തൃക്കുന്നപ്പുഴ (യൂണിറ്റ്)

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

തൃക്കുന്നപ്പുഴ യൂണിറ്റ് ചരിത്രം

ആമുഖം ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിന്റെ മധ്യഭാഗം വിട്ടു വടക്കുഭാഗം ചേർന്ന് അറബിക്കടലിനോട് ചേർന്ന് കിടക്കുന്ന ഗ്രാമം ആണ് തൃക്കുന്നപ്പുഴ . മഹാകവി കുമാരനാശാൻ 1924 ജനുവരി 16 നു വെളുപ്പാൻ കാലത്തു മൂന്നുമണിക്ക് റെഡീമർ എന്ന ബോട്ടു മറിഞ്ഞുള്ള അപകടത്തിൽ അന്തരിച്ചതും അദ്ദേഹത്തിന്റെ ഭൗതിക ശരീരം അടക്കം ചെയ്തിട്ടുള്ളതും ആയ പല്ലന കുമാരകോടി തൃക്കുന്നപ്പുഴ ഗ്രാമത്തിന്റെ അവിഭാജ്യ ഭാഗമാണ്. ചരിത്രത്തിൽ ശ്രീമൂലവാസം എന്നറിയപ്പെട്ടിരുന്ന ബുദ്ധവിഹാര കേന്ദ്രമായിരുന്നു തൃക്കുന്നപ്പുഴ. അതിമനോഹരമായ മൂന്നു കൊന്നകളുടെ സമീപത്തുകൂടെ ഒഴുകിയ പുഴയുടെ തീരത്തിന് “തിരുകൊന്നപ്പുഴ “എന്നും പിൽക്കാലത്തു തൃക്കുന്നപ്പുഴ എന്നും പേര് വന്നു എന്നാണ് ഐതീഹ്യം . കൊല്ലം - കോട്ടപ്പുറം ദേശീയ ജലപാതയുടെ ഒരു പ്രധാന ഹബ്ബാണ് ഇന്ന് തൃക്കുന്നപ്പുഴ . തോട്ടപ്പള്ളി സ്പിൽവേ പൊഴിമുഖവും വലിയഴീക്കൽ പൊഴിമുഖവും ആയി ബന്ധപ്പെടുത്തി സങ്കല്പിച്ചാൽ അറബി കടലിന് കിഴക്ക് പല്ലനയാറിനു ഇരു കരകളിൽ നീളത്തിൽ ഒരു തുരുത്തായി സർവ്വ മനോഹരമായ ഒരു പ്രദേശമായി തൃക്കുന്നപ്പുഴ നിലകൊള്ളുന്നു .

            ബി സി ആറാം നൂറ്റാണ്ടിൽ ഉയർന്നുവന്നതും പിന്നീട് ലോകവ്യാപകമായതുമായ ബുദ്ധമതത്തിന്റെ ഒരു പ്രധാന കേന്ദ്രമായ ശ്രീമൂലവാസം എന്നറിയപ്പെട്ട സ്ഥലം തൃക്കുന്നപ്പുഴയാണ് എന്ന് ചരിത്ര രേഖകൾ ചൂണ്ടിക്കാട്ടുന്നു . അതിപുരാതനമായ മൂഷിക വംശ കാവ്യത്തിൽ ശ്രീമൂലവസത്തെ കുറിച്ച് നല്ല പരാമർശം ഉള്ളതായി പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. തൃക്കുന്നപ്പുഴ ശ്രീ ധര്മ ക്ഷേത്രവും പ്രസിദ്ധമാണ് . ഹൈന്ദവ വൽക്കരിക്കപ്പെട്ട ബുദ്ധനാണ് ധര്മശാസ്താവ് എന്നും പറയപ്പെടുന്നു . തൃക്കുന്നപ്പുഴയുടെ ബുദ്ധ പെരുമയും ആയി ചേർത്തുവായിച്ചാൽ  ഇത് ഏറെ കുറെ ബോധ്യമാവുകയും ചെയ്യും.  . പള്ളികൾ ചേർത്തുള്ള സ്ഥലനാമങ്ങൾ ആണ് മിക്കവാറും ബുദ്ധ വിഹാരകേന്ദ്രങ്ങൾക്കുള്ളത് , തൃക്കുന്നപ്പുഴയിൽ പള്ളിപ്പാട്ടുമുറിയും പള്ളിശാലിയും , തൊട്ടടുത്ത് കാർത്തികപ്പള്ളിയുമെല്ലാം  ഏറെ പ്രസിദ്ധമാണ് .
വളരെ പ്രസിദ്ധമായ ഒരു സമര പാരമ്പര്യം കൂടി അവകാശപ്പെട്ട  പ്രദേശം ആണ് തൃക്കുന്നപ്പുഴ .1964 ഡിസംബർ 14 നു ആലപ്പുഴയിലെ അറവുകാട് ചേർന്ന ഐതിഹാസികമായ കർഷക തൊഴിലാളി സമ്മേളനവും അതിലെ എ ..കെ ജി യുടെ പ്രഖ്യാപനവും ഉൾക്കൊണ്ട് തൃക്കുന്നപ്പുഴ യിലെ ഇടപ്പള്ളി ,തോപ്പ് ലക്ഷ്മി തോപ്പ് എന്നീ പ്രദേശങ്ങളിൽ ഐതിഹാസികമായ കുടികിടപ്പു സമരം ഉയർന്നു വരികയുണ്ടായി . കുടിൽ കെട്ടി അവകാശം സ്ഥാപിച്ച നിരവധി പേർ എം എസ് പി ക്കാരുടെ ക്രൂര മർദ്ദനങ്ങൾക്കു ഇരയായി . ഇതിന്റെ      തീഷ്‌ണ സമരം നടന്നതും നീലകണ്ഠനും ഭാർഗ്ഗവിയും രക്തസാക്ഷികൾ ആയതുമായ കള്ളിക്കാട് പ്രദേശം തൃക്കുന്നപ്പുഴയുടെ തൊട്ടടുത്ത ആറാട്ടുപുഴ പഞ്ചായത്തിൽ ആണ്.

ഇടപ്പള്ളി തോപ്പ് ഉൾപ്പെടെ ബഹുഭൂരിപക്ഷം ഭൂപ്രദേശങ്ങളും ഒരു കാലത്തു ഇടപ്പള്ളി സ്വരൂപത്തിന്റെയും ഇടപ്പള്ളി ദേവസ്വത്തിന്റെയും വകയായിരുന്നു , ഇടപ്പള്ളി തോപ്പ് , ദേവസ്വം ചിറ ,പണ്ടാര ചിറ ,ലക്ഷ്മി തോപ്പ് , തുടങ്ങിയ പേരുകൾ ഇവയിൽ നിന്നും ഉടലെടുത്തതാണ്.

                       പല്ലന പാണ്ഡവത്ത് കുടുംബവും, എണ്ണക്കാട് രാജശേഖരൻ തമ്പി ശങ്കരനാരായണൻ തമ്പി തുടങ്ങിയവരുമായുള്ള ബന്ധവും കമ്മ്യുണിസ്റ് പാർട്ടി പ്രവർത്തനങ്ങളും അതി പ്രസിദ്ധമാണ് .ശങ്കരൻ നാരായണൻ തമ്പിയുടെ അനന്തരവൾ ആയ അമ്മിണിയമ്മയെ ശ്രീ തോപ്പിൽ ഭാസി പെണ്ണുകണ്ടതും വിവാഹ നിശ്ചയവും തുടർന്ന് വിവാഹവും കഴിച്ചതും തൃക്കുന്നപ്പുഴ പല്ലന പാണ്ഡവത്ത് വീട്ടിൽ  വെച്ചാണ് . ഒളിവിലെ ഓര്മകളിലും , ഒളിവിലെ ഓർമകൾക്ക് ശേഷം എന്ന കൃതിയിലും ശ്രീ തോപ്പിൽ ഭാസി പല്ലന പാണ്ഡവത്ത് കുടുംബത്തെ കുറിച്ച് നല്ല വിവരണം നൽകുന്നുണ്ട് .  .  പാണ്ഡവത്ത് ശങ്കരപ്പിള്ള എന്ന സ്വാതന്ത്ര്യ സമര സേനാനി , കേരളത്തിലെ നൃത്ത ബാലേ പ്രസ്ഥാനത്തിന്റെ ഉപഞ്ജാതാവും അനേകം ബാലേ കൃതികളുടെ രചയിതാവും ആയ തൃക്കുന്നപ്പുഴ സദാന്ദൻ , പ്രമുഖ ഇസ്ലാം മതപണ്ഡിതനും വാഗ്മിയും ആയ ശ്രീ വയലിത്തറ മുഹമ്മദ് കുഞ്ഞു മൗലവി തുടങ്ങി നിരവധി പ്രമുഖർ തൃക്കുന്നപ്പുഴയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.

തൃക്കുന്നപ്പുഴയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും

കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് . ശാസ്ത്ര പ്രചാരണ രംഗത്ത് സവിശേഷമായ നിരവധി പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്ന ബഹുജന സന്നദ്ധസംഘടനയാണ് . ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്നതാണ് പ്രസ്ഥാനത്തിന്റെ അടിസ്ഥാന മുദ്രാവാക്യം.ഒരു ശാസ്ത്രസംഘടനയായതു കൊണ്ട് എല്ലാത്തരം ആശയങ്ങളുടെയും കൈമാറ്റം കേരള ശാസ്ത്രസാഹിത്യ പരിഷത്തിൽ നിരന്തരം നടക്കുന്നു.ജനകീയ പ്രശ്നങ്ങളിൽ സക്രിയമായി പരിഷത്ത്ഇടപെടുന്നു. . ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം പരിഷത്ത് സ്വീകരിച്ചു. . ശാസ്ത്രപ്രചാരണത്തേക്കാളും, ശാസ്ത്രീയ ചിന്താഗതിക്കനുസരണമായ ഒരു ജീവിതരീതി രൂപവത്കരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതിന് പരിഷത്ത് മുൻഗണന കൊടുക്കുന്നു.യുറീക്ക , ശാസ്ത്രകേരളം, ശാസ്ത്രകേരളം ക്വിസ്സ് യുറീക്ക വിജ്ഞാനപരീക്ഷ എന്നിവയിലൂടെ ലക്ഷക്കണക്കിന്ന് കുട്ടികളും . അവരുടെ രക്ഷിതാക്കളും പരിഷത്തിനെപ്പറ്റി അറിയാൻ തുടങ്ങി.കലാലയങ്ങളിൽ നിന്നും ഗവേഷണശാലകളിൽ നിന്നും ശാസ്ത്രത്തെ സാധാരണക്കാരിൽ എത്തിക്കുക എന്നതാണു് പരിഷത്തിന്റെ അടിസ്ഥാന ലക്ഷ്യം. അതു വഴി ശാസ്ത്രത്തെ സാമുഹ്യമാറ്റത്തിനുള്ള ആയുധമാക്കുക എന്നതാണു് "ശാസ്ത്രം സാമുഹ്യ വിപ്ലവത്തിനു് " എന്ന മുദ്രാവാക്യത്തിന്റെ അന്തഃസ്സത്ത.

                          അറുപതാം വാർഷികം ആഘോഷിക്കുന്ന 2021 – 22  ഘട്ടത്തിൽ ഓരോ പ്രദേശത്തെയും പരിഷത്ത് ചരിത്രം ലഘുവായി പരിശോധിക്കണം എന്നാണ് തീരുമാനിച്ചിരിക്കുന്നത് . അതിന്റെ ഭാഗമായാണ് ഒരു ദശാബ്ദത്തിലധികം നീണ്ടുനിന്ന  തൃക്കുന്നപ്പുഴയിലെ പരിഷത്ത് ചരിത്രം നാം പരിശോധിക്കുന്നത്.അത് പുനരാരംഭിച്ച നമ്മുടെ പ്രവർത്തനത്തിന് കൂടുതൽ കരുത്തു പകരുക കൂടിചെയ്യും.

കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് തൃക്കുന്നപ്പുഴയിൽ

                 പരിഷത്തിന്റെ  ജൈത്രയാത്രക്കൊപ്പം അൽപ്പം കാലം സഞ്ചരിക്കുവാൻ കഴിഞ്ഞ ഒരു പ്രദേശം ആണ്  തൃക്കുന്നപ്പുഴ . 1986 -87  കാലഘട്ടത്തിലാണ് തൃക്കുന്നപ്പുഴയിൽ ഒരു പരിഷത്ത് യൂണിറ്റ് എന്ന ആശയം രൂപപ്പെട്ടുവരുന്നത്. മുനിസിപ്പൽ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്ന ബാലഗംഗാധരൻ സർ , സുധീഷ് ബാബു , കെ എസ് ആർ ടി സിയിൽ ജോലി ചെയ്തിരുന്ന കണ്ടത്തിൽ പറമ്പിൽ രഘു, ഡി സലിം , എൻ സി അനിൽകുമാർ എന്നിവർക്കൊപ്പം അക്കാലത്തു എസ് ഡി കോളേജിലും ടി കെ എം എം കോളേജിലും ആയി വിദ്യാഭ്യാസം കഴിഞ്ഞു വന്നിരുന്ന ഒരു തലമുറയും കൂടി . പല്ലനയിൽ പ്രവർത്തിച്ചിരുന്ന ലേണേഴ്സ് കോളേജിലെ അധ്യാപരെ കേന്ദ്രീകരിച്ചു പല്ലനയിൽ ഒരു യൂണിറ്റ് പ്രവർത്തിച്ചിരുന്നു .  ഇന്നത്തെ തൃക്കുന്നപ്പുഴ  പഞ്ചായത്തു പ്രസിഡന്റ് ആയ ശ്രീ വിനോദ്കുമാർ പാണ്ഡവത്ത് , ആലപ്പുഴ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി കെ ജി രാജേശ്വരിയുടെ ഭർത്താവു ശ്രീ രാജശേഖരൻ , ശ്യാം സുന്ദർ , എസ്.എൻ പോറ്റി, നരേന്ദ്രൻ സാർ, എസ് കെ പണ്ടവത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആയിരുന്നു അവിടെ പരിമിതമെങ്കിലും പരിഷത്ത് പ്രവർത്തനം നടന്നുവന്നിരുന്നത്. അക്കാലത്തു പല്ലന യൂണിറ്റിൽ എത്തിയ സംസ്ഥാന കലാജാഥയുടെ പുസ്തകം വിൽപ്പന ആണ് തൃക്കുന്നപ്പുഴ കേന്ദ്രീകരിച്ചു നടന്ന  ആദ്യ പരിഷത്ത് പ്രവർത്തനം പല്ലന യൂണിറ്റിൽ എത്തിയ സംസ്ഥാന കലാജാഥക്ക് ശേഷം പരിഷത്ത് കായംകുളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴയിൽ പരിഷത്ത് യൂണിറ്റ് രൂപീകരിക്കപ്പെടുകയാണുണ്ടായത് . ബാലഗംഗാധരൻ പ്രസിഡന്റും സുധീഷ്ബാബു സെക്രെട്ടറിയും ആയി തൃക്കുന്നപ്പുഴയിൽ ആദ്യ പരിഷത്ത് യൂണിറ്റ് സ്ഥാപിതമായി.
                    1984 ൽ  ഭോപ്പാലിൽ യൂണിയൻ കാർബൈഡ് ദുരന്തം ഇന്ത്യ ആകെ ഞെട്ടിക്കുകയും ഇരകൾക്കു മതിയായ നഷ്ടപരിഹാരം കൂടി നൽകാതെ കമ്പനി രക്ഷപെടുകയും ചെയ്ത സാഹചര്യത്തിൽ ആണ്    1985 -1987 കാലഘട്ടത്തിൽ യൂണിയൻ കാർബൈഡ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുവാൻ ഉള്ള പ്രചാരണം പരിഷത്ത് ആരംഭിക്കുന്നത്.  ഇതുമായി ബന്ധപ്പെട്ടു നിരവധി ഗ്രാമജാഥകൾ തൃക്കുന്നപ്പുഴയിൽ നടത്തുകയും ചെയ്തു . എവറെഡി ബാറ്ററിയും മറ്റു യൂണിയൻ കാർബൈഡ് ഉൽപ്പന്നങ്ങളും വിറ്റിരുന്ന തൃക്കുന്നപ്പുഴയിലെ ചില വ്യാപാരികൾ പരിഷത്തിനെതിരെ രംഗത്തുവന്നത് ഇന്ന് രസകരം ആയ ഓർമ്മകൾ ആണ്. മുതുകുളം പുതിയ വിള  യു  പി സ്കൂളിൽ വച്ചുനടന്ന മേഖലാതല  ബാലവേദി ക്യാമ്പ് ആയിരിക്കുന്നു തൃക്കുന്നപ്പുഴ യൂണിറ്റ് സംഘടനപരം ആയി പങ്കെടുക്കുന്ന ആദ്യ പരിപാടി . അഞ്ചു വിദ്യാർത്ഥികൾ  യൂണിറ്റ് പ്രസിഡന്റ് സെക്രെട്ടറി എന്നിവരെ കൂടാതെ  ഡി. സലിം,  പുഷ്ക്കരൻ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു . തികച്ചും പാരിഷത്തികം ആയി നടത്തിയ ഈ ബാലവേദിക്യാമ്പ് തൃക്കുന്നപ്പുഴയിലെ പരിഷത്ത് പ്രവർത്തകർക്കു ഒരു നവ്യ അനുഭവും നവ ഊർജ്ജവും നൽകി . കായംകുളം മേഖലയുടെ സെക്രെട്ടറി ആയിരുന്ന ശ്രീ ശിവരാമപിള്ളസാർ ആരോഗ്യവകുപ്പിൽ  തൃക്കുന്നപ്പുഴ ഗവണ്മെന്റ് ആശുപത്രിയിലേക്ക് സ്ഥലം മാറി വന്നത് ഇക്കാലത്തായിരുന്നു. ഇതും തൃക്കുന്നപ്പുഴയിലെ പരിഷത്ത് പ്രവർത്തനങ്ങൾക്കു ഏറെ സഹായകരവും ആവേശകരവും ആയി. പുതിയവിള ബാലവേദി ക്യാംപിനു ശേഷം തൃക്കുന്നപ്പുഴ , എസ്സ് എൻ നഗർ , പാനൂർ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു ബാലവേദി യൂണിറ്റുകൾ രൂപീകരിക്കുകയും തൃക്കുന്നപ്പുഴ ഗവണ്മെന്റ് എൽ പി സ്കൂളിൽ വെച്ച് ബാലവേദിയുടെ  രണ്ടു ദിവസത്തെ ക്യാമ്പ് നടത്തുകയും ചെയ്തു. കളിയും , പാട്ടും , പ്രകൃതി നിരീക്ഷണവും , കഥപറച്ചിലും    ഒക്കെ ആയി നടന്ന  ക്യാമ്പ് കുട്ടികളിലും ,         സംഘാടകരിലും ഏറെ സന്തോഷവും വിജ്ജാനവും , അനുഭവവും പ്രദാനം ചെയ്തു. പിന്നീട് എല്ലാ ഞായറാഴ്ചകളിലും ബാലവേദി ക്യാമ്പ് കുറേകാലം തുടർന്നു  . ഇതിനകം തന്നെ പരിഷത്തിന്റെ വനിതാവേദിയും നിലവിൽ വന്നുകഴിഞ്ഞിരുന്നു . പ്രധാന പരിഷത്ത് പ്രവർത്തകരുടെ കുടുംബാംഗങ്ങൾ , സഹോദരിമാർ എന്നി വരായിരുന്നു ഇതിൽ ഉണ്ടായിരുന്നത് . രേവതിയിൽ മോളി , കൂർക്കത്തറയിൽ പൊന്നമ്മ എന്നിവരുടെ പേരുകൾ പ്രത്യേകം പരാമര്ശിക്കേണ്ടതുണ്ട്              മെയ്ദിനത്തോടെ അനുബന്ധിച്ചു " അധ്വാനം സമ്പത്തു " എന്ന വിഷയം കേന്ദ്രീകരിച്ചും , ഹാലി വാൽനക്ഷത്രത്തിന്റെ സന്ദർശനം പ്രമാണിച്ചു വാനനിരീക്ഷണവും നക്ഷത്രക്ലാസ്സുകളും തൃക്കുന്നപ്പുഴയിൽ ഉടനീളം നടത്തി . കലാജാഥയുടെ ജില്ലാ പരിശീലന ക്യാമ്പ് ഏറ്റെടുത്തു വിജയിപ്പിക്കുവാനും ഈ അവസരത്തിൽ കഴിഞ്ഞു . പിന്നീടാണ് തൃക്കുന്നപ്പുഴ പരിഷത്തിന്റെ ഒരു കലാജാഥക്ക് .വേദിയാകുന്നത് .ഇത് വമ്പിച്ച ബഹുജന പങ്കാളിത്വത്തോടെ ഒരു ജനകീയ പരിപാടിയാക്കി മാറ്റുവാൻ തൃക്കുന്നപ്പുഴ യൂണിറ്റിന് കഴിഞ്ഞിരുന്നു. ഇതിനോട് അനുബന്ധിച്ചു ആറാട്ടുപുഴമുതൽ തോട്ടപ്പള്ളി വരെ പരിഷത്ത് പുസ്തക പ്രചാരണം നടത്തി പുത്സക വിൽപ്പനയിൽ ഒരു റെക്കോർഡ് തന്നെ നേടിയെടുത്തു. കലാജാഥയുടെ മാതൃകയിൽ സംസ്ഥാന ബാലോത്സവ ജാഥ നടത്തുവാൻ പരിഷത്ത് തീരുമാനിച്ചതും ഈ കാലഘട്ടത്തിൽ ആയിരുന്നു. സംസ്ഥാന അടിസ്ഥാനത്തിൽ രണ്ടു പരിശീലന ക്യാമ്പുകൾ ആയിരുന്നു സംഘടിപ്പിച്ചിരുന്നത്. കണ്ണൂർ മയ്യിൽ , കോട്ടയം എന്നിവിടങ്ങളിൽ സംഘടിപ്പിച്ച പരിശീലനക്യാമ്പിൽ തൃക്കുന്നപ്പുഴയിൽ നിന്നും ഡി സലിം പങ്കെടുക്കുകയും സംസ്ഥന ബാലോത്സവ ജാഥയുടെ തെക്കൻ മേഖല ജാഥയിൽ പങ്കെടുക്കുയും ചെയ്തു . പിന്നീട് തൃക്കുന്നപ്പുഴയിലെ പ്രവർത്തകർ പങ്കെടുത്ത ഒരു പ്രധാന പരിപാടി കൊല്ലത്തു വെച്ച് നടന്ന സംസ്ഥാന ബാലോത്സവം ആയിരുന്നു . എല്ലാ ജില്ലകളിലും നിന്നെത്തിയ പ്രവർത്തകർ കൊല്ലത്തെ ഓരോ വീടുകളിലും അതിഥികൾ ആയി താമസിച്ചു ആയിരുന്നു അത് സംഘടിപ്പിച്ചത് . ഇക്കാലമായപ്പോഴേക്കും തൃക്കുന്നപ്പുഴ യൂണിറ്റ് പ്രസിഡന്റ് ആയ ബാലഗംഗാധരൻ സാർ മേഖല സെക്രെട്ടറിയും ജില്ലാ സെക്രെട്ടറിയും , സംസ്ഥാന നിർവാഹക അംഗമായും ഉയർന്നു പ്രവർത്തിക്കുവാൻ തുടങ്ങിയിരുന്നു . ഇക്കാലയളവിൽ നിരവധി തനതായ പ്രവർത്തങ്ങളും തൃക്കുന്നപ്പുഴ യൂണിറ്റ് നടത്തിക്കൊണ്ടിരുന്നു .ആരോഗ്യ ക്ളാസ്സുകൾ , ആരോഗ്യ ബോധവൽക്കരണ ഗ്രാമജാഥകൾ, പാതയോരങ്ങളിൽ  വൃഷത്തൈ നടൽ , യുറീക്ക ,ശാസ്ത്രകേരളം ,ശാസ്ത്രഗതി എന്നിവയുടെ പ്രചാരണം എന്നിവയും ഇതോടൊപ്പം നടന്നുവന്നു .അന്ന് പരിഷത്ത്  പ്രവർത്തകർ നട്ടു പരിപാലിച്ച ചില വ്യക്ഷത്തൈകൾ പടുവൃക്ഷം ആയി വളർന്നു തണലേകിയിരുന്നു.പരിഷത്ത് അടുപ്പു പ്രചാരണം ,ഗ്രാമ പത്രം തൃക്കുന്നപ്പുഴ സ്കൂളുകൾ കേന്ദ്രീകരിച്ചു യുറീക്ക പരീക്ഷ നടത്തിപ്പ് ഇതെല്ലം നടന്നു വന്നിരുന്നു .
            കായംകുളം മേഖലാസമ്മേളനം തൃക്കുന്നപ്പുഴവെച്ചു നടന്നതും വലിയ ഒരു ജനകീയ അനുഭവം ആയിരുന്നു.ബഹുജനങ്ങളും , പരിഷത്ത് വനിതാവേദിയും , കുടുംബാംഗങ്ങളും എല്ലാം ഒത്തു ചേർന്ന ആ പരിപാടിയും വമ്പിച്ച വിജയം ആയിരുന്നു .
                സജീവമായിരുന്ന പരിഷത്ത് പ്രവർത്തകരിൽ ഭൂരിഭാഗവും ജീവിതമാർഗ്ഗത്തിന്റെ വഴിയിൽ ജോലി കിട്ടി പോകുകയും ചിലർ മറ്റു മേഖലകളിൽ സജീവമാകുകയും ചെയ്തപ്പോൾ തൃക്കുന്നപ്പുഴ പരിഷത്ത്  പ്രവർത്തനം പിന്നീട് നിർജീവമാകുകയും  കാലാന്തരത്തിൽ നിലച്ചുപോകുകയും ചെയ്തു . എന്നാൽ ഒരു ദശകത്തോളം സജീവ പ്രവർത്തനം നടത്തിയ പാരമ്പര്യം ആണ് തൃക്കുന്നപ്പുഴക്കുള്ളത്. ഈ അറുപതാം വാർഷികത്തിൽ പരിഷത്ത് സജീവമായ പ്രവർത്തനം വീണ്ടെടുക്കുന്ന പശ്ചാത്തലത്തിൽ തൃക്കുന്നപ്പുഴയുടെ പാരമ്പര്യവും തിരികെ പിടിക്കാൻ നമുക്ക് കഴിയണം .അന്ധവിശ്വാസവും അനാചാരവും കുത്തിനിറച്ചു സമൂഹത്തെ ശാസ്ത്രവിരുദ്ധമാക്കാനും ശാസ്ത്രത്തിന്റെ സ്ഥാനം വിശ്വാസങ്ങളും ആചാരങ്ങളും കവർന്നെടുക്കുവാനും വെമ്പുന്ന ഈ കാലഘട്ടത്തിൽ അത് അനിവാര്യമായ ഒരു സാമൂഹ്യ ഉത്തരവാദിത്വം കൂ ടിയാണ്. ആദ്യകാല പരിഷത്ത് പ്രവർത്തകർ ആയ ശ്രീ പുഷ്കരൻ, കുഞ്ഞുമോൻ തുടങ്ങിയവർ ഇന്ന് നമ്മളോടൊപ്പം ഇല്ല. അവരുടെ സ്മരണകൾക്ക് ആദരാഞ്ജലികൾ.
"https://wiki.kssp.in/index.php?title=തൃക്കുന്നപ്പുഴ_(യൂണിറ്റ്)&oldid=11222" എന്ന താളിൽനിന്ന് ശേഖരിച്ചത്