നമ്മുടെ ഭാഷ-നമ്മുടെ സംസ്കാരം
നമ്മുടെ ഭാഷ-നമ്മുടെ സംസ്കാരം | |
---|---|
കർത്താവ് | ഡോ കാവുമ്പായി ബാലകൃഷ്ണൻ |
ഭാഷ | മലയാളം |
വിഷയം | സംസ്കാരം |
സാഹിത്യവിഭാഗം | പുസ്തകം |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | സെപ്റ്റംബർ, 2017 |
നമ്മുടെ ഭാഷ-നമ്മുടെ സംസ്കാരം
എഡിറ്റർ- ഡോ കാവുമ്പായി ബാലകൃഷ്ണൻ
മാതൃഭാഷയിൽ ശാസ്ത്രം പ്രചരിപ്പിക്കുക എന്നതായിരുന്നുവല്ലോ പരിഷത്തിന്റെ രൂപീകരണവേളയിൽ മുന്നോട്ടുവച്ച പ്രധാന ലക്ഷ്യം. അതോടൊപ്പം, പഠനവും ഭരണവും മലയാളത്തിലാക്കുക എന്ന മുദ്രാവാക്യം പരിഷത്ത് പിന്നീട് ഉയർത്തി. 1973-ൽ കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ സർവകലാശാലയിലെ അധ്യയനമാധ്യമം മലയാളത്തിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പരിഷത്ത് പ്രകടനം നട ത്തി. പ്രസ്തുത അക്കാദമിക് കൗൺസിൽ യോഗം പ്രീഡിഗ്രിക്ക് മലയാളത്തിൽ ഉത്തരമെഴുതാം എന്ന പ്രമേയമംഗീകരിച്ചു.
1974-ൽ എറണാകുളത്തു ചേർന്ന വാർഷികസമ്മേളനം മാതൃഭാഷ, ഭരണഭാഷയാക്കണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു. അത് നേടിയെടുക്കുന്നതിന് ചില പ്രചാരണ പ്രക്ഷോഭപരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്തു. എല്ലാ ജില്ലകളിലും ഭരണഭാഷാകൺവെൻഷനുകൾ ചേരാനും കേരളപ്പിറവി ദിനമായ നവംബർ 1-ന് (1975) തിരുവനന്തപുരത്ത് എത്തുന്ന വിധത്തിൽ കണ്ണൂരിൽനിന്നും പുറപ്പെടുന്ന ഒരു റിലേ ജാഥ നടത്താനും ഒരുലക്ഷം പേരുടെ ഒപ്പുശേഖരിച്ച് സർക്കാരിന് സമർപ്പിക്കാനും തീരുമാനിച്ചു. ഈ ഘട്ടത്തിലാണ് സർക്കാരിന്റെ എല്ലാ വകുപ്പുകളിലും എല്ലാ തലങ്ങളിലും മലയാളം ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കുലർ (നമ്പർ 145 75 പ.വ. ജൂലൈ 1975) സർക്കാർ പുറപ്പെടുവിച്ചത്. 75 സെപ്തംബർ 14-ന് ഷൊർണൂരിൽ ചേർന്ന പരിഷത്ത് നിർവാഹകസമിതി സർക്കാരിന്റെ ഈ നടപടിയെ അഭിനന്ദിക്കുകയും ഇത് എത്രയുംവേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിക്കുകയും പ്രക്ഷോഭപരിപാടികൾ നിർത്തിവയ്ക്കുകയും ചെയ്തു.
1977 ഒക്ടോബർ 2-ന് കൂവേരിയിൽനിന്ന് ആരംഭിച്ച് നവംബർ 7-ന് പൂവച്ചലിൽ സമാപിച്ച ശാസ്ത്രസാംസ്കാരിക ജാഥയുടെ ഒരു പ്രധാന മുദ്രാവാക്യം ഭരണവും പഠനവും മലയാളത്തിൽ എന്നായിരുന്നു. ഈ വിഷയത്തിൽ ഒരു ലഘുലേഖ തയ്യാറാക്കി ജാഥയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
തുടർന്ന് നാളിതുവരെ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ പരിഷത്ത് ഒറ്റയ്ക്കും കൂട്ടായും നടത്തിയിട്ടുണ്ട്. ഈ പ്രശ്നത്തിൽ കുറേയേറെ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുമുണ്ട്. അവ പൂർണാർഥത്തിൽ സാക്ഷാത്കരിക്കപ്പെട്ടാലേ നാടിന്റെ സമഗ്രമായ മുന്നേറ്റം സാധ്യമാകൂ.
പരിഷത്തിന്റെ 54-ാം വാർഷികസമ്മേളനം മാതൃഭാഷ പഠന മാധ്യമമാക്കുന്നതിനെക്കുറിച്ച് പ്രമേയം പാസ്സാക്കുകയും ആ രംഗത്ത് സമാനമനസ്കരായ വ്യക്തികളും സംഘടനകളുമായി ചേർന്നുകൊണ്ട് പ്രവർത്തനങ്ങൾ നടത്തണമെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത പ്രമേയമാണ് ഇവിടെ ചേർത്തിരിക്കുന്നത്.
പഠനമാധ്യമം മാതൃഭാഷയാകണം
“മലയാള ഭാഷയുടെ നിലനില്പ്പുതന്നെ അപകടപ്പെടുത്തുന്ന തരത്തിൽ മലയാളം മാധ്യമത്തിലുള്ള പഠനത്തെ അധമമായി കാണുന്ന പ്രവണത അടുത്ത കാലത്തായി ശക്തിപ്പെട്ടുവരികയാണ്. വരേണ്യ വിദ്യാലയങ്ങളും സാധാരണ വിദ്യാലയങ്ങളും എന്ന രീതിയിലും അവയ്ക്കുള്ളിൽ തന്നെ മലയാളം മീഡിയം ക്ലാസുകൾ, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ എന്ന രീതിയിലും ഈ വിഭജനം നിലനില്ക്കുന്നു. എസ്സിഇആർടി തയ്യാറാക്കി നൽകുന്ന മലയാളം മാധ്യമം പാഠപുസ്തകങ്ങൾ മാറ്റിവച്ചുകൊണ്ട് സ്വകാര്യകച്ചവടക്കാരുടെ പുസ്തകങ്ങൾ ഉപയോഗിക്കുന്ന വിദ്യാലയങ്ങളും ഉണ്ട്.
ബോധനമാധ്യമം മലയാളമായിരിക്കണം എന്നത് അക്കാദമികപ്രശ്നം എന്നതിലപ്പുറം മനുഷ്യാവകാശ പ്രശ്നമായിക്കാണണം. മാതൃഭാഷ സംസാരിക്കാനും പഠനം നടത്താനും ജീവിക്കാനുമെല്ലാം കഴിയണം. ജ്ഞാനസമ്പാദനം സ്വാഭാവികവും സാംസ്കാരികവുമായ പ്രക്രിയയാകണം. ശാസ്ത്രസാങ്കേതിക രംഗങ്ങളിലും അടിസ്ഥാനമേഖലകളിലും ഏറെ മുന്നേറിയ രാജ്യങ്ങളിലെല്ലാം ബോധനമാധ്യമം മാതൃഭാഷയാണ് എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും പഠിപ്പിക്കണമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തെ പരിഷത്ത് സ്വാഗതം ചെയ്യുന്നു. എന്നാൽ ഈ സാഹചര്യത്തിൽ ഇന്നു നിലനിൽക്കുന്ന പരിമിതമായ മലയാളം മാധ്യമ പഠനസൗകര്യങ്ങൾ പോലും ഇല്ലാതാവുകയും പകരം മലയാളം ഒരു വിഷയമായി മാത്രം പഠിപ്പിച്ചാൽ മതി എന്ന അപകടകരമായ വാദം ഉയർന്നു വരികയും ചെയ്തേക്കാമെന്ന് പരിഷത്ത് സംശയിക്കുന്നു.
ആധുനിക വിജ്ഞാനം ഉൾക്കൊള്ളാൻ മാത്രം സാങ്കേതികമായ വികാസം മലയാളത്തിനില്ല എന്ന വാദം നിരർഥകമാണ്. ആധുനിക വിജ്ഞാനമേഖലകളെ അഭിസംബോധന ചെയ്യാനുള്ള അവസരം ഭാഷയ്ക്കുണ്ടാകണം. അത് പ്രയോജനപ്പെടുത്താനുള്ള അവകാശം സമൂഹത്തിനുണ്ടാകണം. അതിന് ബോധനമാധ്യമം മാതൃഭാഷയിലാകണം. അതുകൊണ്ട് സ്കൂൾ തലത്തിൽ 12-ാം ക്ലാസ് വരെ പഠനമാധ്യമം മാതൃഭാഷയിലാകണം. അതോടൊപ്പം NEET പോലുള്ള മത്സരപരീക്ഷകൾ മാതൃഭാഷയിലെഴുതാൻ കഴിയുകയും വേണം. ഇന്ന് ഭാഷയുടെ പേരിൽ നമ്മുടെ പൊതുവിദ്യാലയങ്ങളിൽ നടക്കുന്ന അശാസ്ത്രീയ സമീപനങ്ങൾ അവസാനിപ്പിച്ച് പൊതുവിദ്യാഭ്യാസം പൂർണമായും മാതൃഭാഷാ മാധ്യമത്തിൽ ആക്കാനുള്ള നിയമനിർമാണം നടത്തണമെന്ന് കേരള സർക്കാരിനോടും അതിനായി സാമൂഹിക സമ്മർദം ഉയർത്തിക്കൊണ്ടുവരണമെന്ന് പൊതുസമൂഹത്തോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 54-ാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.“
ഇത്തരം ക്യാമ്പയിനുകൾക്ക് ആശയപരമായ വ്യക്തത നൽകുന്നതിനുവേണ്ടിയുള്ളതാണ് ഈ പുസ്തകം. കണ്ണൂരിൽ നടത്തിയ 54-ാം വാർഷികസമ്മേളനത്തിന്റെ സ്മരണികയാണിത്.
ഇതിലെ ആദരണീയരായ എല്ലാ ലേഖകർക്കും നന്ദി രേഖപ്പെടുത്തുന്നു. ഭരണവും പഠനവും എല്ലാതലത്തിലും മാതൃഭാഷയാക്കുന്നതിനുവേണ്ടിയുള്ള പ്രചാരണ പ്രക്ഷോഭ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഈ ഗ്രന്ഥം ഊർജവും വെളിച്ചവും നൽകുമെന്ന് ഞങ്ങൾ കരുതുന്നു.