ഡോ.കെ.ഭാസ്‌കരൻ നായർ

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ഈ താൾ നിർമാണത്തിലാണ്

ഡോ.കെ.ഭാസ്‌കരൻ നായർ (1913-1982)

മലയാളത്തിലെ ശാസ്‌ത്രസാഹിത്യ പ്രസ്ഥാനത്തിന്റെ ആചാര്യനായി ദീർഘകാലം വിഹരിച്ച ഒരു അസാമാന്യ പ്രതിഭയായിരുന്നു ഡോ.കെ.ഭാസ്‌കരൻ നായർ. കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ പ്രഥമ പ്രസിഡന്റാണ്‌ അദ്ദേഹം. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിലെ ആറന്മുള ഗ്രാമത്തിന്റെ മധ്യഭാഗത്താണ്‌ ഇടയാറന്മുള എന്ന പ്രദേശം. അവിടെ ഐയ്‌ക്കരേത്തു നാരായണപിള്ളയുടേയും തെക്കും കാലിൽ കാർത്ത്യായനി അമ്മയുടെയും നാലാമത്തെ സന്താനമാണ്‌ ഭാസ്‌കരൻ നായർ. 1913 ആഗസ്റ്റ്‌ 25നാണ്‌ അദ്ദേഹം ജനിച്ചത്‌. അദ്ദേഹത്തിന്റെ അച്ഛൻ റവന്യൂ ഡിപ്പാർട്ടുമെന്റിൽ ഒരു സർവേയറായിരുന്നു. തിരുവനന്തപുരം സയൻസ്‌ കോളേജിൽ നിന്ന്‌ ബി.എ പരീക്ഷയിൽ അന്നത്തെ മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽ ഒന്നാംക്ലാസ്സിൽ ഒന്നാമനായി പാസ്സായി. ഐശ്ചിക വിഷയം സുവോളജി ആയിരുന്നു. 1937ൽ എം.എസ്സ്‌.സിയും വളരെ പ്രശസ്‌തമായ നിലയിൽ പാസ്സായി. പിന്നീട്‌ മദ്രാസ്‌ സർവകലാശാലയിൽ ഫെല്ലോ ആയി ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന കാലത്ത്‌ തിരുവിതാംകൂർ സർവകലാശാലയിൽ സയൻസ്‌ കോളേജിൽ സുവോളജി വകുപ്പിൽ അദ്ദേഹത്തിന്‌ ലക്‌ചററായി ജോലി ലഭിച്ചു. പിന്നീട്‌ അദ്ദേഹം നാൽപ്പതു വർഷത്തോളം തിരുവനന്തപുരത്തു തന്നെ താമസിച്ചു. 1943ൽ മദ്രാസ്‌ സർവകലാശാലയിലൂടെ അദ്ദേഹം ഡി.എസ്സ്‌.സി.ബിരുദവും നേടി. 1945ൽ തിരുവിതാംകൂർ സർവകലാശാലയിൽ സുവോളജി പ്രൊഫസറായി. 1957ൽ യൂണിവേഴ്‌സിറ്റി കോളേജ്‌ പ്രിൻസിപ്പളായും 1960ൽ കോളേജ്‌ വിദ്യാഭ്യാസ ഡയറക്ടറായും നിയമിതനായി. 1968ൽ കോളേജ്‌ വിദ്യാഭ്യാസ ഡയറക്ടറായി. അദ്ദേഹം ജോലിയിൽ നിന്നും വിരമിച്ചു.

1971 മുതൽ മരണംവരെ അദ്ദേഹം ഫാമിലി പ്ലാനിങ്ങ്‌ അസോസിയേഷൻ ഓഫ്‌ ഇന്ത്യയുടെ പോപ്പുലേഷൻ എഡ്യുക്കേഷൻ ഓഫീസറായി പ്രവർത്തിക്കുകയുണ്ടായി. ആ പ്രവർത്തനവുമായി ബന്ധപ്പെട്ട്‌ അദ്ദേഹം നടത്തിയിട്ടുള്ള അനവദ്യസുന്ദരങ്ങളായ പ്രഭാഷണങ്ങളും ലേഖനങ്ങളും രാജ്യത്തു മുഴുവൻ പ്രസിദ്ധമായിരുന്നു. ശാസ്‌ത്രകാര്യങ്ങളിലുണ്ടായിരുന്ന അഗാധമായ പാണ്ഡിത്യവും അതുഫലപ്രദമായി മറ്റുള്ളവരിലേക്ക്‌ വിനിമയം ചെയ്യാനുള്ള കഴിവും അദ്ദേഹത്തെ വളരെ സമർഥനും മാസ്‌മരശക്തിയുള്ള ഒരു അധ്യാപകനുമായി മാറ്റിത്തീർത്തു. അദ്ദേഹത്തിന്‌ വളരെ വിപുലമായ ഒരു ശിഷ്യസമ്പത്തുമുണ്ടായിരുന്നു.

മലയാളം മാത്രം അറിയാവുന്നവർക്ക്‌ ആധുനിക ശാസ്‌ത്രത്തിന്റെ വൈജ്ഞാനിക മേഖലകൾ തികച്ചും അപ്രാപ്യമായിരുന്ന, ആയിരത്തിത്തൊള്ളായിരത്തി നാൽപ്പതുകളുടെ ആദ്യം, ജീവശാസ്‌ത്രത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങൾ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ അനേകം പ്രൗഢലേഖനങ്ങൾ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ടു. വായനക്കാരിൽ വലിയ ഒരു വിഭാഗം അദ്ദേഹത്തിന്റെ ആരാധകരായി മാറി. അത്രത്തോളം ആകർഷണീയമായിരുന്നു അദ്ദേഹത്തിന്റെ ശൈലിയും പ്രതിപാദ്യരീതിയും. ഒരുപക്ഷേ മലയാളത്തിലെ ശാസ്‌ത്രസാഹിത്യ വിഭാഗത്തിന്റെ അടിത്തറപാകാൻ ഈ ലേഖനങ്ങൾ വളരെ സഹായകരമായിത്തീർന്നിട്ടുണ്ട്‌.

1934ൽ രചിച്ച ``പ്രാണിലോകം' തൊട്ട്‌ മുപ്പതിലധികം പുസ്‌തകങ്ങൾ അദ്ദേഹം മലയാളഭാഷയ്‌ക്കു സംഭാവന ചെയ്‌തിട്ടുണ്ട്‌. ജീവശാസ്‌ത്രത്തിന്റെയോ അഥവാ ശാസ്‌ത്രത്തിന്റെയോ തന്നെ നാല്‌ അതിർവരമ്പുകൾക്കുള്ളിൽ ഒതുക്കി നിർത്താവുന്ന ഒന്നായിരുന്നില്ല അദ്ദേഹത്തിന്റെ സർഗപ്രതിഭ. ശുദ്ധമായ സാഹിത്യവിഷയങ്ങളും സാംസ്‌കാരിക മൂല്യമുള്ള ഇതര മാനവിക വിഷയങ്ങളും അദ്ദേഹം കൈകാര്യം ചെയ്‌തിട്ടുണ്ട്‌. താഴെ ചേർത്തിട്ടുള്ള അദ്ദേഹത്തിന്റെ പ്രധാന കൃതികൾ അദ്ദേഹം കൈകാര്യം ചെയ്‌തിട്ടുള്ള വിഷയങ്ങളുടെ വൈവിധ്യം വെളിവാക്കുന്നുണ്ട്‌. ആയിരത്തിലധികം ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്‌. ഡോ.ഭാസ്‌കരൻ നായർ മലയാള ഭാഷയുടെ പുരോഗതിയ്‌ക്കു വേണ്ടി ചെയ്‌തിട്ടുള്ള നാനാമുഖങ്ങളായ പ്രവർത്തനങ്ങളെ ഇനിയും വേണ്ടവിധത്തിൽ വിലയിരുത്തപ്പെട്ടിട്ടുണ്ടോ എന്നു സംശയമാണ്‌.

സുദീർഘമായ പന്ത്രണ്ടുവർഷം (1956-68) അദ്ദേഹം കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിൽ മെമ്പറായിരുന്നു. അതിൽത്തന്നെ 1960-68 വരെ അദ്ദേഹം ആ സംഘടനയുടെ ജനറൽ സെക്രട്ടറിയും ആയിരുന്നു. 1964 -68 കാലഘട്ടത്തിൽ അദ്ദേഹം കേന്ദ്രസാഹിത്യ അക്കാഡമിയിൽ അംഗമായും പ്രവർത്തിച്ചിരുന്നു. മാത്രവുമല്ല മലയാളം വിഭാഗത്തിന്റെ ഉപദേഷ്ടാവായി 16 വർഷവും (1956-72) അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്‌. കേന്ദ്രസാഹിത്യ അക്കാഡമിയുടെ മെമ്പറായി പ്രവർത്തിച്ചിരുന്ന കാലമത്രയും അദ്ദേഹം ഭാരതീയ ഭാഷാസമിതി അംഗവുമായിരുന്നു. സമസ്‌തകേരള സാഹിത്യ പരിഷത്തിന്റെ ഏഴു സമ്മേളനങ്ങളിൽ അദ്ദേഹം അതിലെ വിവിധ വിഭാഗങ്ങളുടെ അധ്യക്ഷനായിരുന്നു.

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആരംഭത്തിൽ അതിന്‌ ശക്തിയും ഊർജസ്വലതയും നൽകിയ പ്രമുഖ വ്യക്തികളിൽ ഒരാളായിരുന്നു ഡോ.ഭാസ്‌കരൻ നായർ. പരിഷത്തിന്റെ പ്രഥമ അധ്യക്ഷൻ അദ്ദേഹമായിരുന്നു.

മലയാളത്തിന്റെ ലിപിപരിഷ്‌ക്കരണ കമ്മിറ്റിയിൽ ഒരു സജീവാംഗമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്‌.ശാസ്‌ത്രം പഠിക്കുന്നതിലും പഠിപ്പിക്കുന്നതിലും അതല്ലെങ്കിൽ ശാസ്‌ത്രവിജ്ഞാനം ഉപയോഗിച്ച്‌ സാധാരണക്കാരന്റെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഉള്ള പ്രവർത്തനങ്ങളിലാണ്‌ അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത്‌.

1940കളിൽ തന്നെ ഡോ.ഭാസ്‌കരൻ നായർ ഒരു മിശ്രവിവാഹം നടത്തി തന്റെ വ്യക്തിത്വം തെളിയിച്ച ആളാണ്‌. അദ്ദേഹം വിവാഹം കഴിച്ചത്‌ അന്യസമുദായത്തിൽപ്പെട്ട കണ്ണൂരിലെ ശ്രീമതി ഡി.കെ.രത്‌നവതിയെയാണ്‌. അന്ന്‌ അത്‌ വളരെ വിപ്ലവാത്മകമായ ഒരു സംഭവം ആയിരുന്നു. മരണം വരെ നീണ്ടുനിന്ന സന്തോഷകരമായ ആ ദാമ്പത്യബന്ധം അദ്ദേഹത്തിന്‌ തന്റെ പ്രവർത്തനങ്ങളിലെല്ലാം തന്നെ പ്രചോദനം നൽകിയിരുന്നു. വിദ്യാസമ്പന്നയും പണ്ഡിതയും ആയ പത്‌നി അദ്ദേഹത്തിന്റെ ജീവിതവിജയത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. അവർക്ക്‌ ഒരു മകനും ഒരു മകളും ഉണ്ട്‌. 1982 ജൂൺ എട്ടാം തീയതി ഹൃദയസ്‌തംഭനം മൂലം ആ ബഹുമുഖ പ്രതിഭ അന്തരിച്ചു.

ഡോ.ഭാസ്‌കരൻ നായരുടെ പ്രധാന കൃതികൾ

I ശാസ്‌ത്രം

1. ആധുനിക ശാസ്‌ത്രം (1945)

2. പരിണാമം (1945)

3. ശാസ്‌ത്രത്തിന്റെ ഗതി (1946)

4. പ്രകൃതി പാഠങ്ങൾ (1951)

5. ശാസ്‌ത്രദീപിക (1951)

6. ശാസ്‌ത്രപാഠാവലി (1954)

7. പ്രകൃതിപാഠങ്ങൾ - രണ്ടാംഭാഗം (1971)

8. ജീവിശാസ്‌ത്രവും ഗോളവിദ്യയും (1972)

II ബാലസാഹിത്യം

1. ശാസ്‌ത്രപാഠാവലി (1954)

2. അഞ്ചു ജീവശാസ്‌ത്ര പുസ്‌തകങ്ങൾ

3. അട്ട ആകാശത്തേയ്‌ക്ക്‌

4. ഇട്യാതിയും ഇടവപ്പാതിയും


III നിരൂപണങ്ങളും മറ്റിനവും

1. കലയും കാലവും (1945)

2. ധന്യവാദം (1951)

3. ഏതു മാർഗം (1954)

4. സംസ്‌കാരലോചനം (1958)

5. താരാപഥം (1960)

6. ചിന്താതീർഥം (1969)

7. ഉപഹാരം (1970)

8. പുണ്യഭൂമി (1971)

9. പ്രേമത്തിന്റെ നറും വെളിച്ചങ്ങൾ (1972)

"https://wiki.kssp.in/index.php?title=ഡോ.കെ.ഭാസ്‌കരൻ_നായർ&oldid=3954" എന്ന താളിൽനിന്ന് ശേഖരിച്ചത്