ടോൾ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

*ഇടപ്പള്ളി ടോൾ യൂണിറ്റ്.*

യൂണിറ്റ് ചരിത്രം.*

കേരളത്തിന്റെ വ്യവസായ തലസ്ഥാനം എന്നറിയപ്പെടുന്ന കളമശേരി, വിദ്യാഭ്യാസ സാംസ്കാരിക പൈതൃക മേഖലകളിലും ഉന്നത സ്ഥാനം വഹിക്കുന്നു. വൻ വ്യവസായ സ്ഥാപനങ്ങളായ എച് .എം.ടി, അപ്പോളോ ടയേർസ്, കാർബൊറാണ്ടം യൂണിവേഴ്സൽ ലിമിറ്റഡ്  എന്നിവയും ആധുനിക വ്യവസായങ്ങളുടെ ശൃംഖലയായ സ്റ്റാർട്പ്പുകളുടെ ശ്രേണിയും അനവധി ഇടത്തരം ചെറുകിട വ്യവസായ സംരംഭങ്ങളും ഈ പ്രദേശത്തുണ്ട്.

കുസാറ്റ്, എറണാകുളം മെഡിക്കൽ കോളേജ്, ന്യുവാൽസ്, സെൻറ്  പോൾസ്, പുരുഷ വനിത പൊളിടെക്നിക്കുകൾ, ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റുറ്റ്, രാജഗിരിയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, എല്ലാ ട്രേഡുകളും ഉള്ള ഐ ടി ഐ, എൽ ബി  എസ് സെന്റർ ഫോർ സയൻസ് & ടെക്നോളജി, എസ്.സി.എം.എസ്., കേന്ദ്രീയ വിദ്യാലയം എന്നിവയാൽ സമ്പന്നമാണ് കളമശേരി മുൻസിപ്പൽ പ്രദേശം.  ഇവിടെ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ തൃക്കാക്കര ക്ഷേത്രത്തിൻറ് ആനക്കൊട്ടിൽ - കളഭ ചേരി - ഇവിടെ, ആയിരുന്നു എന്നും അതാണ് പിൽക്കാലത്ത് കളമശ്ശേരി ആയി മാറിയത് എന്നും പഴമൊഴിയുണ്ട്. പെരിയാറിന്റ് ഇടതു കൈവഴി വടക്കേ അതിരായിട്ടുള്ള ഈ പ്രദേശം ഞാലകം എന്നാണ് നേരത്തേ അറിയപ്പെട്ടിരുന്നത്.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു സംസ്ഥാന പ്രവർത്തക ക്യാമ്പ് 1979 ൽ എച്.എം.ടി യിലേ പരിഷത്ത് ബന്ധുക്കളുടെ സഹകരണത്തിൽ കമ്പനിയിൽ വച്ച് നടത്തുകയുണ്ടായി.

അതിൽ പ്രചോദിതരായി ഒരു കൂട്ടം പ്രവർത്തകർ  പ്രൊ. ടി.എം. ശങ്കരൻ മാഷിന്റെ നേതൃത്വത്തിൽ ഏ.കെ.ജി. വായനശാല കേന്ദ്രീകരിച്ച് ഒരു യൂണിറ്റിന് രൂപം നൽകി. നാടക കലാകാരനും ഗ്രന്ഥശാല പ്രവർത്തകനും കൊച്ചിൻ റോളർ  മിൽ ജീവനക്കാരനും  2021  ഒക്ടോബറിൽ  നമ്മേ വിട്ടുപിരിഞ്ഞു പോയതുമായ  ശീ. അലിയാർ  അന്നു വായനശാല   പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ മുൻകൈയിൽ എൻജിനീയറായിരുന്ന ശ്രീ. പൗലോസിനെ  പ്രസിഡന്റായും,   പോർട്ട് ട്രസ്റ്റ് ജീവനക്കാരൻ ശ്രീ. അബ്ദുൾ ഖാദറിനെ  സെക്രട്ടറിയായും . ശ്രീമാന്മാർ N J പണ്ടാരത്തിൽ, ജോർജ്, അനിയൻ, V. രവീന്ദ്രൻ, നടരാജൻ, പവിത്രൻ, ജോർജ് പ്രാൻസിസ്, അലിയാർ, ഫസലു, കേസരി, വിശ്വംഭരൻ, സാദിക്ക്  എന്നിവർ കമ്മറ്റി അംഗങ്ങളായും ആദ്യത്തെ ഇടപ്പള്ളി ടോൾ യൂണിറ്റ് നിലവിൽ വന്നു.

ഏറെ താമസിയാതെ ഡോ.എം.പി. പരമേശ്വരന്റെ പ്രൗഢ ഗംഭീരമായ ശാസ്തക്ലാസ്സോടു കൂടി H M T യി യിൽ  ശ്രീ. M R വാരിയർ പ്രെസിഡന്റായും ശ്രീ.വിജയൻ സെക്രട്ടറിയായും ,

പ്രൊ. ടി.എം. ശങ്കരൻ, Dr. D D നമ്പൂതിരി എന്നിവരുടെ മുൻ കൈയ്യിൽ ഇടപ്പള്ളി സൗത്തിലും ഓരോ യൂണിറ്റ് സ്ഥാപിച്ചു.

എറണാകുളം മേഖലയിലും ജില്ലയിലും പരിഷത്ത് പ്രവർത്തനങ്ങൾക്ക് ഗതിവേഗം വരുത്തിയ മുന്നേറ്റങ്ങളുടെ നാന്ദി കുറിക്കലായി പുതിയ യൂണിറ്റുകളുടെ രൂപീകരണം  മാറി.

അന്ന് എറണാകുളം ജില്ലയിൽ അഞ്ചു മേഖലകളേ ഉണ്ടായിരുന്നുള്ളു.

1979- 80 കാലത്ത്  ഒരു ജില്ലാ സമ്മേളനം ഇരുമ്പനം പഞ്ചായത്ത് പ്രസിഡന്റിന്റെ വസതിയിൽ കൂടിയതും സമ്മേളന രാവിൽ പ്രൊ .എം.കെ. പ്രസാദ് ഒരു ബഞ്ചിൽ കിടന്നുറങ്ങിയതും, ആരംഭകാലം തൊട്ട് ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്ന ശ്രീ. V. രവീന്ദ്രൻ സംഘടനയുടെ ലാളിത്യത്തേ പരാമർശിച്ചു സൂചിപ്പിക്കുകയുണ്ടായി. അദ്ദേഹത്തേ പോലേ പലരേയും സംഘടനയിലേക്ക് ആകർഷിച്ചതും ഈ ലാളിത്യമാണ്.

എറണാകുളം  മേഖലയുടെ പരിധി കാഞ്ഞിരമറ്റം മുതൽ ഏലൂർ വരേ തെക്കു വടക്കും പശ്ചിമകൊച്ചി, ചെല്ലാനം കുമ്പളങ്ങി തുടങ്ങി മുളവുകാട് പിഴല കോതാട് ഉൾപ്പെടുന്ന വലിയ പ്രദേശമായിരുന്നു.

കളമശ്ശേരി മുൻസിപ്പൽ പ്രദേശമാണ് ടോൾ യൂണിറ്റിന്റെ പ്രവർത്തന പരിധി. ഇപ്പോൾ ടോൾ യൂണിറ്റിനുപുറമെ കുസാറ്റ് എന്ന സ്ഥാപന യൂണിറ്റും മാത്രമേ മുൻസിപ്പൽ പരിധിയിൽ പ്രവർത്തിക്കുന്നുള്ളു.

സാക്ഷരതാ പ്രവർത്തനകാലത്തു എച്.എം.ടി യൂണിറ്റ് കോട്ടൂർ മാധവന്റെ നേതൃത്വത്തിൽ കളമശ്ശേരി യൂണിറ്റാക്കി മാറ്റുകയും പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും ചെയ്തു.കളമശ്ശേരി പഞ്ചായത്ത്, ആലുവ നഗരസഭ, കൊച്ചി കോര്പറേഷൻന്റെ ചില പ്രേദേശങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു ആരോഗ്യ സർവേയും കളമശ്ശേരി യൂണിറ്റ് നടത്തുകയുണ്ടായി.

സാക്ഷരതാ പ്രവർത്തന കാലത്തു പള്ളിലാങ്കരയിലും ഗ്ലാസ് കോളനിയിലും ഉണിച്ചിറയിലും യൂണിറ്റുകൾ ഉണ്ടായിരുന്നു എങ്കിലും പിൽക്കാലത്തു അവയുടെ പ്രവർത്തനം നിന്നുപോയി. അതുപോലെ  കങ്ങരപ്പടി, എച്,എം.ടി. കോളനി,കളമശ്ശേരി യൂണിറ്റുകൾ  ജനകീയാസൂത്രണക്കാല പ്രവർത്തനങ്ങൾക്ക് ശേഷം ക്രമേണ നിർജീവമായി. കേരളത്തിന്റെ വ്യയസായ തലസ്ഥാനം ,വാണിജ്യ മേഖല, ജില്ലാ ആസ്ഥാനം എന്നിവ ഉൾക്കൊള്ളുന്ന പ്രദേശം ആകയാൽ, സ്ഥിരതാമസക്കാരിലും കൂടുതൽ താൽക്കാലിക താമസക്കാരായതും പ്രവർത്തനങ്ങളിലെ ഏറ്റ കുറച്ചിലുകൾക്കു കാരണമാണ്.

എറണാകുളം മേഖലയിലും  യൂണിറ്റുകളുടെ എണ്ണം ക്രമേണ വർദ്ധിച്ച് സാക്ഷരതാ പ്രവർത്തന കാലത്ത് അമ്പതിന് മുകളിലായിരുന്നു.

മഹാരാജാസിലേ ബോട്ടണി വകുപ്പിന്റെ  അദ്ധ്യക്ഷനായിരുന്ന പ്രസാദ് സാറിന്റെ മുറിയായിരുന്നു പരിഷത്തിന്റെ ജില്ലാ കമ്മറ്റി ഓഫീസുപോലെ പ്രവർത്തിച്ചിരുന്നത്.  അവിടെ നിന്നും AKG റോഡിലുള്ള ഇന്നത്തേ ഓഫീസും സ്ഥലവും കരസ്ഥമാക്കുന്നതിൽ ടോൾ യൂണിറ്റ് നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.  പരിഷത്തിന്റെ പ്രധാന പ്രസിദ്ധീകരണങ്ങളായ എന്തുകൊണ്ട് എന്തുകൊണ്ട്, ശാസ്ത്രകൗതുകം എന്നിവ വ്യാപകമായി പ്രചരിപ്പി ച്ചും ബോണ്ടുകളിലൂടെ പണം സമാഹരിച്ചും യൂണിറ്റ് പരിധിയിലുള്ള പരിഷദ് ഭവൻ  എന്ന അഭിമാനത്തിൽ ടോൾ യൂണിറ്റും  പങ്കാളികളായി.

നടരാജൻ, ജോർജ്, അശോകൻ എന്നിവരുടെ നേതൃത്വത്തിൽ പുകയില്ലാത്ത അടുപ്പും വ്യാപകമായി പ്രചരിപ്പിച്ചു. ആദ്യ കാല പ്രവർത്തകരെല്ലാം ഇത്തരം പ്രവർത്തനങ്ങളിൽ പരിശീലനം നേടിയിരുന്നു.

പ്രാദേശികമായി ഏറ്റെടുത്ത തനത് പ്രവർത്തനങ്ങളും സാക്ഷരത ജനകീയാസൂത്രണം എന്നിവയിലുള്ള ഇടപെടലും മുൻകൈയും സംഘടനയുടെ സ്വീകാര്യത വർദ്ധിപ്പിച്ചു. സാക്ഷരത പ്രസ്ഥാനത്തിൽ സംഘടനയുടെ സമഗ്രമായ ഇടപെടൽ അംഗസംഖ്യയിലും പ്രവർത്തനങ്ങളിലും കുതിച്ചു ചാട്ടം ഉണ്ടാക്കി. പ്രവർത്തകരുടെ ആത്മബലം വർദ്ധിപ്പിക്കുവാനും പൊതു പ്രവർത്തനത്തിൽ സജീവമാകാനുള്ള കരുത്ത് നൽകാനും സംഘടനക്കും കഴിഞ്ഞു.

സാക്ഷരത കാലത്തേ  മറക്കാനാകാത്ത ഒത്തിരി അനുഭവങ്ങൾ മുൻ കാല പ്രവർത്തകർ അയവിറക്കി.  രാത്രി കാലങ്ങളിൽ നീണ്ടു നിൽക്കുന്ന ക്ലാസ്സുകളും മീറ്റിങ്ങുകളും കഴിഞ്ഞു പ്രവർത്തകർ  രാവിലെ  പിരിഞ്ഞു പോകും. ഇന്നത്തെ പോലെ ആശയവിനിമയസങ്കേതങ്ങൾ ഇല്ലാതിരുന്നതിനാൽ, വിവരങ്ങൾ കൈമാറാൻ വളരെ ബുദ്ധിമുട്ടിയിരുന്നു. ഒരിക്കൽ വി.രവീന്ദ്രൻ എന്ന പ്രവർത്തകന്റെ വീട്ടിലെ യോഗം കഴിഞ്ഞു രാവിലെ പോയ ശ്രീ. ദേവരാജന്റെ സഹധർമ്മിണി  അന്തരിച്ച വിവരം അദ്ദേഹത്തെ അറിയിക്കാൻ വീട്ടിൽ നിന്നും ആളു വന്നു. ഏതു യൂണിറ്റിലാണ് പോയതെന്ന് അറിയാതെ പ്രവർത്തകർ ഉച്ചവരെ അന്വേഷിച്ചു നടന്നിട്ടു പനമ്പുകാട് യൂണിറ്റിൽ വച്ച് കണ്ടു മുട്ടി വിവരം ധരിപ്പിച്ചതും ഓര്മയിലുള്ളവരുണ്ട്.  ബാലവേദിയുടെ ഭാഗമായി നടന്നിരുന്ന സഹവർത്തിത്വ ക്യാമ്പുകളുടെ ഗൃഹാതുര ഓർമ്മകളും  പലരും പങ്കു വച്ചു.  

പ്രവർത്തനം വിപുലീകരിക്കുന്നതിനായി സാക്ഷരതാക്കാലത്തു എറണാകുളം മേഖല വിഭജിച്ചു ഇടപ്പള്ളി മേഖല ശ്രീ.എഴുപുന്ന ഗോപി സെക്രട്ടറിയായി രൂപീകരിച്ചിരുന്നു എങ്കിലും രണ്ടു വർഷങ്ങൾക്ക് ശേഷം പ്രവർത്തനം നിർത്തി എറണാകുളം മേഖലയിൽ ലയിക്കുകയും ചെയ്തതും ചരിത്രത്തിന്റെ ഭാഗമാണ്.

രണ്ടാമത്തെ സംസ്ഥാന  കലാജാഥയുടെ റിഹേഴ്സൽ ക്യാമ്പ് പത്തു ദിവസം  കോതാട് വായനശാലയിൽ വച്ച് നടത്തുകയുണ്ടായി . ക്യാമ്പ് തുടങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ ചിട്ടപ്പെടുത്തിയ ഭാഗങ്ങൾ കോതാട് ദ്വീപിന്റെ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു.വളരെ പ്രശസ്തരായ ശാസ്ത്രജ്ഞരും അധ്യാപകരും അടങ്ങിയ ജാഥാ സംഘം ശംഖുമൂതി ചെണ്ടകൊട്ടി വഴിവക്കിൽ നിന്ന് വേഷവിധാനങ്ങളോടുകൂടി  കലാപ്രകടനം നടത്തിയത് ഗ്രാമാന്തരീക്ഷത്തിൽ വലിയ ചലനം സൃഷ്ടിച്ചു. ഓരോ ദിവസത്തെ അവതരണത്തിന്റെ അവസാനം പിറ്റേ ദിവസത്തെ സ്ഥലം അറിയിക്കും. ദിവസം കഴിയുംതോറും കാണികളുടെ എണ്ണം കൂടിക്കൂടി വന്നു. രണ്ടുമൂന്നു ദിവസം കഴിഞ്ഞതോടെ  ജനങ്ങൾക്ക് സ്‌നേഹവും ആരാധനയും. കൂടി

വന്നു. ആ ദ്വീപിനു അതൊരു പുതിയ അനുഭവമായിരുന്നു . സൗജന്യമായി ചായയും പലഹാരവും നൽകുന്നതോടൊപ്പം കടകളിൽ നിന്നും  വാങ്ങുന്ന ചെറിയ സാധനങ്ങൾക്ക് വില വാങ്ങാതിരിക്കലും  ഒക്കെ ഗ്രാമീണ നൈര്മല്യത്തിന്റെ ഗൃഹാതുര ഓർമ്മകളായി അന്നു അവിടെ സഹകരിച്ചിരുന്ന ശ്രീ.വി.രവീന്ദ്രൻ പങ്കുവച്ചു..

   പത്തിരുപതു വര്ഷങ്ങൾക്ക് മുൻപ് കോതാട് ദ്വീപിൽ   കലാജാഥക്ക്‌ ഒരു സ്വീകരണം ഒരുക്കിയിരുന്നു. വേണ്ടത്ര യാത്രാസംവിധാനങ്ങളോ പാലമോ ഇല്ലാത്ത കാലം. രണ്ടു വള്ളങ്ങൾ കൂട്ടിക്കെട്ടി താൽക്കാലികമായി ഉണ്ടാക്കിയ ഒരു ചങ്ങാടത്തിൽ നാടക സംഘം  ഉപകരണങ്ങളുമായി പുഴ കടന്നു കോതാട് കര തൊടാറായപ്പോൾ ആരോ ഒരാൾ കരയിലേക്ക്  എടുത്തുചാടുകയും  തൽഫലമായി വള്ളം ചെരിഞ്ഞു വെള്ളം കേറിയതും  നാട്ടുകാർ  വന്നു  രക്ഷിച്ച കഥയും  അന്നു മേഖല സെക്രട്ടറി ആയിരുന്ന  എഴുപുന്ന ഗോപിയുടെ ഓർമ്മകളിൽ ഉണ്ട്.

കുസാറ്റിൽ വച്ച് നടത്തിയ സംസ്ഥാന ബാല വേദി ക്യാമ്പ്, പാലക്കാടുനിന്നും അടിയന്തിരമായി ഇടപ്പള്ളി ടി ടി ഐ വച്ച് നടത്തിയ സംസ്ഥാന സമ്മേളനം,കളമശ്ശേരി പോളിടെക്‌നിക്കിൽ വച്ചു നടത്തിയ രണ്ടു ജില്ലാ സമ്മേളനങ്ങൾ  എന്നിവയിലും  യൂണിറ്റ് പ്രവർത്തകരുടെ സഹകരണം ഉണ്ടായിട്ടുണ്ട്.

പ്രദേശത്തേ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗ്രന്ഥശാലകൾ എന്നിവിടങ്ങളിൽ പരിഷത്തിന്റെ  ഇടപെടൽ അവയുടെ വളർച്ചക്ക് സഹായകമായിട്ടുണ്ട്.

ജനകീയാസൂത്രണം, വികസനരേഖ തയാറാക്കൽ എന്നീ പ്രവർത്തനങ്ങൾ പരിഷത്ത് ഏറ്റെടുത്ത് നടപ്പിലാക്കുകയും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേ അംഗങ്ങളേ പരിശീലിപ്പിച്ച് പ്രാപ്തരാക്കുകയും  ചെയ്തിട്ടുണ്ട്. ശ്രീ. V. രവീന്ദ്രനും ശ്രീ എഴുപുന്ന ഗോപിയും അതിന് നേതൃത്യം നൽകിയിരുന്നു.

മാസം തോറും A K G വായനശാല കേന്ദ്രീകരിച് ശാസ്ത ക്ലാസുകൾ അക്കാലത്ത് നടത്തിയിരുന്നു. ശ്രീമാന്മാർ C.P. നാരായണൻ, DR. P.K. രവീന്ദ്രൻ, പ്രൊ. T.M. ശങ്കരൻ പ്രൊഫ. എം കെ പ്രസാദ് എന്നിവർ ക്ലാസ്സുകൾ എടുത്തിരുന്നു.

സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഭവൻ കേന്ദ്രീകരിച്ച് സോപ്പു നിർമ്മാണവും പരിഷത് ഉൽപ്പന്നങ്ങളുടെ പ്രചരണവും   നടത്തിയിരുന്നു.

   പീച്ചിങ്ങാപ്പറമ്പിലുള്ള മൈതാനത്ത് വച്ച് തൊണ്ണൂറുകളിൽ രണ്ടു ദിവസമായി നടത്തിയ മേഖല സമ്മേളനം ടോൾ യൂണിറ്റാണ് ഏറ്റടുത്ത് നടത്തിയത്. ഡോ.ബി.ഇക്ബാൽ, ഡോ.P.K. രവീന്ദ്രൻ എന്നിവർ സാധാരണ പ്രവർത്തകർക്കൊപ്പം ഉണ്ടു - ഉറങ്ങി മുഴുവൻ സമയവും പങ്കെടുത്തിരുന്നത് T. M. അലിയാറുടെ സ്മരണയിൽ ഉണ്ട്.

എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിന് നാലു ദിവസവും വോളണ്ടിയർന്മാരേ നൽകിയത് ടോൾ യൂണിറ്റായിരുന്നു.     

2016 ലെ മേഖല വാർഷികം നമ്മുടെ യൂണിറ്റാണ് ഏറ്റെടുത്തു നടത്തിയത്. സംസ്ഥാന നിർവാഹക സമതി അംഗമായ ശ്രീ.പി എ തങ്കച്ചൻ നടത്തിയ തുരുത്തിക്കര മോഡൽ സംബന്ധിച്ച ക്ലാസ്, വലയ സൂര്യഗ്രഹണത്തെ പറ്റിയുള്ള  ഡൊ. എൻ ഷാജി, സി രാമചന്ദ്രൻ  എന്നിവരുടെ സമീപ കാലത്തു നടന്ന ക്ലാസ്സുകളും പ്രത്യേകം പരാമര്ശിക്കപ്പെടേണ്ടതുണ്ട്.  ഇടക്കാലങ്ങളിൽ യൂണിറ്റിന്റെ ദൈനദിന പ്രവർത്തനങ്ങൾ നടന്നിരുന്നു എങ്കിലും സവിശേഷമായ കാര്യങ്ങൾ കുറവായിരുന്നു.കേരളം പഠനം വികസന രേഖ തയാറാക്കൽ എന്നിവയിൽ യൂണിറ്റ് ഇടപെട്ടിരുന്നു.     

കങ്ങരപ്പടി, എച്.എം.ടി കോളനി,   യൂണിറ്റുകൾ പ്രവർത്തനം നിലച്ചിട്ട് കുറച്ച് വർഷങ്ങളായി. അവിടെങ്ങളിലേ വിവര ശേഖരണം നടത്തേണ്ടതുമുണ്ട്.

സാക്ഷരതയിലൂടെ, ജനകീയാസൂത്രത്തിലൂടെ, യുറീക്ക പരീക്ഷയിലൂടെ, ആരോഗ്യ വിദ്യാഭ്യാസ ക്ലാസ്സുകളിലൂടെ പരിഷത്തിന്റെ വളർച്ചക്ക് വലിയ സംഭാവനകൾ നല്കിയ ശ്രീമാൻന്മാർ അലിയാർ, വിശ്വംഭരൻ, കേസരി, ജോർജ്, പവിത്രൻ, ജോർജ്ജ് ഫ്രാൻസീസ്, C P S പണിക്കർ എന്നിവരുടെ സ്മരണകൾക്കു മുൻപിൽ ഒരു പിടി രക്തപുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് അപൂർണമായ ചരിത്രത്തിന്റെ ഒരു ഏട് ഇവിടെ സമർപ്പിക്കുന്നു, കൂടുതൽ കൂട്ടിച്ചേർക്കലുകൾക്കായി.

22-11-2021.

ReplyForward
"https://wiki.kssp.in/index.php?title=ടോൾ&oldid=9991" എന്ന താളിൽനിന്ന് ശേഖരിച്ചത്