ദേശീയശാസ്ത്രദിനം - 2025 ഫെബ്രുവരി 28 - തൃശ്ശൂർ ജില്ലയിലെ പരിപാടികൾ
ദേശീയശാസ്ത്രദിനം
1928 ഫെബ്രുവരി 28 നാണ് സി വി രാമൻ രാമൻപ്രതിഭാസം കണ്ടത്തിയത്. ഈ കണ്ടത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനം ലഭിക്കുകയുണ്ടായി. രാമൻ പ്രഭാവം കണ്ടെത്തിയ ഫെബ്രുവരി 28 ഇന്ത്യയിൽ ദേശീയശാസ്ത്രദിനമായി ആചരിക്കണമെന്ന് ദേശീയ ശാസ്ത്രസാങ്കേതിക വിവര വിനിമയ സമിതി (NCSTC) ശുപാർശ ചെയ്തതിനെത്തുടർന്നാണ് 1987 മുതൽ ഫെബ്രുവരി 28 ഇന്ത്യയിൽ ദേശീയശാസ്ത്രദിനമായി ആചരിക്കുന്നത്. 1888 നവംബർ 7-ന്, തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ, ചന്ദ്രശേഖര അയ്യരുടേയും പാർവതി അമ്മാളുടേയും രണ്ടാമത്തെ മകനായിട്ടാണ് ചന്ദ്രശേഖര വെങ്കിട്ടരാമൻ ജനിച്ചത്.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എല്ലാ വർഷവും ദേശീയശാസ്ത്രദിനം വിവിധ പരിപാടികളോടെ ആചരിക്കാറുണ്ട്. 2025ൽ തൃശ്ശൂർ ജില്ലയിൽ നടന്ന പരിപാടികളാണ് ഇവിടെ സൂചിപ്പിക്കുന്നത്.
സയൻസോളം
2025ലെ ദേശീയശാസ്ത്രദിനാചരണത്തിന് സയൻസോളം എന്നാണ് തൃശ്ശൂർ ജില്ലയിലെ ശാസ്ത്രവബോധഉപസമിതി പേരുനല്കിയത്. തൃശ്ശൂർ സ്വരാജ് റൌണ്ടിൽ പടിഞ്ഞാറുഭാഗത്ത് നടുവിലാൽ ജംഗഷനിൽ കറന്റ് ബുക്ക്സ് കോർണറിലാണ് പരിപാടി സംഘടിപ്പിച്ചത്. യുവശാസ്ത്രജ്ഞർ ജനങ്ങളുമായി സംവദിക്കുന്നതായിരുന്നു പരിപാടി. ശാസ്ത്രവിദ്യാഭ്യാസവും ഭരണസംവിധാനവും(ഡോ കെ കെ അബ്ദുള്ള), ട്രമ്പിസവും ശാസ്ത്രലോകവും (ഡോ പിയു മൈത്രി), 1.5C മറികടക്കുന്ന ലക്ഷ്മണരേഖ (ദേവിക എം വി), ബഹുസ്വരത: ഫാസിസത്തിനെതിരായ ഭരണഘടനാ പ്രതിരോധം (ഡോ ലിനി പ്രിയ വാസവൻ), നിർമിതബുദ്ധി തുറക്കുന്ന ലോകം(വിവേക് എം.വി), സംവാദം (ഡോ ബേബി ചക്രപാണി) എന്നിവർ 10മിനിറ്റ് വീതമെടുത്ത് തങ്ങളുടെ വിഷയം അവതരിപ്പിച്ചു. തുടർന്ന് സ്രോതാക്കളുടെ ചോദ്യങ്ങൾക്ക് അവതാരകർ വിശദീകരണം നല്കി. അനിൽ പരക്കാടിന്റെ അത്ഭുതവിദ്യകളും ശാസ്ത്രസത്യങ്ങളും എന്ന അവതരണത്തോടെയാണ് പരിപാടി തുടങ്ങിയത്. രേഷ്മ രാജൻ കെ ശാസ്ത്രഗീതം പാടി. ശാസ്ത്രബോധവും യുക്തിചിന്തയും ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ബോധപൂർവം നടന്നുകൊണ്ടിരിക്കുമ്പോൾ സാധാരണ ജനങ്ങൾക്ക് ശാസ്ത്രജ്ഞരോട് തങ്ങളുടെ ആശങ്കകൾ പങ്കുവെക്കാനും സംശയങ്ങൾ തീർക്കാനുമുള്ള അവസരമായി ദേശീയശാസ്ത്രദിനാചരണം മാറി. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഡോ.സി.എൽ.ജോഷി മോഡറേറ്ററായി.
ജില്ലാ കേന്ദ്രത്തിനുപുറമെ മേഖലാ തലങ്ങളിലും ശാസ്ത്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
അതിർവരമ്പുകൾ മായുന്ന ശാസ്ത്രമേഖലകൾ
ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാറിൽ അതിർവരമ്പുകൾ മായുന്ന ശാസ്ത്രമേഖലകൾ എന്ന വിഷയത്തിൽ മലയാള ശാസ്ത്രസാഹിത്യകാരനും അധ്യാപകനും ഗവേഷകനുമായ എതിരൻ കതിരവൻ വിഷയാവതരണം നടത്തി.
നിർമിതബുദ്ധി-ചിന്തിക്കുന്ന യന്ത്രങ്ങളുടെ ആവിർഭാവം
വടക്കാഞ്ചേരി മേഖലയിൽ ശ്രീ വ്യാസ NSS കോളേജിൽ നിർമിതബുദ്ധി-ചിന്തിക്കുന്ന യന്ത്രങ്ങളുടെ ആവിർഭാവം എന്ന അവതരണം നടന്നു. തൃശൂർ സെന്റ് തോമസ് കോളേജിലെ Dr. ജിജു എ മാത്യു വിഷയം അവതരിപ്പിച്ചു. പ്രിൻസിപ്പൽ Dr. ശ്രീനിവാസ്, Dr. സുശീൽ രാഹുൽ, ബാലവേദി ജില്ല കൺവീനർ ഇ.എം. വിനീത് തുടങ്ങിയവർ സംസാരിച്ചു.
ശാസ്ത്രബോധത്തിന്റെ പ്രാധാന്യം നിത്യജിവിതത്തിൽ
കോലഴി മേഖല ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ ശാസ്ത്രബോധത്തിന്റെ പ്രാധാന്യം നിത്യജിവിതത്തിൽ എന്ന വിഷയം ഡോ അപർണാ മാർക്കോസ് അവതരിപ്പിച്ചു.
ഒന്നാം സാക്ഷി എ.ഐ
തൃശൂർ ഗവൺമെന്റ് ലോ കോളേജ് ശാസ്ത്രസമിതിയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രദിനത്തോടനുബന്ധിച്ച് മാർച്ച് 3-ന് ‘ഒന്നാം സാക്ഷി എ.ഐ’ എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. കാമ്പസ്സ് ശാസ്ത്രസമിതി രക്ഷാധികാരി ദിവ്യ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ചർച്ചയിൽ ശ്രീനാരായണഗുരു അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജിലെ എ.ഐ ഇൻസ്‌ട്രക്റ്റർ അബ്ദുൽ വാവൂർ മുഖ്യപ്രഭാഷണം നടത്തി. ചർച്ചയുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) സാധ്യതകളും പ്രായോഗിക ഉപയോക്തൃത്വവും സംബന്ധിച്ച് വിശദമായ ക്ലാസ്സുകൾ സംഘടിപ്പിക്കപ്പെട്ടു. നിയമപഠന മേഖലയിൽ എ.ഐയുടെ പങ്ക്, ഡാറ്റാ ശേഖരണത്തിനുള്ള ഉപകരണങ്ങൾ, എ.ഐ അധിഷ്ഠിത നിയമ സഹായ സേവനങ്ങൾ എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ചർച്ച വിദ്യാർത്ഥികൾക്ക് പുതിയ അറിവുകൾ കൈമാറിയതായും വിലയിരുത്തപ്പെട്ടു.
തൃശ്ശൂർ ജില്ലാ യുവസമിതി കൺവീനർ അമൽ രവീന്ദ്രൻ ചടങ്ങിൽ സ്വാഗതവും ലോ കോളേജ് ശാസ്ത്രസമിതി ചെയർപേഴ്സൺ ഡിൽസ സൈത്തുന് ബീഗം നന്ദിയും രേഖപ്പെടുത്തി.