പനി...പനി...പനിക്കെതിരെ ജാഗ്രത

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.

പനി...പനി...പനിക്കെതിരെ ജാഗ്രത
Cover
കർത്താവ് സി പി സുരേഷ് ബാബു
ഭാഷ മലയാളം
വിഷയം ആരോഗ്യം
സാഹിത്യവിഭാഗം ലഘുലേഖ
പ്രസാധകർ കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
പ്രസിദ്ധീകരിച്ച വർഷം ഒക്ടോബർ, 2009

ആധുനികശാസ്‌ത്രവിജ്ഞാനം, ശാസ്‌ത്രീയ വീക്ഷണം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബോധ്യമുള്ള ഏതൊരാളെ സംബന്ധിച്ചിടത്തോളവും ഏറെ പ്രാധാന്യമുള്ള വർഷമാണ്‌ 2009. ഭൗതികശാസ്‌ത്രരംഗത്ത്‌ പൊതുവിലും ജ്യോതിശ്ശാസ്‌ത്രരംഗത്ത്‌ പ്രത്യേകിച്ചും യുഗപരിവർത്തനത്തിന്‌ തുടക്കം കുറിച്ച ഗലീലിയോ ഗലീലിയുടെ പ്രശസ്‌തമായ ടെലിസ്‌കോപ്പ്‌ നിരീക്ഷണം നടന്നിട്ട്‌ 400 സംവത്സരങ്ങൾ പൂർത്തിയാകുന്നത്‌ ഈ വർഷമാണ്‌ . അതുപോലെ തന്നെ ജീവശാസ്‌ത്രരംഗത്ത്‌ അന്നുവരെ നിലനിന്നിരുന്ന ഒട്ടേറെ അബദ്ധധാരണകളെ തകിടം മറിച്ച്‌ ആധുനിക ജീവശാസ്‌ത്രത്തിന്‌ അടിത്തറ പാകിയ ചാൾസ്‌ ഡാർവിന്റെ 200-ാം ജന്മവാർഷികവും, അദ്ദേഹത്തിന്റെ `സ്‌പീഷീസുകളുടെ ഉത്‌പത്തി' (Origin Of Species) എന്ന മഹദ്‌ഗ്രന്ഥം പ്രസിദ്ധീകൃതമായിട്ട്‌ 150 സംവത്സരങ്ങൾ പൂർത്തിയാകുന്നതും ഈ വർഷം തന്നെ. ചുരുക്കത്തിൽ നവ മാനവസംസ്‌കാരത്തിന്റെ അസ്‌തിവാരമെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആധുനിക ശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ അത്യന്തം പ്രാധാന്യമേറിയ ചില മുഹൂർത്തങ്ങളുടെ ഓർമ പുതുക്കിക്കൊണ്ടാണ്‌ 2009 നമ്മുടെ മുന്നിൽ എത്തുന്നത്‌. ഇന്ത്യൻ ആണവ പരിപാടിയുടെയും ബഹിരാകാശ ഗവേഷണത്തിന്റേയും ഉപജ്ഞാതാവായ ഹോമി ജെ ഭാഭയുടെ ജന്മശതാബ്‌ദി വർഷമാണ്‌ ഇതെന്ന കാര്യവും ഈ അവസരത്തിൽ സ്‌മരണീയമാണ്‌.

ഈ ചരിത്രമുഹൂർത്തത്തിന്റെ സവിശേഷ പ്രാധാന്യം കണക്കിലെടുത്ത്‌ കൊണ്ട്‌ 2009 -2010 പ്രവർത്തനവർഷം ശാസ്‌ത്രവർഷമായി ആചരിക്കാൻ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ തീരുമാനിച്ചിരിക്കുകയാണ്‌. ആധുനിക ശാസ്‌ത്രവിജ്ഞാനവും ശാസ്‌ത്രബോധവും സമസ്‌ത ജനവിഭാഗങ്ങളിലേക്കും പ്രസരിപ്പിക്കുക എന്നത്‌ പണ്ടെന്നത്തേക്കാളും ഇന്ന്‌ പ്രസക്തമായി തീർന്നിരിക്കുന്നു എന്ന വിശ്വാസമാണ്‌ ഇത്തരമൊരു തീരുമാനമെടുക്കാൻ പരിഷത്തിനെ പ്രേരിപ്പിക്കുന്നത്‌.

ആധുനിക ശാസ്‌ത്രവിജ്ഞാനത്തിന്റെ അനന്തസാധ്യതകൾക്കും അതുണർത്തിവിടുന്ന ഉദാത്തമായ ജിജ്ഞാസക്കുമൊപ്പം, ശാസ്‌ത്രസാങ്കേതിക വിദ്യകളുടെ വിവേകപൂർണമായ ഉപയോഗവും അവയ്‌ക്ക്‌ മേലുള്ള സാമൂഹ്യനിയന്ത്രണവും വ്യാപകമായ ചർച്ചയ്‌ക്ക്‌ വിഷയീഭവിക്കേണ്ടതുണ്ടെന്ന്‌ പരിഷത്ത്‌ കരുതുന്നു. ഇതിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ശാസ്‌ത്ര പ്രചാരണ പ്രവർത്തനങ്ങൾക്കാണ്‌ പരിഷത്ത്‌ രൂപം നൽകിയിട്ടുള്ളത്‌. ശാസ്‌ത്രവർഷാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലഘുഗ്രന്ഥപരമ്പരയിലെ ഒരു പുസ്‌തകമാണിത്‌.

                           കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌

ഉള്ളടക്കം

പനി പിടിച്ച കേരളം

കഴിഞ്ഞ കുറെ വർഷങ്ങളായി ഓരോ മഴക്കാലവും പുതിയ പുതിയ പനികളുടെ പേരിൽ കേരളത്തെ ഭീതിയുടെ മുൾമുനയിൽ തളച്ചിടുകയാണ്‌. പനി സംഭ്രമജനകമായ വാർത്തകൾക്കുറവിടമായി മാധ്യമങ്ങളും ചാകരക്കാലമായി സ്വകാര്യ ആരോഗ്യമേഖലയും ആഘോഷിക്കുമ്പോൾ ഇതിന്റെ കാരണങ്ങളെ വസ്‌തുതാപരമായി നാം വിലയിരുത്തേണ്ടതല്ലേ?

കുറഞ്ഞ ചെലവിൽ മെച്ചപ്പെട്ട ആരോഗ്യം എന്നതായിരുന്നു കേരള ആരോഗ്യമാതൃകയുടെ പ്രത്യേകത. വികസിത രാജ്യങ്ങളോട്‌ കിടപിടിക്കുന്ന ഒട്ടേറെ നേട്ടങ്ങൾ ആരോഗ്യരംഗത്ത്‌ കൈവരിക്കാൻ നമുക്കായിട്ടുണ്ട്‌. പൊതുമരണ നിരക്ക്‌, ശിശുമരണ നിരക്ക്‌, ആയുർദൈർഘ്യം എന്നിവ കണക്കിലെടുത്താൽ ഇന്ത്യൻ ശരാശരിയേക്കാൾ മുന്നിലാണെന്ന്‌ മാത്രമല്ല, ഏതാണ്ട്‌ വികസിത രാജ്യങ്ങൾക്ക്‌ തുല്യമായ സൂചികകളാണ്‌ കേരളം നേടിക്കഴിഞ്ഞിട്ടുള്ളത്‌. സാമൂഹ്യനീതിയിലധിഷ്‌ഠിതമായ ചെലവ്‌ കുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ജനങ്ങൾക്കാകെ ലഭ്യമാക്കി എന്നത്‌ എടുത്തുപറയത്തക്ക പ്രത്യേകതയാണ്‌.

ഈ ആരോഗ്യമാതൃക ഇന്ന്‌ ഒട്ടേറെ ഗുരുതരമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്‌. അതിൽ ഏറെ ഗൗരവത്തോടെ കാണേണ്ട ഒരു പ്രശ്‌നമാണ്‌ നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റംവഴി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന വിവിധയിനം പനികൾ.

കൊതുകുജന്യ രോഗങ്ങളായ ചിക്കുൻഗുനിയ, ഡെങ്കിപ്പനി എന്നിവയും എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്‌ എന്നീ ജലജന്യരോഗങ്ങളും വായുജന്യരോഗമായ എച്ച്‌1 എൻ1 പനിയും ഇന്ന്‌ കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഏറെ പ്രത്യാഘാതങ്ങൾ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു. ഇത്തരം രോഗങ്ങളെക്കുറിച്ചും അവയ്‌ക്കെതിരെ നാം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ലഘുവായി പ്രതിപാദിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്‌.

എച്ച്‌1 എൻ1 ഇൻഫ്‌ളുവൻസ

കുറച്ചുകാലം മുമ്പ്‌ ലോകശ്രദ്ധ പിടിച്ചുപറ്റിയ പകർച്ചപ്പനിയായിരുന്നു പക്ഷിപ്പനി (എച്ച്‌5 എൻ1). ഇപ്പോൾ മറ്റൊരു പകർച്ചപ്പനിയായ എച്ച്‌1 എൻ1 ഇൻഫ്‌ളുവൻസ ആരോഗ്യരംഗത്ത്‌ ഭീഷണി ഉയർത്തിയിരിക്കുകയാണ്‌. ഏതാണ്ട്‌ സമാനമായ രണ്ട്‌ പനികൾക്കും കാരണം ഇൻഫ്‌ളുവൻസ എ ഗ്രൂപ്പ്‌ വൈറസുകളാണ്‌. പലപ്പോഴും ആദ്യം കണ്ടുപിടിക്കപ്പെടുന്ന സ്ഥലത്തിന്റെയോ ജീവികളുടേയോ പേരിലായിരിക്കും ഇവ അറിയപ്പെടുക. 1918-19 കാലഘട്ടത്തിൽ സ്‌പാനിഷ്‌ ഫ്‌ളൂവെന്നും 1958-ൽ ഏഷ്യൻ ഫ്‌ളൂവെന്നും 68-ൽ ഹോങ്കോങ്ങ്‌ ഫ്‌ളൂ എന്നുമറിയപ്പെട്ട ഈപനി വടക്കേ അമേരിക്കയിലെ പന്നിഫാമുകളിൽ പണിയെടുക്കുന്ന മനുഷ്യനിലാണ്‌ ആദ്യം റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്‌. വൈറസ്സുകൾക്ക്‌ വളരെയധികം ജനിതകമാറ്റം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ മുൻകാലങ്ങളിലെ സമാനമായ പനികളിൽ നിന്നും ഏറെ വ്യത്യാസങ്ങൾ ഇവയ്‌ക്കുണ്ടാകാം. ഈ രോഗത്തെ ഒരു ലോകമഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്‌. രോഗികളിലെ മരണസാധ്യത പരിശോധിച്ചാൽ മുമ്പുണ്ടായിട്ടുള്ള പല മഹാമാരികളേക്കാളും അപകടസാധ്യത കുറഞ്ഞ ഒന്നാണ്‌ പുതിയ ഇൻഫ്‌ളുവൻസ.

ശ്വാസകോശത്തെ ബാധിക്കുന്ന ഈ വൈറസിന്‌ എ, ബി, സി എന്നിങ്ങനെ മൂന്ന്‌ ഉപവിഭാഗങ്ങളുണ്ട്‌. എ വിഭാഗത്തിൽപെടുന്ന വൈറസുകളാണ്‌ കൂടുതലും പകർച്ചവ്യാധി ഉണ്ടാക്കുന്നത്‌. ഈ വൈറസിന്‌ ജനിതകമായ ചില സവിശേഷതകളുണ്ട്‌. എച്ച്‌ എന്നത്‌ ഹീമഗ്രൂട്ടിനേസ്‌ എന്ന തന്മാത്രയാണ്‌. ഇവ രോഗസാധ്യതയുള്ള പുതിയ കോശങ്ങളിൽ കടന്നുപോവാൻ വൈറസിനെ സഹായിക്കുന്നു. 1 മുതൽ 16വരെയുള്ള ഉപവിഭാഗങ്ങൾ എച്ച്‌ എന്ന ഹീമഗ്ലൂട്ടിനേസിൽ ഉണ്ട്‌ (എച്ച്‌1 മുതൽ എച്ച്‌ 16 വരെ) എൻ എന്നത്‌ സൂചിപ്പിക്കുന്നത്‌ ന്യൂറോമിനിഡേസ്‌ എന്ന തന്മാത്രകളെയാണ്‌. 1 മുതൽ 9വരെ ഉപഘടകങ്ങളാണ്‌ ഇവയ്‌ക്കുള്ളത്‌. (എൻ1 മുതൽ എൻ9 വരെ) കോശങ്ങളിൽ നിന്നും വൈറസിനെ പുറത്തു കടക്കാൻ സഹായിക്കുന്ന തന്മാത്രകളാണ്‌ ന്യൂറോമിനഡേസ്‌. ഈ വൈറസുകളുടെ പ്രത്യേകത നിരന്തരം നടത്തുന്ന ജനിതക മാറ്റങ്ങളാണ്‌. ചില പ്രത്യേക സാഹചര്യങ്ങളിൽ ജനിതക ഘടനയിൽ വലിയ മാറ്റങ്ങൾ സംഭവിക്കാറുണ്ട്‌. ഇത്തരം മാറ്റങ്ങൾ കൂടുതലായി സംഭവിക്കുന്നത്‌ പന്നികളിലോ മനുഷ്യരിലോ ആണ്‌.

ഇപ്പോൾ പ്രചാരത്തിലുള്ള എച്ച്‌1 എൻ1 പുതിയതരം വൈറസ്സുകളാണ്‌. ഇവയ്‌ക്ക്‌ മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക്‌ രോഗം പ്രസരിപ്പിക്കുവാനും കഴിയും. രോഗികൾ തുമ്മുകയോ, ചുമയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന കണികകളിലൂടെയാണ്‌ വൈറസ്സുകൾ മറ്റൊരാളിലേക്ക്‌ പ്രവേശിക്കുന്നത്‌. രോഗികളുടെ സ്രവങ്ങൾ പുരണ്ട കൈകളിലൂടെയും തൂവാലകളിലൂടെയും രോഗപ്രസരണം നടക്കും. രോഗിയുമായുള്ള സാമീപ്യം ഒരു മീറ്ററിനുള്ളിലായാൽ രോഗപ്രസരണ സാധ്യത കൂടുതലാണ്‌.

രോഗലക്ഷണങ്ങൾ

വൈറസ്‌ ശരീരത്തിനുള്ളിൽ പ്രവേശിച്ച്‌ 1 മുതൽ 7 ദിവസത്തിനുള്ളിൽ രോഗം പിടിപെടാം. ചിലപ്പോൾ ഇത്‌ 6 മണിക്കൂറിനുള്ളിലുമാകാം. പെട്ടെന്നുണ്ടാകുന്ന പനി, വിറയൽ, തലവേദന, തുമ്മൽ, ചുമ, പേശീവേദന, ക്ഷീണം എന്നിങ്ങനെയാണ്‌ രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്‌. അപൂർവ്വമായി വയറിളക്കം, ഛർദ്ദി എന്നിവയും അനുഭവപ്പെടാം. ചിലപ്പോൾ ന്യുമോണിയ മൂലം മരണംവരെ സംഭവിക്കാം(5-10%).

ഭൂരിഭാഗം രോഗികളിലും വളരെ ലഘുവായ രോഗലക്ഷണങ്ങൾ മാത്രമേ കാണാറുള്ളൂ. ചികിത്സ ഒന്നും തന്നെ ആവശ്യം വരില്ല. ആവശ്യമായ വിശ്രമവും ആഹാരവും ജലപാനവും ഉറപ്പാക്കിയാൽ മാത്രം മതിയാവും. ചെറിയ ശതമാനം രോഗികൾക്കുമാത്രമേ ആശുപത്രിയിൽ ചികിത്സയും ആന്റിവൈറൽ മരുന്നുകളും ആവശ്യമായി വരികയുള്ളൂ.

പ്രധാനമായും രോഗിയുമായി സമ്പർക്കം പുലർത്തിയിരുന്നു എന്ന അറിവും രോഗലക്ഷണങ്ങളും ലബോറട്ടറി പരിശോധനയും വഴി രോഗനിർണയം നടത്താം.

രോഗപ്രതിരോധ പ്രവർത്തനങ്ങൾ

രോഗികൾ ശ്രദ്ധിക്കേണ്ടവ, രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ശ്രദ്ധിക്കേണ്ടവ, ഡോക്‌ർമാരും നഴ്‌സുമാരും മറ്റു ആരോഗ്യ പ്രവർത്തകന്മാരും ശ്രദ്ധിക്കേണ്ടവ, പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടവ എന്നിങ്ങനെ നാലായി രോഗപ്രതിരോധ പ്രവർത്തനങ്ങളെ തിരിക്കാം.

രോഗികൾ ശ്രദ്ധിക്കേണ്ടവ

 • രോഗികൾ തുമ്മുകയോ ചുമയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുകയോ മാസ്‌ക്‌ ഉപയോഗിക്കുകയോ ചെയ്യുക.
 • പൊതുസ്ഥലത്ത്‌ തുപ്പാതിരിക്കുക.
 • കൈകൾ എപ്പോഴും വൃത്തിയായി വെയ്‌ക്കുക.
 • കഴിയുന്നതും വീടിനുള്ളിൽ തന്നെ രോഗികൾ വിശ്രമിക്കുക.
 • പൊതുസ്ഥലങ്ങൾ, പൊതുയോഗങ്ങൾ, സിനിമാ തിയേറ്റർ, സ്‌കൂൾ മുതലായ സ്ഥലങ്ങളിൽ രോഗവിമുക്തി ഉണ്ടാകുന്നതുവരെ രോഗികൾ പോകരുത്‌.

രോഗികളുടെ ബന്ധുക്കളും കൂട്ടിരിപ്പുകാരും ശ്രദ്ധിക്കേണ്ടവ

 • ബന്ധുക്കളും കൂട്ടിരുപ്പുകാരും രോഗികളുമായി അടുത്തിടപ്പെടുമ്പോൾ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.
 • മാസ്‌ക്‌ ഉപയോഗിക്കുക.
 • രോഗി ഉപയോഗിക്കുന്ന വസ്‌ത്രങ്ങളും സാധന സാമഗ്രികളും സോപ്പുപയോഗിച്ച്‌ കഴുകുകയോ അണുവിമുക്തമാക്കുകയോ ചെയ്യുക.
 • വീടുകളിലും ജോലിസ്ഥലങ്ങളിലും ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക.
 • രോഗികളെ പരിചരിച്ച്‌ കഴിയുമ്പോൾ കൈകളും മുഖവും സോപ്പുപയോഗിച്ച്‌ വൃത്തിയായി കഴുകുക.

ഡോക്‌ർമാരും നഴ്‌സുമാരും മറ്റു ആരോഗ്യ പ്രവർത്തകരും ശ്രദ്ധിക്കേണ്ടവ

 • ഡോക്‌ടർമാരുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരും രോഗിയുമായി അടുത്തിടപഴകുമ്പോൾ കട്ടിയുള്ള മാസ്‌കും ഏപ്രണും ധരിക്കണം.
 • രോഗിയെ അഡ്‌മിറ്റ്‌ ചെയ്‌ത വാർഡുകളിൽ ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കണം.
 • രോഗിയെ പരിശോധിക്കുമ്പോഴും പരിചരിക്കുമ്പോഴും ഒരു മീറ്ററെങ്കിലും അകലം പാലിക്കാൻ ശ്രദ്ധിക്കണം.
 • രോഗിയെ പരിശോധിച്ച്‌ കഴിഞ്ഞശേഷം കൈകൾ സോപ്പിട്ട്‌ വൃത്തിയാക്കണം.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ടവ

 • പൊതുസ്ഥലത്ത്‌ തുമ്മുക, ചുമയ്‌ക്കുക എന്നിവ ചെയ്യുമ്പോൾ തൂവ്വാലയോ മറ്റു തുണികളോ ഉപയോഗിച്ച്‌ മുഖം മറക്കുന്ന ശീലം എല്ലാവരും പാലിക്കുക.
 • രോഗസാധ്യതയുള്ളവരുമായി അടുത്തിടപഴകുമ്പോൾ ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.
 • വീടുകളിലും ജോലിസ്ഥലങ്ങളിലും ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കുക.
 • പൊതുസ്ഥലത്ത്‌ ലക്കും ലഗാനുമില്ലാതെ തുപ്പുന്നതും മൂക്ക്‌ ചീറ്റുന്നതും പൂർണമായും ഒഴിവാക്കുക.
 • രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടുക.

ഇപ്പോൾ പ്രചാരത്തിലുള്ള എച്ച്‌1 എൻ1 വൈറസിനെതിരായ വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്‌. ഒസൽറ്റമിവർ, സാനമിവർ എന്നീ മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്‌. (ടാമിഫ്‌ളൂ, ആന്റിഫ്‌ളൂ എന്നീപേരുകളിൽ മരുന്ന്‌ മാർക്കറ്റിൽ ലഭിക്കുന്നുണ്ട്‌. ഒസൽറ്റമിവർ 75 മി.ഗ്രാം രണ്ടുനേരം 5 ദിവസം കഴിക്കുന്നതിനാണ്‌ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌. ഇന്ത്യൻ കമ്പനിയായ സിപ്ല മാർക്കറ്റ്‌ ചെയ്യുന്ന ആന്റിഫ്‌ളൂ എന്ന ഗുളികയ്‌ക്ക്‌ പത്തെണ്ണത്തിന്‌ 20 ഡോളറാണ്‌ വിലയെങ്കിൽ സ്വിസ്‌ കമ്പനിയായ റോഷ്‌ മാർക്കറ്റിലെത്തിച്ച താമിഫ്‌ളൂവിന്‌ പത്തെണ്ണത്തിന്‌ 50 ഡോളറാണ്‌ വില. `സാനാമിവർ' ശ്വാസകോശത്തിലൂടെ നേരിട്ട്‌ ഉപയോഗിക്കുന്ന മരുന്നാണ്‌. പന്നിപ്പനിക്കുള്ള മരുന്ന്‌ ഡോക്‌ടർമാരുടെ നിർദ്ദേശമില്ലാതെ യാതൊരു സാഹചര്യത്തിലും കഴിക്കാൻ പാടില്ല. അനവസരത്തിൽ മരുന്ന്‌ കഴിക്കുന്നത്‌ രോഗപ്രതിരോധ ശേഷിയുള്ള രോഗാണുക്കളുടെ ആവിർഭാവത്തിന്‌ കാരണമാകും. അതുകൊണ്ടുതന്നെ പൊതുമാർക്കറ്റിൽ ഈ മരുന്ന്‌ ഇന്ന്‌ ലഭ്യമല്ല. സർക്കാർ നിർദ്ദേശിക്കുന്ന ആശുപത്രികളിലൂടെ മാത്രമേ ഈ മരുന്ന്‌ വിതരണം ചെയ്യുന്നുള്ളൂ.

രോഗനിരീക്ഷണ നിയന്ത്രിത സംവിധാനം

കേരളത്തിൽ ഇതേവരെ പന്നിപ്പനി നിയന്ത്രണവിധേയമായിട്ടില്ല എന്നത്‌ ആശങ്ക ജനിപ്പിക്കുന്നുണ്ട്‌. ചെറിയ സർക്കാർ ആശുപത്രികൾ മുതൽ വൻകിട പ്രൈവറ്റ്‌ ആശുപത്രികൾ വരെ എത്തുന്ന രോഗികളിൽ കാണുന്ന പ്രധാന രോഗലക്ഷണം പനിയാണ്‌. സന്ധിവേദനയോടുകൂടിയ പനി, തലച്ചോറിനെ ബാധിക്കുന്ന പനി, ശ്വാസകോശസംബന്ധമായ രോഗലക്ഷണങ്ങളോടുകൂടിയ പനി എന്നിവയുടെ ദിവസേനയുള്ള നിരീക്ഷണം കേരളത്തിൽ ഇന്ന്‌ നിലനിൽക്കുന്ന ഒട്ടനവധി പകർച്ചവ്യാധികളുടെ (ചിക്കുൻഗുനിയ, ഡെങ്കിഫീവർ, മെനിഞ്ചൈറ്റിസ്‌, ഇൻഫ്‌ളുവൻസ) നിയന്ത്രണത്തിന്‌ അനിവാര്യമാണ്‌. ഇതിൽതന്നെ തുമ്മൽ, മൂക്കൊലിപ്പ്‌, ചുമ തുടങ്ങിയ ലക്ഷണങ്ങളോടു കൂടിയ പനികളുടെ നിരീക്ഷണ നിയന്ത്രണ സംവിധാനം ഇപ്പോൾ നിലനിൽക്കുന്ന ഇൻഫ്‌ളുവൻസയുടെ പശ്ചാത്തലത്തിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌. ഈ സംവിധാനം എല്ലാതരം ആശുപത്രികളിലും നടപ്പിലാക്കേണ്ടതാണ്‌.

പനി നിയന്ത്രിക്കുന്നതിനായുള്ള നിരീക്ഷണ നിയന്ത്രണ സംവിധാനത്തിൾ ഉൾപ്പെട്ടിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും സസൂക്ഷ്‌മം നീരീക്ഷിക്കേണ്ടതുണ്ട്‌. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്‌സ്റ്റേഷനുകൾ, പ്രവാസികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തുടർച്ചയായ നിരീക്ഷണം ഉണ്ടാവേണ്ടതാണ്‌.

ചെറിയ ജലദോഷം മുതൽ ഇൻഫ്‌ളുവൻസ വരെയുള്ള രോഗലക്ഷണങ്ങളോടുകൂടി രോഗം പ്രത്യക്ഷപ്പെടാമെന്നതിനാൽ രോഗികളെ സ്‌ക്രീനിംഗ്‌ ചെയ്‌ത്‌ രോഗമുണ്ടെന്ന്‌ സംശയിക്കുന്ന ആളുകളെ തൊട്ടടുത്ത പ്രദേശത്ത്‌ ഇതിനായി സൗകര്യങ്ങളൊരുക്കിയ ആശുപത്രിയിലേക്ക്‌ എത്തിക്കുകയും വേണം.

സ്‌കൂൾ കുട്ടികൾക്ക്‌ എച്ച്‌1 എൻ1 പനിയെ സംബന്ധിച്ച്‌ വ്യക്തമായ അറിവ്‌ നൽകുകയും രോഗലക്ഷണങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഉടൻതന്നെ ചികിത്സയ്‌ക്ക്‌ അയക്കുകയും വേണം. കൂടാതെ, കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ പേരെയും പരിശോധനയ്‌ക്ക്‌ വിധേയമാക്കുകയും വേണം. വ്യക്തിശുചിത്വം, കഫ്‌ ഹൈജിൻ തുടങ്ങിയവയുടെ പ്രാധാന്യം ക്ലാസ്സുകളിൽ പഠിപ്പിക്കുകയും പോസ്റ്ററുകൾ വഴിയും ചിത്രങ്ങൾ വഴിയും കുട്ടികളുടെ ശ്രദ്ധയിൽ എത്തിക്കുകയും വേണം. ക്ലാസ്സുകളിലെ ഹാജർനില സ്ഥിരമായി നിരീക്ഷിക്കുകയും വരാതിരിക്കുന്നവരുടെ കാരണം അന്വേഷിക്കുകയും വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുകയും രോഗമുള്ള കുട്ടികൾക്ക്‌ ആവശ്യത്തിനുള്ള ലീവ്‌ അനുവദിക്കുകയും വേണം.

കേരളത്തിലെ പൊതുശുചിത്വത്തിലുള്ള അശ്രദ്ധ ഈ രോഗത്തിന്റെ വ്യാപനത്തിന്‌ ഇടവരുത്തുമെന്നതിനാൽ അതീവജാഗ്രത പുലർത്തികൊണ്ടുമാത്രമേ നിയന്ത്രിക്കാനാവൂ.

ചിക്കുൻ ഗുനിയ

1952-53 വർഷങ്ങളിൽ ടാൻസാനിയയിലുണ്ടായ പകർച്ചപ്പനിയുടെ പഠനത്തിലൂടെയാണ്‌ ആധുനിക വൈദ്യശാസ്‌ത്രം ഈ രോഗം കണ്ടെത്തിയത്‌. 1953-ൽ രോഗകാരണമായ വൈറസിനെ രോഗിയിൽനിന്നും ഈഡിസ്‌ കൊതുകിൽ നിന്നും വേർതിരിക്കുകയുണ്ടായി. പെട്ടെന്നുണ്ടാകുന്ന ശക്തിയായ പനി, വിറയൽ, തലവേദന, ഛർദ്ദി, സന്ധിവേദന, തൊലിപ്പുറമേ ചുവന്ന പാടുകൾ എന്നിവയാണ്‌ ആരംഭലക്ഷണങ്ങൾ. ഇവ എല്ലാ വൈറൽ പനികളുടെയും പൊതുലക്ഷണങ്ങളാവാമെങ്കിലും പ്രസ്‌തുത ലക്ഷണങ്ങൾ. കൂടുതൽ തീവ്രമായി അനുഭവപ്പെടുമെന്നതും നീർക്കെട്ടോടുകൂടിയ സന്ധിവേദനയും കടുത്ത നടുവേദനയും ചുവന്നുകലങ്ങിയ കണ്ണുകളും ചിക്കുൻഗുനിയയെ വേറിട്ടു നിർത്തുന്നു. നടുവേദന മൂലം അക്ഷരാർത്ഥത്തിൽ തന്നെ രോഗി വളഞ്ഞുപോകുന്നു. ഈ അവസ്ഥയിൽ നിന്നാണ്‌ രോഗനാമം ഉരുത്തിരിയുന്നത്‌.

മുഖ്യമായും ഈഡിസ്‌ ഈജിപ്‌തി വർഗത്തിൽപ്പെട്ട കൊതുകുകളാണ്‌ ഈ രോഗം പരത്തുന്നത്‌. ഡൽഹിയിലും ഉത്തർപ്രദേശിലും രാജസ്ഥാനിലും ഭീഷണി ഉയർത്തിക്കൊണ്ടിരിക്കുന്ന ഡെങ്കിപ്പനിയും എന്തുകൊണ്ടോ നമ്മുടെ നാട്ടിൽ ഇന്നുവരെ കാലുകുത്താൻ മടിച്ചു നിൽക്കുന്ന മാരകമായ മഞ്ഞപ്പനിയും (Yellow Fever) പരത്തുന്നത്‌ ഇതേ കൊതുക്‌ തന്നെ. ഈഡിസ്‌ ഈജിപ്‌തിയുടെ ആപേക്ഷികസാന്ദ്രത ആപൽക്കരമാംവിധം വർധിച്ചുവരുന്നതായും വിദഗ്‌ധർ വർഷങ്ങൾക്കുമുമ്പേ മുന്നറിയിപ്പു നൽകിയിട്ടുള്ളതാണ്‌. ജനപ്പെരുപ്പത്തോടൊപ്പം കായലുകളും ചതുപ്പുനിലങ്ങളും മാലിന്യക്കൂമ്പാരങ്ങളും ഇടമഴകളും ഈഡിസ്‌ കൊതുക്‌ പെരുകുന്നതിനുള്ള അനുകൂല പശ്ചാത്തലമൊരുക്കുന്നു. കൊതുനിവാരണത്തിലൂടെ വെക്‌ടർ ഇൻഡക്‌സ്‌ 10 ശതമാനത്തിനു താഴെ കൊണ്ടുവരാൻ സാധിച്ചാൽ മാത്രമേ ഫലപ്രദമായ രോഗനിയന്ത്രണം സാധ്യമാകൂ. ഈഡിസ്‌ ഈജിപ്‌തി കൊതുകുകൾക്ക്‌ പുറമെ `ഈഡിസ്‌ ആൽബോപിക്‌ടസ്‌' (Aedes Alb- opictus, Asian Tiger motsquito) കൊതുകുകളും, ക്യൂലക്‌സ്‌, മാൻസോണിയ വർഗത്തിൽപ്പെട്ട കൊതുകുകളും ചിക്കുൻഗുനിയ വാഹകരാവാൻ യോഗ്യരാണെന്ന വസ്‌തുത പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നു.

ലക്ഷണങ്ങൾ

കൊതുകു കടിയേറ്റ്‌ 3 മുതൽ 7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും.

 • കടുത്ത പനി.
 • സന്ധികളിൽ അനുഭവപ്പെടുന്ന വേദന.
 • നിവർന്നു നിൽക്കാൻ കഴിയാത്ത തരത്തിൽ കടുത്ത വേദന.
 • കൈകാലുകൾ മടക്കുന്നതിന്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെടുക.
 • നിലത്ത്‌ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ.
 • ശരീരത്തിൽ ചുവന്ന നിറത്തിലുള്ള കലകൾ പ്രത്യക്ഷപ്പെടൽ

എന്നിവയാണ്‌ പ്രധാന ലക്ഷണങ്ങൾ.

സാധാരണ നിലയിൽ ഒരാഴ്‌ച കൊണ്ട്‌ അപ്രത്യക്ഷമാകുന്ന ഈ രോഗലക്ഷണങ്ങൾ രണ്ടോ മൂന്നോ ആഴ്‌ചകൾ നീണ്ടുനിൽക്കാറുണ്ട്‌. അപൂർവമായി സന്ധിവേദന പോലുള്ള ലക്ഷണങ്ങൾ വർഷങ്ങളോളം നിലനിൽക്കുന്നതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. പല അണുബാധകളും നിശ്ശബ്‌ദരോഗങ്ങളായി (Sub clinical Infections) അലസിപ്പോകാറുമുണ്ട്‌. സാങ്കേതികമായി ചിക്കുൻഗുനിയ നേരിട്ട്‌ മരണത്തിലേക്ക്‌ നയിക്കാറില്ല. ഈ രോഗം പടർന്നുപിടിച്ചതിനെ തുടർന്ന്‌ നൂറിലധികം പേരുടെ ജീവൻ ഇതിനകം അപഹരിക്കപ്പെട്ടു എന്ന വസ്‌തുത രാഷ്‌ട്രീയ വിവാദങ്ങൾക്കപ്പുറം ശാസ്‌ത്രീയ പഠനങ്ങളാണ്‌ ആവശ്യപ്പെടുന്നത്‌. പ്രായവും പോഷകാഹാരക്കുറവും മാരകമായ അന്യരോഗങ്ങളുടെ സാന്നിധ്യവും കുറച്ചു മരണങ്ങളെ ന്യായീകരിക്കുമെങ്കിലും കൂടുതൽ മാരകമായ പുതിയ ഇനം വൈറസ്‌ ബാധയുടെ (More Virulant Mutant Strains) സാധ്യത തള്ളിക്കളയാനാവില്ല. ചില രോഗികളിൽ ഒരേ സമയം ചിക്കുൻ ഗുനിയയുടേയും ഡെങ്കിയുടെയും സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുള്ളത്‌ ആശങ്കാജനകമാണ്‌.

ഇന്ത്യയിൽ ആദ്യമായി 1963-ൽ കൽക്കട്ടയിൽ നിന്നാണ്‌ ചിക്കുൻഗുനിയ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌. പിന്നീട്‌ 1965-ൽ മദ്രാസിൽ നിന്നും 1973-ൽ മഹാരാഷ്‌ട്രയിൽ നിന്നും റിപ്പോർട്ട്‌ ചെയ്യപ്പെട്ടു. അന്ന്‌ മദ്രാസ്‌ സിറ്റിയിൽ മാത്രം 3 ലക്ഷം പേരെയാണ്‌ ഈ രോഗം പിടികൂടിയത്‌. എങ്കിലും കാര്യമായ മരണങ്ങൾ ഉണ്ടായിട്ടില്ല. 1973-നു ശേഷം ആഗോളതലത്തിൽ തന്നെ എപ്പിഡെമിക്കുകൾ ഉണ്ടായിട്ടില്ല. 32 വർഷത്തെ ഇടവേളക്കുശേഷം 2005-ലാണ്‌ ഇന്ത്യയിൽ ഈ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടത്‌. 2005 മുതൽ ഇതുവരെ കർണാടകയിൽനിന്ന്‌ 1,07,740 ഉം ആന്ധ്രായിൽ നിന്ന്‌ 26,864 ഉം മഹാരാഷ്‌ട്രയിൽനിന്ന്‌ 34,725 ഉം കേരളത്തിൽ നിന്ന്‌ 42,750 ഉം തമിഴ്‌നാട്ടിൽ 949 ഉം കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌. ഇവയിൽ കേരളത്തിലാണ്‌ മരണസംഖ്യ ഇത്രയധികം ഉണ്ടായിരിക്കുന്നത്‌.

ആർബോ വൈറസ്‌ എന്ന വലിയൊരു വൈറസ്‌ കൂട്ടുകുടുംബത്തിലെ ഗ്രൂപ്പ്‌-എ വിഭാഗം `ആൽഫ വൈറസ്‌' കുടുംബാംഗമാണ്‌ ചിക്കുൻഗുനിയ വൈറസ്‌. ചുരുക്കം ചില വൈറസ്‌ രോഗങ്ങളൊഴികെ ബഹുഭൂരിപക്ഷം വൈറസ്‌രോഗങ്ങൾക്കും ചികിത്സ ഫലപ്രദമല്ല. സാന്ത്വന ചികിത്സയും പരിചരണവും സങ്കീർണതകളുടെ നിയന്ത്രണവുമാണ്‌ ചെയ്യാനുള്ളത്‌. മിക്കവയും സ്വയം പരിമിതങ്ങളുമാണ്‌ (Self limiting). കാര്യക്ഷമമായ പ്രതിരോധ പ്രവർത്തനങ്ങളാണ്‌ രോഗനിയന്ത്രണം സാധ്യമാക്കുന്നത്‌. പ്രത്യക്ഷവും നിശ്ശബ്‌ദവുമായ രോഗാണുബാധകൾ ആജീവനാന്ത പ്രതിരോധ ശേഷി നൽകുന്നുണ്ട്‌.

ഫലപ്രദമായ വാക്‌സിനുകൾ രോഗങ്ങളെ ചെറുക്കുന്നതോടൊപ്പം ചില രോഗങ്ങളുടെ ഉന്മൂലനം പോലും സാധ്യമാക്കുന്നു (ഉദാ: വസൂരി, പിള്ളവാതം) എന്നാൽ ചിക്കുൻഗുനിയയുടെ കാര്യത്തിൽ മൂന്നര ദശാബ്‌ദകാലത്തെ ഇടവേളമൂലം സ്വാഭാവിക പ്രതിരോധം അസാധ്യമായിരിക്കുന്നു. പ്രവചനാതീത മ്യൂട്ടേഷൻ ശേഷിമൂലം വാക്‌സിൻ നിർമാണം അപ്രായോഗികവും കൃത്രിമ പ്രതിരോധം (Artificial limiting) അപ്രാപ്യവുമത്രെ. ഈ ശാസ്‌ത്രീയ വസ്‌തുതകൾ പ്രതിരോധത്തിന്‌ പരിമിതികൾ സൃഷ്‌ടിക്കുന്നു. രോഗനിർമാർജനം അസംഭവ്യവും നിയന്ത്രണം ആയാസകരവും ആക്കി മാറ്റുന്നു.

മനുഷ്യർക്കൊപ്പം കുരങ്ങുകളും ഈ വൈറസിന്റെ സ്വാഭാവിക ആവാസകേന്ദ്രങ്ങളായി (Natural Reservoirs) വർത്തിക്കുന്നു എന്നത്‌ പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുന്നു.

ഒരു രോഗിയിൽ നിന്നും മറ്റൊരാളിലേക്ക്‌ വൈറസ്‌ സംക്രമിക്കുന്നത്‌ കൊതുകു കടിയിലൂടെ ആയതിനാൽ പ്രതിരോധം കൊതുകു നിവാരണത്തിലൂടെ മാത്രമേ ഫലപ്രദമാകൂ. കേരളത്തിൽ എല്ലായിടത്തും നഗരപ്രദേശങ്ങളിൽ കൂടുതലായും ഈഡിസ്‌ കൊതുകുകൾ കണ്ടുവരുന്നത്‌ കെട്ടിനിൽക്കുന്ന ശുദ്ധജലത്തിലാണ്‌. ഈ കൊതുകുകൾ മുട്ടയിട്ടു പെരുകുന്നത്‌ വീടുകളുടേയും, മറ്റു സ്ഥാപനങ്ങളുടെയും പരിസരങ്ങളിൽ ഉണ്ടാകുന്ന ചെറിയ ചെറിയ വെള്ളക്കെട്ടുകളിലാണ്‌.

ശാസ്‌ത്രീയ ബോധവൽക്കരണവും പരിസരശുചിത്വത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടുള്ള സാമൂഹിക ഇടപെടലുകളുമാണ്‌ രോഗനിയന്ത്രണത്തിനായി ചെയ്യേണ്ടത്‌. മുട്ട വിരിഞ്ഞ്‌ പൂർണവളർച്ചയെത്തിയ കൊതുകായി രൂപാന്തരം പ്രാപിക്കാനുള്ള ഏകദേശ സമയം ഒരാഴ്‌ചയാണ്‌. അതുകൊണ്ട്‌ ആഴ്‌ചയിലൊരിക്കലെങ്കിലും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം.

വാട്ടർ ടാങ്കുകളിലും മറ്റും ജൈവനിയന്ത്രണം സാധ്യമാക്കുന്ന ഗാംബൂസിയ, ഗപ്പി തുടങ്ങിയ മത്സ്യങ്ങളെ വളർത്തുക, പാഴ്‌ച്ചെടികൾ നശിപ്പിച്ച്‌ പരിസരം വൃത്തിയാക്കുക തുടങ്ങിയ കൊച്ചു കൊച്ചു കാര്യങ്ങളിലൂടെ ഈഡിസ്‌ കൊതുകുകൾ പെരുകുന്നത്‌ തടയാൻ കഴിഞ്ഞാൽ മാത്രമേ ചിക്കുൻഗുനിയ തടയാനാകൂ.

ഡെങ്കിപ്പനി

ഈഡിസ്‌ ഈജിപ്‌റ്റി കൊതുകുകളാണ്‌ ഡെങ്കിപ്പനി പരത്തുന്നത്‌. ആർബോ വിഭാഗത്തിൽപ്പെട്ട വൈറസുകളാണ്‌ ഡെങ്കിപ്പനിക്ക്‌ കാരണം. ഡെങ്കിപ്പനിയുള്ള ഒരാളെ ഈഡിസ്‌ കൊതുകുകൾ കടിക്കുമ്പോൾ വൈറസുകൾ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിലെത്തുകയും പിന്നീട്‌ ആരോഗ്യമുള്ള ഒരാളെ കടിക്കുമ്പോൾ ഉമിനീർവഴി രക്തത്തിൽ കലർന്ന്‌ രോഗമുണ്ടാക്കുകയും ചെയ്യുന്നു. 1 മുതൽ 3 ആഴ്‌ചവരെ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ നിലനിൽക്കും. കൊതുകിന്റെ സഹായമില്ലാതെ രോഗമുള്ളവരിൽനിന്നും ഡെങ്കിപ്പനി മറ്റൊരാൾക്ക്‌ പകരില്ല. ഡെങ്കിപ്പനിക്ക്‌ കാരണമാകുന്ന വൈറസ്സുകൾ നാലുതരത്തിലുള്ളതിനാൽ ഒരിക്കൽ രോഗം വന്നിട്ടുള്ളവർക്ക്‌ വീണ്ടും പിടിപെടാൻ സാധ്യതയുണ്ട്‌. ടൈപ്പ്‌ 1, ടൈപ്പ്‌ 2, ടൈപ്പ്‌ 3, ടൈപ്പ്‌ 4 എന്നിങ്ങനെ നാലുതരത്തിലാണ്‌ വൈറസുകളെ പ്രധാനമായും കാണപ്പെടുന്നത്‌. സാധാരണ ഡെങ്കിപ്പനി, ഡെങ്കി ഹെമറാജിക്‌ പനി, ഡെങ്കു ഷോക്ക്‌ സിൻഡ്രോം എന്നീ മൂന്നുതരത്തിൽ ഡങ്കിപ്പനി ബാധിക്കാറുണ്ട്‌.

പനിയും ശരീരവേദനയുമായി പ്രത്യക്ഷപ്പെടുന്നതാണ്‌ സാധാരണ ഡെങ്കു ഫീവർ (D.F.). രക്തസ്രാവത്തിൽ കലാശിക്കുന്നതാണ്‌ ഡെങ്കു ഹെമറേജിക്‌ ഫീവർ (D.H.F.) രക്തസമ്മർദവും നാഡിമിടിപ്പും തകരാറിലാക്കുന്ന പനിയാണ്‌ ഡെങ്കു ഷോക്ക്‌ സിൻഡ്രോം (D.S.S.)

ഡെങ്കിപ്പനിക്ക്‌ പൊതുവെ കാണപ്പെടുന്ന ലക്ഷണങ്ങൾ

 • പെട്ടെന്നുള്ള കഠിനമായ പനി.
 • അസഹ്യമായ തലവേദന.
 • നേത്രഗോളങ്ങളുടെ പിന്നിലെ വേദന.
 • വിശപ്പില്ലായ്‌മയും രുചിയില്ലായ്‌മയും.
 • മീസൽ പോലുള്ള പൊള്ളൽ നെഞ്ചിലും, കൈയിലും മനംപുര ട്ടലും ഛർദ്ദിയും.

ഡെങ്കു ഹെമറാജിക്‌ പനിയുടെയും ഡെങ്കു ഷോക്ക്‌ സിൻഡ്രോമിന്റെയും ലക്ഷണങ്ങൾ

ഡെങ്കിപ്പനിക്ക്‌ കാണപ്പെടാറുള്ള ലക്ഷണങ്ങൾക്കു പുറമെ

 • കഠിനമായും തുടർച്ചയായും അനുഭവപ്പെടുന്ന വയറുവേദന.
 • ചർമ്മം വിളറിയതും ഈർപ്പമേറിയതും ആവുക.
 • മൂക്ക്‌, വായ്‌, മോണ മുതലായവയിൽ കൂടിയുള്ള രക്തസ്രാവ്രം.
 • കൂടെക്കൂടെ രക്തത്തോടെയോ അല്ലാതെയോയുള്ള ഛർദ്ദി.
 • അസ്വസ്ഥതയും ഉറക്കമില്ലായ്‌മയും.
 • അമിതമായ ദാഹം.
 • നാഡിമിടിപ്പ്‌ കുറയൽ.
 • ശ്വാസോച്ഛാസത്തിന്‌ വൈഷമ്യം.

ഈ രോഗത്തിനെതിരെ മനുഷ്യ ശരീരത്തിന്‌ പ്രകൃതിദത്തമായി പ്രതിരോധശേഷിയില്ല. ഡെങ്കിപ്പനിക്കെതിരെ വാക്‌സിൻ ഒന്നുംതന്നെ നിലവിലില്ല. അതുകൊണ്ട്‌ രോഗം ആർക്കും പിടിപെടാം.

കൊതുകുകളുടെ പ്രജനന സ്ഥലം

ഈഡിസ്‌ കൊതുകുകൾ ശുദ്ധജലത്തിലാണ്‌ മുട്ടയിടുന്നതും വളർച്ച പൂർത്തിയാക്കുന്നതും. വെള്ളം നിറച്ചിരിക്കുന്ന വാട്ടർ കൂളർ, ഫ്‌ളവർ വെയ്‌സ്‌, ചെടിച്ചട്ടിയുടെ അടിയിൽ വച്ചിട്ടുള്ള സാസർ, ഒഴിഞ്ഞ പാത്രങ്ങൾ, ജാർ, ഫ്രിഡ്‌ജ്‌, വാഴയുടെ പോളകൾ, മരത്തിന്റെ വിടവുകൾ തുടങ്ങിയ സ്ഥലത്ത്‌ ഈ കൊതുകുകൾ മുട്ടയിടുന്നു.

നിയന്ത്രണങ്ങൾ

 • ഈഡിസ്‌ ഈജിപ്‌തി കൊതുകുകളെ നശിപ്പിക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കുക.
 • കൊതുകുകളുടെ പ്രജനന സ്ഥലങ്ങൾ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുക.
 • വീട്ടിനുള്ളിലും പരിസരത്തും കെട്ടിക്കിടക്കുന്ന വെള്ളം ശരിയായ വിധം ഇല്ലായ്‌മ ചെയ്യുക.
 • വാട്ടർ കൂളറിലുള്ള വെള്ളം ആഴ്‌ചതോറും മാറ്റുക.
 • കൊതുകു നശീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തും മറ്റ്‌ സംഘടനകളും ഏറ്റെടുക്കുക.

മുൻകരുതൽ

പരിസരത്തിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്‌. ഒഴിഞ്ഞ പാത്രങ്ങൾ, ചിരട്ട, ഉപയോഗമില്ലാത്ത ടയർ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാതെ ശ്രദ്ധിക്കുക. വീടുകളിൽ കൊതുകുകൾക്കുള്ള സ്‌ക്രീനിംഗ്‌ നടത്തുക.

വീടിനുള്ളിൽ കൊതുക്‌ കടക്കാത്തവിധം സജ്ജീകരിക്കുക. (Mosquito proof) സാധിച്ചില്ലെങ്കിൽ പൈറത്രം പോലുള്ള കീടനാശനികൾ കൊണ്ട്‌ സ്‌പ്രേ ചെയ്യുക.

ഉയർന്ന പനിയുള്ളവരെ ഉടനെ ചികിത്സയ്‌ക്ക്‌ വിധേയരാക്കുക. ഡെങ്കു സംശയമുള്ളവർ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുക. കൊതുകു നിർമാർജന പ്രവർത്തനത്തിൽ സഹായിക്കുക. രോഗിയെ കൊതുകുവലയ്‌ക്കുള്ളിൽ കിടത്തുക. അല്ലെങ്കിൽ കൊതുക്‌ കടക്കാത്ത (Mosquito proof) മുറി സജ്ജീകരിക്കുക.

പോഷകാഹാരവും ധാരാളം പാനീയങ്ങളും രോഗിക്ക്‌ കൊടുക്കുക. പനിയും രക്തസ്രാവവും ഉണ്ടെങ്കിൽ ഡോക്‌ടറുടെ സേവനം ലഭ്യമാക്കുക.

എലിപ്പനി

പ്രകൃതിദത്തമായി മറ്റു ജീവികൾ മുഖേന മനുഷ്യനിലേക്ക്‌ പകരുന്ന രോഗമാണ്‌ എലിപ്പനി അഥവാ വീൽസ്‌ ഡിസീസ്‌ (Weils Disease). ഈ രോഗം അറിയപ്പെടുന്നത്‌ ലെപ്‌റ്റോ സ്‌പൈറോസിസ്‌ സൂണോസിസ്‌ എന്ന പേരിലാണ്‌. ലെപ്‌റ്റോ സ്‌പൈറ എന്ന ബാക്‌ടീരിയയാണ്‌ എലിപ്പനിക്ക്‌ കാരണം.

കാർന്നുതിന്നുന്ന ജീവികളിലും വളർത്തു മൃഗങ്ങളിലുമാണ്‌ ഈ ബാക്‌ടീരിയയെ കണ്ടുവരുന്നത്‌. എന്നാൽ പ്രധാനമായും എലിയിൽ നിന്നാണ്‌ രോഗം പകരുന്നത്‌. എലിമൂത്രം മൂലം അശുദ്ധമായ വെള്ളം, മണ്ണ്‌, ആഹാരം എന്നിവയിലൂടെയാണ്‌ ഇത്‌ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്‌.

രോഗലക്ഷണങ്ങൾ

ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനി, കുളിര്‌, ശരീരവേദന, തലവേദന, കണ്ണിന്‌ ചുമപ്പ്‌ ഛർദ്ദി, വയറിളക്കം, തൊലിപ്പുറമെയുള്ള തടിപ്പ്‌, സന്ധിയിൽ വേദന എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങൾ. ഇതിനെത്തുടർന്ന്‌ രോഗം കരൾ, ശ്വാസകോശം, തലച്ചോറ്‌, ഹൃദയപേശി, വൃക്ക എന്നിവയെ ബാധിക്കുന്നു. കരളിനെ ബാധിച്ച്‌ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നതുകൊണ്ട്‌ എലിപ്പനി മഞ്ഞപ്പിത്തമായി തെറ്റിദ്ധരിക്കാനിടയുണ്ട്‌. വൃക്കകളെ ബാധിക്കുന്നതുമൂലമാണ്‌ രോഗം മൂർഛിക്കുന്നത്‌. ഈ സമയം മൂത്രത്തിന്റെ അളവ്‌ കുറയുകയും ഇരുണ്ട്‌ ചുവപ്പ്‌ നിറമായിത്തീരുകയും ചെയ്യും. വൃക്കയുടെ തകരാറാണ്‌ മരണത്തിലേക്ക്‌ നയിക്കുന്നത്‌.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. പെട്ടന്നുളള പനി, തലവേദന, നടുവേദന, ഛർദ്ദി, കണ്ണു ചുവപ്പ്‌, വെയിലത്ത്‌ നോക്കുമ്പോൾ വിഷമം ഇവ അനുഭവപ്പെട്ടാൽ ഉടൻ ഡോക്‌ടറുടെ സഹായം തേടുക. 2. കരൾ രോഗം, വൃക്ക രോഗം ഇവ ഉണ്ടാകാൻ സാധ്യതയുളളതിനാൽ മൂത്രത്തിന്റെ അളവും നിറവും ശ്രദ്ധിക്കുക. 3. ആഹാര സാധനങ്ങൾ മൂടിവെയ്‌ക്കുക. 4. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. 5. വ്യക്തിശുചിത്വം പാലിക്കുക. 6. എലിയെ നശിപ്പിക്കുക. 7. മലിന ജലത്തിൽ മുഖം കഴുകുകയോ, കുളിക്കുകയോ അത്‌ കുടിക്കുകയോ ചെയ്യരുത്‌. 8. കയ്യുറ ധരിക്കാതെ മൃഗങ്ങളെ ശുശ്രൂഷിക്കുകയോ അവയുടെ വിസർജ്യങ്ങൾ കൈകാര്യം ചെയ്യുകയോ അരുത്‌. 9. പരിസരങ്ങളിൽ ചപ്പുചവറുകൾ കൂട്ടിയിടരുത്‌. 10. തുറന്നു വെച്ചതോ, പാചകം ചെയ്യാത്തതോ ആയ ഭക്ഷണ സാധനങ്ങൾ ഒന്നും കഴിക്കരുത്‌. 11. പനി ഉണ്ടായാൽ സ്വയം ചികിത്സ ചെയ്യാതെ ഏറ്റവും അടുത്തുളള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്‌ക്ക്‌ വിധേയരാവുക.

ടൈഫോയ്‌ഡ്‌

സാൽ മൊണല്ല ടൈഫി എന്നു പേരുള്ള ബാക്‌ടീരിയ വർഗത്തിൽപ്പെട്ട സൂക്ഷ്‌മാണുക്കൾ കൊണ്ടുണ്ടാകുന്ന ഒരു അസുഖമാണ്‌ ടൈഫോയ്‌ഡ്‌.

മലിനമായ കുടിവെള്ളം, വിസർജന വസ്‌തുക്കളുടെ നിർമാർജനത്തിൽ സംഭവിക്കുന്ന വീഴ്‌ചകൾ എന്നിവയാണ്‌ ഈ രോഗത്തിന്‌ പ്രധാന കാരണങ്ങൾ. ഇന്ത്യയെപ്പോലുള്ള അവികസിത രാജ്യങ്ങളിലാണ്‌ കൂടുതലായും ടൈഫോയ്‌ഡ്‌ രോഗം കണ്ടുവരുന്നത്‌. ലോകത്ത്‌ ഒരു വർഷം ശരാശരി 6 ലക്ഷം പേർ ടൈഫോയ്‌ഡ്‌ രോഗം കൊണ്ടു മരിക്കുന്നു എന്നും അതിൽ 80%വും ഏഷ്യൻ രാജ്യങ്ങളിലാണെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു.

ടൈഫോയ്‌ഡ്‌ രോഗാണുക്കൾ മധ്യസ്ഥ ജീവികളുടെ സഹായമില്ലാതെ തന്നെ പ്രകൃതിയിൽനിന്ന്‌ നേരിട്ട്‌ ഭക്ഷണം, വെള്ളം എന്നിവ വഴി മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. മറ്റൊരു ജീവജാലത്തിലും ഈ രോഗാണുക്കൾ വസിക്കുന്നില്ല എന്നത്‌ ഇതിന്റെ പ്രത്യേകതയാണ്‌. വെള്ളത്തിൽ 2 മുതൽ 7 ദിവസം വരെ രോഗാണുക്കൾ സജീവമായി ജീവിക്കുന്നു. ഐസ്‌ക്രീം പോലുള്ള തണുത്ത ഭക്ഷണങ്ങളിൽ രോഗാണുക്കൾ ഒരു മാസത്തിലേറെ സജീവമായിരിക്കുകയും സംഖ്യാവർധന സംഭവിക്കുകയും ചെയ്യുന്നു.

പാൽ, വെള്ളം എന്നിവ നന്നായി തിളപ്പിച്ചും ഭക്ഷണം നന്നായി വേവിച്ചും ഉപയോഗിക്കുക വഴി രോഗാണുക്കളെ നശിപ്പിക്കുവാൻ കഴിയുന്നു. ജൂലൈ മുതൽ സെപ്‌തംബർ വരെയുള്ള മാസങ്ങളിലാണ്‌ ടൈഫോയ്‌ഡ്‌ രോഗം കൂടുതലായും കണ്ടുവരുന്നത്‌. മഴക്കാലത്ത്‌ കുടിവെള്ളം, ഭക്ഷണം എന്നിവ മലിനമാകാനുള്ള സാധ്യത ഏറെയാണെന്നതുതന്നെ ഇതിനു കാരണം. കൂടാതെ ഈച്ചകൾ മലിനമായ സ്ഥലത്തുനിന്ന്‌ ഭക്ഷണ സാധനങ്ങളിൽ വന്നിരിക്കുക വഴിയും രോഗാണുക്കൾ ഭക്ഷണത്തിൽ കടന്നുകൂടുന്നു. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തുക വഴി ഈ അപകട സാധ്യത മഴക്കാലത്ത്‌ കൂടുതലായും കണ്ടുവരുന്നു. പനി, ശരീരവേദന, തലവേദന, ശാരീരിക ക്ഷീണം, ഛർദ്ദി, വയറിളക്കം എന്നിവയാണ്‌ പൊതുവായി കാണുന്ന രോഗലക്ഷണങ്ങൾ. ശരീരത്തിലെ ആന്തരികാവയവങ്ങളെ ബാധിക്കുന്ന ഒരു അസുഖമാണ്‌ ടൈഫോയ്‌ഡ്‌. രോഗനിർണയത്തിന്‌ രോഗിയുടെ രക്തം, മലം എന്നിവ കൾച്ചർ ചെയ്യുകയാണ്‌ ഫലപ്രദം.

മലമൂത്ര വിസർജനത്തിന്‌ ശേഷം കൈകൾ സോപ്പിട്ട്‌ കഴുകുവാനും കൈകൾ കഴുകി വൃത്തിയാക്കിയതിനുശേഷം മാത്രം ആഹാരം പാകം ചെയ്യാനും ശ്രദ്ധിക്കുക. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നിരോധിക്കുക. കുടിവെള്ളം തിളപ്പിച്ചു മാത്രം ഉപയോഗിക്കുക എന്നിവയാണ്‌ പ്രധാന പ്രതിരോധ നടപടി.

മഞ്ഞപ്പിത്തം

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിനെ ബാധിക്കുന്ന ഒരു വൈറസ്‌ രോഗമാണ്‌ മഞ്ഞപ്പിത്തം. ഈ രോഗം എ, ബി, സി, ഡി, ഇ, ജി എന്നിങ്ങനെ ആറുതരത്തിലുണ്ട്‌. ഇതിൽ ഹെപ്പറ്റൈറ്റിസ്‌ എ, ഇ എന്നിവ പകരുന്നത്‌ മലിന ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്‌. ഹെപ്പറ്റൈറ്റിസ്‌ ബി, സി, ഡി, ജി എന്നിവ പകരുന്നത്‌ രക്തത്തിലൂടെയും രക്തോല്‌പന്നങ്ങളിലൂടെയുമാണ്‌. കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഹെപ്പറ്റൈറ്റിസ്‌ കൂടുതലും `എ' വിഭാഗത്തിൽപ്പെട്ടതാണ്‌.

മലത്തിലൂടെ വിസർജിക്കപ്പെടുന്ന വൈറസുകൾ വെള്ളത്തിൽ പത്ത്‌ ആഴ്‌ചകളോളവും മണ്ണിൽ വർഷങ്ങളോളവും കാണപ്പെടുന്നു.

തുടക്കത്തിൽ ചെറിയ പനി, വിശപ്പില്ലായ്‌മ, ആഹാരത്തോട്‌ വെറുപ്പ്‌, ഓക്കാനം, ഛർദ്ദി, മനംപിരട്ടൽ, തലവേദന, അമിതമായ ശാരീരിക ക്ഷീണം, വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളുണ്ടാകാം. ഒരാഴ്‌ചയോടുകൂടി മൂത്രത്തിന്‌ മഞ്ഞനിറവും അതിനുശേഷം ഒന്നുരണ്ടു ദിവസത്തിനുള്ളിൽ കണ്ണിൽ മഞ്ഞനിറവും പ്രത്യക്ഷപ്പെടുന്നു.

മഞ്ഞപ്പിത്തത്തിന്റെ പ്രകടമായ രോഗലക്ഷണങ്ങൾ കാണുന്നതിന്‌ രണ്ടാഴ്‌ച മുമ്പും രോഗലക്ഷണങ്ങൾ പ്രകടമായി ഒരാഴ്‌ചയ്‌ക്കുള്ളിലുമാണ്‌ രോഗസംക്രമണമുണ്ടാകുക. രോഗലക്ഷണം പ്രകടമാകാത്ത ക്യാരിയർ സ്റ്റേജും ഈ രോഗത്തിനുണ്ട്‌. രക്തപരിശോധനയിലൂടെ രോഗനിർണയം നടത്താം. രോഗിക്ക്‌ പരിപൂർണ വിശ്രമവും, ഉപ്പും കൊഴുപ്പും കുറഞ്ഞ പോഷകസമൃദ്ധമായ ഭക്ഷണവും അത്യാവശ്യമാണ്‌. പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുകയാണ്‌ രോഗം വരാതിരിക്കാനുള്ള ഏക മാർഗം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • കിണറുകളിലും കുടിവെള്ള സ്രോതസ്സുകളിലും സൂപ്പർ ക്ലോറിനേഷൻ നടത്തുക.
 • ഇരുപത്‌ മിനിറ്റുനേരം തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
 • അണുവിമുക്തമാക്കാത്ത വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന ശീതള പാനീയങ്ങൾ, സംഭാരം, കുപ്പിവെള്ളം, ഐസ്‌ക്രീം തുടങ്ങിയവ ഒഴിവാക്കുക.
 • ആഹാരത്തിനു മുമ്പും ശേഷവും കൈ വൃത്തിയായി കഴുകുക.
 • പാചകം ചെയ്‌ത ഭക്ഷണ പദാർത്ഥങ്ങൾ മലിനമാകാതെ മൂടി സൂക്ഷിക്കുക.
 • വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
 • മലമൂത്രവിസർജനം കക്കൂസിൽ മാത്രം നിർവഹിക്കുക.
 • ശൗച്യത്തിനുശേഷം കൈ വൃത്തിയായി കഴുകുക.
 • രോഗിയുടെ മലം, മൂത്രം തുടങ്ങിയവ അണുനശീകരണം നടത്തി മറവുചെയ്യുക.
 • രോഗി ഉപയോഗിച്ച പാത്രം, വസ്‌ത്രം എന്നിവ തിളപ്പിച്ച വെള്ളമുപയോഗിച്ച്‌ കഴുകുക.

മലമ്പനി

മാനവചരിത്രത്തോളംതന്നെ പഴക്കമുള്ള മലമ്പനി കേരള സംസ്ഥാന ത്തുനിന്നും ഏറെക്കുറെ നിർമ്മാർജനം ചെയ്യപ്പെട്ട രോഗമാണ്‌. എന്നാൽ കാസർകോട്‌ ജില്ലയിലും മറ്റും ഒറ്റപ്പെട്ടാണെങ്കിലും ഇന്നും ഇത്‌ ഭീഷണിയായി നിലനിൽക്കുകയാണ്‌.

പ്രോട്ടോസോവ വിഭാഗത്തിലെ പ്ലാസ്‌മോഡിയം ജനുസ്സിൽപ്പെട്ട പരാദങ്ങളാണ്‌ രോഗാണുക്കൾ. അനോഫിലസ്‌ വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകളാണ്‌ മനുഷ്യരിലേക്ക്‌ രോഗം പരത്തുന്നത്‌.

രോഗകാരണം

പ്ലാസ്‌മോഡിയം അണുക്കൾ ബാധിച്ച അനോഫിലസ്‌ പെൺ കൊതുകുകൾ രോഗമില്ലാത്ത മനുഷ്യരിൽ നിന്നും രക്തം കുടിക്കുമ്പോൾ ഈ രോഗാണുക്കളെ മനുഷ്യരുടെ ഉളളിൽ കടത്തിവിടുന്നു. ഇവ മനുഷ്യരു ടെ ഉളളിൽ രൂപഭേദം പ്രാപിച്ച്‌ മലമ്പനി എന്ന രോഗമുണ്ടാക്കുന്നു. ഇന്ത്യയി ലെ കാലാവസ്ഥയും ജീവിതരീതികളും മലമ്പനി രോഗം വ്യാപിക്കുന്നതി നുളള സാധ്യത വർധിപ്പിക്കുന്നു. കൊതുകുവല ഉപയോഗിക്കാത്തതും, തുറ സ്സായ സ്ഥലങ്ങളിൽ കിടന്നുറങ്ങുന്നതും രോഗബാധയ്‌ക്കിടയാക്കുന്നു.

കൊതുകു കടിയേറ്റ ശേഷം ഏതാണ്ട്‌ 10 ദിവസം മുതൽ 28 ദിവ സത്തിനുളളിൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. എന്നാൽ ഒൻപത്‌ മാസത്തിനുശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌.

രോഗലക്ഷണങ്ങൾ

പനി, വിറയൽ എന്നിവയാണ്‌ പ്രധാന രോഗലക്ഷണങ്ങൾ. പനിയോടൊപ്പം പെട്ടെന്ന്‌ കുളിരും, പല്ലുകടിയും ഉണ്ടാകുന്നു. രോഗിക്ക്‌ കടുത്ത പനിയുണ്ടാകുകയും ദേഹം മുഴുവൻ ചുട്ടുപൊളളുന്നതായി തോന്നുകയും ചെയ്യും. ശരീരം മുഴുവൻ വേദനയും അസഹ്യമായ തലവേദനും അനുഭവപ്പെടുന്നു.

ശരീരം നന്നായി വിയർക്കുന്നതോടെ പനി കുറയുന്നു. രോഗിക്ക്‌ ആശ്വാസം തോന്നുന്നു.

ഒന്നിടവിട്ട ദിവസങ്ങളിലോ, നാലാം ദിവസമോ ചിലപ്പോൾ നിത്യവുമോ പനിയുണ്ടാവും.

ഫാൾസിപ്പാരം മലമ്പനി തലച്ചോറിനെ ബാധിക്കുകയും ജന്നി, ബോധക്ഷയം എന്നിവ ഉണ്ടാകുകയും ചെയ്യും.

മുൻകരുതലുകൾ

കൊതുകുകളാണ്‌ മലമ്പനി ഉണ്ടാക്കുന്നത്‌. കൊതുക്‌ വളർന്ന്‌ പെരുകുന്നത്‌ വെളളത്തിലായതിനാൽ വീട്ടിലും പരിസരത്തും വെളളം കെട്ടിനിൽക്കാൻ അനുവദിക്കാതിരിക്കുക, വെളളം ശേഖരിച്ചു വച്ചിരിക്കുന്ന പാത്രങ്ങൾ/ടാങ്കുകൾ മൂടി സൂക്ഷിക്കുകയും ആഴ്‌ചയിലൊരിക്കൽ ഉണക്കി വൃത്തിയാക്കുകയും ചെയ്യുക, പൊട്ടിയ പാത്രക്കഷ്‌ണങ്ങൾ, ടിന്നുകൾ, ടയറുകൾ, ചിരട്ട എന്നിവയിൽ വെളളം കെട്ടി നിൽക്കാൻ അനുവദിക്കാതി രിക്കുക, ഉപയോഗ ശൂന്യമായ കിണറുകൾ മൂടിയിടുക, കൊതുകുവല ഉപ യോഗിക്കുക, കിണറുകളിൽ ഗപ്പി, ഗാംബൂസിയ വിഭാഗത്തിൽപ്പെട്ട മത്സ്യങ്ങളെ വളർത്തുക.

മലമ്പനി ബാധിച്ചാൽ എന്തു ചെയ്യണം

1. പനിയോ, വിറയലോടു കൂടിയ പനിയോ ഉണ്ടായാൽ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെത്തി രക്തപരിശോധന നടത്തി മലമ്പനി ബാധിച്ചിട്ടുണ്ടോ എന്ന്‌ ഉറപ്പാക്കുകയും ക്ലോറോക്വിൻ ഗുളികകൾ കഴിക്കുകയും ചെയ്യുക. 2. രക്തപരിശോധനയിൽ മലമ്പനി രോഗാണുക്കളെ കണ്ടെത്തിയാൽ സമ്പൂർണ ചികിത്സയ്‌ക്ക്‌ വിധേയരാവുക. 3. വെറും വയറ്റിൽ മലമ്പനി മരുന്നുകൾ കഴിക്കാൻ പാടില്ല. സ്‌ത്രീകളിൽ ഗർഭകാലത്ത്‌ മലമ്പനി ബാധയുണ്ടായാൽ ഗർഭസ്ഥശിശു മരണപ്പെടാനും, മാസം തികയാതെയുളള പ്രസവത്തിനും, ഗർഭഛിദ്രം സംഭവിക്കാനും സാധ്യതയുണ്ട്‌.

ജപ്പാൻജ്വരം

ക്യൂലക്‌സ്‌ വർഗത്തിൽപ്പെട്ട വിഷ്‌ണുയി, ട്രൈ നിയോറിൻകസ്‌, സ്യൂ ഡോ വിഷ്‌ണുയി എന്നീ വിഭാഗം കൊതുകുകളാണ്‌ ജാപ്പാനിസ്‌ എൻസഫലൈറ്റിസ്‌ എന്ന രോഗം മനുഷ്യരിലേക്ക്‌ പകർത്തുന്നത്‌. ഗ്രൂപ്പ്‌ ബി ആൽബോവൈറസ്‌ വിഭാഗത്തിൽപ്പെട്ട ഫ്‌ളാവി വൈറസുകളാണ്‌ രോഗാണുക്കൾ.

രോഗബാധിതരായവരിൽനിന്നുള്ള രക്തപാനത്തിനുശേഷം പെൺകൊതുകുകൾ 9 മുതൽ 12 ദിവസത്തിനുള്ളിൽ രോഗവാഹകരായിത്തീരുന്നു. ഇങ്ങനെയുള്ള കൊതുകുകൾ ജീവിതകാലം മുഴുവൻ ശരീരത്തിൽ രോഗാണുക്കളെ വഹിച്ചുകൊണ്ടിരിക്കും. രോഗവാഹികളായ മൃഗങ്ങളുടെയും പക്ഷികളുടെയും രക്തം കുടിച്ച കൊതുകുകൾ വീണ്ടും മനുഷ്യരക്തം കുടിക്കാനിടയാകുമ്പോൾ രോഗാണുക്കൾ മനുഷ്യരിൽ പ്രവേശിക്കുന്നു. മനുഷ്യൻ ഈ രോഗത്തിന്റെ യാദൃശ്ചിക ആതിഥേയൻ മാത്രമാണ്‌. മനുഷ്യരിൽനിന്നും മനുഷ്യരിലേക്ക്‌ രോഗപ്പകർച്ച ഇല്ല.

രോഗലക്ഷണങ്ങൾ

രോഗാണു ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞ്‌ 5 ദിവസം മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. മനുഷ്യശരീരത്തിൽ വൈറസുകൾ പുറപ്പെടുവിക്കുന്ന വിഷവസ്‌തു രോഗിക്ക്‌ പനിയും മറ്റ്‌ അസ്വസ്ഥതകൾക്കും കാരണമാകുന്നു. പിന്നീട്‌ വൈറസുകളുടെ ലക്ഷ്യം നാഡീവ്യൂഹമാണ്‌. വൈറസുകൾ നാഡീകോശങ്ങളെ ആക്രമിച്ച്‌ അവയെ ശിഥിലമാക്കുകയും രക്തക്കുഴലുകളെ വലയംവെച്ച്‌ രക്തസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ടാണ്‌ മസ്‌തിഷ്‌കജ്വരം അപകടകരമായ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നത്‌. വൈറസുകൾ മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളെയും ആക്രമിക്കാം. എന്നാൽ അവയ്‌ക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്‌ തലച്ചോറിലെ കോശങ്ങളാണ്‌. പനി, ശക്തിയായ തലവേദന, കഴുത്ത്‌ വേദന (കഴുത്ത്‌ കുനിക്കാൻ സാധിക്കാതെ വരിക) ചിലപ്പോൾ ഛർദ്ദി, വിറയൽ എന്നിവയാണ്‌ പ്രാരംഭ രോഗലക്ഷണങ്ങൾ. അടുത്ത 3, 4 ദിവസത്തിനുള്ളിൽ ചിലരിൽ മെനിഞ്ചൈറ്റിസ്‌ ബാധയുടെ ലക്ഷണങ്ങളായ അപസ്‌മാരം, തളർച്ച, ബോധക്ഷയം എന്നിവ പ്രകടമാകും. കൈകാലുകളിലെ തളർച്ച, കീഴ്‌ത്താടിയുടെ മരവിപ്പ്‌, കാഴ്‌ചക്കുറവ്‌ എന്നിവയും മറ്റു രോഗലക്ഷണങ്ങളാണ്‌. ഇത്‌ മൂർച്ഛിച്ചാണ്‌ മരണം സംഭവിക്കുന്നത്‌. രോഗാണു ശരീരത്തിൽ പ്രവേശിക്കുന്ന എല്ലാവരിലും രോഗം വരുന്നില്ല. ആയിരത്തിൽ ഒന്നോ രണ്ടോ പേർക്ക്‌ മാത്രമേ രോഗം ഉണ്ടാവുകയുള്ളൂ.

നമുക്ക് എന്ത് ചെയ്യാം

മേൽ സൂചിപ്പിച്ച മിക്ക രോഗങ്ങളിലേയും വില്ലൻ കൊതുക്‌ ആണെന്ന്‌ നാം കണ്ടുകഴിഞ്ഞു. കൊതുകുകൾക്ക്‌ വളരാനുള്ള സാഹചര്യമൊരുക്കുന്നത്‌ നാം തന്നെയാണ്‌. വാങ്ങിക്കൂട്ടുകയും ഉപയോഗം കഴിഞ്ഞയുടൻ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുകയും ചെയ്യുന്ന ഉപഭോക്തൃ സംസ്‌കാരമാണ്‌ കേരളത്തിന്റെ ഇന്നത്തെ മുഖമുദ്ര. തന്മൂലം നഗരവും ഗ്രാമവുമെല്ലാം ചപ്പുചവറുകളുടെ കൂമ്പാരമായി മാറിയിരിക്കുന്നു. ഒരു കാലത്ത്‌ ആഫ്രിക്കൻ മഴക്കാടുകളിൽ ജീവിച്ചിരുന്ന ഏഡിസ്‌ കൊതുകുകൾക്ക്‌ ഇന്ന്‌ ഏറെ ഇഷ്‌ടം നഗരീകൃത സംസ്‌കൃതിയാണ്‌. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്‌ ബാഗുകളുടെ കാര്യമെടുക്കാം. അതിൽ കുറച്ചു മഴവെള്ളം കയറിക്കഴിഞ്ഞാൽ ബാഷ്‌പീകരണം നടക്കാതെ ഏറെ നാൾ നിൽക്കുന്നു. കൊതുകിനു മുട്ടയിട്ടു പെരുകാൻ വേണ്ടത്ര സമയം ഇതുമൂലം ലഭിക്കും. ബോധവൽക്കരണം കൊണ്ടുമാത്രം ഈ വലിച്ചെറിയൽ സംസ്‌കാരം നിയന്ത്രിക്കാൻ കഴിയുമെന്ന്‌ തോന്നുന്നില്ല. ശക്തമായ നിയമങ്ങൾ ഈ മേഖലയിലും ആവശ്യമാണ്‌. ഇറച്ചി മാലിന്യങ്ങൾ ചാക്കിലാക്കി പാതിരാത്രികളിൽ പൊതുനിരത്തുകളിലും ജലാശയങ്ങളിലും നദികളിലും തോടുകളിലും പാതയോരത്തും നിക്ഷേപിച്ച്‌ സമൂഹത്തിലാകെ രോഗം പകർത്തുന്നവരും, എല്ലാം സഹിച്ച്‌ നിശ്ശബ്‌ദരായിരിക്കുന്ന ജനങ്ങളും വേറെ എവിടെയുണ്ട്‌? എലിപ്പനിയും, ഡെങ്കിപ്പനിയും, ചിക്കുൻ ഗുനിയയുമെല്ലാം വന്നിട്ടും പ്രശ്‌നത്തിന്റെ ഗൗരവം നമുക്ക്‌ തിരിച്ചറിയാൻ കഴിയില്ലെന്നോ? കേരളത്തെ മാലിന്യമുക്തമാക്കാനുള്ള സർവ്വതലസ്‌പർശിയായ നടപടികൾ പനിയിൽ നിന്ന്‌ കേരളത്തെ രക്ഷിക്കാനുള്ള മുന്നുപാധിയാണ്‌.

ആരോഗ്യ വകുപ്പുതലത്തിലും ദീർഘകാല നടപടികൾ ആവശ്യമുണ്ട്‌. കാലങ്ങളായി ശ്രദ്ധയിൽപ്പെടുന്ന ഒരു പ്രധാന പരിമിതി ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ അഭാവമാണ്‌. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കഴിഞ്ഞാൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള സർക്കാർ ആശുപത്രികളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. ദുർബല ജനവിഭാഗങ്ങൾക്ക്‌ ആതുരസേവനം ഉറപ്പാക്കുന്നതിനു പുറമേ പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനും ജീവിതശൈലീ രോഗങ്ങൾ കാലേക്കൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും പ്രാഥമിക ദ്വിതീയ തലത്തിലുള്ള ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്തേണ്ടതുണ്ട്‌.

ഇതോടൊപ്പം മെഡിക്കൽ കോളേജുകളുടെ നിലവാരം വർധിപ്പിച്ച്‌ അവയെ അതിവിശിഷ്‌ട ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റാനുതകുന്ന പരിപാടികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കണം. മെഡിക്കൽ കോളേജുകളിലെ ഡോക്‌ടർമാരുടെ വേതന വ്യവസ്ഥകൾ പരിഷ്‌കരിച്ച്‌ സ്വകാര്യചികിത്സാ സമ്പ്രദായം അവസാനിപ്പിക്കാൻ ഇയ്യിടെ സർക്കാർ തയ്യാറായത്‌ ശുഭോദർക്കമായ കാര്യമാണ്‌.

സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ കടന്നുവരവ്‌ ആരോഗ്യ മേഖലയിൽ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാക്കാനാണ്‌ സാധ്യത. ഇപ്പോൾ തന്നെ ഗ്രാമീണമേഖലയിൽ ആതുര സേവനം അനുഷ്‌ഠിക്കാൻ ഡോക്‌ടർമാരെ ലഭിക്കാത്ത സാഹചര്യമാണ്‌. ലക്ഷക്കണക്കിനു രൂപ നൽകി സ്വാശ്രയ കോളേജുകളിൽ പഠിച്ചു പുറത്തുവരുന്ന ഡോക്ടർമാർ തീർച്ചയായും ഗ്രാമീണ മേഖലയിൽ സേവനത്തിനായി എത്താൻ സാധ്യത കുറവാണ്‌. മാത്രമല്ല ഇങ്ങിനെ പഠിച്ചിറങ്ങുന്നവർ വൈദ്യശാസ്‌ത്ര മൂല്യങ്ങൾ പിന്തുടരുമെന്ന്‌ കരുതാനും നിവൃത്തിയില്ല. സ്വകാര്യ മെഡിക്കൽ കോളേജുകളുടെ ആവശ്യകതയും സാമൂഹ്യ പ്രത്യാഘാതങ്ങളും വിലയിരുത്താതെ കൂടുതൽ കോളേജുകൾക്ക്‌ യാതൊരു കാരണവശാലും അനുമതി കൊടുക്കാൻ പാടില്ല.

സർക്കാർ ആശുപത്രികളോടൊപ്പം ചെറുകിട-ഇടത്തരം സ്വകാര്യ ആശുപത്രികളും ഇന്ന്‌ തകർച്ചയെ നേരിട്ടുവരികയാണ്‌. ചെറുകിട-ഇടത്തരം സ്വകാര്യ ആശുപത്രികളെയും സർക്കാർ ആശുപത്രികളെയും കോർത്തിണക്കിക്കൊണ്ടുള്ള ഒരു ``കുടുംബ ഡോക്‌ടർ സംവിധാനം ഗ്രാമപ്രദേശങ്ങളിൽ ഏർപ്പെടുത്തുന്ന കാര്യം പരിശോധിച്ചു നോക്കാവുന്നതാണ്‌. അതോടൊപ്പം വൻകിട സ്വകാര്യ ആശുപത്രികളെ കർശനമായ സാമൂഹ്യനിയന്ത്രണത്തിനു വിധേയമാക്കുകയും വേണം.

കേരളം ഇന്ന്‌ അഭിമുഖീകരിക്കുന്ന ഇത്തരം ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുതകുന്ന ഒരു ഏകീകൃത പബ്ലിക്‌ ഹെൽത്ത്‌ ആക്‌റ്റ്‌ ഇന്ന്‌ കേരളത്തിൽ നിലവിലില്ല. പാലക്കാടു നിന്നും വടക്കോട്ട്‌ മലബാർ പബ്ലിക്ക്‌ ഹെൽത്ത്‌ ആക്‌റ്റും, തെക്കോട്ട്‌ ട്രാവൻകൂർ പബ്ലിക്ക്‌ ഹെൽത്ത്‌ ആക്‌റ്റുമാണ്‌ നിലവിലുള്ളത്‌. ഇത്‌ കാലാനുസൃതമായി പുതുക്കിയും പുതിയ നിർദ്ദേങ്ങൾ ഉൾക്കൊള്ളിച്ചും കേരളത്തിൽ ഒരു ഏകീകൃത പൊതുജനാരോഗ്യ നിയമം അടിയന്തരമായി പ്രാബല്യത്തിൽ കൊണ്ടുവരേണ്ടതുണ്ട്‌. കോള നിരോധനവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതിയുടെ പരാമർശത്തിൽ ഇത്തരമൊരു നിയമം ഇല്ലാത്തതിന്റെ പരിമിതി ചൂണ്ടിക്കാട്ടുന്നുണ്ട്‌.

ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും, ജനകീയ പ്രസ്ഥാനങ്ങളും, ആരോഗ്യപ്രവർത്തകരും എല്ലാം ലക്ഷ്യബോധത്തോടെയും പ്രതിബദ്ധതയോടെയും ഒത്തുചേർന്നാൽ കേരളം നേരിടുന്ന ആരോഗ്യപ്രതിസന്ധികൾ പരിഹരിച്ചുകൊണ്ട്‌ വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടു കൂടിയതുമായ ഒരു പുതിയ കേരള ആരോഗ്യമാതൃക സൃഷ്‌ടിക്കാൻ കഴിയും.

മേൽ സൂചിപ്പിച്ച രോഗങ്ങളെ ജനപങ്കാളിത്തത്തോടുകൂടി ചെറുത്തു തോൽപ്പിക്കാൻ പൊതുശുചിത്വത്തിനുള്ള നമ്മുടെ പിന്നോട്ടടി പരിഹരിച്ചുകൊണ്ടല്ലാതെ കഴിയില്ല. അതുകൊണ്ടുതന്നെ വികേന്ദ്രീകൃതമായ മാലിന്യ സംസ്‌കരണമാണ്‌ നാം അനുവർത്തിക്കേണ്ടത്‌. മാലിന്യങ്ങൾ കഴിയുന്നത്ര സൃഷ്‌ടിക്കപ്പെടാതെ നോക്കുകയാണ്‌ നാം വേണ്ടത്‌. വലിച്ചെറിയപ്പെടേണ്ടിവരുന്ന വസ്‌തുക്കളുടെ ഉപയോഗം പരമാവധി കുറയ്‌ക്കാൻ ഓരോ വ്യക്തിയും ശ്രമിക്കണം. ഉണ്ടാകുന്ന മാലിന്യങ്ങൾ അതാത്‌ സ്ഥലങ്ങളിൽ വെച്ച്‌ സംസ്‌കരിക്കപ്പെടുകയാണ്‌ വേണ്ടത്‌. ഇതിന്റെ തുടർച്ചയായി മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചിട്ടയാർന്നതും ശാസ്‌ത്രീയവുമായ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളെ കാണാവൂ.

ഇതിനായി ഖര, ദ്രവ, മാലിന്യങ്ങളുടെ ശാസ്‌ത്രീയമായ രീതികളുപയോഗിച്ചുള്ള സംസ്‌കരണം നടത്തണം. ആഴ്‌ചയിലൊരിക്കൽ വീതം എല്ലാ വീട്ടുകാരും വീടും പരിസരവും വൃത്തിയാക്കുകയും കൊതുക്‌ വളരാനിടയുള്ള വെള്ളക്കെട്ടുകൾ പൂർണ്ണമായും നശിപ്പിക്കുകയും വേണം. ഇതിനൊപ്പംതന്നെ വ്യക്തിശുചിത്വ ശീലങ്ങൾ കുട്ടികൾ ഉൾപ്പടെയുള്ളവർ പാലിക്കുന്നതിനായുള്ള വ്യാപകമായുള്ള പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയും അത്‌ സംസ്‌കാരത്തിന്റെ ഭാഗമായി മാറ്റുകയും ചെയ്യണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനായി ഉപയോഗിക്കണം. കിണർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ്‌ ചെയ്യുന്നത്‌ ശീലമാക്കണം. മുഴുവൻ ജനവിഭാഗങ്ങളും പ്രവർത്തനങ്ങൾ സ്വമേധയാ ഏറ്റെടുത്താൻ മാത്രമേ നമുക്ക്‌ ലക്ഷ്യത്തിലെത്താനാവൂ.

അനുബന്ധങ്ങൾ

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യlത്തിലേക്ക്

മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന സർക്കാറിന്റെയും ബഹുജനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ വിപുലമായ ഒരു പ്രസ്ഥാനം രൂപപ്പെടേണ്ടിയിരിക്കുന്നു.

കേവലം ക്യാമ്പയിൻ പരിപാടി എന്നതിലുപരി 11-ാം പദ്ധതിയിലേറ്റെടുക്കുന്നതിനുള്ള വികേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്രോജക്‌റ്റുകൾ തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനും പഞ്ചായത്തുകളെ സഹായിച്ചുകൊണ്ടും ഒരു ബ്ലോക്കിൽ കുറഞ്ഞത്‌ ഒരു പഞ്ചായത്തെങ്കിലും മാലിന്യ പരിപാലനത്തിന്റെ മാതൃകാ പഞ്ചായത്തായി ഏറ്റെടുത്തുകൊണ്ടും ഈ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്‌.

കേരളത്തിലെ നിലവിലുള്ള ശുചിത്വ ആരോഗ്യ പ്രശ്‌നങ്ങളെ താഴെ പറയുന്ന രീതിയിൽ അവലോകനം ചെയ്യാം.

1. മാലിന്യങ്ങൾ ഉത്ഭവസ്ഥാനത്ത്‌ തന്നെ ശേഖരിക്കപ്പെടുന്നില്ല:

വീടുകൾ, കച്ചവടസ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, ആശുപത്രികൾ, ഹോട്ടലുകൾ, മാർക്കറ്റുകൾ, കെട്ടിടനിർമാണ സ്ഥലങ്ങൾ, തുറസ്സായ സ്ഥലങ്ങൾ, ജലാശയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം ഉണ്ടാകുന്ന മാലിന്യങ്ങൾ സ്വീകരിക്കുന്ന കേന്ദ്രങ്ങളായി പൊതുവഴികൾ മാറുന്നു. ഇതുമൂലം തെരുവുകൾ എപ്പോഴും വൃത്തിയില്ലാത്തതായി മാറുന്നു. ഓടകൾ അടയുന്നു. ഈച്ച, കൊതുക്‌, എലി തുടങ്ങിയവ പെരുകുകയും നമ്മുടെ ആരോഗ്യത്തെയും പരിസരത്തെയും ഇവ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു.

2. പുനഃചംക്രമണം ചെയ്യാവുന്ന മാലിന്യങ്ങളുടെ അപൂർണമായ തരംതിരിക്കൽ:

ഉപയോഗ ശൂന്യമായ കടലാസുകൾ, കുപ്പികൾ, പ്ലാസ്റ്റിക്ക്‌ ഉൽപ്പന്നങ്ങൾ മുതലായവ ഇനം തിരിച്ച്‌ വിൽക്കാനുള്ള സംവിധാനങ്ങൾ ഇല്ല. പ്ലാസ്റ്റിക്ക്‌, ചില്ല്‌, റബ്ബർ, ലോഹക്കഷ്‌ണങ്ങൾ എന്നിവയും ഗൃഹമാലിന്യങ്ങളും ഒരുമിച്ച്‌ തെരുവിലേക്ക്‌ വലിച്ചെറിയുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കുവഴിവെക്കുന്നു.

3. മാലിന്യത്തെ റോഡിൽ നിന്നോ മാലിന്യം നിറഞ്ഞ ബിന്നുകളിൽ നിന്നോ ശേഖരിക്കൽ:

മാലിന്യങ്ങൾ സൃഷ്‌ടിക്കപ്പെട്ട സ്ഥലങ്ങളിൽ നിന്ന്‌ നേരിട്ട്‌ ശേഖരിക്കപ്പെടുന്നില്ല. റോഡ്‌ അടിച്ചുവാരലാണ്‌ മാലിന്യശേഖരണത്തിന്റെ പ്രധാന രീതി. ഇത്‌ സ്ഥിരമായി എല്ലാ സ്ഥലങ്ങളിലും എല്ലാ ദിവസങ്ങളിലും നടത്തുന്നില്ല. ജൈവവും അജൈവവും അപകടകാരികളുമായ എല്ലാ മാലിന്യങ്ങളും കൂടിക്കലർന്ന്‌ അടുത്ത ശേഖരണസ്ഥലത്തേക്ക്‌ നീങ്ങുന്നു. ഇതും ഗുരുതരമായ ആരോഗ്യപ്രശ്‌നം സൃഷ്‌ടിക്കുന്നു.

4. അശാസ്‌ത്രീയവും കാര്യക്ഷമല്ലാത്തതുമായ ഉപകരണങ്ങളുടെ ഉപയോഗം:

മാലിന്യ ശേഖരണത്തിനായി ഉപയോഗിക്കുന്ന ചൂല്‌, കൈവണ്ടി, എന്നിവ തീർത്തും അശാസ്‌ത്രീയവും ജോലിക്കാരുടെ കാര്യക്ഷമത കുറയ്‌ക്കുന്നവയുമാണ്‌.

5. സ്ഥിരവും കാര്യക്ഷമവുമായ രീതിയിൽ മാലിന്യങ്ങൾ നിർമാർജനം ചെയ്യുന്ന രീതിയുടെ അഭാവം:

മാലിന്യങ്ങൾ കുന്നുകൂടി അവിടെനിന്നും മറ്റു സ്ഥലങ്ങളിലേക്ക്‌ മാറ്റുന്ന രീതി വളരെയധികം അപകടങ്ങൾ സൃഷ്‌ടിക്കുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ്‌ മിക്കപ്പോഴും ഇവ സൃഷ്‌ടിക്കുന്നത്‌.

6. ശാസ്‌ത്രീയ മലിനജല നിർമാർജനത്തിന്റെ അഭാവം:

കേരളത്തിൽ ചെറിയ നഗരങ്ങൾ മുതൽ കോർപ്പറേഷൻ വരെ ഈ പ്രശ്‌നം രൂക്ഷമാണ്‌. പലപ്പോഴും കടകളിൽ നിന്നും വീടുകളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും പൊതു സ്ഥലങ്ങളിലേക്ക്‌ മലിനജലം ഒഴുക്കിവിടാറുണ്ട്‌. തുറന്ന ഓടകളിലൂടെ റോഡിനിരുവശവും മലിനജലം ഒഴുകുന്നത്‌ അപൂർവ്വമായ കാഴ്‌ചയല്ല.

ഖരമാലിന്യങ്ങൾ ഇത്തരം ഓടകളിൽ അടിഞ്ഞുകൂടുകയും ചെയ്യുമ്പോൾ ജലം കെട്ടിനിൽക്കുന്നതിനും രൂക്ഷമായ ദുർഗന്ധത്തിനും കാരണമാകുന്നു. കൂടാതെ കൊതുക്‌, ഈച്ച, തുടങ്ങിയ ജീവികളുടെ പ്രജനനം സുഗമമാക്കുവാനും കാരണമാകും. പൊതുനിരത്തുകളിലേക്ക്‌ മലിനജലം ഒഴുക്കുന്നത്‌ ഒരു കാരണവശാലും പരിഷ്‌കൃത സമൂഹത്തിന്‌ അനുവദിക്കാനാവില്ല.

മാലിന്യനിർമാർജന പരിപാടികളെ ജനപങ്കാളിത്തത്തോടുകൂടി പുനഃക്രമീകരിക്കുകയും, ശാസ്‌ത്രീയ മാലിന്യ പരിപാലന പരിപാടിക്ക്‌ ഗവൺമെന്റ്‌ തലത്തിൽ അടിയന്തരമായി രൂപം നൽകുകയും വേണം. പ്രാദേശിക ഭരണ സ്ഥാപനങ്ങൾ, മാലിന്യ പരിപാലനത്തിന്‌ അനുയോജ്യമായ നയങ്ങൾ രൂപീകരിക്കണം.

മാലിന്യ സംസ്‌കരണത്തിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും രണ്ട്‌ തലത്തിൽ ക്രോഡീകരിക്കാം.

1. സാങ്കേതിക തലം:

വിവിധ മാലിന്യപ്രശ്‌നങ്ങൾക്ക്‌ വെവ്വേറെ സാങ്കേതിക സമീപനങ്ങൾ ആവശ്യമാണ്‌. മാലിന്യത്തിന്റെ സ്വഭാവം, അളവ്‌, ചെലവ്‌, പരിസ്ഥിതി തുടങ്ങിയവയെ അടിസ്ഥാനമാക്കി സാങ്കേതിക വിദ്യയെ സ്വീകരിക്കേണ്ടതുണ്ട്‌. നമ്മുടെ നാട്ടിൽ ലഭ്യമായ വിവിധ സങ്കേതങ്ങൾ ഇനി പറയുന്ന തരത്തിൽ ചുരുക്കാം.

a) സംസ്‌കരിക്കപ്പെടാത്ത മാലിന്യം: (unprocessed waste):

അപകടകാരികളായതും അജൈവമായതുമായ മാലിന്യങ്ങൾ മാറ്റിയാൽ പൂർണ്ണമായും ജൈവമാലിന്യങ്ങളാണ്‌ ലഭിക്കുക. ഇത്‌ നേരിട്ട്‌ വളമായി തെങ്ങ്‌, റബ്ബർ തുടങ്ങിയ കൃഷിയിടങ്ങളിൽ ഉപയോഗിക്കാം. കുറച്ചെങ്കിലും ഭൂമിയുള്ള കുടുംബങ്ങൾക്ക്‌ ജൈവമാലിന്യങ്ങൾ സ്വന്തം പറമ്പിൽ തന്നെ വളമായി ഉപയോഗിക്കാം. വീടുകളുടെ സാന്ദ്രത കൂടിയ നഗരപ്രദേശങ്ങളിൽ മറ്റു മാർഗങ്ങൾ ഇല്ല എങ്കിൽ കേന്ദ്രീകൃതമായ ശേഖരണവും സംസ്‌കരണവും ആവശ്യമായി വരും. ജൈവമാലിന്യം ശേഖരിച്ചുകഴിഞ്ഞാൽ നേരിട്ട്‌ കൃഷിയിടങ്ങളിലേക്ക്‌ കൊടുക്കുകയോ സംസ്‌കരണ ശാലകളിലെത്തിക്കുകയോ ആവാം.

b) കമ്പോസ്റ്റ്‌:

കാലം തെളിയിച്ച ജൈവ മാലിന്യസംസ്‌കരണ പ്രക്രിയയാണ്‌ കമ്പോസ്റ്റ്‌. വളരെ ലളിതമായ വളക്കുഴി മുതൽ പരിഷ്‌കൃതമായ വിൻഡ്രോ കമ്പോസ്റ്റിംഗ്‌ വരെയുള്ള വിവിധ മാർഗങ്ങൾ ഇവിടെ സ്വീകരിക്കാം. മണ്ണിര കമ്പോസ്റ്റിംഗ്‌ ഈ മേഖലയിൽ ഒട്ടേറെ പ്രതീക്ഷ നൽകുന്നുണ്ട്‌. വീടുകളിൽ തന്നെ ചെയ്യാവുന്നതും ഗുണമേന്മയുള്ള വളം നിർമ്മിക്കുന്നതിനും മണ്ണിര കമ്പോസ്റ്റ്‌ സഹായിക്കുന്നു.

c) ബയോഗ്യാസ്‌:

ജൈവ മാലിന്യം സംസ്‌കരിച്ച്‌ ബയോഗ്യാസ്‌ ഉൽപാദിപ്പിക്കുന്ന യൂണിറ്റുകളും സംരംഭങ്ങളും ഇന്ന്‌ പ്രചാരത്തിലുണ്ട്‌. മാലിന്യത്തിൽ നിന്ന്‌ ഇന്ധനമോ വൈദ്യുതിയോ ലഭിക്കുവാൻ ഇത്തരം യൂണിറ്റുകൾ സഹായിക്കുന്നു. ബയോഗ്യാസ്‌ പ്ലാന്റിൽ നിന്നും പുറംതള്ളുന്ന മിശ്രിതം വളമായി ഉപയോഗിക്കാം. വളരെ ശ്രദ്ധയോടെ ഉള്ള പരിചരണം ഇവയ്‌ക്കാവശ്യമാണ്‌.

d) അജൈവ വസ്‌തുക്കൾ:

പ്ലാസ്റ്റിക്ക്‌, കുപ്പി, ടിൻ തുടങ്ങിയവയാണ്‌. ഈ വസ്‌തുക്കളെല്ലാം തന്നെയും പുനഃചംക്രമണത്തിന്‌ വിധേയമാക്കാം. അടുത്ത കാലം വരെ കട്ടികുറഞ്ഞ പ്ലാസ്റ്റിക്‌ ക്യാരി ബാഗുകൾ ആരും സ്വീകരിച്ചിരുന്നില്ല. എന്നാൽ സമീപകാലത്ത്‌ അതിനുള്ള ഏജൻസികൾ കേരളത്തിൽ എല്ലായിടത്തും ഉണ്ട്‌. ഇതിനായി ഈ വസ്‌തുക്കൾ സംഭരിക്കുവാൻ ഉള്ള സ്ഥലം തദ്ദേശ ഭരണസ്ഥാപനങ്ങൾ ഒരുക്കേണ്ടതുണ്ട്‌. പ്ലാസ്റ്റിക്കിന്റെ സംഭരണശേഷി വർധിപ്പിക്കുവാനായി യന്ത്രങ്ങളുടെ സഹായം തേടാവുന്നതാണ്‌. കുപ്പികളും ടിന്നുകളും അതേപടി തന്നെ പുനഃചംക്രമണത്തിന്‌ അയയ്‌ക്കാവുന്നതാണ്‌.

e) അപകടകാരിയായ മാലിന്യം (Hazardous waste):

ഉപയോഗം കഴിഞ്ഞ ബാറ്ററികൾ, ബൾബുകൾ, ഇലക്‌ട്രിക്‌ റ്റിയൂബുകൾ, കാലഹരണപ്പെട്ട മരുന്നുകൾ, കീടനാശിനികൾ തുടങ്ങി വിവിധ വിഷവസ്‌തുക്കൾ മാലിന്യമായി അടിയാറുണ്ട്‌. ഇവയുടെ അളവ്‌ താരതമ്യേന വളരെ കുറവാണ്‌. അതുകൊണ്ടുതന്നെ രണ്ടോ മൂന്നോ ആഴ്‌ച ഉൽപാദിപ്പിക്കുന്ന മാലിന്യം ഒന്നിച്ച്‌ ശേഖരിച്ചാൽ മതിയാകും. വ്യക്തിഗതമായി സംസ്‌കരിക്കുക പലപ്പോഴും പ്രയാസമായിരിക്കും. എങ്കിലും പരിസരത്തിനും അതുവഴി നമുക്കും അപകടകാരിയായതിനാൽ ഇവയെ പ്രത്യേകം കൈകാര്യം ചെയ്യേണ്ടതുണ്ട്‌.

ഏറ്റവും നല്ല മാർഗ്ഗം ഉൽപാദകർ തന്നെ ഉപയോഗശൂന്യമായ ഈ വസ്‌തുക്കൾ തിരിച്ചെടുക്കുകയും കേന്ദ്രീകൃതമായ ഒരു സംസ്‌കരണ ശാലയിലേക്ക്‌ കൊണ്ടുപോകുകയും ചെയ്യുക എന്നതാണ്‌. അത്‌ സാധ്യമല്ലാത്ത സ്ഥലങ്ങളിൽ മേഖലാടിസ്ഥാനത്തിൽ sanitary land fill ആലോചിക്കാവുന്നതാണ്‌. എന്തായാലും വിവേചനമില്ലാതെ ചുറ്റുപാടും ഇത്തരം വിഷവസ്‌തുക്കൾ വലിച്ചെറിയുകയോ പൊതുമാലിന്യത്തിൽ നിക്ഷേപിക്കുകയോ ചെയ്യുന്നത്‌ അപകടകരമാണ്‌.

2. സാമൂഹ്യതലം.

മാലിന്യസംസ്‌കരണത്തിന്‌ സാങ്കേതിക ഇടപെടലുകളേക്കാൾ പ്രാധാന്യം സാമൂഹ്യ ഇടപെടലുകൾ തന്നെയാണ്‌. കാരണം മുൻ വിവരിച്ച പല സങ്കേതങ്ങൾക്കും സാങ്കേതികത താരതമ്യേന കുറവാണ്‌. എന്നാൽ മാലിന്യം വേർതിരിച്ച്‌ സംഭരിക്കുന്നതിനും സംസ്‌കരിക്കുന്നതിനും ജനങ്ങളിൽ ആവശ്യമായ അവബോധം സൃഷ്‌ടിക്കുക ദുഷ്‌കരമാണെങ്കിലും സാധ്യമാണ്‌. ഇതല്ലാതെ നമുക്ക്‌ മറ്റു മാർഗങ്ങളൊന്നും തന്നെ ഇന്ന്‌ ലഭ്യമല്ലതാനും. ഇത്തരത്തിൽ അവബോധം സൃഷ്‌ടിക്കുന്നതിനും മനോഭാവം വളർത്തുന്നതിനും ആവശ്യമായ സാമൂഹ്യ സംഘടനാ സംവിധാനങ്ങൾ ഓരോ തദ്ദേശ ഭരണ പ്രദേശത്തും വികസിപ്പിക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം നാമോരോരുത്തരും ഇക്കാര്യത്തിൽ സ്വയം മാതൃകകളായി മറ്റുള്ളവരെ അതിനായി പ്രേരിപ്പിക്കുകയും വേണം.

കൊതുകുകളുടെ സ്വഭാവം ഒരു താരതമ്യം