നിലനിൽപ് തന്നെയും അപകടത്തിലാക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഈ പ്രശ്‌നത്തെ സമഗ്രമായി കാണാനും ശാശ്വതമായ പരിഹാരം ഉണ്ടാക്കാനും നമുക്ക് കഴിയില്ലെ?


കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ജലം സംരക്ഷിക്കൂ ജീവൻ രക്ഷിക്കൂ

വെള്ളം ജീവന്റെ ആധാരം

ജീവൻ നിലനിറുത്തുന്നതിനും വളരുന്നതിനും വേണ്ട അനിവാര്യഘടകമാണ് വെള്ളം. ജീവൻ ഉത്ഭവിച്ചതുതന്നെ ജലസാന്നിധ്യത്തിലാണെന്നാണ് ശാസ്ത്രം കണ്ടെത്തിയിട്ടുള്ളത്. എല്ലാ ജീവജാല ങ്ങളുടെയും ശരീരത്തിന്റെ ഭീമമായ ഭാഗം വെള്ളമാണ്. മനുഷ്യശരീരത്തിൽ ജലം ഏതാണ്ട് 65 ശതമാനം വരും. ഭക്ഷണം ദഹിപ്പിച്ച് വേണ്ട സ്ഥലങ്ങളിലെത്തിക്കുക, ദഹനപ്രക്രിയയെ സഹായിക്കുക, താപനില നിയന്ത്രിക്കുക, മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള മാധ്യമമാകുക, രാസപ്രക്രിയകളെ സഹായിക്കുക തുടങ്ങിയ അനവധി പ്രാഥമിക കർത്തവ്യങ്ങൾ വെള്ളം മനുഷ്യരിലും സസ്യജീവജാലങ്ങളിലും ചെയ്യുന്നുണ്ട്. വ്യക്തിജീവിതത്തിന്റെ നിലനിൽപിനും ആരോഗ്യത്തിനുമുള്ള പ്രധാന ഘടകമാണ് കുടിവെള്ളവും മറ്റ് ഗാർഹികാവശ്യങ്ങൾക്കുള്ള വെള്ളവും. ഭക്ഷ്യോൽപന്നങ്ങളുടെ ഉൽപാദനത്തിനും വെള്ളം ആവശ്യമാണ്. ഒരു കിലോഗ്രാം നെല്ലുൽപാ ദിപ്പിക്കാൻ ഏകദേശം നാലായിരം കിലോഗ്രാം വെള്ളം ആവശ്യമാണ്. ഇതുപോലെ മറ്റെല്ലാ വിളകൾ ക്കും വിവിധ തോതിൽ വെള്ളമാവശ്യമാണ്. കൃഷിയിൽനിന്നുള്ള ഉൽപാദനവും സമ്പത്തും ഒരു വലിയ പരിധിവരെ വെള്ളത്തിന്റെ ലഭ്യതയെ ആശ്രയിച്ചിരിക്കുന്നു. കൃഷിക്ക് മാത്രമല്ല വ്യവസായങ്ങൾക്കും വെള്ളം ആവശ്യമാണ്. വ്യവസായകേന്ദ്രങ്ങളിൽനിന്നുള്ള മലിനവസ്തുക്കൾ സംസ്‌കരിക്കുന്നതിനും ജലസ്രോതസ്സുകളെ ആശ്രയിക്കണം. അതുപോലെതന്നെ വർധിച്ചു വരുന്ന ഊർജാവശ്യങ്ങൾക്കുവേണ്ടിയും വെള്ളം വൻതോതിൽ ആവശ്യമാണ്. ആധുനിക മനുഷ്യന്റെ ജീവിതാവശ്യങ്ങളെല്ലാം തന്നെ വെള്ളത്തിന്റെ മേലുള്ള ഡിമാന്റ് വർധിപ്പിച്ചുകൊണ്ടേ യിരിക്കുന്നു. കൂടാതെ ലോകത്തിലാകെ ഓരോ വർഷം കഴിയുന്തോറും ജനസംഖ്യ ഗണ്യമായി വർധിച്ചു വരുന്നുണ്ട്. അവർക്ക് വേണ്ട കുടിവെള്ളവും മറ്റാവശ്യങ്ങളും നിറവേറ്റുന്നതിനുവേണ്ടിയും ജലത്തിന്മേലുള്ള സമ്മർദം കൂടിക്കൂടി വരുന്നു. ഈ ആവശ്യങ്ങൾക്കെല്ലാം ലഭ്യമായ വെള്ളം വളരെ പരിമിതമാണെന്നോർക്കുക. ഭൂമിയിലെ ജലസമ്പത്തിന്റെ 97% കടലിലാണ്. 2% മഞ്ഞുകട്ടകളിലും ബാക്കി വരുന്ന ഒരു ശതമാനത്തോളം വെള്ളമാണ് ഉപരിതലത്തിലും ഭൂഗർഭത്തിലും വിവിധ സ്രോതസ്സുകളിലുമായി ലഭ്യമാകുന്നത്. മുഴുവൻ സസ്യജീവജാലങ്ങളുടെയും ശുദ്ധജലാവശ്യം നിറവേറ്റാൻ ലഭിച്ചിട്ടുള്ള വിഭവം എത്ര പരിമിതമാണെ ന്നോർക്കുക

കേരളത്തിന്റെ ആവശ്യങ്ങൾ

താരതമ്യേന ഉയർന്ന മഴയും ധാരാളം നദികളും കിണറുകളും പച്ച നിറമാർന്ന സസ്യങ്ങളും കാരണം കേരളം ജലസമ്പന്നമാണെന്ന ധാരണ കേരളീയർക്കും മറ്റുള്ളവർക്കും ഉണ്ട്. അതുകൊണ്ട് വെള്ളത്തിന്റെ വിലയറിയാതെ നമ്മുടെ ജീവിതത്തിൽ അതിനുള്ള സാരമായ പങ്കു മനസ്സിലാക്കാതെ, വെള്ളത്തിന്റെ പ്രശ്‌നങ്ങൾ കുടിവെള്ളക്ഷാമം നേരിടുന്ന വരൾച്ചക്കാലത്തൊഴികെ നാം ചർച്ചാവിധേയമാക്കാറില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ഓരോ വർഷവും നാലഞ്ചു മാസങ്ങളിലെങ്കിലും കേരളത്തിൽ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. മലയാളിയുടെ പ്രത്യേകതകളെന്ന് എടുത്തുപറയാവുന്ന ജീവിത ചര്യകൾ വെള്ളവുമായി ബന്ധപ്പെട്ടവയാണ്. വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഉയർന്ന ജീവിത ഗുണനിലവാരവും അതിന്റെ ലക്ഷണങ്ങളായ ആരോഗ്യ സൂചികകളുമെല്ലാം ഉണ്ടാകാൻ കാരണം ആവശ്യത്തിനു നല്ല വെള്ളം കുടിക്കാനും മറ്റാവശ്യങ്ങൾക്കുമെല്ലാം ലഭ്യമായതുകൊണ്ടുകൂടിയാണ്. എന്നാൽ സമീപകാലത്തായി, വർധിച്ചുവരുന്ന ജലക്ഷാമം, വരൾച്ചക്കാലത്തു വ്യാപകമാകുന്ന കോളറ മുതലായ ജലജന്യ രോഗങ്ങൾ തുടങ്ങിയവ നാം ആരോഗ്യരംഗത്തു നേടിയെടുത്ത മേന്മകളെപ്പോലും ചോദ്യം ചെയ്യുന്ന തരത്തിലായിട്ടുണ്ട്. നമ്മുടെ നാട്ടിൽ വേണ്ട സമയത്ത് വേണ്ട്രത അളവിൽ വെള്ളം വിളകൾക്കു നൽകി ഉൽപാദനം വർധിപ്പിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. കേരളീയന്റെ മുഖ്യ കൃഷികളായ നെല്ലും തെങ്ങും ശാസ്ത്രീയ മായ ജലമാനേജ്‌മെന്റിന്റെ അഭാവത്തിൽ ഉൽപാദനം മുരടിച്ചു നിൽക്കുന്നു. മറ്റു വിളകളും ജലക്ഷാമത്തിൽ നിന്നു മോചിതമല്ല. കേരളത്തിന്റെ ഉൽപാദനമേഖലയിലെ പകുതിയിലധികം വരുമാനം കൃഷിയിൽ നിന്നാണുണ്ടാകുന്നത്. ഏറ്റവും വലിയ തൊഴിൽമേഖലയും കൃഷിയാണ്. കാർഷികോൽപാദനം മുരടിച്ചാൽ ഭക്ഷ്യക്ഷാമം മാത്രമല്ല, അനേകം കുടുംബങ്ങളുടെ വരുമാനമുൾപ്പെടെ കേരളത്തിന്റെ സാമ്പത്തിക ജീവിതമാകെ അവതാളത്തിലാകും. മതിയായ അളവിൽ വെള്ളം ലഭ്യമാക്കുക എന്നതാണ് കാർഷികമേഖല സജീവമാക്കുന്നതിനുള്ള പ്രധാന പോംവഴി. കേരളത്തിന്റെ വൈദ്യുതി ഉൽപാദനം പൂർണമായും ഇപ്പോൾ ആശ്രയിക്കുന്നത് നദികളെയാണ്. രൂക്ഷമായ വരൾച്ച നേരിടുന്ന വർഷങ്ങളിൽ, കറണ്ടുകട്ടുമൂലം മിക്കവാറും എല്ലാ വ്യവസായങ്ങളും അടച്ചിടേണ്ടിവരുന്നു. ഉൽപാദനനഷ്ടം, തൊഴിൽനഷ്ടം തുടങ്ങിയ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക ജീവിതം ഊർജക്ഷാമം മൂലം ദുരിതത്തിലാകുന്നു. ഇനിയും കുറേക്കാലത്തേക്കെങ്കിലും ഊർജത്തി നുവേണ്ടി നദികളെ പൂർണമായും ആശ്രയിക്കേണ്ടിവരും. ഓരോ വരൾച്ചയും ഉൽപാദനമേഖലയെയാകെ തളർത്തുന്ന തരത്തിൽ രൂക്ഷമാകാം. മത്സ്യബന്ധനം, ജലഗതാഗതം തുടങ്ങിയവയും നമ്മുടെ ജീവിതത്തിൽ ഗണ്യമായ പങ്കുവഹിക്കുന്ന മേഖലകളാണ്. ഇപ്പോഴുള്ള വ്യാവസായിക ഉപഭോഗം താരതമ്യേന കുറവാണ്. കൂടുതൽ വ്യവസാ യങ്ങളുണ്ടാകേണ്ടതുണ്ട്. അത് ഡിമാന്റ് ഇനിയും വർധിപ്പിക്കുന്നതാണ്. ഇപ്പോൾ 60 ശതമാനത്തോളം കുടുംബങ്ങളിലും കക്കൂസില്ല. കക്കൂസുകൾ വ്യാപകമായി ഉപയോഗിച്ചു തുടങ്ങുമ്പോൾ വീട്ടാവശ്യത്തിന് ഇന്നുള്ളതിന്റെ ഇരട്ടിയെങ്കിലും വെള്ളം ഉപയോഗിക്കേണ്ടിവരും. ചുരുക്കത്തിൽ നമ്മുടെ ആരോഗ്യം, ഭക്ഷണം, സാമ്പത്തിക വരുമാനം തുടങ്ങിയവയെല്ലാം ജലലഭ്യതയെ വളരെയേറെ ആശ്രയിച്ചിരിക്കുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരിക സാമ്പത്തിക ജീവിതം വെള്ളത്തെ വളരെയേറെ ആശ്രയിച്ചി രിക്കുന്നു. നമ്മുടെ ജീവിത സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങളും വ്യാവസായിക ഉപഭോഗവസ്തുക്കളുടെ വർ ധിച്ചുവരുന്ന ആവശ്യങ്ങളും ജലഡിമാന്റ് വീണ്ടും ഉയർത്തും. ആഗോളതലത്തിൽ 1900-1950 കാലഘട്ടത്തിനുള്ളിൽ ജലഡിമാന്റ് അതിനു മുമ്പുള്ളതിന്റെ ഇരട്ടിയായി വർധിച്ചു. 1995-നകം വീണ്ടും ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിലെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ ലഭ്യമായിട്ടുള്ള വിഭവം എത്രയാണെന്നു പരിശോധിക്കാം.

കേരളത്തിലെ ജലലഭ്യത

വളരെ വീതികുറഞ്ഞ് ഒരു നീണ്ട റിബൺ പോലെ കിടക്കുന്ന പ്രദേശമാണല്ലോ കേരളം. ഭൂപ്രകൃതിയാ കട്ടെ നിമ്‌നോന്നതവും. ഇവിടെ രണ്ടു മഴക്കാലങ്ങളിലായി ശരാശരി 3000 മി.മീ. മഴ ലഭിക്കുന്നു. ഒരു വർഷം പെയ്യുന്ന മഴ മുഴുവൻ കേരളത്തിന്റെ ഉപരിതലത്തിൽ കെട്ടി നിറുത്തിയാൽ, ഏകദേശം പത്തടി യോളം ഉയരത്തിൽ വെള്ളമുണ്ടാകും. നമുക്കു ലഭിക്കുന്ന മഴയുടെ 90% ജൂൺ മുതൽ ഡിസംബർ വരെയുള്ള ആറുമാസങ്ങൾക്കുള്ളിലാണ് കിട്ടുന്നത്. ചെരിവുള്ള പ്രദേശമായതു കാരണം മഴ പെയ്തു മണിക്കൂറു കൾക്കുള്ളിൽ നദികളിലെ ജലനിരപ്പ് ഉയരുകയും വെള്ളം കടിലിലേക്കൊഴുകിച്ചേരുകയും ചെയ്യും. വരണ്ട മാസങ്ങളിലേക്ക് വെള്ളം ലഭിക്കുന്നതിന് അനിവാര്യമായും വെള്ളം സംഭരിച്ചു നിർത്താൻ കഴിയണം. കേരളത്തിൽ ഒരു വർഷം പെയ്യുന്ന മൊത്തം മഴയുടെ അളവെടുത്താൽ ഒരാൾക്ക് ഒരു വർഷം ഏകദേശം 4500 ഘനമീറ്റർ വെള്ളമുണ്ടാകും. ആഗോളതലത്തിൽ ഇത് അത്ര കുറഞ്ഞ വിഭവമല്ല. ഏതെങ്കിലും തരത്തിൽ വെള്ളം സംഭരിച്ചു നിർത്താനായില്ലെങ്കിൽ കേരളം എല്ലാ വർഷവും മഴയി ല്ലാത്ത കാലങ്ങളിൽ വരൾച്ചയെ നേരിടേണ്ടിവരും. ജലാശയങ്ങൾ, ഭൂഗർഭജലസമ്പത്ത് തുടങ്ങിയ വിവിധ സ്രോതസ്സുകളിൽ സംഭരിച്ചു നിർത്തുന്ന വെള്ളം പഞ്ഞമാസങ്ങളിൽ കൃഷി, കുടിവെള്ളം, ഊർജോൽ പാദനം തുടങ്ങിയ ആവശ്യങ്ങൾക്കായി ലഭ്യമാക്കാവുന്നതാണ്.

ജലക്ഷാമം എന്തുകൊണ്ട്?

ഭൂമിയുടെ ഉപരിതലത്തിലും ഭൂഗർഭത്തിലും വെള്ളം സംഭരിക്കാൻ കഴിയും. ഉപരിതലത്തിൽ സംഭരിക്കാൻ കൃത്രിമമോ സ്വാഭാവികമോ ആയ ജലാശയങ്ങളുണ്ടാകണം. പരമ്പരാഗത രീതിയിൽ വെള്ളം സംഭരിച്ചു നിർത്തുന്നതിന് ധാരാളം കുളങ്ങൾ കുഴിക്കുന്ന രീതി കേരളത്തിൽ വ്യാപകമായി ഇടനാട്ടിലും തീരദേശത്തും സ്വീകരിച്ചിരുന്നു. മാത്രമല്ല, കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകൾ കാരണം ധാരാളം സ്വാഭാവിക ജലാശയങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവയിലൂടെ വെള്ളം ഉപരിതലത്തിൽ സംരക്ഷിക്കപ്പെട്ടിരുന്നു. ഈ ഉപരിതല സ്രോതസ്സുകൾ സമീപപ്രദേശങ്ങളിലെ കിണറുകൾ സമ്പുഷ്ടമാക്കും. ഭൂഗർഭജലസമ്പത്ത് വർധിപ്പിക്കുകയും ചെയ്യും. എന്നാൽ ഉടമസ്ഥാവകാശം, ഭൂവിനിയോഗം തുടങ്ങിയവയിലുണ്ടായ മാറ്റങ്ങൾ, വൻതോതിലുള്ള മലിനീകരണം, വേണ്ടത്ര പരിചരണ മില്ലായ്മ തുടങ്ങിയ കാരണങ്ങളാൽ സ്വാഭാവികമായി ഉപരിതലത്തിൽ വെള്ളം സംഭരിക്കുന്ന സ്രോതസ്സുകൾ ഉപയോഗയോഗ്യമല്ലാതാവുകയോ മൂടിപ്പോവുകയോ ചെയ്തിരിക്കുന്നു. മഴക്കാലത്ത് കെട്ടിനിൽക്കുന്ന വെള്ളത്തിനു പുറമെ, ഭൂമിയിലുള്ള സസ്യാവരണവും ഭൂഗർഭത്തിലേക്ക് വെള്ളം കിനിഞ്ഞിറങ്ങുന്നതിനു സഹായിക്കും. വെള്ളം ഭൂഗർഭത്തിലൂടെ സഞ്ചരിക്കുന്നതിന് അധികം സമയമെടുക്കുന്നതു കാരണം മഴയില്ലാത്ത കാലങ്ങളിൽ ലഭ്യമാകുകയും ചെയ്യും. വീടുകളിലെ കിണറുകൾ, നീരുറവ, കുഴൽക്കിണറുകൾ, താഴ്‌വാരങ്ങളിലെ പാടങ്ങളിലെ ജലസാന്നിധ്യം തുടങ്ങി വിവിധ രീതികളിൽ ഭൂമിയുടെ വിവിധ പാളികളിലൂടെ സഞ്ചരിക്കുന്ന വെള്ളം നമുക്ക് വറുതിക്കാലത്ത് ലഭ്യമാകുന്നു. അശാസ്ത്രീയമായ രീതിയിൽ മണ്ണൊലിപ്പുണ്ടാക്കുന്ന കൃഷി, വനനശീകരണം, സസ്യാവരണനാശം തുടങ്ങിയ വിവിധ കാരണങ്ങളാൽ ഭൂഗർഭത്തിലേക്കു കിനിഞ്ഞിറങ്ങുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു. നീരുറവകൾ വരണ്ടുപോകുന്നതും, പാടങ്ങളിൽ വേനൽ തുടങ്ങുന്നതിനു മുമ്പ് ഈർപ്പം നഷ്ടപ്പെടുന്നതും കിണറുകളിലെ ജലനിരപ്പ് താഴുന്നതും ഇത്തരത്തിൽ ഭൂമിയുടെ ഉപരിതലപാളികളിൽ സംഭരിക്കപ്പെടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞതുകൊണ്ടാണ്. ജലക്ഷാമം തടയുന്നതിനുവേണ്ടി നാം നിർമിച്ചിട്ടുള്ള വൻകിട റിസർവോയറുകൾ വേണ്ടത്ര ഫലം നൽകുന്നില്ല. കേരളത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമല്ലാത്ത കനാൽ സംവിധാനങ്ങൾ, ഉയർന്ന പദ്ധതി ച്ചെലവ്, പദ്ധതിയുടെ പണി പൂർത്തിയാകാനുണ്ടാകുന്ന കാലതാമസം, വെള്ളത്തിന്റെ ലഭ്യതയിൽ ഉപഭോക്താവിന് നിയന്ത്രണമില്ലാതിരിക്കുന്ന അവസ്ഥ, വനനശീകരണം മൂലം ഉണ്ടാകുന്ന വർധിച്ച തോതിലുള്ള മണ്ണടിയൽ തുടങ്ങിയ അനേകം കാരണങ്ങളാൽ ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല. ഈ അവസ്ഥയിൽ ജലവികസനത്തിനുവേണ്ടി ചെലവഴിച്ചിട്ടുള്ള കോടിക്കണക്കിനു രൂപ ജലക്ഷാമം പരി ഹരിക്കുന്നതിന് ഉതകിയിട്ടില്ലെന്ന് വ്യക്തമാണ്. പാർപ്പിടസ്ഥലങ്ങൾ, കൃഷിയിടങ്ങൾ, നഗരങ്ങൾ, വ്യവസായശാലകൾ തുടങ്ങിയവയിൽ നിന്നുള്ള വിവിധ രൂപത്തിലുള്ള മലിനവസ്തുക്കൾ ജലസ്രോതസ്സുകളിൽ വന്നുചേരുന്നു. ധാരാളം ഉപരിതല സ്രോതസ്സുകൾ ഉപയോഗയോഗ്യമല്ലാതാക്കിയിട്ടുണ്ട്. വരണ്ട മാസങ്ങളിൽ നദികളിൽ വേണ്ടത്ര ഒഴുക്കില്ലാത്തതു കാരണം കൂടുതൽ സ്ഥലങ്ങളിൽ ഉപ്പുവെള്ളം കയറുന്നു. വർധിച്ച തോതിൽ ഭൂഗർഭജലം ഉപയോഗിക്കുന്നതുകൊണ്ട് ചില പ്രദേശങ്ങളിലെങ്കിലും കിണറുകളിലെ വെള്ളവും ഉപ്പുരസമുള്ള തായിട്ടുണ്ട്. ഇത്തരത്തിലുള്ള മലിനീകരണം മൂലം കുടിവെള്ളത്തിനും മറ്റാവശ്യങ്ങൾക്കും വെള്ളം ലഭ്യമാ യിരുന്ന അനേകം സ്രോതസ്സുകൾ ഉപയോഗയോഗ്യമല്ലാതായിട്ടുണ്ട്. സ്വാഭാവിക ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനോ, ഭൂഗർഭജലം വർധിപ്പിക്കുന്നതിനോ വർധിച്ച അളവിലുള്ള മലിനീകരണം നിയന്ത്രിക്കുന്നതിനോ വെള്ളത്തിന്റെ പാഴ്‌ച്ചെലവ് കുറയ്ക്കുന്നതിനോ നമുക്കു കഴിഞ്ഞില്ല. കേരളത്തിന് അനുയോജ്യമായ തരത്തിൽ ശാസ്ത്രീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദീർഘകാല ലക്ഷ്യങ്ങളോടെ, ജലവിഭവത്തിന്റെ സമഗ്രവികസനത്തിനു സഹായിക്കുന്ന തരത്തിൽ പദ്ധതികൾ നടപ്പിലാക്കാനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അടിയന്തിരമായി ജനപങ്കാളിത്തത്തോടെ പരിഹാരമാർഗങ്ങൾ കൈക്കൊള്ളേണ്ടതാണ്. അല്ലെങ്കിൽ വളരെ പരിമിതമായ ജലവിഭവവും വെള്ളത്തെ വൻതോതിൽ ആശ്രയിക്കുന്ന സാമൂഹ്യ-സാമ്പത്തിക ജീവിതവുമുള്ള കേരളത്തിൽ രൂക്ഷമായ പ്രതിസന്ധി നേരിടേണ്ടിവരും.

ജലക്ഷാമം എങ്ങനെ പരിഹരിക്കാം?

പരിമിതമായ വിഭവം, വർധിച്ചുവരുന്ന ആവശ്യങ്ങൾ, നീതീകരിക്കാനാവാത്ത പാഴ്‌ച്ചെലവ് ഈ വൈരുധ്യങ്ങൾ പരിഗണിച്ചാവണം ദീർഘകാലലക്ഷ്യങ്ങളോടെ ശാസ്ത്രീയമായി ജലവിഭവ വികസനപദ്ധതികൾ നടപ്പിലാക്കി ജലക്ഷാമം പരിഹരിക്കേണ്ടത്. തീരുമാനമെടുക്കുന്നതിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും വിഭവം സംരക്ഷിക്കുന്ന കാര്യങ്ങളിൽ പൊതുബോധനിലവാരം ഉയർത്തുകയും വേണം. വെള്ളത്തിന്റെ ലഭ്യതയെ സ്വാധീനിക്കുന്ന ചില പ്രധാന ഘടകങ്ങൾ പരിശോധിക്കാം.

ജലവ്യവസ്ഥ സന്തുലിതമായി സംരക്ഷിക്കുക.

കടലിലെ വെള്ളം നീരാവിയായി അന്തരീക്ഷത്തിലെത്തി, മേഘങ്ങളായി മാറി, അനുകൂല സാഹചര്യങ്ങളിൽ മഴയായി വീണ്ടും ഭൂമിയിലെത്തുന്നു. മണ്ണിൽ പതിക്കുന്ന വെള്ളം ഉപരിതലത്തി ലൂടെയും ഭൂമിക്കുള്ളിലൂടെയും സഞ്ചരിച്ച് ഉപരിതലസ്രോതസ്സുകളിലോ ഭൂഗർഭജലത്തിലോ ചെന്നു ചേരുന്നു. മനുഷ്യനുൾപ്പെടെ എല്ലാ സസ്യജീവജാലങ്ങളും ഭൂമിയിൽനിന്ന് വെള്ളം സ്വന്തം ആവശ്യ ത്തിനുപയോഗിച്ച് അന്തരീക്ഷത്തിലേക്ക് വിടുന്നു. ഉപരിതലത്തിൽ നിന്നും ഭൂഗർഭത്തിൽ നിന്നും വെള്ളം വിവിധ തരത്തിലുള്ള പ്രവാഹങ്ങളായി സമുദ്രത്തിലെത്തി വീണ്ടും സമുദ്രത്തിൽ നിന്നും ഉപരി തലസ്രോതസ്സുകളിൽ നിന്നും നീരാവിയായി മുകളിലേക്കുയർന്ന് മേഘപാളികൾ ഉണ്ടാകുന്നു; മഴയായി മണ്ണിലെത്താൻ. ഇത്തരത്തിൽ ജലം നിരന്തരം അന്തരീക്ഷത്തിൽനിന്ന് കരയിലേക്കും കടലിലേക്കും തിരിച്ച് അന്തരീക്ഷത്തിലേക്കും സഞ്ചരിക്കുന്ന പ്രക്രിയയെ ജലചക്രം എന്നു വിളിക്കുന്നു. കാടുകളും മറ്റു തരത്തിലുള്ള സസ്യാവരണവും മഴയുടെ വിതരണത്തെയും സൂക്ഷ്മ കാലാവ സ്ഥയെയും നിയന്ത്രിക്കുന്നു. മൊത്തം മഴയുടെ അളവിൽ വനനശീകരണം മൂലം കാര്യമായ കുറവു വന്നതായി കാണുന്നില്ല. എന്നാൽ സൂക്ഷ്മ കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങളായ ക്ലിന്നത, താപനില, ബാഷ്പീകരണം, കാറ്റ്, മണ്ണിലുള്ള ഈർപ്പം തുടങ്ങിയവയിൽ ദോഷകരമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഭൂമിയിൽ വീഴുന്ന മഴവെള്ളത്തിന്റെ പ്രഹരശക്തി മൂലം മണ്ണൊലിപ്പുണ്ടാകും. ഇത് നദികളിലും ജലാശയങ്ങളിലും മണ്ണടിഞ്ഞ് അവയുടെ സംഭരണശേഷി കുറയ്ക്കുന്നതിന് ഇടയാക്കും. വിവിധ തരത്തിലുള്ള സസ്യാവരണമുണ്ടെങ്കിൽ മണ്ണൊലിപ്പ് ഗണ്യമായ തരത്തിൽ കുറയ്ക്കാൻ കഴിയും. മഴ വെള്ളം ചാലുകളും തോടുകളുമായി നദികളിലൂടെ ഒഴുകി കടലിലെത്തും. അല്ലെങ്കിൽ ഭൂമിക്കുള്ളിലൂടെ സഞ്ചരിച്ച് നീരുറവകൾ, നദികൾ, കുളങ്ങൾ തുടങ്ങിയ ഉപരിതലസ്രോതസ്സുകളിലെത്തിച്ചേരുകയോ ഭൂഗർഭജലസമ്പത്ത് വർധിപ്പിക്കുകയോ ചെയ്യും. ഭൂമിക്കുള്ളിലൂടെ സഞ്ചരിക്കാൻ അധികസമയമെ ടുക്കുന്നതുകൊണ്ട് മഴയില്ലാത്ത കാലങ്ങളിൽ ഈ വെള്ളം ലഭ്യമാകും. ഉപരിതലത്തിലൂടെ ഒഴുകുന്ന വെള്ളം താൽക്കാലികമായി സംഭരിച്ചു നിർത്താൻ കുളങ്ങളും സ്വാഭാവിക ജലാശയങ്ങളും സഹായിക്കുന്നു. ഇത് ഭൂമിക്കടിയിലേക്ക് കൂടുതൽ വെള്ളം കിനിഞ്ഞിറങ്ങാൻ സഹായിക്കുന്നു. ഇതുമൂലം ഭൂഗർഭജലം വർധിക്കുകയും ചെയ്യും. എന്നാൽ വൻതോതിലുള്ള വനനശീകരണം, സസ്യാവരണം പൂർണമായി തുടച്ചു നീക്കൽ, മണ്ണൊലിപ്പുണ്ടാക്കുന്നതും വെള്ളം സംരക്ഷിച്ചു നിർത്താത്തതുമായ കൃഷി രീതികൾ, സ്വാഭാവിക ജലാശയങ്ങളുടെ നാശം, വൻതോതിലുള്ള കാലിമേച്ചിൽ തുടങ്ങിയ കാരണങ്ങളാൽ ഭൂമിക്കടിയിലേക്ക് കിനിഞ്ഞിറങ്ങുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞു. മഴ പെയ്തു കഴിഞ്ഞാൽ കൂടുതൽ വെള്ളവും മണിക്കൂറുകൾക്കുള്ളിൽ നദികളിലൂടെ വെള്ളപ്പൊക്കം സൃഷ്ടിച്ചുകൊണ്ട് കടലിലേക്ക് പാഞ്ഞൊഴുകുന്നതിനാൽ വരൾച്ചക്കാലത്ത് വെള്ളത്തിന്റെ ലഭ്യത കുറയുന്നു. ഈ രീതിയിൽ നമ്മുടെ സ്വാഭാവിക ജലവ്യവസ്ഥക്കുണ്ടായ മാറ്റം ജലക്ഷാമത്തിനുള്ള മുഖ്യകാരണമാണ്. ഉപരിതലത്തിലും ഭൂഗർഭത്തിലും മഴവെള്ളം സംഭരിച്ചു നിർത്തുന്ന സ്വാഭാവിക സ്രോതസ്സുകളെ സംരക്ഷിച്ചുകൊണ്ടുമാത്രമേ, ജലവ്യവസ്ഥയെ നമുക്ക് അനുകൂലമായ രീതിയിൽ സന്തുലിതമാക്കാൻ കഴിയൂ. അതിന് എന്തു ചെയ്യാൻ കഴിയും? ്യു 1. കാടുകളും പുൽമേടുകളും നാശത്തിനു വിധേയമാകാതെ സംരക്ഷിക്കുക. 2. എല്ലാ നദികളുടെയും ആവാഹപ്രദേശങ്ങളിൽ അനുയോജ്യമായ സസ്യാവരണം വർധിപ്പിക്കുന്നതിനുള്ള നടപടികളെടുക്കുക. 3. എല്ലാ നീരുറവകളുടെയും ആവാഹപ്രദേശം സംരക്ഷിത മേഖലയായി കണക്കാക്കുക. 4. സ്വാഭാവിക ജലാശയങ്ങളും ചതുപ്പുനിലങ്ങളും പാടങ്ങളും സംരക്ഷിക്കുക. 5. നമ്മുടെ കൃഷിയിടങ്ങളിലും പറമ്പുകളിലും ജലസാന്നിധ്യത്തിനു സഹായിക്കുന്ന സസ്യാവരണം സംരക്ഷിക്കുക.

സ്വാഭാവിക സ്രോതസ്സുകൾ സംരക്ഷിച്ച് ഉപയോഗയോഗ്യമാക്കുക.

ജലവ്യവസ്ഥയെ സന്തുലിതമാക്കാനും വരൾച്ചക്കാലത്ത് കുടിക്കാനും മറ്റാവശ്യങ്ങൾക്കും വേണ്ടത്ര വെള്ളം കിട്ടാനും ചെറുകിട ജലസംഭരണികളുടെയും സ്രോതസ്സുകളുടെയും ഒരു വലിയ ശൃംഖ ലയുണ്ടാകണം. അപൂർവം ചില പ്രദേശങ്ങളൊഴിച്ചാൽ കേരളത്തിൽ ലഭിക്കുന്ന മഴ വലിയ ഏറ്റക്കുറ ച്ചിലില്ലാതെ എല്ലായിടത്തും ഒരുപോലെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ട് കേന്ദ്രീകരിച്ച് ജലം സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന എതാനും വൻകിട ജലാശയങ്ങളെക്കാൾ ഫലപ്രദം ധാരാളം ചെറിയ സ്രോതസ്സുകളാണ്. നമ്മുടെ നാട്ടിൽ പരമ്പരാഗതമായി കുളങ്ങൾ മഴവെള്ളം സംഭരിക്കുന്നതിനുപയോഗിച്ചിരുന്നു. അതിനുപുറമെ നീരുറവകൾ, ശുദ്ധജലതടാകങ്ങൾ തുടങ്ങിയ അനേകം സ്വാഭാവിക ജലസ്രോതസ്സുകളുമുണ്ട്. ഇടനാട്ടിലെ കുന്നുകൾക്കിടയിലുള്ള താഴ്‌വാരങ്ങൾ പാടങ്ങളായി നാം ഉപയോഗിക്കുന്നു. നെല്ല് കൃഷിചെയ്യുന്ന ഈ ചതുപ്പുപ്രദേശങ്ങൾ, അവയ്ക്കു ചുറ്റുമുള്ള കുന്നുകൾക്കിടയിൽ പെയ്യുന്ന മഴ താൽക്കാലികമായി സംഭരിക്കുന്ന പ്രദേശങ്ങളാണ്. നമ്മുടെ പരമ്പരാഗതവും സ്വാഭാവികവുമായ കാർഷിക ജലവ്യവസ്ഥ പല കാരണങ്ങളാലും ഇന്ന് നാശത്തിന്റെ വക്കിലെത്തിനിൽക്കുന്നു. അവയെ പുനരുജ്ജീവിപ്പിക്കുകയും സന്തുലിതമായ വിധത്തിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാൻ കഴിഞ്ഞാൽ ജലക്ഷാമം ഒരളവുവരെ പരിഹരിക്കാൻ കഴിയും.

1. കുളങ്ങളുടെ സംരക്ഷണം.

അടുത്ത കാലത്ത് ഇണഞഉങ നടത്തിയ ഒരു പഠനത്തിൽ കേരളത്തിൽ 10 ഹെക്ടറിൽ കൂടുതൽ സ്ഥലത്ത് ജലസേചനം നടത്താൻ കഴിയുന്ന ആയിരത്തോളം കുളങ്ങൾ കണ്ടെത്തുകയുണ്ടായി. പാലക്കാട് ജില്ലയിൽ മാത്രം അഞ്ഞൂറിലധികം വലിയ കുളങ്ങളുണ്ട്. മിക്കവാറും എല്ലാ ജില്ലകളിലും മുഴുവൻ കുടിവെള്ള ആവശ്യവും നിറവേറ്റുന്നതിന് അധിക വെള്ളം സംഭരിക്കാനുള്ള കഴിവ് കുളങ്ങൾക്കുണ്ട്. മണ്ണടിഞ്ഞ് തൂർന്നുപോകൽ, വെള്ളം മലിനമാകൽ തുടങ്ങിയ പല കാരണങ്ങളാലും പൂർണമായി ഈ സ്രോതസ്സുകൾ ഉപയോഗിക്കപ്പെടുന്നില്ല. കുടിവെള്ളം, ജലസേചനം, ഗാർഹികാവശ്യങ്ങൾ എന്നിവ നിറവേറ്റപ്പെടുന്ന വിധത്തിൽ വശങ്ങൾ കെട്ടിയും മലിനീകരണം നിയന്ത്രിച്ചും സംരക്ഷിക്കാൻ കഴിഞ്ഞാൽ ഇടനാട്ടിലും തീരപ്രദേശത്തുമുള്ള ജലാവശ്യങ്ങൾ നിറവേറ്റുന്നതിന് ഗണ്യമായ പങ്കുവഹിക്കാൻ കുളങ്ങൾക്കു കഴിയും. നല്ലൊരുഭാഗം കുളങ്ങളും പൊതു ഉടമസ്ഥതയിലാകയാൽ ഏറ്റവും വേഗത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾ നടത്താനുള്ള സൗകര്യമുണ്ട്.

2. ശുദ്ധജലതടാകങ്ങളുടെ സംരക്ഷണം

ഹൈറേഞ്ചിലും ഇടനാട്ടിലും ഏതാനും ശുദ്ധജല തടാകങ്ങളുണ്ട്. കൊല്ലം ജില്ലയിലെ ശാസ്താം കോട്ട കായൽ, കൊല്ലം നഗരപ്രദേശത്ത് കുടിവെള്ളം നൽകുന്നതിനുള്ള പ്രധാന സ്രോതസ്സാണ്. വയനാട് ജില്ലയിലെ ജലാശയങ്ങൾ കബനീനദിയിലെ പ്രവാഹത്തെ വലിയ അളവിൽ സ്വാധീനിക്കുന്നു. ആവാഹപ്രദേശത്തെ സസ്യാവരണനാശം, മണ്ണൊലിപ്പുണ്ടാകുന്ന തരത്തിലുള്ള കൃഷി, രാസവളങ്ങളും കീടനാശിനികളും മൂലമുള്ള മലിനീകരണം എന്നിവ മൂലം ഈ ശുദ്ധജലാശയങ്ങളുടെ നിലനിൽപ് അപകടത്തിലായിരിക്കുന്നു. വൻതോതിലുള്ള ജനവാസം മലിനീകരണം വർധിപ്പിക്കുന്നു. കൃത്രിമ ജലാശയങ്ങൾ നിർമിക്കുന്നതിനു കോടികൾ ചെലവഴിക്കുന്ന നമ്മൾ, നശിച്ചുകൊണ്ടിരിക്കുന്ന ഈ ജല സ്രോതസ്സുകളെ അവഗണിക്കുന്നു. ആവാഹപ്രദേശത്ത് ഇനിയും അവശേഷിക്കുന്ന കാടുകളും പുൽമേടുകളും സംരക്ഷിക്കുക, മണ്ണൊലിപ്പു തടയുന്ന തരത്തിൽ കൃഷി നിയന്ത്രിക്കുക, മണ്ണടിയാതിരിക്കുന്നതിനുള്ള കൃത്രിമസംവിധാനങ്ങൾ സ്ഥാപിക്കുക, ജലമലിനീകരണം ഒഴിവാക്കുന്നതി നുള്ള നടപടികൾ കൈക്കൊള്ളുക തുടങ്ങിയവയിലൂടെ മാത്രമേ ഭീഷണി നേരിടുന്ന ഈ ശുദ്ധജലതടാകങ്ങൾ സംരക്ഷിക്കാൻ കഴിയൂ.

3. നീരുറവകളുടെ സംരക്ഷണവും വിനിയോഗവും

കേരളത്തിന്റെ മലയോരങ്ങളിൽ ഇനിയും വരണ്ടുപോകാതെ അവശേഷിക്കുന്ന കുറേ നീരുറവകളുണ്ട്. കാടുകളും പുൽമേടുകളും നേരിടുന്ന ഭീഷണി കാരണം നീരുറവകളുടെയും ജീവൻ അപകടത്തിലാണ്. അടുത്ത കാലത്ത് നടത്തിയ ഒരു സർവേയിൽ വിവിധ ജില്ലകളിലായി ഏകദേശം 237 എണ്ണം കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ ധാരാളം വേറെയുമുണ്ടാകും. അവയുടെ ആവാഹപ്രദേശം അധികം കോട്ടങ്ങളില്ലാതെ സംരക്ഷിക്കപ്പെടണം. മലനാട്ടിലും ജനവാസം വർധിച്ചുവരികയാണ്. അവിടങ്ങളിൽ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളുമുണ്ട്. ഇവിടെ മറ്റു തരത്തിലുള്ള ജലവിതരണപദ്ധതികൾ നടപ്പിലാക്കുക ഏതാണ്ട് അസാധ്യവുമാണ്. നീരുറവകളിൽനിന്നും വരുന്ന വെള്ളം യാതൊരു ശുദ്ധീകരണവുമാവശ്യമില്ലാതെ കുടിക്കാനുപയോഗിക്കാം. ഇങ്ങനെ മലനാട്ടിലെ ആവാസ കേന്ദ്രങ്ങളിലെ കുടിവെള്ളക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരം കാണാൻ നീരുറവകൾ ഉപയോഗിക്കാവുന്നതാണ്. വരൾച്ചക്കാലത്ത് ഒരു മിനിട്ടിൽ 10 ലിറ്റർ മുതൽ 100 ലിറ്റർ വരെ പ്രവാഹമുള്ള നൂറിലേറെ ഉറവകൾ മേൽപറഞ്ഞ സർവേയിൽ്യു കണ്ടെത്തുക യുണ്ടായി. ശരാശരി 200-ലേറെ കുടുംബങ്ങൾക്ക് ഗാർഹികാവശ്യങ്ങൾ നിറവേറ്റാൻ ഒരു ഉറവ മതിയാകും. എന്നാൽ സസ്യാവരണത്തിനു നേരിടുന്ന നാശം, ഈ സ്രോതസ്സുകൾ നാമാവശേഷമാകുന്നതിന് ഇടയാക്കും.

4. പാടങ്ങളുടെ സംരക്ഷണം

ഇടനാട്ടിലും മലനാട്ടിലും കുന്നുകൾക്കിടയിൽ താഴ്‌വാരങ്ങളിൽ ധാരാളം ചതുപ്പുപ്രദേശങ്ങൾ കാണാൻ കഴിയും. ഇവയാണ് നെൽപ്പാടങ്ങളായി മാറിയത്. ഇടനാട്ടിൽ മിക്കവാറും മുഴുവനായി വയലുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. കുന്നുകൾക്കിടയിലുള്ള ഏലാകളിലെ മഴവെള്ളം താൽക്കാലികമായി സംഭരിക്കുന്നതിന് പാടങ്ങൾ സഹായിക്കുന്നു. ഇത് നദികളിലേക്കുള്ള പ്രവാഹം താൽക്കാലികമായി തടഞ്ഞു നിർത്തുകയും കിണറുകളും ഭൂഗർഭജലവും സമ്പന്നമാക്കുകയും ചെയ്യും. എന്നാൽ പാടങ്ങൾ മണ്ണിട്ടുമൂടി പറമ്പുകളാക്കാനും വീടുവയ്ക്കാനുമുള്ള പ്രവണത ഏറിവരുന്നു. ഇത് നമ്മുടെ സ്വാഭാവിക ജലവ്യവസ്ഥക്ക് ഏറെ ഭംഗമുണ്ടാക്കും. വേണ്ടത്ര ബോധവൽക്കരണത്തിലൂടെയും സാമൂഹ്യ നിയന്ത്രണത്തിലൂടെയും മാത്രമേ ഈ പ്രവണത തടയാനാകൂ.

5. നദികളുടെയും അരുവികളുടെയും ജീവൻ നിലനിർത്തുക

മഴവെള്ളം ചാലുകളായും കൈത്തോടുകളായും ചെറിയ അരുവികളിലൂടെ ഒഴുകി നദികളായി സമുദ്രത്തിലെത്തിച്ചേരുന്നു. മണ്ണിന്റെ സംഭരണശേഷി കുറഞ്ഞാൽ, മഴക്കാലത്ത് നദികളിൽ വെള്ള പ്പൊക്കമുണ്ടാവുകയും മറ്റു മാസങ്ങളിൽ വറ്റി വരണ്ടുകിടക്കുകയും ചെയ്യും. ഭാരതപ്പുഴ ആറു മാസക്കാലം നദിയും ആറു മാസക്കാലം മണൽത്തിട്ടയുമാണല്ലോ. ഓരോ ചെറുതോടിന്റെയും ആവാഹപ്രദേശത്ത് കൂടുതൽ വെള്ളം ഉപരിതലത്തിലും ഭൂവൽക്കത്തിലും സംഭരിക്കാനിടയായാൽ വരൾച്ചക്കാലത്ത് നിലയ്ക്കാത്ത പ്രവാഹമുണ്ടാകും. നദികളിലെ പ്രവാഹം വർധിപ്പിക്കും; നദീതീരങ്ങളിലെ കിണറുകളിലെ ജലനിരപ്പ് താഴുകയുമില്ല. നദികളെ ആശ്രയിച്ച് നടപ്പാക്കിയിരിക്കുന്ന അനേകം ചെറുകിട ജലവിതരണ പദ്ധതികളും ജലസേചനപദ്ധതികളും പ്രവർത്തനക്ഷമമാകും. കുറച്ചു സ്ഥലത്തെങ്കിലും പുഞ്ചക്ക് വെള്ളവും കിട്ടും. വിവിധ തരത്തിലുള്ള ഇടപെടലുകളുടെ ഫലമായി ഇന്നു കേരളത്തിലെ നദികളിൽ വരൾച്ചക്കാലത്ത് പ്രവാഹം ഗണ്യമായി കുറഞ്ഞിരിക്കുന്നു. അരുവികളിലെ അനിയന്ത്രിതമായ മണൽ വാരലിലൂടെ വീണ്ടും ജലനിരപ്പ് താഴുകയും ഉള്ള വെള്ളം വേഗം കടലിലേക്ക് ഒഴുകുകയും ചെയ്യും. മഴക്കാലത്ത് നദികളിലെ ജലനിരപ്പ് കുറയുന്നതുകൊണ്ട് നദികളിലൂടെ വളരെ ദൂരം ഉള്ളിലേക്ക് ഉപ്പുവെള്ളം കയറുന്നു. മഴക്കാലത്തുപോലും നദീമുഖങ്ങളിലെ വെള്ളത്തിന് ഉപ്പുരസം കാണും. ഉപ്പുവെള്ളം നദികളിലൂടെ മണ്ണിലും സമീപപ്രദേശത്തെ കിണറിലും വ്യാപിച്ച് മണ്ണിന്റെയും വെള്ളത്തിന്റെയും ഗുണം നഷ്ടമാക്കും. മനുഷ്യൻ മാത്രമല്ല നദികളിലെ വെള്ളമുപയോഗിക്കുന്നത്. അവയെ ആശ്രയിച്ച് ഒരു ജൈവവ്യവസ്ഥ നിലനിൽക്കുന്നു. നമ്മുടെ ഉൾനാടൻ മത്സ്യബന്ധനവും മറ്റു പല തൊഴിൽമേഖലകളും ഈ ജൈവ വ്യവസ്ഥയെ ആശ്രയിച്ചുള്ളതാണ്. അതുകൊണ്ട് നദികളുടെ നാശം നമ്മുടെ തീരദേശമേഖലയുടെ സാമ്പത്തിക ജീവിതത്തെ ആഴത്തിൽ ബാധിക്കും. ഓരോ തോടിന്റെയും അരുവിയുടെയും ആവാഹപ്രദേശത്ത് വ്യാപകമായ മണ്ണുജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ്, നദികളുടെ വരൾച്ച കാലപ്രവാഹം നിലനിർത്താനുള്ള ഏക മാർഗം.

6. ഫലപ്രദമായ ആസൂത്രണം അനിവാര്യം.

ആവശ്യത്തിനു വെള്ളം നൽകിയാൽ കാർഷികോൽപാദനം വർധിക്കുമെന്ന കാര്യം ശാസ്ത്രീയമായി തെളിഞ്ഞിട്ടുള്ളതാണ്. കേരളത്തിൽ ഇതുവരെ ഏകദേശം 700 കോടി രൂപ ജലസേചന പദ്ധതികൾക്കായി ചെലവഴിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ ജലസേചനം ആവശ്യമായിട്ടുള്ള നെല്ല്, തെങ്ങ് തുടങ്ങിയ പ്രധാനവിളകളുടെ ഉൽപാദനമോ ഉൽപാദനക്ഷമതയോ കാര്യമായി വർധിച്ചിട്ടില്ല. അണക്കെട്ടും കനാലുകളും നിർമിച്ചെങ്കിലും വേണ്ട സമയത്ത് വേണ്ടത്ര അളവിൽ വെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. വെള്ളത്തിന്റെ മേൽ കർഷകനു നിയന്ത്രണമില്ലെങ്കിൽ ഉൽപാദനം വർധിക്കുകയില്ല. ഫലപ്രദമായി, ജനപങ്കാളിത്തത്തോടെ വിനിയോഗിച്ചാൽ ചെറുകിട പദ്ധതികൾ വിജയകരമാക്കാൻ കഴിയും. കേരളത്തിൽ പണി പൂർത്തിയായ പത്തും 25-ലേറെ വർഷമായി പണി നടന്നുകൊണ്ടിരിക്കുന്ന ഏഴും അതു കൂടാതെ പണി വിവിധഘട്ടങ്ങളിലെത്തി നിൽക്കുന്ന പത്തും വൻകിട ജലസേചന പദ്ധതികളുണ്ട്. നമ്മുടെ നാട്ടിലെ നിമ്‌നോന്നതമായ ഭൂമിയും വളരെ ചെലവുള്ള കനാൽ സംവിധാനവും കാരണം വൻകിട ജലസേചന പദ്ധതികളുടെ അനുയോജ്യത ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. വൻകിട പദ്ധതികൾക്ക് ചെലവ് ഒരു ഹെക്ടറിന് ഏകദേശം ഒരു ലക്ഷം രൂപയോളം വരും. ചെറുകിട പദ്ധതികൾക്കുള്ള ചെലവാകട്ടെ പതിനായിരം രൂപയിൽ കുറവും. (ഏറ്റവും പുതിയ കണക്കനുസരിച്ച്). ജലാശയങ്ങൾ കാരണം നശിക്കുന്ന കാടുകൾ, പുനരധിവസിപ്പിക്കേണ്ടിവരുന്ന കുടുംബങ്ങളുടെ എണ്ണം തുടങ്ങിയ കാരണങ്ങളാൽ പുതിയ പദ്ധതികൾക്ക് ധാരാളം എതിർപ്പ് നേരിടേണ്ടിവരുന്നു. ആവാഹപ്രദേശത്തെ വനനശീകരണവും നിയന്ത്രണമില്ലാത്ത കൃഷിയും കാരണം നമ്മുടെ ജലാശയങ്ങൾ വളരെ വേഗത്തിൽ മണ്ണടിഞ്ഞു തൂർന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെന്നല്ല, ഇന്ത്യയിലാകെ വൻകിട ജലസേചന പദ്ധതികൾ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. യഥാർത്ഥ ചെലവും നേട്ടവും ആസൂത്രണ ഘട്ടത്തിൽ കണക്കാക്കാതിരിക്കുക, ലഭ്യമായ പണമുപയോഗിച്ച് കൂടുതൽ പദ്ധതികൾ തുടങ്ങുക, നിർമാണരംഗത്തും മാനേജ്‌മെന്റിലും സംഭവിക്കുന്ന പാകപ്പിഴകൾ, പദ്ധതി പണി നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ പുതിയ കനാലുകൾ നിർമിക്കാൻ തീരുമാനിക്കുക തുടങ്ങി അനേകം കാരണങ്ങളാൽ മിക്കവാറും എല്ലാ പദ്ധതികളും പൂർത്തിയാകാതെ നീണ്ടുപോകുന്നു. വേണ്ടത്ര കാര്യക്ഷമമല്ലാത്ത സംവിധാനങ്ങൾ, ജലച്ചോർച്ച കാരണം നീർക്കെട്ടുപ്രദേശങ്ങളാകുന്ന സ്ഥലങ്ങൾ, ആവശ്യത്തിലധികമുള്ള വെള്ളം ഒഴുക്കിക്കളയുന്നതിനുള്ള ഡ്രെയിനേജ് ചാലുകളുടെ അഭാവം തുടങ്ങി ഒരായിരം പരാധീനതകൾ വൻകിടപദ്ധതികൾക്കുണ്ട്. ഈ പോരായ്മകൾ കാരണം ഫലപ്രാപ്തിയിലെത്താത്ത പദ്ധതികളുടെ നേട്ടം പാടങ്ങളിലെത്തി ക്കുന്നതിനുള്ള ശ്രമങ്ങൾ ജനപങ്കാളിത്തത്തോടെ ഊർജിതമായി നടപ്പാക്കണം. പുതിയ പദ്ധതികൾ തുടങ്ങുന്നതിനു മുമ്പ് അവയുടെ ആവശ്യം, അനുയോജ്യത, സാമ്പത്തികച്ചെലവ്, നേട്ടം, പരിസ്ഥിതി പ്രശ്‌നങ്ങൾ തുടങ്ങിയ കാര്യങ്ങൾ വ്യാപകമായി ചർച്ച ചെയ്യപ്പെടണം. നിരന്തരം നീണ്ടുപോകുന്ന പദ്ധതികളുടെ പണി ഉടൻ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. കേരളത്തിലെ അണക്കെട്ടിലെ വെള്ളം കൃഷിക്ക് എപ്പോൾ എങ്ങനെ തുറന്നുവിടണമെന്നു തീരുമാനിക്കുന്നതിൽ ഇന്നുള്ളതിനെക്കാൾ കൂടുതൽ പങ്കാളിത്തം കർഷകർക്കുണ്ടാകണം. ഒരു റിസർ വോയറിനും ആയക്കെട്ടിന്റെ ആവശ്യങ്ങൾ കണക്കിലെടുത്ത് ശാസ്ത്രീയമായ ഒരു ജലസേചനക്രമം ഉണ്ടായിട്ടില്ല. ചില സ്ഥലങ്ങളിൽ ധർണയും കൈക്കൂലിയുമൊക്കെ വേണമത്രെ! മഴയുടെ അളവും വിളകളുടെ ആവശ്യവും ജലസംഭരണശേഷിയും കണക്കിലെടുത്ത് ശാസ്ത്രീയമായ രീതിയിൽ എല്ലാ റിസർവോയറുകൾക്കും ജലസേചനക്രമം തയ്യാറാക്കണം. ആയക്കെട്ടു പ്രദേശത്തെ പഞ്ചായത്തുതല ജനപ്രതിനിധികളടങ്ങുന്ന ആയക്കെട്ടു വികസനസമിതി വ്യക്തമായ ജലസേചനക്രമം രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും വേണം. കനാലുകളിൽ ലഭ്യമായ വെള്ളം വിതരണം ചെയ്യുന്നതിൽ അധികജലം ഒഴുക്കിക്കളയുന്നതിനുമുള്ള ചാലുകൾ ജനപങ്കാളിത്തത്തോടെ നിർമിക്കാനുദ്ദേശിച്ചിട്ടുള്ള കമാന്റ് ഏരിയ വികസന പദ്ധതി ഇനിയും വേണ്ടത്ര ഫലപ്രദമായിട്ടില്ല. ഇതും സർക്കാർ മുറയിലാണ് നീങ്ങുന്നത്. കർഷകർ കൂട്ടായ തീരുമാന മെടുത്ത് മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിർത്തുന്ന തരത്തിൽ ഉൽപാദനം വർധിപ്പിക്കുന്നതിനുള്ള ഗ്രൂപ്പ് ഫാമിംഗ് ശ്രമങ്ങളിൽ കമാന്റ് ഏരിയ വികസന പ്രവർത്തനങ്ങളും കൂട്ടിയോജിപ്പിക്കേണ്ടിയിരിക്കുന്നു. 25 വർഷത്തിലേറെയായി പണി നടന്നു കൊണ്ടിരിക്കുന്ന പദ്ധതികൾ (കാഞ്ഞിരപ്പുഴ, പഴശ്ശി) എത്രയും വേഗം പണി പൂർത്തിയാക്കണം. എട്ടാം പദ്ധതിക്കാലയളവിൽ അനുവദിച്ചിട്ടുള്ള പണി വീണ്ടും വെള്ളം കിട്ടുമെന്നുറപ്പില്ലാത്ത സ്ഥലങ്ങളിൽ കനാൽ കുഴിക്കാനായി ചെലവിടരുത്. മണ്ണിൽ പണം കുഴിച്ചു മൂടുന്ന തിന് തുല്യമാണത്. ഒരു കി.മീ. കനാൽ കുഴിക്കുന്നതിനു വേണ്ടി ആറേഴു ലക്ഷം രൂപ ചെലവു വരും. ഇനി പണം ചെലവഴിക്കുന്നതിനു മുമ്പ്, ഓരോ പദ്ധതിയുടെയും യഥാർത്ഥ ശേഷി വിലയിരുത്തണം. എത്ര സ്ഥലത്ത് വെള്ളം ഫലപ്രദമായി നൽകാൻ കഴിയുമെന്ന് കണക്കാക്കണം. യഥാർത്ഥ ആയക്കെട്ടുപ്രദേശത്ത് വെള്ളമെത്തിക്കുന്നതിനുള്ള കനാൽ സംവിധാനം കുറ്റമറ്റതാക്കണം. അതിനു വേണ്ടി മാത്രം പണമുപയോഗിക്കണം. എത്രയും വേഗം പദ്ധതി പൂർത്തിയായതായി പ്രഖ്യാപിച്ച് അവിടെ ജോലി ചെയ്യുന്നവരുടെ സേവനം മറ്റു പദ്ധതികളിലേക്ക് തിരിച്ചുവിടണം. പത്തും പതിനഞ്ചും വർഷമായി പണി നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളുടെ കാര്യത്തിലും ഒരു മുൻഗണനാക്രമം നിശ്ചയിക്കണം. മതിപ്പു ചെലവിന്റെ 25 ശതമാനത്തിലധികം പണം ചെലവഴിച്ചിട്ടുള്ള ഇടമലയാർ, മൂവാറ്റുപുഴ, ചിമ്മിനി, കാരാപ്പുഴ പദ്ധതികൾക്ക് മുൻതൂക്കം നൽകി വേഗം പണി പൂർത്തിയാക്കണം. 10 ശതമാനം തുക ചെലവഴിച്ചെങ്കിലും അട്ടപ്പാടി പദ്ധതി പുനഃപരിശോധനക്കു വിധേയമാക്കി മാത്രമേ ഭാവി തീരുമാനമെടുക്കേണ്ടതുള്ളൂ. ബാക്കി പദ്ധതികൾ അവയുൾക്കൊണ്ട നദീതടങ്ങളുടെ സമഗ്ര വികസനത്തെക്കുറിച്ചുള്ള സമഗ്ര ആസൂത്രണത്തിന്റെ ഭാഗമായി വേണോ വേണ്ടയോ എന്ന തീരുമാനമെടുക്കണം. കാരപ്പാറ പദ്ധതിയുൾപ്പെടെ വിവിധ ജലവികസന പരിപാടികൾക്ക് ഒരു സാമൂഹ്യ മുൻഗണനാക്രമം നിശ്ചയിക്കുകയും രൂക്ഷമായ ജലക്ഷാമമുള്ള പ്രദേശങ്ങൾക്ക് മുൻതൂക്കം നൽകി, ജലവികസന പരിപാടികൾ നടപ്പാക്കുകയും ചെയ്യേണ്ടതുണ്ട്.

7. വേണ്ടത് ജനപങ്കാളിത്തം

നിലവിലുള്ള ചെറുകിട ജലസേചന പദ്ധതികൾ, അരുവികളിൽ തടയണ കെട്ടി വെള്ളം കെട്ടിനിറുത്തുന്നവയോ, കിണർ, കുളം എന്നിവയിൽ നിന്നോ നദികളിൽ നിന്നോ വെള്ളം പമ്പുചെയ്ത് ഉപയോഗിക്കുന്നവയോ ആണ്. എന്നാൽ വേണ്ടത്ര മെയിന്റനൻസ് പണികൾ നടക്കാതെ ഗണ്യമായൊരു ഭാഗം ചെറുകിട ജലസേചന പദ്ധതികളും ഉപയോഗപ്രദമല്ലാതെ കിടക്കുന്നു. അധികം പണച്ചെലവില്ലാതെ ഇവ പ്രവർത്തനയോഗ്യമാക്കാം. ചെറുകിട ജലസേചന പദ്ധതികളുടെ നിർമാണത്തിലും നടത്തിപ്പിലും ഇതുവരെ കർഷകരുടെ പങ്കാളിത്തമുണ്ടായിട്ടില്ല. ചെറുകിട ജലസേചന വകുപ്പിന്റെ പ്രവർത്തനം പഞ്ചായത്തുകൾക്ക് വിധേയമാക്കുകയും, ജനപ്രതിനിധികളുടെയും ജനങ്ങളുടെയും സഹകരണത്തോടെ ധാരാളം ചെറിയ ജലസംഭരണികളുടെ ഒരു വലിയ ശൃംഖല ഉണ്ടാക്കിയെടുക്കുകയും ചെയ്യാവുന്നതാണ്. കുളങ്ങൾ, തടയണകൾ തുടങ്ങിയവ വ്യാപകമായി ഉപയോഗപ്പെടുത്തുകയും അനുയോജ്യമായ സ്ഥലങ്ങളിൽ പുതിയവ നിർമിക്കുകയും വേണം. ചെറുകിട പദ്ധതികളെ ആശ്രയിച്ചു ജലസേചനം നടത്തുന്നതിന് ഒരു ഹെക്ടറിനു പതിനായിരം രൂപ വരെ ചെലവു വരുമെന്നാണ് ജലസേചന വകുപ്പിന്റെ കണക്ക്. അതിലധികം ചെലവു വന്നാൽ അവർ അനുമതി നൽകാറില്ല. എന്നാൽ വൻകിട പദ്ധതിക്കുവേണ്ടി ഒരു ഹെക്ടറിൽ ഒരു ലക്ഷം രൂപ വരെ ചെലവിടുന്നു. അനുയോജ്യമായ സ്ഥലങ്ങളിൽ, വെള്ളം ഏറ്റവും ഉപയോഗപ്രദമായ രീതിയിൽ വിനിയോഗിക്കുന്നതിന് ചെറുകിട ജലസംഭരണികൾ പണിയുന്നതിന് സാമ്പത്തിക പരിധി തടസ്സമാകാൻ പാടില്ല. ഇത്തരം പദ്ധതികളെ ആശ്രയിച്ചു ജലസേചനം നടത്തുന്ന കർഷകന് വെള്ളത്തിനു മേൽ കൂടുതൽ നിയന്ത്രണമുണ്ടാകും. കാർഷികോൽപ്പാദനം വർധിപ്പിക്കുന്ന തരത്തിലുള്ള തീരുമാനങ്ങളെടുക്കാൻ സഹായിക്കും. ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിക്കുകയും ചെയ്യും.

8. കുഴൽക്കിണറുകൾ നിയന്ത്രിക്കണം

കേരളത്തിന്റെ ചെരിവും മണ്ണിന്റെ സ്വഭാവവും കാരണം ഭൂഗർഭത്തിൽ അധികം വെള്ളം സംഭരിക്കപ്പെടുന്നില്ല. കേന്ദ്ര ഭൂഗർഭജല ബോർഡിന്റെ നിഗമനപ്രകാരം, കേരളത്തിൽ 6800 ദശലക്ഷം ഘനമീറ്റർ വെള്ളമുണ്ട്. തീരദേശങ്ങളാണ് ഭൂമിയിലേക്ക് വെള്ളം കിനിഞ്ഞിറങ്ങുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം. തീരദേശത്തെ എക്കൽ പ്രദേശങ്ങളോ, അടിഞ്ഞുകൂടി ഉണ്ടായിരിക്കുന്ന പാറപ്രദേശങ്ങളോ കുഴൽക്കിണറുകൾ കുഴിക്കാൻ അനുയോജ്യമായവയാണ്. എന്നാൽ അവിടെനിന്നും അധികജലം ഉപയോഗപ്പെടുത്തുന്നത്, കടലിലെ ഉപ്പുവെള്ളം കയറി മണ്ണും ഭൂഗർഭജലവും മലിനമാ കുന്നതിന് ഇടയാക്കും. ഇടനാട്ടിലെ താഴ്‌വാരപ്രദേശങ്ങളിലും വെട്ടുകൽ പ്രദേശങ്ങളിലും തുറസ്സായ ആഴം കുറഞ്ഞ കിണറുകൾ നിർമിക്കുന്നതാണ് നല്ലത്. അതിന് അനുയോജ്യവുമാണ് ആ സ്ഥലം. കേരളത്തിൽ ഏകദേശം 30 ലക്ഷം കിണറുകൾ ഉള്ളതായി കണക്കാക്കിയിരിക്കുന്നു. ഇവയിലൂടെ ഏകദേശം 1700 ദശലക്ഷം ഘനമീറ്റർ വെള്ളം നാം ഉപയോഗിക്കുന്നു. നമ്മുടെ മൊത്തം ഭൂഗർഭജലത്തിന്റെ 25 ശതമാനത്തോളമാണ് കിണറുകളിലൂടെ ലഭിക്കുന്നത്. വിള്ളലും പൊട്ടലുകളുമുള്ള പാറയുള്ള പ്രദേശങ്ങളിലാണ് കുഴൽക്കിണറുകൾ സ്ഥാപിക്കുന്നത്. എന്നാൽ എത്രത്തോളം വെള്ളം കിട്ടാനിടയുണ്ടെന്ന് ശാസ്ത്രീയമായ പരിശോധനകളിലൂടെ വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം മാത്രമേ കുഴൽക്കിണറുകൾ കുഴിക്കാൻ പാടുള്ളു. അതോടൊപ്പം കുഴിച്ച കിണറിന്റെ ശേഷി, വെള്ളത്തിന്റെ ഗുണം, ഇതുമൂലം തൊട്ടടുത്ത തുറന്ന കിണറുകളിലെ ജലനിര പ്പിലുണ്ടാകുന്ന മാറ്റം തുടങ്ങിയ കാര്യങ്ങൾ വ്യക്തമായ നിരീക്ഷണത്തിനു വിധേയമാക്കിയതിനുശേഷമേ ഉപയോഗിക്കാൻ അനുവദിക്കാവൂ. എന്നാൽ പാലക്കാട്ടും മറ്റുപ്രദേശങ്ങളിലും ധാരാളം സ്വകാര്യ ഏജൻസികളുൾപ്പെടെ മതിയായ മുൻകരുതലുകളും നിയന്ത്രണവുമില്ലാതെ കുഴൽക്കിണറുകൾ കുഴിക്കുന്നുണ്ട്. ഇത് അടിയന്തിരമായി നിയന്ത്രിക്കേണ്ടതാണ്. തീരദേശത്ത് പുതിയ കുഴൽക്കിണറുകൾ സ്ഥാപിക്കുന്നതിനുമുമ്പ്, ലഭ്യമായ വിഭവം, ഉപ്പുവെള്ളം കയറാനുള്ള സാധ്യത തുടങ്ങിയ കാര്യങ്ങൾ തിട്ടപ്പെടുത്തണം. കേരളതീരപ്രദേശത്ത് അധികമായി ഭൂഗർഭജലം ഉപയോഗിച്ചതുകൊണ്ടുള്ള പ്രശ്‌നങ്ങൾ ചില പ്രദേശങ്ങളിൽ അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ജലമലിനീകരണം നിയന്ത്രിക്കുക

മനുഷ്യൻ കരയിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിൽനിന്നുമുണ്ടാകുന്ന നിർഗമങ്ങളിൽ ഭൂരിഭാഗവും ആത്യന്തികമായി വെള്ളത്തിൽ ചെന്നു ചേരുകയാണ്. വിവിധ ആവശ്യങ്ങൾക്ക് മനുഷ്യൻ ഉപയോഗിക്കുന്നതിനെക്കാൾ അധികം വെള്ളം മലിനീകരണംമൂലം ഉപയോഗശൂന്യമാകുന്നുണ്ട്. വ്യവസായങ്ങൾ, കൃഷിയിടങ്ങൾ, പാർപ്പിടകേന്ദ്രങ്ങൾ, നഗരങ്ങൾ തുടങ്ങി മാലിന്യത്തിന്റെ ഉറവിടങ്ങൾ പലതത്രെ.

1. വ്യവസായങ്ങൾ

കേരളത്തിലെ രാസവ്യവസായശാലകൾ, മലിനീകരണത്തിന്റെ കാര്യത്തിൽ വളരെ മുന്നിലാണ്. കെമിക്കൽസ്, പൾപ്പ്, പേപ്പർ തുടങ്ങിയ വ്യവസായങ്ങളുടെ പ്രവർത്തനത്തിനുശേഷം വിവിധതരത്തിൽ മലിനമായ വെള്ളം കാര്യമായ ശുദ്ധീകരണമൊന്നും കൂടാതെ നദികളിലേക്കും മറ്റു സ്രോതസ്സുകളി ലേക്കുമൊഴുക്കുന്നു. ശുദ്ധീകരണത്തിനു വേണ്ടിവരുന്ന ചെലവ് ലാഭം കുറയ്ക്കുമെന്നതിനാൽ, മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ സ്വമേധയാ നിയന്ത്രണമുണ്ടാകില്ല. ഉപയോഗിച്ച വെള്ളം പുനരുപയോഗിക്കുന്നതിനുള്ള സാങ്കേതിക വിദ്യകൾ ലഭ്യമാണ്. ഈ രീതികൾ പല വികസിതരാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുമുണ്ട്. വ്യവസായശാലകളിൽനിന്ന് പുറത്തുവിടുന്ന മലിനജലം നദികളിലെ വെള്ളത്തിന്റെ താപനില വർ ധിപ്പിക്കുകയോ, വെള്ളത്തിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലർത്തുകയോ ചെയ്യും. അതിനു പുറമെ, അധികം ജൈവവസ്തുക്കൾ വെള്ളത്തിൽ കിടന്ന് വിഘടിക്കാനിടയായാൽ, വെള്ളത്തിൽ ലയിച്ചു ചേർന്നിട്ടുള്ള പ്രാണവായുവിന്റെ അളവ് കുറയും. ഇത് സ്വാഭാവിക സസ്യജാലങ്ങളുടെ വളർച്ചക്ക് ഹാനികരമാകും. വ്യവസായശാലകളിൽനിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്നതിന്, വ്യക്തമായ ജലനിയമങ്ങളുണ്ട്. അതു നടപ്പാക്കുന്നതിന് ഓരോ സംസ്ഥാനങ്ങളിലും മലിനീകരണനിയന്ത്രണബോർഡുമുണ്ട്. എന്നാൽ ബോർഡിന്റെ അപര്യാപ്തമായ സംവിധാനങ്ങളും ആൾശേഷിയും, 'സർക്കാർ മുറ' രീതികളും കാരണം ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കുന്നില്ല. വ്യാപകമായ ജനകീയ സമ്മർദമുണ്ടായാലേ ഇതിൽ മാറ്റം വരൂ.

2. കൃഷിയിടങ്ങൾ

രാസവളങ്ങളും കീടനാശിനികളും അധികമായി ഉപയോഗിക്കപ്പെടുന്ന ഭൂമിയിൽ നിന്നും ഒലിച്ചുവരുന്ന വെള്ളത്തിൽ കാർഷികാവശ്യത്തിനുപയോഗിക്കുന്ന ചജഗ വളങ്ങളും മറ്റു സൂക്ഷ്മ മൂലകങ്ങളും അടങ്ങിയിരിക്കും. ഈ വെള്ളം നദികളിലും കായലുകളിലും വന്നുചേരുമ്പോൾ വർധിച്ചതോതിൽ കളകളും പായലുകളും വളരുന്നു. ഈ പ്രവണത ഏറിവരികയും ചെയ്യുന്നു. കൃഷിയിടങ്ങളിൽ ശാസ്ത്രീയമായ വളപ്രയോഗവും ജലനിയന്ത്രണവും മണ്ണൊലിപ്പു നിവാരണമാർഗങ്ങളും നടപ്പിലാക്കുകയാണ് ഇതു തടയാനുള്ള മാർഗങ്ങൾ.

3. നഗരങ്ങളും പാർപ്പിടകേന്ദ്രങ്ങളും

അടുക്കളയിൽനിന്നും, വാണിജ്യശാലകളിൽനിന്നുമുള്ള ഖരജലാവശിഷ്ടങ്ങൾ, കുളിമുറിയിൽനിന്നും കക്കൂസിൽനിന്നുമുള്ള വിസർജ്യവസ്തുക്കൾ എന്നിവ വേണ്ടത്ര ശുദ്ധീകരണമില്ലാതെ ജലസ്രോത സ്സുകളിൽ കലരുന്നു. നമ്മുടെ നഗരങ്ങളിലൊന്നും ജനസംഖ്യക്കനുയോജ്യമായ രീതിയിൽ, മാലിന്യസംസ്‌കരണം നടത്തുന്നതിനുള്ള പദ്ധതികളില്ല. ഇത്തരത്തിൽ ഉപരിതലസ്രോതസ്സുകളും അവയിലൂടെ ഭൂഗർഭജലവും മലിനമായി ഉപയോഗയോഗ്യമല്ലാതാകുന്നു. ഇത് രോഗകാരികളായ അണുക്കളും കൊതുകും വളരുന്നതിന് ഇടയാക്കുകയും, കോളറ, ഛർദ്യതിസാരം തുടങ്ങിയ രോഗ ങ്ങൾ പരക്കുന്നതിനു കാരണമാവുകയും ചെയ്യുന്നു. എല്ലാ കുടുംബങ്ങൾക്കും കക്കൂസുകളുണ്ടാക്കുകയാണ് ജലമലിനീകരണം നിയന്ത്രിക്കുന്നതിന് പ്രാഥമികമായി ചെയ്യേണ്ടത്. നഗരങ്ങളിൽ പ്രത്യേകിച്ചും മണൽ കലർന്ന പ്രദേശങ്ങളിൽ വശങ്ങൾ കെട്ടി സംരക്ഷിക്കാത്ത കുഴികൾ ഉപയോഗിക്കുന്നതു നിയന്ത്രിക്കണം. പറമ്പുകളിൽ മലവിസർജനം നടത്തുകയും മഴവെള്ളം അവയിലൂടെ ഒലിച്ച് കിണറുകളിൽ ചെന്നുവീഴുന്നതും നാട്ടിൻപുറങ്ങളിൽ സാധാരണമാണ്. ഇതെല്ലാം നിയന്ത്രിക്കാൻ വിവിധ സഹായഏജൻസികളുടെയും വായ്പാ സൗകര്യങ്ങളുടെയും സഹായത്തോടെ എല്ലാ കുടുംബങ്ങൾക്കും അനുയോജ്യമായ രീതിയിൽ കക്കൂസു നിർമിക്കുന്നതിനുള്ള സാമൂഹ്യശ്രമങ്ങളുണ്ടായേ പറ്റൂ. നഗരങ്ങളിലെ മാലിന്യസംസ്‌കരണ പദ്ധതികൾ വർധിച്ചുവരുന്ന ജനസംഖ്യക്ക് അനുഗുണമായ രീതിയിൽ ശാസ്ത്രീയമായി സംവിധാനം ചെയ്യേണ്ടതുണ്ട്. ഖരമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും സംസ്‌കരിക്കുന്നതിനുള്ള പദ്ധതികളോടൊപ്പം ഊർജം ഉൽപാദിപ്പിക്കുന്നതിന് ലഭ്യമായ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാവുന്നതാണ്. എല്ലാ നഗരങ്ങളിലും മഴപെയ്തുകഴിഞ്ഞാൽ റോഡുകൾ തോടുകളായി മാറും. മഴവെള്ളം ഒലിച്ചുപോകുന്നതിനുള്ള ചാലുകൾ തീരെ അപര്യാപ്തമായതാണ് കാരണം. നഗരം മുഴുവൻ കെട്ടിടങ്ങൾ പണിതപ്പോൾ, മഴവെള്ളം ഒലിച്ചുപോകുന്നതിന് ധാരാളം തടസ്സങ്ങ ളുണ്ടായി. ഇന്നത്തെ ആവശ്യങ്ങൾ പരിഗണിച്ച് ഒരു സമഗ്രമായ അഴുക്കുചാൽ പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കേണ്ടിയിരിക്കുന്നു. നഗരങ്ങളിലെ കുടിവെള്ള വിതരണത്തിനു സ്ഥാപിച്ച കുഴലുകളിലെ ചോർച്ച കാരണം രോഗാണുക്കൾ കുടിവെള്ളത്തിൽ കലരാനിടയാകുന്നു. വേണ്ട രീതിയിൽ വിപുലീകരിക്കാത്തതും, മെയ്ന്റനൻസ് പണികൾ നടത്താത്തതുമാണിതിനു കാരണം. ചോർച്ച വഴി നഷ്ടമാകുന്ന വെള്ളം വേറെ. ഇതു തടയുന്നതിനുള്ള അടിയന്തിര നടപടികൾ കൈക്കൊള്ളണം. വീടുകളിൽനിന്നുള്ള ഖരജലമാലിന്യങ്ങളുടെ സംസ്‌കരണം, ജനപങ്കാളിത്തത്തോടെയും വ്യാപകമായ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും നടത്തേണ്ടതാണ്.

പാഴ്‌ച്ചെലവു കുറയ്ക്കുക

എല്ലാവർക്കും കുടിവെള്ളം കിട്ടാൻ ബുദ്ധിമുട്ടുള്ള വറുതിക്കാലത്തും ധാരാളം വെള്ളം പാഴാക്കുന്നുണ്ട്. നമ്മുടെ ആവശ്യത്തിന്റെ ഗണ്യമായ പങ്ക് വെള്ളം വീട്ടിലും കൃഷിയിടങ്ങളിലും വ്യവസായശാല യിലുമായി പാഴായിപ്പോകുന്നുണ്ട്. ചെറിയ ശ്രദ്ധകൊണ്ടുമാത്രം ചെയ്യാവുന്ന ധാരാളം പ്രവർത്തനങ്ങളിലൂടെ ഗണ്യമായ അളവിൽ വെള്ളം ലാഭിക്കാനാവും.

കുഴൽവെള്ളം ഉപയോഗിക്കുന്നവർ ചെയ്യേണ്ടത്

വാട്ടർമീറ്റർ ഇടയ്ക്കിടെ പരിശോധിക്കുക. വീട്ടിനകത്തെ കുഴലുകളിൽനിന്ന് ചോർച്ചയില്ലെന്ന് ഉറപ്പു വരുത്തുക. --കക്കൂസിന്റെ വിവിധ ഭാഗങ്ങൾ (ഫ്‌ളഷിംഗ് ടാങ്ക് ഉൾപ്പെടെ) ചോർച്ചയില്ലാത്തതാക്കുക. ഫ്‌ളഷിംഗ് ടാങ്കിൽ ആവശ്യത്തിലധികം വെള്ളം സംഭരിച്ച് ഒഴുക്കിക്കളയാൻ ഇടയാവരുത്. ഓരോ തവണ ഫ്‌ളഷ് ചെയ്യുമ്പോഴും 20 ലിറ്റർ വെള്ളമാണ് ഒഴുക്കിക്കളയുന്നത്. രാജസ്ഥാനിലും മറ്റും ഒരാൾക്ക് ഒരുദിവസം ഇത്രയും വെള്ളമാണ് ലഭ്യമാകുന്നത്. കുളി കഴിഞ്ഞ വെള്ളം ഫലപ്രദമായ രീതിയിൽ അടുക്കളത്തോട്ടം നനയ്ക്കാനുപയോഗിക്കുക. ഷവറുകൾ ഉപയോഗിക്കുന്നതു വെള്ളം ലാഭിക്കാൻ സഹായകമായിരിക്കും. സോപ്പ് പുരട്ടുമ്പോഴും പല്ലുതേക്കുമ്പോഴും ടാപ്പ് അടച്ചിടാൻ മറക്കരുത്. പ്ലേറ്റുകളും ഗ്ലാസുകളും വലിയ പാത്രത്തിലിട്ടു കഴുകുക.

അടുക്കളത്തോട്ടം നനയ്ക്കുമ്പോൾ

മണ്ണിൽ ചപ്പുചവറുകളോ മറ്റോ ഉപയോഗിച്ച് ജൈവാവരണമുണ്ടാക്കിയാൽ ജലനഷ്ടം കുറയ്ക്കാൻ കഴിയും. കാറ്റ് അധികമില്ലാത്ത സ്ഥലങ്ങൾ തെരഞ്ഞെടുക്കുക. കാറ്റു തടയുന്നതരത്തിൽ ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിക്കുക. അനുയോജ്യമായ വിധത്തിൽ അടുത്തടുത്ത് ചെടികൾ നടുക. കളകൾ ഒഴിവാക്കുക. ഒരുതവണ നനയ്ക്കുമ്പോൾ കൂടുതൽ വെള്ളം നൽകുന്നതായിരിക്കും കൂടുതൽ തവണ നനയ്ക്കുന്നതിനെക്കാൾ ലാഭകരം. ചെടികൾക്കുചുറ്റും വെള്ളം ഒഴുകിപ്പോകാത്തവിധത്തിൽ ചെറിയ കുഴികളുണ്ടാക്കുക.

കൃഷിയിടങ്ങളിൽ

മഴയും ബാഷ്പീകരണ നിരക്കും മണ്ണിന്റെ ജലസംഭരണ ശേഷിയും വിളകളുടെ യഥാർത്ഥ ആവശ്യവും മനസ്സിലാക്കി ഓരോ കൃഷിയിടത്തിനും ഒരു ശാസ്ത്രീയ ജലസേചനക്രമം ഉണ്ടാക്കി അതനുസരിച്ചുമാത്രം വെള്ളം നൽകുക. ഇക്കാര്യത്തിൽ കൃഷിഭവനുകളുടെ സേവനം ഉപയോഗപ്പെടുത്തണം. ജലസേചനത്തിനുപയോഗിക്കുന്ന വെള്ളം അളക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിച്ച് കണക്കെടുക്കുന്ന സ്വഭാവം ദുർവ്യയം കുറയ്ക്കുന്നതിനു സഹായിക്കും. പാലക്കാടു ഭാഗത്ത് വേനൽക്കാലത്ത് പാടങ്ങൾ ഉഴുതിടാറുണ്ട്. ആദ്യമഴ ഏൽക്കുമ്പോൾ മണ്ണിൽ ഈർപ്പം കൂടുതൽ സ്ഥലത്ത് വ്യാപിക്കാൻ ഇത് സഹായിക്കും. ജലക്ഷാമം ഉറപ്പാണെങ്കിൽ, ഒരു വിളയുടെ കാലം മുഴുവൻ കുറഞ്ഞ അളവിൽ വെള്ളം നൽകണം. അല്ലാതെ ആദ്യം ധാരാളിത്തവും ഒടുവിൽ തീരെ പഞ്ഞവും എന്ന സ്ഥിതി ഉണ്ടായാൽ വിളയുടെ പ്രതിരോധശക്തി ഇല്ലാതാകും. അധികജലസേചനം ചെടികളുടെ വളർച്ചയെ ദോഷകരമായി ബാധിക്കുകയും, വെള്ളം പാഴാക്കുകയും ചെയ്യും. മണ്ണിലടങ്ങിയിരിക്കുന്ന പോഷകമൂലകങ്ങൾ ഒഴുകിപ്പോകുന്നതിന് ഇടയാക്കുകയും ചെയ്യും. --മണ്ണിലെ ഈർപ്പം എളുപ്പം നഷ്ടപ്പെട്ടുപോകാതിരിക്കാൻ മണ്ണ് കിളച്ചിടുന്നത് നല്ലതാണ്. ശാസ്ത്രീയമായ രീതിയിൽ നിലമൊരുക്കൽ നടത്തിയില്ലെങ്കിൽ ഫലപ്രദമായ ജലസേചനം നടക്കുകയില്ല. കളകൾ ഒഴിവാക്കുക. -- ജലസേചനത്തിനുശേഷം ഒഴുകിപ്പോകുന്ന വെള്ളം പുനരുപയോഗിക്കുന്നതിനു ശ്രമിക്കുക. ജലസേചന സംവിധാനങ്ങൾക്കു കാലാകാലങ്ങളിൽ വേണ്ട റിപ്പയർ ജോലികൾ നടന്നുവെന്നു റപ്പാക്കുക. സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കുക. ചെടികളുടെ വേരുപടലത്തിനു സമീപം ആവശ്യമുള്ള ഈർപ്പം നിലനിർത്തുന്നതിനുവേണ്ടി ജലവിതരണം നടത്തുന്നവയാണ് സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ. തെങ്ങിൻചുവട്ടിൽ ചകിരിച്ചോറും തൊണ്ടും മണ്ണിട്ടു മൂടുക, മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന കുടങ്ങളിലെ ചെറിയ ദ്വാരങ്ങളിലൂടെ വെള്ളം നൽകുക തുടങ്ങി ഈർപ്പം നിലനിർത്തുന്നതിനുള്ള പരമ്പരാഗത രീതികൾ ചില പ്രദേശങ്ങളിൽ കാണാറുണ്ട്. പമ്പുകളുടെ ഉപയോഗം വ്യാപകമായതോടെ ചെറിയ തുരുമ്പെടുക്കാത്ത കുഴലുകളുപ യോഗിച്ച് പുതിയ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഡ്രിപ്പ്, സ്പ്രിംഗ്‌ളർ തുടങ്ങിയ സംവിധാനങ്ങൾ കേരളത്തിലും ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. ഡ്രിപ്പ് സംവിധാനത്തിൽ ചെറിയ കുഴലുകളിലൂടെ ചെടികളുടെ വേരുപടലത്തിനടുത്ത്, തുള്ളികളായി വെള്ളം ആവശ്യത്തിനുമാത്രം, ലഭ്യമാക്കുന്നു. നിരന്തരം ഈർപ്പം നിലനിർത്താനും, മണ്ണിലടങ്ങിയിരിക്കുന്ന പോഷകാംശങ്ങൾ ഒഴുകിപ്പോകാ തിരിക്കാനും ഈ രീതി യോജിച്ചതാണ്. സ്പ്രിംഗ്‌ളർ രീതി ഉപയോഗിച്ച് കുറച്ചു വെള്ളം കൂടുതൽ സ്ഥലത്തേക്ക് ചീറ്റിയൊഴിക്കുന്നു. ഇത് അടുത്തടുത്ത് നട്ടിരിക്കുന്ന വിളകൾക്ക് കൂടുതൽ പ്രയോജനകരമായിരിക്കും.

നദീതടം ഒറ്റ യൂണിറ്റായി കണക്കിലെടുത്ത് ആസൂത്രണം നടത്തുക

കേരളത്തിൽ ഏകദേശം നാൽപ്പത്തിനാല് നദീതടങ്ങളുണ്ട്. ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനും വികസനത്തിനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് നദീതടം ഒറ്റയൂണിറ്റായി കണക്കാക്കണം. കുടിവെള്ളം, ജലസേചനം, ജലവൈദ്യുതി ഉൽപാദനം, ജലഗതാഗതം, ഉപ്പുവെള്ളം തടയൽ, കായലുകളുടെ സംരക്ഷണം തുടങ്ങി എല്ലാ ആവശ്യങ്ങളും കണക്കിലെടുത്ത്, ഓരോ നദീതടത്തിലെയും വെള്ളത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള വ്യക്തമായ കണക്കുകളോടെ ഒരു സമഗ്രാസൂത്രണ പദ്ധതിയും നിർവഹണ സംവിധാനവും ഉണ്ടാക്കണം. മണ്ണും വെള്ളവും ഉപയോഗിക്കുന്ന ഉൽപാദനപരവും ഉൽപാദനേതരവുമായ എല്ലാ മേഖലകളുടെയും ആസൂത്രണവും നദീതടാടിസ്ഥാനത്തിലായിരിക്കണം യഥാർത്ഥത്തിൽ നടക്കേണ്ടത്. കൃഷി, പാർപ്പിടം, വ്യവസായം, മൃഗപരിപാലനം, മത്സ്യബന്ധനം തുടങ്ങി ഇതുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ ഘടകങ്ങളും കണക്കിലെടുക്കണം. ജലവിഭവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന വിവിധ വകുപ്പുകൾ ഏകോപിച്ച് പ്രവർത്തിക്കുന്നില്ല എന്നത് വലിയ ഒരു ന്യൂനതയാണ്. ഒരു നദീതടത്തിലെ വിവിധ ആവശ്യങ്ങൾ ലഭ്യതക്കനുയോജ്യമായി ഉപയോഗപ്പെടുത്തണമെങ്കിൽ ജലസേചനം, കുടിവെള്ളം, ജലവൈദ്യുതി, ജലഗതാഗതം, വ്യവസായം, മലിനീകരണനിയന്ത്രണം തുടങ്ങിയ ചുമതലകൾ നിർവഹിക്കുന്ന വകുപ്പുകൾ തമ്മിൽ വളരെ ഫലപ്രദമായ വിധത്തിൽ ഏകോപിപ്പിച്ചു പ്രവർത്തിക്കുവാൻ കഴിയണം. പ്രാദേശിക ഭരണകൂടങ്ങൾവഴിയോ അല്ലാതെയോ, നദീതട വികസന കാര്യങ്ങളിൽ ജനകീയ ഇടപെടലുകളുണ്ടാകണം. ജില്ലാതലത്തിലുള്ള വികസനകമ്മിറ്റിയ്ക്കു സമാനമായി നദീതട വികസന കമ്മിറ്റികളും നിർവഹണാധികാരമുള്ള അതോറിട്ടികളുമുണ്ടാകണം. ഇവയിൽ പഞ്ചായത്തുകൾക്ക് വലിയൊരു പങ്കു വഹിക്കാൻ കഴിയും. ഇന്നു ജലസേചനത്തിനും മറ്റാവശ്യങ്ങൾക്കുമുള്ള സംസ്ഥാന ജില്ലാതല ഡിപ്പാർട്ടുമെന്റുകൾ നദീതടാടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കുകയായിരിക്കും കൂടുതൽ ശാസ്ത്രീയം. മുഴുവൻ കുടുംബങ്ങൾക്കും വേണ്ട കുടിവെള്ളവും ഗാർഹികാവശ്യത്തിനുവേണ്ട വെള്ളവും ലഭ്യമാക്കൽ, ജലസ്രോതസ്സുകളുടെയും അതിനെ നിലനിർത്തുന്ന വ്യവസ്ഥകളുടെയും സംരക്ഷണം, കൃഷിയിടങ്ങളിൽ മണ്ണ്-ജല സംരക്ഷണപ്രവർത്തനങ്ങൾ, മൊത്തം മേച്ചിൽ ശേഷിക്കനുസരിച്ച് ആസൂത്രണം ചെയ്തിട്ടുള്ള മൃഗ പരിപാലനമേഖല, മുഴുവൻ കൃഷിയിടങ്ങളിലും സന്തുലിതമായി ഉൽപാദനം വർധിപ്പിക്കാനുതകുന്ന ചെറുതും വലുതുമായ ജലസേചന പദ്ധതികൾ, ഭൂഗർഭജല സമ്പത്തിന്റെ പുനരുൽപാദനവും ശാസ്ത്രീയമായ വിനിയോഗവും, സമുദ്രജലം ഉപരിതലത്തിലും ഭൂഗർ ഭത്തിലും തള്ളിക്കയറാതിരിക്കാനുള്ള പരിഹാര മാർഗങ്ങൾ, വ്യവസായമലിനീകരണം തടയുന്നതിനുള്ള ശ്രമങ്ങൾ, വ്യവസായത്തിനുപയോഗിച്ച വെള്ളം പുനരുപയോഗിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ ചുമതലകൾ നദീതടവികസന അതോറിട്ടികൾക്ക് നൽകാവുന്നതാണ്.

ഭൂഗർഭജലവും ഉപരിതലജലവും പൂരകമാംവിധം ഉപയോഗപ്പെടുത്തുക

ഉപരിതലത്തിലും ഭൂഗർഭത്തിലും ശേഖരിക്കുന്ന വെള്ളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മഴക്കാലത്ത് കൂടുതൽ വെള്ളം ഉപരിതല സ്രോതസ്സുകളിലുണ്ടാകും. തടയണകൾ, കുളങ്ങൾ, അണക്കെട്ടുകൾ വഴി തടഞ്ഞു നിർത്തിയാലും വെള്ളം മിച്ചമുണ്ടാകും. സംഭരിച്ചു നിർത്തുന്ന ജലം കിനിഞ്ഞിറങ്ങി, ഭൂഗർഭജലം സമ്പുഷ്ടമാക്കും. മഴക്കാലത്ത് കൂടുതൽ ഉപരിതല സ്രോതസ്സുകൾ ഉപയോഗപ്പെടുത്താനും ഭൂഗർഭ ജലവിനിയോഗം കുറയ്ക്കാനും കഴിയും. കുറഞ്ഞ ഉപയോഗംകൊണ്ടും കിനിഞ്ഞിറങ്ങൽകൊണ്ടും സമ്പു ഷ്ടമായ ഭൂഗർഭജലം വരൾച്ചകാലങ്ങളിൽ ഉപയോഗപ്രദമാകും. ഒരു നദീതടത്തിലെ അല്ലെങ്കിൽ ഏലായിലെ ഉപരിതലത്തിലും ഭൂഗർഭത്തിലും ലഭ്യമായ വെള്ളവും അവ തമ്മിലുള്ള പരസ്പര ബന്ധവും മനസ്സിലാക്കി, മേൽ സൂചിപ്പിച്ച തരത്തിൽ ഒരു പൂരക ഉപയോഗക്രമം നടപ്പിലാക്കാൻ കഴിഞ്ഞാൽ ജലവിനിയോഗം ശാസ്ത്രീയവും ലാഭകരവുമാക്കാനാവും.

വാട്ടർഷെഡ് മാനേജ്‌മെന്റ് നടപ്പാക്കുക

കേരളത്തിലെ ഇടനാട്ടിലും മലനാട്ടിലും ധാരാളം കുന്നുകളും താഴ്‌വാരങ്ങളും ചേർന്ന ഭൂപ്രകൃതിയാണല്ലോ. സമീപമുള്ള കുന്നിൻചെരിവുകളിൽ വീഴുന്ന വെള്ളം ഉപരിതലത്തിലൂടെയും ഭൂമിക്കുള്ളിലൂടെയും ഒഴുകി, താഴ്‌വാരങ്ങളിലെ ജലനിരപ്പ് ഉയരുന്നു. അധികജലം ചെറിയ ചെറിയ കൈത്തോടുകളിലൂടെ ഒഴുകി, അരുവികളായി നദികളിലെത്തിച്ചേരുന്നു. ഓരോ തോടിന്റെയും ആവാഹപ്രദേശത്തെ വാട്ടർഷെഡ് (ജലഭ്രോണീ പ്രദേശം) ഒരു യൂണിറ്റായി എടുത്തുകൊണ്ടുള്ള സംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം. കേരളത്തിന്റെ ഇടനാട്ടിൽ 10 ഹെക്ടറിനും 100 ഹെക്ടറിനും ഇടയ്ക്കുള്ള ഏകദേശം മൂവായിരത്തോളം ചെറുകിട ഏലാകളുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. കുളങ്ങൾ, കിണറുകൾ, അനുയോജ്യമായ കൃഷിരീതികൾ, പാടങ്ങളിൽ നീണ്ട കാലത്തെ ജലസാന്നിധ്യം തുടങ്ങിയവ ഉപയോഗിച്ചുകൊണ്ട്, മിക്കവാറും ഏലാകളിലും സ്വയംപര്യാപ്തമായ ഒരു ജലവിനി യോഗരീതിയാണ് നിലവിലിരുന്നത്. ഓരോ ഏലായിൽനിന്നും ഉത്ഭവിക്കുന്ന തോട്ടിലെ വരൾച്ചകാല പ്രവാഹം നിലനിർത്തണം. എങ്കിലേ നദികളിൽ വരണ്ട മാസങ്ങളിൽ വെള്ളമുണ്ടാകൂ. എന്നാൽ കൃഷി രീതികളിലുണ്ടായ മാറ്റം, സ്വാഭാവിക സ്രോതസ്സുകളുടെ നാശം, മണ്ണൊലിപ്പ്, സസ്യാവരണത്തിന്റെ നാശം തുടങ്ങിയ പല കാരണങ്ങളാലും ചെറുകിട ഏലാകളുടെ സ്വയംപര്യാപ്തത നഷ്ടമായിരിക്കുന്നു. തോടുകൾ മഴയില്ലാത്ത കാലങ്ങളിൽ വരണ്ടുകിടക്കുന്ന കാഴ്ച സർവസാധാരണമാണല്ലോ. ഓരോ ജലഭ്രോണീപ്രദേശവും മൊത്തത്തിൽ കണക്കിലെടുത്തുകൊണ്ടുവേണം മണ്ണു-ജല വിനിയോഗ രീതികൾ നടപ്പിലാക്കാൻ. മൊത്തം മഴയുടെ അളവ്, ആവശ്യം, സംഭരിച്ചുനിർത്താനുള്ള കഴിവ് എന്നിവ കണക്കിലെടുത്ത് തടയണകൾ, കുളങ്ങൾ എന്നിവ നിർമിക്കാം. ഭൂഗർഭജലസമ്പത്ത് വർധിപ്പിക്കുന്ന തരത്തിൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം. മണ്ണൊലിപ്പ് തടയുന്നതിന് ചെലവു കുറഞ്ഞതും അനുയോജ്യവുമായ മാർഗങ്ങൾ ഉപയോഗപ്പെടുത്തണം. ഓരോ ഏലായും ഭൂമിയുടെ കിടപ്പനുസരിച്ച് കുന്നിൻചെരിവുകൾ, പറമ്പുകൾ, പാടങ്ങൾ എന്നു മൂന്നായി തിരിക്കാം. ഓരോ സ്ഥലത്തിനും അനുയോജ്യമായ മണ്ണു-ജലസംരക്ഷണ രീതികളും കൃഷിമുറകളും നടപ്പാക്കണം. കുന്നിൻചെരിവുകളിൽ വൻതോതിൽ മണ്ണൊലിപ്പുണ്ടാക്കുന്ന മരച്ചീനികൃഷിയിടങ്ങളിൽ മണ്ണൊലിപ്പു നിവാരണ പ്രവർത്തനങ്ങൾ നിർബന്ധമായും നടപ്പാക്കണം. ഭൂഗർഭജലം വർധിപ്പിക്കാനുതകുന്ന തരത്തിലുള്ള കോൺടൂർ ചാലു കൾ, കുഴികൾ തുടങ്ങിയവ ഉണ്ടാക്കാവുന്നതാണ്. പറമ്പുകളിൽ കൂടുതൽ ആദായകരമായ വിധത്തിൽ വാണിജ്യവിളകളും ഫലവൃക്ഷങ്ങളും ശാസ്ത്രീയ രീതിയിൽ കൃഷിചെയ്യാം. കിണറുകളും സൂക്ഷ്മ ജലസേചന സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ക്കൊണ്ടും വിളകൾ നനയ്ക്കാൻ കഴിയണം. മണ്ണിന്റെ ഫലപുഷ്ടി നിലനിറുത്തുന്നതിനും ജൈവാംശം വർധിപ്പിക്കുന്നതിനുമുള്ള രീതികൾ അവലംബിക്കുക എന്നത് പ്രധാനമാണ്. ്യു പാടങ്ങളിൽ കൃത്രിമ ജലസേചനം നൽകി മൂന്നാം വിള നെൽകൃഷി ചെയ്യാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് വെള്ളത്തിന്റെ ആവശ്യം കുറഞ്ഞ, കൂടുതൽ ലാഭകരമായ വിളകൾ കൃഷിചെയ്യാനുള്ള ശ്രമങ്ങൾ നടത്താം. ഇപ്പോൾ പാടങ്ങളിൽ പച്ചക്കറികൾ വ്യാപകമായി കൃഷിചെയ്യുന്നുണ്ട്. ഏലാകളുടെ ജലസംഭരണശേഷി വർധിപ്പിച്ചും ലഭ്യമായ വെള്ളം ശാസ്ത്രീയമായ രീതിയിൽ ഉപയോഗിച്ചും കൃഷിമുറകളിൽ അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയും ഇടനാട്ടിലെ ഭൂരിഭാഗം ചെറുകിട ഏലാകളും സ്വയംപര്യാപ്തമാക്കാമെന്നു വിശ്വസിക്കപ്പെടുന്നു. ചില മാതൃകാസ്ഥലങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഇക്കാര്യം വ്യക്തമായിട്ടുണ്ട്.

സമഗ്രമായ ജലനിയമങ്ങൾ ഉണ്ടാക്കുക

എല്ലാ മനുഷ്യർക്കും ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വെള്ളം ലഭ്യമാക്കുക എന്നതു സമൂഹത്തിന്റെ പ്രാഥമിക കർത്തവ്യമാണ്. ജനസംഖ്യാ വർധനവും സ്വാഭാവികമായി ജലദൗർലഭ്യമുള്ള സ്ഥലങ്ങളിൽപോലും ആവാസകേന്ദ്രങ്ങൾ വർധിച്ചതും കാരണം, ആവശ്യത്തിനു വെള്ളമെത്തിക്കുക എന്നത് സമൂഹത്തിന് വമ്പിച്ച ഭാരമായിരിക്കുന്നു. പാഴ്‌ച്ചെലവു നിയന്ത്രിക്കുക, രൂക്ഷമായ ജലക്ഷാമമുള്ള പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ജലം ലഭ്യമായ സ്ഥലങ്ങളിലെ വർധിച്ച ഭക്ഷ്യോൽപ്പാ ദനം കൂടുതൽ സമതുലിതമായ വിതരണത്തിനു വിധേയമാക്കുക തുടങ്ങിയ നടപടികളിലൂടെ ജലഡിമാന്റ് നിയന്ത്രിക്കേണ്ട ചുമതലയും സമൂഹത്തിനുണ്ട്. വെള്ളം സ്വകാര്യമായ സമ്പത്തായി കണക്കാക്കാനാവില്ല. ഉപരിതലത്തിലും ഭൂഗർഭത്തിലും ലഭ്യമായ വെള്ളം ഒരു ബൃഹത് ചംക്രമണവ്യവസ്ഥയുടെ ഭാഗമായിട്ടാണ് വിതരണം ചെയ്തിരിക്കുന്നത്. ഭൂമിയിലെ എല്ലാ മനുഷ്യർക്കും അവരുടെ പ്രാഥമിക ജീവിത പ്രക്രിയകൾ നിറവേറ്റുന്നതിനാവശ്യമായ വെള്ളം ലഭിക്കുന്നതിന് അവകാശമുണ്ട്. സ്വന്തം പറമ്പിലെ കിണർവെള്ളത്തിന്റെ ഉപയോഗംപോലും മറ്റുള്ള വരുടെ ലഭ്യതയെ ബാധിക്കുന്ന തരത്തിലാണ്. ആഴമുള്ള കിണർ സമീപത്തു കുഴിച്ചതു കാരണം അടു ത്തുള്ള ആഴം കുറഞ്ഞ കിണറുകളിലെ ജലനിരപ്പ് താഴ്ന്നുപോകുന്ന സംഭവങ്ങൾ വിരളമല്ല. നമ്മുടെ വീട്ടിലെ കക്കൂസിന് അയൽക്കാരന്റെ കിണർ മലിനമാക്കാൻ കഴിയും. ചുരുക്കത്തിൽ സ്വന്തമെന്ന് നാം കരുതിയിരുന്ന കിണറിന്റെ ഉപയോഗത്തിൽപോലും സാമൂഹ്യ നിയന്ത്രണങ്ങളുണ്ടാകേണ്ടിയിരിക്കുന്നു. ഓരോ ജലവിഭവ പദ്ധതിയുടെയും നേട്ടം ആർക്കാണ് കിട്ടുന്നത്? ആർക്കാണ് നേട്ടം നിഷേധിക്ക പ്പെടുന്നത് തുടങ്ങിയ ചോദ്യങ്ങൾ കൂടുതലായി ചോദിക്കപ്പെടണം. പല പുതിയ ജലസേചനപദ്ധതി കളിലും നേട്ടം ലഭിക്കുന്നവരും നഷ്ടമുണ്ടാകുന്നവരും തമ്മിലുള്ള പോരാട്ടം ശക്തമായി വരുന്നു. ഇന്ത്യയെപ്പോലെ, ജലസേചനം പൊതുമേഖലയിലായിട്ടുള്ള രാജ്യങ്ങളിൽ, വികസനത്തിന്റെ നേട്ടം സാമൂഹ്യനീതിക്കനുസരിച്ച് വിതരണം ചെയ്യപ്പെടുമെന്ന് ഉറപ്പുവരുത്തണം. വികസിത രാജ്യങ്ങളിൽ ശക്തമായ നിയമങ്ങളുടെ ഫലമായി വിഭവവികസനം സൃഷ്ടിക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം നിയമങ്ങൾ തീരെ ഇല്ല എന്നു പറയാം. ജലവിഭവവുമായി ബന്ധപ്പെട്ട ഒരു പ്രധാന പ്രശ്‌നമാണ് ജലസേചനപദ്ധതികളുടെ ആവാഹ പ്രദേശത്തെയും ആയക്കെട്ടിലെയും ജനങ്ങളുടെ താൽപര്യങ്ങൾ തമ്മിലുള്ള വൈരുധ്യം. ജലാശയങ്ങൾ കാരണം വെള്ളത്തിനടിയിലാകുന്ന കുടുംബങ്ങളെ ഫലപ്രദമായ രീതിയിൽ പുനരധിവസിപ്പിക്കുന്നില്ല. ക്യാച്ച്‌മെന്റ് പ്രദേശത്തെ കാർഷിക രീതികളും ഭൂവിനിയോഗവും നിയന്ത്രിക്കാനായില്ലെങ്കിൽ, മണ്ണടിഞ്ഞ് സംഭരണശേഷി കുറഞ്ഞ് അണക്കെട്ട് വളരെ വേഗത്തിൽ ഉപയോഗശൂന്യമാകും. സമൂഹത്തിന്, ആവാഹ പ്രദേശത്തെ ജനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനവകാശമുണ്ടെങ്കിൽ, അവർക്ക് ജലസേചനം മൂലം ആയക്കെട്ടിലുണ്ടാകുന്ന നേട്ടത്തിന്റെ വിഹിതം കിട്ടാനും അർഹതയുണ്ട്. വിവിധ ജനവിഭാഗങ്ങളുടെ താൽപര്യങ്ങൾ തമ്മിലുള്ള വൈരുധ്യം പരിഹരിക്കുന്നതിനുള്ള സാമൂഹ്യ സംവിധാനങ്ങൾ വികസിപ്പിച്ചെടുത്താൽ മാത്രമേ, ഭാവിയിൽ ഫലപ്രദമായ രീതിയിൽ ജലസേചന പദ്ധതികൾ നടപ്പാക്കാൻ കഴിയൂ. ഇതിനു സാമാന്യമായ മറ്റൊരു പ്രശ്‌നമാണ് ഒരു നദിയിലെ മുകൾഭാഗത്തും താഴ്ഭാഗത്തുമുള്ള ഉപഭോക്താക്കൾ തമ്മിലുള്ള തർക്കം. നദി വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോയാൽ അന്തർ സംസ്ഥാന തർക്കവുമായി താഴ്ഭാഗത്തുള്ളവർ കിട്ടിയ വെള്ളം ഉപയോഗിക്കുന്നതിനുപുറമേ, കൃഷി വർധിപ്പിച്ച് കൂടുതൽ വെള്ളത്തിനുവേണ്ടി നിരന്തരം വാദിക്കുന്നു. മുകൾഭാഗത്തുള്ളവർ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ കൂടുതൽ അണകൾ പണിയുന്നു. ഒരു നദീതടത്തിലെ വെള്ളത്തിന്റെ ലഭ്യതയും ജനങ്ങളുടെ ആവശ്യവും കണക്കിലെടുത്ത് സമഗ്രവും സമതുലിതവുമായ ഒരു വിതരണക്രമത്തിലൂടെ മാത്രമേ ഈ തർക്കങ്ങൾ പരിഹരിക്കാനാവൂ. കുഴൽക്കിണറുകളുടെ ഉപയോഗവും ഭൂഗർഭജലത്തിന്റെ വിനിയോഗവും നിയന്ത്രിക്കുന്ന സമഗ്ര നിയമങ്ങൾ ഉണ്ടാക്കണം. ചില സ്ഥലങ്ങളിലെങ്കിലും കുഴൽക്കിണർ കാരണം സമീപത്തുള്ള തുറസ്സായ കിണറുകൾ വരണ്ടു പോകുന്നതായി കണ്ടിട്ടുണ്ട്. ഇതുമൂലം നഷ്ടം സംഭവിക്കുന്നവർക്ക് പരിഹാര മുണ്ടാകണം. ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം ഒഴിവാക്കാനായി അധികഭൂഗർഭജലവിനിയോഗം നിയന്ത്രിക്കപ്പെടണം. ഓരോ തുണ്ടു ഭൂമിക്കും അതിന്റെ ചെരിവും പ്രത്യേകതകളുമനുസരിച്ച് അതിനു താങ്ങാവുന്ന ഭൂവിനിയോഗക്രമം ഉണ്ട്. അത് തിട്ടപ്പെടുത്തി, ഒരു നദീതടത്തിലെ വിവിധതരം കൃഷിയിടങ്ങൾക്ക് ഭൂവിനിയോഗത്തിന്, മാർഗനിർദേശങ്ങൾ (രീറല ീള ുൃമരശേരല) തയ്യാറാക്കണം. അതനുസരിച്ച് പ്രവർത്തി ക്കുമെന്നുറപ്പാക്കാനുള്ള സംവിധാനങ്ങളും അനിവാര്യമാണ്. നമ്മുടെ മണ്ണുസംരക്ഷണ നിയമവും ഭൂവിനിയോഗനിയമവും ധാരാളം പഴുതുകളുള്ളവയും അവ നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ തീരെ അപര്യാപ്തവുമാണ് എന്നു പറയാതെ വയ്യ. വിവിധ പദ്ധതികളിലൂടെ നൽകുന്ന വെള്ളത്തിന്റെ നികുതി അതിന്റെ ചെലവിന്റെ ചെറിയ ഒരംശം മാത്രമാണ്. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരൊഴികെ, കാർഷികാദായം ഉണ്ടാക്കുന്നവർ, നഗരങ്ങളിലെ ഇടത്തരക്കാരും സമ്പന്നരും, വാണിജ്യശാലകൾ തുടങ്ങിയ വിഭാഗത്തിലുള്ളവർക്ക് വെള്ളത്തിന്റെ കാര്യത്തിൽ വിലയിൽ വലിയ ഇളവ് ആവശ്യമില്ല. യാഥാർത്ഥ്യബോധത്തോടെ ജലനികുതി പിരിച്ചെടുക്കാൻ കഴിഞ്ഞാൽ ജലവിതരണപദ്ധതികളുടെ മെയ്ന്റനൻസിനുവേണ്ടി ഉപയോഗിക്കാനാവും.