തല തിരിഞ്ഞ വികസന നയങ്ങൾ തിരുത്തുക

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

കേരളത്തിൽ ഇന്ന് സമ്പദ് സമൃദ്ധിയുടെ ഒരു പുറംമോടി കാണാനുണ്ട്. പക്ഷേ കാർഷിക രംഗത്തോ വ്യാവസായിക രംഗത്തോ കാര്യമായ ഉത്പാദന വർധന ഉണ്ടായിട്ടില്ല. അതേസമയം, ഒരു വിഭാഗം ജനങ്ങളുടെ കൈയിൽ പണം കുന്നുകൂടുന്നു. അതിന്റെ ഒരു സ്രോതസ് പ്രവാസികൾ അയയ്ക്കുന്ന പണം തന്നെയാണ്. എന്നാൽ ഇവിടെ നടക്കുന്ന സമ്പദ് രൂപീകരണം പ്രധാനമായും പൊതുസ്വത്തിന്റെ സ്വകാര്യവൽക്കരണത്തിലൂടെയും നശീകരണത്തിലൂടെയും ആണെന്നും അതിന് സഹായിക്കുന്ന നയപരിപാടികളാണ് സർക്കാർ പിന്തുടരുന്നതെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കരുതുന്നു. സമുദ്രതീരത്തും കായലോരങ്ങളിലും റിസോർട്ടുകളും ടൂറിസം കോംപ്ലക്‌സുകളും ഉയരുന്നു. കായൽ കൈയേറലും കണ്ടൽകാട് നശിപ്പിക്കലും വ്യാപകമാവുന്നു. തീരദേശസംരക്ഷണ നിയമവും നീർത്തടസംരക്ഷണ നിയമവും അവഗണിക്കപ്പെടുന്നു. അവയെ മറികടക്കാൻ സർക്കാർ സംവിധാനങ്ങൾ പലപ്പോഴും കൂട്ട് നിൽക്കുന്നു. നെൽവയലുകളും നീർത്തടങ്ങളും നികത്തപ്പെടുന്നു. അതിനായി കുന്നുകൾ ഇടിക്കുന്നു. തൽഫലമായി മഴക്കാലത്ത് വെള്ളക്കെട്ടും വേനൽക്കാലത്ത് കുടിവെള്ളക്ഷാമവും പതിവായിരിക്കുന്നു. വനമേഖലയിൽപോലും അനധികൃത നിർമാണങ്ങൾ തടയാൻ സർക്കാറിന് കഴിയുന്നില്ല. വ്യാജപ്രമാണങ്ങളിലൂടെയും നിയമത്തിന്റെ പഴുതുകളിലൂടെയും പൊതുസ്വത്ത് അന്യാധീനപ്പെടുന്നു. താമസിക്കാനാല്ലാതെ വെറും നിക്ഷേപം എന്ന നിലയിൽ ചിലർ പ്ലോട്ടുകളും ഫ്‌ളാറ്റുകളും വാങ്ങിക്കൂട്ടുന്നു. ഇടനിലക്കാരുടെ കളികൾ മൂലം ഭൂമിവില വാണംപോലെ മേലോട്ട് പോകുമ്പോൾ കൃഷിക്ക് മാത്രമല്ല വ്യവസായത്തിന് പോലും ഭൂമി മുതലാകാത്ത അവസ്ഥ സംജാതമാകുന്നു. മാത്രമല്ല, നിർമാണ മേഖലയുടെ അർബുദസമാനമായ വളർച്ച പുഴകളിൽ നിന്നുള്ള അളവില്ലാത്ത മണലൂറ്റിനും അവയുടെ മരണത്തിനും കാരണമാകുന്നു. ഈ നാടിന്റെയും നാട്ടാരുടേയും നിലനിൽപ്പിനു ആധാരമായ പ്രകൃതി ആണ് ഇങ്ങനെ കശാപ്പു ചെയ്യപ്പെടുന്നത്. ഒരു ദേശത്തിന്റെ വികസനം മുരടിക്കാനുള്ള, നാശത്തിനുള്ള, ഉറപ്പായ കുറിപ്പടി ആണിത്. നാടിന്റെ വികസനത്തിന്റെ ഒരേ ഒരു അളവുകോലായി ജി ഡി പി വളർച്ചയെ മാത്രം കാണുന്ന സർക്കാർ ഈ പോക്കിന്റെ ദീർഘകാല അപകടം മനസ്സിലാക്കുന്നില്ല. ഈ അപകടകരമായ പോക്ക് ചെറുക്കാനായി സുസ്ഥിര വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഭൂനയവും പരിസ്ഥിതി നയവും കൈക്കൊള്ളണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു. അതിനായി താഴെ പറയുന്ന നടപടികൾ അടിയന്തിരമായി നടപ്പാക്കണം. 1. സംസ്ഥാനതലത്തിലുള്ള സമഗ്രഭൂവിനിയോഗ ആസൂത്രണത്തിന്റെ കീഴിൽ എല്ലാ ഭൂമികളും വരണം. പാർപ്പിട ഭൂമി, കൃഷിഭൂമി, വ്യവസായത്തിനും സേവനത്തിനുമുള്ള ഭൂമി, ഗതാഗതം ഉൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ, കളിസ്ഥലങ്ങൾ, മൈതാനങ്ങൾ, പാർക്കുകൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഭൂമികളെ അവയുടെ ഭൂമിശാസ്ത്ര സ്വഭാവമനുസരിച്ചും മനുഷ്യരുടെ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലും വേർതിരിക്കണം. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഭൂവിനിയോഗത്തിന്റെ നിലവിലുള്ള അവസ്ഥയെ പരമാവധി സംരക്ഷിക്കുകയും അശാസ്ത്രീയവും പരിസ്ഥിതിയ്ക്കു ആഘാതമേൽപ്പിക്കുന്നതുമായ കൈയ്യേറ്റങ്ങൾ തടയുകയും വേണം. നഗരഭൂമികളുടെ വിന്യാസത്തിലും കൃത്യമായ വ്യവസ്ഥകൾ കൊണ്ടുവരണം. ഇത്തരം ഭൂവിനിയോഗക്രമത്തിന്റെ നിർവഹണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായിരിക്കണം. മേൽ സൂചിപ്പിച്ച പൊതു ചട്ടക്കൂട് അനുസരിച്ച് സമഗ്രമായ ഭൂനിയമം പ്രഖ്യാപിക്കണം. 2. ഭൂമി നൽകുന്നത് കൃത്യമായ ആവശ്യത്തിനുമാത്രമേ ആകാവൂ. നിക്ഷേപം എന്ന നിലയിൽ ഭൂമി വാങ്ങി വെറുതേ ഇടുന്നത് നിരുത്സാഹപ്പെടുത്തണം. വാങ്ങുമ്പോൾ കാണിച്ച ഉപയോഗം നിശ്ചിത സമയത്തിനകം നടക്കുന്നില്ലെങ്കിൽ ഭൂമി അതേ വിലയ്ക്ക് തന്നെ ബാങ്കിന് തിരികെ എടുക്കുവാൻ വ്യവസ്ഥ ഉണ്ടാക്കണം. 3. ഭൂമി വാങ്ങുന്നവർക്ക് അതിന്റെ സ്ഥായിയായ സ്വഭാവം മാറ്റാൻ (നീർത്തടം നികത്തുക, കുന്നിടിക്കുക, നെൽവയൽ പുരയിടം ആക്കുക എന്നിങ്ങനെ) അവകാശം ഉണ്ടായിരിക്കരുത്. ഭൂ ഉടമസ്ഥത എന്നത് താമസിക്കാനോ ഉൽപാദനപരമായ ആവശ്യങ്ങൾക്ക് വിനിയോഗിക്കാനോ ഉള്ള അവകാശം മാത്രമാണ് എന്ന് വ്യവസ്ഥചെയ്യണം. 4. കൃഷിഭൂമി കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ തരിശ് ഇടുകയാണെങ്കിൽ അത് താൽക്കാലികമായി ഏറ്റെടുത്ത് സ്വയം അധ്വാനിക്കാൻ തയ്യാറുള്ള വ്യക്തികൾക്കോ സംഘങ്ങൾക്കോ കൃഷി ചെയ്യാനായി ഒരു വർഷത്തിൽ കവിയാത്ത നിശ്ചിത കാലത്തേക്ക് ഏൽപ്പിക്കാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകണം. അതിന് നിശ്ചിത വാടക ഈടാക്കി നൽകാവുന്നതാണ്. ഉടമസ്ഥനു സ്വയം കൃഷിചെയ്യാനായി ആവശ്യപ്പെട്ടാൽ കാലാവധിക്ക് ശേഷം തിരിച്ച് നൽകാം. 5. കേരള നെൽവയൽ സംരക്ഷണ നിയമപ്രകാരം നെൽവയലുകൾ ഉടൻ നോട്ടിഫൈ ചെയ്യുകയും അവിടെ നെൽകൃഷി നടക്കുന്നു എന്ന് മേൽ സൂചിപ്പിച്ച വിധത്തിൽ ഉറപ്പ് വരുത്തുകയും വേണം. നെൽവയലുകൾ നിർവഹിക്കുന്ന പാരിസ്ഥിതിക ധർമം കണക്കിലെടുത്ത് എല്ലാ നെൽപാടങ്ങളിലും നെൽകൃഷി നടക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് കർഷകരുടെ എന്നതുപോലത്തന്നെ നാടിന്റെയും ആവശ്യം ആണെന്ന് തിരിച്ചറിഞ്ഞ്, നെൽകൃഷി സംരക്ഷണം ഒരു പൊതു അജണ്ട ആക്കണം. ഞാറുനടൽ, കൊയ്ത്ത് മുതലായവ വിദ്യാർത്ഥികളെയും മറ്റും പങ്കെടുപ്പിച്ച് പ്രാദേശിക ഉത്സവങ്ങൾ ആക്കി മാറ്റണം. 6. കേരളത്തിൽ പല പഞ്ചായത്തുകളും തുടക്കം കുറിച്ച തരിശുരഹിത ഗ്രാമം എന്നത് ഒരു ദേശീയ ലക്ഷ്യം ആക്കിമാറ്റണം. 7. കർഷകരുടെ ആത്മവീര്യം വർധിപ്പിക്കുന്ന തരത്തിൽ അവർക്ക് സാമ്പത്തിക സുരക്ഷയും സാമൂഹ്യ അംഗീകാരവും ഉറപ്പാക്കണം. കേരളത്തിന്റെ വികസനം സുസ്ഥിരം ആകണമെങ്കിൽ അത് ഉൽപാദനാധിഷ്ഠിതം ആയിരിക്കണമെന്നും അതിൽ കാർഷിക വ്യവസ്ഥയ്ക്ക് അർഹമായ പ്രാധാന്യം കൊടുക്കുന്നത് നാടിന്റെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതം ആണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് സർക്കാരിനെ ഓർമിപ്പിക്കുന്നു.